Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 27, 2009

മേം ഔർ മിസ്സിസ് ഖന്ന

മേം(മേ)ഔർ മിസ്സിസ് ഖന്ന (ഞാനും മിസ്സിസ്സ് ഖന്നയും) ഒരു സാധാരണ സിനിമയാണ്.

നായകനും നായികയും കണ്ടുമുട്ടുന്നു. പ്രണയമാവുന്നു, പാട്ടുപാടുന്നു. കല്യാണം കഴിക്കുന്നു. വിദേശത്തേക്ക് പോകുന്നു. നായകന് ജോലിയിൽ പ്രശ്നമാവുന്നു. നായിക ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, നായകന് ജോലി തേടി മതിയാവുന്നു. കൂട്ടുകാരന്റെ നിർദ്ദേശപ്രകാരം കൂട്ടുകാരന്റെ കൂടെ വേറെ സ്ഥലത്തേക്കുപോകുന്നു. പക്ഷേ നായികയെ നാട്ടിലേക്ക് അയക്കാൻ തീരുമാനിക്കുന്നു. നായിക പോകുന്നില്ല. നായകൻ പോയിക്കഴിഞ്ഞപ്പോൾ, നായിക, പണ്ടത്തെ സ്ഥലത്തുതന്നെ നിൽക്കാൻ തീരുമാനിക്കുന്നു. കൂട്ടുകാരിയുടെ സഹായത്തോടെ വേറെ ജോലിയിൽ ചേരുന്നു. പിരിഞ്ഞുജീവിക്കുന്നതിന്റെ കുറച്ചുവിഷമങ്ങൾ ഉണ്ട്. അവിടെ ഒരാൾ നായികയെ പ്രണയിക്കുന്നു. വൺ വേ പ്രണയം. നായകൻ നല്ല നിലയിൽ തിരിച്ചുവരുന്നു. നായികയെ കൂട്ടി പോകുന്നു. ശുഭം.

അഭിനയിക്കുന്നവർ:-
സൽമാൻ ഖാൻ
സൊഹൈൽ ഖാൻ
കരീന കപൂർ
ബപ്പി ലാഹിരി
നൗഹീദ് സൈറൂസി

സം‌വിധാനം - പ്രേം സോണി


തീരെ മോശമല്ലാത്ത പാട്ടുകളുണ്ട്. ബടേ അച്ഛേ ലഗ്തേ ഹേ...എന്ന പഴയ പാട്ട് രണ്ടുവരി, രണ്ടുപ്രാവശ്യം മൂളുന്നുണ്ട്. എനിക്കാ പാട്ട് വല്യ ഇഷ്ടമാണ്. ബാലികാ വധുവിൽ ആണ് ആ പാട്ട്. മലയാളം സിനിമക്കാർ കാണിക്കുന്നതുപോലെ പഴയ പാട്ട് മുഴുവനായിട്ട് കാണിച്ചാലും കുഴപ്പമൊന്നുമില്ല.

കുറച്ച് തമാശകളും കുറച്ച് പ്രശ്നങ്ങളുമായി സിനിമ അങ്ങനെ പോകുന്നു.

ഇതിലെ സന്ദേശം എന്നുപറയുന്നത്, എല്ലാ സാഹചര്യങ്ങളിലും ഭാര്യാഭർത്താക്കന്മാർ ഒപ്പം തുണയ്ക്കണം. പരസ്പരം ഒരു താങ്ങാണെന്ന് തോന്നിക്കണം. സുഖത്തിൽ ഒരുമിച്ച്, ദുഃഖം വരുമ്പോൾ, അകന്നുമാറിക്കളയരുത്, സ്നേഹം ഉണ്ടാവണം. ഏതു സാഹചര്യവും നേരിടാൻ ധൈര്യം ഉണ്ടാവണം. മറ്റുള്ളവരെ സഹായിക്കാൻ മടിക്കരുത്. നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഏത് പ്രതികൂലസാഹചര്യത്തേയും നേരിടാൻ കഴിയും.


പിന്നെ ഇതിൽ നല്ലൊരു കാര്യം പറയുന്നുണ്ട്.
നിന്നുപോയ ഘടികാരം പോലും ദിവസത്തിൽ രണ്ടു തവണ സമയം കൃത്യമായിട്ട് കാണിക്കും എന്ന്.
അതൊരു ശുഭാപ്തിവിശ്വാസമല്ലേ?

Labels:

Saturday, October 24, 2009

എട്ടുകാലി

കഥ
-----------

ഇലയ്ക്ക് അടുത്തായി, എട്ടുകാലി, വല നെയ്തുകൊണ്ടിരുന്നു. ഒപ്പം സ്വപ്നവും. വല വിരിച്ച്, ഒളിച്ചിരിക്കാം. പ്രാണി വരും. ഇല തിന്നാൻ. അപ്പോ വലയിൽ കുടുങ്ങും. പിന്നെ ലഞ്ച് ഉഷാർ. അങ്ങനെ വല നെയ്ത് ഒന്നു മയങ്ങിപ്പോയി. ഞെട്ടിയുണർന്ന് നോക്കുമ്പോഴുണ്ട്, പ്രാണി ഇലയും തിന്ന് അപ്പുറത്തെ മരത്തിന്റെ കൊമ്പിലിരുന്ന് വെറ്റില മുറുക്കുന്നു. എട്ടുകാലി അയ്യടാന്ന് ആയി. പ്രാണി ചിരിച്ചു. എന്നിട്ട് മരത്തിന്റെ കൊമ്പിലേക്ക് ചാരിവെച്ചിരുന്ന ഒരു കുഴൽ പുറത്തെടുത്ത് എട്ടുകാലിയുടെ നേരെ നീട്ടി.
“ഇതുകണ്ടോ?”
“എന്താ അത്?” എട്ടുകാലി ചോദിച്ചു.
“ യന്ത്രം ആണ്. എട്ടുകാലി വല നീക്കാനുള്ളത്. നിങ്ങളൊക്കെ നെയ്യുന്ന വലയ്ക്കു നേരെ പിടിച്ച് ഓൺ ചെയ്താൽ വലയൊക്കെ മുറിഞ്ഞു മുറിഞ്ഞുപോകും. പിന്നെ ഞങ്ങൾക്കൊക്കെ പേടിക്കാതെ തിന്നേണ്ടത് തിന്ന് സ്ഥലം വിടാം.”
“എവിടുന്നു കിട്ടി?”
“ചൈനയിൽ പോയ കൂട്ടുകാരൻ കൊണ്ടുവന്നതാണ്. സമാധാനമായി.” പ്രാണി യന്ത്രവുമെടുത്ത് സ്ഥലം വിട്ടു.
ചൈനയിൽ പോയിട്ട്, വല നെയ്യാതെ തന്നെ പ്രാണികളെ പിടിക്കാനുള്ള യന്ത്രം കിട്ടുമോന്ന് കൂടിയാലോചിക്കാൻ വേണ്ടി, കൂട്ടുകാരേം നോക്കി പാവം എട്ടുകാലി നടന്നു.

------------------------------

കാര്യം
------

എട്ടുകാലികൾ നെയ്ത്തുകാരാണ്. മനോഹരമായി നെയ്തുവെക്കും. എന്തെങ്കിലും നെയ്തുണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കാനല്ല. മറ്റു ജീവികളെ കുടുക്കാനാണ്. എട്ടുകാലി, വല നെയ്തുണ്ടാക്കി, അതായത്, ജോലിയെടുത്ത് തിന്നുക തന്നെയാണ് ചെയ്യുന്നത്. വെറുതേയിരുന്ന് ഇരപിടിക്കുന്നു എന്നു പറയരുതെന്നർത്ഥം. ചില വിഭാഗങ്ങളില്‍പ്പെട്ട എട്ടുകാലികളേ വല നെയ്യുന്നുള്ളൂ. എട്ടുകാലിയുടെ വയറ്റിൽ ഉള്ള ഗ്രന്ഥികളിൽ നിന്നുള്ള ഒരു ദ്രാവകം കൊണ്ടാണ് വലയുണ്ടാക്കുന്നത്. വയറിനടുത്തുള്ള കുഴലുകളിലൂടെ വരുന്ന ദ്രാവകം വായുവിന്റെ സമ്പർക്കം കൊണ്ട് കട്ട പിടിച്ച് നൂലുപോലെ ആയിത്തീരും. ആ നൂലുകൊണ്ട് നെയ്ത് വല വിരിക്കും. ആദ്യം ഒരു നൂൽ എവിടെയെങ്കിലും ഒട്ടാൻ വിടും. അതിൽ നിന്ന് വിവിധ സൈഡുകളിലേക്ക് നൂൽ ഇടും. പിന്നെ വട്ടം കറങ്ങി വലയുടെ ഡിസൈൻ മുഴുവനാക്കും. അതിലിടയ്ക്ക് ഒരു സൂത്രപ്പണി ചെയ്തു വെക്കും. ഇരകൾക്കു വേണ്ടി ഒട്ടുന്ന നൂലുപയോഗിച്ച് നെയ്യും. തനിക്കുവേണ്ടി ഒട്ടാത്ത നൂലിൽ ചില വഴികളും ഉണ്ടാക്കി വയ്ക്കും. രണ്ടു നൂലുകളും ഉണ്ടാകുന്നത് വേറെ വേറെ ഗ്രന്ഥികളിൽ നിന്നാണ്. അങ്ങനെ നൂല് വ്യത്യസ്തമായി ഉപയോഗിക്കുന്നതുകൊണ്ടാണ് എട്ടുകാലി സ്വന്തം വലയിൽ കുടുങ്ങാത്തത്. അങ്ങനെ വലയുണ്ടാക്കി പതുങ്ങി ഒളിച്ച് വിശ്രമിക്കും. പ്രാണികളും മറ്റ് ജീവികളും വീണാൽ അതിന്റെ കുലുക്കം കൊണ്ട് എട്ടുകാലിയ്ക്ക് അറിയാൻ പറ്റും. മെസ്സേജ് കിട്ടുമായിരിക്കും. അപ്പോ ഒട്ടാത്ത നൂലുവഴിയിൽക്കൂടെ വന്ന് ഇരയെപ്പിടിക്കും. ഒരു എട്ടുകാലിയുടെ വലയിൽ മറ്റൊരു എട്ടുകാലി കുടുങ്ങുകയൊക്കെ ചെയ്യും. അല്ലെങ്കില്‍പ്പിന്നെ രഹസ്യവഴികൾ അറിഞ്ഞിരിക്കണം. അതുണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി വല പൊട്ടിപ്പോയാൽ അതു നന്നാക്കാനൊന്നും എട്ടുകാലി പഠിച്ചിട്ടുമില്ല.

(കട:- ശാസ്ത്രകൗതുകം)

Labels: ,

Wednesday, October 14, 2009

നക്ഷത്രങ്ങളെപ്പോലെയാണ്

നിനക്ക് പകലിനേക്കാൾ തിരക്കാണ്,
ഓടിയോടി കൂടണയാനുള്ള തിരക്ക്.
നിനക്ക് രാത്രിയേക്കാൾ തിരക്കാണ്,
ഓടി മറഞ്ഞ് വെളിച്ചത്തെ ജോലിയേല്‍പ്പിക്കാനുള്ള തിരക്ക്.
ഭൂമിയുടെ വ്യാപ്തിയും
ആകാശത്തിന്റെ ഉയരവും
കടലിന്റെ ആഴവും
ലജ്ജിക്കുന്ന തരത്തിലാണ് നിന്റെ സ്നേഹം പ്രതീക്ഷിക്കുന്നത്.
നട്ടുച്ചയിലെ സൂര്യനെപ്പോലെ ജ്വലിച്ചു തളർത്തിയും
അമാവാസിയിലെ ചന്ദ്രനെപ്പോലെ മറഞ്ഞുനിന്നും
നീയെന്നെ അവഗണിക്കുന്നു.
എന്നിട്ടും
നക്ഷത്രങ്ങളെപ്പോലെയാണ്
പ്രണയമെന്ന് ഞാൻ!
ചിലപ്പോൾ തെളിഞ്ഞുകണ്ട്
ചിലപ്പോൾ മറഞ്ഞുനിന്ന്.

Labels:

നാണവും ദേഷ്യവും

പെയ്തിട്ടും പെയ്തിട്ടും
തോരാത്ത മഴ പൊഴിക്കുന്ന,
ആകാശമേതെന്നു ചോദിച്ചപ്പോൾ
കണ്ണിനു നാണം വന്നു.

കറുത്ത് കറുത്ത് നിന്നിട്ട്
മഴ പെയ്തൊഴിഞ്ഞിട്ടും,
മഴവില്ലു തെളിയാത്ത
ആകാശമേതെന്നു ചോദിച്ചപ്പോൾ
മനസ്സിനു നാണം വന്നു.

കാത്തിരുന്നിട്ടും കാതോർത്തിട്ടും
മഴ പൊഴിക്കാത്ത
ആകാശമേതെന്നു ചോദിച്ചപ്പോൾ
മൗനം ജയിച്ചു ചിരിച്ചു.
വാചാലതയ്ക്ക് ദേഷ്യം വന്നു.

Labels:

ഉപദേശം

തന്നെക്കുറിച്ച് പറയാതിരിക്കുക,
ചിരിക്കിടയിൽ തുമ്മൽ വരുമെന്ന്.
ജയിച്ചു ജയിച്ചു നിൽക്കുമ്പോൾ,
ചിരിക്കാതെന്തു ചെയ്യുമെന്ന്.
ബോട്ടിലും തോട്ടിലും റോട്ടിലും
സൂപ്പർമാനല്ലെങ്കിലും പെട്ടെന്നെത്തുമെന്ന്
എന്നാലും മരണമേ...
പലപ്പോഴും തോൽക്കുന്നതാണ് നല്ലത്
വിജയത്തിന്റെ രസം നന്നായറിയാൻ കഴിയും!

Labels:

സത്യമാണ്

മനസ്സടച്ചുവെച്ച്
മര്യാദയ്ക്കിരുന്നപ്പോഴാണ്
തുറന്നുവെച്ച കണ്ണിലൂടെ
പ്രണയം ചാടിപ്പോയത്.

Labels:

ചോദ്യങ്ങൾ

കുറച്ചു വൈകി വന്നാലെന്താന്ന്,
ഇടയ്ക്ക് മറഞ്ഞുപോകാതെ എപ്പഴും പുഞ്ചിരിച്ചാലെന്താന്ന്,
എന്നും മുഴുവനായി നിറഞ്ഞുനിന്നാലെന്താന്ന്,
തോന്നുമ്പോഴൊക്കെ കാണാൻ പറ്റിയാലെന്താന്ന്,
എന്നും ചിരിതൂകി നിന്നാലെന്താന്ന്,
ഓർക്കുമ്പോൾ ഒന്നെത്തി നോക്കിപ്പോയാലെന്താന്ന്,
ഇടയ്ക്കൊന്ന് വന്ന് കുളിർപ്പിച്ചു പോയാലെന്താന്ന്,
എപ്പഴും മുഖം തെളിഞ്ഞുനിന്നാലെന്താന്ന്,

സൂര്യനോട്
നക്ഷത്രങ്ങളോട്
ചന്ദ്രനോട്
മഴവില്ലിനോട്
നിലാവിനോട്
മഴയോട്
കാറ്റിനോട്
ആകാശത്തോട്

ചോദിക്കണമെന്നുണ്ട്.
പക്ഷേ,
ഇതൊക്കെ ചോദിക്കാൻ നീയാരാന്നൊരു
മറുചോദ്യം കേൾക്കാൻ വയ്യ
അത്രതന്നെ.

Labels:

Tuesday, October 06, 2009

അവിടെയുണ്ടോ

വാക്കുകളെ കൂട്ടുപിടിച്ച് മൗനത്തെയൊഴിവാക്കി.
ശബ്ദങ്ങളെ കൂട്ടുപിടിച്ച് നിശ്ശബ്ദതയൊഴിവാക്കി.
പുഞ്ചിരിയെ കൂട്ടുപിടിച്ച് കണ്ണീരിനെയൊഴിവാക്കി.
എന്നിട്ടും ഓർമ്മകളെയൊഴിവാക്കാൻ,
മറവിയെനിക്ക് കൂട്ടുവരുന്നില്ലല്ലോ!
ഹലോ...ഹലോ...
മറവി അവിടെയുണ്ടോ?

Labels:

ഉറങ്ങട്ടെ കുറച്ചുനേരം കൂടെ

ചൂലു വന്ന് ഇക്കിളിയിടുന്നതും കാത്തിരിപ്പുണ്ടാവും
മുറ്റത്തെ ചപ്പുചവറുകൾ.
ചെവിപിടിച്ച് ജ്വലിപ്പിക്കുന്നതും കാത്ത്
സ്റ്റൗവ് ഉറങ്ങിയുണർന്നിരിപ്പുണ്ടാവും.
തിളയ്ക്കുന്ന പാലിന്റെ ചിരി കാണാൻ
അടുക്കളയിരിക്കുന്നുണ്ടാവും.
പച്ചക്കറികളോട് ലോഗ്യം പറയാൻ
കത്തി മിനുങ്ങിയിരിപ്പുണ്ടാവും.
അരിയും പരിപ്പും പച്ചക്കറികളും നിറച്ച്
കൂകിയാഹ്ലാദിക്കാൻ കുക്കർ കൊതിക്കുന്നുണ്ടാവും.
തേങ്ങ ചവച്ചരയ്ക്കാൻ വേണ്ടി
മിക്സിപ്പാത്രം ഇരിക്കുന്നുണ്ടാവും.
എന്നാലും കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ഞാൻ.
നന്നായറിയാം...
എത്രയൊക്കെ ശ്രമിച്ചാലും ഉറക്കത്തിനുള്ളിലല്ലാതെ
ഒരു സ്വപ്നവും മര്യാദയ്ക്ക് വെന്തുകിട്ടില്ലെന്ന്.
പകുതിവേവിച്ചെടുത്ത് രുചിച്ചാൽ
ഹൃദയത്തിന് വെന്തുമരിക്കേണ്ടിവരുമെന്ന്!

Labels:

Thursday, October 01, 2009

കാരണം

പ്രണയം,
കാരണമാണ്.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ മോഷ്ടിച്ചതിന്റെ.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തിൽ ലയിച്ചതിന്റെ.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തിനു പിന്നാലെ പോയതിന്റെ.
പിന്നെ വല്ലപ്പോഴും,
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ ദുഃഖിപ്പിക്കുന്നതിന്റെ.

Labels: