Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 28, 2010

മ്യാവൂ മ്യാവൂ പൂച്ച

മ്യാവൂ മ്യാവൂ പൂച്ച
പതുങ്ങിനടക്കും പൂച്ച
പപ്പടം തിന്നും പൂച്ച
അടുപ്പിനടുത്തു ചുരുണ്ടുകിടക്കും
പാൽ നിറമുള്ളൊരു പൂച്ച
അമ്മ വന്നു വടിയെടുത്താൽ
പറപറക്കും പൂച്ച
പാവം പാവം പൂച്ച
അമ്മൂന്റെ വീട്ടിലെ പൂച്ച.

Labels:

Wednesday, January 27, 2010

അമ്മ

വെണ്ണ ഞാൻ കണ്ടില്ല, കട്ടില്ലയെന്നോതി
കാർവർണ്ണനിന്നെന്റെ കനവിൽ വന്നു.
കള്ളച്ചിരിയുണ്ട്, ചേലയിൽ മണ്ണുണ്ട്,
കൂടെയൊരുപറ്റം തോഴരുണ്ട്.
കണ്ണൻ മുഖത്തേക്കു ഞാനൊന്നു നോക്കുമ്പോൾ
ചുണ്ടിൽ, ചിരിയേക്കാൾ വെണ്ണയുണ്ട്!
ഇല്ലില്ലയെൻ കണ്ണനൊന്നും കവർന്നില്ല,
എന്നോടു വന്നാരും ചൊല്ലിയില്ല.
ഉള്ളിൽ നിറഞ്ഞോരു ചിരിയൊന്നൊതുക്കി ഞാൻ
കണ്ണനെയെന്നോടു ചേർത്തുനിർത്തി.

Labels:

Friday, January 15, 2010

സുഭദ്രാർജ്ജുനം

“അർജ്ജുനൻ സുഭദ്രയോട് എന്തോ പറയുന്നത് ഞാൻ കണ്ടു.”

“എളേമ്മയ്ക്ക് വേറെ ജോലിയില്ലേ? സുഭദ്രയും അർജ്ജുനനും അമ്പലത്തിൽ വന്നതായിരിക്കും. അല്ല പിന്നെ. ഒരു സുഭദ്രയും അർജ്ജുനനും കൂടെക്കൂടിയിട്ട് കുറച്ചുനാളായല്ലോ. മഹാഭാരതം ഇനി വേണ്ട എളേമ്മേ. ഇവിടെ കഥേം പറഞ്ഞുനിന്നാൽ മഴയെങ്ങാൻ വന്നാൽ പിന്നെ വീട്ടിലെത്താൻ വൈകും.“ മീനു തിരക്കുകൂട്ടി.

“എന്നാലും...ഞാൻ സുഭദ്രയേയും അർജ്ജുനനേയുമാണല്ലോ കണ്ടത്. പ്രദക്ഷിണം വച്ച് പോകുമ്പോൾ പിറകിലെ ഭാഗത്തെ വാതിലിനരികിൽ ഉണ്ടായിരുന്നു. ഒരു നിമിഷമേ കണ്ടുള്ളൂ.”

“ഒക്കെ എളേമ്മേടെ തോന്നലാ.”

തോന്നൽ!ആയിരിക്കും. എന്നാലും കണ്ടുവല്ലോ.

“എന്താ ഇത്രേം വൈകിയത്?”
“ഈ എളേമ്മേടെ ഒരു കാര്യം. സുഭദ്രയേയും അർജ്ജുനനേയും കണ്ടുവത്രേ. വെറുതേ പറഞ്ഞ് നേരം കളഞ്ഞു.”

മീനുവാണല്ലോ നേരം വൈകാൻ കാരണം. താനെത്ര വേഗം തൊഴുതിറങ്ങിയിരുന്നു. എന്നിട്ടും...

“ങ്ങാ..അതുണ്ടാവും.” ഏട്ടൻ മീനുവിനോടു പറയുന്നു.

പിന്നീടും പലവട്ടം കണ്ടു. അർജ്ജുനനും സുഭദ്രയും. സൂപ്പർമാർക്കറ്റിൽ, സിനിമാഹാളിൽ, ഐസ്ക്രീം കടയിൽ. മിക്കപ്പോഴും കൂടെയുണ്ടായിരുന്ന മീനു അതൊക്കെ ചിരിച്ചുതള്ളുകയും ചെയ്തു.

ഒക്കെ തോന്നലാണ്. അനുഭവമല്ല. എന്തൊക്കെയോ നടക്കുന്നുവെന്ന തോന്നൽ. വെറും ഭ്രമം. മായക്കാഴ്ച.
അങ്ങനെയൊരു സുഭദ്രയില്ല.
അങ്ങനെയൊരു അർജ്ജുനനില്ല.
എപ്പോഴോ കഴിഞ്ഞ നാടകത്തിൽ എപ്പോഴോ ഒരിക്കൽ വന്ന് രംഗം വിട്ടുപോയവർ മാത്രം.
കഴിഞ്ഞ കഥ.
കാലത്തിന്റെ ഏതോ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നവർ.
അവരെയെങ്ങനെ കാണും.
തോന്നലാണ്.
തോന്നലുകൾ മുഴുവൻ പറയാൻ കഴിയില്ല. മറ്റുള്ളവരുടെ മുന്നിൽ തോന്നലുകളുടെ പെട്ടിയങ്ങനെ തുറന്നുവയ്ക്കാൻ കഴിയില്ല.

മീനുവിന്റെ കല്യാണത്തലേന്നാൾ.
ഒരുപാട്പ്രാവശ്യം കണ്ടുമുട്ടിയ സുഭദ്രയേയും അർജ്ജുനനേയും ഓർത്ത് ലളിത കിടന്നു. മുറിയിൽ മീനുവുണ്ട്. മീനുവിന്റെ സമപ്രായക്കാരായ കുട്ടികളുണ്ട്. ബന്ധുക്കൾ.
ആലോചിച്ചാലോചിച്ച് ഉറക്കം വന്നു.
പെട്ടെന്നെന്തോ ഉണർന്നുപോയി.
മങ്ങിയ വെളിച്ചമുണ്ട്.
സുഭദ്രയാണല്ലോ അത്!
എന്തൊക്കെയോ എടുക്കുന്നുണ്ട്. പതുങ്ങിപ്പതുങ്ങി നടക്കുന്നുണ്ട്. ഏങ്ങലടിക്കുന്നുണ്ട്. തീർത്തും ഒച്ചയില്ലാതെ. കണ്ടാലറിയാം പക്ഷേ. ഒരു കൈകൊണ്ട് കണ്ണും മുഖവും അമർത്തിത്തുടയ്ക്കുന്നുണ്ട്.

വാതിൽ തുറക്കുന്നു. എണീ‍ക്കാതെ വയ്യ. സുഭദ്ര പോകുമ്പോൾ എങ്ങനെ കിടന്നുറങ്ങും!
ലളിതയും പിന്നാലെ ചെന്നു. ഡൈനിംഗ് ഹാളിൽ നിന്ന് മുറ്റത്തേക്ക് തുറക്കുന്ന വാതിലിലൂടെ, ചെടികളുടെ ഇടയിൽക്കൂടെ പറമ്പിലൂടെ. എന്തിലൊക്കെയോ തട്ടിത്തടയുന്നുണ്ട്. എന്നാലും സുഭദ്ര മുന്നിൽത്തന്നെയുണ്ട്. എന്തോ കൈയിൽ താങ്ങിപ്പിടിച്ചിരിക്കുന്നു. ഒരു കെട്ട്.

ഗേറ്റിനു പുറത്തെത്തിയിരിക്കുന്നു. പന്തൽ നല്ല വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്.
തേരും ചാരി നിൽക്കുന്നത് അർജ്ജുനനാണല്ലോ. വിവശനായ അർജ്ജുനൻ. സുഭദ്രയെ കണ്ടപ്പോൾ ഓടിയടുത്തുവന്ന് കൈ പിടിച്ച്, കെട്ടുവാങ്ങി തേരിലിടുന്നു. സുഭദ്രയെ തേരിലേറാൻ സഹായിക്കുന്നു. അർജ്ജുനനും കയറുന്നു. പോയിക്കഴിഞ്ഞു. താൻ മാത്രം ബാക്കി.
ഓ..തേരല്ല. കാറാണല്ലോ പോകുന്നത്. അത് സ്പീഡിൽ ഓടിമറയുന്നതും നോക്കിനിന്നു.
ഒക്കെ തോന്നലാണ്. ആരോടും പറയുന്നില്ല. തിരിച്ചുചെന്ന്കിടന്നു.

“ലളിതേ..എണിക്കൂ കുട്ടീ.”
വല്യമ്മയാണല്ലോ. അയ്യോ. നേരം വൈകിയല്ലോ. മുറിയിൽ വേറാരും ഇല്ല. എല്ലാവരും കുളിച്ചൊരുങ്ങി പോയോ!.
പിടഞ്ഞെണീറ്റു.
“മീനുവിനെ കാണുന്നില്ല. ഇനിയെന്തൊക്കെയുണ്ടാവും. ശിവശിവ!”

മീനു! എവിടെപ്പോയി! എന്തു സംഭവിച്ചു!
“എന്നാലും എല്ലാവരും കൂടെ കിടന്നിട്ടും ആരും ഒന്നുമറിഞ്ഞില്ലെന്നുവച്ചാൽ.”

ഏട്ടനാണ്. മീനുവിന്റെ അച്ഛൻ. മീനുവിന്റെ കൂടെ കിടപ്പുണ്ടായിരുന്ന സമപ്രായക്കാരോടാണ് ചോദ്യം. അവരൊക്കെ മുഖം താഴ്ത്തി നിൽക്കുന്നു. അവർക്കൊന്നും അറിയില്ല. പക്ഷേ തനിക്ക് എന്തൊക്കെയോ അറിയാം.
താൻ കണ്ടതാണല്ലോ.
സുഭദ്ര പോകുന്നത്.
അർജ്ജുനനൻ കാത്തുനിൽക്കുന്നത്
ഒടുവിൽ രണ്ടുപേരും കൂടെ യാത്രയാവുന്നത്.
പക്ഷേ പറയാൻ വയ്യ. മീനുവില്ല, കേൾക്കാനും പരിഹസിക്കാനും. എന്നാലും പറയുന്നില്ല.
ഒക്കെ തോന്നലുകളല്ലേ. അല്ലെങ്കിലും ആണെന്ന് പറയുന്നത് കേൾക്കേണ്ടിവരും.
ഒന്നും മിണ്ടാതെ ചേച്ചിയുടെ മുറിയിലേക്ക് നടന്നു. ഒരുപാട് ആളുകൾക്കിടയിൽ ഇരിപ്പുണ്ട് ചേച്ചി. കരഞ്ഞുതളർന്നപോലെ.
അടുത്തുപോയിരുന്നപ്പോൾ “മീനു...” എന്നും പറഞ്ഞ് കരയാൻ തുടങ്ങി, ചേച്ചി.
ലളിത ഒന്നും പറഞ്ഞില്ല.
സുഭദ്രയ്ക്ക് അർജ്ജുനനോട് സ്നേഹമുണ്ട്.
അർജ്ജുനന് സുഭദ്രയോട് സ്നേഹമുണ്ട്.
രണ്ടുപേരും ഒരുമിച്ചല്ലോ.
ഇനിയെന്തു പറയാൻ!

Labels:

Thursday, January 07, 2010

അമ്മ പറയുന്നത്

ശാഠ്യം പിടിക്കാതുറങ്ങുനീയോമലേ,
താരാട്ടു പാടുവാൻ വയ്യെനിയ്ക്ക്.
അമ്പിളിമാമനുണ്ടാകാശമുറ്റത്ത്,
നീയുറങ്ങുന്നതും നോക്കിനിൽപ്പൂ.
നിൻ കണ്ണിണയിലെ ദീപപ്രഭകണ്ടു,
താരകക്കൂട്ടങ്ങൾ ലജ്ജിക്കുന്നു.
നിലാവു നിൻ ചുണ്ടിലെ പുഞ്ചിരി കാണവേ,
സ്വയമൊന്നു വീണ്ടും മിനുക്കീടുന്നു.
കുളിർത്തെന്നലെങ്ങുനിന്നോ വന്നണയുന്നു,
നിന്നെത്തണുപ്പിച്ചകന്നീടുന്നു.
മാറോടു ചേർത്തണച്ചമ്മയുറക്കിടാം,
അല്ലലറിയാതുറങ്ങിക്കൊൾക.
നാളെകൾ നിന്റേതാണമ്മ പ്രാർത്ഥിച്ചിടാം,
ദൈവം നിനക്ക് തുണയായിടും.

Labels:

Monday, January 04, 2010

അല്പം ബംഗലൂരു കാഴ്ചകൾ

ബംഗലൂരുവിൽ (ബംഗലൂരിൽ) പോകണമെന്ന് കുറേനാളായി വിചാരിക്കുന്നു. സാധിച്ചത് ഇപ്പോഴാണ്. പോയിട്ടും എല്ലാ സ്ഥലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങൾ മാത്രം കണ്ട് തിരിച്ചുപോന്നു. ഇനിയും പോകുമ്പോൾ കുറച്ചുംകൂടെ കണ്ടുവരണം.

ബംഗലൂരുവിൽ കാണാനുള്ള സ്ഥലങ്ങൾ കുറേയുണ്ട്. ഷോപ്പിംഗിനു കുറേ വകകളുണ്ട്. ;) സ്വന്തം വാഹനത്തിൽ പോകുകയാണെങ്കിലും, അവിടെ പോയിട്ട് ടൂർ കമ്പനികളിൽ ബുക്ക് ചെയ്ത് അവരുടെ വാഹനത്തിൽ സ്ഥലം കാണാൻ പോകുന്നതാവും നല്ലത്. ചോദിച്ചുചോദിച്ചു പോകേണ്ടല്ലോ. പ്രത്യേകിച്ചും നിങ്ങൾക്ക് അവിടെ പരിചയമില്ലെങ്കിൽ. സ്ഥലം കാണിക്കാൻ കൊണ്ടുപോകുന്നത്, മുഴുവൻ ദിവസത്തേക്കും, പകുതി ദിവസത്തേക്കും ഉണ്ട്. നിങ്ങൾക്ക് സൗകര്യം പോലെ തെരഞ്ഞെടുക്കാം. ചില ഹോട്ടലുകളുടെ അടുത്തും, പ്രൈവറ്റ് ബസ്സുകാരുടെ അടുത്തും ഒക്കെ കാണാം, ടൂ‍ർ കമ്പനിക്കാരുടെ കേന്ദ്രങ്ങൾ. ബംഗലൂരുവിൽ മാത്രമല്ല, മൈസൂർ, ഊട്ടി, തുടങ്ങി പല സ്ഥലത്തേക്കും യാത്ര പോകാൻ അവരുടെ അടുത്ത് ബുക്ക് ചെയ്താൽ മതി.

നന്ദി ക്ഷേത്രം.




കെമ്പെഗൗഡയുടെ കാലത്താണ് നിർമ്മിച്ചത്. വലിയൊരു നന്ദി പ്രതിമയാണ് അവിടെയുള്ളത്. അവിടെ ചിത്രമെടുക്കുന്നതിൽ വിലക്കൊന്നുമില്ല.



വലിയ നന്ദി ക്ഷേത്രങ്ങൾ നാലെണ്ണം ആണുള്ളത് എന്നറിഞ്ഞു. ഒന്ന് മൈസൂർ, രണ്ട് ബംഗളൂരു, പിന്നെ ഒന്ന് തമിഴ്നാട്ടിൽ, ഒന്ന് വടക്കേ ഇന്ത്യയിൽ. (മൈസൂരിൽ പോയി. ഇപ്പോ ബംഗലൂരുവിലും. ഇനിയുള്ള സ്ഥലങ്ങളിലും കൂടെ പോയി വന്നിട്ട് വിശദമായി എഴുതാം.)

ടിപ്പുവിന്റെ സമ്മർ പാലസ് കാണാം. അവിടെ ഫോട്ടോ എടുക്കാം. മരപ്പണികൾ കൊണ്ടുള്ള ഒരു കെട്ടിടം ആണ്.

ലാൽബാഗ്

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ കുറേ മരങ്ങളും ചെടികളും പൂക്കളും ഉണ്ട്.





പാർക്ക് ആയതുകൊണ്ട് അവിടെയിരുന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. ജനുവരിയും ആഗസ്റ്റും ആണ് അവിടെ ഏറ്റവും നല്ല കാഴ്ചയെന്ന് അറിഞ്ഞു. അവിടെ ഒരു ഗ്ലാസ്സ് ഹൗസ് ഉണ്ട്. പുഷ്പ ഫല സസ്യ പ്രദർശനങ്ങൾ ഉണ്ടാവാറുണ്ട് അവിടെ. ഇനി അതിന്റെ സമയം നോക്കി പോകണമെന്നുണ്ട്. കുറേ വർഷം പഴക്കമുള്ള മരങ്ങൾ ലാൽബാഗിൽ കാണാം.



പൂക്കൾ കൊണ്ടുള്ള ക്ലോക്ക്.




ഇതാരപ്പാ!





ഗ്ലാസ് ഹൗസിന്റെ മേൽക്കൂര. മാന്യമഹാജനങ്ങൾ നിന്നു കാഴ്ച കാണുന്നതുകൊണ്ട് ചിത്രം താഴെ വെട്ടിക്കളഞ്ഞു.




ദില്ലേനിയ ഇൻഡിക്ക [Dillenia Indica] അഥവാ ആന ആപ്പിൾ (Elephant Apple] മരം. നിറയെ കായ്കൾ ഉണ്ട്.


ഇസ്കോൺ.

അവിടെ പടി കയറിപ്പോയി മുകളിലാണ് ക്ഷേത്രം. ഇടയ്ക്ക് ഒന്നു രണ്ടു ചെറിയ ക്ഷേത്രം ഉണ്ട്. ചിത്രമെടുക്കാൻ സമ്മതിക്കില്ല. ക്യാമറ താഴെ കൊടുക്കണം. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ സുരക്ഷാ പരിശോധന ഉണ്ട്. ചെരുപ്പും താഴെത്തന്നെ അഴിച്ചുകൊടുക്കണം. വണ്ടിയിൽ വയ്ക്കുന്നതാവും നല്ലത്. അവിടെ ബുക്കുകൾ, സി. ഡി.കൾ, കലണ്ടറുകൾ, പ്രതിമകൾ തുടങ്ങി, കുറേ വില്പനവസ്തുക്കളുണ്ട്. മുകളിൽത്തന്നെ ഒരിടത്ത് തിന്നാനുള്ള പല വസ്തുക്കളും ഉണ്ട്. പ്രസാദം പൈസ കൊടുത്തു വാങ്ങാനുള്ളതുണ്ട്. പിന്നെ കുറച്ച് പ്രസാദം അവർ കഴിക്കാൻ തരുന്നതും ഉണ്ട്.

വിശ്വേശ്വരയ്യ മ്യൂസിയം.





അവിടെ ഒരുപാടുണ്ട് കാണാൻ.



ഇത് അലറിക്കൊണ്ട് വായ തുറക്കും. ഞാനായതുകൊണ്ട് പേടിച്ചില്ല. ;)





ഒരുദിവസം സമാധാനമായിട്ട് പോയി കാണുന്നതാവും നല്ലത്. കുട്ടികൾക്ക് തീർച്ചയായും കണ്ടാൽ ഇഷ്ടപ്പെടും. ഓടിപ്പോയി ഓടിപ്പോന്നാൽ ഒന്നും മര്യാദയ്ക്ക് കാണാൻ പറ്റിയെന്ന് വരില്ല. ഫോട്ടോ എടുക്കാൻ വിലക്കൊന്നുമില്ല.












വളരെക്കുറച്ചു കാഴ്ചകളാണ് ഈ പോസ്റ്റിൽ ഉള്ളത്. അനവധി യന്ത്രങ്ങൾ കാണാനും അനവധി കാര്യങ്ങൾ പരീക്ഷിച്ചറിയാനും ഒക്കെയുണ്ട് മ്യൂസിയത്തിൽ.

സമ്മർ പാലസിലും, ലാൽബാഗിലും മ്യൂസിയത്തിലുമൊക്കെ ടിക്കറ്റെടുക്കണം അകത്തുകയറാൻ. അവിടെയൊക്കെ വലിയവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് പത്തുരൂപയും ആണ് ചാർജെന്നു തോന്നുന്നു.

ഇവിടേയ്ക്ക് പോകുന്ന വഴിയ്ക്ക് ചില സ്ഥലങ്ങളൊക്കെ കണ്ടു. പള്ളികൾ, അമ്പലം, ചില കെട്ടിടങ്ങൾ ഒക്കെ. അവിടെയൊന്നും വിശദമായി കണ്ടില്ല. ഇനിയും ബംഗലൂരിൽ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാൻ. അതൊക്കെ കണ്ടുവന്നിട്ട് എഴുതാം. ബംഗലൂരുവിൽ ഉള്ള സുഹൃത്തുക്കളേയും അപ്പോ കാണാം. ഇത്തവണ നേരം കുറവായിരുന്നു. (അതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു.) ;)

പോസ്റ്റിലെ ചിത്രങ്ങൾ മുഴുവൻ ചേട്ടനെടുത്തത്.

ബംഗലൂരു, ബാഗുകൾ, ചെരുപ്പുകൾ ഒക്കെ വാങ്ങിക്കാൻ പറ്റിയ സ്ഥലമാണ്. പിന്നെ കാവേരി ഹാൻഡിക്രാഫ്റ്റ്സിന്റേയും, മൈസൂർ സിൽക്കിന്റേയും കട ഉണ്ട്. അവിടെ സോപ്പുകൾ, സുഗന്ധവസ്തുക്കൾ, ക്രാഫ്റ്റുകൾ, സാരികൾ തുടങ്ങിയവയൊക്കെ കിട്ടും. ബുക്കുകൾ വാങ്ങണമെങ്കിൽ സപ്ന ബുക്സും, പിന്നെ ചില ബുക്കുഷോപ്പുകളുമൊക്കെ ഗാന്ധി നഗറിൽ ആണുള്ളത്. അവിടെയൊക്കെ വിവിധതരം ബുക്കുകളും, കളിപ്പാട്ടങ്ങളും ഒക്കെ കിട്ടും. കൂടുതൽ ഷോപ്പിംഗിന് എം ജി റോഡ്, കമേഴ്സ്യൽ സ്ട്രീറ്റ് തുടങ്ങിയിടത്തൊക്കെ പോകാം.

പിന്നെ കന്നട പറയാൻ അറിയില്ലെങ്കിൽ കന്നടയിൽ ആരെന്ത് ചോദിച്ചാലും ഗൊത്തില്ല എന്നു പറഞ്ഞാൽ മതി. മുദ്ദുഗവു എന്നു പറയരുത്. ;)

Labels: