Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 30, 2006

കഭി അല്‍‌വിദാ നാ കഹനാ...

“ഹി ഹി ഹി.”

“എന്താ ചിരിക്കുന്നത്?”

“ഞാന്‍ ‘അയ്യാ’ സിനിമയിലെ വടിവേലുവിനെ ഓര്‍ത്തു.”

“ഹഹഹ. ഇപ്പോ ഞാനും ഓര്‍ത്തു.”

“അയ്യോ... മുന്നില്‍ ഒരു ഐസ്‌ബര്‍ഗ്. സ്കൂട്ടര്‍ ഇപ്പോ അതിന് മുകളില്‍ കയറും.”

“റോഡില്‍ ഐസ് ബര്‍ഗോ?”

“അല്ലല്ല. മണ്‍കൂനയാ. ദാ ആ സൈഡില്‍ത്തന്നെ. ടൈറ്റാനിക്ക് കണ്ട് കണ്ട് അത് തന്നെ ഓര്‍മ്മയില്‍ വന്നു. അയ്യോ സൈഡില്‍ എടുക്കല്ലേ. വീഴും.”

“എടുത്തു. ദാ വീഴുന്നു. റോഡ് റിപ്പയറിന്റെ ഓരോ ഫലം.”
നിശ്ശബ്ദത.

“അവിടെ ഉണ്ടോ?”

“ഇവിടെ ഉണ്ട്. അവിടെ എന്തെങ്കിലും പറ്റിയോ? ഇവിടൊന്നും പറ്റിയില്ല.”

“ഇവിടേം ഒന്നും പറ്റിയില്ല.”

“എന്നാല്‍ എണീക്കാം അല്ലെ?”

“ഉം. ഞാന്‍ എണീറ്റു. നീ എണീക്ക്. സ്കൂട്ടര്‍ നേരെയാക്കട്ടെ ഞാന്‍.”

“ ‘ആരവിടെ’ ഇല്ലേ?”

“ആരും അവിടേം ഇവിടേം ഇല്ല.”

“അപ്പോ സ്വയം എണീക്കണം അല്ലേ?”

“വേണ്ടിവരും. ഇനി എപ്പോഴെങ്കിലും വീഴുമ്പോള്‍ ‘ആരവിടെ’ ഉള്ള സ്ഥലത്ത് വീഴാന്‍ ശ്രമിക്കാം.”

“ഓക്കെ. വിട്ടോളൂ എന്നാല്‍.”

“ഓക്കെ. എന്നാല്‍ പാട്ട് തുടങ്ങിക്കോ.”

“ലാ...ലാ...ലാ...”

तुम यादोम मे ही रह्ना ...

Labels:

Friday, September 29, 2006

അവള്‍ നനഞ്ഞ മഴ

ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആകാശവും ഭൂമിയും മഴയ്ക്ക്‌ വേണ്ടി പിടിവലി ആയിരുന്നു. കാര്‍മേഘങ്ങള്‍ തനിക്ക്‌ സ്വന്തമെന്ന് ആകാശവും, മഴ തന്റെ സ്വാന്ത്വനമെന്ന് ഭൂമിയും സ്ഥാപിക്കുന്ന സമയത്താണ്‌, അവള്‍ ജോലി കഴിഞ്ഞ്‌ ബസ്‌സ്റ്റോപ്പിലെത്തിയത്‌. അവിടെ ഓരോ ആളും മനസ്സിലെ തിരക്ക്‌ മുഖത്ത്‌ അണിഞ്ഞ്‌ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്ക്‌ മൌനം കൂട്ടുണ്ടായിരുന്നു. മനസ്സിലെ സ്വപ്നങ്ങളോട്‌ മാത്രം സല്ലപിക്കാനേ അവള്‍ ഇഷ്ടപ്പെട്ടുള്ളൂ.

"... ലേക്കുള്ള ബസ്‌ പോയോ?" എന്നും ഓടിപ്പിടച്ച്‌ വരുന്ന , സമയത്തിന്റെ വില അറിയുന്ന, ഉദ്യോഗസ്ഥ വന്ന് അവളുടെ മൌനം മോഷ്ടിച്ചു.

"കണ്ടില്ല. ഞാനിപ്പോള്‍ എത്തിയതേയുള്ളൂ."

പെയ്തുതുടങ്ങി. മനസ്സിലേക്ക്‌ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത്‌ പോലെ. ഭൂമിയെ കുളിര്‍പ്പിച്ച്‌, പരിഭവം മാറ്റി കാര്‍മേഘം കുസൃതിക്കാരനായി. ഭൂമി കിലുകിലെച്ചിരിക്കാന്‍ തുടങ്ങി. കൂടെ മഴയും. ചിരി അവളുടെ ദേഹത്തേക്ക്‌ എത്തിനോക്കിയപ്പോള്‍ അവള്‍ ബസ്‌ഷെല്‍ട്ടറിലേക്ക്‌ ഒന്നുകൂടെ ഒതുങ്ങി നിന്നു. മഴയുടേയും ഭൂമിയുടേയും കണ്ടുമുട്ടല്‍ അറിഞ്ഞപോലെ, സ്വകാര്യതയിലേക്ക്‌ എത്തിനോക്കാന്‍ മടിക്കുന്ന മട്ടില്‍, ബസ്‌ഷെല്‍ട്ടര്‍ മിക്കവാറും ശൂന്യം. അവള്‍ ഒരു സൈഡില്‍ ചാരി ഇരിക്കുമ്പോഴാണ്‌ ഉദ്യോഗസ്ഥയ്ക്കുള്ള ബസ്‌ വന്നത്‌.

അപരിചിതരും, പരിചിതരും ഒഴിഞ്ഞ്‌ ഒറ്റയ്ക്ക്‌ ആയപ്പോള്‍, അവള്‍ പതുക്കെ തന്റെ ലോകത്തേക്ക്‌ തിരിച്ച്‌ വന്നു‌. ‘ജീവിതവും ഇത്‌പോലെ. മരണമെന്ന ബസ്‌ വരുന്നു. കയറിക്കയറിപ്പോകുന്നു. ചോദിച്ച്‌ കയറാന്‍ പറ്റില്ല. അത്ര മാത്രം.' അവള്‍ ഓര്‍ത്തു.

മഴയുടെ താളത്തില്‍ ഹൃദയവും മിടിച്ചുകൊണ്ടിരുന്നു. മഴയോടൊപ്പം നൃത്തത്തിനായി ഇറങ്ങി അവള്‍. മഴ അവളുടെ ശരീരത്തില്‍, അപരിചിതത്വത്തോടെ തൊട്ടു. പിന്നെ ഒരുമിച്ച്‌ നൃത്തം ചെയ്തു. സ്വപ്നങ്ങളും മൌനവും മാഞ്ഞ്‌ പോയിരുന്നു. മഴയോട്‌ സല്ലപിച്ച്‌ സല്ലപിച്ച്‌, മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നു. മഴയ്ക്കും അവള്‍ക്കും ഇടയിലെ സൌഹൃദം സഹിക്കാത്ത മട്ടില്‍ ഒരു കാറ്റ്‌ വീശി. ‘മതി. എന്റെ കൂടെ വാ’ എന്ന ആജ്ഞയില്‍ കാറ്റ്‌ മഴയുടെ കൈകവര്‍ന്നു. കാറ്റിനെ ചെറുക്കാന്‍ നോക്കിയ അവളെ തലോടിക്കൊണ്ട് ഒരു വാഹനം പോയി.

മഴയോട്‌ യാത്ര പറയാന്‍ അവള്‍ക്കായില്ല. മഴയോടൊപ്പം, ഈ ലോകവും, അവള്‍ക്ക്‌ പുറംതിരിഞ്ഞ്‌ നടന്ന് കഴിഞ്ഞിരുന്നു.

Labels:

Thursday, September 28, 2006

സ്വന്തം

റിട്ടയര്‍ ചെയ്യുന്ന അയാള്‍ക്ക്, സഹപ്രവര്‍ത്തകര്‍ കൊടുത്ത യാത്രയയപ്പിന് ശേഷം, അയാള്‍, ശരീരവും, മനസ്സും, ഒരുമിച്ച് സ്വന്തമാക്കി, വീട്ടിലേക്ക് കൊണ്ടുപോയി. വളരെയധികം വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം!

Wednesday, September 27, 2006

ലാഭവും നഷ്ടവും

എപ്പോഴും, ലാഭക്കണക്കുകളുടെ മുകളിലിരുന്ന അച്ഛന്‍, അതിലേക്ക്‌ എത്തിനോക്കിയ മകനെ ശിക്ഷിച്ച്‌, തന്റെ നഷ്ടക്കണക്കിന് ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ചു.

Tuesday, September 26, 2006

കടങ്കഥ

"അമ്മേ..." മിന്നു ബസ്സിറങ്ങി ഓടിവന്നത്‌ പതിവുപോലെ സന്തോഷത്തോടെയാണ്‌.

ബാഗ്‌ വാങ്ങി.

"എന്താ എന്റെ ചക്കരവാവേ..." അവളുടെ ആഹ്ലാദത്തില്‍ പങ്ക്‌ കൊണ്ടു.

എന്നും എന്തെങ്കിലും ഉണ്ടാവും, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍. പഠിപ്പുണ്ട്‌ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. ഇപ്പോഴത്തെ കുട്ടികളുടെ കൂടെ എത്തണമെങ്കില്‍ ഓടണം. അതാണ്‌ സ്ഥിതി. ഇന്നെന്താണാവോ!

വീട്ടിലേക്ക്‌ കയറി, ഷൂവും സോക്സും അഴിച്ചുകൊണ്ട്‌ പറഞ്ഞു.

"ഇന്ന് ടീച്ചര്‍ കടങ്കഥ പറഞ്ഞു തന്നു. അമ്മ പറഞ്ഞുതരാറില്ലേ, അതുപോലെ."

"ഉം. എന്നിട്ടോ? ഉത്തരം ഒക്കെ കിട്ടിയോ?"

"കുറച്ച്‌ കിട്ടി. കുറച്ച്‌ ടീച്ചര്‍ പറഞ്ഞു തന്നു. ബാക്കി നാളെപ്പറയാന്‍ പറഞ്ഞു."

"എന്താ അത്‌? എനിക്കറിയാമോന്ന് നോക്കട്ടെ."

"അച്ഛനെനിക്കൊരുടുപ്പ്‌ തന്നൂ, ഉടുത്തിട്ടും ഉടുത്തിട്ടും തീരുന്നില്ല..." മിന്നു ഈണത്തില്‍ പാടി.

"എന്താമ്മേ അത്‌?"

"ആകാശം അല്ലേ അത്‌." അവള്‍ക്ക്‌ ആലോചിക്കേണ്ടിവന്നില്ല ഒട്ടും. ആശ്വാസവും തോന്നി. അറിയാത്തത്‌ എന്തെങ്കിലും ആയിരുന്നെങ്കിലോ.

"ആകാശം എന്നാല്‍ എന്താ?"

അവള്‍ ഞെട്ടി."ആകാശം എന്നു പറഞ്ഞാല്‍ നമ്മള്‍ ഇരിക്കുന്ന ഭൂമിയ്ക്ക്‌ മുകളില്‍ ഉള്ളത്‌."

"കാണിച്ചു തരൂ."

"വരൂ."അവള്‍ ജനല്‍ തുറന്നു. എവിടെയും ആകാശം ഇല്ല. കെട്ടിടങ്ങള്‍ മാത്രം. പുറത്തിറങ്ങിയാലും കാണില്ലെന്ന് അവള്‍ ഓര്‍ത്തു.

"എവിടെ അമ്മേ?"

"അടുത്ത അവധി ദിവസം ബീച്ചില്‍ പോകുമ്പോള്‍ കാണിച്ച്‌ തരാം."

മിന്നുവിന്റെ മുഖം വാടി. ഇനി ഒരു അവധി ദിവസത്തിനു എത്ര നാള്‍ എന്നാവും ചിന്ത. ആകാശത്തെ നക്ഷത്രങ്ങളേയും, അമ്പിളിയമ്മാവനേയും കണ്ട്‌ ഭക്ഷണം കഴിച്ചതും, മഴവില്ല് കണ്ട്‌ നോക്കിനിന്നതും, വിമാനം പോകുന്നത് നോക്കി ആര്‍ത്തുവിളിച്ചതും ഒക്കെ ഓര്‍ത്ത്‌, നിസ്സഹായതയോടെ, അവള്‍, ടി.വിയും നോക്കിയിരിക്കുന്ന മിന്നുവിനു ഭക്ഷണം കൊടുത്തു.

Monday, September 25, 2006

കേരളം- എന്റെസ്വപ്നങ്ങള്‍

‘എനിക്കും ഒരു സ്വപ്നമുണ്ട് ’ എന്ന് രാജീവ്‌ഗാന്ധി പറഞ്ഞു. അതുപോലെ എനിക്കും ഒരു സ്വപ്നമുണ്ട്‌. കൊച്ചുകേരളത്തെപ്പറ്റിയുള്ള സ്വപ്നം.

കേരളത്തിലിപ്പോള്‍ ആകപ്പാടെ പ്രശ്നങ്ങള്‍ ആണ്‌. എന്താണ്‌‍ ശരിയായ പ്രശ്നം എന്നറിയാത്ത പ്രശ്നം. കോള നിരോധിക്കണോ? കോളേജ്‌ സീറ്റിനൊരു തീരുമാനം ഉണ്ടാക്കണോ? വിഷം കഴിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണോ എന്നൊക്കെയുള്ള പ്രശ്നങ്ങളില്‍പ്പെട്ട്‌ നട്ടം തിരിയുകയാണ്, ഭരണാധികാരികളും , കൂടെ ജനങ്ങളും.
എന്റെ സ്വപ്നങ്ങള്‍ താഴെപ്പറയുന്നവയാണ്.

1)ബിരുദതലം വരെ വിദ്യാഭ്യാസം സൌജന്യമാക്കുക. ഇതിനുവേണ്ടി എല്ലാ ജനങ്ങളും തങ്ങള്‍ക്കാവുന്നത്‌ പോലെ സര്‍ക്കാരിനെ സഹായിക്കുക. പഠിച്ചിറങ്ങുന്നവര്‍ ജോലി കിട്ടുമ്പോള്‍ത്തന്നെ, ആവുന്ന രീതിയില്‍ തന്റെ പിന്‍ഗാമികളെ സഹായിക്കുക. എല്ലാവരും ഒരുപൊലെ പഠിക്കട്ടെ. പണക്കാരും, പാവപ്പെട്ടവരും. പണം കൊയ്തെടുക്കാനുള്ള വ്യാപാരം ആയി വിദ്യാഭ്യാസത്തെ മാറ്റാതിരിക്കുക.

2)വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും അര്‍ഹത തികച്ചും കഴിവ്‌ അടിസ്ഥാനമാക്കിയാവണം. നന്നായി പഠിക്കുന്നവര്‍ക്ക്‌ മുന്‍ഗണന. കൂടുതല്‍ പഠിക്കേണ്ടവര്‍ക്ക്‌ എല്ലാ സഹായവും ചെയ്യാന്‍ ബാങ്കുകള്‍ തയാറാവട്ടെ. ജോലി കിട്ടിക്കഴിഞ്ഞാല്‍, ബാങ്കില്‍ നിന്നും ലഭിച്ച സഹായം തിരികെ നല്‍കുക. എല്ലാവര്‍ക്കും പഠിച്ചിറങ്ങുമ്പോഴേക്കും ജോലി കിട്ടിയെന്ന് വരില്ല. കിട്ടുന്ന മുറയ്ക്ക്‌ ബാങ്കിലെ വായ്പ വീട്ടട്ടെ. പലര്‍ക്കും ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ദരിദ്രര്‍ ആണ്‌ എന്നുള്ളത്‌ കൊണ്ട്‌ നിഷേധിക്കുന്നു എന്ന് തോന്നുന്നു. അവര്‍ക്കല്ലേ ആവശ്യം?

3)കൊക്കോക്കോളയോ മദ്യമോ വേറെ എന്തെങ്കിലുമോ നിരോധിക്കേണ്ട കാര്യമില്ല. വേണ്ടവര്‍ കുടിക്കട്ടെ. പക്ഷെ യാതൊരു തരത്തിലും മറ്റുള്ളവര്‍ക്ക്‌ ശല്യം ആവരുത്‌. കുടിച്ച്‌ ബസ്സിലും വണ്ടിയിലും, സിനിമാഹാളിലും കയറി ശല്യം ചെയ്യുക, സ്കൂളിനുമുന്നില്‍ കൊക്കോക്കോള വില്‍ക്കുക- (കുട്ടികള്‍ക്ക്‌ അതിന്റെ ദോഷവും ഗുണവും അറിയില്ല. മാതാപിതാക്കന്മാര്‍ കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടെ.)എന്നിവയൊക്കെ കര്‍ശനമായ നിയമം കൊണ്ട്‌ തടയുക. അല്ലാതെ, ഇതൊക്കെ നിരോധിച്ചാല്‍ പലരുടേം ജോലി പോകും. കുടിക്കേണ്ടവരൊക്കെ ഒളിച്ചും മറച്ചും കുടിക്കുകയും ചെയ്യും. ജോലി പോയവര്‍ വിഷം കുടിക്കേണ്ടി വരും.

4)അക്രമം എന്തുതരത്തില്‍ ആയാലും എത്ര അളവില്‍ ആയാലും, കുറ്റവാളികളെ പെട്ടെന്ന് കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുക. നൂറു ശതമാനം സാക്ഷരത പോലെ നൂറു ശതമാനം അക്രമരാഹിത്യ സംസ്ഥാനം എന്ന പേരും നമ്മുടെ നാട്‌ കരസ്ഥമാക്കട്ടെ.


5)ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടി നോക്കാതെ, പരിചയവും, അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്യാന്‍ സാദ്ധ്യതയുള്ള നല്ല കാര്യങ്ങളും കണക്കിലെടുക്കുക. പരിചയസമ്പന്നരായ നല്ല ഭരണാധികാരികള്‍ ആവട്ടെ നമ്മുടെ നാട്ടില്‍. പാര്‍ട്ടിയുടേയോ, സ്വന്തം വീടിന്റേയോ പുരോഗതിയില്‍ ലക്ഷ്യം വെക്കാതെ നാടിന്റെ പുരോഗതിയില്‍ ആവട്ടെ അവരുടെ ലക്ഷ്യം.


6)അയല്‍പക്കത്ത്‌ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റു വിളകളും‍ വാങ്ങാന്‍ എല്ലാവരും തയ്യാറാവുക. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത്‌ മാത്രം വാങ്ങുന്നത് ചുരുക്കുക. അങ്ങനെ ചെയ്താല്‍ സൌകര്യമുള്ളവര്‍, നല്ല നല്ല പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കി, നാട്ടില്‍ത്തന്നെ നല്ലൊരു വിപണി കണ്ടെത്തും. ഒന്നും വിറ്റുപോകുന്നില്ല എന്നും പറഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയും. തേങ്ങയും വെളിച്ചെണ്ണയും, കേരളത്തിന്റെ മുതല്‍ക്കൂട്ടാണ്‌. അതിന്റെ ഉപയോഗം അധികമായാല്‍ അസുഖം വരുമെന്നും, വരില്ലെന്നും രണ്ട്‌ അഭിപ്രായമുണ്ട്‌. നമുക്ക്‌ മുമ്പെ കടന്നുപോയവരൊക്കെ, വെളിച്ചെണ്ണയും തേങ്ങയും ഉപയോഗിച്ച്‌, നല്ല ആരോഗ്യത്തോടെ ജീവിച്ചല്ലേ പോയത്‌? അതുകൊണ്ട്‌ തേങ്ങയും വെളിച്ചെണ്ണയും വേണ്ടായെന്ന് വേക്കേണ്ട കാര്യമില്ല. കര്‍ഷകരെ സഹായിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങുക.

7) ഒരുവീട്ടില്‍ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള ജോലി ഉണ്ടാവട്ടെ. കര്‍ഷകന്‍ ആയിരുന്നു, വിപണിയില്‍ വിറ്റുപോയില്ല, ജീവിക്കാന്‍ മാര്‍ഗ്ഗമില്ല, അതുകൊണ്ട്‌ ആത്മഹത്യ ചെയ്യുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.

8)കായികതലത്തിലുള്ള പ്രതിഭകളെ കണ്ടെത്തി, അവര്‍ക്ക്‌, നല്ല സഹായം നല്‍കട്ടെ. മത്സരങ്ങളിലും, മറ്റും പങ്കെടുപ്പിച്ച്,‌ ഒരു തട്ടിപ്പ്‌ ജോലിയും കൊടുത്ത്‌, അവരെ അവഗണിക്കാതിരിക്കട്ടെ. അത്തരം അവഗണന കൊണ്ട്‌ ആത്മഹത്യ ചെയ്തവര്‍ നിരവധി. നാട്‌ വിട്ട്‌ മറുനാടന്‍ ടീമിലേക്ക്‌ മാറുന്നവരും അനവധി. നമ്മുടെ നാടിന്റെ പ്രതിഭകള്‍ നമ്മുടെ നാടിന്റെ പ്രശസ്തി ഉയര്‍ത്തട്ടെ. അവര്‍ക്ക്‌ വേണ്ടതെല്ലാം ചെയ്ത്‌ കൊടുക്കേണ്ടത്‌ സര്‍ക്കാരിന്റേയും, ജനങ്ങളുടേയും ചുമതല ആണ്‌.

9)ആവശ്യത്തിനും അനാവശ്യത്തിനും പ്രഖ്യാപിക്കുന്ന ബന്ദും ഹര്‍ത്താലും നിരോധിക്കട്ടെ. ഒരു ദിവസം എല്ലാവരും കടയും, വിദ്യാഭ്യാസസ്ഥാപനങ്ങളും, ഓഫീസുകളും അടച്ചിട്ട്‌ ഇരിക്കുന്നതുകൊണ്ട്‌ ആ ദിവസത്തെ ജോലികള്‍ സ്തംഭിച്ചു എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ പാര്‍ട്ടി , ബന്ദ്‌ നടത്തുന്നതല്ല എന്ന് ഓരോ പാര്‍ട്ടിയും പ്രഖ്യാപിക്കട്ടെ.

10)പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷണം സൌജന്യമായി കൊടുക്കാന്‍ പദ്ധതി ഏര്‍പ്പാടാക്കുക. ഒരു വശത്ത്‌ സമൃദ്ധമായി ഭക്ഷണം കഴിച്ച്‌ ഇരിക്കുന്നവരും ഒരു വശത്ത്‌ പട്ടിണി കിടന്ന് മരിക്കുന്നവരും ഉണ്ടാകാതിരിക്കട്ടെ.

എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ ആണോ ഇതൊക്കെ? രാജീവ്ഗാന്ധി പോയതുപോലെ സ്വപ്നങ്ങളും അവശേഷിപ്പിച്ച് ഞാനും പോകേണ്ടി വരുമോ? വേണ്ടിവരില്ല. എല്ലാവരും ഒരുമയോടെ വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന മോഹങ്ങള്‍.

കേരളം നല്ല പ്രഭാതങ്ങള്‍ കണികണ്ടുണരട്ടെ.

Saturday, September 23, 2006

വൃദ്ധന്‍

വൃദ്ധന്‍ എന്നും, മരച്ചുവട്ടിലിരുന്ന് ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്നു. പോകുന്നവരില്‍ ചിലര്‍, പൈസത്തുട്ടുകള്‍ എറിയുകയും, ചിലര്‍, മഞ്ഞിലും, മഴയിലും, വെയിലത്തും, ഒരുപോലെ, ഒന്നുമറിയാത്തവനെപ്പോലെയിരിക്കുന്ന അയാളെ പരിഹസിച്ചുകൊണ്ടും കടന്ന് പോയി. പരിഹാസത്തിന്റേയും പുച്ഛത്തിന്റേയും നിഴലുകള്‍ കടന്ന് പോകുന്നത്‌ അയാള്‍ കണ്ടില്ലെന്ന് നടിച്ചോ എന്തോ. നിത്യം കാണുന്ന പലര്‍ക്കും അത്ഭുതമായി.

അനുഷ്‌ക അമ്മയുമൊത്ത്‌ ആദ്യമായാണ് ആ വഴി വന്നത്‌. ആ തെരുവിലേക്ക്‌ താമസം മാറ്റിയിട്ട്‌ രണ്ട്‌ ദിവസമേ ആയുള്ളൂ. കുഞ്ഞിക്കാലുകള്‍ വെച്ച്‌ നടന്ന് പഠിക്കുമ്പോഴാണ്‌‍ മധുരസ്വരം കേട്ടത്‌. അമ്മയെ പിടിച്ച്‌ വലിച്ച്‌ പോയി. നാദം കേട്ടു നിന്നു. ഒരു അപ്പൂപ്പന്‍. അനുഷ്‌കയ്ക്ക്‌ നല്ല സന്തോഷം തോന്നി. എല്ലാവരും പൈസ കൊടുത്തപ്പോള്‍ അനുഷ്‌ക അടുത്ത്‌ ചെന്ന് അയാളെ വിളിച്ചു.

“അപ്പൂപ്പാ...” അയാള്‍ ഒന്നും പ്രതികരിച്ചില്ല.

അനുഷ്‌ക ഒരുമ്മ കൊടുത്ത്‌ ഓടിപ്പോയി. അമ്മയുടെ അടുത്തേക്ക്‌ തന്നെ. വൃദ്ധന്‍ അനുഷ്‌കയ്ക്ക്‌ വേണ്ടി പരതിയപ്പോഴാണ്‌‍ അയാള്‍ക്ക്‌ കാഴ്ചയും, കേള്‍‌വിയും ഒന്നുമില്ലെന്ന സത്യം എല്ലാവര്‍ക്കും മനസ്സിലായത്‌. പരിഹസിച്ചവരും പുച്ഛിച്ചവരും തങ്ങളുടെ പ്രവര്‍ത്തിയ്ക്ക്‌ ഫലമുണ്ടായില്ലെന്ന് കണ്ട്‌ ലജ്ജിച്ചു.

വീണ്ടും കാലങ്ങള്‍ മാറിമാറി വന്നു. മഞ്ഞുപൊഴിയുമ്പോഴും, വെയില്‍ ഉദിച്ചപ്പോഴും, മഴ ചൊരിഞ്ഞപ്പോഴും, വൃദ്ധനും, ഓടക്കുഴല്‍ നാദവും മാറ്റമില്ലാതെ തുടര്‍ന്നു.

Thursday, September 21, 2006

അതിഥി

“മല്ലികേ... ഈ വിളക്ക്‌ തിരിതാഴ്ത്തി കൊണ്ടുവെക്കൂ ഇനി. കാറ്റും മഴയും വരുന്നുണ്ട്‌. രാധയും കുട്ടനും വരുന്നതിനുമുമ്പ്‌ മഴപെയ്യാഞ്ഞാല്‍ ഭാഗ്യം."

അമ്മമ്മയ്ക്ക്‌ എന്തെങ്കിലുമൊക്കെ പറയാന്‍ ഉണ്ടാകും. സന്ധ്യയ്ക്ക്‌ നാമം ജപിച്ചുകഴിഞ്ഞാല്‍പ്പിന്നെ അമ്മമ്മ പറയുന്ന കഥകളും കേട്ട്‌ ഇരിക്കാനേ തോന്നൂ. ബള്‍ബ്‌ കത്തുന്നുണ്ടോന്ന് നോക്കാന്‍ ടോര്‍ച്ച്‌ തെളിയിച്ച്‌ നോക്കേണ്ട അവസ്ഥയാണു വീട്ടില്‍. അതുകൊണ്ട്‌ തന്നെ ചേച്ചിയും അനിയനും സ്കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ച്‌ പഠിപ്പ്‌ തുടങ്ങും. അതിനുശേഷം കുട്ടന്‍ കളിക്കാന്‍ പോകും. അടുക്കളത്തോട്ടത്തിലെ ജോലിയ്ക്ക്‌ അമ്മയ്ക്കൊരു സഹായമായി മല്ലികയും. ഇന്ന് അമ്പലത്തില്‍ നിറമാലയൊക്കെ ഉള്ളതുകൊണ്ട്‌ അമ്മയും കുട്ടനും അവിടെ നിന്നു. അമ്മമ്മ വീട്ടില്‍ തനിച്ചാവുമല്ലോന്ന് കരുതിയാണ്‌‍ മല്ലിക വേഗം വന്നത്‌. അമ്മമ്മ നാമം ജപിച്ച്‌ കഴിയുന്നേ ഉണ്ടായിരുന്നുള്ളൂ. ജപിച്ച്‌ കഴിഞ്ഞിട്ടാവും ഇപ്പോള്‍ വിളിച്ചത്‌.

വിളക്കെടുത്ത്‌ അകത്തേക്ക്‌ തിരിയുമ്പോഴാണ്‌ മുറ്റത്തെ ഇരുട്ടില്‍ ഒരു രൂപം മല്ലിക കണ്ടത്‌. പ്രതീക്ഷിക്കാത്ത ഒരു സ്ഥിതിയില്‍ ആയതുകൊണ്ട്‌ മല്ലിക ഞെട്ടി"അമ്മമ്മേ"ന്ന് വിളിച്ചു. കൈയും കുത്തി എണീക്കാന്‍ തിടുക്കപ്പെടുന്ന അമ്മൂമ്മയും ഒന്ന് അമ്പരന്നു.

“എന്താ?"

“ദാ ആരോ." മല്ലിക വിളക്കും കൈയില്‍ വെച്ച്‌ മുഖം കൊണ്ട്‌ കാണിച്ചു.

"ആരാ അവിടെ? എന്താ വേണ്ടത്‌?" ഒരാള്‍ രൂപം മുന്നോട്ട്‌ വന്നു. ദയനീയതയ്ക്കൊരു പര്യായം. അമ്മമ്മയുടെ അനുഭവം തികഞ്ഞ കണ്ണുകള്‍ അത്‌ മനസ്സിലാക്കി.

"എന്താ വേണ്ടത്‌?" അമ്മമ്മ സൌമ്യഭാവത്തില്‍ ചോദിച്ചു.

"ഞാന്‍ വന്നത്‌.."വാക്കുകള്‍ തേടിയലഞ്ഞപ്പോള്‍, ഉമ്മറച്ചുവരിലെ ഫോട്ടോ കണ്ടു അയാള്‍. ഒന്നും പറയാന്‍ തോന്നിയില്ല പിന്നെ.

മല്ലികയെ നോക്കി. "അമ്മ"?

"അമ്മയും കുട്ടനും അമ്പലത്തിലാ. അത്താഴപൂജ കഴിഞ്ഞേ വരുന്നുണ്ടാകൂ."

കുട്ടന്‍! അയാള്‍ ഒന്ന് ഞെട്ടി. പക്ഷെ ഉള്ളിലൊരു നറും നിലാവു ഉദിച്ചു.

"എന്നാല്‍ ഇനി നില്‍ക്കുന്നില്ല. പിന്നൊരിക്കല്‍ വരാം. ശ്രീധരന്‍ വന്നിരുന്നെന്ന് പറയൂ."

മല്ലികയും അമ്മമ്മയും എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നതിനുമുമ്പ്‌ തന്നെ അയാള്‍ നടന്ന് മറഞ്ഞു. മല്ലികയുടെ അമ്മയ്ക്ക്‌ മാത്രം അറിയാവുന്ന ആള്‍. കുട്ടന്‍ ജനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ കലഹിച്ച്‌ ഇറങ്ങിപ്പോയ മനുഷ്യന്‍. മല്ലികയ്ക്ക്‌ രണ്ടുവയസ്സ്‌ ആയിരുന്നു. കുറേ നാള്‍ കാത്തു. പിന്നീടാണ്‌‍ അമ്മയുടെ അടുത്തേക്ക്‌ തന്നെ കുട്ടികളേയും കൂട്ടി മല്ലികയുടെ അമ്മ എത്തിയത്‌. ധിക്കരിച്ച് പുറപ്പെട്ടിറങ്ങിപ്പോയ, മകള്‍, പേരക്കുട്ടികളുമൊത്ത് വന്നപ്പോള്‍, സ്വീകരിക്കാന്‍ മല്ലികയുടെ മുത്തച്ഛന്‍ ഉണ്ടായിരുന്നില്ല.

അവരെ അന്വേഷിച്ച്‌ വന്നപ്പോഴേക്കും സമയം വല്ലാതെ വൈകിയിരുന്നു എന്ന് തന്റെ ഫോട്ടോയിലെ മാല കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി. തന്റെ പേരുപോലും പിന്നെ പറഞ്ഞില്ലേ എന്തോ? എന്തായാലും ഇനി ഒരു വരവിന്റെ പ്രതീക്ഷയുംകൂടെ നെഞ്ചിലേറ്റി പോകാം. ഇന്നെന്തായാലും കാത്ത് നില്‍ക്കാന്‍ തോന്നുന്നില്ല. എന്തോ ഒരു മതില്‍ ഇടയില്‍. അകല്‍ച്ചയുടേയോ, കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ചതോ ആവാം. പിന്തിരിയാതെ നടന്നു.

മല്ലികയുടെ അമ്മയുടെ‌ മനസ്സിലേക്കൊരു തീ കോരിയിടുകയാണെന്നറിയാതെ വന്നയാളുടെ കാര്യം പറയാന്‍ അവരും കുട്ടനും കൂടെ വരുന്നതും കാത്ത്‌ മല്ലികയും അമ്മമ്മയും അകത്തെ ഇരുട്ടിലും തണുപ്പിലും ഇരുന്നു.

Wednesday, September 20, 2006

സ്വത്ത്

വല്യപ്പൂപ്പന്‍ മരിയ്ക്കാന്‍ കിടക്കുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യന്‍. മക്കളും പേരക്കുട്ടികളും, അവരുടെ മക്കളും വന്നും പോയീം കൊണ്ടിരിക്കുന്നു. ആര്‍ക്കും വല്യപ്പൂപ്പനെപ്പറ്റി ഒരു പരാതിയും ഇല്ല. ഒരുപാട് സ്വത്തുക്കള്‍ ഉണ്ടായിരുന്നു. പുണ്യപ്രവൃത്തിയ്ക്ക് ഉപയോഗിക്കുകയും, മക്കള്‍ക്ക് ഇഷ്ടം‌പോലെ നല്‍കുകയും ചെയ്തു. ആശുപത്രിയില്‍പ്പോലും അധികനാള്‍ കിടന്നിട്ടില്ല.

ഇതൊന്നുമല്ല, പക്ഷെ വീട്ടുകാരെ ചിന്തിപ്പിക്കുന്നത്. വല്യപ്പൂപ്പന്റെ കൈയില്‍ ഒരു പെട്ടിയുണ്ട്. മൂത്തമകന്‍ പഠിച്ച്, ഉദ്യോഗം നോക്കാന്‍ വിദേശത്ത് പോയി വന്നപ്പോള്‍, അച്ഛന് ആദ്യമായി കൊണ്ടുക്കൊടുത്തത്. അത് ആരേയും തുറക്കാനോ, ഉള്ളിലെന്താണെന്ന് നോക്കാനോ ഒരിക്കലും അനുവദിച്ചിരുന്നില്ല. ചെറിയ പെട്ടി ആയതുകൊണ്ട് കൂടെക്കൊണ്ടുനടക്കും.

മരിക്കാന്‍ നേരത്താണ് പേരക്കുട്ടികളുടെ മക്കളോട് വല്യപ്പൂപ്പന്‍ പറയുന്നത്, ആ പെട്ടിയില്‍ ഉള്ള കടലാസ്സില്‍ എഴുതിവെച്ചത് അവര്‍ക്കുള്ളതാണെന്ന്. അത് എല്ലാ കൊച്ചുങ്ങളും ഒരുപോലെ എടുക്കണമെന്നും, ആര്‍ക്കും ഒരിക്കലും കുറഞ്ഞുപോകില്ലെന്നും, അതിലും വലുതൊന്നും തരാന്‍ ഉണ്ടായിട്ടില്ലെന്നും, അത് ആവുന്നപോലെ പങ്കിട്ട് വേണം എല്ലാവരും കഴിയാന്‍ എന്നും, മരിയ്ക്കാറാവുമ്പോള്‍ തരുമെന്നും പറഞ്ഞു. എല്ലാവരും ആ കാര്യം തന്നെ ചിന്തിക്കുന്നു. കടം‌കഥ പോലെ ഒരു കാര്യം.

അങ്ങനെ, തനിക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാന്‍ സമയം വന്നെന്ന് വല്യപ്പൂപ്പനു തീര്‍ച്ചയായ ദിവസം, എല്ലാവരേയും വിളിച്ചു. കാര്യങ്ങളൊക്കെ ഒരുവട്ടം കൂടെ എല്ലാവരോടും പറഞ്ഞു. പേരക്കുട്ടിയുടെ മകന് പെട്ടി തുറക്കാന്‍ അനുവാദം കൊടുത്തു. അവന്‍ തുറന്നു. പെട്ടിയില്‍ വൃത്തിയായി മടക്കിവെച്ചിരുന്ന കടലാസ് തുറന്നു.

അതില്‍ ഒരു വാക്കേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ. അവന്‍ അത്ഭുതത്തോടെ ഉറക്കെ വായിച്ചു.

“നന്മ!”

എല്ലാവരും നോക്കി നില്‍ക്കെ വല്യപ്പൂപ്പന്‍ എന്നെന്നേക്കുമായി കണ്ണുകള്‍ അടച്ചു. തനിക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വത്ത്, വീട്ടുകാരെ ഏല്‍പ്പിച്ചിട്ട് !*************************************


(ഇതെന്റെ ഇരുനൂറ്റിയമ്പതാമത്തെ പോസ്റ്റ്. സൂര്യഗായത്രി വായിക്കുകയും, അഭിപ്രായം പങ്കിടുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും നന്ദി. എല്ലാവരുടേയും അനുഗ്രഹം ഇനിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.)


*******************************************

Tuesday, September 19, 2006

കത്ത്

മഴ കനത്തുകൂടി നില്‍ക്കുന്നുണ്ടായിരുന്നു. ബള്‍ബിന്റെ വെളിച്ചത്തിലും തെളിയാത്ത ഇരുട്ടിലിരുന്നാണ്‌‍ അയാള്‍ ഓരോ കത്തും സീലടിച്ച്‌ വേര്‍തിരിച്ചുകൊണ്ടിരുന്നത്‌. ഇടയ്ക്കുള്ള ഇടിയും മിന്നലും അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു കത്തെടുത്ത്‌, സീലടിച്ച്‌ കഴിഞ്ഞപ്പോഴാണ് മേല്‍വിലാസത്തില്‍ പുതുമ കണ്ടത്‌. ദൈവം, സ്വര്‍ഗ്ഗം, പിന്നെയൊരു പിന്‍കോഡ്‌പോലെ ഒന്നു മുതല്‍ പത്ത്‌ വരേയും എഴുതിയിട്ടുണ്ട്‌. മേല്‍വിലാസക്കാരനെ തേടിപ്പോകാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത ആ കത്ത്‌ അയാള്‍ മാറ്റി വച്ചു.

ജോലി ഒരു വിധം തീര്‍ത്തതിനുശേഷം അയാള്‍ കത്ത്‌ എടുത്ത്‌ തുറന്നു.

'ദൈവത്തിന്,' - ആ കത്ത്‌ ആരംഭിച്ചത്‌ അങ്ങനെ തന്നെ ആയിരുന്നു.

"ദൈവമേ, ഇടയ്ക്കിടയ്ക്ക്‌ കത്തെഴുതി ശല്യം ചെയ്യുന്നു എന്ന് വിചാരിക്കരുതേ. ഇവിടെയുള്ളവരൊക്കെ വല്യ സ്നേഹത്തിലും സമാധാനത്തിലും തന്നെയാണ്‌‍. പരാതിയും പരിഭവവും ഒന്നും അക്കാര്യത്തില്‍ ഇല്ല. പക്ഷെ ഇനിയും എത്ര ദിവസമാണ്‌‍ എന്റെ കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഇവിടെയിങ്ങനെ നില്‍ക്കുന്നത്‌? തോമാച്ചായന്‍ ഇപ്പോള്‍ വല്യ പരിഭവത്തിലാണ്‌. അല്ല, അല്ലെങ്കിലും എത്രയാന്നു വെച്ചിട്ടാ ഒരാള്‍ ക്ഷമിച്ച്‌ ഇരിക്കുക? കൂടെച്ചെല്ലാന്‍ പറഞ്ഞിട്ടും ചെല്ലാത്തതില്‍ കുറച്ചൊന്നുമല്ല പരാതി. എന്നും വന്ന് വിളിക്കും."

ഇത്രയും എഴുതിയപ്പോഴാണ്‌ കത്ത്‌ എഴുതിയതാരാണെന്ന് അയാള്‍ നോക്കുന്നത്‌. ഏലിയാമ്മ. ഇവള്‍ ആളു കൊള്ളാമല്ലോന്ന് അയാള്‍ക്ക്‌ തോന്നി. വായന തുടര്‍ന്നു.
"നിനക്ക്‌ വീട്ടുകാര്‍ മാത്രം മതി, എന്നോട്‌ സ്നേഹമില്ല, അല്ലെങ്കില്‍ ഇറങ്ങിവന്നാലെന്താ? എന്നൊക്കെയാണു ചോദിക്കുന്നത്‌. അങ്ങനെ ഒക്കെ ഉപേക്ഷിച്ച്‌ പെട്ടെന്ന് ചെല്ലാന്‍ പറ്റുമോ? എല്ലാത്തിനും ഒരു സമയം വരണ്ടേ? ഇനി കൂടുതല്‍ എഴുതുന്നില്ല. തോമാച്ചായന്‍ വരുന്ന സമയമായി."
എന്ന് അങ്ങയുടെ മകള്‍.'

‘തോമാച്ചനാണോ വില്ലന്‍? അതോ വീട്ടുകാരോ? എന്താണോ ഇറങ്ങിച്ചെല്ലാന്‍ ഇത്ര മടി? വീട്ടുകാരെ സ്നേഹിക്കുന്നുണ്ടാവും. അതാവും കാരണം. എന്തായാലും ദൈവത്തിന്റെ മകളെ ഒന്ന് കണ്ടുകളയാം. കത്ത്‌, ദൈവത്തിന്‌‍ അയക്കുന്നതിനു പകരം തോമാച്ചനു അയച്ചാല്‍, ഒന്നിച്ച്‌ ജീവിക്കുന്ന ദിവസങ്ങളില്‍ വായിച്ച്‌ ആസ്വദിക്കാം എന്നൊരു ഉപദേശവും കൊടുക്കാം. എന്തായാലും എഴുതിയ ആളുടെ മേല്‍വിലാസം കത്തിനു പിറകില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്‌.

പിറ്റേ ദിവസം, കൊടുക്കാനുള്ള കത്തുമെടുത്ത്‌ വിതരണത്തിനിറങ്ങിയപ്പോഴാണ്, ഇന്നലെ മാറ്റി വെച്ച കത്തിനെക്കുറിച്ച്‌ ഓര്‍മ്മ വന്നത്‌. അത്‌ എടുത്തു. കുറച്ച്‌ ദൂരം പോവാനുണ്ട്‌ ആ വീട്ടിലേക്ക്‌. പള്ളിയുടെ മുന്നില്‍ ആണെന്ന് മേല്‍‌വിലാസത്തില്‍ എഴുതിയിട്ടുണ്ട്‌.

കത്തൊക്കെ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍, ബസില്‍ ആവാം യാത്ര എന്ന് തീരുമാനിച്ചു. പത്ത് മിനുട്ട്‌ പോലും ഇല്ല. അത്രയ്ക്കും അടുത്താണ്‌. ബസ്സിറങ്ങിയത്‌ പള്ളിക്ക്‌ മുമ്പില്‍ത്തന്നെ. അരികെ കണ്ട കടയിലെ ആളോട്‌ ചോദിച്ചപ്പോള്‍, പെട്ടെന്ന് തന്നെ കാണിച്ചു തന്നു. പള്ളിക്ക്‌ മുന്നിലെ ഇടവഴിയിലൂടെ രണ്ടടി നടന്നാല്‍ കാണുന്ന വലിയ വീട്‌. വീട്ടിലെത്തിയപ്പോള്‍ കുറേ ആള്‍ക്കാരെ കണ്ടു. കുട്ടികളും, വല്യവരും, ഒക്കെ ഒരു ബഹളം. വെറുതെയല്ല ഏലിയാമ്മയ്ക്ക്‌ ഇവിടെ നിന്ന് പോകാനൊരു മടി. പരിചയം കാണിച്ച്‌ അടുത്ത്‌ വന്ന വീട്ടുകാരിലൊരാളുടെ മുന്നില്‍ ഒന്ന് പരുങ്ങി അയാള്‍. 'ഏലിയാമ്മയെ ചോദിച്ചാല്‍ എന്തെങ്കിലും കരുതിയാലോ? സാരമില്ല. എന്തെങ്കിലും പറയാം.'

‘ഏലിയാമ്മ...’ അയാള്‍ പറഞ്ഞുതുടങ്ങി.

"അമ്മച്ചിയ്ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്കായിരുന്നു. മക്കളും പേരക്കുട്ടികളുമൊക്കെ ഇവിടെത്തന്നെ ഉണ്ടായിരുന്നത്‌കൊണ്ട്‌ എല്ലാം ഒരുവിധം വേണ്ടപോലെ കഴിഞ്ഞു."

അയാള്‍ മനസ്സിനോട്‌ വാക്കുകള്‍ ആവശ്യപ്പെട്ടു. ഒന്നും കിട്ടിയില്ല.

"വരൂ. ഇരിക്കൂ."

പൂമുഖത്ത്‌ ഇരിക്കുമ്പോള്‍ രണ്ട്‌ ഫോട്ടോ കണ്ടു. ഒന്ന് ഏലിയാമ്മ ആവും. മറ്റേ ഫോട്ടോയിലേക്ക്‌ നോക്കിയപ്പോള്‍ വീട്ടിലെ ആള്‍ പറഞ്ഞു."അപ്പച്ചന്‍ മരിച്ചിട്ട്‌ ആറു കൊല്ലമായി. അതിനുശേഷം അമ്മച്ചി തീര്‍ത്തും വിഷമത്തിലായിരുന്നു. പള്ളിയില്‍ മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ."

തോമാച്ചായന്‍ ആരാണെന്ന്, ചോദിക്കാതെ തന്നെ അയാള്‍ക്ക്‌ മനസ്സിലായി. കുറച്ച്‌ നേരം കൂടെ അവിടെ ചെലവഴിച്ച്‌ മടങ്ങുമ്പോള്‍ താന്‍ ആരാണെന്ന് അവിടെയുള്ളവര്‍ ചോദിക്കാഞ്ഞതില്‍ അയാള്‍ക്ക്‌ ആശ്വാസം തോന്നി. ഒരുപക്ഷെ, മരണവീടായതുകൊണ്ടാവും.

പള്ളിയ്ക്ക്‌ മുന്നിലുള്ള തപാല്‍പ്പെട്ടി കണ്ടപ്പോഴാണ് അയാള്‍ക്ക്‌ പോക്കറ്റില്‍ കിടക്കുന്ന കത്തിനെക്കുറി‍ച്ച്‌ ഓര്‍മ്മ വന്നത്‌. മകള്‍ എന്നെഴുതിയപ്പോള്‍, കത്ത്‌ വായിച്ചപ്പോള്‍, പ്രായം കണക്കാക്കിയില്ല. എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആണല്ലോ. പള്ളിയ്ക്ക്‌ മുന്നില്‍ ആ കത്ത്‌ വെച്ച്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ നടക്കുമ്പോള്‍, മഴ പെയ്യാന്‍ തുടങ്ങി.

Saturday, September 16, 2006

ആഗ്രഹം നിറവേറാന്‍!

ജോലി കിട്ടിയപ്പോള്‍ മുതലുള്ള ആഗ്രഹമാണ്‌‍. അച്ഛനൊരു കാര്‍, നല്ലൊരു വീട്‌, അമ്മയ്ക്കും സഹോദരികള്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍.

ഒന്നിനും പറ്റുന്നില്ല. അതാണ്‌‍ ബാങ്കിലേക്ക്‌ പോയി നോക്കാമെന്ന് വെച്ചത്‌. ലോണ്‍ എടുക്കാം. ഓരോന്നായി വാങ്ങാം.

ബാങ്കിനു മുന്നില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ പുതിയ ബോര്‍ഡ്‌ കണ്ടു.

മാര്യേജ്‌ ബ്യൂറോ!

അയാള്‍ ബാങ്കിലേക്ക് കയറാതെ, അവിടേക്ക്‌ നടന്നു.

ആഗ്രഹങ്ങളൊക്കെ ഒരുമിച്ച്‌ നിറവേറ്റാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയ സന്തോഷത്തില്‍.

Friday, September 15, 2006

താത്പര്യം

ഉണ്ണിക്കുട്ടനും കൊച്ചുണ്ണിയും ഓണാവധിക്കാലത്ത് പേരമ്മയുടെ വീട്ടില്‍ പോയി.

പലതും പറഞ്ഞിരിക്കുമ്പോള്‍, പേരമ്മ, അവരുടെ അച്ഛനമ്മമാരോട് പറഞ്ഞു , ‘അടുത്ത വേനലവധിയ്ക്ക് എങ്ങോട്ടും യാത്രയില്ലെങ്കില്‍, ഉണ്ണിക്കുട്ടനെ എന്തെങ്കിലും പഠിക്കാന്‍ പറഞ്ഞയയ്ക്കണം. എന്തിലാ താത്പര്യം എന്നുവെച്ചാല്‍ ആയ്ക്കോട്ടെ. കമ്പ്യുട്ടറോ, സംഗീതമോ, വയലിനോ, വീണയോ, എന്തെങ്കിലും ഒന്ന് പഠിക്കട്ടെ. സമയം കളയാതെ.’ എന്ന്.

അതൊക്കെ ശ്രമിക്കുന്നുണ്ട്. അവന്‍ ഇപ്പോള്‍ ഒറ്റയ്ക്ക് പോകാനൊക്കെ ആയി എന്ന്. വിടണമെന്നുണ്ട് എന്ന് അവര്‍ പറഞ്ഞു.

ഉണ്ണിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് കമ്പ്യൂട്ടറിലാ പേരമ്മേ, താത്പര്യം” എന്ന്.

‘എന്നാല്‍ അതായ്ക്കോട്ടെ’ എന്ന് പറഞ്ഞ് തീരുന്നതിനുമുമ്പ്, ഇതൊക്കെ കേട്ട്, വീടിനകത്തും പുറത്തും ഓടിക്കളിച്ചിരുന്ന നാലു വയസ്സുകാരന്‍ കൊച്ചുണ്ണി, പെട്ടെന്ന് നിന്നിട്ട് പറഞ്ഞു.

“എനിക്ക് വീണയിലാ താത്പര്യം പേരമ്മേ” എന്ന്.

വല്യവരുടെ പൊട്ടിച്ചിരിയുടെ അര്‍ത്ഥം മനസ്സിലാവാതെ അവന്‍ വീണ്ടും കളി തുടങ്ങി.

അവന്റെ അമ്മ പറഞ്ഞു “നീ നഴ്സറിയില്‍ പോകാന്‍‍ തുടങ്ങിയല്ലേ ഉള്ളൂ. വലുതായാല്‍ എന്താവും സ്ഥിതി” എന്ന്.

Wednesday, September 13, 2006

നീന്തല്‍

കൊച്ചുകുട്ടിയായിരിക്കുന്നത്‌, വലിയവര്‍ക്ക്‌ നമ്മെക്കൊണ്ടുള്ള ശല്യത്തേക്കാള്‍ നമുക്ക്‌ ശല്യമാണ്. കാരണം എല്ലാത്തിനും വല്യവരെ ആശ്രയിക്കേണ്ടിവരും.

ഞങ്ങളുടെ വീടിനടുത്ത്‌ ഒരു അമ്പലക്കുളമുണ്ട്‌. നാട്ടുകാര്‍ മുഴുവന്‍ മുങ്ങിപ്പൊങ്ങുന്ന സ്ഥലം. ഞങ്ങളും അവിടെപ്പോയി മീനിനെപ്പോലെ കിടക്കാറുണ്ട്‌.

അന്നെനിക്ക്‌ അധികം പ്രായം ആയിട്ടില്ല. അതുകൊണ്ട്‌ തന്നെ നീന്തലറിയില്ല. വല്യവരുടെ കൂടെ കുളത്തില്‍ പോയാലും വീടിനു പുറത്ത്‌ കുട ചാരി വെക്കുന്നതുപോലെ എന്നെ പ്രതിഷ്ഠിച്ച്‌ വെക്കും. എല്ലാവരുടേയും നീന്തലും കുളിയും കഴിഞ്ഞാല്‍, നീലത്തില്‍ മുണ്ടിട്ട്‌ മുക്കിപ്പൊക്കുന്നതുപോലെ ഒന്ന് വെള്ളത്തില്‍ മുക്കിപ്പൊക്കി രണ്ട്‌ കോട്ട്‌ സോപ്പടിച്ച്‌ പിന്നേം ഒന്ന് മുക്കിപ്പൊക്കി വെള്ളം തുടച്ച്‌ കൈയും പിടിച്ച്‌ നടന്നോന്നും പറഞ്ഞ്‌ നടക്കും.

വെള്ളത്തില്‍ അരമണിക്കൂര്‍ ചുരുങ്ങിയത്‌ കിടന്ന് ആറാടാനുള്ള മോഹവും മനസ്സിലൊതുക്കി ഞാന്‍ നടക്കും. കിണറ്റിന്റെ കൈവരിയുടെ അത്രയും വലുപ്പമില്ലാത്ത ഞാന്‍ വലിയ കുളത്തിനു മുന്നില്‍ പ്രതിഷേധിച്ചിട്ട്‌ കാര്യമില്ലല്ലോ.

അങ്ങനെ ഓരോ ദിവസവും നാട്ടുകാരുടെ കുളിസീനും കണ്ട്‌ ഇരിക്കും. ചിലരൊക്കെ സോപ്പ്‌ പതപ്പിച്ച്‌ നില്‍ക്കുന്ന നില്‍പ്പ്‌ കണ്ടാല്‍ ഒന്ന് മുങ്ങിപ്പൊങ്ങുമ്പോഴേക്കും സുന്ദരന്മാരും സുന്ദരിമാരും ആവുമെന്ന്‍ തോന്നും.

അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക്‌ ഏട്ടന്റേയും ഏച്ചിയുടേയും കൂടെ പോകാന്‍ ആണ് ചാന്‍സ്‌ വന്നത്‌. അവര്‍ പതിവുപോലെ, കുളപ്പടവില്‍ എന്നെ ചാരിവെച്ച്‌ ആറാട്ട്‌ തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ അവര്‍ക്ക്‌ തോന്നി അനിയത്തിയേം നീന്തലും മുങ്ങലും പഠിപ്പിക്കാം, അവളുടെ സ്വാഭാവത്തിനു ഭാവിയില്‍ ആവശ്യം വരും എന്ന്.

അങ്ങനെ ഫയല്‍വാന്‍ ഗോദയില്‍ ഇറങ്ങുമ്പോലെ ഞാനും വെള്ളത്തിലിറങ്ങി. രണ്ടാളും കൂടെ എന്നെ കൈയില്‍ എടുത്ത്‌, കൈയടി, കാലടി, അങ്കമാലി, എന്നൊക്കെപ്പറഞ്ഞ്‌ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരം പ്രോത്സാഹനമാണല്ലോ ജീവിതവിജയത്തിനു ആവശ്യം.

അങ്ങനെ കൈയും കാലുമിട്ടടിച്ച്‌ മുങ്ങല്‍‌വിദഗ്ദ്ധയാവാന്‍ നോക്കുമ്പോള്‍, ഞാന്‍ അവരുടെ കൈയില്‍ നിന്ന് വിട്ട്‌ പോയി. റബ്ബര്‍പ്പന്ത്‌ താഴോട്ടിട്ട്‌ മുകളില്‍ വരുമ്പോലെ ഞാന്‍ താഴോട്ടും മേലോട്ടും കളിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് കടവില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു നാട്ടുകാരി, ഓഹരിവിലപോലെ മുങ്ങിയും പൊങ്ങിയും കളിക്കുന്ന എന്നെ കാണുന്നത്‌. അവര്‍ എന്നെ ചൂണ്ടയില്‍ കൊരുത്ത മീനിനെപ്പോലെ തൂക്കി കരയിലേക്കിട്ടു.

ചേട്ടനോട്‌ ഇക്കഥ പറഞ്ഞപ്പോള്‍ ആ സ്ത്രീയെ എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. രണ്ട്‌ പറയാന്‍. ഹി ഹി ഹി.

Monday, September 11, 2006

ഓണം 2006

അങ്ങനെ ഒരു ഓണവും കൂടെ ഉണ്ടു.

ഉത്രാടത്തിന് നേരം പുലര്‍ന്നപ്പോള്‍ എണീറ്റു. ഓട്ട‌ന്‍‌തുള്ളല്‍ ഉണ്ട് എന്ന് മുന്‍‌കൂട്ടി അറിഞ്ഞതുകൊണ്ട് എണീറ്റയുടനെ ടി.വി. ഓണ്‍ ചെയ്തു.

“നിനക്കൊന്നുമറിയില്ല, കാരണം നീകുട്ടിയാണ് ”.

ലാലേട്ടന്റെ ഡയലോഗ് വന്നു. ഞെട്ടിപ്പോയി. ഓട്ടന്‍‌തുള്ളലിനുപകരം നാട്ടുരാജാവിന്റെ പരസ്യം!

“കുട്ടിയോ? ഞാനോ? അമ്മേ...” എന്ന് വിളിച്ചു.
ചേട്ടന്‍ എണീറ്റ് ഓടിവന്നു.

“എന്താ അമ്മയെ വിളിച്ചലറിയത്?”

ഭാഗ്യം. ലാലേട്ടന്റെ ഡയലോഗ് രക്ഷിച്ചു. ചേട്ടനെ വിളിക്കാനുള്ളസമയം ലാഭിച്ചു.
ഓട്ടന്‍‌തുള്ളല്‍ തീര്‍ന്നുപോയെങ്കിലും ഉത്രാടത്തിന്റെ ഓട്ടവും തുള്ളലുംതുടങ്ങി. സദ്യയും വെച്ചു, ബ്ലോഗില്‍ ഒരു പോസ്റ്റും വെച്ചു. രണ്ടുംകെണികള്‍. പിന്നെ ഉണ്ടാക്കിയിട്ടും, ഇട്ടിട്ടും കാര്യമില്ലല്ലോ.പിന്നെ പലരും വിളിച്ചു. പലരേയും വിളിച്ചു. ചിലരെ വിളിച്ചിട്ട് കിട്ടിയില്ല. കസിന്റെ കുട്ടിയുടെ ഇരുപത്തെട്ട് ആയിരുന്നു. സകലബന്ധുജനങ്ങളും അവിടെ സദ്യയടിക്കുമല്ലോന്നോര്‍ത്തപ്പോള്‍ ഇത്തിരി വിഷമം വന്നു. അവിടെ നിന്നും എല്ലാവരും ലൈവ് ആയിട്ട് പരിപാടികള്‍ അറിയിച്ചുകൊണ്ടിരുന്നു.

ഉത്രാടം നീങ്ങിപ്പോയി. ഓണം പിറന്നു. തലേന്നത്തെ സംഭവം ഓര്‍മ്മയില്‍ വന്നതുകൊണ്ട് ടി. വി ഓണ്‍ ചെയ്യാന്‍ പോയില്ല. ഓണസ്സദ്യയുടെ തിരക്കില്‍പ്പെട്ടു. ആരെങ്കിലും എന്നോട് ചേട്ടന്‍ ഓണത്തിന് സദ്യയുണ്ടാക്കാന്‍ സഹായിച്ചോന്ന് ചോദിച്ചാല്‍ പറയണമെങ്കില്‍ എന്തെങ്കിലും വേഗം സഹായിച്ചോന്ന് ചേട്ടനോട് പറഞ്ഞു. ഉണ്ടായിരുന്നത് തക്കാളിപ്പച്ചടി ആയിരുന്നു. തക്കാളി രണ്ടെണ്ണം അരിഞ്ഞിട്ട് പാത്രം അടുപ്പില്‍ വെക്കാന്‍ പറഞ്ഞു. തേങ്ങ അരയ്ക്കലും, തൈര്‍ റെഡിയാക്കി വെക്കലും കഴിഞ്ഞ് തക്കാളി വെന്തലിഞ്ഞോന്ന് നോക്കിയപ്പോള്‍ സ്റ്റൌവ് കത്തിക്കാതെ വെറുതേ പാത്രം അതിനുമുകളില്‍ ഇരിക്കുന്നു.

“ചേട്ടാ......”

“എന്താ?”

“ഇതിങ്ങനെ വെച്ചാല്‍ ഓണസ്സദ്യയുടെ പച്ചടി ആകാശത്തുനിന്ന് വരുമോ?”

“നീ സ്റ്റൌവില്‍ വെക്കാനല്ലേ പറഞ്ഞത്? കത്തിക്കാന്‍പറഞ്ഞില്ലല്ലോ.”
കത്തുന്ന നോട്ടം നോക്കി.

ഉച്ചയ്ക്ക് ഊണുകഴിഞ്ഞപ്പോള്‍പറഞ്ഞു.

“നീ വേണമെങ്കില്‍ ഒരു പാട്ട് പാടിക്കോ. ഓണമല്ലേ.”

ഓണത്തിനും വിഷുവിനും സംക്രാന്തിക്കും കിട്ടുന്ന അവസരമായതുകൊണ്ട് ഞാന്‍ പറഞ്ഞു.

“ന്നാപ്പിന്നെ മഹാസമുദ്രംന്ന് പറഞ്ഞ പടത്തിലെ പാട്ട് പാടാം.”

“ഏതെങ്കിലും പാട്. എന്തായാലും എനിക്ക് പാടാണ്.”

“ഉം. എന്നാലിതാ.”

“കടല്‍ക്കരയില്‍ കാറ്റുകൊണ്ടിട്ടെത്ര നാളായീ. എത്ര നാളായീ... ഏലേ... എലേ... ഏലയ്യോ.
ജൌളിക്കടയില്‍ കയറിയിറങ്ങീട്ടെത്ര നാളായീ...എത്ര നാളായീ...ഏലേ ഏലേ ഏലയ്യോ...
ജ്വല്ലറിയില്‍ ഫാഷന്‍ നോക്കീട്ടെത്ര നാളായീ... എത്ര നാളായീ...
ടൂറിസ്റ്റ് ബസില്‍ കയറിപ്പോയിട്ടെത്ര നാളായീ... എത്ര നാളായീ...”

“മതി മതി.”

“എന്താ?”

“ഇത് ആ പാട്ടല്ലല്ലോ. പാരഡിയല്ലേ?”

“അതെ. നാദിര്‍ഷായ്ക്ക് പറ്റുമെങ്കില്‍ എനിക്കും ഉണ്ടാക്കാം പാരഡി.”

“ഒറിജിനല്‍ പാടിയാല്‍ എന്താ?”

“കണക്കായി. അതില്‍ ലാലേട്ടനും ലൈലയും വെള്ളത്തില്‍ റൊമാന്റിക് ആയിട്ട് കിടക്കുന്നത് കണ്ടില്ലേ? അതുപോലെയാണെങ്കില്‍ ഞാനും ഒറിജിനല്‍ പാടും.”

“എന്നാപ്പിന്നെ ഗോവയില്‍ പോകാം. വെള്ളത്തില്‍ കിടക്കാന്‍.”

“നല്ലത്.”

“പക്ഷെ ഒരു കണ്ടീഷന്‍. നീ ദയവായിട്ട് പാടരുത്. റൊമാന്‍സ്മുഴുവന്‍ വെള്ളത്തിലാവും.”

ഓണം അങ്ങനെ ഡിം എന്ന് അവസാനിച്ചു.
അടുത്ത ഓണം വരെ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് സന്തോഷങ്ങളും, സ്വപ്നങ്ങളുടെ പൂക്കാലവുമായി ഓണത്തിനോട് വിട പറഞ്ഞു.

Monday, September 04, 2006

സഹയാത്രിക

ഷിബുവിന് അവളോടെന്തെങ്കിലും ചോദിക്കണമെന്നുണ്ട്‌. അവളാണെങ്കില്‍ ഈ ലോകത്തൊന്നുമല്ലാത്ത മട്ടില്‍ ഇരിക്കുന്നു. തന്നേക്കാളും പ്രായം തോന്നിക്കുന്നുണ്ട്.
ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍?

നല്ല സഹയാത്രികരില്ലെങ്കില്‍ വിരസമാവും എല്ലാ യാത്രയും. എന്നും, ആരെങ്കിലും, കഥ പറയാനും, ചര്‍ച്ച ചെയ്യാനും കിട്ടുന്ന ഭാഗ്യം ചെയ്ത യാത്രക്കാരന്‍ എന്ന് കൂട്ടുകാര്‍ പറയുന്ന ഒരാളാണ്‌‍ താനെന്ന് ഷിബു എന്നും അഹങ്കരിച്ചിരുന്നു. യാത്രയുള്‍പ്പെടുന്ന ജോലി തെരഞ്ഞെടുക്കുമ്പോഴും തനിക്കൊരു ആശങ്കയും ഉണ്ടായിരുന്നില്ല. ഇന്നാദ്യമായിട്ടാവും ഇങ്ങനെയൊരു സഹയാത്രികയെ കിട്ടുന്നത്‌. ജനറലില്‍ ടിക്കറ്റ്‌ എടുത്താല്‍ മതിയായിരുന്നു. കമ്പനിയുടെ ചിലവില്‍ അല്ലേന്ന് കരുതിയാണ്‌‍ ഒന്നും ചിന്തിക്കാഞ്ഞത്‌.
‘ദൈവമേ, ഈ യാത്ര ഒരു ബോറന്‍ ലിസ്റ്റില്‍ എഴുതേണ്ടി വരുമല്ലോ.’
കൂട്ടുകാരോട്‌ പറഞ്ഞാല്‍ "നിന്നെ കണ്ടിട്ട്‌, നിന്നോട്‌ മിണ്ടാതിരിക്കുന്നതാ ബുദ്ധി എന്ന് അവള്‍ തീരുമാനിച്ചുകാണും" എന്ന് പറഞ്ഞ്‌ പരിഹസിക്കും.
അതിനിട വരുത്തരുത്‌. എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു, ഈ ലോകത്ത്‌, മിണ്ടാനും പറയാനും.
തുടങ്ങാം.

"ചേച്ചി എങ്ങോട്ട്‌ പോകുന്നു?"

അവളെന്തിനു ഞെട്ടി? ഷിബുവിനു കുറച്ച്‌ അമ്പരപ്പായി. വല്ല ഒളിച്ചോട്ടവും ആണോ?

"തൃശ്ശൂര്‍ക്കാ."

വെള്ളം കുടിക്കാതെ നാലു ദിവസമായോ ഇവര്‍?’

“ഞാനും തൃശ്ശൂര്‍ക്കാ."

അറിയാന്‍ വല്യ താല്‍പര്യം ഇല്ലെന്നുള്ള മട്ടില്‍ അവള്‍ പ്രതിമയെപോലെ ഇരുന്നു.

"തൃശ്ശൂരാണോ വീട്‌?" വാക്കുകള്‍ വീണുപോയാല്‍ എന്തോ നഷ്ടം വരുന്നതുപോലെ അവളൊന്നു മൂളി.

ഇനിയൊന്നും മിണ്ടാതിരിക്കാം എന്നാല്‍. ഷിബു തീരുമാനിച്ചു. തന്റെ ബര്‍ത്തില്‍ കയറിക്കിടന്ന് ഉറക്കം തുടങ്ങി. കണ്ണു തുറക്കുമ്പോഴേക്കും തൃശ്ശൂര്‍ എത്താന്‍ ആയിരുന്നു. അവള്‍ ഇറങ്ങിപ്പോയത്‌ അറിഞ്ഞില്ല. അവളിരുന്ന സ്ഥലത്ത്‌ ഒരു പേഴ്സ്‌. ഇറങ്ങാനുള്ള തിരക്കില്‍ ഇനി പേഴ്സ്‌ വെച്ച്‌ പോയതാണോ എന്തോ. ഏതായാലും ഒന്ന് നോക്കാം. ഒരു ചെറിയ ഹെയര്‍പിന്‍, ഒരു ചെറിയ മാല. അതും സ്വര്‍ണമാണെന്ന് തോന്നുന്നു. കുഞ്ഞുങ്ങളുടേത് പോലെ തോന്നി. കുറച്ച്‌ പൈസ, പിന്നെ കുറേ കടലാസും. മരുന്നിന്റെ കുറിപ്പുകളും. ഒരു കടലാസ്സില്‍ ഏതോ വീട്ടിന്റെ മേല്‍വിലാസം ആണ്‌. എറണാകുളത്തെ. പിന്നെ കുറച്ച്‌ മിഠായിയും.
ഇറങ്ങുമ്പോള്‍ പേഴ്സ് കൈയില്‍ത്തന്നെ വെച്ചു. അല്‍പമൊരു പേടി ഉണ്ട്‌. പുലിവാലാകുമോ. നോക്കാം. ഇനി എറണാകുളത്ത്‌ ചെന്ന് വീട്‌ കണ്ടുപിടിക്കാം. അവളുടേതല്ലെങ്കിലും, അവളെ അറിയാവുന്നവര്‍ എന്തായാലും ആ വീട്ടില്‍ ഉണ്ടാകും.

അല്‍പമൊരു പരുങ്ങലോടെയാണ്‌‍ ആ വീട്ടിലേക്ക്‌ കയറിച്ചെന്നത്‌. ഒരാള്‍ വന്നു. എന്തൊക്കെയോ വിഷമങ്ങള്‍ ആ മുഖത്തുള്ളത്‌ പോലെ. പേഴ്സ്‌ കാണിച്ച‌പ്പോള്‍ അയാളൊന്ന് ഞെട്ടി. പേഴ്സ് കൈനീട്ടി വാങ്ങി. തട്ടിയെടുക്കുന്നപോലെ തോന്നി, ഷിബുവിന്.
കുഴപ്പമായോ? കുടുങ്ങുമോ എന്തെങ്കിലും നൂലാമാലയില്‍?
പൂമുഖവാതിലിനു പിന്നില്‍ കുറേ രൂപങ്ങള്‍ വന്നെത്തി നോക്കുന്നതവന്‍ കണ്ടു. അവരുടെ മുഖഭാവവും അത്ര പന്തിയല്ല.
അയാള്‍ ഷിബുവിനെ വിളിച്ച്‌ അകത്തേക്ക്‌ നടന്നു. ഒരു മുറിയില്‍ മാലയിട്ട്‌ തൂക്കിയ അവളുടെ ഫോട്ടോ. ഷിബു ഒന്നും മിണ്ടാനാവാതെ നിന്നുപോയി.

"ഹൃദയത്തിന് അസുഖമായിരുന്നു. കഴിഞ്ഞ മാസം മരിച്ചു. റെയില്‍വേസ്റ്റേഷന്റെ അടുത്തുള്ള ഹോസ്പിറ്റലില്‍ ആയിരുന്നു കുറെക്കാലം. എന്റെ പെങ്ങളുടെ കുട്ടിയാണ്‌‍. അച്ഛനും അമ്മയും തെറ്റിലായിരുന്നു. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴൊക്കെ, അനിയനേം കൂട്ടി അച്ഛനെ ഒന്ന് കാണാന്‍ പോകണം, എന്ന് എപ്പോഴും പറയും. തൃശ്ശൂരാണുള്ളത്‌. കുറേക്കാലമായി അച്ഛനും മക്കളും, തമ്മില്‍ കണ്ടിട്ട്‌. ആഗ്രഹം സാധിക്കാതെ അവള്‍ പോയി."
ഷിബുവിന്റെ മനസ്സ്‌ ഒന്ന് പിടഞ്ഞു.

'അപ്പോള്‍ ഇവരൊന്നും അറിയാതെയാണ്‌‍ അവള്‍ തൃശ്ശൂര്‍ക്ക്‌ പോയത്‌. കൊള്ളാം.'

"മോനെവിടുന്നാ പേഴ്സ്‌ കിട്ടിയത്‌?"ചോദിക്കുന്ന അയാളേക്കാളും ഉത്സാഹത്തില്‍ കാതോര്‍ത്തുകൊണ്ട്‌ കുറേപ്പേര്‍ മുറിക്ക്‌ പുറത്തുണ്ടെന്ന് അവനു മനസ്സിലായി.
ഇനി സത്യം പറഞ്ഞ്‌ അവളുടെ ആത്മാവിനെ ശല്യം ചെയ്യേണ്ട.

"ഇത്‌ ഹോസ്പിറ്റലില്‍ നിന്ന് കിട്ടിയതാണ്. എന്റെ അനിയത്തി അവിടെ ജോലി ചെയ്യുന്നുണ്ട്‌. അവള്‍ക്ക്‌ ഒഴിവില്ലാത്തതിനാല്‍ എന്നെ ഏല്‍പ്പിച്ചു."

"ഉം. ഇതെപ്പോഴും കൂടെ കൊണ്ടുനടക്കും. ഞങ്ങള്‍‍ വിചാരിച്ചു, ഇത് കണ്ടില്ലല്ലോന്ന്. നന്ദിയുണ്ട് കൊണ്ടുത്തന്നതിന്.”
അയാള്‍ പേഴ്സ്‌ തുറന്ന് ഒരു വശത്തെ കള്ളിയില്‍ നിന്ന് ഒരു നിറം മങ്ങിയ ഫോട്ടോ എടുത്തു.

"ഇതവളുടെ അച്ഛന്‍ ആണ്‌. അയാള്‍ക്ക്‌ വേറെ ഭാര്യയും മക്കളും ഉണ്ട്‌. എന്നാലും ഇവിടെയുള്ളവര്‍ക്കൊന്നും ഒരു എതിര്‍പ്പും ഇല്ലായിരുന്നു. അച്ഛനു കൊടുക്കാന്‍ എന്നും പറഞ്ഞ്‌ തനിക്ക്‌ കിട്ടുന്നതില്‍ നിന്ന് കുറേ മിഠായിയും എടുത്തുവെക്കും. പഴകുമ്പോള്‍ കളയും. ഈ മാല അവള്‍ കുഞ്ഞായിരിക്കുമ്പോള്‍ അയാള്‍ അണിയിച്ചതാണ്."
ഷിബു, താന്‍ നോക്കിയിട്ട്‌ കാണാതിരുന്ന ആ ഫോട്ടോയിലേക്ക്‌ ഒന്ന് പാളി നോക്കി. എവിടെയോ കണ്ടതുപോലെ. തിരിച്ചറിഞ്ഞപ്പോള്‍ ഞടുക്കം തോന്നി. ആകെക്കൂടെ ഒരു തളര്‍ച്ച.
അച്ഛന്‍!
ഈ ഫോട്ടോ പോലെയുള്ളത്‌ അച്ഛന്റെ പഴയ ആല്‍ബത്തില്‍ ഒരുപാട്‌ കണ്ടിട്ടുണ്ട്‌. എന്തെങ്കിലും പറയാന്‍ വേണ്ടി വാക്കുകളോട്‌ പിടിവലി നടത്തുമ്പോള്‍ അതില്‍ ഉണ്ടായിരുന്ന മിഠായി, അച്ഛന്‍ തന്നെയാണല്ലോ തിന്നതെന്ന് ഷിബുവിന്റെ ഓര്‍മയില്‍ തെളിഞ്ഞു. മേശപ്പുറത്ത്‌ കണ്ടിട്ട്‌ എടുത്തതാണ്. തന്റെ അനിയത്തിയുടേതെന്ന് കരുതിക്കാണും. ആരുടേയാണെന്ന് ചോദിക്കാതെ എടുത്തുവെന്നും പറഞ്ഞ്‌ അച്ഛനോടിത്തിരി മുഷിയുകയും ചെയ്തു. ഇതെല്ലായിടത്തും കിട്ടുന്നതല്ലേ, വാങ്ങി ഇതില്‍ വെച്ചാല്‍പ്പോരേന്ന് അച്ഛന്‍ ചോദിക്കുകയും ചെയ്തു. ഒക്കെ അത്ഭുതം.
പുറത്തെത്തി ഒന്നും കേള്‍ക്കാന്‍ ശേഷിയില്ലാതെ, ഇറങ്ങി രക്ഷപ്പെടാന്‍ നിന്ന ഷിബു അയാളോട്‌ ചോദിച്ചു.

"എന്നാണ്‌‍ മരിച്ചത്‌?"
അയാളുടെ ഉത്തരം കേട്ടതും ഷിബു മൃതപ്രായന്‍ ആയി മാറി.
അയാള്‍ പറഞ്ഞ ദിവസം അവള്‍- ചേച്ചി- തന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു!
ഇനിയുമെന്തൊക്കെയോ പറയാനും ചോദിക്കാനുമായി, ഒരു തിരിച്ചുവരവ്‌ മനസ്സില്‍ കുറിച്ചിട്ട്‌, ഷിബു, യാത്ര പോലും പറയാതെ അവിടെ നിന്നിറങ്ങി.

തന്റെ ചുറ്റിലും ഏതോ അദൃശ്യശക്തി സന്തോഷത്തോടെ നൃത്തം വെച്ച്‌ നടക്കുന്നതായി അവന് അനുഭവപ്പെട്ടു.

Saturday, September 02, 2006

ഓണാശംസകള്‍

‍അങ്ങനെ ഓണം വന്നു.

മാവേലി കേരളത്തിലേക്കും വന്നു.

ഇങ്ങോട്ട് സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ട് വെറുക്കരുത് എന്ന് മാവേലിയ്ക്കറിയാം.

മലയാളികള്‍ക്ക് മുഴുവന്‍ തിരക്കല്ലേ.

അതുകൊണ്ട് തന്നെയാണ് താന്‍ വര്‍ഷത്തിലൊരിക്കല്‍ വന്ന് പ്രജകളെക്കാണാം എന്ന് മാവേലിത്തമ്പുരാന്‍ തീരുമാനിച്ചത്.

പാതാളത്തില്‍ നിന്നും വന്നെത്തി, കാഴ്ചകളൊക്കെക്കണ്ട് നടക്കുമ്പോള്‍ ഒരാള്‍ കാറില്‍ വന്ന് ഒരു കുറിപ്പും കൊടുത്ത് “ഹായ് മാവേലീ, ബൈ മാവേലീ” ന്നും പറഞ്ഞ് പാഞ്ഞ് പോയി.

മാവേലി വിചാരിച്ചു. ‘പാവം പ്രജകള്‍. ഓണത്തിനും കൂടെ വിശ്രമമില്ല.’

മാവേലി വഴിവക്കിലെ മരത്തണലില്‍ ഇരുന്നു. പ്രജ കൊടുത്ത കുറിപ്പെടുത്തു.
അമ്പരന്നു.

‘ങേ...ഇതൊന്നും മനസ്സിലാവുന്നില്ലല്ലോ. ഇത് കേരളം തന്നെയല്ലേ? മലയാളവും?’

പാവം മാവേലി. പോണോരോടും വരണോരോടും മുഴുവന്‍ വായിച്ചുകേള്‍പ്പിക്കാന്‍ പറഞ്ഞു.
ആര്‍ക്കും അറിയില്ല. ചിലര്‍ക്ക് നില്‍ക്കാന്‍ പോലും സമയവുമില്ല.

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു രൂപം വരുന്നത്.
നോക്കുമ്പോള്‍ സു.

വഴിവക്കില്‍ വല്ലവരും ഉപേക്ഷിച്ചിട്ട് പോയ കഥകളോ കവിതകളോ ഉണ്ടോന്ന് നോക്കാന്‍ ഇറങ്ങിയതാണ്. ബ്ലോഗിലിടാന്‍.

മാവേലിക്ക് സുവിനെ പണ്ടേ അറിയാം. ഓണം ഓണമായിട്ട് ആഘോഷിക്കുന്ന പലരില്‍ ഒരാള്‍.

മാവേലിയെ കണ്ട് സു നിന്നു.

“എന്താ തമ്പുരാനേ ഇന്ന് വെറും ഇരിപ്പാണോ? എല്ലാവരേയും കണ്ട് തിരിച്ചുപോകണ്ടേ?”

“കാണണം. തിരിച്ചുപോവുകയും വേണം. പക്ഷെ ഇതൊരാള്‍ തന്ന കുറിപ്പാണ്. ഒന്നും മനസ്സിലാവുന്നില്ല. മലയാളം ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷെ ഇത് അതും അല്ല. വല്ല ഭീഷണിയും ആണോ?”

“ഞാന്‍ നോക്കാം. തരൂ” സു പറഞ്ഞു.

നോക്കിയപ്പോള്‍ സുവിനു ചിരി വന്നു.

“തമ്പുരാനേ ഇത് ‘ ഓണാശംസകള്‍’ എന്നാണല്ലോ.”

“എന്നിട്ട് ഇതെന്താ ഇങ്ങനെ? മലയാളം മറന്നോ പ്രജകള്‍?”

“അയ്യോ. ഇല്ലില്ല. മലയാളികള്‍ മലയാളം മറക്കില്ല. ഇത് മൂലഭദ്രയാണ്. എല്ലാവരും പഠിച്ചെടുത്തു. അത്രേ ഉള്ളൂ.”

“അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇനി തിരിച്ചുപോകുന്നതിനുമുമ്പ് കാണാം.”

മാവേലി ഒരു വഴിക്കും സു വേറൊരു വഴിക്കും പോയി.

ഓണം കഴിഞ്ഞു. മാവേലി സു-വിനോട് യാത്ര പറയാന്‍ വന്നു.

“അടുത്തകൊല്ലവും കാണാം. എനിക്കൊരു തിരക്കും ഉണ്ടാവില്ല അപ്പോഴും” എന്ന് സു പറഞ്ഞു. വല്യ സങ്കടം തോന്നി സു-വിന്.

Friday, September 01, 2006

ജനല്‍

ജനാലയിലൂടെ പുറത്തേക്ക്‌ നോക്കിനില്‍ക്കുന്നത്‌ പലപ്പോഴും ഒരു ബോറന്‍ പരിപാടിയും, ചിലപ്പോള്‍ നീരസം നിറഞ്ഞൊരു കാര്യവും, മറ്റു ചിലപ്പോള്‍ മറ്റുള്ളവരെക്കൊണ്ട്‌ 'ഇവനൊന്നും വേറെ ജോലിയില്ലേ' ന്ന് ചോദിക്കുന്ന തരത്തില്‍ ആകുന്നതും ഒക്കെയാണെങ്കിലും, മഞ്ഞച്ചായമടിച്ച, മരത്തിന്റെ ജനലിന്റെ, ഉരുണ്ട അഴികളില്‍പ്പിടിച്ച്‌ ഏകാന്തതയിലേക്ക്‌ കണ്ണു‍നട്ട്‌ എവിടെയുമല്ലാതെ അലഞ്ഞു തിരിയാന്‍, മനസ്സിനെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തമാക്കി വിട്ട്, അകലേക്ക്‌ എന്തൊക്കെയോ കാണാന്‍ കൊതിക്കുന്ന മട്ടില്‍, കണ്ണ്‌‍ എത്തിപ്പിടിച്ച്‌ നോക്കിയിരിക്കുന്ന ഒരു അലസവേളയിലാണ് ഞാന്‍ അകലത്തെ ചില്ലുജനാലയ്ക്കരികില്‍ ഒരു രൂപം ഇങ്ങോട്ടും, ഏതാണ്ട്‌ എന്റെയൊരു അവസ്ഥയില്‍ത്തന്നെ മിഴികള്‍ പായിച്ച്‌ നില്‍ക്കുന്നത്‌ കണ്ടതും, ഏതോ ഒരു ജന്മത്തിന്റെ അടുപ്പം ആ രൂപവുമായി തോന്നാന്‍ ഇടയായതും, പിന്നീടുള്ള ദിവസങ്ങളിലൊക്കെ ആ നില്‍പ്പില്‍ ഒരു നിര്‍വൃതി കണ്ടെത്തിയതും, കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ മനസ്സ്‌ ആ ജനലിനേയും, രൂപത്തേയും സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും, ഒക്കെ ഒരു വിസ്മയകഥപോലെയായിരുന്നെങ്കിലും, ഒരിക്കല്‍ അവിടെയെത്തി ആ രൂപത്തിനുമുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രണയം അറിയിക്കുന്നത്‌ ഓര്‍ത്ത്‌ പുഞ്ചിരിക്കുകയും, സ്വപ്നസാഫല്യത്തിനുവേണ്ടി, ആ വീട്ടിലേക്ക്‌ കടന്ന് ചെല്ലുകയും, തുറക്കാത്ത വാതിലിനോട്‌ മുഖം കനപ്പിച്ച്‌, ആ ജനാല മാത്രം തേടി നടക്കുകയും ചെയ്ത്‌, അകലെ നിന്ന് കണ്ടാരാധിച്ച ആ രൂപത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്, താന്‍ വിചാരിച്ചതുപോലെ ഒരു സുന്ദരിയാണെന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തില്‍, പലപ്പോഴും പറയാന്‍ സ്വരുക്കൂട്ടിവെച്ചിരുന്നകാര്യം അറിയിക്കാന്‍ തുനിഞ്ഞതും, ആ രൂപം, ഭീകരമായത്‌ എന്തോ കണ്ട പോലെ ഉച്ചത്തില്‍ അലറുകയും, തല, ജനലിനിട്ട്‌ അടിക്കുകയും ചെയ്തപ്പോഴുണ്ടായ അമ്പരപ്പില്‍, ആ സുന്ദരരൂപത്തിന്റെ കൈകള്‍, ജനലിനോട്‌ ചേര്‍ത്ത്‌ ബന്ധിച്ച ചങ്ങലയില്‍ കണ്ടെത്തിയത്‌, എനിക്ക്‌ സത്യത്തിലേക്ക്‌ തുറക്കുന്ന ജനല്‍ ആയി അനുഭവപ്പെട്ടു.