Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 17, 2010

പലതിൽ ചിലത്

ഒരാൾ ദ്വീപിലകപ്പെട്ട് ഒറ്റയ്ക്കായ കഥ അമൃത ടിവി യിൽ ആണ് കേട്ടത്. ഒറ്റയ്ക്ക് വിഷമിച്ചു ജീവിക്കുമ്പോൾ ഒരു കപ്പൽ വരുന്നതിന്റെ പ്രതീക്ഷയുണ്ട് അയാളിൽ. ഒടുവിൽ അയാൾ കെട്ടിയുണ്ടാക്കിയ കുടിലും, അയാൾ അവിടെ ഒറ്റപ്പെടുമ്പോൾ അയാളുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളുമൊക്കെ തീ പിടിത്തത്തിൽ നശിക്കുന്നു. അയാൾ പ്രതീക്ഷ കൈവിട്ടവനെപ്പോലെ നിൽക്കുമ്പോൾ ഒരു കപ്പൽ വരുന്നു. അയാളെ രക്ഷിക്കുന്നു. തീ പിടിച്ചപ്പോൾ ഉണ്ടായ പുക കണ്ടിട്ടാണ് കപ്പലുകാർ ആ ദ്വീപിലേക്ക് കപ്പലടുപ്പിക്കുന്നത്. അപ്പോഴാണ് തീപിടിച്ചുവെങ്കിലും തനിക്ക് രക്ഷപ്പെടാൻ ഒരു വഴി ഒരുക്കുകയായിരുന്നെന്ന് അയാൾക്ക് മനസ്സിലായത്. ദൈവം അങ്ങനെയാണ്. ഓരോ പരീക്ഷണങ്ങൾ തരും. പക്ഷേ അതൊക്കെ പുതിയ നല്ലൊരു കാര്യത്തിലേക്കു നയിക്കുന്ന വിഷമങ്ങൾ ആണെന്ന് ഓർക്കുകയാണ് വേണ്ടത്. എല്ലാത്തിലും ദൈവവിശ്വാസം കൈവിടാതെ ഇരിക്കണം.

ടൗണിൽ പോയി, കടയിൽ നിന്ന് ഓരോ സാധനങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മേന്നും വിളിച്ച് എന്റെ ചുരിദാറിന്റെ ഷാളിൽ/ദുപ്പട്ടയിൽ ഒരു ചെറിയ ആൺകുട്ടി പിടിച്ചുവലിച്ചു. ഞാൻ തിരിഞ്ഞപ്പോൾ, അമ്മയല്ലാന്നു മനസ്സിലായിട്ടും അവൻ എന്താ ചെയ്തതെന്നറിയാമോ, ആ ഷാളുകൊണ്ട് മുഖം നന്നായി അമർത്തിത്തുടച്ചു. പിന്നെ മൂക്കിന്റെ അടുത്ത് നല്ലോണം തുടച്ചിട്ട് വിട്ടു. ഹഹഹ എന്നു ചേട്ടൻ ചിരിച്ചു. നനച്ച് കഞ്ഞി മുക്കി ഇസ്തിരിയിട്ട് ചുളിയാതെ അണിഞ്ഞ എന്റെ ഷാൾ. അതും കോട്ടൺ ചുരിദാർ എടുത്തതുതന്നെ വെയിലും ചൂടും ആയതുകൊണ്ട്. ചേട്ടനു ചിരിച്ചാലെന്താ!

തീവണ്ടിയോടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിൽ കണ്ടു. നല്ലൊരു കാര്യം തന്നെ. മുംബൈയിലാണ്. സ്ത്രീകൾ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ചില സ്ത്രീകൾ എന്നു പറയാം.

അപുവിന്റെ ലോകം വായിച്ചു. ട്രെയിൻ യാത്രയ്ക്കിടയ്ക്കാണ് അത് വാങ്ങിയത്. ആദ്യം അമ്മ വായിക്കണംന്ന് പറഞ്ഞുവെച്ചു. ട്രെയിനിൽ നിന്ന് കുറച്ചു വായിച്ചിരുന്നു. മുഴുവൻ വായിച്ചുവോന്ന് ഞാൻ ചോദിച്ചില്ല. ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയുടേതാണ്. നല്ല കഥ. അപുവിന്റെ ആദ്യ ജീവിതങ്ങൾ അദ്ദേഹത്തിന്റെ തന്നെ പഥേർ പാഞ്ചാലിയിലും അപരാജിതനിലും പറഞ്ഞിരിക്കുന്നു. ഇതിൽ അപു എന്ന അപൂർവ്വ പഠിച്ച് ജോലിക്കു ചേർന്ന്, കല്യാണം കഴിച്ച് ഒരു കുഞ്ഞുണ്ടായപ്പോൾ ഭാര്യ മരിച്ച് അങ്ങനെയൊക്കെയുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്നു. പിന്നെ എഴുത്തുകാരനും ആവുന്നു. വായന പതിവുപോലെ നടന്നില്ല. ജോലിത്തിരക്കുകാരണം നീണ്ടുപോയി.

ചൂട്. മഴ വരുന്നുണ്ടോന്നും നോക്കിയിരിക്കണം. വേനലിന്റെ വാർത്തകൾ കേൾക്കുമ്പോൾ പേടിയാവും. സൂര്യതാപം, സൂര്യാഘാതം. ഇനി മേയ് അവസാനം വരെ എങ്ങനെ കഴിച്ചുകൂട്ടും എന്നറിയില്ല. അതുകഴിഞ്ഞാല്‍പ്പിന്നെ കുറച്ചുദിവസം മഴ ആസ്വദിക്കും. പിന്നെ മഴയെ കുറ്റം പറയും. എന്തൊരു മനുഷ്യരാണല്ലേ. ;)

ദിയയ്ക്ക് ആണെന്നുതോന്നുന്നു ശിഷ്യനും മകനും വേണ്ടത്. ഇവിടെ നോക്കിയിട്ട് കണ്ടില്ല. അച്ഛനെ വിളിച്ചു ചോദിച്ചു. ആദ്യം കുറേ അമ്മയാണു പറഞ്ഞുതന്നത്. പിന്നെ അച്ഛനും ആദ്യം മുതൽ തന്നെ പറഞ്ഞുതന്നു. ബുക്ക് നോക്കിയെടുക്കട്ടേന്നും പറഞ്ഞു. ഇതു ഫോണിൽ തീരില്ലെന്നു പറഞ്ഞു. പിന്നെ ഉടൻ മഹാദേവി തൊട്ടു മതിയെന്നു പറഞ്ഞപ്പോൾ കുറച്ചു ചൊല്ലിത്തന്നു.

ഉടൻ മഹാദേവിയിടത്തു കൈയാൽ
അഴിഞ്ഞ വാർപൂങ്കുഴലൊന്നുതുക്കി
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി
പാർശ്വസ്ഥനാകും പതിയോടുരച്ചു
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനിൽ നിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കിയെന്നാ
ലതും നൽകിയനുഗ്രഹിക്കാം.

ഇത്രേം കൊണ്ട് മതിയാവില്ല അല്ലേ? അച്ഛനും അമ്മയും ചിരിയോടുചിരിയാണ്. പിന്നെ അമ്മ ചിരിക്കുന്നു. കാരണം ചോദിച്ചപ്പോൾ പറയ്യാണ്, അച്ഛൻ ഇന്നലെ തന്മാത്ര കണ്ടു, അതുപോലെ ആയിപ്പോയോന്ന് ഒരു സംശയം എന്ന്. :)) എനിക്കോർമ്മയുള്ളതിനേക്കാൾ എന്തായാലും അവർക്കുണ്ട്.

ഈശ്വരാ! എന്റെ ഫോൺ ബില്ല് ആരു തരും?

അപ്പോ ഇത്രയും വിശേഷങ്ങൾ പറഞ്ഞു നിർത്തുന്നു.

കുറിയ വല്യ മനുഷ്യനായ കുഞ്ഞുണ്ണിമാഷ് പറഞ്ഞതും കൂടെ പറഞ്ഞിട്ടുപോകാം.

“നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ.”

Labels:

8 Comments:

Blogger പട്ടേപ്പാടം റാംജി said...

പിന്നെ മഴയെ കുറ്റം പറയും. എന്തൊരു മനുഷ്യരാണല്ലേ.

മനുഷ്യര്‍ അങ്ങനെയാണ്.
കിട്ടുന്നതെല്ലാം വാരിക്കുട്ടും
പിന്നെ കുറ്റം പറയും.
അതുകഴിഞ്ഞ് പിന്നേം....

Wed Mar 17, 08:36:00 pm IST  
Blogger ദിയ കണ്ണന്‍ said...

സു ചേച്ചി.
ഒത്തിരി ഒത്തിരി നന്ദി.

ശരിക്കും മനസ്സില്‍ തൊട്ടു. കുറെ നാളായി ഞാന്‍ ആ വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ഇന്നലെയാണ് ഞാന്‍ അത് ആരോടെങ്കിലും ചോദിക്കാം എന്ന് ഒരു ചിന്ത വന്നതു.
അമ്മയോടും അനിയത്തിയോടും അച്ഛനോടുമൊക്കെ ചോദിച്ചു. ആര്‍ക്കും ഓര്മ വന്നില്ല.
ശ്രീ അയച്ച ലിങ്കില്‍ നിന്നും കവിത കേട്ടു. ഇപ്പോഴാണ്‌ സു ചേച്ചിയുടെ ബ്ലോഗ്‌ കണ്ടത്.
ഞാന്‍ ചോദിച്ച കവിത അവിടെ ഒത്തിരി ദൂരെ ഒരു അച്ഛനും അമ്മയും ഫോണില്‍ കൂടെ ചൊല്ലുന്നതു ആലോചിച്ചപ്പോള്‍ തന്നെ ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം.
മനസ്സ് നിറഞ്ഞു. അത്മേച്ചി പറയുന്ന പോലെ കാണാമറയത്തു നമുക്ക് ചില അടുത്ത ബന്ധുക്കള്‍.

Thu Mar 18, 02:50:00 am IST  
Blogger ദിയ കണ്ണന്‍ said...

സു ചേച്ചി,
അച്ഛനും അമ്മയ്ക്കും എന്റെ പ്രത്യേക നന്ദിയും സ്നേഹവും.

പിന്നെ ഫോണ്‍ ബില്‍ അത് ഞാന്‍ നേരില്‍ കാണുമ്പോള്‍ തരാട്ടോ. :)

Thu Mar 18, 03:02:00 am IST  
Blogger ശ്രീ said...

മൊത്തത്തില്‍ പലവിധ വിശേഷങ്ങള്‍ കോര്‍ത്തിണക്കിയ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു, സൂവേച്ചീ...

ശിഷ്യനും മകനും കവിതയുടെ ലിങ്ക് കൊടുത്തിരുന്നു. പക്ഷേ വരികള്‍ അത്ര ക്ളിയറല്ല.

Thu Mar 18, 06:34:00 am IST  
Blogger സു | Su said...

റാംജീ :) എല്ലാത്തിനേയും കുറ്റം പറയും. അതൊന്നുമില്ലാതെ ജീവിക്കാനും വയ്യ.

സോനു :) ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കാം. നന്ദി.

ദിയ :) ഇവിടെ നോക്കൂ. http://kavyamsugeyam.blogspot.com/

ഫോൺ ബില്ലൊന്നും വേണ്ടാട്ടോ.

ശ്രീ :) ലിങ്ക് കണ്ടു. ഞാൻ പോയി നോക്കിയില്ല.

Thu Mar 18, 10:51:00 am IST  
Blogger കൂതറHashimܓ said...

പോസ്റ്റ് വായിച്ച് എനിക്കൊന്നും മനസ്സിലായില്ലാ

കമന്റ് നൊക്കിയപ്പോ ദേ കുറേ ആളുകള്‍ നന്നായിരിക്കുന്നു എന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു,
അപ്പൊ എനിക്കു മാത്രമെന്താ മനസ്സിലാവാഞ്ഞെ...??

Thu Mar 18, 11:26:00 am IST  
Blogger ശ്രീ said...

ഹാഷിം...

പോസ്റ്റ് വെറുതേ ഒരു പോസ്റ്റ് എന്ന നിലയില്‍ മാത്രം വായിച്ചാല്‍ മനസ്സിലാകണമെന്നില്ല.

[ദിയ ചേച്ചിയുടെ കമന്റ് നോക്കൂ... കുറേക്കൂടി മനസ്സിലായേക്കും. ഇവിടെ ഈ ബൂലോകത്ത് പരസ്പര പരിചയമൊന്നുമില്ലാതെ തന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിയ്ക്കുന്നതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണ് ഈ പോസ്റ്റ്.]

Thu Mar 18, 03:20:00 pm IST  
Blogger ദിയ കണ്ണന്‍ said...

ഹാഷിം...,

ഞാന്‍ ശിഷ്യനും മകനും വരികള്‍ അറിയാമോ എന്നൊരു പോസ്ടിട്ടു മിനിട്ടുകള്‍ക്കുള്ളില്‍ ശ്രീ അതിന്റെ ലിങ്കുമായി എത്തി.
അത് കഴിഞ്ഞു സു ചേച്ചിയുടെ പോസ്റ്റ്‌ കണ്ടപ്പോള്‍ ഈ കഥയും. ശരിയ്കും ബ്ലോഗ്‌ എന്ന മീഡിയം എത്ര powerful ആണെന്ന് മനസ്സിലായത്
അപ്പോഴാണ്. അത് മാത്രമല്ല നാട്ടില്‍ നിന്നും ഒത്തിരി അകലെ മലയാളികളൊക്കെ വളരെ കുറച്ചു മാത്രം ഉള്ള നാടുകളില്‍ ജീവിക്കുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് സമാന ചിന്തകള്‍ ഉള്ള കുറച്ചു പേരുടെ ചിന്തകള്‍ അറിയാനും അവരോടു സംസാരിക്കാനും ഉള്ള ഒരു മീഡിയം ആയി മാത്രമല്ല പലരുടെയും സോഷ്യല്‍ ലൈഫ് എന്നത് പോലും ഇതൊക്കെ മാത്രമാണ്.
അപ്പോള്‍ ഇങ്ങനെയുള്ള സഹായങ്ങള്‍ ഒക്കെ നമുക്ക് കിട്ടുന്ന ഒത്തിരി വില മതിക്കുന്ന ചില കാര്യങ്ങള്‍ ആണ്.

Fri Mar 19, 04:02:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home