Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, December 08, 2006

എന്ന് സ്വന്തം ഭാര്യ തങ്കമ്മ

എത്രയും പ്രിയപ്പെട്ട എന്റെ ചേട്ടനു തങ്കമ്മ എഴുതുന്നത്‌ എന്തെന്നാല്‍,

അടുത്ത വീട്ടിലെ വെള്ളപ്പട്ടി ചത്തു. അത്‌ നാടന്‍ പട്ടിയല്ലെന്നും, ഫോറിന്‍ ആണെന്നും അവള്‍ക്കൊരു വീമ്പ്‌ പറച്ചില്‍ ഉണ്ടായിരുന്നു. അപ്പോഴേ എനിക്ക്‌ തോന്നിയതാ അത്‌ ചാകുംന്ന്.

പിന്നെ നമ്മുടെ ഗോപാലേട്ടന്‍ ഇല്ലേ? അതെ. റേഷന്‍ കട നടത്തുന്ന അയാളു തന്നെ. അയാളുടെ മകന്‍ ഒരു ചൈനക്കാരിയെ കെട്ടിക്കൊണ്ട്‌ വന്നിട്ടുണ്ട്‌. ഞാനും സുശീലേം കൂടെ കാണാന്‍ പോയിരുന്നു. എന്നോട്‌ അത്‌ ചിരിച്ചു. പാവം കുട്ടിയാന്നാ തോന്നുന്നത്‌.

ക്ലാരച്ചേച്ചിയുടെ മകള്‍ ഇല്ലേ പിങ്കി‌, അതിനെ ഏതോ ചെറുക്കന്റെ കൂടെ കണ്ടെന്നോ, വഴക്കായെന്നോ മറ്റോ പറയുന്നത്‌ കേട്ടു. അല്ലെങ്കിലും അതിനു കുറച്ച്‌ അഹങ്കാരം കൂടുതലാ. എന്നെ മിനിയാന്ന് കണ്ടിട്ട്‌ ഒന്ന് ചിരിച്ചുപോലും ഇല്ല. ഞാന്‍ ബസ്സില്‍ പോകുമ്പോള്‍ അവള്‍ ആ തോട്ടുവക്കത്തുകൂടെ നടന്നുപോകുന്നുണ്ടായിരുന്നു. കണ്ട ഭാവം കാണിക്കാതെ പോയി.

കാര്‍ത്ത്യായനിച്ചേച്ചിയുടെ വീട്ടില്‍ കള്ളന്‍ കയറി, കഴിഞ്ഞാഴ്ച. ചേച്ചി പറയുന്നത്‌, അവരുടെ കെട്ട്യോന്‍ തന്നെ ആണെന്നാ മോഷ്ടിക്കാന്‍ വന്നത്‌. അല്ലെങ്കിലും എന്തുണ്ട്‌ അവിടെ കൊണ്ടുപോകാന്‍. വെറുതേ വീമ്പിളക്കുകയല്ലേ.

പിങ്കീടെ അനിയന്‍ ക്ലാസ്സില്‍ ഫസ്റ്റ്‌ ആയതിനു അവര്‍ എല്ലാര്‍ക്കും ചായ കൊടുത്തിരുന്നു. ഞാനും പോയിരുന്നു. അല്ലെങ്കിലും പത്തിരുപത്‌ ആള്‍ക്കാര്‍ ഉള്ള ക്ലാസ്സില്‍ ഒന്നാമന്‍ ‌ ആവാന്‍ എന്താ ഇത്ര പ്രയാസം?

നമ്മുടെ ടുട്ടുമോന്‍ സാമൂഹ്യപാഠത്തിനു തോറ്റു. ആ ടീച്ചര്‍ ശരിയല്ലെന്നേ. ചെല്ലാന്‍ പറഞ്ഞിട്ട്‌ ഞാന്‍ ചെന്നിരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ കൊല്ലപ്പരീക്ഷയ്ക്ക്‌ ജയിക്കില്ലാന്ന് പറഞ്ഞു. ആ ടീച്ചറുടെ സാരി കണ്ടപ്പോ ഞാന്‍ വിചാരിച്ചു, ചേട്ടന്‍ അടുത്ത തവണ വരുമ്പോ എനിക്കും അതുപോലൊന്ന് കൊണ്ടുവരാന്‍ പറയണംന്ന്. അതും ഉടുത്തിട്ട്‌ വേണം ഇനി വിളിക്കുമ്പോ ചെല്ലാന്‍. നമ്മള്‍ക്കും കുറച്ച്‌ വകയൊക്കെ ഉണ്ടെന്ന് ആ ടീച്ചറൊന്ന് അറിയട്ടെ.

വടക്കേപ്പുറത്തെ മാവിന്റെ കൊമ്പ്‌ ഷെര്‍ളിച്ചേച്ചീടെ വീട്ടിലെ ടെലിഫോണ്‍ വയറിലാണ്‌‍ കിടക്കുന്നതെന്ന് പറഞ്ഞിട്ട്‌, അത്‌ മുറിപ്പിക്കാന്‍ പറഞ്ഞു. എന്താ അവളുടെ ഒരു അഹങ്കാരം. ദിവസോം പിന്നെ, ഫോണ്‍ വന്നുകൊണ്ടിരിക്കുകയല്ലേ. എനിക്ക്‌ തോന്നുന്നത്‌ വെറുതെ ഫോണ്‍ ഉണ്ടെന്ന് കാണിക്കാന്‍ വെച്ചതാണെന്നാ. അതില്‍ വിളിക്കാന്‍ പറ്റും എന്നൊന്നും എനിക്ക്‌ തോന്നുന്നില്ല.

നിങ്ങക്ക്‌ സുഖല്ലേ. ഞാനതങ്ങ്‌ മറന്ന് പോയി. കത്തെഴുതിയത്‌ തന്നെ അതിനായിരുന്നു. നിങ്ങള്‍ടെ അനിയനെ പശു ഓടിച്ചിട്ട്‌ കുത്തിയിട്ട്‌, അവന്‍ ആശുപത്രീലാ. അവനോട്‌ ഞാന്‍ പണ്ടേ പറഞ്ഞതാ അതിനോട്‌ വേലത്തരം എടുക്കാന്‍ പോകരുതെന്ന്. അതിനു ഇന്നലെ ഒരു നല്ല കയറു വാങ്ങി. അനിയനെ നാളെയോ മറ്റന്നാളോ വിടുമായിരിക്കും. ഇനി പിന്നെ എഴുതാം. മറുപടി അയക്കണം.

എന്ന് സ്വന്തം ഭാര്യ തങ്കമ്മ.

Labels:

45 Comments:

Anonymous Anonymous said...

ഹഹഹഹ...സൂവേച്ചി...ഇപ്പൊ തന്നെ മരണം ഉലക്കയാണെന്ന സൂവേച്ചീന്റെ കമന്റ് വായിച്ച് ചിരി നിറുത്താന്‍ പറ്റണില്ല്യായിരുന്നു.ഇപ്പൊ ദേ ഇതും..ഹഹഹ.

Fri Dec 08, 09:46:00 pm IST  
Blogger Adithyan said...

അയ്യോ എനിക്കു വയ്യായ്യേ... :)))

ഇതു കിടിലം,

സൂച്ചേച്ചീ ഇതിനൊരു ബുക്കര്‍ നോമിനേഷന്‍ എന്റെ വക...

Fri Dec 08, 09:56:00 pm IST  
Blogger അനംഗാരി said...

ഈ കഥാപാത്രം സൂ തന്നെയാണെന്ന്(അല്ലെങ്കില്‍ ഇഞ്ചി)(അതുമല്ലെങ്കില്‍ എല്ലാ പെണ്ണുങ്ങളും) ഞാന്‍ കരുതട്ടെ?
അസ്സലായി.
എനിക്ക് ചിരിക്കാതിരിക്കാന്‍ വയ്യ.

