Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, September 28, 2007

ഇങ്ങനെ വേണ്ടേ?

ദുഃഖംന്നുവെച്ചാ, ഊതുന്ന കുഴലിന്റെയുള്ളിലെ സോപ്പ് പത പോലെയായിരിക്കണം.
ഫൂ, ഫൂ ന്ന് ഊതുമ്പോ, കുമിളകളായി പറന്ന് പൊട്ടിപ്പോകണം.


സന്തോഷംന്ന് വെച്ചാ അനുസരണയുള്ള കുട്ടികളെപ്പോലെയാവണം.
ഇങ്ങ്‌ട് വാന്ന് പറയുമ്പോഴേക്കും സ്നേഹത്തോടെ വരണം.

Labels:

Wednesday, September 26, 2007

മേരി

മേരിയ്ക്ക്‌ ദൈവം മാത്രമേ ഉള്ളൂ, എന്നവള്‍ തീരുമാനിച്ചു. ചെറുവത്തുരില്‍ നിന്ന് വണ്ടിയില്‍ കയറാന്‍ നില്‍ക്കുമ്പോഴും അവള്‍ അത്‌ ഉറപ്പിച്ചുകൊണ്ടിരുന്നു. തിങ്കളാഴ്ച രാവിലെ ആയതുകൊണ്ട്‌, സംശയത്തിന്റെ കണ്ണുകള്‍ കാണേണ്ടിവരില്ല. എല്ലാവരും തിരക്കില്‍. പരിചയക്കാരെ പേടിക്കേണ്ട. ആദ്യം ബസ്സില്‍ വന്ന്, അവള്‍ക്ക്‌ പരിചയമില്ലാത്ത നാട്ടില്‍ നിന്ന് ട്രെയിന്‍ കയറാന്‍ തീരുമാനിച്ചതും അതുകൊണ്ടു തന്നെ. ഇനിയാരെയെങ്കിലും കണ്ടാല്‍ പറയാനുള്ളത്‌ കരുതിവെക്കുകയും ചെയ്തിട്ടുണ്ട്‌. തിക്കിത്തിരക്കി, കയറി, രണ്ട്‌ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍, കിട്ടിയ സീറ്റില്‍ ആശ്വാസത്തോടെ ഇരുന്നു. പരിചയക്കാരെ ഒന്നും കാണാത്ത ആശ്വാസം കൂടെയുണ്ട്‌.

പെട്ടെന്നാണ്‌, എതിര്‍വശത്തിരുന്ന സ്ത്രീ, "എങ്ങോട്ടേയ്ക്കാ?" എന്ന് ചോദിച്ചത്‌.

"എറണാകുളത്തേക്കാ."

അവര്‍ തലയിലെ തട്ടം ശരിയാക്കിയിട്ട്‌ പറഞ്ഞു."എന്തൊരു ചൂടാണേ. മനുഷ്യന്‍ വെന്ത്‌ പോകും. അതിനിടയ്ക്ക്‌ വെര്‍തേ പറ്റിയ്ക്കാന്‍ ഓരോ മഴപെയ്യലും."

വെറു‍തേ പറ്റിക്കാന്‍ എന്ന് അവര്‍ പറഞ്ഞത്‌, ദൈവത്തെ പരിഹസിച്ചതാണെന്ന് മേരി ദൈവത്തോട്‌ പറഞ്ഞു. അതിന്റെ ആവശ്യം ഇല്ലായിരുന്നെങ്കില്‍ക്കൂടി.

"ഞങ്ങളു കോഴിക്കോട്ടേയ്ക്കാ. കാസര്‍ക്കോട്‌ പോയിറ്റ്‌ വര്യാ. അവിടെ ന്റെ മൂത്ത മോന്‍ ണ്ട്‌. ഒരു മാസമായി പോയിട്ട്." ചോദിക്കാതെ തന്നെ പറഞ്ഞു. ഇനി തന്റെ ഊഴമാണ്‌. തുറന്നുപറയാന്‍. ഇത്രയും പേരുള്ള വണ്ടിയില്‍ നിന്നോ? പറയട്ടെ? അവള്‍ ദൈവത്തോട്‌ ചോദിച്ചു. പ്രസംഗം പോലെ, പ്രിയമുള്ള സഹയാത്രികരേ എന്നും പറഞ്ഞ്‌ തുടങ്ങട്ടെ? ട്രെയിന്‍ ഒന്ന് ആടി, യാത്രക്കാര്‍ ഒന്ന് ഇളകിയപ്പോള്‍, അവള്‍ ജനലരികിലേക്ക്‌ ഒതുങ്ങിപ്പോയി. വേണ്ടെന്നുള്ള ദൈവത്തിന്റെ സിഗ്നല്‍ ആവും.

ഒരു പൊതി കൊണ്ടുവന്ന്, അവരുടെ കയ്യില്‍ പിടിപ്പിച്ച്‌, ഒരു പയ്യന്‍ വേഗം തിരിച്ചുപോയി."ന്റെ മോന്റെ കുട്ട്യാ." ബാക്കിയുള്ളവരെല്ലാം അവരെ ഒന്ന് ശ്രദ്ധിച്ച്‌ വീണ്ടും അവരവരില്‍ മുഴുകി. അവര്‍, പൊതിയഴിച്ചപ്പോള്‍, വടയുടെ മണം. മേരിയ്ക്ക്‌, സീതാലക്ഷ്മിയെ ഓര്‍മ്മ വന്നു. അവളിപ്പോള്‍ തന്നെക്കാത്ത്‌ നില്‍ക്കുന്നുണ്ടാവുമോ? അതോ പതിവ്‌ ബസ്സില്‍ കയറി പോയിട്ടുണ്ടാവുമോ? അവളാണ്, ശനിയാഴ്ചകളില്‍, ജോലി ചെയ്യുന്ന സാരിക്കടയില്‍ നിന്ന്, ശമ്പളം കിട്ടുമ്പോള്‍, വടയും ചായയും കഴിച്ച്‌, ബാക്കി, വീട്ടില്‍ കൊടുത്താല്‍ മതിയെന്ന് പറയുന്നത്‌. അതിനു വീട്ടില്‍ കേള്‍ക്കുന്ന വഴക്ക്‌ അവള്‍ക്കറിയാം. പിന്നെ നീ ജോലി ചെയ്യുന്നത്‌ ആ തള്ളയ്ക്കും മക്കള്‍ക്കും കൊടുക്കാനാണോന്ന് അവളുടെ ചോദ്യം. തന്റെ സ്വന്തം മമ്മി ആയിരുന്നെങ്കില്‍ അവരെപ്പറ്റി സീതാലക്ഷ്മി അങ്ങനെ പറയില്ലായിരുന്നു. ഡാഡിയുടെ ഭാര്യ മാത്രമാണവര്‍. മക്കള്‍, അവരുടേതാണെന്നും, തന്റെ സഹോദരങ്ങളല്ലെന്നും അവരെ പറഞ്ഞുപഠിപ്പിച്ചിട്ടുമുണ്ട്‌ മമ്മി.

"ദ്‌ തിന്നോളീന്‍."

വേണ്ടെന്ന് പറയണമെന്ന് മേരിയ്ക്ക്‌ തോന്നി. ആരും വാങ്ങിത്തരാനില്ലെന്ന അറിവിനു മുന്നില്‍ അവള്‍ വാങ്ങി.

"എറണാകുളത്ത്‌ ആരാ‌?"

മേരിയ്ക്ക്‌, തിന്നുകഴിഞ്ഞപ്പോള്‍ ഉറക്കം വന്നു തുടങ്ങിയിരുന്നു. തലേന്ന് യാത്രയുടെ പ്ലാനില്‍ ആയിരുന്നതുകൊണ്ട്‌ ഉറങ്ങിയിരുന്നില്ല. എറണാകുളത്ത്‌ ആരുണ്ടാവാന്‍? ആരുമില്ലാത്തവര്‍ക്ക്‌ ദൈവം. എന്നാലും ദൈവത്തെ കാണാന്‍ എറണാകുളം വരെ പോകുന്നെന്ന് പറയാന്‍ പറ്റുമോ?

"അവിടെ വല്യമ്മയുണ്ട്‌."

മേരി ഉറക്കത്തിലേക്ക്‌ വഴുതിവീണു. തിരക്കില്‍പ്പെട്ട്‌ മേരിയ്ക്ക്‌ ഉണരേണ്ടിവന്നപ്പോള്‍, പരിസരം നോക്കി, കോഴിക്കോട്‌ എത്തിയില്ലെന്ന് മേരി മനസ്സിലാക്കി. അവര്‍ ഇറങ്ങിയിട്ടില്ല.

"ഒറങ്ങി അല്ലേ?"മേരി തലയാട്ടി. പുഞ്ചിരിക്കുകയും ചെയ്തു. അവര്‍ വീണ്ടും, വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു. മമ്മി, വൈകുന്നേരം തന്നെക്കാണാതിരിക്കുമ്പോള്‍ എന്തായിരിക്കും പറയുക? വൈകി വരുമെന്ന് പ്രതീക്ഷിക്കുമായിരിക്കും. അതും കഴിഞ്ഞാലോ. മിനിയാന്ന്, ശമ്പളത്തെച്ചൊല്ലി, പതിവ് വഴക്കുണ്ടായപ്പോള്‍ കരുതിയതാണ്. ഇനി അവര്‍ക്ക്‌ വേണ്ടി ജോലിയെടുക്കില്ല. അനിയന്മാര്‍ രണ്ടും തെക്കും വടക്കും നടക്കും. അവര്‍ക്കും ജോലിയെടുത്താലെന്താ. ഡാഡി രണ്ടു ഭാഗവും പറയില്ല. എവിടെയെങ്കിലും പോയി ജീവിക്കുന്നതാണ് തനിക്ക് നല്ലത്. സീതാലക്ഷ്മിയുമായുള്ള കൂട്ടുകെട്ടില്‍, ഇതുവരെ ഒന്നും ഒളിച്ചില്ല. യാത്ര പോകുന്നത്‌ അവളും അറിയേണ്ട. വേണ്ടെന്ന് പറഞ്ഞാലോ. അതുകൊണ്ട്‌ കുറേ നേരത്തെ ഇറങ്ങി. മമ്മി മുഖം വീര്‍പ്പിച്ച്‌ വെച്ചിരിക്കുന്നു. ഇന്നെന്താ നേരത്തെ എന്നതിനു പകരം, ജോലി, തീരാത്തത്‌ ഉണ്ടാവും എന്നു കരുതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ജോലിയൊക്കെ പതിവുപോലെ തീര്‍ത്തുവെച്ചിട്ടു തന്നെ ഇറങ്ങിയത്‌. ഉമ്മയോടിതൊക്കെ പറയാന്‍ പറ്റുമോ? അവരൊന്നും കരുതിയില്ലെങ്കിലും കേള്‍ക്കുന്നവര്‍ എന്തു വിചാരിക്കും? ആരെങ്കിലും അപകടപ്പെടുത്തിയാലോ? മേരിയ്ക്ക്‌ ചിരി വന്നു. എറണാകുളത്ത്‌ എത്തിയിട്ട്‌ എന്തു ചെയ്യും, എങ്ങോട്ട്‌ പോവും. ഒന്നും അറിയില്ല. എന്നിട്ടാണ് അപകടപ്പെടുത്തലിനെപ്പറ്റി ചിന്തിക്കുന്നത്.

കോഴിക്കോടെത്തുന്നതിനുമുമ്പ്‌ തന്നെ, അവരുടെ കൊച്ചുമോന്‍ വന്ന്, ബാഗുകളും, പ്ലാസ്റ്റിക്‌ കവറുകളും ഒക്കെ എടുത്ത്‌ റെഡിയാക്കി വെച്ചു. കോഴിക്കോട്‌ നിര്‍ത്തിയതും അവര്‍ എണീറ്റു. വണ്ടിയ്ക്കകത്തും പുറത്തും ബഹളം. മേരിയുടെ മനസ്സില്‍ ഉള്ള ബഹളം, അവള്‍ക്കു മാത്രം കേട്ടാല്‍ മതിയല്ലോ. ഓ...ദൈവവും കേള്‍ക്കുന്നുണ്ടാവും. മേരിയും അവരോടൊപ്പം ഇറങ്ങി.

...........

"എന്നിട്ട്‌?"

"എന്നിട്ടെന്താ, ന്റെ കൂടെ ഇറങ്ങി. ഞാനിങ്ങ്‌ കൂട്ടി." ഉമ്മ, തന്നെ കാണാന്‍ വരുന്ന അയല്‍ക്കാരോടും, പരിചയക്കാരോടും, ബന്ധുക്കളോടും ഒക്കെ പറയുന്നതാണിത്‌. അഞ്ചാറു ദിവസമേ ആയുള്ളൂ, ആ വീട്ടിലെത്തിയിട്ട്‌. വന്നയുടനെ, സീതാലക്ഷ്മിക്കും, ഡാഡിയ്ക്കും കത്തെഴുതിച്ചു. കിട്ടിയിട്ടുണ്ടാവും.

"എറണാകുളത്തേക്കൊന്നും പോകില്ലാന്ന് എനിക്ക്‌ മനസ്സിലായിന് എന്ന് കൂട്ടിക്കോളീന്‍."ഉമ്മ അങ്ങനെ പറയുമ്പോള്‍ മേരിയ്ക്ക്‌ അരിശം വരും. അതെങ്ങനെ മനസ്സിലായെന്തോ. താന്‍ ഇറങ്ങാന്‍ തീരുമാനിച്ചത്‌, എറണാകുളവും, കോഴിക്കോടും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലല്ലോ എന്ന് കരുതിയാണ്. തിരിച്ചുപോകണമെങ്കില്‍ കോഴിക്കോട്‌ നിന്നാവും എളുപ്പം. ഇതൊക്കെ മേരിയ്ക്ക്‌ ഒറ്റയടിക്ക്‌ തോന്നിയതാണ്‌. അല്ലെങ്കില്‍ മേരിയുടെ കൂട്ടിനുള്ള ദൈവം തോന്നിപ്പിച്ചതാണ്‌. എന്നിട്ട്‌ ഉമ്മ പറയുന്നു, എറണാകുളത്തേക്കൊന്നും പോവ്വല്ലാന്ന് അവര്‍ക്കറിയാമായിരുന്നെന്ന്. അവരാരു ദൈവമോ? അല്ലേ? ആയിരിക്കും. അല്ലെങ്കില്‍, തന്റെ സ്ഥിതി എന്തായിരുന്നേനെ. ഒറ്റയ്ക്ക്‌, അറിയാത്തിടത്ത്‌. എന്തു സംഭവിക്കുമായിരുന്നു!

ഇറങ്ങിയത്‌ കണ്ടപ്പോള്‍ത്തന്നെ അവര്‍ അമ്പരന്നിരുന്നു. "ഇവിടെ ഇറങ്ങിയോ?" എന്ന് ചോദിച്ചു. പരിഭ്രമം കൊണ്ട്‌ ഒന്നും പറഞ്ഞില്ല. അവര്‍ക്ക്‌ കാര്‍ വന്നിരുന്നു. കയറിക്കോ എന്നു മാത്രം പറഞ്ഞു. അവരുടെ കൊച്ചുമോന്‍, സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. വല്യൊരു വീട്‌, കുറേ ജനങ്ങള്‍. മൂന്ന് ദിവസം കഴിഞ്ഞ്‌, എല്ലാം ചോദിച്ച്‌ മനസ്സിലാക്കിയിട്ട്‌ അവര്‍ പറഞ്ഞു. ജോലി ഒന്നുകില്‍ ഇവിടെ വീട്ടിലേത്‌ ചെയ്യാം, തിരിച്ചുപോകണമെങ്കില്‍ പോകാം, അല്ലെങ്കില്‍, അവരുടെ സ്വന്തമായിട്ടുള്ള കടകളില്‍ നിര്‍ത്താം എന്ന്.

ഒന്നും തീരുമാനിച്ചില്ല. ഡാഡിയുടെ മറുപടി വരണം. ഡാഡി വരുമോ? മമ്മി വഴക്കു പറയാന്‍ കാത്തിരിക്കുകയാവുമോ? സീതാലക്ഷ്മി കത്തിന് മറുപടി അയയ്ക്കുമോ? അതോ പറയാതെ പോന്നതിന് പിണങ്ങിക്കാണുമോ? കാത്തിരിക്കാം എന്തായാലും.

"എന്നാലും, നിങ്ങളൊന്ന് കരുതിയിരിക്കണം. കാലം വല്ലാത്തതാ." എന്ന് പലരും ഉമ്മയോട്‌ പറയും.

"ഒക്കെ പടച്ചോന്‍ തീരുമാനിക്കുന്നതല്ലേ." എന്ന് ഉമ്മയും. മേരി അതൊന്നും കേട്ടതായി ഭാവിക്കില്ല.

അതൊക്കെ ശരിയാണെന്നും, എന്നാലും ഒക്കെ ദൈവം തീരുമാനിക്കുന്നതാണെന്നും അവള്‍ക്കും അറിയാമല്ലോ.

Labels:

Monday, September 24, 2007

ചന്ദനം മണക്കുന്ന പൂന്തോട്ടം

അച്ചുവേട്ടന്റെ വീട്. അതൊരു പഴയ സിനിമയാണ്. പക്ഷെ കാണാന്‍ സാധിക്കുന്നത് ടി. വി. യില്‍ വന്നപ്പോഴാണെന്ന് മാത്രം. അതൊരു സാധാരണസിനിമയല്ലേ എന്നൊരു ആലോചന ഉണ്ടാവും. എനിക്കും ഉണ്ടായി. പക്ഷെ അതിലെ പാട്ടിന്റെ മാധുര്യം മനസ്സില്‍ ഉള്ളതുകൊണ്ടാണ്, ടി. വി യില്‍ വരുന്ന സിനിമകളില്‍ വല്യ താല്പര്യം ഇല്ലാതിരുന്നിട്ടുകൂടെ, കണ്ടേക്കാമെന്ന് വെച്ചത്. ടി. വി യില്‍ വരുന്ന സിനിമകളില്‍, അധികവും, തീയേറ്ററില്‍ പോയി കണ്ടതാവും എന്നുള്ളതുകൊണ്ടും, പഴയത് എന്നുള്ളതുകൊണ്ടും, താല്പര്യം ഉണ്ടാവാറില്ല. ഷാരൂഖ് ഖാന്റെ സിനിമകളോ, അപൂര്‍വ്വം ചില സിനിമകളോ അല്ലാതെ, കാണാന്‍ ഇരിക്കാറുമില്ല. അങ്ങനെ ഒരു ദിവസമാണ് അച്ചുവേട്ടന്റെ വീട് വരുന്നത്. പാട്ടിനോടുള്ള ഇഷ്ടംകൊണ്ട്, പാട്ട് വരുന്നതുവരെ സിനിമയും എന്തായിരിക്കും എന്ന് നോക്കാമെന്ന് വെച്ച് ഇരുന്ന ഞാന്‍, അത് കഴിയുന്നവരെ ഇരിക്കേണ്ടി വന്നു. എന്റെ അഭിപ്രായത്തില്‍ മനോഹരമായ
ചിത്രം.

ബാലചന്ദ്രമേനോന്റെ ഇരുപത്തഞ്ചാമത്തെ ചിത്രമാണത്. കുടുംബകഥകള്‍ ആയതുകൊണ്ട്, പലതും കാണാറുമുണ്ട്. പക്ഷെ, ഈ സിനിമയിലെ പാട്ട് ഇഷ്ടമായി എന്നല്ലാതെ, ഇതെപ്പോഴെങ്കിലും കണ്ടേക്കും, കണ്ടേക്കാം എന്നൊന്നും തോന്നിയിരുന്നില്ല.

ബാലചന്ദ്രമേനോനെക്കൂടാതെ, നെടുമുടി വേണു, രോഹിണി ഹട്ടംഗഡി, രോഹിണി, ആറന്മുള പൊന്നമ്മ, സുമിത്ര, കവിയൂര്‍ പൊന്നമ്മ, തിലകന്‍, ജഗന്നാഥവര്‍മ്മ, മീന എന്നിവരൊക്കെയുണ്ട് ഇതില്‍. കാണാത്തവര്‍ക്ക്, ആരൊക്കെയെന്തെന്നുമാരെന്നുമറിയാന്‍, കാണുക തന്നെ രക്ഷ. മിക്കവാറും പേര്‍ കണ്ടിട്ടുണ്ടാവും. പഴയ സിനിമയല്ലേ? പിന്നെ ഇഷ്ടമാവുന്ന കാര്യം. എനിക്കിഷ്ടമായി. പലര്‍ക്കും ഇഷ്ടമായിക്കാണും. ചിലര്‍ക്ക്
ഇഷ്ടമായിട്ടുണ്ടാവില്ല. ഇനി ആദ്യമായിട്ട് കാണുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമാവില്ല. ഇനി ഒന്നുകൂടെ കാണുമ്പോള്‍ പലര്‍ക്കും ഒന്നുകൂടെ ഇഷ്ടമാവും.

അച്ചുവേട്ടനും കുടുംബവും, പുതിയ വീട്ടിലേക്ക് എത്തുമ്പോഴാണ് കഥ തുടങ്ങുന്നത്. വരുന്ന വഴിയില്‍, കാറില്‍ വെച്ചു തന്നെ, അധികം ലോഗ്യം വേണ്ട എന്നൊരു ബോര്‍ഡ്, ലോകത്തിനുവേണ്ടി അച്ചുവേട്ടന്‍ തൂക്കിയിടുന്നുണ്ട്. അത് ഡ്രൈവറോടുള്ള, വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലാക്കാം. വീട്ടിലെത്തിയ ശേഷം, അച്ചുവേട്ടന്റെ ഭാര്യയുടെ, -രുക്മിണി- സംഭാഷണങ്ങളില്‍ നിന്നും, നാട്ടുകാരോടൊന്നും, അടുപ്പം ഇല്ലായിരുന്നെന്ന് മനസ്സിലാവുന്നുണ്ട്. രണ്ട് പെണ്‍കുട്ടികള്‍. മൂത്തവള്‍ അശ്വതിയും, ഇളയവള്‍ കാര്‍ത്തികയും. അശ്വതിയ്ക്ക് അധികം സ്വാതന്ത്ര്യം പാടില്ലെന്നും, കാര്‍ത്തികയ്ക്ക് സ്വാതന്ത്ര്യം അല്‍പ്പം ആവാമെന്നും അച്ചുവേട്ടന്റെ രീതികളിലൂടെ മനസ്സിലാവുന്നുണ്ട്. ഒരിക്കല്‍ താനുണ്ടാക്കാന്‍ പോകുന്ന വീടിന്റെ പ്ലാന്‍ എടുത്തുനോക്കി, പ്രേക്ഷകരെ, അങ്ങനെയൊരു സ്വപ്നം കാണുന്ന വിവരം അറിയിക്കുന്നുണ്ട്.
താമസിക്കുന്ന വീടും, താന്‍ വരച്ച പ്ലാനും സാമ്യമുണ്ടെന്ന്, സന്തോഷത്തോടെ ഭാര്യയോട് പറയുന്നു. അവരെ വിശദമായി കാണിക്കുന്നു.

ദൂരെ നാട്ടില്‍ ഇരിക്കുന്ന കണ്ണുവയ്യാത്ത അമ്മയെ കാണിക്കുന്നത്, ഫോണ്‍ കണക്ഷന്‍ കിട്ടി, വിളിക്കുമ്പോഴാണ്. പിറന്നാളിന് വരണമെന്ന് അമ്മ ഓര്‍മ്മിപ്പിക്കുന്നു. ഭാര്യയുടെ വീട്ടുകാരുടെ ചെലവില്‍ കഴിയുന്നെന്ന് അനിയനെക്കുറിച്ച്, പരാതിയുണ്ട്, അച്ചുവേട്ടന്. വീട്ടിലെത്തുമ്പോള്‍, ചിലകാര്യങ്ങളൊക്കെപ്പറഞ്ഞ് തര്‍ക്കവും ഉണ്ട് അനിയനുമായി.

പ്രശ്നങ്ങള്‍ തുടങ്ങുന്നത്, അവര്‍ താമസിക്കുന്ന വീടിനടുത്തുള്ള, മെന്‍സ് ഹോസ്റ്റലിലെ അന്തേവാസികളുടെ അച്ചടക്കമില്ലായ്മയെന്ന് അച്ചുവേട്ടന്‍ വിചാരിക്കുന്ന, അവരുടെ സ്വഭാവം കൊണ്ടാണ്. പാട്ട്, കൂത്ത്. രണ്ട് പെണ്‍കുട്ടികളുമായി താമസിക്കുന്ന തന്റെ വീടിനടുത്ത് ഇതൊന്നും പറ്റില്ലെന്നും, വേണ്ടിവന്നാല്‍ നിയമസഹായം തേടുമെന്നും അച്ചുവേട്ടന്‍ അവിടെ പോയി വാര്‍ഡനെ കണ്ട് പറയുന്നു. പിന്നെ അവര്‍ അവരുടേതായ രീതികളും, അച്ചുവേട്ടന്‍ തന്റേതായ രീതികളും ഉപയോഗിച്ച് മത്സരം തുടങ്ങുന്നു. അച്ചുവേട്ടന് മാപ്പ് പറയേണ്ടിവരികയും, വാടക വീട്ടില്‍ വെച്ച് മരിക്കേണ്ടിവരികയും ചെയ്യുന്നു.

പിന്നെ, ആ അമ്മയും മക്കളും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളിലൂടെ കഥ പോകുന്നു. സഹായിക്കേണ്ട പലരും, മുഖം തിരിക്കുകയും, അച്ചുവേട്ടന്‍ ഉള്ളപ്പോള്‍, കാണിച്ചിരുന്ന നന്മ കാണിക്കാതിരിക്കുകയും ചെയ്യുന്നു. അച്ചുവേട്ടന്‍ വെറുത്തിരുന്നവര്‍, സഹായിക്കുന്നതാണ് പിന്നെ കാണുന്നത്. ജോലി, അശ്വതിയ്ക്ക് കിട്ടുകയും, ചെലവിന്റെ കാര്യത്തില്‍, അച്ഛനേക്കാള്‍ കണിശത കാണിക്കുകയും ചെയ്യുന്നു. അശ്വതിയുടെ വിവാഹത്തോടെ, ഒറ്റയ്ക്കാവുന്ന, അമ്മയും ഇളയമകളും, അവരുടെ ഇല്ലായ്മകളും, ആവലാതികളും. എന്തായാലും അവര്‍, എല്ലാം നേരിട്ട്, ജീവിക്കാന്‍ തന്നെ തീരുമാനിക്കുന്നു.

വളരെ, കണിശക്കാരനും, ദേഷ്യക്കാരനും ഒക്കെയാണെങ്കിലും, കുടുംബത്തോട് സ്നേഹമുള്ള അച്ചുവേട്ടന്‍. കുട്ടികളെ ശാസിക്കുമ്പോഴും, അവര്‍ ലോകനീതിയനുസരിച്ച് വളരണമെന്ന് വിചാരിക്കുമ്പോഴും, അച്ചുവേട്ടന് അവരോട് സ്നേഹമുണ്ടെന്ന് മനസ്സിലാവും. പിന്നെ അച്ചുവേട്ടന്റെ ഭാര്യ. അവര്‍, അച്ചുവേട്ടനും, മക്കള്‍ക്കുമിടയില്‍ ജീവിക്കുന്നു. ലോകവിവരം ഇല്ലാതായിപ്പോയി എന്നതാണ് അവരുടെ കുറവ്. അച്ചുവേട്ടന്‍
അവരെ വീട്ടിന് പുറത്തെ ജോലികളൊന്നുംതന്നെ ഏല്‍പ്പിക്കുന്നില്ല. അതൊന്നും അവര്‍ക്കറിയില്ലെന്നൊരു കുറവ് ഒഴിച്ചാല്‍, അവര്‍ നല്ലൊരു അമ്മയും, ഭാര്യയും, മരുമകളുമാണ്. കുട്ടികള്‍, കുറച്ചുകൂടെ സ്വാതന്ത്ര്യം കിട്ടിയാല്‍ക്കൊള്ളാമെന്ന പക്ഷക്കാരാണ്. ആ കണിശത്തിനിടയിലും, കാറ് വാങ്ങി അവരെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ട് അച്ചുവേട്ടന്‍.

ബാലചന്ദ്രമേനോന്‍, ക്യാപ്റ്റന്‍ എന്ന് കൂട്ടുകാരൊക്കെ വിളിക്കുന്ന വിപിന്‍, ഇവരോട്, ആദ്യം ശത്രുതയിലാവുകയും, പിന്നീട് ഒരു സഹായി ആയി മാറുകയുമാണ്.

അല്‍പ്പം തമാശകളും, വളരെ വിഷമം തോന്നുന്ന രംഗങ്ങളും ഉണ്ടിതില്‍. ഈ സിനിമ വെറുതേ കാണരുത്. അച്ചുവേട്ടനും, കുടുംബവും, പുതിയ വാടകവീട്ടിലേക്കെത്തുമ്പോള്‍, വാതില്‍ തുറന്ന് അകത്ത് കയറുമ്പോള്‍, നമ്മളും അകത്തേക്ക് കയറണം. അല്ലെങ്കില്‍, ഈ സിനിമ കണ്ടിട്ട് ഒരു കാര്യവുമില്ല. ഓ...ഒരു സിനിമ എന്നു പറയും തീരുമ്പോള്‍. അത്ര തന്നെ. കണ്ടവര്‍, ഇനിയൊരിക്കല്‍ കാണുമ്പോള്‍, അവരുടെ കൂടെ അകത്തേക്ക് കയറുക. നിങ്ങള്‍, അവരുടെ വീട്ടിലെ ഒരാളായിക്കഴിഞ്ഞു. അവരുടെ ജീവിതത്തിലേക്ക് അലിഞ്ഞുചേരുക. തമാശയൊന്നുമല്ല. അങ്ങനെ ചെയ്തുനോക്കൂ. നിങ്ങള്‍ക്കീ സിനിമ ആദ്യം കണ്ടിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ ഇഷ്ടപ്പെടും തീര്‍ച്ച. ഞാനിപ്പോഴും, അവരുടെ കൂടെയുണ്ട്. അമ്മയും മകളും പുറത്തേക്ക് പോകുന്നിടത്ത്, കഥ നില്‍ക്കുന്നുണ്ട്. ഞാനവരെ കാത്ത്, നില്‍ക്കുന്നുണ്ട്. അവര്‍ തിരിച്ചുവന്ന് വീട് തുറന്ന് കയറുമ്പോള്‍, എനിക്കു കൂടെ കയറമെന്നുണ്ട്. കാരണം, ആ കഥാപാത്രങ്ങളുടെ കൂടെ ആയിപ്പോയി മനസ്സ്. അതുകൊണ്ടു തന്നെ, എനിക്കിപ്പോള്‍ ഒരു ആഗ്രഹമുള്ളത്, ഇതിന്റെ രണ്ടാം ഭാഗം വരണമെന്നാണ്. നല്ല രസമായിരിക്കും.

പിന്നെ പാട്ട്. അതിഷ്ടപ്പെടാതെ പോകുമോ ആര്‍ക്കെങ്കിലും?

ചന്ദനം മണക്കുന്ന പൂന്തോട്ടം,
ചന്ദ്രിക മെഴുകിയ മണിമുറ്റം,
ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം.

ചന്ദനപ്പൂന്തോട്ടമുള്ള, ചന്ദ്രികയുടെ വെളിച്ചം, നിറഞ്ഞുനില്‍ക്കുന്ന മുറ്റമുള്ള, അമ്പിളി, വിളക്കുപോലെ, ഉമ്മറത്തെത്തുന്ന ഒരു വീട്! ആലോചിക്കുമ്പോള്‍ത്തന്നെ സന്തോഷം.

ഇത് ഈ സിനിമയുടെ പരസ്യമല്ല. ശരിക്കുള്ള ഒരു അവലോകനം പോലുമാവില്ല. എന്റേതായ ഭാഷയില്‍ എനിക്കിഷ്ടമായ സിനിമ, നിങ്ങള്‍ക്കും സൌകര്യമുണ്ടെങ്കില്‍ കാണാം എന്ന രീതിയില്‍ പറഞ്ഞു എന്നേയുള്ളൂ. പഴയ സിനിമ ആയതുകൊണ്ടുതന്നെ മിക്കവരും കണ്ടിട്ടുണ്ടാവും. എന്നാലും, ഒന്നുകൂടെ ആസ്വദിച്ച് കാണുക. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമ, പ്രേക്ഷകര്‍, ഇന്നും ഇഷ്ടത്തോടെ സ്വീകരിക്കുന്നുണ്ടെങ്കില്‍, അതിന്, അതിനുള്ള ഗുണം ഉണ്ടാവും, തീര്‍ച്ച.

Labels:

Saturday, September 22, 2007

മൌനം വീണ്ടുമെത്തുന്നുവോ?

ചിരി, കരച്ചില്‍, പിണക്കം, ചിന്തകള്‍, സ്വപ്നങ്ങള്‍, ഒരുപാടൊരുപാട് ജീവിതം.
മൌനത്തിന് മുമ്പ് അങ്ങനെ...
ചിരി, കരച്ചില്‍, പിണക്കം, ചിന്തകള്‍, ഓര്‍മ്മകള്‍, ഒരുപാടൊരുപാട് ജീവിതം.
മൌനത്തിന് ശേഷം അങ്ങനെയാവില്ലേ?
മൌനം എന്നും ഇടവേളയാണ്. തുടങ്ങുന്നതും ഒടുങ്ങുന്നതും ഒന്നുമറിയാതെയാണെങ്കില്‍, മൌനമെന്നതു വെറും വാക്കല്ലേ?
മൌനം, പിന്‍‌വാങ്ങലാവുമോ? വാക്കുകള്‍, മടുപ്പിച്ച്, അടിച്ചേല്‍പ്പിക്കുന്നതാവുമോ?
മൌനം, തുടങ്ങുന്നതറിയുമ്പോള്‍, വേദനിപ്പിക്കും ചിലപ്പോള്‍.
മൌനം ഒടുങ്ങുന്നെന്നറിയുമ്പോള്‍ ആശ്വസിക്കും ചിലപ്പോള്‍.
പക്ഷെ, നല്ലതിന്റെ ആവര്‍ത്തനത്തില്‍ തുടങ്ങി, നല്ലതിന്റെ തുടര്‍ച്ചയിലേക്ക് നീങ്ങുമെന്നറിഞ്ഞാല്‍‍, ആഘോഷമാവില്ലേ?
ആരു പറയും ഉത്തരങ്ങള്‍?
ഞാനോ നിങ്ങളോ മൌനമോ?

Labels:

Tuesday, September 18, 2007

വാല്‍മീകി രാമായണം രചിച്ച കഥ

ഇങ്ങിനെയരുള്‍ചെയ്തനാരദവാക്യംകേട്ടു
തിങ്ങിനമോദത്തോടെപൂജിച്ചാന്മുനിവരന്‍
അന്നതുമംഗീകരിച്ചമരമുനിയുടന്‍
ഉന്നതസന്തോഷത്താല്‍ നടന്നോരനന്തരം
ജാഹ്നവീസമീപത്തിലുള്ളൊരു തമസയില്‍
വാല്‍മീകിമുനിവരന്‍സ്നാനാര്‍ത്ഥമെഴുന്നള്ളി
വല്‍ക്കലാദികളേയും കൊണ്ടു പിന്നാലെ കൂടി
വന്നൊരു ഭരദ്വാജനാമാവാംശിഷ്യനുമാ-
യൊത്തുടന്‍ മുനിവരന്‍ നിര്‍ഗ്ഗമിച്ചനന്തരം
ഉത്തമയായുള്ളൊരു തമസാ തീരെചെന്ന-
ങ്ങാര്‍ത്തികളകലുന്ന തീര്‍ത്ഥത്തെ കണ്ടനേരം
പാര്‍ശ്വസ്ഥശിഷ്യനോടുപേര്‍ത്തു ചൊല്ലിനാനേവം
ഉത്തമജനങ്ങടെ ചിത്തമെന്നതുപോലെ
കര്‍ദ്ദമമകന്നുള്ള തീര്‍ത്ഥാംബു കണ്ടായോ നീ
വല്‍ക്കലം തരികെടൊ വെക്ക നീ കമണ്ഡലു
തീര്‍ത്ഥമാടുന്നെഞാനിന്നിത്തരം പറഞ്ഞപ്പോള്‍
ചിത്തസമ്മതം പൂണ്ടു ശിഷ്യനും വണക്കത്തില്‍
വല്‍ക്കലംകൊണ്ടുവന്നു സത്വരം കൊടുത്തിതു
വേഷ്ടിച്ചങ്ങതുമുനി വിപുലതരുക്കളാല്‍
സാന്ദ്രമായുള്ള മഹാവിപിനംകണ്ടങ്ങതില്‍
സഞ്ചരിക്കുന്ന നേരത്തു കാണായിതൊരു ദിക്കില്‍
‍പഞ്ചബാണാര്‍ത്തനായിക്രീഡിച്ചങ്ങിരിക്കുന്ന
ക്രൌഞ്ചപക്ഷിയെ വ്യാധസായകവിദ്ധമായി-
ക്കണ്ടിതങ്ങതിനുടെ ഭാര്യയാം ക്രൌഞ്ചി പാരം
ഇണ്ടല്പൂണ്ടാകുലയായ്ക്കരയുന്നതുകേട്ടു
മാമുനിശപിച്ചതിതങ്ങന്നിഷാദനെയപ്പോള്‍
‍ശോകമായുച്ചരിച്ചതു ശ്ലോകമായ്‌വന്നുകൂടി


“മാനിഷാദപ്രതിഷ്ഠാന്ത്വം
അഗമശ്ശാശ്വതീസ്സമാഃ
യല്‍ക്രൌഞ്ചമിഥുനാദേകം
അവധീഃ കാമമോഹിതം."


എന്നപ്പോള്‍ മുനിവരഞ്ചിന്തിച്ചു മനതാരില്‍
എന്തിതിന്‍ ഹേതുവെന്നുചൊല്ലിനാന്‍ ശിഷ്യനോടു
ഖിന്നനായിരിക്കുന്നതെന്നുടെ വാക്യമിപ്പോള്‍
നന്നെടോ പദ്യമായിവന്നതു നിരൂപിച്ചാല്‍.
എന്തിതിന്‍ഹേതുവെന്നുചിന്തിച്ചങ്ങിരിക്കവെ
നാന്മുഖനെഴുന്നള്ളീവാല്‍മീകിസമീപത്തില്‍
‍അര്‍ഘ്യപാദ്യാദികൊണ്ടുപൂജിച്ചമുനിയോടു
ചിത്തസമ്മോദംപൂണ്ടുനാന്മുഖനരുള്‍ചെയ്തു
ചിന്തപൂണ്ടിരിക്കുന്നതെന്തെടോമുനിവര
ചിന്തിക്കവേണ്ടചെറ്റുമിന്നിതിന്നറിഞ്ഞാലും
മന്നിയോഗത്താല്‍ വന്നു പദ്യമായ് നിന്റെ വാക്യം
ഇത്തരം പദ്യങ്ങളെക്കൊണ്ടുനീ ചമച്ചാലും
വ്യക്തമായ് രഘുവരവിസ്മയകഥാമൃതം
അക്കഥയൊക്കവെ നിന്നുള്‍ക്കാമ്പിലുദിക്കയെ-
ന്നിത്തരം വരങ്ങളും കൊടുത്തു ചതുര്‍മുഖന്‍
സത്വരമെഴുന്നള്ളിസ്സത്യലോകത്തിലപ്പോള്‍
‍വിസ്മയം പൂണ്ടുമുനി തന്നിയോഗത്താലെല്ലാം
വിസ്തരിച്ചുരചെയ്‌വാന്‍ തുടങ്ങുന്ന നേരത്തിങ്കല്‍
അക്കഥയൊക്കെ മനക്കാമ്പില്‍ വിശദമായ്
സല്‍ക്കവിവരന്‍ കണ്ടു സാക്ഷിഭൂതനെപ്പോലെ
അത്തരം പദ്യം കൊണ്ടുചമച്ചരാമായണ-
മുത്തരത്തോടുകൂടിയേഴുകാണ്ഡമായതു-
സ്സര്‍ഗ്ഗങ്ങളഞ്ഞൂറായിട്ടക്കഥചമച്ചാമ്പോല്‍
‍സ്വര്‍ഗ്ഗതിവരുത്തുവാനിക്കണക്കൊന്നുമില്ല
ഒക്കവെയിരുപത്തിനാലു സാഹസ്രംഗ്രന്ഥം.


നാരദനൊരിക്കല്‍, വാല്‍മീകിമുനിയെ കണ്ടു. ഏറ്റവും ശ്രേഷ്ഠനും ഗുണവാനും ആയ മനുഷ്യന്‍ ആരാണെന്നുള്ള വാല്‍മീകിയുടെ ചോദ്യത്തിനു മറുപടിയായി, നാരദന്‍, രാമനെന്ന് മറുപടി പറയുകയും, രാമന്റെ കഥ മുഴുവന്‍ ചുരുക്കത്തില്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അതൊക്കെ കേട്ട് വിടവാങ്ങി, വാല്‍മീകി, ശിഷ്യനുമായൊത്ത്, തമസാനദീതീരത്ത് പോയി. ഭരദ്വാജന്‍ എന്ന ശിഷ്യനുമൊത്ത് നടക്കുമ്പോഴാണ്, വേടന്റെ ബാണമേറ്റ് പിടയുന്ന ക്രൌഞ്ചപ്പക്ഷിയേയും, കരഞ്ഞുകൊണ്ടിരിക്കുന്ന അതിന്റെ ഇണയേയും മുനി കാണുന്നത്. സങ്കടം കൊണ്ട്, മുനി വേടനെ ശപിച്ചു.

“അരുത്, കാട്ടാളാ, നീ ലോകാവസാനം വരേക്കും (ശാശ്വതമായും) പേരു കേള്‍ക്കാത്തവനായി (ചീത്ത പേരുള്ളവനായി, ഗതി കിട്ടാത്തവനായി) തുടരും. എന്തുകൊണ്ടെന്നാല്‍ പ്രേമബന്ധനത്താല്‍ കുടുങ്ങിയിരിക്കുന്ന ഈ ഇണകളിലൊന്നിനെ നീ വധിച്ചിരിക്കുന്നു.”

അതൊരു ശ്ലോകമായിട്ടാണ് മുനി പറഞ്ഞത്. അതെങ്ങനെ വന്നു എന്ന് ആശ്ചര്യപ്പെട്ടിരിക്കുന്ന മുനിയുടെ സമീപത്തേക്ക്, ബ്രഹ്മാവ് എഴുന്നള്ളി. ബ്രഹ്മാവ് പറഞ്ഞു, ചിന്തിക്കാനൊന്നുമില്ല, ഞാന്‍ തോന്നിപ്പിച്ചതാണ് അതൊക്കെ എന്ന്. ഇത്തരം ശ്ലോകം പോലെ, രാമന്റെ കഥയും എഴുതുക. എല്ലാം അപ്പപ്പോള്‍, തോന്നിക്കോളും എന്ന്. അങ്ങനെ വരങ്ങളൊക്കെ കൊടുത്ത്, ബ്രഹ്മാവ് തിരിച്ചുപോയി.

വാല്‍മീകി എഴുതാന്‍ തുടങ്ങിയപ്പോള്‍, ഒരു വിഷമവുമില്ലാതെ എല്ലാം മനസ്സില്‍ തെളിഞ്ഞുവന്നു.

അങ്ങനെ, രാമായണം, ഏഴ് കാണ്ഡത്തിലും, (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം,
ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം) അഞ്ഞൂറ് സര്‍ഗ്ഗങ്ങളായും, എഴുതി. ഇരുപത്തിനാലായിരം ശ്ലോകമുണ്ടതില്‍.

(മുകളിലുള്ള ശ്ലോകങ്ങള്‍, വാല്‍മീകി രാമായണം - കേരളഭാഷാഗാനത്തില്‍ നിന്ന്. - ഭാഷാന്തരം- കേരളവര്‍മ്മ തമ്പുരാന്‍ തിരുമനസ്സ്)

Labels:

Monday, September 17, 2007

എന്താ?

എന്തെങ്കിലും എഴുതിയാല്‍ക്കൊള്ളാം എന്നു വിചാരിച്ചപ്പോഴാണ് എന്തെഴുതും എന്ന് തോന്നിയത്. എന്തെങ്കിലും എഴുതിയിട്ട് കാര്യമില്ല. എന്തായാലും എഴുതണം. എന്ത് എന്ത് എന്നാലോചിച്ചിരുന്നാല്‍ എന്താവും കഥ എന്നറിയില്ല. എന്തുവന്നാലും എഴുതുക തന്നെ. എഴുതിക്കഴിഞ്ഞൊടുവില്‍ എന്തെങ്കിലും ആവട്ടെ എന്നു കരുതാനേ തരമുള്ളൂ. എന്തരോ എന്തോ എന്ന മട്ടില്‍ എഴുതിയിട്ട് കാര്യമില്ല. എന്തും ആവാം എന്നായാലും ശരിയാവില്ല. എന്തിനേയും കുറിച്ചെഴുതാം. എന്ത് വന്നാലും, നിനക്ക് ഞാനുണ്ടാവും എന്നെഴുതിയാലോ? എന്തിലും ഏതിലും നീയെന്നെ കാണുന്നുവോയെന്ന് ആശ്ചര്യം ഭാവിച്ചാലോ? നീയിത് എന്ത് ഭാവിച്ചാ എന്ന് ചോദിച്ചാലോ? എന്താണിതിന്റെ ഭവിഷ്യത്തെന്നറിയുമോയെന്ന് ചോദിച്ചാലോ? എന്തായാ‍ലും എഴുതുന്നില്ലെങ്കില്‍, “എന്തേ നീ കണ്ണാ, എനിക്കെന്തേ തന്നില്ല” എന്ന സിനിമാപ്പാട്ട് പാടിയാലോ? അല്ലെങ്കില്‍, “എന്തരോ വരട്ടെ, എനിക്കിനി എന്തരു വരാനാ?” എന്ന സീരിയല്‍പ്പാട്ട് പാടിയാലോ. പക്ഷെ എന്തും നേരിടാനുള്ള കരുത്തുണ്ടാവണം. അല്ലെങ്കില്‍ എന്താ എന്തു പറ്റി എന്നു ചോദിക്കുമ്പോള്‍ ഉത്തരം മുട്ടരുത്. എന്താണിതൊക്കെ എന്ന് ചോദിക്കാനിടവരുത്തണോ? നിങ്ങള്‍ എന്തു പറയുന്നു? വായിച്ചുകഴിഞ്ഞപ്പോള്‍‍, എന്തെങ്കിലും തരണമെന്ന് തോന്നിയെന്നോ? എന്തായാലും എനിക്കു വേണ്ട. ഇവിടെയുണ്ട്. എന്ത്? നിങ്ങള്‍ക്ക് വേണമെന്നോ? പിന്നെ എന്തിനാ മടിച്ചുനില്‍ക്കുന്നത്, വേഗം എടുത്തോ. ഞാന്‍ വേറെ എന്തെങ്കിലും വഴി നോക്കിക്കൊള്ളാം.Labels:

Thursday, September 13, 2007

മിഠായിത്തെരു

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരു

കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കോയിക്കോടന്‍ ഹല്‍‌വയാണോ ഓര്‍മ്മ വരുന്നത്? നല്ല കാര്യം. കോഴിക്കോടിന് പല പ്രത്യേകതകളും ഉണ്ട്. അതു മുഴുവനൊന്നും ഞാനിവിടെ എഴുതാന്‍ പോകുന്നില്ല. ഒക്കെ പോയി അനുഭവിച്ചറിയുന്നതാവും നിങ്ങള്‍ക്ക് നല്ലത്. കോഴിക്കോട്ടുകാരൊക്കെ നല്ല സൌഹൃദം കാട്ടുന്നവരാണ്. അവരുടെ സ്നേഹവും, സല്‍ക്കാരവും, സൌഹൃദവുമൊക്കെ നിങ്ങള്‍ അനുഭവിച്ചറിയണം.

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരുവിനെപ്പറ്റി പറഞ്ഞാലോ? അവിടേം നിങ്ങള്‍ പോയിക്കാണണം. അവിടെയുള്ള കച്ചവടക്കാരൊക്കെ നിങ്ങളെ അവരുടെ കടയിലേക്ക് കയറാന്‍ സ്നേഹപൂര്‍വ്വം നിര്‍ബ്ബന്ധിക്കും. വേണെങ്കില്‍ വന്ന്, വാങ്ങിപ്പോയ്ക്കോളീന്‍ എന്നൊരു മനോഭാവം അവര്‍ക്കില്ല. ബാഗ്, കുട, ചെരുപ്പ്, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍ ഒക്കെ നിങ്ങള്‍ക്ക് കിട്ടും. ഒന്നും വേണ്ടെങ്കിലും, ആ തിരക്കിലൂടെ ഒന്ന് നടക്കുക.


മിഠായിത്തെരുവില്‍ ചുറ്റിക്കറങ്ങി മടുക്കുമ്പോള്‍, ആര്യഭവനുണ്ട്, ക്ഷീണം തീര്‍ക്കാന്‍. പക്ഷെ ഉച്ചസമയത്ത് പോയാല്‍ മിക്കവാറും ഊണേ കിട്ടൂ. അല്ലെങ്കില്‍ വെജ് ബിരിയാണി. പോയി, കൂപ്പണെടുത്ത്, കൈ കഴുകി ഇരുന്നാല്‍ അവര്‍ ഇലയിടും, ചൂടോടെ ചോറും കറികളും വിളമ്പും. ഒരു കുഞ്ഞുപാത്രത്തില്‍ പായസവും ഉണ്ടാവും. അവിടെ നിന്ന് വയറു നിറച്ച് ഉണ്ടു കഴിഞ്ഞ്, പുറത്തേക്കിറങ്ങിയാല്‍, കസവുകട കാണാം. സെറ്റുമുണ്ടോ, സാരിയോ, മുണ്ടോ എന്തു വേണമെങ്കിലും വാങ്ങാം.

അതുകഴിഞ്ഞ്, വീണ്ടും കറങ്ങാം. ഒരല്‍പ്പം സമയം തിരക്കില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെങ്കില്‍, റോഡിന്റെ അറ്റത്തേക്ക് വന്നാല്‍, ഡി സി ബുക്സ് ഉണ്ട്. അവിടെക്കയറി പുസ്തകം വേണ്ടത് വാങ്ങാം.

ജ്യൂസ്

കുറച്ചുകൂടെ മുന്നോട്ട് വന്നാല്‍ ജ്യൂസ് സെന്റര്‍ ഉണ്ട്. അവിടെനിന്ന് ജ്യൂസ് കുടിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെ. നല്ല തണുത്ത ജ്യൂസ്, തണുത്തതല്ലാത്ത സ്നേഹത്തോടെ തരും. പല തരം ജ്യൂസുകളും, ഷേക്കും കിട്ടും. ആപ്പിള്‍ ജ്യൂസ് അവിടെ നിന്നു കുടിക്കണം നിങ്ങള്‍. ഞാന്‍ അതു കുടിച്ചിട്ടില്ല. എല്ലാവരും പറഞ്ഞു, അത്, അടിപൊളിയാണെന്ന്. കഴിഞ്ഞൊരു തവണ, ഞാനും എന്റെ കസിന്‍സും കൂടെ, ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച്, രണ്ടുപ്രാവശ്യം അവിടെ നിന്ന് ജ്യൂസ് കുടിച്ചു. ഇരിക്കാനൊന്നും പറ്റിയെന്നുവരില്ല. എന്നാലും നിങ്ങള്‍ക്ക് നല്ല ഉഷാറുണ്ടാവും അവിടെ നിന്നിറങ്ങുമ്പോള്‍. ജ്യൂസ് കുടിക്കുമ്പോള്‍, വെറുതെ ഒന്ന് കണ്ണോടിച്ചാല്‍, പബ്ലിക്ക് ലൈബ്രറി കാണാം.

കാപ്പി

നിങ്ങള്‍ക്ക് ഇനി കറങ്ങാനൊന്നും സമയമില്ല, വീട്ടില്‍ നിന്നു കാപ്പി കുടിച്ചാല്‍ മതി എന്നാണോ? എന്നാല്‍, കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ പിടിക്കുക. മിഠായിത്തെരു എന്നു പറയുക. വീട്ടില്‍ നിന്നു കാപ്പി കുടിക്കാന്‍ മിഠായിത്തെരുവിലെന്തിനു പോകുന്നു എന്നു സംശയിക്കുന്നോ? ഇതാണ് നിങ്ങളുടെയൊക്കെ കുഴപ്പം. ആവശ്യത്തിനു സംശയിക്കില്ല, ആവശ്യമില്ലാത്തതിന് സംശയിക്കും. മിഠായിത്തെരുവിലേക്ക് പ്രവേശിക്കുമ്പോള്‍ ഓട്ടോക്കാരനോട് പറയുക, ഹനുമാന്‍ കോവിലിന്റെ മുന്നില്‍ നിര്‍ത്താന്‍. പിന്നേം നിങ്ങള്‍ സംശയിച്ചു. വീട്ടില്‍പ്പോയി കാപ്പികുടിക്കണമെങ്കില്‍ പ്രാര്‍ത്ഥിക്കണോ, എന്റെ വീട്ടിലേക്കല്ലല്ലോ വരുന്നതെന്ന്. അല്ലേ? വേണ്ട. ഹനുമാന്‍ കോവിലിന്റെ മുന്നില്‍ ഓട്ടോ നിര്‍ത്തിച്ച് ഇറങ്ങി പൈസ കൊടുത്ത്, ഒന്ന് ദീര്‍ഘനിശ്വാസം വിടുക. ഒരു കാപ്പിക്കുവേണ്ടി ഇത്രയും സാഹസമോ എന്നാണോ? നിങ്ങളുടെ മൂക്കിനു കുഴപ്പമൊന്നുമില്ലെങ്കില്‍, നിങ്ങള്‍ക്ക്, കാപ്പിയുടെ നല്ല അസ്സല്‍ മണം കിട്ടും. മണം പിടിച്ച് നടക്കുക. അപ്പോ എന്തു കാണും? കാപ്പിപ്പൊടിക്കട. സ്വാമി& സണ്‍സിന്റെ കാപ്പിപ്പൊടിക്കട. നല്ല ചൂടോടെ കാപ്പിപ്പൊടി കിട്ടും. എത്രയാ അളവുവേണ്ടതെന്ന് വെച്ചാല്‍ വാങ്ങുക. ചായ പോലൊന്നുമല്ല, ഈ കാപ്പി. എന്താ അതിന്റെ ഒരു സ്വാദ്. പൊടിയുടെ മണം കൊണ്ടുതന്നെ, കാപ്പി കുടിച്ചപോലെ ആവും.


തിരക്ക്

പിന്നെ, ഉത്സവദിവസങ്ങള്‍ അനുബന്ധിച്ചുള്ള ദിവസങ്ങള്‍ ആണെങ്കില്‍, നിങ്ങള്‍, മൊബൈല്‍ ഫോണും കൊണ്ട് പോകേണ്ടി വരും, കൂടെയുള്ളവരെ കണ്ടുപിടിക്കാന്‍.

“ഹലോ നീയെവിട്യാ?”

“ഞാനിവിടെ ലേഡീസ് സെന്ററിന്റെ മുന്നിലുണ്ട്.”

“ഞാനും അതിനു മുന്നില്‍ത്തന്നെ.”

ഇങ്ങനെ ആവും സ്ഥിതി. അത്രയ്ക്കും തിരക്കാവും.


ഹല്‍‌വ

ഹ‌ല്‍‌വ വാങ്ങാതെ, കോഴിക്കോട് പോയി മടങ്ങുകയോ? അത് പറ്റില്ല. ഏത് തരം വേണമെങ്കിലും വാങ്ങുക. നെയ്യില്‍ തയ്യാറാക്കിയതോ, വെളിച്ചെണ്ണയില്‍ തയ്യാറാക്കിയതോ. അത് തിന്നുകഴിഞ്ഞാല്‍ നിങ്ങള്‍ ഡയറ്റിംഗ് മറക്കും. ഏത് കളര്‍ വേണമെങ്കിലും വാങ്ങുക. മഞ്ഞ, ഓറഞ്ച്, ഇളം മഞ്ഞ, കറുപ്പ്. മിഠായിത്തെരുവിന്റെ പേരില്‍ മാത്രമല്ല, അവിടെയുള്ള ജനങ്ങളുടെ പെരുമാറ്റത്തിലും നിങ്ങള്‍ക്ക് സ്നേഹത്തിന്റെ മധുരം കാണാം. എസ് എം സ്ട്രീറ്റെന്നാല്‍ സ്വീറ്റ് മീറ്റ് സ്ട്രീറ്റ്.

തമാശ.

ഹലു‌വയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു തമാശ ഉണ്ട്. ഒരാള്‍ കടയില്‍ക്കയറി. ഹലുവയൊക്കെ നോക്കി. ഇപ്രാവശ്യം സ്പെഷല്‍ ആയ്ക്കോട്ടെ എന്നും വിചാരിച്ച്, കറുത്ത ഹലുവ ചൂണ്ടിക്കാട്ടി. കടക്കാരന്‍ പൊതിഞ്ഞുകൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍, മഞ്ഞ ഹലുവ. പിറ്റേന്ന് പോയി കടക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. കറുത്ത ഹലുവയൊന്നും ഇവിടില്ല, അത് ഹലുവയില്‍ ഈച്ച പൊതിഞ്ഞതായിരുന്നു എന്ന്. ;)

(ചിരിക്കുന്നത് നിങ്ങളുടെ ഇഷ്ടം)

ഓര്‍മ്മകള്‍

എനിക്ക്, എസ് എസ് എല്‍ സി യ്ക്ക് ഫസ്റ്റ് ക്ലാസ്സ് (ഉം...ഉം... നിങ്ങളു വിശ്വസിക്കില്ലെന്ന് എനിക്കറിയാം. മാര്‍ക്ക് ഷീറ്റ്, സ്കാന്‍ ചെയ്ത് ഇവിടെ ഇടാം.) കിട്ടിയപ്പോഴാണ്, റിസള്‍ട്ട് അറിഞ്ഞ ദിവസം തന്നെ, അച്ഛന്‍ എല്ലാവരേയും കൂട്ടി കോഴിക്കോടിന് പോകുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും, കുറച്ച് നേരം പോകണം, സിറ്റിയിലേക്ക്. ആദ്യത്തെ ചുരിദാര്‍ വാങ്ങുന്നത് അന്നാണ്. അല്ലെങ്കില്‍ സിറ്റിയിലൊന്നും പോകാറില്ല ഡ്രസ്സ് വാങ്ങാന്‍. അന്നു ഞങ്ങള്‍ ഡ്രസ്സ് ഒക്കെ വാങ്ങി, അവിടെ കുറച്ച് അടുത്തുള്ള ബന്ധുവീടൊക്കെ സന്ദര്‍ശിച്ച് തിരിച്ചുവന്നു.

പിന്നെ, ശരിക്കും പോകുന്നത്, നാലഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, എന്റെ കസിന്‍ ചേച്ചിയുടെ വിവാഹത്തിന് ഓരോന്ന് വാങ്ങാനാണ്. അന്നും മിഠായിത്തെരുവിലൂടെ കറങ്ങി. പിന്നെ സാരി വാങ്ങാന്‍ പോയി. എനിക്കും സാരി വാങ്ങി. വിറ്റല്‍‌റാവുവില്‍ കയറി.

അതും കഴിഞ്ഞ് പിന്നെ, ഇപ്പോള്‍, അവിടെ പോകാത്ത അവസരങ്ങള്‍ ഇല്ലെന്നായി.

സിറ്റിയില്‍ പുതിയ സിനിമ വരുമ്പോള്‍, എല്ലാവരും കൂടെ പോകും. എന്നിട്ട്, സിനിമയ്ക്ക് ടിക്കറ്റ് എടുത്തിട്ട്, മിഠായിത്തെരുവിലൂടെ കറങ്ങും. ചെരിപ്പു വാങ്ങും, പൊട്ട് വാങ്ങും, അങ്ങനെ ഓരോന്നും കണ്ട്, തെക്കും വടക്കും നടക്കും. കഴിഞ്ഞ വര്‍ഷം അങ്ങനെ കറങ്ങുമ്പോളാണ് എന്റെ അനിയത്തിക്കസിന് തല ചുറ്റിയത്. പൊരി വെയില്‍ ആയിരുന്നു. എല്ലാവരും കൂടെ ഒരു കടയ്ക്കുമുന്നിലിരുന്നു, അവളോടൊപ്പം. കടയിലെ പയ്യന്മാര്‍ ഓടിവന്ന്, വെള്ളമൊക്കെ കൊണ്ടുത്തന്നു.


കഴിഞ്ഞ വിഷുസമയത്താണ്, പടക്കക്കടയ്ക്ക് തീ പിടിച്ച് മിഠായിത്തെരു, അല്‍പ്പം കയ്പ്പ് തോന്നിപ്പിച്ചത്.

ഇതൊക്കെ എനിക്ക്, മിഠായിത്തെരുവിനെപ്പറ്റിയുള്ള പരിമിതമായ അറിവുകളും, എന്റെ ചില ഓര്‍മ്മകളുമാണ്. മിഠായിത്തെരുവിനെപ്പറ്റി, ഈ പറഞ്ഞതിലും എത്രയോ അധികമുണ്ട് പറയാന്‍. അതൊക്കെ ഇനിയൊരിക്കല്‍ പറയാന്‍ പറ്റുമെന്ന് കരുതുന്നു. തനി കോഴിക്കോട്ടുനഗരക്കാര്‍, ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

Labels: , ,

Tuesday, September 11, 2007

ഏത് വേണം?

ആകാശത്തിന്റെ ഒടുക്കം,

ഭൂമിയുടെ അറ്റം,

കടലിന്റെ ആഴം,

ജീവിതത്തിന്റെ അര്‍ത്ഥം,

മരണത്തിന്റെ സത്യം,

ഒന്നും കണ്ടെത്തണമെന്ന് എനിക്കില്ലായിരുന്നു.

തുടക്കവും ഒടുക്കവും എനിക്ക് നീ ആയിരുന്നു.

ഒടുവില്‍, നിന്റെ സ്നേഹത്തിന്റെ അളവ് തിരിച്ചറിഞ്ഞപ്പോള്‍,

എനിക്കിതിലേതെങ്കിലും തെരഞ്ഞെടുത്ത് കണ്ടെത്തണമെന്നായി.

Labels:

Saturday, September 08, 2007

കാത്തിരിക്കും ഞാന്‍

ഇന്നുമോര്‍ക്കുന്നു നിന്‍ കരച്ചിലതാദ്യമായേ-
റ്റുവാങ്ങിയ പുലരിതന്‍ തൂവല്‍ സ്പര്‍ശം.

വര്‍ഷങ്ങള്‍ മറയവേ, നിന്‍ ജീവിതത്തിന്റെ
പടവുകളിലെന്നുമൊരു സാക്ഷിയായ് നിന്നു ഞാന്‍.

പിച്ചനടന്നതു, മോടിക്കളിച്ചതും,
തളരുമ്പോള്‍, വിശ്രമിച്ചലസതയിലിരുന്നതും.

കൂട്ടുകാരോടൊപ്പം കൊഞ്ചിക്കളിച്ചതും,
കാലിടറി വീഴുമ്പോള്‍ പൊട്ടിക്കരഞ്ഞതും.

ദിനങ്ങളതു പോകവേയുറച്ച നിന്‍ ചുവടുകള്‍,
വിപ്ലവം നയിച്ചെന്നെച്ചവുട്ടിക്കുതിച്ചതും.

ഒടുവിലൊരുനാളിലെന്നെയുപേക്ഷിച്ചേ-
തോരന്യദേശത്തു നീ ജീവിതം നയിക്കാന്‍ പോയ്.

നീ വിതയ്ക്കുമോരോ സ്വപ്നത്തിന്‍ വിത്തിലും,
കൊയ്തെടുക്കാനാവട്ടെ വിജയത്തിന്‍ മലരുകള്‍.

പൂത്തുലയട്ടെ നിന്‍ ജീവിതപ്പൂങ്കാവനം
വേഗതയേറട്ടെയോരോ പടവിലും.

വാഴ്ക, വാഴ്ക നീ, നന്മ വാഴ്ത്തീടുക,
ജീവിതം ജയിക്കാനായ്, പ്രാര്‍ത്ഥിച്ചു മുന്നേറുക.

മറക്കാതിരിക്കുക, പിന്നിട്ട വഴികള്‍ നീ,
തിരിച്ചുവന്നീടുകയെന്നെങ്കിലുമെന്നെത്തേടി.

കാത്തിരിക്കും ഞാന്‍, നിന്‍ കാലൊച്ച വീണ്ടും കേള്‍ക്കാന്‍,
നിന്നെ മറക്കാതെ, ഇങ്ങകലെ, നിന്‍...
ജന്മഭൂമി.

Labels: ,

Wednesday, September 05, 2007

ആശുപത്രി

ആശുപത്രിയുടെ ചുവരുകള്‍ക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ തൂവെള്ള നിറമായിരുന്നു. പക്ഷെ, ചുവരിന്റെ മനസ്സ്, കരച്ചിലിന്റേയും, വേദനയുടേയും, നിസ്സഹായതയുടേയും കരിപിടിച്ചുകിടന്നു.

സ്റ്റ്ട്രെച്ചറില്‍, രോഗിയെ കൊണ്ടുപോകുന്ന അറ്റന്‍ഡറുടെ മനസ്സ്, കാലുകളേക്കാള്‍, ഒരുപാട് വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഓപ്പറേഷന്‍ തീയേറ്റര്‍, മനസ്സമാധാനത്തോടെ ഉറങ്ങാനാവുന്നില്ലെന്ന പരാതിയുടെ മുഖത്തോടെ തപിച്ചുകിടന്നു.

തിയേറ്ററിനുപുറത്തെ ബള്‍ബ്, എപ്പോഴും ജാഗരൂകമായി നിലകൊണ്ടു.

സ്നേഹത്തിന്റെ മാലാഖമാര്‍, മനസ്സില്‍ വരുന്ന കയ്പ്പുകള്‍ കുടിച്ചിറക്കി, പുഞ്ചിരി മധുരം വിളമ്പിക്കൊണ്ടിരുന്നു.

മരുന്നുഷെല്‍ഫിലെ ഗുളികകള്‍, ഡോക്ടറുടെ കുറിപ്പടിയുടെ വിളികേട്ട് ഇറങ്ങിപ്പോയ്ക്കൊണ്ടിരുന്നു.

രോഗങ്ങളെ ഇറക്കിവിട്ട്, രോഗികളുടെ മനസ്സിലേക്ക് സ്വാന്ത്വനം ചൊരിഞ്ഞ് ഡോക്ടര്‍മാര്‍, വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരുന്നു.

കുതിച്ചുപായലിന്റെ വേഗതയുള്ള കാലുകളും, വേച്ചുപോകുന്ന കാലുകളും, ആശുപത്രി നിലം ഒരുപോലെ ക്ഷമയോടെ സ്വീകരിച്ചു.

വിവിധതരം മരുന്നുകളുടെ ഗന്ധങ്ങള്‍ ആശുപത്രി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.

രോഗികള്‍ക്ക് കൂട്ടുവന്നവര്‍ അക്ഷമരാവുമ്പോള്‍, രോഗികള്‍ ഒന്നുകൂടെ ദൈന്യരായിത്തീര്‍ന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മെഡിക്കല്‍ റപ്രസന്റേറ്റീവുമാരും, ആശുപത്രിയ്ക്ക് പ്രസന്നമായൊരു മുഖം നല്‍കി.

ജനനത്തിന്റെ ചിരിയും, മരണത്തിന്റെ കരച്ചിലും ഏറ്റുവാങ്ങി നിസ്സംഗതയോടെ ആശുപത്രി നിന്നു.

വന്നെത്തുന്നവരെ സ്വീകരിച്ചും, വിട്ടുപോകുന്നവരെ യാത്രയയച്ചും, ആശുപത്രി, തളരാന്‍ സമയമില്ലാതെ നിന്നു.

Labels: ,

Sunday, September 02, 2007

മാവേലിത്തമ്പുരാന്‍ വിരുന്നിനെത്തും

"ഇന്നലെയും അവിടെത്തന്നെയെത്തി." കണ്ണന്‍, ഗേറ്റില്‍ പിടിച്ച്‌, അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ട്‌, ഒരു കൈകൊണ്ട്‌ മൊബൈല്‍ ഫോണ്‍ ചെവിയിലേക്കടുപ്പിച്ച്‌, പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയായി പറഞ്ഞു.

"അപ്പോ, ഇന്നലേയും മാവേലി വന്നില്ല. അല്ലേ? "സേതു ചിരിച്ച് കൊണ്ട്‌ ചോദിച്ചു.

"നിനക്ക്‌ തമാശ. ഇന്ന് പൂരാടമായി. ഇന്നെങ്കിലും മാവേലി വരണം."

"അതിനല്ലേടോ ഞാന്‍ മാവേലി വേഷമിട്ട്‌ വരാമെന്ന് പറഞ്ഞത്‌? നിനക്കപ്പോ ബോധിക്കുന്നില്ല."

"സേതൂ, തമാശയായിട്ടെടുക്കല്ലേന്ന് അത്തപ്പിറ്റേന്ന് മുതല്‍ പറയുന്നതാ ഞാന്‍. അവള്‍ക്കെന്താ പറ്റിയതെന്ന് മനസ്സിലാവുന്നില്ല."

"വൈകുന്നേരം നീ ഇങ്ങോട്ട്‌ വാ. ഇവിടിരുന്ന് ചര്‍ച്ച ചെയ്യാം."

"ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല. ഊണുകഴിഞ്ഞാല്‍ ഷോപ്പിംഗിനിറങ്ങാമെന്ന് സാന്ദ്ര പറഞ്ഞു."

"വീട്ടിലേക്ക്‌ പോകുന്നില്ലെന്ന് തന്നെയാണോ?"

"എല്ലാവരും പറഞ്ഞു, പുതിയ വീട്ടിലെ ആദ്യത്തെ ഓണത്തിന്, വീട് അടച്ചിട്ട്‌ വരേണ്ടെന്ന്. സാന്ദ്രയ്ക്കും അതു തന്നെ ആയിരുന്നു, ആദ്യമേ അഭിപ്രായം. പക്ഷേ, അത്തപ്പിറ്റേന്ന് മുതല്‍ ഒരേ കഥ. മാവേലിയൊട്ട്‌ വരുന്നുമില്ല. അങ്ങനെ ഒരാളുണ്ടോയെന്തോ. എനിക്കിപ്പോ സംശയമായിത്തുടങ്ങി."

"കുട്ടിക്കാലത്ത്‌ എന്നെങ്കിലും ഓണം ആഘോഷിക്കാതെ ഉണ്ടാവും. അതിന്റെ വിഷമം ഉള്ളിലുണ്ടാവും."

"അവള്‍ക്കോ? അവളുടെ കുട്ടിക്കാലം പോലൊന്ന്, മിക്കവര്‍ക്കും സ്വപ്നം കാണാന്‍ കൂടെ ആവില്ല. നിനക്കറിയാമല്ലോ."

"പിന്നെയെന്താ എന്നാല്‍? നീയവളുടെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് കണ്ടുപിടിക്ക്‌."

"നിന്റെയൊരു സാഹിത്യം. അവളുടെ കഥകൊണ്ടു തന്നെ മനുഷ്യനു വട്ടായി ഇരിക്കുമ്പോഴാ."

"എന്നാല്‍ പിന്നെ കാണാം. ഞങ്ങള്‍, നാളെ രാവിലെ നേരത്തേ പോകും. രണ്ടുപേരുടേം വീടുകളിലൊക്കെ കറങ്ങിത്തിരിഞ്ഞ്‌ നാലഞ്ച്‌ ദിവസം എടുക്കും എത്താന്‍. നീ വിഷമിക്കാതിരിക്ക്‌. ഓണമൊക്കെ ഉഷാറായിട്ട്‌ ആഘോഷിക്ക്‌." സേതു ഗൌരവത്തോടെ പറഞ്ഞുനിര്‍ത്തി.

കണ്ണന്‍, ഫോണ്‍ ‍ പോക്കറ്റിലിട്ട്‌, തിരിഞ്ഞ്‌, പൂക്കളം നോക്കി. തുളസിത്തറയ്ക്കരുകില്‍, സിമന്റ്‌ നിലത്ത്‌, ചാണകം മെഴുകിവെച്ച്‌, തുമ്പപ്പൂവും, മുക്കുറ്റിപ്പൂവും, ചെമ്പരത്തിപ്പൂവും, പിന്നെ, തോട്ടത്തിലെ പൂക്കളും ഒക്കെ നിറച്ച്‌, മനോഹരമായ പൂക്കളം. പൂക്കളമിട്ട വീട്ടിലൊക്കെ മാവേലിത്തമ്പുരാന്‍ എത്തുമെന്ന് സങ്കല്‍പ്പം. പക്ഷെ, സാന്ദ്രയുടെ കഥയില്‍, എന്നിട്ടും മാവേലി വന്നില്ല എന്ന് പറയുന്നത്‌ എന്തിനെന്ന് മനസ്സിലാവുന്നില്ല. അഞ്ചെട്ട്‌ ദിവസമായി അതു തന്നെ കഥ. അതു പറയാതെ ഉറങ്ങില്ല. അത്തത്തിനു പൂക്കളമിട്ട ദിവസമാണ് അവള്‍, രാത്രി, ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞത്‌. വിശേഷദിവസങ്ങള്‍ക്കൊക്കെ, ഒരു കഥ അവള്‍ക്ക്‌ പറയാനുണ്ടാവും എന്നറിയാമായിരുന്നതുകൊണ്ട്‌, പറഞ്ഞോ, പറഞ്ഞോ എന്ന് പ്രോത്സാഹിപ്പിച്ചു.

“ഭൂമിയില്‍ നിന്നൊരു കഷണം കടമെടുത്തൂ. മഴവെള്ളം കൊണ്ടൊന്ന് മെഴുകിവെച്ചു. ആകാശം കൊണ്ടുവന്ന് വിരിച്ചിട്ടു. മഴവില്ലില്‍ നിന്നൊരു കഷണം പൊട്ടിച്ച്‌ കളം വരച്ചൂ. നക്ഷത്രങ്ങള്‍ വാരി‌ വിതറി കളം നിറച്ചൂ. ആലിപ്പഴം കൊണ്ട്‌ സദ്യ വെച്ചു. എന്നിട്ടും മാവേലി വന്നേയില്ല.”


ആദ്യത്തെ ദിവസം കഥ കേട്ടപ്പോള്‍, മാവേലിയ്ക്ക്‌, ആലിപ്പഴം സദ്യ ഇഷ്ടമല്ല, അതുകൊണ്ടാവും വരാഞ്ഞതെന്ന് കളിയായി പറഞ്ഞു. ദിവസവും അതു തന്നെ ആവര്‍ത്തിച്ചപ്പോഴാണ്‌ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നിയത്‌. അവസാനം എത്തുന്നതിനുമുമ്പ്‌ എന്നും ഉറക്കം നടിച്ചതും അതുകൊണ്ടുതന്നെ.

സേതുവിനോട്‌ പറഞ്ഞപ്പോള്‍, അവന്‍ തമാശയായി എടുത്തതേയുള്ളൂ. രാജിയ്ക്ക്‌ ഇതിന്റെ പകുതി ഭാവന ഉണ്ടെങ്കില്‍, മാവേലിയല്ല, ഓണം പോലും വന്നില്ലെങ്കിലും സാരമില്ലെന്ന് പറഞ്ഞ്‌ അവന്‍ ചിരിച്ചു.

പുതിയ വീട്ടില്‍, ആദ്യത്തെ ഓണമായിട്ട്‌ അടച്ചുപൂട്ടി വരേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ്‌, വീടുകളിലേക്ക്‌, പതിവുപോലെ പോകേണ്ടെന്ന് തീരുമാനിച്ചത്‌. തിരുവോണപ്പിറ്റേന്ന് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. അഞ്ച്‌ ദിവസം ലീവെടുക്കാനും. വീട്ടില്‍ പോയില്ലെങ്കിലും, ഫോണ്‍ താഴെ വെക്കാതെ വിളിച്ച്‌, വിശേഷങ്ങള്‍ ചോദിച്ച്‌ ചോദിച്ച്‌, വീട്ടിലല്ലാത്തതിന്റെ വിഷമം രണ്ടാളും തീര്‍ക്കുകയും ചെയ്തു.

ഊണുകഴിഞ്ഞാണ്‌ ഷോപ്പിങ്ങിനിറങ്ങിയത്‌. ഇടയ്ക്ക്‌ പൂവും തേടിപ്പോവുകയും ചെയ്തു. ഒക്കെക്കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴേക്കും നേരം ഒരുപാടായിരുന്നു. ഓണക്കോടികളും ഓണസമ്മാനങ്ങളും വാങ്ങി സമയം പോയതറിഞ്ഞില്ല. അതുകൊണ്ടുതന്നെ, മാവേലി വന്നില്ല എന്ന് എത്തുന്നതിനുമുമ്പ്‌ ഉറങ്ങി. ഉറക്കം നടിക്കേണ്ടി വന്നില്ല.

ക്ഷീണം കാരണം, കോളിംഗ്ബെല്ല് വേണ്ടിവന്നു, രാവിലെ എഴുന്നേല്‍ക്കാന്‍.

'ഓണമായിട്ട്‌ ആരാവും? സഹായം ചോദിക്കാന്‍ ആരെങ്കിലും ആവുമോ? കണ്ണുംതിരുമ്മി ക്ലോക്ക്‌ നോക്കുമ്പോള്‍ സമയം ആറ്. ഇരുപത്‌. പാലുകാരനും പത്രക്കാരനും ബെല്ലടിക്കുന്ന പതിവില്ല. ഇനി മാവേലി ആവുമോ? സാന്ദ്ര രാത്രി കഥ പറയുമ്പോള്‍ മാവേലി വന്നില്ല എന്നത്‌ മാറ്റിപ്പറയുമോ ഇന്ന്. കണ്ണന് ചിരി വന്നു. ബാത്‌റൂമില്‍ നിന്ന് വെള്ളം വീഴുന്നത് കേള്‍ക്കുന്നുണ്ട്‌.

വാതില്‍ തുറക്കുമ്പോള്‍, നിറഞ്ഞ പുഞ്ചിരിയോടെ, വീട്ടുകാര്‍. അച്ഛനമ്മമാരും, സഹോദരങ്ങളും, ഭാര്യമാരും, കുട്ടികളും. ചേച്ചിമാരും കുടുംബവും മാത്രം ഇല്ല. അവരുടെ വീട്ടിലാവുമല്ലോ അവര്‍.

അങ്ങനെ അപ്രതീക്ഷിതമായത്‌ കാണുമ്പോള്‍ പരസ്പരം നുള്ളുമായിരുന്നു, രണ്ടുപേരും. സാന്ദ്രയില്ലാത്തതുകൊണ്ട്‌, വെറുതെ സ്വയം നുള്ളി നോക്കി. ശരി തന്നെ എല്ലാവരുമുണ്ട്‌.

"എന്താടോ ഓണമായിട്ടും, കുളിയും ജപവുമൊന്നുമില്ലേ?" സാന്ദ്രയുടെ ഏട്ടനാണ്‌.

ചമ്മലോടെ ചിരിച്ചു. വലിയവരൊക്കെ മുറിയിലേക്ക്‌ കയറി. കുട്ടികള്‍, തലേന്നത്തെ പൂക്കളം നോക്കുന്ന തിരക്കില്‍. കുളിച്ചുവന്നിട്ടേ സാന്ദ്ര, അതൊക്കെ മാറ്റാറുള്ളൂ. അവര്‍ക്ക്‌ ബോധിച്ച മട്ടുണ്ട്‌. തുമ്പപ്പൂ കണ്ട്‌ അതിശയം. എന്നും രാവിലെ ആറു കിലോമീറ്റര്‍ കാറോടിച്ച്‌, ഒരു മണിക്കൂര്‍ കഷ്ടപ്പെട്ട്‌ രണ്ടുപേരുംകൂടെ നുള്ളിയെടുക്കുന്ന പൂവാണെന്ന് അവര്‍ക്കറിയുമോ?


സാന്ദ്ര, മുറിയിലേക്ക്‌ വന്ന് ഞെട്ടുന്നത്‌ വ്യക്തമായിട്ട്‌ കണ്ടു. പൂക്കളത്തേക്കാളും വര്‍ണ്ണം മുഖത്ത്‌ വിരിയുന്നതും.

കുട്ടികളേയും കൂട്ടിയാണു പൂ പറിയ്ക്കാന്‍ പോയത്‌. പൂക്കളമിടുന്നതും, സാന്ദ്ര അവര്‍ക്ക്‌ വിട്ടുകൊടുത്തു.

ഉത്രാടം നാള്‍ കഴിഞ്ഞു. സദ്യയും, പൂക്കളവും കളിയും ചിരിയുമായി. ഓണം നാള്‍ എഴുന്നേല്‍ക്കാന്‍ വൈകേണ്ടെന്ന് പറഞ്ഞ്‌ എല്ലാവരും ഉറങ്ങാന്‍ പോയി. സാന്ദ്ര, ഏടത്തിയമ്മമാരോടൊപ്പം മിണ്ടിയിരിക്കുന്നുണ്ടായിരുന്നു.

വന്ന് കിടക്കുമ്പോള്‍, കഥയില്ലേന്നു ചോദിച്ച്‌, തുടങ്ങി.

"ഭൂമിയിലൊരു കഷണം കടമെടുത്ത്‌..."

‘അതല്ല കഥ.’ അവള്‍ തടഞ്ഞു.

"ചാണകം മെഴുകിയ മുറ്റത്ത്‌, തൃക്കാക്കരയപ്പനെ നടുവിലിരുത്തി, തുമ്പപ്പൂ മെത്ത വിരിച്ചിട്ട്‌, മുക്കുറ്റിയും ചെമ്പരത്തിയും വിതറിയിട്ട്‌, പച്ചില ചുറ്റും ചീകിയിട്ട്‌, നല്ലൊരു വല്യൊരു പൂക്കളം. സദ്യയൊരുക്കി കാക്കുമ്പോഴേക്കും മാവേലിത്തമ്പുരാന്‍ വിരുന്നിനെത്തി. പൂവേ പൊലി, പൂവേ പൊലി ഓണപ്പാട്ടും പാടി വീട്ടുകാര്‍."

ആശ്ചര്യത്തോടെ ഇരിക്കുമ്പോഴേക്കും, അവളുറങ്ങിക്കഴിഞ്ഞു. സേതു ഇനി എന്നാവും വരിക. എന്തായാലും അവന്‍ പറഞ്ഞപോലെ മാവേലി വന്നുകഴിഞ്ഞു. നാളെ ഓണാശംസ പറയാന്‍ വിളിക്കുമ്പോള്‍ പറയാം.

മൂക്കത്ത്‌ ശുണ്ഠിയുള്ള, ചിരിച്ചാലും കരഞ്ഞാലും, കണ്ണില്‍ നിന്ന് മഴയൊരുപാട്‌ പെയ്യുന്ന, വാശിക്കാരിയായ, എന്നാലും പാവമായ, അവന്റെ സാന്ദ്രയെ കെട്ടിപ്പിടിച്ച്‌, ഉറക്കം നടിക്കാതെ, സന്തോഷമായി ഉറങ്ങാന്‍ പറ്റുന്നതില്‍‍, കഥയില്‍ വന്നെത്തിയ മാവേലിത്തമ്പുരാന് നന്ദിയും പറഞ്ഞു അവന്‍ ഉറങ്ങി. സന്തോഷവും സമാധാനവും നിറഞ്ഞൊരു തിരുവോണപ്പുലരിയിലേക്ക്‌ കണ്ണ്‌ തുറക്കാന്‍.

Labels: , , ,