Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 27, 2009

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ
കടലിന്റെ അടിത്തട്ടിൽ
സഫലമാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാനൊരു മത്സ്യമായിട്ട് നീന്തിപ്പോയേനെ.
ആകാശത്തിന്റെ ഉയരത്തിൽ
സത്യമാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാനൊരു മേഘത്തുണ്ടായിട്ട് ചുറ്റിനടന്നേനെ.
ഭൂമിയുടെ ഉള്ളറകളിൽ
യാഥാർത്ഥ്യമാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാനൊരു വേരായി നീണ്ടുപോയേനെ.
ഭൂമിയിൽ നിൽക്കുമ്പോഴാണ്
സ്വപ്നം സ്വപ്നമായി നിൽക്കുന്നത്.
പാഴ്സ്വപ്നങ്ങളാണെന്നറിയുമ്പോഴും
കടലിന്റെ ആഴത്തിലേക്കോ
ആകാശത്തിന്റെ വ്യാപ്തിയിലേക്കോ
ഭൂമിക്കടിയിലേക്കോ
പോവാൻ തന്നെയാണ് തോന്നുന്നത്.
വ്യത്യാ‍സമുള്ളത്
ആദ്യത്തെ യാത്ര ജീവന്റെ തുടിപ്പിലും
അടുത്തത് നിർജ്ജീവതയിലും
ആകാമെന്നാഗ്രഹിക്കുന്നത്
മാത്രമാണ്.


(പനിയായതുകൊണ്ട് എന്തൊക്കെയോ എഴുതിവെച്ചു. പനി മാറുമ്പോഴാവും മനസ്സിലാവുക. അല്ല മനസ്സിലാവാതെയിരിക്കുക.;))

Labels:

Wednesday, February 25, 2009

വെറുതേ കുറച്ച് കാര്യങ്ങൾ

എനിക്കു സങ്കടായി. കാരണം, രമണൻ ഒരു പഞ്ചപ്പാവം തന്നെ എന്നെനിക്കു മനസ്സിലായി. ഞാനതങ്ങുറപ്പിച്ചു. പണ്ടൊക്കെ, രമണൻ, ചന്ദ്രികയെത്ര പറഞ്ഞിട്ടും കൂടെക്കൂട്ടിയില്ല എന്നൊക്കെ വിചാരിച്ചിരുന്നു. കഴിഞ്ഞദിവസം രമണൻ രണ്ടുപ്രാവശ്യം വായിച്ചു. വായിക്കാൻ കണ്ടൊരു ബുക്ക് എന്ന് ചില ബുദ്ധിജീവികൾ വിചാരിക്കും. എനിക്കിഷ്ടമുള്ളത് ഞാൻ വായിക്കും. രമണൻ എന്ന കാവ്യത്തിന്റെ പുതിയ പുസ്തകം വാങ്ങി. പണ്ടൊക്കെ വായിച്ചതാണ്. മലരണിക്കാടുകൾ തിങ്ങിവിങ്ങി എന്ന വരികളൊക്കെ എനിക്കോർമ്മയുണ്ട്. നമ്മളു കാണുന്നപോലെയൊന്നുമല്ല ലോകം എന്ന് രമണൻ പറയുന്നുണ്ട്. ചന്ദ്രിക, പക്ഷെ ആരാ. വിട്ടുകൊടുക്കുമോ? “കുറ്റം പറയുവാനിത്രമാത്രം മറ്റുള്ളവർക്കിതിലെന്തു കാര്യം” എന്നാണ് ചോദ്യം. രമണനാകട്ടെ ചന്ദ്രികയുടെ അച്ഛനമ്മമാരെക്കുറിച്ച്പോലും ചിന്തിക്കുന്നുണ്ട്. അവർക്കൊന്നും തോന്നില്ലെന്ന് ചന്ദ്രിക. പറഞ്ഞുപറഞ്ഞ് ചന്ദ്രിക വേറെ കല്യാണം കഴിച്ചു. രമണൻ ആത്മഹത്യ ചെയ്തു. (ചന്ദ്രിക വേറെ കെട്ടി, രമണൻ തൂങ്ങിച്ചത്തു എന്നാ എഴുതാൻ പോയത്. പക്ഷെ, അങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ? അതുകൊണ്ട് മര്യാദയ്ക്ക് എഴുതി). വായിക്കുമ്പോൾ രമണനെയോർത്ത് സങ്കടം വരും. പിന്നെ ഏതോ വാരികയിൽ വായിച്ചു. ചിത്രം വരയ്ക്കാൻ സഹായിക്കാൻ ചന്ദ്രിക പറഞ്ഞപ്പോൾ, രമണൻ പാടിയ പാട്ട്. “സ്വയംവര ചന്ദ്രികേ...” (കടപ്പാട് ആ വാരികയ്ക്കും എഴുതിയ ആൾക്കും).

ദി നെയിം സേക്ക് വായിക്കുന്നു. മുക്കാൽഭാഗം ആയി. സിനിമ രണ്ടുപ്രാവശ്യം കണ്ടു. തബുവും ഇർഫാൻ ഖാനും ആണ് സിനിമയിൽ കുടുംബനാഥനും നാഥയും. പിന്നെ അവരുടെ കുട്ടികൾ. പ്രിയപ്പെട്ട കഥാകൃത്തിന്റെ പേരാണ് - ഗോഗോൾ - കുടുംബനാഥൻ മകന് ഇടുന്നത്. അതിന്റെ പിന്നിൽ, അദ്ദേഹം മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു കഥയുണ്ട്. മകനാകട്ടെ, ഇങ്ങനെയൊരു പേര് കുറച്ചു ഭാരം തന്നെ. സ്കൂളിൽ ചേർത്തപ്പോൾ വേറെ പേരിട്ടെങ്കിലും, കൊച്ചുകുട്ടിയായ അവൻ പ്രതികരിക്കുന്നത് പഴയ പേര് വിളിക്കുമ്പോഴാണ്. കുട്ടികൾ രണ്ടുപേർ. അവർ വലുതാവുന്നു. പിന്നെ അവരുടെ ജീവിതം. അങ്ങനെ പോകുന്നു കഥ. നാടിന്റെ ഓർമ്മകളുണ്ട് അവരിൽ. മുഴുവൻ വായിച്ചിട്ട് തോന്നിയാൽ എഴുതാം.

ഒരു കഥ വായിച്ചു. സിംഹക്കുട്ടി, ആട്ടിടയന്റെ കൂടെപ്പെടുന്നതും, ആട്ടിൻപറ്റത്തിന്റെ കൂടെ ജീവിക്കുന്നതും, ഒടുവിൽ സിംഹം, അതിനെ തിരിച്ചെടുത്തുകൊണ്ടുപോയി നീ സിംഹക്കുട്ടിയാണെന്ന് ഓർമ്മിപ്പിച്ച് അതിനെ നേർവഴിക്കാക്കുന്നതുമായ കഥ. അതുപോലെയാണത്രേ നമ്മളോരോരുത്തരും. നമ്മുടെ ശക്തി സ്വയം തിരിച്ചറിയണം. അല്ലെങ്കിൽ ആരെങ്കിലും വേണം പറഞ്ഞുതരാൻ.

തൊണ്ടവേദന, പനിയൊക്കെയുണ്ട്. ചെറിയ യാത്ര നടത്തിയപ്പോൾ കിട്ടിയത്. ഐസിട്ട ജ്യൂസ് കുടിച്ചിട്ട് കിട്ടിയതാണ്. ഐസ് പ്രത്യേകം ചോദിച്ചുവാങ്ങിയതാണ്. അതുകൊണ്ട് രോഗം ഫ്രീയായിട്ട് കിട്ടിയതല്ല. ചോദിച്ചുവാങ്ങിയെന്നു പറയാം.

മൂന്ന് പുസ്തകം വാങ്ങി. അലമാരയിൽ നിരത്തിവെച്ച് പൊങ്ങച്ചം കാണിക്കാനൊന്നുമല്ല. അടുത്ത സുഹൃത്തുക്കൾ മാത്രം കാണുന്ന അലമാരയിൽ വെക്കുന്നത് എന്റടുത്ത് ഇത്ര പുസ്തകം ഉണ്ടെന്ന് പറയാനൊന്നുമല്ല. അല്ലെങ്കില്‍പ്പിന്നെ അലമാര കയറിവരുന്നിടത്തെ വാതിലിനുമുന്നിൽ വെക്കണം. പത്രക്കാരനും പോസ്റ്റുമാനും, പാൽക്കാരനും, പിരിവുകാരും എന്നുവേണ്ട സകലരും കണ്ടോളും. പൊങ്ങച്ചത്തിനായിരുന്നെങ്കിൽ വജ്രം വാങ്ങി കഴുത്തിലും കാതിലുമൊക്കെ ഇട്ടാൽ നാട്ടുകാരും കൂടെ കാണില്ലേ. അല്ലപിന്നെ! എനിക്ക് വജ്രം ധരിച്ചാൽ അലർജിയൊന്നുമില്ല. ;)

പഴയ കുറേ പുസ്തകങ്ങൾ അമ്മയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവന്നിട്ടുണ്ട്. അതിന്റെയൊക്കെ പേജ് ഓരോന്നായി എടുക്കാം. പിന്നെ അതൊക്കെ പൊടി തൊഴിയാനും തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അതൊക്കെ നശിക്കും. അവിടെ അലമാരയിൽ ഇനിയും കുറേ കിടപ്പുണ്ട്. എനിക്കത്ര പരിചയമില്ലാത്ത പുസ്തകങ്ങളായതുകൊണ്ട് എടുത്തില്ല. ചിലപ്പോ വിലപിടിപ്പുള്ളതാവും. ആർക്കറിയാം. പഴയ കുറേ പുസ്തകങ്ങൾ ഉണ്ടായിരുന്നു, യൂനിവേഴ്സിറ്റിയിലേക്കോ മറ്റോ കൊടുത്തെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞെട്ടി. പക്ഷെ, കൊടുക്കുന്നേരം അറിയില്ലല്ലോ, ഇതൊക്കെ ആരെങ്കിലും വായിക്കുംന്ന്. ആർക്കാ അതൊക്കെ നോക്കാൻ നേരം എന്ന ഭാവത്തിൽ കൊടുത്തതായിരിക്കും. പോട്ടെ. കുറേപ്പേർക്ക് ഉപകാരമാവുമല്ലോ.

എനിക്ക് അവകാശികൾ എന്ന പുസ്തകം കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അതിനി അച്ചടിക്കുമോ ആവോ! നാലു ഭാഗവും പണ്ടെങ്ങോ വായിച്ചു. അച്ഛന്റെ സുഹൃത്തിന്റേതായിരുന്നു. അവിടെപ്പോയാൽ വായിക്കാൻ കിട്ടുമായിരിക്കും.

യാത്ര പോയപ്പോഴാണ് ജീവിതവും തീവണ്ടിപോലെയാവുമോന്ന് തോന്നിയത്. സ്വസ്ഥമായ മനസ്സുപോലെ ഒരു എഞ്ചിൻ. മുന്നോട്ടുപോകാൻ ആത്മവിശ്വാസത്തിന്റെ ഇന്ധനം. ബോഗികളായി, ദുഃഖവും, സ്നേഹവും, സന്തോഷവും, നിരാശയും അങ്ങനെയങ്ങനെ.... ദൈവം ചങ്ങല പിടിച്ച്നിർത്തിയാൽ പെട്ടെന്ന് നിൽക്കും. അല്ലെങ്കിൽ ദൈവം മുൻ‌കൂട്ടി നിശ്ചയിച്ചിടത്ത് എത്തുമ്പോൾ നിൽക്കും. അവഗണനേടെ ബോംബും വയ്ക്കും ചിലപ്പോൾ ആരെങ്കിലും. അതാണ് കുഴപ്പം. അപ്പോഴാണ് ആകെ നുറുങ്ങിച്ചതഞ്ഞ്...ശ്രദ്ധിച്ച് പോയില്ലെങ്കിൽ പാളം തെറ്റി മറിഞ്ഞും പോകും.

ശിവരാത്രിയ്ക്ക് അമ്പലത്തിൽ പോയപ്പോൾ ജനക്കൂട്ടം കണ്ടപ്പോൾ തോന്നി. മനുഷ്യന്മാർക്ക് ഭക്തി വർദ്ധിച്ചെന്ന്. അല്ലെങ്കിൽ ഭക്തന്മാർ വർദ്ധിച്ചെന്ന്. ഇനിയിപ്പോ എവിടേങ്കിലും ഒന്നു പോയ്ക്കളയാംന്ന് വിചാരിച്ച് അമ്പലത്തിൽ വന്നതാവുമോ? അതാവില്ല.

ബ്ലോഗർമാരുടെ മീറ്റിനെക്കുറിച്ച് എന്റെ സ്വപ്നം എന്നുവെച്ചാൽ, മലയാളത്തിലെ ബ്ലോഗർമാരൊക്കെക്കൂടെ കേരളത്തിൽ എന്നെങ്കിലുമൊരിക്കൽ ഒത്തുചേരണം. രണ്ടുദിവസം. എല്ലാവരും വേണം. ഒട്ടും സൗകര്യമില്ലെങ്കിൽ മാറിനിൽക്കാം. അടുത്ത വർഷം അങ്ങനെയൊരു മീറ്റായാലോ? നന്നായിരിക്കും. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ആണോ? സ്വപ്നം കാണാൻ അജണ്ട വേണ്ടല്ലോ. വഴക്ക് നേരിട്ടാവാംന്നു കരുതീട്ടാ. ഹിഹിഹി.

ഓസ്കാർ ഒരു മലയാളിയ്ക്ക് കിട്ടിയതിൽ എനിക്കു സന്തോഷമുണ്ട്. നമ്മുടെ നാട്ടുകാരൻ അല്ലേ? അങ്ങനെയൊക്കെ വിചാരിച്ചാൽ മതി. മലയാളികൾ എത്തിച്ചേരാത്ത സ്ഥലമില്ലെന്ന് തമാശയുണ്ട്. അങ്ങനെ ഓസ്കാർ വേദിയിലും എത്തി. സിനിമ കാണണംന്ന് വിചാരിച്ചിരുന്നു. പിന്നേക്ക് വെച്ചു. ടാറ്റാ സ്കൈക്കാർ കാണിച്ചിരുന്നു, മൂന്നുദിവസം. നേരമില്ലാത്തതുകൊണ്ട് ഞങ്ങൾ “ടിക്കറ്റെ“ടുത്തില്ല.

പരിചയമില്ലാത്തൊരു സ്ഥലത്തെത്തിയാൽ നമ്മൾ കാണേണ്ടത്, നല്ലൊരു വഴികാട്ടിയെയാണ്. അതെവിട്യാ, ഇതെവിട്യാന്ന് ചോദിക്കുമ്പോൾ മര്യാദയ്ക്ക് കാട്ടിത്തരാൻ ഒരാൾ. അങ്ങനെയൊരാൾ ആവുമോ നിങ്ങൾ? അല്ലെങ്കിൽ, ഞാനെന്താ അന്വേഷണക്കൗണ്ടർ ആണോന്ന് ചോദിക്കുന്ന ടൈപ്പ് ആണോ? അങ്ങനെയൊരാൾ ആണെങ്കിൽ എനിക്കുറപ്പാണ് നിങ്ങൾ എവിടേം പോവാത്തൊരാളാണ്. അങ്ങനെയുള്ളവർക്ക് മറ്റുള്ളവരുടെ, വഴിയറിയാതെയുള്ള വിഷമം മനസ്സിലാവില്ലല്ലോ.

ദുഃഖം വരുമ്പോ മാത്രം മറ്റുള്ളവരെ ഓർമ്മിക്കുകയാണോ പതിവ്? എന്നാൽ ഇനിമുതൽ അങ്ങനെ ചെയ്യരുത്. സന്തോഷം വരുമ്പോഴും മറ്റുള്ളവരെക്കുറിച്ചോർക്കുക. അവർക്കൊക്കെ ഇപ്പോ വിഷമം ആയിരിക്കുമോന്ന് ഓർക്കുക. നമ്മൾക്കൊരു ബാലൻസ് വരും.

ഇത്രയൊക്കെയേ ഉള്ളൂ ഇപ്പോപ്പറയാൻ.

Labels:

Wednesday, February 18, 2009

നിദ്ര കള്ളിയാ‍യി

നിദ്ര ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്
കൂടെ വരൂ
ഒന്നുമോർക്കാതെ
അല്ലലറിയാതെ
സമയത്തെ തോല്‍പ്പിച്ചോടിക്കാമെന്ന്.
വർണ്ണമുള്ളതും, വർണ്ണമില്ലാത്തതും
നിദ്രയറിയാതെ കൈനിറച്ച് തന്ന്
എവിടെയൊക്കെയോ അലയാൻ വിട്ട്
ഒടുവിലൊക്കെ തിരിച്ചെടുത്ത് വേദനിപ്പിച്ച്
സ്വപ്നമാണ് നിദ്രയെ കള്ളിയാക്കിയത്,
നിദ്രയോട് എന്റെ കൂട്ടുവെട്ടിച്ചത്.

Labels:

Tuesday, February 17, 2009

ബില്ലു

ബില്ലു എന്ന സിനിമ ഷാരൂഖിന്റെ പുതിയ സിനിമയാണ്. ബില്ലു ബാർബർ എന്നായിരുന്നു അതിന്റെ പേര്. ബാർബർമാർക്ക് അത്ര ഇഷ്ടമായില്ല. അതുകൊണ്ട് പേര് ബില്ലു എന്നു ചുരുക്കേണ്ടിവന്നു. അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. ചിലപടങ്ങൾക്ക് പേരിനു കുറേ നീളമേ ഉണ്ടാവൂ. വേറൊന്നും ഉണ്ടാവില്ല. മലയാളത്തിൽ ഇപ്പോ ഇറങ്ങിയ ചില പടങ്ങളെപ്പോലെ. ;)

പ്രിയദർശനാണ് ബില്ലുവിന്റെ സംവിധാനം. സാബു സിറിളിനെക്കൂടാതെ, വേറെയും മലയാളിമുഖങ്ങൾ കണ്ടു അണിയറയിൽ. പ്രിയദർശന്റെ എഴുപത്തിയഞ്ചാമത്തെ പടമാണ് ബില്ലു. അദ്ദേഹത്തിന് ആശംസകൾ.

കഥ

കഥ പറയുമ്പോൾ എന്ന ശ്രീനിവാസൻ ചിത്രത്തിന്റെ കഥ ചുരുക്കത്തിൽ ഇങ്ങനെയാണ്. നാട്ടിൻപുറത്തെ ബാർബർ. മിക്കവാറും ജോലിയില്ല. ആൾക്കാരൊക്കെ തൊട്ടടുത്തുതന്നെയുള്ള നല്ലൊരു ബാർബർഷാപ്പിലേക്ക് പോകുന്നു. ബാർബർക്ക് ഭാര്യ, മൂന്നു കുട്ടികൾ. കുട്ടികൾക്ക് ഫീസ് കൊടുക്കാൻപോലും വഴി കാണുന്നില്ല. അങ്ങനെയിങ്ങനെ ജീവിതം തട്ടിമുട്ടിപ്പോകുമ്പോഴാണ് ആ ഗ്രാമത്തിലേക്ക് സിനിമായൂണിറ്റ്, ഷൂ‍ട്ടിംഗിനു വരുന്നത്. വരുന്ന സിനിമാനായകൻ, ബാർബറുടെ സുഹൃത്താണെന്ന് ഗ്രാമം മുഴുവൻ അറിയുന്നു. അതിന്റെ പേരിൽ ബാർബറോട് ആൾക്കാർ ബഹുമാനവും സ്നേഹവുമൊക്കെ കാണിച്ചുതുടങ്ങുന്നു. എല്ലാർക്കും സൗഹൃദത്തിന്റെ പേരും പറഞ്ഞ് സിനിമാതാരത്തെ ഒന്നടുത്ത് കാണണം. പക്ഷെ, ബാർബർ സമ്മതിക്കുന്നില്ല. കാണാൻ പോലും താല്പര്യപ്പെടുന്നില്ല. കാരണം, സിനിമാതാരം വല്യ ആൾ. പണ്ടത്തെ സൗഹൃദമൊന്നും ഓർമ്മ കാണില്ല, ഓർമ്മയുണ്ടായാലും ഇങ്ങനെയൊരവസ്ഥയിൽ ബാർബർ തന്റെ സുഹൃത്തായിരുന്നു എന്നുപോലും അദ്ദേഹം ഭാവിക്കില്ല. അവസാനം പണവും പദവിയും ഒക്കെയുണ്ടായാലും സൗഹൃദമാണ് വലുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, സുഹൃത്തിനെ മറന്നില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സിനിമ തീരുന്നു. ശ്രീനിവാസൻ, ബാർബറാം ബാലനായും മമ്മൂട്ടി സിനിമാതാരമായും അഭിനയിക്കുന്നു.

ബില്ലുവിൽ, ബാർബർ, ഇർഫാൻ ഖാനും, താരം, ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന സാഹിർ ഖാനും ആണ്. മലയാളത്തിൽ, മീന അവതരിപ്പിച്ച കഥാപാത്രം- ബാർബറുടെ ഭാര്യ- ഹിന്ദിയിൽ അവതരിപ്പിച്ചിരിക്കുന്നത് ലാറാ ദത്തയാണ്. കഥയിലും, സംഭാഷണങ്ങളിലും, കുറച്ച് മാറ്റവും പ്രാദേശികമായ കുറച്ചു മാറ്റങ്ങളും ഉണ്ടെന്നൊഴിച്ചാൽ കഥ മലയാളത്തിലേതുപോലെത്തന്നെ. മലയാളത്തിൽ ബാർബർക്ക് മൂന്നുകുട്ടികൾ ഉണ്ട്. ഹിന്ദിയിൽ മൂന്ന് ഇല്ല. രണ്ടേയുള്ളൂ. പിന്നെ മലയാളത്തിൽ മുകേഷ് ചെയ്ത വേഷവും ഹിന്ദിയിൽ ഇല്ല. മലയാളത്തിൽ സുരാജ് അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തിന് കുറച്ച് സീനുകൾ ഉണ്ടായിരുന്നു. ഇതിൽ അതില്ല. ഇന്നസെന്റ് അവതരിപ്പിച്ച മുതലാളിയുടെ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചിരിക്കുന്നത് ഓം‌പുരിയാണ്. ജഗദീഷ്, മലയാളത്തിൽ അവതരിപ്പിച്ച വേഷം - മോഡേൺ ബാർബർ - അഥവാ ബ്യൂട്ടീഷ്യന്റെ വേഷം - ഹിന്ദിയിലും ചെയ്തു. മമ്മൂട്ടിയ്ക്ക് കുറച്ചു മാത്രംസീനുകളേ ഉണ്ടായിരുന്നുള്ളൂ സിനിമയിൽ. ഷാരൂഖ് ഖാന് മൂന്ന് പാട്ടുകൾ പോലും ഉണ്ട്. കുറച്ച് കുറച്ചാണെങ്കിലും. ദീപികയും, പ്രിയങ്കാ ചോപ്രയും, കരീനയുമൊക്കെ പാട്ടിൽ വന്നുപോകുന്നുമുണ്ട്. വസ്ത്രം കുറച്ച് കുറവാണെന്നു മാത്രം. ;)

തമാശയും ഉണ്ട്. ഗസ്റ്റ് ഹൗസ് മാനേജരെക്കൊണ്ട് സിനിമയിൽ റോൾ കൊടുത്ത്, പണ്ട് അഴകിയ രാവണിൽ ഇന്നസെന്റിന് ഡയലോഗ് കൊടുത്തപോലെ ഇതിലും ഉണ്ട്. ഈ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കിയെടുക്കും എന്ന് ഇന്നസെന്റ് പറയുന്ന ഡയലോഗ് ഓർമ്മയില്ലേ? അങ്ങനെയൊരു ഡയലോഗ്, മാനേജരെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. ചിരി വരും. സലീം കുമാർ ചെയ്ത കവിയുടെ റോൾ ചെയ്തിരിക്കുന്നത് രാജ്പാൽ യാദവ് ആണ്. പക്ഷെ, വ്യത്യസ്തനാമൊരു ബാർബറാം ബാലനായില്ല, ബില്ലു ഭയങ്കർ എന്ന പാട്ട്.

ഇർഫാൻ നല്ലൊരു നടനാണ്. എനിക്കിഷ്ടമാണ്. നന്നായി ചെയ്തു. ഷാരൂഖിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഷാരൂഖ് എന്തായാലും നന്നായി ചെയ്തു. അവസാനം ഷാരൂഖ്, സൗഹൃദത്തെക്കുറിച്ച് പ്രസംഗിച്ചപ്പോൾ തീയേറ്റർ എന്തായാലും നിശബ്ദമായിരുന്നു. എല്ലാവരും തങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ച് ഓർത്തുകാണും. എനിക്ക് പിന്നെ അങ്ങനെയൊന്നുമില്ല. ഞാൻ വല്യ ആളൊന്നും ഒരിക്കലും ആവില്ലെന്നതുകൊണ്ടും, അത്ര വല്യ ആൾക്കാരൊന്നും എന്റെ സുഹൃത്തുക്കൾ ആവാൻ സാദ്ധ്യതയില്ലെന്നതുകൊണ്ടും (എന്റെ സുഹൃത്തുക്കളൊക്കെ മഹാന്മാരും മഹതികളും ആവട്ടെ എന്നൊക്കെ പ്രാർത്ഥനയുണ്ട്. അതുമാത്രം പോരല്ലോ.) ഞാൻ പിന്നെ അതൊന്നും അത്ര കാര്യമാക്കിയില്ല.

പക്ഷെ സിനിമയുടെ അവസാനം നന്നായി ഇഷ്ടപ്പെട്ടു. പണവും പൊങ്ങച്ചവും നോക്കി മാത്രം സൗഹൃദം കാട്ടുന്ന ദരിദ്രമനസ്കരുടെ ഇടയിലേക്ക് ഇത്തരം സിനിമകൾ തന്നെ ഇറങ്ങിച്ചെല്ലണം. പണവും പദവിയും പേരിനു കിട്ടിയാൽ, പണ്ടത്തെക്കാര്യങ്ങൾ മറക്കുന്ന വിഡ്ഢികൾ ഈ സിനിമ കാണണം.

Labels: ,

Sunday, February 15, 2009

ബ്ലോഗ് പ്രാർത്ഥന

ദൈവമേ കൈതൊഴാം നീയിതു കേൾക്കണം
എന്റെ ബ്ലോഗെല്ലാരും കാണുമാറാകണം.
പോസ്റ്റിൽ കമന്റുകൾ ഇട്ടിട്ടുപോകണം,
തെറ്റുകൾ കണ്ടാൽ തിരുത്തീട്ടുപോകണം.
നിത്യവും പോസ്റ്റിടാൻ വിഷയമുണ്ടാവണം,
അഗ്രഗേറ്ററിൽ ലിങ്ക് പോയീടേണം.
ആശയദാരിദ്ര്യം ഇല്ലാതെയാക്കുവാൻ,
ഭാവനയെന്നുമേ കൂടെ നിന്നീടണം.
ഭവ്യതയോടെ ബ്ലോഗിംഗ് തുടരുവാൻ,
നിത്യവുമെന്നെയനുഗ്രഹിച്ചീടേണം.


(കുറച്ച് സമയം വെറുതേ കിട്ടിയപ്പോൾ പ്രാർത്ഥിച്ചേക്കാംന്ന് കരുതി. എന്നാപ്പിന്നെ ബ്ലോഗ് പ്രാർത്ഥന തന്നെയായിക്കോട്ടേന്ന് വിചാരിച്ചു.)

Labels: ,

Saturday, February 14, 2009

ഇത്രേ ഉള്ളൂ കാര്യം

1.

ദൂരത്തിരിക്കുമ്പോൾ ഇടയ്ക്കെങ്കിലും
നിന്റെ കണ്ണിലെന്നെ കാണണമെന്ന
ആഗ്രഹത്തിന്
നീ കണ്ണുകൾ ചൂഴ്ന്നെടുത്തെന്റെ
കണ്ണാടിയാക്കി.

2.

എന്റെ ഹൃദയത്തിന്റെ കണ്ണുകൾ
നിന്റെ ഹൃദയത്തിന്റെ ഏടുകളിൽ വായിക്കുന്ന
അക്ഷരത്തെറ്റില്ലാത്ത
വിരാമമില്ലാത്ത കവിതയാണ് പ്രണയം.

3.

ആകാശത്തേക്കാൾ വ്യാപ്തിയുള്ള നിന്റെ മനസ്സിൽ
കടലിനേക്കാൾ ആഴമുള്ള പ്രണയം കണ്ടെത്തിയതാണ്
ഭൂമിയിൽ ഇന്നും ഞാൻ നിൽക്കുന്നതിന്റെ രഹസ്യം.

4.

മരിച്ചാൽ ചിലപ്പോൾ സ്വർഗ്ഗത്തിലാവും
ചിലപ്പോൾ നരകത്തിലാവും
എല്ലായ്പ്പോഴും നിന്റെ ഹൃദയത്തിലിരിക്കുമെന്നുള്ളതുകൊണ്ടാണ്
എനിക്കതേക്കുറിച്ച് വേവലാതിയില്ലാത്തത്.

5.

പുനർജന്മമുണ്ടെങ്കിൽ
നിന്റെ മനസ്സിലെ പ്രണയമായി ജനിക്കാനാണെനിക്കിഷ്ടം.
അതിനു പകരം വയ്ക്കാൻ വേറെന്തുണ്ട്.
വേറൊരാൾക്കു കൊടുത്തെന്നെ കൊല്ലിക്കരുതെന്നു മാത്രം.
------------------------------------------

ഇതൊക്കെ വായിച്ചാൽ നിങ്ങൾ കരുതും എനിക്കുവേറെ ജോലിയില്ലെന്ന്. സത്യത്തിൽ അങ്ങനെയല്ല. എനിക്ക് ജോലിയുണ്ട്. ഷാരൂഖ് ഖാന്റെ വീട് ആരോ ചിലർ ആക്രമിച്ചതിൽ എന്റെ പ്രതിഷേധം അറിയിക്കാൻ ആദ്യം കറുത്ത കൊടി വീടിനു മുന്നിൽ തൂക്കണം. അതുകഴിഞ്ഞ് വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ശ്രീരാംസേന അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പിങ്ക് തൂവാല വീട്ടിനു മുന്നിൽ തൂക്കണം. (ചഡ്ഡിയൊക്കെ വീട്ടിനു മുന്നിൽ തൂക്കുന്നത് മോശമല്ലേ;)) പിന്നെ ചോറും കറീം വെക്കണം. പ്രതിഷേധം കൊണ്ട് വിശപ്പു തീരില്ലല്ലോ. വാലന്റൈൻസ് ഡേ ആയതിന്റെ പേരിൽ എന്തെങ്കിലും സമ്മാനം വാങ്ങിക്കാൻ പോകണം. തീരെ സമയമില്ല മക്കളേ...സമയമില്ലാ...

പ്രണയിക്കുന്നവർക്കും പ്രണയം തുടങ്ങാൻ പോകുന്നവർക്കും പ്രണയം കണ്ട് നിൽക്കുന്നവർക്കും എന്നുവേണ്ട ലോകത്തിലെ സകലർക്കും പ്രണയദിനാശംസകൾ.

ഹാപ്പി കാപ്പി പൂവാലന്റൈൻസ് ഡേ!

Labels: ,

Wednesday, February 11, 2009

എന്തിനാണ്

മനസ്സ്
മോഹത്തിന്റെ പക്ഷികളെ
പറത്തിവിടുന്നുണ്ട്.
ഒന്നിനെപ്പോലും സ്വന്തമാക്കാൻ
തോന്നുന്നില്ല.

കണ്ണുകൾ
കടലുനിറച്ചു കിടപ്പുണ്ട്.
ഒന്നിൽനിന്നും
മുത്തുകൾ വാരിയെടുക്കാൻ
തോന്നുന്നില്ല.

ഹൃദയം
ഒന്നുമെഴുതാത്ത
പുസ്തകം പോലെ കിടപ്പുണ്ട്.
ഒരു വാക്കുപോലും എഴുതിയിടാൻ
തോന്നുന്നില്ല.

നിന്നോട് കൂട്ടുകൂടുന്നത്
എനിക്കിഷ്ടമല്ലെന്ന്
എത്രയാവർത്തിച്ചിട്ടും,
എന്തിനാണ് മൗനമേ
നീയിങ്ങനെ പാത്തും പതുങ്ങിയും
എന്നെക്കാണാൻ വരുന്നത്!

Labels: ,

Monday, February 09, 2009

ഒരു കഷണം വാർത്ത

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വാർത്ത. പൂമ്പാറ്റയ്ക്ക് എന്താ നിറമിങ്ങനെ, ആകാശത്തെത്താ മിന്നുന്നത്, അമ്പിളിയമ്മാവൻ എന്താ ഇന്നു വരാത്തത് എന്നൊക്കെ മുറിവാക്കുകളിൽ ചോദിക്കേണ്ട പ്രായത്തിലിങ്ങനെ മുറിവും പറ്റി... ആ കുഞ്ഞിന്റെ മനസ്സിന് മുറിവുണ്ടാവുമോ? ഓരോ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ച് പേടിക്കേണ്ട അവസ്ഥയായോ? സ്വന്തം വീട്, വീട്ടുകാരുടെ ശ്രദ്ധ ഒക്കെയുണ്ടാവുന്ന കുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ല. കണ്ണെഴുതി പൊട്ടും തൊടീച്ച് മിന്നുന്ന ഉടുപ്പുമിട്ട് പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന മക്കളെ ചിറകൊടിഞ്ഞ് കാണാൻ അമ്മമാർക്ക് കഴിയുമോ? ഒരുനേരം കണ്ണിൽനിന്നു മറഞ്ഞാൽ കണ്ണിനുമുന്നിൽ തിരികെയെത്തുവരെയുള്ള ആധി ഓരോ മാതാപിതാക്കളേയും തിന്നില്ലേ? വിവരമില്ലാത്ത, പഠിപ്പില്ലാത്ത, കാടന്മാരായ ഒരു കൂട്ടം ജനങ്ങളുടെ ഇടയിലാണെങ്കിൽ ഇതൊക്കെ സംഭവിച്ചേക്കാം എന്നൊരു ആശ്വാസം കൊള്ളാം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ, അഭ്യസ്തവിദ്യരുടെ ഇടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്. പല കുഞ്ഞുങ്ങളും കൊല്ലപ്പെടുകയാണ് പതിവ്. കൊന്നുകളയുന്നു. ചിലർ മാത്രം രക്ഷപ്പെടുന്നു.
ഒടുവിൽ ആ കുഞ്ഞ് എന്നെങ്കിലും ചോദിക്കുമോ എന്തിനു ജീവിച്ചിരിക്കുന്നെന്ന്?

ഇനി ചില കുട്ടികളുടെ കാര്യമാണെങ്കിലോ? ഓരോ വാർത്തകളും കേൾക്കുമ്പോൾ തോന്നും, ഈ കുട്ടികളൊക്കെ എങ്ങോട്ടാണ്? നന്നായി പഠിച്ചും, ജോലിയിൽ പ്രവേശിച്ചും, കൂടപ്പിറപ്പുകൾക്കും മാതാപിതാക്കൾക്കും തണലേകി അഭിമാനത്തിൽ തലയുയർത്തിപ്പിടിച്ച് ജീവിക്കേണ്ട കുട്ടികൾ, ബോംബു നിർമ്മിച്ചും, സ്ഫോടനം നടത്തിയും, പത്രറിപ്പോർട്ടമാർക്കും ചാനലുകൾക്കും മുന്നിൽ മുഖംമൂടിയിട്ട് തല താഴ്ത്തിപ്പിടിക്കേണ്ടി വരുന്നു. സഹപാഠികളുടെ ചിത്രമെടുത്ത് അവരെ ലോകത്തിനുമുന്നിൽ കുറ്റവാളികളാക്കി നിർത്തി, കൊല്ലാൻ പ്രേരിപ്പിച്ചിട്ട്, ഓടിയും ചാടിയും കഥകൾ പറഞ്ഞും പഠിച്ചും തീർക്കേണ്ട കൗമാരം ലോകത്തിനുമുന്നിൽ കുറ്റവാളികളായി നിന്ന്, ഇരുണ്ട തടവറയ്ക്കുള്ളിൽ കഴിച്ചുകൂട്ടുന്നു.

വേറെ ചിലർ രാഷ്ട്രീയത്തിനു പിന്നാലെ പായുന്നു. തട്ടിത്തടഞ്ഞുവീഴുന്നു. പിടഞ്ഞുമരിക്കുന്നു. ചിലർ ശവങ്ങളെപ്പോലെ ജീവിച്ചിരിക്കുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോൾ, ചിണുങ്ങിക്കരഞ്ഞ് ഒപ്പം നടന്നവർ, കൊടിയുടെ നിറത്തിനുകീഴിലെത്തുമ്പോൾ കണ്ണുകാണാത്തവരാകുന്നു. ഒറ്റച്ചിരിയിൽ, ഒരു നിമിഷം സൗഹൃദം പങ്കുവയ്ക്കലിൽ വൈരം മറക്കേണ്ടവർ എന്തിനോവേണ്ടി, പലപ്പോഴും എന്തിനെന്നറിയാതെ, ഒറ്റ വെട്ടിൽ പല ജീവിതങ്ങളും ഒരുമിച്ച് ചോദ്യചിഹ്നങ്ങളാക്കി ജീവിതം നശിപ്പിക്കുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം തടവറയിൽ. അതിനുവേണ്ടിയാണോ ഓരോ ജന്മവും?

സഹപാഠിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച കുട്ടികൾ അറസ്റ്റിൽ, പിഞ്ചുകുഞ്ഞ് പീഡിക്കപ്പെട്ടു, ഇന്നലെ മരിച്ചവന്റെ പാർട്ടിക്കാർ അവനെ വെട്ടിക്കൊന്നവനെ ഇന്നു കൊന്നു, ബോംബ് സ്ഫോടനം - അറസ്റ്റിലായവർ. ഇതൊക്കെ ഓരോ കഷണം വാർത്തകളാണ് മറ്റുള്ളവർക്ക്. എന്നും വാർത്തകൾ മാറിമാറി വരുന്ന പത്രങ്ങൾ. ചിത്രങ്ങൾ കാണിക്കാൻ മത്സരിക്കുന്ന ചാനലുകൾ. നരകം അനുഭവിക്കുന്ന പലരും ഈ കുഞ്ഞുവാർത്തകൾക്ക് പിറകിലുണ്ടാവും എന്നത് ആരെങ്കിലും വാർത്തകൾ വായിക്കുമ്പോഴോ, കാണുമ്പോഴോ അല്ലാതെ പിന്നീടെപ്പോഴെങ്കിലും ഓർക്കുന്നുണ്ടാവുമോ? ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ നമുക്കെന്തെങ്കിലും പങ്കുണ്ടോന്ന് ചിന്തിക്കുന്നുണ്ടാവുമോ? താനിങ്ങനെയാവില്ലെന്ന് കുട്ടികളാരെങ്കിലും പ്രതിജ്ഞയെടുക്കുന്നുണ്ടാവുമോ?

എന്തായാലും ഇതൊക്കെ ഒരു ആഘോഷം പോലെയായി. ഇതിനുവേണ്ടിയാണോ ആധുനികതയിലേക്ക് മനുഷ്യൻ ഓരോ നിമിഷവും കുതിക്കുന്നത്?

ഇത്രയും സീരിയസ് ആയ കാര്യങ്ങളാണോ നമ്മുടെ നാട്ടിൽ എന്നു ചോദിക്കുന്നവരോട് “ഏയ്, അല്ലല്ല, നമ്മുടെ “നേതാക്കന്മാർ” ഉണ്ടല്ലോ നമ്മളെച്ചിരിപ്പിക്കാൻ” എന്നൊരുത്തരം പറയാനുണ്ടല്ലോ. അതെന്തായാലും ഭാഗ്യം!

Labels:

Saturday, February 07, 2009

പ്രിയമുള്ള ശ്രീരാംസേനേ...

പ്രിയമുള്ള ശ്രീരാം സേനേ....

ആദ്യം തന്നെ നിങ്ങൾക്ക് നമസ്കാരം. നന്ദി. നിങ്ങളുടെ കാലുകൾ എവിടെയാണ്? എനിക്കൊന്ന് കഴുകി നമസ്കരിച്ച് അനുഗ്രഹം വാങ്ങണമായിരുന്നു. ഞാൻ ആരാണെന്നുള്ളതൊന്നും ഒരു പ്രശ്നമേയല്ല. ഞാൻ ഒരു വല്യ വിഭാഗം ജനത്തെ പ്രതിനിധീകരിക്കുന്നു എന്നു മാത്രം നിങ്ങളിലോരോരുത്തരും മനസ്സിലാക്കിയാൽ മതി. നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം? അവതരിക്കാൻ വൈകിപ്പോയില്ലേ? അല്പം മുമ്പായിരുന്നെങ്കിൽ എന്നെപ്പോലെയുള്ള എത്രയോ ജനങ്ങൾക്ക് ആശ്വാസമായേനെ. ഇനിയും വൈകിയിട്ടില്ല.

വാലന്റൈൻസ് ദിനം പരസ്യമായി ആഘോഷിക്കുന്നവരെ തടയും എന്നു നിങ്ങൾ പറഞ്ഞു. അതു പറ്റില്ല. രഹസ്യമായി ആഘോഷിക്കുന്നവരേം കണ്ടുപിടിച്ച് രണ്ട് കൊടുക്കാനുള്ള സം‌വിധാനം വേണം. എന്നാലേ ശരിയാവൂ.

കാർഡ് കടയിലും ഗിഫ്റ്റ് ഷോപ്പിലും കയറിയിറങ്ങുന്ന ചിലരെയൊക്കെക്കണ്ട് എന്റെ മനസ്സ് വിഷമിച്ച് തവിടുപൊടിയായിരിക്കുകയായിരുന്നു. നിങ്ങൾ അവിടെയൊക്കെ നിരോധനം ഏർപ്പെടുത്തുമെന്ന് ഞാൻ നൂറുശതമാനം വിശ്വസിക്കുന്നു. നിങ്ങളേയുള്ളൂ ഇനിയൊരു രക്ഷ. എന്താ ഇപ്പോ കാർഡിന്റെയൊക്കെയൊരു വില. ഗിഫ്റ്റെന്നു കേട്ടാൽ ഞെട്ടൽ വരും. പൊന്നു വാങ്ങുന്നതുപോയിട്ട് പൊന്നേന്നൊന്ന് ധൈര്യമായി വിളിക്കാൻ പോലും പേടിക്കണം. ഏതെങ്കിലുമൊരുത്തൻ ഏതെങ്കിലുമൊരുത്തിക്ക് കൊടുക്കുന്ന സമ്മാനത്തിന്റെ മുകളിലൂടെ പോകും ബാക്കിയുള്ളവരുടെ ജീവിതം. അതിലല്പം കുറഞ്ഞുപോയാല്‍പ്പിന്നെ നീയൊക്കെ എന്തിനാടാ പ്രേമിക്കാൻ നടക്കുന്നത് എന്ന് നമ്മളുതന്നെ നമ്മളോട് ചോദിക്കും. ഓരോരുത്തന്മാരെക്കാണുമ്പോൾ അസൂയയാവും. എത്രയെണ്ണത്തിനാ ഗിഫ്റ്റ് വാങ്ങിച്ചുകൊടുക്കുന്നത്. അതും നമ്മളുടെ മുന്നിലൂടെ പോയി നമ്മളെയൊക്കെ ശൂ എന്നാക്കിയിട്ട്.

എന്റെ പൊന്നു ശ്രീരാം സേനേ, വാലന്റൈൻ ദിനം ആഘോഷിക്കുന്നവരെ മാത്രമല്ല, അത് ഇവിടെയൊക്കെ നടപ്പാക്കിയവരെപ്പോയി ആദ്യം തല്ലണം. ഒരു കൊക്കൊക്കോളയോ, ഒരു മെഴുകിന്റെ താജ്മഹൽ പ്രതിമയോ ഒക്കെയായി പ്രേമിച്ചുകൊണ്ടിരുന്ന കാലത്താണ് ഈ ദിനം വരുന്നത്. ഇപ്പോഴോ ബീച്ച്, ഐസ്ക്രീം, മുന്തിയ റസ്റ്റോറന്റ്, ഗിഫ്റ്റ്, കുന്തം...കുടച്ചക്രം. പാവം കാമുകന്മാർ ചക്രശ്വാസം വലിക്കും. നിങ്ങളേയുള്ളൂ ഇനി ഒരു ആശ്വാസം. ഇനി വല്ല ബീച്ചിലും പോയിരുന്നു പത്തുറുപ്യയ്ക്ക് കടലയും വാങ്ങിത്തിന്ന് ആഘോഷിക്കാമെന്നുവെച്ചാൽ ഇപ്പഴത്തെ കാമുകിമാർ സമ്മതിക്കണ്ടേ? ആരെങ്കിലും കണ്ടാൽ നാണക്കേടല്ലേന്നാണ് അവരുടെ ചോദ്യം. അങ്ങനെ മരത്തിൽ നിന്നെടുക്കുന്നതുപോലെ കാശെടുത്ത് പവറു കാണിക്കാൻ പോയാൽ, ഒടുവിൽ രമണൻ നിന്നപോലെ എന്നെയൊക്കെ മരത്തിൽ തൂങ്ങിക്കിടക്കുന്നത് കാണേണ്ടിവരും.

ശ്രീരാം സേനേ നിങ്ങൾക്ക് നന്ദി. നൂറു നന്ദി. ഒറ്റയെണ്ണത്തിനെ ഫെബ്രുവരി പതിനാല് ആയിട്ട് നിരത്തിലിറക്കരുത്. ഇവരെയൊക്കെ ആഘോഷിക്കാൻ വിടേണ്ടത് ഏപ്രിൽ ഒന്നിനാണ്. മനുഷ്യനെ ബേജാറാക്കാൻ, ഓരോ ദിവസവും കൊണ്ടുവന്നോളും.

ഞാനീക്കത്തെഴുതിയതെങ്ങാൻ എന്റെ കാമുകി അറിഞ്ഞാൽ 14 അല്ല, അതു തിരിച്ചിട്ട് എന്റെ 41 അവൾ ആഘോഷിക്കും. നിങ്ങളെന്നെ ഒറ്റുകൊടുക്കരുതേ. നിങ്ങൾ ഇന്ത്യ മുഴുവൻ ഉണ്ടാവുമെന്നും, കേരളത്തിലും എത്തുമെന്നും ഉള്ള ഒറ്റ വിശ്വാസത്തിലാണ് ഞാനീക്കത്തെഴുതിയിട്ട് മനസ്സമാധാനത്തോടെ ഉറങ്ങാൻ പോകുന്നത്. എനിക്കു നിങ്ങളേയുള്ളൂ. എന്നെ കൈവിടരുത്.

എന്ന് ശ്രീരാം സേനയുടെ കടുത്ത ആരാധകൻ,

ഒരു പാവം കാമുകൻ.

Labels:

Friday, February 06, 2009

എനിക്കു പേടിയാണ്

എനിക്കു പേടിയാണ്.
നിന്റെ ഏകാന്തതയിലേക്ക് കടന്നുവരാൻ.
ഏകാന്തതയെന്റെ കൂടെവരുമോയെന്നോർത്ത്
നീ ഏകാന്തതയെ വെറുക്കും.

എനിക്കു പേടിയാണ്.
നിന്റെ സ്വപ്നങ്ങളിലേക്ക് കടന്നുവരാൻ.
ഞാൻ മാഞ്ഞുപോവുമോയെന്നോർത്ത്
നീ സ്വപ്നങ്ങളെ വെറുക്കും.

എനിക്കു പേടിയാണ്.
നിന്റെ പ്രാർത്ഥനകളിലേക്ക് കടന്നുവരാൻ.
സഫലമായില്ലെങ്കിൽ
നീ പ്രാർത്ഥനയെ വെറുക്കും.

എനിക്കു പേടിയാണ്.
നിന്റെ മൗനത്തിലേക്ക് കടന്നുവരാൻ.
മൗനം എന്നോട് കൂട്ടുകൂടുമോയെന്നോർത്ത്
നീ മൗനത്തെ വെറുക്കും.

എനിക്കു പേടിയാണ്.
നിന്റെ ഹൃദയത്തിലേക്ക് കടന്നുവരാൻ.
എന്നെ പിടിച്ചുനിർത്താൻ കഴിയില്ലെന്നോർത്ത്
നീ ഹൃദയത്തെ വെറുക്കും.


എനിക്കു പേടിയാണ്.
നിന്റെ ജീവിതത്തിലേക്കു കടന്നു വരാൻ.
പങ്കുവയ്ക്കാൻ കഴിയില്ലെങ്കിൽ
നീ ജീവിതത്തെ വെറുക്കും.


എനിക്കു പേടിയില്ലാത്തത്
നീ എനിക്കായ് കാത്തുവച്ചിരിക്കുന്ന സ്നേഹത്തെ മാത്രമാണ്.
ഞാൻ ഒന്നിലേക്കും കടന്നുവരാനാഗ്രഹിക്കാതെ
ദൂരെ നിന്ന് നോക്കിക്കാണുന്നത്
നീ വെറുക്കില്ലെന്നുറപ്പുള്ള ആ സ്നേഹം ഒന്നുമാത്രമാണ്.

Labels:

Thursday, February 05, 2009

കൊച്ചപ്പൂ




ഇതിന് ഞാനിട്ട പേരാണ് കൊച്ചപ്പൂ.




കൊച്ച പോലെ/കൊക്ക് പോലെ/ കൊറ്റി പോലെ നിൽക്കുന്നതുകൊണ്ടാണ് അങ്ങനെ ഒരു പേരിട്ടത്.




കാണാൻ എനിക്ക് വല്യ ഇഷ്ടം. റോഡരികിലൊക്കെ കാണാം. പറമ്പുകളിലും കാണാം.




കുറേക്കാലം കഴിഞ്ഞാൽ ഇതിനെയൊക്കെ കാണുമോയെന്തോ! എന്തെങ്കിലുമാവട്ടെ. എന്നാലും കാണാനുള്ള ഇഷ്ടം കൊണ്ട് പൂച്ചട്ടിയിൽ വളർത്താനും ഞാൻ തയ്യാർ!




അമ്മ പറയുന്ന പേര് ഒറ്റക്കാൽമുടന്തി എന്നാണ്. ആർക്കെങ്കിലും വിശദമായി അറിയാമെങ്കിൽ പറഞ്ഞുതരിക. വിരോധമില്ലെങ്കിൽ.

Labels:

Wednesday, February 04, 2009

വീട്ടിലെ ആംഗലേയ പുസ്തകങ്ങൾ




ഇംഗ്ലീഷിൽ എനിക്കു വല്യ പിടിപാടില്ലാത്തതുകൊണ്ട് പുസ്തകം വാങ്ങുമ്പോൾ സൂക്ഷിച്ചും കണ്ടുമൊക്കെയേ വാങ്ങൂ. പിന്നെ പുസ്തകം കണ്ടാൽ വാങ്ങിപ്പോകും എന്നൊരു കാര്യം എനിക്കുണ്ട്. മനസ്സിലായില്ലെങ്കിൽ ഡിക്ഷ്ണറിയല്ലേ ഇരിക്കുന്നത്, അതിൽ നോക്കാലോന്ന് വിചാരിക്കും. ആരെങ്കിലും നല്ലതെന്നു പറഞ്ഞാൽ പുസ്തകം വാങ്ങാറുണ്ട്. അവർക്കിഷ്ടമുള്ളത് എനിക്കിഷ്ടം ആയേക്കും എന്നു വിചാരിക്കും. ഇല്ലെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചതുകൊണ്ട് നഷ്ടമൊന്നും വരില്ലല്ലോ. പിന്നെ പല ഇംഗ്ലീഷ് പുസ്തകങ്ങളും നെറ്റിൽ സൗജന്യമായിട്ട് കിട്ടും എന്ന് കേട്ടിട്ടുണ്ട്. പഴയത്. അതുകൊണ്ട് വാങ്ങുമ്പോൾ അക്കാര്യത്തിലും അല്പം ശ്രദ്ധ വയ്ക്കും. എന്തായാലും എനിക്കു വാങ്ങണംന്ന് തോന്നിയാൽ വാങ്ങും. എന്നാലും മലയാളം പോലെ ഇല്ല ഇംഗ്ലീഷ് വാങ്ങൽ. കുറേയെണ്ണം ഇനി വാങ്ങാൻ വേണ്ടി ലിസ്റ്റ് എഴുതിവെച്ചിട്ടുണ്ട്. നോക്കിയിട്ടൊന്നും കിട്ടിയില്ല. പിന്നെ വായിച്ചതെന്നു പറയുമ്പോൾ കുറേയേണ്ണം ലൈബ്രറിയിൽ അല്ലേ ഇരിക്കുന്നത്. അതിന്റെ ചിത്രം എടുക്കാൻ അവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ;)

കൈപ്പള്ളിജിയുടെ ബ്ലോഗിൽ പുസ്തകങ്ങൾ പലരുടേയും പക്കലുള്ളത് പ്രദർശിപ്പിച്ചതു കണ്ടു. ഞാനെന്തായാലും ചിത്രം അയക്കാൻ വൈകിപ്പോയി. അല്ലെങ്കിലും പുലികളുടെ പുസ്തകക്കൂട്ടത്തിൽ നാലു പുസ്തകങ്ങളുമായി ഞാൻ ചെല്ലുന്നത് മോശമല്ലേ. അതുകൊണ്ട് എന്റെ ബ്ലോഗിൽത്തന്നെ ആവാം പ്രദർശനംന്ന് കരുതി. ആർക്കും വിരോധമൊന്നും ഇല്ലല്ലോ?

വീട്ടിൽ വേറെയും ഉണ്ട് പുസ്തകങ്ങൾ. പക്ഷെ ഇതൊക്കെ ഞാൻ എന്റെ ഇഷ്ടത്തിനു വാങ്ങിയതാണ്. ഒരു പുസ്തകം ഒരു സുഹൃത്ത് തന്നതാണ്. ഒന്നു രണ്ടെണ്ണം വായിക്കാൻ എടുത്തുവെച്ചിട്ട് വേറെ മുറിയിൽ വിട്ടുപോയതും ഉണ്ട്, ഇതിനൊപ്പം ഇല്ലാതെ. മുഴുവനൊന്നും വായിച്ചു തീർന്നില്ല. മലയാളത്തിലും കിട്ടുമെങ്കിലും ഒറിജിനൽ വായിക്കുന്നതാണ് എനിക്കിഷ്ടം. ചില ഇംഗ്ലീഷുപുസ്തകങ്ങളൊക്കെ തർജ്ജമ ചെയ്തതും വാങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് തന്നെ വാങ്ങിയാൽ മതിയായിരുന്നു എന്ന് ഇടയ്ക്ക് തോന്നാറുമുണ്ട്. അതു വായിച്ച് ഇംഗ്ലീഷ് പഠിക്കാലോ.

ആർക്കു വേണേലും കൊടുക്കും. പക്ഷെ, തന്നപോലെ തിരിച്ചുതരാൻ പഠിക്കണം. തുപ്പലുകൂട്ടി മറിച്ചിട്ട്, ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് പുസ്തകത്തിലിട്ട്, ഫോൺ നമ്പർ തിരക്കിട്ട് പുസ്തകത്തിന്റെ ഒരു പേജിലെഴുതി, ചില കണക്കുകൂട്ടലുകൾ നടത്തി, ചില വാചകങ്ങൾക്കൊക്കെ വെറുതേ അടിവരയിട്ട്, വായിച്ചതിന്റെ അടയാളമായി പേജ് മടക്കിച്ചുരുട്ടിവെച്ച്.... ഇതൊക്കെ കണ്ടാൽ എനിക്ക് നല്ല ദേഷ്യം വരും. അങ്ങനെ സൂക്ഷിച്ചാലേ എന്നും പുതിയതായിട്ട് ഇരിക്കൂ.

മലയാളം പുസ്തകങ്ങൾ ഇനിയൊരിക്കൽ പ്രദർശിപ്പിക്കുന്നതാണ്. വേണ്ടെന്ന് പറയരുത് ദയവായിട്ട്. ;)

Labels:

Tuesday, February 03, 2009

വക്കുപൊട്ടിയ വാക്കുകൾ

എന്റെ തന്നെ ചില വാക്കുകളാണ് എന്റെ ശത്രുക്കളെന്ന്
എന്റെ (അടുത്ത?) സുഹൃത്ത്.
മിണ്ടാതിരുന്നേക്കാംന്ന് വിചാരിച്ചപ്പോ
വാക്കുകൾ വന്ന് പറഞ്ഞു,
പിന്നീട് സുഹൃത്തുക്കളായാലും
ശത്രുക്കളായാലും,
മനസ്സിൽ നിന്ന് വീഴുന്ന
തുടച്ചുമിനുക്കാത്ത വാക്കുകൾക്കും
അതിന്റേതായ ഭംഗിയുണ്ടെന്ന്.
വേദനിപ്പിച്ച് തേച്ചുമിനുക്കി
മറ്റൊന്നെന്ന് തോന്നുംവിധം
പ്രദർശിപ്പിക്കുന്നില്ലല്ലോന്ന്.

Labels: