Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 31, 2008

ജനുവരി 2008

രണ്ടായിരത്തെട്ട് ജനുവരി കടന്നുപോയിരിക്കുന്നു. പുതുവര്‍ഷം വരുമ്പോള്‍ ഉണ്ടായിരുന്ന സന്തോഷമൊന്നും പോയിട്ടില്ല. എന്തൊക്കെയോ ആഗ്രഹങ്ങളും പ്രതീക്ഷകളും. ഒന്നും ആഗ്രഹിക്കരുത്, പ്രതീക്ഷിക്കരുത് എന്നൊക്കെ വിചാരിച്ച് കര്‍മ്മം ചെയ്ത് ജീവിക്കുന്നവരും ഇതേ രീതിയില്‍ ആഹ്ലാദത്തോടെയാണോ ജീവിതത്തെ നോക്കിക്കാണുക എന്ന് ആര്‍ക്കറിയാം.

പുതുവര്‍ഷത്തിന്റെ തുടക്കദിവസം തീരെ ശരിയായിരുന്നില്ല. സ്വാര്‍ത്ഥതയാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. എന്റേത്, എന്റെ സ്വന്തം എന്നൊക്കെ വിചാരിച്ച് ഇരിക്കുന്നത് കുഴപ്പം തന്നെ.

യാത്രയാണ് ഈ വര്‍ഷത്തില്‍ ആദ്യം തന്നെ സംഭവിച്ച കാര്യം. അത് ഈ വര്‍ഷം മുഴുവന്‍ ഉണ്ടാവുമോന്ന് അറിയില്ല. തളര്‍ന്നിരിക്കുമ്പോള്‍ ഗ്ലൂക്കോസ് കഴിക്കുന്ന അതേ അവസ്ഥയിലാണ് ഞാന്‍ യാത്രയെ കാണുന്നത്. വെറുതെ സമയം കൊല്ലല്‍ എന്നതിലുപരി എന്തൊക്കെയോ നമ്മളിലേക്ക് എത്തിച്ചേരുന്ന യാത്രകള്‍. ഈ യാത്ര വളരെ രസകരമായിരുന്നു. അവസാനനിമിഷം വരെ പോകുമോ ഇല്ലയോ എന്നൊരു ശങ്ക ഉണ്ടായിരുന്നെങ്കിലും, പുറപ്പെട്ടപ്പോള്‍ സന്തോഷമായി.

യാത്രയില്‍ കണ്ട മുഖങ്ങള്‍ പലതും പഠിപ്പിച്ചു. ചിലരൊക്കെ എല്ലാവരുടേയും ജീവിതത്തിലേക്കൊരു വെളിച്ചമാണെന്ന് തോന്നി. അപരിചിതര്‍ ആയിരുന്നിട്ടും എത്രയൊരു അടുപ്പത്തോടെയാണവര്‍ പെരുമാറിയത്. അങ്ങനെയുള്ളവരുടെ കൂടെയാവുമ്പോള്‍ നമ്മളും അതുപോലെ ആവാതെ നിവൃത്തിയില്ല.

സൌഹൃദമാണ് വേറൊരു കാര്യം. എനിക്കൊന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. അഭിനയിക്കരുത്. ഉണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട. തീര്‍ത്തും അപരിചിതരായിരുന്ന ചിലര്‍ കാണിച്ച അടുപ്പം കണ്ടപ്പോള്‍, അവരുടെ സ്‌നേഹം കണ്ടപ്പോള്‍ എനിക്കിങ്ങനെ പറയണം എന്ന് തോന്നി. വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചവരെ കണ്ടതിന്റെ സന്തോഷം പറയാന്‍ കഴിയില്ല.

പതിവുപോലെ കുറച്ച് പുസ്തകങ്ങള്‍ വാങ്ങി. പതിവുപോലെ സൂക്ഷിച്ചുവെച്ചു. വായനയൊക്കെ പതുക്കെ തുടങ്ങും.

യാത്രയില്‍ നിന്നു നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. മറക്കാന്‍ കഴിയാത്തവ. പതിവുപോലെ ചില അബദ്ധങ്ങളും. ഇത്തവണ വല്യ അബദ്ധം എന്നുപറയാം. കൂട്ടുകാരെയൊക്കെ നേരില്‍ കാണുമ്പോള്‍ ഒക്കെ പങ്കുവെക്കാം.

ജനുവരി അല്പസ്വല്പം വിഷമങ്ങള്‍ ഉണ്ടായെന്നൊഴിച്ചാല്‍ വളരെ നല്ലതായിരുന്നു. ഒരു ജനുവരി കൂടെ തന്നതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രണയാര്‍ദ്രമായ ഫെബ്രുവരിയിലേക്ക് പോകുന്നു.


പാഠം

എവിടെയോ ആരോ പറഞ്ഞുകേട്ടതാണ്.

അപമാനിക്കപ്പെടുന്നവരേക്കാള്‍ പീഡനം സഹിക്കേണ്ടിവരുന്നത് അപമാനിക്കുന്നവരാണ്. അപമാനിക്കപ്പെടുന്നവര്‍, സ്‌നേഹവും, ക്ഷമയും, മറ്റുള്ളവരുടെ സഹായവും, ദൈവവിശ്വാസവും കൊണ്ട് അപമാനം സഹിക്കാനും അപമാനിച്ചവരോട് പൊറുക്കാനും ഉള്ള കഴിവ് നേടിയെടുക്കും. അപമാനിച്ചവരാകട്ടെ, ചെയ്തുപോയ തെറ്റോര്‍ത്ത്, കുറ്റബോധം കൊണ്ട് നീറി, അതൊന്നുമില്ലെങ്കില്‍, തിരിച്ചടി വരുമോയെന്നോര്‍ത്ത് കഴിയേണ്ടിവരുമത്രേ. ഈയൊരു പാഠം വരും കാലങ്ങളിലും എന്നോടൊപ്പം ഉണ്ടാവും. ഒരു ആശ്വാസമായിട്ട്.

Labels:

Tuesday, January 15, 2008

ചില ജന്മങ്ങള്‍

ഞായറാഴ്ച ആയിട്ട് വെറുതേ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു, ഞാനും ചേട്ടനും. കുറച്ച് ദൂരത്തുള്ള ടൌണിലേക്ക് പോയി വരാമെന്ന് വിചാരിച്ച് ബസ്സില്‍ കയറി. സീറ്റുള്ള ബസ്സില്‍ കയറാം എന്നു പറഞ്ഞപ്പോള്‍ എല്ലാവരും എന്നോട് പറയുന്നതുപോലെ എല്ലാ ബസ്സിലും സീറ്റുണ്ടാവും എന്ന് ചേട്ടനും പറഞ്ഞു. ബസ്സില്‍, നിന്നു യാത്ര ചെയ്യുക എന്നുപറഞ്ഞാല്‍ എനിക്ക് നടന്നുപോയാലും വേണ്ടില്ല, എത്ര ദൂരത്തായാലും എന്നു തോന്നും.

ഭാഗ്യത്തിന് കയറിയപാടേ സീറ്റ് കിട്ടി. അറ്റത്ത്. ഇരുന്നു. അടുത്തുള്ളവള്‍ വല്യ ഗൌരവത്തിലാണ്. ഞാന്‍ അതിലും വല്യ ഗൌരവത്തില്‍ ഇരുന്നു. എന്തിനു കുറയ്ക്കണം. കാക്കപ്പൊന്നാണെങ്കിലും നമ്മള്‍ നമ്മുടെ പവറൊന്നും കുറയ്ക്കേണ്ടല്ലോ.

അടുത്ത സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം. വല്യ സംഭവം ഒന്നുമല്ല. കുറേ, കുറേ എന്നുപറഞ്ഞാല്‍ അഞ്ച്, ചെറുതും വലുതുമായ കുട്ടികള്‍, ഒരമ്മ, അതിന്റെ കൈയില്‍ ഒരു കൈക്കുഞ്ഞ്, ഇത്രേം പേര്‍ കയറി. ഒക്കെ പിച്ചയെടുത്ത് ജീവിക്കുന്നവര്‍. ജനിച്ചയന്ന് കുളിച്ചിട്ടുണ്ടാവും. അത്രയ്ക്കും മുഷിഞ്ഞ വേഷം, ക്ഷീണിച്ച കോലം. അല്ലാതെ പിന്നെ നാലുനേരം മൂക്കുമുട്ടെ തിന്ന് ഏമ്പക്കം വിടുന്ന എന്നെപ്പോലെ ഇരിക്കില്ലല്ലോ.

കയറി വന്നുനിന്നത് എന്റെയടുത്ത്. കാരണം ബസ്സിലെ സീറ്റിന്റെയടുത്തുള്ള തൂണില്‍ ചാരിയാണ് എന്റെ ഇരുപ്പ്. എല്ലാംകൂടെ വന്ന് അതില്‍പ്പിടിച്ചു. എനിക്കൊന്നും തോന്നിയില്ല. അതുങ്ങളുടെ നില്‍പ്പും, വര്‍ത്തമാനവും കണ്ടപ്പോള്‍, ഞാന്‍ കോളേജില്‍ പോകുന്ന കാലം ഓര്‍ക്കുകയും ചെയ്തു. ഞങ്ങളും അങ്ങനെ ഒരുമിച്ച് പിടിച്ച് നിന്ന് അയ്യോ അയ്യോ എന്നൊക്കെപ്പറയുമായിരുന്നു. അട്ടഹസിക്കുകയും ചെയ്യുമായിരുന്നു.

അവര്‍ വന്നു നിന്ന് ബസ് വിട്ടതും എന്റെ അടുത്ത് ഇരുന്ന കുട്ടി (കുട്ടിയൊന്നുമല്ല. എന്നേക്കാളും പ്രായം കുറവായതുകൊണ്ട്, കുട്ടി.) പറഞ്ഞു, എല്ലാത്തിനോടും ഡ്രൈവറുടെ സീറ്റിനു പിറകില്‍ ഉള്ള സ്ഥലത്ത് പോയി നില്‍ക്കാന്‍ പറ എന്ന്. പിന്നേ... അവളു പറയുന്നതു കേള്‍ക്കാന്‍ എന്നെ അവളുടെ വേലക്കാരിയായിട്ട് അപ്പോയിന്റ് ചെയ്തിരിക്ക്യല്ലേ. ഞാന്‍ അങ്ങനെയൊന്ന് എന്റെ ചെവിയില്‍ എത്തിയതേയില്ല എന്ന
ഭാവത്തില്‍ ഇരുന്നു.

അവള്‍ക്കു പേടി. ഈ കുളിക്കാത്ത, വൃത്തിയില്ലാത്ത, പൈസയില്ലാത്ത കുട്ടികള്‍, സ്റ്റൈല്‍ ഇല്ലാത്ത കുട്ടികള്‍, ഞങ്ങളുടെ നടുവിലേക്ക് നില്‍ക്കട്ടെ എന്നു പറഞ്ഞാലോയെന്ന്. അവളുടെ പെര്‍ഫ്യൂമടിച്ച കുപ്പായം ചീത്തയാവില്ലേ. അവളെ പുറത്തുനിന്നോ ബസ്സിനകത്തുനിന്നോ ആരെങ്കിലും നോക്കാനുണ്ടെങ്കില്‍, ഈ കുട്ടികളുടെ അടുത്തൊക്കെ നിന്നാല്‍ അവളുടെ വില പോയില്ലേ.

ആ കുട്ടികള്‍ കേട്ടോയെന്നറിയില്ല, അവള്‍ പറഞ്ഞത്. അതുങ്ങള്‍, അല്പം കഴിഞ്ഞ്, കയറിയ അതേ ഉഷാറോടെ മുന്നിലേക്ക് പോയി, അവിടെ പിടിച്ചുനിന്ന് ആഹ്ലാദിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ക്കെന്തറിയാം ഈ “വല്യവരുടെ” കാര്യം!

എനിക്ക് വളരെ സന്തോഷമായി. എന്തിനു? നിങ്ങള്‍ ആലോചിക്കും, അവരൊക്കെ മുന്നോട്ട് പോയതുകൊണ്ടാവും എന്ന്. അല്ലല്ല. എന്റെ ചുരിദാറിനും, മാലയ്ക്കും, മോതിരങ്ങള്‍ക്കും, വളകള്‍ക്കും, കമ്മലിനും, ഒക്കെ എന്തൊരു വില. എന്തൊരു ബഹുമാനമാണ് കിട്ടിയത്. അതൊക്കെ ഇല്ലായിരുന്നെങ്കില്‍, അവള്‍, ഞാനും കയറിയപാടേ എന്നോട് ഇവിടെ ഇരിക്കാന്‍ പറ്റില്ല, മുന്നിലെങ്ങാനും പോയി നില്‍ക്ക് എന്നു പറയില്ലായിരുന്നോ? ഹോ...ഞാന്‍ സന്തോഷംകൊണ്ട് കോരിത്തരിച്ചു. ഒരു കരിക്കട്ടയ്ക്ക്, കാക്കപ്പൊന്നിനു ഇത്രേം സന്തോഷിക്കാന്‍ കിട്ടിയാല്‍പ്പിന്നെ വെറുതേ വിടണോ. ഞാനങ്ങ് സന്തോഷിച്ചു.

ഒരു രണ്ട് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഞാന്‍ അവളോട് എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. ഇപ്പോ ഞാന്‍ മിക്കവാറും നിശ്ശബ്ദമായിട്ട് സഹിക്ക്യേ ഉള്ളൂ ഒക്കെ. പറഞ്ഞാലേ ഗതിയുള്ളൂ എന്നുള്ള അവസരങ്ങളില്‍ മാത്രം പ്രതികരിക്കാറുണ്ട്.

പിന്നെ ആലോചിച്ചപ്പോള്‍ അവളെയൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചെലപ്പോ എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിലും ഇതേ പറയുമായിരുന്നുള്ളൂ എന്ന് ഞാനോര്‍ക്കുകയും ചെയ്തു. :) (സ്മൈലി, സ്മൈലി)

എനിക്കന്നത്തെ ദിവസം തല പുകഞ്ഞ് പോയിക്കിട്ടി. ആ പുക മാറുമ്പോഴേക്കും വേറൊരു പുക തലയിലേക്ക് കയറി. അതുമാറുമ്പോഴേക്ക് വേറൊരു പുക തലയിലേക്ക് വന്നു. ഒക്കെക്കൂടി മതിയായിപ്പോയപ്പാ. (വക്കാരിയപ്പാ, എവിടെപ്പോയപ്പാ?)

Labels:

Saturday, January 12, 2008

കുരുത്തക്കേടും മറവിയും

1. കുരുത്തക്കേട്

വിധി, കുരുത്തക്കേട് കളിച്ച് കളിച്ച്, ഫുള്‍സ്റ്റോപ്പ് മായ്ച്ചപ്പോഴാണ് ജീവിതത്തിന് പിന്നേം മുന്നോട്ട് നീങ്ങേണ്ടിവന്നത്.


2. മറവി

തലേല് വരച്ച ദൈവം മായ്ക്കാന്‍ റബ്ബര്‍ വയ്ക്കാന്‍ മറന്നു. അല്ലെങ്കില്‍ വര മായ്ച്ച് തോന്നിയപോലെ വരയ്ക്കാമായിരുന്നു.

Labels:

Thursday, January 10, 2008

പുതുവര്‍ഷം

പിന്നിലായ് പോയ്മറഞ്ഞൂ,
വീണ്ടുമൊരു വര്‍ഷംകൂടെ.
പിന്നിട്ടുപോന്നിരുന്നത്,
പൊന്നായിരുന്നുവോ!
നേരമില്ലെന്നാകിലും,
പിന്തിരിഞ്ഞുനോക്കണം.
പതിരും പൊന്നും വേറെയായ്,
നോക്കിയെടുത്തുവയ്ക്കണം.
ഇന്നലെക്കണ്ട സ്വപ്നങ്ങള്‍,
ഇന്നിലും കൂടെ വന്നേയ്ക്കും.
ഭാരമാകുമെന്നോര്‍ത്ത്,
കളയാതെയിരിക്കണം.
ഓര്‍മ്മതന്‍ ഭാണ്ഡക്കെട്ടുകള്‍,
മറക്കാതെ ചുമക്കേണം.
സ്നേഹം തന്ന വഴിയിലൂടൊന്നു-
കൂടെ കറങ്ങേണം.
ദ്രോഹത്തിന്‍ കനലുകളില്‍,
മനസ്സുവാടാതെ നോക്കണം.
ഇന്നലെയെന്ന വാഹനത്തില്‍നി-
ന്നിറങ്ങിവന്നെന്നോര്‍ക്കണം.
നാളെയെന്ന വാഹനം,
ദൂരെയാണെന്നോര്‍ക്കണം.
ഇന്നിന്റെ വാഹനത്തില്‍,
‍തിരക്കാണെങ്കിലും കയറണം.
ഇതാണ് പുതുവര്‍ഷം.
പതിരാവാതെ നോക്കിടാം.
പഴകിത്തീരും മുമ്പേ,
പൊന്നാക്കിമാറ്റിടാം.

Labels:

Monday, January 07, 2008

ഉണ്ണുനീലിചരിതം

ഇല്ലാത്ത രണ്ട്മൂവായിരം രൂപ തുപ്പലുകൂട്ടി എണ്ണിക്കൊടുത്താണ് ഇട്ടിക്കണ്ടപ്പനും ഉണ്ണുനീലിയും ഏ സിയിലേക്ക് തന്നെ കയറിയത്. ദീര്‍ഘദൂരയാത്രയ്ക്ക് അതുതന്നെയാവും നല്ലതെന്ന് തോന്നി. ഉണ്ണുനീലിയ്ക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്റ്റില്‍ പാവങ്ങളുടെ കൂടെ മറ്റൊരു പാവമായിട്ട് ഇരിക്കുന്നതാണിഷ്ടം. ഏസിയില്‍ ഉള്ളവര്‍ പലരും, അതിന്റെ ചാര്‍ജ്, അവരുടെ ഡബിറ്റ് ആന്‍ഡ് ക്രഡിറ്റ് കാര്‍ഡുകളുടെ എണ്ണം, അവരുടെ സ്വത്തുക്കള്‍, അവരുടെ ബാങ്ക് ലോക്കറിലെ ആഭരണങ്ങള്‍ എന്നിവയുടെ കനമൊക്കെ മുഖത്തുപേറി കനപ്പെട്ട് ഇരിക്കുന്നവരായിരിക്കും. അവരുടെ ഭാവം ആര്‍ക്കുകാണണം?
കയറിയൊരുവിധം അടുക്കിവെക്കലൊക്കെ കഴിഞ്ഞപ്പോള്‍ ഉണ്ണുനീലി സഹയാത്രികരെ വീക്ഷിച്ചു. ഓ മൈ ഗോഡ്! സായിപ്പും, സായിപ്പിന്റെയാവും, ഒരു മദാമ്മയും. വെരി ഗുഡ്. ഇവരോട് ഉണ്ണുനീലിയ്ക്ക് ഒന്നും മിണ്ടേണ്ടിവരില്ല. കാരണം ഉണ്ണുനീലി ഓക്ഫോര്‍ഡില്‍ പഠിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടല്ലേ ഉള്ളൂ. എന്നാലും അത്യാവശ്യം ഏ ബി സി ഡിയൊക്കെ ഉണ്ണുനീലിയ്ക്കും വശമുണ്ട്.
കയറി കുറേക്കഴിഞ്ഞപ്പോള്‍ മദാമ്മ ഉണ്ണുനീലിയെ നോക്കി പുഞ്ചിരിച്ചു. അതിനു ഭാഷയും ചെലവും ഇല്ലാത്തതുകൊണ്ട് ഉണ്ണുനീലിയും തിരിച്ചുകൊടുത്തു. അതുകഴിഞ്ഞ്, മദാമ്മ ഇട്ടിക്കണ്ടപ്പനെ നോക്കി പുഞ്ചിരിച്ചു. 15 വര്‍ഷം പ്രായമായ ഭര്‍ത്താവിനെ നോക്കി സുന്ദരിയായ മദാമ്മ പുഞ്ചിരിക്കുകയോ? അഹങ്കാരം. ഉണ്ണുനീലിയ്ക്കത്ര പിടിച്ചില്ല. ഉണ്ണുനീലി ഉടനെ തന്നെ ഇട്ടിക്കണ്ടപ്പന് ഉറക്കമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ബെര്‍ത്തിലേക്ക് കിടക്കാനയച്ചു. എന്നിട്ട് മദാമ്മയെ നോക്കിയിട്ട് മനസ്സില്‍ പറഞ്ഞു. ഇനി നീ എത്ര വേണേലും പുഞ്ചിരിച്ചോടീ.
മദാമ്മ ചോദിച്ചു.
“എങ്ങോട്ടാ?”
അറിയാവുന്ന ഭാഷയില്‍ ഉണ്ണുനീലി പറഞ്ഞു. “ഞങ്ങള്‍ മുംബൈ ജംക്‍ഷനിലേക്കാണ്.”
അപരിചിതരോട് എല്ലാം വെളിപ്പെടുത്തി സംസാരിക്കരുതെന്ന അച്ഛനമ്മമാരുടെ ഉപദേശം ഓര്‍മ്മിച്ച്, ഇട്ടിക്കണ്ടപ്പന്‍, എത്തിനോക്കി എല്ലാം വിശദമായി പറയുന്നതിനുമുമ്പ് തന്നെ ഉണ്ണുനീലി പറഞ്ഞു. ഇട്ടിക്കണ്ടപ്പന് വല്ല ഉപദേശികളും ഉണ്ടായിരുന്നെങ്കില്‍ ഉണ്ണുനീലിയെ കല്യാണം കഴിക്കില്ലായിരുന്നല്ലോ.
“നിങ്ങളെ എങ്ങോട്ടാണ് കെട്ടിയെടുത്തിരിക്കുന്നത്?” ഉണ്ണുനീലി ചോദിച്ചു.
“ഞങ്ങളും മുംബൈ ജം‌ക്‍ഷനിലേക്കാണ്.” മദാമ്മ മൊഴിഞ്ഞു.
ഉണ്ണുനീലിയ്ക്ക് ഒരു കാര്യത്തില്‍ സമാധാനമായി. മദാമ്മയ്ക്കും വിവരമുള്ള അച്ഛനമ്മമാരുണ്ട്.
“എന്താ പേര്?”
“എന്റെ പേര് ഉണ്ണുനീലി. ഹിസ് നെയിം ഇട്ടിക്കണ്ടപ്പന്‍.”
“നൈസ് നെയിംസ്.”അസ്സലു മദാമ്മ. സോപ്പിടല്‍ ഇവരുടെ അടുത്തുനിന്ന് പഠിക്കണം.
“ഉണ്ണുനീലിയുടെ മീനിംഗ് എന്താണ്?”
ഇവരെ വെറുതെ വിടരുത്.
“ഉണ്ണുനീലി എന്നുപറഞ്ഞാല്‍, ബ്യൂട്ടിഫുള്‍ ആന്‍ഡ് വൈസ് ഡോട്ടര്‍.”
“ഹൌ സ്വീറ്റ്.”
പൊട്ടത്തി! ഒക്കെ വിശ്വസിച്ചു. വെറുതെയല്ല സായിപ്പിനെ കെട്ടേണ്ടിവന്നത്.
ഉണ്ണുനീലി പാട്ടുമൂളി.
“ക്യാന്‍ യൂ സിംഗ് ലൌഡ്ലി?”
പാടിയേക്കാം. ട്രെയിനില്‍ ചോര്‍ച്ചയുണ്ടാവുമോ? അതും ഏസിയില്‍? ഉണ്ടാവാന്‍ ചാന്‍സില്ല. മദാമ്മയ്ക്ക് പറ്റിയ പാട്ട് പാടാം.
“ഈ മുള്‍ക്കിരീടമിതെന്തിന് തന്നൂ, കാരുണ്യവാനാം ദൈവമേ?” പാട്ട് ഓര്‍മ്മിച്ചെടുത്ത് ഉണ്ണുനീലി പാടി.
“നൈസ് സോംഗ്.” മദാമ്മ.
“യെസ് യെസ്. മൈ ഹബ്ബീസ് ഫേവറിറ്റ് സോംഗ്. ഹി സിംഗ്സ് എവെരിഡേ, ഫോര്‍ മി.”
“വാട്ടീസ് ദ മീനിംഗ് ഓഫ് ദ സോംഗ്?”
വെറുതെയിരുന്ന സായിപ്പും ചോദ്യം തുടങ്ങി. അയാളുടെ ഒരു വാട്ടീസ്. മദാമ്മയേം കൊണ്ട് ഇറങ്ങിയതിന് അയാള്‍ക്കൊരു പാര കൊടുത്തേക്കാം.
“മീനിംഗ് ഓഫ് ദ സോംഗ് ഈസ്, ഓ...മൈ ബ്യൂട്ടിഫുള്‍, ഇന്റലിജന്റ് ആന്‍ഡ് സെക്സി വൈഫ്, ഐ ആം വെരി ലക്കി ടു ലിവ് വിത് യൂ ഇന്‍ ദിസ് ലൈഫ്.”അറിയാവുന്ന ഇംഗ്ലീഷൊക്കെയെടുത്ത് ഉണ്ണുനീലി കാച്ചി. ഞെട്ടിത്തരിച്ച ഇട്ടിക്കണ്ടപ്പന്‍, ഇവള്‍ക്ക് ഇംഗ്ലീഷ് അധികം അറിയാഞ്ഞതില്‍ ദൈവത്തെ സ്തുതിച്ചു.
“വൌ! ഓ മൈ ഗോഡ്! ഹൌ റൊമാന്റിക്.” മദാമ്മ കൂവി. ഇട്ടിക്കണ്ടപ്പനെ ഒന്നെത്തിനോക്കി, സായിപ്പിനെ ‘ഇതൊക്കെയൊന്ന് കണ്ടുപഠിക്ക് മനുഷ്യാ’ എന്ന മട്ടില്‍ ഒന്നു നോക്കി. ഭാര്യയ്ക്കു വേണ്ടി ദിവസവും പാടുന്ന പാട്ട് കേട്ടില്ലേ?
“യൂ റ്റൂ കാന്‍ സിംഗ് ഫോര്‍ ഹേര്‍.” ഉണ്ണുനീലി, സായിപ്പിനെ പ്രോത്സാഹിപ്പിച്ചു. മദാമ്മയ്ക്ക് പാടിക്കൊടുക്കാന്‍ ഇതിലും നല്ല പാട്ടില്ല. അര്‍ത്ഥം അറിയുമ്പോള്‍, മദാമ്മ വൌ എന്നതിനു പകരം ബൌ എന്നു പറഞ്ഞോളും.
“ഐ സിംഗ്, യു റിപീറ്റ്.” ഉണ്ണുനീലി പറഞ്ഞു.
“ഓക്കെ.” സായിപ്പ്.
“ഈ മുള്‍ക്കിരീടമിതെന്തിന് തന്നൂ....” ഉണ്ണുനീലി പാടി.
“ഈ മുല്‍ക്കിരീറ്റമിറ്റെന്തിന് റ്റന്നൂ...” സായിപ്പ് ഏറ്റുപാടി. മദാമ്മ സ്നേഹപൂര്‍വം സായിപ്പിനെ നോക്കി. ആദ്യമായിട്ടായിരിക്കും.
‘ഒരൊറ്റ മലയാളിയേയും ഇയാള്‍ക്ക് അടുത്ത് പരിചയമുണ്ടാവരുതേ ദൈവമേ.’ കിട്ടിയ ചാന്‍സില്‍ ഉണ്ണുനീലി ദൈവത്തെ വിളിച്ചു.
ടി.ടി. ആര്‍. ഒന്നെത്തിനോക്കിപ്പോയി. ഇപ്പോ വീണ്ടും വരുമായിരിക്കും. അയാള്‍ മലയാളി ആവാന്‍ ചാന്‍സുണ്ട്. സായിപ്പിന്റെ “റൊമാന്റിക് സോംഗ്” കേട്ടാല്‍...കണക്കായി. ഉണ്ണുനീലി വിചാരിച്ചു.
“ടി ടി ആര്‍ കമിംഗ്, നോ സിംഗിംഗ്.” ഉണ്ണുനീലി സായിപ്പിന് താക്കീതു കൊടുത്തു.
“വൈ?” സായിപ്പ് ആന്‍ഡ് മദാമ്മ ഒരേ സ്വരത്തില്‍. രണ്ടും എന്റെ തടികേടാക്കും. ഉണ്ണുനീലി വിചാരിച്ചു.
“ബികോസ് ഹി ഡിസ്‌ലൈക്സ് റൊമാന്റിക് സോംഗ്സ്.”
“ബട്ട് വൈ?”
നിങ്ങളെയൊക്കെ പാട്ടുപഠിപ്പിച്ച എന്നെ വേണം തല്ലാന്‍ - ഉണ്ണുനീലി.
“യൂ നോ, ഹി ഈസ് എ ഡിവോഴ്സി. സൊ ഹി ഹേറ്റ്സ് സോംഗ്സ് സിംഗിംഗ് ഫോര്‍ വൈഫ്.”
“ഹൌ ഡു യൂ നോ?”
സായിപ്പേ പറഞ്ഞതു കേട്ടാമതി വെറുതെ എനിക്ക് ജോലിയുണ്ടാക്കരുത്.
“വെരി സിം‌പിള്‍. യൂ ആര്‍ ട്രാവലിംഗ് വിത് യുവര്‍ വൈഫ്. മൈ ഹസ്ബന്‍ഡ് ഈസ് ട്രാവലിംഗ് വിത് ഹിസ് വൈഫ്, ആന്‍ഡ് ദിസ് ടി. ടി. ആര്‍ ഈസ് ആള്‍വേയ്സ് ട്രാവലിംഗ് അലോണ്‍.”
“യെസ്! യെസ്!” സായിപ്പ്.
മദാമ്മയ്ക്കൊത്ത സായിപ്പ്. ഒക്കെ വിശ്വസിച്ചു. വെറുതെയല്ല, ഇന്ത്യക്കാരൊക്കെ അമേരിക്ക കാണാന്‍ പോകുമ്പോള്‍, സായിപ്പിനു കാഴ്ച കാണാന്‍ ഇന്ത്യയില്‍ വരേണ്ടിവരുന്നത്.
ഇവളുടെ ഏത് സൈസ് ഫോട്ടോ, ഇക്കണക്കിനുപോയാല്‍ പത്രത്തില്‍ കൊടുക്കേണ്ടിവരുമെന്നോര്‍ത്ത്, മതിയാക്കിക്കോയെന്ന മുന്നറിയിപ്പ് നല്‍കാന്‍, ഇട്ടിക്കണ്ടപ്പന്‍ ഉറക്കം മതിയാക്കി താഴെയിറങ്ങിവന്നു. പിന്നെ ഉണ്ണുനീലി മിണ്ടാതെ ഇരുന്നു.
ഇട്ടിക്കണ്ടപ്പന്‍ ചോദിക്കുന്നു. സായിപ്പും മദാമ്മയും ഉത്തരം പറയുന്നു.
“കേരളത്തിലേക്ക് തിരിച്ചുവരുമോ? ഇട്ടിക്കണ്ടപ്പന്‍.
“വരുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചുപോകുന്നത് കേരളത്തില്‍ നിന്നാണ്.”
“എപ്പോഴാ ഇനി.”
“അടുത്തയാഴ്ച.”
“ശനി?”
“അല്ല ഞായര്‍.”
ഉണ്ണുനീലിയുടെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി.
“ഏത് ട്രെയിന്‍?”
സായിപ്പ് ട്രെയിനിന്റെ പേരു പറഞ്ഞു.
ഏയ്...തനിക്കു തോന്നിയതാവും. ഉണ്ണുനീലി സമാധാനിച്ചു.
“ഏതാ സീറ്റും കോച്ചുമൊക്കെ?”
മദാമ്മ ഏതോ ടിക്കറ്റ് എടുത്ത് കൊടുത്തു. ഇട്ടിക്കണ്ടപ്പന്‍ നോക്കിയിട്ട് ഉണ്ണുനീലിയ്ക്ക് കൊടുത്തു. ഉണ്ണുനീലിയുടെ ബോധം പകുതിയായി.
അവര്‍ വരുന്ന അതേ ട്രെയിന്‍, അതേ കോച്ച്, അടുത്തടുത്ത നമ്പറ്!
ഇവരൊരു മലയാളിയ്ക്ക് മുമ്പിലും ആ റൊമാന്റിക് സോംഗ് പാടല്ലേന്നോര്‍ത്ത് ഉണ്ണുനീലി വിറയ്ക്കുന്ന കൈകളോടെ ടിക്കറ്റ് തിരിച്ചുകൊടുത്തു.
സായിപ്പ് അപ്പോഴും “റൊമാന്റിക് സോംഗ്” പാടുന്നുണ്ടായിരുന്നു.

Labels:

Thursday, January 03, 2008

ഈ ചേട്ടന്റെ ഒരു കാര്യം!

“നമസ്കാരം!”
“നമസ്കാരം!”
“സൂര്യഗായത്രി എന്ന പേരിലുള്ള ബ്ലോഗുടമ സു-വിന്റെ ചേട്ടനല്ലേ?”
“അതെയതെ. എന്റെ മുഖത്ത് ആ ലുക്കുണ്ടോ?”
“ഉണ്ട് ചേട്ടാ ഉണ്ട്. ചേട്ടനോട് അല്പം കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്നതാണ്.”
“അല്പമാക്കേണ്ട അനിയാ. അനിയാന്നു വിളിക്കാലോ അല്ലേ? ഇഷ്ടം പോലെ ചോദിച്ചോ. എനിക്കറിയാവുന്നതിന്റെ എന്തിന്റേയും ഉത്തരം ഞാന്‍ തരും.”
അനിയന്‍:- ഭാര്യ ബ്ലോഗെഴുതുന്നതില്‍ ചേട്ടന് എന്താണഭിപ്രായം?
ചേട്ടന്‍:- എനിക്ക് നല്ല അഭിപ്രായമാണ്. എന്റെ ഭാര്യ മാത്രമല്ല, എല്ലാവരുടേയും ഭാര്യമാര്‍ ബ്ലോഗെഴുതണം എന്നാണെന്റെ അഭിപ്രായം. കുടുംബത്തിലെ മനസ്സമാധാനത്തിന് അത് വളരെ ഉപകാരപ്രദമാണ്.
അനിയന്‍:- അതൊന്ന് വിശദീകരിക്കാമോ?
ചേട്ടന്‍:- എടോ...ഇപ്പോ, ഭാര്യ വഴക്കിനു വന്നു എന്നിരിക്കട്ടെ. അപ്പോപ്പറയണം. ഹോ...എത്ര പുതിയ പോസ്റ്റുകളാ ബ്ലോഗുകളില്‍ എന്ന്. അപ്പോ, അതു വായിക്കാനോ കമന്റിടാനോ, സ്വന്തം ബ്ലോഗില്‍ പോസ്റ്റിടാനോ പോവും. നമ്മള്‍ രക്ഷപ്പെട്ടു.
അനിയന്‍:- ഭാര്യയുടെ എഴുത്തിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ചേട്ടന്‍:- അത് ഭയങ്കര എഴുത്തല്ലേ? എനിക്ക് പണ്ടേ അറിയാം. രണ്ട് കിലോ അരി വേണ്ടിടത്ത് അവള്‍ നാലെന്നേ എഴുതൂ. കുറഞ്ഞൊരു എഴുത്ത് അവളില്‍ നിന്നു പ്രതീക്ഷിക്കേണ്ട.
അനിയന്‍:- സു എഴുതിയിരുന്നെങ്കില്‍ എന്ന് ചേട്ടനാഗ്രഹിച്ച വല്ലതും ഉണ്ടോ?
ചേട്ടന്‍:- പിന്നില്ലാതെ. കല്യാണത്തിനുമുമ്പ് അവളേതെങ്കിലുമൊരുത്തനു പ്രേമലേഖനം എഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ട് അവന്‍ കെട്ടിയിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെ.
അനിയന്‍:- സു- വിന്റെ ബ്ലോഗില്‍ കമന്റ് ബോക്സില്‍ വിമര്‍ശനം വരുമ്പോള്‍ ചേട്ടനെ അത് ബാധിക്കാറുണ്ടോ?
ചേട്ടന്‍:- ഉണ്ടോന്നോ? എനിക്കു നല്ല ദേഷ്യം വരും.
അനിയന്‍:- ഭാര്യയോട് അത്രയ്ക്കും ഇഷ്ടമാണല്ലേ?
ചേട്ടന്‍:- തമാശ! തമാശ! എടോ, വിമര്‍ശിച്ചത് ഇഷ്ടപ്പെടാതെ അവളിനി ബ്ലോഗില്‍ പോസ്റ്റ് ഇടുന്നില്ല എന്നുപറഞ്ഞാല്‍ ആര്‍ക്കുപോയി? അവളെഴുതുന്നതൊക്കെ ഞാനൊറ്റയ്ക്ക് വായിക്കേണ്ടേ? അതിന്റെ വിഷമം വല്ലതും വിമര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവുമോ?
അനിയന്‍:- ഇന്റര്‍നെറ്റ്, സൌഹൃദത്തിന് നല്ലൊരു മേഖലയാണല്ലോ. ഭാര്യയ്ക്ക് പുരുഷസുഹൃത്തുക്കള്‍ ഉണ്ടാവുന്നതില്‍ ചേട്ടന് എന്താണഭിപ്രായം?
ചേട്ടന്‍:- ഹഹഹഹഹ
അനിയന്‍:- ചേട്ടാ ചിരി നിര്‍ത്തി ഉത്തരം പറയൂ.
ചേട്ടന്‍:- നീയിത്രേം വല്യ തമാശക്കാരനാണെന്ന് ഞാന്‍ ഓര്‍ത്തില്ല.
അനിയന്‍:- ഇതിലെന്താ ഇത്രേം വല്യ തമാശ?
ചേട്ടന്‍:- എടോ...അവളുടെ സ്വഭാവമനുസരിച്ച് അവള്‍ക്ക് പെണ്‍സുഹൃത്തുക്കള്‍ പോലും ഉണ്ടാവാന്‍ ചാന്‍സില്ല. പിന്നെയല്ലേ ആണ്‍സുഹൃത്തുക്കള്‍. എന്തായാലും ഉള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി നമുക്ക് മൂന്നു മിനുട്ട് മൌനപ്രാര്‍ത്ഥന നടത്താം.
“ചേട്ടാ മൂന്നു മിനുട്ട് കഴിഞ്ഞു.”
ചേട്ടന്‍:- ഉം, ചോദിച്ചോ ചോദിച്ചോ.
അനിയന്‍:- സു നല്ലൊരു പാചകക്കാരിയാണല്ലേ?
ചേട്ടന്‍:- അതെയതെ. നിനക്കൊക്കെ എന്തും വിചാരിക്കാം. പരീക്ഷണങ്ങള്‍ മുഴുവന്‍ സഹിക്കേണ്ടത് ഞാനല്ലേ.
അനിയന്‍:- ചേട്ടന്‍ ഒരു ബ്ലോഗ് വായനക്കാരന്‍ എന്ന നിലയില്‍ സു- വിന് എന്തെങ്കിലും ഉപദേശങ്ങള്‍ അഥവാ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടോ?
ചേട്ടന്‍:- അവളുടെ ബ്ലോഗ് അവളുടെ എഴുത്ത്. ഞാനൊന്നും പറയേണ്ട കാര്യമേയില്ല. എന്നാലും, ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. കക്കൂസില്‍ പോകുന്നു എന്നൊരു തലക്കെട്ടില്‍ ഒരു പോസ്റ്റെഴുതി, നര്‍മ്മം എന്നു ലേബലിട്ടുവെച്ചാല്‍ പലരും വന്ന് ചിരിച്ചുപോയെന്നു വരും. പക്ഷെ, പിന്നെ, വളരെക്കാലം കഴിഞ്ഞ് നോക്കുമ്പോള്‍ അയ്യേന്നാവും. അത്തരം പോസ്റ്റുകള്‍ കഴിവതും ഇടാതിരിക്കാന്‍ ശ്രമിക്കണം എന്ന്.
അനിയന്‍:- ആകെ മൊത്തം ടോട്ടലായിട്ട്, ഭാര്യ ബ്ലോഗെഴുതുന്നതില്‍ കുഴപ്പമില്ല എന്നാണ് ചേട്ടന്റെ അഭിപ്രായം അല്ലേ?
ചേട്ടന്‍:- അതേടോ. ഭാര്യ എന്നുപറയുന്നത്, അടുക്കളയിലെ മറ്റൊരു മെഷീനല്ലല്ലോ. നമ്മെപ്പോലെ മനുഷ്യജീവി അല്ലേ? എഴുതണമെങ്കില്‍ എഴുതട്ടെ. വായിക്കണമെങ്കില്‍ വായിക്കട്ടെ. ജോലിക്കുപോകണമെങ്കില്‍ പോകട്ടെ. നമ്മള്‍, വിശക്കുന്നു, കഞ്ഞീം കറീം ഇങ്ങെടുത്തോന്നു പറയുമ്പോള്‍, ബ്ലോഗ് വായിക്കട്ടെ ചേട്ടാ എന്നിട്ടാവാം, എന്നു പറയരുത്.
അനിയന്‍:- ചേട്ടാ....... (തേങ്ങിക്കരയുന്നു.)
ചേട്ടന്‍:- അയ്യോ! അനിയാ എന്തുപറ്റീ?
അനിയന്‍:- ചേട്ടാ....(ഗദ്ഗദ്ഗദ്)
ചേട്ടന്‍:- എന്താണെങ്കിലും തുറന്നുപറയൂ അനിയാ.
അനിയന്‍ :- ചേട്ടാ...ഞാനും.
ചേട്ടന്‍:- ഞാനും?
അനിയന്‍:- ഞാനും...
ചേട്ടന്‍:- നിര്‍ത്തിനിര്‍ത്തിപ്പറയാതെ ഒന്നു വേഗം പറയെടോ. എന്നാലല്ലേ സമയം ലാഭമാവൂ.
അനിയന്‍:- ഞാനും ഒരു ബ്ലോഗറുടെ ഭര്‍ത്താവാണ് ചേട്ടാ.....
ചേട്ടന്‍:- അനിയാ....
അനിയന്‍:- ബി. ബി. എന്‍. ബി. എന്നൊരു സംഘടന വേണ്ടിവരുമോന്നറിയാന്‍ ചേട്ടനോടും ഒന്നു ചോദിച്ചേക്കാം എന്നു കരുതി.
ചേട്ടന്‍:- ബി.ബി.എന്‍.ബി.?
അനിയന്‍:- ഭാര്യമാര്‍ ബ്ലോഗെഴുതുന്നതില്‍ നിരാശരായ ഭര്‍ത്താക്കന്മാര്‍. വേണ്ട ചേട്ടാ വേണ്ട. അവരെഴുതട്ടെ. നമുക്ക് വായിക്കാം.
ചേട്ടന്‍:- അതെ അങ്ങനെ പറ.

Labels: