Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 27, 2008

വേനല്‍

കറങ്ങിത്തിരിഞ്ഞു വന്നെത്തീ,
വീണ്ടുമീ വേനല്‍ക്കാലം.
കത്തിജ്ജ്വലിക്കുന്ന സൂര്യനും,
ചുട്ടുപൊള്ളുന്ന ഭൂമിയും,
ചുരുങ്ങിപ്പോവുന്ന പുഴകളും,
വരണ്ടുനില്‍ക്കുന്ന പാടവും.
കൊടിയ വേനലാകിലും,
നന്മകള്‍ ചിലത് തന്നിടും.
പൂത്തുനില്‍ക്കുന്നു കൊന്നകള്‍‌,
‍പൂത്തുകായ്ക്കുന്നു മാവുകള്‍,
ചക്കപ്പഴത്തിന്‍ മാധുര്യം
ഇളം കാറ്റോതിപ്പോയിടും.
അവധിക്കാലത്താഹ്ലാദമായ്
ആടിത്തിമര്‍ക്കും കുരുന്നുകള്‍‌.
‍സുഖവും ദുഃഖവും പോലവേ,
മഴയും വേനല്‍ക്കാലവും,
മാറിമാറി വന്നാലേ,
ജീവിതം സൌഖ്യമായിടൂ.
വേനലിലെരിയാതെ നിന്നിടാം,
മഴക്കാലത്തെക്കാത്തിടാം.
മറഞ്ഞുനില്‍ക്കുന്നുണ്ടാവും,
വേനല്‍ മാറിപ്പോവുവാന്‍‌.

Labels:

Monday, February 25, 2008

പങ്കനും ചിന്നിയും

പണ്ടുപണ്ടൊരു ദേശത്ത് കുറേ ജീവികള്‍ ഉണ്ടായിരുന്നു. അവരില്‍ നല്ല കൂട്ടുകാരായിരുന്നു, പങ്കനാനയും ചിന്നിയുറുമ്പും. കൂട്ടുകാരെന്ന് പറഞ്ഞാല്‍ വളരെ സ്നേഹമുള്ള കൂട്ടുകാര്‍. കളിച്ച് ചിരിച്ച്, കിട്ടുന്നതും പങ്കുവെച്ച് അവരങ്ങനെ സുഖമായി ജീവിച്ചു. വലുപ്പച്ചെറുപ്പമൊന്നും അവര്‍ക്കൊരു പ്രശ്നമല്ലായിരുന്നു. ബാക്കിയുള്ള ജന്തുക്കള്‍ക്കൊക്കെ അതിശയമായിരുന്നു ഈ സ്നേഹം.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മനുഷ്യന്‍ വന്ന്, ആനയെ അയാളുടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. കൂട്ടുകാരെയെല്ലാം പിരിയാന്‍ നല്ല വിഷമം ഉണ്ടായിരുന്നെങ്കിലും, മനുഷ്യന്‍ കൊടുത്ത പഴവും, ശര്‍ക്കരയും, തേങ്ങയും ഒക്കെ ഓര്‍ത്തപ്പോള്‍, പങ്കനാനയ്ക്ക് അയാളുടെ കൂടെ പോകുന്നതാണ് നല്ലതെന്ന് തോന്നി. ചിന്നിയെ പിരിയാന്‍ വയ്യല്ലോ. അതുകൊണ്ട് ചിന്നിയേയും കൂടെ കൂട്ടി. അങ്ങനെ മനുഷ്യന്റെ നാട്ടില്‍, അയാളുടെ വീട്ടിലെത്തി. മനുഷ്യരുടെ തിരക്കൊക്കെ കണ്ടപ്പോള്‍, സൂക്ഷിച്ച് ഇരിക്കണമെന്ന് ചിന്നിയോട് പങ്കന്‍ പറഞ്ഞു. പങ്കനു കിട്ടിയ സ്വീകരണത്തില്‍ ചിന്നിയ്ക്ക് വളരെ സന്തോഷമായി.

അങ്ങനെ, പങ്കന്‍ ഉത്സവത്തിനും ആഘോഷങ്ങള്‍ക്കും ഒക്കെ പോയി. എല്ലാവരുടേയും ബഹുമാനവും സ്നേഹവും ഒക്കെ കണ്ട് കണ്ട് പങ്കന് അല്പം അഹങ്കാരം വന്നു. താന്‍ വല്യ ആളാണെന്ന ഭാവം വന്നു. പങ്കനപ്പോള്‍ ഓര്‍ത്തത്, ചിന്നിയെ ഇനിയെന്തിനു കൂടെക്കൂട്ടണം, തനിക്ക് ഇത്രേം ചെറിയ ജീവിയുടെ കൂട്ടൊന്നും ആവശ്യമില്ല, തന്നെപ്പോലെയുള്ള ആനകളെ ഇഷ്ടം പോലെ കാണുന്നുണ്ടല്ലോ, ഇനി കൂട്ട് അവരോട് മതി എന്നാണ്. പങ്കന്റെ മനസ്സില്‍ അങ്ങനെയൊരു ചീത്ത വിചാരം വന്നു.

പിന്നെ പങ്കന്‍ എങ്ങോട്ട് പോകുമ്പോഴും, ചിന്നി കൂടെ വരണ്ട എന്നു പറഞ്ഞു. എനിക്ക് നോക്കാനൊന്നും പറ്റില്ല, തിരക്കിലൊന്നും വരേണ്ട, ഇവിടെയെവിടെയെങ്കിലും ഇരുന്നാല്‍ മതി എന്നു പറഞ്ഞു. പാവം ചിന്നി. പങ്കനോടുള്ള കൂട്ടുകെട്ട് കൊണ്ടാണ് സ്വന്തം നാടും വിട്ട് കൂടെപ്പോന്നത്. പക്ഷെ പങ്കന്‍ പറയുന്നത്, തന്നോടുള്ള സ്നേഹത്തിലാണെന്ന് കരുതി ചിന്നി എവിടേയും പിന്നെ കൂടെ പോയില്ല. പങ്കന്‍ പോയി വരുന്നതും കാത്ത്, മനുഷ്യന്റെ വീട്ടില്‍, കിട്ടുന്നതും തിന്ന് ഇരിക്കും. പങ്കന്‍ വന്നാല്‍ പോയ വിശേഷങ്ങളൊക്കെ ചോദിക്കും. പങ്കന്‍ വല്യ അഹങ്കാരത്തില്‍ എല്ലായിടത്തും കിട്ടിയ സ്വീകരണങ്ങളും, ഭക്ഷണത്തിന്റെ കാര്യങ്ങളും ഒക്കെപ്പറയും. ഇടയ്ക്ക്, നീ വേണമെങ്കില്‍ പഴയ സ്ഥലത്തേക്ക് മടങ്ങിപ്പോയ്ക്കോന്നൊക്കെ പങ്കനാന പറയും. കൂട്ടുകെട്ട് ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് ചിന്നി പോവാന്‍ വിചാരിക്കുകകൂടെയില്ല.

അങ്ങനെയിരിക്കെ ഒരുദിവസം, മനുഷ്യന്റെ കുട്ടികള്‍ വന്ന് പങ്കനെ ഉപദ്രവിച്ചു. പങ്കന് നല്ല ദേഷ്യം വന്ന് ഒരു തട്ടുകൊടുത്തു. അവര്‍ വീണു, പരിക്കുപറ്റി, വീട്ടുകാരോട് കാര്യം പറഞ്ഞു. പങ്കന് നല്ല അടിയും കിട്ടി. അവന്‍ പിറ്റേന്ന് മനുഷ്യന്‍ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍, പോകാന്‍ കൂട്ടാക്കാതെ വാശിയില്‍ നിന്നു. മനുഷ്യന്‍ അവനെ കെട്ടിയിട്ട് പോയി. ഒരു ഭക്ഷണവും കൊടുത്തില്ല. ചിന്നിയ്ക്ക് വിഷമമായി. ചിന്നി, നുള്ളിപ്പെറുക്കിക്കിട്ടുന്നതൊക്കെ കൊണ്ടുക്കൊടുത്തു. പങ്കനാനയ്ക്ക് അതൊന്നും മതിയാവില്ലല്ലോ. പാവം. അഹങ്കാരമൊക്കെ തീര്‍ന്നു, നിലവിളിയായി. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയാല്‍ മതിയെന്നായി. ഒടുവില്‍ ചിന്നിയോട് മാപ്പ് പറഞ്ഞു.

ചിന്നി പറഞ്ഞു, അതൊന്നും സാരമില്ല എന്ന്. ചങ്ങലയില്‍ നിന്ന് അഴിച്ചെടുക്കാന്‍ ചിന്നിയ്ക്ക് ശ്രമിക്കാന്‍ കൂടെ ശക്തിയില്ലായിരുന്നു. ചിന്നി പോയി, സ്വന്തം നാട്ടിലെ കൂട്ടുകാരെയൊക്കെ വിളിച്ചുകൊണ്ടുവന്നു. മനുഷ്യന്റെ വീട്ടിലെ എല്ലാവരും ഉറങ്ങുമ്പോള്‍, മൃഗങ്ങളും ജീവികളുമൊക്കെ ബുദ്ധിമുട്ടിയാണെങ്കിലും പങ്കനാനയുടെ ചങ്ങലക്കെട്ട് അഴിച്ചുകൊടുത്തു. എന്നിട്ട് എല്ലാവരും കൂടെ നാട്ടിലേക്ക് യാത്രയായി.

നാട്ടിലെത്തിയപ്പോള്‍, കഥയൊക്കെ അറിഞ്ഞ മറ്റു കൂട്ടുകാരും, വലിയ മൃഗങ്ങളും ഒക്കെ പങ്കന്‍ ചെയ്തത് മോശമായി എന്ന് പറഞ്ഞു. ചിന്നിയുടെ കൂട്ട് വേണ്ടാന്ന് വിചാരിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞു. പങ്കനാനയ്ക്ക് തന്റെ തെറ്റ് മനസ്സിലായി. ചിന്നിയില്ലായിരുന്നെങ്കില്‍ മനുഷ്യന്റെ വീട്ടില്‍ പട്ടിണി കിടന്ന് മരിച്ചേനെ എന്ന് പങ്കന് തോന്നി. വീണ്ടും അവര്‍ നല്ല കൂട്ടുകാരായി സുഖമായി ജീവിച്ചുപോന്നു.

നല്ലകാലം വരുമ്പോള്‍‍ കൂട്ടുകാരെ ഒരിക്കലും മറക്കരുതെന്നും തള്ളിപ്പറയരുതെന്നും, അത് തെറ്റാണെന്ന്, പങ്കനും, അഥവാ, തള്ളിപ്പറഞ്ഞാലും സ്നേഹം അവിടെ തീരരുതെന്നും ചിന്നിയും ലോകത്തുള്ള എല്ലാ കൂട്ടുകാരോടും പറയുന്നു.

Labels:

Thursday, February 21, 2008

മൌനം ഓടി

മൌനം വന്ന് കുത്തിയിരിപ്പായി.
ഇതിനെയെങ്ങനെയോടിക്കുമെന്ന് ആലോചിച്ച് ഞാനും.
മഴയോടിത്തിരി സംഗീതം ചോദിച്ചപ്പോള്‍,
ചറുപിറാ ചറുപിറാന്ന് ഓടിപ്പോയി.
ഇടിയോടിത്തിരി ആക്രോശം ചോദിച്ചപ്പോള്‍‌,
ചടപടാ ചടപടാന്ന് പേടിപ്പിച്ചു.
മൌനത്തെ വെട്ടിമുറിച്ച്,
കൊത്തിനുറുക്കി,
കെട്ടിത്തൂക്കി,
വേണ്ടവരു വെറുതേയെടുത്തോന്ന്
പറയാമെന്നോര്‍ത്തപ്പോ,
സന്തോഷം വന്ന് ചിരി പൊട്ടിച്ച്,
മൌനത്തെ പേടിപ്പിച്ച് ഓടിച്ചു.

Labels: ,

Tuesday, February 19, 2008

തലയെവിടെ?

അങ്ങനെ ഞാന്‍ വിചാരിച്ചു, എന്നാപ്പിന്നെ കുറച്ച് പെയിന്റടിച്ചേക്കാംന്ന്. ആരേയുമല്ല. തലയണയുറയെ, പില്ലോക്കവറിനെ.
വേണ്ട വസ്തുക്കള്‍- എന്നുവെച്ചാല്‍ വസ്തുക്കളൊന്നും വേണ്ടാന്നല്ല. ഇതിന് ആവശ്യമായ വസ്തുക്കള്‍.

1)സമയം.
2) തലയിണക്കവര്‍ പ്രിന്റ് ഇല്ലാത്തത് അഥവാ പ്ലെയിന്‍‌.
3) ഫാബ്രിക് പെയിന്റിനുള്ള പെയിന്റുകള്‍ ഒരു സെറ്റ്.
ഇതില്‍ സാധാരണ കളറുകള്‍ മാത്രമേ ഉള്ളൂ. പച്ച, നീല, ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നിവയടങ്ങിയ ബോക്സ് കിട്ടും. അതൊക്കെ മതി തല്‍ക്കാലം.
4)പിന്നെ ബ്രഷ് പൂജ്യം നമ്പറും, രണ്ട് നമ്പറും.
5) ഒരു വട്ടം വേണം. അതായത് ഫ്രെയിം. കുറച്ച് വലുതായാല്‍ പെയിന്റടിക്കാന്‍ എളുപ്പം. ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടല്ലോ. മരവും, പ്ലാസ്റ്റിക്കും കിട്ടും.
6) പെയിന്റ് നേര്‍പ്പിക്കാന്‍ ഉള്ള മീഡിയം ഒരു ബോട്ടില്‍‌.‍
7) പെയിന്റ് ചാലിച്ചെടുക്കാന്‍ ഒരു പ്ലേറ്റ്, അല്ലെങ്കില്‍ അതിനായി കിട്ടുന്ന പ്ലേറ്റ്.
8) ഒരു പഴയ തുണിക്കഷണം.
9) പഴയ മഗ്ഗില്‍, കപ്പില്‍ അല്‍പ്പം പച്ചവെള്ളം.
10) കുറച്ച് ഐസ്ക്രീം, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്ക്, എന്നിവ നിങ്ങളുടെ സൌകര്യം പോലെ. മതി. ഇത്രേം മതി. പെയിന്റിംഗ് തുടങ്ങാം.
ആദ്യം തലയിണക്കവര്‍ പുതിയത് കൊണ്ടുവന്നാല്‍, അത് കുറേ നേരം എന്നുവെച്ചാല്‍ ഒന്നു രണ്ട് മണിക്കൂര്‍ വെറും വെള്ളത്തിലിട്ട് കഴുകിയെടുക്കണം. അതിലെ കഞ്ഞിപ്പശയൊക്കെ പോകണം. എന്നാലേ പെയിന്റ് ശരിക്കും പിടിച്ചുനില്‍ക്കൂ. കഴുകിയുണക്കിയിസ്തിരിയിടുക.
എന്നിട്ട് ചിത്രം നിങ്ങള്‍ക്കിഷ്ടമുള്ളത് വരയ്ക്കുകയോ ട്രേസ് ചെയ്യുകയോ ചെയ്യുക. രാത്രി ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍‌ പിന്നേം ഞെട്ടിപ്പിക്കുന്ന ഡിസൈന്‍ ആവരുതെന്നു മാത്രം ശ്രദ്ധിക്കുക. ;)

എന്നിട്ടാണ് അത് ഫ്രെയിമില്‍ ആക്കേണ്ടത്. തലയണയുറ ഫ്രെയിമില്‍ ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാല്‍, തലയിണയിടും പോലെ തന്നെ ഫ്രെയിമും ഇടണം. അല്ലാതെ കവര്‍ മുഴുവന്‍ കൂട്ടിപ്പിടിച്ച് ഫ്രെയിം ഇട്ടാല്‍, മുന്നിലടിക്കുന്ന പെയിന്റ് പിന്നിലെ ഭാഗത്തും പതിയും, കവര്‍ വൃത്തികേടാവും. ഒരു ലെയര്‍ വെച്ച് ഫ്രെയിം ഇട്ട് ഉറപ്പിക്കുക.
എന്നിട്ട് ഐസ്ക്രീം ഉണ്ടെങ്കില്‍ തിന്നുക.
അതുകഴിഞ്ഞ്, പെയിന്റ് കലക്കിവെക്കുന്ന പാത്രത്തില്‍, ആവശ്യമുള്ള കളര്‍ പെയിന്റ് മാത്രം, രണ്ടോ മൂന്നോ തുള്ളി ഒഴിയ്ക്കുക. മീഡിയം ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് നേര്‍പ്പിക്കുക. വെള്ളപ്പൊക്കം ആക്കരുത്. ശ്രദ്ധിക്കുക.
എന്നിട്ട് ബ്രഷെടുത്ത് പെയിന്റില്‍ മുക്കി, ഡിസൈന് ആ കളര്‍ വേണ്ടുന്ന സ്ഥലത്ത് ഔട്ട്‌ലൈന്‍ ഇടുക.
ഔട്ട്‌ലൈന്‍ ഇട്ടുകഴിഞ്ഞാല്‍ ഉള്ളില്‍ പെയിന്റ് ചെയ്യുക. ഡിസൈന്‍ നമ്മുടെ ഭാഗം പിടിച്ച് മറുവശത്തേക്ക് ബ്രഷോടിക്കുക. അതൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ബ്രഷ് കഴുകുക. തുണിയില്‍ തുടയ്ക്കുക. അടുത്ത കളര്‍ എടുക്കുക, നേര്‍പ്പിക്കുക, ഔട്ട്‌ലൈന്‍ ഇടുക, നിറയ്ക്കുക.
അണ്ടിപ്പരിപ്പ് തിന്നുക. വെള്ളം കുടിയ്ക്കുക.
ഇനി ഇലയും പൂക്കളും ഒക്കെ ആയിക്കഴിഞ്ഞാല്‍ കുറച്ച് വിശ്രമിക്കുക. അതൊന്ന് ഉണങ്ങട്ടെ. തോന്നിയപോലെ ഇടരുത്. സാവധാനം ചാരിവയ്ക്കുക. അല്ലെങ്കില്‍ പിന്നിലാവും പെയിന്റ്.
തണ്ട് ഞാന്‍ ചെയ്തത്, ചുവപ്പും പച്ചയും കൂട്ടിക്കലര്‍ത്തിയാണ്. അതു മാത്രമാണ് ഈ ഡിസൈനില്‍ ആകെയുള്ള മിക്സ് കളര്‍. വല്യ ഡിസൈന്‍ ആണെങ്കില്‍ ഇഷ്ടം പോലെ മിക്സ് കളര്‍ പരീക്ഷിക്കാം. വേറെ കളര്‍, ബോക്സില്‍ സെറ്റ് ആയിട്ടല്ലാതെ കിട്ടുന്നതും വാങ്ങിക്കാം. പൂക്കള്‍, അല്ലെങ്കില്‍ ഡിസൈന്‍ ഒക്കെ നോക്കിയിട്ട്. സിമ്പിള്‍ ഡിസൈന്‍ ആവുമ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ.
തണ്ടും ചെയ്യുക. ഇലയില്‍ നടുക്ക് വേണമെങ്കില്‍ മഞ്ഞ കൊണ്ട് ചെയ്യാം. അല്ലെങ്കില്‍ വെറും പച്ച ആയാലും കുഴപ്പമില്ല. ഇതൊരു സാദാ ഡിസൈന്‍ അല്ലേ? ആര്‍ക്കും എളുപ്പം ചെയ്യാം. ഏത് സൂവിനും ചെയ്യാം. ;)
ഉണങ്ങാന്‍ വയ്ക്കുക. ചുളിവുണ്ടെങ്കില്‍ ഇസ്തിരിയിട്ട് എടുക്കുക. കളറൊന്നും പോവില്ല, കഴുകിയാല്‍. ഞാന്‍ പണ്ട് ചെയ്തതൊക്കെയുണ്ട്. സാരിയും, ബെഡ്‌ഷീറ്റും, ടീപ്പോയ് ഷീറ്റും, പില്ലോക്കവറും ഒക്കെ. സാരി പഴകിയിട്ട് ആര്‍ക്കോ കൊടുത്തു.


തയ്യാര്‍‌.
തലയണയെവിടെ? കൊണ്ടുവന്ന് കവര്‍ ഇട്ട് ഭംഗി നോക്കൂ.
തലയെവിടെ?

Labels: , , , ,

Sunday, February 17, 2008

ഹെന്റമ്മോ.........

ഫെബ്രുവരി 15 വൈകുന്നേരം 5.30 അടുക്കളയില്‍ ചായയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ചേട്ടന്‍ ജോലിയും കഴിഞ്ഞ് വന്നേയുള്ളൂ.
“സു, നീ പാമ്പിനെ കണ്ടിട്ടുണ്ടോ?”
“പിന്നെ കാണാതെ.”
അര മണിക്കൂര്‍ നിര്‍ത്താതെ പറയാനൊരു വിഷയം കിട്ടിയ സന്തോഷത്തില്‍, പാമ്പിനെക്കുറിച്ചും, വീട്ടില്‍ പണ്ട് കയറിവരാറുണ്ടായിരുന്ന ചേരപ്പാമ്പിനെക്കുറിച്ചും, കുളത്തില്‍ കാണുന്ന മണ്ടലിപ്പാമ്പിനെക്കുറിച്ചും, പിന്നെ ഗമ കുറയ്ക്കണ്ടാന്ന് കരുതി, മൃഗശാലകളിലും, പാമ്പുവളര്‍ത്തുകേന്ദ്രത്തിലും കാണുന്ന പാമ്പുകളെക്കുറിച്ചും, ചാനലില്‍ കാണുന്ന പാമ്പുകളെക്കുറിച്ചും ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. ചായ തിളയ്ക്കുന്നുണ്ട്. പാമ്പെന്ന് പറഞ്ഞാല്‍ പുല്‍ക്കൊടിയാണെന്ന ഭാവത്തില്‍ ചേട്ടന്റെ അടുത്ത ചോദ്യത്തിന് കാതോര്‍ത്തു. ഒന്നും കേള്‍ക്കുന്നില്ല.
“ഇപ്പോ എന്താ പാമ്പിനെക്കുറിച്ച് പറയാന്‍? വരുന്നവഴിയില്‍ കണ്ടോ?”
“ഇല്ല. ഇപ്പോ നിന്റെ പിന്നിലുണ്ട്. നിനക്ക് പേടിയൊന്നുമില്ലല്ലോ.”
“എന്റമ്മോ...”
തിരിഞ്ഞുനോക്കുമ്പോള്‍, അടുക്കള കഴിഞ്ഞ് ടി വി വച്ചിരിക്കുന്ന മുറിയില്‍ ഒരു വല്യ പാമ്പിന്റെ കുട്ടിപ്പാമ്പ്. അത് മിനുസമുള്ള പ്രതലത്തില്‍ നിന്ന് എങ്ങോട്ടും പോകാന്‍ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കളിക്കുന്നു.
ചേട്ടനോട് പറഞ്ഞു, “ഞാന്‍ ചായയൊക്കെ വയ്ക്ക്യല്ലേ, ഇനിയിപ്പോ അതിന്റെ പിന്നാലെ പോയാല്‍ നേരം വെറുതേ പോകും. ചേട്ടന്‍ ആ ചൂലുകൊണ്ട് ഒന്ന് തോണ്ടിക്കളയ്. ഹും...ഇതൊക്കെയൊരു പാമ്പാണോ? ഇതിനെയൊക്കെ ചേട്ടന്‍ കൈകാര്യം ചെയ്താല്‍ മതി.” എന്നുവെച്ചാല്‍ വല്ല മൂര്‍ഖനോ രാജവെമ്പാലയോ വന്നാല്‍ “തോണ്ടിക്കളയാനേ” എന്റെ ഗമ അനുവദിക്കൂ എന്ന്. ;)
ചേട്ടന്‍ ഒരു ചൂലെടുത്ത് അതിനെ ഓടിച്ചു വന്നു.
“ഭാഗ്യം വൈകുന്നേരം തന്നെ കണ്ടത്. ഇല്ലെങ്കിലോ?”
ചേട്ടന്‍ ഒന്നും മിണ്ടിയില്ല. പിന്നെ കുറച്ച് കഴിഞ്ഞ് പതുക്കെപ്പറഞ്ഞു.

“അത് പോയെന്ന് എനിക്കു വല്യ വിശ്വാസമില്ല. ചൂലിന്റെ ഉള്ളിലേക്ക് കയറി. ഞാന്‍ പറമ്പില്‍ കൊണ്ടുചെന്ന് തട്ടിയിട്ടൊന്നും പോയപോലെ എനിക്കു തോന്നിയില്ല.” എന്ന്!

ഇനിയിപ്പോ ഞാന്‍ വിശ്വസിച്ച് എങ്ങനെ ആ ചൂലെടുക്കും എന്ന് വിചാരിച്ച് പിറ്റേന്ന് പകല്‍ ആ ചൂലെടുത്ത്, ചേകവന്മാര്‍ കാണിക്കുന്ന വാള്‍പ്പയറ്റ് പോലെ ഒരു ചൂല്‍പ്പയറ്റ് നടത്തി. ഒന്നും കണ്ടില്ല. ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ അത് “ശൂ...ശൂ...” എന്ന് വിളിക്കുമായിരിക്കും. ;)

Labels:

Thursday, February 14, 2008

പൂവാലന്റൈന്‍സ് ഡേ

പ്രണയം വേണം.
ജീവിതത്തോടെങ്കിലും.
എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍‌.


Labels: ,

Wednesday, February 13, 2008

ഓര്‍ക്കേണ്ടത്

ഉയര്‍ച്ചയിലുണരുന്ന മനസ്സിനെനോക്കി,
ദൈവം മൊഴിയുന്നു നീ നിന്നെയറിയുക.
കാലങ്ങള്‍ നീട്ടുന്ന സൌഭാഗ്യങ്ങളില്‍
‍സ്വയം മറന്നു പൊഴിഞ്ഞുപോവാതീടുക.

താഴ്ചയിലലറുന്ന മനസ്സിനെ നോക്കി,
ദൈവം മൊഴിയുന്നു നീ നിന്നെയറിയുക.
ഓരോ നോവിലും, വയ്യെന്ന നിനവിലും,
അന്ത്യമെന്നോര്‍ക്കാതുണര്‍ന്നു നിന്നീടുക.

ഇത്രയും പാതകള്‍ പിന്നിട്ടുപോരിലും,
എത്രയോ ദൂരം ബാക്കിയെന്നാകിലും,
മനസ്സു തളര്‍ത്തി സ്വയം തകരാതെ നീ,
നല്ലതു ചിന്തിച്ചു മുന്നോട്ടുപോവുക.

ലക്ഷ്യമൊന്നുണ്ടെങ്കില്‍ നേടാന്‍ കഴിഞ്ഞിടും,
ആത്മവിശ്വാസം കൈമുതലാക്കുക.
പ്രാര്‍ത്ഥനയിലൂടെന്നും ദൈവത്തെയോര്‍ക്കുക,
തുണയായി കൂടെയുണ്ടാവുമെന്നോര്‍ക്കുക.

എത്ര ചെറിയൊരു ജന്മമെന്നാകിലും,
മഹത്തരം ജീവിതമെന്നതോര്‍മ്മിക്കുക.
ആരും പിന്നിലും, മുന്നിലുമല്ലല്ലോ,
എല്ലാവരും ദൈവമക്കളെന്നോര്‍ക്കുക.

നീ നടന്നകലും വഴിയിലൂടെ,
പലരും കടന്നുവന്നീടുമെന്നോര്‍ക്കുക.
പിന്‍‌ഗാമികള്‍ക്കായി വിട്ടുപോയീടുക,
വീഥിയില്‍‌, പൂക്കളും, അല്പം വെളിച്ചവും.

Labels:

Monday, February 11, 2008

കണ്ടാല്‍ മതി, തിന്നാന്‍ പറ്റില്ല

നിങ്ങളോട് ഞാന്‍ കുറച്ചുദിവസം മുമ്പ് എന്തു പറഞ്ഞു? പലതും പറഞ്ഞു എന്നല്ലേ? ഒരു വിദ്യ പുതിയത് പഠിക്കും എന്നു പറഞ്ഞില്ലേ? മിടുക്കി, ഇത്രവേഗം പഠിച്ചോ, അങ്ങനെവേണം എന്നൊക്കെ നിങ്ങളെന്നെ പുകഴ്ത്തിയാല്‍ എനിക്കു വല്യ സന്തോഷം തന്നെ. എന്നുവെച്ച് ഞാനിത്രവേഗം വിദ്യ പഠിക്കും എന്നൊന്നും നിങ്ങള്‍ കരുതരുത്. നിങ്ങള്‍ അങ്ങനെ കരുതാന്‍ പോലും കരുതുന്നില്ല എന്നല്ലേ? എനിക്കറിയാം.
ഈ വിദ്യ പഠിച്ചത്, എംബ്രോയ്‌ഡറി പഠിക്കാന്‍ (എന്നും പറഞ്ഞ്) പോയപ്പോഴാണ്. ടീച്ചറുകുട്ടി എന്നോട് പറഞ്ഞു ഇങ്ങനെ ഒരു വിദ്യ ഉണ്ടെന്ന്. എന്നാ പഠിച്ചുകളയാം എന്നു ഞാനും. എന്നിട്ട് നിങ്ങള്‍ പഠിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. അറിവ് പങ്കുവെച്ചേക്കാം എന്നു ഞാന്‍ കരുതി.
ഇതൊരു പാവം പാവ. പക്ഷെ ഇതെന്തുകൊണ്ടാണെന്ന് പറയുമ്പോള്‍ നിങ്ങളെന്നെ തല്ലാന്‍ വരരുത്. ഇതാണ് ബ്രഡ് പാവ. പണ്ട് കുട്ടിക്കാലത്ത്, പനിപിടിക്കുമ്പോള്‍, കാപ്പിയില്‍ മുക്കിത്തിന്നാന്‍ ആണ് ബ്രഡ് വാങ്ങാറ്. ഇപ്പോ അതുപോലും ഇല്ല. എന്നാപ്പിന്നെ ഇത് ട്രൈ ചെയ്തിട്ടു തന്നെ കാര്യം എന്ന് ഞാനുറപ്പിച്ചു. ഞാന്‍ ഒരു കലാകാരിയേ അല്ല. എന്നാലും ശ്രമിക്കുന്നതില്‍ നഷ്ടം ഇല്ലല്ലോ.
നവരാത്രിയ്ക്ക് കൊലു വയ്ക്കുന്നത് കണ്ടിട്ടുണ്ട് . കുറേ പാവകളും, ദൈവങ്ങളും ഒക്കെ. അതെനിക്കു കാണാന്‍ വല്യ ഇഷ്ടം ആണ്.

ഇതിനു വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. പിന്നെ കുറച്ച് സമയവും.
ബ്രഡ്
ഫെവിക്കോള്‍
‍സിങ്ക് പൌഡര്‍ (ഉറുമ്പ് വരാതിരിക്കാന്‍ ഇടുന്ന പൊടി ആണ്. അതെന്താന്നു കൃത്യമായി എനിക്കറിയില്ല. ടീച്ചര്‍ പറഞ്ഞു, ഞാന്‍ വാങ്ങി.)
ചെറിയ കുപ്പി
ഒരു കഷണം കമ്പി. കലണ്ടറിന്റെ മുകളില്‍ ഉള്ളതും മതി.


പിന്നെ കുറച്ച് കളറുകള്‍. ഓയിലോ, ഫാബ്രിക്കോ എന്തെങ്കിലും. മെറ്റാലിക് ആണെങ്കില്‍ വളരെ നല്ലത്.
ആദ്യം തന്നെ ഒരു പാക്കറ്റ് മധുരമില്ലാത്ത ബ്രഡ് വാങ്ങുക. അത് ഫ്രിഡ്ജില്‍ മുഴുവന്‍ വേറെ വേറെ തുറന്നുവയ്ക്കുക. പിറ്റേ ദിവസം അരിക് കളഞ്ഞ് പൊടിക്കുക. ഫെവിക്കോള്‍ (200ഗ്രാം വാങ്ങുക) ഒഴിച്ച്, സിങ്ക് പൌഡറും ഇട്ട് കുഴയ്ക്കുക.




ചപ്പാത്തിപ്പലകയില്‍ പരത്തുക. ആവശ്യം പോലെ മുറിച്ചെടുക്കുക. വേഗം വേഗം ചെയ്തില്ലെങ്കില്‍ ഉറച്ചുപോകും. പിന്നെ വിട്ടുപോരും. ശരിക്കു നില്‍ക്കില്ല.




ആദ്യം ലെയറായിട്ട് പാവാടപോലെ ഉണ്ടാക്കി കുപ്പിയുടെ അടിമുതല്‍ ഒട്ടിക്കുക. രണ്ടോ മൂന്നോ ലെയര്‍.




ഒരു തലയും മൂക്കും ഉണ്ടാക്കി കമ്പിയില്‍ കുത്തിനിര്‍ത്തി കുപ്പിയില്‍ ഇറക്കിവയ്ക്കുക.



എന്നിട്ട് അതിനുകീഴെ ബോഡിപാര്‍ട്ട് ഉണ്ടാക്കി പിടിപ്പിക്കുക.




കൈ പിടിപ്പിക്കുക. തലയില്‍ ഒരു കഷണം കൂടെ മുടിയ്ക്ക് വേണ്ടി പിടിപ്പിക്കുക.


ഒരു ഫ്രില്‍ ഉടുപ്പ്, ഉണ്ടാക്കി പിടിപ്പിക്കുക. ഉണങ്ങാന്‍ വയ്ക്കുക.

ഉണങ്ങിക്കഴിഞ്ഞാല്‍ പെയിന്റ് ചെയ്യുക.






കണ്ണും ചുണ്ടും വരച്ചുപിടിപ്പിക്കുക.

വേറെ വേറെ രീതിയില്‍ ചെയ്യാം. നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ. കുഴച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് പരത്തി ഷേപ്പ് വരുത്തണം. സമയം നീങ്ങിയാല്‍പ്പിന്നെ ഒന്നും ശരിയാവില്ല. ഇവിടെ
അങ്ങനെ ആയി. കൈ ശരിക്കു കിട്ടിയില്ല. ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ നല്ലത്. ഞാന്‍ ഒറ്റയ്ക്ക്
ആയിരുന്നതുകൊണ്ട് വേഗം വേഗം ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കുറച്ച് കുഴപ്പങ്ങള്‍ വന്നിട്ടുണ്ട്. കൈ തീരെ ശരിയായില്ല. പിന്നെ അവിടവിടെയായി മുറിഞ്ഞുപോയി. ശരിക്കുകുഴച്ച് പെട്ടെന്ന് ചെയ്താല്‍ ഇതൊക്കെ കൃത്യമായിട്ട് വരും. പിന്നെ മുഴുവന്‍ പെയിന്റ് ചെയ്യണം. ഞാന്‍ അവിടവിടെയായി വിട്ടിട്ടുണ്ട്.

Labels: , ,

Friday, February 08, 2008

എലിമിനേഷന്‍

കടിച്ചുപിടിച്ച് നില്‍ക്കുന്നുണ്ട് നിശ്ശബ്ദത,
പൊട്ടിത്തെറിക്കാതിരിക്കാന്‍ സ്വയം ശാസിക്കുന്നുണ്ട്.
അതിനിടയ്ക്കാണ് ചിലര്‍ തലതാഴ്ത്തിനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിനും, തിരസ്കരിക്കലിനും കാത്ത്,
ശൂന്യതയിലേക്ക് കണ്ണുംനട്ട്,
മൌനമൊടുങ്ങുന്നതും കാതോര്‍ത്ത്.
ആധി, ആത്മവിശ്വാസത്തിന്റെ തലയില്‍ക്കയറി
ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
വിധിയെഴുതിവെച്ചതിലേക്ക് മനസ്സ് ചാഞ്ഞിരിക്കുന്നു,
കണ്ണ് കൊതിക്കുന്നുണ്ട് കാണാന്‍,
വായിച്ചെടുക്കാനുള്ള വെമ്പലോടെ.
വെട്ടേണ്ടത് വെട്ടണം,
വാഴ്ത്തേണ്ടത് വാഴ്ത്തണം.
വിധികര്‍ത്താവ് ദൈവത്തെയോര്‍ത്തത്,
പ്രാര്‍ത്ഥിക്കാനല്ല,
തന്നെയൊരിക്കലും വെട്ടാതിരുന്നവല്ലോ!
ഓര്‍മ്മയുണ്ടായതപ്പോഴാണ്.
വിധിയെളുപ്പമായി പിന്നെ,
വെട്ടിയില്ലൊന്നിനേയും,
കൂട്ടത്തില്‍ വാഴാന്‍ വിട്ടു.
വിധി കാത്ത് നിന്നിരുന്ന വാക്കുകളോരോന്നായ്
കവിതയ്ക്കുള്ളിലേയ്ക്ക് തിരിച്ച് കയറി.
വേര്‍പിരിക്കുന്നതിന്റെ നോവ്,
അനുഭവിച്ചില്ലെന്ന ആഹ്ലാദത്തോടെ
വിധികര്‍ത്താവും ദൈവവും,
വേര്‍പിരിക്കപ്പെട്ടില്ലെന്ന ആശ്വാസത്തോടെ,
ഒഴിഞ്ഞുപോകണമെന്നോര്‍ത്ത് ഭയന്നുനിന്ന വാക്കുകളും.
കാണുന്നവരിത്തിരി
കരുണകാണിച്ചാല്‍മതിയിനി.
ഒഴിവാക്കപ്പെടുന്നതിന്റെ വ്യഥ
കാഴ്ച കാണുന്നവര്‍ക്കറിയാന്‍ വഴിയില്ല.
അവര്‍ക്ക് പുറം കാഴ്ചയേ കാണൂ,
ഉള്ളില്‍ പിടയ്ക്കുന്ന കരളു കാണില്ല!

Labels:

Wednesday, February 06, 2008

തിരിച്ചുപോക്ക്

എന്നെത്തിരഞ്ഞ്, മിന്നിപ്പൊങ്ങിവരുന്ന നക്ഷത്രങ്ങളിലേക്കിപ്പോള്‍ കണ്ണോടിക്കുന്നുണ്ടാവുമോ? മുഖത്തെ ദേഷ്യം പതിവുപോലെ രസമായിരുന്നു. മണ്ണിനും കല്ലിനും മുകളില്‍ക്കൂടെയും എനിക്ക് അവനെ കാണാമായിരുന്നു. റോസാപ്പൂ എന്റെ മേലെയെറിഞ്ഞ് മൌനമായി തിരിച്ചുപോകുന്നത് ഞാന്‍ കണ്ടു. ഇത്തവണ ദൈവത്തിനോടാവും ദേഷ്യം വന്നത്. നക്ഷത്രമായാല്‍പ്പോലും പിന്നാലെ നടന്നു പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞത് സത്യമായി. പള്ളിയില്‍ മുട്ടുകുത്തിയിരുന്നു കരഞ്ഞപ്പോഴും, അമ്പലത്തിലേക്ക് നീണ്ട് കിടക്കുന്ന പടികള്‍ ഓടിക്കയറി, അമ്പോറ്റീയിവനെ തുണയ്ക്കണേയെന്ന് മനസ്സില്‍ അലമുറയിട്ടപ്പോഴും ആകാശമേ കാക്കണേയെന്ന് കൈകള്‍ ഉയര്‍ത്തി വിളിച്ചപ്പോഴും, ഭൂമിയേ കരുണകാണിക്കണേ എന്ന് പറഞ്ഞ് കൈകള്‍ താഴ്ത്തി ആക്ഷന്‍ കാണിച്ചപ്പോഴും ദേഷ്യപ്പെട്ടിരുന്നു. ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍ എന്ന് തമാശ പറഞ്ഞപ്പോഴാണ് ആദ്യമായി ദേഷ്യപ്പെട്ടത്. ദേഷ്യം ഓര്‍മ്മയില്‍ വന്നു. ആര്‍ക്കും ആര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞതെപ്പോഴായിരുന്നു? സ്നേഹവും വാത്സല്യവും മതിയെന്ന് കൂട്ടിച്ചേര്‍ത്തത്? ഓര്‍മ്മയില്ല. പ്രാര്‍ത്ഥന എന്ന വാക്ക് ഇടയിലേക്ക് ആദ്യമായി കടന്നുവന്നതും അപ്പോഴായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ ദിവസം നല്ലതായിരുന്നു. വാത്സല്യവും, സ്നേഹവും, കൂടിക്കലര്‍ന്ന സൌഹൃദം എന്നും അനുഗ്രഹമാണ്.


(ഇത് റിവേഴ്സ് കഥ പോലെ ആയോന്ന് അറിയില്ല. ആശയം അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥന്‍ .
പണ്ട് 50 വാക്കില്‍ കഥയെഴുതാന്‍ പറഞ്ഞപ്പോഴും ശ്രമിച്ചിരുന്നു. രണ്ടെണ്ണം എഴുതുകയും ചെയ്തു.)

Labels:

Tuesday, February 05, 2008

അതുമതി

ആകാശമേ,
എനിക്കു നിന്നെപ്പോലെ എന്നും ഉയരത്തില്‍ ഇരിക്കേണ്ട.
മേഘങ്ങളെപ്പോലെ പറന്നുനടക്കേണ്ട,
തിരയെപ്പോലെ ആഞ്ഞടിക്കേണ്ട,
കടലിനെപ്പോലെ,
നിധികളൊളിപ്പിച്ച് അറിയാത്ത ഭാവം കാണിക്കേണ്ട,
ഭൂമിയെപ്പോലെയെന്നും സര്‍വ്വംസഹയായി ഇരിക്കേണ്ട,
മഴയെപ്പോലെ പെയ്തൊഴിയേണ്ട.
എനിക്ക്,
മനുഷ്യജന്മത്തിന്റെ എല്ലാ നിസ്സഹായതയിലും,
എല്ലാ നേട്ടത്തിലും,
വ്യസനിച്ചും, ആഹ്ലാദിച്ചും,
ചിന്തിച്ചും,
നടന്നുനടന്നുനടന്ന്
ഒടുവിലൊടുങ്ങിയാല്‍ മതി!

Labels:

Sunday, February 03, 2008

കൊല്ലരുത്

രാധ
സീത
ശകുന്തള
ആത്മാര്‍ത്ഥപ്രണയമെന്നത് ഉപേക്ഷിക്കപ്പെടലാണെങ്കില്‍,
ഹൃദയത്തിലേക്കൊരു കത്തികയറ്റുന്നതുപോലെ പറയുന്നു,
ഉപേക്ഷിച്ചോ, മരിച്ചോളാം.
പക്ഷെ,
ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത് വേദനിപ്പിച്ച് കൊല്ലരുത്.

Labels:

Friday, February 01, 2008

അതു പോയീ...

അതു പോയീ...
കുന്തത്തിലും കുടത്തിലും തപ്പി,
കടലിലും കായലിലും തപ്പി,
കുളത്തിലും കളത്തിലും തപ്പി,
ആകാശത്തും ഭൂമിയിലും തപ്പി,
കരയിലും കയറിലും തപ്പി,
കിടങ്ങിലും കിണറ്റിലും തപ്പി,
എന്നിട്ടും കണ്ടുകിട്ടിയില്ല.
അപ്പഴാണ് മനസ്സിലായത്.
അതു പോയീ...
എന്റെ ഹൃദയം!
അതേതോ പ്രണയത്തിനു പിന്നാലെ ഇറങ്ങിപ്പോയത്രേ!

Labels: