Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 31, 2005

പുതുവത്സരാശംസകൾ ! HAPPY NEW YEAR !

സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്.
ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് .
നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെ അതു മറ്റാരുടേതോ ആകും.
മാറ്റം പ്രകൃതിനിയമം ആണ്.

------ഭഗവത്ഗീതയുടെ സന്ദേശം.

2006 എന്ന വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും തരട്ടെ എന്നാശംസിക്കുന്നു.


ല്ലാക്കും പുതുത്സരാശംൾ.

Wednesday, December 28, 2005

മൗനം.......... നിറഞ്ഞ മൗനം !

മൗനമാണ് ശരിയായ ഭാഷ.

അതിനു അർഥങ്ങൾ ഒരുപാടുണ്ട്.

ഒരു വാക്കിനു ഒന്നോ രണ്ടോ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരിക്കും.
പക്ഷെ, അനന്തമായ അര്‍ത്ഥങ്ങള്‍, ഒളിഞ്ഞുകിടക്കുന്ന വാക്കുകള്‍, അനുപമമായ ഭാഷ...ഇതൊക്കെയല്ലേ മൗനം.

പ്രണയം,പരിഭവം,പരിഹാസം, പുച്ഛം, നിസ്സഹായത, ദു:ഖം. മൗനത്തിന്റെ ചിപ്പിയിലെ മുത്തുകള്‍ ഇതെല്ലാമാണോ?

ഹൃദയത്തിന്റെ കാരാഗൃഹത്തിള്‍ വാക്കുകള്‍ ഒളിഞ്ഞിരിക്കുന്ന അവസ്ഥയാണോ മൗനം?

വാക്കുകളേക്കാള്‍ അര്‍ത്ഥമുള്ള അവസ്ഥയാണോ മൗനം?

മൗനം മനസ്സിന്റെ ഒളിച്ചോട്ടമാണോ...അതോ മനസ്സിന്റെ തുറന്നിട്ട വാതിലോ?

Labels:

Monday, December 26, 2005

സുനാമി!

വിളിക്കാതെ വന്നു നീ ഒരു വിരുന്നുകാരിയായ്‌,
വിടർന്നൊരു മുകുളങ്ങൾ തല്ലിക്കൊഴിക്കുവാൻ,
ജീവനെ ജീവനിൽ നിന്നടർത്തിയെടുക്കുവാൻ,
തടയാൻ കഴിഞ്ഞില്ല, തകർക്കാൻ കഴിഞ്ഞില്ല,
കളിപ്പാട്ടമായ്‌ പകച്ചു നിന്നു നിൻ കൈയിൽ,
വിലപ്പെട്ട എത്രയോ ഹൃദയങ്ങൾ, ജന്മങ്ങൾ.

Thursday, December 22, 2005

ക്രിസ്മസ് ആശംസകൾ. HAPPY CHRISTMAS.

അങ്ങനെ ഒരു ക്രിസ്‌മസ്‌ കൂടെ വരുന്നു. എനിക്ക്‌ ക്രിസ്‌മസ് അന്നും ഇന്നും ഇഷ്ടമാണ്. കുട്ടിക്കാലത്തു കണക്കു പരീക്ഷ കഴിഞ്ഞാൽ ക്രിസ്‌മസിനു വേണ്ടി സ്കൂൾ അടയ്ക്കും. പിന്നെ 10 ദിവസം, സിനിമ, യാത്ര ഒക്കെ ആയിരിക്കും. ഇപ്പോഴും പരീക്ഷകളാണ്. ഒരിക്കലും തീരാത്തത്‌. അതിനിടയ്ക്ക്‌ വരുന്ന ക്രിസ്‌മസ്‌ വല്യ സന്തോഷം നൽകുന്ന ഒന്നാണ്. സാന്റാക്ലോസ്‌ ഒരുപാട്‌ സമ്മാനങ്ങളുമായി വരുമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌. സമ്മാനം സ്നേഹത്തിന്റെ രൂപത്തിൽ ആണ് കിട്ടുന്നതെന്ന് മാത്രം. ഈ ക്രിസ്തുമസിനു പല ദുഖങ്ങളും ഉണ്ട്‌. വിധി സമ്മാനിച്ചവ. ഇക്കൊല്ലം ആഘോഷം ഇല്ല. എന്നാലും മനസ്സിൽ എന്തോ ഒരു തണുപ്പ്‌. ക്രിസ്‌മസ്‌ വന്നപ്പോൾ.

വിവാഹം കഴിഞ്ഞതിനു ശേഷമാണ് ആദ്യമായിട്ട്‌ ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. വിവാഹം കഴിഞ്ഞപ്പോൾ കിട്ടിയ കൂട്ടുകാരി ക്രിസ്ത്യാനി ആയതു തന്നെ കാരണം. ക്രിസ്‌മസിനു രാവിലെ തന്നെ അവരുടെ വീട്ടിൽ ആയിരിക്കും. പിന്നെ അച്ചപ്പവും കേക്കും ഒക്കെ തിന്ന് ഇരിക്കും. ആദ്യമായിട്ട്‌ പള്ളിയിൽ പോകുന്നതും ആ കൂട്ടുകാരിയുടെ കൂടെയാണ്. ചേട്ടൻ ഒരിക്കൽ ഒഫിഷ്യൽ ടൂറിനു പോയപ്പോൾ വീട്ടിൽ നിൽക്കാൻ വന്നു അവൾ. ഞായർ ആയപ്പോൾ അവൾക്ക്‌ പള്ളിയിൽ പോയേ തീരൂ. ഞാനും കൂടെ ചെല്ലണം എന്ന് അവൾ. അയ്യോ.. ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും എന്ന് ഞാൻ. അവൾ നിർബന്ധിച്ചു. എന്നാൽ അവിടെ എന്താ പരിപാടി എന്നൊന്നു കാണാമല്ലോന്നു കരുതി ഞാനും ഒരുങ്ങിച്ചെന്നു.

പള്ളിയിലെത്തി.പരിചയക്കാർ എല്ലാവരും, ഇവളുടെ മാമ്മോദീസ എന്നു കഴിഞ്ഞു എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്‌. എനിക്കാണെങ്കിൽ അൽപ്പമൊരു ചമ്മൽ ഉണ്ട്‌. അതുകൊണ്ട്‌ ഏറ്റവും നല്ല വില്ലനുള്ള സമ്മാനം കിട്ടിയ നടൻ അവാർഡ്‌ വാങ്ങാൻ ചെല്ലുന്നതുപോലെ ചമ്മിപ്പമ്മി ഞാൻ നടന്നു. അവാർഡ്‌ ആണെങ്കിലും വില്ലത്തരത്തിനല്ലേ.

അവളുടെ കൂടെ സ്ഥാനം പിടിച്ചു. പാട്ടുകാർ വന്ന് പാട്ട്‌ തുടങ്ങി. അച്ചൻ വന്ന് എന്തൊക്കെയോ പറഞ്ഞു. അച്ചൻ ഒരുവട്ടം എന്നെ നോക്കിയപ്പോൾ ഞാൻ മച്ച്‌ നോക്കി. പിന്നെ ഇടക്കിടയ്ക്ക്‌ എണീക്കുക , പിന്നെ ഇരിക്കുക. എനിക്കെല്ലാം ഇഷ്ടപ്പെട്ടു. ഭജനയ്ക്കിടയ്ക്കും ഇങ്ങനെ എണീറ്റിരിക്കൽ ഉണ്ടെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ഓർത്തു. പലരും ഉറങ്ങുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അവസാനം ഒക്കെ കഴിഞ്ഞ്‌ എല്ലാരും ക്യൂ നിന്നു. അച്ചൻ എന്തോ ഒന്നെടുത്ത്‌ വായിൽ കൊടുക്കുന്നുണ്ട്‌. ഇപ്പോക്കിട്ടും ഇപ്പോക്കിട്ടും എന്ന് വിചാരിച്ച്‌ അടുത്തെത്താൻ ആയപ്പോൾ അവൾ പറഞ്ഞു വാങ്ങണ്ട, വെറുതെ എന്റെ പിന്നാലെ വന്നാൽ മതി എന്ന്. ഡിം... നിരാശ വന്നു.

അങ്ങനെ പള്ളിയിൽപ്പോക്ക്‌ വിജയകരമായി നിർവഹിച്ച്‌ തിരിച്ചു വന്നു. പിന്നെ ഒരാഴ്ച്ച ആര് എവിടെക്കണ്ടാലും ചോദിക്കും, ഞായറാഴ്ച്ച പള്ളിയിൽ കണ്ടിരുന്നല്ലോ, ഞായറാഴ്ച്ച പള്ളിയിൽ പോയെന്നു കേട്ടല്ലോ, എല്ലാ ആഴ്ച്ചയും ഇനി വരുമോ എന്നൊക്കെ. ജനങ്ങൾക്കു വേറെ ജോലി വേണ്ടേ. ഇനി ഒരു പ്രാവശ്യം ക്രിസ്‌മസിന്റെ തലേന്ന് രാത്രി പള്ളിയിൽ കൊണ്ടുപോകാമെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്‌. ഇതുവരെ നടന്നിട്ടില്ല.

ഈ ക്രിസ്‌മസ്‌ എല്ലാവർക്കും ഒരുപാട്‌ സന്തോഷവും സുഖവും സഹജീവികൾക്കു വേണ്ടി മനസ്സിൽ നന്മയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

ല്ലാക്കും ക്രിസ്‌സ്‌ ശംൾ.

Wednesday, December 21, 2005

അന്നൊരു നാളിൽ...

കറുത്തിരുണ്ട അമാവാസിനാൾ.
അന്ധകാരം മാത്രം.
കറന്റില്ലാത്തതിനാൽ സീരിയലുകളിൽ സീരിയസ്സാവാതെ അവൾ നേരത്തെ ഉറങ്ങി.
മഴ വരുന്നതിന്റെ മുന്നോടിയായി അലറി വീശുന്ന കാറ്റ്‌...
കാറ്റിൽ ഉലഞ്ഞൊടിയുന്ന മരച്ചില്ലകൾ...
ജീവജാലങ്ങളുടെ സ്വരങ്ങൾ...
അവൾ ഞെട്ടിയുണർന്നു. അവളുടെ മനസ്സിൽ പേടി അലയടിച്ചു..
എന്നാലും എണീറ്റു. മെഴുകുതിരിയും തീപ്പെട്ടിയും തപ്പിയെടുത്തു. വെളിച്ചം വന്നു.
അവൾ വിറയ്ക്കുന്ന കൈകളോടെ വാതിൽ പതുക്കെപ്പതുക്കെ തുറന്നു.
മെഴുകുതിരി കെടുത്താൻ കാറ്റ്‌ അകത്തേക്ക്‌ ആഞ്ഞടിച്ച്‌ പരാജയപ്പെട്ടു.
അവൾ പതുക്കെപ്പതുക്കെ മുന്നോട്ട്‌ നീങ്ങി.

അയയിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ ഒക്കെ വാരിവലിച്ചെടുത്ത്‌ അകത്ത്‌ കടന്ന് വാതിലടച്ച്‌, തുണികൾ ഒരു ഭാഗത്തിട്ട്‌, മെഴുകുതിരി കെടുത്തി വീണ്ടും ഉറങ്ങി. അല്ല പിന്നെ...

Sunday, December 18, 2005

ഓപ്പോൾ.

ഉണ്ണീ സൂക്ഷിച്ച്‌...എന്തിനാ ആ വെള്ളത്തിൽ നടക്കുന്നത്‌ ? ഈ വഴിയേ വരൂ.”
ഉണ്ണി കണ്ടു. ഓപ്പോൾ നടക്കുകയാണ്. ഉണ്ണി നടക്കും പോലെ വെള്ളച്ചാലിലല്ല. വലിയ വൃക്ഷങ്ങളുടെ മണ്ണിൽ നിന്നും പുറത്തേക്കെത്തി നോക്കിക്കിടക്കുന്ന വേരുകളിലൂടെ.
‘ഈ ഓപ്പോൾക്ക്‌ ഒരു തളർച്ചയും ഇല്ലേ, ഉണ്ണിക്ക്‌ മടുത്തു യാത്ര.’
“ഓപ്പോളേ ഉണ്ണിയ്ക്ക്‌ വയ്യ. എടുക്കൂ.”
“ദാ ആ ആൽമരത്തിൽ ഇരുന്ന് വിശ്രമിച്ച്‌ ഭക്ഷണം കഴിച്ച്‌ യാത്ര തുടരാം ഉണ്ണീ.”
തളർന്നാൽ എങ്ങനെ ശരിയാവും?”
ഓപ്പോൾ ഉണ്ണിയെ ആൽത്തറയിൽ എടുത്തിരുത്തി. താനും ഇരുന്ന് ഭക്ഷണപ്പൊതിയഴിച്ച്‌ ഉണ്ണിയ്ക്ക്‌ കൊടുത്തു. കൂടെ കഴിയ്ക്കാൻ തുടങ്ങി.

“നിലത്ത്‌ വീണത്‌ എടുക്കാതിരിയ്കൂ ഉണ്ണീ. ഉറുമ്പുകളും പ്രാണികളും കഴിച്ചോട്ടെ.”

വെള്ളച്ചാലിൽ നിന്ന് കൈകഴുകി വെള്ളം കൈക്കുമ്പിളിൽ കൊണ്ടുവന്ന് ഉണ്ണിയുടെ കൈകഴുകിച്ചു. “ഇനി എത്ര ദൂരം പോകാൻ ഉണ്ട്‌ ഓപ്പോളേ?”
“വരൂ ...” ഓപ്പോൾ ആൽത്തറയിൽ കയറിനിന്ന് ഉണ്ണിയുടെ കൈപിടിച്ചു. ഉണ്ണി കൂടെ ചെന്നു.

“ദാ... ആ കുഞ്ഞുകുഞ്ഞു വെള്ളപ്പൂക്കൾ ഉള്ള മരം കാണുന്നില്ലേ. അതിനടുത്ത്‌ ഒരു ചെരിഞ്ഞു നിൽക്കുന്ന വലിയ ഒരു വൃക്ഷം കാണുന്നില്ലേ. അവിടെയെത്തണം. ഉണ്ണി അവിടെ പോയിട്ടുണ്ടല്ലോ മറന്നോ?”
“ഇല്ല. എന്നാലും ദൂരം അറിയാൻ വേണ്ടീട്ടാ.”
“ഉം. വരൂ. യാത്ര തുടരാം.”
“ഉണ്ണിയ്ക്ക്‌ നടക്കാൻ വയ്യ, ഓപ്പോൾ എടുക്കൂ”.
ഓപ്പോൾ ഉണ്ണിയെ ഒക്കത്തേറ്റി.
“ഓപ്പോൾക്ക്‌ വയ്ക്ക്യോ നടക്കാൻ?”
“ഉം. ഓപ്പോൾക്ക്‌ വയ്യായ്കയില്ല.” ഓപ്പോൾ പുഞ്ചിരിച്ചു. യാത്ര വീണ്ടും.
ഉണ്ണി ചോദിച്ചുകൊണ്ടിരുന്നു. ഓപ്പോൾ ഉത്തരം കൊടുക്കുകയും.
എത്തി. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും അടുത്ത്‌.
ഓലക്കുടിലിൽ ചാണകം മെഴുകിയ നിലത്തിട്ട പുൽപ്പായയിൽ ഇരുന്ന് ചൂടോടെ പാൽക്കഞ്ഞി കുടിയ്ക്കുമ്പോൾ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ചോദ്യങ്ങൾക്ക്‌ ഉണ്ണി മറുപടി കൊടുത്തു. ഓപ്പോൾ ഉണ്ണി പറയുന്നതൊക്കെ കേട്ട്‌ പാൽക്കഞ്ഞി കുടിച്ചുകൊണ്ടിരുന്നു.
“മുത്തശ്ശാ, മുത്തശ്ശീ, ഉണ്ണിയ്ക്ക്‌ വയ്യാഞ്ഞിട്ട്‌ ഓപ്പോൾ ഉണ്ണിയെ എടുത്തു നടന്നു.”
ഉണ്ണി ഓപ്പോളെ നോക്കി.

“ഓപ്പോൾക്ക്‌ എന്താ വയ്യായ്ക വരാഞ്ഞത്‌? ഓപ്പോൾ ഉണ്ണിയെക്കാളും വലുതായതു കൊണ്ടാണോ?”

“അല്ല, ഉണ്ണിയ്ക്ക്‌ വയ്യാഞ്ഞാൽ ഓപ്പോൾ ഉണ്ണിയെ എടുത്ത്‌ നടക്കും. ഓപ്പോൾക്ക്‌ വയ്യാഞ്ഞാൽ ഉണ്ണിയ്ക്ക്‌ എടുത്ത്‌ നടക്കാൻ പറ്റുമോ. ഓപ്പോൾ തളർന്നു നിന്നാൽ ഉണ്ണിയും തളർന്ന് നിൽക്കും. പിന്നെ നമ്മൾ ലക്ഷ്യത്തിൽ എത്തുന്നതെങ്ങനെ?”

ഓപ്പോൾ പുഞ്ചിരിച്ചു. ഉണ്ണിയും. കൂടെ മുത്തശ്ശനും മുത്തശ്ശിയും. പാൽക്കഞ്ഞി പോലെ തന്നെ ഓപ്പോളുടെ വാക്കുകളും ഉണ്ണിയ്ക്ക്‌ ഇഷ്ടമായി.

Saturday, December 17, 2005

പാട്ടി.

വരികയാണ്...

രാത്രിയുടെ എതോ യാമത്തിൽ ഉറക്കച്ചടവിൽകാത്തിരുന്ന തന്റെ കൈകളിലേക്ക്‌, ചിപ്പിയുപേക്ഷിച്ച്‌ വീണ മുത്ത്‌.

പിന്നൊരു സന്ധ്യയിൽ മഞ്ഞൾവെള്ളം ഉടലിൽ പൊതിയുമ്പോൾ പഴയ ചിട്ടകൾക്കെതിരെ ഉയർന്ന സ്വരം.

വർഷങ്ങൾക്ക്‌ ശേഷം നാലു നാൾ ആഘോഷം കഴിഞ്ഞ്‌ പട്ടിലും പൊന്നിലും പൊതിഞ്ഞ്‌ സ്വയം നേടിയെടുത്ത സൌഭാഗ്യത്തിന്റെ സാഫല്യവുമായി നിറകണ്ണുകളോടെ പറിച്ചുനടപ്പെട്ട പുണ്യം.

അവൾ വരികയാണ്...

കാലിൽ കൊലുസിന്റെ സംഗീതമില്ലാതെ,
കൈകളിൽ വളകളുടെ പൊട്ടിച്ചിരിയില്ലാതെ,
നിലത്തിഴയുന്ന പട്ട്‌ ചേലയുടെ സ്വരമില്ലാതെ,
മുടിയിൽ, പൂക്കളുടെ മന്ദഹാസമില്ലാതെ,
പൊൻ വർണമാർന്ന മുഖത്ത്‌ സൂര്യതേജസ്സില്ലാതെ,
സീമന്തരേഖയിൽ സിന്ദൂരത്തിളക്കമില്ലാതെ.
കൈകളിൽ ചേർത്തുകൊടുത്ത കൈകളില്ലാതെ,

പേരക്കുട്ടി...

നിറമില്ലാത്ത തന്റെ ലോകത്തിനൊരു കൂട്ടായി വിധി പറഞ്ഞയച്ചവൾ.
സ്വീകരിക്കാൻ, ഹൃദയത്തോട്‌ ചേർത്ത്‌ പുൽകാൻ, ആ കണ്ണിലെ കടൽ എന്നെങ്കിലും വറ്റിച്ചെടുക്കാൻ തനിക്കാവുമോ?

ഇല്ല, വയ്യ, സ്വരുക്കൂട്ടി വെച്ച ശക്തിയെല്ലാം ഒരു നിമിഷം കൊണ്ട്‌ അലിഞ്ഞു.

പാട്ടീ....

വെള്ളച്ചേലയിൽ ആ രൂപം ഒന്നു മിന്നിമറഞ്ഞോ. കാണാൻ കരുത്തില്ല.
വിട......

ഹൃദയം അവസാനമായി തേങ്ങി, പിന്നെ നിശബ്ദമായി.

Thursday, December 15, 2005

ഈ കഥ ഇനിയും തുടരും....

അഞ്ചോ ആറോ മാസങ്ങൾക്കു മുൻപ്‌.
എന്റെ സ്വന്തം മേഖലയിൽ, അതായത്‌, അടുക്കളയിൽ തരികിടയിൽ ആയിരുന്നു.
“സൂ”....
വിളി വന്നു.
“എന്താ?”
“ഇങ്ങോട്ടൊന്ന് വന്നിട്ട്‌ പോ”.
പോയി.
“എന്താ?”
ബ്ലോഗിലെ കമന്റ്‌ തുറന്നു വെച്ചിട്ടുണ്ട്‌.
“ഈ അനിൽ ആരാ?”
“ഓ.. അതോ അത്‌ സുധച്ചേച്ചിയുടെ അനിലേട്ടൻ അല്ലേ. ഫുജൈറയിൽ നിന്നുള്ള ബ്ലോഗ്ഗർ”.
“എന്താ വഴക്ക്‌?”
“വഴക്കൊന്നുമില്ല.”
“പിന്നെ?ഇതൊക്കെ എന്താ?”
“അതൊക്കെ തർക്കുത്തരം അല്ലേ”
“നിന്നിലും മൂത്തവരോടാണോ നിന്റെ തർക്കുത്തരം? നിനക്കു വേറെ ജോലിയില്ലേ”
അയ്യോ പാൽ....

കുറച്ചു ദിവസം കഴിഞ്ഞ്‌...

“സൂ..”
“എന്താ?”
“ഒന്നിങ്ങ്‌ വന്നാട്ടെ..”
അതൊരു സിനിമാസ്റ്റൈൽ ആണല്ലോ.
“വേഗം”
“എന്താ?”
ബ്ലോഗ്‌ ....കമന്റ്‌..
“ആരാ ഈ അതുല്യ?”
“അത്‌ അതുല്യച്ചേച്ചിയല്ലേ, ദുബായിലെ ബ്ലോഗർ”
“എന്താ ഒരു കശപിശ?”
‘ഒന്നൂല്ല, തർക്കുത്തരം ആ..”
“നിനക്കു വേറെ ജോലിയില്ലേ?”
“അയ്യോ.. തോരൻ....”

പിന്നൊരു ദിവസം.

“സൂ”
“എന്താ, വരുന്നൂ...”
ബ്ലോഗ്‌ ഫോർ കമന്റ്സ്‌.
“ഈ കുട്ട്യേടത്തി ആരാ?”
“ഓ.. ആ കുട്ടി മഞ്ചിത്തിന്റെ ഭാര്യയല്ലേ?”
“എന്താ ഒരു തർക്കം?”
“ഒന്നൂല്ലല്ലോ. ഞാൻ ഒന്നു ധരിച്ചു, ആ കുട്ടി തെറ്റിദ്ധരിച്ചു.”
“നിനക്കു വേറെ ജോലിയില്ലേ.”
“അയ്യോ... സാമ്പാർ....”

വേറൊരു ദിവസം.

“സൂ...”
“എന്താ? ഇന്നാരാ? ആ ലവൻ ആണെങ്കിൽ ഞാൻ അറിയില്ല. ഞാനൊന്നും പറഞ്ഞിട്ടില്ല. ലവൻ എന്തോ പറഞ്ഞു ഞാനും എന്തോ പറഞ്ഞു അത്രേ ഉള്ളൂ.”
“ഏത്‌ ലവൻ?”
“ ഏതോ... ഒരു ലവൻ.”
“ ലവനെപ്പറ്റി എന്തേലും ചോദിച്ചോ ഞാൻ.”
“പിന്നെ എന്തിനാ വിളിച്ചത്‌?”
“ബോയ് ഫ്രണ്ട്‌ എന്ന പടം കാണാൻ പോകണ്ടേ.”
‘വേണ്ട. എനിക്ക്‌ രാജമാണിക്യം കണ്ടാൽ മതി. അത്‌ കണ്ടിട്ട്‌ വേണം മൊഡ ന്നു വെച്ചാൽ എന്താന്ന് നോക്കാൻ.”
“കൊടയോ?”
“കൊടയല്ല.. മൊഡ...മൊഡ.”
“നിനക്കു വേറെ ജോലിയില്ലേ?”
“ഇല്ലെങ്കിൽ?”
‘പോയി നല്ലൊരു കഥയെഴുത് ”‌.
“ഉം.”

അതും കഴിഞ്ഞൊരു ദിവസം.

“സൂ...”
“എന്താ? വൈകുന്നേരം കൃത്യം 5.30 നു ഞാൻ റെഡി ആയിക്കോളാം.”
“എന്തിനു?”
“സിനിമയ്ക്ക്‌.”
“അതവിടെ നിൽക്കട്ടെ.ആരാ പ്രിയൻ വെള്ളാനി?”
“ആ ആർക്കറിയാം? എന്താ ഒരു തർക്കം.”
“പിന്നെ തർക്കം ഇല്ലാതിരിക്കുമോ. മനുഷ്യൻ തലപുകഞ്ഞ് ഓരോന്ന് ആലോചിച്ച്‌ ഉണ്ടാക്കി എഴുതിവിടുമ്പോൾ ചോദിക്കുന്ന ചോദ്യം കണ്ടില്ലേ.”
“നിനക്കു വേറെ ജോലിയില്ലേ.”
“അയ്യോ... കുക്കർ....”


“സൂ..”
“എന്താ?”
“ആരാ ഈ സൂഫി?”
“ഓ.. എന്നെ വഴക്കു പറഞ്ഞിട്ട്‌ പോയതല്ലേ.”
“അതേ അതെനിക്ക്‌ ഇഷ്ടപ്പെട്ടു.ഹഹഹ .. അസ്സലായി.”
“നിങ്ങക്കു വേറെ ജോലിയില്ലേ?”
“അയ്യോ.. ഓഫീസ്‌....”

Tuesday, December 13, 2005

വിമർശകൻ!

എഡിറ്ററുടെ തിരക്കിനിടയിൽ...
ആരോ മുന്നിൽ വന്നു. തല ഉയർത്തി നോക്കി.
‘സർ’,
സബ്‌ എഡിറ്റർ!
“എന്താ ജോണീ”?
“ആ കരുണൻ വന്ന് പിന്നെയും ശല്യം ചെയ്യുന്നു”.
“ഓ... ദിവസവും എഴുന്നള്ളിക്കോളും”.
എഴുന്നേറ്റ്‌ ജോണിയുടെ കൂടെ നടന്നു. പ്രൂഫ്‌ റീഡറുടെ കാബിനിൽ കരുണൻ.
എഡിറ്ററെ കണ്ടതും തുടങ്ങി.

“ഇന്നിടാം നാളെയിടാം എന്നും പറഞ്ഞ്‌ ഞാൻ എഴുതിയ അഭിപ്രായം ഈ മേശപ്പുറത്ത്‌ കിടക്കാൻ തുടങ്ങിയിട്ട്‌ രണ്ടാഴ്ച ആയി”.

അഭിപ്രായം! ഹും തെറിവിളി എന്നാണതിന്റെ ശരിയായ പേര്. മനസ്സിൽ കരുതി. മാസിക ഉടമയ്ക്കു കരുണനുമായിട്ടുള്ള അടുപ്പത്തിന്റെ പേരിൽ മാത്രമാണ് അതു വാരികയിൽ കത്തുകളിൽ കൊടുക്കുന്നത്‌. ഇക്കണക്കിനു പോയാൽ വാരിക നിർത്തേണ്ടി വരും.
“അടുത്ത ലക്കത്തിൽ ഇടാം കരുണാ’.
“അതൊന്നും പറ്റില്ല. നീണ്ട കഥ തുടങ്ങിയിട്ട്‌ 3 ആഴ്ച ആയി. ഇനി 3 ആഴ്ച കൂടേയേ ഉണ്ടാവൂ. പരസ്യം കൊടുത്തത് അനുസരിച്ച് ”.
“അതിനെന്താ ഇനിയും സമയമുണ്ടല്ലോ വെയ്ക്കാൻ”.
“അതൊന്നും പറ്റില്ല. ഓരോ ലക്കത്തിലേം എഴുത്ത് അനുസരിച്ചാണ് അഭിപ്രായം. അതത്‌ ലക്കം കഴിയുമ്പോൾ തന്നെ കൊടുത്തിരിക്കണം”.
“ഈ ലക്കത്തിലേത്‌ ആയിക്കഴിഞ്ഞു. ഇനി ഒരു രക്ഷയും ഇല്ല”.
“കരുണനെ വിഡ്ഡിയാക്കല്ലേ. ഇപ്പോ പോകാം. മര്യാദയ്ക്ക്‌ അടുത്ത ലക്കത്തിൽ കൊടുത്തോ,
അതായിരിക്കും നല്ലത് ”. മദ്യത്തിന്റെ മണം അടിച്ചു വന്നു.

കരുണൻ ഇറങ്ങിപ്പോയി. വീണ്ടും കാബിനിലേക്ക്‌. സീതാലക്ഷ്മിയുടെ പുതിയ കഥയ്ക്കുള്ള വിമർശനം ആണ് ഇത്തവണ. പുതിയ എഴുത്തുകാർക്ക്‌ വിരട്ടൽ രീതിയിൽ ആണ് വിമർശനം. ഇവൻ അക്ഷരം പഠിപ്പിച്ചു വിട്ടിട്ട്‌ അവരൊക്കെ കഥയെഴുത്ത്‌ തുടങ്ങിയതാണോ ആവോ.?

ഇരുന്നപ്പോഴേക്കും സെൽ ഫോൺ ശബ്ദിച്ചു. മീരയാണ്.
“എന്താ” ?
“ഇന്ന് ഈ വഴിക്കുള്ള സ്കൂൾ ബസ്‌ ഉണ്ടാവില്ലാന്ന് വിളിച്ചു പറഞ്ഞു. സ്കൂളിൽ ചെന്ന് കുട്ടികളെ കൂട്ടി വരില്ലേ”
“ നീ പോയാൽ പോരേ?”
“പോകാൻ പറ്റില്ല. അമ്മായിയും റീജയും വന്നിട്ടുണ്ട്‌. അവരോടൊപ്പം പുറത്തുപോവുകയാ”.
“ ഉം ശരി. ഇല്ലെങ്കിൽ ആരെയെങ്കിലും അയക്കാം ”

4.45 നു തന്നെ ഇറങ്ങി. 5 മിനുട്ട്‌ ഡ്രൈവ്‌ . സ്കൂളിനു മുന്നിലെത്തി. സ്കൂൾ വിട്ടിട്ടുണ്ട്‌. ബസുകൾ ഉണ്ട്‌. വേറെ റൂട്ടിൽ ഉള്ളതായിരിക്കും. ശ്വേതയും ശരത്തും ഓടി വന്നു. അവർക്കു വേണ്ടി ഡോർ തുറക്കുമ്പോഴാണ് കണ്ടത്‌. കരുണൻ! കുട്ടികൾ കയറിയതിനു ശേഷം കാർ കുറച്ചുംകൂടെ സൈഡിലേക്കൊതുക്കി. കുട്ടികളോട്‌ ഒരു മിനുറ്റ്‌ എന്ന് പറഞ്ഞു ഇറങ്ങി. കരുണൻ തന്നെ.
അയാൾ ഈ സ്കൂളിനു മുന്നിൽ എന്തു ചെയ്യുന്നു?
ആരോടോ കൈചൂണ്ടി മിണ്ടുന്നുണ്ട്‌. എന്നിട്ട്‌ മിന്നൽ വേഗത്തിൽ നടന്നു മറഞ്ഞു. കരുണൻ മിണ്ടിയ പയ്യൻ തിരിഞ്ഞപ്പോഴാണ് അറിയാവുന്ന പയ്യൻ ആണല്ലോന്നു മനസ്സിലായത്‌. പലചരക്കു കട നടത്തുന്ന ഗോപിയുടെ മകൻ അനൂപ്‌. എന്തെങ്കിലും അർജന്റായിട്ട്‌ വേണ്ടി വരുമ്പോൾ കടയിലേക്ക്‌ വിളിച്ചു പറയാറുണ്ട്‌. മിക്കവാറും വീട്ടിൽ കൊണ്ടുത്തരുന്നത്‌ അനൂപ്‌ ആയിരിക്കും. അനൂപ്‌ ഒരു ബസിനടുത്തേക്ക്‌ നടക്കാൻ ഒരുങ്ങിയതും വിളിച്ചു. അനൂപ്‌, ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി അടുത്തേക്ക്‌ വന്നു.
“ഇന്ന് ബസ്‌ ഇല്ല അല്ലേ സർ”?
“ ഉം.അനൂപ്‌ ഇവിടെ എന്തു ചെയ്യുന്നു”?
“ ഞാൻ ആ ബസിൽ രമേഷേട്ടന്റെ കൂടെ സഹായി ആയി നിൽക്കുന്നതാ. വൈകീട്ടും രാവിലെയും ബാക്കി സമയം കടയിലും”.
“കരുണനെ അറിയുമോ”?
“അയ്യോ അവനെ സർ അറിയുമോ. ഓ... അറിയാതിരിക്കാൻ വഴിയില്ല. സാറിന്റെ വാരികയിലും വരാറുണ്ടല്ലോ അദ്ദേഹത്തിന്റെ സൃഷ്ടികൾ! അല്ലേ”?
“ഉം. എന്താ പരിചയക്കാരൻ ആണോ”?
“പരിചയം തന്നെ. കുറച്ചുകാലം ഞങ്ങളുടെ കടയ്ക്കു മുന്നിലെ ചായക്കടയില്ലേ, അവിടെ തൂപ്പുകാരൻ ആയിരുന്നു. എന്നും ബീഡി കടം വാങ്ങാൻ വരും. വാരിക മുഴുവൻ സൂത്രത്തിൽ തപ്പിത്തടഞ്ഞ്‌ വായിക്കും”.
“ ഇപ്പോ എന്താ വല്യ ദേഷ്യത്തിൽ ആണല്ലോ പോയത് ”?
“ഏതോ ഒരു വാരികേം കൊണ്ടു വന്നു. ഇപ്പോ അയാൾക്ക് ഒരു അഭിപ്രായം എഴുതിക്കിട്ടണമത്രെ. അച്ഛനു ആശുപത്രിയിൽ പോവാനുള്ളതാ, എനിക്ക്‌ കുട്ടികളെ ഒക്കെ ഇറക്കിവിട്ടിട്ട്‌ വേഗം കടയിൽ പോകണം എന്നു പറഞ്ഞതിനാ അരിശം വന്നത് ”.
“ അയാൾ അല്ലേ അപ്പോ അഭിപ്രായം എഴുതുന്നത് ”?
‘എവിടെ സാറേ, അയാൾക്ക്‌ തപ്പിത്തടഞ്ഞ്‌ വായിക്കാൻ അറിയാം “.
“പിന്നെ ഇത്രേം അഭിപ്രായങ്ങൾ, വിമർശനങ്ങൾ”?
“ അതു നല്ല വാക്കൊക്കെ ഞാൻ എഴുതിക്കൊടുക്കുന്നതാ. ബാക്കിയൊക്കെ അയാൾ പറയും. ഞാൻ എഴുതും”.
“ എന്നിട്ടെന്താ ഗുണം? ഇതൊക്കെ എന്തിനാ ചെയ്യുന്നത് ”?
“അയാളുടെ അഡ്രസ്സ്‌ വെക്കാതെ ഏതെങ്കിലും അഭിപ്രായം ഇതുവരെ വന്നിട്ടുണ്ടോ”?
“ഇല്ല. മുഴുവൻ വെക്കാതിരുന്നാൽ ഭീഷണി മുഴക്കിയ സന്ദർഭങ്ങൾ വരെ ഉണ്ട് ”.
“അതു തന്നെ കാര്യം. പുതിയ എഴുത്തുകാർ അയാളുടെ വിരട്ടൽ കേട്ട്‌ അമ്പരന്ന് വീട്ടിൽ ചെന്ന് വല്ലതും കൊടുക്കും. അത്‌ നിർത്താൻ വേണ്ടി. അയാളുടെ ചെലവിനുള്ളതായി. കുട്ടികളേം അയാളുടെ അമ്മയേം പോറ്റുന്നത്‌ അയാളുടെ ഭാര്യ കൂലിപ്പണിക്കു പോയിട്ടാണ് ”.
“അനൂപിനും തരും അല്ലേ ഒരു വിഹിതം”?
അനൂപിന്റെ മുഖത്തൊരു വിഷാദച്ചിരി നിറഞ്ഞു.
“കടയിലെ ലാഭം സാറിനു ഊഹിക്കാമല്ലോ. അമ്മ തളർന്ന് കിടപ്പിലായതോടെ ചെലവു മാത്രേ ഉള്ളൂ എന്നായിട്ടുണ്ട്‌ കാര്യങ്ങൾ. പഠിപ്പുപോലും നിർത്തിയത്‌ അതാ. പ്രീ-ഡിഗ്രിക്ക്‌ നല്ല മാർക്കുണ്ടായിരുന്നു. ഇളയവരും അത്രയെങ്കിലും പഠിക്കട്ടെ എന്നു കരുതി. ഒരു ജോലി ചെയ്തു കൊടുക്കുന്നു. അതിനുള്ളത്‌ വാങ്ങുന്നു”.
“അനൂപ്‌ ഒരു കാര്യം ചെയ്യൂ. നാളെത്തന്നെ ഓഫീസിൽ വരൂ. ഒരു പത്ത്- പത്തര ആവുമ്പോൾ. പുറത്ത്‌ കുറച്ച്‌ ജോലിയുണ്ട്‌. അതു തീർന്നിട്ടേ ഓഫീസിലേക്കെത്തൂ. അപ്പോഴേക്കും എത്തിയാൽ മതി. കരുണനുള്ള ആധാരമെഴുത്ത്‌ ഇനി വേണ്ട”.
അനൂപ്‌ പുഞ്ചിരിച്ചു. “ഇല്ല സർ”.

അനൂപ്‌ കാറിൽ നിന്നും എത്തിനോക്കി നിൽക്കുകയായിരുന്ന കുട്ടികളെ കൈവീശിക്കാണിച്ചു. അവരും റ്റാറ്റാ പറഞ്ഞു.
അനൂപ്‌ ബസിന്റെ അടുത്തേക്ക്‌ എത്തുന്നതുവരെ നിന്നു. അവൻ ഒന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു. താനും. എന്നിട്ട്‌ കാറിൽ കയറി.

Sunday, December 11, 2005

ഒന്നാം പിറന്നാൾ!

സുഹൃത്തുക്കളേ,

ഇങ്ങനെയൊക്കെ എഴുതുമെന്ന് ഒരിക്കലും കരുതാത്ത ഒരാളാണ് ഞാൻ. എന്നിട്ടും ഇത്രയൊക്കെ എഴുതി. ചിലർ എന്നെ തെറ്റിദ്ധരിച്ചു( ഇപ്പോഴും ധരിച്ചുകൊണ്ടിരിക്കുന്നു), ഞാൻ എഴുതുന്ന കമന്റുകൾക്ക്‌ ഞാൻ വിചാരിക്കുക പോലും ചെയ്യാത്ത അർഥങ്ങൾ ഉണ്ടാക്കി. ചിലർ കമന്റ്‌ വെച്ച്‌ ഒരുപാട്‌ വിഷമിപ്പിച്ചു. സത്യം പറഞ്ഞാൽ എനിക്ക്‌ അത്തരക്കാരെ വല്യ പേടിയാ. പക്ഷെ ഒരുപാടുപേർ പ്രോത്സാഹിപ്പിച്ചു. എഴുതണം എന്ന് തോന്നിപ്പിച്ചു. നല്ലതാവാം, ചീത്തയാവാം. എഴുതി. ഈ എഴുതുന്നതൊക്കെ മലയാളസാഹിത്യത്തിലെ മികച്ച എഴുത്താണെന്നൊന്നും ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ഒരിക്കലും കരുതുകയും ഇല്ല. മാസ്റ്റർപീസുകൾ എഴുതി മലയാളസാഹിത്യത്തിന്റെ കൊട്ടാരപ്പടവുകൾ കയറാനും ഉദ്ദേശമില്ല. ഒരു വീട്ടമ്മയുടെ എഴുത്തായി കാണൂ. വായിക്കൂ. അതിനു ചേർന്ന തരത്തിൽ വിമർശിക്കൂ. മറ്റു ബ്ലോഗുകളിൽ ഞാൻ പോസ്റ്റ്‌ ചെയ്യുന്ന കമന്റുകൾ ആർക്കെങ്കിലും വിഷമമോ രോഷമോ ഉണ്ടാക്കിയെങ്കിൽ എന്നോട്‌ ക്ഷമിക്കൂ. ഇല്ലാത്ത അർഥങ്ങൾ ദയവായി അതിനൊന്നും കണ്ടുപിടിക്കാതിരിക്കൂ.

ഒരുപാട്‌ പേരോട്‌ നന്ദി പറയാൻ ഉണ്ട്‌.
വരമൊഴിക്ക് സിബുവിന്,
ബ്ലോഗ്‌ എന്നത്‌ കാണിച്ചു തന്ന മോളുവിനോട്‌ ,
മലയാളത്തിൽ ആക്കാൻ സഹായിച്ച drunkenwind-നോട് ,
അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിച്ച ഒരുപാടൊരുപാട് പേർക്ക്,
വെറും വായനക്കാർ മാത്രമായി മറഞ്ഞിരിക്കുന്ന സുഹൃത്തുക്കൾക്ക്.
കടപ്പാടുകൾ തീർക്കാൻ ഒരവസരം ദൈവം തരുമെന്ന് വിശ്വസിക്കാം.

എല്ലാവരുടെയും സ്നേഹത്തിന്റേയും പ്രോത്സാഹനത്തിന്റേയും അനുഗ്രഹങ്ങളുടേയും സുഖകരമായ ഭാരം ഹൃദയത്തിൽ ഏറ്റിക്കൊണ്ട്‌ സൂര്യഗായത്രി എന്ന ഈ ബ്ലോഗ്‌ രണ്ടാം പടിയിലേക്ക്‌ കാലെടുത്ത്‌ വെക്കുകയാണ് .

എല്ലാവരുടേയും അനുഗ്രഹം, പ്രോത്സാഹനം,നല്ല വിമർശനം ഇവയൊക്കെ ഞാൻ പ്രതീക്ഷിക്കുന്നു.

ജോ (JOE ) എന്ന അപരിചിതനായ പരിചിതന്.

ജോ ഇതാ ഈ ബ്ലോഗ്‌ ഒരു വർഷം തികയ്ക്കുകയാണ്. ജോ യെപ്പറ്റി എഴുതിയിട്ടുണ്ട്‌ എന്ന് പറഞ്ഞപ്പോൾ വായിക്കാൻ ആണ് ആദ്യമായി ബ്ലോഗ്‌ എന്നൊരു കാര്യം കണ്ടത്‌. തുടങ്ങുന്നത്‌ എങ്ങനെ എന്ന് ജോ യോടാണ് ചോദിച്ചത്‌ . പിന്നെ ആദ്യത്തെ കമന്റ്‌ പറഞ്ഞതും ജോ.
“കൊള്ളാം ”എന്ന് പറഞ്ഞു കേട്ടപ്പോ സന്തോഷം തോന്നി. പക്ഷേ ഓരോ ആൾക്കാരുടെ പരിഹാസവും അജ്ഞാതകമന്റുകളും കണ്ടപ്പോൾ " ഇത്‌ നിർത്തിയാൽ നിനക്ക്‌ കൊള്ളാം" എന്നാണോ ജോ അന്ന് പറഞ്ഞത്‌ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്‌. ഓരോരുത്തർ ഞാൻ വായിക്കാൻ വേണ്ടി വെക്കുന്ന പരിഹാസ- വിമർശന കമന്റ്സ്‌ കണ്ടാൽ ജോ തലകുത്തി നിന്ന് ചിരിക്കും. ഇതൊക്കെ ഇവളോട്‌ തന്നെയാണോ പറയുന്നത്‌ എന്നോർത്ത്‌. അങ്ങനെ ചിരിക്കരുത്‌. തല തേഞ്ഞു പോകും. :@ പിന്നെ, വെറുപ്പു കാണിച്ച ആൾക്കാരേക്കാൾ ഒരുപാട്‌ പേർ ബ്ലോഗ്‌ വായിച്ച്‌ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട്‌ അങ്ങനെ ഉരുട്ടിയുരുട്ടി പോവുകയാണ്. ജോ വായിക്കാറില്ലെങ്കിലും....ജോ പറഞ്ഞതാ 'നേരമില്ല, ഫോണ്ട്‌ ഇല്ല’ എന്നൊക്കെ. ഞാൻ വെറുതെ വിചാരിച്ചതല്ല.
പിന്നെന്താ? നന്ദി എന്നൊരു വാക്ക്‌ വേണ്ടാന്ന് എനിക്കറിയാം. അതുകൊണ്ട്‌ ഇല്ല. ഇനി വേണംന്ന് തോന്നുന്നുണ്ടെങ്കിൽ പോയി കേസ്‌ കൊടുക്കൂ. എന്തെങ്കിലും കിട്ടും. പിന്നെ, നേരം കിട്ടുമ്പോൾ ബ്ലോഗ്‌ വായിക്കൂ എന്ന് ഞാൻ പറയില്ല. വേണമെങ്കിൽ വായിക്ക്‌ അല്ല പിന്നെ...

ഉം... പാട്ട്...

हर घटी बदल रही हे रूप सिन्दगी ;
छाव हे कही , कभी तो धूप सिन्दगी,
हर पल यहाम जी भर जियो,
जो हे समा कल हो ना हो .

Thursday, December 08, 2005

വിവാഹം സ്വർഗത്തിൽ നടക്കുന്നു!

കല്ല്യാണക്കുറി കണ്ടപ്പോൾ ബില്ല് പാസ്സായിക്കിട്ടിയ കോണ്ട്രാക്ടറുടെ സന്തോഷമാണ് ശോശാമ്മച്ചേച്ചിക്ക്‌ ഉണ്ടായത്‌. സാരി ഒന്ന് ചുളുവിൽ തരപ്പെടുത്താം. കത്തും കൊണ്ട്‌ ലോനപ്പൻ ചേട്ടന്റെ അടുത്തേക്കോടി.
‘ദേ നോക്കിക്കേ...’
ശോശാമ്മ ഇത്ര സന്തോഷത്തിൽ തന്റെ അടുത്തേക്ക്‌ പാഞ്ഞു വരണമെങ്കിൽ അത്‌ പരദൂഷണമോ പാരയോ ആവാനേ തരമുള്ളൂ എന്ന് ലോനപ്പൻ ചേട്ടനു നന്നായി അറിയാം. ഈ വീടുണ്ടാക്കിയവൻ കല്യാണം കഴിച്ചിട്ടില്ലായിരിക്കും. അല്ലെങ്കിൽ എല്ലാ മുറിക്കും രണ്ടു വാതിൽ വെച്ചേനെ.
മറ്റൊന്നിനുമല്ല, വാമഭാഗം വാണം വിട്ടതുപോലെ വരുമ്പോൾ വാമനൻ താഴ്ത്തിയ മഹാബലിയെപ്പോലെ അപ്രത്യക്ഷനാവാൻ. ലോനപ്പൻ ചേട്ടൻ ഉറക്കം നടിച്ചു കിടന്നു.
‘ലോനപ്പേട്ടാ ഇതു നോക്കിയേ കല്യാണക്കുറി വന്നിരിക്കുന്നു.’
‘ഓ... എന്തൊരു സ്നേഹം ’ ലോനപ്പൻ ചേട്ടൻ വിചാരിച്ചു. അവളുടെ കൂട്ടുകാരിക്കൊച്ചമ്മമാർ വരുമ്പോൾ അവളുടെ ഒരു വിളി കേൾക്കണം ലോ ലോ എന്ന്. നീയിങ്ങനെ മറ്റുള്ളവരുടെ മുൻപിൽ എങ്കിലും എന്നെ ‘ലോ’ ആക്കല്ലേന്ന് പറയാൻ പലവട്ടം ഒരുങ്ങിയതാണ്. പക്ഷേ പറഞ്ഞില്ല. ‘ലോനപ്പേട്ടാ...’
‘ഓ.. പിന്നേം തുടങ്ങി സംപ്രേക്ഷണം.’
“എന്താ ശോശേ?”
“ദേ പാലപ്പുറത്തെ കുഞ്ഞമ്മേടെ മരുമകന്റെ പെങ്ങടെ കെട്ടിയവന്റെ അമ്മായീടെ ആങ്ങളേടെ മോൾടെ കല്യാണക്കുറിയാ. നോക്കിക്കേ.”
കാർഡ്‌ കൈയിൽ വാങ്ങി.
‘ഓ.. എന്തൊരു അടുത്ത ബന്ധം! ചായയും ചാരായവും പോലെ. ഇവനൊക്കെ അഡ്രസ്സ്‌ നോക്കി ഇരുപത്‌ രൂപയുടെ ഒരു കാർഡ്‌ ബോംബ്‌ തീയും വെച്ച്‌ അയച്ചു വിട്ടാൽ മതി. കിട്ടുന്നവരുടെ വീട്ടിലല്ലേ പൊട്ടുന്നത്‌.
“നമുക്ക്‌ പോകണ്ടേ ഇല്ലേൽ അവർ എന്ത്‌ വിചാരിക്കും.”
“പിന്നെ.. പിന്നെ..”( അവരുടെ വിചാരത്തിന്റെ ഉത്തരത്തിൽ അല്ലേ നമ്മളുടെ ജീവിതം തൂങ്ങിക്കിടക്കുന്നത്‌-- ഇത്‌ ആത്മഗതം)
“അടുത്ത ഞായറാഴച്ചയാണ്. ഇന്ന് ശനി ആയി . ഒരാഴ്ച ഉണ്ട്‌.”
ഇങ്ങനെ പോയാൽ ഇന്ന് മാത്രമല്ല എന്നും ശനി ആയിരിക്കും നമ്മുടെ ലൈഫിൽ എന്ന് ലോനപ്പൻ ചേട്ടൻ വിചാരിച്ചു. അങ്ങനെ ഒരു ഞായറാഴ്ച പോയിക്കിട്ടി. ചെലവു സഹിതം. അന്നു വൈകീട്ട്‌ തന്നെ ലോനപ്പൻ ചേട്ടന്റെ കുറെ പൈസ ഗുഡ്ബൈ പറഞ്ഞു. വസ്ത്രങ്ങൾക്കു വേണ്ടി.

അങ്ങനെ ഞായറാഴ്ച ആയി. ഒരുങ്ങിയിറങ്ങി. ഡിമാന്റ്‌ വന്നു. ‘നമുക്ക്‌ ടാക്സിയിൽ പോകാം.’ കുട്ടികൾ ശോശാമ്മയെ പിൻ താങ്ങി. അവർക്ക്‌ അല്ലേലും എവിടെ എപ്പോ നിക്കണമെന്ന് നന്നായി അറിയാം. മനുഷ്യനു ടാക്സ്‌ അടയ്ക്കാൻ കാശില്ല അപ്പോഴാ ടാക്സി എന്ന് പറയണമെന്നുണ്ട്‌. പക്ഷേ പറയാനുള്ളതെല്ലാം കല്യാണത്തിനു മുൻപ്‌ പറഞ്ഞു തീർക്കണം എന്ന് ലോനപ്പൻ ചേട്ടന് മനസ്സിലായിട്ടുണ്ട്‌. വെറുതേയല്ല പെണ്ണു കാണാൻ ചെല്ലുമ്പോൾ കാരണവർ പറയുന്നത്‌ ചെറുക്കനു വല്ലതും പറയാനുണ്ടേൽ പറഞ്ഞോ എന്ന്. അവിടം കൊണ്ട്‌ പറച്ചിൽ തീരും എന്നാണു അതിനർഥം. ടാക്സി വിളിച്ചു. നരനും നരിയും വാനരന്മാരും കയറി. പള്ളിയിലേക്കു തന്നെ നേരിട്ട്‌ പോകാമെന്ന് വെച്ചു. പെണ്ണിന്റെ വീട്ടിൽ പോകേണ്ട അത്ര അടുപ്പം ഒന്നും ഇല്ലല്ലോ. ഡ്രൈവർ പാട്ടു വെച്ചിട്ടുണ്ട്‌. അതു കേട്ടാൽ തോന്നും പാട്ടുകേൾക്കാൻ വേണ്ടിയാണു ടാക്സി ഓടിക്കുന്നതെന്ന്.
'കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ’ നല്ല പാട്ട്‌ ! പക്ഷേ ‘കരളേ നിൻ കൈ പിടിച്ചാൽ കടലോളം വൻ ചിലവ്‌ ’എന്നാക്കണമെന്ന് മാത്രം.
പള്ളിയുടെ മുന്നിൽ ഇറങ്ങി അങ്ങോട്ട്‌ കയറിച്ചെല്ലുമ്പോൾ തന്നെ വീഡിയോഗ്രാഫർ മുഖ്യമന്ത്രിയെക്കണ്ട പരാതിക്കാരനെപ്പോലെ ഓടിവന്നു. പിള്ളേർ കാറിൽ നിന്ന് ഇറങ്ങിയപാടേ പള്ളിമുറ്റത്ത്‌ കളിക്കുന്ന വാനരസൈന്യത്തിൽ ചേർന്നിരുന്നു. ശോശാമ്മ ക്യാമറ നോക്കി പോസ്‌ വെക്കുകയാണ്. അവളുടെ സന്തോഷം കണ്ടാൽ ഈ കല്യാണം അവളുടേതാണെന്ന് തോന്നും. കെട്ടിനു ഇനിയും സമയമുണ്ട്. ശോശാമ്മ മഹിളാസമാജത്തിൽ ചേർന്നു കഴിഞ്ഞു. പരിചയക്കാരെയൊക്കെ കണ്ടു പുഞ്ചിരിച്ച്‌ വിശേഷങ്ങൾ കൈമാറിക്കൊണ്ടിരിക്കുമ്പോഴാണ് ലോനപ്പൻ ചേട്ടൻ കണ്ടത്‌. സാറാമ്മ! ലോനപ്പൻ ചേട്ടന്റെ ടാലി ആവാത്ത അക്കൗണ്ട്‌. പണ്ട്‌ നൂലു പോലെ മെലിഞ്ഞിരുന്നവൾ ഇപ്പോ ജീവൻ ടോണിന്റെ പരസ്യമോഡൽ പോലെ ഇരിക്കുന്നു. എന്നാലും മുഖം കണ്ടാൽ മാറ്റമൊന്നുമില്ല. പണ്ട്‌ സിനിമാപ്പാട്ട്‌ പുസ്തകത്തിൽ പ്രണയലേഖനം വെച്ച്‌ സാറാമ്മയ്ക്ക്‌ കൊടുത്തതിനാണ് അവളുടെ വീട്ടുകാരും ബന്ധുക്കളും ലോനപ്പൻ ചേട്ടനെ വാഷിംഗ്‌ മെഷീനിലിട്ടലക്കിയ തുണി പോലെ ചുരുട്ടിക്കളഞ്ഞത്‌. ആ ഒരു വാശിയിലാണ് പഠിച്ച്‌ ജോലി വാങ്ങി സാറാമ്മയെ തന്നെ കെട്ടണമെന്ന് ഉറപ്പിച്ച്‌ നാട്ടിൽ തിരിച്ചെത്തിയത്‌. പക്ഷേ അപ്പോഴേക്കും പത്രോസെന്ന കുരിശ്‌ സാറാമ്മയുടെ കഴുത്തിൽ വീണിരുന്നു. പിന്നെ ശോശാമ്മയെ കിട്ടി. കെട്ടി. സാറാമ്മ ചിരിക്കുന്നുണ്ട്‌. ചിരി തിരിച്ചും കൊടുത്തു. ഇതും കണ്ട്‌ ശോശയെങ്ങാൻ വന്നാൽ കണക്കായി. കല്യാണത്തിനു പോകുന്നതേ ഇഷ്ടം ഇല്ലാന്നു അവൾക്കറിയാം. ഇവിടെ വന്ന് ആരോടാ ഇളിച്ചു കാട്ടുന്നത്‌ എന്ന് അവൾ വിചാരിക്കും.വിശ്രമത്തിനു വേണ്ടിയാണ് ഓഫീസിൽ നിന്ന് ഒഴിവു തരുന്നത്‌. ഒരു ഞായർ വിശ്രമമില്ലാതെ പോയിക്കിട്ടി. ഒടുക്കത്തെ ചെലവും.
ചടങ്ങ്‌ തുടങ്ങി. ലോനപ്പൻ ചേട്ടൻ എല്ലാം കാണുന്നതു പോലെ ഇരുന്നു. ചെറുക്കന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ലോനപ്പൻ ചേട്ടൻ മനസ്സിൽ പറഞ്ഞു. ‘ഇന്നൊരു ദിവസം നീ ചിരിച്ചോടാ. നാളെ എന്താന്ന് ആർക്കറിയാം.’
കെട്ടും പാർട്ടിയും വീട്ടിലേക്ക്‌ വിരുന്നു വിളിക്കലും ഒക്കെ കഴിഞ്ഞ്‌ വെയിൽ മായാൻ തുടങ്ങിയ നേരത്ത്‌ ടാക്സിയിലേക്ക്‌ കയറുമ്പോൾ ലോനപ്പൻ ചേട്ടനു മതിയായി. ശോശാമ്മയ്ക്കാണെങ്കിൽ കല്യാണം ഒരു ദിവസം മാത്രം വെക്കുന്നത്‌ എന്തിനാ എന്നൊരു വിചാരം ഉണ്ടെന്ന് ലോനപ്പൻ ചേട്ടനു തോന്നി.
പിറ്റേന്ന് ഉച്ചയ്ക്ക്‌ ഊണുകഴിക്കാൻ വീട്ടിലെത്തിയപ്പോൾ വരാന്തയിൽ ഒരു കത്ത്‌. ആരുടേയോ കല്യാണക്കുറി. അടുക്കളയിൽ തിരക്കായതുകൊണ്ട്‌ ശോശാമ്മ കണ്ടില്ല ഭാഗ്യം. ലോനപ്പൻ ചേട്ടൻ അതു കീറി മുറിച്ച്‌ തെങ്ങിൻ തടത്തിലേക്കിട്ടു.
ശോശാമ്മ പ്രത്യക്ഷപ്പെട്ടു. ‘എന്താ കീറിക്കളഞ്ഞത്‌ ?’
“അത്‌ നമ്മുടെ ഖജനാവ്‌ നശിപ്പിക്കാൻ വേണ്ടി ആരോ അയച്ച പേപ്പർ ബോംബ്‌ ആണെടീ..അതു ഞാൻ നിർവീര്യം ആക്കിക്കളഞ്ഞു. നീ വേഗം ചോറെടുത്ത്‌ വെക്ക്‌. വിശന്നു.”
ശോശാമ്മയ്ക്ക്‌ കാര്യം പിടികിട്ടിയില്ലെങ്കിലും ചോദ്യം ചെയ്യാതെ അകത്തേക്ക്‌ പോയി. ലോനപ്പൻ ചേട്ടൻ ചാരുകസേരയിലേക്ക് വീണു. കത്ത് കണ്ടതിന്റെ വിഷമം തീർക്കാൻ!

Tuesday, December 06, 2005

കളഞ്ഞു കിട്ടിയത് !

‘ഇക്കാ...’
‘ഉം?’
‘ഇന്ന് ഹോസ്പിറ്റലിൽ ഉമ്മയേം കൊണ്ട്‌ പോവേണ്ട ദിവസാണേ.’
കരീം ഉത്സാഹമില്ലാതെ ഇറങ്ങി.
ജീവിതം... ആലോചിച്ചാൽ ഒരു എത്തും പിടിയും ഇല്ലാതെ പോകും. ആലോചിച്ചില്ലെങ്കിൽ ബ്രേക്ക്‌ പോയ വാഹനം പോലെയും. എവിടെയെങ്കിലും തട്ടി മുട്ടി നിക്കുമ്പോഴേ ബോധം വരൂ.
വയ്യാത്ത ഉമ്മ, ഭാര്യ, നാലു കുട്ടികൾ. ഉപ്പ മരിക്കുന്നതിനു മുൻപ്‌ മരിച്ചു ജോലി ചെയ്ത്‌ ഒരു നല്ല വീട്‌ ഉണ്ടാക്കി വെച്ചിട്ടുണ്ട്‌. ആകെയുള്ള ഒരു നല്ല കാര്യം. എന്നാലും ജീവിക്കാൻ ഇനീം വേണ്ടേ കാര്യങ്ങൾ. മുതലാളിയുടെ കനിവ്‌ പോലെയാണ് താൻ ഓടിക്കുന്ന ഓട്ടോയുടെ കാര്യങ്ങൾ. ഓട്ടം കിട്ടിയാലും ഇല്ലെങ്കിലും വാടക കൃത്യമായിട്ട്‌ കൊടുക്കണം.
എന്നത്തേയും പോലെ ആലോചന പോയി. ഏതെങ്കിലും ഒരാൾ--- ഒരൊറ്റ ആൾ ഓട്ടോയിൽ കയറിയിട്ട്‌ ഇറങ്ങിപ്പോകുമ്പോൾ വിലപിടിപ്പുള്ള എന്തെങ്കിലും ഓട്ടോയിൽ വെച്ച്‌ മറന്ന് പോകണേ. വച്ചു മറന്നയാൾ എന്തായാലും അന്വേഷിച്ച്‌ വരും. അപ്പോൾ കൊടുത്തില്ലെങ്കിലും നല്ലൊരു നിലയിൽ എത്തുന്ന കാലത്ത്‌ തീർച്ചയായും തിരിച്ചു കൊടുക്കും. മേൽ വിലാസം വാങ്ങി വെക്കുമല്ലോ ഏതായാലും. മുതലാളിയുടെ വീട്ടിലെത്തി. ഓട്ടോയിൽ കയറി. പതിവുപോലെ യാന്ത്രികമായ ഓട്ടം. പകൽ തീരാൻ തുടങ്ങിയപ്പോഴാണ് ഹോസ്പിറ്റലിൽ പോകേണ്ട കാര്യം ഓർമ്മിച്ചത്‌. ഉണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിപ്പോയപ്പോൾ വീട്ടിലേക്ക്‌ വിട്ടു. ഹോസ്പിറ്റലിൽ പോയി വീട്ടിൽ എത്തിച്ചിട്ട്‌ , മുതലാളിയുടെ വീട്ടിൽ ഓട്ടോ വിട്ട്‌ വന്നിട്ട്‌ വേണം വിശ്രമിക്കാൻ. ഉമ്മയെ കൂട്ടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടറുടെ മുറിക്കു മുന്നിൽ നീണ്ട ക്യൂ. ടോക്കൺ എടുത്ത്‌ ഉമ്മയേം തന്റെ മോളേയും അവിടെ ഇരുത്തിയിട്ട്‌ പിന്നേം യാത്രക്കാരെ കയറ്റി. തിരിച്ചു വന്ന് ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ നിർത്തി. എന്തോ ഉള്ളത്‌ പോലെ തോന്നിയിട്ട്‌ ഓട്ടോയ്ക്കുള്ളിലെ ലൈറ്റ്‌ ഇട്ട്‌ പിൻ സീറ്റിലേക്ക്‌ നോക്കിയപ്പോൾ കരീം ഞെട്ടി. സീറ്റിൽ ഒരു കുഞ്ഞ്‌. എന്നും കിട്ടാൻ പ്രാർഥിക്കുന്നത്‌ പോലെ വിലപിടിപ്പുള്ള ഒന്ന്. കരീമിന് ഒരു നിമിഷം ബോധം പോയി. അടുത്ത നിമിഷം ഒന്ന് പുഞ്ചിരിച്ച്‌ അടുത്ത നടപടികളെക്കുറിച്ച്‌ ആലോചിച്ചു.

Thursday, December 01, 2005

തീരുമാനം!

ഭാരം നിറച്ചു പോകുന്ന വാഹനം പോലെയാണ് തോന്നിയത്‌. കണ്ണുമിഴിച്ചപ്പോൾ ആരോ കിണറ്റിൽ നിന്ന് വെള്ളം കോരുകയാണ്. ചെമ്പരത്തി, മന്ദാരം, ചേമ്പില, താളിച്ചെടി.... ഇവിടെ മാത്രം കിട്ടുന്ന കാഴ്ച. കാണാനും സമയം ഇല്ല, ഉണ്ടാക്കാനും സമയം ഇല്ലാത്ത ഒരിടം, അവിടുത്തെ ലക്ഷ്യമില്ലാത്ത പൊറുതി. ഓർക്കാൻ വയ്യ. തണുത്ത കാറ്റും, അടുക്കളയിൽ നിന്ന് വെളിച്ചെണ്ണ ചൂടായ മണവും ഒരുമിച്ചു വന്നു. പതുക്കെ എണീറ്റു. ഇനിയും രണ്ടുനാൾ കൂടെ ഈ സൌഭാഗ്യങ്ങൾ. അച്ഛൻ ചാരുകസേരയിൽ പുറത്തിരിപ്പുണ്ട്‌. കിണറ്റിൻ കരയിലേക്ക്‌ നടന്നു. കുളിമുറിയുടെ ചുവരിൽ തൂക്കിയിട്ട പ്ലാസ്റ്റിക്‌ കൊട്ടയിൽ ബ്രഷും പേസ്റ്റും. എടുത്തു. പച്ചപ്പ്‌ കണ്ട്‌ പല്ലുതേക്കൽ. കുട്ടിക്കാലത്തേക്ക്‌ പോകുന്നു മനസ്സ്‌. പല്ല് തേക്കുക, അമ്പലക്കുളത്തിലേക്ക്‌ ഓടുക. ഒരുമണിക്കൂർ കഴിഞ്ഞ്‌ അച്ഛനോ അമ്മയോ ദേഷ്യപ്പെട്ടു വരുമ്പോൾ മുങ്ങിക്കയറി വീട്ടിലേക്കോടുക, ചായയും പലഹാരവും കഴിച്ച്‌ സ്കൂളിലേക്ക്‌ ഓടുക. അന്നും ഓട്ടം ഇന്നും ഓട്ടം. അന്നത്തെ ഓട്ടത്തിനൊരു മാധുര്യം, ഇന്നത്തെ ഓട്ടത്തിനൊരു ചവർപ്പ്‌. അത്രേയുള്ളൂ വ്യത്യാസം.

ഉമ്മറത്ത്‌ എത്തിയതും ചായ കിട്ടി. അച്ഛൻ പേപ്പറും വെച്ചു നീട്ടി. കുളത്തിൽ പോകുന്നില്ലേ? ഉം. ഒന്നും തീരുമാനിക്കാത്ത ഒരു മൂളൽ. വായനയിൽ മനസ്സു നിൽക്കുന്നില്ല. ഇനി രണ്ടുനാൾ. അതുകഴിഞ്ഞാൽ ജീവിക്കാൻ വേണ്ടി മാത്രം ആരുടേയോ ജോലിക്കാരൻ ആവാനുള്ള യാത്ര. ഒരു പക്ഷെ ജീവിതയാത്ര തന്നെ അവസാനിച്ചേക്കാവുന്ന ഒരിടം. സ്വാർഥതകളുടെ ലോകം. പിന്നോട്ട്‌ തിരിഞ്ഞ്‌ നോക്കാത്ത ഓട്ടം.
“മാമാ”
‘ ഉം?’

കണ്ണനും ദീപുവും.
“വിമാനത്തിൽ നിന്ന് താഴോട്ട്‌ നോക്കാൻ പറ്റില്ലേ?”
“പറ്റുമല്ലോ”

“എന്നിട്ട്‌ ദീപു പറയ്യാ ഒന്നും നോക്കാൻ പറ്റില്ലാന്ന് . കോളേജിൽ പഠിച്ചു കഴിഞ്ഞാൽ ഞാനും വിമാനത്തിൽ കയറിപ്പോകും.”
ജയിച്ച ഭാവത്തോടെ കണ്ണൻ ദീപുവിനെ നോക്കി. നിഷ്കളങ്കമായ ചിന്തകൾ. വല്യമ്മാവൻ അവധി കഴിഞ്ഞ്‌ പോകാൻ പുറപ്പെടുമ്പോൾ താൻ പറഞ്ഞതും ഇത് പോലെയായിരുന്നല്ലോ എന്നോർത്തു. വിമാനത്തിനു പകരം തീവണ്ടി എന്നായിരുന്നു എന്നു മാത്രം. അന്ന് അമ്മാവൻ പറഞ്ഞതും ഓർമ വന്നു. “അപ്പു എങ്ങോട്ടും പോവേണ്ട,കോളേജ് കഴിഞ്ഞാൽ പഠിക്കുന്ന സ്കൂളിൽ മാഷായാൽ മതി.” അന്ന് അമ്മാവനോട് ദേഷ്യം വന്നു. അമ്മാവൻ അങ്ങനെ പറഞ്ഞത്‌ എന്താണെന്നു ഇന്ന് മനസ്സിലാകുന്നു.
വിട്ടുപോകരുത്‌ ഒന്നും..... നാടും വീടും. ബന്ധങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നതുപോലെ ആയിരിക്കും അത്‌. അന്നു കേട്ടതിന്റെ ശരിയായ അർഥം മനസ്സിലാക്കാൻ ഇന്നു കഴിയുന്നു. ഇപ്പോൾ ഈ കുട്ടികളോട്‌ പറഞ്ഞാലും അവരും മനസ്സിലാക്കില്ല. അനുഭവം. അതിനു മാത്രമേ പാഠങ്ങൾ നൽകാൻ കഴിയൂ.


പറമ്പിലേക്കിറങ്ങി. അടുക്കളയിലെ ജനലിൽക്കൂടെ കാണുന്നുണ്ട്‌. സ്ത്രീകളുടെ തിരക്കിട്ട ജോലി ചെയ്യൽ. നനഞ്ഞ്‌ കിടക്കുന്ന പച്ചപ്പുല്ലുകളിൽക്കൂടെ നടക്കുമ്പോൾ തോന്നി. ഇവിടെ പറ്റില്ലേ ഇനിയും ജീവിതം. അകലെ... അകലേക്ക്‌ പോകുന്നതെന്തിനു? ചെടികൾക്കൊക്കെ തടമെടുത്ത്‌, തേങ്ങ പൊതിച്ച്‌ വിൽക്കാൻ ആളെ ഏൽപ്പിച്ച്‌, അടയ്ക്കയും കുരുമുളകും പറിച്ച്‌ വിറ്റ്‌, ഇലയിൽ ചോറുണ്ട്‌, ഉച്ചമയക്കം കഴിച്ച്‌, കുട്ടികളോടോത്ത്‌ പാടത്തിൻ കരയിൽ കളിച്ച്‌, കുളത്തിൽ കുളിച്ച്‌ അമ്പലത്തിൽ പോയി, സന്ധ്യ കഴിയുമ്പോഴേക്കും അങ്ങാടിയിൽ പോയി കൂട്ടുകാരോടൊത്ത്‌ വലിപ്പച്ചെറുപ്പമില്ലാതെ മിണ്ടിയും പറഞ്ഞും, രാത്രി ഏറെയാവുന്നതിനു മുൻപ്‌ വീട്ടിൽ വന്ന് അത്താഴം കഴിച്ച്‌ കിടന്നുറങ്ങുക. ഓർക്കാൻ തന്നെ എന്തൊരു സുഖം. എന്നിട്ട്‌ ചെയ്യുന്നതോ, പാതിരാ വരെ ടി.വി ക്കും കമ്പ്യൂട്ടറിനും മുന്നിലിരുന്ന് രാവിലെ ആവുമ്പോൾ ഓ.. ജോലിക്കു പോകണ്ടേന്ന് വിചാരം വരുമ്പോൾ ഒരു 10 മിനുട്ട്‌ കൂടെ കഴിയട്ടെ എന്നിട്ട്‌ എഴുന്നേൽക്കാം എന്നും കരുതി മയക്കം. എണീറ്റ്‌ നേരം വൈകിയല്ലോന്നുള്ള ചിന്തയിൽ എല്ലാം ഒരു കാട്ടിക്കൂട്ടൽ. ജോലിക്കു പോകൽ. ഇതിനൊരു അവസാനമില്ലേന്നുള്ള തോന്നലിൽ ജോലി ചെയ്യൽ, വൈകി വീടെത്തൽ, വീട്ടുകാരോട്‌ രണ്ടു വാക്ക്‌ മിണ്ടൽ. അതും ജോലി വീട്ടിലേക്ക്‌ ഇല്ലാത്ത ദിവസങ്ങളിൽ. എന്തൊക്കെയാണു ജീവിതത്തിൽ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌? സ്വാതന്ത്ര്യം, സന്തോഷം, ബന്ധങ്ങൾ....
ഞാൻ ഇനി പോവുന്നില്ലാ.... നിങ്ങളോടൊത്ത്‌ കഴിയാൻ തീരുമാനിച്ചു എന്ന് ചുറ്റുമുള്ള വൃക്ഷങ്ങളോടും ചെടികളോടും ഒക്കെ പറയാൻ തോന്നി. പക്ഷേ അത്ര പെട്ടെന്ന് പറ്റുമോ? ഇനിയും കുറച്ചുകാലം കൂടെയെങ്കിലും നരകത്തിൽ.
തോർത്തുമെടുത്ത്‌ കുളത്തിലേക്ക്‌. പരിചയക്കാരെ കണ്ടു, വഴിയിൽ. തിരിച്ചുപോവാൻ ആയി അല്ലേ. ഉവ്വെന്ന് പറയുമ്പോൾ തേങ്ങുന്ന മനസ്സ്‌. എന്നും ഇതുപോലെ ഇവരെയൊക്കെ കണ്ട്‌, കുശലം പറഞ്ഞ്‌, കുട്ടിക്കാലത്തെ ആ നാൾ ഇനി തിരിച്ചു വരുമോ?കുളത്തിൽ മുങ്ങിക്കിടക്കുമ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. വരുന്നു എന്നു തീരുമാനിച്ചപ്പോഴുള്ള സന്തോഷത്തിന്റെ ഇരട്ടി വിഷമം പോകാനുള്ള സമയം അടുക്കുമ്പോൾ. വീട്ടിൽ തന്നെ എല്ലാവരുടെയും മനസ്സിൽ പോയില്ലെങ്കിൽ എന്താ എന്നൊരു ചോദ്യം ഉണ്ട്‌. ചോദിക്കാൻ ആർക്കും പറ്റുന്നില്ല.

പ്രീത ചോദിക്കാറുണ്ട്‌, ‘വൈകുന്നേരം ഉമ്മറത്ത്‌ വിളക്ക്‌ കൊളുത്തി, നാമം ചൊല്ലി എല്ലാവരോടും മിണ്ടിയും പറഞ്ഞും ഇരിക്കുന്ന ആ സന്ധ്യ ഇനി ഉണ്ടാവില്ലേ’ ന്ന്. എന്തു പറയാൻ. ഓരോ ജോലിയെടുക്കുമ്പോഴും തിരിച്ചുപോകണ്ടേന്ന് ഓർത്ത്‌ ഒരു മരവിപ്പ്‌ വരുമെന്ന് അവൾ പറയാറുണ്ട്‌. വീട്ടിലെ ഓരോ വസ്തുക്കളോടും പോവാറായി പോവാറായി എന്ന് പറയാറുണ്ടത്രേ അവൾ.
ജീവിതം.... അത്‌ മറ്റാരോ നിയന്ത്രിക്കുന്നത്‌ ആവുമ്പോൾ വ്യസനിച്ചിട്ട്‌ എന്തു കാര്യം. അവിടെ തിരിച്ചെത്തിക്കഴിയുമ്പോൾ അവിടത്തെ ആൾ ആയി മാറുന്നതുവരെയുള്ള ഒരു വിഷമം പറയാൻ പറ്റില്ല. അച്ചാറും, പലഹാരങ്ങളും തീരുന്നതുവരെ നോവിപ്പിക്കുന്ന ഓർമകൾ തന്നെ. പിന്നെ വീണ്ടും അവരിൽ ഒരാളായി, ഒഴുക്ക്‌ തന്നെ. മനസ്സ്‌ വീണ്ടും തളിർക്കുന്നത്‌ വീണ്ടും നാട്ടിലേക്ക്‌ പോകാൻ തീരുമാനിക്കുന്ന ദിവസം ആണ്. അപ്പോൾ ഉണ്ടാവുന്ന അവസ്ഥ അവിടുത്തെ ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത ഒന്നാണെന്ന് തോന്നും. ആ തയ്യാറെടുപ്പുകളിൽ പക്ഷേ തിരിച്ചുവരവിന്റെ ഓർമ ഒരിക്കലും കടന്നു വരാറില്ല.
അവിടെ ജീവിതം ആസ്വദിക്കുന്നവരുണ്ടാകുമോ? ഉണ്ടായിരിക്കാം. മനുഷ്യന്റെ മനസ്സ്‌ പലതരത്തിൽ അല്ലേ. ഓരോ വിശേഷദിവസങ്ങളിലും ഉള്ള ഒത്തുചേരൽ, വിട്ടുപോന്ന നാടും വീടും ഓർമ്മിപ്പിക്കുന്നു. ഒന്നോടിപ്പോയി എല്ലാരേം കണ്ടു വരാൻ കഴിഞ്ഞെങ്കിൽ. വിഷമം തോന്നുന്ന അവസരത്തിൽ മനസ്സിൽ വരുന്ന ചിന്ത. മനസ്സുകൊണ്ട്‌ എല്ലാരേം കാണുക. നിസ്സഹായതയിൽ വീണുപോകുന്ന മനസ്സ്‌.
ജോലി ചെയ്തില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാൻ പറഞ്ഞേക്കാവുന്ന മുതലാളിമാർ. ഒരാൾ ഇറങ്ങിക്കിട്ടാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ. കുറച്ചൊരു ആശ്വാസം ഉള്ളത്‌ ഭാര്യയും മക്കളും കൂടെയുള്ളത്‌. അല്ലാത്തവർ എത്ര? എന്തായിരിക്കും അവരുടെ ജീവിതം? വീട്ടുകാർക്ക്‌ വേണ്ടി ജോലിയെടുക്കുന്നു, അവരെ കാണാൻ പറ്റുന്നതോ മൂന്നും നാലും വർഷം കൂടുമ്പോൾ. അകൽച്ചകൾ മാറുമ്പോഴേക്കും തിരിച്ചു വരാൻ ആവും. അവരെയോർത്താൽ ഒരു ആശ്വാസം. പക്ഷേ ഓർക്കാൻ മനസ്സ്‌ വിട്ടിട്ടുവേണ്ടേ.
ഓരോ നിമിഷവും തിരിച്ചുപോകണ്ടേന്നുള്ള ചിന്തയിൽ മനസ്സ്‌ വേവുന്നു. അടുത്ത വരവിൽ കാണാൻ ആരൊക്കെയുണ്ടാകും എന്ന് ഞെട്ടലോടെ ഓർക്കുന്നു. പോയപോലെ തിരിച്ചു വരാൻ കഴിയുമോന്ന് ഓർക്കാതെ പറ്റില്ല. പലരും അവിടെത്തന്നെ ഒടുങ്ങിയിട്ടുണ്ട്.
മനുഷ്യൻ... ഓരോ ആൾക്കാരും ഓരോ തരത്തിൽ നിസ്സഹായരല്ലേ. പിന്നെ അഹങ്കാരം എവിടെ നിന്ന് വരുന്നു?
കുളിച്ചു മടങ്ങുമ്പോൾ ഉറച്ച തീരുമാനം എടുത്തു. പോയി ഏറിയാൽ ഒരു ആറു മാസം കൂടെ. തിരിച്ചുവരവ്‌. അതു ചിന്തിക്കാൻ പോലും ആവാത്തവർ ഉള്ളപ്പോൾ തന്റെ തീരുമാനം സന്തോഷമേ എല്ലാവർക്കും നൽകൂ. വീട്ടിലേക്ക്‌ കയറുമ്പോൾ നാട്ടിൻപുറത്തെ ജീവിതത്തിനെ വരവേൽക്കാൻ ഒരുങ്ങിയ അയാളുടെ മനസ്സിൽ സന്തോഷവും, ചുണ്ടിൽ പുഞ്ചിരിയും ഉണ്ടായിരുന്നു.