Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 30, 2007

ജീവിതം ചപ്പാത്തിയാണ്

ജീവിതം.
സ്നേഹത്തിന്റെ ഉപ്പും വെള്ളവും ചേര്‍ത്ത്,
കുഴച്ചുരുട്ടി വെച്ചിരിക്കുന്നു.
അല്‍പ്പമിരുന്ന് കാലമായാല്‍,
അറിവിന്റെ മേഖലയിലേക്ക് പരന്ന് പരന്ന് നടക്കാം.
ഭാരം അമരുമ്പോള്‍,
അല്പം പ്രയാസം തോന്നിയേക്കും.
പക്ഷെ, മതിയെന്ന് തോന്നരുത്.
പരന്ന് കഴിയുമ്പോള്‍, പതുക്കെ അടര്‍ന്ന് വരാം.
സ്വന്തമായിരുന്ന് ആലോചിക്കാം.
അടര്‍ന്നുപോരുമ്പോള്‍ പൂര്‍ണ്ണമായും വരണം.
ഒന്നും ഉപേക്ഷിക്കരുത്.
അംഗഭംഗം വരുത്തുമത്.
കഴിവിനു നേരെ ചോദ്യമാകും.
പിന്നെ, ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യക്കല്ലിലേക്ക് ചാടാം.
ശുഭാപ്തിവിശ്വാസത്തിന്റെ എണ്ണയൊഴിക്കാം,
പ്രണയത്തിന്റെ നെയ് പുരട്ടാം,
സുഖം, ദുഃഖം, നിരാശ, പ്രതീക്ഷ, ലാഭം, നഷ്ടം,
എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും പാകം വരുത്താം.
സൌഹൃദത്തിന്റെ, ചൂടുപോകാത്ത പാത്രത്തില്‍,
ഒത്തൊരുമയോടെ കഴിയാം.
ഒടുവില്‍ മോക്ഷത്തിനായി കാത്തിരിക്കാം.
മരണം വന്ന് തിന്നുന്നതുവരെ!

Labels:

Saturday, October 27, 2007

അമ്മയും അമ്മുവും

അമ്മേയിന്നെന്തേ മാനത്തെ പപ്പടം,
അമ്മൂനെ നോക്കി ചിരിച്ചില്ലല്ലോ.
അമ്മൂ നീയിന്നു മാമുണ്ണാതെ,
വാശിപിടിച്ചു നടന്നിട്ടല്ലേ?
അമ്മേ ഞാനെങ്ങോട്ടു പോയെന്നാലും,
പിന്നാലെപ്പിന്നാലെ വന്നീടുന്നൂ.
അമ്മൂ, രാത്രിയില്‍ നീ വീഴാതെ,
വെട്ടം തെളിച്ചു തരുന്നതല്ലേ.
അമ്മേയെന്തിനീ നക്ഷത്രങ്ങള്‍,
രാത്രിയില്‍ പുഞ്ചിരി തൂകീടുന്നൂ?
ആകാശത്തുള്ളൊരു കുഞ്ഞുമക്കള്‍
‍ദീപം തെളിക്കുന്നതല്ലേയമ്മൂ?
അമ്മേയമ്മുവിനമ്പിളിമാമനെ
കാണുവാന്‍ പോകുവാനെന്നു പറ്റും?
അമ്മു വളര്‍ന്നു പഠിച്ചു മിടുക്കിയായ്‌,
ഒരു നാളില്‍ പോയങ്ങുകാണാമല്ലോ
അമ്മേ ഞാനങ്ങോട്ട്‌ പോയ്‌വരുമ്പോള്‍,
‍അമ്മയ്ക്കു നക്ഷത്രം കൊണ്ടുത്തരും.
അമ്മൂ, മതിയിനി, രാത്രിയിതേറെയായ്‌
അമ്പിളിമാമനു യാത്ര ചൊല്ലൂ.
അമ്പിളിമാമാ, പോകുന്നു ഞാന്‍,
‍നാളെയും ഈ വഴി വന്നീടണേ.
-------------
കുഞ്ഞായിരിക്കുവാന്‍ എന്തു സുഖം!
എന്തിലും സൌന്ദര്യമെന്തും സത്യം!

Labels:

Thursday, October 25, 2007

ഹൃദയം

ശില്പം നിര്‍മ്മിക്കാന്‍ കടമെടുത്തത് പ്രകൃതിയില്‍ നിന്നായിരുന്നു.
ഭൂമിയെടുത്ത് ശരീരം നിര്‍മ്മിച്ചു,
ആകാശമെടുത്ത് വസ്ത്രമിട്ടു,
നക്ഷത്രം കണ്ണിലിട്ടു,
കാര്‍മേഘം മുടിയില്‍ ചേര്‍ത്തു,
മഴവില്ലുകൊണ്ട് ഉടുപ്പിന് ചായം കൊടുത്തു,
ചക്രവാളത്തില്‍നിന്നിത്തിരി ചോപ്പെടുത്ത്
ചുണ്ടില്‍ തേച്ചു.
ഒടുവില്‍ ഹൃദയം വെച്ചപ്പോള്‍,
അതൊരു വല്യ കരിങ്കല്ലായിരുന്നു.
പൂവായിരുന്നാലല്ലേ,
കശക്കിയെറിയാന്‍ പറ്റൂ.

Labels:

Tuesday, October 23, 2007

അനിയത്തി

അയാള്‍ ഗേറ്റ്‌ കടന്ന്, നിരത്തിലേക്ക്‌ ഇറങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് അനിയത്തി ഓര്‍മ്മിപ്പിച്ചു.

"അടുത്ത തവണ വരുമ്പോള്‍, എണ്ണ, മറക്കാതെ കൊണ്ടുവരണേ."

അയാള്‍ തിരിഞ്ഞുനോക്കിയപ്പോള്‍, ഗേറ്റും പിടിച്ച്‌, പുഞ്ചിരിയോടെ നില്‍ക്കുന്നുണ്ട്‌ കാവേരി. അയാള്‍ പുഞ്ചിരിച്ചു. മറുപടി ആയിട്ട്‌ ഒന്നും പറഞ്ഞില്ല.

"ഒന്നും മറക്കാതെ എടുത്തുവെച്ചോളുട്ടോ. ഒക്കെ ബാഗിനടുത്ത്‌ വച്ചിട്ടുണ്ട്‌." അമ്മ, ഒരു നൂറു പ്രാവശ്യം ഓര്‍മ്മിപ്പിച്ചിരുന്നു. നാട്ടില്‍ നിന്ന് വരുമ്പോള്‍ നഗരവാസിയായ അനിയത്തിക്കും കുടുംബത്തിനും തന്നയയ്ക്കാന്‍ അമ്മയ്ക്ക്‌, ഒരുപാട്‌ വസ്തുക്കള്‍ ഉണ്ടാവും. പറമ്പില്‍ ഉണ്ടാവുന്ന പച്ചക്കറികളും, വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും ഒക്കെ. നാട്ടുവൈദ്യനോട്‌ പറഞ്ഞ്‌ എഴുതിവാങ്ങിച്ച്‌ വീട്ടില്‍ കാച്ചിയെടുക്കുന്ന എണ്ണ, എല്ലാ പ്രാവശ്യവും എടുത്തുവയ്ക്കും അമ്മ.

"അവിടെ കിട്ടില്ലല്ലോ, തീര്‍ന്നാല്‍പ്പിന്നെ എന്തു ചെയ്യും?" എന്ന് ചോദിക്കും.

കുഞ്ഞുന്നാളിലേ, വീട്ടില്‍ കാച്ചിയെടുക്കുന്ന എണ്ണയാണ്‌ അവള്‍ തേയ്ക്കാറുള്ളത്‌. പൈപ്പ്‌ വെള്ളം കൊണ്ട്‌ തലമുടി കൊഴിഞ്ഞുപോവാത്തതും അതുതന്നെയെന്ന് അവള്‍ എപ്പോഴും പറയും. പക്ഷെ, ഇപ്രാവശ്യം ഒക്കെ കണ്ടപ്പോള്‍, എണ്ണക്കുപ്പികള്‍ ഒഴിവാക്കിയേക്കാമെന്ന് കരുതി. എല്ലാത്തിന്റേയുംകൂടെ ഇരുന്ന് പൊട്ടിത്തൂവിപ്പോകേണ്ടല്ലോ എന്ന് കരുതി. കൊണ്ടുപോവാനുള്ള വസ്തുക്കള്‍ കുറേ ഉള്ളതുകൊണ്ട്‌, പ്രത്യേകം പിടിക്കാമെന്ന് കരുതാനും പറ്റിയില്ല.

"അടുത്ത പ്രാവശ്യം കൊണ്ടുപോകാം അമ്മേ. കേടാവുകയൊന്നുമില്ലല്ലോ." ഇടയ്ക്കിടയ്ക്ക്‌ പോകുന്നതുകൊണ്ട്‌ കൊണ്ടുക്കൊടുക്കാനും പ്രയാസമില്ല. പക്ഷെ, കൊണ്ടുപോയതൊക്കെ എടുത്തുനോക്കി അവള്‍ പറഞ്ഞു.

"എണ്ണ കൊണ്ടുവരായിരുന്നു. ഇപ്പോ, ക്ലോറിന്‍ അധികം കലര്‍ന്ന വെള്ളം ആയതുകൊണ്ട്‌, മുടികൊഴിയാന്‍ സാദ്ധ്യതയുണ്ട്‌. വേറെ ഏതെങ്കിലും തേയ്ക്കാമെന്ന് വച്ചാല്‍, തലവേദനയും."

"അമ്മ എടുത്തുവെച്ചിരുന്നു. കുപ്പിയായതുകൊണ്ട്‌ ഉടയേണ്ടെന്ന് കരുതി. ഇനി കുറച്ചുദിവസം കഴിഞ്ഞാല്‍ വരുമല്ലോ. അതുവരേയ്ക്കുള്ളത്‌ ഇവിടെയില്ലേ?"

ഇറങ്ങിയപ്പോള്‍ ഒന്നുകൂടെ ഓര്‍മ്മിപ്പിച്ചതാണവള്‍.

വീണ്ടും, വേഗം തന്നെ വരാമെന്ന് പറഞ്ഞെങ്കിലും, മഴക്കാലവും, പറമ്പിലേയും, പാടത്തേയും ജോലികളും കഴിഞ്ഞ്‌ അയാള്‍ക്ക്‌ വീണ്ടും ചെല്ലാന്‍ കഴിഞ്ഞപ്പോഴേക്കും ദിവസങ്ങള്‍ ഒരുപാട്‌ കഴിഞ്ഞിരുന്നു. ആദ്യമൊക്കെ കുറച്ച്‌ ദിവസം, ഫോണ്‍ വിളിയിലും, കത്തെഴുത്തിലും അവള്‍ എണ്ണ കൊണ്ടുവരണേയെന്ന് ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. പിന്നെ അതും ഇല്ലാതായി. എന്തായാലും ഇനി ചെല്ലുമ്പോള്‍ എടുക്കുമെന്ന് ഏറ്റതാണല്ലോ.

എണ്ണയെടുക്കാന്‍ മറന്നില്ല. അമ്മയും വരാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഇനി മഴയൊക്കെ കഴിയട്ടെ എന്ന് പറഞ്ഞു. പതിവുപോലെ വരാന്തയില്‍ അവളെ കണ്ടില്ല സ്വീകരിക്കാന്‍. ജോലിത്തിരക്കിലാവും എന്ന് കരുതി. മോഹനോടും കുട്ടികളോടും വിശേഷമൊക്കെ ചോദിച്ചും പറഞ്ഞും ഇരുന്നു. കുറേക്കഴിഞ്ഞാണ് അവള്‍ വന്നത്. തലയില്‍ ഒരു ടൌവല്‍ കെട്ടിവെച്ചിട്ടുണ്ട്‌. വല്ലാതെ ക്ഷീണിച്ചപോലെയുണ്ട്‌. പ്രത്യേകം വെച്ചിരുന്ന എണ്ണക്കുപ്പിയുടെ കവര്‍ ഒന്നു തുറന്ന് നോക്കിയിട്ട്‌ അവള്‍ പറഞ്ഞു.

"ഇനി കുറച്ച്‌ കാലത്തേക്ക്‌ ഇതിന്റെ ആവശ്യം വരില്ല ഏട്ടാ. കീമോത്തെറാപ്പി കാരണമാവും മുടിയൊക്കെ പോയി." അയാള്‍ ഞെട്ടലോടെയാണ്‌ കേട്ടത്‌.

കുട്ടികളും കാവേരിയും അകത്തേക്ക്‌ ബാഗും എടുത്ത്‌ പോയി.

"ഒന്നും പറഞ്ഞില്ലല്ലോ?"

"വേണ്ടെന്ന് അവള്‍ പറഞ്ഞു. ഇപ്പോ, വന്നപാടേ എങ്ങനെയാന്ന് ഞാനും കരുതി. പറഞ്ഞെന്ന് അവള്‍ കരുതിയെന്ന് തോന്നുന്നു. പിന്നെ ഭേദവുമുണ്ട്‌." മോഹന്‍, വിവരങ്ങളൊക്കെ പറയാനാരംഭിച്ചപ്പോള്‍, അമ്മയോട്‌ എന്ത്‌ പറയും എന്നാലോചിച്ച്‌ മനസ്സ്‌ കരഞ്ഞുതുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു.

Labels:

Sunday, October 21, 2007

അറിവിന്റെ വഴികള്‍

അറിവിന്റെ ആദ്യാക്ഷരങ്ങള്‍, മാതാപിതാക്കന്മാരായിരിക്കും തന്നത്. ഗുരുക്കന്മാരും, പുസ്തകങ്ങളും, കൂട്ടുകാരും ആ അറിവിലേക്ക്, ഒരുപാട് നിക്ഷേപിച്ചുകൊണ്ടിരുന്നു. പ്രകൃതിയും, കണ്ടുമുട്ടുന്ന ഓരോ വസ്തുക്കളും, ജീവിതത്തിലെ ഓരോ അനുഭവങ്ങളും, പ്രശ്നങ്ങളും, അറിവുതന്ന് കടന്നുപോയ്ക്കൊണ്ടിരുന്നു.
ശിക്ഷകള്‍, ചെയ്യുന്ന ചില പ്രവൃത്തിയുടെ ഫലമെന്നും, വെയിലും മഴയും, ഒരുപോലെ അവശ്യമെന്നും, ഉള്ളതില്‍ സന്തോഷിക്കുമ്പോള്‍, ഇല്ലാത്തവരെ ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും, ദുഃഖങ്ങളില്‍ മടുക്കാതെ, കിട്ടിയ സന്തോഷങ്ങളില്‍ നടക്കാനും, ഒരുപാടുള്ളപ്പോള്‍, ഇല്ലാത്തവര്‍ക്ക് കൊടുക്കാനും ഒക്കെയുള്ള അറിവ്, പുസ്തകങ്ങളില്‍ നിന്ന് കിട്ടിയത് ആയിരുന്നില്ല. ഇന്നലെക്കിട്ടിയ അറിവ് മറക്കാതെ, ഇന്ന് നേടാനുള്ളത് നേടി, നാളെ തേടിയെത്തുന്ന അറിവിലേക്ക് പ്രതീക്ഷയര്‍പ്പിച്ചിരിക്കുക. എന്നും പഠിക്കാനുണ്ട്. എന്തില്‍ നിന്നും പഠിക്കാനുണ്ട്. ഓരോരുത്തരും, ഓരോന്നും, അറിവ് നല്‍കുന്നു. കട്ടെടുക്കാന്‍ കഴിയാത്ത, കൊടുത്താലും, നേടിയാലും ഒടുങ്ങാത്ത, ജീവിതാവസാനം വരെയുള്ള അറിവിന്റെ അന്വേഷണത്തിലേക്കൊരു യാത്ര. അറിവിന്റെ വഴികളിലൂടെയുള്ള യാത്ര എത്രയും വേഗം തുടങ്ങുന്നോ, അത്രയും നല്ലത്. അറിഞ്ഞതിലും കൂടുതല്‍ അറിയാനുണ്ടെന്ന് തോന്നലുണ്ടെങ്കിലേ, അറിവിലേക്കുള്ള യാത്ര സുഖകരമാവൂ. പ്രകൃതിയിലേക്ക്, പ്രശ്നങ്ങളിലേക്ക്, പുസ്തകങ്ങളിലേക്ക്, സുഹൃത്തുക്കളിലേക്ക്, നോക്കുക. അറിവ് നേടിയാല്‍ മാത്രം പോര, കൊടുക്കാനും കഴിയണം. ജനിച്ച മുതല്‍, മരിക്കുന്നതുവരെയുള്ള യാത്ര, അറിവിന്റെ യാത്രയുമാവട്ടെ.

Labels:

Thursday, October 18, 2007

ഉപേക്ഷിച്ചുപോകുന്നവ

ഓരോ പെട്ടിയും അടയ്ക്കുന്നതിനുമുമ്പ് ഒന്നുകൂടെ നോക്കി. അച്ചാറുകള്‍, പപ്പടക്കെട്ടുകള്‍, വറ്റലുകള്‍, തിന്നാനുള്ള പല വസ്തുക്കളും. ഓരോ പൊതി പൊതിയായിട്ട് അടുക്കിയടുക്കിവെച്ചിട്ടുണ്ട്. ഇനി അടച്ച്, അവിടെയെത്തി തുറന്ന് നിരത്തിവെക്കും. കുറച്ചുകാലത്തേക്ക് ഇത്രയും മതി സന്തോഷത്തിന്. ചില പെട്ടിയില്‍, ഇങ്ങോട്ടുകൊണ്ടുവന്നതും പുതുതായി വാങ്ങിക്കൊണ്ടുപോകുന്നതുമായ വസ്ത്രങ്ങള്‍. അവധിക്കാലത്തിന്റെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രങ്ങള്‍. തിരിച്ചുവരവിനുവേണ്ടിയുള്ള പോക്ക്. ഇനിയെന്തെങ്കിലും മറന്നിട്ടുണ്ടോ എടുക്കാന്‍. ഇല്ല. ഒക്കെ തയ്യാര്‍. ഇനി യാത്ര തുടങ്ങുകയേ വേണ്ടൂ.

“ഇനിയെന്തെങ്കിലും മറന്നിട്ടുണ്ടോ?”

“ഇല്ലെന്ന് തോന്നുന്നു. ഒക്കെ നോക്കിയല്ലോ.”

“ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ?”

“അമ്മേ, ഇനിയീ വീടും, നാടും, വീട്ടുകാരും, നാട്ടുകാരും മാത്രമേയുള്ളൂ എടുക്കാന്‍. എടുക്കുന്നുണ്ടോ?”

ഏതൊരു യാത്രയിലും, പ്രിയപ്പെട്ട ചിലത്, പിന്നിലുപേക്ഷിച്ചേ പോകാന്‍ പറ്റൂ. നേട്ടത്തിന്റെ മുഖം പുഞ്ചിരിക്കുമ്പോള്‍, നഷ്ടത്തിന്റെ മുഖം കണ്ണീരുമായി നില്‍ക്കുന്നുണ്ടാവും.

Labels:

Monday, October 15, 2007

യാത്ര

പുഴകള്‍ ഒഴുകിച്ചേരുന്നത് കടലിലേക്കാണ്.
ജീവിതപ്പുഴകള്‍ ഒഴുകിച്ചെല്ലുന്നത് മരണക്കടലിലേക്കും.
പുഴകള്‍ വറ്റിവരളുമ്പോള്‍,
കടലിലേക്കെത്താന്‍ കാലതാമസം വരും.
ജീവിതം വറ്റിവരളുമ്പോള്‍,
ഇനിയെന്തെന്ന ചിന്തയാവും.
ഓരോ വിടവാങ്ങലിന്റേയും അവസാനം ഒരൊത്തുചേരലുണ്ട്.
വിട്ടുപോകുന്നവരെക്കുറിച്ച്, സ്വാര്‍ത്ഥത നമ്മുടെ കൂടെ നിന്ന് ചിന്തിപ്പിച്ച് ദുഃഖിപ്പിക്കും.
എത്തിച്ചേരാനുള്ളിടത്ത് കാത്തുനില്‍ക്കുന്നവരെക്കുറിച്ച്,
അവരുടെ, പ്രതീക്ഷയേയും, സന്തോഷത്തേയും കുറിച്ച് ആരും ചിന്തിക്കാത്തതെന്ത്?
മരണം, കണ്ടുനില്‍ക്കുന്നവരെ വിട്ട്,
കാത്തുനില്‍ക്കുന്നവരിലേക്കെത്താനുള്ള യാത്രയാണ്.
ഓരോ യാത്രയിലുമെന്നപോലെ, ഒരു സന്ദേശം നമുക്കായി കാത്തുകിടപ്പുണ്ട്.
ലെസ്സ് ലഗ്ഗേജ്, മോര്‍ കംഫേര്‍ട്ട്.
പഴി, ശാപം, തെറ്റുകള്‍, കുറ്റബോധം.
ഭാരങ്ങള്‍ കൂടുതലാവുമോ?
ഒറ്റയ്ക്ക് ചുമക്കേണ്ട ഭാരങ്ങള്‍ എന്തെന്ന് അറിയുമ്പോള്‍,
ഒഴിവാക്കാന്‍ കഴിയുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും.
നിറയ്ക്കുമ്പോള്‍ത്തന്നെ, ഭാരമാണെന്ന് അറിയുമ്പോള്‍,
വലിയ ഭാണ്ഡം കെട്ടാതിരിക്കില്ലേ?
“മരണത്തിലേക്ക് കൈയും വീശി, നടന്നു പോയി.”
ആരോ എഴുതിവെച്ച വാചകം വായിക്കാന്‍ രസം.
അപ്പോ, അങ്ങനെ നടന്നുപോകാനോ?

Labels:

Saturday, October 13, 2007

ഞാനും എന്റെ തടിയും

തടി, അഥവാ വണ്ണക്കൂടുതല്‍, എന്നത് ഒരു അനുഗ്രഹമോ ശാപമോ എന്നൊന്നും അറിയില്ല. എന്തായാലും, പണ്ടൊക്കെ, നാവു വടിക്കാന്‍ ചീന്തുന്ന ഈര്‍ക്കിലിന്റെ പകുതി പോലിരുന്ന ഞാന്‍, തെങ്ങുപോലെ ആയത്, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പിടിച്ചില്ലെന്ന് എനിക്ക് മനസ്സിലായി. തടിയെന്നത് മഹാമോശംകാര്യമാണെന്ന് പലരും എന്നെ പറച്ചിലൂടെ ബോധിപ്പിച്ചു. വളരെക്കാലങ്ങള്‍ക്കു ശേഷം കണ്ട മാഷ്, എന്നേയും എന്റെ കസിന്‍സിനേയും കണ്ട ശേഷം, എന്നോട് പറഞ്ഞത്, എന്ത് തടിയാ തടിച്ചത് എന്നാണ്. അപ്പറഞ്ഞ സമയത്ത്, ആ നിന്നയിടം ഒരു റോഡും, അതിലൊരു കുഴിയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഒരു മുങ്ങുമുങ്ങിയേനെ. അതുകഴിഞ്ഞ് ഒരു കസിന്റെ കല്യാണപ്പാര്‍ട്ടിയില്‍ വച്ച്, വേറൊരു മാഷ്, ഇതെന്താ ഇങ്ങനെ? നീയിനി തടിക്കരുതുട്ടോ എന്ന് പറഞ്ഞു പോയപ്പോള്‍, എനിക്കു തോന്നി കാര്യം സീരിയസ്സാണെന്ന്. അസൂയ, അസൂയ എന്ന് എപ്പോഴും പറയാന്‍ പറ്റില്ലല്ലോ.

പിന്നെ, എന്നും രാവിലെ എണീറ്റു സമാധാനിക്കല്‍ ആയി, ആദ്യ ജോലി. ഖുശ്ബു, ടുന്‍ ടുന്‍, കര്‍ണ്ണം മല്ലേശ്വരി, അദ്നാന്‍ സാമി, എന്നിവരൊക്കെ ആയാല്‍ മതി എന്റെ ആരാധനാപാത്രങ്ങള്‍ എന്നു തീരുമാനിച്ചു. ഐശ്വര്യാറായിക്കും, പ്രീതി സിന്റയ്ക്കും അനീമിയ ആണെന്നും ഞാനങ്ങുറപ്പിച്ചു. ഇനി പറയുന്നവരോട്, എന്റെ ബുദ്ധിയ്ക്ക് തലയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടാണെന്നും, ഒഴുകിപ്പരക്കുകയാണെന്നും ഒരു കാരണം കണ്ടുപിടിച്ചു. എന്നെ അറിയാത്തവരൊക്കെ വിശ്വസിക്കുമല്ലോ.

പക്ഷെ, തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്ന് എന്റെ കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. അത്, തടി കൂടുന്നുണ്ടോന്നുള്ള സംശയമാണോ, അതോ ഐസ്ക്രീമും ചോക്ലേറ്റും ഒക്കെ തട്ടിവിടുന്നതിന്റെ കഥ കേള്‍പ്പിച്ചതിലെ അസൂയയാണോയെന്നറിയില്ല. അങ്ങനെ, അവരെന്നെ ഉപദേശിച്ചു. ഒടുവില്‍, അവരുടെ പ്രേരണ അഥവാ ശല്യം കൊണ്ട്, ഒരു പാര്‍ലറുകാരി നടത്തുന്ന ജിമ്മില്‍ ചേര്‍ന്നു. ഞാനും എന്റെ കൂട്ടുകാരിയും, ഉത്സവത്തിനുപോകുന്ന ഉത്സാഹത്തോടെ പോയി. അവിടെ എന്തൊക്കെയാ പരിപാടി എന്നറിയില്ലല്ലോ. കല്യാണം കഴിഞ്ഞ് വിരുന്നിനു ചെല്ലുന്ന നവദമ്പതികള്‍ക്കു നല്‍കുന്ന പോലെയുള്ള സ്നേഹോഷ്മളമായ സ്വീകരണം കണ്ടപ്പോള്‍, എന്റെ തടിയില്‍ എനിക്ക് അഭിമാനം തോന്നി. അതേ അഭിമാനം എന്റെ കൂട്ടുകാരിക്കും ഉണ്ടെന്ന് കണ്ടപ്പോള്‍ ഇമ്മിണി വല്യ ഒരു അഭിമാനവുമായി ഞങ്ങള്‍ നിന്നു.

വെയിറ്റ് നോക്കുന്ന യന്ത്രം ഞങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍, ആനയ്ക്കു മുന്നില്‍ വച്ച ബട്ടണ്‍ പോലെയുണ്ടെന്ന് എനിക്ക് തോന്നിയ സേം തോന്നല്‍, എന്റെ കൂട്ടുകാരിയ്ക്കും തോന്നിയെന്നത്, അവളുടെ നോട്ടത്തിലൂടെ എനിക്കു മനസ്സിലായി. പാര്‍ലറുകാരി മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സേം പിഞ്ച് കൈമാറിയേനെ. നീയെന്തായാലും കയറിക്കോ, പൈസച്ചെലവ് തന്നെ, ഈ യന്ത്രം കേടായാല്‍ നമുക്കൊന്ന് വാങ്ങിക്കൊടുക്കാമെന്നേ എന്ന മട്ടില്‍ ഞാന്‍ നിന്നു. അവള്‍ കയറി നിന്നു. പാര്‍ലറുകാരി നോക്കി. അതുകഴിഞ്ഞ് എന്റെ ഊഴമായി. ഇതില്‍ എത്രയാ മാക്സിമം എന്നു ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു. ചോദിച്ചില്ല. ശ്വാസം കഴിച്ചാല്‍, അതിന്റെ സൂചി വേഗം മുന്നോട്ട് പോയാലോന്ന് കരുതി, ഞാന്‍ ശ്വാസമടക്കിപ്പിടിച്ച്, നിന്നു. അവര്‍, അതു നോക്കി, ഒരു ബുക്കില്‍ എഴുതിയിട്ടപ്പോള്‍ എനിക്ക് സമാധാനം ആയി.

അങ്ങനെ, അവര്‍ ഓരോ യന്ത്രത്തിലും കയറി നില്‍ക്കാന്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഗാരന്റി പിരീഡ് കഴിഞ്ഞതാണോന്നുള്ള തോന്നല്‍ അടക്കി, അവരുടെ ഉപദേശം സ്വീകരിച്ചു. ഐശ്വര്യാറായിക്കും, പ്രീതി സിന്റയ്ക്കും, അവരോടുള്ള വിദ്വേഷം മറന്ന്, മനസ്സുകൊണ്ട് വെറ്റിലവച്ചു.

നടക്കാനുള്ളതില്‍ കയറി നടക്കാന്‍ തുടങ്ങിയപ്പോള്‍, ഇതുകൊള്ളാമല്ലോന്ന് തോന്നി. ഭയങ്കര നടത്തം. എവിടേം എത്തില്ല. സുഖം. ഇതേ നടത്തം നീട്ടിവലിച്ച്, അമ്പലത്തിലേക്കോ ലൈബ്രറിയിലേക്കോ നടന്നാല്‍, അനുഗ്രഹവും അറിവും കിട്ടും. ഇവിടെ പൈസ കൊടുത്ത് എവിടേം എത്താതെ നടക്കുന്നു. എന്തോ കഥ.
അതുകഴിഞ്ഞ് സ്റ്റെപ്പറില്‍ കയറി. ആദ്യം കയറിയപ്പോള്‍, കര്‍........ എന്നൊരു ഒച്ച കേട്ടു. ഈശ്വരാ ഈ സ്റ്റെപ്പറില്‍ നിന്നു വീണു മരിക്കുന്ന ആദ്യത്തെ ആളാണോ ഞാന്‍ എന്ന് പേടിച്ചു. അതൊന്നും സാരമില്ല, ചെയ്തോളൂ, ചെയ്തോളൂ എന്ന് അവര്‍. നിങ്ങക്കതൊക്കെപ്പറയാം, എനിക്കിനിയും ജീവിതത്തിന്റെ പടികള്‍ കയറാനുള്ളതാണ്, എനിക്കെന്തെങ്കിലും പറ്റിയാല്‍ ആരു സമാധാനം പറയും എന്ന മട്ടില്‍ ഞാന്‍ അതൊക്കെ ഒന്ന് സൂക്ഷ്മം പരിശോധിച്ചു. പിന്നെ ചെയ്യാന്‍ തുടങ്ങി.

പിന്നെ, അവര്‍, ഭക്ഷണകാര്യങ്ങളെക്കുറിച്ച് പറഞ്ഞു. രാത്രി, ഒരു ചപ്പാത്തിയും, കുറച്ച് വെജിറ്റബിള്‍ സാലഡും എന്നു പറഞ്ഞപ്പോള്‍, തമാശ അറിയാത്ത കൂട്ടുകാരി, ഭക്ഷണത്തിനുമുമ്പോ, ഭക്ഷണം കഴിഞ്ഞിട്ടോ എന്ന് ചോദിച്ചു. ചിരി പിടിച്ചുനിര്‍ത്തുന്നത്, ലോകത്തെ ഏറ്റവും വലിയ എക്സര്‍സൈസ് ആണെന്ന് ഞാനന്ന് മനസ്സിലാക്കി. ആ എക്സര്‍സൈസ് ഇല്ലെങ്കില്‍ തടി കേടാവും എന്നും എനിക്ക് തോന്നി.

അന്നത്തെ ദിവസം എങ്ങനെയോ തടിയൂരി. അങ്ങനെ പോകാന്‍ തുടങ്ങി, ദിവസവും. ഒരു മാസമായി. തടി കുറഞ്ഞെന്ന് ആരും പറയാത്തത്, നമ്മള്‍ അവിടെ പോകുന്നതില്‍ ഉള്ള അസൂയ കൊണ്ടാണെന്ന്, ഞാനും കൂട്ടുകാരിയും പറഞ്ഞുറപ്പിച്ചു. അങ്ങനെ, ഒരു മാസം ആയപ്പോള്‍, അവര്‍, വീണ്ടും, വെയിറ്റ് നോക്കുന്ന യന്ത്രം കൊണ്ടുവച്ചു. ഞാന്‍ എല്ലാ മെലിച്ചിലുകാരേയും മനസ്സില്‍ ധ്യാനിച്ച് അതിന്റെ മുകളിലേക്ക്, കയറി. സൂചി, റെക്കോഡ് തകര്‍ക്കാന്‍ പോകുന്ന ഓട്ടക്കാരനെപ്പോലെ ഒരു പോക്ക്. എത്ര മിനുട്ട്, ശ്വാസമടക്കിപ്പിടിച്ച്, നില്‍ക്കാം എന്ന് ഞാന്‍ അവിടെയുള്ള ക്ലോക്കില്‍ നോക്കി നിന്നു. അവര്‍ ബുക്കില്‍ എഴുതിയിടുന്നതുവരെ. രണ്ടരക്കിലോ കുറഞ്ഞിട്ടുണ്ടെന്ന് അവര്‍ പ്രഖ്യാപിച്ചു. പൈസയും കുറഞ്ഞല്ലോ എന്ന് ഞാനും വിചാരിച്ചു. എന്റെ കൂട്ടുകാരി, ഒരു കിലോയേ കുറഞ്ഞുള്ളൂ. അവള്‍ക്കത് പിടിച്ചില്ല. നാളെ മുതല്‍ നമ്മള്‍ പോകേണ്ടെന്നും, വെറുതെയാണെന്നും അവള്‍ പറഞ്ഞു. ഇത് ആദ്യത്തെ ദിവസം തന്നെ പറഞ്ഞിരുന്നെങ്കില്‍, അക്കാശ് കൊണ്ട്, ഐസ്ക്രീം കഴിക്കാമായിരുന്നു എന്നു ഞാനും കരുതി. പിന്നെ ഞങ്ങള്‍ അങ്ങോട്ട് പോയില്ല. അഥവാ, അവരെ വഴിയില്‍ എവിടെയെങ്കിലും വച്ച് കണ്ടാലും, ഇന്നലെ ഞങ്ങള്‍ക്ക് തിമിരം വന്നേയുള്ളൂ എന്ന മട്ടില്‍ നടന്നു. ഞങ്ങളുടെ തടി, ചിക്കുന്‍ ഗുനിയ പോലെ, ഗ്രാഫിനു മുകളിലേക്ക് ഒരൊറ്റപ്പോക്കങ്ങു പോയി. അതു തന്നെ.

Labels:

Thursday, October 11, 2007

അറിവ്

അന്ന് അസംബ്ലിയില്‍ കുറേ നേരമായി മാഷ് പറഞ്ഞുകൊണ്ടിരുന്നു. മഹാത്മാവായ ഗാന്ധിയെക്കുറിച്ച്. മുന്ന് ദിവസം കഴിഞ്ഞാല്‍ സേവനവാരം. കുട്ടികളൊക്കെ വെയിലത്ത് നിന്ന് കേട്ടു. മാഷമ്മാരും ടീച്ചര്‍മ്മാരും വെയ്‌ലത്ത് തന്നെ. കണാരനു തലചുറ്റി. എല്ലാരും കൂടെ എടുത്ത് കൊണ്ടോയി. സുഹറ, പുതിയ ഉടുപ്പിന്റെ കാര്യം പറഞ്ഞ്. രവിയും സേതൂം, തോട്ടിലെ മീനിന്റെ കാര്യം പറഞ്ഞ്. എല്ലാര്‍ക്കും തെരക്ക്. മാഷ്, പിന്നേം
പറഞ്ഞുകൊണ്ടിരുന്നു. മഹാത്മാവായ ഗാന്ധിയെക്കുറിച്ച്.

അസംബ്ലി കഴിഞ്ഞ് ക്ലാസ്സിലെത്തി. മാഷ് വന്നു. അവരുടെ ചരിത്രം മാഷ്. മഹാത്മാവായ ഗാന്ധിയെക്കുറിച്ച് പറഞ്ഞ മാഷ്.

“ആരായിരുന്നു ഗാന്ധി?”

ഹാജര്‍ വിളി കഴിഞ്ഞ് മാഷ് ചോദിച്ചു.

“ആരായ്നും ഗാന്ദി!”

സുഹറ, ആമിനയെ നോക്കി, ആമിന ശ്രീജയെ നോക്കി, ക്ലാസ്സിലെ കുട്ടികള്‍ മൊത്തം അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“ആമിനാ ആരായിരുന്നു ഗാന്ധി? ഞാനിപ്പോ അസം‌ബ്ലിയില്‍ പറഞ്ഞില്ലേ?”

ആമിന എണീറ്റു. അറിയില്ല. ഗാന്ധിയുടെ പാഠത്തില്‍ സോപ്പ് കവറ് വച്ചിട്ടുണ്ട്. അത് മണപ്പിക്കാന്‍ തുറക്കും. അടയ്ക്കും.

“ഞാന്‍ പാത്താന്‍ പോയിര്‍ന്ന് മാഷേ.”

ക്ലാസ്സ് ചിരിച്ചില്ല. അടുത്ത നമ്പര്‍ ആരുടേതാന്ന് അറിയില്ലല്ലോ.

മാഷ് കണാരനെ നോക്കി. അവന്‍ ക്ഷീണത്തില്‍ ഇരിക്കുന്നു.

“കണാരന്‍ പറയ്യ്.”

കണാരന്‍ എണീറ്റു. അവനും അറിയില്ല.

“ഞാന്‍ തല ചുറ്റി വീണ്കെടക്ക്വായിര്ന്ന് മാഷേ.”

“എന്നാല്‍ സോമന്‍ പറയൂ.”

“ഞാന്‍ അസം‌ബ്ലിയ്ക്ക് വരാന്‍ വൈകീര്‍ന്ന് മാഷേ. ഒന്നും കേട്ടില്ല.”

ക്ലാസ്സ് മുഴുവന്‍ ചോദിച്ച്, അവസാനം മാഷ് തന്നെ പറയാന്‍ തുടങ്ങുമ്പോഴേക്കും, രാമു പതിവുപോലെ, രാവിലെ, അച്ഛനെ സഹായിക്കുന്ന ജോലിയൊക്കെ കഴിഞ്ഞ് ഓടിക്കിതച്ചെത്തി. അവന്റെ അച്ഛന്, പച്ചക്കറി കയറ്റി അയക്കുന്ന ജോലി. പട്ടണത്തിലേക്ക്. എന്നും ബെല്ലടിക്കുമ്പോഴേ എത്താന്‍ രാമുവിന് കഴിയൂ.
അറിയുന്നതുകൊണ്ട്, മാഷമ്മാര്‍ ഇളവും കൊടുത്തു.

“മാഷേ, ഞാന്‍ പറയാം.”

രാമു ഗാന്ധിയെക്കുറിച്ച്, ജനനം മുതല്‍ മരണം വരെ, അവന്റെ പുസ്തകത്തില്‍ ഉള്ളത് പഠിക്കേണ്ടത്പോലെ ഒറ്റശ്വാസത്തില്‍ പറഞ്ഞു. ക്ലാസ്സ് അന്തം വിട്ടു.


“ആരാ രാമുവിനെ ഇതൊക്കെ പഠിപ്പിച്ചത്?”

“എന്റെ അമ്മമ്മയാ. അമ്മമ്മയ്ക്ക് ഒക്കെ അറിയാം. എന്നും ഓരോ കഥ. ആരെപ്പറ്റിയെങ്കിലും. ഞാനും ഏട്ടനും ഒക്കെപ്പഠിയ്ക്കും. പുസ്തകത്തിലുണ്ടെന്ന് അമ്മമ്മയോട് പറഞ്ഞിര്ന്ന്.”

“നല്ല കാര്യം.”

“ഇവനെക്കണ്ട് പഠിയ്ക്ക്. പുസ്തകത്തില്‍ ഉള്ളതുംകൂടെ വായിച്ച് പഠിക്കാന്‍ നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ.”


എല്ലാവരും കൈ നീട്ടി, അടി കൊള്ളാന്‍ തയ്യാറായി നിന്നു.

മാ‍ഷ് ചൂരലെടുത്തു. ചൂരലിന്റെ അറ്റത്ത് നിന്ന് അഹിംസ ചിരിച്ചു. “എന്തിനാ മാഷേ, തല്ലിപ്പഴുപ്പിക്കുന്നത്? ചീഞ്ഞുപോവ്വേ ഉള്ളൂ.”

മാഷ് എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു.

രാമുവിന്റെ അമ്മമ്മ പഠിപ്പിച്ചത് നന്നായി. അവര്‍ക്ക് ആ കാലത്തിന്റെ അറിവുണ്ടല്ലോയെന്ന് വിചാരിച്ചു, മാഷ്, പാഠം, വീണ്ടും തുടങ്ങി.

അടിച്ചേല്‍പ്പിക്കലിനും, വേണമെന്ന് വച്ച് അറിയാന്‍ ഉത്സാഹം കാണിക്കുന്നതിനും, വളരെ വ്യത്യാസമുണ്ട്. അറിഞ്ഞറിയുന്ന, അടുത്തറിയുന്ന, അറിവിന്റെ വ്യത്യാസം. തിന്മയുടെ മുന്നില്‍, തീര്‍ത്തുവച്ച് നടക്കാത്ത, നന്മയുടെ അന്വേഷണത്തിന്റെ പാതയിലേക്കുള്ള യാത്ര.

Labels:

Tuesday, October 09, 2007

തുമ്പികള്‍

പാഠപുസ്തകങ്ങളുടെ ഭാരം,
ഹോംവര്‍ക്കുകള്‍,
ഇമ്പോസിഷനുകള്‍,
ഫയലുകളുടെ കൂമ്പാരം,
ജോലി, ജോലി, ജോലി,
ജീവിതപ്രശ്നങ്ങള്‍.
ഇവയൊക്കെ, ഓര്‍മ്മിപ്പിച്ചിരുന്നത്,
ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്,
തുമ്പികളെയാണ്.
പറന്നുനടക്കുന്ന അവയെക്കൊണ്ടു
കല്ലെടുപ്പിച്ചിരുന്നെന്ന്
ഓര്‍മ്മയില്‍ ഉള്ളിടത്തോളം കാലം
ചിറകു വെട്ടി,
കല്ലു കെട്ടി തൂക്കിയിട്ട്,
കൈകളിലാടുന്ന തുമ്പിയാവാന്‍,
നിയോഗമുണ്ട്.
സന്തോഷത്തിന്റെ ചിറകരിഞ്ഞ്,
വിധിയുടെ നൂലില്‍ കെട്ടി,
ദുഃഖഭാരം തൂക്കിയിട്ട്,
അലറിച്ചിരിക്കുന്ന കുട്ടിക്കാലം
ദൈവത്തിന്റെയാണോ?
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചവരെയൊക്കെ,
ദൈവം, ജീവിതഭാരം എടുപ്പിക്കുമെങ്കില്‍
ദൈവത്തെ കല്ലെടുപ്പിക്കുന്നത് ആരാവും?
അതോ, ദൈവത്തെ സംബന്ധിച്ച്,
നാമൊക്കെ വെറുതേ ഭാരമായി തൂങ്ങിയാടുന്ന കല്ലുകളാണോ?


Labels:

Sunday, October 07, 2007

രേഖയെ തേടി

ട്‌ണിം. ട്‌ണിം.

വാതില്‍ തുറന്നു.

നാലുപേര്‍.

ഒരാള്‍ ഐഡന്റിറ്റി കാര്‍ഡ്‌ എടുത്തുകാട്ടി.

"ഇന്റലിജന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌."

മെര്‍ക്കിസ്റ്റന്‍ എന്നു കേട്ട പഴയ ചീഫ്‌ സെക്രട്ടറിയെപ്പോലെ, ഞാന്‍ അകത്തേക്ക്‌ ഓടി.

തക തക തക (ടക്‌ ടക്‌ ടക്‌ എന്ന് ഓടുന്നതിന്റെ മലയാള ഓട്ടം.)

നിമിഷങ്ങള്‍ക്കകം തിരിച്ചെത്തി. വോട്ടേഴ്‌സ്‌ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ചു.

"ഹോം ഡിപ്പാര്‍ട്ട്‌മെന്റ്‌."

"ഹോ...ഇതെടുക്കാന്‍ പോയതായിരുന്നോ? ഞങ്ങള്‍ വിചാരിച്ചു നിങ്ങള്‍ പേടിച്ചോടിയെന്ന്."

"ഞാന്‍ അങ്ങനെയൊന്നും പേടിക്കില്ല. എനിക്കും കാണിക്കാന്‍ കാര്‍ഡുണ്ടെന്ന് കാണിച്ചതാ."

"ഇവിടെ വിലപ്പെട്ട ഒരു രേഖയുണ്ടെന്ന് അറിവ്‌ കിട്ടി. ഞങ്ങള്‍ക്ക്‌ സെര്‍ച്ച്‌ ചെയ്യണം."

"ഇപ്പോ പറ്റില്ല."

ഭരണം കൈമാറാന്‍ പറഞ്ഞപ്പോള്‍ കര്‍ണാടക മുഖ്യന്‍‌ പറഞ്ഞപോലെ ഞാന്‍ പറഞ്ഞതുകേട്ട്‌ അവര്‍ ഞെട്ടി.

"പറ്റില്ലെന്ന് പറയാന്‍ പറ്റില്ല. ഇത്‌ ഞങ്ങളുടെ ഡ്യൂട്ടി ആണ്‌."

"അതുപോലെ എനിക്കും ഉണ്ട് ഡ്യൂട്ടി. എല്ലാവരും പോയിട്ട്‌ വീടൊക്കെ ഇപ്പോ അടുക്കിപ്പെറുക്കി വച്ചേയുള്ളൂ. ഇനിയിപ്പോ വലിച്ചിടാന്‍ പറ്റില്ല. നാളെ വന്നാല്‍ മതി."

"ഇന്നത്തേക്കാണ്‌ സെര്‍ച്ച്‌ വാറന്റുള്ളത്‌."

"അതൊക്കെ പാവങ്ങളെ പറ്റിക്കാന്‍ പറയുന്നതല്ലേ. വാറന്റൊക്കെ‌ അപ്രത്യക്ഷമാക്കാന്‍ നിങ്ങള്‍ക്ക്‌ പറ്റുമെന്ന് എനിക്കറിയില്ലേ?"

"നിങ്ങള്‍ ഇതില്‍ ഇടപെടരുത്‌. ഞങ്ങള്‍ക്ക്‌ ജോലി ചെയ്യണം."

"ഉറപ്പാണോ?"

"അതെ."

"എന്നാല്‍ തെരഞ്ഞോ. പക്ഷെ തെരച്ചില്‍ കഴിഞ്ഞ്‌ എല്ലാം യഥാസ്ഥാനത്ത്‌ കണ്ടില്ലെങ്കില്‍..."

"കണ്ടില്ലെങ്കില്‍?"

"ഹാ...ഉച്ചയ്ക്കുള്ള സിനിമ എനിയ്ക്ക്‌ കാണാന്‍ നേരം കിട്ടില്ലെന്ന്. ഇതൊക്കെ അടുക്കിവെക്കേണ്ടേ? അല്ലാതെന്ത്‌?"

അയാള്‍ മൂന്നുപേരോടും കൂടെ വീട്ടിനകത്തേക്ക്‌ വന്ന് അവരോട്‌ പറഞ്ഞു.

"ഒരാള്‍ ആ മുറിയിലേക്ക്‌, ഒരാള്‍ ആ ഭാഗത്തേക്ക്‌, ഒരാള്‍ ദാ അങ്ങോട്ട്‌."

മൂന്നാമത്തെ ആള്‍ പോകുന്ന പോക്ക്‌ കണ്ട്‌ എനിക്ക്‌ ചിരിവന്നു. ബാത്‌റൂമിലേക്ക്‌!

നിങ്ങള്‍ പോകുന്നില്ലേ എന്ന ഭാവത്തില്‍, ഇനി ബാക്കിയുള്ള വാതില്‍ എന്ന മട്ടില്‍, വന്ന വാതില്‍ക്കലേക്ക്‌ നോക്കി ഞാന്‍. വേല കയ്യില്‍ വച്ചോ എന്ന് ഭാവിച്ച്‌ അയാള്‍ കസേരയിലേക്ക്‌ ഇരിക്കാന്‍ തുടങ്ങി.

"ഇരിക്കരുത്‌."

ഞാന്‍ അലറി.

"എന്താ?" അയാള്‍ പേടിച്ചുപോയി.

"അതില്‍ക്കയറിനിന്നാണ്‌ മാറാല തുടച്ചത്‌. അഴുക്കുണ്ടാവും. തുടച്ചിട്ട്‌ ഇരിക്കാമെന്ന് കരുതി പറഞ്ഞതാണ്‌."

"ഓ അത്‌ ശരി." തുടച്ചു. ഇരുന്നു.

ഞാന്‍ ഫോണ്‍ കയ്യിലെടുത്തു.

"ഫോണ്‍ ചെയ്യാന്‍ പറ്റില്ല."

"അത്യാവശ്യമാണ്‌."

"എന്ത്‌ കാര്യമായാലും പറ്റില്ല."

"ഇത്‌ ബ്യൂട്ടിപാര്‍ലറിലെ അപ്പോയിന്റ്‌മെന്റ്‌ കാന്‍സല്‍ ചെയ്യാനാന്നേ. ഇല്ലെങ്കില്‍പ്പിന്നെ അടുത്ത തവണ വിളിക്കുമ്പോള്‍ അപ്പോയിന്റ്‌മന്റ്‌ കിട്ടില്ല."

ബെസ്റ്റ്‌! അപ്പോയിന്റ്‌മെന്റെടുത്ത്‌ ബ്യൂട്ടിപാര്‍ലറില്‍ പോകേണ്ട ഒരു സൌന്ദര്യം, എന്നൊരു പരിഹാസത്തില്‍ അയാളെന്നെ നോക്കി. പരിഹാസം ഞാന്‍ ഏറ്റെടുത്തേയില്ല. എല്ലാരും പറയുന്നതൊക്കെ ഏറ്റി തലയില്‍ വെക്കാന്‍ ഞാനെന്താ മുഖ്യമന്ത്രിയോ?

"എന്തായാലും പറ്റില്ല."

ഇനി കാണുമ്പോള്‍, സൌന്ദര്യത്തിന്റെ ഭാവം മാറ്റാന്‍ പോകുമ്പോള്‍, പാര്‍ലറുകാരിയുടെ മുഖത്തിന്റെ ഭാവം മാറുമല്ലോ എന്ന സങ്കടത്തില്‍ ഞാനിരുന്നു.

"നിങ്ങള്‍ക്ക്‌ ചായയോ, കാപ്പിയോ?"

“ഒന്നും വേണ്ട.”

"എന്റെ ഭാഗ്യം."

"അതെന്താ?"

"ഇവിടെ ചായപ്പൊടിയും കാപ്പിപ്പൊടിയും ഒരുമിച്ചു തീര്‍ന്നിട്ടിരിക്ക്യാ. വാങ്ങാന്‍ നിങ്ങള്‍ പുറത്തേക്ക്‌ വിടില്ലല്ലോ."

"ഒന്നും വേണ്ട. ജോലിക്കിടയില്‍ അതൊന്നും പറ്റില്ല."

നിങ്ങളെന്ത്‌ ജോലി ചെയ്യുന്നു, ചെയ്യുന്നതൊക്കെ നിങ്ങളുടെ‌ കൂടെ വന്ന പാവങ്ങളല്ലേ എന്ന് ചോദിച്ചാലോ എന്ന് ഞാന്‍ വിചാരിക്കുമ്പോഴേക്കും അയാള്‍ ചോദിച്ചു.

"എന്താണ്‌ നിങ്ങളുടെ ജോലി?"

"എന്റെ ജോലിയോ? വീട്ടുജോലി. അല്ലാതെന്താ? പിന്നെ ബ്ലോഗിങ്ങും ഉണ്ട്‌."

"ബ്ലോഗിങ്ങോ? അതെന്താ?"

"ബ്ലോഗ്‌ എന്നുവെച്ചാല്‍, ഇന്റര്‍നെറ്റില്‍, നമുക്ക്, എഴുതാന്‍ ഉള്ള ഒരു സ്ഥലം ആണ്‌. നമുക്കു ഡയറിപോലെ കുറിച്ചുവയ്ക്കാം, കഥ, കവിത ലേഖനം, ചിന്തകള്‍, കൊച്ചുകൊച്ചുകാര്യങ്ങള്‍, ഒക്കെ എഴുതിയിടാം."

"പത്രവും മാസികയും ഒക്കെപ്പോലെ അല്ലേ?"

"കുറേ വ്യത്യാസങ്ങളുണ്ട്‌. എന്നാലും അതുപോലെ വായിക്കാം, ബ്ലോഗ്‌. അതും ഫ്രീ ആയിട്ട്."

"എന്തെങ്കിലും ഒരു വ്യത്യാസം പറയൂ, ബ്ലോഗും, പത്രം മാസിക എന്നിവയും തമ്മില്‍."

"പത്രവും, മാസികയുമെടുത്ത് അപ്പി കോരാം. ബ്ലോഗ് കൊണ്ട് ‍ പറ്റില്ല." ഇയാളോടൊന്നും ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.

അയ്യേ! എന്ന മട്ടില്‍ അയാളെന്നെ നോക്കി. "അതൊരു പഴയ തമാശ പുതിയ രൂപത്തിലാക്കിയതല്ലേ." അയാള്‍ ചിരിച്ചില്ല.

"എന്നും പുതിയ പുതിയ തമാശ പറയാന്‍ ഞാനെന്താ മിമിക്രി ആര്‍ട്ടിസ്റ്റോ?" ഇത്തവണ അയാള്‍ ചിരിച്ചു.

നിങ്ങളു ചിരിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തിനു നല്ലത്‌ എന്ന ഭാവത്തില്‍ ഞാനിരുന്നു.

അപ്പോഴേക്കും അസിസ്റ്റന്റുമാര്‍ എത്തി. “ഒന്നും കിട്ടിയില്ല സാര്‍...”

“ഹിഹിഹി..."

“എന്താ?"

"ഇവിടെ രേഖയുള്ളത്‌ എവിടെയാണെന്ന് എനിക്കുമാത്രമേ അറിയൂ."

"എവിടെയാ? നിങ്ങള്‍ പറയണം വേഗം."

ഞാന്‍ പുസ്തകക്കെട്ടുകളില്‍നിന്ന് ഒരു പുസ്തകം വലിച്ചെടുത്തു. ആകാംക്ഷാഭരിതരായി നില്‍ക്കുന്ന അവരുടെ മുന്നിലേക്ക്‌ തുറന്നു കാട്ടി. അവിടെ സിനിമാനടി രേഖ ചിരിച്ചുകൊണ്ട്‌ നില്‍പ്പുണ്ടായിരുന്നു. നാലുപേരും ഒരുമിച്ച്‌ ഗെറ്റ്‌ ഔട്ട്‌ ആയി. അല്‍ഖ്വൈയ്ദ കയറിയാലുള്ള അമേരിക്ക പോലെയുള്ള വീടും വച്ച്‌, മച്ചും നോക്കി ഞാനിരുന്നു

.......

ട്‌ണിം ട്‌ണിം

കണ്ണു തുറന്നു.

ഓര്‍മ്മ വന്നു.

ഇന്റലിജന്റ്‌സ്‌.

ഓടാന്‍ തയ്യാറായി, ഓടിപ്പോയി വാതില്‍ തുറന്നു.

"മാഡം, കൊറിയര്‍."

ഹോ....ഭാഗ്യം!

Labels:

Friday, October 05, 2007

ജൂലി

ആ കടയില്‍ നിന്ന്, വാങ്ങാനുള്ളത്‌ വാങ്ങി, പണം തന്നുപോകുന്ന ഓരോരുത്തരേയും എനിക്ക്‌ അടുത്ത്‌ കാണാന്‍ പറ്റും. ബാക്കിയുള്ളവരെ, കടയില്‍ വെച്ചിട്ടുള്ള ക്യാമറകളിലൂടെ, തിരക്കില്ലാത്ത സമയത്ത്‌, മുന്നിലുള്ള ടി വി. സ്ക്രീനില്‍ കാണാം. അങ്ങനെയല്ല, അവള്‍, പക്ഷെ കാഴ്ചപ്പുറത്തേക്ക്‌ വന്നത്‌. നിത്യസന്ദര്‍ശക എന്നെ അതിശയപ്പെടുത്തിയിരുന്നു. അപൂര്‍വ്വം ചിലപ്പോള്‍ എന്തെങ്കിലും വാങ്ങി, മുന്നിലെത്തുമ്പോള്‍, അവളുടെ ചലനം, അടുത്തുനിന്ന് നിരീക്ഷിച്ചിരുന്നു. ആ മുഖത്തിനുപിന്നില്‍, എന്നും വന്ന്, ആരും കാണാതെ, എന്തെങ്കിലും എടുത്ത്‌ കടന്നുകളയാനുള്ളൊരു കൌശലക്കാരിയുടെ ഭാവം ഇല്ലായിരുന്നു. മഞ്ഞുപോലും തണുക്കുന്നൊരു ഭാവം. സൌമ്യം ആയിരുന്നോ? അതോ ഉള്ളിലെ കൊടുങ്കാറ്റിലും, സൌമ്യമാക്കി വെക്കുന്ന മുഖഭാവമോ? സിനിമ തുടങ്ങാനാവുന്നതുവരെ, കോളേജ്‌ വിട്ടാല്‍, അല്ലെങ്കില്‍ അവധിക്കാലത്ത്‌. അങ്ങനെ കടയില്‍ വെറുതെ കയറിയിറങ്ങിപ്പോകുന്നവരുടെ നേരങ്ങളും കാലങ്ങളും ഉണ്ട്‌. കൂടുതല്‍ ശ്രദ്ധ വേണം എന്നല്ലാതെ, പ്രദര്‍ശിപ്പിച്ചുവെയ്ക്കുന്ന സമ്മാന വസ്തുക്കള്‍ക്ക്‌, പ്രതിമകള്‍ക്ക്, കാഴ്ചക്കാര്‍ പാടില്ലെന്ന് ഞങ്ങള്‍ ഒരിക്കലും നിഷ്കര്‍ഷിച്ചിരുന്നില്ല.

അന്ന് മഴയുടെ വിരുന്നുവരവായിരുന്നു ഭൂമിയിലേക്ക്. ആ മഴയേയുംകൊണ്ട്‌ പരിചയപ്പെടുത്താന്‍ കടയിലേക്ക് ആ നേരം വരെ ആരും വന്നില്ല. സെയില്‍സില്‍ നില്‍ക്കുന്ന കുട്ടികള്‍, പതിഞ്ഞ സ്വരത്തില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്‌ കാണാമായിരുന്നു.

പതിഞ്ഞ നടപ്പും, കാതില്‍ ഞാത്തിയിടുന്ന, സ്റ്റൈലന്‍ റിംഗിന്റെ ഇളകലും, വളകിലുക്കവും, ഒക്കെയായിട്ട്‌ അവള്‍ വന്നു. ഒരു ചാറ്റല്‍ മഴ പതിഞ്ഞ ശബ്ദവുമുണ്ടാക്കി, ഇലകളെയൊക്കെ നോക്കി, തൊട്ട്, പോകുന്നതുപോലെ, അവള്‍ എല്ലാ ഷെല്ഫിനു മുന്നിലും പോയി വെറുതെ നോക്കി നില്‍ക്കുന്നു. ചിലതിനെ തൊട്ടു നോക്കി, ചിലതിനെ വെറുതെ നോക്കി.

സ്ക്രീനില്‍ അവളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍, ഒരു ചെറിയ ഐറ്റവും എടുത്ത്‌, പണം എടുക്കാന്‍ തുടങ്ങുമ്പോള്‍ ചോദിക്കാതിരിക്കാനായില്ല.

"എന്നും വരാറുണ്ടല്ലോ. അല്ലേ?"

പ്രതീക്ഷിക്കാത്ത ചോദ്യത്തിന്റെ ഒരു ഭാവമാറ്റമൊന്നുമില്ലാതെ പറഞ്ഞു.

"എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്."

"വസ്തുക്കളുടെ ഭാവം? അതും ജീവനില്ലാത്തവയുടെ?"

"ജീവനില്ലെന്നും ഭാവമില്ലെന്നും തോന്നാറില്ല. ഇവരെയൊക്കെ സ്വന്തമാക്കാന്‍ വരുന്നവരുടെ പ്രതീക്ഷയില്‍ അല്ലേ അതൊക്കെ ഇരിക്കുന്നത്‌? സൂക്ഷിച്ചുനോക്കിയാല്‍ കാണാം. പ്രതീക്ഷകളും സ്വപ്നങ്ങളും, നിരാശകളും ഒക്കെ."

എന്തൊക്കെയോ എനിക്കായി വിട്ടുതന്നിട്ട്‌, ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നെയും ദിവസങ്ങളില്‍ അവള്‍ വരികയും, പോവുകയും ചെയ്തു. തിരക്കിന്റെ ദിനങ്ങളായിരുന്നു. അവളെ കാണും എന്നല്ലാതെ ശ്രദ്ധിക്കാന്‍ നേരം കിട്ടിയില്ല. അവള്‍ വരാത്ത ദിനങ്ങള്‍. അവളെ പ്രതീക്ഷിക്കുന്ന, വസ്തുക്കളില്‍, എന്തെങ്കിലും മാറ്റം ഉണ്ടോയെന്നറിയാന്‍ ഷെല്ഫിലേക്ക്‌ ഉറ്റുനോക്കി നടന്നു. കോക്രി കാണിച്ചുനോക്കി. എന്നിട്ടും അവയൊന്നും തെല്ലിടപോലും ഭാവം മാറ്റി കാണിച്ചില്ല. അവരുടെ ആശയവിനിമയം എന്നോടില്ലെന്ന മട്ടില്‍ അവയൊക്കെ ഒരേ ഭാവവുമായി നിന്നു.

ഒടുവില്‍, അവളെ മറന്നുവോ എന്ന് ചോദിച്ചുകൊണ്ട്‌, ഒരു ദിവസത്തെ പത്രത്തില്‍ അവളുടെ ചിത്രം ഉണ്ടായിരുന്നു. ജൂലി - ജനനം--- മരണം--- എന്ന് അതിനുതാഴെയും. അതും ഒരു കാത്തിരിപ്പായിരുന്നോ? ഒരു അപരിചിതയ്ക്കുവേണ്ടി (അങ്ങനെ പറയാമോയെന്തോ) കണ്ണീരു പൊടിഞ്ഞെന്ന് തോന്നിയപ്പോഴാണ്, ഓരോ ഷെല്ഫില്‍ നിന്നും വസ്തുക്കളൊക്കെ അവളുടെ വിരഹത്തില്‍ കരയുന്നതുപോലെ തോന്നിയതും. ഒരേ മനസ്സുള്ളവരുടെ ആശയവിനിമയം എളുപ്പത്തിലാവുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അവയൊക്കെ എന്റെ മുന്നിലെ സ്ക്രീനില്‍ നിന്നു. അവള്‍, അവയോട്‌ നിശ്ശബ്ദമായി, സ്വപ്നങ്ങള്‍ പങ്കുവെച്ചിരുന്നതും, അവരെപ്പോലെ, അവളുടേയും കാത്തുനില്‍പ്പിന്റെ ഭാഗമായിട്ടായിരുന്നു!

ഇപ്പോഴും അവള്‍ കടയിലുണ്ട്‌. ഒരു കുഞ്ഞുഫോട്ടോയില്‍. ആ ചില്ലിനുള്ളിലേക്ക്‌ നോക്കി, ഭാവങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍, അത്‌ മനസ്സിലാക്കാന്‍ ആ ചിത്രത്തിന് -അവള്‍ക്ക്‌- കഴിയുമെന്ന് എനിക്കുറപ്പുണ്ട്‌. അവളെപ്പോലെ, ഞാനും, ഷെല്‍ഫിലെ വസ്തുക്കളുടെ സുഹൃത്താവാന്‍ ശ്രമിക്കുന്നത്, അവള്‍ക്ക് അറിയാന്‍ കഴിയുമല്ലോ. അവളെപ്പോലെ അവയൊക്കെ, എന്നേയും ഒരു കൂട്ടുകാരിയായി കാണാന്‍ ശ്രമിച്ചു തുടങ്ങുന്നുണ്ടാവും. എന്റെ കോപ്രായം എന്ന് വിചാരിച്ച് സെയില്‍‌സിലെ കുട്ടികള്‍ ചിരിക്കും. ചിരിക്കട്ടെ. അവളെപ്പോലെ, അവരിലൊരാളെ മനസ്സിലാക്കിക്കൊടുക്കാന്‍ എനിക്ക് വഴിമാറാന്‍ സമയമാവുന്നതുവരെ ചിരിക്കട്ടെ. ഓരോ ചിരിക്കുമൊടുവില്‍, ഒരിറ്റു കണ്ണീരെങ്കിലും കാത്ത് നില്‍പ്പുണ്ടാവുമെന്ന തിരിച്ചറിവില്ലാതെ ചിരിക്കാ‍ന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്.

Labels:

Wednesday, October 03, 2007

എഴുതപ്പെട്ടത്

വൃത്തമൊപ്പിച്ചപ്പോള്‍ ‍മിനുക്കിച്ചേര്‍ത്തവ,
ഒത്തൊരുമയോടെ നിന്നു.
മാറ്റിവെച്ച വാക്കുകള്‍,
അഭയാര്‍ത്ഥികളെപ്പോലെയും.
തിരുത്താന്‍ കൊടുത്തപ്പോള്‍
തിരസ്കരിക്കപ്പെട്ടവയ്ക്ക്
അന്യരെപ്പോലെ മാറിനില്‍ക്കേണ്ടി വന്നു.
ഒഴിവാക്കപ്പെട്ടവ,
കാഴ്ചക്കാരെപ്പോലെ നില്‍ക്കുമ്പോള്‍
കൂട്ടിച്ചേര്‍ക്കപ്പെട്ടവ കാഴ്ചവസ്തുക്കളായി.
കവിത കലാപരമെന്ന് കീര്‍ത്തി കിട്ടിയപ്പോള്‍
‍ഒരുമിച്ച വാക്കുകള്‍ കിലുകിലെച്ചിരിച്ചു,
ഒഴിവാക്കപ്പെട്ടവ കണ്ണീര്‍ തുടച്ചു.
ഏത് മത്സരത്തിലും,
തോല്‍‌വിയും വിജയവും,
കണ്ണീരിനും ചിരിക്കും പകരം വെക്കുന്ന വാക്കുകളാണെന്ന്,
ലോകം നിര്‍മ്മിച്ച കലാകാരന്‍
‍മനോഹരമായി, കൂട്ടിയെഴുതിവെച്ചിട്ടുണ്ടാവും.

Labels:

Monday, October 01, 2007

ഭ്രാന്തി

പകല്‍ പോലെ,

സൂര്യനൊളിഞ്ഞും തെളിഞ്ഞും നിറയുമ്പോള്‍-
‍മങ്ങിത്തിളങ്ങുന്ന ഭൂമിതന്‍ സൌന്ദര്യം പോലവേ

താരകമെന്നുമൊളിച്ചുകളിക്കുമാ
രാവിന്‍ നിഗൂഡമാം ഭാവം പോലെ

ആലിപ്പഴത്തിന്‍ തണുപ്പുമായാര്‍ത്തലച്ചെത്തി-
യൊടുവിലൊന്നുമില്ലാതെയായ്‌ തീരുന്ന മഴ പോലെ

ഉച്ചത്തിലോതിയും, പിന്നെയസ്പഷ്ടമായ്‌ മൊഴിഞ്ഞും,
തെളിച്ചുപറഞ്ഞും, പിന്നെയൊളിപ്പിച്ചും,

താന്‍ പോലുമറിയാന്‍ ശ്രമിക്കാ മനസ്സിനെ,
താനറിയാത്തൊരു ലോകര്‍ക്കു ‍ മുന്നില്‍,
ജല്‍പ്പനത്താല്‍ മലര്‍ക്കെ തുറന്നുകാട്ടീടുന്നു.

ആ മനസ്സു, തിളങ്ങുന്നു, മങ്ങുന്നു,
നിറഞ്ഞുപെയ്തൊടുവില്‍, നിഗൂഡതയിലേക്കോടി മറയുന്നു.

ഭ്രാന്തിയവളെന്നോതുന്നു ലോകം,
ഭ്രാന്തില്ലാത്തവരായ്‌ എന്നും നടിക്കുന്നു.

ദൈവമോതുന്നു, ഭ്രാന്തിയവള്‍, പക്ഷെ,
സത്യമസത്യം മടിയ്ക്കാതെയോതുന്നു.

ഭ്രാന്തില്ലാത്തവര്‍ നിങ്ങള്‍,
ഒന്നുമറിയാന്‍, ശ്രമിക്കാതെയോടുന്നു.

ലോകത്തെ നോക്കിയവള്‍, പുലമ്പുന്നു, പിന്നെച്ചിരിക്കുന്നു,
ഒടുവില്‍ക്കരഞ്ഞു തളര്‍ന്നു പിന്‍‌വാങ്ങുന്നു.

അവള്‍ മൊഴിയുന്നതൊക്കെ സത്യമാവാം,
ഒന്നുമറിയാത്ത ലോകത്തെ നോക്കി,
പരിഹാസത്താല്‍ ചിരിക്കുന്നതാവാം,
സഹജീവികള്‍ക്കു വേണ്ടിയെന്നും,
കരഞ്ഞു തപിച്ചു വിടവാങ്ങുന്നതാവാം.

അവള്‍, ഭ്രാന്തി!
വിട്ടുപോകുന്നു നമുക്കായെന്നുമൊരു സത്യം.
താളമുണ്ടെങ്കിലേ പിഴയ്ക്കൂ,
ചത്ത മനസ്സ്‌ പിടയ്ക്കുകില്ല!

Labels: