Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 29, 2010

മനസ്സിലാവാത്തത്

ചിലപ്പോൾ അലകളില്ലാതെ പുഴയെപ്പോലെ ഒഴുകിക്കൊണ്ടിരിക്കും. ചിരിച്ചുകളിച്ച് പോകുന്ന വാശിയില്ലാത്ത കുട്ടിയെപ്പോലെന്ന് തോന്നും.
തലതല്ലിക്കരഞ്ഞ് പാറക്കല്ലിൽ ആഞ്ഞടിക്കുന്ന കടൽത്തിരയെപ്പോലെ തോന്നും. കൈയും കാലുമിളക്കി കരയുന്ന വാശിയുള്ള കുട്ടിയെപ്പോലെ.
മഴയെപ്പോലെ തോന്നും. നിർത്താതെ പെയ്യും. ഓർമ്മകളും മറവികളുമായിട്ട്, തണുപ്പിച്ചും, ചിലപ്പോൾ മടുപ്പിച്ചും.
കടലുപോലെയിരിക്കും. ശാന്തമായി, എന്നാലും ചുഴികളോടെ.
തലോടിക്കൊണ്ടൊരു കാറ്റുവീശിപ്പോകും പോലെ തോന്നും, കുളിർമ്മ തന്നിട്ട്.
മരം പോലെ നിൽക്കും. ചിലപ്പോൾ ശാന്തമായി, ചിലപ്പോൾ ആടിയുലഞ്ഞ്.
ചിരിയുടെ കൂട്ടുപിടിക്കും,
ചിലപ്പോൾ കരച്ചിലിന്റെ കൂട്ട് പിടിക്കും.
സ്വപ്നങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി വിടും.
സ്വപ്നങ്ങൾ മുറിച്ച് യാഥാർത്ഥ്യത്തിലേക്ക് തള്ളിവീഴ്ത്തും.
ചിലപ്പോൾ, ഇതിലും വല്യ കൂട്ടില്ലെന്ന്, ചിലപ്പോൾ ഇതിലും വല്യ ദ്രോഹിയില്ലെന്ന്,
ഇതിലും വല്യ ആശ്വാസമില്ലെന്ന്, ഇതിലും വല്യ ഒളിവുസ്ഥലമില്ലെന്ന്
തോന്നിപ്പിച്ചുകൊണ്ടേയിരിക്കും.
ആശ്ചര്യത്തിന്റെ, അത്ഭുതത്തിന്റെ, നോവിന്റെ, കള്ളത്തരത്തിന്റെ, പുഞ്ചിരിയുടെ...
പല പല രസങ്ങളും കാണിച്ച് കൂടെ നടക്കും.
നീയും ഞാനുമെന്ന് രണ്ടില്ലെന്ന് പലരും.
അതിനെയുൾക്കൊള്ളാതെ,
നിന്നെ ദൂരെനിന്ന് നോക്കിക്കാണുന്ന വിധത്തിൽ മതിയെന്ന് ഞാൻ!
മനസ്സേ നിന്നെയെനിക്ക് മനസ്സിലാവുന്നില്ലല്ലോ!

Labels:

Wednesday, April 21, 2010

കണി കാണും നേരം

പടക്കം പൊട്ടുന്ന ഒച്ചയുണ്ട്, ഇടയ്ക്കിടയ്ക്ക് പതിഞ്ഞ സ്വരത്തിൽ കേൾക്കുന്നു. ചില ആഹ്ലാദാരവങ്ങളും. ബാക്കിയെല്ലാം എന്നും പതിവുള്ള രാത്രി പോലെ തന്നെ.

അനുരാധ സത്യനാഥനോട് പറഞ്ഞു.
“നാളെ വിഷുവാണ്.”
“ഓർമ്മിപ്പിക്കേണ്ട കാര്യമുണ്ടോ അത്?” സത്യനാഥൻ ചോദിച്ചു. അസ്വസ്ഥതയോടെ.
“കണിയൊരുക്കണമെന്ന് മോൻ പറഞ്ഞില്ലേ. അതുകൊണ്ട് പറഞ്ഞതാ.”
“ഉം.”
“ഊണുകഴിക്കാൻ എന്തായാലും അമ്പലത്തിൽ പോകാം. അവിടെ സദ്യയുണ്ടല്ലോ.”
“ഉം. നീ ഉറങ്ങാൻ നോക്ക്. മിണ്ടിക്കൊണ്ടിരുന്നാൽ ചിലപ്പോൾ അവൻ ഉണരും.”

കുട്ടിക്കാലത്തെങ്ങോ കണ്ട വിഷുക്കണിയോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അനുരാധ ഉറങ്ങാൻ ശ്രമിച്ചു. എന്തൊക്കെയോ ചിന്തിച്ച് ചിന്തിച്ച് സത്യനാഥനും.

-----------------------------------

“മോനേ എണീക്കൂ. കണി വെച്ചിട്ടുണ്ട്. അമ്മ കൈ പിടിച്ച് കൊണ്ടുപോകാം.”

“എന്തൊക്കെയുണ്ടമ്മേ ഒരുക്കിയിട്ട്?”

മറുപടിയ്ക്ക് അല്പം താമസിച്ചു.

“എല്ലാമുണ്ട്. വെള്ളരി, ചക്ക, മാങ്ങ, തേങ്ങ, പുതുവസ്ത്രം, കൊന്നപ്പൂ...”

“കണ്ണന്റെ മുമ്പിലല്ലേ?”

“അതെയതേ.”

“കണിക്കു മുന്നിലെത്തി.” അച്ഛൻ പറഞ്ഞത് അവൻ കേട്ടു.

“ഇനി വിഷുക്കൈനീട്ടം തരൂ.”

“തരാം. കണിയ്ക്കു മുന്നിൽ തൊഴൂ.”

അവൻ തൊഴുതു.

സത്യനാഥൻ, നിറം മങ്ങിയ ഒരു നാണയം മോന്റെ കൈയിൽ വച്ചുകൊടുത്തു.

“വാ. ഇനി കുളിച്ചുപുറപ്പെട്ട് അമ്പലത്തിൽ പോകാം. അവിടെയും കണി കാണണ്ടേ.”

അമ്മയുടെ കൂടെ അവൻ പോയി.

ഒരു ചെറിയ വിളക്കും, അതിനു മുന്നിൽ അല്പം കൊന്നപ്പൂവും, പിന്നെ ഒരു പഴയ ചിത്രത്തിൽ നിന്ന് കണ്ണനും സത്യനാഥനെ നോക്കിച്ചിരിച്ചു.

“എന്റെ മോനു, കാണാൻ കഴിയാത്തതു ഭാഗ്യമാണെന്നാണോ ഞാൻ വിചാരിക്കേണ്ടത്, എല്ലാം കാണാൻ കഴിയുന്ന ദൈവമേ?” എന്നും ചോദിച്ച് അമ്മയും മോനും മിണ്ടിയും ചിരിച്ചും നിൽക്കുന്നിടത്തേക്ക് സത്യനാഥൻ തിരക്കിട്ട് നടന്നു.

പടക്കങ്ങളുടെ ശബ്ദം ഒരു തടസ്സവുമില്ലാതെ കേട്ടുകൊണ്ടിരുന്നു.

Labels:

Saturday, April 17, 2010

അക്ഷരങ്ങൾ

കഥകളിലെല്ലാം ചേർന്നുനിന്നു,
കവിതകൾക്കായവർ ഒത്തുചേർന്നു.
പ്രിയതമൻ പാടുന്ന ഗാ‍നങ്ങളിൽ
പ്രണയത്തിൻ മധുരം പകർന്നു തന്നു.
താരാട്ടുപാട്ടായി മാറും നേരം,
സ്നേഹം മുഴുവൻ ചൊരിഞ്ഞു തന്നു.
വരികളോരോന്നിനും അർത്ഥമേകി,
പരസ്പരം കൂട്ടുപുലർത്തിനിന്നു.
ഒറ്റയ്ക്കു നിൽക്കുന്ന നേരത്തവർ
ഒരുമിച്ചു ചേരും കിനാവു കണ്ടു.

Labels:

Thursday, April 15, 2010

കണ്ണൻ

ഗോപികമാരോടെൻ കനവുകളോതി
കാളിന്ദി തീരത്തു നിന്നെ ഞാൻ തേടി.
വൃന്ദാവനത്തിലും കണ്ടില്ല നിന്നെ,
കടമ്പിന്റെ ചോട്ടിലും നീ വന്നതില്ല.
കണ്ടില്ല നിന്നെയെൻ കനവിലല്ലാതെ
മറന്നുവോയെന്നോർത്തു മനമൊന്നു വിങ്ങി.
പുലരിയിൽ കണിയ്ക്കായ് വിടർന്നൊരെൻ കണ്ണിൽ
ചിരി തൂകി നിൽക്കും നിൻ രൂപം തെളിഞ്ഞു.
കണ്ണാ, നീ വന്നെത്തി ഒടുവിലെൻ ചാരേ,
കണ്ണുനീരൊപ്പി ഞാൻ നിന്നെത്തൊഴുതു.

Labels:

Tuesday, April 06, 2010

മടി

വെയിലുള്ളപ്പോൾ നടന്നുതളരാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
വെയിലത്തങ്ങനെ നടന്നുവെന്നാൽ
തലവേദനയാ ചങ്ങാതീ.

മഴയുള്ളപ്പോൾ നനഞ്ഞുനടക്കാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
മഴയും കൊണ്ട് നടന്നുവെന്നാ‍ൽ
പനി പിടിക്കും ചങ്ങാതീ.

പൂരപ്പറമ്പിൽ കറങ്ങിനടക്കാ‍ൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
വെറുതേയങ്ങനെ കറങ്ങിനടന്നാൽ
വയ്യാതാവും ചങ്ങാതീ.

ഞാനൊരു ചൂടുകാപ്പി കുടിച്ച്
വെറുതെയിരിക്കും ചങ്ങാതീ
ഒന്നും ചെയ്യാൻ തോന്നുന്നില്ല
മടിയാണെനിക്കു ചങ്ങാതീ.

Labels: