Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, June 29, 2008

അഞ്ച് ചെറുകഥകള്‍

1) അവന്‍ കടലിലേക്കിറങ്ങിപ്പോയതിനുശേഷം,
എല്ലാവരും, കടല്‍ അവളുടെ കണ്ണില്‍ കാണാന്‍ തുടങ്ങി.

2) വയ്യാതെ കിടക്കുമ്പോള്‍, നിഴലിനെപ്പോലും കൂട്ടുകാണാതെ ആയപ്പോള്‍,
അയാള്‍ മരണത്തിന്റെ കൂട്ടുതേടാന്‍ തീരുമാനിച്ചു.

3) വയറ്റില്‍ കുരുത്ത ജീവന്‍ അവള്‍ക്കൊരു കടം കഥയും
മറ്റുള്ളവര്‍ക്കൊരു കഥയുമായപ്പോള്‍
രണ്ട് ജീവിതകഥകള്‍ക്കവള്‍ ഫുള്‍ ‌സ്റ്റോപ്പിട്ടു.

4) പത്തായത്തിലും അടുക്കളപ്പാത്രങ്ങളിലും ദാരിദ്ര്യത്തിന്റെ മുഖം കണ്ട എലി,
എലിക്കെണിയില്‍ വെച്ച വിഷം തിന്ന് ആത്മഹത്യ ചെയ്തു.

5) ചരടില്‍ കൊരുത്തൊരു താലിയുമിട്ട്
പോരാടി ജീവിച്ചുമടുത്ത്
അവളൊടുവില്‍ ജീവിതം കയറില്‍ കൊരുത്തു.

Labels:

Thursday, June 26, 2008

മഴയാണെനിക്കിഷ്ടം

അങ്ങനെ വീണ്ടുമൊരു മഴക്കാലം. പക്ഷെ ഇത്തവണ പ്രതീക്ഷിച്ചപോലെ മഴയില്ലെന്ന് പലരും പറഞ്ഞു. എത്രയോ പ്രാവശ്യം പറഞ്ഞതു തന്നെ പറയുകയാണെങ്കിലും പറയാതിരിക്കാന്‍ വയ്യ. എനിക്ക് മഴക്കാലം വല്യ ഇഷ്ടമാണ്.

ഞങ്ങളുടെ നാട്ടിന്‍ പുറത്ത് രാത്രികാലങ്ങളില്‍ ശരിക്കും കേള്‍ക്കാം. തവളയുടെ ബ്ലക്ക് ബ്ലക്ക് എന്നതുപോലെയൊരു ശബ്ദവും, ചീവീടുകളുടെ ഒച്ചയും. മഴയുടെ താളത്തിലുള്ള പെയ്ത്തും. കാര്‍മേഘങ്ങള്‍ കൂട്ടംചേര്‍ന്ന് ഇരുട്ടായി പെട്ടെന്നൊരു പെയ്തുപോവലല്ല. മഴയിരമ്പി വരുന്ന ശബ്ദം കേട്ടിട്ടുണ്ടോ? അതു കേള്‍ക്കണം.

മഴവെള്ളം തട്ടിത്തെറിപ്പിച്ച് പോവാനും, കടലാസ്സുതോണിയിറക്കാനും, ഓടിന്റെ വക്കിലൂടെ ഇറ്റിറ്റുവീഴുന്ന വെള്ളത്തിന്റെ നൂലിലൂടെ കൈ മുകളിലേക്കും താഴേയ്ക്കും ഓടിക്കാനുമൊക്കെ വല്യ ഇഷ്ടമായിരുന്നു പണ്ട്. ഇപ്പോഴും ഇഷ്ടം തന്നെ. മഴയത്ത് കുളത്തില്‍ കിടക്കുന്നതായിരുന്നു വേറൊരു ഇഷ്ടം. എന്തൊരു രസമായിരിക്കും എന്നോ. നിങ്ങളൊക്കെ ഒന്നുപോയി ചാടിനോക്കണം. അപ്പഴേ ശരിക്കും കാര്യം മനസ്സിലാവൂ.

മഴയത്ത് തണുത്ത വെള്ളം കുടിക്കരുത്. മഴ നനയരുത്. എന്തൊക്കെ വിലക്കുകളായിരുന്നു. ഇപ്പോഴും വിലക്കൊക്കെത്തന്നെ. എന്നാലും കുടയെടുക്കാതെ മഴയത്തങ്ങനെ മഴ മുഴുവന്‍ എന്റേതാക്കി നടന്നുപോവാനും, കുടയെടുത്തില്ലേ, നനഞ്ഞുപോവുന്നോയെന്നൊക്കെ വെറുതേ കിന്നാരം ചോദിക്കുന്നവര്‍ക്ക് വടിയെടുത്തൊന്ന് കൊടുത്ത് മഴയത്തോടി മറയാനും ആഗ്രഹം.

സ്വാര്‍ത്ഥത പറയുകയാണെങ്കില്‍ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്കൊരു പന്തലിട്ട് ഞാനെന്ന മഴക്കൂട്ടുകാരി അതിനുമുകളിരുന്ന് മഴ മുഴുവന്‍ സ്വന്തമാക്കും. പക്ഷെ ഒരു കുഴപ്പമുണ്ട്. എന്നെപ്പോലെ മഴയുടെ കൂട്ടുകൂടാനിഷ്ടമുള്ളവരു മുഴുവന്‍ ആ പന്തലിനു മുകളിലേക്ക് കയറിയാല്‍ പന്തലിന്റെ കാലൊടിഞ്ഞ് എല്ലാം കൂടെ തിത്തോം തരികിട തെയ്യത്തോം എന്നും പറഞ്ഞ് ഭൂമിയില്‍ കിടക്കും. അതുകൊണ്ട് പന്തല്‍ പണിയുന്ന ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.

ഭൂമിയെ പ്രണയിക്കുന്ന ആകാശം സമ്മാനം കൊടുക്കുന്നതാണോ മഴയെന്നും, ഭൂമി സുന്ദരസുരഭിലമായി ഉറങ്ങിച്ചാഞ്ഞു കിടക്കുന്നതുകണ്ട് അസൂയ മൂത്ത് ഭൂമിയെ ഉണര്‍ത്താന്‍ മഴയെ വിടുന്നതാണോയെന്നും, ഇനി ആകാശം കരയുന്നതാണോയെന്നും ഒക്കെ എനിക്ക് സംശയം ഉണ്ട്. ദൈവത്തിന്റെ അടുത്ത് പോയിട്ടേ ഇതിന്റെ ശരിക്കുള്ള ഗുട്ടന്‍സ് പിടികിട്ടൂ. അതുവരെ കുടപിടിച്ചും പിടിക്കാതേം മഴയത്ത് നടക്കാം.

കുടയെന്ന് പറഞ്ഞപ്പോഴാണോര്‍ത്തത്. പഴയ കുട. അത് നിവര്‍ത്തിയിട്ട് കൈയിറുങ്ങി നക്ഷത്രം എണ്ണിയ ഓര്‍മ്മ. പിന്നെയാണ് ഞെങ്ങിപ്പൊങ്ങി കുട വന്നത്. വിരല്‍ രക്ഷപ്പെട്ടു. പെരും മഴയത്ത് പലപ്പോഴും കുടശ്ശീല മുഴുവന്‍ ആകാശത്തിന്റെ ഭാഗത്തേക്ക് ചാഞ്ഞുപോയിരുന്നെന്നത് വേറെ കാര്യം! പിന്നെ ബാഗില്‍ വയ്ക്കുന്ന കുട വന്നു. ഇപ്പോഴിതാ പേഴ്സിലെത്തി നാനോ കുട! എനിക്ക് നാനോ കുട വേണ്ട. കുട നോ നോ എന്ന് പറയാനാനിഷ്ടം ഇഷ്ടരേ...

വയലില്‍ പണിയെടുക്കുന്നവര്‍ക്ക് ഒരു കുടയുണ്ട്. ചിലര്‍ക്ക് വല്യൊരു പാളക്കുടയുണ്ട്. മറക്കുടയുണ്ട്. ഇതൊന്നും ഇല്ലാത്തവര്‍ ഇലയും പിടിച്ച് പോവുന്നതും കാണാറുണ്ട്. എല്ലാരും കുടയും ചൂടി എങ്ങോട്ടാ? മഴയൊന്ന് നനഞ്ഞുനോക്കൂന്നേ. പനി വരുമെന്നോ? അല്ലെങ്കില്‍ പനി വരാറില്ലേ? മഴ നനഞ്ഞിട്ടാ ഡോക്ടറേ എനിക്ക് പനിവന്നത് എന്ന് അഭിമാനത്തോടെ ഒന്ന് പറഞ്ഞുനോക്കെന്നേ. ഇനിയിപ്പോ ഡോക്ടര്‍ക്കത് ഇഷ്ടമായില്ലെങ്കില്‍ പോയി മഴയത്ത് നില്‍ക്കാന്‍ പറ. അല്ല പിന്നെ!

മഴ നനഞ്ഞ് കയറിവന്ന് ചൂടുകാപ്പിയും കുടിച്ച് ജനലില്‍ക്കൂടെ മഴയും നോക്കി ഇരിക്കാനും, അല്ലെങ്കില്‍ മഴസംഗീതവും കേട്ട് ഒരു പുസ്തകവും വായിച്ചിരിക്കാനും എനിക്ക് തോന്നുന്നുണ്ട്.
എന്നാലും ഞാനോര്‍ക്കുന്നുണ്ട്. മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണുന്ന വീടിനുള്‍വശത്തേക്ക് മഴ വീഴുന്നത് തടയാന്‍ പാത്രങ്ങള്‍ വയ്ക്കുന്നവരേയും, ജോലിയില്ലാതെ, മഴയെന്ന് തോരും എന്ന് ചിന്തിച്ച് മനസ്സ് പുകഞ്ഞിരിക്കുന്നവരേയും, അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങള്‍ നോക്കി, മഴയെ ശപിക്കുന്നവരുടെ നിസ്സഹായതയും, വസ്ത്രം ഉണങ്ങിയോന്ന് വീണ്ടും വീണ്ടും തൊട്ടുനോക്കുന്ന കുഞ്ഞുകൈകളുടെ തണുപ്പും, അരിച്ച കുടയും നിവര്‍ത്തി മേലോട്ട് നോക്കി നില്‍ക്കുന്ന ദൈന്യതയാര്‍ന്ന കണ്ണുകളും, പനിച്ചുവിറച്ച് വിശന്ന് കൂ‍നിക്കൂടിയിരിക്കുന്ന രൂപങ്ങളും ഒക്കെ. എന്നാലും ഇടവപ്പാതിപോലെ പെയ്തൊഴിയാന്‍ കഴിയാത്തൊരു മനസ്സും വെച്ചിരിക്കുമ്പോള്‍ മഴയെ എനിക്ക് സ്നേഹിച്ചേ തീരൂ. മഴയെനിക്ക് നനഞ്ഞേ തീരൂ. ഓരോ മഴക്കാലവും കൊണ്ടുവന്നു തരുന്ന ഓരോ വയസ്സും കാത്തിരുന്നേ കഴിയൂ.

അതുകൊണ്ട് കൂട്ടുകാരേ മഴയത്തൊരു പാട്ടുപാടാം. കൈ കോര്‍ത്ത് പിടിച്ചോളൂ.
“മഴ മഴ കുട കുട,
മഴ വന്നാല്‍ വീട്ടീപ്പോടാ.” എന്ന പാട്ടല്ല.
പെയ്യട്ടേ മഴ പെയ്യട്ടേ എന്ന പാട്ട്.

Labels: ,

Wednesday, June 25, 2008

ഞാനും കരി വാരും

ഞാനങ്ങ് ഞെട്ടിപ്പോയി! എന്താ എന്ന് നിങ്ങള്‍ ചോദിക്കും. ഇല്ലെന്നോ? എന്നാല്‍ ചോദിച്ചില്ലെങ്കിലും പറയും. ബൂലോകത്തേക്ക് വന്നപ്പോഴല്ലേ കണ്ടത്. കരിവാരാം എന്ന്! അയ്യേ...ഞാന്‍ വാരൂലാ എന്നാണ് ആദ്യം വിചാരിച്ചത്. കാരണം കരിയും ചാരവും പൊടിയും ഒക്കെ വാരിക്കഴിഞ്ഞുള്ള സമയത്താണല്ലോ മറ്റുള്ളവരെ വധിച്ചേക്കാം എന്ന് തോന്നി ബൂലോകത്തേക്ക് കടക്കുന്നത്. പിന്നേം കരി വാരാനോ? എല്ലാര്‍ക്കും എന്താ വട്ടുപിടിച്ചോ! എന്നൊക്കെയാണ് തോന്നിയത്. പിന്നെത്തോന്നി സംഗതി ഒന്ന് വിശദമായി മനസ്സിലാക്കിക്കളയാം എന്ന്. തോന്നലിലാണ് കാര്യങ്ങളുടെ മുഴുവന്‍ കിടപ്പെന്ന് കാളിദാസന്‍, മേഘസന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അതില്‍ നിങ്ങള്‍ക്ക് സംശയം ഉണ്ടെന്നോ? നിങ്ങള്‍ മേഘസന്ദേശം വായിച്ചുവരുമ്പോഴേക്കും ഞാന്‍ വേറൊരു കൃതിയുടെ പേരു കണ്ടുപിടിച്ചുകൊള്ളാം. അങ്ങനെ കരിവാരാം എന്നു കണ്ടിട്ട് തള്ളിപ്പോയ കണ്ണ് ശരിയായ ലെവലിലേക്ക് പിടിച്ച് നോക്കിയപ്പോള്‍ കാര്യങ്ങളുടെ ഏകദേശം ഒരു പിടികിട്ടി. ഞാനെത്ര ശ്രമിച്ചാലും മുഴുവന്‍ പിടിയും കിട്ടില്ല എന്ന് എനിക്കറിയാവുന്നതുകൊണ്ട് കിട്ടിയ പിടിയില്‍ പിടിച്ചു. അപ്പോ കരിവാരം ആണ് സംഗതി. വാരത്തിലേക്ക് എത്തിയില്ലെങ്കിലും പിന്നെ ആയാലും പ്രതിഷേധിച്ചേക്കാം കരുതി. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് കമലഹാസനും ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്ന് കുഞ്ചന്‍ നമ്പ്യാരും പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളതൊന്നും കേട്ടിട്ടില്ലെന്നോ? ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ കേള്‍ക്കാന്‍ പഠിക്കണം. പിന്നെപ്പറഞ്ഞിട്ട് കാര്യമില്ല.

അതുകൊണ്ട് കരിവാരം കഴിഞ്ഞുള്ള വാരത്തില്‍ പ്രത്യക്ഷപ്പെട്ട് ഞാനും, പ്രതിഷേധത്തില്‍ ഇഞ്ചിയോടൊപ്പവും മറ്റുള്ള എല്ലാ ബൂലോഗരോടൊപ്പവും പങ്കുചേരുന്നു.

കരിവാരിത്തേയ്ക്കേണ്ടത് നമ്മുടെ ബ്ലോഗില്‍ അല്ലല്ലോ. ബൂലോകത്തോട് അനീതി കാട്ടുന്നവരുടെ മുഖത്തല്ലേ?

Labels: