Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, March 29, 2010

മഴയെക്കാത്ത്

പക്ഷികൾ കലപില കൂട്ടി കൂട്ടിലേക്ക് പറന്നെത്തുന്നുണ്ട്,
ഇലകൾ നല്ലൊരു നൃത്തം തന്നെ കാഴ്ചവയ്ക്കുന്നുണ്ട്,
ആകാശത്തിന്റെ മുഖം പരിഭ്രമത്തിലെന്ന പോലെ
കറുത്തിരുണ്ട് നിൽക്കുന്നുണ്ട്.
ഭൂമി, വാനത്തേക്ക് കണ്ണും നട്ട്,
ചൂടും പേറി നില്‍പ്പുണ്ട്.
കാറ്റ്, സന്ദേശവാഹകനെപ്പോലെ
അങ്ങുമിങ്ങും പോകുന്നുണ്ട്.
ഒന്ന് വന്ന് ലോഗ്യം പറഞ്ഞുപോകുന്ന,
വിരുന്നുകാരി മാത്രമായ
ഒരു മഴയ്ക്കു വേണ്ടി
എന്തിനാണ് ഇത്രയും കോലാഹലങ്ങൾ?
മഴവില്ലു തെളിയാനുള്ള സാദ്ധ്യത
മുന്നിൽക്കണ്ടുകൊണ്ടാവുമോ!
ഒരു വർണ്ണക്കാഴ്ച ആസ്വദിക്കാനുള്ള
മോഹമാവുമോ!

Labels:

Tuesday, March 23, 2010

പാവം മനസ്സ്

എത്രയെത്ര സങ്കടങ്ങളാണ്
കുടിച്ചു വറ്റിക്കേണ്ടത്
എത്രയെത്ര സന്തോഷങ്ങളാണ്
തിളക്കിനിർത്തേണ്ടത്
എന്നിട്ടും കുറ്റം മാത്രം ബാക്കി
മനസ്സ് ശരിയല്ലെന്ന്!

Labels:

Wednesday, March 17, 2010

പലതിൽ ചിലത്

ഒരാൾ ദ്വീപിലകപ്പെട്ട് ഒറ്റയ്ക്കായ കഥ അമൃത ടിവി യിൽ ആണ് കേട്ടത്. ഒറ്റയ്ക്ക് വിഷമിച്ചു ജീവിക്കുമ്പോൾ ഒരു കപ്പൽ വരുന്നതിന്റെ പ്രതീക്ഷയുണ്ട് അയാളിൽ. ഒടുവിൽ അയാൾ കെട്ടിയുണ്ടാക്കിയ കുടിലും, അയാൾ അവിടെ ഒറ്റപ്പെടുമ്പോൾ അയാളുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളുമൊക്കെ തീ പിടിത്തത്തിൽ നശിക്കുന്നു. അയാൾ പ്രതീക്ഷ കൈവിട്ടവനെപ്പോലെ നിൽക്കുമ്പോൾ ഒരു കപ്പൽ വരുന്നു. അയാളെ രക്ഷിക്കുന്നു. തീ പിടിച്ചപ്പോൾ ഉണ്ടായ പുക കണ്ടിട്ടാണ് കപ്പലുകാർ ആ ദ്വീപിലേക്ക് കപ്പലടുപ്പിക്കുന്നത്. അപ്പോഴാണ് തീപിടിച്ചുവെങ്കിലും തനിക്ക് രക്ഷപ്പെടാൻ ഒരു വഴി ഒരുക്കുകയായിരുന്നെന്ന് അയാൾക്ക് മനസ്സിലായത്. ദൈവം അങ്ങനെയാണ്. ഓരോ പരീക്ഷണങ്ങൾ തരും. പക്ഷേ അതൊക്കെ പുതിയ നല്ലൊരു കാര്യത്തിലേക്കു നയിക്കുന്ന വിഷമങ്ങൾ ആണെന്ന് ഓർക്കുകയാണ് വേണ്ടത്. എല്ലാത്തിലും ദൈവവിശ്വാസം കൈവിടാതെ ഇരിക്കണം.

ടൗണിൽ പോയി, കടയിൽ നിന്ന് ഓരോ സാധനങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മേന്നും വിളിച്ച് എന്റെ ചുരിദാറിന്റെ ഷാളിൽ/ദുപ്പട്ടയിൽ ഒരു ചെറിയ ആൺകുട്ടി പിടിച്ചുവലിച്ചു. ഞാൻ തിരിഞ്ഞപ്പോൾ, അമ്മയല്ലാന്നു മനസ്സിലായിട്ടും അവൻ എന്താ ചെയ്തതെന്നറിയാമോ, ആ ഷാളുകൊണ്ട് മുഖം നന്നായി അമർത്തിത്തുടച്ചു. പിന്നെ മൂക്കിന്റെ അടുത്ത് നല്ലോണം തുടച്ചിട്ട് വിട്ടു. ഹഹഹ എന്നു ചേട്ടൻ ചിരിച്ചു. നനച്ച് കഞ്ഞി മുക്കി ഇസ്തിരിയിട്ട് ചുളിയാതെ അണിഞ്ഞ എന്റെ ഷാൾ. അതും കോട്ടൺ ചുരിദാർ എടുത്തതുതന്നെ വെയിലും ചൂടും ആയതുകൊണ്ട്. ചേട്ടനു ചിരിച്ചാലെന്താ!

തീവണ്ടിയോടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിൽ കണ്ടു. നല്ലൊരു കാര്യം തന്നെ. മുംബൈയിലാണ്. സ്ത്രീകൾ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ചില സ്ത്രീകൾ എന്നു പറയാം.

അപുവിന്റെ ലോകം വായിച്ചു. ട്രെയിൻ യാത്രയ്ക്കിടയ്ക്കാണ് അത് വാങ്ങിയത്. ആദ്യം അമ്മ വായിക്കണംന്ന് പറഞ്ഞുവെച്ചു. ട്രെയിനിൽ നിന്ന് കുറച്ചു വായിച്ചിരുന്നു. മുഴുവൻ വായിച്ചുവോന്ന് ഞാൻ ചോദിച്ചില്ല. ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയുടേതാണ്. നല്ല കഥ. അപുവിന്റെ ആദ്യ ജീവിതങ്ങൾ അദ്ദേഹത്തിന്റെ തന്നെ പഥേർ പാഞ്ചാലിയിലും അപരാജിതനിലും പറഞ്ഞിരിക്കുന്നു. ഇതിൽ അപു എന്ന അപൂർവ്വ പഠിച്ച് ജോലിക്കു ചേർന്ന്, കല്യാണം കഴിച്ച് ഒരു കുഞ്ഞുണ്ടായപ്പോൾ ഭാര്യ മരിച്ച് അങ്ങനെയൊക്കെയുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്നു. പിന്നെ എഴുത്തുകാരനും ആവുന്നു. വായന പതിവുപോലെ നടന്നില്ല. ജോലിത്തിരക്കുകാരണം നീണ്ടുപോയി.

ചൂട്. മഴ വരുന്നുണ്ടോന്നും നോക്കിയിരിക്കണം. വേനലിന്റെ വാർത്തകൾ കേൾക്കുമ്പോൾ പേടിയാവും. സൂര്യതാപം, സൂര്യാഘാതം. ഇനി മേയ് അവസാനം വരെ എങ്ങനെ കഴിച്ചുകൂട്ടും എന്നറിയില്ല. അതുകഴിഞ്ഞാല്‍പ്പിന്നെ കുറച്ചുദിവസം മഴ ആസ്വദിക്കും. പിന്നെ മഴയെ കുറ്റം പറയും. എന്തൊരു മനുഷ്യരാണല്ലേ. ;)

ദിയയ്ക്ക് ആണെന്നുതോന്നുന്നു ശിഷ്യനും മകനും വേണ്ടത്. ഇവിടെ നോക്കിയിട്ട് കണ്ടില്ല. അച്ഛനെ വിളിച്ചു ചോദിച്ചു. ആദ്യം കുറേ അമ്മയാണു പറഞ്ഞുതന്നത്. പിന്നെ അച്ഛനും ആദ്യം മുതൽ തന്നെ പറഞ്ഞുതന്നു. ബുക്ക് നോക്കിയെടുക്കട്ടേന്നും പറഞ്ഞു. ഇതു ഫോണിൽ തീരില്ലെന്നു പറഞ്ഞു. പിന്നെ ഉടൻ മഹാദേവി തൊട്ടു മതിയെന്നു പറഞ്ഞപ്പോൾ കുറച്ചു ചൊല്ലിത്തന്നു.

ഉടൻ മഹാദേവിയിടത്തു കൈയാൽ
അഴിഞ്ഞ വാർപൂങ്കുഴലൊന്നുതുക്കി
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി
പാർശ്വസ്ഥനാകും പതിയോടുരച്ചു
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനിൽ നിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കിയെന്നാ
ലതും നൽകിയനുഗ്രഹിക്കാം.

ഇത്രേം കൊണ്ട് മതിയാവില്ല അല്ലേ? അച്ഛനും അമ്മയും ചിരിയോടുചിരിയാണ്. പിന്നെ അമ്മ ചിരിക്കുന്നു. കാരണം ചോദിച്ചപ്പോൾ പറയ്യാണ്, അച്ഛൻ ഇന്നലെ തന്മാത്ര കണ്ടു, അതുപോലെ ആയിപ്പോയോന്ന് ഒരു സംശയം എന്ന്. :)) എനിക്കോർമ്മയുള്ളതിനേക്കാൾ എന്തായാലും അവർക്കുണ്ട്.

ഈശ്വരാ! എന്റെ ഫോൺ ബില്ല് ആരു തരും?

അപ്പോ ഇത്രയും വിശേഷങ്ങൾ പറഞ്ഞു നിർത്തുന്നു.

കുറിയ വല്യ മനുഷ്യനായ കുഞ്ഞുണ്ണിമാഷ് പറഞ്ഞതും കൂടെ പറഞ്ഞിട്ടുപോകാം.

“നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ.”

Labels:

Saturday, March 13, 2010

വടക്കുംനാഥക്ഷേത്രദർശനം

അറിയിപ്പ്:‌-


താഴെയുള്ള ഭക്തിഗാനം/പദ്യം/പാട്ട് ഞാൻ എഴുതിയതല്ല. ചിറ്റമ്മയുടെ അമ്മയുടെ പാട്ടുപുസ്തകത്തിൽ അവർ ശേഖരിച്ച പാട്ടുകളിൽ ഒന്നാണ് ഇത്. ആരെഴുതിയതാണെന്ന് അതിൽ ഇല്ല. ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞുതരുമല്ലോ. നല്ലൊരു കാര്യമായതുകൊണ്ട് എല്ലാവർക്കും വായിക്കാൻ ഇവിടെ ഇടാമെന്ന് കരുതി.ശ്രീ വാസുദേവന്റെ പാദാംബുജം രണ്ടും
സേവിച്ചു മേവും കിളിക്കിടാവേ
നെല്ലുവായമ്പിന തമ്പുരാൻ തന്നുടെ
നല്ല കഥാമൃതം ചൊല്ലെന്നോട്
ഈരേഴുലകിനും വേരായ് മരുവുന്ന
നാരായണസ്വാമി കാത്തുകൊൾക
ഗോവിന്ദമാധവ നാരായണാനന്ദ
ശ്രീവാസുദേവ ജഗന്നിവാസ
എന്നുള്ള നാമങ്ങൾ നന്നായ് ജപിക്കണം
നന്നായ് വരും എന്നു പൈങ്കിളിയും
അപ്പോൾ കിളിമകൾ ത്വല്പാദസൽക്കഥ
കെല്പോടെ പാടിക്കളി തുടങ്ങി
തൃശ്ശിവപേരൂർ വടക്കുംനാഥൻ
തന്നുടെ തൃക്കാൽ വണങ്ങി വരുന്നു ഞാനും
തൃശ്ശിവപേരൂർ മതിലകത്തുള്ളോരു
ഈശ്വരന്മാരെ തൊഴുതുപോരാൻ
പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
സാരമായുള്ള ക്രമത്തേ കേൾപ്പിൻ
ഏറ്റം ഗുണം പടിഞ്ഞാറേച്ചിറ തന്നിൽ
കാലത്തു ചെന്നു കുളിച്ചുകൊൾവിൻ
നല്ലൊരു ശുദ്ധി വരുത്തിക്കൊണ്ട്
നാരായണായെന്നു നാമം ജപിക്കണം
നേരായ വണ്ണം ഭവിക്കുമെന്നാൽ
ശ്രീമൂലസ്ഥാനം പ്രദക്ഷിണം വയ്ക്കണം
ശ്രീയ്ക്കും യശസ്സിനും സന്തതിയ്ക്കും
ആലിനോരേഴു വലം വച്ചു ഗോപുരം
ചാലേക്കടന്നങ്ങിടത്തു ഭാഗേ
അർജ്ജുനൻ തന്നുടെ വിൽക്കുഴിയിൽ
ചെന്നു കാലും മുഖവും കഴുകിക്കൊണ്ട്
ഗോശാല തന്നിലമർന്നരുളീടുന്ന
ഗോവിന്ദനെച്ചെന്നു വന്ദിക്കേണം
പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
ഈശാനകോണിൽ പരശുരാമൻ തന്റെ
പാദം വണങ്ങി വലം വയ്ക്കേണം
സംഹാരമൂർത്തിയായ് പിന്നിൽ വസിക്കുന്ന
സിംഹോദരനെത്തൊഴുതുകൊൾവിൻ
നേരേ വടക്കോട്ടോരേഴുവലം വച്ചു
വാരണധീശനെ വന്ദിക്കേണം
തെക്കു കിഴക്കുള്ള മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കരേറി നിന്ന്
പൊന്നമ്പലത്തേയും രാമേശ്വരത്തേയും
നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
തെക്കുള്ള ഗോപുരം തന്നിൽ കൊടുങ്ങല്ലൂർ
ശ്രീ ഭദ്രകാളിയെ വന്ദിക്കേണം
തെക്കുപടിഞ്ഞാറു മുക്കിൽ കിടക്കുന്ന
നൽക്കല്ലു തന്നിൽ കരേറി നിന്ന്
ഊരകത്തമ്മ തിരുവടിയെ പിന്നെ
കൂടൽമാണിക്യത്തെ കൂടെ കൂപ്പിൻ
അമ്പോടു താഴികകുംഭങ്ങൾ മൂന്നുമേ
കുമ്പിട്ടിറങ്ങി തൊഴുതുകൊണ്ട്
വ്യാസനെ ചിന്തിച്ചങ്ങമ്പത്തൊന്നക്ഷരം
വ്യാസശിലമേലെഴുതീടേണം
അയ്യപ്പനേയും തൊഴുതു പടിഞ്ഞാ-
ട്ടൊരഞ്ചെട്ടു പത്തടി പോന്നശേഷം
നേരെ വലത്തുഭാഗത്തു മുളച്ചുള്ള
പുഷ്പം പറിച്ചങ്ങു ചൂടിക്കൊണ്ട്
ശംഖുപുഷ്പങ്ങളെ വന്ദിച്ചുടൻ പിന്നെ-
ശങ്കരൻ തന്റെ നടയിൽക്കൂടി
വാമഭാഗത്തുള്ള ചിത്രം വണങ്ങീട്ടു
ഭൂമീശ്വരന്മാരെ വന്ദിക്കേണം
നീലകണ്ഠൻ തന്റെ രൂപത്തെ ധ്യാനിച്ചു
ചുറ്റിനകത്തു കടന്നുകൊണ്ട്
മണ്ഡപം തന്നിൽ വസിക്കുന്ന വിപ്രരെ
വന്ദിച്ചു വന്ദനം ചെയ്തീടേണം
മണ്ഡപത്തിന്റെ ഇടത്തുഭാഗേചെന്നു
ചണ്ഡികാനൃത്തത്തെ വന്ദിക്കേണം
ശങ്ക വെടിഞ്ഞു വടക്കുംനാഥൻ തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പിക്കൊൾക
മണ്ഡപത്തിന്റെ വലത്തുഭാഗേ ചെന്നു
വാരണാമീശനെ വന്ദിക്കേണം
പിന്നെ ഭഗവതി പിന്നെ ഗണപതി
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥൻ
പിന്നെ ഗണപതി പിന്നെ നടുവിലും
പിന്നെയും തെക്കും നടുവിലും കേൾ
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കും നാഥൻ
അമ്പിളിയും നല്ല തുമ്പയണിയുന്ന
തമ്പുരാനെന്റെ വടക്കുംനാഥ
മംഗല്യം ഇല്ലാത്ത മങ്കമാർക്കൊക്കെയും
മംഗല്യം നൽകും വടക്കും നാഥാ
ഇല്ലവും ചെല്ലവും നെല്ലും പണങ്ങളും
എല്ലാം വളർത്തും വടക്കുംനാഥാ
നിന്നിരുപ്പാദങ്ങൾ സേവിപ്പവർക്കുള്ള
സന്താപമൊക്കെയകറ്റും നാഥാ
എന്നുടെ കഷ്ടകാലങ്ങളകറ്റിക്കൊ-
ണ്ടെന്നെയനുഗ്രഹിക്കേണം നാഥാ
ശങ്കരശ്രീകണ്ഠ പന്നഗഭൂഷണ
നിന്തിരുപ്പാദങ്ങൾ വന്ദിക്കുന്നേൻ.

Labels:

Thursday, March 11, 2010

മാനിക്യൂർ

“എന്റെ കൈ നോക്കൂ.”

“എന്താ? നല്ലോണം മിനുങ്ങിയിട്ടുണ്ടല്ലോ. എന്താ ചെയ്തത്?”

“ഞാൻ ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ, ചാനലിൽ, പെഡിക്യൂറും, മാനിക്യൂറും കാണിക്കുന്നുണ്ടായിരുന്നു. ചെയ്യേണ്ടവിധം.”

“എന്നിട്ട് അങ്ങനെ ചെയ്തോ?”

“ചെയ്തില്ല. ഉണ്ട കൈ കഴുകാതെ അതും നോക്കിയിരുന്ന് ചോറിന്റേം കൂട്ടാന്റേം പറ്റ് കൈയിൽ ഉണങ്ങിപ്പിടിച്ചു. പിന്നെ ഉരച്ചും തേച്ചും ഒക്കെ ഒരുവിധം കളഞ്ഞു. അതുകഴിഞ്ഞപ്പോൾ കൈ ഇങ്ങനെയായി.”

Labels:

Tuesday, March 09, 2010

ചില ആവർത്തനങ്ങൾ

എന്നും കാണാറുണ്ട്. ആ വീടിനുമുന്നിൽ ഒരു ബെഞ്ചിൽ വൃദ്ധ ഇരിക്കുന്നത്. ചില ദിവസം അവർ ഗേറ്റിൽ പിടിച്ചുനിന്ന് റോഡിലേക്ക് നോക്കുന്നുണ്ടാവും. ചില ദിവസം ബെഞ്ചിന്റെ അരികിൽ മുറ്റത്തിരുന്ന് മുടി ചീവുന്നുണ്ടാവും. സുമിത്രയ്ക്ക് പെടാപ്പാടാണ്. ഓട്ടം തന്നെ ഓട്ടം. അവളെക്കണ്ടാൽ പരിചയം ഭാവിച്ചൊരു നോട്ടമുണ്ട് അവർക്ക്. അവൾക്ക് അങ്ങോട്ടു കൊടുക്കാൻ ഒരു പുഞ്ചിരിയും. ജീവിതത്തിലെ വിശ്രമസമയം അവർ ആസ്വദിക്കുകയാവും എന്ന് തോന്നാറുണ്ട് സുമിത്രയ്ക്ക്. താനിനിയെന്നാണ് വിശ്രമിക്കുക എന്ന് ആശ്ചര്യപ്പെടാറുമുണ്ട്.

അന്ന് കുറച്ചു നേരത്തെയിറങ്ങി. അവർ റോഡിലേക്ക് നോക്കി നിൽക്കുന്നുണ്ട്.

“ഇന്ന് തിരക്ക് കുറഞ്ഞപോലെ തോന്നി. എന്നും ഓട്ടമാണല്ലോ.” അവർ സുമിത്രയോട് സൗമ്യമായി പറഞ്ഞു.

“അതെ. ഇന്ന് വേഗം വേഗം തീർത്തു ജോലികളെല്ലാം. പതിവിൽ നിന്നു കുറച്ച് കുറവും ആയിരുന്നു. അതുകൊണ്ടുതന്നെ വേഗം ഇറങ്ങാനും കഴിഞ്ഞു.”

“സ്കൂളിലേക്കാണോ?”

“അതെ.” അവരുടെ ചോദ്യം കേട്ട് ആശ്ചര്യം തോന്നിയില്ല. അടുത്ത വളവിൽ സ്കൂൾ ഉള്ളത് അവർ അറിയാതെയിരിക്കില്ലല്ലോ. മോനെക്കൂട്ടി തിരിച്ചുപോകുന്നത് കാണാതെയുമിരിക്കില്ല. തിരിച്ചുപോകുമ്പോൾ അവരെ നോക്കാനേ നിൽക്കാറില്ല. വെയിലായതുകൊണ്ടും വിശപ്പായതുകൊണ്ടും ഓട്ടമാണ്. പിന്നെ അവന്റെ ചില വാശികളും.

“മോന്റെ ക്ലാസ് ഉച്ചയ്ക്കു കഴിയും. അവനെ കൂട്ടിക്കൊണ്ടുവരും. മോൾക്ക് ഉച്ചഭക്ഷണം കൊണ്ടുപോകും.” സുമിത്ര കൈയിലിരുന്ന സഞ്ചി മുന്നോട്ട് കാണിച്ചു. ഒക്കെ തനിയെ വേണം. എണീറ്റാൽ ഓട്ടമാണ്. ഒരു ജോലിയിൽ നിന്ന് വേറൊന്നിലേക്ക്. അതിനിടയ്ക്ക് ഇവരേയും തെളിക്കണം. ജോലിയാണെങ്കിൽ ചിലപ്പോൾ എടുത്താലും എടുത്താലും തീരുകയുമില്ല. പിന്നെന്താ... ഇവർ കുറച്ചും കൂടെ വലുതാവുന്നതുവരെയേ ഉള്ളൂ. അതു കഴിഞ്ഞാൽ
ആശ്വാസമുണ്ടാവുമായിരിക്കും.”

“അതെ...വലുതാവുന്നതുവരെയേ ഉള്ളൂ...എല്ലാം.” അവർ പതുക്കെ പറഞ്ഞു.

അപ്പോഴാണ് ചുറ്റും ഒന്നു നോക്കിയ സുമിത്ര, അവരുടെ വീട്ടുവാതിൽ പൂട്ടിയിരിക്കുന്നതുകണ്ടത്. അവൾ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവർ പറഞ്ഞു.

“മോനും ഭാര്യയും മക്കളും ജോലിക്കും സ്കൂളിലും പോയി. വീട് വെറുതേ തുറന്നുവെക്കേണ്ടല്ലോന്ന് കരുതി. അല്ലെങ്കിലും അകത്തിരുന്നിട്ടെന്താ. ഇവിടെയിരുന്നാൽ ആരെയെങ്കിലുമൊക്കെ കാണുകയും ചെയ്യാം.“

ബെഞ്ചിന്റെ അറ്റത്ത് ഒരു കുപ്പി വെള്ളവും ഒരു പൊതിയും ഒരു ഗ്ലാസ്സും സുമിത്ര കണ്ടു. അവൾക്ക് എന്തോ ഒരു വിഷാദം പെട്ടെന്ന് വന്നു. അവശതയുള്ളതായിരുന്നു അവളുടെ സ്വരം.

“പോട്ടെ. സ്കൂൾ വിടാറായി.”

മറുപടിയുണ്ടോന്ന് അവൾ ശ്രദ്ധിച്ചില്ല. അവൾ ആ ലോകത്തേ അല്ലായിരുന്നു.

------------------------------------------------------------

ഓട്ടത്തിനിടയിലും ആ കുട്ടി തന്നെ നോക്കുന്നത് സുമിത്ര കാണാറുണ്ട്. തന്നെ കാണുമ്പോൾ പരിചയത്തിന്റെ പുഞ്ചിരി വിരിയും ആ മുഖത്ത്. ദിവസവും ഉള്ള കാഴ്ച. ഒഴിവുദിവസങ്ങളൊഴിച്ച്. ഇന്ന് പതുക്കെപ്പതുക്കെ വരുന്നുണ്ട്.

“ഇന്ന് നേരത്തെയാണല്ലേ.”
ആ കുട്ടി മനോഹരമായി പുഞ്ചിരിച്ചു.

“ഇന്ന് നേരത്തെ ഇറങ്ങി. എത്രയൊരുക്കിയാലും ജോലി തീരില്ല. ബാക്കി പിന്നെയാവാംന്ന് വെച്ചു.”

“കുട്ടികൾ?”

“രണ്ടാളും ആ സ്കൂളിൽ.” അവൾ മുഖം കൊണ്ട് അകലേക്ക് ആംഗ്യം കാട്ടി. കൈയിലെ ബാഗ് കാണിച്ചു. “രണ്ടാൾക്കും ഭക്ഷണം കൊണ്ടുപോകുന്നു. വെറുതേ തണുത്തത് തിന്നേണ്ടല്ലോ. ഇവിടെ അടുത്തല്ലേ, കൊണ്ടുപോകാൻ പ്രയാസമൊന്നുമില്ല. പക്ഷേ പ്രശ്നം എന്താന്നുവെച്ചാൽ, ഇന്നലെയുള്ളതുപോലെയുള്ളത് ഇന്നു പറ്റില്ല. രണ്ടാൾക്കും ഒരേ ഇഷ്ടമല്ല. വാശി പിടിച്ചാൽ ജോലി കൂടും. അതുകൊണ്ട് ഇഷ്ടം പോലെ ഒക്കെ ഒരുക്കുന്നു.”

സുമിത്ര അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

താൻ തന്നെയല്ലേ അത്! ഒരു സ്ത്രീയുണ്ടായിരുന്നു തന്നോട് മിണ്ടാൻ. എന്തൊക്കെയാണ് സമയം കിട്ടുമ്പോൾ രണ്ടാളും പറഞ്ഞിരുന്നത്. ഇനിയുള്ള കാലംഅങ്ങനെയൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ലെന്നുകൂടെ പറഞ്ഞിരുന്നു. കാലം മാറുമെന്ന്! കാലം മാറി. കഥാപാത്രങ്ങളും. പക്ഷേ ജീവിതത്തിലെ അനുഭവങ്ങൾ അതേപടിയുണ്ടെന്നോ! താൻ ജീവിച്ചുപോന്നിരുന്നതുപോലെ ഇന്നു വേറൊരാൾ.

വീട് പൂട്ടിയിട്ടില്ല. എന്നാലും ഏകാന്തതയിലേക്ക് കയറാൻ തോന്നില്ല. ഇവിടെ നിന്നാൽ മനുഷ്യരുണ്ട്, പക്ഷികളുണ്ട്, കാഴ്ചകളുണ്ട് കാണാൻ. ഓടിക്കഴിഞ്ഞുള്ള വിശ്രമം എല്ലാവർക്കും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമോ?

“പോട്ടെ. ഇനിയും നിന്നാൽ വൈകും.” അവൾ തിടുക്കത്തിൽ നടന്നുപോയി. അല്ല. അത്രയും നേരം മിണ്ടിയതിന്റെ കുറവു തീർക്കാനായിരിക്കും, ബാഗ് രണ്ടു കൈകൊണ്ടും പിടിച്ച് ഓടിത്തന്നെ പോയി.

വർഷങ്ങൾക്കു ശേഷം ഏതോ വീടിനു മുന്നിൽ കൂനിക്കൂടിയിരിക്കേണ്ടുന്ന രൂപമാണോ, പൂമ്പാറ്റയെപ്പോലെ പറന്നുപോകുന്നത്! എന്തോ ഓർമ്മയിൽ, നിറഞ്ഞ കണ്ണുകൾ തുടച്ച് സുമിത്ര വരാന്തയിലേക്ക് കയറി. പ്രാർത്ഥനയുണ്ടായിരുന്നു മനസ്സിൽ.

Labels:

Sunday, March 07, 2010

സ്വപ്നങ്ങൾ

അമ്മ അന്നും ധൃതിയിൽത്തന്നെയാണ് വന്നത്. അതുതന്നെയാണ് അയാൾ കണ്ടുപോന്നിരുന്നതും. അതുകൊണ്ട് അതിശയം തോന്നേണ്ട കാര്യവുമില്ല.

“എന്താണമ്മേ കാര്യം?” അയാൾ ചോദിച്ചു.

അയാളുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നശേഷം അമ്മ പറഞ്ഞു, “നീ കടലിൽ നീന്താൻ പോകുന്നു. നീന്തിനീന്തി നടുക്കടലിൽ എത്തുന്നു. ഒടുവിൽ കരയേതാണെന്ന് മനസ്സിലാവാതെ...”

“ഓ...സ്വപ്നം...” അയാൾ ആശ്വാസത്തോടെ ഇരുന്നു. പതിവുള്ളതാണ്. എന്തെങ്കിലും സ്വപ്നം കണ്ട് കയറിവരും, ആശ്വാസവാക്കുകൾ പറയും, ആശ്വാസത്തോടെ തിരിച്ചുപോകും. പ്രാർത്ഥനകൾ ഉണ്ടെങ്കിലും, പ്രിയപ്പെട്ടവരോടുള്ള സ്നേഹവും, അവരുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും ഒക്കെയാവുമ്പോൾ പല സ്വപ്നങ്ങളും കണ്ടെന്നിരിക്കും.

“നിനക്കെന്തുപറ്റിയെന്നറിയാതെ വിഷമിച്ചു. വന്നു കണ്ടപ്പോഴാണ് ആശ്വാസമായത്.” വേവലാതിയുണ്ടെന്ന് തോന്നിയെങ്കിലും മുഖത്ത് കണ്ടില്ല. കണ്ണുകളിൽ വാത്സല്യത്തിന്റേയും സ്നേഹത്തിന്റേയും തിളക്കം.

അമ്മ കണ്ടുവെന്നു പറയുന്ന സ്വപ്നങ്ങൾ പലതും അയാളുടെ ജീവിതത്തോട് അടുത്തതായിരുന്നുവെന്ന് അയാൾക്ക് തോന്നാറുണ്ട്. ബിസിനസ്സ് ഒരു കടൽ തന്നെ. ചിലപ്പോൾ അതില്‍പ്പെട്ട് തുഴയാനാവാതെ ഒഴുകിനടന്നിട്ടുണ്ട്.

ഫാക്ടറിയ്ക്ക് തീ പിടിച്ചദിവസം അമ്മ വീണ്ടും വന്നു. തീ പിടിച്ചെന്ന് പറയാനേ ഉള്ളൂ. പടർന്നില്ല. പെട്ടെന്ന് കണ്ടതുകൊണ്ട് കാര്യമായിട്ടുള്ള നഷ്ടങ്ങളും ഇല്ല.

എന്നാലും അമ്മ വന്നു പറഞ്ഞു. “നീ കൊടും കാട്ടിലാണ്. നടന്ന് നടന്ന് ഉള്ളിലേക്ക് പോകുന്നു. പിന്നെ വഴി കിട്ടാത്തപോലെ. കുഴപ്പമെന്തെങ്കിലും ഉണ്ടാവുമോയെന്ന് കരുതി വന്നതാണ്.”

തീയുടെ കാര്യം ആൾക്കാർ പറഞ്ഞുതന്നെ അമ്മ അറിഞ്ഞുകാണും. അതുകൊണ്ട് വിശദീകരിച്ച് ഒന്നും പറഞ്ഞില്ല. പ്രത്യേകിച്ചൊരു വിഷമവും കണ്ടുപിടിക്കാനില്ലാഞ്ഞതുകൊണ്ട് അമ്മ വേഗം പോയി.

പല സന്ദർഭങ്ങളിലും അമ്മ വരുകയും, നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും പങ്കുവെച്ചും, ആശ്വസിപ്പിച്ചും, സ്വയം ആശ്വസിച്ചും തിരിച്ചുപോവുകയും ചെയ്തു. അയാൾക്കും അതൊരു നല്ല കാര്യമായിട്ടേ തോന്നിയുള്ളൂ. ഇതൊക്കെയില്ലാതെ എന്തു ജീവിതം. സ്നേഹം, സന്തോഷം പങ്കുവയ്ക്കൽ, ദുഃഖം, പങ്കുവെച്ച് കാഠിന്യം കുറയ്ക്കൽ. അങ്ങനെ പോകും ജീവിതം.

ഹാർട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോഴും അയാൾ അത്രയേ കരുതിയുള്ളൂ. അമ്മ ഓടിവരുന്നുണ്ടാവും. ചീത്ത സ്വപ്നമായിരിക്കും, തീർച്ച. ചെറിയൊരു ആകാംക്ഷയിലാണ് അയാൾ കാത്തുകിടന്നത്.

കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞ് അയാൾക്ക് ഒടുവിൽ അമ്മയുടെ അടുത്തേക്ക് പോകേണ്ടിവന്നു.

പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളിൽ നിറയാൻ.

വേവലാതികളിൽ ആശ്വസിപ്പിക്കാൻ.

ഓർമ്മകളിൽ തെളിഞ്ഞുനിൽക്കാൻ.

Labels:

Thursday, March 04, 2010

നഷ്ടമാവുന്നത്

മോഹമില്ലാതില്ല, ഓടുന്ന പുഴയിലേക്ക് കാലുകൾ നീട്ടിവച്ച് ഒപ്പം ഇരിക്കുവാൻ. പുഴ ഓടുന്നില്ലല്ലോ, ക്ഷീണിച്ചു കിടക്കുന്നു. പിന്നെ അതിനെ നോക്കി എങ്ങനെ ആഹ്ലാദിക്കാൻ! എത്ര മനോഹരമായ, നിർമ്മലമായ ഒഴുക്ക് കണ്ടിട്ടുണ്ട്. ഇന്നില്ല. മലിനജലം ഒഴുകിവരുന്നതുപോലെ തോന്നും. ചപ്പുചവറുകൾ, മാലിന്യങ്ങൾ. കാലം മാറിപ്പോയി, പുഴയും മാറി.

മരച്ചില്ലകൾക്കിടയിലൂടെ കാണുന്ന, നക്ഷത്രങ്ങൾ നിറഞ്ഞ ഒരു കീറ് ആകാശം. എത്ര സുന്ദരമാണെന്ന് തോന്നും പറയുമ്പോഴും, കേൾക്കുമ്പോഴും. കുറച്ചുകാലം കൂടെ കഴിഞ്ഞാൽ അതു വെറും പറച്ചിലിൽ ഒതുങ്ങും. കാഴ്ചയിൽ നിറയില്ല. മരങ്ങളെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു, അവയെ കൊന്നുകൊണ്ടിരിക്കുന്നു. വീടിന്റെ മുറ്റത്തോ ടെറസ്സിലോ ഒതുങ്ങുന്നു മരങ്ങളും ചെടികളും. അതും ചെറുതു മാത്രം. വിശാലമായി തലയുയർത്തി നിൽക്കാൻ പറ്റുന്നില്ല അവയ്ക്ക്. നാടുതോറും നീണ്ടു നിവർന്ന് ഇടമില്ലാതെ വളരാൻ സ്വാതന്ത്ര്യമില്ല അവയ്ക്ക്. ഒക്കെ വെട്ടിമാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ. മരം നിന്നിടത്ത് അവ നിൽക്കുന്നു. പച്ചച്ച മരത്തിനു പകരം, പൂക്കൾ നിറഞ്ഞ മരത്തിനു പകരം പല നിറത്തിലും വലുപ്പത്തിലും കെട്ടിടങ്ങൾ. റോഡുകളുടെ വീതി കൂട്ടാൻ വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്ന മരങ്ങൾ. നാട് പുരോഗമനത്തിന്റെ പാതയിൽ. ആ പാതയിൽ മരങ്ങൾക്കിടമില്ലാതെയായി. അവ പൊഴിക്കുന്ന ഇലകൾ നിറയുന്ന പാതകൾ ഇല്ലാതെയായി. വേണ്ടാതായി. വേനലിൽ കുടയാവുന്ന തണൽമരങ്ങൾ ഇനിയില്ല.

കാണാകാഴ്ചയാവുന്നൂ കതിരു നിറയുന്ന പാടങ്ങൾ
പതിവുകാഴ്ചയാവുന്നൂ കോൺക്രീറ്റു കാടുകൾ.

പാടങ്ങൾ ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. പാടങ്ങളുണ്ടായിരുന്നു എന്നു പറയാൻ ഇനി കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. അവിടെയൊക്കെ ഫ്ലാറ്റുകളാണ്. ഇതിന്റെ ഏറ്റവും താഴെ, നെല്ലു വിളഞ്ഞൊരു കാലമുണ്ടായിരുന്നു എന്ന് ഏറ്റവും ഉയരത്തിലിരുന്നു പറയാനൊരു കാലം വന്നു.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയുന്നുണ്ടോ ആരെങ്കിലും!

കാലം മാറിക്കൊണ്ടേയിരിക്കുന്നു. നാട് പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു. പോയവയെ മറക്കാം. ഇല്ലാതായവയെ മറക്കാം. വരും തലമുറയ്ക്ക് ചിത്രങ്ങളിലൂടെ കാണിക്കാം. പച്ചപ്പാടങ്ങൾ, തെളിനീരോടെ ഒഴുകുന്ന പുഴകൾ, മരച്ചില്ലയ്ക്കിടയിലൂടെ കാണുന്ന ആകാശക്കഷണം ഇവയൊക്കെ.

എന്നാലും മഴ പെയ്തു തോരുമ്പോൾ, സൗഖ്യം ചോദിക്കാനെത്തുന്ന ഇളം കാറ്റിന്റെ, തലോടലേറ്റ് പെയ്യുന്ന മരത്തിനു ചുവട്ടിൽ നിൽക്കുമ്പോൾ കിട്ടുന്ന കുളിര് എങ്ങനെ അനുഭവിപ്പിക്കും!

Labels:

Monday, March 01, 2010

അപൂർണ്ണം

ഒരുപാടുനാളായ് മനസ്സേ നീയൊരു
കാവ്യത്തെ തടവിലടച്ചിരിപ്പൂ.
പൂർണ്ണമായില്ല, പോരട്ടെ വാക്കുകൾ,
എന്നു നീയെന്നുമേ കല്പിക്കുന്നു.
അക്ഷരക്കടലിന്റെയാഴത്തിൽപ്പോയിട്ടു,
മുത്തുകൾ മുങ്ങിയെടുത്തു വന്നീടുമ്പോൾ,
ഇനിയും തികഞ്ഞില്ല വാക്കുകളെന്നു നീ,
ഒന്നുമേയോർക്കാതെ ചൊല്ലീടുന്നൂ.
വാക്കുകൾ നദിപോലെയൊഴുകട്ടെയെന്നു,
നീ വാതിലടച്ചുകൊണ്ടോതീടുന്നൂ.
പൂർണ്ണമായുള്ളൊരു കവിതയൊരുങ്ങുവാൻ
ഇനിയെത്ര വാക്കുകൾ ഒരുക്കീടേണം!

Labels: