Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, October 23, 2005

അങ്ങനെ ഒരു ദിവസം....

ഓരോ ദിവസവും പുതുമയുള്ളത്‌ ആയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ വിചാരിക്കാറുണ്ട്‌. എനിക്കിഷ്ടമുള്ളത്‌ ഞാൻ വിചാരിക്കും. ആരോടെങ്കിലും ചോദിക്കണോ. അല്ല പിന്നെ. അങ്ങനെ ഇരിക്കെ ഒരു ദിവസം പിറന്നു. കരച്ചിൽ ഒന്നും ഞാൻ കേട്ടില്ല. പിന്നെ എങ്ങനെ മനസ്സിലായീന്നോ. ഏതെങ്കിലും ഒരുദിവസം സമയാസമയത്ത്‌ ചായേം കാപ്പീം ചോറും കറീം ആയില്ലേൽ അതൊക്കെ താനേ മനസ്സിലാകും. അങ്ങനെ ജോലിയൊക്കെ ഒരു വിധം പൂട്ടിവെച്ച്‌ ഇരിക്കുമ്പോഴാണ് അവൾ കയറി വന്നത്‌. ലവൾ എന്നു ചോദിക്കല്ലേ. ഞാൻ പറയാം. എന്റെ അടുത്ത കൂട്ടുകാരീടെ മകൾ. നീരജ. റീത്തയും കത്രീനയും സുനാമിയും ഒക്കെ വരുമ്പോലെ ആണ് അവളുടേം വരവ്‌. എന്തെങ്കിലും ഒന്നും ഒപ്പിച്ചോണ്ടുവരും. ഞാൻ ഒന്നു ഞെട്ടി. ഒരു ദിവസം പോലും ഞെട്ടൽ ഇല്ലാതെ കടന്നുപോകാത്ത ഒരു ജീവിതം ആണ് എന്റേത്‌. കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു മന്ത്രിണി ആയിരുന്നിരിക്കണം.
‘എന്താ മോളൂ’ ? ഒന്നും മിണ്ടിയില്ല. നേരെ പോയി ഫ്രിഡ്ജ്‌ തുറന്നു. അന്നേരവും ഞാൻ ഞെട്ടി. സ്ട്രോബെറി ഐസ്ക്രീം ഷെയർ ചെയ്യുകാന്നു പറഞ്ഞാൽ എനിക്കിഷ്ടമില്ലാത്ത ഒരു കാര്യം ആണ്. അവൾ അതിന്റെ പൊതി‌ തുറന്നുവെച്ച്‌ രണ്ട്‌ കുഞ്ഞിപ്പാത്രം എടുത്ത്‌ ഐസ്ക്രീം ഇട്ടു. ഒരു പാത്രം എനിക്ക്‌ നീട്ടി. പല്ലി ഇരയെപ്പിടിക്കുന്ന പോലെ ഞാൻ അത്‌ തട്ടിയെടുത്തു. അവൾ ബാക്കി ഫ്രിഡ്ജിലേക്ക്‌ തന്നെ വെച്ചു. ആസ്വദിച്ച്‌ തിന്നാൻ തുടങ്ങി. എന്നാലും മനസ്സൊരു സുനാമി പ്രതീക്ഷിക്കുന്നുണ്ട്‌. ഇവൾ ഇത്രയും നിശ്ശബ്ദയായിട്ട്‌ ഇരിക്കണമെങ്കിൽ വല്ല അടിയന്തരാവസ്ഥയും പ്രഖ്യാപിക്കണം. കഴിഞ്ഞു പാത്രം രണ്ടും കൊണ്ടു വെച്ചു.
‘ആന്റീ നമുക്കൊന്ന് കറങ്ങാൻ പോയാലോ?’
ചാകര കണ്ട മുക്കുവനെപ്പോലെ ഞാൻ ഉത്സാഹത്തിൽ ആയി. അപ്പോഴേക്കും ബോംബ്‌ പൊട്ടി. ‘ഞാൻ കാറിലാ വന്നത്‌.’
ഈശ്വരാ എന്റെ വിസ ഇവളായിട്ട്‌ കാൻസൽ ചെയ്യിക്കും.
‘എന്തിനാ കാർ. നീ കുഞ്ഞുവണ്ടി കൊണ്ടുവാ പോയിട്ട്‌.’
‘ഉച്ചയാവാൻ ആയപ്പോഴാണോ സ്കൂട്ടിയിൽ പോകേണ്ടത്‌? വേണ്ട വേണ്ട. വെയിൽ ആയി.’
‘അതിനു നീ ലൈസൻസ്‌ എടുത്തിട്ട്‌ ഒരാഴ്ച്ച ആയില്ലല്ലോ?’
‘അതിനെന്താ. പഠിച്ചല്ലോ.’
‘നരൻ കണ്ടില്ല.’
‘അതിന്?’
‘അല്ലാ. കാറിലൊക്കെ പോയിട്ട്‌ കൈയും കാലും ബൈ ഫോർ എവർ എന്നു പറഞ്ഞാൽ...’
‘അതു സാരമില്ല ആന്റിക്കു വ്യാജ സി ഡി ഞാൻ കൊണ്ടുത്തരും. ഇനി അഥവാ തട്ടിപ്പോകും എന്നുള്ള പേടിയിൽ ആണെങ്കിൽ വെറുതേയാ. അങ്കിൾ അത്രയ്ക്കു പുണ്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല.’
ഈശ്വരാ കിട്ടി, കിട്ടി. വടി കൊടുത്ത്‌ അടി വാങ്ങരുത്‌ , വാങ്ങിയാൽ മോങ്ങരുത്‌ എന്ന് ചേട്ടൻ പറഞ്ഞിട്ട്‌ 3 ദിവസമേ ആയുള്ളൂ. ആരോടും വഴക്കും വേണ്ട എന്നും പറഞ്ഞു. ബ്ലോഗിന്റെ കാര്യത്തിൽ ആണെങ്കിൽ വഴക്കിടുന്നതിലും നല്ലത്‌ അത്‌ ഡിലീറ്റ്‌ ചെയ്യുന്നതാ നിനക്ക്‌ നല്ലത്‌ എന്നും പറഞ്ഞു. മലയാളസാഹിത്യത്തിന്റെ വാഗ്ദത്ത വിളവു ഭൂമി എൻഡോസൾഫാൻ തളിച്ചു നശിപ്പിക്കും എന്ന ഭീഷണി ചേട്ടന്റേതായിട്ട് നിലവിൽ ഉള്ളതുകൊണ്ട്‌ വഴക്കിനോട്‌ തൽക്കാലം ഒരു ബൈ പറഞ്ഞു ഇരിക്കുകയാണ്. അതുകൊണ്ട്‌ ഒന്നും മിണ്ടിയില്ല. കാറിൽ പോകുന്നത്‌ റിസ്ക്‌ ഉള്ള കാര്യം ആണ്. എന്നാലും റിസ്ക്‌ എന്തും ഏറ്റെടുക്കുന്ന കാര്യത്തിൽ ഞാൻ എന്നും മുൻ പന്തിയിൽ ആണ്. റിസ്കിന്റെ കാര്യത്തിൽ ചേട്ടനും എന്റെ ലെവലിൽ ആണെന്ന് എന്നെ കല്യാണം കഴിച്ചപ്പോഴാ വീട്ടുകാർക്കും നാട്ടുകാർക്കും മനസ്സിലായത്‌.ഹി ഹി.
എണീറ്റ്‌ റെഡി ആയി. പുറത്തിറങ്ങി വീടിനോട്‌ ഫിർ മിലേംഗേ ( ഭാഗ്യമുണ്ടെങ്കിൽ എന്നു മനസ്സിൽ ) പറഞ്ഞു. കാറിൽ കയറാൻ നേരം ഒന്ന് മടിച്ചു നിന്നു.
‘എന്താ കയറാൻ ഒരു മടി?’
‘അല്ലാ ഒന്നുമില്ല മേൽക്കരേലെ രാധേടെ മോളുടെ കല്യാണത്തിനു എനിക്കു പങ്കെടുക്കണം എന്നുണ്ട്‌.’
ഇത്തവണ അവൾ ഞെട്ടി.
‘അതിനു രാധേടേ കല്യാണം എപ്പോ കഴിഞ്ഞു?’
‘കഴിഞ്ഞില്ല അതു തന്നെയല്ലേ... ആഗ്രഹം പറഞ്ഞതല്ലേ.’
‘ ആന്റീ’... അവൾ കണ്ണുരുട്ടി.
എല്ലാ ദൈവങ്ങളേയും വിളിച്ചുകൊണ്ട്‌ കയറി. തലേലെ വരമൊഴി ശരിയല്ലെങ്കിൽ പിന്നെ ഒരു ദൈവം വിചാരിച്ചിട്ടും കാര്യമില്ല. യാത്ര തുടങ്ങി.
‘ആഹാ ദേ നരന്റെ പോസ്റ്റർ. ഒന്നു നിർത്തൂ.’
‘പോസ്റ്ററും നോക്കി ആസ്വദിച്ചു പോകാൻ ആയിരുന്നെങ്കിൽ കാൽനട മതിയായിരുന്നല്ലോ.’
‘അതെ അതെ അതായിരുന്നു നല്ലത്.’ ലാലേട്ടനെ കൈ വീശിക്കാണിച്ചു.
‘ആന്റി ഏതു പാട്ടാ മൂളുന്നത്‌?’
‘മൈ ദിൽ ഗോസ്‌ ഉം... ഉം... ഉം...’
‘സലാം നമസ്തേ?’
‘അതെ.’
സത്യത്തിൽ മൂളിയത്‌ സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എന്ന പാട്ടാ. അതു പറഞ്ഞില്ല.
അങ്ങനെ പോയിപ്പോയി കാർ ടൌണിലെ പുതിയ സൂപ്പർമാർക്കറ്റിനു മുന്നിൽ നിന്നു. ഇറങ്ങി. അവളും കാർ ലോക്ക് ചെയ്ത്‌ ഇറങ്ങി. ഇതുവരെ ഇവിടെ വന്നിട്ടില്ല. അവളുടെ അമ്മ ഒന്നു രണ്ടു പ്രാവശ്യം വന്നു എന്നു പറഞ്ഞിരുന്നു. കടയ്ക്കുള്ളിലേക്ക്‌ നടന്നു. ഒരു ബാസ്കറ്റ്‌ എടുത്തു, വാങ്ങുന്നതൊക്കെ ഇടാൻ. സാധനങ്ങളുടെ വില ഒക്കെ കണ്ടപ്പോൾ ഹിമാലയത്തിലോ മറ്റോ പോയി വല്ല പച്ചിലേം തിന്നു ജീവിച്ചാൽ മതി എന്നു തോന്നിപ്പോയി. എന്തായാലും വന്നതല്ലേ. അത്യാവശ്യം വസ്തുക്കൾ വാങ്ങിയേക്കാം. നീരജ വന്നയുടനെ തന്നെ കോസ്മെറ്റിക്‌ സെക്‌ഷൻ നോക്കിപ്പോയതാണ്. ഞാൻ അവിടെ പോയിട്ട്‌ കാര്യം ഒന്നും ഇല്ല. അങ്ങനെ നടന്ന് നടന്ന് കടയുടെ ഒരു വശത്തെത്തി. അവിടെ നിന്ന് വില പരിശോധന നടത്തുമ്പോൾ ആരോ വന്ന് മുന്നിൽ നിന്നു. നോക്കുമ്പോൾ കുറച്ച്‌ മുന്നിലായി ഒരു സുമുഖൻ, സുന്ദരൻ, പരസ്യമോഡൽ. നമ്മുടെ ജോൺ എബ്രഹാമിന്റെ ഒരു ഫോട്ടോസ്റ്റാറ്റ്‌. മുടി ഒന്നു പിന്നോട്ട്‌ മാടിയൊതുക്കി, ഇല്ലാ മീശ ഒന്നു തടവി ഷർട്ടും പാന്റും ഒക്കെ ഒന്നു ശരിയാക്കി എന്നോട്‌ പുഞ്ചിരിച്ചു. എന്റെ ജയറാം മോഡൽ കണ്ണുകൊണ്ട്‌ ഒന്ന് ഇടം വലം വീക്ഷിച്ചു. ഇല്ല ആരും ഇല്ല. അവധി ദിവസം അല്ലാത്തതുകൊണ്ട്‌ ആരും ഇല്ല എന്നു തന്നെ പറയാം. നോക്കിച്ചിരിക്കുന്നത് എന്നെത്തന്നെ. എന്നെ നോക്കി പുഞ്ചിരി ചിലവാക്കണമെങ്കിൽ എവന്റെ കണ്ണിനു 100% തകരാറും ഉണ്ടാവും എന്ന് എനിക്കു തോന്നി. പരിചയം ഉള്ളവർ ആരെങ്കിലും ആണോ ഇനി. ഓർമ വരുന്നില്ല. ഇങ്ങനെയൊരു സന്ദർഭം വന്നാൽ സന്തോഷ്‌ ബ്രഹ്മിക്ക്‌ ഓർമ വരില്ല. പിന്നെയാ എനിക്ക്. ഞാൻ പുഞ്ചിരി തിരിച്ചു കൊടുത്തു. മനസ്സിന്റെ ബാക്ക്ഗ്രൌണ്ടിൽ പാട്ടു വന്നു. ഇത്തരം അവസരങ്ങളിൽ ആണു പലർക്കും പാട്ടിന്റെ പ്രസക്തി മനസ്സിലാവുന്നത്.
‘തും പാസ്‌ ആയേ യൂം മുസ്കുരായേ....
തും നേ നജാനേ ക്യാ സപ്നേ ദിഖായേ.
അബ്‌ തൊ മേരാ ദിൽ ജാഗേ ന സോത്താ ഹേ..
ക്യാ കരൂം ഹായേ കുഛ്‌ കുഛ്‌ ഹോത്താ ഹേ.’
പാട്ടു തീർന്നപ്പോഴേക്കും നീരജ വന്നു. ഛെ! കല്യാണം കഴിച്ചുകൊടുക്കാൻ പ്രായമുള്ള കുട്ടിയുള്ളപ്പോഴാ റൊമാൻസ്‌! മിഴിച്ചു നിൽക്കുന്ന എന്നെ മനസ്സിലാക്കാതെ കൈയിലുള്ള കുഞ്ഞു കുഞ്ഞു വസ്തുക്കൾ ബാസ്കറ്റിൽ ഇട്ട്‌ ‘ആന്റീ ഇപ്പോ വരാമേ’ എന്നും പറഞ്ഞു അവൾ പിന്നിലേക്ക്‌ നടന്നു. ഇവൾ ഇപ്പോ എങ്ങോട്ട്‌ പോകുന്നു എന്നു നോക്കാൻ തിരിഞ്ഞപ്പോഴുണ്ട്‌ പിന്നിൽ വലിയൊരു, ആൾ വലിപ്പം ഉള്ള കണ്ണാടി. അപ്പോ അതു നോക്കിയാണ് ആ സുന്ദരപുരുഷൻ പുഞ്ചിരിച്ചത്‌. കണ്ണാടിയുടെ ഭാഗ്യം ഛെ! ആകെ ബോർ ആയി. നീരജ കണ്ണാടിയിൽ നോക്കി തിരിച്ചുവന്നു. സുന്ദരൻ മറഞ്ഞു അപ്പോഴേക്കും. ആന്റീ കണ്ണാടി നോക്കണോന്നു ചോദിച്ചപ്പോൾ ബിരിയാണിക്കു കൊണ്ടുപോകുന്ന കോഴി പൌഡർ ഇടണോന്ന് ചോദിക്കാനാ തോന്നിയത്‌. തിരിച്ചും കാറിൽ കയറണമല്ലോ.
‘ആന്റീം പോകാൻ നോക്കാം‘ എന്നു പറഞ്ഞപ്പോൾ ഞാൻ ദൈവത്തിനു ഒരു ഹായ്‌ പറഞ്ഞു. രക്ഷിക്കണമല്ലോ. ആ സന്ദർഭത്തിനു ശേഷം ആരെങ്കിലും ചിരിച്ചാൽ ഞാൻ ഞാൻ ചുറ്റും നോക്കി കണ്ണാടി പരതിയിട്ടേ പുഞ്ചിരി തിരിച്ചു നൽകാറുള്ളൂ.

13 Comments:

Blogger കലേഷ്‌ കുമാര്‍ said...

സൂ..
നന്നാ‍യിട്ടുണ്ട്!
ഒറ്റയിരിപ്പിനു വായിച്ചു!
വടികൊടുത്ത് അടി മേടിച്ചാൽ മോങ്ങരുതെന്ന് പറഞ്ഞത് ഉഗ്രനായി എന്ന് ചേട്ടനോട് പറയുക.

Sun Oct 23, 07:44:00 PM IST  
Blogger .::Anil അനില്‍::. said...

:)
ചേട്ടനോടൊരു ബ്ലോഗ് തുടങ്ങാൻ പറഞ്ഞൂടേ?
നല്ല സന്ദേശങ്ങൾ കൈലിലുണ്ടല്ലോ.
‘ജോൺ എബ്രഹാം’ ആരാ?
എനിക്കാകെ അറിയുന്നത് അനശ്വരനായ ചലചിത്രകാരനെയാണ്.

Sun Oct 23, 07:56:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

:)

Sun Oct 23, 08:32:00 PM IST  
Blogger kumar © said...

:) ഇനിയെങ്കിലും പ്രതിഫലിക്കുന്ന പ്രതലങ്ങൾക്കു മുന്നിൽ പിതിരിഞ്ഞു നിൽക്കാതിരിക്കുക. മറ്റുള്ളവർ നമ്മെനോക്കി പുഞ്ചിരിക്കും.

രസകരമായ സംഭവം :)

Mon Oct 24, 11:36:00 AM IST  
Blogger അതുല്യ said...

അങ്ങനെ അല്ലാ കുമാർജി, കണ്ണാടി നോക്കി തൻ മുഖം നന്നെന്ന് നിരൂപിക്കും, എത്രയോ വിരൂപന്മാർ ന്നു പറയൂ.

സു: ഞാനും ഒരു സുന്ദരനെ അന്വേഷിച്ചു നടക്കുന്നു, അവൻ ഒരു അനോനിമസ്‌ സുന്ദരൻ. കിട്ടും കിട്ടാതിരിക്കില്ല. പിന്നെ വഴക്കൊന്നും ഇല്ലാട്ടോ ഈ ബ്ലോഗിൽ, അൽപം തർക്കുത്തരം ഒക്കെ ഇല്ലെങ്കിൽ, പിന്നെ, മഞ്ഞപിത്തകാർക്കു വിളമ്പുന്ന പച്ക്കറി വേവിച്ച പോലെയാവില്ലേ എവിടം? അൽപം പുളിയിഞ്ചി തൊട്ട്‌ നാവിൽ തേച്ചു പായസം കുടിച്ചു നോക്കു, എന്താ ഒരു രസം അല്ലേ? അതാണു ഉണ്ടായതു, അതു മാത്രമാണു ഉണ്ടായത്‌.

Mon Oct 24, 12:07:00 PM IST  
Blogger monu said...

" വാങ്ങിയാൽ മോങ്ങരുത്‌ "

ithu kollam ..copyright ullathanoo ???

Mon Oct 24, 06:00:00 PM IST  
Blogger Thulasi said...

ആ കണ്ണാടിയില്ലേ, സൂ ചേച്ചിയോടു സ്വകാര്യമായി പറയാൻ പറഞ്ഞു,
'tere chehere se nazar nahi hat tha
nazaare hum kya dekhe'

സത്യായിട്ടും പറഞ്ഞതാ..

Mon Oct 24, 06:48:00 PM IST  
Blogger Thulasi said...

സൂ ചേച്ചീ,എന്റെ ബ്ലോഗ്‌ കാണാനില്ല

Tue Oct 25, 10:38:00 AM IST  
Blogger Adithyan said...

ഓ!!!!

അപ്പോ അതു സു ചേച്ചി ആരുന്നു അല്ലെ?

അറിഞ്ഞിരുന്നെങ്കിൽ പരിചയപ്പെട്ടിട്ടെ പോകുമായിരുന്നുള്ളൂ.

കഷ്ടമായിപ്പോയി.

:_(

Tue Oct 25, 06:27:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

Punchirikkuka su-
kannadiyil nokky punchirikkunnu enna vyajena ayal su vine thanne aanu nokkiyathu. Ethu anungalude oru sthiram adavu- nokkiyittu ellennu varuthuka.
Pinne blogile aa kashmalante savadhaham kazhinjaanu njaan gandharvan varunnathu. eni su orikkalum vishamikkendi varilla.
Punchirikkunna su vine blog kar kathakalilude ariyate kaanatte

Tue Oct 25, 07:05:00 PM IST  
Blogger സു | Su said...

കലേഷ് :)
അനിലേട്ടാ :)
വിശ്വം :)
കുമാർ :)
അതുല്യ :)
മോനു :)
ആദിത്യൻ :) അത് നീ ആയിരുന്നോ. ഇനി ഞാൻ ശ്രദ്ധിച്ചു വഴി മാറി നിന്നോളാം.
തുളസി :) ബ്ലോഗ് കണ്ടു കിട്ടിയല്ലൊ അല്ലെ. ചേട്ടൻ ആ പാട്ടു പാടിയതിന്റേയാ അനുഭവിക്കുന്നത്. കണ്ണാടിക്ക് അതറിയില്ലല്ലോ. ഹിഹി

ഗന്ധർവാ :) സ്വാഗതം.

Wed Oct 26, 12:28:00 PM IST  
Blogger പാപ്പാന്‍‌/mahout said...

വായിച്ചു, പതിവുപോലെ ഊറിച്ചിരിച്ചു. മലയാളഭാഷ സു-വിന്റെ കയ്യിൽ പൊറോട്ടയ്ക്കുകുഴച്ച മാവു്.

Wed Oct 26, 10:33:00 PM IST  
Blogger സു | Su said...

പാപ്പാനേ ഇപ്പോ എല്ലാം കൂടെ പൊറോട്ട ആവും :)

Thu Oct 27, 09:24:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home