Fri Dec 08, 10:03:00 pm IST  
Blogger reshma said...

രസിച്ചു!
ഈ കത്തെഴുതാന്‍ കൂടിയാ 20 മിനിറ്റ് എടുത്ത് കാണുംന്ന് ഓര്‍ക്കുമ്പോ...‘തൊപ്പി ഊരി കയ്യില്‍ തരുന്നു’ സൂവേ. (അപ്പോ ഒരു 20 ദിവസം അലോചിച്ചിട്ടുണ്ടാക്കിയ സൂ-കഥ എങ്ങെനെയിരിക്കും എന്ന് ഞാന്‍ വെറ്തേ വെറ്തേ അലോചിക്കാ:D)

അനംഗാരി, ഇങ്ങക്ക് അടി കൊള്ളാനായുണ്ട് ട്ടോ:)

Fri Dec 08, 10:09:00 pm IST  
Blogger അനംഗാരി said...

ശ്ശോ! ഞാന്‍ ഒരു പെണ്‍‌വിരോധിയായോ?

Fri Dec 08, 10:18:00 pm IST  
Blogger അതുല്യ said...

എന്റെ സൂവേ...

നിങ്ങളു പോയിട്ട്‌ 8 മാസം ആയെങ്കിലും, എനിക്കിത്‌ നാലാം മാസമേ ആയിള്ളു എന്നും കൂടി നിങ്ങള്‍ അറിഞ്ഞിരിയ്കുമല്ലോ. ഞാനിപ്പോ ക്യൂട്ടെക്സ്‌ ഇട്ട്‌ ഇരിക്കുവാ എന്നും,സീരിയലു കാണണതിന്റെ ഇടയിലു പറഞ്ഞ്‌ കൊടുത്ത്‌ അപ്പറത്തേ മേഴ്സീനെ കൊണ്ടാ എഴുതിയ്കണേ എന്നും കൂടി എഴുതായിരുന്നു.

Fri Dec 08, 10:25:00 pm IST  
Anonymous Anonymous said...

അപ്പൊ ഈ രേഷ്മക്കുട്ടി എപ്പളും തൊപ്പി വെച്ചിട്ടാ ഇരിക്കണേ?

അതുല്യേച്ചി..ഹഹഹ..അതും കലക്കി.

Fri Dec 08, 10:48:00 pm IST  
Blogger reshma said...

യെസ് യെസ് ജിഞ്ചീസ്
പണ്ട് കൊരങ്ങച്ചാര്‍ടെ കയ്യീന്ന് അടിച്ചുമാറ്റിയ തൊപ്പികള്‍ കൊറേയുണ്ട്. ഒരെണ്ണം ജിഞ്ചിക്ക് തന്നില്ലേ? ഇനീം വേണോ?

സു- സോരിയൊന്നും എന്നോട് പറയണ്ട ട്ടോ:)

Fri Dec 08, 11:00:00 pm IST  
Blogger വേണു venu said...

പിന്നെ കൂട്ടത്തില്‍ പറയാന്‍ മറന്നൂ. നിങ്ങടെ അമ്മയില്ലെ, ഇപ്പഴും മൊത്തം കൊഴപ്പമാണേ. എണിക്കാന്‍ വയ്യാങ്കിലും എല്ലാം തളര്‍ന്നെങ്കിലും നാക്കിനൊരു കുഴപ്പവുമില്ല.
കേടന്നോണ്ടു പറയുവാ പിന്നെം നീ ഇനീം അവനു് കൂടൊത്രം ചെയ്യല്ലെ എന്നു്.
അപ്പഴേ ഒരു കണിയാരെ വിളിക്കാന്‍ ഒരു കൊച്ചമ്മാവന്‍ ‍ ഉണ്ടല്ലൊ. അവനേം അത്ര ശരിയല്ലെന്നെനിക്കു തോന്നുന്നു.

Fri Dec 08, 11:34:00 pm IST  
Blogger ഖാദര്‍ said...

ഇതൊരൊന്നര കത്തു തന്നെ :)

Fri Dec 08, 11:46:00 pm IST  
Blogger ദിവാസ്വപ്നം said...

"എനിക്ക്‌ തോന്നുന്നത്‌ വെറുതെ ഫോണ്‍ ഉണ്ടെന്ന് കാണിക്കാന്‍ വെച്ചതാണെന്നാ. അതില്‍ വിളിക്കാന്‍ പറ്റും എന്നൊന്നും എനിക്ക്‌ തോന്നുന്നില്ല"

this is my favourite

Fri Dec 08, 11:53:00 pm IST  
Blogger Visala Manaskan said...

അടിപൊളീ കത്ത് സൂ. രസിച്ച് വായിച്ചു.

നല്ല അപ്ഡേഷന്‍!

അനിയനെ പശു കുത്തിയത് വായിച്ചപ്പോള്‍, അമ്മായി അമ്മയുടെ തലയില്‍ പട്ട വീണ കാര്യം അവസാനം NB: ഇട്ട് എഴുതും എന്ന് പ്രതീക്ഷിച്ചു.

സൂപ്പര്‍ എഴുത്ത്.

Fri Dec 08, 11:56:00 pm IST  
Blogger Sona said...

ഇത്തിരി കുനിഷ്ടും,ഇത്തിരി കുശുബ്ബും എല്ലാം ഉള്ള ഒരു ശുദ്ധ നാട്ടിന്‍പുറത്തുകാരി തങ്കമ്മ തന്നെ..gr8!! ചേച്ചിക്കു ഒരു തേങ്ങയും കൊണ്ടാണേ ഞാന്‍ വന്നിരിക്കുന്നത്..

Sat Dec 09, 02:03:00 am IST  
Anonymous Anonymous said...

സൂപ്പര്‍ എഴുത്തെഴുത്ത്!!! :)

Sat Dec 09, 04:04:00 am IST  
Blogger Santhosh said...

കൊള്ളാം! ഇവിടെ നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചില്ല. തങ്കമ്മ തുടരനായിരിക്കുമെന്ന് കരുതട്ടെ.

Sat Dec 09, 04:50:00 am IST  
Anonymous Anonymous said...

ഹ..ഹാ
ഉഗ്രനായിട്ടുണ്ട്‌..

Sat Dec 09, 06:48:00 am IST  
Blogger Satheesh said...

സൂ, ഇതിവിടെ നിര്‍ത്തല്ലേ.. കുറെ നേരം നിര്‍ത്താതെ ചിരിച്ചു!

Sat Dec 09, 08:32:00 am IST  
Blogger മുസാഫിര്‍ said...

ഈ തങ്കമ്മ ചെച്ചി സ്വന്തം ചേട്ടന് എഴുതിയ കത്ത് സൂവിന്റെ കയ്യില്‍ എങ്ങിനെ കിട്ടി ? നിങ്ങളുടെ പോസ്റ്റുമാനെ ഞാന്‍ കാണുന്നുണ്ട്.
(എന്തായാലും സംഭവം ഉശിരന്‍,ഇനി തങ്കപ്പന്‍ ചേട്ടന്റെ മറുപടിയും പിന്നെയും തങ്കമ്മ ചേച്ചിയുടെ നാട്ടു വിശേഷങ്ങളും പ്രതീക്ഷിക്കാമല്ലോ,അല്ലെ ?)

Sat Dec 09, 09:49:00 am IST  
Anonymous Anonymous said...

:) ഇത് കലക്കി മാഷെ.. കലക്കി.

Sat Dec 09, 10:19:00 am IST  
Blogger Unknown said...

ഈ തങ്കമ്മ സിസ്റ്ററിന്റെ കാ(കോ)ന്തനായി ബൂലോകത്താരെങ്കിലുമുണ്ടെങ്കില്‍ ഒരു ജഗപൊഗ മറുപടിയും വായിച്ച് ചിരിക്കാമായിരുന്നു.

കത്തെഴുത്ത് നന്നായിട്ടുണ്ട് സു സൂക്ഷിക്കുക(keep it up)

Sat Dec 09, 11:37:00 am IST  
Anonymous Anonymous said...

സൂ ...നന്നായിട്ടുണ്ട്‌ കഥ. ന്നാലും തങ്കമ്മ ആളു കൊള്ളാമല്ലൊ. ശരിക്കും ഒരു ബീബീസി ജേര്‍ണലിസ്റ്റ്‌:-)

Sat Dec 09, 11:49:00 am IST  
Anonymous Anonymous said...

ദേ, ഇതാണു സൂ!

എന്റെ വലത്തേ കാബിന്-‍ലെ ജ്യോതി സമ്മതിക്കില്ല, എന്നാലും!

ഫോണെവിടെ, ഞാനൊന്നെന്റെ ‘ഫാര്യ’യോടൊന്നു ചോതിച്ചു നോക്കട്ടേ.

Sat Dec 09, 12:05:00 pm IST  
Blogger Visala Manaskan said...

‘തങ്കമ്മേച്ചിയുടേ കണവന്റെ മറുപടി‘

ദേവനും കണ്ണൂസും അരവിന്ദനും ഉമേഷ് മാഷും വക്കാരിയും വികടനും കുറുവും ഇടിവാളും നളനും സിദ്ധാര്‍ത്ഥനും സ്വാര്‍ത്ഥനും ആദിയും സങ്കുചിതനും തുടങ്ങി ഇടിസീ..ഇടിസി...ബ്ലോഗരെല്ലാവരും ഒന്നുത്സാഹിചക്ക്യാണേല്‍....സംഭവം ഇടിമിന്നും!!

Sat Dec 09, 12:09:00 pm IST  
Blogger Visala Manaskan said...

‘തങ്കമ്മേച്ചിയുടേ കണവന്റെ മറുപടി‘

ദേവനും കണ്ണൂസും അരവിന്ദനും ഉമേഷ് മാഷും വക്കാരിയും വികടനും കുറുവും ഇടിവാളും നളനും സിദ്ധാര്‍ത്ഥനും സ്വാര്‍ത്ഥനും ആദിയും സങ്കുചിതനും തുടങ്ങി ഇടിസീ..ഇടിസി...ബ്ലോഗരെല്ലാവരും ഒന്നുത്സാഹിചക്ക്യാണേല്‍....സംഭവം ഇടിമിന്നും!!

Sat Dec 09, 12:09:00 pm IST  
Blogger asdfasdf asfdasdf said...

തങ്കമ്മേച്ചിയുടെ കത്ത് ഉഷാറായിട്ടുണ്ട്. എന്നാലും ഇന്നലെ അപ്പുറത്തെ വീട്ടിലെ രമണി വീട്ടില്‍ വന്നപ്പോള്‍ കൊടുത്ത ദോശയുടെ മാവില്‍ പാറ്റ വീണതായിരുന്നുവെന്നെ കാര്യം എഴുതാന്‍ മറന്നത് കഷ്ടായി.. :)

Sat Dec 09, 12:21:00 pm IST  
Blogger തറവാടി said...

സു ചേച്ചീ,

ഈ കത്ത് ആര്‍ക്കോ ഇട്ട് താങ്ങിയതാണേന്ന് ഞാന്‍ കരതട്ടെയോ? ( ചില....അത്യാധുനുക...വിമര്‍ശക...) , എന്തെഴുത്യാലും നമ്മുടെ ഐഡെന്റിറ്റി കളായാത്തതാണ്‍ ഞാനീ കത്തില്‍ കാണുന്നത്.

തുടക്കം

" എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ്‌...എന്നും ,
അവസാനം..ഒരു " ഇതും" കൂടി യിടാമായിരുന്നില്ലേ എന്നൊരു ഒരു " ഇത്‌"

ഞാനും ഒരു വിമര്‍ശകനായേ!!!!

Sat Dec 09, 12:34:00 pm IST  
Blogger സു | Su said...

എല്ലാവര്‍ക്കും മറുപടി എഴുതുന്നതാണ്.

ആദ്യം തന്നെ തറവാടിയ്ക്ക്,

എന്റെ ഒരു പോസ്റ്റും ആര്‍ക്കും ഇട്ട് താങ്ങുന്നതല്ല. എനിക്ക് പോസ്റ്റ് ചെയ്യാന്‍ വേണ്ടി വെറുതെ ഉണ്ടാക്കുന്നതാണ്. മറ്റുള്ളവരെ പരിഹസിക്കാന്‍ അല്ല ഞാന്‍ ബ്ലോഗ്ഗിങ്ങ് തുടങ്ങിയത് എന്ന് വ്യക്തമായി പറഞ്ഞേക്കാം. അതുകൊണ്ട് പോസ്റ്റുകള്‍ വെറും പോസ്റ്റുകള്‍ ആയിട്ട് എടുക്കുക. ഇല്ലാത്തതൊന്നും ദയവായി കണ്ടുപിടിക്കാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളെ ഓരോരുത്തരേയും പോലെ ഞാനും ഒരു മനുഷ്യജീവന്‍ തന്നെ ആണ്. ഇടയ്ക്കെങ്കിലും ഓര്‍ക്കുക.

Sat Dec 09, 12:44:00 pm IST  
Blogger സഹൃദയന്‍ said...

കൊള്ളാം

Sat Dec 09, 12:48:00 pm IST  
Blogger തറവാടി said...

ഇത്രവികാരം കൊള്ളാന്‍ ഞാനൊന്നും എഴുതിയില്ലല്ലോ സൂ ,

അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ വേണോ സൂ,
ആരുമായും അടികൂടാന്‍ ഒരു താത്പര്യവുമില്ലാത്തവനാണ്‌ ഞാന്‍

നിങ്ങള്‍ എന്തിന്‌ ബ്ളോഗ് തുടങ്ങിയെന്ന്‌ ഞാന്‍ ചോദിച്ചിട്ടില്ല , അതെന്റെ പണിയല്ല

കഷ്ടം അല്ലാതെന്ത് പറയാന്‍

Sat Dec 09, 12:56:00 pm IST  
Blogger സു | Su said...

ഇഞ്ചിപ്പെണ്ണേ :) ആദ്യത്തെ കമന്റിന് നന്ദി. എഴുതിയെഴുതി മരണത്തില്‍ എത്തിയപ്പോ എനിക്ക് സഹിച്ചില്ല. ശരിക്കും പറഞ്ഞാ മരണം ഉലക്ക തന്നെയാ. നമ്മളെ അടിച്ചിട്ട്, പ്രിയപ്പെട്ടവരെ കൊണ്ടുപോകുന്നത്. ഈ പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

ആദീ :) ഹിഹിഹി എനിക്കൊരു പ്രഷര്‍കുക്കര്‍ വാങ്ങണം എന്നാ ഇപ്പോ വിചാരം.

അനംഗാരീ :) അതെ അതെ. സമ്മതിച്ചു. ചിരിച്ചതിന് നന്ദി.

രേഷ് :) നന്ദി. തൊപ്പി വേണ്ട. എല്ലാരും കൂടെ ഇടീക്കുന്നുണ്ട്.

അതുല്യേച്ചീ :) ഹി ഹി ഹി. അതെ അതെ. പിന്നെ കത്തങ്ങ് നീണ്ടുപോകും.

വേണു :) അതൊക്കെ വേണമായിരുന്നു അല്ലേ.

ദിവാ :) നന്ദി.

പ്രയാണം :) നന്ദി.

വിശാലാ :) അത്രയ്ക്കൊന്നും വേണ്ട. നന്ദി.

സോന :) നന്ദി. തേങ്ങ തരൂ.

തനിമ :) നന്ദി.

സന്തോഷ് :) തുടരണോ എന്ന് തീരുമാനിച്ചില്ല. നന്ദി.

സതീഷ് :) തുടരാന്‍ ശ്രമിക്കാം. നന്ദി.

സിജീ :) നന്ദി.

മുസാഫിര്‍ :) അത് ഞാന്‍ അടിച്ചുമാറ്റി. ഇല്ലെങ്കില്‍ നിങ്ങള്‍ക്കൊക്കെ വായിക്കാന്‍ പറ്റുമായിരുന്നോ? മറുപടി വേണോ?

ബഹുവ്രീഹീ :) നന്ദി. മാഷേന്ന് ആരും വിളിക്കാറില്ല എന്ന് സാന്‍ഡോസിനോട് പറഞ്ഞേ ഉള്ളൂ.

പൊതുവാളന്‍ :) സ്വാഗതം. നന്ദി.

സാരംഗീ :) നന്ദി.

കൈതമുള്ളേ :) അതെ. ഇതു തന്നെ .

കുട്ടമ്മേനോന്‍ :) ഹിഹി. പാറ്റ വീണു എന്നത് കാര്യമാക്കേണ്ട, ഞാന്‍ ഹിറ്റ് അടിച്ചിട്ടുണ്ട് എന്ന് അവള്‍ പറഞ്ഞു എന്നും കൂടെ എഴുതാം.

തറവാടീ :)
“ഈ കത്ത് ആര്‍ക്കോ ഇട്ട് താങ്ങിയതാണേന്ന് ഞാന്‍ കരതട്ടെയോ? ( ചില....അത്യാധുനുക...വിമര്‍ശക...)“

ഇതിനുള്ള മറുപടി മാത്രമാണ് എഴുതിയത്.

താങ്ങലും കൊട്ടലും ഒന്നും ചെയ്യാന്‍ എനിക്ക് ഉദ്ദേശമില്ല. നന്ദി.

സഹൃദയന്‍ :) നന്ദി.

Sat Dec 09, 01:06:00 pm IST  
Blogger Mubarak Merchant said...

സൂ..
തങ്കമ്മേടെ ഈ സ്വഭാവത്തിന് ഞങ്ങളുടെ നാട്ടില്‍ മുസ്ലിമീങ്ങള്‍ ‘കുസൂമത്ത്’ പണി എന്നു പറയും.
സങ്ങതി കൊള്ളാം.

Sat Dec 09, 01:30:00 pm IST  
Blogger ആനക്കൂടന്‍ said...

കത്തു വായിച്ചു. ചിരിച്ചു. ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനാണോ? തങ്കമ്മയെപോലെ. ചെറിയ വ്യത്യാസങ്ങളേ ഉണ്ടാവൂ, ല്ലെ. (തല്ലരുത്...)

Sat Dec 09, 01:32:00 pm IST  
Anonymous Anonymous said...

സൂ,
ഒരു ശരാശരി നാട്ടിന്‍ പുറത്തു കാരിയുടെ കത്തെഴുത്ത് . നാട്ടിലെ വിശേഷങ്ങളെല്ലാം എഴുതിയിട്ടു അവസാനമെങ്കിലും തങ്കമ്മ ‘അങ്ങേരെ‘ ഓര്‍ത്തല്ലോ!.

ഓ:ടോ: അതുല്യ, തങ്കമ്മ കത്തെഴുതിപ്പിച്ചതു മേഴ്സിയേ കൊണ്ടൊ അതോ മേഴ്സനെ കൊണ്ടോ?

Sat Dec 09, 02:02:00 pm IST  
Blogger സു | Su said...

ഇക്കാസ് :) നന്ദി. ഇനി കൊച്ചിയില്‍ വന്നാല്‍ ഞാന്‍ ആരോടെങ്കിലും ചോദിക്കും. കുസൂമത്ത് പണി എടുക്കാറുണ്ടോന്ന്. തല്ലു കിട്ടില്ലല്ലോ ;)

ആനക്കൂടാ :) എല്ലാവരും ഒരുപോലെ എന്തായാലും ആവില്ല. ;) നന്ദി.

നന്ദു :)നന്ദി. തങ്കമ്മ ആളു പാവം അല്ലേ.

Sat Dec 09, 03:58:00 pm IST  
Blogger ചീര I Cheera said...

തങ്കമ്മയെ കാണാന്‍ കുറച്ചു വൈകിപോയി.
വളരെ സരസമായി എഴുതിയിരിയ്ക്കുന്നു സൂ..
വളരെ ഇഷ്ടമായി..

Sat Dec 09, 05:43:00 pm IST  
Anonymous Anonymous said...

തങ്കമ്മച്ചേച്ചിയെപ്പോലൊരു ഭാര്യയെ ലഭിച്ച ആ ഭര്‍ത്താവ്‌ എത്ര ഭാഗ്യവാന്‍ !!!! എന്തു നിഷ്ക്കളങ്കത...!!! നന്നായിരിക്കുന്നു സൂര്യഗായത്രി.

Sat Dec 09, 07:45:00 pm IST  
Blogger ഉമേഷ്::Umesh said...

കുറെക്കാലം കൂടിയാണു ഞാന്‍ സൂവിനെ വായിക്കുന്നതു്. വളരെ നന്നായിട്ടുണ്ടു്.

ടെമ്പ്ലേറ്റില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ? ഇപ്പോള്‍ വരികള്‍ നഷ്ടപ്പെടാതെ വായിക്കാന്‍ പറ്റുന്നുണ്ടു്.

Sat Dec 09, 08:12:00 pm IST  
Blogger സു | Su said...

പി ആര്‍ :) തങ്കമ്മയുടെ എഴുത്ത് ഇഷ്ടമായതില്‍ സന്തോഷം. നന്ദി.

ചിത്രകാരന്‍ :) നന്ദി.

ഉമേഷ്ജീ :) കുറെക്കാലം കഴിഞ്ഞ് വന്നതിലും വായിച്ചതിലും സന്തോഷം. ടെമ്പ്ലേറ്റ് ഒന്നും ചെയ്തില്ല. അക്ഷരങ്ങളുടെ വലുപ്പം കുറച്ചു. ഓരോ പോസ്റ്റിനും ഓരോ കളര്‍ വെക്കുന്നതും നിര്‍ത്തി. ഇപ്പോ ഒക്കെ കറുപ്പാണ്. എന്റെ ബ്ലോഗിന് ചേരുന്നതും അതുതന്നെ. മനസ്സിലാക്കാന്‍ വൈകി. :)

Sun Dec 10, 09:31:00 am IST  
Anonymous Anonymous said...

Good one....

Sun Dec 10, 09:36:00 am IST  
Blogger സുല്‍ |Sul said...

സു വിന്റെ തങ്കമനസ്സ് തുറന്നു വെച്ചിരിക്കുന്നു. അതു കുറച്ചു വെളിച്ചം കാണട്ടെ അല്ലെ.

കുറെ കാലമായി ഇങ്ങനെയൊന്നു വായിചിട്ട്. കസറന്‍.

-സുല്‍

Sun Dec 10, 09:42:00 am IST  
Blogger സു | Su said...

അനോണീ :) നന്ദി.

സുല്‍ :) നന്ദി. “തങ്കമ്മമനസ്സ്” ഇഷ്ടമായതില്‍ സന്തോഷം.

qw_er_ty

Sun Dec 10, 11:06:00 am IST  
Blogger Siju | സിജു said...

:-)

Tue Dec 12, 01:37:00 pm IST  
Blogger സു | Su said...

siju :)

Tue Dec 12, 02:22:00 pm IST  
Anonymous Anonymous said...

തങ്കമ്മചേച്ചി ആളു കൊള്ളാല്ലോ...
നന്നായിരുന്നു

Tue Dec 12, 08:29:00 pm IST  
Blogger സു | Su said...

സതീശ് :)

qw_er_ty

Tue Dec 12, 08:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home