ഒരോണംകൂടെ വന്നു പോയി
ഒരോണംകൂടെ നമ്മുടെ ഇടയിലേക്ക് വന്നുപോയി. വീണ്ടും വരാമെന്നും പറഞ്ഞ് പോയതുതന്നെ. കുട്ടിക്കാലത്തെ ഓണമാണ് ശരിക്കുള്ള ഓണം. ഇന്നത്തെ കുട്ടികളുടെ കാലമല്ല. നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ഓണം. ഇന്നത്തെക്കുട്ടികൾക്ക് അത്രയ്ക്ക് പുതുമയൊന്നുമില്ല ഓണം വരുമ്പോൾ. പൂക്കളം ഇടാൻ നേരവുമില്ല. പൂ പറിക്കാൻ പോകാറുമില്ല. വീട്ടിലിരുന്ന് ഒഴിവുദിനം ആഘോഷിക്കും. അത്ര തന്നെ. നാട്ടിൻപുറത്ത് കുട്ടികൾക്കൊക്കെ ഇന്നും അന്നത്തെപ്പോലെ ഓണം ഉണ്ട്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ഓണത്തെ വരവേൽക്കാൻ നേരമില്ല. വലിയവർക്കു പറ്റില്ലെങ്കിൽ കുട്ടികൾക്കും പറ്റില്ല.
ഐതിഹ്യം
മഹാബലിയങ്ങനെ എല്ലാ ജനങ്ങളേയും ഒരുപോലെയാക്കി, കള്ളവും ചതിയുമൊന്നുമില്ലാത്ത രാജ്യം ഭരിച്ചങ്ങനെ കഴിയുമ്പോൾ, ദേവന്മാർക്കൊക്കെ അസൂയയായി. അപ്പോൾ അവർ മഹാവിഷ്ണുവിനെത്തന്നെ അഭയം പ്രാപിച്ച് ഇയാളെയിങ്ങനെ വിട്ടാൽ എവിടെയെത്തും, നമുക്കൊരു പാര പണിയേണ്ടേ എന്നു ചോദിച്ചപ്പോൾ വിഷ്ണു, വാമനന്റെ രൂപത്തിൽ പുറപ്പെട്ടു ചെന്ന് മൂന്നടി മണ്ണ് ചോദിച്ചു. ഇന്നാണെങ്കിൽ മൂന്നടി മണ്ണാണെങ്കിലും വെറുതേ ചോദിച്ചാൽ മുന്നൂറ് കിട്ടും. മണ്ണല്ല. അടി. ദാനധർമ്മിഷ്ഠനായ മഹാബലി പറഞ്ഞു, മൂന്നടി മണ്ണല്ലേ എടുത്തോളൂ എടുത്തോളൂ എന്ന്. അപ്പോ വാമനന്റെ രൂപം മാറി. മൂപ്പർ ആകാശം പോലെയങ്ങ് വളർന്ന്, രണ്ടടികൊണ്ട് എല്ലാ ലോകങ്ങളും അളന്നു. മൂന്നടിയ്ക്ക് സ്ഥലമില്ല. തലയ്ക്കടിയേറ്റപോലെ നിന്ന മഹാബലിയോട് മൂന്നാമത്തെ അടി എവിടെവയ്ക്കും എന്നു ചോദിച്ചപ്പോൾ, മഹാബലിയ്ക്ക് ദേഷ്യം വന്നിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ നീയെന്റെ തലേലേയ്ക്ക് വെച്ചോ എന്നു പറയില്ലല്ലോ. ഏതായാലും ചാൻസ് കളയാതെ വാമനൻ, മഹാബലിയുടെ തലയും അളന്നു. ഒടുവിൽ പാതാളത്തില്‍പ്പോയി വസിച്ചോ എന്നും പറഞ്ഞു. അപ്പോ ഞാനെന്റെ പ്രജകളെയൊക്കെ എങ്ങനെ കാണും എന്നു ചോദിച്ചപ്പോൾ, വർഷത്തിലൊരിക്കൽ വന്നു കാണാൻ റിട്ടേൺ ടിക്കറ്റും തരമാക്കിക്കൊടുത്തു വാമനൻ. ഓണത്തിനു വന്നോ കണ്ടോ പൊയ്ക്കോന്നു പറഞ്ഞു. അങ്ങനെ പ്രജകളെക്കാണാൻ മഹാബലി വരുമ്പോൾ പ്രജകൾ സന്തോഷമായി ആഘോഷിക്കുന്നതാണ് ഓണം.
ഓണം ഓണമായിട്ട് ആഘോഷിക്കുന്നവർ ശരിക്കും ആഘോഷിക്കും. അത്തം മുതൽ പത്തുദിനം, പൂവൊക്കെപ്പറിച്ചും, പൂക്കളം തീർത്തും, തൃക്കാക്കരപ്പനെ വെച്ചു പൂജിച്ചും, സദ്യയൊരുക്കിയും, ഓണക്കോടിയണിഞ്ഞും, ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കും.
അന്നോണം
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഓണാഘോഷം അതിഗംഭീരമായിരുന്നു എന്നു പറയാം. ആദ്യമേ അച്ഛനോട് പറയും, ഓണക്കോടിയുണ്ടെങ്കിലേ ഞങ്ങൾ പൂക്കളമിടൂ എന്ന്. പൂക്കളമിടുന്നവർക്കേ കോടിയുള്ളൂന്ന് അച്ഛനും പറയും. വെറുതേ അങ്ങോട്ടുമിങ്ങോട്ടും പുന്നാരം പറയുകയാണെന്നും കോടിയും പൂക്കളവും ഉണ്ടാവും എന്ന് രണ്ട് കൂട്ടർക്കും അറിയാം. പച്ച ഓലകൊണ്ട് പൂക്കൊട്ട ഉണ്ടാക്കിയിട്ടുണ്ടാവും വീട്ടിലെ മുതിർന്നവർ ആരെങ്കിലും. ചെറിയ ഇടുങ്ങിയ കൊട്ടയിൽ/അഥവാ കുട്ടയിൽ തുമ്പപ്പൂ ഇടും. വേറെ രണ്ടെണ്ണം കൂടെയുണ്ടാവും. ഒന്നിൽ വലിയ പൂക്കളൊക്കെ ഇടും. ഒന്നിൽ കാക്കപ്പൂവും, നെല്ലിന്റെ വരിയും ഒക്കെ. നെല്ലാവുന്നതിനുമുമ്പുള്ളത്. വയലിന്റെ ഉടമകളോട് അതിനു ആവശ്യത്തിനു കിട്ടുകയും ചെയ്യും. അതിരാവിലെ എണീറ്റ് പുറപ്പെടും. പൂവിളിയുമായി. പൂവേപൊലിപ്പാട്ടും, ആന പോകുന്ന പൂമരത്തിന്റെ എന്നപാട്ടുമാണ് അധികം പാടുക. ഓരോ വഴികളിലൂടെയൊക്കെപ്പോയി, വരമ്പത്തും വേലിയിലും നിൽക്കുന്ന പൂക്കളൊക്കെ എല്ലാവരും മത്സരിച്ച് കൊട്ടയിലാക്കും. പൂക്കളമിടാത്ത വീടോ, നിറയെ പൂവുള്ള വീടോ ഉണ്ടെങ്കിൽ അവർ, ഞങ്ങളെ കാണുമ്പോൾ ചിലപ്പോൾ പൂവ് തരികയും ചെയ്യും. ദൂരെയൊക്കെ ചുറ്റിക്കറങ്ങി വന്ന്, അടുത്തുള്ള പറമ്പിൽ നിന്നൊക്കെ പൂവൊക്കെ സംഘടിപ്പിച്ച്, കൊണ്ടുവെച്ച് കുളിച്ചമ്പലത്തില്‍പ്പോയി വന്ന്, മുക്കുറ്റിപ്പൂവ് പറിക്കും. ശ്രദ്ധയോടെ ചെയ്യണം. ഓരോ മുക്കുറ്റിപ്പൂവ് ആയിട്ട് പറിച്ചെടുക്കണം. പിന്നെ മുള്ളിന്റെ പൂവ്/ തൊട്ടാവാടിപ്പൂവ് പറിക്കും. അതുകഴിഞ്ഞ് വീട്ടിലെ ചെടികളിൽ എന്തൊക്കെയുണ്ടോ അതൊക്കെ പറിക്കും. അതാരും കൊണ്ടുപോവില്ലല്ലോ. ചെമ്പരുത്തിയുണ്ടാകും, കാശിത്തുമ്പയുണ്ടാവും. സീനിയ എന്ന പൂവുണ്ടാവും. പിന്നെ അപൂർവ്വം ചില പൂക്കൾ ഒന്നോ രണ്ടൊ ഒക്കെയുണ്ടാവും. മന്ദാരവും കോളാമ്പിപ്പൂവും സുഗന്ധരാജ് എന്ന പൂവും ഉണ്ടാവും. അതൊക്കെ കുറച്ചേ ഉണ്ടാവൂ. എന്നാലും പറിച്ചെടുക്കും. പിന്നെ കളർ ഇലകൾ ഒക്കെ അരിഞ്ഞെടുക്കും. മൺവരമ്പിൽ നിന്ന് പച്ച ഇല പറിച്ചെടുക്കും. മുറ്റത്ത് മഴപെയ്താൽ ഒക്കെ പോകില്ലേ? അതുകൊണ്ട് വരാന്തയിലാണ് പൂക്കളം. ഞങ്ങളുടെ ജോലിക്കാരി ചിലപ്പോൾ അടിച്ചുവാരി വൃത്തിയാക്കിയിട്ടിട്ടുണ്ടാവും. അല്ലെങ്കിൽ ഞങ്ങൾ തന്നെ ജോലിക്കാർ ആവും. വൃത്തിയാക്കി പൂക്കളം തീർക്കും. അതുകഴിഞ്ഞാൽ ചായ. ചിലപ്പോൾ പൂവൊക്കെപ്പറിച്ച് കുളിച്ചുവരുമ്പോഴേക്കും വിശന്നിട്ടു കണ്ണുകാണില്ല. അപ്പോൾ ആദ്യം ചായ, പിന്നെ പൂക്കളം. അതുകഴിഞ്ഞാൽ അമ്മയെ ജോലിയിൽ കുറച്ച് സഹായിച്ച് വീടുവിട്ടിറങ്ങും. അതും വീട്ടുകാർക്ക് ഒരു സഹായം തന്നെ. ;) എന്നിട്ട് കൂട്ടുകാരുടെയൊക്കെ വീടുകളില്‍പ്പോയി അവരിട്ട പൂക്കളമൊക്കെ കണ്ട്, അന്നത്തെ പൂവിന്റെ നിലവാരമൊക്കെ ചർച്ച ചെയ്ത് വീട്ടിലെത്തും. പിന്നെ ഉച്ചയ്ക്കുശേഷം കൂട്ടുകാരൊക്കെ വരുമ്പോൾ സാറ്റ് കളി, നീന്തൽ, അങ്ങനെ പോകും. പിറ്റേന്ന് വീണ്ടുമെണീറ്റ് പൂ പറിയ്ക്കൽ. ഉത്രാടത്തിനോ തിരുവോണത്തിനോ ഓണപ്പൊട്ടൻ വരും. ഓണപ്പൊട്ടൻ അല്ലെങ്കിൽ ഓണേശ്വരന്റെ വേഷം കെട്ടി വരുന്നതാണ്. മണികിലുക്കി, ഓലക്കുടയിൽ തൊങ്ങലും തൂക്കി വരും. എല്ലാ വീടും കയറിയിറങ്ങും. അരിയോ പൈസയോ കൊടുക്കണം. ഓണത്തിനു വരുന്ന നല്ല ഏതെങ്കിലും സിനിമ കാണാനും പോകാറുണ്ട്. പിന്നെ സ്കൂൾ തുറക്കുമ്പോഴേക്കും ഓണവിശേഷങ്ങളുമായി, ഓണപ്പുടവയും ഇട്ട് ഓടിച്ചെല്ലാൻ കാത്തിരിക്കും.
ഇന്നോണം
ഇന്ന് മഹാബലി ഓടിക്കിതച്ചുവരുമ്പോഴോ? പണ്ടൊക്കെ നല്ല ഉഷാറായിരുന്നു ആളുകൾ. ഇന്ന് അതിലും ഉഷാർ. പഠിക്കാൻ പോകുന്നു, ജോലിക്കു പോകുന്നു. തിരക്കോടുതിരക്ക്. ഓണത്തിനു പൂക്കളം ഇടേണ്ട സമയത്തോ? പുരുഷന്മാർ മദ്യഷാപ്പിനു മുന്നിൽ ക്യൂ നിൽക്കുന്നു. സ്ത്രീകൾ വസ്ത്രക്കടകളിലും ആഭരണക്കടകളിലും കയറിയിറങ്ങുന്നു. കുട്ടികൾ ടി. വി. യ്ക്കും കമ്പ്യൂട്ടറിനും മുന്നിലിരിക്കുന്നു. പൂക്കളവുമില്ല, പൂവിളിയുമില്ല. എന്നാൽ സദ്യയെങ്കിലും വേണ്ടേന്ന് ചോദിച്ചാൽ ഓണസ്സദ്യക്കിറ്റും വാങ്ങി ഓടിക്കിതച്ചുവരും.
ഇത്തവണ ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകേട്ടാൽ, കുടിക്കാതെതന്നെ മഹാബലി ബോധം കെടും.
ചാനലുകളാണെങ്കിൽ ഞങ്ങളോടൊപ്പം ഞങ്ങളോടൊപ്പം എന്നും പറഞ്ഞ് സകല പടങ്ങളും എടുത്തിട്ട് നമ്മെ അതിനുമുന്നിൽ ഇരിപ്പിക്കും.
അന്നുമിന്നും
അന്നായാലും ഇന്നായാലും ഓണം ഓണമായിട്ട് ആഘോഷിക്കുന്നവർ ഉണ്ട്. അതിന്റെ പ്രാധാന്യത്തോടെ തന്നെ. പൂക്കളമിട്ട് സദ്യയൊരുക്കി സന്തോഷം പങ്കുവെക്കുന്നവർ. എത്ര ദൂരത്തിലായാലും ഒരുവിധം നിവൃത്തിയുണ്ടെങ്കിൽ ഓണത്തിനു നാടും വീടുമണയുന്നവർ. അല്ലെങ്കിൽ ഉള്ളിടത്തുനിന്ന്, ഉള്ളതുപോലെ ഓണമാഘോഷിക്കുന്നവർ. ഓണം സന്തോഷമായി കണ്ട് തന്റെ സന്തോഷത്തിൽ നിന്ന് മറ്റുള്ളവർക്കും ഒരു പങ്കുകൊടുക്കുന്നവർ. പ്രിയപ്പെട്ടവർ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്നറിയുമ്പോൾ ഓണത്തിന്റെ സന്തോഷം ഇരട്ടിക്കുന്നു.
എനിക്ക് അന്നും ഇന്നും ഓണം ആഘോഷിക്കുന്നതാണിഷ്ടം. ഓണം ആഘോഷിക്കുന്നവരെയാണിഷ്ടം. വസ്ത്രത്തിന്റേയും ആഭരണത്തിന്റേയും പൊലിമയിലും, ഓണത്തിനു “പൊടിച്ചു’ കളയുന്ന കാശിലുമല്ല കാര്യം. ഓണം സന്തോഷമായി ആഘോഷിക്കുന്നതിലാണ്. കോടിയുണ്ടെങ്കിൽ ഉടുക്കുക. അല്ലെങ്കിൽ നല്ല വസ്ത്രം ഉടുക്കുക. കൂട്ടുകാരോടൊക്കെ ഓണത്തിന്റെ സന്തോഷം പങ്കുവെക്കുക. നല്ലൊരു സദ്യ, ചെറിയ തോതിലാണെങ്കിലും വീട്ടിലുണ്ടാക്കിക്കഴിക്കുക. ആഘോഷിക്കണമെന്നുണ്ടെങ്കിലും ഒരുപാട്പേർക്ക് അതൊരു സ്വപ്നമായിരിക്കും. സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക. ഓണക്കാലത്തെങ്കിലും എല്ലാവരും സുഖവും സന്തോഷവുമായിരിക്കാൻ പ്രാർത്ഥിക്കുക.
മഹാബലി വരുന്നു എന്നു പറയുന്നത് ഒരു സങ്കല്പം ആയിരിക്കാം. എന്നാലും ഓണമാഘോഷിക്കുമ്പോൾ വരുന്ന സന്തോഷത്തെ മഹാബലിയായി കണക്കാക്കുന്നതിൽ തെറ്റില്ലല്ലോ. ഇനി അടുത്ത ഓണംവരേയ്ക്കും കഴിഞ്ഞുപോയ ഓണക്കാലം മനസ്സിൽ സൂക്ഷിക്കാം.
“പൂവിളി പൂവിളി പൊന്നോണമായീ,
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ....”
നേരിട്ട് ആശംസിക്കാൻ കഴിഞ്ഞില്ലെങ്കിലും ബൂലോകകൂട്ടുകാർക്കൊക്കെ ഞാൻ മനസ്സിൽ ആശംസ നേർന്നു. എന്നെങ്കിലുമൊരു പൊന്നോണം എല്ലാ കൂട്ടുകാരുടേയും കൂടെ ആഘോഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെനിക്ക്.
Labels: ഓണം എന്ന ഓർമ്മ
10 Comments:
വീരപ്പന് മുതല്‍ സകലവര്ക്കും ക്ഷേത്രങ്ങളും പ്രതിഷ്ടകളും ഉണ്ടായപ്പോഴും എന്ത് മഹാബലിക്ക് ഒരു ക്ഷേത്രം ഉണ്ടായില്ല എന്ന് ഞാന്‍ ചിന്തിച്ചിടുണ്ട്.എള്ളോളമില്ല പൊളിവചനം നന്മ നിറഞ്ഞ ആ കാലഘട്ടം നശിപ്പിച്ച വില്ലനായിരുന്നു മഹാ വിഷ്ണു.ദേവന്മാരുടെ പതിവ് വഞ്ചനയിലൂടെ ആ മനുഷ്യനെ ചവുട്ടി താഴ്ത്തി.ആ വാമനന്റെ പിന് മുറക്കാരാണിന്ന് ഭൂമിയില്‍.ആരാധിക്കുന്നതും മഹാ വിഷ്ണുവിനെ തന്നെ.ക്വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍. ഒരു നന്മ ഭൂമിയില്‍ നിന്നും കൊഴിഞ്ഞു പോയതിന്റെ വാര്‍ഷികമാണ് ഓണം.
ഒരു കൊയ്ത്തുത്സവം എന്നതിന്പ്പുറം ഈ ഐതിഹ്യങ്ങളുടെ മേമ്പോടികള്‍ എന്തിന് ചേര്‍ക്കണം എന്നും തോന്നാറുണ്ട്.
അന്നത്തെയും ഇന്നത്തെയും ഓണം തമ്മില്‍ എന്തെന്തു വ്യത്യാസങ്ങളാ സൂ ചേച്ചീ..പണ്ടത്തെ ഓണം ഒന്നും ഇനി തിരിച്ചു വരില്ല.അല്ലെങ്കില്‍ നമ്മള് ഇന്ന് ചാനലിലൂടെയും ഗവണ്മെന്റിന്റെ ടൂറിസം പരിപാടിയില്ലൂടെയുമൊക്കെയാണ് ഓണം ആഘോഷിക്കുന്നത്.ഈ തലമുറക്ക് ഇതായിരിക്കും ഇഷ്ടം..നാളത്തേ ഓണം എങ്ങനെ ആകുമോ ആവോ
വൈകി ആണെങ്കിലും ഓണാശംസകള്‍ !
ഹി ഹി, സു നീന്താന്‍ പോകുകയോ എനിക്ക് വിശ്വാസം വരുന്നില്ലാ... ഇത് സു തന്നെയല്ലേ എഴുതിയത്??
നല്ല ഓണമായിരുന്നു ഇവിടെ.. മധുരക്കിഴങ്ങ് കൂട്ടുകറി, പൈനാപ്പിള്‍ പച്ചടി, ഇഞ്ചിപ്പുളി തുടങ്ങി കറിവേപ്പിലയില്‍ നിന്നും അടിച്ചുമാറ്റിയ അഞ്ചാറ് വിഭവങ്ങള്‍ ഉണ്ടാക്കി... (ഒരു പതിനഞ്ച് പേര്‍ക്ക് കഴിക്കാന്‍ കൊടുത്തു, എല്ലാവര്ക്കും ഇഷ്ടപ്പെട്ടു കേട്ടോ, ഒരു മൂന്നുദിവസം മുന്‍പാണു, ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാ ;) )
ഓണവിവരണം നന്നായി.
അനൌചിത്യമാകുമോ എന്നറിയില്ല, ഈ ഓണം ഒരു വൻ ചതിയുടെ ഓർമ്മ പുതുക്കൽ കൂടിയാണല്ലെ? ചതിയിലൂടെ ഒരു സാമ്രാജ്യത്തെ മൊത്തം ഇല്ലായ്മ ചെയ്ത ഈ ദിനം എങ്ങനെ സന്തോഷത്തോടെ നമുക്ക് ആഘോഷിക്കാൻ കഴിയുന്നു.
എങ്കിലും പഴയ ഓണനിലാവിലേക്ക് മനസ്സിനെ അഴിച്ച് വിടാൻ എനിക്ക് കൊതിയാണ്. എല്ലാവർക്കും ഓണാശംസകൾ...
:)
മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം”
എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന
ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്ക്കും
നല്ലൊരു പൊന്നോണം
വാമനന്മാര്
അന്നു ചിലപ്പോള്‍
പാതാളത്തിലായിരുന്നെന്നു വരാം.
ഞാനും ആഗ്രഹിക്കുന്നത് അതു തന്നെയാ...എവിടെ ആയാലും ഓണം സന്തോഷമായി ആഘോഷിക്കുക...
ജോക്കർ :)നന്മ കൊഴിഞ്ഞുപോയതിന്റെയല്ല. നന്മ നിറഞ്ഞ മഹാബലിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതാണ് ഓണം എന്നു വിചാരിച്ചാല്പ്പോരേ?
കാന്താരിക്കുട്ടീ :)
അനൂപ് :)
ശിവ :)
നരിക്കുന്നൻ :) നന്മ നിറഞ്ഞ മഹാബലി തിരിച്ചുവരുമ്പോൾ ആ നന്മയെ സ്വീകരിക്കാൻ പ്രജകൾ ആഘോഷിക്കുന്നതല്ലേ?
മോഹൻ പുത്തൻചിറ :)
കുഞ്ഞൻസ് :) അതൊക്കെ കഴിഞ്ഞല്ലേ നീന്തൽ പഠിച്ചത്. ഓണം ഉഷാറായെന്നറിഞ്ഞ് സന്തോഷം.
കുട്ടിക്കാലത്തെയും ഇന്നത്തെയും ഓണക്കാലങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്...
ഇന്ന് കുട്ടികള്‍ പോലും കാര്യമായി പൂ പറിയ്ക്കുന്നതോ പൂക്കളമിടുന്നതോ കാണാനില്ല. പണ്ടൊക്കെ ക്ഷമയോടെ ഏറെ നേരമിരുന്ന് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും ശേഖരിച്ചിരുന്നതെല്ലാം ഓര്‍മ്മിച്ചു
ശ്രീ :) ഇന്ന് കാലം മാറിയില്ലേ? അങ്ങനെ പൂ പറിക്കാനൊന്നും ആരും പോകില്ല. പണ്ടത്തെ ഉത്സാഹവും ഇല്ല ആർക്കും.
Post a Comment
Subscribe to Post Comments [Atom]
<< Home