Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 17, 2011

രാധയുടേത് മാത്രം

മതിയായി. വിവശയായ രാധ അങ്ങനെ ചിന്തിയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്താണ് ചെയ്യേണ്ടത്? ദൈനംദിന പ്രവൃത്തികളിൽ മുഴുകുമ്പോഴും അവൾക്ക് ചിന്തിക്കാനുണ്ടായിരുന്നത് കൃഷ്ണനെക്കുറിച്ചാണ്. ഗോപികമാരോടൊത്ത് കാട്ടിലും പുൽമേടുകളിലും നദിക്കരയിലും ഉല്ലസിച്ചലഞ്ഞുനടക്കുന്ന കൃഷ്ണനെക്കുറിച്ച്. അവളെ തീർത്തും അവഗണിക്കുന്ന, അവളുടേത് മാത്രമെന്ന് കരുതിയ കൃഷ്ണനെക്കുറിച്ച്. എന്തിനാണ് കൃഷ്ണന്റെ ലീലകൾ കണ്ടുരസിക്കുന്നത്? എന്തിനാണ് ഗോപികമാരുടെ സന്തോഷം കണ്ട് ഉള്ളം വേദനിപ്പിക്കുന്നത്?

തീരുമാനിച്ചുറപ്പിച്ച്, അവൾ ആ കാനനവഴിയിലൂടെ നടന്നു. ദൂരെയതാ കൃഷ്ണനും ഗോപികമാരും. നൃത്തം ചവുട്ടി, തളർന്ന്... നിലാവിൽ കൃഷ്ണന്റെ മുഖം കൂടുതൽ തിളങ്ങിക്കാണുന്നു. കൃഷ്ണനോടുള്ള പ്രണയത്തിലും ആരാധനയിലും ഗോപികമാരുടെ മുഖവും. രാധയുടെ ഉള്ളം നിലാവൊഴിഞ്ഞ രാത്രിപോലെ ആയി. അവൾ ഒരു മരത്തിന്റെ കീഴിൽ നിന്നു. ആട്ടവും പാട്ടും കഴിഞ്ഞ് കൃഷ്ണൻ വരട്ടെ, ഇതുവഴി. കാണട്ടെ, തന്നെ. അവൾ ചേലത്തുമ്പിൽ കെട്ടിയിട്ട് സൂക്ഷിച്ചിരുന്ന വിഷക്കായകൾ കൈയിലെടുത്തു. ഒഴുകുന്ന കണ്ണീർ വകവയ്ക്കാതെ, അവൾ ആ വിഷക്കായകൾ വായിലേക്കിടാൻ തുടങ്ങി. പെട്ടെന്ന് അവളുടെ കൈ ആരോ പിടിച്ചു. ആരാണിത്. അവൾ അത്ഭുതപ്പെട്ടു. കണ്ണീരൊഴുകുന്ന മുഖമുയർത്തി അവൾ നോക്കി. കൃഷ്ണൻ! അവൾ ആട്ടവും പാട്ടും നടക്കുന്നിടത്തേക്കു നോക്കി. കൃഷ്ണനതാ ഗോപികമാരുടെ നടുവിൽ ഓടക്കുഴൽ പിടിച്ച് നിൽക്കുന്നു. അപ്പോപ്പിന്നെ ഇതോ? മായയാണോ? തന്നെപ്പറ്റിയ്ക്കാൻ ദൈവത്തിന്റെ സൂത്രമാണോ?

അവളുടെ ചിന്തകൾ അറിഞ്ഞ്, അവളുടെ കയ്യിൽ നിന്ന് വിഷക്കായകളെടുത്ത് താഴേക്കെറിഞ്ഞ് അവളുടെ കണ്ണീർ തുടച്ച് കൃഷ്ണൻ പറഞ്ഞു.

“നീ പ്രണയിക്കുന്ന കൃഷ്ണൻ ഞാനാണ്. ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു, നിഴലുപോലെ. നീയെന്നെ ശ്രദ്ധിക്കാതെ, എന്റെ സാന്നിദ്ധ്യം അറിയാതെ, ഗോപികമാരുടെ ചേഷ്ടകളും കണ്ട്, അവരോടു കോപിച്ച് നടന്നു. ഞാൻ അവർക്കൊപ്പം ഒരിക്കലും പോയില്ല.”

രാധ മുഖമുയർത്തി ചോദിച്ചു . “അപ്പോ ആ കാണുന്നതോ?”

“അത് യന്തിരൻ ആണ്. റോബോട്ട്. എന്നെപ്പോലെയുള്ള യന്ത്രം.”

“കൃഷ്ണാ...”

“ഞാൻ നിന്റേതുമാത്രമല്ലേ രാധേ?”

Labels:

Monday, June 13, 2011

മഴപ്പാട്ട്

ഒരു കൊച്ചുകുട്ടിയെപ്പോലെയാമഴയത്ത്,
ഓടിക്കളിക്കുവാൻ മോഹമുണ്ടേ.
ഒരു പക്ഷിയെപ്പോലെ, മഴയുള്ള മാനത്ത്,
പാറിപ്പറക്കുവാൻ മോഹമുണ്ടേ.
ഒരു തോണിപോലെയൊന്നാമഴവെള്ളത്തിൽ,
ഒഴുകിനടക്കുവാൻ മോഹമുണ്ടേ.
തോട്ടത്തിൽ നിൽക്കുന്ന പൂവുപോലെ,
മഴയിൽ കുതിരുവാൻ മോഹമുണ്ടേ.
മോഹിച്ചു മോഹിച്ചു മഴ നനഞ്ഞു,
പനിവരുത്താൻ പക്ഷെ മോഹമില്ലേ.

Labels:

Wednesday, June 08, 2011

ചെമ്പരത്തിപ്പൂക്കൾ

ചെമ്പരത്തിക്കമ്മലിട്ട്... എന്ന പാട്ട് നന്നായിട്ടില്ലേ?

പണ്ട് കണ്ട ചെമ്പരുത്തികളൊക്കെ ഓർമ്മയിലുണ്ടോ?

ഇതാ കുറച്ചെണ്ണം കൂടെ. (ചെമ്പരുത്തിയോ? ചെമ്പരത്തിയോ? രണ്ടും ആയ്ക്കോട്ടെ അല്ലേ?)
ഇത് സാദാ ചെമ്പരത്തിയല്ലേന്നോ? ആണോ?
ഒന്നുംകൂടെ സൂക്ഷിച്ചുനോക്കൂ. സാദാ ചെമ്പരത്തിയിൽ നിന്നും വ്യതാ‍സമില്ലേ?
ഇതു പണ്ടു കണ്ടതുതന്നെ. ഡബിൾഡക്കർ. കുറേ വിരിഞ്ഞുനിൽ‌പ്പുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ലല്ലോ.ഇത് പണ്ട് കണ്ടിട്ടുണ്ട് അല്ലേ?
ഇത് റോസ് കുലച്ചെമ്പരുത്തി. ചുവപ്പു കണ്ടിട്ടില്ലേ? അതിന്റെ കടും റോസ്.
ഇതാ സൂക്ഷിച്ചുനോക്കൂ.

കണ്ടോ. സാദാ ചെമ്പരത്തിയല്ല അതെന്ന് ഞാൻ പറഞ്ഞപ്പോ വിശ്വസിച്ചില്ലല്ലോ. ഇപ്പോ മനസ്സിലായില്ലേ. “വിശ്വാസം അതല്ലേ എല്ലാം.”
ഇതാ അനസൂയയും പ്രിയംവദയും ശകുന്തളയും.
കടും റോസും കടും ചുവപ്പും കുലച്ചെമ്പരത്തി.
ഇത് രണ്ടുതരം മൊട്ടുചെമ്പരത്തി. ചുവപ്പിനു വലുപ്പമുണ്ട്. മറ്റത് ഒരു ഇളം റോസ്/ ഇളം ഓറഞ്ച് ഒക്കെയുള്ള ഒന്നാണ്. അത് അത്ര വലുതില്ലായിരുന്നു.

ഇതാ എല്ലാംകൂടെ.


അച്ഛന്റേം അമ്മേടേം വീട്ടിൽ നിന്ന്. അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ ചിലതൊക്കെ പോയ്പ്പോയി. ഇപ്പോ പുതുതായിട്ട് വെള്ളച്ചെമ്പരത്തിയും വയലറ്റ് ചെമ്പരത്തിയും ഉണ്ട്. രണ്ടിലും പൂവ് ഇല്ലായിരുന്നു. ഉണ്ടാകുമ്പോൾ ചിത്രം പിടിക്കാം.

ഇതൊക്കെ ചിറ്റയ്ക്ക് ചെവീലു വയ്ക്കാനാണോന്ന് എന്റെ കസിൻ ചേച്ചിയുടെ മോൻ ചോദിച്ചു. നിങ്ങളുടേം അഭിപ്രായം അതായിരിക്കും. ല്ലേ?

Labels: ,