Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, August 30, 2005

വാതിൽ.

അവൻ വഴക്കിട്ടു ;
അവൾ സഹനത്തിന്റെ വാതിൽ തുറന്നു.
അവൻ വീണ്ടും വഴക്കിട്ടു ;
അവൾ ക്ഷമയുടെ വാതിൽ തുറന്നു.
അവൻ വീണ്ടും വഴക്കിട്ടു;
അവൾ കണ്ണീരിന്റെ വാതിൽ തുറന്നു;
അവൻ വീണ്ടും വഴക്കിട്ടു ;
അവൾ ദു:ഖത്തിന്റെ വാതിൽ തുറന്നു.
അവസാനം....
അവൻ വീണ്ടും വഴക്കിട്ടു ;
അവൾ മരണത്തിന്റെ വാതിൽ തുറന്നു.


(അജീബ് ദാസ്താൻ യേ
കഹാം ശുരൂ കഹാം ഖതം
യെ മൻസിലേം ഹെ കോൻ സീ
ന വോ സമജ്ജ് സകേ ന ഹം)

Saturday, August 27, 2005

ചേട്ടനും സു. ഡോ. കു. വും പിന്നെ ഞാനും!

ഞങ്ങളുടെ കുടുംബത്തിൽ ഒരു വിധം ആൾക്കാർ മാത്തമജീഷ്യന്മാരാണ്. ഞാൻ അതിൽ പെടില്ല. രാഷ്ട്രീയത്തിലെ ഇടതുപക്ഷവും വലതുപക്ഷവും പോലെയാണ് ഞാനും കണക്കുമായുള്ള ബന്ധം. ഒരിക്കലും ചേരില്ല. അതൊക്കെ പോട്ടെ. പറഞ്ഞുവരുന്നത്‌ അതൊന്നുമല്ല. സു. ഡോ.കു. വിനെപ്പറ്റിയാണ് . പേപ്പറുകളിൽ വരുന്നില്ലേ? അതു തന്നെ. അതും കൊണ്ട്‌ ഞാൻ തോറ്റു. ഹേയ്‌, ചെയ്തിട്ടൊന്നും അല്ല. ചെയ്യുന്നതും കണ്ടോണ്ടിരിക്കേണ്ടി വന്നിട്ട്‌. ചേട്ടൻ വൈകുന്നേരം വന്നാൽ അതാണു പരിപാടി. ഒരു ദിവസമെങ്കിലും അത്‌ ഒത്തുവരരുതേന്ന് ഞാൻ പ്രാർത്ഥിക്കും. എന്നാലെങ്കിലും അടുത്ത ദിവസം അതും നോക്കിയിരിക്കാൻ ഒരു മടിയുണ്ടാവുമല്ലോന്നാണ് എന്റെ വിചാരം. എന്റെ പല പ്രാർത്ഥനകളും പോലെ ഒരു വെയിസ്റ്റ്‌ പ്രാർത്ഥന. എന്നും ഉഷാറായിട്ട്‌ ചെയ്തോണ്ടിരിക്കും. ഒരു ദിവസം അമ്മയും ഫോൺ ചെയ്തപ്പോൾ ചോദിച്ചു, സു.ഡോ കു. നോക്കാറില്ലേന്ന്. ഓ.. നിനക്കു അതൊന്നും പറ്റില്ലല്ലോന്നും പറഞ്ഞു.
ഹും ഒരു സു.ഡോ. കു. ലാലേട്ടനും മമ്മുക്കയും ഒക്കെ മത്സരിച്ച്‌ പടം ഇറക്കുമ്പോഴാ ഒരു സു.ഡോ. കു.
ചേട്ടൻ ഒരു ദിവസം ഓഫീസിൽ പോകുമ്പോൾ പറഞ്ഞു നിനക്ക്‌ ആ സു.ഡോ.കു ഒന്നു ചെയ്തു നോക്കിക്കൂടേന്ന്. ഷാരൂഖ്‌ ഖാന്റെ പാട്ട്‌ കണ്ടോണ്ടിരുന്ന നല്ല സമയത്ത്‌ ആയിരുന്നതുകൊണ്ട്‌ ഞാൻ ഒന്നും പറഞ്ഞില്ല. നോക്കാം എന്ന അർഥത്തിൽ ഒന്നു മൂളി. ചേട്ടൻ കുറേ നിർദ്ദേശങ്ങൾ തന്നു. ഞാൻ ഒക്കെ കേട്ട ഭാവത്തിൽ ഇരുന്നു. കുറേക്കഴിഞ്ഞ്‌ വീട്ടുജോലികൾ ഒക്കെ തീർത്ത ശേഷം എന്നാലിന്ന് സു.ഡോ. കു. വിനെ പരിചയപ്പെട്ടുകളയാം എന്ന് വിചാരിച്ച്‌ പേപ്പറും എടുത്ത്‌ ഇരുന്നു.
........
വൈകുന്നേരം ചേട്ടൻ വന്നു. ചായ കഴിഞ്ഞ്‌ സു.ഡോ. കു. നോക്കാൻ ആണ് വീട്ടിൽ വരുന്നതു തന്നെ എന്ന ഭാവത്തിൽ പേപ്പറും കൊണ്ട്‌ ഇരുന്നു. നീ ചെയ്തു നോക്കിയിരുന്നോ എന്ന് ചോദിച്ചു. ഞാൻ വേഗം ഒരു കടലാസ്‌ എടുത്തുകൊടുത്തു.
ഓ.. നീ വേറെ പേപ്പറിൽ ചെയ്തോ. അതു നന്നായി. എനിക്ക്‌ ഇതിൽ തന്നെ ചെയ്യാമല്ലോ എന്നും പറഞ്ഞ്‌ ഞാൻ കൊടുത്ത കടലാസ്‌ തുറന്നു. അതിൽ എഴുതിയിരുന്നു....
ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള അബ്ദുൾകലാംജി,
ഇങ്ങനെയൊരു കത്ത്‌ എഴുതേണ്ടിവന്നതിൽ എനിക്ക്‌ വല്യ വിഷമം ഉണ്ട്‌ എന്ന് അങ്ങ്‌ കരുതുന്നുണ്ടെങ്കിൽ അതു വെറുതേയാണ്. എനിക്കു വല്യ സന്തോഷമേയുള്ളൂ. അങ്ങ്‌ പ്രസിഡന്റ്‌ ആണെന്നും പറഞ്ഞ്‌ വിദേശയാത്രകൾ നടത്തുന്നതും പുസ്തകങ്ങൾ എഴുതുന്നതും ഒക്കെ എനിക്കു ഇഷ്ടപ്പെട്ട കാര്യങ്ങൾ ആണ്. പക്ഷേ ഭരണം അതുകൊണ്ട്‌ പൂർത്തിയാകുന്നില്ലല്ലോ? ഈ രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി എന്തെങ്കിലും ഒക്കെ ചിന്തിക്കേണ്ടേ? ബാക്കി എല്ലാ സ്ഥലങ്ങളിലും നടക്കുന്നത്‌ എന്താണെന്ന് എനിക്കറിയില്ല. നാലു ആനകൾ ഒന്നിച്ച്‌ അറബിക്കടലിൽ ഇറങ്ങിയാൽ വെള്ളപ്പൊക്കം വരുന്ന ഈ കൊച്ചുകേരളത്തിൽ എന്തു സംഭവിക്കുന്നു എന്ന കാര്യം അങ്ങയെ അറിയിക്കേണ്ടത്‌ ഒരു ഉത്തരവാദിത്വമുള്ള വീട്ടമ്മ എന്ന നിലയിൽ എന്റെ കടമയാണ്. ഇവിടെ സത്യം പറഞ്ഞാൽ സംഭവിക്കുന്നത്‌ മഹാകഷ്ടം കാര്യങ്ങൾ ആണ്. പലതും പേപ്പറുകൾ വഴിയും മറ്റു ചിലത്‌ , സീറ്റ്‌ ഉറപ്പിക്കാൻ വരുന്ന നേതാക്കന്മാർ വഴി നേരിട്ടും അങ്ങ്‌ അറിയുന്നുണ്ടാവുമല്ലോ? എന്നാൽ ഞാൻ പറയാൻ പോകുന്ന കാര്യം ആരും അറിയിക്കാൻ വഴിയില്ല. കാരണം അറിയിക്കേണ്ടവർ തന്നെ മുഴുകിയിരിക്കുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് എനിക്കു പറയാൻ ഉള്ളത്‌. പേപ്പറുകളിൽ വരുന്ന സു.ഡോ. കു. തന്നെ. എല്ലാവരും ആ മായാജാലത്തിൽപെട്ട്‌ മുങ്ങിയിരിക്കുകയാണ്. ഇങ്ങനെ പോയാൽ തേങ്ങയും പിണ്ണാക്കും പരുത്തിക്കുരുവും വരെ റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ വാങ്ങേണ്ടി വരും. അതുകൊണ്ട്‌ ഉടനെ ഒരു നടപടി എടുക്കാൻ ഉത്തരവുണ്ടാകണം. പിന്നെ സു.ഡോ. കു പേപ്പറിൽ ഇടുന്ന സ്ഥലത്ത്‌ ഇന്ത്യ തിളങ്ങുന്നു എന്ന പരസ്യം കൊടുക്കാം. അല്ലെങ്കിൽ ഇന്ത്യ തിളങ്ങണമെങ്കിൽ ഡിറ്റർജന്റ്‌ കമ്പനിക്കാർ വിചാരിച്ചാലും രക്ഷയുണ്ടാവില്ല. മലയാളം അങ്ങേക്ക്‌ അറിയാമെന്ന് ഞാൻ കേട്ടിട്ടുണ്ട്‌. അതുകൊണ്ടാണ് ഈ മലയാളം കത്ത്‌. അങ്ങ്‌ സു.ഡോ. കു ചെയ്തും കൊണ്ട്‌ ഇരിക്കുകയല്ല എന്നുള്ള ഉറച്ച വിശ്വാസത്തിൽ അയക്കാൻ തീരുമാനിച്ചതാണ് ഇത്‌.
എന്ന് സു.ഡോ. കു. കാരണം പരവശയായ ഒരു സു.

....ചേട്ടൻ കത്ത്‌ വായിച്ച്‌ എന്റെ മുഖത്തേക്ക്‌ നോക്കി.
ഞാൻ പറഞ്ഞു. ഒരു കത്തും കൂടെ എഴുതിയിട്ടുണ്ട്‌. മലയാളസിനിമാ പ്രതിസന്ധിയിൽ സു.ഡോ.കു വിനുള്ള പങ്ക്‌ എന്ന വിഷയം വെച്ച്‌ അമ്മക്കും ഒരു കത്ത്‌ എഴുതിയിട്ടുണ്ട്‌.
സു, മലയാള സിനിമാ പ്രതിസന്ധിയും നമ്മുടെ അമ്മമാരും തമ്മിൽ എന്താ ബന്ധം?
അയ്യടാ.. നിങ്ങളുടെ അമ്മയും എന്റെ അമ്മയും അല്ല, സിനിമാക്കാരുടെ സംഘടനയായ അമ്മ . അതിലേക്കാ കത്ത്‌ തയ്യാറാക്കിയത്‌.
ഇത്രേം പറഞ്ഞ്‌ ലാലേട്ടൻ കീ ജയ്‌, മമ്മുക്ക കീ ജയ്‌ , ദിലീപേട്ടൻ കീ ജയ്‌, വിക്രം കീ ജയ്‌ ,ഷാരൂഖ്‌ ഖാൻ കീ ജയ്‌ എന്നും വിളിച്ച്‌ ഞാൻ അടുക്കളയിലേക്ക്‌ മാർച്ച്‌ നടത്തി.
ചേട്ടൻ തടഞ്ഞു.
അടുക്കളയിലേക്കുള്ള മാർച്ച്‌ തടയാൻ പോലീസുകാർക്കുപോലും അധികാരം ഇല്ല, എന്തിനാ തടഞ്ഞത്‌? എന്താ കാര്യം?
അല്ലാ.. സു, മലയാള സിനിമ , പ്രതിസന്ധി എന്നൊക്കെ പറഞ്ഞിട്ട്‌ നീ എന്തിനാ ഷാരൂഖിനും വിക്രമിനും ജയ്‌ വിളിച്ചത്‌? അവരും മലയാളസിനിമേം തമ്മിൽ എന്താ ബന്ധം?
വിളിക്കും വിളിക്കും ഇനീം വിളിക്കും. നേതാക്കന്മാർക്ക്‌ മാത്രം ജയ്‌ വിളിക്കാൻ ഞാൻ രാഷ്ട്രീയപ്പാർട്ടിക്ക്‌ കൂലിക്ക്‌ ജയ്‌ വിളിക്കുന്ന ആൾ ഒന്നും അല്ലല്ലോ. എനിക്കിഷ്ടമുള്ളവർക്കൊക്കെ ജയ്‌ വിളിക്കും. സമയം കളയാതെ സു.ഡോ. കു. ചെയ്യാൻ നോക്ക്‌ . അല്ലെങ്കിൽ അതു മാഞ്ഞ്‌ പോകും.
ചേട്ടൻ ഒന്നും മിണ്ടിയില്ല. ചേട്ടന്റെ മനസ്സിൽ ഭാര്യയോട്‌ ഉത്തരം മുട്ടുമ്പോൾ എല്ലാ ഭർത്താക്കന്മാരും (മനസ്സിൽ മാത്രം) പാടുന്ന പാട്ടുണ്ട്‌ എന്ന് എനിക്കറിയാം.
“ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം...”

Wednesday, August 24, 2005

മനസ്സ്‌ .....

മറ്റുള്ളവരുടെ മനസ്സ്‌ കാണാൻ ശ്രമിക്കൂ, അവിടെ നമ്മളെ കാണാം എന്ന് അനിലേട്ടൻ പുതിയ പോസ്റ്റിൽ പറഞ്ഞു. അനിലേട്ടൻ അങ്ങിനെ കാണുന്നുണ്ടോ അറിയില്ല. മറ്റുള്ളവരുടെ മനസ്സ്‌ നമ്മൾ കാണാൻ ശ്രമിക്കേണ്ട കാര്യമേയില്ല. മറ്റുള്ളോർ മറ്റുള്ളോർ അല്ലേ? നമ്മുടെ സ്വന്തം പോലെ ഒരാളെ നമ്മൾ കാണുന്നുണ്ടെങ്കിൽ പിന്നെ മനസ്സ്‌ കാണാൻ ശ്രമിക്കേണ്ട കാര്യം ഇല്ല. അവരെപ്പോലെ ആ മനസ്സും നമ്മുടെ സ്വന്തം പോലെ കരുതിയാൽപ്പോരേ? പലരും സ്വന്തം മനസ്സു മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച്‌ അതു കാണാനാ ശ്രമിക്കുന്നത്‌. നമ്മുടെ മനസ്സ്‌ നമുക്കു നമ്മിൽ കണ്ടാൽപ്പോരേ. എന്റെ അഭിപ്രായത്തിൽ എല്ലാവരും ചെയ്യേണ്ടത്‌ എന്താന്നു വെച്ചാൽ നമ്മുടെ മനസ്സ്‌ എത്ര ശാന്തം ആയിക്കാണണം എന്ന് നമ്മൾ ആഗ്രഹിക്കുന്നോ ആ ശാന്തത മറ്റുള്ളോരുടെ മനസ്സിൽ കൊടുക്കുക. നദിക്കരയിൽ പോയി വെള്ളത്തിൽ കല്ലെറിഞ്ഞാൽ നമ്മുടെ ദേഹത്തും വെള്ളം ആവില്ലേ? അതുപോലെയാണു മനസ്സും. മറ്റുള്ളോരുടെ മനസ്സിൽ ഓളങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നാൽ അതു നമ്മുടെ മനസ്സിനേയും ബാധിക്കും. അതുകൊണ്ട്‌ സ്വന്തം മനസ്സിനെ സ്നേഹിക്കുക. മറ്റുള്ളോരുടെ മനസ്സിനെ അവർക്കു വിടുക. അവർ പാസ്‌ വേർഡ്‌ വെക്കുകയോ പൂട്ടിവെച്ച്‌ താക്കോൽ കടലിൽ ഇടുകയോ ചെയ്യട്ടെ.
നമുക്ക്‌ കാത്തിരിക്കാം... ആ പാസ്സ്‌ വേർഡ്‌ അവർ നമ്മെ സ്വയം ഏൽപ്പിക്കുന്നത്‌ വരെ. അല്ലെങ്കിൽ കടലിൽ നിന്ന് കിട്ടുന്നതുവരെ. കാരണം നമ്മെ സ്നേഹിക്കുന്നവർ ആണെങ്കിൽ അവരുടെ മനസ്സ്‌ പൂട്ടിവെക്കുന്നതിന്റെ പിന്നിലുള്ള കാരണം നമ്മെ വേദനിപ്പിക്കുന്നതായിരിക്കും. അത്‌ തുറന്ന് കണ്ടാൽ നമ്മൾ വിഷമിക്കേണ്ട എന്നു വിചാരിച്ചായിരിക്കും. നമ്മെ സ്നേഹിക്കാത്തവരുടെ മനസ്സ്‌ നാം എന്തിനറിയണം?

Tuesday, August 23, 2005

ഫോട്ടോ!

കുഞ്ഞുങ്ങൾക്ക് വാശി പിടിക്കാൻ
വല്യ കാര്യങ്ങളൊന്നും വേണ്ട.
കണ്ണന്റേം ഉണ്ണീടേം വരെ ഫോട്ടോ വന്നു എന്നാ പറഞ്ഞത്.
ഈ ‘വരെ’ എന്താന്ന് ഞാൻ ചോദിച്ചില്ല.
നിളേടെ, ആച്ചീടെ, അപ്പൂന്റെ, കല്ലൂന്റെ എല്ലാരുടേം ഫോട്ടോ വന്നു.
ഇപ്പോ ദാ കണ്ണന്റേം ഉണ്ണീടേം വന്നു.
ഇനി ഞങ്ങളുടേത് എന്നാ ബ്ലോഗിൽ വെക്കുന്നേ എന്നാണ് ചോദ്യം.
ഞാൻ പറഞ്ഞു , അവരൊക്കെ മിടുക്കന്മാരും മിടുക്കികളും ആണ്,
സുന്ദരന്മാരും സുന്ദരിമാരും ആണ്,
നിങ്ങളെപ്പോലെ ബുദ്ദൂസുകളല്ല എന്ന്.
അതൊക്കെയിപ്പോ ആർക്കേലും ഫോട്ടോ കണ്ടിട്ടുവേണ്ടേ തോന്നാൻ എന്ന് അവർ.
ഒന്നും പറഞ്ഞു നിൽക്കാൻ ഇല്ല.
അവസാനം, ഇനി ഗൌരിച്ചിറ്റ ആദൂന്റെ ഫോട്ടോ, ബ്ലോഗിൽ പോസ്റ്റ് ചെയ്താൽ നിങ്ങളുടെ
ഊഴമാണ് അടുത്തത് എന്നു പറഞ്ഞ് നിർത്തിയിരിക്കുകയാണ്.
ഈശ്വരാ..
ഗൌരിയേ പാര വെക്കല്ലേ.
പിന്നെ തോന്നി ഡി.ബി യുടെ പേര് പറഞ്ഞാൽ മതിയായിരുന്നൂന്ന്.
അതിപ്പോ അടുത്തൊന്നും വെക്കൂല. ഹി ഹി.

Sunday, August 21, 2005

എങ്ങോട്ടാ ഓടുന്നത്‌?
അറിയില്ല.
എന്തിനാ ഓടുന്നത്‌?
അതും അറിയില്ല.
പിന്നെ?
മുന്നിൽ ഓടിപ്പോകുന്നില്ലേ അത്‌ ഞങ്ങളുടെ നേതാവാ. അദ്ദേഹം ഓടുന്നത്‌ കൊണ്ട്‌ ഞങ്ങളും പിന്നാലെ ഓടുകയാ.
ഓഹോ അപ്പോ എന്തിനാന്നും എങ്ങോട്ടാന്നും അറിയില്ല അല്ലെ?
ഇല്ല.
ഉറപ്പാണോ?
അതെ.
എന്നാൽ ഒരു കാര്യം ചെയ്യു. കുറച്ചുനേരത്തേക്ക്‌ എന്നെ നേതാവെന്നു കരുതൂ. ഞാൻ മുന്നിൽ ഓടാം. നിങ്ങൾ പിന്നിൽ ഓടിക്കോളൂ. ഈ പാതിരായ്ക്കു എനിയ്ക്ക്‌ പേടിക്കാതെ വീട്ടിൽ എത്താമല്ലോ. നിങ്ങൾക്ക്‌ ഓടുകയല്ലേ വേണ്ടൂ.

Saturday, August 20, 2005

പരാതികൾ

ഞാനൊക്കെ എന്തിനാ ബ്ലോഗിൽ ഓരോന്ന് എഴുതുന്നത്?
എനിയ്ക്ക് രാവിലെത്തന്നെ എന്തോ ഒരു വിഷമം തോന്നി.
വേറെ എന്തൊക്കെ ജോലിയുണ്ട് ?
അല്ല, പറഞ്ഞിട്ടും കാര്യമില്ല.
വിഡ്ഡിത്തങ്ങൾ ഓരോന്ന് എഴുതിവെച്ചാൽ
പിന്നെ ഇങ്ങനെയൊക്കെയല്ലേ സംഭവിക്കുക.
ഇതൊക്കെ എഴുതിവെക്കുന്ന നേരത്ത്
വല്ല പൂച്ചെടിയും വെച്ചിരുന്നേൽ
ഓണത്തിന് നല്ല പൂക്കളം എങ്കിലും ഇടാമായിരുന്നു.
അല്ലെങ്കിൽ നാലു വാഴ വെച്ചിരുന്നേൽ കായ ഉണ്ടാകുമ്പോൾ
അത് വറുത്ത് തിന്നാമായിരുന്നു.
അല്ലെങ്കിൽ തെങ്ങ് വെച്ച് തേങ്ങാ പറിച്ച്
നല്ല ചട്ണി ഉണ്ടാക്കാമായിരുന്നു.
പിന്നേം എത്ര എത്ര കാര്യങ്ങൾ
ചെയ്യാൻ ഉണ്ടായിരുന്നു?
ഈ ലോകത്തുള്ള ടെൻഷൻ മുഴുവൻ എന്റെ
തലേൽക്കൂടെയാണോ ഓടുന്നത് ?
അല്ലാ, എനിക്കറിയാ‍ഞ്ഞിട്ട് ചോദിക്ക്യാ...

Wednesday, August 17, 2005

ഹാപ്പി ചിങ്ങമാസം :)


അങ്ങനെ ചിങ്ങമാസം വന്നു.
കർക്കിടകക്കാറുകൾ മാഞ്ഞു പോയി.
നാളെ ഓണം ആണെന്ന് ആർക്കും അറിയില്ലേ?
നാളെ ചിങ്ങത്തിലെ ഉത്രാടവും തിരുവോണവും ഒരുമിച്ച് വരുന്നു.
അതുകൊണ്ട് എല്ലാവർക്കും ഓണാശംസകൾ.

“ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും.”

Monday, August 15, 2005

സ്വാതന്ത്ര്യം.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി.

ഇനി ദുഷ്ടന്മാരിൽ നിന്നും പാവങ്ങൾക്ക് എന്നാണ് സ്വാതന്ത്ര്യം കിട്ടാൻ പോകുന്നത്?

ഇന്ത്യയിലെ പെൺകുട്ടികൾക്ക് മനസ്സു നിറയെ സന്തോഷമായി പുറത്തിറങ്ങിനടക്കാൻ എന്നാണ് ഇനി സ്വാതന്ത്ര്യം കിട്ടാൻ പോകുന്നത് ?

പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് അല്ലലില്ലാതെ ഉറങ്ങാൻ ഉള്ള സ്വാതന്ത്ര്യം ഇനി എന്നു കിട്ടും?

Friday, August 12, 2005

സദ്യ!

ഒരു സദ്യ ഉണ്ണണമെന്ന് നിങ്ങൾ കുറേക്കാലം ആയിട്ട്‌ ആഗ്രഹിക്കുന്നുണ്ടാകും. അതിനു ഒരു ചെലവും ഇല്ല. നിങ്ങൾക്ക്‌ പാചകം ചെയ്ത്‌ കഴിക്കാനുള്ള മനസ്സില്ല, സമയവും ഇല്ല. കാരണം രാഷ്ടവും അന്താരാഷ്ട്രവും ആയ പലതും നിങ്ങൾക്ക്‌ ചിന്തിക്കാൻ ഉണ്ട്‌. സീരിയലുകൾ, സിനിമകൾ, ഒസാമ, ബുഷ്‌, തുടങ്ങിയ പല കാര്യങ്ങളും നിങ്ങൾക്ക്‌ തലപുകഞ്ഞ്‌ ആലോചിക്കാൻ ഉള്ളതുകൊണ്ട്‌ നിങ്ങൾക്ക്‌ പാചകത്തിനു സമയം കുറവായിരിക്കും. വിഷമിക്കരുത്‌. നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം.
രാവിലെ വീട്ടിൽ അത്യാവശ്യം ജോലിയൊക്കെ എടുത്തുവെന്ന് വരുത്തി വീടു പൂട്ടി ഇറങ്ങുക. പൂട്ടുന്നതു നിങ്ങൾ സ്ഥലത്തില്ല എന്ന് നിങ്ങളെപ്പോലെ വീട്‌ തപ്പി ഇറങ്ങുന്നവർക്കുള്ള സൂചനയ്ക്കു മാത്രം. അല്ലാതെ എന്തിരിക്കുന്നു കള്ളനു കൊണ്ടു പോവാൻ.
ഇറങ്ങി നല്ല ഒരു ക്ലോസപ്‌ പരസ്യപുഞ്ചിരിയുമായി ലീലച്ചേച്ചിയുടെ വീട്ടിൽ കയറുക. ചേച്ചിയോട്‌ സല്ലപിക്കുക. ചേച്ചിയുടെ മകനു പ്രവേശനപ്പരീക്ഷയിൽ ഏറ്റവും പിൻ റാങ്ക്‌ കിട്ടിയത്‌ പരീക്ഷ നടത്തുന്നവരുടെ പിടിപ്പുകേട്‌ ഒന്നു മാത്രം ആണെന്ന് കാച്ചുക. ചേച്ചിയുടെ സന്തോഷം നിങ്ങളുടെ കൈയിൽ ഒരു പാത്രത്തിൽ സാമ്പാർ രൂപത്തിൽ എത്തും. അതു കൈയിൽ എത്തിയ ഉടനെ സുനാമി പോലെ ഒരു പിൻ വാങ്ങൽ നടത്തിക്കോളണം. ചേച്ചി നിങ്ങളെ ഇരിക്കാൻ നിർബന്ധിക്കും. പക്ഷേ നിങ്ങൾ നിങ്ങളുടെ കടമ മറക്കരുത്‌. നിങ്ങൾക്കു ഇനിയും അനേകം കടമ്പകൾ കടക്കാൻ ഉണ്ടെന്നുള്ള വിവരം ചേച്ചിക്ക്‌ അറിയില്ലല്ലോ. ചേച്ചിയോട്‌ വീണ്ടും കാണാം (ആവശ്യമുണ്ടെങ്കിൽ എന്നു മനസ്സിൽ) എന്നു പറഞ്ഞ്‌ അവിടെ നിന്നിറങ്ങി കിട്ടിയ സാമ്പാർ വീട്ടിൽ കൊണ്ടുവെച്ച്‌ വീണ്ടും ഇറങ്ങുക.
അതു കഴിഞ്ഞു സാറാമ്മ ചേച്ചിയുടെ വീടാണ്. അവരുടെ അമ്മായിയമ്മ പിണങ്ങിപ്പോയത്‌ ആ തള്ളയുടെ ദുസ്വഭാവം ഒന്നുകൊണ്ട്‌ മാത്രം ആണെന്നു നിങ്ങൾക്ക്‌ ബോദ്ധ്യമുണ്ടെന്ന് സാറാമ്മചേച്ചിയെ ബോദ്ധ്യപ്പെടുത്തണം. ചേച്ചി ഉണ്ടാക്കിയ കാബേജ്‌ തോരൻ നിങ്ങളുടെ കൈയിൽ എത്തിക്കഴിഞ്ഞു. പിന്നെ നിൽക്കരുത്‌. ബൈ ബൈ പറഞ്ഞ്‌ പൊളിപ്പരിപാടി നടത്തിയ സംഘാടകർ മുങ്ങും പോലെ ഒറ്റ മുങ്ങൽ. വീട്ടിൽ കൊണ്ടു വെക്കണം ഇറങ്ങണം.
അടുത്തത്‌ പ്രേമയുടെ വീടാണ്. അവിടെയെത്തി അവളുടെ ഭർത്താവിനു പ്രൊമോഷൻ കിട്ടാഞ്ഞത്‌ മാനേജുമെന്റിന്റെ തകരാർ ആണ് എന്ന വാദത്തിൽ ഉറച്ചു നിൽക്കണം. അവളുടെ അമ്മ ഉണ്ടാക്കിക്കൊടുത്തയച്ച കടുമാങ്ങയും ഇഞ്ചിപ്പുളിയും നിങ്ങളുടെ കൈയിൽ എപ്പോ എത്തി എന്ന് ചോദിച്ചാൽ മതി പിന്നെ. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന പരസ്യം പോലെ അവിടെ നിന്നും തടി തപ്പണം. വീട്ടിൽ എത്തുന്നു വെക്കുന്നു ഇറങ്ങുന്നു.
അടുത്തത്‌ സരോജം മാമിയുടെ വീടാണ്. അവിടെ നിന്ന് നല്ല കാപ്പി കുടിക്കുന്നു. അവരുടെ മരുമകൾക്ക്‌ അവരുടെ വൃത്തിയും വെടിപ്പും കിട്ടാൻ ഏഴു ജന്മം ജനിച്ചാലും പോര എന്നു അവരെ ബോദ്ധ്യപ്പെടുത്തുന്ന നിമിഷം തന്നെ ഒരു പാത്രം തൈരും രസവും വറുത്ത തൈരുമുളകും പപ്പടവും നിങ്ങളുടെ കൈയിൽ എത്തിക്കഴിയും. ഇറങ്ങുക വീട്ടിൽ വെക്കുക ഇറങ്ങുക.
അടുത്തത്‌ കനകചേച്ചിയുടെ വീടാണ്. അവിടെ ചെന്ന് അവരുടെ പാചകം പോലെ ഒന്ന് ഈ ലോകത്തിൽ ഉണ്ടാകില്ല എന്നു നിങ്ങൾ വിശ്വസിക്കുന്നു എന്ന് അവരെ വിശ്വസിപ്പിക്കാൻ ഉള്ള സമയം എടുത്തു കഴിഞ്ഞാൽ അവരുണ്ടാക്കിയ എരിശ്ശേരിയും പച്ചടിയും രണ്ടുപാത്രങ്ങളിൽ നിങ്ങളുടെ രണ്ടു കൈയിലും എത്തും. അതു കിട്ടിയാൽ പിന്നെ പൊളിഞ്ഞ ചിട്ടിക്കമ്പനിക്കാരനെപ്പോലെ പ്രതികരിക്കണം. കിട്ടിയതും കൊണ്ട്‌ മുങ്ങുന്നു. സുരക്ഷിതമായി നിങ്ങളുടെ വീട്ടിൽ പൊങ്ങുന്നു.
വീട്ടിൽ എത്തിയതിനു ശേഷം നിങ്ങൾ കുറച്ച്‌ ചോറ് വെക്കേണ്ടതാണ്. നിങ്ങൾക്കും ഒരു അഭിമാനം ഇല്ലേ. പിന്നെ ഫ്രിഡ്ജിൽ വല്ല നോണും ബാക്കിയിരിപ്പുണ്ടെങ്കിൽ അതും പുറത്തെടുത്ത്‌ ചൂടാക്കുക. സദ്യ റെഡി. ഇതിലും കൂടുതൽ വിഭവങ്ങൾ വേണമെങ്കിൽ അതു നിങ്ങളുടെ സാമർഥ്യം പോലിരിക്കും. കുശാലായി ഭക്ഷണം കഴിക്കുന്നു. വിശ്രമിച്ചതിനു ശേഷം പാത്രങ്ങൾ ഒന്നും മാറിപ്പോകാതെ ഉടമകളെ ഏൽപ്പിക്കുന്നു.
പിറ്റേ ദിവസം, പുറത്തുപോയാലും ഇല്ലെങ്കിലും വീടിനു ഒരു പൂട്ടിടാൻ മറക്കരുത്‌. കാരണം ഈ ലോകത്ത്‌ സാമർഥ്യം നിങ്ങൾക്കു മാത്രം അല്ല എന്ന് ഇടക്കെങ്കിലും ഓർക്കുന്നത്‌ നല്ലതാണ്.
( പിന്നെ ഇതുവായിക്കുന്നവർ ആരും എന്റെ വീടിന്റെ അടുത്ത്‌ താമസം ആക്കരുത്‌. ഉണ്ടെങ്കിൽ ഉടനെ മാറിപ്പോകേണ്ടതാണ്).

Wednesday, August 10, 2005

വിഷാദം.

സൂര്യൻ പ്രഭ ചൊരിഞ്ഞെത്തിനോക്കിയിട്ടും;
സൂര്യകാന്തിക്കെന്തേ ദു:ഖം?

കണ്ണൻ കളിവാക്കോതി കൈ പിടിച്ചിട്ടും;
രാധയ്ക്കിന്നെന്തേ ദു:ഖം?

ആകാശം മഴ നൽകി അനുഗ്രഹം ചൊരിഞ്ഞിട്ടും;
ഭൂമീദേവിയ്ക്കെന്തേ ദു:ഖം?

പൂവുകൾ നിറങ്ങളായ്‌ വിടർന്നു നിന്നിട്ടും;
പൂമ്പാറ്റയ്ക്കിന്നെന്തേ ദു:ഖം?

മഴവില്ല് മാനത്ത്‌ വർണം നിരത്തീട്ടും;
മയിലിനിന്നെന്തേ ദു:ഖം?

മഴമേഘം മാനത്ത്‌ പുഞ്ചിരി തൂകീട്ടും;
വേഴാമ്പലിനെന്തേ ദു:ഖം?

ബ്ലോഗിന്റെ പോസ്റ്റിൽ കമന്റുകൾ നിറഞ്ഞിട്ടും ;
സൂര്യഗായത്രിക്കെന്തേ ദു:ഖം?

Monday, August 08, 2005

സിനിമയ്ക്കു ശേഷം.

ഒരു സിനിമ കണ്ടിറങ്ങിയതിനു ശേഷം ആണ് അയാൾക്ക്‌ ഇത്തരം ചിന്തകൾ വന്നത്‌. വേറൊന്നുമല്ല, ഒരാൾ ആത്മഹത്യ ചെയ്തതിനു ശേഷം പരേതൻ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന, അതായത്‌ പെണ്ണുകാണൽ ചടങ്ങ്‌ നടത്തി വെച്ചിരുന്ന ഒരു പെണ്ണ് അയാളുടെ വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ച്‌ അയാളെപ്പറ്റി കൂടുതൽ അറിയുന്നു. ഇത്‌ സിനിമയിൽ ഉണ്ടായിരുന്നതാണ്.
അയാൾക്കു രസം തോന്നി. ഇങ്ങനെയൊക്കെ ഞാൻ മരിച്ചാലും ചെയ്യുമായിരിക്കുമോ? നാട്ടുകാർ പോയിട്ട്‌ വീട്ടുകാർ പോലും നല്ലത്‌ പറയാനും മാത്രം നല്ല കാര്യങ്ങളൊന്നും ചെയ്തതായി അയാൾക്ക്‌ ഓർമ്മയിൽ വന്നില്ല. എന്നാലും മരിച്ച ആളെപ്പറ്റി നല്ലതു മാത്രം പറയും എന്നൊരു നാട്ടുനടപ്പ്‌ ഉണ്ടെന്ന് അയാൾക്കറിയാം. പല തല്ലിപ്പൊളികളും മരിച്ചതിനു ശേഷം അയാൾ തന്നെ അവരെയൊക്കെ പുകഴ്ത്തിപ്പറയേണ്ടി വന്നിട്ടുണ്ട്‌. തനിക്കാണെങ്കിൽ ധാരാളിത്തം എന്നൊരു ദുസ്വഭാവം മാത്രമെയുള്ളൂ. അത് ആൾക്കാർക്കൊക്കെ സഹിക്കാവുന്നതേയുള്ളൂ. അവർക്കൊന്നും ഒരു ദ്രോഹവും അതുകൊണ്ടില്ല്ലല്ലൊ. പിന്നെ കാമുകി കല്ല്യാണശേഷവും സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നു. അവൾക്കും വീട്ടുകാർക്കും അയാളിൽ ഒരു കണ്ണുണ്ട്‌. പണ്ട്‌, തെക്കുവടക്കു നടക്കുന്നവനേയാണോ നീ കല്ല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നത്‌ വീട്ടുകാർ അവളോട്‌ ചോദിച്ചതിന്റെ ഒറ്റ വാശിയിലാണ് അയാൾ ഏജന്റിനു ആവശ്യപ്പെട്ട പണം കൊടുത്ത്‌ ഗൾഫിലേക്ക്‌ കടന്നത്‌. അത്യാവശ്യം പൈസ ഉണ്ടാക്കി നാട്ടിൽ വരുമ്പോളേക്കും അവളുടെ കല്ല്യാണവും മോചനവും കഴിഞ്ഞിരുന്നു. മുഴുക്കുടിയൻ ഭർത്താവിനെപ്പറ്റി അവൾ പറഞ്ഞപ്പോൾ അയാൾ ക്ക്‌ ചിരിയാണു വന്നത്‌. ഇതിലും ഭേദം തെക്കുവടക്കു നടന്നിരുന്നവൻ തന്നെ ആയിരുന്നെന്ന് അവളുടെ അച്ഛൻ പറഞ്ഞത്രെ.
നാട്ടിൽ വന്നതിനു ശേഷം പെണ്ണ് കാണൽ ബഹളം ആയിരുന്നു. കണ്ട പന്ത്രണ്ട്‌ പെൺകുട്ടികളിലും അയാൾക്ക്‌ ഒരു കുറ്റവും തോന്നിയില്ല. പക്ഷെ കൂട്ടുകാരും വീട്ടുകാരും ഓരോ കാരണങ്ങൾ നിരത്തി വീണ്ടും വീണ്ടും പെണ്ണുകാണലിനു അയാളെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. അയാൾ മരിച്ചാൽ ഇക്കണ്ട പെൺകുട്ടികളിൽ ആരു അയാളെപ്പറ്റി അന്വേഷിച്ച്‌ ഇറങ്ങും എന്നു മാത്രമേ അറിയാതെയുള്ളൂ. അതൊക്കെ അവർക്ക്‌ വിട്ടേക്കാം എന്ന് അയാൾക്ക്‌ തോന്നി. മരിക്കാൻ പോവുന്ന താൻ ഇതൊക്കെ എന്തിനു ആലോചിക്കണം? നല്ല കാര്യങ്ങൾ എന്തെങ്കിലും ചെയ്തിട്ടു പോവണോ? വേണ്ട എന്തെങ്കിലും ഉണ്ടാക്കിപ്പറഞ്ഞോളും. ആൾക്കാർക്ക്‌ സ്വഭാവം മാറാൻ എന്തെങ്കിലും കാരണം വേണോ? ഗൾഫിൽ നിന്ന് സമ്പാദിച്ച്‌ കൊണ്ടുവന്ന പൈസ മുഴുവൻ തീർന്നപ്പോൾ കാണാത്ത ഭാവത്തിൽ നടന്ന സുഹൃത്തുക്കൾ അയാളെപ്പറ്റി കരഞ്ഞ്‌ പിഴിഞ്ഞ്‌ നല്ല കാര്യങ്ങൾ പറയുന്നത്‌ ഓർക്കാൻ തന്നെ അയാൾക്കൊരു സുഖം തോന്നി.
വീട്ടിലെത്തി, കുളിച്ച്‌ ഭക്ഷണം കഴിച്ച്‌ പതിവുപോലെ ഉറങ്ങാൻ തന്റെ മുറിയിലേക്ക്‌ പോയി. രാത്രിയിൽ കുറേക്കഴിഞ്ഞ്‌ എല്ലാവരും ഉറങ്ങിയപ്പോൾ പതുക്കെ കയറെടുത്ത്‌ ഫാനിൽ കെട്ടി കഴുത്തിലും ഇട്ടു.
സ്വർഗരാജ്യത്തേക്ക്‌ കണ്ണുതുറന്നു എന്ന് വിചാരിച്ച്‌ നോക്കുമ്പോൾ ചുറ്റും നിൽക്കുന്നു, വീട്ടുകാരും കൂട്ടുകാരും പിന്നെ ചില നാട്ടുകാരും. മേലൊക്കെ വേദനയെടുക്കുന്നു. പതുക്കെ അയാൾക്ക്‌ കാര്യം മനസ്സിലായി. ആത്മഹത്യയ്ക്ക്‌ ശ്രമിക്കാൻ ഉണ്ടായ കാരണം താൻ ഒറ്റയാൾ ബോധിപ്പിക്കേണ്ടി വരുമല്ലോന്നോർത്തപ്പോൾ സിനിമ കാണാൻ തോന്നിയ നേരവും അതുകണ്ട്‌ ഓരോ വിഡ്ഡിത്തം ചെയ്യാൻ തോന്നിയ മനസ്സിനേയും അയാൾ ശപിച്ചു.

Sunday, August 07, 2005

സൌഹൃദം.

സൌഹൃദം................അത് എല്ലാം ആണ്.



തന്തെയൻപ്‌ അത്‌ പിറക്കും വരേ;
തായി അൻപ്‌ അത്‌ വളരും വരേ ;
തോഴി ഒരുത്തി തരും അൻപോ.....
അതു ഉയിരോടെ ഇരിക്കും വരേ.........
(ചിത്രം- മന്മഥൻ.)

Friday, August 05, 2005

പുത്തൻ ചൊല്ലുകൾ

1) വട ചെന്ന് സാമ്പാറിൽ വീണാലും സാമ്പാർ ചെന്ന് വടയിൽ വീണാലും വടയ്ക്കാണു കേട്‌.

2) പൂച്ച ഷാമ്പൂ തേച്ചാൽ പോമറേനിയൻ ആവുമോ?

3) കക്കാൻ വരുന്ന കള്ളനോട്‌ കിന്നാരം പറയരുത്‌.

4) സമ്പത്ത്‌ കാലത്ത്‌ ഇൻഷുറൻസ്‌ പോളിസി എടുത്താൽ ചാവുന്ന കാലത്ത്‌ നല്ല ശവപ്പെട്ടിയിൽ കിടക്കാം.

Wednesday, August 03, 2005

ദൈവത്തിന്റെ സ്വന്തം നാട് !!!!!!!

അമ്മ രണ്ട്‌ കുട്ടികളുമായി കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ. സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊന്നു.
ഭർ‍ത്താവിന്റെ ശല്യം സഹിക്കാതെ ഭാര്യ ഭർ‍ത്താവിനെ കൊന്നു.
7 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു.
കടക്കെണി മൂലം 5 അംഗ കുടുംബം ആത്മഹത്യ ചെയ്തു.
അതിർ‍ത്തി തർ‍ക്കം ; സഹോദരനെ വെട്ടിക്കൊന്നു.
ഭാര്യയേയും മക്കളേയും കൊന്നതിനു ശേഷം കുടുംബനാഥൻ‍ ആത്മഹത്യ ചെയ്തു.
ദൈവം മെഗാസീരിയൽ‍ പിടിക്കാൻ‍ പോയിരിക്ക്യാണോ? അതോ വിദേശത്തേക്ക്‌ കണ്ണും നട്ട്‌ ഇരിക്ക്യാണോ?
ഇതു ദൈവത്തിന്റെ സ്വന്തം നാടോ? കാലന്റെ സ്വന്തം നാടോ?

Monday, August 01, 2005

തമിഴ് തമിഴ് താൻ.

ലാലേട്ടന്റെ സിനിമയും ഇല്ല, ഷാരൂഖ്ഖാന്റെ സിനിമയും ഇല്ല. ഉറങ്ങാമെന്നുവെച്ചാൽ ഉറക്കം കുംഭകർണന്റെ കൂടെ പോയ ലക്ഷണം ആണ്. ചേട്ടൻ ആണെങ്കിൽ മഴക്കാലത്ത്‌ നാട്ടിൻപുറത്ത്‌ ഉണ്ടാവുന്ന വൈദ്യുതി കണക്ക്‌ ഇരിക്കുകയാണ്. കുറച്ച്‌ നേരം ഉറങ്ങും പിന്നെ ഉണർന്ന് മടിയിൽ ഉള്ള പേപ്പർ വായിക്കും, പിന്നേം ഉറങ്ങും. ഇതു തന്നെ കഥ. ഉറക്കത്തിനിടയിൽ പേപ്പർ വായിച്ചോളാമെന്ന് എന്തോ വ്രതം ഉള്ളതുപോലെയാണ്. പേപ്പർ മാറ്റിയിട്ട്‌ ഞാൻ എഴുതിവെച്ച, വാങ്ങാനുള്ള വസ്തുക്കളുടെ ലിസ്റ്റ്‌ മടിയിൽ വെച്ചുകൊടുത്താലോന്നാലോചിച്ചു. എന്നാപ്പിന്നെ കുംഭകർ‍ണന്റെ റിക്കാർഡ് തകർത്ത് ഉറങ്ങിക്കോളും. ഇടയ്ക്ക്‌ എന്നെയും നോക്കുന്നുണ്ട്‌. ഐ. സി. യു. വിൽ ഇരിക്കുന്ന നഴ്സിനെപ്പോലെ കാവലിരിക്കാതെ വൈകുന്നേരത്തെ ചായക്ക്‌ വല്ല സ്പെഷലും ഉണ്ടാക്കിക്കൂടേന്നാണു ആ നോട്ടത്തിന്റെ അർഥം എന്ന് എനിക്കറിയാവുന്നത്‌ കൊണ്ട്‌ അതിനെ അവഗണിച്ചു. മനുഷ്യനു ബോറടിക്കുമ്പോഴാ പലഹാരം.

അങ്ങിനെയിരിക്കുന്ന ഉച്ചച്ചൂടിലാണ് അവൾ കയറിവന്നത്‌. തമിഴത്തി അണ്ണാച്ചി എന്നൊക്കെ നമ്മൾ വിളിക്കുന്നവൾ.

വന്നയുടനെ തുടങ്ങി " അമ്മാ.... കുപ്പി പാട്ട സെരിപ്പ്’എന്നൊക്കെപ്പറഞ്ഞുള്ള ഒരു ലിസ്റ്റ്‌ ചായക്കടക്കാരൻ പറയുന്നതുപോലെ നിർത്താതെ ഇങ്ങോട്ട്‌ പറഞ്ഞു.
ഭാര്യ വാങ്ങാൻ പറഞ്ഞിട്ട്‌ മറന്നുപോയത്‌ പലതും ഇപ്പോൾ ഈ തമിഴത്തി ഓർമ്മിപ്പിച്ചെടുക്കുമല്ലൊ എന്ന ദേഷ്യത്തിൽ ചേട്ടൻ അവളെ നോക്കുന്നുണ്ട് .

ഞാൻ പറഞ്ഞു ‘ഒന്നും ഇല്ല ഇവിടിപ്പോ തരാൻ.’

അവൾ പിന്നേയും തുടങ്ങി ‘അമ്മാ... യെന്തെങ്കിലും തറൂ പഴയ സാരി ഷർട്ട് ’ എന്നൊക്കെ.
പഴയതൊക്കെ നിനക്കു തന്നാൽ ഞാൻ എന്തെടുക്കും എന്ന് ചോദിച്ചില്ല.

പഴയതു ഇവിടെ ഇപ്പൊ ഈയൊരു ഭാര്യ മാത്രമേ ഉള്ളു എന്ന ഭാവത്തിൽ ചേട്ടൻ എന്നെ നോക്കി. ആ നോട്ടത്തിന്റെ അർഥം എനിക്കു മനസ്സിലായി.
ഞാൻ തമിഴത്തിയെ നോക്കിപ്പറഞ്ഞു വീണ്ടും ‘ഒന്നും ഇല്ല ഇപ്പോ.’

അവൾ വീണ്ടും തുടങ്ങി ‘അമ്മാ...’

ഞാൻ പറഞ്ഞു. “ഉനക്കു എവ്വളവ്‌ തിമിരിരുക്കു. ഒണ്ണുമേ ഇല്ലയേ ഇല്ലയേ ന്ന് എത്തന വേള സൊല്ലിയാച്ച്‌. ഉനക്കു എന്നാ സെവി കേൾക്കലെയാ. കുപ്പി, പാട്ട, സൊല്ലി ഇന്നൊരുവേളെ ഇന്തപ്പക്കം പാത്തേ എന്നുടയ സരിയാന രൂപം നീ പാക്കപ്പോറത്. നാൻ യാരെന്ന് ഉനക്കു തെരിയാത്‌ . നാൻ ഒന്ന് സൊല്ലിയാ സൊല്ലിയ മാതിരി. ജാഗ്രതേയ്‌ .”

തമിഴത്തി ഞെട്ടി നില്‍ക്കുന്നു. ചേട്ടൻ മിഴിച്ചു നില്‍ക്കുന്നു. ഞാൻ അതിനിടയ്ക്ക്‌ പോയി പൈസ കൊണ്ടുവന്ന് തമിഴത്തിക്കു കൊടുത്തു. അവൾ ഞെട്ടൽ മതിയാക്കി കിട്ടിയതും കൊണ്ട്‌ കടന്നു.
അവൾ പോയതും ചേട്ടൻ ചോദിച്ചു ‘സു നീ ഇതൊക്കെ എവിടുന്നു പഠിച്ചെടുത്തു?’
ഞാൻ പറഞ്ഞു ‘അതൊക്കെ അങ്ങിനെയിങ്ങനെ പഠിച്ചു. തമിഴ്‌ പഠിക്കാനും തമിഴ്‌ പറയാനും പിന്നെ തമിഴ് നാട്ടിൽ പോകണമെന്ന് വെച്ചാൽ സാധിക്കുമോ. ഇങ്ങനെയോരോ ആൾ‍ക്കാരെ കിട്ടിയാൽ എന്റെ ഭാഷ ഇനീം നന്നാകും. അവൾ‍ക്കു കാശു കൊടുത്തതുകൊണ്ടു ഇനീം വരും. അപ്പോ ബാക്കി പറയാം.’
അവസാനം പറഞ്ഞു ‘നാൻ തൂങ്കപ്പോറേൻ’ .
നീ ഇങ്ങനെ തുടങ്ങിയാൽ ഞാൻ തൂങ്ങേണ്ടിവരും എന്നുള്ള ഭാവത്തിൽ ചേട്ടൻ വീണ്ടും കുംഭകർ‍ണ സേവ തുടങ്ങി.

എന്റെ ഇഷ്ടഗാനം, ‘അയ്യാ’യിലെ പാട്ട് , മൂളി ഞാൻ.
“ഒരു വാർത്ത കേക്ക ഒരു വറുഷം കാത്തിരുന്തേ...........”