Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, October 28, 2005

പ്രണയം ------3

പ്രണയം കഞ്ഞിവെള്ളം പോലെയാണ്.
പഴകുംതോറും ഗുണം കൂടും. പക്ഷേ മണത്തറിയും.

പ്രണയം സൈൻ ചെയ്തു കിട്ടിയ ചെക്ക് പോലെയാണ്.
കൈയിൽ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്‌. ഗുണമുണ്ടോന്ന് ചോദിച്ചാൽ അറിയില്ല.

പ്രണയം മെഗാസീരിയൽ പോലെയാണ്.
ഉണ്ടായാൽ ചിലർക്കു പൊല്ലാപ്പ്‌. ഇല്ലെങ്കിൽ ചിലർക്ക്‌ പൊല്ലാപ്പ്‌.

പ്രണയം അവാർഡ്‌ പടം പോലെയാണ്.
ശുഭം എന്നൊരു വാക്കു വരുന്നതു വരെ പലർക്കും ഒന്നും മനസ്സിലാകില്ല.

പ്രണയം പാട്ടാണ്.
കേട്ടത്‌ മധുരം. കേൾക്കാത്തത്‌ അതിമധുരം.

പ്രണയം പൊല്ലാപ്പാണ്.
ചിലർക്ക്‌ താനേ വരും. ചിലർക്ക്‌ അവർ തന്നെ എടുത്ത്‌ തോളിലേറ്റും.

Wednesday, October 26, 2005

വഴക്ക്!

രമണിയും ജാനുവും പതിവു വഴക്കു തുടങ്ങി.
'നിന്റെ വീട്ടിലെ പ്ലാവിന്റെ ഇല ഞങ്ങളുടെ കിണറ്റിൽ'
'നിന്റെ വീട്ടിലെ കുട്ടികൾ കൊഴിയുന്ന തലമുടി വലിച്ചെറിയുന്നത്‌ ഞങ്ങളുടെ വീട്ടിലെ ചെടിച്ചട്ടിയിൽ'
'നിങ്ങളുടെ വീട്ടിൽ നിന്ന് മീനിന്റെ മണം വരുന്നത്‌ ഞങ്ങളുടെ ബെഡ് റൂമിൽ.’
‘നിങ്ങളുടെ വീട്ടിലെ കോഴി വന്ന് ചിക്കിച്ചികയുന്നത്‌ ഞങ്ങൾ വിത്ത്‌ വിതറിയിട്ട പുതിയ പൂച്ചട്ടിയിൽ.’
അങ്ങനെ വഴക്ക്‌ ജോറായി വന്നു.
വാമൊഴി കൈയൂക്കിലെത്തും എന്നായപ്പോൾ വീടുകളിൽ നിന്ന് സീരിയൽ സംഗീതം ഒഴുകി വന്നു. വഴക്കിനെ ഒരു വഴിക്ക്‌ വിട്ട്‌ വഴക്കാളികൾ ഓടിപ്പോയി. ബാക്കി നാളെ തുടരും......

Sunday, October 23, 2005

അങ്ങനെ ഒരു ദിവസം....

ഓരോ ദിവസവും പുതുമയുള്ളത്‌ ആയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ വിചാരിക്കാറുണ്ട്‌. എനിക്കിഷ്ടമുള്ളത്‌ ഞാൻ വിചാരിക്കും. ആരോടെങ്കിലും ചോദിക്കണോ. അല്ല പിന്നെ. അങ്ങനെ ഇരിക്കെ ഒരു ദിവസം പിറന്നു. കരച്ചിൽ ഒന്നും ഞാൻ കേട്ടില്ല. പിന്നെ എങ്ങനെ മനസ്സിലായീന്നോ. ഏതെങ്കിലും ഒരുദിവസം സമയാസമയത്ത്‌ ചായേം കാപ്പീം ചോറും കറീം ആയില്ലേൽ അതൊക്കെ താനേ മനസ്സിലാകും. അങ്ങനെ ജോലിയൊക്കെ ഒരു വിധം പൂട്ടിവെച്ച്‌ ഇരിക്കുമ്പോഴാണ് അവൾ കയറി വന്നത്‌. ലവൾ എന്നു ചോദിക്കല്ലേ. ഞാൻ പറയാം. എന്റെ അടുത്ത കൂട്ടുകാരീടെ മകൾ. നീരജ. റീത്തയും കത്രീനയും സുനാമിയും ഒക്കെ വരുമ്പോലെ ആണ് അവളുടേം വരവ്‌. എന്തെങ്കിലും ഒന്നും ഒപ്പിച്ചോണ്ടുവരും. ഞാൻ ഒന്നു ഞെട്ടി. ഒരു ദിവസം പോലും ഞെട്ടൽ ഇല്ലാതെ കടന്നുപോകാത്ത ഒരു ജീവിതം ആണ് എന്റേത്‌. കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു മന്ത്രിണി ആയിരുന്നിരിക്കണം.
‘എന്താ മോളൂ’ ? ഒന്നും മിണ്ടിയില്ല. നേരെ പോയി ഫ്രിഡ്ജ്‌ തുറന്നു. അന്നേരവും ഞാൻ ഞെട്ടി. സ്ട്രോബെറി ഐസ്ക്രീം ഷെയർ ചെയ്യുകാന്നു പറഞ്ഞാൽ എനിക്കിഷ്ടമില്ലാത്ത ഒരു കാര്യം ആണ്. അവൾ അതിന്റെ പൊതി‌ തുറന്നുവെച്ച്‌ രണ്ട്‌ കുഞ്ഞിപ്പാത്രം എടുത്ത്‌ ഐസ്ക്രീം ഇട്ടു. ഒരു പാത്രം എനിക്ക്‌ നീട്ടി. പല്ലി ഇരയെപ്പിടിക്കുന്ന പോലെ ഞാൻ അത്‌ തട്ടിയെടുത്തു. അവൾ ബാക്കി ഫ്രിഡ്ജിലേക്ക്‌ തന്നെ വെച്ചു. ആസ്വദിച്ച്‌ തിന്നാൻ തുടങ്ങി. എന്നാലും മനസ്സൊരു സുനാമി പ്രതീക്ഷിക്കുന്നുണ്ട്‌. ഇവൾ ഇത്രയും നിശ്ശബ്ദയായിട്ട്‌ ഇരിക്കണമെങ്കിൽ വല്ല അടിയന്തരാവസ്ഥയും പ്രഖ്യാപിക്കണം. കഴിഞ്ഞു പാത്രം രണ്ടും കൊണ്ടു വെച്ചു.
‘ആന്റീ നമുക്കൊന്ന് കറങ്ങാൻ പോയാലോ?’
ചാകര കണ്ട മുക്കുവനെപ്പോലെ ഞാൻ ഉത്സാഹത്തിൽ ആയി. അപ്പോഴേക്കും ബോംബ്‌ പൊട്ടി. ‘ഞാൻ കാറിലാ വന്നത്‌.’
ഈശ്വരാ എന്റെ വിസ ഇവളായിട്ട്‌ കാൻസൽ ചെയ്യിക്കും.
‘എന്തിനാ കാർ. നീ കുഞ്ഞുവണ്ടി കൊണ്ടുവാ പോയിട്ട്‌.’
‘ഉച്ചയാവാൻ ആയപ്പോഴാണോ സ്കൂട്ടിയിൽ പോകേണ്ടത്‌? വേണ്ട വേണ്ട. വെയിൽ ആയി.’
‘അതിനു നീ ലൈസൻസ്‌ എടുത്തിട്ട്‌ ഒരാഴ്ച്ച ആയില്ലല്ലോ?’
‘അതിനെന്താ. പഠിച്ചല്ലോ.’
‘നരൻ കണ്ടില്ല.’
‘അതിന്?’
‘അല്ലാ. കാറിലൊക്കെ പോയിട്ട്‌ കൈയും കാലും ബൈ ഫോർ എവർ എന്നു പറഞ്ഞാൽ...’
‘അതു സാരമില്ല ആന്റിക്കു വ്യാജ സി ഡി ഞാൻ കൊണ്ടുത്തരും. ഇനി അഥവാ തട്ടിപ്പോകും എന്നുള്ള പേടിയിൽ ആണെങ്കിൽ വെറുതേയാ. അങ്കിൾ അത്രയ്ക്കു പുണ്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല.’
ഈശ്വരാ കിട്ടി, കിട്ടി. വടി കൊടുത്ത്‌ അടി വാങ്ങരുത്‌ , വാങ്ങിയാൽ മോങ്ങരുത്‌ എന്ന് ചേട്ടൻ പറഞ്ഞിട്ട്‌ 3 ദിവസമേ ആയുള്ളൂ. ആരോടും വഴക്കും വേണ്ട എന്നും പറഞ്ഞു. ബ്ലോഗിന്റെ കാര്യത്തിൽ ആണെങ്കിൽ വഴക്കിടുന്നതിലും നല്ലത്‌ അത്‌ ഡിലീറ്റ്‌ ചെയ്യുന്നതാ നിനക്ക്‌ നല്ലത്‌ എന്നും പറഞ്ഞു. മലയാളസാഹിത്യത്തിന്റെ വാഗ്ദത്ത വിളവു ഭൂമി എൻഡോസൾഫാൻ തളിച്ചു നശിപ്പിക്കും എന്ന ഭീഷണി ചേട്ടന്റേതായിട്ട് നിലവിൽ ഉള്ളതുകൊണ്ട്‌ വഴക്കിനോട്‌ തൽക്കാലം ഒരു ബൈ പറഞ്ഞു ഇരിക്കുകയാണ്. അതുകൊണ്ട്‌ ഒന്നും മിണ്ടിയില്ല. കാറിൽ പോകുന്നത്‌ റിസ്ക്‌ ഉള്ള കാര്യം ആണ്. എന്നാലും റിസ്ക്‌ എന്തും ഏറ്റെടുക്കുന്ന കാര്യത്തിൽ ഞാൻ എന്നും മുൻ പന്തിയിൽ ആണ്. റിസ്കിന്റെ കാര്യത്തിൽ ചേട്ടനും എന്റെ ലെവലിൽ ആണെന്ന് എന്നെ കല്യാണം കഴിച്ചപ്പോഴാ വീട്ടുകാർക്കും നാട്ടുകാർക്കും മനസ്സിലായത്‌.ഹി ഹി.
എണീറ്റ്‌ റെഡി ആയി. പുറത്തിറങ്ങി വീടിനോട്‌ ഫിർ മിലേംഗേ ( ഭാഗ്യമുണ്ടെങ്കിൽ എന്നു മനസ്സിൽ ) പറഞ്ഞു. കാറിൽ കയറാൻ നേരം ഒന്ന് മടിച്ചു നിന്നു.
‘എന്താ കയറാൻ ഒരു മടി?’
‘അല്ലാ ഒന്നുമില്ല മേൽക്കരേലെ രാധേടെ മോളുടെ കല്യാണത്തിനു എനിക്കു പങ്കെടുക്കണം എന്നുണ്ട്‌.’
ഇത്തവണ അവൾ ഞെട്ടി.
‘അതിനു രാധേടേ കല്യാണം എപ്പോ കഴിഞ്ഞു?’
‘കഴിഞ്ഞില്ല അതു തന്നെയല്ലേ... ആഗ്രഹം പറഞ്ഞതല്ലേ.’
‘ ആന്റീ’... അവൾ കണ്ണുരുട്ടി.
എല്ലാ ദൈവങ്ങളേയും വിളിച്ചുകൊണ്ട്‌ കയറി. തലേലെ വരമൊഴി ശരിയല്ലെങ്കിൽ പിന്നെ ഒരു ദൈവം വിചാരിച്ചിട്ടും കാര്യമില്ല. യാത്ര തുടങ്ങി.
‘ആഹാ ദേ നരന്റെ പോസ്റ്റർ. ഒന്നു നിർത്തൂ.’
‘പോസ്റ്ററും നോക്കി ആസ്വദിച്ചു പോകാൻ ആയിരുന്നെങ്കിൽ കാൽനട മതിയായിരുന്നല്ലോ.’
‘അതെ അതെ അതായിരുന്നു നല്ലത്.’ ലാലേട്ടനെ കൈ വീശിക്കാണിച്ചു.
‘ആന്റി ഏതു പാട്ടാ മൂളുന്നത്‌?’
‘മൈ ദിൽ ഗോസ്‌ ഉം... ഉം... ഉം...’
‘സലാം നമസ്തേ?’
‘അതെ.’
സത്യത്തിൽ മൂളിയത്‌ സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എന്ന പാട്ടാ. അതു പറഞ്ഞില്ല.
അങ്ങനെ പോയിപ്പോയി കാർ ടൌണിലെ പുതിയ സൂപ്പർമാർക്കറ്റിനു മുന്നിൽ നിന്നു. ഇറങ്ങി. അവളും കാർ ലോക്ക് ചെയ്ത്‌ ഇറങ്ങി. ഇതുവരെ ഇവിടെ വന്നിട്ടില്ല. അവളുടെ അമ്മ ഒന്നു രണ്ടു പ്രാവശ്യം വന്നു എന്നു പറഞ്ഞിരുന്നു. കടയ്ക്കുള്ളിലേക്ക്‌ നടന്നു. ഒരു ബാസ്കറ്റ്‌ എടുത്തു, വാങ്ങുന്നതൊക്കെ ഇടാൻ. സാധനങ്ങളുടെ വില ഒക്കെ കണ്ടപ്പോൾ ഹിമാലയത്തിലോ മറ്റോ പോയി വല്ല പച്ചിലേം തിന്നു ജീവിച്ചാൽ മതി എന്നു തോന്നിപ്പോയി. എന്തായാലും വന്നതല്ലേ. അത്യാവശ്യം വസ്തുക്കൾ വാങ്ങിയേക്കാം. നീരജ വന്നയുടനെ തന്നെ കോസ്മെറ്റിക്‌ സെക്‌ഷൻ നോക്കിപ്പോയതാണ്. ഞാൻ അവിടെ പോയിട്ട്‌ കാര്യം ഒന്നും ഇല്ല. അങ്ങനെ നടന്ന് നടന്ന് കടയുടെ ഒരു വശത്തെത്തി. അവിടെ നിന്ന് വില പരിശോധന നടത്തുമ്പോൾ ആരോ വന്ന് മുന്നിൽ നിന്നു. നോക്കുമ്പോൾ കുറച്ച്‌ മുന്നിലായി ഒരു സുമുഖൻ, സുന്ദരൻ, പരസ്യമോഡൽ. നമ്മുടെ ജോൺ എബ്രഹാമിന്റെ ഒരു ഫോട്ടോസ്റ്റാറ്റ്‌. മുടി ഒന്നു പിന്നോട്ട്‌ മാടിയൊതുക്കി, ഇല്ലാ മീശ ഒന്നു തടവി ഷർട്ടും പാന്റും ഒക്കെ ഒന്നു ശരിയാക്കി എന്നോട്‌ പുഞ്ചിരിച്ചു. എന്റെ ജയറാം മോഡൽ കണ്ണുകൊണ്ട്‌ ഒന്ന് ഇടം വലം വീക്ഷിച്ചു. ഇല്ല ആരും ഇല്ല. അവധി ദിവസം അല്ലാത്തതുകൊണ്ട്‌ ആരും ഇല്ല എന്നു തന്നെ പറയാം. നോക്കിച്ചിരിക്കുന്നത് എന്നെത്തന്നെ. എന്നെ നോക്കി പുഞ്ചിരി ചിലവാക്കണമെങ്കിൽ എവന്റെ കണ്ണിനു 100% തകരാറും ഉണ്ടാവും എന്ന് എനിക്കു തോന്നി. പരിചയം ഉള്ളവർ ആരെങ്കിലും ആണോ ഇനി. ഓർമ വരുന്നില്ല. ഇങ്ങനെയൊരു സന്ദർഭം വന്നാൽ സന്തോഷ്‌ ബ്രഹ്മിക്ക്‌ ഓർമ വരില്ല. പിന്നെയാ എനിക്ക്. ഞാൻ പുഞ്ചിരി തിരിച്ചു കൊടുത്തു. മനസ്സിന്റെ ബാക്ക്ഗ്രൌണ്ടിൽ പാട്ടു വന്നു. ഇത്തരം അവസരങ്ങളിൽ ആണു പലർക്കും പാട്ടിന്റെ പ്രസക്തി മനസ്സിലാവുന്നത്.
‘തും പാസ്‌ ആയേ യൂം മുസ്കുരായേ....
തും നേ നജാനേ ക്യാ സപ്നേ ദിഖായേ.
അബ്‌ തൊ മേരാ ദിൽ ജാഗേ ന സോത്താ ഹേ..
ക്യാ കരൂം ഹായേ കുഛ്‌ കുഛ്‌ ഹോത്താ ഹേ.’
പാട്ടു തീർന്നപ്പോഴേക്കും നീരജ വന്നു. ഛെ! കല്യാണം കഴിച്ചുകൊടുക്കാൻ പ്രായമുള്ള കുട്ടിയുള്ളപ്പോഴാ റൊമാൻസ്‌! മിഴിച്ചു നിൽക്കുന്ന എന്നെ മനസ്സിലാക്കാതെ കൈയിലുള്ള കുഞ്ഞു കുഞ്ഞു വസ്തുക്കൾ ബാസ്കറ്റിൽ ഇട്ട്‌ ‘ആന്റീ ഇപ്പോ വരാമേ’ എന്നും പറഞ്ഞു അവൾ പിന്നിലേക്ക്‌ നടന്നു. ഇവൾ ഇപ്പോ എങ്ങോട്ട്‌ പോകുന്നു എന്നു നോക്കാൻ തിരിഞ്ഞപ്പോഴുണ്ട്‌ പിന്നിൽ വലിയൊരു, ആൾ വലിപ്പം ഉള്ള കണ്ണാടി. അപ്പോ അതു നോക്കിയാണ് ആ സുന്ദരപുരുഷൻ പുഞ്ചിരിച്ചത്‌. കണ്ണാടിയുടെ ഭാഗ്യം ഛെ! ആകെ ബോർ ആയി. നീരജ കണ്ണാടിയിൽ നോക്കി തിരിച്ചുവന്നു. സുന്ദരൻ മറഞ്ഞു അപ്പോഴേക്കും. ആന്റീ കണ്ണാടി നോക്കണോന്നു ചോദിച്ചപ്പോൾ ബിരിയാണിക്കു കൊണ്ടുപോകുന്ന കോഴി പൌഡർ ഇടണോന്ന് ചോദിക്കാനാ തോന്നിയത്‌. തിരിച്ചും കാറിൽ കയറണമല്ലോ.
‘ആന്റീം പോകാൻ നോക്കാം‘ എന്നു പറഞ്ഞപ്പോൾ ഞാൻ ദൈവത്തിനു ഒരു ഹായ്‌ പറഞ്ഞു. രക്ഷിക്കണമല്ലോ. ആ സന്ദർഭത്തിനു ശേഷം ആരെങ്കിലും ചിരിച്ചാൽ ഞാൻ ഞാൻ ചുറ്റും നോക്കി കണ്ണാടി പരതിയിട്ടേ പുഞ്ചിരി തിരിച്ചു നൽകാറുള്ളൂ.

Friday, October 21, 2005

ചീഞ്ഞ തക്കാളി.

പാവം നമ്മുടെ ചീഞ്ഞ തക്കാളി. അതിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. എന്ത്‌ ചെയ്യാൻ. എല്ലാരും കൂടെ തട്ടിക്കളിയ്ക്യല്ലേ. ഓരോ സ്ഥലത്ത്‌ പോകുമ്പോഴും മുഖം ചുളിച്ച്‌ ആൾക്കാർ വലിച്ചൊരേറാ. ഒന്നു കൂടെ നുറുങ്ങും തക്കാളീടെ മനസ്സ്‌.
ചീഞ്ഞു പോയീന്നു വെച്ചിട്ട്‌ അതിനും ഇല്ലേ ഒരു കുഞ്ഞുമനസ്സ്‌. ആരു കാണാൻ. നല്ല അവസ്ഥയിൽ ആണെങ്കിൽ ഇപ്പോൾ പല വിഭവങ്ങളുടേം മുകളിൽ പൂ പോലെ വിരിഞ്ഞു നിൽക്കുന്നുണ്ടാകും. സാമ്പാറിലും പച്ചടിയിലും രസത്തിലും സലാഡിലും ഒക്കെ അങ്ങനെ വിളങ്ങി നിൽക്കുന്നുണ്ടാകും. എന്തു പറയാൻ. ചീഞ്ഞു പോയില്ലേ?
അങ്ങനെ ഉരുണ്ടുരുണ്ട്‌ വലിയ ഒരു കെട്ടിടത്തിന് ഉള്ളിൽ

എത്തി. അവിടെ എന്താ ആ തക്കാളി കണ്ടത്‌? ഓരോ പാത്രങ്ങളിൽ തന്നെപ്പോലെയുള്ള തക്കാളികൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
നമ്മുടെ തക്കാളിയും സന്തോഷത്തിൽ ആ കൂട്ടത്തിൽ പോയിരുന്നു പുഞ്ചിരിച്ച്‌ വിശേഷങ്ങൾ കൈമാറി.
അങ്ങനെ കുറേ നേരത്തിനു ശേഷം ആ ചീഞ്ഞ തക്കാളി സുഹൃത്തുക്കളുടെ കൂടെ സൌന്ദര്യറാണികൾ മുഖത്ത്‌ തേക്കുന്ന പെയിസ്റ്റായി രൂപം മാറി. ഒടുവിൽ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ച മഹാന്മാരുടെ വീടുകളിൽ
മുറിയിലെ അലമാരക്കുള്ളിൽ വിലപിടിച്ച വസ്തുക്കളോടൊപ്പം
നല്ലൊരു പാത്രത്തിൽ കൂട്ടുകാരൊത്ത്‌ ആ ചീഞ്ഞ തക്കാളിയും ഇരുന്നു.
പുഞ്ചിരി കൈ വിടാതെ.

Thursday, October 20, 2005

സഹായം!

കാളിയമ്മൂമ്മ എല്ലാവരുടേം അമ്മൂമ്മയാണ്. അതായത്‌ നാട്ടുകാരൊക്കെ അമ്മൂമ്മ എന്നാണ് അവരെ വിളിക്കുന്നത്‌. എല്ലാരുടേം വീട്ടിൽ എന്തുകാര്യത്തിനും എത്തും. ഓരോ വീട്ടിലും എന്തെങ്കിലും വിശേഷം നടക്കുമ്പോൾ പോയി സഹായിക്കും. ആവുന്നതുപോലെ. എത്ര ദൂരത്തായാലും സ്വന്തക്കാരും നാട്ടുകാരും വിളിച്ചാൽ അമ്മൂമ്മ നടന്നെത്തും.വാഹനത്തിൽപോകേണ്ട സ്ഥലത്തൊന്നും അമ്മൂമ്മ ഇതുവരെ പോയിട്ടില്ല. അങ്ങനെയിരിക്കെ അമ്മൂമ്മയെ വീട്ടിനടുത്ത്‌ തന്നെയുള്ള ആൾക്കാരുടെ
പേരക്കുട്ടി താൻ പട്ടണത്തിൽ ഉണ്ടാക്കിയ വീട്ടിലേക്ക്‌ വിളിച്ചു. ഗൃഹപ്രവേശനദിവസംവേറെ ഒരിടത്ത്‌ പോവാൻ ഉണ്ടായിരുന്നതിനാൽ അമ്മൂമ്മക്ക്‌ പോവാൻ സാധിച്ചില്ല. തിരക്കൊന്നും ഇല്ലാത്ത ഒരു ദിവസം അമ്മൂമ്മ പുറപ്പെട്ടു.
ബസിൽ ആദ്യമായിട്ടാണ് യാത്ര. എന്നാലും അമ്മൂമ്മക്ക്‌ ഒരു പരിഭ്രമവും തോന്നിയില്ല. നാട്ടുകാരൊക്കെ കൂടെ ഉണ്ട്‌. അമ്മൂമ്മയുടെ പ്രായം പരിഗണിച്ച്‌ മുന്നിൽ തന്നെ സീറ്റ്‌ കിട്ടി. എല്ലാരുടേം ആക്ഷനും നോക്കിക്കണ്ട്‌ അമ്മൂമ്മ ഇരുന്നു.
പിന്നെ ഡ്രൈവറെത്തന്നെ നോക്കാൻ തുടങ്ങി. അമ്മൂമ്മയ്ക്‌ ഗിയർലിവർ മുന്നോട്ടും പിന്നോട്ടും ഒക്കെ വലിക്കുന്നത്‌ അത്ര പിടിച്ചില്ല. ഈ ചെറുക്കൻ ഇതെന്തിനാ ഇങ്ങനെ ബലപ്രയോഗം നടത്തുന്നത്‌. അമ്മൂമ്മ എന്നാലും സഹിച്ചങ്ങനെ ഇരുന്നു. അങ്ങനെ പോലീസ് സ്റ്റേഷന് മുന്നിൽ ബസ്‌ നിന്നു. കണ്ടക്ടർ സ്റ്റേഷനിലേക്ക്‌ പോയി. ഒപ്പിടാൻ ആയിരിക്കും. ഡ്രൈവർ ബസ്സ്‌ സ്റ്റോപ്പ്‌ ആയതുകൊണ്ട്‌ ബസ്‌ നിർത്തി പുറത്തേക്കിറങ്ങി. കുറച്ചുകഴിഞ്ഞ്‌ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയ മറ്റുള്ളവരും കയറിയപ്പോഴുണ്ട്‌ അമ്മൂമ്മയും ബസിലുള്ള മറ്റുള്ളവരും തമ്മിൽ എന്തോ ഒരു കശപിശ. കാര്യം ചോദിച്ചപ്പോൾ അമ്മൂമ്മ പറഞ്ഞു. ഈ പാവം ഡ്രൈവറുകൊച്ചൻ ഇതു പിടിച്ച്‌ വലിച്ചെടുക്കാൻ കുറേ നേരം ആയി പാടുപെടുന്നു. നിങ്ങളൊക്കെ എന്തു മനുഷ്യരാ, ഒന്ന് സഹായിച്ചൂടേ. നോക്കിയപ്പോഴുണ്ട്‌ അമ്മൂമ്മയുടെ കൈയിൽ ഗിയർലിവറിന്റെ തല !

{ലോബി എന്താന്ന് അറിയാനുള്ള വിവേകം ഇല്ലാത്തതുകൊണ്ടും, ഒരു ഹോബി ഇല്ലാത്തതുകൊണ്ടും, പെരിങ്ങോടന്റെ ഒരു കമന്റിൽ ചിന്തിക്കാൻ ഒന്നും ഇല്ലാത്തവർക്ക് എന്നു കണ്ടതുപോലെ ജീവിതത്തിൽ ചിന്ത.കോം എന്നൊരു കാര്യം മാത്രമേ ചിന്ത അടങ്ങിയിട്ടുള്ളത് എന്നതിനാലും ഞാൻ ഈ പോസ്റ്റ് നിങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടിയിലേക്ക് തള്ളിവിടുകയാണ്. }

(സത്യം പറഞ്ഞാൽ ഇതെന്റെ നൂറ്റിമൂന്നാം പോസ്റ്റ് ആണ്. സുനാമി എന്ന പോസ്റ്റ് എന്റെ കുഞ്ഞുസുഹൃത്തായ സിമ്പിൾ എന്ന കിരണിന് മനസ്സിൽ പിടിക്കാഞ്ഞതുകൊണ്ടും, ( രണ്ടു സുനാമി താങ്ങാൻ പറ്റില്ല എന്ന് തോന്നിക്കാണും.ഹിഹി ) വേറൊരു പോസ്റ്റ് ആവർത്തനം ആണെന്നും വാരഫലക്കാരൻ കാണേണ്ട എന്നും നമ്മുടെ ബ്ലോഗ് വാരഫലക്കാരൻ പേടിപ്പിച്ചതുകൊണ്ടും മായ്ച്ചുകളഞ്ഞതാണ്.)

Monday, October 17, 2005

എനിക്കൊരു കാര്യം പറയാൻ ഉണ്ടല്ലോ....

എനിക്കൊരു കാര്യം പറയാൻ ഉണ്ട്‌. പറഞ്ഞോ പറഞ്ഞോ നിന്റെ കുറേ കാര്യം ആയില്ലേ ഞങ്ങളൊക്കെ കേൾക്കുന്നു, ഇനി ഇതുംകൂടെ കേട്ടാലും ഒന്നും സംഭവിക്കില്ല എന്നല്ലേ നിങ്ങൾ പറയുന്നത്‌. എന്തു ചെയ്യാം? പറയാൻ ഉള്ളത്‌ ഞാൻ എവിടേം പറയും . അതെന്റെ ഒരു നല്ല(?) സ്വഭാവം ആയിപ്പോയി. പിന്നെ ഞാൻ ഇതു പറഞ്ഞൂന്നു കരുതി ആരും എന്നെ ഒരു അഹങ്കാരി ആയി കാണരുത്‌ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക്‌ കുറച്ച്‌ അരിശം വരും. മുഖസ്തുതിയാണെന്ന് വിചാരിക്കരുത്‌ എന്ന് പറഞ്ഞാൽ നിങ്ങൾക്ക്‌ അരിശം കൂടും. നിങ്ങൾ പറയും ഒന്ന് വേഗം പറഞ്ഞ്‌ തുലയ്ക്കുന്നുണ്ടോ മനുഷ്യനെ മിനക്കെടുത്താതെ എന്ന്. എന്നാലും പറയാൻ ഉള്ളത്‌ പറഞ്ഞാൽ അല്ലേ കേൾക്കാൻ പറ്റൂ. ച്ഛെ! ഇതെന്തൊരു ശല്യം എന്ന് നിങ്ങൾ പറയുന്നത്‌ ഞാൻ കേട്ടു. അതുകൊണ്ട്‌ ഇനി തടി കേടാക്കാതെ വേഗം പറയാം.

ഇതെന്റെ നൂറാമത്തെ പോസ്റ്റ്‌ ആണ്. ഇതുവരെ എല്ലാവരും തന്ന അനുഗ്രഹങ്ങളും അഭിനന്ദനങ്ങളും പാരവെയ്പ്പും ക്ഷമപരീക്ഷണവും എല്ലാം ഇനീം ഉണ്ടാവും എന്നുള്ള ഉറച്ച വിശ്വാസത്തിൽ..... ഞാൻ ബ്ലോഗ്ഗിങ്ങ്‌ തുടരുന്നതാണ്.

മലയാളം ബ്ലോഗ്ഗിങ്ങ് സാധ്യമാക്കിയ എല്ലാ മഹാന്മാർക്കും, എന്റെ ബ്ലോഗ്‌ സുഹൃത്തുക്കൾക്കും, വെറും വായനക്കാരായി അണിയറയിൽ ഇരിക്കുന്ന എന്റെ മറ്റു പ്രിയസുഹൃത്തുക്കൾക്കും പിന്നെ എന്നെ ബ്ലോഗിങ്ങിലേക്ക്‌ അറിയാതെ കയറ്റിവിട്ട മോളുവിനും, അവളുടെ ചാച്ചനും, അവരെ ഒന്നു കണ്ടുകിട്ടിയിട്ട്‌ രണ്ടു പറയാൻ കാത്തിരിക്കുന്ന സഹികെട്ട എന്റെ വായനക്കാർക്കും, പിന്നെ ഈശ്വരനും, കാലനും ഒക്കെ നന്ദി. ആരെങ്കിലും എന്നെ വധിക്കുന്നതുവരെ ഈ വധം തുടരാൻ സാധ്യത ഉണ്ട്‌.Saturday, October 15, 2005

കോമാളി.

ഇല്ല.
നിന്റെ കണ്ണീരിന് ഇവിടെ വിലയില്ല.
നിനക്ക് കരയാൻ അർഹതയില്ല.
കരയിപ്പിക്കാനും.
നിന്റെ ജന്മം കോമാളിയുടേതാണ്.
ചിരിക്കുക, ചിരിപ്പിക്കുക.
കണ്ണിലും മനസ്സിലും ചിരിയുടെ തണുപ്പ് നിറയ്ക്കുക.
നിന്റെ ജന്മം മറ്റുള്ളവർക്ക് തീറെഴുതിക്കഴിഞ്ഞു.
അവരുടെ ചുണ്ടിലെ ചിരി നിലയ്ക്കുന്നതുവരെ.
നീ നെഞ്ചിൽ ചുമക്കുന്ന ഭാരം,
നിന്റെ കണ്ണീരിന്റെ ഉപ്പുരസം ആരുടെ മേലും പതിഞ്ഞുകൂടാ.
പതിഞ്ഞാൽ നിന്റെ ജന്മം പാഴ് ജന്മം.
ചിരിയുടെ ചിത്രശലഭങ്ങളെ പറത്തിവിടാനേ നീ തുനിയാവൂ.
വാക്കുകളുടെ കഴുകന്മാരെ ഉയർത്തിവിടാനുള്ള
അധികാരം നിന്റെ കാണികൾക്ക് മാത്രം ആണ്.
മനസ്സിലേൽക്കുന്ന ഓരോ നൊമ്പരപ്പാടുകളിലും
പുഞ്ചിരി പുരട്ടി നിറം മാറ്റി വിടാനാണ് നിന്റെ വിധി.
എന്നെ നോക്കരുത് നീ..
എന്റെ കണ്ണുകൾ നിന്റെ കണ്ണീർ കാണാൻ മടിയ്ക്കും.
മനസ്സുകൊണ്ട് നീ എന്നെ കാണാൻ ശ്രമിക്കരുത്.
ആ മനസ്സിലെ നോവിൽ അലിയാനാവാതെ
എന്റെ മനസ്സ് പതറും.
എന്റെ ചുണ്ടിലെ പുഞ്ചിരിക്കു മാത്രമേ
നിനക്ക് അവകാശം ഉള്ളൂ.
അതായിരിക്കണം നിന്റെ ലക്ഷ്യം.
അതായിരിക്കണം നിന്റെ സത്യം.
തൊപ്പിവെച്ച് കണ്ണുകൾ മൂടിവെക്കുക.
പരിഹാസത്തിന്റെ വക്രച്ചിരി കാണാതിരിക്കട്ടെ
നിന്റെ കണ്ണുകൾ.
പൊട്ടിച്ചിരി വന്നലയ്ക്കട്ടെ നിന്റെ കാതുകളിൽ.
നിന്റെ ചിരിയുടെ വില പോലെ,
നിന്റെ കണ്ണീരിന്റെ വില അറിയുന്ന
ഒരു ദിവസം ഉണ്ടാകുമെന്ന് സ്വപ്നം കാണൂ..
അതുവരെ നിനക്ക് കൽ‌പ്പിച്ചു തന്നിട്ടുള്ള വേഷം ആടിയേ തീരൂ.
അരങ്ങത്തും അണിയറയിലും.
തുടങ്ങിക്കോളൂ കോമാളീ ....
ഞങ്ങൾ ക്രൂരന്മാർ ചിരിക്കട്ടെ മനസ്സ് തുറന്ന്........

Friday, October 14, 2005

വന്നല്ലോ........

പറയാതെ പോയി ഞാൻ;
പ്രണയം പോലെ.

അറിയിക്കാതെ വന്നു ഞാൻ;
സുനാമി പോലെ.


ഹി ഹി ഹി. പ്രിയപ്പെട്ട സുഹൃത്തുക്കളേ ഞാൻ തിരിച്ചുവന്നു.
കൂടുതൽ പൊല്ലാപ്പുകളും തലവേദനകളും നിങ്ങൾക്ക് സമ്മാനിക്കാൻ.

Tuesday, October 04, 2005

പ്രണയം പത്ത് ദിവസം !

പ്രണയം.............

ഒന്നാം ദിവസം ; ബീജമായി,

രണ്ടാം ദിവസം ; മുളയായി,

മൂന്നാം ദിവസം ; വേരായി,

നാലാം ദിവസം ; തണ്ടായി,

അഞ്ചാം ദിവസം ; ശാഖയായി,

ആറാം ദിവസം ; ഇലയായി,

ഏഴാം ദിവസം ; മൊട്ടായി,

എട്ടാം ദിവസം ; പൂവായി,

ഒൻപതാം ദിവസം ; സുഗന്ധമായി,

പത്താം ദിവസം , കാറ്റിൽ അലിഞ്ഞുപോയി.

Saturday, October 01, 2005

വേലു പിടിച്ച വാല്!

വേലു ഒരു സാഹിത്യകാരൻ അല്ല. അതുകൊണ്ട്‌ തന്നെ സാഹചര്യമാണ് എന്നെ ഒരു കള്ളൻ ആക്കിയത് എന്നൊന്നും വേലു പറയില്ല. ഓരോ പ്രാവശ്യവും നാട്ടുകാരുടെ പിടിയിൽപ്പെട്ട്‌ പോലീസിന്റെ അടി കൊണ്ട്‌ അഴിക്കുള്ളിൽ കിടന്ന് പുറത്തുവന്നാൽ,
വേലു, ചോദിക്കുന്നോരോടൊക്കെ പറയും ജീവിക്കേണ്ടേ അതിനു എനിക്കറിയാവുന്ന
പണി എടുത്തു എന്ന്. കള്ളനു കഞ്ഞിവെക്കരുത് എന്ന പഴംചൊല്ലു പഠിച്ചിട്ടും സഹൃദയർ ആയ നാട്ടുകാർ വേലുവിനു ഭക്ഷണം കൊടുക്കും. പക്ഷേ വേലു കുറച്ചുകാലമായിട്ട്‌ നിരാശയിൽ മുങ്ങി ഇരിക്കുകയാണ്. ആൾക്കാരൊക്കെ കള്ളൻ പ്രൂഫ്‌ ആയിത്തുടങ്ങി.
അതു തന്നെ. വേലു ആഗ്രഹിക്കുന്നത്‌ ഹർത്താൽ ദിനത്തിലെ തട്ടുകടക്കാരനെപ്പോലെ ആവാൻ ആണ്. ഒറ്റ കൊയ്ത്ത്‌. പിറ്റേ ദിവസം മുതൽ സുഖജീവിതം. പക്ഷേ വേലുവിന്റെ തൊഴിലിനു പാരയായിട്ട്‌ വന്നത്‌ വ്യാജ സി.ഡി കളും സീരിയലുകളുമാണ്. ഓരോ വീട്ടുകാരും പശക്കമ്പനിക്കാരുടെ പരസ്യം പോലെ വീട്ടിൽ ഒട്ടിപ്പിടിച്ചിരിക്കും. ഒരു അമ്പലത്തിൽ പോക്കോ ഒരു സിനിമയ്ക്ക്‌ പോക്കോ ഒന്നും ഇല്ല. വേലുവിനു സഹിക്കാൻ പറ്റുന്നില്ല. ജോലിയില്ലാതെ എത്ര ദിവസമാ ഇരിക്കുക. സർക്കാർ ജോലി വല്ലതും ആയിരുന്നെങ്കിൽ പെൻഷനും വാങ്ങി വീട്ടിൽ ഇരിക്കാമായിരുന്നു. ഇതാണെങ്കിൽ പെൻഷനുമില്ല, വളന്ററി റിട്ടയർമന്റ്‌ എന്നാണെങ്കിൽ ഇതിൽ ജയിലിൽ ഗോതമ്പുണ്ട വിഴുങ്ങൽ ആയിരിക്കും പണി.
അങ്ങനെ വേലു പുറപ്പെട്ടു. മൂന്നും കൽപ്പിച്ചു തന്നെ. ഒന്നുകിൽ നാട്ടുകാരുടെ കൈയിൽ നിന്ന് കിട്ടും, അല്ലെങ്കിൽ ജയിലിൽ കിടക്കാം അതുമല്ലെങ്കിൽ വിജയിച്ചുവരാം. പോയി വിജയശ്രീലാളിതനായി വരൂ എന്നു പറയാൻ ആരും ഇല്ല വേലുവിന്. പക്ഷെ ഒരു കാര്യവും വിചാരിച്ചാൽ വേണ്ടാന്നു വെക്കുന്ന സ്വഭാവം വേലുവിനില്ല. കള്ളൻ ആയതു തന്നെ അതുകൊണ്ടാണ്. പണ്ടെങ്ങോ കട്ടുകൊണ്ടുവന്ന വിസ തീരാറായ പൊട്ടക്കണ്ണാടിയിൽ നോക്കി അഭിനവതാരത്തെപ്പോലെ വേലു സ്വയം ആശംസ പറഞ്ഞു. ‘വിജയീഭവ.’
തന്റെ നാട്ടിൻപുറത്ത്‌ നിന്ന് കുറച്ച്‌ അകലെയുള്ള നാട്ടിലേക്കു പുറപ്പെട്ടു. കള്ളനാണെങ്കിലും അവന് ദേശസ്നേഹം ഉണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുന്നത്‌ ഇല്ലാതാക്കരുതല്ലോ. തന്റെ നാട്ടുകാരെ തൽക്കാലം വെറുതേ വിട്ടു. ഇന്ത്യൻ ക്രിക്കറ്റ്‌ കളിക്കാർ നേരെ ചൊവ്വേ വരുന്ന പന്ത്‌ മുഴുവൻ വെറുതെ വിടുന്ന മാതിരിത്തന്നെ. എതിരാളികൾക്ക്‌ ഉപകാരം ഉണ്ടാക്കാൻ.
വേലു ആ നാട്ടിൽ എത്തി. വെളിച്ചം കുറഞ്ഞ, എന്നാൽ ധാരാളം വീടുകൾ ഉള്ള ഒരു റോഡിൽക്കൂടെ, കാരണവർ അത്താഴം കഴിഞ്ഞു ഉലാത്തുന്നതുപോലെ നടന്നു. സമയം 7 ആയിട്ടേയുള്ളൂ. എന്നാലും വീട്ടുകാർ മുഴുവൻ സ്വീകരണമുറിയിൽ വിഡ്ഡിപ്പെട്ടിക്കു മുന്നിൽ ആയിരിക്കുമെന്ന് ഒരു പഠിപ്പിസ്റ്റിനു തന്റെ റാങ്ക്‌ ഉറപ്പുള്ളതുപോലെത്തന്നെ വേലുവിനു ഉറപ്പുണ്ട്‌. അങ്ങനെ നോക്കി നോക്കി കണ്ടു പിടിച്ചു. ഒരു വീടിന്റെ ഒരു വശത്തുള്ള വാതിൽ തുറന്ന് ഇട്ടിട്ടുണ്ട്‌. ഉള്ളിൽ നിന്നും വീഴുന്ന വെളിച്ചം കണ്ടാണ് വേലു അതു മനസ്സിലാക്കിയത്‌. അങ്ങനെ പാത്തും പതുങ്ങിയും വീടിന്റെ പൊതുക്കാര്യങ്ങൾ മനസ്സിലാക്കി. പണ്ടത്തെപ്പോലെ കുറെ ദിവസം നിരീക്ഷിക്കുക, പിന്നൊരു ദിവസം കക്കാൻ വരുക എന്നൊന്നും സീരിയൽ കാരണം ഇപ്പോ ആവശ്യം ഇല്ല. കിണർ, കയറും കപ്പിയും നോക്കി കണ്ടുപിടിച്ചു. മൂന്നു നാലു കല്ലെടുത്ത്‌ എറിഞ്ഞ്‌ വല്ല നാടൻ ഫോറിൻ നായകളും പ്രതികരിക്കുന്നുണ്ടോന്ന് നോക്കി. ഒരു നായയും കുരച്ചുകണ്ടില്ല. നായകളും സീരിയലിനു മുൻപിൽ ആയിരിക്കും. സാരമില്ല. ഇനി വരുന്നിടത്തുവെച്ചുകാണാം. അങ്ങനെ വേലു മതിൽ ചാടിക്കടന്നു. ഗേറ്റ്‌, ബാങ്കുകളുടെ എ. ടി എം കൌണ്ടർ പോലെ 24 മണിക്കൂറും തുറന്നിടുന്നതാണ്. എന്നാലും ഒരു കള്ളൻ ഗേറ്റിലൂടെ മോഷ്ടിക്കാൻ പോകുന്നത്‌ തൊഴിലിനോടുള്ള ആത്മാർഥതക്കുറവല്ലേ. അതുകൊണ്ട്‌ വേലു മതിൽ ചാടൽ തന്നെ നടത്തി. മതിലിന്നുള്ളിൽ ആയി. വേലു സിനിമാടാക്കീസിലെ ബ്ലാക്കിൽ ടിക്കറ്റ്‌ വിൽക്കുന്നവനെപ്പോലെ തെറ്റിയും തിരിഞ്ഞും നടന്നു അകത്തുകയറി. സീരിയൽ തകർക്കുന്ന ഒച്ച കേൽക്കുന്നുണ്ട്‌. പാവങ്ങൾ. സ്വന്തം വീട്ടിൽ കള്ളൻ കയറിയത്‌ അറിയാതെ സീരിയലാക്കിയ കള്ളൻ കഥകണ്ട്‌ മിഴിച്ചിരിക്കുകയാണ്.
“ഒരു കടയിൽ കക്കാൻ കയറി. ആദ്യം ഒരു അലമാര തുറന്നു അതിൽ ഒന്നും ഇല്ലായിരുന്നു. വേറൊന്ന് തുറന്നു, അതിലും ഒന്നും ഇല്ലായിരുന്നു. അങ്ങനെ 5-6 അലമാര തുറന്നു. ഒരു അലമാരയിലും ഒന്നും ഇല്ലായിരുന്നോടാ?, ഇല്ലെടാ പോലീസ്‌ പിടിച്ച്‌ ഇടിച്ചപ്പോഴാ മനസ്സിലായത് അതു ഒരു അലമാരക്കട ആയിരുന്നെന്ന്” എന്നു രണ്ട്‌ കള്ളന്മാർ സിനിമയിൽ പറയുന്നത്‌ കണ്ട്‌ പരിസരം മറന്ന് കൈകൊട്ടിച്ചിരിച്ചത്‌ വേലുവിനു ഇന്നും ഓർമ്മയുണ്ട്‌. ചിരിയും വന്നു. പക്ഷേ അനവസരത്തിൽ ഉള്ള പുഞ്ചിരി പോലും ജീവിതം മുഴുവൻ കരച്ചിലിനു കാരണം ആകും എന്ന് ചില ആൾക്കാരെക്കാണുമ്പോൾ വേലുവിനു തോന്നിയിട്ടുണ്ട്‌. അതുകൊണ്ട്‌ വേലു ചിരിച്ചില്ല.
പതുങ്ങി നടന്ന് ഒരു മുറിയിൽ കയറി. മുറി നിറയെ പോലീസുകാരുടെ ഭാഷയിലുള്ള തൊണ്ടി മുതൽ കണ്ടപ്പോൾ വേലുവിനു സന്തോഷമായി. അയയിൽ നിന്നു ഒരു ലുങ്കി എടുത്ത്‌ മേശപ്പുറത്തെ സാധനങ്ങൾ മുഴുവൻ അതിലേക്കിട്ടു. പിന്നെ അലമാര തുറന്ന് കുറേ സാധനങ്ങൾ എടുത്തിട്ട്‌ ലുങ്കി നന്നായി കെട്ടി മുറുക്കി. എന്നിട്ട്‌ മുപ്പത്തിമുക്കോടി സീരിയൽ പ്രവർത്തകർക്കും പ്രക്ഷേപണം ചെയ്യുന്ന ചാനലുകൾക്കും വല്യൊരു നന്ദി പറഞ്ഞുകൊണ്ട്‌ വേലു വന്ന വഴി മറക്കാതെ മടങ്ങി. വാതിലു വഴി മുറ്റത്തേക്കു ഇറങ്ങിയതും ലുങ്കിക്കെട്ടിനുള്ളിൽ നിന്നും പാട്ടു വന്നു. " കള്ളാ കള്ളാ കൊച്ചുകള്ളാ നിന്നെക്കാണാനെന്തൊരു സ്റ്റൈലാണ്, കള്ളൻ ചെക്കനെ കണ്ടപ്പൊത്തൊട്ടെന്റെ ഉള്ളിന്റെ ഉള്ളിൽ ലവ്വാണു" മൊബൈൽ ഫോൺ! വീട്ടുകാർ മുഴുവൻ ഓടി വന്നു. കാരണം മുറ്റത്ത്‌ തനിയെ ഇറങ്ങിപ്പോയി റിംഗ്‌ ചെയ്യുന്ന ഫോണിനെപ്പറ്റി അവർ കേട്ടിട്ടില്ലായിരുന്നു.
പോലീസുകാരുടെ കായചികിത്സ കഴിഞ്ഞ്‌ മുറിക്കുള്ളിൽ കാവലോടെ വിശ്രമിക്കുമ്പോൾ വേലു അവിടെ നിന്നിറങ്ങിയാൽ ഉള്ള ജീവിതത്തെപ്പറ്റി ഒരു തീരുമാനമെടുത്തു കഴിഞ്ഞു. അതായത്‌ മാന്യമായി ജീവിക്കുന്ന കള്ളന്മാരുടെ കൂടെ ജീവിക്കാൻ. അതേ. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ!