Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, March 30, 2009

പാട്ട്

"ചേട്ടാ...."

"എന്താ‍ സൂ...."

"സ്റ്റാർസിംഗറിൽ, സോണിയ പാട്ടുപാടിയിട്ട്, ലളിതച്ചേച്ചി കരഞ്ഞപ്പോ, ദീദി എന്തു പറഞ്ഞു?"

"എന്തു പറഞ്ഞു?"

"ദീദി പറഞ്ഞില്ലേ? എന്തെങ്കിലും ഉണ്ടെങ്കിൽ, അതു മനസ്സിനെ ടച്ച് ചെയ്യുന്ന വിധത്തിലാവണംന്ന്."

"അതേ...പാട്ട് പാടുമ്പോൾ, മനസ്സിനെ ടച്ച് ചെയ്യണം എന്നോ മറ്റോ അല്ലേ പറഞ്ഞത്?"

"അതുകേട്ടപ്പോൾ എനിക്കൊരു സംശയം."

"എന്ത്?"

"ഞാൻ പാടിയാലും മനസ്സിനെ ടച്ച് ചെയ്യുന്ന വിധത്തിലാവുമോന്ന്."

"നീ പാട്ടുപാടുമോ? അതെപ്പോ സംഭവിച്ചു?"

"ഞാൻ പാടും. പക്ഷേ ആരും ഒരവസരം തന്നില്ല."

"അവരുടെ ഭാഗ്യം."

"എന്ത്?"

"അല്ലാ...ആർക്കും ഭാഗ്യമില്ല, അതുകേൾക്കാൻ എന്നു പറഞ്ഞതാ."

"അതെയതെ. ഞാനൊന്ന് പാടട്ടേ? ടച്ച് ചെയ്യുന്നുണ്ടോന്ന് നോക്കുമോ?"

"ഇപ്പോത്തന്നെ വേണോ?"

"വേണം."

"ഇന്നു കണ്ണാടിയിൽ നോക്കിയാണോ ദൈവമേ ഞാനെണീറ്റത്!"

"എന്ത്?"

"ഒന്നുമില്ല. കണ്ണട അഴിച്ചുവയ്ക്കട്ടെ. പാട്ടുകേൾക്കാൻ അതുവേണ്ടല്ലോന്ന് പറഞ്ഞതാ."

"ങാ... അതാ നല്ലത്.”

“തുടങ്ങട്ടേ?”

“ദൈവമേ...കാത്തോളണേ....”

“മഞ്ഞിൽ വിരിഞ്ഞ പൂവേ...
പറയൂ നീ ഇളം പൂവേ...
മിഴിയോരം....
നനഞ്ഞൊഴുകും....”

“സൂ....”

“ചേട്ടാ...”

“സൂ... (ഗദ്ഗദ്ഗദ്)“

“എന്തുപറ്റീ? ഞാൻ തുടങ്ങിയല്ലേ ഉള്ളൂ. അപ്പോഴേക്കും മനസ്സിനെ ടച്ച് ചെയ്തോ?”

“സൂ...(ഗദ്ഗദ്ഗദ്..)“

“എന്താ? അപ്പോ എന്റെ പാട്ട് കൊള്ളാം അല്ലേ?”

“അതല്ല. എന്റെ പ്രായത്തിൽ എത്രയോ പേരുണ്ടായിരുന്നു. എന്നിട്ടും നിന്റെ അച്ഛൻ നിന്നെ എനിക്കുതന്നെ കെട്ടിച്ചുതന്നല്ലോ...നിന്റെ പാട്ട് സഹിക്കേണ്ടിവന്നപ്പോൾ ദൈവത്തിന്റെ ആ ക്രൂരത മനസ്സിനെ ടച്ച് ചെയ്തു പോയീ....”

“കലാപക്കാതലാ.......”

Labels:

Thursday, March 26, 2009

ഗോമ്പറ്റീഷൻ പാട്ട്

ബൂലോഗത്തിൽ നേരം പോക്കാൻ,
കൈപ്പള്ളിയ്ക്കൊരു കൊതി തോന്നി.
ബ്ലോഗ് ഇവന്റ് തുടങ്ങുന്നെന്ന്,
സ്വന്തം ബ്ലോഗിൽ പോസ്റ്റിട്ടു.
സമയം പോക്കാൻ നോക്കിയിരിക്കും,
ബൂലോഗർക്കോ ഹരമായി.
ആരുടെ ബുക്കുകളെന്നൊരു പോസ്റ്റിൽ,
തേങ്ങയുടച്ചൂ മുന്നേറി.
നാലോ അഞ്ചോ പേരെന്നപ്പോൾ,
കൈപ്പള്ളിയ്ക്കോ തോന്നിപ്പോയ്.
ചിത്രം മെയിലിൽ ചെന്നു തുടങ്ങീ,
തുടരെത്തുടരെ പോസ്റ്റായി.
ഒന്നോ പത്തായ് പതിനഞ്ചായി,
ഓഫും ഓണും വരവായി.
പോയിന്റെല്ലാം വാരിക്കൂട്ടാൻ
ഓരോരാൾക്കും കൊതിയായി.
പോയിന്റെല്ലാം കൂട്ടിക്കൂട്ടി
കൈപ്പള്ളിയ്ക്കോ മതിയായി.
ഇരുപത്തഞ്ചിൽ നിർത്തിച്ചൂ,
ബൂലോഗർക്കു കലിപ്പായി.
ഇനിയും വേണം ഇനിയും വേണം,
ഒറ്റസ്വരത്തിൽ പാട്ടായി.
പാവം തോന്നിയ കൈപ്പള്ളി,
വേറൊരിവന്റിനു പോസ്റ്റിട്ടു.
ആരുടെ ഉത്തരമെന്നൊരു പോസ്റ്റുകൾ,
വീണ്ടും വീണ്ടും വരവായി.
പെറ്റിയടിച്ചും പോയിന്റിട്ടും,
അഞ്ചൽക്കാരനു മതിയായി.
ഓണും ഓഫും വീണ്ടുമടിച്ച്
ബൂലോഗർക്കോ ഖുശിയായി.


(എനിക്ക് പത്തുമിനുട്ട് വെറുതേ കിട്ടിയപ്പോൾ ഗോമ്പറ്റീഷൻ എന്ന ബ്ലോഗിന്റെ കാര്യങ്ങൾ എനിക്ക് തോന്നിയത് എഴുതിയതാണ്. ഇത് ആരേയെങ്കിലുമോ എന്തിനെയെങ്കിലുമോ കളിയാക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. അങ്ങനെ എല്ലാവർക്കും തോന്നുന്നെങ്കിൽ പോസ്റ്റ് എടുത്തുകളയുന്നതാണ് എന്ന് അറിയിച്ചുകൊള്ളുന്നു).

Labels:

Wednesday, March 25, 2009

അലങ്കാരങ്ങൾ

ശബ്ദങ്ങൾക്കോ അർത്ഥത്തിനോ വരുത്തുന്ന ഭംഗി എന്ന് അലങ്കാരത്തിന്റെ അർത്ഥം കൊടുത്തിരിക്കുന്നു. അലങ്കാരം എന്നാൽ മോടിപിടിപ്പിക്കുന്നത്. അതുപോലെ കാവ്യങ്ങൾക്ക് മോടിപിടിപ്പിക്കാൻ ഉപയോഗിക്കുന്നത് അലങ്കാരം. കുറേ അലങ്കാരങ്ങൾ ഉണ്ട്. അതിൽ ഒട്ടുമിക്കവാറും താഴെക്കൊടുത്തിരിക്കുന്നു. എനിക്കറിയാവുന്നതിന്റെ അർത്ഥം കൊടുത്തിരിക്കുന്നു. ബാക്കിയുള്ളത്, അറിയുന്നവർ ആരെങ്കിലും പറഞ്ഞുതരണം. എല്ലാത്തിന്റേയും അർത്ഥവും ചേർത്ത് ഇത് പൂർണ്ണമാക്കണമെന്നുണ്ട്.

ശിരോമണി. പി. കൃഷ്ണൻ നായരുടെ കാവ്യജീവിതവൃത്തി (സാഹിത്യവിമർശസിദ്ധാന്തങ്ങൾ) എന്ന പുസ്തകം നോക്കിയിട്ടാണ് അലങ്കാരങ്ങൾ എഴുതിയിരിക്കുന്നത്.
(കടപ്പാട് - ആ പുസ്തകത്തിനും ഗ്രന്ഥകാരനും). അദ്ദേഹത്തെക്കുറിച്ച് അറിവുള്ളവർ പങ്കുവയ്ക്കുക.

അതിൽ കൊടുത്തിരിക്കുന്ന അർത്ഥം അത്ര ലളിതമല്ല. അതുകൊണ്ടാണ് എനിക്കു മനസ്സിലായത് ഞാൻ അർത്ഥം വിശദീകരിച്ചിരിക്കുന്നത്. പുസ്തകത്തിൽ എല്ലാത്തിനും ഉദാഹരണങ്ങൾ കൊടുത്തിട്ടുണ്ട്. ഉദാഹരണങ്ങളൊക്കെ അതേപടി പകർത്താമോ എന്നുള്ള സംശയം കൊണ്ട് ഇവിടെ എഴുതിയിട്ടില്ല. പറ്റുമെങ്കിൽ അതും ഇവിടെ എഴുതിയിടാം. അതും കൂടെയുണ്ടെങ്കിൽ നന്നായി മനസ്സിലാവും. എനിക്കെല്ലാം ഇഷ്ടമായി. അതുകൊണ്ട് എല്ലാവർക്കും വേണ്ടി ഇവിടെ ഇടുന്നു. (പണ്ട് ഇത്രയും മനസ്സിരുത്തി പഠിച്ചിരുന്നെങ്കിൽ ഞാനിന്ന് ആരായേനെ!) ;)1. ഉപമേയോപമം
--------------------

തത്തുല്ല്യമായി മൂന്നാമ-
തൊന്നില്ലെന്നു വരുത്തുവാൻ
അന്യോന്യമുപമിച്ചീടി-
ലുപമേയോപമാഖ്യമാം.

ഉപമിക്കുന്ന വസ്തുവിനെത്തന്നെ ഉപമേയമാക്കി തിരിച്ചും ഉപമിക്കുന്നു.


2. അനന്വയം
--------------

അദ്വിതീയത്വബുദ്ധിക്കു
വേണ്ടിയൊന്നിന്നുതന്നെയായ്
ഉപമാനോപമേയത്വം
കല്പിക്കുവതനന്വയം.

ഒന്നിനെത്തന്നെ ഉപമേയമായും ഉപമാനമായും കാണിക്കുന്നു. മറ്റൊന്നിനോട് സാമ്യം ഇല്ലെന്ന് കാണിക്കുന്നു.


3. സ്മൃതി
-----------
സാദൃശ്യമൂലമായീടും
സ്മരണം സ്മൃതിസംജ്ഞമാം.

സാദൃശ്യം ഓർമ്മിപ്പിക്കുന്ന അലങ്കാരമാണ് സ്മൃതി അലങ്കാരം4. സന്ദേഹം
--------------

സന്ദേഹമാകും സാദൃശ്യ-
ജന്യമായുള്ള സംശയം.

സാദൃശ്യം ജനിപ്പിക്കുന്ന സംശയം ആണ് ഈ അലങ്കാരം.


5. ഉദാഹരണം
------------

സാമാന്യമർത്ഥമംഗാംഗി-
ഭാവബോധകപൂർവ്വകം
തദേകദേശനിർദേശാൽ
തെളിയിപ്പതുദാഹൃതി.6. അസമാലങ്കാരം
------------------
അസമാഭിമുഖ്യമുപമ-
യ്ക്കാത്യന്തികനിഷേധമാം
അനന്വയവ്യംഗ്യമെന്നു
തള്ളുന്നുണ്ടിതിനെച്ചിലർ.

ഉപമയെ നിഷേധിക്കുന്നത് അസമാലങ്കാരം.

7. ഭ്രാന്തി
--------
സാദൃശ്യമൂലമായൊന്നു
മറ്റൊന്നാണെന്നു കേവലം
ഏകനുണ്ടാമനാഹാർ‌യ്യ-
നിശ്ചയം ഭ്രാന്തിയെന്നതാം.

സാദൃശ്യം കൊണ്ട് ഒന്ന് മറ്റൊന്നാണെന്ന് തോന്നുന്നതാണ് ഭ്രാന്തി.


8. ഉല്ലേഖം
--------------
രുച്യാദികാരണവശാ-
ലൊരുവസ്തുവിനെപ്പലർ
പലമട്ടിൽ ഗ്രഹിച്ചീടു-
ന്നതുല്ലേഖസമാഹ്വയം.

ഒരു വസ്തുവിനെത്തന്നെ പലരും പല മട്ടിൽ മനസ്സിലാക്കുന്നതാണ് ഉല്ലേഖം.


9. അപഹ്നുതി
-------------
സാദൃശ്യാർത്ഥം സ്വധർമ്മത്തിൻ-
തിരസ്കാരപുരസ്സരം
പദാർത്ഥാന്തരതാദാത്മ്യ-
സമാരോപമപഹ്നുതി.

ഒരു വസ്തുവെ, അതെന്താണോ, അത് നിഷേധിച്ച് വേറൊന്നാണെന്ന് പറയുന്നതാണ് അപഹ്നുതി.10. നിശ്ചയം
-----------
സാദൃശ്യത്താൽ സമാരോപ-
യോഗ്യമാ മന്യവസ്തുവിൻ
നിഷേധത്തോടു പ്രകൃത-
സ്ഥാപനം നിശ്ചയാഖ്യമാം.

സാദൃശ്യത്തിൽ സമമായിട്ടുള്ള അന്യവസ്തുവിനെ നിഷേധിക്കുന്നതാണ് നിശ്ചയം.


11. ഉല്പ്രേക്ഷ
--------------

ഉല്പ്രേക്ഷയെന്നതാ മന്യ-
ധർമ്മസംബന്ധഹേതുവാൽ
ആഹാര്യമായി വർണ്യത്തി-
ന്നന്യത്വേന വിഭാവനം.

സ്വരൂപം ഹേതുഫലമെ-
ന്നിതു മൂന്നു വിധത്തിലാം
വാച്യം വാചകമുണ്ടെങ്കി-
ലില്ലെങ്കിലിവ ഗമ്യമാം.

12. രൂപകം
-------------

വർണ്യവസ്തുവിൽ തദ്ധർമ്മ-
പുരസ്കാരേണ ശാബ്ദമായ്
സാമ്യാലവർണ്യതാദാത്മ്യ-
നിശ്ചയം രൂപകം മതം.

13. പരിണാമം
----------------
ആരോപ്യമാണമാരോപ-
വിഷയാത്മകമായ് പരം
കാര്യോപയോഗിയായീടിൽ
പരിണാമം ചിലർക്കത്.

14. നിദർശന
------------
സാമ്യമൂലകമായ്മുഖ്യ-
പ്രതിബിംബനമെന്നിയെ
ഉപാത്തമായൊരർത്ഥങ്ങൾ-
ക്കാർത്ഥാഭേദം നിദർശന.

15. ദൃഷ്ടാന്തം
------------

ദൃഷ്ടാന്തമായിടും വർണ്യാ-
വർണ്യർത്ഥങ്ങൾക്കശേഷവും
സാദൃശ്യം ഗമ്യമാം മട്ടി-
ലായ് ബിംബപ്രതിബിംബനം.16. പ്രതിവസ്തുപമ
---------------------

വാക്യദ്വയത്തിലുമൊരേ
ധർമ്മം പ്രത്യേകമുക്തമായ്
ഔപമ്യം ഗമ്യമായീടിൽ
പ്രതിവസ്തൂപമാഖ്യമാം.

17. ദീപകം
----------

പ്രകൃതാപ്രകൃതാർത്ഥങ്ങൾ-
ക്കൗപമ്യം ഗമ്യമാം വിധം
ഏകധർമ്മാന്വയമല-
ങ്കാരം ദീപകസംജ്ഞിതം.

18. തുല്യയോഗിത
---------------
അതൊരേ ജാതികൾക്കെങ്കിൽ
തുല്യയോഗിതയായിടും
വസ്തുസ്ഥിതി വിചാരിച്ചാ-
ലിതു ദീപകഭേദമാം.


19. അതിശയോക്തി
----------------
നിഗീര്യാദ്ധ്യവസായിത്വം
അഭേദാതിശയോക്തിയാം.

20. വ്യതിരേകം
-----------
വൈധർമ്മ്യകൃതമായീടും
പ്രകൃതാർത്ഥാതിശായകം
ഉപമേയത്തിനുൽകർഷം
വ്യതിരേകസമാഹ്വയം.

21. ശ്ലേഷം
------------
അർത്ഥശ്ലേഷമലങ്കാരം
പരിവൃത്തിസഹങ്ങളാം
ശബ്ദങ്ങളാലനേകാർത്ഥ-
പ്രതിപാദനമായിടും

22. പരികരാങ്കുരം
---------

വിശേഷ്യമാകിലമ്മട്ടു
പക്ഷേ പരികരാംകുരം.

വിശേഷ്യങ്ങൾ, അഭിപ്രായത്തോടുകൂടി വരുന്നതാണ് പരികരാങ്കുരം.


23. പരികരാലങ്കാരം
-------------

ചൊല്ലാം പരികരം സാഭി-
പ്രായമായാൽ വിശേഷണം.

24. സഹോക്തി
---------

സഹോക്തിയാമലങ്കാരം
സാഹിത്യാർത്ഥബലത്തിനാൽ
ഗൗണമായീടുമർത്ഥത്തി-
ന്നാർത്ഥമാകും ക്രിയാന്വയം.

25. വിനോക്തി
----------------

ഒന്നിന്നിതരരാഹിത്യം-
കൊണ്ടു നല്ലൊരവസ്ഥയോ
ചീത്തയാം സ്ഥിതിയോ ചൊല്ലീ-
ടുന്നുവെങ്കിൽ വിനോക്തിയാം.

ഇതരരാഹിത്യം കൊണ്ട്, അതായത്, മറ്റൊന്ന് ഇല്ലാത്തതുകൊണ്ട് നല്ല അവസ്ഥയെന്നോ ചീത്ത അവസ്ഥയെന്നോ പറയുന്നത് വിനോക്തി.

26. സമാസോക്തി
---------------
വിശേഷണൈകസമർഥ്യം-
കൊണ്ടപ്രസ്തുതസംഭവം
സമാരോപിക്കിലോ വർണ്യേ
സമാസോക്തി സമാഹ്വയം.

27. അപ്രസ്തുതപ്രശംസ
-------------------

പ്രസ്തുതോദന്തപരമാ-
യീടുമപ്രസ്തുതോക്തിയാം
അപ്രസ്തുതപ്രശംസാഖ്യ-
മായതഞ്ചു വിധത്തിലാം.

വിശേഷത്തിനു സാമാന്യം
കാരണത്തിനു കാര്യവും
മറിച്ചുമിവ തുല്യത്തി-
ന്നഥ തുല്യവുമിങ്ങനെ.

ഒരു കാര്യത്തിനു തുല്യമായിട്ട് അതിന്റെ പ്രതീതി ജനിപ്പിക്കുന്ന വേറൊരു കാര്യം പറയുന്നതാണ് അപ്രസ്തുതപ്രശംസ.28. പര്യായോക്തം
-----------
പര്യായോക്തം പ്രകാരാന്ത-
രത്താൽ ഗമ്യത്തിനുക്തിയാം.29. വ്യാജസ്തുതി
---------------

വ്യാജസ്തുതി, മറിച്ചാകിൽ
ബ്ബാധത്താൽ സ്തുതിനിന്ദകൾ.

ആദ്യം പറയുന്ന സ്തുതിയോ, നിന്ദയോ, പിന്നെപ്പറയുന്ന വാചകങ്ങളിൽ നിന്ദയോ സ്തുതിയോ ആയി മാറുന്നതാണ് വ്യാജസ്തുതി.


30. ആക്ഷേപം
---------------

വക്ഷ്യമാണോക്തവിഷയം
നിഷേധാഭാസമായിടും
ആക്ഷേപംമമലങ്കാരം
വിധ്യാഭാസവുമാമത്.

ഒരു കാര്യം നിഷേധിക്കുന്നതിനുപകരം, നിഷേധത്തിന്റെ അർത്ഥം ജനിപ്പിക്കുന്ന തരത്തിൽ പറയുന്നത് ആക്ഷേപം.

31. വിരോധാഭാസം
------------------
ആഭാസമാം വിരോധം താൻ
വിരോധാഭാസമെന്നത്
ഇതു ശുദ്ധം ശ്ലേഷമൂല-
മെന്നു രണ്ടുവിധത്തിലാം.

ശരിക്കും വിരോധമില്ലെങ്കിലും വിരോധമുണ്ടെന്ന് തോന്നിപ്പിക്കുന്നത് വിരോധാഭാസം. ഇത് ശുദ്ധം, ശ്ലേഷ്മം എന്നിങ്ങനെ രണ്ടുതരം വരും.

32. വിഭാവന
------------

ഹേതുനിഷ്പത്തിയില്ലാതെ
കാര്യോല്പത്തി വിഭാവന.

ശരിയായ ഹേതുവില്ലാതെ, കാരണമില്ലാതെ, കാര്യം ഉണ്ടാവുന്നത് വിഭാവന. ഇത് രണ്ടുതരമുണ്ട്. ഉക്തനിമിത്തയും അനുക്തനിമിത്തയും

33. വിശേഷോക്തി
---------------------

കാര്യാജനി വിശേഷോക്തി
ഹേതുവുണ്ടായിരിക്കവേ.

ഹേതുവുണ്ടെങ്കിലും കാര്യം ഇല്ലാത്തതാണ് വിശേഷോക്തി. വിഭാവന പോലെ ഇതും രണ്ടുതരമുണ്ട്. ഉക്തനിമിത്തയും അനുക്തനിമിത്തയും.

34. അസംഗതി
-------------
കാര്യഹേതുക്കൾക്കു ഭിന്ന-
ദേശസ്ഥിതിനിമിത്തമാം
ആസംഗത്യമലങ്കാരം
അസംഗതിസമാഹ്വയം.35. വിഷമം
----------
വിഷമം യുക്തമല്ലാത്ത
സംസർഗം ദ്വിവിധം മതം.

ഉചിതമല്ലാത്ത സംസർഗമാണ് വിഷമം.

36. സമാലങ്കാരം
-------------
ആനുരൂപ്യമിയന്നീടും
സംസർഗം സമസംജ്ഞിതം.37. വിചിത്രം
---------
വിചിത്രമിഷ്ടസിദ്ധിക്കായ്
വിപരീതപ്രയത്നമാം.

ഇഷ്ടസിദ്ധിയ്ക്ക് എങ്ങനെ പെരുമാറണമോ, പ്രവർത്തിക്കണമോ, അതിന്റെ വിപരീതമായി ചെയ്യുന്നതാണ് വിചിത്രം.

38. അധികം
---------
ആശ്രയാശ്രയികൾക്കൊന്നി-
ന്നാധിക്യമധികാഖ്യമാം.

ആധാരത്തിനെയോ ആധേയത്തിനെയോ വിപുലീകരിച്ചു പറയുന്നതിനെ അധികം എന്നു പറയുന്നു.

39. അല്പം
---------
ആശ്രയാശ്രയികൾക്കൊന്നിൻ-
സൗക്ഷ്മ്യകല്പനമല്പമാം.

ആധാരത്തിനോ ആധേയത്തിനോ ഏതിനെയെങ്കിലും സൂക്ഷ്മമായി വർണിച്ചാൽ അല്പം.

40. അന്യോന്യം
------------
അന്യോന്യമാകുമന്യോന്യ-
വിശേഷാധാനമോതുകിൽ.

വസ്തുക്കൾ തമ്മിൽ ഒരുപോലെയാണെന്ന് വിശേഷിച്ച് പറഞ്ഞാൽ അന്യോന്യം.

41. വിശേഷം
----------
പ്രസിദ്ധമാകുമാധാര-
മില്ലാതൊന്നിന്നവസ്ഥിതി
ഒരേ കാലത്തൊരേ രീതി-
ക്കൊന്നിന്നു പലതിൽ സ്ഥിതി.

ഒന്നിന്നായുള്ള യത്നത്താൽ
ശക്യമല്ലാത്ത വസ്തുവാം
മറ്റൊന്നിൻ സാധനം മൂന്നു
വിധമേവം വിശേഷമാം.42. വ്യാഘ്യാതം
---------
കാര്യസാധകമായേകൻ
കല്പിച്ചീടിന സാധനം
അന്യഥാകാരിയാക്കീടി-
ലന്യൻ വ്യാഘാതമാമത്.

ഒരു കാര്യത്തിനുവേണ്ടി, ഒരാൾ കാരണമാക്കിയത്, വേറൊരാൾ, വിപരീതകാര്യത്തിന് കാരണമാക്കുന്നതാണ് വ്യാഘ്യാതം.

43. കാരണമാല
-------------
ശൃംഖലാരീതിയിൽ കാര്യ-
കാരണങ്ങളെ മേൽക്കുമേൽ
നിബന്ധിക്കിലലങ്കാര-
മതു കാരണമാലയാം.

ആദ്യം കാരണമായി കണ്ടതിനെ പിന്നീട് കാര്യമായി കാണുന്നതാണ് കാരണമാല.

44. ഏകാവലി
-------------
വിശേഷണവിശേഷ്യങ്ങൾ-
ക്കതൈകാവലിയെന്നതാം.

ആദ്യമാദ്യമുള്ള വിശേഷണത്തെ പിന്നീട് വിശേഷ്യമാക്കുന്നതാണ് ഏകാവലി.

45. മാലാദീപകം
----------
മാലാദീപകമാമേകാ-
വലി ദീപകരീതിയിൽ.


46. സാരം
----------
ഉത്തരോത്തരവൈശിഷ്ട്യ-
മുരയ്ക്കുവതു സാരമാം.

ആദ്യമാദ്യം ഉള്ളതിനെ അപേക്ഷിച്ചു പിന്നീട് വരുന്നതിന് ഉൽക്കർഷമോ അപകർഷമോ ആയി വിശേഷിപ്പിച്ചാൽ അത് സാരം.

47. കാവ്യലിംഗം
-------------
ഏതാനുമർത്ഥം സാമാന്യ-
വിശേഷസ്ഥിയെന്നിയെ
അർത്ഥാൽ പരം ഹേതുവായി-
ട്ടിരിക്കിൽക്കാവ്യലിംഗമാം.48. അർത്ഥാന്തരന്യാസം
-----------------------
വിശേഷം കൊണ്ടു സാമാന്യ-
മതുകൊണ്ടു വിശേഷമോ
സമർത്ഥിക്കുകിലാമർത്ഥാ-
ന്തരന്യാസമലംകൃതി.

വിശേഷമായിട്ടുള്ളതിനെ സാമാന്യമായിട്ടോ, സാമാന്യമായിട്ടുള്ളതിനെ വിശേഷം കൊണ്ടോ പറയുന്നത് അർത്ഥാന്തരന്യാസം.


49. അനുമാനം
-------------
സാധനം കൊണ്ടു പക്ഷത്തിൽ
സാദ്ധ്യതീയനുമാനമാം.50. യഥാസംഖ്യം
----------
യഥാസംഖ്യം യഥോദ്ദേശം
വസ്തുക്കൾക്കു സമന്വയം.

51. പര്യായം
----------

പര്യായമലങ്കാര-
മൊന്നിന്നു പലതിങ്കലോ
പലതിന്നൊന്നിലോ ചൊല്ലും
ക്രമമായുള്ള വൃത്തിയാം.

ഒന്നിന് പലതായോ പലതിന്ന് ഒന്നിലോ അർത്ഥം വരുന്നതിനെ പര്യായം എന്നു പറയുന്നു.

52. പരിവൃത്തി
--------------
സമാസമങ്ങൾ കൈമാറു-
ന്നതു താൻ പരിവൃത്തിയാം.

തുല്യമായിട്ടുള്ളത് അങ്ങോട്ടുമിങ്ങോട്ടും രൂപം മാറുന്നതാണ് പരിവൃത്തി.


53. പരിസംഖ്യ
---------------
ഇതാണതല്ലെന്നു കാട്ടും-
നിയമം പരിസംഖ്യയാം.

54. കാവ്യാർത്ഥാപത്തി
-----------------

കാവ്യാർത്ഥാപത്തി കൈമുത്യ-
ന്യായാലന്യാർത്ഥസിദ്ധിയാം.

55. സംഭാവന
----------------

സംഭാവനയുക്തത്വ-
പ്രതീതിക്കുള്ള തർക്കണം.

56. വികല്പം
-----------

വിരുദ്ധങ്ങൾക്കുരച്ചീടും
പാക്ഷികാപ്തി വികല്പമാം.

പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങൾ ഒരിടത്ത് ചേരില്ല. ഏതെങ്കിലും ഒരുകാര്യമേ വരൂ. അതാണ് പാക്ഷികപ്രാപ്തി. അതാണ് വികല്പം എന്ന അലങ്കാരവും.

57. സമുച്ചയം
-------------

പദാർത്ഥങ്ങൾക്കുരച്ചീടും
യൗഗപദം സമുച്ചയം.

ഗുണം, ക്രിയ എന്നിവ ഒരേ സമയത്ത് സംഭവിക്കുന്നതാണ് സമുച്ചയം.


58. സമാധി
---------

സമാധി കാര്യസൗകര്യ-
മോർക്കാതുള്ളന്യഹേതുവാൽ.

യാദൃച്ഛികമായ കാരണത്താൽ കാര്യസിദ്ധിക്കുള്ള സൗകര്യത്തെ സമാധി എന്ന് പറയുന്നു.


59. പ്രത്യനീകം
------------

അശക്ത്യാ ശത്രുപക്ഷീയാ-
പകാരം പ്രത്യനീകമാം.


60. പ്രതീപം
---------
അദ്വിതീയത്വവിച്ഛേദ-
മുപമേയത്വകല്പനം
വൈയർത്ഥ്യമിവയേതാനു-
മൊന്നുകൊണ്ടുളവായിടും.
ഉപമാനത്തിനാക്ഷേപം
പ്രതീപം മൂന്നു മട്ടിലാം.

ഉപമാനത്തിനുള്ള ആക്ഷേപമാണ് പ്രതീപം. ഉപമാനം വ്യർത്ഥമാണെന്ന് അർത്ഥം വരുന്നത്.


60. പ്രൗഢോക്തി
---------------

പ്രൗഢോക്തി ധർമ്മസമ്പത്തി-
ക്കന്യസംസർഗകല്പനം.

ഒരു പദാർത്ഥത്തിൽ പറഞ്ഞിരിക്കുന്ന ധർമ്മത്തിന്റെ അതിശയം കാണിക്കാനായിട്ട് മറ്റൊരു പദാർത്ഥത്തിനോട് ബന്ധം കാണിച്ച് വിഭാവനം ചെയ്യുന്നത് പ്രൗഢോക്തി.61. ലളിതം
---------
വർണ്യവൃത്താന്തനിർദേശ-
മെന്നിയേ വർണ്യധർമ്മിയിൽ
അവർണ്യവ്യവഹാരത്തിൻ
വർണനം ലളിതം മതം.

പ്രസ്തുതധർമ്മിയെ എടുത്തുപറഞ്ഞ് വൃത്താന്തം വർണ്ണിക്കാതെ പ്രസ്തുതമല്ലാത്തത് വർണ്ണിക്കുന്നതാണ് ലളിതം.അപ്രസ്തുതമായിട്ടുള്ള പ്രശംസ.


62. പ്രഹർഷണം
---------------

സാക്ഷാദുദ്ദേശ്യകം യത്നം
കൂടാതിഷ്ടാർത്ഥലാഭമാം
പ്രഹർഷണം മൂന്നുമട്ടി;
ലിഷ്ടലാഭം യദൃച്ഛയാൽ,
ഉദ്ദേശിച്ചതിൽ‌വെച്ചിട്ടു
കവിഞ്ഞുള്ളിഷ്ടലാഭവും,
ഉപായസിദ്ധിയത്നത്താൽ
പ്രധാനഫലലാഭവും.

മൂന്നു തരത്തിലുണ്ട് ഈ അലങ്കാരം. ഒന്ന്, യാദൃശ്ഛികമായിട്ടുള്ള ഇഷ്ടത്തിന്റെ ലാഭം. രണ്ട്, ഉദ്ദേശിച്ചതിലും കൂടുതൽ ഇഷ്ടലാഭം. മൂന്ന്, ഫലം കിട്ടാൻ വേണ്ടിയുള്ള ഉപകരണത്തിനുവേണ്ടി പ്രയത്നിക്കുമ്പോൾ, ഫലം തന്നെ കിട്ടുക.


63. വിഷാദനം
--------------
വിഷാദനമഭീഷ്ടാർത്ഥ-
വിരുദ്ധപ്രാപ്തിയായിടും
വിവിക്തമായും വിഷമ-
മിശ്രമായും വരാമിത്.

അഭീഷ്ടവിരുദ്ധമായ കാര്യം നേടുന്നതാണ്/ ലഭിക്കുന്നതാണ് വിഷാദനം.


64. ഉല്ലാസം
------------
ഉല്ലാസമൊന്നിനന്യത്തിൻ
ഗുണദോഷപ്രയുക്തമാം
ഗുണദോഷാന്തരാധാനം.

ഒന്നിന് മറ്റൊന്നിന്റെ ഗുണം കൊണ്ടോ ദോഷം കൊണ്ടോ ഉണ്ടാവുന്ന ഗുണമായിട്ടുള്ള അവസ്ഥയോ ദോഷമായിട്ടുള്ള അവസ്ഥയോ ആണ് ഉല്ലാസം.


65. അവജ്ഞ
------------
തദഭാവമവജ്ഞയാം.

ഒന്നിന് മറ്റൊന്നിന്റെ ഗുണത്താലോ ദോഷത്താലോ, ഗുണമോ ദോഷമോ വരാത്തത് അവജ്ഞ.66. ലേശം
---------
ഗുണത്തെദ്ദോഷമാക്കീട്ടോ
ദോഷത്തെഗ്ഗുണമാക്കിയോ
വർണിച്ചീടിലലങ്കാരം
ദ്വിവിധം ലേശസംജ്ഞിതം.

ഇഷ്ടവസ്തുവിനെ അനിഷ്ടവസ്തുവായോ അനിഷ്ടവസ്തുവിനെ ഇഷ്ടവസ്തുവായോ വർണ്ണിക്കുന്നതാണ് ലേശം.67. തദ്ഗുണം
------------
തൻ‌ഗുണം വിട്ടടുത്തേതിൻ-
ഗുണമേന്തുക തദ്‌ഗുണം.

ഒരു വസ്തു സ്വന്തം ഗുണം വിട്ട് അടുത്തുള്ള മറ്റൊരുവസ്തുവിന്റെ ഗുണം സ്വീകരിക്കുന്നതാണ് തദ്‌ഗുണം.


68. അതദ്ഗുണം
----------
മറ്റൊന്നിൻ ഗുണമമ്മട്ടി-
ലാർന്നീടായ്കിലതദ്ഗുണം.

ഒരു വസ്തു, മറ്റൊന്നിന്റെ ഗുണം സ്വീകരിക്കാത്തത് അതദ്‌ഗുണം.


69. പൂർവ്വരൂപം
------------
വികാരമേൽക്കിലും വീണ്ടും
പൂർവ്വാവസ്ഥാനുവർത്തനം
ഒന്നിന്നു മറ്റൊന്നുമൂലം
വർണിച്ചാൽ പൂർവ്വരൂപമാം.

വികാരം ഉണ്ടാവുന്നുവെങ്കിലും ഒരു വസ്തു, മറ്റൊന്നിന്റെ സാന്നിദ്ധ്യത്തിൽ, അതിന്റെ മുൻപിലത്തെ അവസ്ഥയിൽത്തന്നെ ആയിത്തീരുന്നതാണ് പൂർവ്വരൂപം.


70. മീലിതം
---------

ധർമ്മസാമ്യാലൊന്നിലൊന്നു
മറഞ്ഞീടുകിൽ മീലിതം.

രണ്ടു വസ്തുക്കളുടെ ലക്ഷണം ഒരുപോലെയാവുമ്പോൾ, ഒന്ന് മറ്റൊന്നിൽ മറഞ്ഞുപോകുന്നതാണ് മീലിതം.


71. സാമാന്യം
-----------
സാമാന്യമദ്ധ്യക്ഷവസ്തു-
ഭേദാനദ്ധ്യവസായമാം.

പ്രത്യക്ഷവിഷയമായ രണ്ടു വസ്തുക്കളുടെ ഗുണസാമ്യം നോക്കിയാൽ, ഒന്ന് മറ്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതാണ് സാമാന്യം.


72. ഉത്തരം
---------
അപ്രതീക്ഷിതമായീടു-
മുത്തരം തന്നെയുത്തരം.

സാധാരണ പ്രതീക്ഷിക്കാത്ത സമാധാനം പറച്ചിലാണ് ഉത്തരം.73. വ്യാജോക്തി
----------
വ്യാജോക്തിയാകും വ്യാജത്താ-
ലുദ്ഭിന്നാർത്ഥനിഗൂഹനം.

വെളിവാക്കപ്പെട്ട സംഗതി വാൿ രൂപത്താലോ പ്രവൃത്തിരൂപമായോ മറയ്ക്കുന്നതാണ് വ്യാജോക്തി.


74. യുക്തി
-----------
യുക്തിയെന്നോതീടാം വ്യാജോ-
പായത്താലിഷ്ടസാധനം.

കപടമായ ഉപായത്തിൽ ഇഷ്ടം സാധിപ്പിച്ചെടുക്കുന്നതാണ് യുക്തി.


75. സൂക്ഷ്മം
---------
സൂക്ഷ്മം, സൂക്ഷ്മം ഗ്രഹിച്ചെന്നു
കാട്ടും സാകൂതചേഷ്ടയാം.

സൂക്ഷ്മമായിട്ടുള്ള അർത്ഥം, അല്ലെങ്കിൽ ഗൂഢാർത്ഥം കണ്ടുപിടിച്ചെടുക്കുന്നത്.

76. സ്വഭാവോക്തി
--------
സ്വഭാവോക്തിയതോ വസ്തു-
സ്വഭാവത്തിൻ നിരുക്തിയാം.

വസ്തുവിന്റെ സ്വഭാവത്തിനെ/ ചേഷ്ടാവിശേഷം വർണ്ണിക്കുന്നതാണ് സ്വഭാവോക്തി.

77. ഭാവികം
----------

കഴിഞ്ഞതിന്നോ ഭാവിക്കോ
സാക്ഷാൽകാരോക്തി ഭാവികം.

കഴിഞ്ഞതോ, ഇനി വരാൻ പോകുന്നതോ ആയ കാര്യം അപ്പോൾ നടക്കുന്നതുപോലെ തോന്നുന്നതായി പറയുന്നതാണ് ഭാവികം.

78. നിരുക്തി
----------
നിരുക്തി, യോഗാൽ നാമത്തി-
ന്നന്യാർത്ഥത്തിൻ പ്രകല്പനം.

79. ലോകോക്തി
-------------
ലോകസിദ്ധപ്രവാദാനു-
കൃതി ലോകോക്ത്യലംകൃതി.

80. മുദ്ര
---------
പ്രസ്തുതാന്വയിയാം വാക്കാൽ
സൂച്യസൂചന മുദ്രയാം.

81. ഉദാത്തം
-----
ഉദാത്തമന്യോൽക്കർഷാർത്ഥം
ഉദാരോദന്തവർണനം.

Labels: ,

Thursday, March 19, 2009

പിരിച്ചുവിടണം

ദൈവത്തിനു മുന്നിൽ സു ബോധിപ്പിക്കുന്ന ഹരജി

ദൈവമേ.....,

എനിക്കു ബോധിപ്പിക്കാൻ ഉള്ളത് എന്തെന്നാൽ, എന്നെ ഭൂമിയിലേക്ക് അയക്കുന്നതിനുമുമ്പ് എന്റെ ജീവിതപുസ്തകം, ശ്രീമാൻ/ ശ്രീമതി വിധിയെ ബൈൻഡ് ചെയ്യാൻ ഏല്‍പ്പിച്ചപ്പോൾ, ആ ആൾ, മനഃപൂർവ്വം, ചില താളുകൾ, ദൈവത്തിന്റെ അനുവാദമില്ലാതെ നീക്കം ചെയ്തിട്ടുണ്ട് എന്ന് ഞാൻ കണ്ടുപിടിച്ചുകഴിഞ്ഞു. ചിലത് തന്നിഷ്ടപ്രകാരം കൂട്ടിച്ചേർത്തിട്ടുണ്ടോന്നും സംശയിക്കപ്പെടുന്നു. അതിനാൽ, വിധി, നല്ലൊരു ജോലിക്കാരൻ/ക്കാരി അല്ലെന്നും, വിധിയുടെ മുതലാളിയായ അങ്ങേയ്ക്ക്, വിധിയെക്കൊണ്ട് പേരുദോഷവും, കുറ്റവിചാരണയും നേരിടേണ്ടി വരുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. അതുകൊണ്ട് വിധിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത്, ആത്മാർത്ഥതയുള്ള, ജോലിയോടും മുതലാളിയോടും കൂറുള്ള ആരെയെങ്കിലും അവിടെ നിയമിക്കണമെന്ന് വിനീതയായി അഭ്യർത്ഥിച്ചുകൊള്ളുന്നു.

ഇത്, പരാതിയോ, കുറ്റം പറച്ചിലോ അല്ലെന്നും, വെറുമൊരു ബോദ്ധ്യപ്പെടുത്തൽ/ ചൂണ്ടിക്കാണിക്കൽ ആണെന്നും താഴ്മയോടെ അറിയിച്ചുകൊള്ളുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്:‌- തൂണിലേക്കും തുരുമ്പിലേക്കും, പിന്നെ എല്ലാ വസ്തുക്കളിലേക്കും ഈ ഹരജിയുടെ ഓരോ കോപ്പി അയച്ചിട്ടുണ്ട്. എവിടെവെച്ചാണ് ആദ്യം വായിക്കാൻ കഴിയുക എന്നറിയില്ലല്ലോ. ഒറ്റയ്ക്കുള്ളത് പോരെങ്കിൽ നൂറ്റൊന്ന് പേർ ഒപ്പിട്ട് ഹരജി അയക്കുന്നതാണ്. എന്നോട് അനുകൂലിക്കുന്ന അത്രയും പേരെ കിട്ടേണ്ടേ.

എന്ന് ദൈവത്തിന്റെ
സ്വന്തം നാട്ടിലെ
ദൈവത്തിന്റെ സ്വന്തം
സു.

Labels:

Tuesday, March 17, 2009

പ്രിയമാനസ നീ പോയ്‌വരേണം

പ്രിയമാനസ നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽ‌വാൻ
പ്രിയമെന്നോർത്തിതു പറകയോ മമ?
ക്രിയകൊണ്ടേവമിരുന്നീടുമോ നീ?

എന്നാണ് നളൻ ഹംസത്തോട് പറയുന്നത്.ആമുഖം

എന്നുവെച്ചാൽ “ആ മുഖം കണ്ട നാൾ” എന്ന പാട്ടല്ല. നളന്റേം ദമയന്തീടേം കഥ ഇവിടെ എഴുതിയിട്ടേക്കാംന്ന് കരുതി. സംഭവബഹുലമായ ആ ജീവിതകഥ ഇടയ്ക്ക് ഇവിടെ നോക്കിയാൽ മതിയല്ലോ. നിങ്ങൾക്കെല്ലാവർക്കും നളനേം ദമയന്തിയേം നേരിട്ട് പരിചയമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് പ്രശ്നമില്ല. കഥ അറിയാത്ത ഒരാളെങ്കിലും ഇത് വായിക്കും. വലിയൊരു കഥയാണ്. ചുരുക്കിപ്പറയാം.

ഇനി കഥയിലേക്ക് കടക്കാം.

ചൂതുകളിയിൽ തോറ്റുതൊപ്പിയിട്ട് കാട്ടില്‍പ്പോയി കിടക്കുന്ന പാണ്ഡവന്മാരോട് ലോഗ്യം പറയാനും, അവരെ, തോൽ‌വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നാശ്വസിപ്പിക്കാനും മഹർഷിമാർ വരും പോകും. അങ്ങനെ ബൃഹദശ്വൻ എന്ന മുനിയാണ് നളന്റേം ദമയന്തിയുടേം കഥ പറഞ്ഞുകൊടുക്കുന്നത്. ഇത് മഹാഭാരത്തിൽ വനപർവ്വത്തിൽ ഉണ്ടത്രേ. ഞാൻ നോക്കിയിട്ടില്ല. നിങ്ങൾ വേണേൽ നോക്കിക്കോ. ഞാൻ പറയുന്നത് സത്യമാണോന്ന് നിങ്ങൾക്ക് സംശയം ഉണ്ടാവുമെന്ന് എനിക്കറിയാം.

ഇനി ശരിക്കുള്ള കഥയിലേക്ക് കടക്കാം.

നിഷധം എന്ന രാജ്യത്തെ വീരസേനൻ രാജാവിന്റെ പുത്രനായിരുന്നു നളൻ. ഭയങ്കര ഹാൻഡ്സം ആയിരുന്നു. പിന്നെ വീരനും. വിദർഭരാജ്യത്തിലെ ഭീമരാജാവിന് നാലു മക്കൾ ഉണ്ടായിരുന്നു. ദമൻ, ദാന്തൻ, ദമനൻ, ദമയന്തി. ദമയന്തി സുന്ദരിയായിരുന്നു. മിടുക്കിയായിരുന്നു. ആൾക്കാർ ഇവരെ പുകഴ്ത്തിപ്പറഞ്ഞ് പുകഴ്ത്തിപ്പറഞ്ഞ് എല്ലാ നാട്ടിലും ഇവരുടെ പേരെത്തിച്ചേർന്നു. അങ്ങനെ നളൻ ആളുകൊള്ളാമല്ലോന്ന് ദമയന്തിക്കും, ദമയന്തി ആളു കൊള്ളാമല്ലോന്ന് നളനും തോന്നി. നളൻ ഒരു ദിവസം വെറുതേ സമയം പാഴാക്കുമ്പോൾ, (അന്നേരം ബ്ലോഗ് ഇല്ലായിരുന്നല്ലോ. ഉണ്ടെങ്കിൽ പോസ്റ്റിട്ട് ഇരുന്നേനെ നളൻ) രണ്ട് അരയന്നങ്ങളെക്കണ്ടു. ഒന്നിനെ പിടിച്ചുവെച്ചു. അത് പേടിച്ചപ്പോൾ പാവം നളൻ വിട്ടു. അപ്പോ അത് സ്ഥലം വിടാതെ നളനോടു പറഞ്ഞു, ദമയന്തിയുടെ അടുത്തുചെന്ന് നളൻ അന്വേഷിച്ചതായിപ്പറയാംന്ന്. ദമയന്തിയുടെ അടുക്കെച്ചെന്ന് നളന്റെ കാര്യമൊക്കെപ്പറഞ്ഞ്, ദമയന്തിയുടെ മനസ്സും ചോർത്തിയെടുത്ത് വന്ന് നളനേയും കേൾപ്പിച്ചു. ദമയന്തിയുടെ അച്ഛൻ, ഹംസത്തെ കാണാഞ്ഞത് നന്നായി. അല്ലെങ്കിൽ അദ്ദേഹം അതിന്റെ സൂപ്പ് കുടിച്ചേനെ.

ഹംസം വന്നതും നളനും ദമയന്തിയും ഐ ലവ് യൂ പരസ്പരം പറഞ്ഞതും ഒന്നുമറിയാതെ രാജാവ് ദമയന്തിയുടെ സ്വയംവരം നിശ്ചയിച്ചു. എല്ലാ രാജാക്കന്മാരേം ക്ഷണിച്ചു. നാരദൻ പോയിട്ട് ആ വാർത്ത സ്വർഗ്ഗത്തിൽ ചെന്ന് പറഞ്ഞു. അപ്പോ ഇന്ദ്രനും യമനും അഗ്നിയ്ക്കും വരുണനും ദമയന്തിയെ കെട്ടിക്കളയാം എന്നു തോന്നി. ഒന്നുകിൽ ദമയന്തിയെ കെട്ടാം അല്ലെങ്കിൽ ദോശേം ചമ്മന്തീം തട്ടാം എന്നും പറഞ്ഞ് അവരും പുറപ്പെട്ടു. അവർ വഴിയിൽ‌വെച്ച് നളനെ കണ്ടു. നളനോടു പറഞ്ഞു, ദമയന്തിയോട് അവരുടെ ഗുണങ്ങളൊക്കെപ്പറയാൻ. പാവം നളൻ. ഒരു എ.കെ 47 ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനേം ഡിഷൂം ഡിഷൂം ആക്കുമായിരുന്നു. അതില്ലാത്തതുകൊണ്ട് ദമയന്തിയുടെ അടുക്കൽച്ചെന്ന് ഇവരൊക്കെ സ്വയംവരത്തിനു വന്നിട്ടുള്ളതായി പറഞ്ഞു. പക്ഷെ ദമയന്തി, കയറൊന്നും എടുത്തില്ല. നളനോടു പറഞ്ഞു, കെട്ടുന്നെങ്കിൽ നിങ്ങളെയേ കെട്ടൂന്ന്. സ്വയംവരത്തിന് എല്ലാരും ഇരുന്നു. ദമയന്തി നോക്കുമ്പോഴുണ്ട് അഞ്ച് നളന്മാർ. മറ്റവരു നാലുപേരും നളനെപ്പോലെ വേഷം മാറിയിരിക്കുന്നു. പരിഭ്രമത്തിൽ “എവിടെ ബാക്കി രണ്ടെണ്ണം?” എന്നു ചോദിക്കാൻ ദമയന്തി വിട്ടുപോയി. ഒരാളെപ്പോലെ ഏഴാളുണ്ടെന്നല്ലേ പറയപ്പെടുന്നത്. ഇനിയിപ്പോ നളനെ ഈ അഞ്ചെണ്ണത്തിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കും എന്നോർത്ത് ദമയന്തി നിന്നു. ദമയന്തി പ്രാർത്ഥിച്ചപ്പോൾ അവരെയൊക്കെ തിരിച്ചറിഞ്ഞു, നളനെ തിരിച്ചറിഞ്ഞു. ഇന്നായിരുന്നെങ്കിൽ ദമയന്തി മോബൈൽ ഫോണെടുത്ത് മിസ്സ് കോൾ അടിച്ചു നോക്കും. അപ്പോ നളന്റെ ഫോൺ ശബ്ദിക്കുമല്ലോ. അന്നു പക്ഷെ അതു പറ്റിയില്ല. പക്ഷെ നളനെ തിരിച്ചറിഞ്ഞു. കല്യാണം കഴിച്ചു.

കഥ തുടരുന്നു...


ഇന്ദ്രനൊക്കെ തിരിച്ചുപോകുമ്പോഴാണ് കലി വരുന്നത്. അവർക്ക് കലി വരുന്നത് എന്നല്ല. സാക്ഷാൽ കലി എന്ന മഹാൻ വരുന്നത്. അദ്ദേഹത്തിനും ദമയന്തിയെ കല്യാണം കഴിക്കണം. എന്താ ചെയ്യ! കല്യാണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ കലിയ്ക്ക് കലിപ്പ് കയറി. നളനിട്ട് ഒരു പാര പണിയണം എന്നൊരു ചിന്ത. കലി പന്ത്രണ്ട് കൊല്ലം കാത്തിരുന്നു, നളനിൽ പ്രവേശിക്കാൻ. ഒരു പഴുതും കിട്ടിയില്ല. (അന്ന് ഞാനില്ലായിരുന്നല്ലോ. അല്ലെങ്കിൽ എന്റെ കൂടെ വന്നു നിന്നേനെ). അങ്ങനെ ഒരുദിവസം കാൽ കഴുകാതെ സന്ധ്യാവന്ദനം ചെയ്തപ്പോൾ കലി നളനെ കയറിപ്പിടിച്ചു. എന്നിട്ട് നളന്റെ സഹോദരൻ പുഷ്കരനെക്കൊണ്ട് നളനെ ചൂതുകളിക്ക് വിളിച്ചു. നളൻ കളിച്ചു കളിച്ച് ഒക്കെ പണയം വെച്ച് വെച്ച് അവസാനം ഒക്കെ നശിച്ച്, ഇറങ്ങി. ദമയന്തിയും കൂടെയിറങ്ങി. ഇതാണെനിക്കു പിടിക്കാത്തത്. കുറച്ച് സ്വൈരം കൊടുത്തൂടേ?

ഇറങ്ങിനടക്കുമ്പോൾ, പക്ഷികളെക്കണ്ട് അവയെപ്പിടിക്കാൻ നളൻ ആകെയുണ്ടായിരുന്ന വസ്ത്രം അഴിച്ചെറിഞ്ഞ് വീശും. ആ വസ്ത്രവും കൊണ്ട് ആ പക്ഷികൾ, നളനെ തോലിപ്പിച്ച ചൂതുകൾ ആണെന്നും പറഞ്ഞ് സ്ഥലം വിടും. ഇനി നളനും ദമയന്തിക്കും കൂടെ ദമയന്തിയുടെ വസ്ത്രമേയുള്ളൂ. രണ്ടാളും ഒരേ വസ്ത്രത്തിൽ ദേഹം മറച്ച് നടക്കും. അങ്ങനെ അവർ രണ്ടുപേരും കാട്ടിൽ നടന്ന് ഒടുവിൽ ഉറങ്ങുമ്പോൾ നളൻ വിചാരിച്ചു ഇവളെങ്കിലും രക്ഷപ്പെടട്ടെ എന്ന്. നളൻ ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ പോയ്ക്കോളുമല്ലോ. എന്നിട്ട് ദമയന്തിയെ വിട്ട് വസ്ത്രം പകുതിയെടുത്ത് പോയി. ദമയന്തി ഉണർന്നു നോക്കുമ്പോൾ നളനെ കാണുന്നില്ല. വഴിയിൽ പെരുമ്പാമ്പ് പിടിക്കും. അതിനെ കൊന്ന് രക്ഷിച്ച കാട്ടാളൻ, ദമയന്തിയെ ആഗ്രഹിച്ചതുകൊണ്ട് കാട്ടാളനെ ശപിക്കും. അങ്ങനെ നടന്ന് നടന്ന് ചേദിരാജ്യത്ത് എത്തി. അവിടെ താമസിച്ചു. രാജകുമാരി സുനന്ദയുടെ തോഴിയായി. ആരാണെന്നൊന്നും പറഞ്ഞില്ല. ശരിക്കും സുനന്ദയുടെ അമ്മ, ദമയന്തിയുടെ അമ്മയുടെ സഹോദരി ആണ്.

നളൻ ദമയന്തിയേം വിട്ട് നടക്കുമ്പോൾ കാട്ടുതീയില്‍പ്പെട്ട് നാഗരാജാവ് കാർക്കോടകൻ നിലവിളിക്കുന്നതുകണ്ട് അവനെ രക്ഷപ്പെടുത്തും. എന്നിട്ട് തന്നെ എടുത്തും കൊണ്ട് പത്തടി എണ്ണിക്കൊണ്ട് നടക്കാൻ കാർക്കോടകൻ പറഞ്ഞു. എണ്ണിക്കൊണ്ട് നടക്കുമ്പോൾ ദശ എന്നു നളൻ പറഞ്ഞപ്പോൾ സർപ്പം നളനെ ദംശിക്കും/ കൊത്തും. നളനെന്ന സുന്ദരൻ വിരൂപനായിത്തീരും. ഇത് നളനിൽ ഉള്ള ദുഷ്ടഭൂതത്തെ ബാധിക്കാൻ ആണെന്നും നളനെ ആരും ഇപ്പോൾ തിരിച്ചറിയില്ലെന്നും പറഞ്ഞ് വസ്ത്രവും കൊടുക്കും. ആവശ്യമുള്ളപ്പോൾ അതുടുത്ത് കാർക്കോടകനെ ഓർത്താൽ പഴയ രൂപം തിരിച്ചുകിട്ടുമെന്ന് പറഞ്ഞു. പിന്നെ ഋതുപർണ്ണന്റെ അടുക്കൽ നിന്ന് അക്ഷഹൃദയവിദ്യ പഠിച്ചാൽ ബാധിച്ചിരിക്കുന്ന ഭൂതം മാറിപ്പോകുമെന്നും ദമയന്തിയെ കാണാൻ കഴിയുമെന്നും പറഞ്ഞു. നളൻ ഋതുപർണ്ണന്റെ അടുത്തെത്തി അവിടെ സാരഥിയായി ജീവിച്ചു. നളൻ, ജീവലൻ എന്ന കൂട്ടുകാരനോട് ഒരു കഥപോലെ, സ്വന്തം ജീവിതം പറയും.

ഭീമരാജാവ് നളനേം ദമയന്തിയേം അന്വേഷിച്ച് ഒടുവിൽ ദമയന്തിയെ കണ്ടുപിടിച്ചു. പിന്നെ നളനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ദമയന്തി ഒരു പാട്ടും പറഞ്ഞുകൊടുത്തു.

“എൻ വസ്ത്രാർദ്ധമറുത്തും കൊണ്ടെങ്ങു പോയിതു ധൂർത്ത നീ!
കാട്ടിൽ കിടന്നുറങ്ങീടും പ്രിയയേ വിട്ടു ഹേ പ്രിയ!
നീ കണ്ടമട്ടുതാൻ നില്‍പ്പു നിന്നെത്താൻ കാത്തുകൊണ്ടവൾ
ഏറ്റമുൾച്ചൂടേറ്റു ബാല വസ്ത്രാർദ്ധം ചുറ്റിയങ്ങിനേ
ആ സങ്കടത്താൽ കരയുമിവളിൽ ചെറ്റു മന്ന! നീ
പ്രസാദിക്കേണമേ വീര! മറുവാക്കരുളേണമേ!”

എന്നും പറഞ്ഞ് ദൂതന്മാർ പലദിക്കിലും തിരയും. ഋതുപർണ്ണന്റെ സഭയിൽ വിരൂപനായ ബാഹുകൻ എന്ന സാരഥി മാത്രമേ ഇതിനുത്തരം പറഞ്ഞുള്ളൂ എന്ന്, തിരഞ്ഞുപോയവർ, ദമയന്തിയെ അറിയിക്കും.

“വൈഷമ്യമെങ്കിലും ഗോപിച്ചീടുമേ കുലനാരിമാർ
ഭർത്താക്കൾ പോകിലുമവർ കോപിച്ചീടില്ലൊരിക്കലും
പാതിവ്രത്യചട്ടയിട്ടു ജീവിക്കും വരനാരിമാർ
വിഷമത്തില്‍പ്പെട്ട മൂഢൻ സുഖം കെട്ടുഴലുന്നവൻ
അവൻ ത്യജിക്കിലുമവളതിൽ കോപിക്കയില്ലതാൻ.”

എന്നാണ് ഉത്തരം.

അപ്പോ ദമയന്തി ഈ ഉത്തരം കൊണ്ടുവന്ന സുദേവനെ വിളിച്ചുവരുത്തി വഴിയാത്രക്കാരനെപ്പോലെ ഋതുപർണ്ണന്റെ രാജധാനിയിൽ പോയി, “നളൻ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് അറിയില്ല, ദമയന്തിയ്ക്ക് വീണ്ടും സ്വയംവരം തീരുമാനിച്ചിട്ടുണ്ട്” എന്നു പറയണം എന്നു പറഞ്ഞു.

ഋതുപർണ്ണനു പണ്ടേ ദമയന്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അതുകൊണ്ട് സ്വയംവരം എന്നു കേട്ട് അങ്ങോട്ടു പുറപ്പെട്ടു. ബാഹുകൻ തേരു തെളിച്ചു. ഓടിക്കുന്നതുകണ്ട് ബാഹുകൻ നളൻ തന്നെയാണോന്ന് സംശയിച്ചു, ഋതുപർണ്ണൻ. വഴിക്ക് ഒരു താന്നിമരം കാണും. താന്നിമരത്തിൽ എത്ര ഇലയുണ്ടെന്ന് ഋതുപർണ്ണൻ പറയും. ബാഹുകൻ. അതെണ്ണിനോക്കാൻ പുറപ്പെട്ടപ്പോൾ, നേരം വൈകിയാലോന്ന് വിചാരിച്ച് ഋതുപർണ്ണൻ, ബാഹുകന് (നളന്) അക്ഷഹൃദയം ഉപദേശിക്കും. അക്ഷഹൃദയം കിട്ടിയ ഉടനെ കലി നളന്റെ ദേഹത്തുനിന്ന് ഇറങ്ങിപ്പോകും. നളൻ ശപിക്കാൻ തുടങ്ങും. പക്ഷേ മാപ്പു ചോദിച്ചതുകൊണ്ട് വെറുതേ വിടും. നളന്റെ പേരു വിളിക്കുന്നവരെ താൻ ബാധിക്കുകയില്ലെന്ന് കലി നളനോട് പറയും. (ഞാൻ വിളിക്കാറില്ല). എന്നിട്ട് കലി മുമ്പിലുള്ള താന്നിമരത്തിൽ കയറും. അതുകൊണ്ടാണ് താന്നിമരത്തിനു കലിദ്രുമം എന്ന പേരു കിട്ടിയത്. നോട്ട് ദി പോയന്റ്.

അവർ വീണ്ടും യാത്ര തുടർന്ന് ദമയന്തിയുടെ രാജ്യത്ത് എത്തും. സ്വയംവരത്തിന്റെ പരിപാടിയൊന്നും അവിടെ കാണാതെ ചമ്മിയ ഋതുപർണ്ണൻ, ഈ വഴിക്കൊന്നു പോയപ്പോൾ ഇവിടെയൊന്ന് കയറി എന്നാണ് ഭാവിച്ചത്. പറഞ്ഞതും. ദമയന്തിയ്ക്ക് നളനാവും തേർ തെളിക്കുന്നത് എന്നു തോന്നി. പക്ഷെ ഇറങ്ങിയത് വിരൂപനായ ബാഹുകൻ. ഋതുപർണ്ണനും വാർഷ്ണേയനും കൂടെയുണ്ട്. അശ്വഹൃദയം അറിയാമെന്ന് ദമയന്തിക്ക് അറിയാമല്ലോ. അത് തന്റെ സാരഥിയായ വാർഷ്ണേയനേയും പഠിപ്പിച്ചിട്ടുണ്ടാവും നളൻ, എന്ന് ദമയന്തി വിചാരിച്ചു. നളനും ദമയന്തിയും കാട്ടിൽ പോയപ്പോൾ വാർഷ്ണേയൻ, ഋതുപർണ്ണന്റെ അടുത്ത് പോയിത്താമസിക്കുകയായിരുന്നു.

എന്നാലും ബാഹുകനെ ഒന്നു പരീക്ഷിച്ചുനോക്കാംന്നു കരുതി പല പരീക്ഷകളും ചെയ്യിപ്പിച്ചു. പാചകം വരെ ചെയ്യിപ്പിച്ചു. ഒക്കെക്കഴിഞ്ഞപ്പോൾ ബാഹുകൻ, നളൻ തന്നെയെന്ന് ദമയന്തിക്കു മനസ്സിലായി. അതുകഴിഞ്ഞ്, നളൻ, കാർക്കോടകനെ ഓർത്തുകൊണ്ട് ഒരു വസ്ത്രം ധരിച്ചപ്പോൾ പഴയ രൂപം കിട്ടുകയും ചെയ്തു.

പിന്നെ, പുഷ്കരനെ ചൂതിനു വിളിക്കുകയും തോല്‍പ്പിച്ച് പണ്ടു നഷ്ടപ്പെട്ടിരുന്നതെല്ലാം വീണ്ടെടുക്കുകയും ചെയ്തു.

ഇതാണ് കഥ. വളരെ ചുരുക്കിപ്പറഞ്ഞില്ലേ?

(വായിച്ചതും പാട്ടുകൾ എഴുതിയിരിക്കുന്നതും സാഹിത്യകുശലൻ ഏ. ഡി. ഹരിശർമ്മ വ്യാഖ്യാനിച്ചിരിക്കുന്ന നളചരിതം (ഒന്നാം ദിവസത്തെ കഥ) എന്ന പുസ്തകത്തിൽ നിന്ന്).

Labels:

Saturday, March 14, 2009

ബൂലോഗരുടെ പുസ്തകങ്ങൾ
ഈ പുസ്തകങ്ങൾ രചിച്ചിരിക്കുന്നവരൊക്കെ ബൂലോകത്തിൽ ഉള്ളവരാണ്. എല്ലാവർക്കും പരിചയം ഉണ്ടാവും എന്നു കരുതുന്നു. ബൂലോഗത്ത് വരുന്നതിനുമുമ്പും പുസ്തകം ഇറക്കിയവർ ഉണ്ടെന്ന് തോന്നുന്നു. സജീവമല്ലെങ്കിലും എല്ലാവർക്കും ബ്ലോഗുണ്ട് ഇപ്പോ. (ഇല്ലെങ്കിൽ ഇപ്പോപ്പറയണം;))

വിശാലനും കുറുമാനും പുസ്തകം വരുന്നതിനുമുമ്പ് പോസ്റ്റായി ബ്ലോഗിലിട്ടിരുന്നു. അതു പോയി വായിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ പുസ്തകം വാങ്ങണം. (എനിക്ക് പ്രസിദ്ധീകരണക്കാരോട് സൗഹൃദമൊന്നുമില്ല പരസ്യം വെക്കാൻ. ;)) എഴുതിയവരെയൊന്നും സോപ്പിടാൻ വാങ്ങിയതുമല്ല (അവരെന്നെക്കാണുമ്പോ ചിരിച്ചുകാണിക്കാനേ). എനിക്കിഷ്ടമായതുകൊണ്ട് വാങ്ങിയതാണ്. നിർമ്മലച്ചേച്ചീടെ പുസ്തകം വേറേം ഉണ്ടല്ലോ. കിട്ടിയില്ല. നോക്കണം.

ഇനിയും കുറേപ്പേർ ഇറക്കിയതായി അറിഞ്ഞു. എന്റടുത്ത് എത്തിയില്ല. എത്തിയിരുന്നെങ്കിൽ ഇതിന്റെ കൂടെ ഉണ്ടാവുമായിരുന്നു. നോക്കി നടന്നു എന്നത് വേറെക്കാര്യം. ഓൺലൈൻ വാങ്ങാൻ എനിക്കിഷ്ടമില്ല.

ആംഗലേയം ഇട്ടുകഴിഞ്ഞപ്പോൾ മലയാളം സീരീസ് തുടങ്ങാമെന്നു വിചാരിച്ച് എടുത്തതാണ്. പശ്ചാത്തലം നോക്കി കണ്ടുപിടിച്ചുപോകണ്ട എന്നു കരുതിയാണ് കൈപ്പള്ളിയുടെ ഇതാരുടെ പുസ്തകം എന്നതിൽ കൊണ്ടുപോയി നിക്ഷേപിക്കാഞ്ഞത്. അവിടെ വേറെ നിക്ഷേപിച്ചു. കുറേയുണ്ട് ഇങ്ങനെ എടുത്തത്. അതൊക്കെ പിന്നെയൊരിക്കൽ പോസ്റ്റ് ചെയ്യും. അതിനൊക്കെയല്ലേ നമ്മുടെ ബ്ലോഗ്? ;)

ആശയദാരിദ്ര്യം വന്നപ്പോ ഫോട്ടോ പോസ്റ്റ് ചെയ്തതാണെന്ന് ആരും വിചാരിക്കരുത്. അങ്ങനെ വിചാരിച്ചാൽ കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് എന്റെ ഉദാത്തമായ “കവിതകൾ” വായിക്കേണ്ടിവരും. ജാഗ്രതൈ.

Labels:

Tuesday, March 10, 2009

കട്ടൻ‌കാപ്പി

കണ്ണിൽനിന്നെടുക്കുന്ന വെള്ളം
അനുഭവത്തിന്റെ കുഞ്ഞുകുഞ്ഞു കറുപ്പുപൊടികൾ
സ്നേഹത്തിന്റെ ശർക്കരയിട്ട്
കാലത്തിന്റെ അടുപ്പിനു മുകളിൽ
എത്രയൊക്കെ തിളച്ചുയോജിപ്പിച്ചാലും
നീരസത്തിന്റെ അല്പം ചണ്ടിയുണ്ടാവും ബാക്കി
ഓർമ്മയുടെ അരിപ്പയിൽ നിന്ന്
മറവിയുടെ ഗ്ലാസ്സിലേക്ക്
വീഴാതെ നിൽക്കുന്നത്.

Labels:

Saturday, March 07, 2009

തലവേദന

അഷ്ടമൂർത്തിയ്ക്ക് പതിവുപോലെ കൃത്യം നാലേകാലിനാണ് തലവേദന തുടങ്ങിയത്. നാലേകാലിനു തലവേദന വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഓഫീസ് സമയം തീരാൻ ഇനിയും കുറച്ചുകൂടെ നേരം കഴിയാനുള്ളപ്പോൾ തലവേദന വന്നതാണ്, അല്ല, വരുന്നതാണ് അഷ്ടമൂർത്തിയെ കുഴക്കുന്നത്.

അഷ്ടമൂർത്തി തലയിൽ കൈവെച്ചാൽ, അല്ലെങ്കിൽ നെറ്റിയിലൊന്ന് തടവിയാൽ സഹപ്രവർത്തകർ അതുവരെ ചെയ്തിരുന്ന ജോലികളൊക്കെ, തിരക്കിട്ടതായാല്‍പ്പോലും, മാറ്റിവെച്ച് തലവേദനയുടെ ചർച്ചയിലെത്തും.

“ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങ്യേതല്ലല്ലോ.”

“എന്തൊക്കെ നോക്കി, എന്നിട്ടും അതേപോലെ.”

“ഡോക്ടർക്ക് തന്നെ മനസ്സിലാവുന്നില്ലെന്നാ.”

ഇങ്ങനെ അഭിപ്രായങ്ങളും കുറച്ച് സഹതാപങ്ങളും ഒക്കെ കേൾക്കും. പിന്നെ കുറേ അനുഭവങ്ങളും. ആദ്യമാദ്യം അഷ്ടമൂർത്തിയ്ക്ക് അലോസരം തോന്നിയിരുന്നു. ഇപ്പോഴില്ല. ഒന്നാലോചിച്ചാൽ അവരൊക്കെ മനുഷ്യർ തന്നെയല്ലേ. സഹതപിക്കും, അനുഭവം പറയും, അഭിപ്രായം പറയും. അതൊക്കെ വേണെങ്കിൽ കാര്യമാക്കിയാല്‍പ്പോരേ. പറഞ്ഞോട്ടെ.

പക്ഷെ കുറച്ചുകഴിഞ്ഞാൽ, ഒരു അര മണിക്കൂർ കഴിഞ്ഞാൽ തലവേദന പോയി. അതിശയമായിട്ട് പോയി. അഷ്ടമൂർത്തിയ്ക്ക് ഒന്നും മനസ്സിലാവില്ല. എല്ലാരും “ഇപ്പോ ഭേദായല്ലേ”ന്ന് ചോദിക്കും. പിന്നേം കുറച്ച് ചർച്ച ചെയ്യും. അപ്പോഴേക്കും ചിലപ്പോൾ അഷ്ടമൂർത്തിയ്ക്ക് വീട്ടിൽ പോയാൽ കൊള്ളാമെന്നു തോന്നും. എന്നും പറ്റില്ല. ഇടയ്ക്ക് ജോലിത്തിരക്കില്ലെങ്കിൽ മേലുദ്യോഗസ്ഥനോട് ചോദിച്ചിട്ട് പോകും. പോയാലും കുഴപ്പം. രാധികയ്ക്ക് അയാളെ നേരത്തേ കാണുമ്പോഴേ വെപ്രാളം തുടങ്ങും.

“ഇന്ന് ജാസ്തിയുണ്ടോ?”

ഇല്ല. തിരക്കില്ലാഞ്ഞതുകൊണ്ട് പോന്നതാണെന്ന് പറഞ്ഞാലും അവൾക്ക് തൃപ്തിയാവില്ല. പിന്നെ, ചൂടുകാപ്പി, വിക്സ്, ബാം. അങ്ങനെയൊക്കെ വീട്ടുചികിത്സ നടത്തും. കുട്ടികൾ രണ്ടുപേരും, ഇതൊക്കെ എത്ര കണ്ടതാ എന്നുള്ള മട്ടിൽ, പുറത്തേക്ക് പോകും കളിക്കാൻ. അസുഖമായാൽ ശല്യം ചെയ്യരുതെന്ന് അവർക്കറിയാം.

രാധികയുടെ നിർബ്ബന്ധത്തിനുവഴങ്ങി ഡോക്ടറെ കാണാൻ പോയാലോ.

ഡോക്ടർ ചിരിക്കും. മോഹൻ, രാധികയുടെ കസിനും കൂടെയാണ്. അതുകൊണ്ട് അവളുടെ വെപ്രാളം അറിയാം.

എന്നാൽ മിനിയാന്ന് പോയപ്പോൾ മോഹൻ ഒരു കാര്യം പറഞ്ഞു. ചിലപ്പോൾ ആ സമയത്ത് എന്തെങ്കിലും ഓർമ്മ വരുന്നുണ്ടാവും. ചില സംഭവങ്ങൾ, അത്യാഹിതങ്ങൾ അങ്ങനെ. അപ്പോ പെട്ടെന്ന് ഒന്നും ഓർമ്മ വന്നില്ല. ഇന്ന് പോരുന്ന വഴി സ്കൂളിന്റെ മുന്നിൽ കുട്ടികളെകണ്ടപ്പോഴാണ് ഓർമ്മ വന്നത്. നാലേകാലിന് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി, കാറിടിച്ചതും കുറച്ച് നേരം ഓർമ്മയില്ലാതായിപ്പോയതും ഒക്കെ. പക്ഷേ എത്രകാലമായി അതൊക്കെ. ഇപ്പോ മൂന്നാലുമാസം ആയിക്കാണും, തലവേദന സ്ഥിരം തുടങ്ങിയിട്ട്.

മോഹനെ വിളിച്ചു.

“അതെയോ, അതാവാനും സാദ്ധ്യതയുണ്ട്. വെറുതേ ഓർത്ത് വരുന്നതാവും ചിലപ്പോൾ.”

“അല്ലല്ല. ഞാനൊന്നും ഓർത്തില്ല. ഇതിപ്പോഴല്ലേ ഓർമ്മ വന്നത്.”

‘നാളെ വാ എന്തായാലും. എന്തു ചെയ്യണമെന്ന് നോക്കാം.”

“വരാം.”

വരാം എന്നു പറഞ്ഞത് കാപ്പിയും കൊണ്ടുവന്ന രാധിക കേട്ടു.

“മോഹന്റെ അടുത്തേക്കായിരിക്കും.”

“അതേ.”

“പക്ഷെ ഇനി അതുകൊണ്ട് കാര്യമെന്ത്?”

“പക്ഷെ പോകാതെ പറ്റുമോ?”

“ഞാനൊരു കാര്യം പറയട്ടെ.”

“പറ,”

“പുഴക്കരയിലെ വൈദ്യനെ കാണാൻ പോയാലോ?”

“വൈദ്യനോ? മന്ത്രവാദി! അയാളെന്ത് വൈദ്യം പഠിച്ചു? കുറച്ച് പൊടിയും എടുത്ത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടും. അതു തന്നെ.”

“അങ്ങനെ പറയാനൊന്നുമില്ല. ഉണ്ടെങ്കിൽ ഇത്രേം തിരക്കുണ്ടാവുമോ അവിടെ?”

“നിനക്കു വേറെ ജോലിയില്ല അല്ലേ?”

“അങ്ങനെ തന്നെ പറയണം. ഇതിപ്പോ എത്രനാളായി ഇങ്ങനെ. ചികിത്സയ്ക്ക് ഒന്നും കാണാനുമില്ലെന്ന് ഡോക്ടർമാരും.”

നാലേകാലിന് തലവേദന വരുന്നതിൽ ഇത്രേം കുഴപ്പമില്ല. അവൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ ബാക്കിയുള്ളവർക്ക് തലവേദന തന്നെ.

മന്ത്രവാദിയുടെ മുറിക്കുമുന്നിൽ, പേരുവിളിക്കുന്നതിനുമുമ്പ് രാധിക ഒരു നൂറുപ്രാവശ്യമെങ്കിലും മുഖത്തേക്ക് നോക്കിയിട്ടുണ്ടാവും. തിരക്ക് കണ്ടോ, ഞാൻ നിർബ്ബന്ധിച്ചതുകൊണ്ടല്ലേ എന്നൊക്കെയാവും അതിന്റെ അർത്ഥം.

“എത്ര ദിവസമായെന്നാ പറഞ്ഞത്?”

അഷ്ടമൂർത്തിയ്ക്ക് മന്ത്രവാദിയുടെ മട്ടും ഭാവവും പിടിച്ചു. ഒന്നാമത്തേത് പൂജ ചെയ്യാനുള്ള ഒരുക്കങ്ങൾ ഇല്ല. പിന്നെ, തീ പുകയുന്നില്ല. കൈയിൽ പൊടിയില്ല. തലയോട്ടിയും വടിയുമൊന്നുമില്ല. കാഷായവസ്ത്രവും മാലയും ഉണ്ട്. കുറേ ദേവന്മാരുടേയും ദേവികളുടേയും ചിത്രങ്ങളും ഉണ്ട് ചുവരിൽ മുഴുവൻ. പക്ഷെ പീഠത്തിലാണിരിപ്പ്. കാണാൻ വരുന്നവർക്ക് പായയും. രാധിക പറഞ്ഞതുപോലെ വൈദ്യൻ തന്നെ എന്നു കരുതാം.

“മൂന്നുമാസത്തിലധികമായിക്കാണും. എന്നും ഒരേ സമയത്ത് തലവേദന.” രാധികയാണ് പറഞ്ഞത്.

“മരുന്ന് കഴിച്ചോ?”

“വേദനസംഹാരികൾ.”

“ടെസ്റ്റൊക്കെ ചെയ്തു. സ്കാനിംഗും. ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ പറഞ്ഞു. അവൻ എന്റെ ബന്ധുവും കൂടിയാണ്.” മന്ത്രവാദിയ്ക്ക് വിശ്വാസമാവാൻ വേണ്ട രീതിയിൽത്തന്നെ അവൾ പറഞ്ഞു.

മന്ത്രവാദി പീഠത്തിൽ നിന്നെഴുന്നേറ്റ്, അഷ്ടമൂർത്തിയുടെ അടുത്തേക്കിരുന്നു. കണ്ണുകളും നാഡിയുമൊക്കെ പിടിച്ചുനോക്കി.

പിന്നേയും കുറേ ചോദിച്ചു.

പേരു ചോദിച്ചത് ഒടുവിലാണ്.

അഷ്ടമൂർത്തിയെന്ന് പറഞ്ഞപ്പോൾ മന്ത്രവാദി ഒന്ന് ഞെട്ടിയപോലെ തോന്നി. പിന്നെ വീണ്ടും വീണ്ടും ചോദിച്ച് വിശദവിവരങ്ങളും വീട്ടുവിവരങ്ങളും ഒക്കെ ചോദിച്ചെടുത്തു. ഓരോന്നും പറഞ്ഞു കേൾക്കുമ്പോൾ അയാൾക്ക് പരിഭ്രമം ഏറുന്നതുപോലെ അഷ്ടമൂർത്തിയ്ക്ക് തോന്നി.

എന്തൊക്കെയോ ചികിത്സാവിധികൾ തിടുക്കത്തിൽ പറഞ്ഞുകൊടുത്ത് അവരെ ഒഴിവാക്കി. അടുത്തയാൾ തിരക്കിട്ട് മന്ത്രവാദിയെ കാണാൻ കയറുന്നു, നിരനിരയായി ആൾക്കാർ ഇരിക്കുന്നു. അഷ്ടമൂർത്തിയ്ക്ക് അതിശയം തോന്നി. തന്നെപ്പോലെത്തന്നെ പ്രിയപ്പെട്ടവരുടെ നിർബ്ബന്ധത്തിന് വഴങ്ങി വന്നതാവും എന്നു കരുതുകയും ചെയ്തു.

കുറച്ചുദിവസം കഴിഞ്ഞ്, ഉച്ചയൂണും കഴിഞ്ഞ്, കൂടെ ജോലിചെയ്യുന്നവരോടൊപ്പം കുശലങ്ങൾ ചോദിച്ചും പറഞ്ഞും അല്പസമയം ജോലിത്തിരക്കില്ലാതെ ചെലവഴിക്കുമ്പോഴാണ് അഷ്ടമൂർത്തിയെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പ്യൂൺ പറയുന്നത്. ഓഫീസിൽ ആരുവരാൻ. അതും മോബൈൽ ഫോണുള്ള ഇക്കാലത്ത് വിളിക്കാതേം പറയാതേം ആരു കാണാൻ ചെല്ലാൻ. കുറേ ചോദ്യങ്ങളുണ്ടായിരുന്നു അഷ്ടമൂർത്തിയ്ക്ക് ആലോചിച്ച് ഉത്തരം കാണാൻ.

വരാന്തയിലെത്തിയപ്പോൾ അവിടെ നിൽക്കുന്നുണ്ട്. മന്ത്രവാദി. ഇന്നലെത്തെ കാഷായവേഷമൊന്നുമല്ല. മുണ്ടും ഷർട്ടും തന്നെ. അതിശയത്തോടെ അഷ്ടമൂർത്തി അയാളുടെ അടുത്തേക്ക് നടന്നു.

“ഞാൻ...”

“എന്താണ് ഇങ്ങോട്ട് വന്നത്? ഓഫീസിൽ എന്തെങ്കിലും ആവശ്യം ഉണ്ടോ?”

“ഇല്ല...”

പിന്നെ എന്താണാവോയെന്ന് അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്, പറയുന്നതും കാത്ത് നിൽക്കുമ്പോൾ അയാൾ പെട്ടെന്ന് ചോദിച്ചു.

“നിനക്കെന്നെ മനസ്സിലായില്ലേ അഷ്ടമൂർത്തി?”

“ങേ!”

ആരാവും എന്ന് ആലോചിച്ച് നോക്കുമ്പോഴേക്കും അയാൾ പറഞ്ഞു.

“ഞാൻ കരുണാകരനാണ്. നിന്റെ കൂടെ പഠിച്ച...”

ഓ...ഓർമ്മ വന്നു. ഒക്കെ ഓർമ്മ വന്നു. ഇവനോട് വഴക്കിടുമ്പോഴാണ് പെട്ടെന്ന് തെറിച്ച് കാറിനുമുന്നിലേക്ക് പോയത്. കാറിടിച്ച് ബോധം കെട്ടത്. പിന്നെ ഇവനെ കണ്ടില്ല. മുറിവൊക്കെയുണങ്ങി, എല്ലാം ഭേദമായി തിരിച്ചെത്തിയപ്പോൾ കുറച്ച് ദിവസം കഴിഞ്ഞിരുന്നു. അത്ര വല്യ അടുപ്പമൊന്നും ഇല്ലാതിരുന്നതുകൊണ്ട് അധികം അന്വേഷിച്ചില്ല. അന്ന് വഴക്കുകൂടിയതിന്റെ ഓർമ്മയിൽ, ഇവൻ ഇനി സ്കൂളിൽ ഇല്ലെങ്കിൽ നന്നായെന്നും തോന്നിയിരുന്നു.

“എവിടെപ്പോയിരുന്നു?”

“നാടുവിട്ടു. ഇളയച്ഛൻ ദൂരെനാട്ടിൽ ഉണ്ടായിരുന്നു. അങ്ങോട്ട്പോയി. കാരണമൊന്നും പറഞ്ഞില്ല. അന്ന് വഴക്കിട്ട്, നീ കാറിനുമുന്നിൽ പോയപ്പോൾ, എല്ലാരും പറയുന്ന വഴക്കുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും അങ്ങനെ, എന്താ ചെയ്യേണ്ടത് എന്നാലോചിക്കാനുള്ള മനസ്സും ഇല്ലല്ലോ.”

“തിരിച്ച് എപ്പോ വന്നു?”

“പഠിത്തം കഴിഞ്ഞ് ഒരുപാടലഞ്ഞു. ഒടുവിൽ നാടുതന്നെയാണ് നല്ലതെന്ന് തോന്നി.”

“വൈദ്യം?”

“പഠിച്ചിട്ടുണ്ട്.”

അപ്പോ മന്ത്രവാദിയല്ല. ആശ്വാസം! രാധിക ഇതൊക്കെയറിയുമ്പോൾ എന്തു പറയുമോയെന്തോ!

“എന്നാലും നീ ആരോടും പറയേണ്ട കേട്ടോ.”

“ഇല്ല.” അഷ്ടമൂർത്തി ഉറപ്പുകൊടുത്തു. പഴയ വഴക്കിന് ഇനിയും പ്രതികാരം വീട്ടുമെന്ന് കരുതുന്നുണ്ടോയെന്തോ!

“പോകുന്നു.”

“അങ്ങോട്ടു വരാം.”

ഒന്നും പറയാതെ കരുണാകരൻ പോകുന്നതും നോക്കി അഷ്ടമൂർത്തി നിന്നു. പിന്നെ തിരിച്ചെത്തി ജോലി തുടങ്ങി.

വൈകുന്നേരം നാലേകാലിന് അഷ്ടമൂർത്തിയ്ക്ക് തലവേദന വന്നില്ല. എല്ലാവരും അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

“അതിശയം.”

“ഇന്നു തലവേദന ഇല്ലല്ലോ.”

“വൈദ്യന്റെ മരുന്നു ഫലിക്കുന്നുണ്ടാവും.”

“ഒടുക്കം ആ ബാധ ഒഴിഞ്ഞുകിട്ടി.”

അഭിപ്രായങ്ങൾ, ചർച്ചകൾ ഒക്കെയായി. അഷ്ടമൂർത്തിയും വിശ്വാസം വരാതെ അതൊക്കെ കേട്ട് വെറുതേ ഇരുന്നു. ഒന്നേമുക്കാലിന് കരുണാകരൻ ഇറങ്ങിപ്പോകുമ്പോൾ എന്തോ ഒരു മാറ്റം തന്നിൽ വന്നതുപോലെ അഷ്ടമൂർത്തിയ്ക്ക് തോന്നിയിരുന്നു. വാക്കു കൊടുത്തതുകൊണ്ട് ഒന്നും ആരോടും പറയാൻ പറ്റില്ല. ചിലപ്പോൾ അസുഖകരമായ ഓർമ്മയിൽനിന്ന് വിട്ടുപോന്നതുകൊണ്ടാവും. അവനെ തെറ്റിദ്ധരിച്ചിരുന്നോ? മനസ്സിലെന്നും വെറുപ്പുണ്ടായിരുന്നോ? പകരം വീട്ടണമെന്ന് തോന്നിയിരുന്നോ? ഒന്നും മനസ്സിലാവുന്നില്ല. അതൊക്കെ മനസ്സിൽ കിടക്കുന്നുണ്ടാവും. മനസ്സിനെ ആർക്കറിയാം. അത് പ്രതികരിച്ചത് തലവേദനയുടെ രൂപത്തിലാവും. അവൻ മാപ്പു പറഞ്ഞപ്പോൾ ആശ്വാസമായോ? എന്തൊക്കെയോ കാര്യങ്ങൾ.

“അറിഞ്ഞോ?” രണ്ട് ദിവസം കഴിഞ്ഞ് രാധിക ചോദിച്ചു. തലവേദന പോയതിൽ അവൾ വളരെ സന്തോഷിച്ച് ഇരിക്കുകയായിരുന്നു.

“എന്ത്?”

“വൈദ്യൻ പോയി.”

“എങ്ങോട്ട്?”

“ആരോടും പറഞ്ഞില്ല. ശിഷ്യന്മാരോടും സഹായികളോടും യാത്ര പോയിട്ട് വരാം എന്നു പറഞ്ഞുവത്രേ. എന്തായാലും നിങ്ങളുടെ തലവേദന ഒരാഴ്ചകൊണ്ട് മാറിയല്ലോ. നിങ്ങൾ പറഞ്ഞതുപോലെ വല്ല മന്ത്രവാദിയോ മറ്റോ ആയിരിക്കും അയാൾ. വൈദ്യമാണെങ്കിൽ ഇത്രേം പെട്ടെന്ന് മാറുമോ? എത്ര ചികിത്സ നോക്കിയതാ.”

ഇത്രേ ഉള്ളൂ ആൾക്കാരുടെ കാര്യം. മാറ്റിപ്പറയാൻ സമയമൊന്നും എടുക്കില്ല. എന്തായാലും ഒന്നും ആരോടും തൽക്കാലം പറയുന്നില്ലെന്ന് അഷ്ടമൂർത്തി തീരുമാനിച്ചു. തലവേദനയും കൊണ്ട് കരുണാകരൻ പോയല്ലോ. തലവേദന പോയെന്ന് അവനോട് പറയാൻ കഴിഞ്ഞില്ല. ഇനിയും പ്രായശ്ചിത്തം എന്ന മട്ടിൽ അലഞ്ഞുതിരിഞ്ഞ് സമാധാനം കണ്ടെത്താൻ പോയതാവും. കുറ്റബോധം ഉണ്ടാവും. ഇനി തിരിച്ചുവരുമ്പോൾ പോയിക്കാണാം. ഇനി അതു വിചാരിച്ച് തലപുകച്ച്, പോയ തലവേദന തിരികെ വരുത്തേണ്ടെന്ന് കരുതി, അഷ്ടമൂർത്തി, മുറ്റത്ത് കുട്ടികൾ കളിക്കുന്നതും നോക്കി വരാന്തയിലിരുന്നു.

Labels:

Thursday, March 05, 2009

കാരറ്റ് കുമ്പളങ്ങയോട് പറയാതിരുന്നത്

പാതി മുറിഞ്ഞ് വേദനിച്ച്
വട്ടത്തിലിരിക്കുന്ന കുമ്പളങ്ങ
അരികത്തിരിക്കുന്ന കാരറ്റ്
കുമ്പളങ്ങയോട് പറഞ്ഞത്
“ഇപ്പൊക്കണ്ടാൽ ആകാശം പോലുണ്ട്,
കുരുക്കൾ നക്ഷത്രങ്ങളും.” എന്ന്.
വെറും ആശ്വാസവാക്കുകളെന്ന്
തെറ്റിദ്ധരിക്കുമോന്ന് ഭയന്ന്
കൂടുതലായി പറയാൻ വന്ന വാക്കുകൾ
കാരറ്റ് മനസ്സിലൊളിപ്പിച്ചു.
നിന്റെയടുത്തിരിക്കുമ്പോളാണ്
എനിക്ക് കൂടുതൽ ചുവപ്പെന്ന്,
പ്രണയമാണതിനു കാരണമെന്ന്.

Labels:

Sunday, March 01, 2009

പാചകക്കാരൻ

കണ്ണീരിന്റെ ഉപ്പിട്ടും
ചിരിയുടെ മധുരം ചേർത്തും
അവഗണനയുടെ കയ്പ് പകർന്നും
വിരഹത്തിന്റെ പുളിപ്പൊഴിച്ചും
നിരാശയുടെ എരുവ് നിറച്ചും
നിസ്സഹായതയുടെ മസാലക്കൂട്ട് തൂകിയും
ഓരോന്നും പാകം പോലെ
ഓരോ ജീവിതത്തിലേക്കും
കൂട്ടിച്ചേർത്ത്
അനുഭവങ്ങളുടെ തീച്ചൂളയിൽ വേവിച്ചെടുത്ത്
മനുഷ്യജന്മങ്ങളെന്ന വിഭവം
ഓരോ തരത്തിൽ തീർത്തുവെച്ച്
ദൈവം ഒടുവിൽ പറയും.
“ആഹാ! ഞാൻ വിചാരിച്ചതുപോലെയായി.”
ദൈവമെന്ന പാചകക്കാരൻ അറിയാതെ
ഒന്നും കുറയ്ക്കാനും കൂട്ടാനും
കഴിയില്ലെന്നറിഞ്ഞിട്ടും
ചില വിഭവങ്ങൾ തുള്ളിത്തുളുമ്പി നോക്കുന്നു.
കഷ്ടപ്പാടിന്റെ തീയിലേക്ക്
കാലിടറിപ്പോകുമെന്നതു മാത്രം മിച്ചം.

Labels: