Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 30, 2008

അവനെ വെടിവെച്ചുകൊല്ലണം

ഉദരത്തിലൊരുനാൾ തുടിപ്പറിഞ്ഞപ്പോൾ
അമ്മേ, നിൻ മനം തുടിച്ചിരുന്നോ?
ഓരോ ദിനവും പോകവേ നീയെന്നെ
ഹൃദയത്താലറിയാൻ ശ്രമിച്ചിരുന്നോ?
നാളുകൾ കഴിഞ്ഞു ഞാൻ കരഞ്ഞുജനിച്ചപ്പോൾ
നീയെന്നെ വാരിപ്പുണർന്നിരുന്നോ?
കാൽ‌വളരുന്നതും കൈ വളരുന്നതും
നോക്കി നീ കാലം കഴിച്ചിരുന്നോ?
മാറാദാരിദ്ര്യമെന്നും സഹിച്ചു നീ
വാത്സല്യമാമം തന്നിരുന്നോ?
എന്തിനായിരുന്നമ്മേ...
എന്തിനായിരുന്നമ്മേ, എല്ലാം വിഫലമായ്
പാഴ്ജന്മമായ് ഞാനൊടുങ്ങിയല്ലോ.
പിറന്നുവീണപ്പോൾ കോരിയെടുത്തൊരാ-
ക്കൈകളില്‍പ്പിടഞ്ഞു മരിച്ചുവല്ലോ.
രക്ഷിതാവെന്നൊരു പേരുള്ളവൻ തന്നെ
ശിക്ഷിച്ചു മരണത്തിലാഴ്ത്തിയല്ലോ.
എൻ കുഞ്ഞുമനസ്സിന്റെ വ്യഥകൾ എന്നമ്മേ,
നിനക്കിന്നറിയുവാൻ കഴിഞ്ഞുവെങ്കിൽ.
കൊതിക്കുന്നുവമ്മേ വീണ്ടും പിറക്കാനായ്
നന്നായി ജീവിച്ചു മരിക്കുവാനായ്.
-------------------------
പിറക്കാതിരിക്കട്ടെ ഇനിയൊരു പെൺപൂവും
രാക്ഷസന്മാരുടെ ഉദ്യാനത്തിൽ.
കഷ്ടം!
വെടിവെച്ചു കൊന്നാലും തീരുമോ,
ആ ദുഷ്ടന്റെ പാപവും ക്രൂരതയും!

Labels:

Tuesday, July 29, 2008

രാമനും ഭരതനും

രാമായണം, മിക്കവാറും വീടുകളിലും, അമ്പലങ്ങളിലും വായിക്കുന്നത് കർക്കടകമാസത്തിലാണ്. വീട്ടിൽ എന്നും വായിക്കുകയും ചെയ്യാം. രാമായണം കർക്കടകത്തിൽ വായിക്കുന്നത് എന്തിനാണെന്നുവെച്ചാൽ മഴക്കാലത്ത് വീട്ടിലിരുന്ന് നല്ല പുസ്തകങ്ങൾ വായിച്ചേക്കാം എന്നു വിചാരിച്ചാവണം. രാമായണത്തിൽ ഒരുപാട് കഥകളുണ്ട്. പ്രത്യേകിച്ചും, കുട്ടികൾക്കൊക്കെ രസകരമായി പറഞ്ഞുകൊടുക്കാൻ. ഹനുമാനേയും കുംഭകർണ്ണനേയും ഒക്കെ വിസ്തരിച്ച് പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികൾ കുടുകുടെച്ചിരിക്കും. ഇപ്പോഴും കൂടുതൽ ഉറങ്ങുന്നവരെക്കുറിച്ച് പറയുന്നത് കുംഭകർണ്ണസേവ നടത്തുന്നവർ എന്നാണ്. ആകെ മൊത്തമായിട്ട് രാമായണത്തിൽ നിന്നു നമുക്ക് കിട്ടുന്നത് നന്മയുടെ വിജയം ആണ്. തിന്മയെത്ര സർക്കസ്സു കളിച്ചാലും അവസാനം മൂക്കും കുത്തി വീഴും.
സുന്ദരകാണ്ഡം എന്നും വായിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുതന്നത് കൂട്ടുകാരിയാണ്. അന്നുമുതൽ ഞാൻ ദിവസവും വായിക്കുന്നുണ്ട്. അതുകൊണ്ട് കർക്കടകത്തിൽ എന്റെ വക ഒരു പ്രത്യേകവായന ഇല്ല. സന്ധ്യക്ക് ഹനുമാൻ രാമനെ വന്ദിക്കുന്ന നേരമായതുകൊണ്ട് ആ സമയത്ത് രാമായണം വായിക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ രാവിലെ ടി. വി. ചാനലുകളിലും ഉണ്ട് രാമായണം വായന.

നാലമ്പലം ദർശിക്കാൻ പോകുന്നതും കർക്കടകത്തിൽത്തന്നെ. തൃപ്രയാറമ്പലത്തിൽ ശ്രീരാമനും, മൂഴിക്കുളത്ത് ലക്ഷ്മണനും, പായമ്മൽ എന്ന സ്ഥലത്ത് ശത്രുഘ്നനും, ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യത്തിൽ ഭരതനും ഉണ്ട്. ഇവിടെയൊക്കെ ഒരുദിവസം കൊണ്ട് തൊഴുതുപ്രാർഥിക്കണമെന്നാണ്. അടുത്തുള്ളവരുടെ ഭാഗ്യം എന്ന് ഞാൻ
കരുതാറുണ്ട്. അവിടെയൊക്കെ പോയിട്ട് വിശദമായി എഴുതാം ഒരിക്കൽ.

‘ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തല്പാദുകദ്വന്ദവും
ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു
പാരിൽ വീണാശു നമസ്കരിച്ചീടിനാൻ
‘രാജ്യം ത്വയാ ദത്തമെങ്കൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ് വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം
ഇന്നു മനോരഥമെല്ലാം സഫലമായ്-
വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാർത്തുകാ-
ണൂനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ-
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബമില്ല കാരുണ്യവാരിധേ!’

വനവാസം കഴിഞ്ഞ് തിരിച്ചുവന്നിരിക്കുന്ന രാമന്റെ മുന്നിൽ ഭരതൻ രാജ്യഭാരം തിരിച്ചേല്‍പ്പിക്കുകയാണ്. രാമന്റെ പാദുകം വെച്ചുപൂജിച്ചാണ് ഭരതൻ ഇത്രയും നാൾ രാജ്യകാര്യങ്ങൾ നോക്കിയത്. അതും നന്നായിത്തന്നെ. ഇത്രയും നാൾ രാമന്റെ അനുഗ്രഹം കൊണ്ടാണ് രാജ്യകാര്യങ്ങൾ നന്നായി നടത്താൻ കഴിഞ്ഞതെന്നും ഇനി രാജ്യകാര്യങ്ങൾ, രാമൻ നോക്കുകയെന്നും ഭരതൻ പറയുന്നു.

ഭക്തിയും, സ്നേഹവും, ആണ് ഭരതനിൽ കാണാൻ കഴിയുക. അത്യാർത്തിയില്ലായ്മയാണ് ഏറ്റവും വലിയ ഗുണം. അർഹതയില്ലാത്ത സ്ഥാനം പിടിച്ചടക്കാമെന്നു മോഹിക്കാതെ, ഭരതൻ, രാമനുവേണ്ടി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു സ്ഥാനം കിട്ടുമ്പോഴേക്കും, സ്വയം കൊമ്പത്തുകയറി, ഞെളിഞ്ഞിരുന്നു ഭരിച്ചുകളയാം എന്ന് കരുതുന്ന മൂഢന്മാർക്കൊരു താക്കീതാണ് ഭരതൻ. ഭരതനെ ഞാൻ നമിക്കുന്നു.

(അദ്ധ്യാത്മരാമായണത്തിൽ നിന്ന് ഈ കർക്കടമാസത്തിൽ)

Labels: ,

Saturday, July 26, 2008

നിറപ്പാട്ട്

കുഞ്ഞിപ്പല്ലിനു വെള്ളനിറം,
മുല്ലപ്പൂവിനു വെള്ളനിറം.
ഒറ്റക്കാലിൽ തപസ്സു ചെയ്യും,
കൊറ്റിക്കുമുണ്ടേ വെള്ളനിറം.
ആകാശത്തിനു നീലനിറം,
മഴക്കാറുവന്നാൽ മാറും നിറം.
കാക്കപ്പൂവിനു നീലനിറം,
കാക്കയ്ക്കു പക്ഷേ കറുപ്പുനിറം.
മുക്കുറ്റിപ്പൂവിനും, കൊന്നപ്പൂവിനും,
പൊൻ‌ചെമ്പകപ്പൂവിനും മഞ്ഞനിറം.
ഇലകൾക്കുണ്ടേ പച്ചനിറം,
തത്തമ്മയ്ക്കുമുണ്ടേ പച്ചനിറം.
മൈലാഞ്ചിയ്ക്കു പച്ചനിറം,
കൈയിലണിഞ്ഞാൽ ചോപ്പുനിറം.
ചെമ്പരത്തിയ്ക്കുണ്ടേ ചോപ്പുനിറം,
തെച്ചിപ്പൂവിനും ചുവപ്പുനിറം.
മഴവില്ലിനുണ്ടേ ഏഴുനിറം,
പൂന്തോട്ടത്തിലോ നൂറുനിറം.

തിരക്കിൽ തലപുകഞ്ഞപ്പോ ഞാൻ വിചാരിച്ചു, ഇനി ചിന്തിച്ചു തലപുകയ്ക്കാൻ വയ്യ, അതൊക്കെ തലയുള്ളവർ ചെയ്തോട്ടേന്ന്. അതുകൊണ്ട് കൊച്ചുകൂട്ടുകാർക്ക് കുട്ടിപ്പാട്ട്.

Labels: ,

Thursday, July 24, 2008

അങ്ങനെ ഒരു ദിവസം

ഒരു ദിവസം എന്നു പറയുന്നത് ഒരുപാട് സമയമാണ്. അത് ചെലവാക്കാൻ എങ്ങനെ നമ്മളുദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ഒരു ദിവസം വെറുതേ പോയി എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഞാനും പറയാറുണ്ട്, വിചാരിക്കാറുമുണ്ട്. എങ്ങനെയാണ് വെറുതേ ഒരുദിവസം പോകുന്നത്? എണീറ്റ്, യാതൊരു കാര്യമായ പ്രവൃത്തിയും ചെയ്യാതെ വീണ്ടും ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതാണ് വെറുതെയുള്ള ദിവസം. അങ്ങനെ എന്നെങ്കിലും ജീവിതത്തിൽ ഉണ്ടാവാത്തവരുണ്ടോ? ഓരോ ദിവസവും പുതുമയിലേക്ക് വാതിൽ തുറക്കുന്നവർ എത്രയോ പേരുണ്ടാവും. ഓരോ ദിവസവും വ്യത്യസ്തമായവർ?
കുറേപ്പേരുണ്ടാവും.

ഏതെങ്കിലും ഒരു ദിവസം പ്രത്യേകമായെടുത്ത് എഴുതിയാൽ എന്തെങ്കിലും ഉണ്ടാവും പറയാൻ. അല്ലെങ്കിൽ എല്ലാ ദിവസവും ഒരുപോലെ പോകുന്നവർക്ക്, ഒരു ദിവസത്തെക്കുറിച്ച് കാര്യമായൊന്നും പറയാനുണ്ടാവില്ല. എന്റെ കാര്യം അതാണ്. ദൈവത്തിനെ വന്ദിച്ച് എഴുന്നേറ്റ്, ദൈവത്തിന് നന്ദി പറഞ്ഞ് ഉറങ്ങുന്നതുവരെയുള്ള ഓരോ ദിവസത്തിലും കാര്യമായി മാറ്റം ഉണ്ടാവാറില്ല.

ഓരോ ദിവസവും അങ്ങനെയിങ്ങനെ കളയാതെ ഞാനെന്താവും നല്ല കാര്യം ചെയ്യുന്നത്? എനിക്കുവേണ്ടി അല്ലെങ്കിൽ മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്. മറ്റുള്ളവർ എന്നു പറയുന്നത് വീട്ടിലെ ആൾക്കാരല്ല. അവർക്കുവേണ്ടി ദിവസവും കഞ്ഞിയും ചമ്മന്തിയും, സ്വാദ് മാറ്റിമാറ്റി പരീക്ഷിച്ചിട്ട്, ദിവസം വ്യത്യസ്തമാക്കി, മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യം ചെയ്തു എന്നൊന്നും അഭിമാനിച്ച് ഇരുന്നിട്ട് യാതൊരു കാര്യവുമില്ല. എനിക്കുവേണ്ടി നല്ല കാര്യം ചെയ്യുക എന്നുവേച്ചാൽ, എന്തെങ്കിലും ഒരു പുസ്തകം വായിക്കുക, ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് എവിടെനിന്നെങ്കിലും അറിവ് സമ്പാദിക്കുക, വായിക്കാതെ വിട്ടിരുന്ന പത്രവാർത്തകൾ ഉണ്ടായിരുന്നു എന്നു തോന്നുമ്പോൾ പത്രം അരിച്ചുപെറുക്കി വായിക്കുക, ഇവയൊക്കെയുമാണ് പ്രധാനം. ഇത്രയേ ഉള്ളൂ എന്നില്ല. മറ്റുള്ളവർക്കുവേണ്ടി എന്നു പറഞ്ഞാൽ, അസുഖമായിരിക്കുന്ന ഒരു സുഹൃത്തിനെ വിളിച്ച് അത്യാവശ്യം കാര്യങ്ങൾ ചോദിച്ചറിയുക. അവരെ വിളിച്ച് രണ്ടു മണിക്കൂർ പ്രസംഗിച്ച് അവരുടെ അസുഖം വർദ്ധിപ്പിക്കുക എന്നത് ഉദ്ദേശിക്കുന്നില്ല. എന്തെങ്കിലും സഹായം വേണോന്ന് അന്വേഷിക്കുക. പിന്നെ വല്ല കൂട്ടുകാരും വിളിച്ചാൽ, കടയിലേക്കോ, വില്പന നടക്കുന്നിടത്തോ ഒക്കെ അവരെ പിന്തുടരുക, ഇവയൊക്കെയാണ് മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്നത്. ഇതും ഇത്രയേ ഉള്ളൂ എന്നില്ല. ചുരുക്കിപ്പറഞ്ഞെന്ന് മാത്രം. സത്യം പറഞ്ഞാൽ, ചെയ്യുന്നത് അവർക്കുവേണ്ടി എന്നു പറഞ്ഞാലും, അതൊക്കെ എന്റെ സന്തോഷമാണ്. ഓരോ ദിവസവും കടന്നുപോകുമ്പോൾ, എന്തെങ്കിലും നല്ലത്, അല്ലെങ്കിൽ കാര്യമായത് ചെയ്തെന്ന തോന്നൽ, സംതൃപ്തി തരും എന്നെന്നോട് ഒരു ചേച്ചി
അഥവാ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്. അത് ഒരു ഉപദേശം പോലെയാണ് ഞാൻ കണ്ടിട്ടുള്ളത്.

ഒരു ദിവസം വെറുതെ കളയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ഒരു ദിവസം അല്ലെങ്കിൽ ക്രിയാത്മകമായ ഒരു വിഷയം എന്ന ബൂലോകപരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് താല്പര്യക്കുറവ് തോന്നിയില്ല. ഒരു ദിവസത്തെക്കുറിച്ച് വിശദമായ രീതിയിൽ എഴുതാൻ, ദിവസങ്ങൾ മാറിമാറി പോകുന്ന, അല്ലെങ്കിൽ ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങൾ ഉള്ള ഒരാളല്ല ഞാൻ. പ്രത്യേകിച്ചൊരു ദിവസത്തെക്കുറിച്ച് എഴുതാൻ ആണെങ്കിൽ കഴിഞ്ഞുപോയ ദിവസങ്ങളിൽ ഏതെങ്കിലുമൊന്നിനെപ്പിടിച്ച് കൊണ്ടുവരേണ്ടിവരും. അതുകൊണ്ട് മൊത്തത്തിൽ അങ്ങ് എഴുതിവിട്ടു. ക്രിയാത്മകമായ വേറൊരു വിഷയത്തെക്കുറിച്ചും എനിക്ക് കാര്യമായി ഒന്നും തന്നെ എഴുതാനില്ല. അങ്ങനെ ക്രിയാത്മകമായ വിഷയത്തെക്കുറിച്ചെഴുതാൻ, തല പുകച്ചിരിക്കാനുള്ള ആരോഗ്യം തൽക്കാലമില്ല. തലയുമില്ല. എന്നാലും, എങ്കിലും, എന്തൊക്കെയായാലും ... ബൂലോകത്തിലെ ഒരംഗം എന്ന നിലയ്ക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാനുള്ള അവകാശം എനിക്കുമുള്ളതുകൊണ്ട് എനിക്ക് എഴുതാനുള്ളത് എഴുതിവെച്ച് മലയാളം മനോഹരം എന്ന സന്തോഷത്തിലേക്ക് ഞാനും പങ്കുചേരുന്നു.


ഒരു ദിവസമെന്നത്,
ചെരിഞ്ഞും മറിഞ്ഞും,
ഓടിയും, നടന്നും,
ഇഴഞ്ഞും, പറന്നും,
കൊഴിഞ്ഞും തീരുന്ന സമയമാണ്.
പോട്ടേ, പോട്ടേന്നും പറഞ്ഞ്,
മണിക്കൂറുകൾ പിന്തള്ളിപ്പോകുന്നത്,
നമ്മെയല്ല,
നമ്മുടെ ജീവിതത്തെത്തന്നെയാണ്.
ഒരു ദിവസം നമ്മൾ തോല്ക്കും,
പിന്നെ ‘ഒരു ദിവസം’ നമുക്കില്ല.
എന്നാലും മറ്റുള്ളവർ പറയും.
അങ്ങനെ ഒരു ദിവസം
ആ ജീവിതം തീർന്നുപോയെന്ന്!

Labels:

Friday, July 18, 2008

ഒഴിവുദിനം

വാരാന്ത്യമാകുമ്പോള്‍ പലര്‍ക്കും പലവിചാരം ആവും. അല്ലെങ്കിലും പലര്‍ക്കും പല വിചാരം ആവും. അതല്ല പറഞ്ഞത്. വാരാന്ത്യം അല്ലെങ്കില്‍ ജോലിത്തിരക്കില്‍നിന്നൊഴിഞ്ഞ് രണ്ട് അല്ലെങ്കില്‍ ഒന്ന് അവധി കിട്ടുമ്പോള്‍ എന്തു ചെയ്യണമെന്നുള്ള കാര്യത്തെക്കുറിച്ചാണ്. ചിലര്‍ ആദ്യമേ കണക്കുകൂട്ടിവെച്ചിട്ടുണ്ടാവും ഒഴിവുദിവസം എങ്ങനെ ചെലവഴിക്കണമെന്ന്. ചിലരാകട്ടെ, പല നാളായി നീട്ടിവെച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കണ്ടൊരു ഒഴിവുദിനമാകും വരുന്നതെന്നും കണക്കാക്കി ഇരിക്കും. ചിലര്‍ക്ക് ഒഴിവുദിനത്തില്‍ നിര്‍ബ്ബന്ധമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടാവും. അതായത് പെണ്ണുകാണല്‍, ചെറുക്കനെ കാണല്‍ ഒക്കെ. അവരൊക്കെ അവരവരുടെ ഇഷ്ടം പോലെ ചെയ്യുക.

എന്നാല്‍ ചിലരോ? ഒന്നും ചെയ്യാന്‍ കണ്ടുവെച്ചിട്ടുണ്ടാവില്ല. ഒഴിവുദിനം എന്നാല്‍ വെറുതെ ഉണ്ടും ഉറങ്ങിയും, ടി. വി. കണ്ടും നീക്കിനീക്കിയെടുക്കുന്ന കൂട്ടരാവും. അല്ലെങ്കില്‍ എല്ലാ ഒഴിവുദിനവും സിനിമാഹാളില്‍, ഷോപ്പിംഗ് മാളില്‍, അമ്പലത്തില്‍, പള്ളിയില്‍, എക്സിബിഷന്‍ നടക്കുന്നിടത്ത് അല്ലെങ്കില്‍ വില്പന നടക്കുന്നിടത്ത് ഒക്കെയങ്ങ് ചെലവാക്കാമെന്നു വിചാരിക്കും.
ചിലരാകട്ടെ, കൂട്ടുകാരുടെ വീട്ടിലേക്ക് ചെല്ലാമെന്നു വിചാരിച്ചിരിക്കും. അവര്‍ക്ക് എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ നിങ്ങള്‍ ഒരു പാരയാവരുത് പറഞ്ഞേക്കാം.
പിന്നെ നിങ്ങള്‍ എന്തുചെയ്യണമെന്നോ? ഇറങ്ങിനടക്കുക. എങ്ങോട്ടെന്നോ? എങ്ങോട്ടെങ്കിലും.
റോഡെന്ന് പറയുന്നത് എല്ലാവരുടേയും സ്വന്തമാണ്. എന്നുവെച്ച് നടുവില്‍ക്കൂടെ നടന്ന് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ തെറി സ്വന്തമാക്കരുത്. കൂട്ടുകാരേയും അല്ലെങ്കില്‍ കുടുംബത്തേയും കൂട്ടി നടക്കാനിറങ്ങുക. വെയിലാകട്ടെ, മഴയാകട്ടെ. അതൊന്നും നമുക്കു വേണ്ടി മാറിനില്‍ക്കില്ലല്ലോ. അതുകൊണ്ട് അതിനോടൊപ്പം പോകാം.
കഥകളൊക്കെപ്പറഞ്ഞ് കാഴ്ചയും കണ്ട് നടക്കുക. തിരിച്ചും നടക്കേണ്ടതാണെന്ന് ഓര്‍മ്മവയ്ക്കുക. ഭൂമിയുടെ അറ്റം വരെ പോകരുത്. ;) ഇടയ്ക്ക്, നിങ്ങളുടെ കൈയില്‍ ചില്ലറക്കാശുണ്ടെങ്കില്‍ വല്ല കടലയോ, ഐസ്ക്രീമോ വാങ്ങുക. ഹോട്ടലിലേക്കൊന്നും കയറരുത്. തിന്നാനിറങ്ങിയതല്ല, നടക്കാനിറങ്ങിയതാണ്. കുറേക്കാലം കഴിഞ്ഞ് ആ നടത്തം ഓര്‍മ്മയിലുണ്ടാവും. കൂട്ടുകാരെ കണ്ടാല്‍ ‘നമ്മളന്ന് ഒരുപാടു ദൂരം കാഴ്ചയും കണ്ട് നടന്നതോര്‍മ്മയില്ലേന്ന്’ ചോദിക്കുന്നതിനുമുമ്പ് കൂട്ടുകാര്‍ ഇങ്ങോട്ടു ചോദിക്കും. അല്ലാതെ
നമ്മള്‍ അപ്പുറവും ഇപ്പുറവും കാറില്‍ നിന്നിറങ്ങി, റസ്റ്റോറന്റില്‍ കയറി, ഏസിയുടെ തണുപ്പിലിരുന്നു ചൂടുള്ള ബിരിയാണി കഴിച്ചത് ഓര്‍മ്മയുണ്ടോന്ന് ആരെങ്കിലും ചോദിക്കുമോ? ചോദിക്കുമായിരിക്കും അല്ലേ? ;)
ഒഴിവുദിവസത്തില്‍ പറ്റിയൊരു ജോലിയാണ് വായന. ആരെങ്കിലും നല്ലതെന്നു പറഞ്ഞ പുസ്തകം എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് വായിക്കുക. ഇഷ്ടപ്പെട്ടാല്‍ ആരോടെങ്കിലും വായിക്കാന്‍ നിര്‍ദ്ദേശിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു പുസ്തകം വായിച്ചതുകൊണ്ട് നഷ്ടമൊന്നുമില്ലല്ലോ.
അമ്പലത്തിലും പള്ളിയിലുമൊക്കെ പോയിരുന്നു, വരുന്നവരുടേയും പോകുന്നവരുടേയും കണക്കെടുക്കാതെ, ദൈവം തന്ന സൌഭാഗ്യങ്ങള്‍ കൂട്ടുകാരോട് പങ്കുവെച്ചുനോക്കൂ. അവര്‍ക്കുമുണ്ടാവും പറയാന്‍. അഥവാ ദൈവം എന്തെങ്കിലും ദുഃഖം തന്നിട്ടുണ്ടെങ്കിലും അതൊക്കെ ‘ഒക്കെശ്ശരിയാവും’ എന്നൊരു വാക്കുകൊണ്ട് ശരിയാവും.
നിങ്ങള്‍, നിങ്ങളുടെ നാടിനകലെയാണോ ജീവിക്കുന്നത്? ആരെങ്കിലും നിങ്ങളിപ്പോള്‍ താമസിക്കുന്നിടത്ത് അതില്ലേ ഇതില്ലേന്ന് ചോദിക്കുമ്പോള്‍ മേലോട്ടും നോക്കി നിക്കാറുണ്ടോ? എന്നാല്‍ ഒരു ഒഴിവുദിനത്തില്‍ ഇറങ്ങിപ്പുറപ്പെട്ട് നിങ്ങളുടെ ചുറ്റുപാടും അറിഞ്ഞുവയ്ക്കുക. ചിലപ്പോള്‍ വല്ല സിനിമാതാരങ്ങളോ മറ്റോ നിങ്ങളുടെ അയല്‍‌പക്കത്താണെങ്കിലോ? ;)

ഒഴിവുദിനത്തില്‍ ലൈബ്രറി തുറക്കാന്‍ സാദ്ധ്യതയില്ല. എന്നാലും നിങ്ങള്‍ക്കൊഴിവുള്ള ഒരുദിവസം അത് തുറന്നിട്ടുണ്ടെങ്കിലോ? പോയി പുസ്തകങ്ങളൊക്കെ ഒന്നു മറിച്ചിട്ടുനോക്കുക. അറിവും കിട്ടും സമയവും പോകും. നിങ്ങളുടെ തിരക്കിനിടയില്‍ മനപ്പൂര്‍വ്വമല്ലാതെ മറന്ന സൌഹൃദങ്ങള്‍ ഉണ്ടാവില്ലേ? അവരെ വിളിച്ച് മിണ്ടുക. തിരക്കായിരുന്നെന്നും ഇപ്പോള്‍ മിണ്ടാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പറയുക. ഒരുപാടു കാലം കഴിഞ്ഞായാലും ചമ്മലൊന്നും വേണ്ട. സുഹൃത്തുക്കള്‍ അങ്ങനെ തെറ്റിദ്ധരിക്കുകയൊന്നുമില്ല.
ഒഴിവുദിനത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുക. മറ്റുള്ളവര്‍ക്കു കൊടുക്കുന്ന സന്തോഷത്തിന്റെ ഇരട്ടി ദൈവം നിങ്ങള്‍ക്ക് തരും. ദുഃഖം കൊടുത്താല്‍ അതും കിട്ടും.

അതുകൊണ്ട് ആരായാലും, ഒഴിവുദിനത്തില്‍ എന്തുചെയ്യുമെന്നോര്‍ത്ത് മടുപ്പ് തോന്നിയിരിക്കുന്നവരുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കണ്ടുപിടിക്കുക. അലക്കലും, പാചകവും, പാചകപരീക്ഷണവും ഒക്കെ എല്ലാ ഒഴിവുദിനത്തിലും ചെയ്യുമല്ലോ. അതല്ലാതെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സമയം കണ്ടെത്തുക. കഴിഞ്ഞ ഒഴിവുദിനം നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടുകാര്‍ക്കും നിങ്ങളുടെ കുടുംബത്തിനുമൊക്കെ സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നുവെന്ന്, നിങ്ങള്‍ എന്തെങ്കിലും കാര്യമായി ചെയ്തുവെന്ന് പിന്നീടോര്‍ക്കാന്‍ ഒരു സുഖമുണ്ടാവില്ലേ? കുട്ടികളെ ഒരു പുതിയ പാട്ട് പഠിപ്പിച്ചുനോക്കൂ. പഠിപ്പിക്കുമ്പോള്‍ ഒച്ച അധികം പൊങ്ങരുത്. അയല്‍‌പക്കത്തും ഒഴിവാണെന്ന് ഓര്‍ക്കണം. ;)
അവരുടെ ഒഴിവുദിനം നിങ്ങളായിട്ടു നശിപ്പിക്കരുത്.
അല്ലെങ്കിപ്പിന്നെ ഒരു ദിവസമല്ലേ അതങ്ങനെ പോട്ടേന്നും വിചാരിച്ച് ഇരിക്കാം. ദൈവം തന്ന ദിവസത്തിന്റെ അക്കൌണ്ടില്‍ നിന്ന് അങ്ങനെ ‘വെറുതേ’ എത്ര ദിവസങ്ങളാണ് വെറുതേ പോകുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? തീര്‍ന്നുപോകാനാവുമ്പോള്‍ ആലോചിച്ചിട്ട് കാര്യമില്ലേ...

Labels:

Sunday, July 13, 2008

മനസ്സില്‍‍ നിന്ന്

1. ഭാണ്ഡം

ഓര്‍മ്മയ്ക്കും മറവിയ്ക്കുമൊരു ഭാണ്ഡം.
മാറി മാറി നിറച്ച്
ഏതില്‍ നിറയ്ക്കണമെന്നറിയാതെ
ബാക്കിയായത് ജീവിതം.

2. കൂട്ട്

ചിലപ്പോള്‍, പൂവിതള്‍ പോലെ.
സ്നേഹം തോന്നും.
ചിലപ്പോള്‍ പാറക്കല്ലുപോലെ.
കാഠിന്യം കണ്ട് അമ്പരക്കും.
അട്ടഹസിച്ചും, പുഞ്ചിരിച്ചും,
കരഞ്ഞും, തേങ്ങിയും,
സഹിച്ചും, സാഹസം കാട്ടിയും,
ഭാവങ്ങള്‍ മാറ്റിമാറ്റി.
ആര്‍ക്കെങ്കിലും കൊടുത്താലോന്ന് തോന്നും.
ചിലപ്പോള്‍ ചേര്‍ത്തുവെച്ച് സ്നേഹിക്കുമായിരിക്കും.
ഞെരിച്ചുകളഞ്ഞാലോന്ന് ഓര്‍ത്ത്
ഭയപ്പാടോടെ പിന്തിരിയും.
അതിനോട് ദേഷ്യമായാലും
സൌഹൃദമായാലും
അതില്ലാതെ പറ്റില്ല.
എന്തൊക്കെയായാലും മനസ്സ് ഇല്ലാതെ
ജീവിക്കാന്‍ കഴിയില്ല.
അതൊരു കൂട്ടാണ്.

3. ആളൊരു സുയ്പ്പാണ്.

വിളിച്ചാലും വരില്ല പലപ്പോഴും‍.
വന്നു ശല്യം ചെയ്യും ചിലപ്പോള്‍.
ചിന്തിച്ചോ ചിന്തിച്ചോന്ന് പറഞ്ഞ്,
മാറിനില്‍ക്കും.
കൂട്ടിനുവന്ന് കുറേ സ്വപ്നങ്ങള്‍ മുന്നിലേക്കിടും.
പലപ്പോഴും സ്വപ്നങ്ങള്‍ മുറിച്ചോടിപ്പോവും.
ഒടുവിലെന്നെങ്കിലും,
ഇനിയൊന്നും കാത്തിരിക്കാനും കാണാനും
ബാക്കിയില്ലെന്നോര്‍മ്മിപ്പിച്ച്,
സ്ഥിരമായി കൂട്ടുകൂടിക്കളയും.
ചിലപ്പോഴെങ്കിലും,
ചിലര്‍ക്കെങ്കിലും
നിദ്ര
ആളൊരു *സുയ്പ്പാണ്.

*സുയ്പ്പ് = കുഴപ്പം പിടിച്ചത്, വലയ്ക്കുന്നത്.

Labels:

Thursday, July 10, 2008

ചെമ്പരത്തി

ചെമ്പരത്തിപ്പൂവേ ചൊല്ല്, ദേവനെ നീ കണ്ടോ എന്ന പാട്ട് കേട്ടിട്ടില്ലേ? ചെമ്പരത്തിയ്ക്ക് പ്രത്യേകമായിട്ടൊരു വളമിടലോ, ശുശ്രൂഷയോ ഒന്നും ആവശ്യമില്ലാത്തതുകൊണ്ട് മിക്ക വീട്ടിലും പൂത്തുനില്‍ക്കും. വെള്ളം കിട്ടിയാല്‍ മാത്രം മതി. ചാണകമോ വേറെ എന്തെങ്കിലും വളമോ ഇടുന്നതും നല്ലതു തന്നെ.


ശരിക്കും ദൂരെ നിന്നു കണ്ടാല്‍ റോസാപ്പൂ പോലെ തോന്നിക്കും.

പലവര്‍ണ്ണങ്ങളില്‍ ഒരു ചെമ്പരത്തി.



താഴെക്കാണുന്നത് അങ്ങനെ തന്നെയാണ്. വളഞ്ഞൊടിഞ്ഞ് ഇരിക്കും. (ഞാന്‍ കണ്ടപ്പോള്‍ ഇങ്ങനെയിരുന്നു.
ഇനി കാണുമ്പോള്‍ ശരിക്കും തീരുമാനിക്കാം. ;))


ചെമ്പരുത്തി, അഥവാ ചെമ്പരത്തി വളരെ എളുപ്പത്തില്‍ വളരുന്നൊരു ചെടിയാണ്. പലയിടത്തും വീടിന്റെ വേലിക്കലൂടേയും, മതിലിനുപുറത്ത് തല നീട്ടിയും ചിരിച്ചുകൊണ്ടുനില്‍ക്കുന്നത് ചെമ്പരുത്തിയായിരിക്കും. താഴെയുള്ള, അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തിയാണ് അധികം കണ്ടുവരുന്നതെങ്കിലും ഇപ്പോള്‍ പല നിറത്തിലും രൂപത്തിലും ചെമ്പരത്തിവര്‍ഗ്ഗത്തില്‍പ്പെട്ട പൂവുകള്‍ കാണാം.



ചെമ്പരത്തിപ്പൂവുകൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാല്‍, പൂജയ്ക്കെടുക്കാം, എണ്ണയില്‍ ഇട്ട് കാച്ചി തലയില്‍ തേയ്ക്കാം. അല്ലാതെ വെറുതെ ഇലകളുടെ കൂടെ അരച്ചും തലയില്‍ തേയ്ക്കാം. ഇല നന്നായി അരച്ച് തലയില്‍ തേച്ച് കഴുകിക്കളഞ്ഞാല്‍ മുടി നന്നാവും. ഇല നല്ല വെയിലില്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചാലും നല്ലൊരു താളിയായി. ചെമ്പരത്തിപ്പൂകൊണ്ടൊരു ചമ്മന്തിയും ഉണ്ടാക്കാം എന്ന് കേട്ടു. ഞാന്‍ പരീക്ഷിച്ചിട്ട് പറയാം. ഓണത്തിനു പൂക്കളമിടാന്‍ ഇതൊരു ഭംഗി തന്നെ.



മറ്റു ചെമ്പരത്തികളില്‍ നിന്ന് വ്യത്യസ്തം തന്നെ ഈ ചെമ്പരത്തി.
ചെമ്പരത്തി, ചെടിയുണ്ടാവാന്‍ കൊമ്പ് മുറിച്ച് നട്ടാല്‍ മതി. മഴക്കാലം തുടങ്ങുമ്പോള്‍ ഇലയും കൊമ്പുമൊക്കെ വെട്ടി വേറെ നടുകയോ, ഒഴിവാക്കുകയോ ചെയ്യാം.





മുകളിലുള്ളതാണ് മൊട്ടുചെമ്പരത്തി. ഇതിനു വേറെ പേരുണ്ടോന്ന് അറിയില്ല. ഇത് ഇങ്ങനെയാണുണ്ടാവുക.


ഇതും പലനിറത്തില്‍.


ഒരു ചെമ്പരത്തിയുടെ മൊട്ട്.


ഈ ചെമ്പരത്തി ചുവന്നതുപോലെത്തന്നെ. നിറവ്യത്യാസം മാത്രം.
എന്തായാലും നിറയെ പൂവും തന്ന് നില്‍ക്കും ചെമ്പരത്തികള്‍. ചിത്രത്തിലെ എല്ലാ പൂക്കളും വീട്ടിലേത്. അച്ഛന്റേം അമ്മേടേം തോട്ടത്തില്‍. തോട്ടം എന്നുവെച്ചാല്‍ ഒന്നുമില്ല;) കുറേ പറമ്പിലും, കുറേ ടെറസ്സില്‍ പൂച്ചട്ടിയിലും.
ചെമ്പരത്തിയെക്കുറിച്ച് കൂടുതല്‍ അറിയാനും, ചിത്രങ്ങള്‍ കാണാനും ഇംഗ്ലീഷിലും, മലയാളത്തിലും വിക്കിപീഡിയയില്‍.

Labels:

Monday, July 07, 2008

മഴയെക്കുറിച്ചോർക്കുമ്പോൾ

വിസ്മയിപ്പൂ ഞാനെന്നെന്നും
എന്തിനായ് മഴ പൊഴിയുന്നൂ!
ഭൂമിയെ സ്നേഹിക്കുമാകാശം
സമ്മാനമേകുന്നതാവുമോ?

ഭൂമിക്കായ് അയച്ചീടും
സ്നേഹസന്ദേശമാവാം മഴ.
വ്യഥയാൽ കണ്ണീർക്കണം,
ആകാശം ചൊരിയുന്നതാവാം.

ഇരുണ്ടുനിൽക്കുമാ മേഘങ്ങളിൽ
ദുഃഖത്തിൻ നിഴലാവുമോ?
പറഞ്ഞുപറഞ്ഞഴലകറ്റാൻ
പ്രാർത്ഥിച്ചുനിൽക്കുന്നതാവുമോ?

കാരുണ്യം നിറഞ്ഞൊരു മനസ്സുമായ്,
കാത്തിരിക്കുമീ ഭൂമിയെന്നും
ആശ്ലേഷിച്ചാനന്ദമേകുവാൻ
മഴയ്ക്കു പൊഴിഞ്ഞു തീരുവാൻ.

പലതുമാമേഘങ്ങൾക്ക്
പറയാനുണ്ടായിരിക്കുമോ?
മഴത്തുള്ളികളായെങ്ങും
ചൊല്ലി നടക്കുന്നതാവുമോ?

പെയ്തൊഴിഞ്ഞു തീരുമ്പോൾ
ഉള്ളം തെളിയുന്നുണ്ടാവാം.
മേഘങ്ങൾ മുഖം തെളിഞ്ഞ്
വിണ്ണിന്നു ശോഭയേകിടും.

താപം പെയ്തു തീരുമ്പോൾ
വിണ്ണൊന്നു ചിരിച്ചിടും,
ചിലപ്പോഴൊരു മഴവില്ലായും,
ചിലപ്പോൾ നക്ഷത്രങ്ങളായും.

മഴയില്ലെങ്കിൽ ഭൂമിയും
നിർജ്ജീവമായ്പ്പോയിടും.
ആകാശത്തിൽ സൗഹൃദം
ഭൂമിയ്ക്കും ഉണർവ്വേകിടും.

ആകാശം മഴ പൊഴിക്കണം,
ഭൂമിയതേറ്റുവാങ്ങണം.
കണ്ടുനിൽക്കും മനസ്സെല്ലാം,
കുളിരാർന്നു നിൽക്കണം.

ഒന്നോർത്താൽ ജീവിതവും
മഴയായ്ത്തന്നെ നിനച്ചിടാം.
പെയ്തൊഴിഞ്ഞൊഴുകിയൊടുവിൽ
നിശ്ചലമായ്...
പിന്നെ ഒരു പുനർജന്മമായ്...

Labels: ,

Friday, July 04, 2008

അങ്ങനെ അവളും

അവൾ...
പിന്നിലെ ബെഞ്ചിലിരുന്ന് പഠിച്ചു.
മുന്നിലുള്ള പഠിപ്പിസ്റ്റുകളെക്കണ്ട് സന്തോഷിച്ചു.
കളിക്കളങ്ങളിൽ ഗാലറിയിലിരുന്ന് കൂട്ടുകാരെ പ്രോത്സാഹിപ്പിച്ചു.
നൃത്തനൃത്യങ്ങൾക്കിടയിൽ സ്റ്റേജിനുമുന്നിലിരുന്ന്
കൂട്ടുകാരുടെ ആട്ടവും പാട്ടും കണ്ട് സന്തോഷിച്ചു.
പരീക്ഷകളിൽ കഷ്ടിച്ച് ജയിച്ച് വന്നു.
ഒടുവിൽ അതൊക്കെക്കണ്ട് ദൈവം പറഞ്ഞു.
“ആശംസകളും, അഭിനന്ദനങ്ങളും ഒക്കെ പാഴാക്കി.
എന്നും പിൻനിരക്കാരിയായി.
ഇനിയെങ്കിലും മുൻ‌നിരയിലെത്തണം.
എല്ലാവരും കണ്ടുനിൽക്കണം.
നിന്നിലാവണം കണ്ണുകൾ.
നിന്നെക്കുറിച്ച് പറയണം നാവുകൾ.
നിന്റടുത്താവണം മനസ്സുകൾ.”
ശവപ്പെട്ടിക്കുള്ളിൽ, മരണത്തിനു കീഴടങ്ങിക്കിടക്കുമ്പോൾ,
അവളും ഒരുപാടു കണ്ണുകൾക്കുള്ളിൽ.
അവളെക്കുറിച്ച് പറയാൻ നാവുകൾ.
അവളുടെ അടുത്ത് ഓരോ ഹൃദയവും.

(ചപ്പാത്തിയുണ്ടാക്കുമ്പോൾ, വെറുതെ വിദൂരതയിലേക്ക് കണ്ണോടിച്ചപ്പോഴാണ് ഈ പോസ്റ്റിന്റെ ആശയം വന്നത്. (ജനലിലൂടെ നോക്കിയാൽ വിദൂരത കാണില്ല, അപ്പുറത്തെ വീടിന്റെ മതിലാണെന്ന് തളത്തിൽ ദിനേശൻ. ;)

1. ഇനി ചപ്പാത്തിയുണ്ടാക്കരുത്.
2. അല്ലെങ്കിൽ, ഉണ്ടാക്കുമ്പോൾ വിദൂരതയിലേക്ക് അറിയാതെപോലും നോക്കിപ്പോകരുത്.

എന്നല്ലേ?
എനിക്കറിയാം. ;)

Labels:

Tuesday, July 01, 2008

ഇതെന്താണെന്ന് അറിയാമോ?


ഇത് അതു തന്നെയല്ലേ? ഇത് അതു തന്നെ. ഇതെനിക്കറിയാം. ഇതു ഞാന്‍ കണ്ടിട്ടുണ്ട്. എന്നൊക്കെ നിങ്ങള്‍ പറയും എന്നെനിക്ക് അറിയാം. ഒരുപക്ഷെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതെന്താണെന്ന് കണ്ടയുടനെ തിരിച്ചറിയാന്‍ കഴിയും. ഇതെന്താണെന്ന് പറഞ്ഞാല്‍ യാതൊരു സമ്മാനവും കിട്ടില്ല. എന്നാലും നിങ്ങളൊന്ന് പറഞ്ഞുനോക്കൂ ഇതെന്താണെന്ന്. എനിക്കറിയാവുന്നതുപോലെ നിങ്ങള്‍ക്കും അറിയുമോന്ന് എനിക്കും അറിയണമല്ലോ. വേണ്ടേ?
ഇനി അറിയില്ലെങ്കില്‍,‍ കാത്തിരിക്കുക. ഉടന്‍ വരും.

വന്നു.
ഇത് അതുതന്നെ. ഏത്? ചന്തു പറഞ്ഞത്. ബാക്കിയുള്ളവർ ഏറ്റു പറഞ്ഞത്. നിശാഗന്ധി, സർപ്പഗന്ധി(ഇങ്ങനെയൊരു പേരുണ്ടോന്ന് എനിക്കറിയില്ല. എനിക്ക് തോന്നിയതാവും), അനന്തശയനം, ഇലമുളച്ചി.



ഇതിന്റെ ഇലയിൽ നിന്നാണ് മൊട്ട് വരുന്നത്. ഇലയാണ് ചെടിയുണ്ടാവാൻ നടേണ്ടതും.



ഇപ്രാവശ്യം ഒരുമിച്ച് നാലു പൂവുണ്ടായി. നല്ലൊരു മണമുണ്ട് ഇതിന്. പൂവായിക്കഴിഞ്ഞാൽ. വീട്ടിലെ ടെറസ്സിൽ കണ്ടിട്ട് അമ്മയാണ് പറഞ്ഞത്. മഴക്കാലം ആയതുകൊണ്ട് ടെറസ്സ് പൂന്തോട്ടത്തിലേക്ക് അധികം പോവാറില്ല. ഇതു കാണാതെ പോയേനെ. എന്തോ ഭാഗ്യത്തിന് കണ്ടു.
പിറ്റേന്നേയ്ക്ക് വാടിപ്പോവും. കുറച്ചുനേരമേ നിൽക്കൂ. എന്നും ഉണ്ടാവുമോന്ന് അറിയില്ല. വല്ലപ്പോഴുമേ ഉണ്ടാവൂ.


കണ്ടപ്പോൾ എടുത്ത് താഴെക്കൊണ്ടുവന്നു. ഫോട്ടോ എടുക്കണമെങ്കിൽ മുകളിൽ ആര് ഒറ്റയ്ക്ക് ഇരിക്കും. ആ ചട്ടിയിലാണെങ്കിൽ വേറെ ഒരു നൂറു ചെടിയുണ്ട്. റോസിനാണെങ്കിൽ രണ്ട് മൊട്ട്. വേറൊരു ചുവന്ന പൂവ്. പിന്നെ ഒരു കോളാമ്പിപ്പൂവിന്റെ ചെടി, തുളസി. അമ്മ, പൂച്ചട്ടി തികയാതെ വന്നപ്പോൾ, ഒക്കെക്കൂടെ ഒരുമിച്ചിട്ടതാണ്.



ഇതിന്റെ ഉള്ള് ഇങ്ങനെ ഇരിക്കും.


ഒരു പൂ വിരിയുന്ന സുഖമറിഞ്ഞൂ...


ഇതൊക്കെ ഞാന്‍ എന്റെ അനിയത്തിക്കുട്ടിയുടെ അഥവാ കസിന്റെ Sony DSC -W35 ക്യാമറയില്‍ എടുത്തതാണ്. അവളെനിക്ക് ക്യാം ഓണ്‍ ചെയ്യാനും ക്ലിക്കാനും മാത്രമേ പറഞ്ഞുതന്നിരുന്നുള്ളൂ. ക്യാമറ കേടുവരുത്തേണ്ടെന്ന് വിചാരിച്ച് കൂടുതല്‍ സെറ്റിംഗ്സിലേക്കൊന്നും പോയില്ല. നല്ല ഏതെങ്കിലും ഫോട്ടോഗ്രാഫര്‍ എടുത്തിരുന്നെങ്കില്‍ ചിത്രങ്ങള്‍ അടിപൊളിയായേനെ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. അല്ലേ?

Labels: , ,