Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, October 31, 2008

രാധാസമേതാകൃഷ്ണാ

പെയിന്റടിച്ചേക്കാമെന്നുവെച്ചു. ആരെയെങ്കിലും പെയിന്റടിക്കുന്ന കാര്യമല്ല പറഞ്ഞത്. അങ്ങനെയൊരു സ്വഭാവം എനിക്കില്ല. ഐസുകട്ടയിൽ പെയിന്റടിക്കരുത് എന്നും ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ വേറൊരു പെയിന്റടി നടത്താമെന്നു വിചാരിച്ചു.
എന്തൊക്കെ വസ്തുക്കൾ വേണമെന്നു പറയാം ആദ്യം തന്നെ.
കറുത്ത കട്ടിയുള്ള കോട്ടൺ തുണി. - ഡിസൈൻ വരക്കാനും അല്പം, ഫ്രെയിം ചെയ്യാനോ മറ്റോ വേണ്ടിവന്നാൽ മടക്കാനും കൂടെ കരുതിയിട്ട് അളവ് നോക്കി വാങ്ങുക. തുണി, കുറച്ചുനേരം വെള്ളത്തിൽ മുക്കിവെച്ച് നനച്ചിട്ട്, ഉണക്കി ഇസ്തിരിയിട്ടെടുക്കുക.
വെള്ള കാർബൺ പേപ്പർ. നിങ്ങൾക്ക് ചിത്രം വേറെ കടലാസ്സിൽ നിന്ന്, തുണിയിലേക്ക് ട്രേസ് ചെയ്യണമെങ്കിൽ മാത്രം. നേരിട്ട് വരയ്ക്കുന്നവർക്ക് ആവശ്യമില്ല.
ബ്രഷുകൾ - ചെറിയതും, നേർത്ത വര വരയ്ക്കാൻ പറ്റുന്നതും ആയ ഒന്നോ രണ്ടോ ബ്രഷുകൾ.
പെയിന്റ് ചാലിച്ചെടുക്കാൻ ഒരു പാത്രം/ പ്ലേറ്റ്.
ഗോൾഡൻ പെയിന്റ് പൊടിയാണ് കിട്ടുക. അതു വാങ്ങുക. അതു ചാലിക്കാൻ ഉള്ള മീഡിയവും. ഗോൾഡൻ പെയിന്റിനു മറ്റു പെയിന്റ് ചാലിക്കുന്ന മീഡിയം അല്ല. പെയിന്റ് വെള്ളമായിട്ട് കിട്ടുമെങ്കിൽ അതാണു നല്ലത്. പൊടി പൊളിഞ്ഞുപോവാനൊക്കെ സാദ്ധ്യതയുണ്ട്. അങ്ങനെ ആവില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും.
വട്ടം. അതായത് ചിത്രം വരച്ച് പെയിന്റടിക്കാൻ വേണ്ടിയുള്ള ഫ്രെയിം. വലുതായാൽ നല്ലത്.
സമയം - കുറച്ച് മതി.
ഇത്രയൊക്കെയുണ്ടെങ്കിൽ ഏത് സൂവിനും ഈ ചിത്രം വരച്ച് പെയിന്റടിക്കാം. ;)
തുണിയിലേക്ക് ചിത്രം ട്രേസ് ചെയ്യുക. അല്ലെങ്കിൽ സ്വന്തമായി വരയ്ക്കുക.പെയിന്റ് ചാലിക്കുക. ഫ്രെയിമിനുള്ളിൽ കയറ്റി പെയിന്റടിക്കുക. അത് ഉണങ്ങിയാൽ ഫ്രെയിം മാറ്റി വേറെ ഭാഗത്തിട്ട് അവിടെ പെയിന്റടിക്കുക. ചിത്രം തീരുന്നവരെ പെയിന്റടിക്കുക. പെയിന്റ് ഉണങ്ങിയാൽ ഇസ്തിരിയിടുക. കടും നീലത്തുണിയിലും നന്നാവും. ഞാൻ ആദ്യം ചെയ്തത് നീലത്തുണിയിലാണ്. വേറെ ഡിസൈൻ. അത് വെള്ളത്തിലൊക്കെയിട്ടു കഴുകിയിട്ടുണ്ട്. മേശവിരി പോലെയായിരുന്നു. നിങ്ങൾക്ക് ഫ്രെയിം ചെയ്ത് വയ്ക്കുകയും ആവാം.
കഴിഞ്ഞില്ലേ? ഇത്രയേ ഉള്ളൂ കാര്യം. ദക്ഷിണ മറക്കണ്ട.

അത്രയ്ക്ക് നന്നായിട്ടില്ല. കുറച്ച് തെറ്റൊക്കെ വന്നിട്ടുണ്ട്.

Labels:

Tuesday, October 28, 2008

സമാധാനം

നിസ്സഹായതയുടെ കുരുക്കുണ്ട്,
അലിഞ്ഞലിയുന്ന മനസ്സുണ്ട്.
കരയുന്നത് കേൾക്കുമ്പോൾ,
ഒന്നു തേങ്ങാനെങ്കിലും തോന്നുന്നുണ്ട്.
ദുഃഖിക്കുമെന്നറിയുമ്പോൾ,
ഒരു നോവുണരുന്നുണ്ട്.
ഓർമ്മയിലുണരണമിനിയെന്നറിയുമ്പോൾ
വിട്ടുപോരാൻ കഴിയാത്ത,
ഓർമ്മകളുടെ അഗ്നിപർവ്വതം തന്നെ ജ്വലിക്കുന്നുണ്ട്.
മറക്കുമോയെന്നോർക്കുമ്പോൾ,
പൊള്ളുന്നുണ്ട്, ഉള്ളം, ഉടലിനേക്കാളും.
വിട്ടുപോകുന്ന കെട്ടുപാടുകൾ,
തീർന്നുപോകുന്ന കഷ്ടപ്പാടുകൾ.
ഓളങ്ങൾ പോലും പ്രാർത്ഥിക്കും,
അടുത്ത ജന്മത്തിലെങ്കിലും,
ഒന്നിലുമലിയാത്തൊരു മനസ്സു കൊടുക്കണേന്ന്.
ചാരമാവുമ്പോൾ
ഒന്നുമോർക്കാതെ, ഒന്നുമറിയാതെ
ബന്ധങ്ങളുടെ ബന്ധനമില്ലാതെയൊഴുകാൻ
എളുപ്പമാവണേന്ന്.
എന്തൊക്കെയായാലും,
ചെറിയ മൺ‌കുടത്തിൽ നിന്ന് പൊഴിഞ്ഞ്
പുഴയിലൂടെ ഒഴുകി നടക്കുമ്പോഴാണ്
സമാധാനമാവുന്നത്.
അല്ലെങ്കിൽ, ചാരമായാൽപ്പോലും
ഒന്നിച്ചുകൂടി,
കൊതിതീരാത്ത സ്നേഹത്തിലേക്ക്
തിരിച്ചോടിപ്പോയെന്ന് വരും.

Labels:

Wednesday, October 22, 2008

ഇനി ചന്ദ്രനിലേക്ക്

“നമസ്കാരം ചേച്ചി!”

“അല്ല! പാളയം‌കോടനോ? അന്നു ചോദ്യങ്ങളും ചോദിച്ച് പോയ വഴിയാണല്ലോ.
ബ്ലോഗുതുടങ്ങി അതിലിട്ടോ?”

മാത്തൻ പാളയംകോടൻ :- “ഇല്ല ചേച്ചീ, ഇന്റർവ്യൂ എങ്ങാനും ബ്ലോഗിലിട്ടാൽ ബ്ലോഗിൻ ബോംബ് വയ്ക്കുമെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തിയതുകൊണ്ട് ബ്ലോഗ് തുടങ്ങിയതേയില്ല.”

“ഇപ്പോ പിന്നെ എന്താ വന്നത്?”

മാ. പാ. :‌- “അതുപിന്നെ വാർത്ത കേട്ടിട്ട് വെറുതെയിരിക്കാൻ കഴിയുമോ? 2015- ൽ ചന്ദ്രനിലേക്കു പോകുന്നതിന് ബൂലോകത്തിൽ നിന്ന് ചേച്ചിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നു കേട്ടു.”

“കേട്ടല്ലേ? എന്നാൽ ആ വാർത്ത ശരിയാണ്. ബൂലോഗരെയെല്ലാം പ്രതിനിധീകരിച്ച് ഞാനാണ് പോകുന്നത്.”

മാ. പാ.:- “ഹോ...എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയൊക്കെ ആൾക്കാരും, നല്ല നല്ല എഴുത്തുകാരുമൊക്കെയുള്ളപ്പോൾ ചേച്ചിയ്ക്ക് എങ്ങനെ ചാൻസ് കിട്ടി?”

“ഒന്നും പറയേണ്ട കോടാ. അക്കാര്യത്തിൽ ബൂലോകരൊക്കെ ഒറ്റക്കെട്ടാ. എന്നെ എവിടെയെങ്കിലും പറഞ്ഞയക്കണമെന്നേ അവർക്കുള്ളൂ. ചന്ദ്രനിലേക്കാണെങ്കില്‍പ്പിന്നെ ബൂലോകത്തിനും കുറച്ച് പ്രശസ്തിവരുമല്ലോ. പിന്നെ തിരിച്ചുവരുമോന്ന് ഉറപ്പുമില്ലല്ലോ.”

മ. പാ. :- “ചേച്ചിയുടെ പേരല്ലാതെ വേറെ ആരുടേയും പേരു നിർദ്ദേശിച്ചില്ലേ?”

“ഇല്ലില്ല. എതിരില്ലാതെ ഒരാൾ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മേഖല, ബൂലോകം ആയിരിക്കും.”

മാ. പാ. :-“ ചേച്ചിയ്ക്ക് അത്ഭുതം തോന്നിയില്ലേ?”

“എനിക്കത്ഭുതമൊന്നും തോന്നിയില്ല. നിനക്കു തോന്നിയെങ്കിൽ നിനക്ക് എന്നേം ബൂലോകരേം ശരിക്കറിയാഞ്ഞിട്ടാ.”

മാ. പാ:- “ചേച്ചി ചന്ദ്രനിൽ പോയാൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?”

“കാര്യമായിട്ടൊന്നും തീരുമാനിച്ചിട്ടില്ല. ഞാനൊരു തട്ടുകടയിടും. പിന്നെ ബ്ലോഗിംഗ് തുടരും. അവിടെയെത്തിപ്പെടാൻ കാരണം തന്നെ ബ്ലോഗിംഗ് ആണല്ലോ.”

മാ. പാ. :- ചേച്ചിയ്ക്ക് അപ്പോൾ ചന്ദ്രനിൽ ഒറ്റയ്ക്കു താമസിക്കാനാ പ്ലാൻ എന്നു പറ.”

“അതെന്താടോ?”

മാ. പാ. :- “അല്ലാ...തട്ടുകടയിടും, ബ്ലോഗിംഗ് തുടരും. ഇതൊന്നും സഹിക്കേണ്ടല്ലോന്ന് വിചാരിച്ചാണല്ലോ ചേച്ചിയെ കയറ്റി അയക്കുന്നത്.

അപ്പോ അവിടേം തുടർന്നാൽ എല്ലാരും ഓടിപ്പോരില്ലേ?”

“അതൊക്കെ അവരുടെ ഇഷ്ടം. എന്റെ നിലപാട് അതാണ്.”

മാ. പാ.:- “ചേട്ടനെ കൂടെക്കൂട്ടാൻ ചേച്ചിക്ക് താല്പര്യമില്ലേ?”

“എടോ...ചേട്ടൻ അപ്പുറത്തുണ്ടേ. നിന്റെ ചോദ്യമെങ്ങാനും കേട്ടാൽ ഞാൻ ചന്ദ്രനിൽ പോകുന്നതിനുമുമ്പ് ചേട്ടൻ നിന്നെ കാലപുരിക്കയയ്ക്കും.”

മാ. പാ. :- “ വേറെ ആരൊക്കെയാണ് ഉണ്ടാവുക എന്ന് ചേച്ചിക്കറിയാമോ?”

“ആരു വന്നാലും എനിക്കൊന്നുമില്ല. അവർക്കു പേടിയില്ലെങ്കിൽ എനിക്കെന്താ? ബ്ലോഗ് പോസ്റ്റ് മോഷ്ടിക്കാത്ത ആരുവന്നാലും എനിക്കു പ്രശ്നമില്ല. അവിടുന്നെങ്ങാനും മോഷ്ടിച്ചാല്‍പ്പിന്നെ ചന്ദ്രനിലാണെന്നൊന്നും ഞാൻ കരുതൂല. പറഞ്ഞേക്കാം.”

മാ. പാ. :- “ചേച്ചി പോയാല്‍പ്പിന്നെ ഇന്റർവ്യൂ നടത്താൻ എന്തുചെയ്യും എന്നാണ് എന്റെ ചിന്ത.”

“അക്കാര്യത്തിൽ അനിയൻ പേടിക്കേണ്ട. ഇടയ്ക്ക് വല്ല അമേരിക്കക്കാരോ ചൈനക്കാരോ വരുമ്പോൾ ചോദ്യങ്ങളൊക്കെ കൊടുത്തയച്ചാൽ മതി. ഉത്തരം ഞാൻ അവരുടെ കയ്യിൽ കൊടുക്കാം.”

മാ. പാ. :- “ചേച്ചി പോകുമ്പോൾ എന്തൊക്കെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്?”

“ഓ...അത്രയ്ക്കൊന്നുമില്ല. കുറച്ച് പച്ചക്കറി കൊണ്ടുപോകും. അരിയും കൊണ്ടുപോകും. സാരിയും സ്വർണ്ണവുമൊക്കെ ഇവിടെവെച്ചുപോകുമെന്ന് ഒരാളും അങ്ങനെ കരുതേണ്ട.”

മാ. പാ. :- ആരെയെങ്കിലും ഒരാളേയും കൂടെ കൂട്ടാം എന്നു പറഞ്ഞാൽ ചേച്ചി ആരെ കൂടെ കൂട്ടും?”

“മമ്മുക്കയെ കൂട്ടും.”

മാ. പാ. :- “ഷാരൂഖ് ഖാനാണ് ചേച്ചിയുടെ പ്രിയതാരം എന്നു പറഞ്ഞിട്ട്?”

“പാവം മമ്മുക്ക. ഇനീം ഇങ്ങനെയൊക്കെ ഡാൻസ് കളിച്ചാൽ എല്ലാരും കൂടെ എങ്ങോട്ടെങ്കിലും ഓടിക്കും. അതിലും ഭേദം ചന്ദ്രനിലേക്കു വരുന്നതാ. അവിടുന്നെങ്ങാനും സ്റ്റെപ് അറിയാതെ നൃത്തം ചെയ്താൽ മൂക്കും കുത്തി ഭൂമിയിൽ എത്തുമെന്ന് അദ്ദേഹത്തിന് അറിയാതിരിക്കില്ലല്ലോ.”

മാ. പാ. :- ബൂലോഗരൊക്കെ വാർത്തയറിഞ്ഞപ്പോൾ എന്തു പറഞ്ഞു?”

“പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സന്തോഷം കൊണ്ട് വാക്കുകൾ പുറത്തു വരുന്നില്ലായിരിക്കും. എന്നാലും എല്ലാവരുടേയും മുഖത്ത് ഒരു ആശ്വാസഭാവം ഉണ്ടായിരുന്നു.”

മാ. പാ. :- “ബൂലോഗർക്കു വേണ്ടി ചേച്ചി എന്തൊക്കെയാണ് ചന്ദ്രനിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്?”

“എല്ലാവരുടേയും ബ്ലോഗിന്റെ പരസ്യം പതിക്കാം എന്നാണ് വിചാരിക്കുന്നത്. പോകാൻ സമയമാവുമ്പോൾ എല്ലാവരുടേം അടുത്തുനിന്ന് പരസ്യോം പൈസേം പിരിക്കും. എന്തൊക്കെയായാലും ഞാനൊരു മലയാളിയല്ലേ?”

മാ. പാ. :- “എല്ലാവരോടും പറഞ്ഞില്ലേ പരസ്യം തരാൻ. എന്നിട്ടോ?”

“വക്കാരിയുടെ കവിതസമാഹാരമായ “ഞാനപ്പാ വക്കാരിയപ്പാ” എന്ന പതിപ്പിന്റെ പ്രീ പബ്ലിക്കേഷൻ പരസ്യം പതിക്കാൻ പറഞ്ഞു. ഇവിടെ പരസ്യമിട്ടിട്ട് ആരും ഓർഡർ ചെയ്തില്ലത്രേ. വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇനി ചന്ദ്രനിലാണ് അദ്ദേഹത്തിന്റെ മുഴുവൻ പ്രതീക്ഷയും.

മാ. പാ. :- ഇഞ്ചിപ്പെണ്ണിന്റെ രാഷ്ട്രീയചിന്തകളുടെ പരസ്യം തന്നിട്ടുണ്ടോ?”

“തന്നിരുന്നു. ആ ചിന്തകളൊക്കെ അവിടെയാരെങ്കിലും വായിച്ച് പാർട്ടിയുണ്ടാക്കിയാലോ? ഞാൻ പറഞ്ഞു "രാഷ്ട്രീയം, ഹർത്താൽ, ബന്ത് ഒന്നുമില്ലാതെ ഞാൻ കുറച്ചുദിവസം കഴിഞ്ഞോട്ടേന്ന്." പക്ഷേ പെരിങ്ങോടനോട് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല.”

മാ. പാ. :- “എന്ത്?”

“അധികം കനമില്ലാത്ത വാക്കുകൾ എഴുതിത്തന്നാലേ കൊണ്ടുപോകൂ എന്ന്. എന്റെ തടിയും പെരിങ്ങോടന്റെ വാക്കുകളുടെ കനവും ഒക്കെക്കൂടെ നോക്കി, അവസാനം യാത്രയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ വിഷമമല്ലേ?”

മാ. പാ. :- “ചേച്ചി പോയിട്ടു വരുകയാണെങ്കിൽ എല്ലാവർക്കും സമ്മാനം കൊണ്ടുവരുമോ?”

“ലിപ്സ്റ്റിക്, ഒട്ടിക്കുന്ന പൊട്ട്, ചാന്ത് എന്നൊക്കെപ്പറഞ്ഞ് അതൊക്കെ കൊണ്ടുവരാൻ എന്നെ നിർബന്ധിക്കരുതെന്ന് ഞാൻ പെൺ‌കുട്ട്യോളോടൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാലും എല്ലാർക്കും എന്തെങ്കിലും കൊണ്ടുവരും. എനിക്കു കഴിയുന്നതുപോലെ.”

മാ. പാ. :- “അവിടെ ചേച്ചി ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുമോ?”

“മീറ്റിനെക്കുറിച്ച് ഒരക്ഷരം പറയരുത്. സംഘടിപ്പിച്ചിട്ടുവേണം, ചന്ദ്രനിൽ പാപ്പരാകുന്ന ആദ്യത്തെയാൾ ഞാനാവാൻ.”

“ചേച്ചിയുടെ കണ്ണൊക്കെ കലങ്ങിയിരിക്കുന്നല്ലോ. എല്ലാരേം പിരിയുമെന്ന് ഇപ്പോഴേ ഓർത്ത് ദുഃഖിക്കുകയാണോ?”

“പിന്നേ...ദുഃഖം. മണ്ണാങ്കട്ട. ചന്ദ്രനിൽ പോയാൽ ആദ്യം ഉണ്ടാക്കുന്ന വിഭവം ഒന്ന് പരീക്ഷിച്ചേക്കാം എന്നു കരുതി കുറച്ചു സവാളയരിഞ്ഞതാ.”

മാ. പാ. :- “ ചന്ദ്രനിൽ പോയാൽ എന്ത് വിഭവമായിരിക്കും ആദ്യം ബ്ലോഗിലിടുന്നത്?”

“അതൊക്കെ എന്റെ മനോധർമ്മം പോലെ ഒന്നുണ്ടാക്കി ഒരു പേരും കൊടുത്ത് ബ്ലോഗിലിടും.”

മാ. പാ. :- അപ്പോ കഥയെഴുതുന്നതും കവിതയെഴുതുന്നതുമൊക്കെ തുടരുമോ?”

“പിന്നെ? തുടരുമെന്നു മാത്രമല്ല. കൂടെയുള്ളവരെയൊക്കെ കേൾപ്പിക്കുകയും ചെയ്യും.”

മാ. പാ. :- “അപ്പോ ശരി ചേച്ചീ. എല്ലാവിധ ആശംസകളും.കൂടെയുള്ളവർക്കും, ചേച്ചിക്കും.”

“നീ വന്നത് ഇന്റർവ്യൂവിനു തന്നെയാണോ?”

മാ. പാ. :- “സത്യം പറഞ്ഞാൽ അല്ല ചേച്ചി. ചേച്ചി ചന്ദ്രനിൽ പോകുമ്പോൾ ബ്ലോഗ് ആർക്കാണ് കൊടുക്കുന്നതെന്ന് അറിയാൻ വന്നതാ.”

“കൊടുക്കുന്നൊന്നുമില്ലെടോ.”

“കൊടുത്താലെങ്കിലും നല്ലതെന്തെങ്കിലും വായിക്കാമെന്നുള്ള പ്രതീക്ഷയും പോയിക്കിട്ടി.”

പാളയംകോടൻ പതിവുപോലെ ഓടിപ്പോവുന്നു.

Labels:

Tuesday, October 21, 2008

ആകാശം തന്നത്

ദുഃഖിച്ചിരുന്നപ്പോൾ,
ആകാശം മഴ തന്നു.
ആലിപ്പഴം പൊഴിഞ്ഞതൊക്കെ വാരിക്കൂട്ടി,
അതിന്റെ തണുപ്പിൽ ദുഃഖം മറന്നു.

വീണ്ടും വിഷമിച്ചപ്പോൾ,
ആകാശം മഴവില്ലു തന്നു.
അതിന്റെ നിറങ്ങളൊക്കെ മനസ്സിലിട്ട്
അതിലലിഞ്ഞുചേർന്നു.

വീണ്ടും നൊമ്പരമായപ്പോൾ,
ആകാശം ഇടിമിന്നൽ തന്നു.
അതിന്റെ ശബ്ദത്തിലും വെളിച്ചത്തിലും,
മനസ്സ് ഓടിനടന്നു.

വീണ്ടും നൊന്തപ്പോൾ,
ആകാശം സൂര്യനെ തന്നു.
സൂര്യന്റെ ചൂടിൽ വെന്ത്,
വേവുന്ന മനസ്സ് മറന്നു.

വീണ്ടും നോവായപ്പോൾ,
ആകാശം അമ്പിളിമാമനെ തന്നു.
അതിന്റെ വെളിച്ചത്തിൽ അലിഞ്ഞ്,
മനസ്സ്, നിലാവ് പോലെ മനോഹരമായി.

പിന്നെയും, മനസ്സ് പിടിതരാതെ ശാഠ്യം കാട്ടിയപ്പോൾ,
ആകാശമെന്നെ നക്ഷത്രമാക്കി കൂടെ കൂട്ടി.
അവിടെയിരുന്ന് ഞാനെന്നും ചിരിച്ചുകൊണ്ടിരുന്നു.

Labels:

Saturday, October 18, 2008

മാർഗരറ്റ്

മാർഗരറ്റിന് ഈ ലോകത്ത് ഏറ്റവും ഇഷ്ടം വല്യമ്മയെ ആണ്. അവർ മാർഗരറ്റിന്റെ വീട്ടിലല്ല താമസിക്കുന്നത്. സ്വന്തത്തില്‍പ്പെട്ടതാണൊന്ന് ചോദിച്ചാൽ, സ്നേഹം നോക്കിയാൽ ഏറ്റവും ബന്ധം വല്യമ്മയോടു തന്നെ. മാർഗരറ്റ് രാവിലത്തെ പരിപാടികളൊക്കെക്കഴിഞ്ഞ് വല്യമ്മയെ കാണാൻ ഇറങ്ങും. പിന്നെ ഒരുപാട് നേരം കഴിഞ്ഞെത്തുമ്പോൾ വീട്ടുകാരിൽനിന്ന് വഴക്കും കിട്ടാറുണ്ട്. എന്നാലും വല്യമ്മയുടെ വീട്ടില്‍പ്പോക്ക് മുടക്കാറില്ല. അവിടെയുള്ളവർക്കും മാർഗരറ്റിനെ വല്യ ഇഷ്ടമില്ല. വല്യമ്മ കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം തന്നെ കാരണം. പേരക്കുട്ടികളെപ്പോലും ശാസിക്കുന്ന വല്യമ്മയുടെ മുറിയിൽ ഒന്നും ചിന്തിക്കാതെ കടന്നുചെല്ലാൻ മാർഗരറ്റിനേ അവകാശമുള്ളൂ. ഭക്ഷണക്കാര്യത്തിലും മാർഗരറ്റിനു മുൻ‌ഗണനയുണ്ട്. സ്പെഷലൊക്കെ കൊടുക്കുകയും ചെയ്യും. വയസ്സായ വല്യമ്മയ്ക്കും മാർഗരറ്റിനും എന്തോ ഒരു മുൻ‌ജന്മബന്ധമുണ്ടെന്ന് എല്ലാവരും കളിയാക്കും. എന്നാലും ഒരു ദിവസം പതിവുപോലെ പോയി നോക്കുമ്പോൾ വല്യമ്മയുടെ വീടു നിറയെ ആൾക്കാർ. എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ മാർഗരറ്റ് അറിയാറുണ്ട്. തലേന്നു തന്നെ തിരക്കും ബഹളവും തുടങ്ങും. ഇതിപ്പോ അങ്ങനെയൊന്നും ഉണ്ടായില്ല. എത്തിനോക്കിയപ്പോൾ വല്യമ്മ നിലത്തു കിടക്കുന്നുണ്ട്. ചുറ്റും ആൾക്കാർ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്. മാർഗരറ്റ് അടുത്തെത്തിയപ്പോൾ സ്വതവേ ഇഷ്ടക്കേടു കാണിക്കുന്ന ആ വീട്ടിലെ പേരക്കുട്ടി മാർഗരറ്റിനെ ശകാരിക്കുകയും പിടിച്ചു പുറത്തു തള്ളുകയും ചെയ്തത് ഒരുമിച്ചായിരുന്നു. ഗേറ്റിനു പുറത്തെ വാഹനങ്ങൾക്കരികിലിരിക്കുമ്പോൾ ശകാരിച്ചതു കണ്ടിട്ടും പുറത്താക്കിയതു കണ്ടിട്ടും വല്യമ്മ ഒന്നും പറഞ്ഞില്ലല്ലോന്നുള്ള സങ്കടത്തിൽ മാർഗരറ്റ് ഉറക്കെക്കരഞ്ഞു. ‘മ്യാവൂ...മ്യാവൂ...മ്യാവൂ....’

Labels: