Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 30, 2012

ഇതും കൂടെ

“അവിടെ ഉണ്ടാവ്വോ അമ്മായീ? അതോ വെറുതെയാവുമോ നടത്തം?”

“ഉണ്ടാവുമായിരിക്കും. മൂന്നാലുദിവസം ആയില്ലേ കാണാതെ. എന്തായാലും പോയി നോക്കാം.”

പട്ടണത്തിലെ മിനുസം മാത്രം ചവിട്ടി നടക്കുന്ന നിമ്മിയും, നടത്തം വല്യ ശീലമില്ലാത്ത അമ്മായിയും, അവളുടെ വീട്ടിൽ ചെന്നാലേ കാര്യങ്ങളറിയാൻ പറ്റൂ എന്നതുകൊണ്ടുമാത്രമാണ് നടന്നു തുടങ്ങിയത്. അമ്പലം കഴിഞ്ഞാൽ ആറാമത്തേയോ ഏഴാമത്തേയോ വീടാണ് അവളുടേതെന്നാണ് അമ്മായിയുടെ ഊഹം. അവിടെ പോയിട്ടുമില്ല, അങ്ങനെ ഒരു പതിവും ഇല്ല.

“ആരോടെങ്കിലും ചോദിക്കാം.”

“നോക്കട്ടെ.”

അവൾ, അമ്മായിയുടെ ലോകത്തേക്ക് വന്നുകയറിയതുമുതൽ അമ്മായിയ്ക്ക്, എപ്പോ വിളിക്കുമ്പോഴും അവളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും. വെറുതേ പുകഴ്ത്തുന്നതല്ല, കാര്യമുണ്ടായിട്ടുതന്നെയാണെന്ന് മനസ്സിലാവുകയും ചെയ്തതാണ്.

നടന്നുനടന്ന് ഒരു വീടിന്റെ മുറ്റത്തേക്ക് എത്തി. ഈ വീടുതന്നെയാണെന്ന് അമ്മായിക്കെന്തോ ഉറപ്പും ഉണ്ടായിരുന്നു. അതാണ് ഇടവഴിയിൽനിന്ന് മുറ്റത്തേക്കു കയറിയതും.

ഇവിടാരും ഇല്ലേന്ന് രണ്ടാളും മാറിമാറി ചോദിച്ചതിനുശേഷമാണ് ഒരു വൃദ്ധ വീടിന്റെ പിൻഭാഗത്തുനിന്നും മുറ്റത്തേക്കു വന്നത്.

ആരാ, എന്താ എന്നൊക്കെ ചോദിച്ചതിനുശേഷം അവർ പറഞ്ഞു. “അവരൊക്കെ ഇനി മൂന്നാലുദിവസം കൂടി കഴിഞ്ഞേ വരൂ.”

ഇനിയൊന്നും ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്ന മട്ടിൽ അമ്മായി തിരിഞ്ഞുനടന്നു. നിമ്മിയും. “വിഷമിക്കേണ്ട അമ്മായീ, മൂന്നാലുദിവസം കൂടെയല്ലേ.”

“ങ്ങാ, പറഞ്ഞിട്ടും കാര്യമില്ലല്ലോ. എന്നാലും എന്നോട് ഒരു വാക്ക് പറയാതെ അവൾ പോയല്ലോ. ഞാൻ അങ്ങനെയൊന്നുമല്ലല്ലോ കരുതിയത്.”

ഒരാഴ്ച കഴിഞ്ഞ് അമ്മായി വിളിച്ചു. ഉത്സാഹത്തോടെയാണല്ലോ എന്നു വിചാരിച്ചപ്പോൾ പറഞ്ഞു.

“അവളു തിരിച്ചുവന്നു.”

“അതെയോ! എവിടെപ്പോയിരുന്നെന്ന് ചോദിച്ചില്ലേ?”

“ഏതോ റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ പോയതാ.” അമ്മായി പറഞ്ഞു.

“എന്റമ്മോ!“ നിമ്മി ചിരിച്ചു.

“ഏതോ റൌണ്ട് കഴിഞ്ഞപ്പോ ഔട്ടായത്രേ! അതുകൊണ്ടിങ്ങു പോന്നു.”

“അതേതായാലും അമ്മായിയ്ക്കു നന്നായി.”

“അതെയതെ.”

“അമ്മായി എപ്പോഴും പുകഴ്ത്തിപ്പറയുമ്പോ, ഇത്രയും കാര്യമുണ്ടെന്ന് ഞാൻ കരുതീല.”

“പുകഴ്ത്തിയതൊന്നുമല്ല, സത്യം തന്നെയാ.”

“വന്നിട്ടുണ്ടോ?”

“ഉണ്ട്. ഇന്നു നേരത്തേ വന്നു. ജോലിയൊക്കെ കഴിഞ്ഞാൽ റിയാലിറ്റിഷോയിലെ വിശേഷങ്ങൾ പറയാമെന്നു പറഞ്ഞു. പങ്കെടുക്കാൻ കാരണം തന്നെ എന്റെ പ്രോത്സാഹനമാണത്രേ.”

“ടി. വി.യിൽ വരുമായിരിക്കും അല്ലേ?”

“വരും വരും. എപ്പോഴാണെന്ന് ആദ്യം അറിഞ്ഞാൽ അറിയിക്കാം.”

“അപ്പോ അമ്മായി ഒരു താരത്തെയാണ് ജോലിക്കു വെച്ചിരിക്കുന്നതല്ലേ?”

അമ്മായി അതു കേട്ടു ചിരിക്കുന്നത് നിമ്മി കേട്ടു.

Labels:

Tuesday, January 17, 2012

എന്താണ്

സൂര്യൻ ഇറങ്ങിച്ചെല്ലുന്നത്,
കടൽ ആഘോഷമാക്കുകയാണ്.
മഴ പൊഴിയുന്നത്,
ഭൂമി ആഘോഷമാക്കുകയാണ്.
കാറ്റു വന്നടുക്കുന്നത്,
ഇലകൾ ആഘോഷമാക്കുകയാണ്.
തുടുത്തും, കുളിർത്തും, ആടിത്തിമിർത്തും.
ഒരു ഹൃദയം മാത്രം,
മരം കുടഞ്ഞെറിഞ്ഞുകളഞ്ഞ വള്ളിപോലെ
ഉണങ്ങിക്കിടക്കുന്നതെന്താണ്!

Labels:

Wednesday, January 11, 2012

എന്തിനാണ്

കാത്തിരിക്കുന്ന വേഴാമ്പലിന്റെ
ഓർമ്മ വന്നതുകൊണ്ടാണോ?
പീലി നിവർത്തിയാടാൻ നിൽക്കും
മയിലിനെക്കണ്ടിട്ടാവുമോ?
വിണ്ടുകീറി പിടഞ്ഞുമാറുന്ന
ഭൂമി വിളിച്ചിട്ടാവുമോ?
മഴവില്ലിനായി കാത്തിരിക്കുന്ന
കണ്ണുകളോർത്തിട്ടാവുമോ?
കാരണമുണ്ടായിരിക്കും.
അല്ലെങ്കിലെന്തിനാണ് മഴയിങ്ങനെ
ചോദിക്കാതേം പറയാതേം ഓടിപ്പോകുന്നത്!
പീലി വേലി തകർത്ത്!

Labels:

Wednesday, January 04, 2012

നവവർഷം

അരികത്തു വന്നു ചിരിക്കുന്നു നവവർഷം,
പരിഭവമേതുമില്ലാതെ നിന്നീടുക.
പോയ കാലത്തിലെ സ്വപ്നങ്ങളൊക്കെയും,
പുതിയ കാലത്തിൽ സഫലമെന്നോർക്കുക.
സന്തോഷമാകിലും സന്താപമാകിലും,
ഒരുപോലെ കരുതീട്ടു മുന്നോട്ടു പോവുക.
ചെയ്യുവാനെന്തു തുടങ്ങുമ്പോഴും,
ദൈവം തുണയ്ക്കുവാൻ പ്രാർത്ഥിച്ചീടുക.



എല്ലാ കൂട്ടുകാർക്കും നവവത്സരാശംസകൾ!

Labels: