Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, September 28, 2010

സ്വപ്നഭവനം

മോഹൻ‌കുമാർ, രാമാനുജത്തെ സൂക്ഷിച്ചുനോക്കി. ഒരു വീടുവയ്ക്കണം എന്നും പറഞ്ഞുകൊണ്ട് കുറച്ചുനാൾ മുമ്പ് രാമാനുജം, ആർക്കിടെക്റ്റ് മോഹൻ‌കുമാറിന്റെ സ്ഥാപനത്തിലേക്കു കയറിവരുമ്പോൾ, ഇങ്ങനെയാവും കാര്യങ്ങളെന്ന് മോഹൻ‌കുമാറിനു ഒരു സൂചന പോലുമുണ്ടായില്ല. ഒരു പ്ലാൻ, ആലോചിച്ച് തെരഞ്ഞടുത്തശേഷം രാമാനുജം വരുന്നത് എത്രാമത്തെ തവണയാണെന്ന് മോഹൻ‌കുമാറിന് അറിയില്ല. എന്നൊക്കെ കൂടിക്കാഴ്ചയ്ക്കു വന്നിരുന്നുവോ അന്നൊക്കെ ഓരോ ആവശ്യങ്ങൾ, പലപ്പോഴും വിചിത്രമെന്നു തോന്നുന്നതു തന്നെ, രാമാനുജം അറിയിച്ചിട്ടുണ്ട്. ബെഡ്‌റൂമിലെ ചുവരിൽ വെള്ളപ്പെയിന്റ് അടിച്ച് അതിൽ ചെറിയ ചെറിയ ഹൃദയചിഹ്നങ്ങൾ വരച്ചു ചേർക്കണം എന്നുപറഞ്ഞപ്പോൾ, മോഹൻ‌കുമാർ ചോദിച്ചു, വരച്ചുചേർക്കുന്നതിനു പകരം വാൾപേപ്പർ വാങ്ങി ഒട്ടിച്ചാല്‍പ്പോരേന്ന്. പോരെന്ന് മറുപടിയും കിട്ടി. അത് ആദ്യത്തെ ആവശ്യമൊന്നും അല്ലാത്തതുകൊണ്ട് മോഹൻ‌കുമാറിന് പ്രത്യേകത ഒന്നും തോന്നിയില്ല. പ്ലാൻ മാറ്റി മറിയ്ക്കുന്നത് എത്ര പ്രാവശ്യമാണെന്ന് അറിയില്ല. ഇക്കണക്കിനു പോയാൽ എല്ലാ പേപ്പറുകളും ശരിയാക്കി വീടുപണി എന്നും തുടങ്ങും എന്നും അറിയില്ല.

അവളു പറഞ്ഞിട്ടുണ്ട് എന്ന തുടക്കത്തോടെ രാമാനുജം എന്തെങ്കിലും പറയാൻ തുടങ്ങിയാൽ, മോഹൻ‌കുമാറിന് അറിയാം, അതൊരു സാധാരണ ആവശ്യം ആയിരിക്കില്ല, പ്ലാനിൽ മാറ്റം വരുത്താറായി എന്ന്.

“അയാളുടെ ഭാര്യ മരിച്ചുപോയിക്കാണും.” മോഹൻ‌കുമാറിന്റെ അസിസ്റ്റന്റ് ഒരുദിവസം പറഞ്ഞു. രാമാനുജം വന്നുപോയതിനുശേഷമായിരുന്നു അത്.

“അല്ലാതെന്ത്? എന്നിട്ട് വീടുപണിതു കഴിയുമ്പോൾ എല്ലാ മുറിയിലും അവരുടെ ഓരോ ചിത്രവും തൂക്കി മാലയിട്ടുവയ്ക്കും. അയാളുടെ പ്ലാൻ അതു മാത്രം ആയിരിക്കും. ബാക്കിയൊക്കെ ഭാര്യ പറഞ്ഞുവെച്ചുപോയ ഐഡിയയും.” മോഹൻ‌കുമാർ ചിരിച്ചു. അസിസ്റ്റന്റും.

രാമാനുജത്തിന്റെ മുഖത്തു പക്ഷെ, വീടുനിർമ്മിക്കുന്ന ഒരാളുടെ ഉത്സാഹം ഒരിക്കലും കണ്ടിരുന്നില്ല. എത്ര വലിയ കഷ്ടപ്പാടായാലും വീടുവയ്ക്കുക എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കും. രാമാനുജം വലിയ പിരിമുറുക്കം ഉള്ളതുപോലെയാണ് പെരുമാറിയത്.

പിന്നീട് വന്ന ദിവസം രാമാനുജം പറഞ്ഞു.

“അടുക്കളയിൽ ജനലിനടുത്ത് കുറച്ചു ചെടിച്ചട്ടികളെങ്കിലും വയ്ക്കണം. അതിനു പ്രത്യേകമായിട്ട് സൗകര്യം വേണം.”

“ഇത്രേം വലിയ വീട്ടിൽ അടുക്കളയിൽ എന്തിനാണു ചെടികൾ? ടെറസ്സിലും പറമ്പിലും ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ. അടുക്കളയ്ക്കു പുറത്തുള്ള മുറ്റത്തും നല്ല വെയിൽ കിട്ടുന്ന സ്ഥലം തന്നെ.”

“അവൾക്ക് അതാണിഷ്ടമെന്ന് ഒരിക്കൽ സൂചിപ്പിച്ചിരുന്നു.”

“മിസ്റ്റർ രാമാനുജം, മോഹൻ‌കുമാർ ഈർഷ്യയോടെ വിളിച്ചു. “നിങ്ങളുടെ വീട്, നിങ്ങളുടെ പണം. പക്ഷെ, ഒരു പ്ലാൻ തെരഞ്ഞെടുത്തതിനുശേഷം, വീടുപണിക്കുവേണ്ട കാര്യങ്ങൾ ചെയ്യാനുള്ള യാതൊരു ഭാവവുമില്ലാതെ നിങ്ങൾ പ്ലാൻ മാറ്റിമറിച്ചുകൊണ്ട് ഇരിക്കുകയാണോ?”

രാമനുജം ആ ഈർഷ്യ മനസ്സിലാക്കിയെങ്കിലും വളരെ സൗമ്യനായിട്ട് പറഞ്ഞു.
“വീടെന്നുപറയുന്നത് ഒരു ചെറിയ കാര്യമല്ല. ഒരുപാടുകാലം അതിലാണ് നമ്മുടെ ഓർമ്മകളും മറവികളും ദുഃഖങ്ങളും ആഹ്ലാദവും, സ്വപ്നങ്ങളും ഒക്കെ വന്നും പോയും ഇരിക്കുന്നത്. വെറും കല്ലും മരവും പോലെ കാണുന്നത് ശരിയാവില്ല. അതുകൊണ്ടുതന്നെ വീട് നമുക്കിഷ്ടപ്പെടണം. എപ്പോഴും കയറിച്ചെല്ലാ‍ൻ തോന്നിക്കണം. ഇറങ്ങിപ്പോകാനാണെങ്കിൽ സ്വന്തമായിട്ട് എന്തിനു വീട്?” അയാൾ ഏതോ ഓർമ്മകളിലായിരുന്നു.

അയാളുടെ സൗമ്യതയോട് എതിർത്തുനിൽക്കാൻ മോഹൻ‌കുമാറിനായില്ല.

“നിങ്ങളുടെ ആവശ്യങ്ങൾ അല്പം വിചിത്രമല്ലേന്ന് തോന്നിയതുകൊണ്ടാണ് പറഞ്ഞത്. അല്ലെങ്കിൽ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ പറഞ്ഞുതരേണ്ട ജോലിയേ ഉള്ളൂ. അങ്ങനെയാവാം ഇങ്ങനെയാവാം എന്നു പറയാറുണ്ടെന്നു മാത്രം.”

രണ്ടുദിവസം കഴിഞ്ഞുവരാമെന്നു പറഞ്ഞ് രാമാനുജം ഇറങ്ങിപ്പോയപ്പോൾ മോഹൻ‌കുമാർ അസിസ്റ്റന്റിനോടു പറഞ്ഞു.

“ഇക്കണക്കിനു പോയാൽ അയാളുടെ വീട് അയാൾ തന്നെ കെട്ടേണ്ടിവരും. ആവശ്യങ്ങൾ ഓരോ ദിവസവും കൂടിവരികയാണ്.”

“അയാളുടെ ഭാര്യയുടെ ഓർമ്മയ്ക്കു കെട്ടുന്നതല്ലേ? അതാവും ഇങ്ങനെയൊക്കെ.”

“നോക്കാം. പ്ലാ‍ൻ മാറ്റിമറിച്ചുകൊണ്ടിരുന്നാൽ വീടുപണി നീണ്ടുപോകുമെന്നു മാത്രം.”

“ഇനി അയാൾ വരുമ്പോൾ സാർ അക്കാര്യം സൂചിപ്പിച്ചാൽ മതി.”

“അതാണ് ചെയ്യാൻ പോകുന്നത്.”

രണ്ടുദിവസം കഴിഞ്ഞുവരാമെന്നു പോയ രാമാനുജം ഒരാഴ്ച കഴിഞ്ഞാണ് വന്നത്. ഇനി പ്ലാനിൽ മാറ്റമൊന്നും വേണ്ടിവരില്ലെന്നും, വീടുപണി ഉടനെ തുടങ്ങാനുള്ളതൊക്കെ തയ്യാറാക്കായിട്ടാവും അയാൾ വരുന്നതെന്നും കണക്കാക്കിയിരുന്ന മോഹൻ‌കുമാറിനോട് അയാൾ പറഞ്ഞു.

“അല്പം മാറ്റമുണ്ട്.” ഒരു പഴയ, മങ്ങിയ വെള്ളക്കടലാസ്സ് എടുത്തു നീട്ടി. മോഹൻ‌കുമാർ അതുവാങ്ങി നോക്കി.

“ബാൽക്കണിയാണ്. അവിടെ സൈഡിൽ ഒരു ഷെൽഫ് വേണം.”

“ബാൽക്കണിയിൽ ഇങ്ങനെ ഒരു ഷെൽഫോ? അങ്ങനെ...”

“അതുവേണം. അതുകൊണ്ടാണ് ഇങ്ങനെയൊരു ഡിസൈൻ. പണ്ട് അവൾ വരച്ചതാണ്. വേറെയും ഉണ്ടായിരുന്നു. അപ്പോ വേറെയും ചിലതു മാറ്റേണ്ടിവരും.”

“നോക്കൂ, മിസ്റ്റർ രാമാനുജം...” മോഹൻ‌കുമാർ പ്ലാൻ നോക്കിയിട്ട് പറഞ്ഞുതുടങ്ങി “നിങ്ങളുടെ മരിച്ചുപോയ ഭാര്യ..”

“എന്റെ ഭാര്യ മരിച്ചിട്ടില്ല” രാമാനുജം പെട്ടെന്ന് പറഞ്ഞു.

മോഹൻ‌കുമാർ മുഖമുയർത്തി അയാളെ ഒന്നു നോക്കിയശേഷം മുറിയിൽ വേറൊരു ഭാഗത്തിരുന്ന അസിസ്റ്റന്റിനെ നോക്കി. അയാൾ മോഹൻ‌കുമാറിനെ നോക്കി കണ്ണടച്ചു കാണിച്ചു.

“ങ്ങാ...നിങ്ങളുടെ ഭാര്യ...അവരുടെ പ്ലാൻ പുതുമയുള്ളതുതന്നെ. പക്ഷേ ഇത്രയൊക്കെ പുതുമ വേണമോ എന്നേ സംശയമുള്ളൂ. പോരാത്തതിനു നിങ്ങൾ ആദ്യം ഒരു പ്ലാൻ അംഗീകരിച്ചിരുന്നു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ആവശ്യങ്ങളൊക്കെ പറഞ്ഞ് അങ്ങനെയൊരു പ്ലാൻ വരപ്പിച്ചത്.”

“അത് എന്റെ മാത്രം പ്ലാൻ ആയിരുന്നു. അവളുടേതും കൂടെ ആയിരുന്നില്ല. ഇത് അവളുടെ സ്വപ്നത്തിൽ എന്നുമുണ്ടായിരുന്ന വീടാണ്.”

ദേഷ്യം വന്നെങ്കിലും മോഹൻ‌കുമാർ, രാമാനുജത്തിന് ഒരു തിയ്യതി കൊടുത്തു. അതിനുമുമ്പ് എങ്ങനെ മാറണമെങ്കിലും അറിയിക്കാൻ. മാറ്റി വരച്ച് മാറ്റി വരച്ച് വീടിന്റെ പണി തുടങ്ങാൻ താമസിച്ചാൽ സമയനഷ്ടം മാത്രമേയുള്ളൂ എന്നും പറഞ്ഞു. ശരിയെന്നു മാത്രം പറഞ്ഞ് രാമാനുജം പോയി.

നല്ലൊരു ആർക്കിടെക്റ്റെന്ന നിലയിൽ മോഹൻകുമാറിനു തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു എപ്പോഴും. കൂടെപ്പഠിച്ച, അക്കാലത്ത് ഒരു നല്ല സുഹൃത്തായിരുന്ന ദേവികയെ കണ്ടുമുട്ടിയതും അങ്ങനെയൊരു ദിവസമായിരുന്നു.

“നിന്നെ കണ്ടിട്ട് പതിനഞ്ചോ പതിനാറോ വർഷങ്ങളായി. മാറ്റമൊന്നുമില്ല. എവിടെയാ ഇപ്പോ?”

“അച്ഛന്റേം അമ്മയുടേം കൂടെയായിരുന്നു കുറച്ചുദിവസം ഇന്നലെ എത്തിയതേയുള്ളൂ.”

“അവരിപ്പോഴും വിദേശത്താണോ?”

“അതെ.”

“ഭർത്താവ്? കുട്ടികൾ?”

“ഭർത്താവ് ഇവിടെയുണ്ട്. കുട്ടികൾ രണ്ടുപേർ. മോനും മോളും. ഹോസ്റ്റലിലാണ്.”

“ഒരു ദിവസം ഓഫീസിലേക്കു വാ. ഓഫീസൊക്കെയൊന്നു കാണാമല്ലോ.”

മോഹൻ‌കുമാറിന്റെ വീട്ടുകാര്യങ്ങളും ജോലിക്കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞ് അവർ പിരിഞ്ഞു.


മോഹൻ‌കുമാറിന്റെ ഓഫീസിൽ ദേവിക എത്തിയപ്പോൾ, അയാൾ രാമാനുജത്തിന്റെ പ്ലാൻ നോക്കുകയായിരുന്നു.

“തിരക്കിലാണോ?”

“തിരക്കുതന്നെ. ഇയാൾക്കാണെങ്കിൽ കിറുക്കും.” പ്ലാൻ കാണിച്ചുകൊണ്ട് മോഹൻ‌കുമാർ പറഞ്ഞു.

പ്ലാൻ ഒന്നു നോക്കിയിട്ട് ദേവിക പറഞ്ഞു. “വലിയ വീടാണല്ലോ.”

“ഒരു രാമാനുജം. അയാളുടെ ഭാര്യയുടെ ഓർമ്മയ്ക്കു കെട്ടുന്നതാണ്. താജ്മഹൽ.”

“അങ്ങനെ പറഞ്ഞോ?”

“പറഞ്ഞില്ല. അതൊക്കെ മനസ്സിലാക്കിയെടുത്തു. കുറേ നാളായി ഇതിനുപിന്നാലെ.”

കുറച്ചുനേരം കൂടെ അവിടെ ചെലവഴിച്ചിട്ട് ദേവിക ഇറങ്ങി. ടാക്സിയിൽ ഇരിക്കുമ്പോൾ അവൾ ആലോചിച്ചു. വീട്! ക്വാർട്ടേഴ്സുകളിലും ഹോസ്റ്റലുകളിലെ ചെറിയ മുറികളിലും കഴിഞ്ഞുകൂടിയ കാലം. വീടെന്നു പറഞ്ഞാൽ അതൊരു സ്വാതന്ത്ര്യത്തിന്റെ കൂടായിരിക്കണം. വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്ക് സഞ്ചരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഓരോ വീടും ഓരോ തരം. എല്ലാത്തിലും എന്തെങ്കിലുമൊക്കെ കുറവ് അവൾ എന്നും കണ്ടുപിടിച്ചു. എപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നറിയില്ല. സ്വന്തം വീടെന്ന ആഗ്രഹത്തിന്റെ പേരിലാവണം വഴക്കുകൾ തുടങ്ങിയത്. ഒടുവിൽ മക്കളെ ഹോസ്റ്റലിലാക്കി അവൾ അച്ഛന്റേയും അമ്മയുടേയും അടുത്തേക്കു പോയി. വീടിന്റെ പേരിൽ ഒരു കുടുംബം നാലു സ്ഥലത്ത് താമസിക്കാൻ തുടങ്ങി. ഇടയ്ക്കു വല്ലപ്പോഴും കണ്ടുമുട്ടുന്നവരായി മാറി. അവൾ ഓർമ്മകളിൽ മയങ്ങി യാത്ര ചെയ്തു.

പിറ്റേന്ന് കുട്ടികളെ കാണാൻ പോയി. ആറുമാസം കൂടുമ്പോൾ അവൾ വന്നുകാണാറുണ്ട്. അച്ഛൻ കൂടെയില്ലെന്നു കണ്ട് അവരുടെ മുഖം വാടിയത് ദേവിക ശ്രദ്ധിച്ചു. പുറത്ത് കറങ്ങിനടക്കുന്നതിനിടയിലാണ് മോൻ ചോദിച്ചത്.

“അച്ഛനു തിരക്കാണോ?”

“അതെ. അല്ലെങ്കിൽ വരുമായിരുന്നു. ഞാൻ ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ച വന്നുവെന്നു പറഞ്ഞു.”


വൈകുന്നേരം അവരെ ഹോസ്റ്റലിൽത്തന്നെ വിട്ട് മടങ്ങുമ്പോൾ രണ്ടാളും ഒരുമിച്ചുചോദിച്ചു.

“അമ്മയ്ക്കിനി തിരിച്ചുപോകാതിരുന്നുകൂടെ? അച്ഛൻ, അമ്മ പറഞ്ഞതുപോലെയുള്ള വീട് ഉണ്ടാക്കുന്നുണ്ടല്ലോ.നമ്മുടെ സ്വന്തം വീട്? അമ്മയുടെ സ്വപ്നത്തിലുള്ളതുപോലെത്തന്നെയുണ്ടാവുമെന്ന് അച്ഛൻ പറഞ്ഞു. അച്ഛനിപ്പോൾ എങ്ങനെയെങ്കിലും നമ്മളെല്ലാവരുമൊരുമിച്ച് താമസിച്ചാൽ മതിയെന്നായി. വരുമ്പോൾ എപ്പോഴും പറയും.”

ഒന്നും പറയാതെ ഇറങ്ങിയപ്പോൾ അവളോർത്തു. മോഹൻ കാണിച്ചപ്പോൾത്തന്നെ അവൾക്കു മനസ്സിലായി അത് അവൾ വരച്ച, അവൾ ആഗ്രഹിച്ച വീടിന്റെ ഡിസൈൻ ആണെന്ന്. അതിനുവേണ്ടിയാണ് മനസ്സുകളില്‍പ്പോലും ഇത്ര അകൽച്ച ഉണ്ടായത്. അതും അനാവശ്യമായിട്ട്. അതു പണി തീർന്നാൽ തീർച്ചയായും ഒരു നല്ല വീടാവട്ടേയെന്നും, കാലം, അതിന്റെ ചുവരുകളിലെ തെളിച്ചം കുറച്ചാലും, അവിടെയുള്ള മനസ്സുകളിൽ തിളക്കം എന്നും ഉണ്ടാവുന്ന വീടാകട്ടെ എന്നും അവൾ പ്രാർത്ഥിച്ചു. എത്ര ദൂരെപ്പോയാലും കാന്തം പോലെ തിരിച്ചുവിളിച്ച് ഒന്നിപ്പിക്കുന്ന വീട്.

പിറ്റേന്ന് അവൾ രാമാനുജത്തിന്റെ കൂടെ കയറിച്ചെന്നപ്പോൾ മോഹൻ‌കുമാർ അമ്പരന്നു.

“ഇതാണെന്റെ മരിച്ചുപോകാത്ത ഭാര്യ. പ്ലാനിന്റെ കാര്യം ഇവളോടു ചോദിച്ചാൽ മതി. സ്വന്തമായിട്ട് ഒരു വീടുവേണമെന്നുപോലും തോന്നാത്ത ആളാണു ഞാൻ. അത് ശരിയല്ലെന്ന് പിന്നീട് മനസ്സിലാക്കി” രാമാനുജം പറഞ്ഞ് അവർ രണ്ടുപേരും ചിരിച്ചപ്പോൾ ജാള്യത മറന്ന് മോഹൻ‌കുമാർ അവരോടൊപ്പം ചിരിച്ചു.

Labels:

Saturday, September 25, 2010

കഥ പറയുന്ന കുട്ടി

1

ചിന്നു ജനലിൽക്കൂടെ ആകാശത്തേക്കുനോക്കിയിരുന്നു. അച്ഛമ്മ എന്തോ കാണുന്നുണ്ട് ടി വിയിൽ. അത്രയും നേരം തനിക്കിഷ്ടമുള്ളതൊക്കെ കണ്ടിരുന്നതുകൊണ്ട് ഇനിയും കാണണം എന്ന് പറഞ്ഞ് സമ്മതിപ്പിക്കുവാൻ വയ്യ. വാവ ഉറങ്ങുമ്പോൾ ഒച്ചയുണ്ടാക്കണം എന്ന് അവൾക്കില്ല. അല്ലെങ്കിലും ഒറ്റയ്ക്കു കളിക്കണം. അമ്മ അടുക്കളയിൽ തിരക്കിലാണ്. ജോലി കഴിഞ്ഞോ അമ്മേന്ന് ചോദിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞത് എന്തെങ്കിലും എടുത്ത് വായിക്കൂ ചിന്നൂ എന്നാണ്. സ്കൂളില്ലാത്തതുകൊണ്ട് ഒന്നും വായിക്കാതെ ഇരിക്കാനാണിഷ്ടമെന്ന് പറഞ്ഞാൽ അമ്മയ്ക്കിഷ്ടപ്പെടില്ല. അതുകൊണ്ട് ആകാശം കാണാൻ ഇരിക്കുന്നു. ഈ മേഘങ്ങളൊക്കെ എവിടേക്കാണാവോ പോകുന്നത്! ഒന്നും പഠിയ്ക്കേം വേണ്ട, സ്കൂളിൽ പോകേം വേണ്ട. പക്ഷേ, സ്കൂളിൽ പോകുന്നതു തന്നെ നല്ലത്. കൂട്ടുകാരെയൊക്കെ കാണാം. ഒഴിവുകിട്ടിയാൽ കളിക്കാം. ഇനി കുറച്ചുദിവസം കഴിയണം.

അവൾ എണീറ്റ് പൂന്തോട്ടത്തിലെ ചെടികളും പൂക്കളും നോക്കി നടന്നു. നടന്ന് ഗേറ്റിനടുത്തെത്തി അതിന്റെ അഴികളിൽ പിടിച്ചുനിന്നു. ഇനി കുറച്ചുനേരം റോഡിലൂടെ പോകുന്നവരെയൊക്കെ കാണാം. അമ്മ ജോലി കഴിഞ്ഞുവിളിക്കട്ടെ.

അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എത്രപേരാ പോകുന്നത്! വിവിധതരം വാഹനങ്ങൾ. അച്ഛൻ ജോലി കഴിഞ്ഞിട്ടുവന്നാൽ എല്ലാവരും കൂടെ പോകണം. അല്ലെങ്കില്‍പ്പിന്നെ ഞായറാഴ്ചയാവണം. ഹോ! ബോറടിക്കും. ബോറ് എന്ന വാക്ക് റീനച്ചേച്ചി ഇടയ്ക്ക് പറയുന്നതുകേൾക്കാം. റീനച്ചേച്ചി അയൽ‌പക്കത്താണ്. ചേച്ചിയ്ക്ക് ക്ലാസ്സുണ്ടാവും. കോളേജിൽ അവധിയൊന്നുമില്ല ഇപ്പോൾ. അല്ലെങ്കിൽ അങ്ങോട്ടുപോകാമായിരുന്നു.

നട്ടുച്ചയാവുന്നു. തിരക്ക് കുറഞ്ഞതുപോലെ. എല്ലാവരും ഊണുകഴിക്കാൻ പോയി വീട്ടിലിരിക്കുന്നുണ്ടാവും. ഇപ്പോ അമ്മ വിളിക്കും ഊണുകഴിക്കാൻ. ഈ അമ്മയ്ക്ക് നേരത്തെ ജോലിയൊക്കെ ഒന്നു കഴിച്ചാലെന്താ!

ഒരു ഓട്ടോ വന്ന് ഗേറ്റിനുമുന്നിൽ അവളുടെ തൊട്ടടുത്തെന്നപോലെ നിന്നു. അവൾ ഞെട്ടിപ്പോയി. ഗേറ്റ് തുറക്കാത്തതുകൊണ്ട് വന്ന് ഇടിച്ചില്ല എന്നുവിചാരിക്കുക്കയും ചെയ്തു.

“മോളേ...എന്താ ഇവിടെ നിൽക്കുന്നത്? എങ്ങോട്ടെങ്കിലും പോകാനാണോ?” ഓട്ടോക്കാരൻ ചോദിച്ചു.

അവൾ അല്ലെന്നു തലയാട്ടി. “ഇവിടെ നിക്കാ. എങ്ങും പോണില്ല.”

“വെറുതെയെന്തിനാ നിൽക്കുന്നേ? എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ?”

ഓട്ടോക്കാരന്റെ കണ്ണുകൾ ഒരൊറ്റ ഓട്ടത്തിനു വീടിന്റെ ഭാഗത്തുപോയിവന്നു.

ചിന്നുവിനു സംശയമായി. എങ്ങോട്ടു പോവാൻ? ഒറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല. ചിന്നു ഒന്നു വീട്ടിലേക്ക് തിരിഞ്ഞുനോക്കി. അമ്മ കാണുന്നുണ്ടോ? അച്ഛമ്മ കാണുന്നുണ്ടോ?

“ഞാൻ കൊണ്ടുപോകാം മോളെ.”

“എങ്ങോട്ട്?” ചോദ്യം പെട്ടെന്നായിരുന്നു.

“എന്റെ നാട്ടിലേക്ക്. അവിടെയൊന്നും മോളു പോയിട്ടുണ്ടാവില്ല.”

“അതെവിട്യാ?”

അപ്പോത്തന്നെ അറിയാത്ത ആരുടേം കൂടെ മിണ്ടാൻ പോലും പാടില്ലെന്ന് അമ്മ ദിവസവും പറയുന്നതോർത്ത് ചിന്നു പറഞ്ഞു.

“എനിക്കങ്ങോട്ടൊന്നും പോണ്ട.”

“അതെന്താ?”

“അമ്മയൊന്നും കൂടെയില്ലല്ലോ. ഇപ്പോ ഊണുകഴിക്കണം ചിന്നൂന്.”

“ഊണുകഴിക്കാനാവുമ്പോഴേക്കും തിരിച്ചുവരാലോ.”

അതൊരു നല്ല കാര്യമായിട്ട് ചിന്നുവിനു തോന്നി. അമ്മയുടെ ജോലിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും വരാം. ആരും അറിയുകയും ഇല്ല. ഇപ്പോഴാണെങ്കിൽ കളിക്കാനും പറ്റില്ല.

എന്നാലും...

അവൾ വീട്ടിലേക്ക് ഒന്നുകൂടെ തിരിഞ്ഞുനോക്കി. ആരേം കണ്ടില്ല. ഗേറ്റ് തുറന്ന് ഓട്ടോയിൽ കയറി.

2

“എപ്പോഴാണ് കാണാതായത്? പോകാനിടയുള്ളിടത്തൊക്കെ അന്വേഷിച്ചോ?” കാണാതായവരെക്കുറിച്ച് പറഞ്ഞ് ചെല്ലുമ്പോൾ പോലീസുകാർ ചോദിക്കുന്ന പതിവുചോദ്യം.

ചിന്നുവിന്റെ അച്ഛൻ ഒരിക്കലും ഇത്രയും പരിഭ്രമിച്ചിരുന്നില്ല. ഊണുകഴിക്കാൻ കുറച്ചുസമയം ഉള്ളപ്പോഴാണ് ചിന്നുവിന്റെ അമ്മ കരഞ്ഞുവിളിച്ച് കാര്യം പറയുന്നത്. പെട്ടെന്ന് അവശത തോന്നി. ഓഫീസിൽ എല്ലാവരോടും പറഞ്ഞു. ചിലരൊക്കെ

അയാളോടൊപ്പം വീട്ടിലേക്കു വന്നു. പിന്നെ പോലീസ് സ്റ്റേഷനിലേക്കും. അവരിലാരോ പറഞ്ഞിട്ടാണ് ചിന്നുവിന്റെ ഫോട്ടോ അയാൾ പോലീസിനു കൊടുക്കാൻ എടുത്തു കൈയിൽ വെച്ചത്.

“ഉച്ചയ്ക്കു തന്നെ. ഏകദേശം പന്ത്രണ്ട് മണിവരെ ടിവിയും നോക്കിയിരിപ്പുണ്ടായിരുന്നുവത്രേ. എന്റെ അമ്മ ടിവി കാണട്ടെ എന്നു പറഞ്ഞപ്പോൾ അവൾ എണീറ്റുപോയി. പിന്നെ അവളുടെ അമ്മയുടെ അടുത്തുപോയി കളിക്കാൻ വാ എന്നും പറഞ്ഞുവത്രേ.”

“അഞ്ചുവയസ്സുള്ള കുട്ടി.” - ഇൻസ്പെക്ടർ.

“പക്ഷേ അവളൊറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല.” - ചിന്നുവിന്റെ അച്ഛൻ.

“ഒറ്റയ്ക്ക് പോയെന്ന് പറഞ്ഞില്ലല്ലോ.” അയാൾ ചിന്നുവിന്റെ അച്ഛനെ ഭയപ്പെടുത്താൻ ആഗ്രഹിച്ചില്ലെങ്കിലും അങ്ങനെയാണ് പറഞ്ഞത്.

“എന്റെ മോൾ...” ചിന്നുവിന്റെ അച്ഛൻ കരയാൻ തുടങ്ങിയത് കൂടെ വന്നവരിൽ വിഷമം തോന്നാനിടയാക്കി. അവർ പലതും പറഞ്ഞു.

“പരിഭ്രമിക്കരുത്. ഞങ്ങൾ ഉടനെ അന്വേഷിച്ച് കണ്ടുപിടിക്കാം...ശ്രമിക്കാം...” ഇൻസ്പെക്ടർ പറഞ്ഞു.

ചിന്നുവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൊടുത്തശേഷം അവർ വീണ്ടും ചിന്നുവിന്റെ വീട്ടിലേക്കു തന്നെ പോയി.

3

ചിന്നു കാഴ്ചകളും കണ്ട് സുഖമായി ഓട്ടോയിൽ ഇരുന്നു. ഒരു ഓട്ടോയ്ക്കുള്ളിൽ ഇത്രയും സൗകര്യത്തിൽ അവൾ ഇരിക്കുന്നത് ആദ്യമായിട്ടായിരിക്കും. ചെറിയ ക്ലാസ്സുകളിൽ പോകുമ്പോൾ അവൾ ഓട്ടോയിൽ പോയിട്ടുണ്ട്. മൂക്കുപോലും പുറത്തേയ്ക്ക് വയ്ക്കാൻ സൗകര്യം കിട്ടാത്തപോലെ ആയിരുന്നു അന്നൊക്കെയുള്ള യാത്ര. അവൾക്ക് ഈ ഓട്ടോയിൽ കയറിയപ്പോഴാണ് അത് ഓർമ്മ വന്നത്. ഇപ്പോ കാറിലാണ്. അത്ര തിക്കും തിരക്കും ഇല്ല. അവൾ നടുവിൽ ഇരുന്നു അപ്പുറവും ഇപ്പുറവുമൊക്കെ സീറ്റിൽ കൈകൊണ്ട് ഇടിച്ച് ആസ്വദിച്ചു. പിന്നെ പുറം കാഴ്ചകളും കണ്ടിരുന്ന് അറിയാതെ മയങ്ങിപ്പോയി.

ഓട്ടോക്കാരൻ ചുറ്റും നോക്കിയതിനുശേഷമാണ് ഓട്ടോയിൽ നിന്ന് ചിന്നുവിനെ എടുത്തത്. ഉടനെത്തന്നെ മുന്നിലുള്ള ചെറിയ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി. ഹോ! കുഞ്ഞ് ഉറങ്ങിയതിനുശേഷം വീഴുമോ വീഴുമോന്ന് പേടിച്ചാണ് ഓട്ടോ ഓടിച്ചത്. ഒന്നും സംഭവിച്ചില്ല.

“അയ്യോ!ആരാ ഇത്?” ഓട്ടോക്കാരന്റെ ഭാര്യ ചോദിച്ചു.

“ഒച്ചയുണ്ടാക്കല്ലേ.” അയാൾ ചിന്നുവിനെ താഴെ പായയിൽ രണ്ടു കുട്ടികൾ കിടക്കുന്നിടത്ത് കിടത്തി.

“കഞ്ഞി കുടിച്ചാണോ ഉറങ്ങിയത്?” അയാൾ കുട്ടികളെ ഉദ്ദേശിച്ച് ചോദിച്ചു.

“ങ്ങാ...കഞ്ഞി കുടിക്കുമ്പോൾ, അച്ഛൻ എപ്പോ വരുംന്നു ചോദിച്ചു.”

“ഉം...ഇവളും ഇവിടെ കിടക്കട്ടെ.”

“ആരാ?”

“ഒക്കെ പറയാം. ഒച്ചയുണ്ടാക്കല്ലേന്ന് പറഞ്ഞില്ലേ.”

അവൾ അടുക്കളയിലേക്കു പോയി. ചിന്നുവിനെ ഓട്ടോക്കാരൻ, ആ കുട്ടികളുടെ അടുത്ത് കിടത്തി.

പിന്നെ അടുക്കളയിലേക്കുപോയി.

4

ചിന്നു ഉണർന്നുനോക്കി. ആദ്യം രണ്ടു കുട്ടികളെ കണ്ടു. അവൾ വേഗം എണീറ്റു. അയ്യോ! ഇത് ചിന്നൂന്റെ വീടല്ലല്ലോ? ഇവരെ ചിന്നു മുമ്പ് കണ്ടിട്ടുമില്ല. വിശക്കുന്നുമുണ്ട്.

അവൾ അമ്മേന്ന് വിളിച്ചു കരയാൻ തുടങ്ങി. ഓട്ടോക്കാരൻ അങ്ങോട്ടുവന്നു.

“കരയല്ലേ.” അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്. ഗേറ്റിനടുത്ത് നിന്നതും, ഓട്ടോയിൽ കയറിയതും ഒക്കെ. എന്നാലും അമ്മയൊന്നും ഇല്ലാതെ ഇവിടെ. അവൾ കരയണോ വേണ്ടയോ എന്ന് പിടികിട്ടിയില്ല.

“എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.” അയാൾ ഭാര്യയോടു പറഞ്ഞു.

“മോളു പോയി എന്തെങ്കിലും കഴിക്ക്.” അപ്പോഴേക്കും അയാളുടെ ഭാര്യ വന്ന് ചിന്നുവിന്റെ കൈ പിടിച്ചു.

കാലും മുഖവുമൊക്കെ കഴുകിച്ച് അടുക്കളയിൽ ചിന്നുവിനെ ഇരുത്തി. കഞ്ഞി മുന്നിൽ വച്ചപ്പോൾ അവൾക്ക് ഇഷ്ടമായില്ല. “ചിന്നുവിന് കഞ്ഞി ഇഷ്ടംല്ല. ചോറു മതി.”

ഓട്ടോക്കാരനും ഭാര്യയും പരസ്പരം നോക്കി. കുട്ടികൾ രണ്ടാളും ചിന്നുവിനെയും.

“എനിക്കു വീട്ടിൽ പോണം.” ചിന്നു വീണ്ടും പറഞ്ഞു. അവൾ കരയാൻ തുടങ്ങി.

ഓട്ടോക്കാരൻ ഭാര്യയോട് എന്തൊക്കെയോ പറഞ്ഞു. തീരെ കുറഞ്ഞ ശബ്ദത്തിൽ.

“എന്തെങ്കിലും കഴിച്ചാൽ കൊണ്ടുപോകാം.” ഓട്ടോക്കാരൻ പറഞ്ഞു.

“കഞ്ഞി വേണ്ട. നൂഡിൽ‌സ് ഉണ്ടോ?” ചിന്നു ചോദിച്ചു.

“കുറച്ചു കഞ്ഞി കുടിക്കൂ മോളേ.” ഓട്ടോക്കാരന്റെ ഭാര്യ അവളുടെ അടുത്തിരുന്നു. വിശക്കുന്നുണ്ട്. കുറച്ചു കഞ്ഞി കുടിച്ചേക്കാം. ചിന്നു വിചാരിച്ചു. അവൾ കഞ്ഞി കുടിക്കാൻ തുടങ്ങി. ഓട്ടോക്കാരൻ അടുക്കളയിൽ നിന്ന് പോയപ്പോൾ ഭാര്യയും എണീറ്റ് പുറത്തേക്കു പോയി. അടുത്ത മുറിയിൽ നിന്ന് അവർ ചർച്ച ചെയ്തു.

“കുഴപ്പമാകുമോ?” അയാളുടെ ഭാര്യ ചോദിച്ചു.

“ഇല്ല. ഞാൻ ഓട്ടോയെടുത്ത് കുറച്ചു ദൂരെ പോയിട്ട്, എവിടെനിന്നെങ്കിലും വിളിക്കും.”

“ഓട്ടോ വൈകുന്നേരം തിരിച്ചുകൊടുക്കേണ്ടതല്ലേ.”

“ഇപ്പോത്തന്നെ ആദ്യം അതുകൊണ്ടുപോയി കൊടുത്തിട്ടാവാം വിളിക്കുന്നത് എന്നാൽ.”

“പൈസ കിട്ടുമോ?”

“കിട്ടും.”

“ചിന്നുവിനു വീട്ടിൽ പോണം.” ചിന്നു വന്നു പറഞ്ഞു.

“കുറച്ചുനേരം കളിച്ചൂടേ? അതു കഴിഞ്ഞിട്ട് കൊണ്ടുപോകാം.”

അവൾക്ക് കുട്ടികളെ കണ്ടപ്പോൾ കളിക്കണമെന്ന് തോന്നിയെങ്കിലും അമ്മയെ കാണാൻ തിരക്കായി.

“വീട്ടിൽ പോകാം.” അവൾ വീണ്ടും പറഞ്ഞു. അവൾക്കെന്തോ അവിടെ നിൽക്കുന്നത് ഇഷ്ടമായില്ല. അവൾ ഉറക്കെ കരയാൻ തുടങ്ങി.

“ആരെങ്കിലും കേൾക്കും.” ഓട്ടോക്കാരൻ വാതിലടച്ചു. ചിന്നു കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകരഞ്ഞ് അവൾക്ക് ശ്വാസം കിട്ടാതെയായി. കൂടെ അവരുടെ കുട്ടികളും പേടിച്ച് കരയാൻ തുടങ്ങിയപ്പോൾ ഓട്ടോക്കാരനു വല്ലായ്മ തോന്നി.

“നമുക്ക് ഇതൊന്നും ചെയ്യേണ്ടായിരുന്നു.” അയാളുടെ ഭാര്യ പറഞ്ഞു.

“കുറച്ചു പൈസ കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും?”

“ഇങ്ങനെ കിട്ടിയിട്ടെന്താ? സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ? ഇപ്പോത്തന്നെ കുട്ടിയെ തിരഞ്ഞു നടക്കുന്നുണ്ടാകും. പിടിക്കപ്പെട്ടാൽ നമ്മുടെ കുട്ടികൾക്ക് ആരുണ്ട്?”

“എത്ര കാലമായി ഇങ്ങനെ ദാരിദ്ര്യത്തിൽ?”
അവൾ ഒന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചു. പിന്നെ പെട്ടെന്ന് തങ്ങളുടെ കുട്ടികളെ ശാസിച്ചു. “കരയാതെ പോയി കളിക്കുന്നുണ്ടോ?” അവരെ നോക്കിയിട്ട് അവൾ പറഞ്ഞു.

“കുട്ടിയെ തിരികെ വിടാം.”

“പക്ഷേ...” അയാൾ എന്തോ പറയാൻ തുടങ്ങി.

“ഒന്നും വേണ്ട. പാപം കിട്ടും. നമുക്ക് ഇങ്ങനെ പൈസ വേണ്ട.”

“നിന്നോട് ഞാൻ ഒക്കെ പറഞ്ഞിട്ടല്ലേ?” അയാൾ വാദിക്കാൻ നോക്കി.

“ഇനിയൊന്നും പറയേണ്ട. കരഞ്ഞുകരഞ്ഞ് ചാവാറായി. വല്ലതും സംഭവിച്ചാല്‍പ്പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. കൊണ്ടുപോയി വിട്ടേക്ക്. നമുക്കൊന്നും വേണ്ട.”


അവൾ ചിന്നുവിനെ ചേർത്തുപിടിച്ചു കരയാൻ തുടങ്ങി. അവരുടെ മക്കൾ കരച്ചിൽ നിർത്തി അവളെ നോക്കി.


5

ചിന്നുവിനെ അയാൾ നാലഞ്ചു വീടുകൾക്കിപ്പുറത്തു വിട്ടു.

“ഇനി പോയ്ക്കോ മോളേ.” അയാൾക്ക് പേടി തോന്നി. “മോളു എവിടെപ്പോയെന്ന് ആരോടെങ്കിലും പറയുമോ?”

“ഇല്ല.”

“പിന്നെന്തു പറയും?”

ചിന്നുവിന് അത് അറിയില്ല. അവൾ വീടിന്റെ ഭാഗത്തേക്ക് ഓടി.

വീടിന്റെ ഗേറ്റ് പതിവില്ലാതെ തുറന്നുകിടന്നിരുന്നു. അവൾ ചെല്ലുമ്പോൾ സ്വീകരണമുറിയിൽ ഇരുന്ന അച്ഛനാണ് ആദ്യം കണ്ടത്.

“മോളേ...” അയാൾ ഓടിവന്ന് എടുത്തു.

അപ്പോഴേക്കും ആരോ പോയി പറഞ്ഞിരുന്നു. അമ്മയും ഓടിവന്നു. അച്ഛൻ അവളെ അമ്മയുടെ കൈയിൽ കൊടുത്തു.

പോലീസ്‌സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ചിന്നു ചിലതൊക്കെ തീരുമാനിച്ചു.

“മോൾ എങ്ങോട്ടാ പോയത്?” പോലീസുകാരൻ ചോദിച്ചു.

“ഞാൻ ഗേറ്റിനടുത്ത് നിക്കുമ്പോ ആകാശത്തുനിന്ന് ഒരു ചെറിയ വിമാനം ഇറങ്ങി വന്നു.”

എല്ലാവരും പെട്ടെന്ന് അവളുടെ നേരെ നോക്കി. അച്ഛനും അവളുടെ അമ്മാവനും അച്ഛന്റെ സുഹൃത്തും അവരുടെ ഒരു അയൽക്കാരനും പിന്നെ പോലീസുകാരും.

“മോളേ, കഥ പറയല്ലേ. എങ്ങോട്ടാ പോയതെന്ന് പറയൂ.”

“ഞാൻ വിമാനത്തിലാ കയറിയത്.” അവൾ പറഞ്ഞു.

“കുട്ടി ശരിക്ക് ഒന്നും പറയുന്നില്ലല്ലോ.”

“എന്തു പറ്റിയെന്ന് അറിയില്ല.” അവളുടെ അച്ഛൻ തളർന്ന സ്വരത്തിൽ പറഞ്ഞു.

“ചിലപ്പോൾ ബോധം കെടുത്തിയിട്ടാവും തട്ടിക്കൊണ്ടുപോയത്.”

“പിന്നെ എങ്ങനെ തിരികെയെത്തി?”

“ഓടിപ്പോന്നതാവും. ശരിക്കും അന്വേഷിച്ചാൽ ഇതിന്റെ പുറകിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞേക്കും.”

“വേണ്ട. ഇനി ഒന്നും അന്വേഷിക്കേണ്ട. മോളെ കിട്ടിയല്ലോ.”

“നിങ്ങൾക്ക് അങ്ങനെ തീരുമാനിക്കാം. പക്ഷേ ഞങ്ങൾ കൂടുതൽ അന്വേഷിച്ചേ പറ്റൂ. ഇനിയും ഇത്തരം സംഭവം നടക്കരുതല്ലോ. ചിലപ്പോൾ തനിയെ എവിടെയെങ്കിലും പോയിക്കളിച്ച് തിരിച്ചു വന്നതാകാനും ചാൻസ് ഉണ്ട്. പക്ഷേ വിമാനം

എന്നൊക്കെപ്പറഞ്ഞ സ്ഥിതിയ്ക്ക് അങ്ങനെയാവില്ലെന്ന് ഉറപ്പല്ലേ?”

“അന്വേഷിച്ചാൽ കുഴപ്പമാവുമോ?”

“ഇല്ല. അന്വേഷണം ഞങ്ങൾ നടത്തിക്കോളാം. കുട്ടി എന്തെങ്കിലും പറഞ്ഞാൽ അത് അറിയിക്കണം.”

“തീർച്ചയായും. പക്ഷേ ഡോക്ടറോടും ഈ വിമാനത്തിന്റെ കഥയാണ് പറഞ്ഞത്. കുട്ടി പേടിച്ചിട്ടാണെന്ന് ഡോക്ടർ പറഞ്ഞു.”

“അതെയോ?” പോലീസുകാരൻ ചിന്നുവിനെ നോക്കി അപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.

6

അവൾ കൂട്ടുകാരോടൊക്കെ പറഞ്ഞു. “ഒരു ചെറിയ വിമാനം വന്നു. ഞാൻ അതിൽ കയറി. ഒരു സ്ഥലത്ത് ഇറങ്ങി. പിന്നെ നൂഡിൽ‌സും ഐസ്ക്രീമും കഴിച്ചു. പിന്നെ അവിടെ കളിച്ചു. പാവകളും സൈക്കിളും അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു.”

ആംഗ്യത്തിലും സന്തോഷത്തിലുമൊക്കെ അവൾ പറയുന്നത് കേൾക്കാൻ അവർ മിക്കവാറും ദിവസം അവളോട് ചോദിച്ചുകൊണ്ടിരുന്നു.

“ചിന്നു ഒറ്റയ്ക്കായിരുന്നോ?”

“അതോണ്ടല്ലേ ചിന്നു വേഗം വന്നത്.” അവൾ സങ്കടം ഭാവിച്ച് പറഞ്ഞു.

“ഇനി പോവുമ്പോ ചിന്നു ഞങ്ങളേം കൂട്ടുമോ?”

“കൂട്ടാം.”

ഒരു ചെറിയ വീട്ടിൽ പോയെന്നും, അവിടെ നിലത്ത് പായയിൽ കിടന്നുവെന്നും വിശന്നപ്പോൾ കഞ്ഞിയാണ് കിട്ടിയതെന്നും ഒക്കെപ്പറഞ്ഞാൽ ഇവരൊക്കെ ചിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഇപ്പോഴാണെങ്കിൽ എല്ലാവർക്കും അത്ഭുതമാണ്. അവർക്കും അതുപോലെ ഒന്നു പോകാൻ സാധിച്ചില്ലല്ലോ എന്ന വിഷമവും. ഓട്ടോക്കാരൻ വിളിച്ചപ്പോൾ വീട്ടിൽ ചോദിക്കാതെ പോയതിന് മുതിർന്നവർ എല്ലാവരും വഴക്കുപറയുമെന്നും അവൾക്കറിയാമായിരുന്നു. ഇനിയും ഒരുദിവസം പോയി ആ കുട്ടികളോടൊപ്പം കളിക്കണം. ആരെങ്കിലും ഒപ്പമില്ലാതെ വീടിനുപുറത്തേക്ക് വിടുന്നില്ലെന്നതാണ് അവളുടെ പ്രശ്നം. ഇടയ്ക്ക് അവളുടെ അച്ഛമ്മയും അമ്മയും കൂടെ പറയുന്നതു കേൾക്കാം.

“എന്നാലും ഇക്കുട്ടിയ്ക്ക് എന്താ പറ്റിയത്?”

“എനിക്കറിയില്ല അമ്മേ. ചോദിച്ചാൽ വിമാനത്തിന്റെ കഥ പറയും. കേൾക്കുമ്പോൾ പേടി തോന്നും. അങ്ങനെയൊക്കെ നടക്കുമോ അമ്മേ? അതുകൊണ്ട് ഇനി ഒന്നും ചോദിക്കുന്നില്ലെന്ന് വെച്ചു. എല്ലാവരോടും പറഞ്ഞിട്ടുണ്ട് അങ്ങനെ ഒന്നും അറിഞ്ഞതായി ഭാവിക്കരുതെന്ന്.”

“ഇനി സൂക്ഷിച്ചാൽ മതി.”

എന്നാലും അമ്മയോടു പറയാമായിരുന്നു. അവൾക്ക് ഇടയ്ക്ക് തോന്നും. പിന്നെ അമ്മ എല്ലാവരോടും പറഞ്ഞാലോന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നു വയ്ക്കും. ഓട്ടോക്കാരൻ ആരോടെങ്കിലും പറയുമോന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് അവൾ ഉറപ്പുകൊടുത്തിരുന്നല്ലോ. പറഞ്ഞാലും എന്തു സംഭവിക്കുമെന്ന് അവൾക്കറിയില്ല. എന്നാലും വിമാനത്തിന്റെ കഥ കൂട്ടുകാർക്കൊക്കെ ഇഷ്ടമായെന്ന് അവൾക്ക് മനസ്സിലായി. അവരുടെ ആവശ്യപ്രകാരം അവൾ എന്നും ആ കഥ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ വിസ്മയം നിറഞ്ഞ മുഖഭാവം കണ്ടുകൊണ്ടിരുന്നു.

Labels:

Monday, September 20, 2010

കള്ളിച്ചെടികൾ
ഈ പോസ്റ്റിലെ നാലു കള്ളിച്ചെടികളും Echinocereinae (ഇതിന്റെ മലയാളം എന്താണോ എന്തോ!) എന്ന വിഭാഗത്തിൽ ഉള്ളവയാണ്. ഒരു ചെറിയ യാത്രയ്ക്കിടയിൽ കിട്ടിയതാണ്.
ഇവയൊക്കെ അറിയപ്പെടുന്നത് Echinocereus, Echinopsis, Lobivia എന്നിങ്ങനെയൊക്കെയുള്ള പേരിലാണ്.
കൂടുതലായിട്ടൊന്നും അറിയാത്തതുകൊണ്ട് എഴുതാനും കഴിയില്ല.
തെരഞ്ഞപ്പോൾ കുറേ ലിങ്കുകൾ കിട്ടി. വിക്കിപ്പീഡിയ ലിങ്ക് നിങ്ങൾക്കുവേണ്ടി.

http://en.wikipedia.org/wiki/Echinopsis

Labels: , , , , ,

Wednesday, September 15, 2010

ആഗ്രഹം

മഴയ്ക്കു വഴിയൊഴിഞ്ഞ വെയിൽ
കയറിപ്പാർത്തത്
നിന്റെ കണ്ണുകളിലേക്കായിരിക്കണം
അതുകൊണ്ടാവണം
നിന്റെ നോട്ടങ്ങളിൽ എനിക്കു പൊള്ളുന്നത്
ആകാശത്തിൽ നിന്നു ഭൂമിയിലേക്ക് പുറപ്പെട്ട്
കാറ്റിനൊപ്പം ഒളിച്ചോടിയ
മഴയെ കണ്ടെത്തണം
നിന്റെ കണ്ണിന്റെ തടവിൽ പാർപ്പിക്കണം
അതു കരഞ്ഞുതോരുമ്പോൾ
തെളിയുന്ന മഴവില്ല് എനിക്കു സ്വന്തമാക്കണം.

Labels:

Monday, September 13, 2010

സൂര്യൻ

പുലരിയിൽ ദൈവം പറഞ്ഞയച്ചീടുന്നു,
ആകാശത്തോപ്പിൽ ചിരിതൂകി നിൽക്കുന്നു.
ഭൂമിയ്ക്കു മുകളിൽ ജ്വലിച്ചു തിളങ്ങുന്നു,
വെട്ടമായെങ്ങും നിറഞ്ഞുനിന്നീടുന്നു.
വൈകീട്ടു കടലിൽ മുങ്ങിക്കുളിച്ചിട്ട്,
എവിടെയോ വിശ്രമിച്ചീടുവാൻ പോകുന്നു.

Labels:

Wednesday, September 08, 2010

മിട്ടുവും നീലിയും വിരുതൻ പൂച്ചയും

നീലിപ്പൊന്മ രാവിലെ മുതൽ കാത്തിരിപ്പാണ്. കാത്തിരിക്കുന്നത് ആരെയെന്നറിയുമോ? മിട്ടുമുയലിനെ. രണ്ടാളും കൂട്ടുകാരാണ്. നീലിപ്പൊന്മയുടെ വീട്ടുകാരെല്ലാം മീൻപിടിക്കുന്ന കുളത്തിന്റെ കരയിലാണ് അവർ എന്നും കണ്ടുമുട്ടുക.

ജിംഗ് ജിംഗ് ജിംഗ്... മിട്ടു ചാടിയോടി വന്നെത്തി. നീലിയ്ക്കു സന്തോഷമായി. നീലി പറഞ്ഞു.

“മിട്ടൂ മിട്ടൂ നീ വന്നെത്താൻ,
ഇത്തിരി നേരമെടുത്തല്ലോ.
നിന്നെക്കാണാഞ്ഞപ്പോൾ ഞാനെൻ,
കൂട്ടില്‍പ്പോകാൻ നോക്കീലോ.”

അപ്പോ മിട്ടു എന്താ പറഞ്ഞതെന്നറിയ്യോ?

“അമ്മ പറഞ്ഞു, എന്തെങ്കിലും തിന്നിട്ടേ കളിക്കാൻ പോകേണ്ടൂ എന്ന്. അതുകൊണ്ടാണ് ഞാൻ കുറച്ചു വൈകിപ്പോയത്”.

“ഉം...ഇന്ന് എന്റെ അമ്മ വന്നില്ല മീൻപിടിക്കാൻ. അതുകൊണ്ട് എനിക്കു മീൻപിടിക്കുന്ന ജോലിയുണ്ട്. മീൻ പിടിച്ച് വീട്ടിൽ കൊണ്ടുക്കൊടുത്തിട്ട് വന്നിട്ട് കളിക്കാം മിട്ടൂ”.

“ശരി...നീലി മീൻ പിടിക്കൂ. ഞാൻ ഇവിടെ മീനിനു കാവലിരിക്കാം“. മിട്ടു ഓടിപ്പോയി ഒരു ചെറിയ ഇലയും കൊണ്ടുവന്നു.

നീലി കുളത്തിലേക്ക് താണുപറന്ന് ചെറിയ മീനുകളെയൊക്കെ പിടിച്ചുകൊണ്ടുവന്നു. മിട്ടുവിന്റെ മുന്നിൽ വെച്ച ഇലയിൽ ഇട്ടു. മിട്ടു വെറുതേ അതും നോക്കിയിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ദാ പതുങ്ങിപ്പതുങ്ങി വരുന്നൂ. ആരാ?

കുഞ്ഞുപ്പൂച്ച. കറമ്പൻ പൂച്ച. ഭീകരൻ. പക്ഷേ മിട്ടുവിനു പൂച്ചയുടെ വേലത്തരങ്ങൾ അറിയില്ല. കുഞ്ഞു കണ്ടു. മിട്ടുവിന്റെ മുന്നിലെ ഇലയിൽ നിറയെ മീൻ. അതുപിടിക്കാൻ നിൽക്കുന്ന നീലിപ്പൊന്മ. മീൻ കണ്ടപ്പോൾ കുഞ്ഞുവിനു സന്തോഷമായി. ഇന്നുച്ചയ്ക്ക് കുശാലായിട്ട് ഭക്ഷണം കഴിക്കാം. പക്ഷെ ഇവരെയെങ്ങനെ പറ്റിയ്ക്കും? എങ്ങനെ മീൻ മുഴുവൻ സ്വന്തമാക്കും? കുഞ്ഞുപ്പൂച്ച ആലോചിച്ചു. എന്നിട്ട് മിട്ടുവിന്റെ അടുത്തു ചെന്ന് പറഞ്ഞു.

“കുഞ്ഞേ കുഞ്ഞേ മുയലിൻ കുഞ്ഞേ,
വെയിലത്തെന്തിനിരിക്കുന്നൂ?
തണലില്ലാതെ ഇരുന്നീടിൽ,
ദേഹം വാടിപ്പോവില്ലേ?”

അപ്പോ മിട്ടു പറഞ്ഞു. “ഞാൻ ഈ മീനും നോക്കിയിരിക്ക്യാണ്. കുറച്ചുകഴിഞ്ഞാൽ ഞാനും നീലിയും കൂടെ നീലിയുടെ കൂട്ടിനടുത്തേക്ക് പോകും.”

“ഹും...” കുഞ്ഞുപ്പൂച്ച ഒന്നു മൂളി. “വെയിലത്തുവെച്ചാൽ ഈ മീനൊക്കെ ഉണങ്ങിപ്പോകും. ഉണങ്ങിയാൽ ഇതു തിന്നാൻ ഒരു സ്വാദുംണ്ടാവില്ല. ഇവിടെ നല്ല വെയിലല്ലേ.”

മിട്ടു മീൻ തിന്നിട്ടില്ല. അതുകൊണ്ട് അതിന്റെ സ്വാദിനെക്കുറിച്ചൊന്നും അറിയില്ല. കുഞ്ഞു പറഞ്ഞപ്പോൾ അതു ശരിയായിരിക്കുമോന്ന് തോന്നി. എന്നിട്ട് ചോദിച്ചു.

“അതിനിപ്പോ എന്തു ചെയ്യും?”

കിട്ടിപ്പോയ്! കുഞ്ഞു വിചാരിച്ചു. “ഞാൻ കുഞ്ഞുവാണ്. എന്റെ വീട് ഇവിടെ അടുത്താണ്. ഈ മീനൊക്കെ ഞാൻ അവിടെ കൊണ്ടുവയ്ക്കാം. നിങ്ങൾ മീൻപിടിത്തം കഴിഞ്ഞാൽ അങ്ങോട്ടുവന്നാൽ മീനും എടുത്ത് പോകാം.”

ശരിയാണോ? മിട്ടു ആലോചിച്ചു. അതാവും നല്ലത്. നീലിയുടെ വീട്ടിൽ കുറച്ചെങ്കിലും നല്ല, ഉണങ്ങാത്ത മീൻ കൊണ്ടുക്കൊടുക്കാൻ പറ്റും.

“എന്നാൽ ശരി. ഇതൊക്കെക്കൊണ്ടുപോയി നിങ്ങളുടെ വീട്ടിൽ വയ്ക്കൂ. ഞങ്ങൾ കുറച്ചുകഴിയുമ്പോഴേക്കും വരാം.”

കുഞ്ഞുപ്പൂച്ചയ്ക്ക് സന്തോഷമായി. നീലി വരുന്നതിനുമുമ്പ് മീൻ നിറഞ്ഞ ഇലയും ചുരുട്ടിപ്പിടിച്ച് കുഞ്ഞുപ്പൂച്ച ഓടിപ്പോയി.

നീലി വന്നപ്പോൾ മീനില്ല. മിട്ടു വെറുതെയിരിക്കുന്നു.

“മിട്ടൂ മിട്ടൂ മീനെവിടേ?
നമുക്കു വീട്ടിൽ പോയീടാം.
വീട്ടിൽ മീനു കൊടുത്തിട്ട്,
വീണ്ടും വന്നു കളിച്ചീടാം.”

മിട്ടു പറഞ്ഞു.
“നീലീ, മീൻ ഉണങ്ങിപ്പോകേണ്ടെന്നു കരുതി ഒരാളുടെ വീട്ടിൽക്കൊണ്ടുവയ്ക്കാൻ പറഞ്ഞു. ഇവിടെ അടുത്താണത്രേ. അവിടെപ്പോയി എടുക്കാം.”

അതാര്! അങ്ങനെയൊരാൾ? നീലിയ്ക്കു സംശയമായി. ആരാണെന്ന് മിട്ടുവിനോടു ചോദിച്ചു.
മിട്ടു പറഞ്ഞു.
“ഒരു കറമ്പൻ പൂച്ചയാണ്. കുഞ്ഞുപ്പൂച്ച എന്നു പറഞ്ഞു.”

“അയ്യോ!” നീലി ഞെട്ടിപ്പോയി. കുഞ്ഞുപ്പൂച്ചയുടെ ദ്രോഹങ്ങളെക്കുറിച്ച് നീലിയ്ക്ക് അമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്.

“കുഞ്ഞുപ്പൂച്ച നിന്നെപ്പറ്റിച്ചതാ മിട്ടൂ. മീൻ അവൻ തരില്ല.”

മിട്ടുവിനും വിഷമമായി. നീലി കഷ്ടപ്പെട്ട് പിടിച്ചുകൊണ്ടുവന്ന മീനാണ് കുഞ്ഞുപ്പൂച്ച സൂത്രത്തിൽ തട്ടിയെടുത്തിരിക്കുന്നത്. ഇനിയെന്തുചെയ്യും! അപ്പോഴാണ് നീല്യ്ക്ക് ഒരുകാര്യം ഓർമ്മ വന്നത്. ചക്രൻ പാമ്പ് താമസിക്കുന്ന പൊത്ത് കുളത്തിന്റെ കരയിലാണ്. കുഞ്ഞുപ്പൂച്ചയെ നേരിടാൻ ചക്രൻ പാമ്പിന്റെ സഹായം ചോദിക്കുന്നതാണ് നല്ലത്. മിട്ടുവിനോടും നീലി അതു പറഞ്ഞു.

അവർ രണ്ടുപേരും പൊത്തിനടുത്തെത്തി. അവർ വിളിച്ചപ്പോൾ ചക്രൻ പുറത്തുവന്നു. ചക്രന് ആ കൂട്ടുകാരെ അറിയാം. അവരോട് ചക്രൻ ചോദിച്ചു.

“എന്താ മിട്ടൂ, എന്താ നീലീ,
വിഷമിച്ചിങ്ങനെ നിൽക്കുന്നേ?
പറയാൻ വല്ലതുമുണ്ടെങ്കിൽ,
മടികൂടാതെ പറഞ്ഞോളൂ.”

അതുകേട്ടതും നീലിയും മിട്ടുവും വേഗം തന്നെ കുഞ്ഞുപ്പൂച്ച തങ്ങളെ പറ്റിച്ച് മീനും കൊണ്ടുപോയ കാര്യം പറഞ്ഞു.

“ഉം...അവൻ മഹാവിരുതനാണ്. എന്നാലും മീൻ തിരികെക്കിട്ടാനുള്ള വഴി നമുക്കുണ്ടാക്കാം.” അങ്ങനെ ചക്രൻ ആലോചിച്ച് ഒരു വഴി പറഞ്ഞുകൊടുത്തു.
മിട്ടു വേഗം പോയി, കുഞ്ഞുപ്പൂച്ചയുടെ വീടിനുമുന്നിൽ നിന്നു. എന്നിട്ടു ഉറക്കെ വിളിച്ചു.

“കുഞ്ഞുപ്പൂച്ചേ, കറമ്പൻ പൂച്ചേ,
പുറത്തിറങ്ങി വന്നാലും.
മീനുകളിനിയും തന്നീടാം,
വീടിന്നുള്ളിൽ വെച്ചോളൂ.”

ഹയ്യടാ! ഇനിയും മീൻ. കുഞ്ഞുപ്പൂച്ച ആർത്തിയോടെ പുറത്തുവന്നു. കുളിച്ചിട്ട് തിന്നാമെന്നു കരുതിയതുകൊണ്ട് ആദ്യം കൊണ്ടുവെച്ചതൊക്കെ വീടിനുള്ളിൽ ഉണ്ട്. ഇനിയും കിട്ടിയാൽ കുശാലായി. വെറുതെ കിട്ടുന്നതല്ലേ. പോയിക്കൊണ്ടുവരാം.

കുഞ്ഞുപ്പൂച്ച വേഗം പുറത്തുവന്നു.

“എവിടെ മീനെവിടെ?”

“കുറേയുണ്ട്. എനിക്കെടുക്കാൻ കഴിയില്ല. കുളത്തിന്റെ കരയിൽത്തന്നെയുണ്ട്. കറമ്പൻ ചേട്ടൻ വന്നിട്ട് എടുത്താൽ മതി.”

“ശരി, ശരി... നടന്നോ.” കുഞ്ഞുപ്പൂച്ച വേഗത്തിൽ നടന്നു.

കുളത്തിന്റെ കരയിൽ എത്തിയിട്ട് മിട്ടുവിനോടു ചോദിച്ചു,

“എവിടെ? മീനൊക്കെ എവിടെ?”

“ഇവിടെയുണ്ടായിരുന്നല്ലോ.” മിട്ടു തിരയുന്നതുപോലെ ഭാവിച്ചു. കുഞ്ഞുപ്പൂച്ചയും ചുറ്റും നോക്കിത്തിരഞ്ഞു. ആ തക്കത്തിന് ചക്രൻപാമ്പ് വന്ന് കുഞ്ഞുപ്പൂച്ചയെ പിടിച്ചുവെച്ചു.

മിട്ടുവും നീലിയും വേഗം പോയി കുഞ്ഞുവിന്റെ വീട്ടിൽ നിന്ന് മീൻ എടുത്തുകൊണ്ടുവന്നു. ചക്രൻപാമ്പിനു നന്ദി പറഞ്ഞു. എന്നിട്ട് നീലിയുടെ കൂട്ടിനടുത്തേക്ക് നടന്നു. അവർ പോയി കുറച്ചുകഴിഞ്ഞപ്പോൾ കുഞ്ഞുപ്പൂച്ചയെ ചക്രൻ വിട്ടയച്ചു. ഇനി ആരേയും പറ്റിയ്ക്കരുതെന്ന ഉപദേശവും കൊടുത്തു.

മിട്ടുവും നീലിയും, കൂട്ടിൽ, നീലിയുടെ അമ്മയ്ക്ക് മീൻ കൊണ്ടുക്കൊടുത്തിട്ട് തിരികെ വന്ന് സന്തോഷത്തോടെ കളിച്ചുല്ലസിച്ചു.

Labels:

Saturday, September 04, 2010

ഓർമ്മക്കാലം

വീണ്ടുമൊരോണക്കാലം വന്നുപോയി. തുമ്പയും മുക്കുറ്റിയും പതിവുള്ള ഉഷാറോടെത്തന്നെ വിടർന്നുനിന്നു. എന്നിട്ടും വർണ്ണപ്പകിട്ടുള്ള വല്യ വല്യ പൂവുകൾക്കിടയിൽ അവയ്ക്ക് പാവങ്ങളെപ്പോലെ നിൽക്കേണ്ടിവന്നു. എന്നാലും തുമ്പപ്പൂവില്ലാതെ എന്തോണം! എന്തു പൂക്കളം! ചിലതിന്റെയൊക്കെ സ്ഥാനം അപഹരിച്ചെടുക്കാൻ വിഷമമായിരിക്കും. നാട്ടുവഴിയിലൂടെ നടക്കുമ്പോൾ പണ്ടത്തെ ഓണക്കാലം ഓർമ്മ വന്നു. ഓല കൊണ്ടു മെടഞ്ഞുണ്ടാക്കിയ പൂക്കൂടയിൽ പൂ പറിക്കാൻ പോയിരുന്നത്. വയലിലെ കാക്കപ്പൂവും നെല്ലിന്റെ വരിയും പറിച്ചെടുക്കാൻ മത്സരിച്ചിരുന്നത്. ഒരിക്കൽ എല്ലാവരും കൂടെ വയലിൽ ഇറങ്ങി തകൃതിയായി പൂപ്പറിയ്ക്കലും പാട്ടും നടത്തിയപ്പോഴാണ് വയലിന്റെ ഉടമ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. വിളഞ്ഞുയരുന്ന നെല്‍പ്പാടത്തേക്ക് കുസൃതിക്കുരുന്നുകൾ ഇറങ്ങിയത് അയാൾക്കൊട്ടും ഇഷ്ടമായില്ല. ഉറക്കെ ചീത്തയും പറഞ്ഞുകൊണ്ട് അയാൾ ഓടിയടുത്തപ്പോൾ എല്ലാവരും ചിന്നിച്ചിതറി ഓരോ വഴിക്കും രക്ഷപ്പെട്ടു. പിറ്റേന്നും വയലിൽ ഇറങ്ങിയെന്നത് വേറെ കാര്യം. അന്ന്, പൂക്കൂടകൾ കഴിയുന്നത്ര നിറയ്ക്കണം എന്ന, കുഞ്ഞുമനസ്സിന്റെ മോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വയലും നെല്ലും അരിയുമൊന്നും വല്യ കാര്യമായിരുന്നില്ല. ഈ ഓണത്തിന് അതിലൂടെയൊക്കെ നടന്നപ്പോൾ അതിന്റെ വില അറിഞ്ഞുകൊണ്ടു നോക്കുമ്പോൾ വയലില്ല, നെല്ലില്ല, അരിയുമില്ല. അവിടെയൊക്കെ വീടുകളാണ്. പലതരം ജീവികളുടെ ശബ്ദം നിറഞ്ഞുനിന്നിരുന്ന ആ സ്ഥലത്ത്, മനുഷ്യന്റേയും, യന്ത്രങ്ങളുടേയും ഒച്ചകൾ, ചാനലുകളുടെ ബഹളം. മണ്ണിന്റെ മണമുള്ള വയലിനു പകരം, കറികളുടെ മണമുള്ള വീട്. അങ്ങനെയൊക്കെയാവുമെന്ന് ഒരുവട്ടം പോലും ആരും ചിന്തിച്ചിരുന്നില്ലെന്നത് സത്യം! കാലം മാറി, കാഴ്ചകളും മാറി. എങ്കിലും ഓർമ്മയിലുണ്ട്, പച്ച നിറമുള്ള വയൽ. നിറമുള്ള ഉടുപ്പുകളിട്ട് പൂമ്പാറ്റകളെപ്പോലെ, ഓടിച്ചാടിനടക്കുന്ന കുറേ കുട്ടികൾ. തല നരച്ചോട്ടെ. തൽക്കാലം ഓർമ്മകൾ നരയ്ക്കുന്നില്ലല്ലോ. ഓർമ്മകൾക്ക് തെളിച്ചമില്ലാത്തൊരു കാലം വന്നേക്കും. ഇങ്ങനെയുള്ള ഓർമ്മകളൊന്നും ചിലർക്ക് ഇഷ്ടമാവില്ല. പക്ഷേ, ഓർമ്മകൾ വേണം. നഷ്ടപ്പെട്ടതെന്തെന്നും, നേടിയെടുത്തതെന്തെന്നും പറഞ്ഞുതരാനുള്ള ആളാണല്ലോ ഓർമ്മ!

(ബൂലോഗകൂട്ടുകാർക്കെല്ലാം സുഖമെന്നു കരുതുന്നു.)

Labels: