പ്രിയനന്ദിനി
ബെല്ലടിച്ചത് സ്വപ്നത്തിലല്ല എന്തായാലും. തണുപ്പുള്ള ഒരു നട്ടുച്ചയും. അതു കടന്നുപോവാൻ സുഖകരമായ ഒരുക്കവും. അതാണ് പകുതിവഴിക്കു തീർന്നത്.
ഏതെങ്കിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങൾ കെട്ടിയേല്‍പ്പിച്ച് പോകാൻ വരുന്ന സമർത്ഥരിൽ വല്ലവരും ആയിരിക്കും. ആണെങ്കിൽ ഇന്നവരുടെ ദിവസം ഇത്രയും നേരത്തെപ്പോലെ ആവില്ല. അവർ ഇങ്ങോട്ട് പറയുന്നതിനുമുമ്പ് അങ്ങോട്ട് കേൾക്കും.
മുടിയൊന്ന് കോതി, പീപ്പിംഗ് ഹോളിലൂടെ നോക്കുമ്പോൾ കണ്ടത് ഷീലച്ചേച്ചിയെ. വാതിൽ തുറന്നതും, സന്തോഷത്തോടെയുള്ള ചിരിയും, കൈകൊട്ടും കേട്ടു. പ്രിയനന്ദിനി.
“സോറി മാലൂ, തീരെ കൂട്ടാക്കുന്നില്ല. എവിടെയെങ്കിലും പോകണംന്ന്. എല്ലാവരും ഉറക്കമായിരിക്കും. അതുകൊണ്ട് ഇങ്ങോട്ടേ വരാൻ തോന്നിയുള്ളൂ.”
“നല്ല ഉറക്കമായിരുന്നു.” പുഞ്ചിരിച്ചു.
“ആന്റീ’ എന്ന് അവ്യക്തമായ സ്വരത്തില്‍പ്പറഞ്ഞ് പ്രിയനന്ദിനി വന്ന് കെട്ടിപ്പിടിച്ചു.
“അമ്മ പോട്ടേ, നന്ദു വരുന്നോ?” അവൾ വീടിനുള്ളിലേക്ക് കൈ കാണിച്ചു.
‘കുറച്ചുകഴിഞ്ഞുവരാം മാലൂ.’ ഷീലച്ചേച്ചി പോയി.
കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും, വായിൽ നിന്ന് നീരൊലിക്കും, അലറും, പലപ്പോഴും വാശിയും.
എന്നാലും പ്രിയനന്ദിനി എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അതിനു സ്നേഹം അഭിനയിക്കാൻ അറിയില്ലല്ലോ. പ്രിയനന്ദിനിയ്ക്ക് വയ്യായിരുന്നു. ശരിക്കും നടക്കില്ല, പത്തുവയസ്സായിട്ടും മറ്റുള്ളവരെപ്പോലെ വ്യക്തമായി ഒന്നും പറയില്ല. ഇടയ്ക്ക് മാത്രം ശക്തിയായി എന്തെങ്കിലും പറയും. അങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ ഇങ്ങോട്ട് അതിനല്ല മറുപടി പറയുന്നത്. നമ്മുടെ ശ്രദ്ധ തിരിക്കുന്നതുപോലെ വേറെ എന്തെങ്കിലുമൊക്കെപ്പറയും. എന്നാലും സ്നേഹമാണ്. അതും ചിലരോട് മാത്രം. 3- ബിയിലെ ലളിതച്ചേച്ചിയേയും 4- സിയിലെ അനിതയേയും ഒന്നും ഇഷ്ടമല്ല. അവരുടെ കുട്ടികൾ ദ്രോഹിക്കുന്നതുകൊണ്ടാണോയെന്തോ.
ഷീലച്ചേച്ചി പരാതി പറയുന്നതും കേൾക്കാം. ‘കുട്ടികൾക്ക് അറിയില്ലെങ്കിലും ഇതിനു അറിയാഞ്ഞിട്ടാണ് വികൃതിയും വാശിയുമെന്ന് അമ്മമാർക്കറിയില്ലേ മാലൂ. എന്നാലും എപ്പോഴും കുറ്റം പറയും. കേൽക്കുന്നത് ചിരിച്ചുകൊണ്ടാണെങ്കിലും, ഉള്ളിൽ കരയുന്ന എന്നെ അവർക്ക് മനസ്സിലാവില്ലേ? ‘
ടി. വി. യിലേക്ക് കൈചൂണ്ടിപ്പറഞ്ഞു. ‘കാണാം’. ഇനി ഉറക്കം കണക്കു തന്നെ. അവൾ എന്തായാലും ഉറങ്ങില്ല. മൃഗങ്ങളൊക്കെയുള്ള ഒരു ചാനൽ വെച്ചുകൊടുത്തു. അതു നോക്കുകയൊന്നുമില്ല. ഒരുമിനുട്ട് കഴിഞ്ഞാൽ എണീറ്റുനടന്ന് മുറിയിലുള്ളതൊക്കെ എടുക്കാൻ തുടങ്ങും. അല്ലെങ്കിൽ ബിസ്ക്കറ്റോ മറ്റോ കൊടുക്കണം. പകുതി താഴെയാവുമെങ്കിലും കുറച്ചൊക്കെ തിന്നും. അല്ലെങ്കിൽ താഴെയിട്ടേക്കും. ഇടയ്ക്കു മാത്രം ഒരു ശാന്തതയുണ്ട്. വയ്യാഞ്ഞിട്ടാണോ എന്നറിയില്ല. കണ്ണും ഉരുട്ടി എന്തൊക്കെയോ ഒരു കളിയുണ്ട് ഇടയ്ക്ക്. അടങ്ങിയിരിക്കാൻ പറഞ്ഞാലും കേൽക്കില്ല. ചിലപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
മുഖം കഴുകി വന്നപ്പോഴാണ് നന്ദുവിന്റെ കൈയിൽ മുട്ടിനു മുകളിലായി ഒരു പോറൽ കണ്ടത്.
“എന്താ നന്ദൂ, ഇത്?”
“ശ്ശ്” കൈപിടിച്ചതുകൊണ്ടാവണം അവൾ അസഹ്യതയിൽ മുഖം ചുളിച്ച് ശബ്ദമുണ്ടാക്കിയത്.
“എന്തു പറ്റീ?”
അവളുടെ മുഖം വാടി. “പോകണം’.
അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
“അവൾക്ക് പോകണംന്ന് പറഞ്ഞു ഷീലേച്ചീ.”
“ഇങ്ങനെയൊരു കുട്ടി. അടങ്ങിയിരുന്നൂടേ കുറച്ചുനേരം’.
“കൈയിൽ എന്തോ മുറിഞ്ഞപോലെയുണ്ട്. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.’
“കത്തിയെടുത്ത് കളിച്ചിട്ടുണ്ടാവും.’ നിസ്സാരമായി ഷീലച്ചേച്ചി പറഞ്ഞു.
തിരിച്ചുപോന്ന് വീണ്ടും ഉറക്കം. ഒരു രാക്ഷസൻ, നന്ദുവിന്റെ പിന്നാലെ പായുന്നു. അവളെ രക്ഷിക്കാൻ താനും. മൂന്നുപേരും അലറുന്നുണ്ട്. ശ്വാസം കിട്ടുന്നില്ല. കരഞ്ഞുകൊണ്ട് ഉണർന്നപ്പോൾ ആരുമില്ല. എന്നാലും ആ സ്വപ്നം മനസ്സിൽനിന്നു പോകാതെ, വീട്ടുജോലിക്കിടയിൽ കൂടെ വന്നു. സേതുവേട്ടനോട് പറഞ്ഞാൽ നിനക്ക് നല്ല സ്വപ്നം കണ്ടൂടേന്ന് ചോദിക്കും. അത്ര തന്നെ. ഇറങ്ങിപ്പോയവരൊക്കെ വരാനായി. സ്കൂൾ ബസ് വരുമ്പോൾ ഗേറ്റിൽ കണ്ടില്ലെങ്കിൽ കുട്ടികൾ പിണങ്ങും. അമ്മയ്ക്കൊന്ന് വേഗം അവിടെ വന്നു നിന്നാലെന്താ? നിന്നാലെന്താ? ഒന്നുമില്ല. ഉച്ച മുഴുവൻ ഉറങ്ങിതീർക്കുകയല്ലായിരുന്നോ.
"ഇതാരുടേയാ അമ്മേ?" സോഫയിൽ നിന്ന് കളിപ്പാട്ടം എന്തോ എടുത്ത് അനു പറഞ്ഞു.
“നന്ദുവിന്റെയാവും. അവളുച്ചയ്ക്ക് വന്നിരുന്നു. കൊടുത്തിട്ട് വരൂ.”
ദിവസങ്ങൾ നിറഞ്ഞപുഴപോലെ ഒഴുകിയൊഴുകിപ്പോകുന്നുണ്ടായിരുന്നു. സ്വപ്നങ്ങൾ ചിലതൊക്കെ ചോദ്യം ചോദിച്ചുകൊണ്ട് പിറകെ വന്നു.
നന്ദു കരഞ്ഞുംകൊണ്ടാണ് ഒരുദിവസം വന്നത്.
“എന്തുപറ്റി?”
എന്തൊക്കെയോ പറഞ്ഞു. അലറി. പിന്നെ ശാന്തമായി മുറിയിലൊക്കെ നടന്ന് കണ്ടതൊക്കെയെടുത്തു. മാറ്റമൊന്നുമില്ല. വാശി. വികൃതി, അലർച്ച.
ഷീലച്ചേച്ചി വന്നപ്പോൾ നന്ദു ടി. വി. കാണുകയായിരുന്നു. അവൾ എന്തുകൊണ്ടോ ചേച്ചിയെ നോക്കിയതുമില്ല, ഒന്നും മിണ്ടിയതുമില്ല. കൂടെ പോയതുമില്ല.
“എന്തു പറ്റീ?” വീണ്ടും ചോദിച്ചപ്പോൾ അവളുടെ കണ്ണിൽ പേടി കണ്ടു. മനസ്സിലായില്ല എന്താവും കാരണമെന്ന്. ഒരു അമ്മക്കണ്ണിലൂടെ നോക്കി. എന്നിട്ടും ഒന്നുമില്ല. ഒളിക്കുന്നുണ്ടാവും എന്തെങ്കിലും. മനസ്സ് പോകുക എന്തെങ്കിലുമൊക്കെ വിചാരത്തിലേക്കാവും.
കൈകൾ വീശിയെറിഞ്ഞ് കാലുകൾ അമർത്തിച്ചവിട്ടി കാട്ടാളൻ വരുന്നത് സ്വപ്നത്തിൽ . നന്ദുവും, കാവൽക്കാരിയായി ഞാനും. നന്ദുവിന് അധികം ശ്രദ്ധ കൊടുക്കരുതിനി. അവൾ മറ്റുള്ള കുട്ടികളെപ്പോലെയാവട്ടെ. കൈയില്ലേ? കാലില്ലേ? എല്ലാവരോടും പെരുമാറുന്നതുപോലെ എന്നും പറഞ്ഞുനോക്കി. അവൾ ശ്രദ്ധതിരിക്കാൻ എന്തെങ്കിലും പറഞ്ഞാൽ അതിലുമുച്ചത്തിൽ ഞാനും.
കടയിലൊക്കെ പോയ ഒരു ദിവസം. തിരിച്ചുവന്നപ്പോൾ ഷീലച്ചേച്ചി കരയുന്നു, വാതിലിനു മുന്നിൽ നിന്ന്. ഫ്ലാറ്റിലെ കുറച്ചുപേർ വട്ടംകൂടി നില്‍പ്പുണ്ട്.
നന്ദുവിനെ കാണുന്നില്ലെന്ന് ആരോ പറഞ്ഞു.
“രാക്ഷസൻ.” മനസ്സ് പറഞ്ഞു.
ചുറ്റുപാടും തിരഞ്ഞു. എവിടേം ഇല്ല. ഫ്ലാറ്റിന്റെ അപ്പുറത്തൊരു വീടുണ്ട്. പഴയ വലിയ വീട്. അവിടെ ഒരുഭാഗത്തുമാത്രമേ ആൾക്കാരുള്ളൂ. അവിടെപ്പോയി ചോദിക്കാം. അവരും പറഞ്ഞു, കണ്ടില്ലെന്ന്.
അഭിപ്രായങ്ങളും ചർച്ചകളും ആളുകളും വർദ്ധിച്ചുകൊണ്ടിരുന്നു. എത്രയോ ആൾക്കാർ പ്രതികളായി. നന്ദുവിന്റെ വീട്ടുകാർ നിരുത്തരവാദികളായി.
ഒടുവിൽ നന്ദുവിനെ കണ്ടെത്തി. വലിയ വീടിന്റെ ഒരു ഭാഗത്തുള്ള പുളിമരത്തിന്റെ പിന്നിൽ വിരിപ്പിട്ടപോലെ കിടക്കുന്ന പുളിയിലകൾക്കു മീതെ സുഖമായി ഉറങ്ങുന്നു. ഫ്ലാറ്റിൽ നിന്നു റോഡിൽക്കൂടെയല്ലാതെ ആ വീട്ടിലേക്കു കടക്കാൻ ഒരു മുള്ളുവേലിയുണ്ടെന്ന് എല്ലാരും കണ്ടു. വീട്ടുകാരുടെ പഴയ സൗഹൃദത്തിന്റെ ബാക്കിയാവും. പണ്ട് നന്ദുവിന്റെ കൈ മുറിഞ്ഞതിന്റെ കാര്യം മനസ്സിലായി.
ഷീലച്ചേച്ചി അവളെ വിളിച്ചുണർത്തി. കരയുന്നുണ്ടായിരുന്നു അവർ. നന്ദു എണീറ്റ് ഇരുന്ന് എന്നെയാണ് നോക്കിയത്. പതിവുപോലെ ചിരിച്ചു. കണ്ണീരിനിടയിലും ചിരിവന്നു. കൂടെയുള്ളവരൊക്കെ അവരുടെ അഭിപ്രായങ്ങൾ മുഴുവൻ പതിരാണെന്ന് കണ്ട് നിരാശയോടെ തിരിച്ചുപോയി.
നന്ദുവിനേയും വലിച്ചുകൊണ്ട് ഷീലച്ചേച്ചി പോയി. പിന്നാലെ ഞാനും. ഷീലച്ചേച്ചിയുടെ മനസ്സപ്പോൾ എനിക്കുമറിയാമായിരുന്നു. അമ്മയുടെ സന്തോഷം.
മുള്ളുവേലി പതുക്കെ മാറ്റാനും പുളി പെറുക്കി തിരിച്ചുവരാനും ഫ്ലാറ്റിലെ മറ്റു കുട്ടികളോടൊപ്പം മിടുക്കിയായി കളിക്കാനും നന്ദുവിനെ പഠിപ്പിക്കുന്നുണ്ടെങ്കിലും എന്നെങ്കിലും അവളുടെ ജീവിതം ചോദ്യചിഹ്നമായി മാറുമെന്ന തിരിച്ചറിവിൽ നെഞ്ചിലെവിടെയോ ഒരു നോവ് കൊളുത്തിവലിക്കുന്നുണ്ട്. എത്രയൊക്കെ വയസ്സായാലും കുട്ടിത്തത്തിനെ പോകാൻ വിടാതെ ദൈവം അയച്ച കുറേ ജന്മങ്ങൾ. ദൈവം എന്താവും ഇവരെക്കുറിച്ചൊക്കെ ചിന്തിച്ചിരിക്കുക? ഈ ലോകത്തിന്റെ വിശാലതയിലേക്ക് എന്നെങ്കിലുമൊരിക്കൽ കൈയും വീശി കടന്നുചെല്ലുമോ ഇവരൊക്കെ. താഴെ, കുറേ ജന്മങ്ങളുടെ സർക്കസ്സ് കണ്ട് മുകളിലിരുന്ന് ചിരിക്കുന്നുണ്ടാവണം ആ ദയാമയൻ!
Labels: കഥ
6 Comments:
നന്നായിരിക്കുന്നു.. ഉള്ളില്‍ തട്ടി..! :(
നല്ല കഥ. ഇഷ്ടമായി...
നന്നായിട്ടുണ്ട്.
മനസ്സിൽ അവശേഷിക്കുന്നു ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ..
അനൂപ് :)
ബാലു :)
നരിക്കുന്നൻ :)
പിൻ :)
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
:(
Happy Onam Su chechi!!!Enjoy...
തോന്നലുകൾ :) ഓണം കഴിഞ്ഞിട്ടാണോ ആശംസ പറയുന്നത്?
Post a Comment
Subscribe to Post Comments [Atom]
<< Home