Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 17, 2014

രാമായണം




ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ് സർവ്വേശ്വരൻ താൻ വന്നു പിറന്നതും
ആമിഷഭോജികളെ വധിപ്പാനായ്ക്കൊണ്ടു വി-
ശ്വാമിത്രനോടും കൂടെയെഴുന്നള്ളിയ കാലം
ക്രുദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ
പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കല്പനായ കൌശികമുനിയോടും
മൈഥിലരാജ്യത്തിനായ്ക്കൊണ്ടുപോകുന്നനേരം
ഗൌതമപത്നിയായോരഹല്യാശാപം തീർത്തു
പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂർവ്വം മിഥിലാപുരമകം പുക്കു
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടൻ
മൽ‌പ്രാണിഗ്രഹണവും ചെയ്തു പോരുന്നനേരം
മല്പുക്കു തടുത്തൊരു ഭാർഗ്ഗവരാമൻ തന്റെ
ദർപ്പവുമടക്കി വൻപോടയോദ്ധയും പുക്കു
ദ്വാദശ സംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടും കൂടെ
ചിത്രകൂടം പ്രാപിച്ചു വസിച്ച കാലം താതൻ
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
ചിത്തശോകത്തോടുദകക്രിയാദികൾ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
ദണ്ഡകാരണ്യം പുക്ക കാലത്തു വിരാധനെ
ഖണ്ഡിച്ചു കുംഭോത്ഭവനാമഗസ്ത്യനെക്കണ്ടു
പണ്ഡിതന്മാരാം മുനിമാരോടു സത്യം ചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാൻ
പുക്കിതു പഞ്ചവടി തത്ര വാണീടും കാലം
പുഷ്കരശരപരവശയായ് വന്നാളല്ലോ
രക്ഷോനായകനുടെ സോദരി ശൂർപ്പണഖ
ലക്ഷ്മണനവളുടെ നാസികാച്ഛേദം ചെയ്തു
ഉന്നതനായ ഖരൻ കോപിച്ചു യുദ്ധത്തിനായ്
വന്നിതു പതിന്നാലു സഹസ്രം പടയൊടും
കൊന്നിതു മൂന്നേമുക്കാൽ നാഴിക കൊണ്ടുതന്നെ
പിന്നെ ശൂർപ്പണഖ പോയ് രാവണനോടു ചൊന്നാൾ
മായയാ പൊന്മാനായ് വന്നോരു മാരീചൻ തന്നെ
സായകം പ്രയോഗിച്ചു സദ്ഗതി കൊടുത്തപ്പോൾ
മായാസീതയെക്കൊണ്ടു രാവണൻ പോയശേഷം
മായാമാനുഷൻ ജടായുസ്സിനു മോക്ഷം നൽകി
രാക്ഷസവേഷം പൂണ്ട കബന്ധൻ തന്നെക്കൊന്നു
മോക്ഷവും കൊടുത്തുപോയ് ശബരിതന്നെക്കണ്ടു
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവും ചെയ്തു പുക്കിതു പമ്പാതീരം
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുകൂടി
മിത്രനന്ദനനായ സുഗ്രീവൻ തന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്ന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധം ചെയ്തു
സീതാന്വേഷണം ചെയ്തു ദക്ഷിണജലധിയിൽ
സേതുബന്ധനം ലങ്കാമർദ്ദനം പിന്നെശ്ശേഷം
പുത്രമിത്രാമാത്യഭൃത്യാദികളോടും കൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസ്ത്രേണവധം ചെയ്തു രക്ഷിച്ചുലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവും ചെയ്തു
പാവകൻ തങ്കൽ മറഞ്ഞിരുന്നോരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങിപ്പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകം ചെയ്തു ദേവാദികളാൽ
പൂജ്യനായിരുന്നരുളീടിനാൻ ജഗന്നാഥൻ.


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കിടകമാസത്തിൽ)

Labels: