Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 26, 2010

ചില്ലറക്കാര്യങ്ങൾ

അടുത്തകാലത്ത്, അച്ചാച്ഛന്റെ ഡയറി കണ്ടു. അച്ഛന്റെ അച്ഛൻ. ഞാൻ വളരെച്ചെറുതായിരിക്കുമ്പോൾത്തന്നെ ഞങ്ങളെ വിട്ടുപോയതാണ്. ഡയറിയെന്നു പറഞ്ഞാൽ രണ്ടു പുസ്തകങ്ങൾ. അതിൽ എല്ലാദിവസത്തേയും കാര്യങ്ങൾ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. 1950- ന്റെ അവസാനങ്ങളിലെ ഡയറിക്കുറിപ്പുകൾ. ഇപ്പോ വായിക്കാൻ പറ്റി. പോയതും വന്നതും ചെലവാക്കിയതും ഒക്കെയുണ്ട്. അറിയാത്ത കുറേ കാര്യങ്ങൾ.

ഷിർദ്ദിയിൽ പോയിവന്ന വിശേഷങ്ങളെഴുതാൻ തുടങ്ങിയപ്പോൾ, ഡയറിയിലെ പേജിൽ സ്ഥലം പോര. ബാക്കി, കുറച്ച്, ബ്ലോഗിൽ ഉണ്ട് എന്നെഴുതിയാലോന്നോർത്തു. ആരെങ്കിലും കുറേക്കാലം കഴിഞ്ഞ് വായിക്കുമ്പോൾ അവർക്ക് ഇതൊക്കെ അറിയുമ്പോൾ സന്തോഷം തോന്നുമോയെന്തോ! അതോ ഈ മുത്തശ്ശി എന്തൊക്കെയാണ് എഴുതിക്കൂട്ടിയിരിക്കുന്നതെന്നു തോന്നുമോ! ഡയറിയെഴുത്ത് നല്ലൊരു കാര്യമാണ്. കുറേ വയസ്സാവുമ്പോൾ, വെറുതേയിരിക്കുമ്പോൾ വായിച്ചുനോക്കാമല്ലോ.

കഴിഞ്ഞൊരുദിവസം ടൗണിൽ പോയി തിരിച്ചുവന്നത് ബസ്സിലാണ്. കൈയിൽ ഭാരം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ബസ്‌സ്റ്റോപ്പ്എത്തിയപ്പോൾ, ഒരു സീറ്റ് ഒഴിഞ്ഞു. സാധാരണയാണെങ്കിൽ, ഒളിമ്പിക്സിൽ മത്സരിക്കുന്നതുപോലെ, അതിലേക്കൊരു ചാട്ടമാണ്. ഇത്തവണ അങ്ങനെ ചെയ്തില്ല. എന്റടുത്ത് കുറേ കോളേജ്കുമാരികൾ നിൽക്കുന്നുണ്ടായിരുന്നു. അതിലൊരാളോട്, സീറ്റതാ, ഒഴിഞ്ഞിട്ട്, ഇരുന്നോ എന്നു പറഞ്ഞു. അപ്പോ അവൾ വിനയന്റെ മകൾ വിനയിനിയായി, ചേച്ചി ഇരിക്ക് എന്നു പറഞ്ഞു. എന്നെയങ്ങനെ ഇരുത്താൻ നോക്കണ്ട നീയിരുന്നോ എന്ന ഭാവത്തിൽ, കുട്ടി ഇരുന്നോളൂന്ന് പറഞ്ഞു. അധികം നിർബ്ബന്ധിച്ചാൽ സീറ്റ് മൂന്നാമതൊരാൾ കൊണ്ടുപോകും എന്നുവിചാരിച്ച് കൂട്ടുകാരികളോടൊക്കെ അനുവാദം ചോദിച്ച് അവൾ ഇരുന്നു. വീട്ടിൽ വന്ന് ഭക്ഷണമൊക്കെക്കഴിഞ്ഞ് ഒരു മാസികയെടുത്ത് വായന തുടങ്ങി. അതിൽ 31 നല്ല കാര്യങ്ങൾ ചെയ്യാനുള്ളതിൽ പറഞ്ഞിട്ടുണ്ട്, ട്രെയിനിലെയോ, ബസ്സിലെയോ സീറ്റ് വിട്ടുകൊടുക്കണം എന്ന്! അതുകണ്ട് ചിരിച്ചപ്പോൾ ചേട്ടൻ ചോദിച്ചു, എന്തു തമാശയാണ് വായിച്ചതെന്ന്! അതു ചിലപ്പോ ആദ്യം വായിച്ചിരുന്നെങ്കിൽ, ഞാൻ സീറ്റ് വിട്ടുകൊടുക്കില്ലായിരുന്നു. ആ പുസ്തകം അവളും വായിച്ചിട്ടുണ്ടാവും എന്നുവിചാരിച്ച്, അവൾക്കും കൃതാർത്ഥയാവാൻ ഒരു അവസരം കൊടുത്തേനേ.

മരുമക്കളും പേരക്കുട്ടികളുമൊക്കെ വെക്കേഷന് അമ്മ/മുത്തശ്ശിവീട്ടിൽ പോയതുകൊണ്ട് തനിച്ചായ ഒരു അമ്മൂമ്മയുടെ അടുത്ത് പോയിരുന്ന് അവരെ കുറേനേരം വധിച്ചു. അവരുടെ അടുത്തിരുന്ന് കുറച്ചുനേരം മിണ്ടിയപ്പോൾ എന്തോ കൂടുതൽ സന്തോഷം തോന്നി. അവരും നല്ലതേ വിചാരിച്ചിട്ടുണ്ടാവൂ. ഞാൻ എപ്പഴും അങ്ങനെ ചെയ്യുകയൊന്നുമില്ല. തോന്നണം. ഇടയ്ക്കു തോന്നും. ചെറിയ ചെറിയ കാര്യങ്ങളേ അപ്പോ പറയാനുണ്ടാവൂ. വെയിൽ, മഴ, ചൂട്, റോഡിലെ തിരക്ക്, പച്ചക്കറിയുടെ വില, തുടങ്ങിയവ. അവരുടെ മരുമക്കളും, എന്റെ കൂട്ടുകാരികളും ആയവരെയാണ് മിണ്ടാൻ കിട്ടുന്നതെങ്കിൽ സിനിമയെക്കുറിച്ചും, വസ്ത്രങ്ങളെക്കുറിച്ചും, കുട്ടികളുടെ കാര്യങ്ങളെക്കുറിച്ചും, കുറച്ചുകൂടെ കാര്യങ്ങൾ ഒക്കെയും പറയും.

മുഖ്ബീർ എന്നൊരു പടം കണ്ടു. ടി.വിയിൽ. സുനിൽ ഷെട്ടി, ഓം‌പുരി ഒക്കെയാണ്. നായകൻ ഒരു പയ്യനാണ്. ഒരു കേസിൽ പോലീസ് അവനെ പിടിക്കുന്നതും, അവനെ വിവരങ്ങൾ ചോർത്താനായിട്ട്(ഇൻഫോർമർ) ഓരോ സ്ഥലത്ത് വിടുന്നതും ഒക്കെയാണ്. ഓം‌പുരിയും സുനിൽ ഷെട്ടിയുമൊക്കെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ മരിക്കുകയാണ്. ശരിക്കും അവനെ രക്ഷിക്കുകയാണു അവർ. ഒടുവിൽ ഭീകരവാദികൾ നടത്താൻ തീരുമാനിക്കുന്ന രാജ്യദ്രോഹകരമായ പദ്ധതികൾ, അവരുടെ കൂടെ താമസിച്ച് അറിയുന്ന അവൻ പൊളിക്കുന്നു. അങ്ങനെയൊക്കെയാണ് കഥ. കുറച്ചൊരു ഭീകരതയുണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടു.

തുന്നൽ(തയ്യൽ) മെഷീൻ തുടച്ചുമിനുക്കിവെച്ചു. കുറേ വർഷങ്ങൾക്കുമുമ്പ് വാങ്ങിയതാണ്. തയ്യൽ പഠിച്ചു. പക്ഷേ, സാരിയുടെ, സെറ്റിന്റെ, മുണ്ടിന്റെ വക്കൊക്കെ അടിക്കുക, കുപ്പായങ്ങളൊക്കെ രണ്ട് സ്റ്റിച്ച് ഇടുക, ഇതൊക്കെയേ ഉള്ളൂ. മെഷീൻ എംബ്രോയിഡറിയും പഠിച്ചിട്ടുണ്ട്. അതിൽ എംബ്രോയിഡറിയും ചെയ്യാം. അത് തുടച്ചുമിനുക്കുന്നത് ആലോചിച്ച് അതിൽ ചെയ്യുന്നതിലും വേഗം കൈകൊണ്ട് ചെയ്യാമല്ലോന്ന് വിചാരിക്കും. എന്തെങ്കിലും തയ്ക്കാൻ വിചാരിക്കുമ്പോഴാണ് വൃത്തിയാക്കൽ പരിപാടി നടത്തുന്നത്. കൂട്ടുകാരൊക്കെ വരുമ്പോൾ ചോദിക്കും, എടുക്കാറില്ലേ, തയ്ക്കാറില്ലേന്നോക്കെ. അപ്പോ, മടിച്ചിക്കോതേന്ന് കേൾക്കുന്നൊരു തോന്നൽ. അതുകൊണ്ട് തുടച്ചുമിനുക്കിയിട്ടു, ഇനി ആരുവന്നാലും, ദിവസവും തയ്ക്കുന്നുണ്ടെന്ന് വിചാരിച്ചോളും. എങ്ങനെയുണ്ട് എന്റെ ഐഡിയ? എന്നാലും അതങ്ങനെ മിനുങ്ങിക്കിടക്കുമ്പോൾ ഒരു സംതൃപ്തിയുണ്ട്.

ഒരു കൂട്ടുകാരി, അവരുടെ തോട്ടത്തിലുണ്ടായ കായ കുറേ കൊടുത്തുവിട്ടു. ഇനിയിപ്പോ ദിവസവും കായക്കൂട്ടാൻ, കായച്ചോറ്, കായുപ്പേരി, ഒക്കെയാവാനുള്ള സ്ഥിതിവിശേഷമാണ്. ഒരു കുല മുഴുവൻ വേണോന്ന് ഫോണിൽ ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി. “എന്റമ്മോ, വേണ്ടേ വേണ്ട, കുറച്ചുമതി” എന്നു പറഞ്ഞു. ചിപ്സ് ഉണ്ടാക്കാൻ തോന്നിയാലുണ്ടാക്കും. എനിക്കങ്ങനെയൊരു തോട്ടമില്ലല്ലോന്നോർത്ത് നിരാശപ്പെട്ടില്ല. ഉണ്ടെങ്കിൽ കുറച്ചുകൂടെ സന്തോഷിച്ചേനെ, അത്രമാത്രം. അങ്ങനെ എല്ലാവർക്കും സ്വന്തമായൊരു തോട്ടം ഉണ്ടെങ്കിൽ എന്തു നല്ലതായേനെ! ഫേസ്ബുക്കിലെ തോട്ടമല്ല. അതുണ്ടെങ്കിൽ സമയം കളയാം എന്നുമാത്രം. ശരിക്കുള്ള തോട്ടം വേണം. ഒരാൾക്ക് കായത്തോട്ടം, ഒരാൾക്ക് വെണ്ടയ്ക്കത്തോട്ടം, തക്കാളിത്തോട്ടം, ചീരത്തോട്ടം...അങ്ങനെ പോകും. അങ്ങനെയാണെങ്കിൽ ബാർട്ടർ സമ്പ്രദായം വീണ്ടും നിലവിൽ വരും. സ്വപ്നം കാണാൻ ചെലവില്ലെന്നു വിചാരിച്ച്, എന്തും ആവാമെന്നുണ്ടോ? അതിനും ഇല്ലേ ഒരു പരിധി. അതുകൊണ്ട് നിർത്തിയേക്കാം.

Labels:

Monday, May 24, 2010

പുഴപോലെ ജീവിതം

തപ്പിത്തടഞ്ഞ് വഴിയറിയാതെ
ഒരുനിമിഷമെങ്കിലും ചിലപ്പോൾ.
വഴി കണ്ടെത്തി കുതിച്ചുപാഞ്ഞ്
ക്ഷീണമോർക്കാൻ പോലും നേരമില്ലാതെ.
പാറക്കെട്ടുകളിൽ തലയിടിച്ച്
ബോധമില്ലാതെ അല്പനേരം.
തിരക്കിനിടയിലും പരുപരുത്ത കല്ലുകളെ
മിനുസമാക്കി പുഞ്ചിരി പുതപ്പിക്കുന്ന നേരങ്ങൾ.
ആരെങ്കിലും ഉപേക്ഷിക്കുന്ന ചപ്പുചവറുകൾ
വലിച്ചിഴച്ച്, അലിയിപ്പിച്ച്, ചിലനേരം.
തന്നെക്കുറിച്ചോർക്കാൻ കിട്ടാത്ത
സമയങ്ങളൊരുപാട്.
വെറും ഒഴുക്കുമാത്രം.
എന്നിട്ടും ചിലർ പറയും,
പുഴയ്ക്കെന്താ,
ഒരുവഴിയിലൂടെ,
ഒന്നുമറിയാതെ
ഒഴുകിയാല്‍പ്പോരേ,
കടലിൽച്ചെന്നുപതിച്ചാല്‍പ്പോരേ?
ജീവിതം പുഴപോലെയായിരിക്കും.
മരണക്കടലിൽ പതിക്കുന്ന സമയമറിയാതെ
ഒഴുകാൻ വിധിക്കപ്പെട്ട പുഴ.
തടസ്സങ്ങളിൽ വഴിമുട്ടിയിട്ടും,
സ്വയം വഴിതെളിക്കേണ്ടിവന്നിട്ടും,
ദുഃഖങ്ങളിൽ വീണുരുണ്ടിട്ടും,
അവഗണനക്കയ്പ്പ് വിഴുങ്ങേണ്ടി വന്നിട്ടും,
കുത്തുവാക്കിന്റെ കല്ലുകൊണ്ട് നൊന്തിട്ടും,
പുഞ്ചിരിപ്പൂവുകളുടെ മഴ സ്വപ്നംകണ്ട്
ഒഴുകിയൊഴുകിക്കൊണ്ടിരിക്കുന്ന പുഴ.

Labels:

Thursday, May 20, 2010

ആകാശം

സന്തോഷം വരുമ്പോൾ
കൂടെച്ചിരിച്ചു വിടരുന്ന നക്ഷത്രപ്പൂക്കളുണ്ട്.
കരളൊന്ന് നൊന്താൽ
പേമാരികൾ പെയ്തൊഴിയുന്നുണ്ട്.
നോവൊഴിഞ്ഞ മനസ്സിലേക്ക്
ഏഴുനിറങ്ങളിൽ സന്തോഷം തിളങ്ങുന്നുണ്ട്.
കണികണ്ടുണരുവാൻ പാകത്തിന്,
സൂര്യൻ മുഖം കാണിക്കുന്നുണ്ട്.
മുഖം തോർത്തിമിനുക്കാൻ
വെയിലിന്റെ തൂവാലയുണ്ട്.
സൂര്യൻ തിരിച്ചുപോകുമ്പോൾ
നിലാവിന്റെ പുടവയും നിവർത്തി
അമ്പിളി വന്നെത്തുന്നുണ്ട്.
ആകാശമേ...
ഇത്രയൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടും
ഇടയ്ക്കു മുഖം കറുപ്പിക്കുന്നതെന്തിനാണ്!

Labels:

Friday, May 14, 2010

ചക്കരമാമ്പഴം

ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്
കിങ്ങിണിപ്പൂച്ച പതുങ്ങിവന്നു.
മോളിലെ മാമ്പഴം നോക്കിക്കൊതിച്ചവൾ
മാവിന്റെ ചോട്ടിൽ തപസ്സിരുന്നു.

ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്
പൂവാലിപ്പയ്യ് പതുങ്ങിവന്നു.
മാമ്പഴം വീഴുമ്പോൾ കിട്ടുമെന്നോർത്തവൾ
മാവിനുചുറ്റും നടന്നുനീങ്ങി.

ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്
ചുന്ദരിക്കോഴി പതുങ്ങിവന്നു.
മാമ്പഴം കൊത്തിക്കൊതിയൊന്നുതീർക്കുവാൻ
ചിക്കിച്ചികഞ്ഞവൾ കാത്തുനിന്നു.

മൂവരും കാത്തങ്ങു നിൽക്കുന്ന നേരത്ത്
കാക്കക്കറുമ്പൻ പറന്നുവന്നു.
മാമ്പഴം സ്വാദോടെ തിന്നുന്ന നേരത്ത്
മൂവരേം മാവിൻ ചുവട്ടിൽ കണ്ടു.

മാമ്പഴം തങ്ങൾക്കും നൽകീടുകെന്നവർ,
മൂവരും, ഒറ്റസ്വരത്തിൽ ചൊല്ലി.
എന്തുതന്നീടും പകരമെനിക്കെന്ന്
ചോദ്യം ചോദിച്ചവൻ കാത്തുനിന്നു.

കിങ്ങിണിപ്പൂച്ച കഥ പറഞ്ഞു,
പൂവാലിപ്പയ്യൊരു പാട്ടുപാടി,
ചുന്ദരിക്കോഴിയോ സുന്ദരമാം,
നൃത്തച്ചുവടുകൾ കാഴ്ചവച്ചു.

സന്തോഷം തോന്നിയ കാക്കയപ്പോൾ
മാമ്പഴം മുഴുവനും താഴേയ്ക്കിട്ടു.
ചക്കരമാവിലെ സ്വാദുള്ള മാമ്പഴം
നാൽ‌വരും പങ്കിട്ടു തിന്നുതീർത്തു.

Labels: ,

Tuesday, May 11, 2010

എല്ലോറ ഗുഹകൾ

ഔറംഗാബാദിൽ നിന്ന് ഏകദേശം ഇരുപത്തിയെട്ട് കിലോമീറ്റർ ആണ് എല്ലോറ ഗുഹകളിലേക്ക് ഉള്ളത്. എല്ലോറ ഗുഹകളിൽ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയെ പ്രതിനിധീകരിച്ചുള്ള ശില്പങ്ങൾ കാണാം. 34 ഗുഹാക്ഷേത്രങ്ങൾ ഉണ്ട്. ഈ പോസ്റ്റിൽ ഉള്ള ചിത്രങ്ങൾ അധികവും 29, 33, 32, 10, 16, 21 എന്നീ ഗുഹാക്ഷേത്രങ്ങളിൽ നിന്നുമാണ്. എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാൻ ചാർജ് ഒരാൾക്ക് പത്തുരൂപയാണ്. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിലും അവിടെയെത്തിയാൽ അതിനുമുന്നിൽ നിന്ന് ഓട്ടോ വിളിക്കുന്നതാവും നല്ലത്. അവർക്ക് ഓരോ ഗുഹാകവാടങ്ങളും ശരിക്ക് അറിയാം. കണ്ടാലും കണ്ടാലും തീരില്ലെന്നും മതിവരില്ലെന്നുമാണ് എനിക്കുതോന്നിയത്. ചിലതൊക്കെ നശിച്ചുപോയിട്ടുണ്ട്. എന്നിട്ടും ബാക്കിയുള്ളതുപോലും മനോഹരം! അതൊക്കെ കൊത്തിയുണ്ടാക്കിയ ശില്‍പ്പികൾക്കു മുന്നിൽ പ്രണാമം.
























ഇത് ശിവപാർവ്വതിമാരുടെ വിവാഹം.



























ഇത് നടരാജൻ.




ശിവപാർവ്വതിമാർ കൈലാസത്തിൽ. രാവണൻ കൈലാസം ഉയർത്തുന്നു. രാവണൻ ശിവന്റെ ഭക്തനായിരുന്നു, രാവണൻ ഒരുദിവസം പൂജയ്ക്ക് വരാൻ വൈകിയപ്പോൾ ശിവനെ കണ്ടില്ല. അപ്പോ ദേഷ്യം വന്നിട്ട് രാവണൻ കൈലാസം ഉയർത്തുകയാണുണ്ടായത്. ശിവൻ കാല് നിലത്തുവെച്ച് തടഞ്ഞു എന്നൊക്കെയാണ് അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞത്.























ഗജലക്ഷ്മി.
















ബുദ്ധനാവാൻ പോകുന്നതിനുമുമ്പുള്ളത്.










ചൊവ്വാഴ്ച എല്ലോറഗുഹാപ്രവേശനം ഇല്ലെന്ന് അവിടെനിന്നു വാങ്ങിയ പുസ്തകത്തിൽ ഉണ്ട്.

Labels: ,

Saturday, May 08, 2010

അമ്പലങ്ങളും കോട്ടയും സ്മാരകവും



ഭദ്രമാരുതി അമ്പലം. ഹനുമാൻ ക്ഷേത്രം. അതിനു ചുറ്റും നിറയെ കച്ചവടക്കാരുണ്ട്. ഉത്സവച്ചന്ത പോലെ. ഇത് ഔറംഗാബാദിനടുത്ത് ഖുൽദാബാദ് എന്ന സ്ഥലത്താണ്.








പ്രധാനപ്പെട്ട പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളാണുള്ളത്. സൗരാഷ്ട്രയിലെ സോമനാഥക്ഷേത്രം, ആന്ധ്രാപ്രദേശിലെ കർണൂർ ജില്ലയിലെ, ശ്രീശൈലത്തിലെ മല്ലികാർജ്ജുനക്ഷേത്രം, മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളക്ഷേത്രം, മദ്ധ്യപ്രദേശിലെ തന്നെ ഓംകാരേശ്വരക്ഷേത്രം, ഹിമാലയത്തിലെ കേദാ‍ർനാഥ്, വൈദ്യനാഥക്ഷേത്രം, മഹാരാഷ്ട്രയിലെ ഭീമാശങ്കർ ക്ഷേത്രം, രാമേശ്വരത്തെ രാമേശ്വരക്ഷേത്രം, മഹാരാഷ്ട്രയിലെ തന്നെ നാഗനാഥക്ഷേത്രം, വാരാണസിയിലെ വിശേശ്വരക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വരക്ഷേത്രം, പിന്നെ ഗൃഷ്ണേശ്വരക്ഷേത്രവും. അതിൽ ഒന്നെങ്കിലും കണ്ടല്ലോ. സമാധാനം!




ഇതാണ് ഗൃഷ്ണേശ്വർ (ഗ്രിഷ്ണേശ്വര) ക്ഷേത്രം. ജ്യോതിർലിംഗക്ഷേത്രം, ശിവക്ഷേത്രം.






താജ്മഹലു പോലെത്തന്നെ നിർമ്മിച്ച ഈ സ്മാരകകുടീരം ഔറംഗസേബിന്റെ ഭാര്യയുടേതാണ്. അവരുടെ മകനാണ് നിർമ്മിച്ചത്. ആഗ്രയിലെ താജ്മഹലിന്റെ ഒരു കൊച്ചുപതിപ്പാണ് ഇത്. മിനി താജ് മഹൽ എന്നാണ് അവിടുത്തുകാർ ഇതിനെ പറയുന്നത്. ബീബി കാ മക്ബര എന്നാണ് ശരിയായ പേര്. താജ് ഓഫ് ഡെക്കാൻ എന്നും അറിയപ്പെടുന്നു. ഔറംഗാബാദിനടുത്തുതന്നെയാണിത്. സമയക്കുറവുകൊണ്ട് ഞങ്ങൾ അതിന്റെ ഉള്ളിൽ പോയില്ല. വെയിലും ആയിരുന്നു. എനിക്കു വേണ്ടി ചേട്ടൻ ഇതുപോലൊന്ന് നിർമ്മിക്കുമായിരിക്കും. എന്നിട്ട് അതിനു താജ് ഓഫ് സൗത്ത് ഇന്ത്യ എന്നു പേരിടുകയും ചെയ്യുമായിരിക്കും.






ദൗലത്താബാദ് ഫോർട്ട്. ഔറംഗാബാദിൽ നിന്ന് 15 കിലോമീറ്റർ ദൂരത്താണ് ഫോർട്ട് ഉള്ളത്. ആ ഫോർട്ടിന്റെ കുറച്ചു ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്. സമയക്കുറവുകൊണ്ട് ഞങ്ങൾക്ക് കോട്ട മുഴുവൻ കാണാൻ കഴിഞ്ഞില്ല. ഫോട്ടോയിൽ ഉള്ളതുകൂടാതെ കുറേ ഭാഗങ്ങൾ ഉണ്ട്. ഉള്ളിൽത്തന്നെ ഒരു ക്ഷേത്രവും ഉണ്ട്. ഭാരത് മാതാ അമ്പലം.



ഇതാണ് കോട്ടയിലേക്കുള്ള മെയിൻ ഗേറ്റ്. ടിക്കറ്റെടുക്കണം. അഞ്ചോ പത്തോ രൂപയാണെന്ന് തോന്നുന്നു.



കോട്ടയുടെ ഈ അകത്തളം കഴിഞ്ഞാൽ ഒരു ഗേറ്റു കൂടെയുണ്ട്.




രണ്ടാം ഗേറ്റ് കഴിഞ്ഞാൽ ഈ ഭാഗം.




ഇതിന്റെ പേര് സരസ്വതി സ്റ്റെപ്പ്ഡ് വെൽ (sarswati stepped well)എന്നാണ്. കുറേ ഭാഗം ഇടിഞ്ഞുപൊളിഞ്ഞുപോയിട്ടുണ്ട്. അടിയിൽ കുറച്ചുവെള്ളമുണ്ട്. വേനൽക്കാലമായതുകൊണ്ട് കുറഞ്ഞതാവണം.



ഇതാണ് ചാന്ദ് മിനാർ. 65 മീറ്റർ ഉയരമുണ്ട്. ഇതും കോട്ടയ്ക്കുള്ളിലാണ്.


ജനബാഹുല്യം കാരണം പല ചിത്രങ്ങളും വെട്ടിമുറിയ്ക്കേണ്ടിവന്നു. താജിനു മുന്നിൽ ഇരുന്നെടുത്ത ചിത്രത്തില്‍പ്പോലും വേറെ ഇരുപതുപേരുണ്ട്. ;)

Labels: , , , ,

Thursday, May 06, 2010

ഷിർദ്ദിസായിബാബയുടെ സന്നിധിയിൽ



ഷിർദ്ദി(Shirdi). ഷിർദ്ദി സായിബാബയുടെ നാട്. സായിബാബയുടെ സന്നിധിയിലേക്കാവട്ടെ ഇത്തവണ യാത്രയെന്ന് കരുതി. ഷിർദ്ദിസായിബാബ ആദ്യം ഞങ്ങളുടെ വീട്ടിലെത്തിയത് ഒരു കലണ്ടർ രൂപത്തിലാണ്. ചേട്ടന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ അടുത്ത ബന്ധു എപ്പോഴും ഷിർദ്ദി സന്ദർശിക്കാറുണ്ടത്രേ. അങ്ങനെ ഒരു കലണ്ടർ വീട്ടിൽ വന്നു. സായിബാബയുടെ ചിത്രവുമായി. കഴിഞ്ഞവർഷം. അതിനുമുമ്പേ കുറച്ച് കേട്ടിട്ടുണ്ട്. അത്രതന്നെ. ഒരിക്കൽ പോയിക്കാണണമെന്ന് മനസ്സിൽ കരുതുകയും ചെയ്തു. അതിന്റെ സമയം ആയത് ഇപ്പോഴാണ്.

ഷിർദ്ദി എന്ന സ്ഥലം മഹാരാഷ്ട്രയിലാണ്. ഹിന്ദിക്കാരൊക്കെ പറയുക ശിർദ്ദി എന്നും ശിട്ദി/ഷിട്ദി എന്നുമാണ്. അഹ്‌മദ്നഗറിൽ നിന്ന് എൺപത്തിരണ്ട് കിലോമീറ്റർ വരും. അഹ്‌മദ് നഗറിലേക്ക് പൂനയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. 120 കിലോമീറ്റർ ഉണ്ടാവും. ഔറംഗാബാദിൽ നിന്നാണെങ്കിൽ ഷിർദ്ദിയ്ക്ക് നൂറ്റിപ്പത്ത് കിലോമീറ്റർ വരും. മുംബൈയിൽ നിന്ന് 260 കിലോമീറ്റർ വരും. കോപ്പർഗാവ് (Kopergaon) എന്ന റെയിൽ‌വേസ്റ്റേഷൻ ആണ് അടുത്ത്. 16 കിലോമീറ്റർ വരും. പിന്നെ മൻ‌മഡ് (Manmad) എന്ന സ്ഥലത്തെ റെയിൽ‌വേസ്റ്റേഷൻ. അത് 58 കിലോമീറ്റർ ദൂരത്താണ്. (ഒക്കെ ഒരു ഏകദേശക്കണക്കാണ്. ദൂരം അല്പം വ്യത്യാസമുണ്ടാവും).

ഞങ്ങൾ ഷിർദ്ദി ടൗണിൽ എത്തി. ഒരു ഹോട്ടലിൽ മുറിയെടുത്തു. ടൗണിൽ ഷിർദ്ദിസായി ബാബയുടെ സന്നിധിമന്ദിരത്തിന്റെ അടുത്തൊക്കെ ഇഷ്ടം പോലെ ഹോട്ടലുകളുണ്ട്. സായിബാബയുടെ ട്രസ്റ്റിന്റെ വകയായിട്ടുള്ള റൂമുകളും കിട്ടും. ആ മുറികൾ ഒന്നോ രണ്ടോ ദിവസം ഫ്രീ ആണെന്നു തോന്നുന്നു. ബസ്‌സ്റ്റാൻഡിനു മുന്നിൽ അവരുടെ ഒരു ഓഫീസ് ഉണ്ട് അവരോടു ചോദിച്ചാൽ മതി. അല്ലെങ്കിലും ആരോടെങ്കിലും ചോദിച്ചാൽ മതി.

കുളിച്ച് ഭക്ഷണം കഴിച്ച് ബാബയുടെ മന്ദിരത്തിലേക്ക് പോയത് ഇരുവശത്തും കടകൾ ഉള്ള വഴിയിൽക്കൂടെ ആയിരുന്നു. പ്രധാനഗേറ്റുകൾ റോഡിൽ നിന്നു തന്നെ കാണാം. ഞങ്ങൾ അതിന്റെ ഒരു വശത്തുനിന്ന് പോയതുകൊണ്ട് കടകൾ ഉള്ള വശത്തുകൂടെ ആയി. അവിടെ ഒരു കടയിൽ ചെരുപ്പുകൾ ഏല്‍പ്പിക്കാൻ അവർ നിർബ്ബന്ധിച്ചു. അവിടെനിന്നുതന്നെ ബാബയുടെ മുന്നിൽ അർപ്പിക്കാനുള്ള പൂക്കൾ, മാലകൾ, പൂജാവസ്തുക്കൾ എന്നിവയൊക്കെ ഒരു കവറിൽ ഇട്ടുതന്നു. അല്പം നടന്നപ്പോൾ, മൊബൈൽ ഫോണും ക്യാമറയും ഏല്‍പ്പിക്കാനുള്ള സ്ഥലവും, ചെരുപ്പുകൾ വാങ്ങിവച്ച ആൾ തന്നെ ഞങ്ങളെ കാണിച്ചുതന്നു. എന്റെ കൈയിൽ ഉണ്ടായിരുന്ന ബാഗ് കൈയിൽത്തന്നെ വെച്ചാൽ കുഴപ്പമൊന്നുമില്ലല്ലോന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും ഓഫ് ചെയ്ത് ഇതിൽത്തന്നെ വെച്ചോട്ടേന്ന് ചോദിച്ചു. വെറുതെ ഒന്നു പറഞ്ഞുനോക്കിയതാണ്. അതു പറ്റില്ലെന്ന് അയാൾ തീർത്തു പറഞ്ഞു. അങ്ങനെ ഫോണുകൾ, ക്യാമറ ഒക്കെ അവിടെ ഏല്‍പ്പിച്ചു, കൂപ്പൺ വാങ്ങി.

പിന്നെ ഞങ്ങൾ ഒരു ഗേറ്റിൽക്കൂടെ അകത്തു കടന്നു. ഫോൺ അവിടെ വെച്ചത് നന്നായെന്ന് തോന്നി. അവിടെയുള്ള സെക്യൂരിറ്റി സ്ത്രീ ബാഗ് തുറന്ന് പരിശോധിച്ചു. ഒക്കെ അവിടെ ഏല്‍പ്പിച്ചെന്ന് പറഞ്ഞിട്ടും നോക്കി. അങ്ങനെയാണല്ലോ വേണ്ടതും.

അവിടെ കടന്നപ്പോൾ നിലത്ത് ഭയങ്കര പൊള്ളുന്ന ചൂട്. കാലു പൊള്ളിപ്പോയി. ആദ്യം ഒരു ക്യൂവിൽ നിന്നു. അവർ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകാത്തതുകൊണ്ട് ക്യൂ മാറി. അവിടെ നോക്കിയപ്പോൾ പ്രസാദത്തിനുള്ള ക്യൂ. പായസം പോലെയുള്ളത്. ദർശനം പോലുമില്ലാതെ പ്രസാദം വാങ്ങിക്കഴിക്കാനോയെന്ന് വിചാരിച്ച് മൂന്നാമതൊരു ക്യൂവിലേക്ക് വീണ്ടും മാറിനിന്നു. അത് ബാബ കൊടുത്തിരുന്ന “ഉഡി” എന്ന പ്രസാദത്തിന്റെ ക്യൂ ആയിരുന്നു. ഭസ്മം പോലെയുള്ളത്. അതിന്റെ ക്യൂവിൽ നിന്ന് അതു വാങ്ങി എന്തായാലും. ഒരു ചെറിയ പായ്ക്കറ്റിൽ രണ്ടു നുള്ള് “ഉഡി”. എല്ലാ കൗണ്ടറുകളുടെയും മുന്നിൽ എന്തൊക്കെയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. തിരക്കിൽ ഞങ്ങൾ ശ്രദ്ധിക്കുന്നത് അതിന്റെ മുന്നിലെത്തുമ്പോഴാണ്. പ്രസാദം കൗണ്ടറിന്റെ അടുത്തായിട്ടാണ് അബ്ദുൾബാബയുടെ സമാധിസ്ഥാനം. അബ്ദുൾബാബ, ഷിർദ്ദിബാബയുടെ അനുയായി/ഭക്തൻ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കഴിഞ്ഞയാൾ. അവിടെ ഞങ്ങൾ ആദ്യം കയറിയില്ല. പിന്നെയും മതിൽക്കെട്ടിനുള്ളിൽ കുറച്ചു ചുറ്റിനടന്നു. ബുക്കുകൾ, പ്രസാദങ്ങൾ ഒക്കെയായിട്ട് ചെറിയ ചെറിയ വിഭാഗങ്ങൾ ഉണ്ട്, ഓരോ വരാന്തകളിലും. അതൊക്കെ നോക്കിവച്ചു. പിന്നെ കയറിവന്ന ഗേറ്റിൽക്കൂടെ പുറത്തിറങ്ങി. കുറച്ച് മുന്നോട്ട് നടന്നു. അതിനിടയ്ക്ക് രണ്ടുപേരോട് ചോദിക്കുകയും ചെയ്തു.

അങ്ങനെ ദർശനത്തിന്റെ ക്യൂ അടുത്ത ഗേറ്റിൽ കണ്ടുപിടിച്ചു. രണ്ടാം നമ്പർ ഗേറ്റ്. അധികം ആളുകൾ ഇല്ലായിരുന്നു. മൂന്ന് നിരയായിട്ടാണ് ക്യൂ നിൽക്കേണ്ടത്. നമുക്ക് തിരക്കുണ്ടെങ്കിൽ,ആൾക്കാരെ കടത്തിവിടുമ്പോൾ, ആളുകൾ നടക്കുമ്പോൾ, മുന്നിലേക്ക് പോകുകയും ചെയ്യാം. വേഗം വേഗം നടന്നാൽ മതി. ഇടയ്ക്ക് നടത്തം നിർത്തും. അവിടെ എന്തെങ്കിലും പൂജ നടക്കുന്നതുകൊണ്ടാവും. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയാൽ അവിടെ വളഞ്ഞ്പുളഞ്ഞ് കുറേ നിരകളായിട്ട് ക്യൂ നിൽക്കുന്നുണ്ടാവും. ഇടയ്ക്ക് പടികൾ ഉണ്ട്. ക്യൂ നിൽക്കുന്ന മുറികളിലൊക്കെ ഫാൻ ഉണ്ട്. ക്യാമറ ഉണ്ട്. ടിവി ഉണ്ട്. അതിൽ നമ്മളേയും ഇടയ്ക്ക് കാണിക്കും.
ക്യൂ നിൽക്കുന്നിടത്തുതന്നെ ബെഞ്ചുകളുണ്ട്. വയ്യാത്തവർക്ക് ഇരിക്കാം, കിടക്കാം. സ്റ്റീലിന്റെ ബെഞ്ച്. ഇടയ്ക്ക് വേലി പോലെ കെട്ടിയിട്ടുണ്ട്. കുട്ടികളെയൊക്കെ ക്യൂവിൽ നിർത്താതെ വേലിക്കു മുകളിലൂടെ അപ്പുറത്തെ ബെഞ്ചിലേക്ക് വിടാം. ചില വല്യവരും അങ്ങനെ കയറിമറിയുന്നത് കണ്ടു. തിരക്കുണ്ടാവുമായിരിക്കും. ആരെങ്കിലും ഒരാൾ വിളിക്കും “ബോലോ സായിനാഥ് മഹാരാജ് കീ” എന്ന്. അപ്പോ ബാക്കിയെല്ലാവരും കൂടെ ജയ് എന്നു പറയും. ഇടയ്ക്ക് അവിടെയുള്ളവർ കുടിയ്ക്കാൻ വെള്ളവും തരും. വേണ്ടിവരും. അല്ലെങ്കിൽ നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ അതു കുടിക്കുകയും ചെയ്യാം.

കൃത്യം രണ്ടുമണിക്കൂർ ക്യൂ നിന്നശേഷം സമാധിമന്ദിരത്തിന്റെ മുന്നിലെ രണ്ടു വശത്തുനിന്നുമുള്ള ക്യൂവിൽ, ഒരു ക്യൂവിൽ എത്തിപ്പെട്ടു ഞങ്ങൾ. അവിടെയാണ് ബാബ യുടെ മൂർത്തിയുള്ളത്. ഇരുവശത്തുനിന്നും ആൾക്കാരെ മാറിമാറിവിടും. വേഗം അതിനു മുന്നിലെത്തി കണ്ടുതൊഴുത് ഉടനെ പുറത്തേക്കുള്ള വഴിയിലേക്ക് ഇറങ്ങിക്കൊള്ളണം. ഇറക്കവും കയറ്റവും ഒക്കെ ആയതുകൊണ്ട് ഇത് ഏതു നിലയിൽ ആണെന്ന് എനിക്ക് ശരിക്കു മനസ്സിലായില്ല. ബാബ ഇരിക്കുന്നിടത്ത് മുഴുവൻ സ്വർണ്ണം കൊണ്ടാണ്. മുകളിലും ഒക്കെ. അതിനുമുന്നിൽ സമാധിയും. നമ്മൾ അതിനുമുന്നിൽ എത്തുമ്പോൾ പെട്ടെന്നുതന്നെ നമ്മുടെ കൈയിലെ പൂവും തേങ്ങയും മാലയും വസ്ത്രവുമൊക്കെ അവിടെ പൂജാരിമാരുടെ കൈയിൽ കൊടുക്കണം. അവർ ചിലത് തിരിച്ചുതരും. പിന്നെ അതിനുമുന്നിൽ തിരിഞ്ഞുകളിക്കാമെന്ന് വിചാരിക്കരുത്. സെക്യൂരിറ്റിക്കാർ നിൽക്കുന്നുണ്ട്. അവർ ഓടിച്ചുവിടും.

അതുകഴിഞ്ഞ് ഇറങ്ങി ഞങ്ങൾ അബ്ദുൾബാബയുടെ സമാധിമന്ദിരത്തിലും, പുസ്തകങ്ങൾ ഉള്ളിടത്തും, പ്രസാദം വിൽക്കുന്നിടത്തും ഒക്കെ കയറി. പ്രസാദം വിൽക്കുന്നത്, നമുക്ക് വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ കൊണ്ടുക്കൊടുക്കണമെങ്കിൽ വാങ്ങാൻ ആണ്. പല പ്രസാദങ്ങളും ഉണ്ട്. മിക്സ് പ്രസാദം - അതിൽ കടല, മലര്, പിന്നെ മധുരത്തിൽ പൊതിഞ്ഞ ഒരു വസ്തു ഒക്കെ ഉണ്ടാകും. പിന്നെ പേഡ. പിന്നെ വെറും മലർപ്രസാദം. അങ്ങിനെ കുറേ തരം. ഒക്കെ പായ്ക്കറ്റിൽ ആണ്. അവിടെ വില എഴുതിവെച്ചിട്ടുണ്ട്.

ബാബ ഒരു വേപ്പുമരത്തിന്റെ ചുവട്ടിൽ ഇരുന്നു എന്നു പറയുന്നുണ്ട്, കുറേക്കാലം. ആ വേപ്പിന്റെ ഇലയ്ക്ക് മധുരമാണത്രേ. ഷിർദ്ദി നിറയെ വേപ്പുമരങ്ങൾ കാണാം. പൂത്തും തളിർത്തും നിൽക്കുന്നവ.



പിന്നെ പുറത്തിറങ്ങി, ക്യാമറയും ഫോണുകളും വാങ്ങി. തിരക്ക് കൂടിവരുന്നുണ്ടായിരുന്നു. അതിനുചുറ്റുമുള്ള കടകളിലേക്കൊക്കെ ഒന്നു കണ്ണോടിച്ചു. ബാബയുടെ മൂർത്തികൾ, പ്രസാദങ്ങൾ, ലോക്കറ്റുകൾ, മാലകൾ അങ്ങനെ പോകുന്നു. പിന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സ്ത്രീകൾക്ക് വളകൾ, മാലകൾ, ഹെയർക്ലിപ്പുകൾ, ബാഗുകൾ അങ്ങനെ ഒരു ഉത്സവച്ചന്ത പോലെ.

ക്യാമറയും ഫോണുകളും വാങ്ങിക്കഴിഞ്ഞാണ് “ദ്വാരകാമയി” എന്ന ബോർഡ് കണ്ടത്. അവിടെയാണത്രേ ബാബ താമസിച്ചിരുന്നത്. അത് ഒരു പള്ളിയായിരുന്നു. ബാബ അതിനു ദ്വാരകാമയി എന്ന പേരു നൽകി. അവിടെയിരുന്നാണ് ബാബ എല്ലാവരുടേയും കാര്യങ്ങൾ കേട്ടിരുന്നത്. അവിടെയാണ് ബാബ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിരുന്നതും. അവിടെ ബാബയുടെ ചിത്രങ്ങൾ ഉണ്ട്.

അതിനപ്പുറം ചാവഡി(ചാവടി). അവിടെ സ്ത്രീകൾക്ക് ഒരു മുറിക്കകത്തേക്കും പുരുഷന്മാർക്ക് വേറൊരു മുറിയ്ക്കകത്തേക്കുമാണ്പ്രവേശനം. ബാബ ഇടയ്ക്ക് വന്നിരിക്കുന്ന സ്ഥലമായിരുന്നത്രേ അത്. അവിടെയൊക്കെ കയറിയിറങ്ങി. എല്ലായിടത്തും ക്യൂ ആണ്. അതിനു എതിർവശത്ത് അബ്ദുൾബാബയുടെ കോട്ടേജ്.

ദർശനം നടത്തുന്ന ക്യൂ ഉള്ളിടത്തുമാത്രമേ ചെരുപ്പ് അഴിച്ചുവയ്ക്കേണ്ടൂ എന്നു പിന്നെ ഞങ്ങൾ മനസ്സിലാക്കി. ബാക്കിയെല്ലായിടത്തും ഉള്ളിലേക്ക് കയറുന്നുണ്ടെങ്കിലേ ചെരുപ്പ് അഴിക്കേണ്ടൂ. രണ്ടുമണിക്കൂർ ക്യൂ എന്നു പറഞ്ഞത് ഭാഗ്യത്തിനു കിട്ടിയതാണ്. നാലും അഞ്ചും മണിക്കൂർ ക്യൂ നിൽക്കേണ്ടിവരും ചിലപ്പോൾ. വി ഐ പി ക്യൂ ഉണ്ടോന്ന് ഒരു സംശയമുണ്ട്.

സർവ്വമതവിശ്വാസികളും വന്നു വണങ്ങിപ്പോകുന്ന സ്ഥലം. ഭാഷയും രാജ്യവും നാടും ഒന്നും വ്യത്യാസമില്ലാതെ എല്ലാ പേരേയും കാണാം. ക്യൂ നിൽക്കുമ്പോൾ, നമുക്ക് അറിയാത്ത, ചിലപ്പോൾ നമ്മൾ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആൾക്കാരാണ് നമ്മുടെ അടുത്തുള്ളത് എന്നു തോന്നുകയേ ഇല്ല. രാവിലെ അഞ്ചുമുതൽ രാത്രി പത്തുവരെ ആണ് ദർശനസമയം.

ചെരുപ്പുകൾ കൊടുത്ത കട കാണാതെ കുറച്ച്നേരം തേരാപ്പാരാ നടന്നു. ഒരുപോലെയുള്ള ഊടുവഴികൾ. ഒരേ വസ്തുക്കൾ ഉള്ള കടകൾ.

റോഡിന്റെ എതിർവശത്താണ് കാണ്ടോബ (ഇങ്ങനെയാണോ എന്തോ!) (Khandoba) അമ്പലം. ബാബ കുറേ നാൾ ഷിർദ്ദിയിൽ നിന്ന് പോയശേഷം തിരിച്ചുവന്നത് ആദ്യം ആ അമ്പലത്തിലേക്കായിരുന്നുവത്രേ. ഒരു വിവാഹപ്പാർട്ടിയുടെ കൂടെ. എന്നിട്ടാണ് വീണ്ടും ഷിർദ്ദിയിൽ താമസിക്കാൻ തുടങ്ങിയത്. അമ്പലം ഞങ്ങൾ പുറത്തുനിന്നു കണ്ടു. അവിടെ അടുത്തുതന്നെ സായിബാബയുടെ ആശുപത്രിയും ഉണ്ട്.

ബാബയെക്കുറിച്ച് വിക്കിയിൽ വായിക്കൂ




ക്യാമറ അനുവദിക്കാത്തതുകൊണ്ട് ചിത്രങ്ങൾ അധികം ഇല്ല. ഞാൻ കുറച്ച് പുസ്തകങ്ങളും രണ്ട് ഡസൻ കുപ്പിവളയും വാങ്ങി. വള ബൂലോകത്തെ എല്ലാ സ്ത്രീജനങ്ങൾക്കും വാങ്ങണമെന്ന് വിചാരിച്ചതാണ്. കൊണ്ടുവന്നിട്ട് പാകമായില്ലെങ്കിലോന്ന് വിചാരിച്ചു. (ഹാവൂ, അങ്ങനെ ഒരു കാരണം ഉണ്ടല്ലോ പറയാൻ.രക്ഷപ്പെട്ടു). പുസ്തകം മതിയെന്നോ? അത് ഞാൻ വായിച്ചുകഴിഞ്ഞാൽ തരില്ലേ? എന്തിനാ വേറെവേറെ?

Labels: , ,