Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 27, 2005

സ്നേഹം ന്നു വെച്ചാ.....

അവള്‍ പണിത്തിരക്കില്‍ ആയിരുന്നു.
മുന്ന ഓടിവന്നു കെട്ടിപ്പിടിച്ചു.
എന്താടാ...?
അമ്മേ ഈ സ്നേഹംന്നുവെച്ചാ എന്താ?
സ്നേഹം???
ഉം, സ്നേഹം.
സ്നേഹംന്നു വെച്ചാ........
വേം പറ നിയ്ക്കു കളിക്കാന്‍ പോണം.

ഉം.. സ്നേഹംന്നുവെച്ചാല്‍ ഇഷ്ടം, സന്തോഷം, ഒക്കെയാണു. മുന്നയ്ക്കു ഏതു കാര്യവും അമ്മ ചെയ്തു തരുന്നതല്ലേ ഇഷ്ടം? മുന്നേടെ കൂട്ടുകാര്‍ കളിക്കാന്‍ വരുന്നതു നന്നായി എന്നു തോന്നാറില്ലേ? മുന്നയ്ക്കു മിഠായി കിട്ടുമ്പോള്‍ കൂട്ടുകാര്‍ക്കും കൊടുക്കണം എന്നു മുന്ന പറയാറില്ലേ? മുന്നേടെ കൂട്ടുകാരനു പനി വന്നപ്പോള്‍ മുന്ന, അയ്യോ അവനു വയ്യ അമ്മേ, പാവം എന്നു പറഞ്ഞില്ലേ? ഇതിനൊക്കെയാണു സ്നേഹം എന്നു പറയ്യാ..
പിന്നേയ്, അമ്മയ്ക്കു മുന്നയോടു വല്യ സ്നേഹാട്ടോ.
ഉം, മുന്നയ്ക്കു അമ്മയോടും വല്യ സ്നേഹാ.......

മുന്ന തിരിച്ചോടിപ്പോയി.

സ്നേഹം എന്നതു എത്ര കൊടുത്താലും തീരാത്തതും, എന്നിട്ടും ചിലര്‍ തരിമ്പു പോലും കൊടുക്കാന്‍ മടിക്കുന്നതും, ചിലര്‍ കണ്ടില്ലാന്നു നടിക്കുന്നതും, എന്തായാലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൊടുക്കേണ്ടതും ആയ മഹത്തായ ഒരു കാര്യം ആണെന്നു മുന്ന മനസ്സിലാക്കുന്ന കാലത്തെക്കുറിച്ചു അവള്‍ക്കു വേവലാതി തോന്നി.

Monday, May 23, 2005

ദ്രൌപദിയുടെ ദു:ഖം!

അര്‍ജ്ജുനന്‍ ദ്രൌപദിയെ വരിച്ചു, എല്ലാവരും കൂടെ വീട്ടിലേക്കു വന്നു.
ദ്രൌപദിയെ പുറത്തു നിര്‍ത്തിയിട്ടു കുന്തിയുടെ അടുത്തു പോയി പറഞ്ഞു "അമ്മേ ഞങ്ങള്‍ അമ്മക്കായി ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ടു'.
കുന്തി പതിവുപോലെ പറഞ്ഞു അഞ്ച്‌ പേരും കൂടെ പങ്കുവെച്ചോളു"എന്നു.
പാണ്ഡവന്‍മാര്‍ ഞെട്ടി.
അവര്‍ ദ്രൌപദിയെ അമ്മക്കു മുന്‍പില്‍ നിര്‍ത്തി പരിചയപ്പെടുത്തി.
സ്വയംവര കഥ പറഞ്ഞു.
കുന്തി ദ്രൌപദിയോടു പറഞ്ഞു 'സാരമില്ല, ഞാന്‍ വാക്കു പറഞ്ഞില്ലേ, ഇനി മാറ്റി പറയുന്നില്ല, നീ നല്ലൊരു ഭാര്യയായി എല്ലാവര്‍ക്കും വെച്ചു വിളമ്പിയും ഉണ്ടും ഉറങ്ങിയും കഴിയണം . നിനക്കു നല്ലതു വരും'.
കുന്തി പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പ്‌ ദ്രൌപദി അലറി' എല്ലാവര്‍ക്കും വെച്ചു വിളമ്പിയും ഉണ്ടും ഉറങ്ങിയും കഴിഞ്ഞാല്‍ 6 മുതല്‍ പതിനൊന്നു വരെയുള്ള മെഗ്ഗാസീരിയലുകള്‍ പിന്നെ ആരു കാണും മാതേയ്‌....... ?"
കുന്തിയും മക്കളും ഇതികര്‍ത്തവ്യാ..(ഛെ. വേണ്ട ,നല്ല മലയാളം തന്നെ പറയാം)അന്തം വിട്ടു കുന്തം വിഴുങ്ങിയ മട്ടില്‍ നിന്നു.
പിന്നില്‍ നിന്നു സീരിയല്‍ പാട്ടു തുടങ്ങിയിരുന്നു.
സ്ത്രീജന്‍മം പൊന്നു ജന്‍മം,
പുരുഷജന്‍മം പിന്നെന്തു ജന്‍മം!

Thursday, May 19, 2005

ഇറങ്ങിപ്പോയ സ്നേഹം!

അവനും അവളും..
രണ്ടാള്‍ക്കും വല്യ സ്നേഹം ആയിരുന്നു.
സ്വന്തം ജീവനേക്കാള്‍ പരസ്പരം സ്നേഹം.
പക്ഷെ രണ്ടാള്‍ക്കും സ്നേഹത്തേക്കാളും പേടി ആയിരുന്നു.
എല്ലാരോടും എല്ലാത്തിനോടും .
രണ്ടാളും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും.
പക്ഷെ അവളുടെ കണ്ണില്‍ അവന്‍ അവനെ കണ്ടില്ല,
പേടി കണ്ടു.
അവന്റെ കണ്ണില്‍ അവള്‍ അവളെ കണ്ടില്ല,
പേടി കണ്ടു.
അവസാനം സ്നേഹത്തിനു ബോറടിച്ചു.
സ്നേഹം രണ്ടാളുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോയി.
സ്നേഹിക്കാന്‍ ധൈര്യമുള്ളവരുടെ ഹൃദയം തേടി.

Sunday, May 15, 2005

വര്‍ഷം 13 !

കാന്തയ്ക്കു കണ്ണു പാടില്ല;
കാതു പാടില്ല കാന്തനും;
ദാമ്പത്യം കാന്തമാമെന്നാല്‍,
അല്ലെന്നാല്‍ കുന്തമായിടും.
എന്നു കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞിട്ടുണ്ട്‌. മാഷ്ക്ക്‌ അങ്ങിനെ പലതും പറയാം. എന്നു വെച്ചു നമ്മള്‍ ആരും അതൊന്നും കേട്ടതായിപ്പോലും ഭാവിക്കരുതു. നമ്മള്‍, സ്ത്രീകള്‍ കാന്തനെ രണ്ടു കണ്ണും, പിന്നൊരു കണ്ണടയും, പറ്റുമെങ്കില്‍ ഒരു ബൈനോക്കുലറും ഉപയോഗ്ഗിച്ചു നോക്കിക്കൊണ്ടിരിക്കണം. അവര്‍ എന്തു ചെയ്യുന്നു എവിടെയൊക്കെ പോകുന്നു എന്നൊക്കെ കണ്ടുപിടിച്ചു നമ്മുടെ തലക്കു വല്ല പണിയും കൊടുക്കണം. എന്നാലേ നമ്മുടെ ജീവിതം ധന്യമാവൂ. കാന്തന്‍മാരോ? അവര്‍ ഭാര്യമാര്‍ പറഞ്ഞതു കേട്ടു സാരമില്ല പോട്ടെ എന്നു വിചാരിക്കാനേ പാടില്ല. അതിനു തക്കതായ മറുപടി കൊടുത്തുകൊണ്ടിരിക്കണം. എന്നിട്ടു വേണം നമ്മുടെ ജീവിതം കുന്തോം കുടച്ചക്ക്രോം ഒക്കെ ആക്കി മാറ്റാന്‍!
ഞങ്ങള്‍ ദാമ്പത്യത്തിന്റെ പതിനാലാം വര്‍ഷത്തിലേക്കു കടക്കുകയാണു. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ "സഹധര്‍മ്മശ്ചര്യതാം" എന്നു പറഞ്ഞിട്ടു പതിമൂന്നു വര്‍ഷം കഴിഞ്ഞു എന്നര്‍ഥം. ഒരു കൈയില്‍ സാരിയുടെ തുമ്പും മറ്റേ കൈയില്‍ ചേട്ടന്റെ കൈയും പിടിച്ചു അഗ്ഗ്നിയെ ചുറ്റുമ്പോള്‍ ഞാന്‍ സത്യായിട്ടും വിചാരിച്ചിരുന്നില്ല ജീവിതം എന്നു പറഞ്ഞാല്‍ ഇത്രേം വല്യ ചുറ്റിക്കളി ആയിരിക്കും എന്നു! എന്തായാലും വിവാഹവാര്‍ഷികത്തിനു എന്തേലും തടയുമോന്നു നോക്കാം എന്നു കരുതി ചേട്ടനെ സമീപിച്ചു. രാവിലത്തെ പത്രം വായനയില്‍ ആണു. ഇത്രേം ശ്രദ്ധയോടെ പഠിക്കുന്ന കാലത്തു വല്ലതും വായിച്ചിരുന്നേല്‍ അമേരിക്കയിലോ മറ്റൊ എത്തിപ്പെട്ടേനെ. എന്നാല്‍ ഞാനെങ്കിലും രക്ഷപ്പെടുമായിരുന്നു. എന്തു? ഞാന്‍ അമേരിക്കയിലുള്ള ആളിനെ കല്യാണം കഴിക്കില്ലേന്നൊ? അമേരിക്കയില്‍ നിന്നു കല്യാണം കഴിക്കാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ജോര്‍ജ്‌ ബുഷിനേയോ ബില്‍ ക്ളിന്റനേയോ ബില്‍ഗ്ഗേറ്റ്സിനേയോ കല്യാണം കഴിക്കില്ലായിരുന്നോ? അല്ല പിന്നെ!
അതേയ്‌ ,... ഞാന്‍ പറഞ്ഞു.
എന്താ സു? ചേട്ടന്‍.
ചൊവ്വാഴ്ച്ച എന്താണു എന്നു ഓര്‍മ്മയുണ്ടോ?
ഉണ്ട്‌ ഉണ്ട്‌ നമ്മളെടുത്ത ലോട്ടറി ടിക്കറ്റിന്റെ റിസള്‍ട്ട്‌ വരുന്ന ദിവസം അല്ലേ?
കുന്തം. അതൊന്നുമല്ല.
പിന്നെ?
നമ്മുടെ വിവാഹവാര്‍ഷികം ആണു. പതിമൂന്നാം വാര്‍ഷികം.
ചേട്ടന്‍ രാഷ്ട്രീയ നേതാക്കന്‍മാര്‍ ഞെട്ടുന്നതുപോലെയുള്ള ഒരു അഭിനയ ഞെട്ടല്‍ നടത്തി. എന്നിട്ടു പറഞ്ഞു 'സു നിന്നോടു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടു രാവിലെത്തന്നെ അത്യാഹിതങ്ങളൊന്നും ഓര്‍മിപ്പിക്കരുത്‌ എന്നു'.
നമ്മുടെ വിവാഹവാര്‍ഷികത്തെപ്പറ്റി ഒന്നും പറയാന്‍ ഇല്ലേന്നു ഞാന്‍ ചോദിച്ചു.

പറയാന്‍ ആണെങ്കില്‍ കുറേ ഉണ്ട്‌. രാമായണോം മഹാഭാരതോം ഒക്കെ തോറ്റുപോകും അതിനെപ്പറ്റി പറഞ്ഞാല്‍. അതുകൊണ്ടു ചുരുക്കത്തില്‍ പറയാം.
ഉം ഉം പറയൂ കേക്കട്ടെ.
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഒരിക്കലും തിരിച്ചു പോകാത്ത സൂനാമിയാണു നീ.
അയ്യട! തട്ടിപ്പൊക്കെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. വര്‍ഷങ്ങളായിട്ടു പറയുന്നതല്ലേ അടുത്ത വര്‍ഷം ആഘോഷിക്കാം എന്നു. ഈ വര്‍ഷം തന്നെ ആഘോഷിക്കാം. എനിക്കെന്താ വാങ്ങിത്തരുന്നേന്നു പറ.
അയ്യേ പതിമൂന്നാം വാര്‍ഷികം ആരെങ്കിലും ആഘോഷിക്കുമോ? നമുക്കു പതിനഞ്ചോ ഇരുപതോ ഇരുപത്തഞ്ചോ ഒക്കെ ആയിട്ടു ആഘോഷിക്കാം. പിന്നെ,വാങ്ങിത്തരുന്നതില്‍ ഒന്നുമല്ല കാര്യം. സ്നേഹമാണു താരം.
അതേയതെ. എന്നാപ്പിന്നെ വല്ല കല്യാണത്തിനോ ആരുടെയെങ്കിലും വീട്ടിലോ പോകുമ്പോള്‍ കുറേ കടലാസ്സില്‍ സ്നേഹം സ്നേഹം എന്നെഴുതി കമ്മലും മാലയും വളയും ഒക്കെ ആയി ഞാന്‍ അണിയാം എന്താ?
ഈ ചോദ്യം കേട്ടാല്‍ പിന്നെ ചേട്ടന്റെ സ്ഥിരം പരിപാടി എനിക്കറിയാം. ഒരു പാട്ട്‌ ആണു. ആ പാട്ടു എഴുതിയാളെ എവിടെ വെച്ചേലും കണ്ടാല്‍ രണ്ടു ചോദിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ എന്നു ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്‌. ചേട്ടന്‍ തൊണ്ട ശരിയാക്കി. പാടാന്‍ തുടങ്ങുമ്പോളേക്കും ഞാന്‍ പാടി! "സന്ധ്യക്കെന്തിനു സിന്ദൂരം ചന്ദ്രികക്കെന്തിനു വൈഡൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്‍മണിക്കെന്തിനാഭരണം" ചേട്ടന്‍ ചമ്മി! പാടിക്കഴിഞ്ഞു ഞാന്‍ ലാലേട്ടന്‍ സ്റ്റൈലില്‍ ചോദിച്ചു വെടി തീര്‍ന്നോ മോനേ ദിനേശാ എന്നു. എന്നിട്ടു കുറേ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ഇതിന്റെ പകുതി ഞാന്‍ വല്ല സ്റ്റേജിലും പറഞ്ഞിരുന്നേല്‍ ഞാന്‍ വല്ല മന്ത്രിയും ആയേനെ. എന്നിട്ടു പറഞ്ഞു ഭാര്യക്കു വേണ്ടി ഒരു പുതിയ പാട്ടെങ്കിലും കണ്ടുപിടിക്കണം എന്നു. എന്നിട്ടു ഞാന്‍ എന്റെ പണികള്‍ ചെയ്യാന്‍ പോയി. ചേട്ടന്‍ കുളിച്ചു പുറപ്പെട്ടു ഭക്ഷണം കഴിച്ചു ഓഫിസിലേക്കു പോകാന്‍ റെഡി ആയി. സ്കൂട്ടറില്‍ കയറിയിട്ടു എന്നെ വിളിച്ചു. എന്നോടു പറഞ്ഞു ഞാന്‍ നിനക്കു വേണ്ടി ഒരു പുതിയ പാട്ടു കണ്ടെത്തി എന്നു. രണ്ടു ദിവസം മുന്‍പു ടി.വി യില്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നു 'ആവണിപ്പൊന്നൂഞ്ഞാല്‍ ആടിക്കാം നിന്നെ ഞാന്‍ ആയില്യം കാവിലെ വെണ്ണിലാവേ ' എന്ന പാട്ട്‌ എനിക്കു വല്യ ഇഷ്ടം ആണെന്നു. അതായിരിക്കും പാടുക എന്നു എനിക്കു തോന്നി. ഞാന്‍ വാതില്‍ക്കല്‍ ആ പാട്ട്‌ ഒഴുകിവരുന്നതും കാതോര്‍ത്തു നിന്നു. ചേട്ടന്‍ പാടി. പാട്ട്‌ ഒഴുകിയല്ല ഓടിത്തന്നെ വന്നു. "ഈ മുള്‍ക്കിരീടമിതെന്തിനു തന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ" മോണിക്കലെവിന്‍സ്കിയെ പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ ഹിലാരി വരുന്നതു കണ്ട ബില്‍ ക്ളിന്റനെപ്പോലെ ഞാന്‍ ചമ്മി. ചേട്ടന്‍ വിജയഭാവത്തില്‍ പുഞ്ചിരിച്ചു സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ പോയി. തിരിഞ്ഞു നടക്കുമ്പോള്‍ പതിവുപോലെ ചേട്ടന്‍ ഓഫ്‌ ചെയ്യാതെ വെച്ചിട്ടു പോയ ടി.വി യില്‍ നിന്നു അദ്നാന്‍ സാമി പാടിത്തകര്‍ക്കുന്നുണ്ടായിരുന്നു.
" ചാന്ദ്‌ ഭീ ലേ ആയേ ,
തൂ അഗ്ഗര്‍ ചാഹേ ..
തൊ ജാനേ ജാനാ ... " .
എനിക്കു വേണ്ടി ചേട്ടന്റെ പാട്ടു അതാണു എന്നു എനിക്കറിയാം!

Wednesday, May 11, 2005

ഒരു.... കഥ!

ഇന്നലെ അക്ഷയത്രിതീയ എന്നൊരു നല്ല ദിവസം ആയിരുന്നു. രാവിലെത്തന്നെ ഞാനും ചേട്ടനും കൂടെ ജ്വല്ലറിയില്‍ പോയി ഇരുപത്തഞ്ച്‌ പവന്‍ വാങ്ങി. അതുകഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ആന അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു ആ ആനയെക്കൂടെ വാങ്ങാം എന്നു. ചേട്ടന്‍ ആനക്കാരനു പൈസ കൊടുത്തു ആ ആനയെ വാങ്ങി. ചേട്ടന്‍ പറഞ്ഞു " നീ ആനയേം കൊണ്ടു വീട്ടിലേക്കു പൊയ്ക്കോ ഞാന്‍ ആനക്കു തിന്നാന്‍ ഉള്ള സാധനങ്ങള്‍ വാങ്ങിയിട്ടു വരാം" എന്നു. ഞാന്‍ ആനയേം കൊണ്ടു നടക്കുമ്പോള്‍ ഒരു പരിചയക്കാരന്‍ വന്നിട്ടു " ഈ ആനയേം കൊണ്ടു എങ്ങോട്ടാ" എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ചേട്ടന്‍ വാങ്ങിത്തന്നതാ ഇതിനേം കൊണ്ടു വീട്ടിലേക്കു പോവ്വ്‌ാന്നു. അപ്പൊ അയാള്‍ പറഞ്ഞു ഞാന്‍ സുവിനോടല്ല ആനയോടാ ചോദിച്ചേന്നു. അപ്പൊ എനിക്കു ദേഷ്യം വന്നു. ഞാന്‍ ആനയേം വെലിച്ചുകൊണ്ടു വേഗ്ഗം വീട്ടിലേക്കു നടന്നു.
(എല്ലാരും വായിച്ചോ? എന്നാ ആ ചെവികള്‍ ഇങ്ങോട്ടു കാണിച്ചേ .കൂുയ്‌...... മുകളില്‍ ഉള്ളതു അപ്പടി മുട്ടന്‍ നുണയാ. എല്ലാരേം പറ്റിക്കണംന്നു ഞാന്‍ കുറേ ദിവസം ആയി വിചാരിക്കുന്നു.ഇന്നു സാധിച്ചു. )

Sunday, May 08, 2005

ദൈവത്തിന്റെ കൈയിലിരിപ്പു!

അവള്‍ ഡോക്ടറുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ഡോക്ടര്‍ വായിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ട്‌ മടക്കി അവളെ നോക്കി. 'സോറി ഡിയര്‍, ഇപ്പ്രാവശ്യവും ശരിയായില്ല. അടുത്ത പ്രാവശ്യം രണ്ടാളും കൂടെ വരു, ഇനി എന്താ വേണ്ടതു എന്നു അപ്പോ തീരുമാനിക്കാം. എല്ലാം ശരിയാവും".
അവള്‍ എണീറ്റു. പോട്ടെ എന്നു ഡോക്ടറോട്‌ തല കൊണ്ടു കാണിച്ചു. ഡോക്ടര്‍ പുഞ്ചിരിച്ചു.
വാതില്‍ തുറന്നു പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ കൂട്ടുകാരി. വന്നു കൈ പിടിച്ചു പറഞ്ഞു 'ഞാന്‍ വീട്ടില്‍ വരുമ്പോള്‍ എന്നും ചോദിക്കാറുണ്ടെടി നിന്നെപ്പറ്റി നിന്റെ വീട്ടിലേക്കു വരാന്‍ സമയം ഇല്ലാഞ്ഞിട്ടാ കേട്ടോ".
നീയെന്താ ഇവിടെ? അവള്‍ കൂട്ടുകാരിയോടു ചോദിച്ചു.
എന്തു പറയാനാ, രണ്ടെണ്ണം ഉള്ളതിനെക്കൊണ്ടു തന്നെ വല്യ പാടാ. അതിനിടക്കു വീണ്ടും വീണ്ടും ആയാല്‍ പിന്നെ ഇല്ലാതാക്കുകയല്ലാതെ പിന്നെ എന്താ ഒരു വഴി? ആദ്യമൊക്കെ വല്യ വിഷമം ആയിരുന്നു. ഇപ്പൊ ശീലം ആയി. പിന്നെ നമുക്കറിയാവുന്ന ഡോക്ടര്‍ ആണല്ലോ. കുറച്ചു വഴക്കു പറയും അത്ര തന്നെ.ഓ.... നീ അവരെ കാണാന്‍ തന്നെ വന്നതായിരിക്കും അല്ലേ?
ഉം... അവള്‍ മൂളി.
സാരമില്ലെടാ ഒക്കെ ശരിയാകും. ദൈവത്തിന്റെ കൈയിലിരിപ്പു കണ്ടില്ലേ? പറഞ്ഞിട്ടു കാര്യമില്ല. ഓ കെ ഇനി പറ്റുമ്പോള്‍ വീട്ടില്‍ വരാം കേട്ടൊ . ബൈ. കൂട്ടുകാരി പോയി.
അവള്‍ വീണ്ടും നടന്നു . ദൈവത്തിന്റെ കൈയിലിരിപ്പിനെക്കുറിച്ച്‌ മനസ്സിലോര്‍ത്ത്‌.
'വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം,
പാലുതരാന്‍ മേലെ തങ്കനിലാക്കിണ്ണം............... "
ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. !!!!!!!!!!

Wednesday, May 04, 2005

ഇഷ്ടമില്ലാത്തതു!!

പെണ്ണുകാണല്‍ ചടങ്ങു.
അവനേയും അവളേയും മാത്രം മിണ്ടാന്‍ വിട്ടിട്ടു വീട്ടുകാര്‍ ഒഴിഞ്ഞുനിന്നു.
അവന്‍ പറഞ്ഞു തുടങ്ങി.
'കല്യാണം കഴിഞ്ഞാല്‍ നീ ജോലിക്കു പോകുന്നതു എനിക്കിഷ്ടം അല്ല,
മുഴുവന്‍ സമയവും ടി.വി ക്കു മുന്‍പില്‍ ഇരിക്കുന്നതു ഇഷ്ടമല്ല, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതു ഇഷ്ടമല്ല , മേക്കപ്പു ചെയ്തു നടക്കുന്നതു ഇഷ്ടം അല്ല .
കുറേ പറഞ്ഞു അയാള്‍ നിറ്‍ത്തി.
അവള്‍ പറഞ്ഞു; നിങ്ങളെ കല്യാണം കഴിക്കാന്‍ എനിക്കിഷ്ടമല്ല.

Sunday, May 01, 2005

തൊഴിലാളി കീ ജയ്‌!!!!!

ഇന്നു മെയ്‌ ദിനം. അഖിലലോകതൊഴിലാളി ദിനം. ബാക്കി ദിനം മുഴുവന്‍ പിന്നെ മുതലാളിമാരുടേതാണോന്നു ചോദിക്കരുതു. കേരളത്തിലെ തൊഴിലാളികളെപ്പെറ്റി എനിക്കു നല്ല അഭിപ്രായം ആണു. കാരണം എന്തു വ്യവസായം ആണെങ്കിലും അവിടെ സമരവും ലഹളയും നടത്തി ആ സ്ഥാപനം പൂട്ടിച്ചു മുതലാളിക്കു തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള വഴി കാണിച്ചുകൊടുക്കുന്നവരെ കുറ്റം പറയാന്‍ പാടില്ലല്ലൊ. പിന്നെ സര്‍ക്കാര്‍ ഓഫീസിലെ തൊഴിലാളികളെക്കൊണ്ടു വാരികകളുടെ പ്രസിദ്ധീകരണവും കൂടുന്നുണ്ടല്ലൊ.അതുകൊണ്ടു കേരളത്തൊഴിലാളികള്‍ അവിടെ നില്‍ക്കട്ടെ. നമുക്കു അറബിനാട്ടിലെ തൊഴിലാളികളെപ്പറ്റി സംസാരിക്കാം.ഈ കേരളത്തില്‍ നിന്നു തെക്കും വടക്കും നടക്കുന്നവരെ എല്ലാരും കൂടെ അറബിനാട്ടിലേക്കു തള്ളിവിടുന്നുണ്ടു. കുടുംബത്തെപ്പറ്റി ബോധം ഉള്ളവന്‍ പണിയെടുക്കും, ബാക്കിയുള്ളവന്‍ മുതലാളിയെ തൊഴിച്ചു തിരിച്ചുപോരും .ഗ്ഗള്‍ഫിലെ തൊഴിലാളികളെക്കൊണ്ടു നമ്മുടെ നാട്ടിനു പല നേട്ടങ്ങളും ഉണ്ടു. ഒന്നാമതു കുറേ ആള്‍ക്കാര്‍ അങ്ങോട്ടു തൊഴിലും നോക്കി പോകുന്നതുകൊണ്ടു കേരളത്തിലെ ജനസംഖ്യ കുറയും.ജോലി താ ജോലി താ എന്നും പറഞ്ഞു നടക്കുന്നവരുടെ എണ്ണം കുറയും. പിന്നെ പല കുടുംബത്തിലും ഗ്ഗ്യാസ്‌ സ്റ്റൌവും മൈക്രൊവേവും പ്രവര്‍ത്തിക്കുന്നതു അവിടെ പോയി പണി എടൂത്തിട്ടുള്ളവരെക്കൊണ്ടാണു .അടുപ്പു പുകയുന്നു എന്നു പറയാന്‍ ഇപ്പൊ വീടുകളില്‍ അടുപ്പു ഇല്ലല്ലൊ. പിന്നെ ഈ കേരളത്തില്‍ ജോലി കിട്ടും ജോലി കിട്ടും എന്നു വിചാരിച്ചിരിക്കുന്നതു പ്രതിപക്ഷ നേതാവു മുഖ്യമന്ത്രി ആവും എന്നു വിചാരിചിരിക്കുന്നതു പോലെയാണു. "ആ മോഹം അതിമോഹം ആണു മോനേ ദിനേശാ എന്നര്‍ഥം.
എന്നാല്‍ അറബി നാട്ടിലും രാഷ്ട്രീയം പൊടിപൊടിക്കുന്നുണ്ടെന്നു കേട്ടു . തലപ്പത്തു നിന്നു കിട്ടിയ വാര്‍ത്തയാണു. ഹേയ്‌ ഞാന്‍ അങ്ങോട്ടൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ല . എനിക്കു അറബി ഭാഷ അറിയില്ല. അവര്‍ക്കു എന്റെ മലയാളോം അറിയാന്‍ വഴിയില്ല. കഥകളിയാണേല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും അറിയില്ല. രാഷ്ട്രീയം വന്നു വന്നു അറബികള്‍ അവരുടെ വെള്ളക്കുപ്പായം മാറ്റി ചുവപ്പും നീലയും പച്ചയും ഒക്കെ ഇടുന്നതൊന്നു ഓര്‍ത്തു നോക്കിക്കേ. പിന്നെ വല്ല രാഷ്ട്രീയപ്പാര്‍ട്ടികളും എന്നെ വല്ല ഉത്ഘാടനത്തിനോ മറ്റൊ വിളിച്ചാലും ഞാന്‍ ആ വഴിക്കു പോവില്ല. ഒന്നാമതു അറബികള്‍ക്കു എന്നൊടു ദേഷ്യം വന്നാല്‍ അവര്‍ എന്റെ തല വെട്ടാന്‍ തുടങ്ങും . തല ഉണ്ടായിട്ടു തന്നെ കാണാന്‍ ചേലില്ല, പിന്നെയല്ലെ തല പോയാല്‍. രണ്ടാമതു എനിക്കു പാസ്സ്പോര്‍ട്ടില്ല. ഞാന്‍ വടി ആയാല്‍ കൊടുക്കാന്‍ ഒരു പാസ്സ്പ്പോര്‍ട്ടു സൈസ്‌ ഫോട്ടോ പോലും ഈ വീട്ടില്‍ ഇല്ല, പിന്നെയല്ലെ പാസ്സ്പോര്‍ട്ടു. പക്ഷെ ഞാന്‍ അവിടുത്തെ തൊഴിലാളികള്‍ക്കു വേണ്ടി പല മുദ്രാവാക്യങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ടു. അതായതു--- ഞങ്ങളു കുഴിച്ചെടുക്കും എണ്ണകളെല്ലാം ഞങ്ങളുടേതാകും അറബികളേ , അഖിലകേരളത്തൊഴിലാളികളേ സംഘടിക്കുവിന്‍ സംഘടിച്ചു സംഘടിച്ചു വിസ കളയുവിന്‍ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍. ഇനീം കുറേ ഉണ്ടു. എവിടുത്തെ തൊഴിലാളികളായാലും എനിക്കൊന്നേ പറയാന്‍ ഉള്ളു. പണിയെടുത്തു നന്നാവുക. എല്ലാര്‍ക്കും കിട്ടുന്ന പണി എടുക്കുക പുരോഗ്ഗമിക്കുക. അയ്യോ !!!!!!!!!!!!!!!പണീന്നു പറഞ്ഞപ്പോഴാ ഓര്‍ത്തേ ഞാന്‍ പോയി വല്ല പണീം എടുക്കട്ടെ , അല്ലെങ്കില്‍ ഈ തൊഴിലാളി ദിനത്തില്‍ തന്നെ എന്റെ മുതലാളി എന്നെ പിരിച്ചുവിടും .അതുകൊണ്ടു.........
തൊഴിലാളീ കീ ജയ്‌..........
മുതലാളീ കീ ഡബിള്‍ ജയ്‌!!!!!!.