Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, October 28, 2011

ബാദാമിയിലെ പകൽ

കർണാടക സംസ്ഥാനത്തിലെ ബാഗൽക്കോട്ട് എന്ന ജില്ലയിലാണ് ബാദാമി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ചാലൂക്യരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ബാദാമി. വാതാപി എന്നും അറിയപ്പെട്ടിരുന്നു. ബാദാമിയിലെ പാറക്കെട്ടുകളിൽ ഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. അവയിൽ പ്രധാനമായതാണ് ശിവന്റേയും വിഷ്ണുവിന്റേയും ക്ഷേത്രങ്ങളും പിന്നെ ജൈനക്ഷേത്രവും. ഓരോ ചിത്രവും എന്താണെന്ന് അടിക്കുറിപ്പുകളിൽ കൊടുത്തിട്ടുണ്ട്.


ആദ്യം കയറിച്ചെല്ലുന്നത് ശിവക്ഷേത്രത്തിലേക്കാണ്.


ശിവക്ഷേത്രത്തിന്റെ ചുമരിൽ നടരാജവിഗ്രഹം കാണാം. പതിനെട്ട് കൈകൾ ഉള്ള ആ വിഗ്രഹത്തിന്റെ ഒപ്പം തന്നെ ഗണപതിയേയും നന്ദിയേയും കാണാം.


മുകളിലെ ഗുഹാക്ഷേത്രങ്ങളിലേക്ക് താഴെനിന്നു നോക്കുമ്പോൾ.


അവിടെ ശിവക്ഷേത്രത്തിനുള്ളിൽ നന്ദിയെ കാണാം.


ഗണപതിയുടെ രൂപങ്ങൾ ഒരു വശത്ത് ഉള്ളിലായിക്കാണാം.


ശിവനും വിഷ്ണുവും കൂടെയുള്ള ഹരിഹരവിഗ്രഹം. പാർവ്വതിയും ലക്ഷ്മിയും ഒപ്പം ഉണ്ട്.

വിഷ്ണുക്ഷേത്രത്തിൽ മഹാവിഷ്ണുവിനേയും വിഷ്ണുവിന്റെ അവതാരങ്ങളായ വാമനൻ, നരസിംഹം, വരാഹം എന്നിവയും കാണാം.


വിഷ്ണുക്ഷേത്രത്തിന്റെ ഭാഗം.


വിഷ്ണുക്ഷേത്രം.


വിഷ്ണുക്ഷേത്രം. മറ്റൊരു ദൃശ്യം.


വിഷ്ണുക്ഷേത്രത്തിന്റെ ഉൾവശം.


നരസിംഹാവതാരം.


വരാഹാവതാരം.


മഹാവിഷ്ണു.


വാമനാവതാരം.


ജൈനക്ഷേത്രത്തിന്റെ ഉൾവശം.



വർദ്ധമാനമഹാവീരൻ.


ബാഹുബലി.


പാർശ്വനാഥ്.





ബീജാപ്പൂരിലെ ആദിൽ‌ഷാമാരുടെ കാലത്തെ പള്ളിയാണിത്. പള്ളിയുടെ ചുമരിൽ അള്ളാഹുവിനേയും അലിയേയും സ്തുതിക്കുന്ന വാക്കുകൾ അറബിയിൽ ലേഖനം ചെയ്തിട്ടുണ്ട്. കറുത്ത മകുടത്തിൽ വിശുദ്ധഖുറാനിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ട്. പാറക്കെട്ടുകളുടെ എതിർദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇനിയുള്ളത് ചുറ്റുമുള്ള കാഴ്ചകളാണ്.








ദൂരക്കാഴ്ചകൾ.








ഉയരത്തിലുള്ള ഗുഹാക്ഷേത്രങ്ങളുടെ മുന്നിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ. കുളം, അമ്പലം ഒക്കെ.



ഇത് ഭൂതനാഥക്ഷേത്രമാണ്.





ഭൂതനാഥക്ഷേത്രം മറ്റൊരു കാഴ്ച.

ബാഗൽക്കോട്ട് എന്ന സ്ഥലത്തുനിന്ന് 30 കിലോമീറ്റർ ഉണ്ട് ബാദാമിയ്ക്ക്. ബീജാപ്പൂരിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ. ബംഗളൂരുവിൽ നിന്ന് ഹുബ്ലിയിലേക്കോ ബെൽഗാമിലേക്കോ വിമാനത്തിലോ ബസ്സിലോ കാറിലോ ട്രെയിനിലോ പോകാം. ബെൽഗാം എയർപോർട്ടിൽനിന്ന് 150 കിലോമീറ്റർ ഉണ്ട് ബാദാമിയ്ക്ക്. ബെൽഗാമിൽ നിന്ന് ‌(യെ)എരവട്ടി, മുനവള്ളി എന്നീസ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ബാദാമിയിലെത്താം. ഹുബ്ലിയ്ക്ക് ബംഗളൂരുവിൽ നിന്ന് 408 കിലോമീറ്റർ. ഹുബ്ലിയിൽ നിന്ന് ബീജാപ്പൂരിലേക്കു പോകുന്ന റോഡിലൂടെയാണ് ബാദാമിക്കു പോകേണ്ടത്. ബാദാമിയിലേക്കു പോകുമ്പോൾ, ആ റോഡിൽ നിന്ന് കൊളഗേരി എന്ന സ്ഥലത്തെത്തുമ്പോൾ വേറെ റോഡിലേക്കു തിരിയണം. (കൊളഗേരി ക്രോസ്സ്). ഹുബ്ലിയിൽ നിന്ന് 80 കിലോമീറ്ററുണ്ടാവും കൊളഗേരിക്ക്. കൊളഗേരി എത്തുന്നതിനുമുമ്പ് നർഗുന്ദ് (Nargund) എന്ന സ്ഥലമുണ്ട്. അതൊരു ചെറിയ ടൌൺ ആണ്. ഹുബ്ലിയിൽ നിന്ന് 55 കിലോമീറ്റർ. കൊളഗിരി എത്തുന്നതിനു മുമ്പ് കൊണ്ണുർ എന്ന സ്ഥലം ഉണ്ട്.

ബാദാമി ഗുഹകൾക്കടുത്തു തന്നെയാണ്, പട്ടടക്കൽ, ഐഹോളെ എന്നീ സ്ഥലങ്ങളും. പട്ടടക്കലിലും, ഐഹോളെയിലും ബാദാമിയിലെ പോലെയുള്ള കാഴ്ചകൾ കാണാം. ബാദാമിയിൽ നിന്ന് പട്ടടക്കലിലേക്ക് 30 കിലോമീറ്റർ ഉണ്ടാവും. പട്ടടക്കലിനു അടുത്തുതന്നെയാണ് ഐഹോളെയും. ഏകദേശം 28 കിലോമീറ്റർ.

ബാദാമി ടൌണിൽ താമസിക്കണമെങ്കിൽ ഹോട്ടലുകളും ലോഡ്ജുകളും ഒക്കെയുണ്ട്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം കിട്ടും. തങ്ങാൻ ഉദ്ദേശമില്ലെങ്കിൽ, കാഴ്ചകൾ കണ്ട് ബീജാപ്പൂരിലേക്കോ ഹുബ്ലിയിലേക്കോ ബെൽഗാമിലേക്കോ രാത്രിയാവുമ്പോഴേക്കും എത്താം. മൂന്നു നാലു മണിക്കൂർ എടുക്കും.

ബാദാമിയിൽ മ്യൂസിയവും ആർട്ട് ഗ്യാലറിയും ഉണ്ട്. ഞങ്ങൾ പോയിക്കണ്ടില്ല. മ്യൂസിയം വെള്ളിയാഴ്ച ഒഴിവാണ്. പാറക്കെട്ടുകൾക്ക് അടുത്തുതന്നെയാണ്.

ഗുഹാക്ഷേത്രങ്ങൾ കാണാൻ പതിനഞ്ചുവയസ്സിനു മുകളിലുള്ളവർക്ക് 5 രൂപ ടിക്കറ്റുണ്ട്. വീഡിയോ ക്യാമറയാണെങ്കിൽ 25 രൂപ കൊടുക്കണം. സ്റ്റിൽ ക്യാമറയ്ക്കും മൊബൈൽ ക്യാമറയ്ക്കും പ്രത്യേകം ചാർജ്ജൊന്നും കൊടുക്കേണ്ട.

ചിത്രങ്ങളൊക്കെ ക്യാമറയിലും മൊബൈൽ ക്യാമറകളിലും എടുത്തത്. ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ കുറച്ചു വലുതായിട്ടു കാണാം.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ ഗുഹാക്ഷേത്രങ്ങളൊക്കെ ഇപ്പോൾ പരിപാലിക്കുന്നത്.

Labels:

Friday, October 14, 2011

നിനക്കായി

നിനക്കു തന്നീടുവാൻ, പ്രിയമുള്ള വാക്കുകൾ,
പുഴയുടെ കൈയിൽ കൊടുത്തയച്ചൂ.
വെയിലിന്റെ ചൂടിൽ വിശ്രമിച്ചാപ്പുഴ,
പാതിവഴിയതിൽ നിശ്ചലമായ്.

നിനക്കു നൽകാനായി, പ്രിയമുള്ള വാക്കുകൾ,
കാറ്റിന്റെ കൈയിൽ കൊടുത്തയച്ചൂ.
മാമരക്കൊമ്പിൽ തങ്ങിനിന്നാ കാറ്റ്,
പറന്നുനടക്കാൻ വിസമ്മതിച്ചൂ.

നിനക്കു തന്നീടുവാൻ, പ്രിയമുള്ള വാക്കുകൾ,
മേഘത്തിൻ കൈയിൽ കൊടുത്തയച്ചൂ.
ഒഴുകിയൊഴുകി നടന്നതാകാശത്തിൽ,
ഒടുവിലിരുണ്ടു പെയ്തിറങ്ങീ.

നിനക്കു നൽകാനായി, പ്രിയമുള്ള വാക്കുകൾ,
മഴയുടെ കൈയിൽ കൊടുത്തയച്ചൂ.
ഭൂമി കുളിർപ്പിച്ചു പെയ്തിറങ്ങീയവൾ,
പിന്നെപ്പതുക്കെ നിലച്ചുപോയീ.

നേരിട്ടു പറയാമെന്നോർത്തിട്ടു ഞാൻ,
വാക്കുകൾ, മനസ്സാകും കൂട്ടിലടച്ചുവെച്ചൂ.

Labels: