Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 29, 2011

മാലിനിയുടെ കഥ

കുഞ്ഞുടൈം‌പീസ് പാട്ടുപാടിത്തുടങ്ങിയപ്പോൾത്തന്നെ അവൾ അതിനെ മിണ്ടാതാക്കി. അതിന്റെ പാട്ടു കേൾക്കുന്നതിനു മുമ്പേ ഉണർന്നെന്ന് അതിനു തോന്നാതിരിക്കാനാണ് അവൾ അല്പസമയം കാത്തുനിന്നത് എന്നവൾ ആശ്വസിക്കുകയും ചെയ്തു.

തിരക്കാനൊന്നുമില്ല. എന്നാലും പല്ലുതേച്ച് മുഖം കഴുകിയതും അവൾ അടുക്കളയിലേക്കു നടന്നു. ലൈറ്റിട്ടു, ജനൽ തുറന്നു. എല്ലാം പതിവുപോലെ. പാലെടുത്തു ചൂടാക്കാൻ വച്ച്, അതു തിളയ്ക്കുന്നതും നോക്കി നിൽക്കുമ്പോഴാണ് അവൾക്ക് കാത്തുനില്പിനെക്കുറിച്ച് ഓർമ്മവന്നത്. എഴുതിത്തുടങ്ങിയ കഥയിലെ മാലിനി. ബസ്‌സ്റ്റോപ്പിൽ കാത്തുനിർത്തിയിട്ടുണ്ട്. മാലിനി, ഒരു വലിയ തുണിക്കടയിൽ സെയിൽ‌സ്ഗേളാണ്. കുഞ്ഞിന് ചുട്ടുപൊള്ളുന്ന പനിയായിട്ടും വരേണ്ടിവന്നത്, തുച്ഛമായ ശമ്പളത്തിൽ നിന്ന് അല്പംകൂടെ കുറയരുതെന്നു വിചാരിച്ചാണ്. രണ്ടുദിവസം വരാൻ കഴിഞ്ഞില്ല. ഇനി വേഗം വീട്ടിലെത്തിയിട്ടുവേണം കുഞ്ഞിനെ നോക്കാൻ. ഓട്ടോറിക്ഷയിൽ കയറാ‍നുള്ള കാശ് മാലിനിയ്ക്ക് എവിടെനിന്നാണ്. ഇതൊക്കെയാണ് ഇന്നലെ എഴുതിയത്. വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു പെട്ടെന്നു നിന്നു, എന്നാണ് എഴുതിനിർത്തിയിരിക്കുന്നത്. ഇനി കഥ എങ്ങോട്ടുവേണമെങ്കിലും കൊണ്ടുപോകാം. ജീവിതമാണെങ്കിൽ എഴുതിവെച്ചിട്ടുണ്ടാവുമല്ലോ. മാലിനിയുടെ വേദനിക്കുന്ന ജീവിതം അക്ഷരങ്ങളിലൂടെ തെളിയിക്കാം. ഇതൊന്നും നടക്കാത്തതുമല്ലല്ലോ.

“അമ്മേ എന്റെ ബ്രഷ് കാണുന്നില്ല.” ഇനി കഥ അവിടെത്തന്നെ വിട്ടേക്കണം. ഇനി ജീവിതമാണ്. ബ്രഷ്, തോർത്ത്, ചായ, പലഹാരം, സോക്സ്, ലഞ്ച്ബോക്സ്... ഇതിലൊന്നും ഒരു മാറ്റവുമില്ല. രാവിലെ എണീറ്റ് ബാൽക്കണിയുടെ വാതിൽ തുറന്നിട്ട്, അല്പം തണുപ്പുള്ള നിലത്തിരുന്ന്, കുളിർകാറ്റേറ്റ് ഒരു കഥ എഴുതുന്നത് ആലോചിച്ചപ്പോൾത്തന്നെ അവൾ സ്വയം പരിഹസിച്ചു ചിരിച്ചു. ഇതിനെ ഒരു കഥാകാരിയുടെ വെറുതേയുള്ള സ്വപ്നം എന്ന തലക്കെട്ടിൽ നിർത്താം.

എന്തായാലും ഉച്ചയ്ക്ക് അവളുടേതായ ലോകമാണ്. വായന, എഴുത്ത്, ചാനലുകളിൽ അലഞ്ഞുനടക്കൽ, ഉറക്കം.

മയങ്ങിക്കാണണം.

“ചേച്ചീ”

“ആരാ?”

“ഞാൻ മാലിനി.”

“ഏതു മാലിനി?”

“ചേച്ചി ബസ്‌സ്റ്റോപ്പിൽ നിർത്തിയില്ലേ?”

“അയ്യോ...കഥ...മാലിനി.”

“അതെ.”

“എന്താ ഇവിടെ?”

“കുറച്ചു കാര്യങ്ങൾ തുറന്നുപറയാനുണ്ടായിരുന്നു.”

“എന്ത്?”

“ചേച്ചി കഥ നിർത്തിയിടം കണ്ടു.”

മാലിനി, അവളുടെ പുസ്തകം തുറന്ന് വായന തുടങ്ങി.

“വിഷാദത്തോടെ നിന്ന മാലിനി, വിയർപ്പ് സാരിത്തുമ്പുകൊണ്ടാണ് ഒപ്പിയിരുന്നത്. അവളുടെ വിഷാദത്തിനു കാരണം ഇരുട്ടായി എന്നതുമാത്രമായിരുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയില്ലെങ്കിൽ ഇന്നും പേടിച്ചുപേടിച്ച് രാത്രി കഴിച്ചുകൂട്ടണം. എന്തു പനിയാണിത്. ഇതൊക്കെ ഓർത്തുനിൽക്കുമ്പോഴാണ് അവളുടെ മുന്നിലേക്ക് ഒരു കാർ വന്ന് പെട്ടെന്ന് നിന്നത്.”

“ഇതല്ലേ ചേച്ചി നിർത്തിയത്?”

“അതെ. പക്ഷെ. ഇതൊക്കെ വെറും ഭാവനകളല്ലേ.”

“അല്ലെങ്കിലോ? എന്നെ കാണുന്നതുപോലെ സത്യമാണെങ്കിലോ?”

“അതെങ്ങനെയാണ് ശരിയാവുന്നത്?”

“ശരിയാവും. കാർ വന്നു നിന്നു. മാലിനിയെ അതിലേക്ക് ബലമായി പിടിച്ചുകയറ്റി. കാർ വിട്ടു പോയി. പിന്നെ മാലിനിയെക്കുറിച്ച് പത്രവാർത്തകളിൽനിന്നാണ് അറിയുന്നത് എന്നൊക്കെയല്ലേ ഇനി എഴുതാൻ പോകുന്നത്?”

“അത്...ഞാൻ...”

“രാവിലെ മുതൽ വൈകുന്നേരം വരെ പലതരം മനുഷ്യരെക്കണ്ടും, പലതരം വസ്ത്രങ്ങളുടെ പളപളപ്പു കണ്ടും നിൽക്കുന്ന സെയിൽ‌സ്ഗേൾസിനെക്കുറിച്ച് പലർക്കും ഒന്നും അറിയുകയുണ്ടാവില്ല. വിശന്നും വിയർത്തും വിഷാദിച്ചും, ഒരു മാസം തള്ളി നീക്കി, അല്പം നോട്ടുകൾക്കു കൈനീട്ടുന്നവരെക്കുറിച്ച് അവിടെവരുന്ന ആരും ചിന്തിക്കില്ല. എന്തൊക്കെ വിഷമങ്ങളുണ്ടാവും എന്നും ആരും അറിയില്ല.”

“അത്രയ്ക്കൊന്നും ഞാനും ചിന്തിച്ചില്ല.”

“ചേച്ചിയ്ക്ക് എന്തെങ്കിലുമൊക്കെ ഊഹിച്ച് എഴുതിയാൽ മതിയല്ലോ. പക്ഷെ, ഞാൻ വന്ന സ്ഥിതിയ്ക്ക് ഇനി കഥ മാറ്റിയെഴുതണം. കാർ വന്നു പിടിച്ചുകൊണ്ടുപോയി എന്നെഴുതരുത്. വായിക്കുന്നവർ കുറച്ചുകൂടെ കൂട്ടി വായിക്കും.”

വൈകുന്നേരം ആയിട്ടും അവൾക്ക് സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്നു മനസ്സിലായില്ല.

എന്തായാലും ജോലിയൊക്കെക്കഴിഞ്ഞ് എഴുതാനിരുന്നപ്പോൾ അവൾ എഴുതി.

“വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നു. “മാലിനീ” എന്ന വിളി കേട്ടുനോക്കിയപ്പോൾ അവളുടെ കൂടെ സ്കൂളിലും കോളേജിലും പഠിച്ചിരുന്ന സദാശിവനാണ്. അയാളുടെ വീട്, അവളുടെ ഭർത്താവിന്റെ വീട്ടിനടുത്തുമാണ്. “ഈ വഴിക്കുള്ള ബസ്സൊക്കെ പെട്ടെന്ന് പണിമുടക്കിയതാണ്. വെറുതേ കാത്തുനിൽക്കേണ്ട.” എന്നു പറഞ്ഞപ്പോൾ അവളും കാറിലേക്കു കയറി.”

ഇനി ഇതിനു മാലിനി എന്തു പറയുമോയെന്തോ! നാളെ വരുമായിരിക്കും. തുടർന്ന് എഴുതാനുള്ളതൊക്കെ പിന്നീടെഴുതാം.

കഥകൾ എങ്ങനെ വേണമെങ്കിലും മാറ്റാം. ജീവിതം എഴുതിവച്ചയാളിനോട്, ജീവിച്ചുകൊണ്ടിരിക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ എവിടെപ്പോയി ചോദിക്കണം!

Labels:

Friday, September 23, 2011

ഒന്ന് രണ്ട് മൂന്ന് നാല്

അമ്മക്കുട്ടി, മിന്നുക്കുട്ടി,
തിന്നൂ തിന്നൂ മുട്ടായി,
ഒന്ന്, രണ്ട്, മൂന്ന്, നാല്,
മധുരം നിറയും മുട്ടായി.

അമ്മക്കുട്ടി, മിന്നുക്കുട്ടി,
കണ്ടൂ കണ്ടൂ പൂമ്പാറ്റ,
അഞ്ച്, ആറ്, ഏഴ്, എട്ട്,
പലവർണ്ണത്തിൽ പൂമ്പാറ്റ.

അമ്മക്കുട്ടി, മിന്നുക്കുട്ടി,
നോക്കീ നോക്കീ മഞ്ചാടി,
ഒമ്പത്, പത്ത്, എണ്ണിയെടുത്തൂ
കൈയിൽ നിറച്ചൂ മഞ്ചാടി.

Labels:

Wednesday, September 21, 2011

വില കൂടിയാൽ

കോൻ ബനേഗാ കരോട്പതിയിൽ പങ്കെടുത്ത് പന്ത്രണ്ടാമത്തെ ചോദ്യത്തിനു ശരിയുത്തരവും പറഞ്ഞ് ഒരു കോടിയും മേടിച്ച് വീട്ടിൽ വരുന്ന ആളുകളാണ് എല്ലാവരും എന്നു ആരെങ്കിലും കരുതിയിട്ടാണോയെന്നറിയില്ല, എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുന്നുണ്ട്. പാലിന്, പച്ചക്കറിയ്ക്ക്, ഗ്യാസിന്, പെട്രോളിന്, മറ്റു നിത്യോപയോഗസാധനങ്ങൾക്ക്, വിലയെത്രകൂടിയാലും പലർക്കും ഒഴിച്ചുകൂടാനാവാത്ത സ്വർണ്ണത്തിന്, ഒക്കെ വില കൂടിക്കൂടി വരുന്നു. സമൂഹത്തിൽ പണക്കാരും പാവപ്പെട്ടവരും ഉണ്ട്. ഇത്ര പൈസ കൈയിലുള്ളവർ മാത്രമേ ഇന്ന സാധനം വാങ്ങാൻ പോകാവൂ എന്നൊരു നിയമവുമില്ല. പാലിനു വില കൂടിയതുകൊണ്ട്, ഇനി കോടീശ്വരന്മാർ മാത്രമേ പാലൊഴിച്ച ചായ കുടിക്കാവൂ എന്നു പറഞ്ഞാൽ അതു ശരിയാണോ? കൂലിപ്പണിക്കാരൊക്കെ കട്ടൻ‌ചായ കുടിച്ചാൽ മതി എന്നു പറഞ്ഞാൽ അതു ശരിയാണോ? അപ്പോ, വിലയിങ്ങനെ കൂടി വന്നാൽ പാലു പോയിട്ട്, പച്ചവെള്ളം കുടിക്കാൻ പോലും ആൾക്കാർ പേടിക്കും. കാറും ബൈക്കും എടുത്ത്, ഇന്നെവിടേക്കു പോകണം എന്നും ചിന്തിച്ചിരിക്കുന്ന പണക്കാർക്ക്, പെട്രോളിന്റെ വില കൂടിയാലും കുറഞ്ഞാലുമൊന്നും പ്രശ്നമാവില്ല. ജോലിസ്ഥലങ്ങളിലേക്ക് വണ്ടിയും എടുത്തു പോകേണ്ടിവരുന്ന സാധാരണക്കാരെ വിലക്കയറ്റം ബാധിക്കും. പണ്ടൊക്കെ വണ്ടിയുണ്ടായിരുന്നോ, അന്നൊക്കെ എത്രയോ ദൂരം നടന്നല്ലേ ആൾക്കാർ പോയിരുന്നത് എന്നൊക്കെ ചോദിക്കുന്നതിൽ എന്തെങ്കിലും അർഥം ഉണ്ടോ?

വിലക്കയറ്റം വരുമ്പോൾ, അത്യാവശ്യം പച്ചക്കറികളൊക്കെ വീട്ടിലുണ്ടാക്കാം, പാലിനു വേണ്ടി പശുവിനേയും വളർത്താം. ഇനി വണ്ടിയ്ക്കടിയ്ക്കാൻ പെട്രോളും, പെണ്മക്കളെ കെട്ടിച്ചുവിടാൻ നേരം, കൊടുക്കുന്ന പൊന്നും വീട്ടുപറമ്പിൽ നിന്നു കുഴിച്ചെടുക്കണം എന്നു വന്നാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഒരു കാലം വരുമായിരിക്കും. എല്ലാത്തിനും സൌകര്യമുള്ളവർക്കൊക്കെ എന്തും ആകാമല്ലോ!

(കോൻ ബനേഗാ കരോട്പതിയിൽ അഞ്ചുകോടിയാണ് ഇപ്പോ പതിമൂന്നാം ചോദ്യത്തിന്റെ ഉത്തരം ശരിയായാൽ സമ്മാനം).

Labels: