Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, June 30, 2005

ആശയദാരിദ്ര്യം.

ആശയദാരിദ്ര്യം കൊണ്ട്‌ വീര്‍പ്പുമുട്ടി വീപ്പക്കുറ്റിപോലെ ഇരിക്കുകയാണു ഞാന്‍. കടലാസും പേനയും എടുത്തിട്ട്‌ മച്ചിലെ പല്ലിയേയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്‌ മണിക്കൂറുകള്‍ പലതായി. തലയിലെ കൊച്ചുബുദ്ധിയിലേക്ക്‌ ആശയത്തിന്റെ തരിമ്പ്‌ പോലും പാസ്സായി വരുന്നില്ല. സര്‍ക്കാരിന്റെ ഖജനാവ്‌ പോലെ ഇരിക്കുന്ന തലയും വെച്ചു ഇരുന്നിരുന്ന് ബോറടിച്ചു. കട്ടിലില്‍ കിടന്ന് ആലോചന തുടങ്ങി. കട്ടിലില്‍ നിന്ന് ക്ളോക്കിന്റെ സൂചി പോലെ തെന്നിത്തെന്നി ആലോചന വ്യാപിപ്പിച്ചു. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എന്ന് വേണ്ട, വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ ഭാഗത്തേക്കും കിടന്നു ആലോചിച്ചു. ഒന്നും കിട്ടിയില്ല. ചേട്ടന്‍ ചോദിച്ചു നീ എന്താ ചേമ്പിലയില്‍ വീണ വെള്ളം പോലെ കളിക്കുന്നത്‌ എന്ന്. പിറവിയുടെ പ്രക്രിയയില്‍ പ്രചോദനം തരേണ്ടതിനു പകരം പ്രാന്ത്‌ പിടിപ്പിക്കാതെ പുറത്ത് പോകൂ പതിദേവാ എന്ന പരന്ന വാചകം പറഞ്ഞ്‌ പേടിപ്പിച്ച്‌ ചേട്ടനെ പായിച്ചു. ആശയദാരിദ്ര്യത്തിന്റെ കാറ്റില്‍ പെട്ടായിരിക്കണം കടലാസ്‌ പറന്ന് നിലത്തേക്ക്‌ പോയി. അതെടുക്കാന്‍ കട്ടിലില്‍ നിന്നു പരമാവധി ശ്രമിച്ചു. മൂക്കും കുത്തി നിലത്തേക്ക്‌ വീണു. എണീറ്റ്‌ നിലത്തിനു രണ്ട്‌ ചവിട്ടും കട്ടിലിനു ഒരു ശാപവും സ്പോണ്‍സര്‍ ചെയ്ത്‌ ആശയദാരിദ്ര്യത്തിനു ഗുഡ്ബൈ പറഞ്ഞ്‌ അടുക്കളയില്‍ പോയി ചൂടുകാപ്പിയും പരിപ്പുവടയും ഉണ്ടാക്കി എടുത്തു. മഴയുടെ സംഗീതവും കാപ്പിയുടേയും വടയുടേയും സ്വാദും ഒപ്പം 'ചെന്താര്‍മിഴീ പൂന്തേന്‍ മൊഴീ' എന്ന പാട്ടും ‍ആസ്വദിച്ചു. എനിക്ക് ഇതിലും ചേരുന്ന പണി വേറൊന്നുമില്ല എന്ന മട്ടില്‍ . ഇതാകുമ്പോള്‍ ആരുടേയും പഴിയും കുത്തുവാക്കും കേള്‍ക്കേണ്ടല്ലോ. മഴ പല പേരുകളിലും വന്നു പേരു മാറ്റാന്‍ പറയില്ല. കാപ്പി വന്നു കുത്തുവാക്ക് പറയില്ല. വട വന്ന് പഴി ചാരില്ല. പാട്ട് വന്നു കുറ്റം പറഞ്ഞിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പോകില്ല.

കിസ്കാ ഹെ യേ തുംകോ ഇന്തസാര്‍ മേം ഹൂ നാ?
ദേഖ്‌ലോ ഇധര്‍ തൊ ഏക് ബാര്‍ മെം ഹൂ നാ?
........
......
(ഇത് ഞാന്‍ കാലനോട് പാടിയതാ.)

Wednesday, June 29, 2005

മഴ പെയ്യുന്നൂ മാനത്ത്.........

മഴ...... എനിക്കേറ്റവും ഇഷ്ടം ഉള്ള ചിലകാര്യങ്ങളില്‍ ഒന്ന്‌..
മഴക്കാലം എനിക്കേറ്റവും ഇഷ്ടം ഉള്ള കാലം ആണു. കുട്ടിക്കാലത്തെ ഇഷ്ടങ്ങളില്‍ മാറാതെ മായ്ക്കാതെ ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്ന ഒരിഷ്ടം. വര്‍ഷം മുഴുവന്‍ വര്‍ഷക്കാലം ആവണേന്ന്‌ ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്‌. മഴക്കാലം പലര്‍ക്കും പട്ടിണിയും ദുരിതവും മാത്രം കൊടുക്കുന്ന കാലം ആണല്ലോന്നോര്‍ക്കുമ്പോള്‍ ആ വിചാരം ഒരു നിസ്സഹായതയോടെ വലിച്ചെറിഞ്ഞു കളഞ്ഞിട്ടുമുണ്ട്‌.
മഴ കടന്നു വരും, നാടുകളിലേക്ക്‌ , വീടുകളിലേക്ക്‌, വീട്ടുമുറ്റങ്ങളിലേക്ക്‌, വീട്ടിലെ ആളുകളുടെ മനസ്സിലേക്ക്‌. പതിയെപ്പതിയെ അതിനെ എല്ലാവരും സ്വന്തമായി കരുതാന്‍ തുടങ്ങുമ്പോഴേക്കും അതിനു വിട പറയാന്‍ കാലമായിട്ടുണ്ടാവും.
മഴ.......
ചിലര്‍ക്കു നൊമ്പരവും ചിലര്‍ക്ക്‌ സന്തോഷവും ചിലര്‍ക്കു വിരഹവും ചിലര്‍ക്ക്‌ സാമീപ്യവും ചിലര്‍ക്കു വെറുപ്പും ചിലര്‍ക്കു സ്നേഹവും സമ്മാനിച്ചുകൊണ്ട്‌ ചിരിക്കാന്‍ പെരുമഴക്കാലം എത്തി.
മഴ അന്നും ഇന്നും എനിക്കിഷ്ടമാണ്. ചിലര്‍ക്ക്‌ സന്തോഷവും സമാധാനവുമായി മനസ്സിലും മുറ്റത്തും മഴ പെയ്ത്‌ നിറയുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ കണ്ണീരും പട്ടിണിയും ആയി അകത്തും പുറത്തും തകര്‍ത്ത്‌ പെയ്യുന്നു.

മഴ പെയ്ത്‌ കുളത്തില്‍ വെള്ളം നിറഞ്ഞ്‌ കവിയുമ്പോള്‍ മണിക്കൂറുകളോളം മീനിനെപ്പോലെ അതില്‍ നീന്തല്‍ ആയിരുന്നു കുട്ടിക്കാലത്ത്‌ ഞങ്ങളുടെ -എന്റേയും കൂട്ടുകാരുടേയും- പരിപാടി. പിന്നെ ചങ്ങാടം ഉണ്ടാക്കലും, മീനിനെപ്പിടിച്ചു കുളത്തിനു വെളിയിലുള്ള മണ്ണില്‍ ഓരോ കുഴികള്‍ ഉണ്ടാക്കി വെച്ച്‌ മീനിനെ അതിലിടലും ഒക്കെ ആയിരുന്നു മുഖ്യപരിപാടികള്‍. മീനിനെ നീന്തല്‍ ഒക്കെ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ച്‌ പോകുമ്പോള്‍ തിരിച്ച്‌ കുളത്തിലേക്കിടാന്‍ മറക്കാറില്ല. സ്കൂള്‍ തുറക്കുന്നതും മഴ വരുന്നതും ഒരുമിച്ചാണു. മഴയത്ത്‌ നനഞ്ഞൊലിച്ച്‌ വഴിയിലൊക്കെയുള്ള വെള്ളം തട്ടിത്തെറിപ്പിച്ച്‌, കടലാസ് തോണി ഉണ്ടാക്കി വിട്ടും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്ര എന്തു രസമായിരുന്നു. ഓട്ടോറിക്ഷയിലും കാറിലും ജീപ്പിലും തിക്കിത്തിരക്കിയിരുന്നുപോകുന്ന ഇന്നത്തെ കുട്ടികള്‍ക്കു മഴക്കാലത്തിന്റെ ആ രസം എന്നെങ്കിലും ഒരിക്കല്‍ കിട്ടുമോ? മഴവെള്ളത്തില്‍ മതിമറന്നു ഉല്ലസിക്കാന്‍ ഇന്നാര്‍ക്കെങ്കിലും സമയം ഉണ്ടോ ഇഷ്ടം ഉണ്ടോ? മഴ പെയ്തു തകര്‍ക്കുമ്പോള്‍ അതിലേക്കൊന്ന്‌ ഇറങ്ങിച്ചെന്ന്‌ നോക്കൂ. ശരീരത്തോടൊപ്പം മനസ്സും തണുപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം ഉണ്ടോ? പനി വരും, ജലദോഷം വരും എന്നൊക്കെയാണു എല്ലാവരുടേയും പറച്ചില്‍. മഴ കൊണ്ടില്ലെങ്കില്‍ ഇതൊന്നും വരില്ലേ? അതുകൊണ്ട്‌ എല്ലാവരും ഒരുദിവസം എങ്കിലും വീട്ടുകാരോടൊപ്പം മഴയത്തിറങ്ങി മഴയുടെ കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരി ആകൂ. എന്നിട്ട്‌ മഴ സ്വന്തമാക്കിയതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കൂ. കുഞ്ഞുങ്ങളെ വാതിലടച്ച്‌ വീടിനുള്ളില്‍ കെട്ടിയിടാതെ ഒരു ദിവസമെങ്കിലും കടലാസ്‌ തോണി ഉണ്ടാക്കിക്കൊടുത്ത്‌ അവരെ മഴയത്തേക്കു വിട്ടു നോക്കു. അവരുടെ കുഞ്ഞ്‌ മനസ്സിലെ വല്യ സന്തോഷം ഒന്ന്‌ കണ്ട്‌ നോക്കൂ. ഞാന്‍ എന്തായാലും എന്റെ മഴക്കാലത്തോടുള്ള കൂട്ട്‌ രണ്ടു ദിവസം മുമ്പ്‌ പുതുക്കി. ഒരു ദിവസം മുഴുവന്‍ മഴയത്ത്‌ കൂട്ടുകാരികളുടേയൊക്കെ വീട്ടില്‍ കറങ്ങി. പനിയൊന്നും പിടിക്കാഞ്ഞത്‌ എന്റെ ഭാഗ്യം. ഉം ഉം. പനി പിടിച്ചിരുന്നേല്‍ എത്ര നന്നായിരുന്നൂന്നു പലരും മനസ്സില്‍ വിചാരിക്കുന്നുണ്ട്‌ എന്നു എനിക്കറിയാം.
പിന്നെ മഴക്കാലം പ്രണയത്തിന്റെ കാലം ആണു. കുടയും ചൂടി 'പ്യാര്‍ കിയാ ഇക്‌രാര്‍ കിയാ' എന്നു പാടാന്‍ പറ്റിയ സമയം. ഉം... ഉം.. ഞാന്‍ ഇപ്പോള്‍ പ്രണയത്തിലാണ്. മനസ്സു നിറയെ സ്നേഹവും കുറച്ച്‌ നൊമ്പരവും വായ നിറയെ തര്‍ക്കുത്തരവും ഉള്ള, കുറെ മഴക്കാലങ്ങളുടെ ഇടവേളയ്ക്കു ശേഷം മഴയോടുള്ള പിണക്കം മറന്ന്‌ മഴയോട്‌ വീണ്ടും കൂട്ടായ ഒരു വല്യ പെണ്ണിനോട്‌. അയ്യേ ഛെ! എന്നു പറയാന്‍ വരട്ടെ. ആ പെണ്ണ്‌ ഞാന്‍ തന്നെയാണു. ഹിഹിഹി.
അയ്യോ ഒന്ന് മറന്നു. പാട്ട്‌. മഴക്കാലത്ത്‌ പാട്ട്‌ പാടിയില്ലേല്‍ പിന്നെ എന്ത്‌ രസം? പാടാന്‍ അറിയാത്തവര്‍ക്ക്‌, പാടാന്‍ കൊതിക്കുന്നവര്‍ക്കു പാടാന്‍ പറ്റിയ കാലം ആണു മഴക്കാലം. വേറെ ആരെങ്കിലും കേട്ട്‌ വടിയും എടുത്ത്‌ വരുമെന്ന് കരുതാന്‍ ഇല്ല. മഴ തകര്‍ത്ത്‌ പെയ്യുമ്പോള്‍ അതിലും തകര്‍ത്ത്‌ ഒരു പാട്ട്‌ പാടാം. ഞാന്‍ അതുകൊണ്ട്‌ കഴുതരാഗത്തില്‍ പാടാന്‍ തീരുമാനിച്ചു. (കഴുത കേട്ടാല്‍ അതിന്റെ സ്വരം വികലമാക്കി പരിഹസിക്കുന്നതിനു കേസ്‌ കൊടുക്കും. എന്നാലും സാരമില്ല. )
"പാതിരാമഴയേതോ ഹംസഗീതം പാടീ...
പിന്‍ നിലാവിലലിഞ്ഞൂ .... (ചിത്രം ഉള്ളടക്കം)

Sunday, June 26, 2005

നല്ല ഒരു അമ്മ.

എടീ എന്തിനാ മോന്‍ കരയുന്നത്? എവിടെയെങ്കിലും വീണോ?

വീണതും താണതും ഒന്നും അല്ല.

പിന്നെ?

ഞാന്‍ കാര്യമായിട്ട്‌ ഒരു പണി എടുത്തുകൊണ്ടിരുന്നപ്പോള്‍ എന്നെ ശല്യപ്പെടുത്താന്‍ വന്നിട്ട്‌ ഞാന്‍ നല്ല അടി കൊടുത്തതാ.

നീ ഇത്രേം കാര്യമായിട്ട്‌ എന്താ ചെയ്തോണ്ടിരുന്നത്‌?

ഞാന്‍ കൂട്ടുകാരിയ്ക്ക്‌ ഫോണ്‍ ചെയ്ത്‌, മാസികയില്‍ കണ്ട, നിങ്ങള്‍ നല്ല ഒരു അമ്മയാണോ എന്ന ചോദ്യാവലിയില്‍ മികച്ച സ്കോര്‍ കിട്ടിയ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോഴാ അവന്‍ വന്നു വിശക്കുന്നു വല്ലതും താ എന്നു പറഞ്ഞു ശല്യപ്പെടുത്തിയത്‌. പിന്നെ അടി കൊടുക്കാതിരിക്കാന്‍ പറ്റുമോ?

Friday, June 24, 2005

യോഗ എന്ന യോഗം!

അങ്ങനെ ഒരു ദിവസം നമ്മുടെ ഗൌതമനു ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ച്‌ തലയില്‍ വെളിച്ചം കയറി ബോധം വന്ന് ബുദ്ധന്‍ ആയതുപോലെ ഒരു ദിവസം എന്റെ തലയിലും വെളിച്ചം കയറി. വൃക്ഷത്തിന്റെയൊന്നും ചുവട്ടില്‍ നിന്നല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ പേരു മാറ്റാനൊന്നും നിന്നില്ല. പണ്ടത്തെക്കാലം ആയതുകൊണ്ട്‌ ബുദ്ധനു ഗസറ്റിലൊന്നും കൊടുക്കേണ്ടി വന്നില്ല. എന്റെ സ്ഥിതി അതല്ലല്ലൊ. ഗസറ്റിലൊക്കെ കൊടുത്ത്‌ പേരു മാറ്റി അതിന്റെ കാരണം അന്വേഷിച്ച്‌ വരുന്നവരോടൊക്കെ മറുപടി പറയാന്‍ നിന്നാല്‍ യുദ്ധത്തിനു പോവാന്‍ നില്‍ക്കുന്ന പാവം ഭത്താവിനെപ്പോലെയാകും എന്റെ ഗതി. പുറപ്പെട്ട്‌ പോകാമെന്നുവെച്ചാല്‍ അവിടെ എന്താ സംഭവിക്കുക എന്നറിയില്ല, പുറപ്പെട്ട്‌ പോയില്ലെങ്കില്‍ വീട്ടിലെ യുദ്ധക്കളത്തില്‍ എന്താ സംഭവിക്കുക എന്നറിയില്ല. അതായതു ആള്‍ക്കാരുടെയൊക്കെ ചോദ്യത്തിനു ഉത്തരം പറയാന്‍ നിന്നാലും പറഞ്ഞില്ലെങ്കിലും എന്റെ ഗതി അധോഗതി. ഛെ പറഞ്ഞ്‌ പറഞ്ഞ്‌ കാട്‌ കയറി. ഇനി വല്ല സിംഹവും എന്നെ ഡിന്നര്‍ ആക്കുന്നതിനു മുമ്പ്‌ തിരിച്ചിറങ്ങാം. അതാ നല്ലത്‌.
വെളിച്ചം കയറീന്നു വെച്ചാല്‍ ഒരു ദിവസം തോന്നി യോഗ യോഗ എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നുണ്ടല്ലോ അതു എന്താന്ന് അന്വേഷിച്ച്‌ അറിഞ്ഞുകളയാം എന്ന്. എന്റെ യോഗം എന്നു ഞാന്‍ ചേട്ടനോട്‌ പറയാത്ത ദിവസം ഇല്ല. പക്ഷേ യോഗം അല്ലല്ലോ യോഗ. അങ്ങിനെ കൂട്ടുകാരിയുമായി പല ദിവസത്തെ ചര്‍ച്ചയ്ക്കു ശേഷം രണ്ടാളും കൂടെ യോഗയ്ക്കു പോകാംന്നു തീരുമാനിച്ചു. ഒരു ദിവസം അന്വേഷിച്ചു വരാമെന്നു കരുതി പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുറേ ആള്‍ക്കാര്‍ വന്നിട്ടുണ്ട്‌. എല്ലാവരും ഒരു സ്ഥലത്ത്‌ ഇരുന്നു.യോഗയുടെ യോഗം തുടങ്ങി. ഒരാള്‍ യോഗയെപ്പറ്റിയും മനുഷ്യജീവിതത്തില്‍ അതിന്റെ ആവശ്യകതയെപ്പറ്റിയും ഒക്കെ പ്രസംഗിക്കുന്നുണ്ട്‌. ഞങ്ങള്‍ കുറേപ്പേര്‍ ഹര്‍ത്താല്‍ ജാഥ കാണുന്ന പട്ടിയെപ്പോലെ വായും പൊളിച്ച്‌ ഇരുന്ന് കേള്‍ക്കുന്നു. പട്ടിയ്ക്ക്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ നടത്തുന്ന ജാഥയുടെ ഗമയെപ്പറ്റി വല്ല വിവരവും ഉണ്ടാകുമോ? അതുപോലെ ഞങ്ങള്‍ക്ക്‌ യോഗയെപ്പറ്റിയും ഒന്നും അറിയില്ല. എന്തൊക്കെയൊ ഒരു മഹാസംഭവം എന്ന മട്ടില്‍ കാണുന്നു അത്രതന്നെ. അങ്ങിനെ പിറ്റേ ദിവസം എത്താം എന്നുള്ള കരാറില്‍ അവിടെ നിന്ന് ഇറങ്ങി.
അടുത്ത ദിവസം പതിവിലും നേരത്തെ എണീറ്റ്‌ ടി. വി. യില്‍ ഷാരൂഖ്ഖാന്റെ സിനിമയുള്ള ദിവസങ്ങളില്‍ പണി തീര്‍ക്കുന്ന ഉഷാറോടെ വീട്ടുജോലികളെല്ലാം ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ ആയിട്ട്‌ ചെയ്തു. വീട്ടുപണി തന്നെ ഒരു അഭ്യാസം ആണു. പിന്നെ യോഗയുടെ ആവശ്യം തന്നെയില്ല. ചേട്ടനു കുറേ നിര്‍ദ്ദേശം കൊടുത്ത്‌, ആദ്യമായി ഓപ്പറേഷന്‍ നടത്താന്‍ തീയേറ്ററിലേക്കു കയറുന്ന ഡോക്ടറെപ്പോലെ വീട്ടില്‍ നിന്നിറങ്ങി. യോഗസ്ഥലത്തെത്തി. ഇന്നലെ കണ്ടതിന്റെ പകുതി ആള്‍ക്കാരേ ഉള്ളൂ. ബാക്കിയുള്ളവര്‍ക്ക്‌ യോഗ എന്താന്നു ഇന്നലെത്തന്നെ പിടികിട്ടിക്കാണും. അങ്ങിനെ യോഗം കഴിഞ്ഞ്‌ യോഗ തുടങ്ങി. രണ്ട്‌ മൂന്ന് ദിവസം കുഴപ്പം ഇല്ലാതെ കടന്നു പോയി. അതുകഴിഞ്ഞ്‌ ശരിക്കുള്ള അഭ്യാസം തുടങ്ങി. ഞങ്ങളും ആരംഭശൂരിണികളായിട്ട്‌ ഞങ്ങള്‍ക്കാവും മട്ടില്‍ അഭ്യാസം കാട്ടിക്കൂട്ടി. തടി കുറയ്ക്കാന്‍ യോഗ പറ്റും എന്ന് എല്ലാരും പറയും. തടി കുറയ്ക്കാന്‍ ആണെങ്കില്‍ ഗില്ലി എന്ന തമിഴ്‌ സിനിമയിലെ അപ്പടിപ്പോട്‌... എന്ന പാട്ട്‌ ദിവസവും ഒരു പ്രാവശ്യം വെച്ച്‌ അതില്‍ കാണിക്കുന്നതുപോലെ ഡാന്‍സ്‌ കളിച്ചാല്‍ മതിയല്ലോന്നോര്‍ത്തപ്പോള്‍ എനിക്കു ആ കഠിനാഭ്യാസങ്ങള്‍ക്കിടയിലും ചിരി വന്നു. അങ്ങനെ മൂന്ന് നാലു ദിവസം കഴിഞ്ഞു. ഒരു ദിവസം രാവിലെ എണീറ്റ്‌ വന്നപ്പോള്‍ ചേട്ടനു അത്ഭുതമായി. വെള്ളം കാണാത്ത മീനിനെപ്പോലെ ഇരിക്കുന്ന എന്നോട്‌ ചോദിച്ചു നീ ഇന്നു യോഗയ്ക്കു പോയില്ലേന്ന്. ഭരണപക്ഷത്തിനെതിരായി എന്തെങ്കിലും ഒരു പോയന്റ്‌ വീണുകിട്ടാന്‍ കാത്തിരിക്കുമ്പോള്‍ പത്ത്‌ പോയിന്റ്‌ കിട്ടിയ പ്രതിപക്ഷനേതാവിനെപ്പോലെ ഞാന്‍ തുടങ്ങി 'ഇത്രേം ദിവസത്തെ അഭ്യാസം കൊണ്ട്‌ മനുഷ്യനു കൈയും കാലും അനക്കാന്‍ പറ്റുന്നില്ല. അപ്പോഴാ ഇനീം അങ്ങോട്ട്‌ ചെല്ലേണ്ടത്‌.' എന്റെ നാവ്‌ ഇത്രേം ദിവസം യോഗയില്‍ പങ്കെടുക്കാത്തതു കൊണ്ട്‌ അതു ചേട്ടനു എതിരായി നല്ലോണം പ്രവര്‍ത്തിച്ചു. അങ്ങിനെ എന്റെ യോഗ എന്ന യോഗം അവിടെ അവസാനിച്ചു.

Wednesday, June 22, 2005

പ്രേമത്തിനു കണ്ണില്ല !!!!

അവന്‍ നടന്ന് പോകുന്നു.
അവള്‍ എതിര്‍ദിശയില്‍നിന്ന് വരുന്നു.
കാമുകനും കാമുകിയും.
പരസ്പരം കണ്ണില്‍ നോക്കി, ലോകത്തോട്‌ മുഴുവന്‍ പോടാ പുല്ലേന്നുള്ള ഭാവവും ആയി.
സിനിമയാണെങ്കില്‍ ഇങ്ങനെയൊരു സംഭവം സ്ലോമോഷനില്‍ മാത്രമേ കാണിക്കൂ.
അവന്റേയും അവളുടേയും കണ്ണിലും ചുണ്ടിലും പുഞ്ചിരി മാത്രം.
അടുത്തെത്താറായി.
അവന്‍ രണ്ട്‌ കൈയും നീട്ടി കുറച്ചു വേഗത്തില്‍ തന്നെ നടന്നു.
അവളും കുറച്ച്‌ വേഗം കൂട്ടി.
താഴെക്കിടന്ന പഴത്തൊലി അവന്‍ കണ്ടില്ല.
അതു ചവുട്ടി അവന്‍ താഴെപ്പോയി. അവന്റെ കാലു തട്ടി അവളും.
ഒരു നിമിഷത്തേക്കു പ്രണയം ഔട്ട്‌ ഓഫ്‌ റെയിഞ്ച്‌ ആയി.
പ്രേമത്തിനു കണ്ണില്ല എന്ന് പറയുന്നത്‌ എന്താണെന്ന് രണ്ടാള്‍ക്കും ബോധ്യപ്പെട്ടു.

Monday, June 20, 2005

സ്വപ്നം?

ആന്‍ഡ്‌ ദ ബെസ്റ്റ്‌ സ്റ്റുഡന്റ്‌ ഓഫ്‌ ദ ഇയര്‍ ഗോസ്‌ റ്റു ....... അവള്‍ക്ക്‌ സന്തോഷം കൊണ്ട്‌ മനസ്സും കണ്ണീരു കൊണ്ട്‌ കണ്ണും നിറഞ്ഞിട്ട്‌ ഒന്നും കേള്‍ക്കാനും കാണാനും വയ്യാത്ത അവസ്ഥയില്‍ ആയി. കണ്ണീരിനിടയില്‍ കണ്ടു. ജീനമോള്‍ വേദിയിലേക്ക്‌ ചെല്ലുന്നു. സമ്മാനം വാങ്ങാന്‍. 'രാജേട്ടന്റെ ഒരു തിരക്ക്‌. മോള്‍ ആവുന്നത്ര പറഞ്ഞു നോക്കിയതാ അച്ഛന്‍ വരാതെ ശരിയാവില്ലാന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത മീറ്റിംഗ്‌ ആയതുകൊണ്ടാണു വരാന്‍ പറ്റാഞ്ഞത്‌ അല്ലെങ്കില്‍ മോളു സമ്മാനം വാങ്ങുന്നത്‌ കാണാന്‍ വരാതിരിക്കുമോ.' മോള്‍ സമ്മാനം വാങ്ങി. മൈക്ക്‌ കൈയില്‍ എടുത്തു പറഞ്ഞു. 'ഈ സമ്മാനം എന്റെ അച്ഛനും അമ്മക്കും ഉള്ളതാണ്. അച്ഛന്‍ ഇവിടെ വന്നിട്ടില്ല, അമ്മയെ വേദിയിലേക്ക് വിളിക്കാന്‍ എല്ലാവരും സമ്മതിക്കണം.' കൈയടിയുടെ ബഹളത്തിലും അനുമോദനത്തിന്റേയും അസൂയയുടേയും നോട്ടങ്ങള്‍ക്കുമിടയില്‍ അവള്‍ വേദിയിലെത്തി. മോളെ ചേര്‍ത്ത്‌ പിടിച്ചു. എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വേദിയില്‍ നിന്ന് താഴോട്ടിറങ്ങുമ്പോള്‍ കാലു തെറ്റി. താഴോട്ട്‌........ താഴോട്ട്‌.....താഴോട്ട്‌.....


കണ്ണു തുറന്ന് നോക്കുമ്പോള്‍ രാജേട്ടന്റെ പരിഭ്രമിച്ച മുഖം. രാജേട്ടന്റെ അമ്മ, ചേച്ചി, അനിയത്തി സ്വപ്ന എല്ലാവരും ഉണ്ട്‌. അമ്മയെ നോക്കിയപ്പോള്‍ കണ്ണ് തുടക്കുന്നു. ജീനമോളെക്കുറിച്ചോര്‍ത്തതും അവളുടെ കൈ വയറിനു മുകളിലേക്ക്‌ പോയി. ആറു മാസം മാത്രം പ്രായം ആയിരുന്ന ജീവന്റെ തുടിപ്പ്‌. ജീനമോള്‍ എന്നു രണ്ടാളും വിളിക്കാന്‍ തീരുമാനിച്ച കുഞ്ഞുവാവ. അതിപ്പോള്‍ അവള്‍ക്ക്‌ മാത്രം മനസ്സിലാവുന്ന രീതിയില്‍ അനങ്ങുന്നില്ല, അമ്മേന്നു വിളിക്കുന്നില്ല. അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അലക്കിയ തുണികള്‍ ടെറസ്സില്‍ ഉണങ്ങാന്‍ ഇടാന്‍ പോയതും തിരിച്ചു സ്റ്റെപ്പിറങ്ങുമ്പോള്‍ മുകളിലത്തെ സ്റ്റെപ്പില്‍ നിന്നു തന്നെ അവിടെ ഉണ്ടായിരുന്ന വെള്ളം തെന്നി താഴോട്ട്‌ വീണതും കൈയില്‍ ഉണ്ടായിരുന്ന ബക്കറ്റ്‌ തെറിച്ചു പോയതും.... ഏതാണു സ്വപ്നം? ഇപ്പോള്‍ ഉള്ളതോ മുമ്പ്‌ കണ്ടതോ? സ്വപ്നലോകത്തുനിന്നു മടങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വീഴാന്‍ കണ്ണീര്‍ ഉണ്ടായിരുന്നില്ല.

Saturday, June 18, 2005

ഒരു പാട്ട് മാത്രേ ഉള്ളൂ........

വിഷമം വരുമ്പോള്‍ ഇത് മാത്രമേ ഉള്ളൂ.


നിന്നെത്തേടിയലഞ്ഞു ..................... ശ്യാമവര്‍ണ്ണാ????????

(ചിത്രം - നന്ദനം. )

Thursday, June 16, 2005

അവനും അവളും -2

ആദ്യം...
അവന്‍ കൊടുങ്കാറ്റായി വന്നു;
അവള്‍ വടവൃക്ഷമായി നിന്നു.

അവന്‍ കടല്‍ത്തിരയായി വന്നു;
അവള്‍ കരിങ്കല്‍ ഭിത്തിയായി നിന്നു.

അവന്‍ പാട്ടായി വന്നു;
അവള്‍ ബധിരയായി നിന്നു.

അവന്‍ പേമാരിയായി വന്നു;
അവള്‍ പാറക്കല്ലായി നിന്നു.

അവന്‍ തീയായി വന്നു;
അവള്‍ ജലമായി നിന്നു.

അവന്‍ കാട്ടുമൃഗമായി വന്നു;
അവള്‍ വേട്ടക്കാരിയായി നിന്നു.

അവന്‍ രാവണനായി വന്നു;
അവള്‍ സീതയായി നിന്നു.

അവന്‍ വെള്ളപ്പൊക്കമായി വന്നു;
അവള്‍ മലയായി നിന്നു.

അവന്‍ ഇരുട്ടായി വന്നു;
അവള്‍ വെളിച്ചമായി നിന്നു.

അവസാനം......

അവന്‍ സ്നേഹിതനായി വന്നു;
അവള്‍ സ്നേഹിതയായി നിന്നു.

അവന്‍ സ്നേഹത്തോടെ ചിരിച്ചു;
അവള്‍ സ്നേഹത്തോടെ നാണിച്ചു.

അവനും അവളും കല്യാണം കഴിച്ച്‌ സുഖമായി ജീവിച്ചു.

Tuesday, June 14, 2005

മൊബൈല്‍ ഫോണുകാരന്റെ പ്രണയം.

ഡാ... നീ അവസാനം നിന്റെ സ്വപ്നറാണിയെ കണ്ടെത്തിയെന്നു പറഞ്ഞതു സത്യാണോ?
അതേടാ... ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോഴാ ആ സെറ്റ്‌ ആദ്യായിട്ട്‌ കാണുന്നതു. അവളും അവിടെ എന്തോ വാങ്ങാന്‍ വന്നതാ.
എന്നിട്ട്‌?
നെറ്റ്‌ വര്‍ക്ക്‌ ഇല്ലായിരുന്നു.
നെറ്റ്‌ വര്‍ക്കോ?
അതേ തിരക്കായതുകൊണ്ട്‌ ഒന്നും മിണ്ടാന്‍ പറ്റിയില്ല.
പിന്നെ നീ എന്ത്‌ ചെയ്തു?
ഞാന്‍ മിസ്കോള്‍ വിട്ടു.
എങ്ങനെ?
അവളുടെ കൂടെയുള്ള കുട്ടിക്ക്‌ സിം കാര്‍ഡിന്റെ വലുപ്പത്തില്‍ ഒരു മിഠായി വാങ്ങിക്കൊടുത്തു. എന്നിട്ട്‌ റീചാര്‍ജ്ജ്‌ കാര്‍ഡിന്റെ കവറില്‍ എന്റെ നമ്പര്‍ എഴുതി ഇട്ട്‌ കൊടുത്ത്‌ ചേച്ചിക്ക്‌ കൊടുക്കണം എന്ന്‌ പറഞ്ഞു. എന്നിട്ട്‌ ഉടനെ ഔട്ട്‌ ഓഫ്‌ റെയിഞ്ച് ആയി.
അതെന്തിനു?
അവളുടെ അച്ഛനും കൂടെയുണ്ടായിരുന്നു. അയാള്‍ എന്നെ കണ്ടിരുന്നേല്‍ എന്റെ ഡിസ്പ്ളേ മോശം ആയേനെ.
പിന്നെ എന്ത്‌ സംഭവിച്ചു?
പിറ്റേ ദിവസം റിങ്ങ്ടോണ്‍ കിട്ടി.
അവള്‍ വിളിച്ചു അല്ലേ?
ഉം.. എന്തു പറഞ്ഞു?
അവള്‍ക്കു എക്സാം ആയതുകൊണ്ട്‌ ബിസി ആണു. ട്രൈ ആഫ്റ്റര്‍ സം ടൈം എന്നു പറഞ്ഞു. എന്നിട്ട്‌ സ്വിച്ച്ഡ്‌ ഓഫ്‌ ആയി. ഞാന്‍ ഇപ്പോ റീഡയലിംഗ്‌ മോഡില്‍ ഇരിക്കുകയാ.

Sunday, June 12, 2005

മുന്നേടെ സംശയം !!!!!

അവള്‍ സന്ധ്യക്ക്‌ പതിവുള്ള നാമജപം കഴിഞ്ഞ്‌ കിടപ്പുമുറിയില്‍ വന്ന്‌ അലക്കിയുണക്കിയ വസ്ത്രങ്ങള്‍ മടക്കിവെക്കുകയായിരുന്നു.

അമ്മേ...... മുന്ന വിളിക്കുന്നത്‌ കേട്ടു.

എന്താ എന്നു ചോദിക്കുന്നതിനു മുമ്പ്‌ തന്നെ മുന്ന ഓടിവന്ന്‌ കട്ടിലില്‍ കയറി ചാടി മറിഞ്ഞു.

'ആ മടക്കിവെച്ചതിലൊക്കെ തൊട്ടാല്‍ നിനക്ക്‌ എന്നോടു കിട്ടും കേട്ടോ.' നിന്റെ ടി. വി. കാണല്‍ ഒക്കെ കഴിഞ്ഞോ?'

'ചേച്ചി പാട്ട്‌ കാണുകയാ, അതു കഴിഞ്ഞാല്‍ കാര്‍ട്ടൂണ്‍ വെച്ചു തരും എന്ന്‌ പറഞ്ഞു.'

'എന്നാല്‍ പോയി അച്ഛന്‍ വരുന്നുണ്ടോന്ന്‌ നോക്കു.'

വെള്ളിയാഴ്ച്ച ആയതുകൊണ്ട്‌ പുസ്തകത്തിന്റേം പഠിപ്പിന്റേം കാര്യം പറഞ്ഞിട്ട്‌ കാര്യമില്ല.ശനിയും ഞായറും ഒഴിവല്ലേന്ന്‌ രണ്ടാളും ചോദിക്കും. അക്കാര്യത്തില്‍ മാത്രം ചേച്ചീം അനിയനും വല്യ കൂട്ടാ.

'അമ്മേ... '

'എന്താടാ?... '

'നമ്മളൊക്കെ എപ്പഴാ മരിക്ക്യാ?'

അവള്‍ ഞെട്ടി.
'മരിക്കാനോ?'

'ഉം..ചേച്ചി പറഞ്ഞു.'

എന്ത്‌??????

'എല്ലാരും ഒരു ദിവസം തട്ടിപ്പോകുംന്ന്‌. അങ്ങനെ പറഞ്ഞാ എന്താന്ന്‌ ചോദിച്ചപ്പോ ചേച്ചി പറഞ്ഞു, എല്ലാരും ഒരു ദിവസം ഇല്ലാണ്ടാവും, ദൈവം ദൈവത്തിന്റെ അടുത്തേക്ക്‌ എല്ലാരേം വിളിക്കും, അതിനു മരിക്ക്യാ എന്നാ പറയ്യാ എന്നൊക്കെ.'

ഈശ്വരാ..... അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടി ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടിയോട്‌ പറയേണ്ടുന്ന കാര്യങ്ങളേ... ഇപ്പഴത്തെ കുട്ടികള്‍ ഒക്കെ ഇങ്ങനെ ആണോ എന്തോ?

'മുന്ന മരിക്ക്യോ അമ്മേ?'

അവള്‍ അവനെ എടുത്തു, ഉമ്മ കൊടുത്തു. 'ഇല്ലാട്ടോ.'

'പിന്നെ ചേച്ചി പറഞ്ഞതോ?'

'അത്‌.. ആരും സ്നേഹിക്കാന്‍ ഇല്ലാത്തോരേയും വേറെ ആരേം സ്നേഹിക്കാത്തോരേയും ആണു ദൈവം കൂട്ടിക്കൊണ്ടുപോവുന്നത്‌. മുന്നയെ സ്നേഹിക്കാന്‍ അമ്മ ഇല്ലേ? മുന്ന അമ്മേടെ ജീവനല്ലേ? അപ്പോ മുന്നയെ ദൈവം വിളിക്കില്ലാട്ടോ.'

കുഞ്ഞുങ്ങളുടെ സംശയം എത്രയും വേഗം തീര്‍ത്താല്‍ അത്രയും നന്ന്‌ എന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു. മുന്ന ഇറങ്ങി ഓടിപ്പോയി. അവള്‍ അലമാര തുറന്ന്‌ വസ്ത്രങ്ങള്‍ അതിലേക്ക്‌ വെക്കുമ്പോഴേക്കും മുന്ന ഓടിവന്ന്‌ കെട്ടിപ്പിടിച്ചു.

'അമ്മേം മരിക്കില്ല്യാട്ടോ, നിയ്ക്ക്‌ അമ്മയോടും വല്യ സ്നേഹല്ലേ.'

മുന്ന വന്നത്‌ പോലെ ഓടിപ്പോയി. അവള്‍ അനങ്ങാനാവാതെ കണ്ണില്‍ നിറയെ വെള്ളവുമായി നിന്നു. മുന്നയ്ക്ക്‌ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സത്യം തന്നെ ആയിരുന്നെങ്കില്‍ എന്നോര്‍ത്ത്‌. സ്നേഹത്തിനു മരണത്തെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.............

Thursday, June 09, 2005

റോള്‍ മോഡല്‍.

ചേട്ടന്‍ ഒരു ദിവസം രാവിലെ പറഞ്ഞു- സു നീ കുറച്ചു സീരിയസ്‌ ആകണം 'ജീവിതത്തെ ഗൌരവമായ കാഴ്ച്ചപ്പാടില്‍ കാണണം, നിനക്ക്‌ ഒരു റോള്‍ മോഡല്‍ ഉണ്ടായിരിക്കണം, അവരെപ്പോലെയാകാന്‍ ശ്രമിക്കണം എന്നൊക്കെ. പിന്നെ പലരേം നോക്ക്‌ നോക്ക്‌ എന്നും പറഞ്ഞു. അവരേയൊക്കെ നോക്കിയാല്‍ എന്റെ കണ്ണ്‌ കഴ്‌യക്കുകയല്ലാതെ വേറെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലാന്ന്‌ എനിക്കറിയാം. എന്തായാലും ചേട്ടന്‍ പറഞ്ഞത്‌ അനുസരിച്ചുകളയാം എന്നു കരുതി, മെഗാസീരിയലുകാരന്‍ പരസ്യം തപ്പി ഇറങ്ങുന്നതുപോലെ അനുകരിക്കാന്‍ പറ്റിയ ആളെ കണ്ടുപിടിക്കാന്‍ ഞാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി.

ഞാന്‍ ആദ്യം തന്നെ നേരെ രാഷ്ട്രീയത്തിലേക്കിറങ്ങി. ഏയ്‌ കൊടിയും പിടിച്ചു ജാഥ നയിച്ചു ഘോരഘോരം പ്രസംഗിച്ചതൊന്നും അല്ല. എനിക്കു അനുകരിക്കേണ്ട ആളിനെ ഒന്നു പരതി അത്രേ ഉള്ളു. തുണിക്കടയില്‍ കയറിയ സ്ത്രീകളേപ്പോലെ ഒരു തിരച്ചില്‍ നടത്തി അവസാനം ഒന്നിനെ കണ്ടെത്തി. സോണിയാജി. പക്ഷേ അനുകരിച്ചുകളയാം എന്നു തീരുമാനിച്ചപ്പോളല്ലേ ഒരു കാര്യം കണ്ടു പിടിച്ചത്‌. വേറൊന്നും അല്ല. ഇംഗ്ളീഷ്‌ തന്നെ. അവര്‍ നല്ല മണിമണിയായി ഇംഗ്ളീഷ്‌ പറയും. എനിക്കാണേല്‍ 26 അക്ഷരം ഇംഗ്ളീഷില്‍ ഉണ്ട്‌ എന്നു മാത്രം അറിയാം. ഞാന്‍ ഇംഗ്ളീഷ്‌ പറഞ്ഞാല്‍ ഗാന്ധിമഹാന്‍ താഴോട്ട്‌ ഇറങ്ങിവന്ന്‌ പറയും, സു നീ 71 നു പകരം 17ലോ മറ്റൊ ജനിച്ചിരുന്നേല്‍ ഞങ്ങള്‍ കഷ്ടപ്പെട്ട്‌ സമരം ചെയ്തു സ്വാതന്ത്ര്യം ന്നേടിയെടുക്കേണ്ടതില്ലായിരുന്നു, നീ വന്ന്‌ രണ്ട്‌ ഇംഗ്ളീഷ്‌ പറഞ്ഞിരുന്നേല്‍ ഇംഗ്ളീഷുകാര്‍ പരിഭ്രമിച്ചു പൊടിയും തട്ടിപ്പോയേനെ എന്ന്‌. അനുകരിക്കുകയാണേല്‍ കുറച്ചെങ്കിലും ഒരു സാമ്യം വേണ്ടേ? അതുകൊണ്ടു ഞാന്‍ സോണിയാജിയോട്‌ റ്റാറ്റാ പറഞ്ഞു.

ഇനി സിനിമ നോക്കാം എന്നു കരുതി. കുറേപ്പേര്‍ മനസ്സില്‍ നിരന്നു. ജയഭാരതി, ഷീല, മീരാജാസ്മിന്‍, കാവ്യാമാധവന്‍ അങ്ങിനെ പലരേം നോക്കിയപ്പോഴല്ലേ ഒരു കാര്യം കണ്ടുപിടിച്ചത്‌. എനിക്കില്ലാത്ത ഒരു കാര്യം ഇവര്‍ക്കൊക്കെയുണ്ട്‌. ഏയ്യ്‌... ബുദ്ധിയല്ല, സൌന്ദര്യം, സൌന്ദര്യം! കാവ്യാമാധവനു പകരം എന്നെ നോക്കി ചെന്താര്‍മിഴീ... പൂന്തേന്‍ മൊഴീ.... എന്നു പാടിയാല്‍ പാടുന്നവന്‍ എപ്പോ ചത്തു എന്നു ചോദിച്ചാല്‍ മതി. ആള്‍ക്കാര്‍ ഓടിച്ചിട്ട്‌ തല്ലും. അതുകൊണ്ട് അതില്‍നിന്നും ഗുഡ്ബൈ പറഞ്ഞു.

അടുത്ത മേഖല. സംഗീതം. എനിക്കു സം+ ഗീതം പോലും ഇല്ല. എനിക്കാകെയുള്ള സംഗീതം ഒരാള്‍ ജനിക്കുമ്പോള്‍ സ്വയം പാടുന്നതും അയാള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ പാടുന്നതും മാത്രമാണു. അതായത്‌ കരച്ചില്‍. അതു ഞാന്‍ ഏതു രാഗത്തിലും പാടും. വേറെ സംഗീതം എനിക്കു പറ്റിയതല്ലാന്നു ഞാന്‍ ഈയടുത്ത കാലത്തും കൂടെ തെളിയിച്ചു. കറന്റില്ലാത്ത ഒരു ദിവസം, പണിത്തിരക്കിനിടയില്‍ സ്വയം ഒരു പാട്ടുപെട്ടി ആയി നോക്കിയതായിരുന്നു. "ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി "എന്നു തുടങ്ങിയപ്പോഴേക്കും മറു പാട്ട്‌ വന്നു" ഒരു ഇടി കൊണ്ടാല്‍ തൊഴി കൊണ്ടാല്‍ അതുമതി". എന്നിട്ട്‌ ചേട്ടന്‍ പറഞ്ഞു. അയല്‍ക്കാരുടെ കാര്യം സാരമില്ല, സൂനാമി വരുന്നു എന്നു മുന്നറിയിപ്പ്‌ കൊടുക്കുന്ന പോലെ അറിയിപ്പു കൊടുത്താല്‍ മതി സു പാടാന്‍ പോവുകയാണു, എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറേണ്ടതാണു എന്നു. അവര്‍ തടി രക്ഷപ്പെടുത്തിക്കോളും. പക്ഷേ നീ അയല്‍പക്കത്തൊക്കെയുള്ള മിണ്ടാപ്രാണികളുടെ കാര്യം കൂടെ ആലോചിക്കണം. അതുങ്ങള്‍ ഇടക്കിടയ്ക്കു എങ്ങോട്ട്‌ പോവും എന്നു. അതു കേട്ടതോടെ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സം--- ഗീതവും സമാധിയായി.

അങ്ങിനെ പല മേഖലകളിലൂടേം പരതിപ്പരതി അവസാനം സ്പോര്‍ട്സ്‌-ല്‍ എത്തി. സ്പോര്‍ട്സ് എനിക്കു വല്യ ഇഷ്ടം ഉള്ള ഒരു കാര്യം ആണു. ഓട്ടം പഠിക്കുന്നത്‌ ജീവിതത്തില്‍ ഏതൊരാള്‍ക്കും വളരെ ഉപയോഗപ്രദമായ ഒരു കാര്യം ആണെന്നു എനിക്കറിയാം. എനിക്ക്‌ സ്പോര്‍ട്സില്‍ ‍ എറ്റവും ഇഷ്ടം ഉള്ള കാര്യം എന്താന്നു വെച്ചാല്‍ ഒരു വടിയാണു. ഒരു വടി കുത്തിപ്പിടിച്ചു ചാടി അപ്പുറത്തു വീഴുന്നില്ലേ ആ വടി. മാവിനു കല്ലെറിയുമ്പോള്‍ ഞാന്‍ എന്നും വിചാരിക്കാറുണ്ട്‌ ആ വടി കിട്ടിയിരുന്നേല്‍ അതിന്റെ അറ്റത്ത്‌ ഒരു കത്തി കെട്ടി എളുപ്പത്തില്‍ മാങ്ങ പറിക്കാമായിരുന്നു എന്ന്. ഞാന്‍ മാവിനു കല്ലെറിഞ്ഞാല്‍ ആ കല്ലു പോലും താഴോട്ട്‌ വരില്ല, പിന്നെയല്ലേ മാങ്ങ! അങ്ങിനെ നോക്കി നോക്കി ഞാന്‍ എന്റെ നിലയ്ക്കും വിലയ്ക്കും പറ്റിയ ഒരാളെ കണ്ടെത്തി. സാക്ഷാല്‍ കുഞ്ചാറാണി. അങ്ങിനെ ഉമ്മറത്തു വെച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ ഓം കുഞ്ചാറാണിയേ നമ: എന്ന് പറഞ്ഞ്‌ പൊക്കിയെടുത്തത്‌ മാത്രം ഓര്‍മയുണ്ട്‌. വൈകുന്നേരം സിലിണ്ടറിനേക്കാളും വീങ്ങിയ കാലും വെച്ചു ആര്‍ട്ട് ഫിലിം ‍പോലെ ഒച്ചയും അനക്കവും ഇല്ലാതെ കിടക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞു. നീ ഇത്രേം സീരിയസ്‌ ആവും എന്ന് ഞാന്‍ കരുതിയില്ല, നീ ആരേം അനുകരിക്കേണ്ട നീ നീ ആയിട്ട്‌ ഇരുന്നാല്‍മതി എന്ന്. അതാ ഞാനും പറയുന്നത്‌ താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കില്‍ അവിടെ ഞാനിരിക്കും എന്ന് കേട്ടിട്ടില്ലേ?

Tuesday, June 07, 2005

ദു:ഖം.

അയാള്‍ക്ക്‌ വല്യ വിഷമം തോന്നി. ഒന്നല്ലെങ്കില്‍ വേറൊന്ന്. എന്നും ഓരോ കാരണങ്ങള്‍ ഉണ്ടാവും. അല്ലെങ്കില്‍ കണ്ടുപിടിച്ചെടുക്കും. ഓഫിസില്‍ നിന്ന് തളര്‍ന്ന് വീട്ടിലെത്തുമ്പോളേക്കും അവള്‍ റെഡി ആയി നില്‍ക്കുന്നുണ്ടാവും. പറഞ്ഞ്‌ പറഞ്ഞ്‌ വഴക്കാവും. കുട്ടികള്‍ക്കും മനസ്സിലായി വരുന്നുണ്ട്‌. എന്താ ചെയ്യാ? എത്ര പറഞ്ഞാലും അവളുടെ തലയിലോട്ട്‌ കയറില്ല. മറ്റുള്ളോരെ അനുകരിച്ചു ജീവിക്കാന്‍ പറ്റില്ല, അതിന്റെ കാര്യമില്ലാന്നു എത്ര തവണ പറഞ്ഞു. നമുക്ക്‌ ഉള്ളത്‌ പോലെ നോക്കീം കണ്ടും ജീവിച്ചാല്‍ സുഖായിട്ടും സന്തോഷായിട്ടും ഇരിക്കാംന്ന് പറയിപ്പിക്കാത്ത ദിവസം ഇല്ല. അത്‌ ഇത്‌ എന്നു പറഞ്ഞു അപ്പുറത്തും ഇപ്പുറത്തും നോക്കി വാങ്ങിക്കൂട്ടാത്ത വസ്തുക്കള്‍ വീട്ടില്‍ ഇല്ലാതായിട്ടുണ്ട്‌. ഇത്തവണ വല്യ പ്രശ്നം ആണു. കാര്‍. അതിന്റെ യാതൊരു ആവശ്യവും ഇല്ലാന്ന് അവള്‍ക്ക്‌ നന്നായി അറിയാം. ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചുറ്റുവട്ടത്തു തന്നെയാണു താമസിക്കുന്നത്‌. പിന്നെ എവിടെ പോകാന്‍. കുഞ്ഞുമക്കളെയും കൊണ്ട്‌. എല്ലാത്തിനും ഓരോ സമയം ഇല്ലേ?
ആലോചിച്ച്‌ ആലോചിച്ച്‌ നടന്ന് അയാള്‍ അമ്പലത്തിന്റെ മുന്നിലെത്തി. ദൈവത്തോട്‌ തന്നെ പരിഭവം പറയാം എന്ന് കരുതി ഉള്ളില്‍ കടന്നു തൊഴുതു പരാതി ബോധിപ്പിച്ച്‌ പുറത്തിറങ്ങി അയാള്‍ ആല്‍ത്തറയില്‍ ഇരുന്നു. ഇരുന്നു കുറച്ചാവുമ്പോളേക്കും തലയില്‍ എന്തോ വീഴുന്നു. നോക്കിയപ്പോള്‍ അവലും തേങ്ങാപ്പൂളും. ആലിനു മുകളില്‍ ഇതൊക്കെ തിന്നാന്‍ ഇപ്പോ ആരാ എന്നു നോക്കിയപ്പോള്‍ അയാള്‍ കണ്ടു. ദൈവം!!!!! സാക്ഷാല്‍ കൃഷ്ണന്‍!!!. അയാള്‍ പെട്ടെന്ന് എണീറ്റ്‌ കൈകൂപ്പി. "ഭഗവാനേ... അങ്ങ്‌ ഇവിടെ എന്താ ചെയ്യുന്നത്‌? ശ്ശ്‌ ശ്ശ്‌ ഒച്ചയുണ്ടാക്കല്ലേ, ദൈവം ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാരുടേം പരാതീം പരിഭവോം കേട്ട്‌ മതിയായി. നിന്റെ കാര്യം ഞാന്‍ ആലോചിച്ചു. ഒരു ഭാര്യ അവളുടെ പരാതികള്‍ അല്ലേ? എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കു ഭക്താ... കുറേയേറെ ഭക്തന്‍മാ‍ര്‍, അവരുടെ പരാതികള്‍, പിന്നെ പതിനാറായിരത്തെട്ട്‌ ഭാര്യമാര്‍!!!! ഇവരെയൊക്കെ വഴക്കില്ലാതെ നിര്‍ത്താന്‍ ഞാന്‍ പെടുന്ന പാട്‌ എനിക്കേ അറിയൂ. നീ പോയി ഒന്ന് ആലോചിച്ചു നോക്കിയേ. നിനക്കു ശാന്തമായി ഇരിക്കാന്‍ കഴിയും. അവള്‍ക്ക്‌ തല്‍ക്കാലം വല്ല സാരിയോ മറ്റോ വാങ്ങിക്കൊടുത്ത്‌ സമാധാനിപ്പിക്കൂ. വീട്ടിലേക്ക്‌ പോയ്ക്കോളു ഭക്താ.....
അയാള്‍ വീട്ടിലേക്ക്‌ നടന്നു. വല്യ വല്യ ആള്‍ക്കാര്‍ക്ക് വല്യ വല്യ ദു:ഖം എന്നു അയാള്‍ക്ക് ബോധ്യപ്പെട്ടു.

Saturday, June 04, 2005

വിന്‍ഡോ ഷോപ്പിംഗ്‌ .

കുറച്ചു നാള്‍ മുന്‍പ്‌ ഒരു യാത്ര പോയി. അവിടെനിന്നു എല്ലാ സ്ഥലവും കണ്ടുവരാമെന്നു കരുതി ഇറങ്ങി. നടന്നു നടന്നു ഒരു വല്യ ഷോപ്പിംഗ്‌ സെന്ററിന്റെ ഒന്നാം നിലയിലെത്തി. വിന്‍ഡോ ഷോപ്പിംഗ്‌ എനിക്കു പണ്ടേ ഇഷ്ടം ഉള്ള ഒരു കാര്യം ആണു. നോക്കി രസിക്കാന്‍ വില വേണ്ടല്ലോ. കണ്ണാടിക്കൂടിനുള്ളിലേക്കു നോക്കിയപ്പോഴുണ്ട്‌ ഒരു ചുരിദാര്‍. എനിക്കിഷ്ടപ്പെട്ട ആകാശനീലക്കളറില്‍ ,കുറെ മുത്തും തൊങ്ങലും ഒക്കെ പിടിപ്പിച്ച ഒരു അടിപൊളി ഉടുപ്പ്‌.
നല്ല കളര്‍ അല്ലേ?
അതെ അതെ നല്ല കളര്‍ ---ചേട്ടന്‍.
അടിപൊളി ആയിട്ടുണ്ട്‌ അല്ലേ?.
ഉം. വണ്ടര്‍ഫുള്‍!
എന്തൊരു ഭംഗ്യാ അതിനു.
ഉം നല്ല ഭംഗി.
ആര്‍ക്കാണാവോ അതു കിട്ടാന്‍ ഭാഗ്യം?
ഉം ആരുടേയോ ഭാഗ്യം. ചേട്ടന്റെ സ്വരത്തില്‍ അല്‍പ്പം നിരാശ മണത്തു.
വാങ്ങിത്തരുകയും ഇല്ല, എന്നിട്ടു വല്യ വാചകവും എന്നു ഓര്‍ത്തു. മനസ്സ്‌ ചുരിദാറിന്റെ ഭംഗിയിലേക്കു തിരിച്ചു വരുന്നതിനു മുന്‍പ്‌ ചേട്ടന്റെ ഡയലോഗ് വന്നു!
'പക്ഷെ മുടിയുടെ കളര്‍ ശരിയല്ല'.
ഞാന്‍ ഞെട്ടി. ഇയാക്കു വട്ടു പിടിച്ചോ, ചുരിദാറിനു മുടിയുണ്ടാവുമോയെന്നു വിചാരിച്ചു ചേട്ടനെ നോക്കിയപ്പോഴുണ്ട്‌ ചേട്ടന്‍ കൈവരിയില്‍ പിടിച്ചു താഴേക്കു നോക്കി നില്‍ക്കുന്നു. അങ്ങോട്ട്‌ എത്തി വെലിഞ്ഞു നോക്കിയപ്പോഴുണ്ട്‌ ബോളിവുഡ്ഡില്‍ നിന്നും ഇറങ്ങി വന്ന പോലെ ഒരു സുന്ദരി താഴെ മൊബൈല്‍ ഫോണില്‍ ആരോടോ കത്തി വെക്കുന്നു. ബ്രൌണ്‍ കളര്‍ മുടി ആണു ആ പെണ്ണിനു.
ഈ സംഭവത്തോടെ ഞാന്‍ എന്റെ വിന്‍ഡോ ഷോപ്പിങ്ങിനോടും വിട പറഞ്ഞു.

Thursday, June 02, 2005

കച്ചവടം .

ഭാര്യ കൊടുത്ത ഭക്ഷണപ്പൊതി അയാള്‍ സൈക്കിളിന്റെ പുറകിലെ സീറ്റിലേക്കു വെച്ചു.
"അടുക്കളയിലെ സാധനങ്ങളൊക്കെ തീരാറായി. ഇന്നു തന്നെ വാങ്ങിയാല്‍ നന്നായിരുന്നു." ഭാര്യ ഓര്‍മ്മിപ്പിച്ചു.
ഉം.. അയാള്‍ മൂളി.
ഇന്നു തന്നെ എത്രാമത്തെ പ്രാവശ്യം ആണു ഇതു കേള്‍ക്കുന്നതെന്നു അയാള്‍ വെറുതെ ഓര്‍ത്തു.
അയാള്‍ സൈക്കിളുരുട്ടി നടന്നു. പിള്ളേര്‍ മണ്ണില്‍ കളി തുടങ്ങിയിരുന്നു.

' സ്കൂള്‍ ഇല്ലാത്തത്‌ നന്നായി. എന്നാലും ഇനി തുറക്കാനാവുമ്പോഴേക്കും എന്തൊക്കെ ഉണ്ടാക്കണം. പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, കുട. പിന്നേയും ഒരു നൂറു കൂട്ടം കാര്യങ്ങള്‍. മഴക്കാലവും വരാനായി. വീടിനു ചെറിയ തോതിലെങ്കിലും നന്നാക്കല്‍ നടത്തിയില്ലെങ്കില്‍ മഴക്കാലത്തു അതിനുള്ളില്‍ താമസിക്കാമെന്നു കരുതേണ്ട. ഈശ്വരാ... എന്തൊക്കെ പരീക്ഷണങ്ങള്‍. ഇന്നെങ്കിലും ശരിക്കു കച്ചവടം നടക്കണേ എന്നു പ്രാര്‍ഥിക്കാതെ വീട്ടില്‍ നിന്നു ഇറങ്ങുന്ന ഒരു ദിവസം പോലും ഇല്ല. എന്നിട്ടെന്തു കാര്യം. ശരിക്കും ഓര്‍ത്താല്‍ അങ്ങിനെ ഞാന്‍ പ്രാര്‍ഥിക്കാന്‍ പാടുണ്ടോ. ശാപം കിട്ടുന്ന ജന്‍മം ആകുമോ ദൈവമേ എന്റേതു. ഉടനെ തന്നെ തിരുത്തി. ആത്മനിന്ദ എന്തിനാണു? എന്റെ ജോലിയല്ലേ ഞാന്‍ ചെയ്യുന്നതു. അതും കുടുംബം പോറ്റാന്‍ മാത്രം. ബാക്കിയുള്ളവരൊക്കെ എന്തൊക്കെ ചതിപ്പണികള്‍ എടുത്തിട്ടാണു ജീവിക്കുന്നതു'.

ആലോചനയില്‍ മുഴുകി നടന്നു അയാള്‍ കടയ്ക്കു മുന്നിലെത്തി. സൈക്കിള്‍ ചുമരിന്റെ വശത്തു ചാരി വെച്ചു. കടയുടെ പൂട്ട്‌ തുറന്നു വാതില്‍പ്പാളികള്‍ ഓരോന്നായി എടുത്തു ഒരു വശത്തേക്ക്‌ അടുക്കി വെച്ചു. കടയ്ക്കുള്ളില്‍ കടന്ന്‌ നിറം മങ്ങിയ ഒരു തകരബോര്‍ഡെടുത്തു പുറത്തെ ചുമരില്‍ ഉള്ള ആണിയില്‍ തൂക്കി.
"ശവപ്പെട്ടികള്‍ ഇവിടെ വില്‍ക്കപ്പെടും" എന്നെഴുതിയ ബോര്‍ഡ്‌!

Wednesday, June 01, 2005

കണ്ണനാനേടേം മിന്നുറുമ്പിന്റേം കഥ.

കണ്ണന്‍ ആനയും മിന്നു ഉറുമ്പും വല്യ കൂട്ടുകാരായിരുന്നു.
എവിടെ പോവുമ്പോഴും ഒരുമിച്ചേ പോകൂ.
എന്തു കിട്ടിയാലും പങ്കു വെച്ചു കഴിക്കും.
പകല്‍ മുഴുവന്‍ രണ്ടാളും കൂടെ കറങ്ങിനടക്കും.
വൈകുന്നേരം രണ്ടാളും കൂടെ പുഴയില്‍ നീന്തിക്കുളിച്ചു അവരവരുടെ വീട്ടിലേക്കു പോകും.
കണ്ണനു ഒരു ദിവസം മിന്നുവിനെ കണ്ടില്ലെങ്കില്‍ വിഷമം ആകും.
അതുപോലെ മിന്നുവിനു കണ്ണനെ കണ്ടില്ലെങ്കിലും സങ്കടം ആകും.
അങ്ങിനെ ഒരു ദിവസം കണ്ണനാന കാത്തിരുന്നിട്ടു മിന്നുറുമ്പിനെ കണ്ടില്ല.
കണ്ണനാന വിഷമിച്ചു വിഷമിച്ചു ഒരു വകയായി.
രാത്രി ഉറക്കം പോലും വന്നില്ല.
പിറ്റേദിവസം ഉണ്ട്‌ മിന്നുറുമ്പ്‌ ചിരിച്ചും കൊണ്ട്‌ വരുന്നു.
കണ്ണനാന കുറച്ചു ദേഷ്യത്തില്‍ ചോദിച്ചു "ഇന്നലെ കണ്ടില്ലല്ലോ, എവിടെ ആയിരുന്നു? ".
മിന്നുറുമ്പ്‌ പറഞ്ഞു ' ഇന്നലെ എന്റെ പിറന്നാളായിരുന്നു, കണ്ണനു ഞങ്ങള്‍ടെ വീട്ടില്‍ നില്‍ക്കാന്‍ സ്ഥലം ഇല്ല, അതുകൊണ്ടാ വിളിക്കാഞ്ഞതു. ഇതാ ഞാന്‍ നെയ്യപ്പം കൊണ്ടുവന്നിട്ടുണ്ടു, തിന്നോളൂ " .
കണ്ണനാനയ്ക്കു സന്തോഷം ആയി.
രണ്ടാളും കൂടെ നെയ്യപ്പം തിന്നാന്‍ തുടങ്ങി.
(സ്കൂള്‍ തുറക്കുകയല്ലേ ഇന്ന്. അതുകൊണ്ടാണു ഈ കഥ. )