Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 25, 2012

അമ്മ മലയാളമേ

അമ്മ മലയാളമേ,
കടലായി മാറുക.
ഒരു ചെറുമീനായി ഞാൻ
അതിൽ നീന്തിനടന്നീടും.

അമ്മ മലയാളമേ,
കാറ്റായി മാറുക.
ഒരു കുഞ്ഞിലയായി ഞാൻ
നിനക്കൊപ്പം പറന്നുനടന്നീടും.

അമ്മ മലയാളമേ,
മഴയായി മാറുക.
ഒരു മൺ‌തരിയായി ഞാൻ
നനഞ്ഞുകുതിരാൻ കാത്തിരുന്നീടും.

അമ്മ മലയാളമേ,
തിരയായി മാറുക.
തീരത്തെ മണൽത്തരിയായി ഞാൻ,
നീ വന്നുതൊട്ടുപോകുമെന്നു പ്രതീക്ഷിച്ചിരുന്നീടും.

അമ്മ മലയാളമേ,
മറവിയുടെ കാട്ടിനുള്ളിലും
മറഞ്ഞുപോകാത്തൊരു വെളിച്ചമായീടുക.

അമ്മ മലയാളമേ,
ഉയിരുള്ളതുവരെ
ഞാൻ നിന്റെ കൂടെ, നീയെന്റെ കൂടെ.

Labels: ,

Monday, April 09, 2012

കൈനീട്ടം

വിഷു! കണിക്കൊന്നപ്പൂവ്, ചക്ക, മാങ്ങ, തേങ്ങ, വിളക്ക്, അരി. പിന്നെ കൃഷ്ണനും. വെള്ളിയും സ്വർണ്ണവും പണവുമൊക്കെ ആവുന്നതുപോലെ. എത്ര ലളിതമായിട്ടാണ് വിഷുക്കണി. വിഷു ആഘോഷിക്കാൻ പറ്റുമോയെന്ന് ആർക്കും തോന്നേണ്ടതില്ല. കുട്ടിക്കാലം മുതൽ ഇതൊക്കെയാണു പതിവ്. കണി കണ്ടുകഴിഞ്ഞാൽ അച്ഛൻ, കൈയിൽ വച്ചുതരുന്ന നാണയവും ഓർമ്മയുണ്ട്. സതിയ്ക്കും സീതയ്ക്കും, ഏട്ടനും തനിക്കും. കൈനീട്ടം കിട്ടിക്കഴിഞ്ഞാൽ പരസ്പരം കാണിക്കും. അധികവും കുറവും ഒന്നും ഉണ്ടാവില്ലെന്ന് അറിഞ്ഞാലും അതൊരു പതിവായിരുന്നു.

സത്യനാഥൻ ഇതൊക്കെ ആലോചിച്ച് ചാരുകസേരയിൽ കിടന്നു. പടക്കത്തിന്റെ ഒച്ച ഇടയ്ക്കൊക്കെ കേൾക്കുന്നുണ്ട്. നാളെ വിഷുവാണ്. ഏട്ടനും കുടുംബവും അടുത്തില്ല. അച്ഛനാണ് കൈനീട്ടം തരുന്നത്. പതിവുപോലെ സീതയുടേയും സതിയുടേയും മക്കളുമുണ്ട്. സ്കൂൾ പൂട്ടിയപ്പോൾ വന്നതാണ്. എല്ലാവരും കണി കണ്ട ഉടനെ കൈനീട്ടം കൊടുക്കണം. അച്ഛന്റെ കൈയിൽ ഏൽ‌പ്പിക്കുകയാണ് പതിവ്. ഏൽ‌പ്പിക്കേണ്ട കാര്യമോർത്തപ്പോൾ മനസ്സൊന്നു പിടഞ്ഞു. പതിനഞ്ചു രൂപയുണ്ട്. പല സാധനങ്ങളും കുറച്ചു പടക്കവും വാങ്ങിക്കഴിഞ്ഞപ്പോൾ മിച്ചം വന്നത്. കുട്ടികൾക്കുപോലും കൊടുക്കാൻ തികയില്ല. അച്ഛനോടു പറഞ്ഞിട്ടുമില്ല. സീതയും സതിയും ഊണുകഴിയുമ്പോഴേക്കും എത്തും. അവർക്കും കൊടുക്കാറുണ്ട് അച്ഛൻ.

“എന്തൊരു ബഹളമായിരുന്നു. നേരത്തേ എണീറ്റ് കണികണ്ട് ബാക്കി പടക്കം കൂടെ പൊട്ടിക്കണ്ടേന്നു പറഞ്ഞപ്പോഴാ ഉറക്കം തുടങ്ങിയത്.” അനുരാധ കൈ തുടച്ചുംകൊണ്ടു വന്നു. കുട്ടികളുറങ്ങിക്കഴിഞ്ഞ് അടുക്കളയിലെ ബാക്കി ജോലി കൂടെ തീർത്തിട്ടുള്ള വരവാണ്.

“അമ്മ കിടന്നില്ലേ?”

“കിടന്നു. അച്ഛനോടു പറഞ്ഞിരുന്നോ?”

രാവിലെ കണികണ്ട് താൻ അമ്പലത്തിൽ പോയി വരുമ്പോഴേക്കും കുട്ടികളെ വിളിച്ചാൽ മതി എന്നു പറഞ്ഞിരുന്നു അവളോട്. അമ്പലത്തിന്റെ അടുത്താണ് സുരേഷിന്റെ വീട്. തൽക്കാലം പൈസ അവൻ തരാമെന്നു പറഞ്ഞിട്ടുണ്ട്. “വെള്ളിയാഴ്ച വൈകീട്ടേ എത്തൂ സത്യനാഥാ, അല്ലെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടുത്തന്നേനെ.” എന്ന് അവൻ പറഞ്ഞിരുന്നു. വിഷുവിന്റന്നു അമ്പലത്തിൽ പോയിവരും വഴി വന്നോളാംന്ന് അവനോടു പറഞ്ഞു. എന്തായാലും അമ്പലത്തിലും കണി കാണാൻ പോകുന്ന പതിവുണ്ട്.

"അച്ഛനോട്...ഒന്നും പറഞ്ഞില്ല. രാവിലെ പറയാം.”

അച്ഛനോട് എങ്ങനെയാണ് പറയേണ്ടത് എന്നു പിടികിട്ടിയില്ല. അമ്മ വിളിക്കുമ്പോൾ എണീറ്റ് കണികണ്ട ശേഷം അച്ഛനോടു പറയാം. കുട്ടികളെ എന്നിട്ടു വിളിച്ചാൽ മതിയല്ലോ.

“അതാ നല്ലത്. ഒരു പത്തുമിനുട്ടല്ലേ അമ്പലത്തിൽ പോയി വരാൻ എടുക്കൂ. അതുകഴിഞ്ഞു കുട്ടികളെ വിളിക്കാം.”

“ഉം...സുരേഷിന്റെ കാര്യത്തിൽ സംശയമൊന്നുമില്ല. അവനെത്താൻ വൈകിക്കാണും. അല്ലെങ്കിൽ ഇവിടെക്കൊണ്ടുത്തന്നേനെ.”

“ഉം..”

************************


“വന്നു കാണ്”. അമ്മയാണു വിളിച്ചത്. തൊഴുതുപിടിച്ചു കണ്ണുതുറന്ന് കണി കണ്ടുകഴിഞ്ഞപ്പോൾ കണ്ടു, അച്ഛൻ, വിളക്കിന്റെ തിരി ശരിയാക്കുന്നുണ്ട്. എണീറ്റ്, പതിവുപോലെ കൈനീട്ടം തന്നു. അപ്പോഴേക്കും അനുരാധയേയും കൂട്ടി അമ്മ വന്നു. കണി കണ്ടുകഴിഞ്ഞ്, കൈനീട്ടവും വാങ്ങി തന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് അവൾ പോയി.

“കുട്ടികളെ വിളിക്കട്ടെ ഇനി. ഈ സമയത്ത് വിളിച്ചാൽ എണീറ്റുവരുമോയെന്തോ! ഉറക്കം തെളിയില്ല ഇപ്പോ.”

“ഞാൻ അമ്പലത്തിൽ പോയി വന്നിട്ട് വിളിക്കാം അമ്മേ. ഉറങ്ങിക്കോട്ടെ.”

“വേണ്ട വിളിക്ക്. അവരും വന്നോട്ടെ അമ്പലത്തിൽ.” അച്ഛൻ പറഞ്ഞു.

“അത്...” സത്യനാഥൻ പറയാൻ ഭാവിക്കുമ്പോഴേക്കും അമ്മ തിരക്കിട്ടു പോയി. അനുരാധയും കൂടെ പോയി.

അവർ പോയതും നോക്കി, ഇനിയെന്തു ചെയ്യും, എന്നാലോചിച്ച് സത്യനാഥൻ നിൽക്കുമ്പോൾ അച്ഛൻ, കൈ പിടിച്ച് ഒരു പൊതി അയാളുടെ കൈയിലേക്കുവെച്ചുകൊടുത്തു.

“കുട്ടികൾക്കു കൈനീട്ടം നീ കൊടുത്തോ.”

എന്തു ചോദിക്കണം, പറയണം എന്നു തീർച്ചയില്ലാതെ, സത്യനാഥൻ അമ്പരന്നു നിൽക്കുമ്പോൾ അനുരാധയും അമ്മയും കുട്ടികളെ ഓരോരുത്തരെയായി കൂട്ടി വന്നു. കണി കണ്ടു തൊഴുത് കണ്ണും തിരുമ്മി നിന്ന അവരുടെ കൈയിലേക്ക്, സത്യനാഥൻ ആ പൊതിയിൽനിന്നെടുത്ത് ഓരോ നാണയം കൊടുത്തു.

“ഇനി പോയി പടക്കം പൊട്ടിച്ചോ” എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവരുടെ ഉറക്കപ്പിച്ചെല്ലാം പോയെന്ന് സത്യനാഥനു തോന്നി.

“അമ്പലത്തിൽ പോയി കണി കണ്ടുവന്നിട്ട് പടക്കം എടുത്താ മതി.” അമ്മ കുട്ടികളോടു പറഞ്ഞ് അവരുടെ പിന്നാലെ പോയി. അനുരാധയും.

അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോൾ അച്ഛൻ കണിയിലേക്കു നോക്കുന്നത് സത്യനാഥൻ കണ്ടു. അയാളും അങ്ങോട്ടുനോക്കി. വിളക്കിന്റെ വെളിച്ചവും കൃഷ്ണന്റെ പുഞ്ചിരിയും അയാളുടെ കണ്ണിലും മനസ്സിലും തിളങ്ങി.

Labels:

Sunday, April 01, 2012

വീണ്ടും

ധനുമാസ നാളു കൊഴിഞ്ഞു പോകേ,
മഞ്ഞിന്റെ കുളിരുമായ് മകരമെത്തി.
കാലത്തിൻ മഞ്ഞു പുതപ്പു നീക്കി
വെയിലിന്റെ ചൂടുമായ് കുംഭമെത്തി.
ഓരോരോ കൊമ്പിലും പൂക്കളുമായ്
മാവുകളെല്ലാം ചിരിതൂകിനിന്നൂ.
മഴ വന്നു ഭൂമി നനയും മുമ്പേ
പതിവുപോൽ മാമ്പഴക്കാലമെത്തി.

Labels: