Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 27, 2010

കാക്കകുമാ‍രി

കാ കാ കരയും കാക്കകുമാരി,
മാവിൻ കൊമ്പിലിരിപ്പുണ്ടേ.
മാമ്പഴമൊന്ന് കൊത്തിക്കൊത്തി,
രുചിയിൽ തിന്നു രസിക്ക്യാണേ.
മാമ്പഴമൊന്ന് താഴെയിടാമോ
എന്നാൽ ഞാനും തിന്നീടാം.

Labels:

Monday, July 26, 2010

സീതാരാമവിവാഹം

“വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ?
ചൊല്ലുകെ”ന്നതു കേട്ടു ചൊല്ലിനാൻ വിശ്വാമിത്രൻ
“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടുമല്ലോ”
മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
മന്ദമന്ദം പോയ്ചെന്നു നിന്നുകണ്ടിതു ചാപം
ജ്വലിച്ചതേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
നിന്നരുളുന്ന നേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടു ജനം.
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
കൂട്ടമേവാദ്യങ്ങളും മംഗലസ്തുതികളും
ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെ സ്തുതിക്കയുമപ്സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭാഘോഷം കണ്ടു കൗതുകം പൂണ്ടാർ
ജനകൻ ജഗത്സ്വാമിയാകിയ ഭഗവാനെ
ജനസംസദിഗാഢാശ്ലേഷവും ചെയ്താനല്ലോ
ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസികൗശികനും
മൈഥിലി തന്നെപ്പരിചാരികമാരും നിജ
മാതാക്കന്മാരും കൂടിനന്നായിച്ചമയിച്ചാ‍ർ
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദമന്ദ-
മർണ്ണോജനേത്രൻ മുമ്പിൽ സത്രപം വിനീതയായ്
വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പല കാന്തിതേടും
ബാലകൻ ശ്രീരാമനുമേറ്റം വിളങ്ങിനാൻ
ഭൂമിനന്ദനയ്ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലക ബാലൻ തന്നെക്കണ്ടവർകളും
ആനന്ദാംബുധി തന്നിൽ വീണുടൻ മുഴുകിനാർ
മാനവവീരൻ വാഴ്കെന്നാശിയും ചൊല്ലീടിനാർ.


ശ്രീരാമനേയും സീതയേയും ഞാൻ വണങ്ങുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ രാമായണമാസത്തിൽ.)

Labels: , , ,

Saturday, July 24, 2010

മഴയും മഴയും

മഴത്തിരക്ക്

മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
കുട വാങ്ങീടാൻ പോകേണം.
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
കടലാസുതോണിയൊരുക്കേണം.
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
കട്ടൻ‌കാപ്പി കുടിക്കേണം.
മഴ പെയ്യുന്നൂ മഴ പെയ്യുന്നൂ,
മഴയും നോക്കിയിരിക്കേണം.


മഴയും നീയും

നിന്റെ
പ്രണയമഴയിൽ നനഞ്ഞുനടന്നതുകൊണ്ടാണ്
വിരഹമഴയിൽ പനിക്കുന്നത്.
നിന്റെ
മൊഴിമഴയിൽ ചിരിച്ചതിനാണ്,
മൗനമഴയിൽ കരയേണ്ടിവരുന്നത്.

Labels:

Thursday, July 22, 2010

ചുമ

“ഇന്നുതന്നെപോയി ഡോക്ടറെ കാണണം. ഇനിയുംവെച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല. കുറേ നാളായില്ലേ തുടങ്ങിയിട്ട്.” അമ്മ എന്നും പറയുന്നതുതന്നെ പറയുന്നു. അവൾ മറുപടിയായി ചുമയ്ക്കുകമാത്രം ചെയ്തു. ചുമയും പനിയും തലവേദനയും. മഴ തുടങ്ങിയപ്പോൾ കൂടെ വന്നതായിരിക്കും. സാരമില്ലെന്ന് കരുതി. പനിയും തലവേദനയും ഭേദമാവുകയും ചെയ്തു. ചുമ പോയില്ല. പോകുന്ന ഒരു ലക്ഷണവും കാണിക്കുന്നുമില്ല. മഴക്കാലത്താണെങ്കിൽ വീടുപണികൾ കുറവ്. അല്ലെങ്കിലും ഭർത്താവിന്റെ കൂടെ കല്ലും മണ്ണും ചുമക്കാൻ അവൾക്ക് പോകാൻ കഴിയുന്നുമില്ല. എല്ലാം കൂടെ ദുരിതം പിടിച്ച നാളുകൾ. അമ്മയാണെങ്കിൽ ദിവസവും ഡോക്ടറെക്കാണുന്ന കാര്യം പറഞ്ഞുകൊണ്ടിരിക്കും.

അവൾ മുറിയിലെ ചെറിയ മേശപ്പുറത്തുനിന്ന് പൈസ എടുത്തുനോക്കി. ഇരുനൂറ് രൂപവച്ചുപോയിട്ടുണ്ട്. പോവുമ്പോൾ ഡോക്ടറെ പോയിക്കാണാൻ പറഞ്ഞിരുന്നു. കൂടെ വരാൻ നിന്നാൽ ഒരുദിവസത്തെ ജോലി പോകും. അതുവേണ്ടെന്ന് പറഞ്ഞത് അവളാണ്. കുട്ടികൾ പൈസയിട്ടുവയ്ക്കുന്ന പാത്രം കുടഞ്ഞിട്ടുനോക്കി. മുപ്പത്തേഴ് രൂപയുണ്ട്. അതെടുക്കട്ടേന്ന് ചോദിച്ചപ്പോൾ അവരുടെ മുഖം വാടിയിരുന്നു. പിന്നെ’ അമ്മയ്ക്ക് ആശുപത്രിയിൽ പോകാനല്ലേ എടുത്തോന്ന്’ പറഞ്ഞു. പൈസ എത്രവേണ്ടിവരുമെന്ന് അറിയില്ല. ബാക്കിയുണ്ടെങ്കിൽ തിരികെക്കൊണ്ടുവയ്ക്കാം.

ഡോക്ടറുടെ വീട്ടിലേക്കാണ് അവൾ പോയത്. ആദ്യം തന്നെ ചെന്ന് ടോക്കൺ എടുക്കാഞ്ഞതുകൊണ്ട് ഇനിയെത്രനേരം ഇരിക്കണമെന്നറിയില്ല. അവൾ ചുമച്ചുകൊണ്ട് അവിടെയിരുന്നു. ഡോക്ടറുടെ മുറിക്കുമുന്നിൽ നിന്നയാൾ ഓരോരുത്തരെയായി വിളിച്ച് കടത്തിവിടുന്നുണ്ട്. അവളുടെ അടുത്ത് ഒരു അമ്മയും കുഞ്ഞും ഇരിക്കുന്നുണ്ട്. വാടിത്തളർന്ന് ദീനയായി അമ്മ. കുഞ്ഞാണെങ്കിൽ ജീവനുണ്ടെന്ന് കാണിക്കുന്നതുപോലെ ഇടയ്ക്ക് ഞരങ്ങും. അവൾ അവരെ നോക്കി. മഴക്കാലം രോഗകാലം തന്നെ. ഒരു രോഗിയെ മുറിക്കുള്ളിലേക്ക് വിട്ട് അയാൾ വന്ന് ആ അമ്മയോടുപറഞ്ഞു. “ഇരുന്നിട്ട് കാര്യമില്ല. വെറുതെ ഡോക്ടറെ കണ്ടിട്ട് കാര്യമെന്താ? മരുന്ന് എഴുതിത്തന്നാൽ അതുവാങ്ങിക്കഴിക്കണം. അല്ലാതെ ഡോക്ടറുടെ സമയം കളയാൻ വരരുത്. ഫീസ് അദ്ദേഹം വേണ്ടെന്നുവയ്ക്കുമായിരിക്കും. എന്തായാലും ഇന്നു കടത്തിവിടില്ല. സ്ഥലം വിട്ടോ.” ആ അമ്മയാണെങ്കിൽ അയാൾ അങ്ങനെ പറഞ്ഞെന്നുകൂടെ ഭാവിക്കുന്നില്ല. എപ്പോഴും കേൾക്കുന്നതായിരിക്കും. കുഞ്ഞിനെ ഒന്നുകൂടെ അടുത്തുപിടിച്ച് ഇരിക്കുന്നു. അവൾക്ക് വിഷമം തോന്നി. അവൾ എണീറ്റ് കർച്ചീഫിൽ പൊതിഞ്ഞ പൈസയിൽനിന്ന് ബസ് ചാർജ് എടുത്ത് ബാക്കി കർച്ചീഫിൽ തന്നെ വച്ച് ആ അമ്മയുടെ കൈ പിടിച്ച് കൊടുത്തു. അതുതുറന്നുനോക്കാൻ നേരമാവുമ്പോഴേക്കും അവൾ മുറ്റത്തുകൂടെ ഗേറ്റിനടുത്തേക്ക് ധൃതിയിൽ നടന്നു.

വീട്ടിലെത്തിയപ്പോൾ ഡോക്ടറെ കണ്ടോന്ന് ചോദിച്ച അമ്മയോട് അവൾ പറഞ്ഞു. “അവിടെ നല്ല തിരക്കായിരുന്നു. ക്ഷീണമായിട്ട് ഇരിക്കാൻ വയ്യാതായി. ഞാനിങ്ങുപോന്നു. അമ്മ കുട്ടികൾക്ക് ചുമ വരുമ്പോൾ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പൊടിയില്ലേ, കൽക്കണ്ടമൊക്കെ പൊടിച്ചിട്ടത്? അതുകുറച്ചുണ്ടാക്കിത്തന്നാൽ മതി. പോവുമായിരിക്കും.” അമ്മയെന്തെങ്കിലും പറയുന്നതിനുമുമ്പ് അവൾ മുറിയിലേക്ക് നടന്നു. ചുമച്ചുകൊണ്ടിരുന്നെങ്കിലും അവൾക്ക് മനസ്സിൽ നല്ല സുഖം തോന്നി.

Labels:

Wednesday, July 14, 2010

അപ്പുറവും ഇപ്പുറവും

ജാലകത്തിന്നപ്പുറത്താണ്
ആകാശം ഭൂമിയ്ക്കു നൽകും മഴ.
ജാലകത്തിന്നിപ്പുറത്താണ്
കണ്ണു മനസ്സിന്നു നൽകും മഴ.
ജാലകത്തിന്നപ്പുറത്താണ്
കാഴ്ചകൾ നിറയുന്ന വല്യലോകം.
ജാലകത്തിന്നിപ്പുറത്താണ്
സ്വപ്നങ്ങൾ നെയ്യുന്ന മനസ്സുലോകം.

Labels:

Monday, July 12, 2010

വാവാച്ചീം അമ്മേം

പാഠം മുഴുവൻ പഠിച്ചുചൊല്ലീ
മിടുക്കിയാമൊരു വാവാച്ചി.
സന്തോഷത്താലമ്മ കൊടുത്തൂ‍
വാവാച്ചിയ്ക്കൊരു പൊൻ‌മുത്തം.
ഓടിച്ചാടി ഉരുണ്ടുവീണു
കരച്ചിലായി വാവാച്ചി.
ദേഷ്യം വന്നിട്ടമ്മ കൊടുത്തൂ
ചൂരലെടുത്ത് രണ്ടെണ്ണം.
പിണങ്ങിയൊന്നും മിണ്ടാതങ്ങനെ
മാറിയിരുന്നൂ വാവാച്ചി.
പാവം തോന്നീട്ടമ്മയെടുത്തു
വീണ്ടും നൽകീ പൊൻ‌മുത്തം.

Labels: