Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 12, 2006

ഒക്കെ ഒരുപോലെയാണോ?

എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്‌.

എണ്ണാന്‍ പഠിച്ചുവരുന്ന കുട്ടിയെപ്പോലെ, തുടക്കം എവിടെ ഒടുക്കം എവിടെ എന്നറിയാതെ കുഴങ്ങുന്നു.

എന്നാല്‍ പറയണ്ടായെന്ന് വെച്ചാലോ?

പഴുത്ത മാങ്ങയുടെ മണം കിട്ടിയ കിളികളെപ്പോലെ അടങ്ങിയിരിക്കാത്ത മനസ്സ്‌.

എന്തെങ്കിലും പറയാമെന്ന് വെച്ചാലോ?

ഉത്തരക്കടലാസ്സിലെ മാര്‍ക്ക്‌ കണ്ട അക്ഷരവൈരിയെപ്പോലെ ഒരു ചമ്മല്‍.

പറയുന്നത്‌ മനസ്സിലായില്ലെങ്കിലോ എന്നോര്‍ത്തപ്പോഴോ?

പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ കിട്ടി നാടിനു വെളിയിലെത്തിയ ഭാഷയറിയാത്തവനെപ്പോലെ ഒരു നാണം.

പറയുന്നത്‌ മനസ്സിലായി, ഇനി ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലോ എന്നോര്‍ത്തപ്പോളോ?

വണ്‍‌വേ ആയിപ്പോയ ഫോണ്‍ സംഭാഷണം പോലെ ഒരു വൈക്ലബ്യം.

ഇനി എന്തെങ്കിലും തിരിച്ചു പറഞ്ഞാലോന്നോര്‍ത്തപ്പോഴോ?

ഇന്ത്യന്‍ ടീമില്‍ സെലക്‍ഷന്‍ കിട്ടിയ നവാഗതനായ ക്രിക്കറ്റ്‌ കളിക്കാരനെപ്പോലെ ഒരു രോമാഞ്ചം.

വിചാരിച്ച മറുപടി കിട്ടിയില്ലെങ്കിലോന്നോര്‍ത്തപ്പോഴോ?

വോട്ടേര്‍സ്‌ ഐ ഡി കാര്‍ഡിലെ തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള സ്വന്തം ഫോട്ടോ കണ്ട വോട്ടറെപ്പോലെ ഒരു ഞെട്ടല്‍.

വിചാരിച്ച മറുപടിയാണ് കിട്ടുന്നതെങ്കിലെന്നോര്‍ത്തപ്പോഴോ?

അത്താഴപ്പട്ടിണിക്കാരന് അരിച്ചാക്ക്‌ വീണുകിട്ടുന്ന പോലെയൊരു ആഹ്ലാദം.

ഇതൊക്കെത്തന്നെയല്ലേ പ്രണയംന്ന് ആരെങ്കിലും ചോദിച്ചാലോ?

തോളുവെട്ടിച്ച്‌ ചമ്മിച്ചിരിച്ച്‌ കണ്ണിറുക്കുന്ന ലാലേട്ടനെപ്പോലെയൊരു ഭാവം.

Monday, April 10, 2006

ഇത് മാത്രമാണ് പ്രണയം

ആകാശം ഭൂമിയെ പ്രണയിച്ച മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്‌.

അവളുടെ മേനിയിലും മനസ്സിലും മഴ പെയ്യുകയായിരുന്നു.

അവള്‍ അറിഞ്ഞില്ല. ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല.

അവനായിരുന്നു അവള്‍ക്കെല്ലാം.

മറ്റുള്ളവര്‍ പൂക്കളും പൂക്കൂടകളും അവനുനേരെ മത്സരിച്ച്‌ നീട്ടിയപ്പോള്‍ അവനുവേണ്ടി മനസ്സിലൊരു പൂന്തോട്ടമൊരുക്കി പൂവുകളെ നോക്കി പുഞ്ചിരിച്ചു അവള്‍.

പൂന്തോട്ടമുള്ളൊരാ മനസ്സ്‌, പക്ഷെ ആരും കണ്ടില്ല.

പൂക്കൂട നീട്ടി അവന്റെ ഹൃദയം നേടി മറ്റൊരാള്‍ പോയപ്പോള്‍ അവളുടെ നൊന്ത മനസ്സും ആരും കണ്ടില്ല.

പൂന്തോട്ടം നിശ്ചലമായതുപോലെ അവള്‍ക്ക്‌ തോന്നി. അവള്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.

ആകാശം ഭൂമിയെ പ്രണയിച്ച മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്‌.

അവള്‍ അവനെ ഓര്‍ത്തുകൊണ്ടിരുന്നു. മനസ്സു വാടാതിരിക്കാന്‍.

മനസ്സിലെ പൂന്തോട്ടം നശിക്കാതിരിക്കാന്‍.

പൂക്കള്‍ കരിഞ്ഞു പോകാതിരിക്കാന്‍. ‍

പാതി വിടരുമ്പോള്‍ കൊഴിയുന്ന പൂവാണ് പ്രണയം എന്നെഴുതിയ കവിവാക്യം അര്‍ത്ഥശൂന്യമെന്ന് തെളിയിക്കാന്‍.

അവളുടെ മേനിയിലും മനസ്സിലും മഴ പെയ്യുകയായിരുന്നു. അവള്‍ അറിഞ്ഞില്ല.

അവള്‍ അവനോടൊപ്പമായിരുന്നു.

മനസ്സിലെ പൂന്തോട്ടത്തില്‍.

Thursday, April 06, 2006

സംഭവം

സംഭവിക്കാന്‍ സാദ്ധ്യത ഇല്ലാത്തത്‌ എന്ന് നമ്മള്‍ വിചാരിക്കുന്നത് സംഭവിക്കുമ്പോഴാണല്ലോ നമ്മള്‍ അതിനെ ഒരു സംഭവം തന്നെ എന്നു പറയുന്നത്‌. അങ്ങനെയാണ് അതും സംഭവം ആയി മാറിയത്‌.

ചേട്ടന്റെ ഓഫീസില്‍ ഒരു ദേശീയ മീറ്റിംഗ്‌ സംഘടിപ്പിച്ചു. എല്ലാ ഓഫീസിന്റേയും തലപ്പത്തിരിക്കുന്ന ആളുകളൊക്കെ പങ്കെടുക്കുന്ന ഒന്ന്. എനിക്കാണെങ്കില്‍ അതും തൃശ്ശൂര്‍ പൂരവും ഒരു കണക്കാ. തൃശ്ശൂര്‍ പൂരം ആണെങ്കിലും ഓഫീസിലെ മീറ്റിംഗ്‌ ആണെങ്കിലും അതു കേട്ടറിഞ്ഞ്‌ ഉത്സാഹിക്കാം എന്നല്ലാതെ വേറൊന്നും ആശിക്കാന്‍ വകയില്ല. അതുകൊണ്ട്‌ ഞാനിങ്ങനെ ആലോചിച്ചാലും ഒന്നുമില്ല, ആലോചിച്ചില്ലേലും ഒന്നുമില്ല, പിന്നെ ആലോചിക്കണോ എന്ന് എന്ത്‌ ആലോചിക്കാന്‍ എന്ന മട്ടില്‍ അതിനെ നിസ്സാരമാക്കി വിട്ടു.

ചേട്ടനാണെങ്കില്‍ ഇലക്ഷന്‍ കാലത്ത്‌ പോസ്റ്ററെഴുതുന്നവര്‍ ഇലക്ഷന്‍ കാലത്ത്‌ കാണിക്കുന്ന തരം വെപ്രാളവും കൊണ്ട്‌ നടക്കുന്നു. ഇലക്ഷന്‍ കാലത്ത്‌ പോസ്റ്ററെഴുതി തീര്‍ത്താല്‍ അല്ലേ കാര്യമുള്ളൂ. അതുപോലെ മീറ്റിംഗ്‌ കാലത്ത്‌ പരിഭ്രമിക്കാതെ പിന്നെ എപ്പോ പരിഭ്രമിക്കും എന്നൊരു ഭാവം ചേട്ടന്റെ മുഖത്ത്‌. ഞാന്‍ ഇതൊന്നും കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ പൊട്ടക്കുളത്തിലെ പായല്‍ പോലെ ഒരനക്കവും ഇല്ലാതെ സുന്ദരമായി ഇരുന്നു.

അങ്ങനെ ആ ദിവസം പിറന്നു. പ്രതിനിധികളും അല്ലാത്ത നിധികളും കൂട്ടത്തോടെ ലാന്‍ഡ്‌ ചെയ്യുന്ന ദിവസം. ചേട്ടന്‍ അതിരാവിലെ എണീക്കുന്നു, ടിക്കറ്റ്‌ കിട്ടാതെ അവസാനനിമിഷം ടിക്കറ്റ്‌ സംഘടിപ്പിക്കാന്‍ ഡല്‍ഹിക്കു പോകുന്ന ബഡാ പാര്‍ട്ടിയുടെ ഛോട്ടാ നേതാവിനെപ്പോലെ ഒരുങ്ങിക്കെട്ടിപ്പുറപ്പെട്ടു പോകുന്നു. സാധാരണദിവസം ഇന്ത്യന്‍ റെയില്‍വേയെപ്പോലെ കൃത്യനിഷ്ഠമായിട്ടാണ് പോക്ക്‌. 179 മിനുട്ട്‌ ലേറ്റ്‌. ഇതാണെങ്കില്‍ പാസ്പ്പോര്‍ട്ട്‌ കിട്ടിയവന്‍ വിസയ്ക്ക്‌ ഓടുന്നപോലെ ഒരു ഓട്ടമല്ലേ. വറ്റിയ നദിയ്കരികില്‍ ഇരിക്കുന്ന മീനൊറ്റിയെപ്പോലെ ഞാന്‍ ഇരുന്നു. ചെയ്യാമെന്നുണ്ടെങ്കിലും ഒന്നും ഇല്ലല്ലോ സഹായം ചെയ്യാന്‍.

അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞ്‌ മമ്മൂട്ടിപ്പടം കണ്ട മോഹന്‍ലാലിന്റെ ആരാധകനെപ്പോലെ ഒരു ഭാവവും മുഖത്തുവരുത്തി ചേട്ടന്‍ ആഗതനായി. ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. വടക്കുന്നാഥനെത്ര കണ്ടതാ വെടിക്കെട്ടെന്നൊരു ഭാവവും മുഖത്തുവെച്ച്‌ ഞാന്‍ ചായയും പലഹാരവും കൊടുത്തു. അതു കഴിഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു എല്ലാവരും എത്തിയോ എന്ന്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാറിനെ തലശ്ശേരിയിലെ വോട്ടര്‍മാര്‍ നോക്കുന്ന പോലെയുള്ള ഒരു അപരിചിതഭാവത്തില്‍ ചേട്ടന്‍ എന്നെ നോക്കി. ഭാര്യമാരു നന്നാവൂലാ എന്ന മട്ടില്‍ നടന്ന സംഭവം പറഞ്ഞു.

അതായത്‌ ചേട്ടനും മറ്റുള്ളവരും പ്രതിനിധികളേയും കാത്ത്‌ ബസ്‌ സ്റ്റോപ്പില്‍ കത്തിയും വെച്ച്‌ കട്ടനുമടിച്ച്‌ നില്‍ക്കുന്നു. ഓരോ നിധികളും വരുന്നതിനനുസരിച്ച്‌ വാഹനത്തില്‍ എടുത്തിട്ട്‌ അവര്‍ക്ക്‌ അറേഞ്ച്‌ ചെയ്ത സ്ഥലത്ത്‌ എത്തിക്കുന്നു. അങ്ങനെ അവര്‍ ഒസാമയെപ്പറ്റിയും ബുഷിനെപ്പറ്റിയും ഇലക്ഷനെപ്പറ്റിയും എന്നു വേണ്ട, സ്വന്തം ഭാര്യയെ ഒഴിച്ചുള്ള എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്നു. ജ്ഞാനപ്പാന പുനരെഴുത്തില്‍ പറഞ്ഞിട്ടുണ്ട്‌-- ഞാന്‍ തന്നെ -- അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തില്‍പ്പോലും കാണുന്നൂ ചിലര്‍ എന്ന്. അതായത്‌ സ്വപ്നത്തില്‍ ഭാര്യയെക്കണ്ട്‌ പേടിക്കുന്നു എന്ന്. അതുകൊണ്ട് ഭാര്യമാരെപ്പറ്റി പറയാന്‍ അവര്‍ക്കൊരു ധൈര്യം പോര. അങ്ങനെ അവര്‍ വാചകമടിയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഒരു പുലി വരുന്നത്‌. പുലി എന്നു വെച്ചാല്‍ ഒരു ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ആള്‍. അയാള്‍ വന്ന വാഹനത്തില്‍ നിന്നിറങ്ങി, വൈദ്യരെത്ര കണ്ടതാ അങ്ങാടിമരുന്ന് എന്ന ഭാവത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. അയാളുടെ ഓട്ടോ പുറപ്പെട്ട്‌ പോകുമ്പോഴാണ് അവരെ കാത്തുനില്‍ക്കാന്‍ ഏല്‍പ്പിച്ചവര്‍ കാണുന്നത്‌. വാചകമടിക്കിടയില്‍ ഐശ്വര്യാ റായ്‌ വന്നാല്‍ ഇവര്‍ കാണില്ല. പിന്നെയല്ലേ അയാള്‍. എല്ലാവരും കണ്ടു. ഹേയ്‌ അതാവില്ല എന്ന് പറഞ്ഞ്‌ മുഖത്തോടു മുഖം നോക്കിയതും വിട്ടോടാ മോനേ എന്നും പറഞ്ഞ്‌ വാഹനത്തില്‍ കയറി. ഓട്ടോയുടെ പിന്നാലെ വിട്ടു. ഒരു തരം ടോം ആന്‍ഡ്‌ ജെറി പരിപാടി. ഓട്ടോക്കാരന്‍ ഒരു വാഹനം വിടാതെ പിന്നാലെ വരുന്നതു കണ്ടെങ്കിലും ഒട്ടും വിട്ടുകൊടുത്തില്ല. ഇന്നത്തെ കൈനീട്ടമാണ്. അതിനെ വെറുതേ ഓട്ടോയില്‍ വെച്ച് ബോറടിപ്പിക്കേണ്ട എന്ന മട്ടില്‍ അവനും സ്പീഡില്‍ വിട്ടു. മന്ത്രിവാഹനത്തിനു പിന്നില്‍ പോകുന്ന അകമ്പടിക്കാരെപ്പോലെ ഇവരും പിന്നില്‍ ഫുള്‍സ്പീഡില്‍. പ്രതിനിധി ഗസ്റ്റ്‌ ഹൌസില്‍ എത്തുന്നതിനു മുമ്പെങ്കിലും അയാളെ ഈ വാഹനത്തില്‍ കയറ്റണം എന്ന മട്ടിലാണ് ഇവര്‍. അങ്ങനെ ഓട്ടോക്കാരന്‍ തന്നെ വിജയശ്രീവിമലശ്രീവെറുംശ്രീലാളിതന്‍ ആയിട്ട്‌ ആദ്യം എത്തി കൈനീട്ടം മേടിച്ച്‌ പുറകേ വന്ന് നിന്ന വണ്ടിക്കാരോട്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല മക്കളേ ഓട്ടോ ഓടിക്കാന്‍ എന്നുള്ള മട്ടില്‍ രജനീസ്റ്റൈലില്‍ ഓട്ടോയും ഓടിച്ച്‌ സ്ഥലം വിട്ടു. പ്രതിനിധി പെട്ടിയും കെട്ടും ഒക്കെ എടുത്ത്‌ വിഗഹവീക്ഷണം നടത്തുമ്പോളുണ്ട്‌ നില്‍ക്കുന്നൂ, ഓഫീസ്‌ വാഹനത്തിനു മുന്നില്‍ ചമ്മിയ മുഖവുമായി കുറേ ആള്‍ക്കാര്‍. ഇതു പുതിയ തരം സ്വീകരണം ആയിരിക്കും എന്നോര്‍ത്ത്‌ ഗസ്റ്റ്‌ ഹൌസിലേക്ക്‌ കയറി. ചേട്ടനും മറ്റുള്ളവരും ബാക്കിയുള്ളവരെങ്കിലും ഓട്ടോക്കാശ്‌ ലാഭിച്ചോട്ടെ എന്ന മട്ടില്‍ വീണ്ടും ബസ്‌ സ്റ്റോപ്പില്‍ കാത്തുനില്‍പ്പ്‌.

മനുഷ്യന്‍ കൃത്യനിഷ്ഠമായിട്ട്‌ കാര്യം ചെയ്താലും വരാനുള്ളതൊക്കെ വാരിയെല്ലില്‍ കയറും എന്നോര്‍ത്ത്‌ ഞാന്‍ ഈ സംഭവ പുരാണം രസിച്ചു കേട്ടു.

Monday, April 03, 2006

വിധി

തീവണ്ടി യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. മുന്നില്‍ ഒരാള്‍ വന്നിരുന്നത്‌ അയാള്‍ അറിഞ്ഞു. കണ്ണടച്ചിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുനേരമായി. യാത്രക്കാരുടെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അയാള്‍ പണ്ടേ പഠിച്ചിട്ടുണ്ട്‌. ചൂടുപിടിച്ച ചര്‍ച്ചയും കഴിഞ്ഞ്‌ ഓരോരുത്തരും ഓരോയിടത്ത്‌ ഇറങ്ങിപ്പോകും. പിന്നെ വാക്കുകള്‍ മുഴങ്ങുന്ന തല മാത്രമേ കാണൂ. സ്റ്റേഷനോടടുത്തതും അയാള്‍ കണ്ണു തുറന്നു. വെറുതേ. ആരൊക്കെയാണ് പുതിയ യാത്രക്കാര്‍ എന്നറിയാമല്ലോ.

“എങ്ങോട്ട്‌ പോകുന്നൂ...., സുഹൃത്തേ...” മുന്നില്‍ ഉള്ള ആള്‍ താന്‍ കണ്ണു തുറക്കാന്‍ കാത്തു നിന്നതാണെന്ന് തോന്നി. എന്തായാലും പരിചയം ഭാവിക്കാന്‍ പോലും നേരമില്ലാത്ത ഈ കാലത്ത്‌ ഒരു അപരിചിതന്‍ സുഹൃത്തേ എന്ന് വിളിച്ചത്‌ അയാളെ രസിപ്പിച്ചു.

“ഞാന്‍ ..... ലേക്ക്‌ പോകുന്നു. നിങ്ങളോ?” അയാളും പറഞ്ഞു. താന്‍ പോകുന്നതിനടുത്തേക്ക്‌ തന്നെ. അയാള്‍ വിടാതെ മിണ്ടാന്‍ തുടങ്ങി. ഇനിയൊരു കള്ളയുറക്കത്തിനു സ്കോപ്പില്ല. ജോലി കുടുംബം, നാട്‌, കാലാവസ്ഥ .അയാള്‍ക്കറിയേണ്ടാത്തതായിട്ട്‌ ഒന്നുമില്ലാത്തപോലെ. ഇറങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ഇത്തരം വിവരങ്ങള്‍ക്ക്‌ എന്ത്‌ പ്രസക്തി? എന്നാലും അയാള്‍ ഒരോന്നിനും മറുപടി കൊടുത്തുകൊണ്ടിരുന്നു. അങ്ങോട്ടും ചോദിക്കാന്‍ താല്‍പര്യം ഒന്നുമില്ലെങ്കിലും ചോദിക്കേണ്ടി വന്നു.

“നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ?”

അയാളുടെ ചോദ്യം തന്നെ ഒന്ന് അമ്പരപ്പിച്ചുവോ. എന്നാലും ഉത്തരം തന്റെ പക്കല്‍ റെഡി ആയിട്ടുണ്ടല്ലോ.

"ഇല്ല. വിധി എന്നൊന്ന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല".

"വിധിയില്‍ വിശ്വസിക്കാന്‍ ഉള്ള അനുഭവവും സന്ദര്‍ഭവും ഉണ്ടായില്ല എന്നു പറയുന്നതല്ലേ നല്ലത്‌ ?”

ഒഴിഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ അയാളുടെ ശബ്ദം കുറച്ച്‌ പൊങ്ങിയോ.

“അല്ല. എനിക്ക്‌ ഞാന്‍ ആണ് എന്തും വിധിക്കുന്നത്‌. തീരുമാനിക്കുന്നത്‌. ഓരോ കാര്യവും നിശ്ചയിക്കുന്നു. നടപ്പാക്കുന്നു. അതില്‍ വേറൊരു ഇടപെടലും ഉണ്ടായിട്ടില്ല. നല്ലതായാലും ചീത്ത ആയാലും വരുന്ന കാര്യങ്ങളെ ആരും അയക്കുന്നതല്ല, തനിയെ, മാറ്റം വരാതെ ഓരോന്നും വന്നുചേരുന്നതാണെന്നാണ് എന്റെ വിശ്വാസം.

“അതു തന്നെയല്ലേ വിധി എന്ന് പറയുന്നത് ?”

“അല്ല. നമ്മള്‍ തെരഞ്ഞെടുക്കുന്നത്‌ നമുക്ക്‌ കിട്ടുന്നു. പഠനം, ജോലി ,കല്യാണം, കുട്ടികള്‍, വീട്‌ , ഇതൊക്കെയുള്ള ജീവിതം നമ്മള്‍ തന്നെ തെരഞ്ഞെടുക്കുന്നതല്ലേ. ഇതില്‍ വിധിയ്ക്കെന്ത്‌ സ്ഥാനം”. താന്‍ അല്‍പം ചൂടായോ? ഹേയ്‌.. അയാള്‍ ചോദിച്ചു പറയിപ്പിക്കുകയല്ലേ.

“നിങ്ങള്‍ പറഞ്ഞ ഓരോന്നും വിധി നിങ്ങള്‍ക്കായിട്ട്‌ നിശ്ചയിച്ചതാണെങ്കിലോ?

“അതിനൊരു സാദ്ധ്യതയുമില്ല. ഈ യാത്ര പോലും ഞാന്‍ തീരുമാനിച്ചതാണ്. കമ്പനിയില്‍നിന്ന് ഒഴിവ്‌ കിട്ടുക, വളരെക്കാലമായി കാണാതെ ഇരിക്കുന്ന സ്നേഹിതന്‍ കാണാന്‍ പെട്ടെന്ന് വിളിക്കുക, ഇങ്ങനെയൊക്കെ അപ്രതീക്ഷിതമായി വന്നിരുന്നെങ്കില്‍ വിധി എന്നു പറയാമായിരുന്നു. ഇത്‌ ഞാന്‍ സ്വയം ലീവ്‌ എടുത്ത്‌, സ്നേഹിതനെ ഒന്നറിയിക്കുക പോലും ചെയ്യാതെ പുറപ്പെട്ടതാണ്. ഒക്കെ സ്വയം തീരുമാനം. ഇതില്‍ വിധി എവിടെ?”

അയാള്‍ ഒന്നും മിണ്ടിയില്ല. വാദം താന്‍ തന്നെ ജയിച്ചെടുത്തു. ഇതിനെ വേണമെങ്കില്‍ അയാള്‍ വിധി എന്നു വിളിച്ചോട്ടെ. വെറുതെ അപരിചിതന്‍മാരോട്‌ തര്‍ക്കിച്ച്‌ തോല്‍ക്കുന്നതായിരിക്കും വിധി എന്നയാള്‍ ചിന്തിച്ചോട്ടെ. എന്തായാലും സമയം പോയിക്കിട്ടി. അധികം വാദങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ അലോസരം ഉണ്ടായും ഇല്ല. ട്രെയിന്‍ സ്പീഡ്‌ കൂടിക്കൊണ്ടിരുന്നു. അയാള്‍ വീണ്ടും കണ്ണടച്ചു.

അടുത്ത സ്റ്റേഷന്‍ എത്താറായതും അയാള്‍ എണീറ്റ്‌ വാതിക്കല്‍ പോയി നിന്നു. ഭക്ഷണം വാങ്ങിക്കാന്‍ പറ്റിയ സ്റ്റേഷന്‍ ആണ്. വേഗം ഇറങ്ങിയാല്‍ തിരക്കില്ലാതെ വാങ്ങിച്ച്‌ വരാം. കുറച്ച്‌ സമയം വണ്ടി നിര്‍ത്തിയിടുന്ന സ്റ്റേഷന്‍ ആണെന്ന് സ്നേഹിതന്‍ പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. വണ്ടിയുടെ വേഗം വളരെക്കുറഞ്ഞുകൊണ്ടിരുന്നു. നിര്‍ത്താറായി. വണ്ടി ഒന്നിളകിയതും താന്‍ തെറിച്ചുപോകുന്നതും അയാള്‍ അറിഞ്ഞു.

കണ്ണ് തുറക്കുന്നത്‌ മരുന്നിന്റെ മണത്തിലേക്കായിരുന്നു.
“കണ്ണു തുറക്കുന്നു. വേഗം ഡോക്ടറെ വിളിക്കൂ". ഭാര്യയുടെ സ്വരമാണ്.

അയാള്‍ എന്തൊക്കെയാണ് നടന്നതെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. തലയ്ക്കൊരു ഭാരം. ഓര്‍മ്മിക്കാന്‍ തോന്നുന്നില്ല. അയാള്‍ കണ്ണടച്ച്‌ എന്തെങ്കിലും ശബ്ദത്തിനു കാതോര്‍ത്തു.

" ഇനി കുഴപ്പമില്ല. മരുന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. തെറ്റാതെ കൊടുക്കൂ."

“കൊടുക്കാം. വേറെ എന്തെങ്കിലും വേണമെങ്കില്‍..”

അളിയന്റെ സ്വരമാണല്ലോ. അവന്‍ എപ്പോഴെത്തി.കണ്ണു തുറന്നപ്പോള്‍ ഡോക്ടറും അളിയനും പുറത്തേക്ക്‌ പോയിക്കഴിഞ്ഞിരുന്നു.

ഭാര്യ അടുത്തിരുന്ന് പറഞ്ഞു "എന്തെങ്കിലും കുടിക്കണമെന്നുണ്ടെങ്കില്‍ ആവാം. ഡോക്ടര്‍ പറഞ്ഞു”.

ഒന്നും വേണ്ട എന്നര്‍ഥത്തില്‍ കണ്ണടച്ചു കാട്ടി. ആലോചിച്ചപ്പോള്‍ ഏകദേശം എല്ലാം ഓര്‍മ്മയില്‍ വന്നു തുടങ്ങി. യാത്ര, അപരിചിതന്‍. വാദം, വീഴ്ച. വിധി! ഞെട്ടലോടെ അയാള്‍ ഓര്‍ത്തു. ഇതു വിധി തന്നെ. പുറപ്പെട്ടത്‌ ഒരിടത്തേക്കും എത്തിയത്‌ ഇവിടേയും. വിധി കരുണ കാണിച്ചില്ലെങ്കില്‍ ഇതൊക്കെ ഓര്‍ക്കാന്‍ പോലും താനുണ്ടാവില്ലായിരുന്നെന്ന് ഒരു ഞെട്ടലോടെ അയാള്‍ ഓര്‍ത്തു. താനും വിധിയ്ക്ക്‌ അടിമ ആവുകയാണോ? ആയി എന്നു പറയുന്നതല്ലേ ശരി?

ഭാര്യയെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു " ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് വിചാരിക്കൂ. നിങ്ങള്‍ പോകാനിരുന്ന ഇടം വെള്ളപ്പൊക്കത്തില്‍ നശിച്ചു കഴിഞ്ഞു. നിങ്ങളുടെ സ്നേഹിതന്റേയും കുടുംബത്തിന്റേയും സ്ഥിതി എന്താണെന്ന് പോലും അറിയില്ല. ഇതാ പേപ്പറില്‍ ഉണ്ട്‌”. അവള്‍ പേപ്പര്‍ ഉയര്‍ത്തിക്കാട്ടി.

അയാള്‍ക്ക്‌ നോക്കാന്‍ തോന്നിയില്ല.

“നിങ്ങളുടെ ലഗ്ഗേജ്‌ തിരിച്ചു കിട്ടാന്‍ ഏര്‍പ്പാട്‌ ചെയ്തിട്ടുണ്ട്‌. ഈ ട്രെയിന്‍ എവിടേയാണ് നിര്‍ത്തിയിരിക്കുന്നത്‌ എന്നറിയില്ല. ഓഫീസില്‍ നിന്ന് അന്വേഷിക്കുന്നുണ്ട്‌. എന്നാലും സാരമില്ല. നിങ്ങള്‍ക്ക്‌ ഇത്രയല്ലേ പറ്റിയുള്ളൂ. അവിടെ എത്തിയിരുന്നെങ്കില്‍ എന്തായേനേ? വിധിയെപ്പഴിക്കാന്‍ പോലും ബാക്കിയുണ്ടാവില്ലായിരുന്നു”.

വിധി! ഇവളും അതേപ്പറ്റിയാണ് പറയുന്നത്‌.

“അതേ ചേച്ചി വിധി തന്നെയാണിത്‌ ”. ഒരു നിമിഷം! വണ്ടിയില്‍ കൂടെയുണ്ടായിരുന്ന അപരിചതന്‍ അല്ലേ അതെന്ന് തോന്നി. അല്ല അളിയന്‍.

“ഇപ്പോ, ഇങ്ങനെയൊരു യാത്രയുടെ ആവശ്യം എന്തായിരുന്നു. ഓരോ തോന്നലുകള്‍”.

അവരുടെ വാദങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ കിടക്കവേ വിധി എന്നൊന്നിന് ജീവിതത്തില്‍ സ്ഥാനം കൊടുത്തുവെന്ന് അയാള്‍ക്ക് മനസ്സിലായി. അപരിചിതന്‍ ജയിച്ചതായി അയാള്‍ക്ക്‌ തോന്നി. അത്‌ വിധി ആയിരുന്നിരിക്കണം.