Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, September 27, 2005

വാഗ്ദാനം!

കടൽക്കര. കൂടണയാൻ പോകുന്ന സൂര്യൻ. കടലിലേക്ക് നോക്കിയിരിക്കുന്ന യുവമിഥുനങ്ങൾ.
അവൻ : നിന്റെ ജീവിതത്തിലെന്നും സൂര്യനേം ചന്ദ്രനേം പോലെ ഞാൻ ഉദിച്ചു നിൽക്കും പ്രിയേ..
അവൾ : ഓ.. എന്റെ ഭാഗ്യം .
അവൻ : നിന്നെ ഞാൻ പൊന്നു പോലെ നോക്കും.
അവൾ : ഉം, അറിയാം.
അവൻ : നിനക്കുവേണ്ടി ഞാൻ എന്തു ത്യാഗവും സഹിക്കും.
അവൾ : ഉം.
അവൻ : അമ്പിളിയമ്മാവനെ പിടിച്ചുകൊണ്ടുത്തരാൻ നീ പറഞ്ഞാൽ ഞാൻ ചെയ്യും പ്രിയേ..
അവൾ : അറിയാം. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നത് എന്റെ ഭാഗ്യം.
“അതേയ് ചേട്ടാ...” പിന്നിൽ നിന്ന് ചീവീട് കരയുമ്പോലെ ഒരു ശബ്ദം. രണ്ടാളും ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“അതേയ്.. ചേട്ടാ.. ചേട്ടൻ അമ്പിളിഅമ്മാവനേയോ വേറെ എന്തിനെയെങ്കിലുമോ പിടിച്ചുകൊണ്ടുക്കൊടുക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ അതിനു മുമ്പ്, ഒരാഴ്ചയായിട്ട് കടല കൊറിക്കുന്നതിന്റെ കാശ് ഇപ്പോ കിട്ടണം. എന്നിട്ട് മതി വാഗ്ദാനങ്ങൾ.!!! അല്ല പിന്നെ....”

Sunday, September 25, 2005

കൈ വിട്ട വാക്ക്!

'അയ്യോ നേരം വൈകി. ഈ ഫയലൊക്കെ ഇനി ഇവിടെത്തന്നെ കിടക്കട്ടെ. ' സീന ഫയലൊക്കെ ഒന്ന് അടുക്കിവെച്ചു. 'പോകാം?'
'പോകാം നമുക്ക്‌ പോകാം.....' ശരത്‌ നോക്കിയിരുന്ന ഫയൽ അടച്ചു. എണീറ്റ്‌ കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു.
'ശരത്ത്‌, പാട്ടും പാടിയിരുന്നാൽ ആറേകാലിന്റെ ബസ്‌ പോകും. ഒന്നു വേഗാവട്ടെ.'
'അതു ശരിയാ, നീ ആ ബസിൽ കയറിയില്ലെങ്കിൽ ആ ബസിന്റെ ഒരു നിർഭാഗ്യം.'
'അധികം കളിയാക്കല്ലേ. ഓരോരുത്തരെ സഹായിക്കാൻ നിന്നതാ കുഴപ്പമായത്‌. എല്ലാരുടേം കൂടെ പോയാൽ മതിയായിരുന്നു.'
' ഞാൻ എന്റെ രാജകീയവാഹനത്തിൽ വീട്ടിൽ വിടാം. വേണോ?'
'വേണ്ടായേ.. എനിക്കു നാളേം ഓഫീസിൽ വരണം എന്നുണ്ട്‌.'
ഓഫീസിനു പുറത്തിറങ്ങി.
'ബസ്സ്റ്റോപ്പിൽ വിടാം.'
'വേണ്ട. നടന്നാൽ ആരോഗ്യം വർദ്ധിക്കും എന്ന് കേട്ടിട്ടില്ലേ?'
'എന്നാൽ നീ ഓടിക്കോ മോളേ. നിന്റെ സൌന്ദര്യോം വർദ്ധിക്കട്ടെ.'
'ഉത്തരവ്‌.'
'ഉം എന്നാൽ വിട്ടോ. ബൈ ഫോർ എവർ.'
'ഉം?' നടക്കാൻ തുടങ്ങിയ അവൾ തിരിഞ്ഞുനിന്നു. 'എന്താ പറഞ്ഞത്‌?'
'ബൈ ഫോർ എവർ എന്ന്. എന്താ നിനക്ക്‌ ഇത്രേം കേട്ടാൽ മനസ്സിലാവില്ലേ?'
'എന്താ അതിന്റെ അർഥം എന്നാ ചോദിച്ചത്‌.'
'ബൈ ഫോർ എവർ എന്നു വെച്ചാൽ എന്നെന്നേക്കുമായി വിട എന്നർഥം.'
'അതെന്താ പതിവില്ലാത്ത ഒരു പറച്ചിൽ?' സീനയ്ക്ക്‌ അരിശം വന്നു.
'ഓ അതോ, നാളത്തെ കാര്യം ആർക്കറിയാം. പാണ്ടിലോറികൾ തലങ്ങും വിലങ്ങും ഓടുന്ന വഴിയിൽക്കൂടെയാ മോളേ ഈ പാവം ബൈക്ക്‌ യാത്രക്കാരനു പോകേണ്ടത്‌. അതുകൊണ്ട്‌
ബൈ പറഞ്ഞ്‌ സ്വസ്ഥമായിട്ട്‌ പോകാമെന്ന് വെച്ചാ. പിന്നെ പറയാൻ ഒരു അവസരം കിട്ടിയില്ലെങ്കിലോ.' അവൻ കളിയായി അവളുടെ മൂക്കിൽ തൊട്ടു. അവൾ നല്ല ശക്തിയോടെ തന്നെ കൈ തട്ടി മാറ്റി.
'അതേ അതു ശരിയാ. ബൈ ഫോർ എവർ. മിണ്ടാതെ പൊയ്ക്കോണം. വന്നിരിക്കുന്നു ഓരോ കഥേം കൊണ്ട്‌.' അവൾ ഒന്നും പിന്നെ കേൾക്കാൻ നിൽക്കാതെ വേഗം നടന്നു. അവൻ പുഞ്ചിരിച്ച്‌ ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്ത്‌ പോയി.

ഭാരം വഹിച്ചും കൊണ്ട്‌ ഒരു പാട്‌ ലോറികൾ നാട്‌ കടന്നു പോയി. പ്രഭാതത്തിലെ തണുപ്പിൽ സുഖനിദ്രയിൽ ആയിരുന്ന അയാളെ ഫോൺ ബെല്ലാണ് ഉണർത്തിയത്‌. കേട്ട വാക്കുകൾ ഉറക്കത്തേയും കൂടെക്കൂട്ടിയാണ് തിരിച്ചുപോയത്‌.
അത്രക്കും സ്പീഡിൽ ഇന്നുവരെ പോയിട്ടില്ല എന്ന് ശരത്തിനു ബൈക്ക്‌ പായിക്കുമ്പോൾ തോന്നി. അവളുടെ വീട്ടിൽ എത്തിയപ്പോൾ ഓഫീസിലെ പലരും എത്തിയിട്ടുണ്ട്‌.
സുരേഷ്‌ പറഞ്ഞു ‘കാലത്ത്‌ എണീറ്റ്‌ ചായ വെച്ചോണ്ടിരിക്കുമ്പോൾ തീ പിടിച്ചതാണത്രേ.
വീട്ടുകാർ അറിയുമ്പോഴേക്കും വൈകി. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു.’
സുരേഷിന്റെ സ്വരം ഇടറി. ‘എന്തും ആലോചിച്ചാ ജോലി ചെയ്തത്‌ എന്നാർക്കറിയാം.’
വേറേ ആർക്കും അറിയില്ലെങ്കിലും ശരത്തിനു അറിയാമായിരുന്നു അവൾ ചിന്തിച്ചുകൂട്ടിയത് എന്തായിരിക്കുമെന്ന് .
പൂമുഖത്തേക്ക്‌ കയറി അവളുടെ മുഖത്തേക്ക്‌ നോക്കിയപ്പോൾ തന്റെ നാവിന്റെ ഒരു പിഴയോർത്ത്‌ അവൻ വേദനിച്ചു. ബൈ ഫോർ എവർ എന്ന് പറയുമ്പോലെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ ഉണ്ടെന്ന് അവനു തോന്നി.

Friday, September 23, 2005

കാണ്മാനില്ല!

എന്നെങ്കിലും ഇതു സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്ന് എല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും. എനിക്കും പറയേണ്ടി വന്നു. വേറൊന്നുമല്ല എന്റെ ബൂലോഗം ഒരു ഗുഡ്ബൈ പോലും പറയാതെ അപ്രത്യക്ഷം ആയിരിക്കുന്നു. ചപ്പാത്തിയുടെയും സാമ്പാറിന്റേയും ഇടയിൽ ഫുട്ബോളുകളിയിലെ ബോളുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോഴാണ് ചേട്ടൻ കമ്പ്യൂട്ടറും ഓൺ ചെയ്ത്‌ വെച്ച്‌ ബാത്‌ റൂമിലേക്ക്‌ പോയത്‌. ബാത്‌ റൂമിന്റെ വാതിൽ അടയുന്നതും സ്റ്റൌവിന്റെ കത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ ബർണറും ഓഫ്‌ ആയതും ഒരുമിച്ച്‌. എന്റെ പുള്ളിമാൻ ബൂലോഗം രാവിലെത്തന്നെ ഒന്നു സന്ദർശിച്ചു കളയാമെന്നു കരുതി മൌസ്‌ പ്രവർത്തിപ്പിച്ചു. ഒരു 9 വരി ഇംഗ്ലീഷും ഒരു ലെൻസു പോലെയുള്ള ഒരു സാധനവും വന്നതല്ലാതെ ഒന്നും വരുന്നില്ല. "ആദ്യമാദ്യമെനിക്കുണ്ടായ്‌ ... കൌതുകം" എന്നു പറഞ്ഞതുപോലെ ഗൌനിച്ചില്ല. പിന്നേം പിന്നേം നോക്കിയപ്പോഴും അതുതന്നെ സ്ഥിതി. അലറി വിളിച്ചു.
ചേട്ടൻ ഓടിവന്നു. ‘എന്താ സു? എന്തു പറ്റി?’
‘ബൂലോഗം കാണുന്നില്ല.’
‘ഓ.. ഇത്രയേ ഉള്ളൂ. ഞാൻ വിചാരിച്ചു...’
‘എന്തു വിചാരിച്ചു? ഞാൻ വീട്ടിൽ പോവും ന്നു പറയാൻ അലറി വിളിച്ചതാണെന്നു വിചാരിച്ചോ?
അത്രയ്ക്കു സന്തോഷിക്കരുത്‌.’
‘നീ സമാധാനമായി ഇരിക്ക്‌. നമുക്ക്‌ കണ്ടു പിടിക്കാം. കുളിച്ചു വരട്ടെ.’
കുളിച്ചു വന്നു ചെയ്യാൻ ഇതെന്താ വല്ല യാഗവും ആണോന്ന് ഞാൻ ചോദിച്ചില്ല.
അടുക്കളയിലെക്ക്‌ വണ്ടി വിട്ടു. ചപ്പാത്തിക്കല്ലിൽ ഉണ്ടായിരുന്ന ചപ്പാത്തി ചാണകത്തിൽ വീണ വെള്ള്ത്തൂവാല പോലെ ഇരിക്കുന്നുണ്ട്‌. എടുത്തു വെച്ചു. എന്നും ഒരുപോലെ വേണമെന്നില്ലല്ലോ.
ഇടയ്ക്ക്‌ ഒരു ചെയിഞ്ച്‌ ആവാം. സാമ്പാർ ഇളക്കിക്കൊണ്ടിരുന്ന സ്പൂണിൽ പിടിച്ചപ്പോൾ
ക്രെഡിറ്റ്‌ കാർഡ്‌ കാരൻ കസ്റ്റമറെ കണ്ടു പിടിച്ചതു പോലെ എന്റെ കൈയിൽ ചൂടോടെ ഒട്ടിപ്പിടിച്ചു.
അതു വിട്ടു പൈപ്പു തുറന്നു കൈയിൽ വെള്ളമൊഴിച്ചു. മൂന്നു വിരലുകൾ പൂരിപോലെ പൊങ്ങി വന്നു. സാമ്പാർ പതുക്കെ കടലാസൊക്കെ എടുത്തു താഴെ ഇറക്കി വെച്ച്‌ ചപ്പാത്തിയുടെ കറി അടുപ്പത്തു വച്ചു. തേങ്ങയൊക്കെ കൂട്ടി ഇളക്കി വെച്ചു. യാന്ത്രികമായിട്ടാണെങ്കിലും ഓരോന്നു ചെയ്തു കൂട്ടി.
ചേട്ടൻ കുളിച്ചു വന്നു വിളക്കു തെളിച്ചു. പതിവില്ലാതെ ഒരു പ്രാർത്ഥനയും കണ്ടു.
ഈശ്വരന്മാരേ.. ഇവളുടെ ബൂലോഗം ഇന്നത്തോടെ ഇല്ലാതാകണേ എന്നായിരിക്കും. ചേട്ടന്റെ പിന്നാലെ പോയി. രാമന്റെ പിന്നാലെ സീത പോയ മാതിരി തന്നെ. ഇടക്കിടയ്ക്‌ പാമ്പാട്ടിയെപ്പൊലെ പൊള്ളിയ വിരലുകൾ ഊതുന്നുമുണ്ട്‌. കൈക്ക്‌ എന്തു പറ്റി എന്നു ചോദിച്ചു ചേട്ടൻ. അതൊന്നുമില്ല.
മൂന്നു വിരലുകൾ ഇതാ ഇങ്ങനെയായി. 'സാരമില്ല. നിങ്ങളു വേഗം ബൂലോഗം കണ്ടുപിടിക്കൂ' എന്നു പറഞ്ഞു. തിരുവനന്തപുരത്തു തീ വന്നാൽ കൊച്ചിയിലിരുന്നു അലറി വിളിക്കും എന്ന മാതിരിയുള്ള ആൾ മൂന്നു വിരലുകൾ പൊള്ളിപ്പൊങ്ങിയിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്നതു കണ്ടപ്പോൾ ചേട്ടനു അതിശയം വന്നു. "അതിശയമേ നിന്റെ പേരാണല്ലോ ഭാര്യ" എന്നു ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടാകുമെന്നു ചേട്ടൻ മനസ്സിൽ വിചാരിച്ചിട്ടുണ്ടാവും. ബൂലോഗം എവിടെപ്പോയെന്നു നോക്കാൻ തുടങ്ങി. കണ്ടില്ല. കാണുന്നില്ല. ഒരു രക്ഷയുമില്ല. ഓഫീസിൽ പോകാൻ സമയമായി. മാസാമാസം അരിയും പച്ചക്കറികളും വാങ്ങാൻ കനിയുന്ന ജോലി ആയതുകൊണ്ട്‌ പോകാതിരിക്കാനും പറ്റില്ല. വൈകീട്ടു വന്നു നോക്കാം എന്നു പറഞ്ഞ്‌ ഭക്ഷണം കഴിച്ചു പുറപ്പെട്ടു പോയി.

എന്റെ ജോലികളൊക്കെ ഫാസ്റ്റ്‌ ഫോർവേർഡിൽ തീർത്ത്‌ ബൂലോഗം പരതാൻ തുടങ്ങി. ഒന്നും വരുന്നില്ല. എല്ലാവരുടെയും ബൂലോകത്തിൽ ഓടിക്കയറി നോക്കി എല്ലാം ഉണ്ട്‌. സഹായിക്കൂ എന്ന മെസ്സേജ്‌ വിട്ടു. ദൈവം പോലും കൈവിട്ട നിന്നെ ആരു സഹായിക്കാൻ എന്ന മട്ടിൽ ഉറങ്ങുകയാണ് എല്ലാവരും.
ഇനി എന്നെ പുലി എന്നു പറഞ്ഞതുകൊണ്ടു ഭാരത സർക്കാർ വല്ല തമിഴ്‌ പുലിയും ആണെന്ന് കരുതി ഇടപെട്ടതായിരിക്കുമോ അതോ വായനക്കാർ ആരെങ്കിലും ദയയില്ലാവധം എന്നു പറഞ്ഞ്‌ ബൂലോഗമാനേജുമെന്റിനു പരാതി അയച്ചിട്ട്‌ അവർ ഇടപെട്ടുവോ? എന്നീ പലതരം ചിന്തകൾ എന്റെ മനസ്സിൽ സോപ്പ്‌ കുമിള പോലെ പൊന്തി വന്നു. വായനക്കാർ വല്ല അതിരാത്രവും നടത്തിയിട്ടുണ്ടാകും ഇത്‌ നിന്നുപോകണേ എന്നും പ്രാർത്ഥിച്ച്‌. എഴുത്തിന്റെ പോക്ക്‌ കണ്ടാൽ അതും അതിലപ്പുറവും ഉണ്ടാകും. അങ്ങനെ നിരാശപൂണ്ട്‌ ഇരിക്കുമ്പോൾ ദാ വരുന്നൂ ബൂലോഗം ഇലക്ഷൻ തീരുമാനിച്ചാൽ നേതാക്കന്മാർ പ്രജകളെ സന്ദർശിക്കുന്നതു പോലെ ചിരിച്ചുംകൊണ്ട്‌. ബ്ലോഗീശ്വരനു ഒരു മാസം ഇതിൽ നിന്നു വിട്ടു നിന്നോളാമേ എന്ന് നേർച്ചയൊന്നും നേരാഞ്ഞത്‌ നന്നായി എന്നു ആശ്വസിച്ചു പുതിയ പോസ്റ്റ്‌ അടിച്ചിറക്കി. വായനക്കാരുടെ ക്ഷമ പരീക്ഷിക്കൽ ആണല്ലോ എന്റെ ജോലി.
സമാധാനത്തോടെ ഇരുന്നപ്പോൾ പൊള്ളലേറ്റ വിരലുകൾ നീറാൻ തുടങ്ങി. ചേട്ടനു ഓഫീസിലെക്ക്‌ ഫോൺ ചെയ്തു. ‘എനിക്ക്‌ കൈ വേദനിക്കുന്നു’
‘അതു നീ തന്നെയല്ലേ രാവിലെ സാരമില്ല എന്നു പറഞ്ഞത്?’
‘ ഇപ്പോ സാരമുണ്ട്.’
‘ എന്നാൽ കുറച്ച്‌ ബർണോൾ എടുത്തു പുരട്ടൂ’.
‘ എന്നാലും വേദനിക്കും’
‘ ബൂലോഗം വന്നോ?’
‘ വന്നു.’
‘എന്നാൽ കൈവേദന സാരമാക്കേണ്ട.’
‘ അതെന്താ.’
‘നിന്റെ വായനക്കാരുടെ മനോവേദനയോളം വരില്ലല്ലോ, നിന്റെ കൈവേദന. അതു തന്നെ.’
ഫോൺ വെച്ചു.
ഓഫീസിനടുത്ത്‌ താമസിക്കാഞ്ഞ ചേട്ടന്റെ അതിബുദ്ധിയോർത്ത്‌ ഞാൻ കേരളം കണ്ടു തിരിച്ചുപോയ മാവേലിയെപ്പോലെ ചിന്തയിൽ മുഴുകി നിന്നു.

Wednesday, September 21, 2005

ഭക്ഷണം!

പഞ്ചാബിലെ ആൾ : ജാലിയൻ വാലാബാഗ്‌ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ ഞങ്ങൾ ഓരോ ആൾക്കാരും ദുഖിക്കും. ഭക്ഷണം കഴിക്കാനിരുന്നാൽ ചിലപ്പോൾ വേണ്ടെന്നു വരെ തോന്നും.

മുംബൈയിലെ ആൾ : വെള്ളപ്പൊക്കത്തെക്കുറിച്ചോർക്കുമ്പോൾ ഞങ്ങളുടേയും ഗതി ഇതു തന്നെയാ. വെള്ളം കുടിക്കാൻ പോലും തോന്നില്ല വിഷമം കൊണ്ട്‌.

തമിഴ് നാട്ടിലെ ആൾ : സുനാമിയെക്കുറിച്ചോർക്കുമ്പോൾ ഞങ്ങളും വിഷമത്തിൽ ആവാറുണ്ട്. ഭക്ഷണം കിട്ടുന്നതിനു ദൈവത്തോട് നന്ദി എന്നും പറയാറുണ്ട്.

ഗുജറാത്തിലെ ആൾ : ഇവിടെ നടന്ന ഭൂകമ്പം ഓർക്കുമ്പോൾ വിഷമം ഇല്ലാതിരിക്കാൻ ഒരാൾക്കും കഴിയില്ല. ഞങ്ങളെയൊക്കെ ബാക്കി വെച്ച് ഭക്ഷണം തരുന്നുണ്ടല്ലോ ദൈവം എന്നോക്കുമ്പോൾ വളരെ ആശ്വാസം തോന്നാറുണ്ട്.

കേരളത്തിലെ ആൾ : ഞങ്ങൾക്ക്‌ ഇവിടുത്തെ മെഗാസീരിയലുകൾക്കുറിച്ചോർക്കുമ്പോഴാ ഞെട്ടൽ. ഭക്ഷണം ഇറങ്ങില്ല.
അതെന്താ അതിൽ ഇത്രേം വിഷമം ഉള്ള ഒരു കാര്യം?
സീരിയൽ കണ്ട് തീർന്ന് ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടു വേണ്ടേ ഇറക്കാൻ.

Saturday, September 17, 2005

തിരുവോണം നാളിലെ അതിഥി!

"നീ എങ്ങോട്ടാ?"

അമ്മയാണ്. മോഹനൻ കണ്ണാടിക്ക്‌ മുന്നിൽ നിന്നും അമ്മയുടെ നേർക്ക്‌ തിരിഞ്ഞു. ഷർട്ടിന്റെ കുടുക്കുകൾ ഇട്ട്‌ മുഴുമിച്ചും കൊണ്ട്‌ പറഞ്ഞു.

‘പണിയുണ്ട്‌.’

‘തിരുവോണമായിട്ടോ?’

‘ഓ... അമ്മയ്ക്കെന്താ . സർക്കാരുദ്യോഗം ആണോ തിരുവോണത്തിനു വീട്ടിലിരിക്കാൻ?’

‘എന്നാലും’..... ‘ഒരെന്നാലും ഇല്ല. ഇന്ന് 29 ആയി. അവിടെ കല്യാണം 7 നാണെന്നു അമ്മയ്ക്കറിയില്ലേ?’ 3 ദിവസത്തിനുള്ളിലെങ്കിലും പെയിന്റിങ്ങ്‌ തീർത്തുകൊടുക്കണം,'

‘ഊണു കഴിക്കാൻ വരില്ലേ ?’

'എന്തായാലും വരും. പക്ഷേ നിങ്ങൾക്ക്‌ കഴിക്കാൻ സമയം ആയാൽ കാത്തുനിൽക്കേണ്ട. എപ്പോഴാ വരാൻ പറ്റുക എന്നറിയില്ല.’

അമ്മ തിരിഞ്ഞ്‌ നടന്നു കഴിഞ്ഞു. മോഹനൻ ഒന്നു കൂടെ കണ്ണാടിയിൽ നോക്കി മുടി നേരെയാക്കി പുറത്തേക്കിറങ്ങി. അച്ഛൻ പതിവുപോലെ പത്രവും വായിച്ച്‌ ഇരിപ്പുണ്ട്‌. ഇന്നലെയേ പറഞ്ഞതുകൊണ്ട്‌ എങ്ങോട്ടാ എന്ന ചോദ്യം ഇല്ല. പണ്ടു ചെയ്തോണ്ടിരുന്ന ജോലി ആയതുകൊണ്ട്‌ അതിന്റെ കാര്യങ്ങളൊന്നും അച്ഛനെ പറഞ്ഞ്‌ മനസ്സിലാക്കേണ്ടതില്ല. ഇറങ്ങി നടന്നു.

‘ഏട്ടാ...’ശ്രീജയാണ്.

‘എന്താ?’

' തിരിച്ചുവരുമ്പോൾ സരളച്ചേച്ചിയുടെ വീട്ടിൽ നിന്ന് തയ്ക്കാൻ കൊടുത്തത്‌ വാങ്ങിക്കൊണ്ട്‌ വരുമോ? എന്റെ ഒരു ചുരിദാറും അമ്മയുടെ 2 ബ്ലൌസും ഉണ്ട്‌.'

‘ഉം.’

റോഡിലേക്കിറങ്ങി.

*
‘സജൂ, സജൂ.’ വാതിലിൽ ഇടിക്കുന്നശബ്ദം.

അമ്മയാണ് . ഓ... ഒന്നു മര്യാദക്ക്‌ ഉറങ്ങാനും സമ്മതിക്കില്ല. പുതപ്പ്‌ നീക്കി എണീറ്റു. കണ്ണും തിരുമ്മി വാതിൽ തുറന്നു.

‘ഇത്‌ എത്രനേരമായി കൊണ്ട്‌ വെച്ചിട്ട്‌ എന്നറിയാമോ?’വാതിലിനു അടുത്തുള്ള ചെറിയ ടേബിളിൽ കാപ്പിക്കപ്പ്‌. വേലക്കാരി വെച്ചിട്ട്‌ പോയതായിരിക്കും.

‘എന്താടാ ഇത്‌ ഇന്ന് തിരുവോണം ആയിട്ടെങ്കിലും എല്ലാരുടേം കൂടെ വന്ന് ഇരുന്നു രണ്ട്‌ വാക്ക്‌ മിണ്ടിക്കൂടെ?’അമ്മ ദേഷ്യത്തിൽ തന്നെ കോണിയിറങ്ങി പോയി.

സജീഷ്‌ കപ്പെടുത്തു. ഇന്നലെ ഒരു മണി എങ്കിലും ആയിക്കാണും വീട്ടിൽ എത്താൻ. എല്ലാവരും നല്ല ഉറക്കം ആയതുകൊണ്ട്‌ കണ്ടില്ലായിരിക്കും. അല്ലെങ്കിലും ഈ വീട്ടിൽ ആർക്കാ മറ്റൊരാളുടെ കാര്യം നോക്കാൻ സമയം. വീട്ടിന്റെ താക്കോൽ എല്ലാവരുടെ കൈയിലും ഓരോന്ന്. സ്വന്തം മുറികൾ, വാഹനങ്ങൾ. ഇടപെടലുകളില്ലാത്ത ജീവിതം. വായ കഴുകി കാപ്പി കുടിച്ചു. ടി. വി. ഓൺ ചെയ്ത്‌ ചാനൽ മാറ്റി മാറ്റി നോക്കി. ഓഫ്‌ ചെയ്ത്‌ പാട്ട്‌ വെച്ചു. ബാത് റൂമിൽ ഷവറിനു കീഴിൽ നിന്നപ്പോഴാണ് തലയുടെ ഭാരം അൽപം കുറഞ്ഞത്‌. ഇന്നലെ ശ്യാമിന്റെ പാർട്ടി ആയിരുന്നു. ബാറിൽ നിന്ന് 11 മണിക്ക്‌ ഇറങ്ങി . പിന്നെ ഹോട്ടലിൽ ശ്യാമിന്റെ മുറിയിൽ. അവന്റെ ഡാഡിയുടെ തന്നെ ഹോട്ടൽ . ശ്യാമിനെ ഇനി 3 മാസത്തെ ഫോറിൻ ട്രിപ്‌ കഴിഞ്ഞേ കിട്ടൂ എന്നുള്ളതുകൊണ്ട്‌ എല്ലാവരും നന്നായി ആഘോഷിച്ചു. ഇന്ന് റെക്സിന്റെ പാർട്ടി ആണ്. കുറച്ച്‌ ദൂരെയുള്ള ഡ്രൈവ്‌ ഇൻ റെസ്റ്റോറന്റിൽ കൂടാമെന്നാണ് തീരുമാനിച്ചത്‌. ഒരുങ്ങുന്നതിനിടയിൽ സെൽ ഫോൺ ശബ്ദിച്ചു. ശ്യാം! ‘ഉറങ്ങുവാണോടേയ്‌...’‘അല്ലല്ല. റെഡി ആയിക്കൊണ്ടിരിക്ക്യാ. പത്തേമുക്കാലിനു പ്ലാസയുടെ മുൻപിൽ കാണാം എന്നല്ലേ എല്ലാരും പറഞ്ഞത്‌.’‘നീ വണ്ടി എടുക്കുന്നുണ്ടോ?’‘ഉണ്ട്‌.’ ‘ എന്നാൽ ബൈക്ക്‌ മതി. എന്നാലേ ഒരു ത്രിൽ ഉള്ളൂ.’‘ഓക്കെ ഡാ കാണാം.’ സെൽ ഓഫ് ചെയ്തു.പാട്ടും എ സി യും ഓഫ്‌ ചെയ്ത്‌ പുറത്തിറങ്ങി. സ്വീകരണമുറിയിൽ എത്തിയപ്പോൾ പതിവില്ലാതെ അഛനും അമ്മയും രാജേഷും സജിതയും ടി വിയും നോക്കി ഇരിപ്പുണ്ട്‌. ‘എങ്ങോട്ടെങ്കിലും പോവാൻ ഉള്ള പ്ലാൻ ആണോ ഏട്ടാ...’ സജിത.‘ഉം’ ‘ എന്തെങ്കിലും കഴിച്ചോ.?’ അച്ഛൻ .‘ഒന്നും വേണ്ട വിശപ്പില്ല.’ ‘അതോ ഇന്നലെ കഴിച്ചതിന്റെ കെട്ട്‌ വിടാഞ്ഞിട്ടോ...?’ രാജേഷ്‌. അവനെ ഒന്ന് തറപ്പിച്ച്‌ നോക്കി. ‘തിരുവോണമായിട്ടും വേണോടാ ഇറങ്ങിപ്പോക്ക്‌ ഇന്നെങ്കിലും വീട്ടിൽ ഭക്ഷണം കഴിച്ചൂടെ? അമ്മ. ‘പറ്റില്ല. ശ്യാം മറ്റന്നാളാ പോകുന്നത്‌. അതിനു മുൻപ്‌ കൂടാമെന്ന് എല്ലാരും തീരുമാനിച്ചു കഴിഞ്ഞതാ.’ ഇറങ്ങി. പുതിയ ബൈക്ക്‌ എടുത്തു. ഒരു മാസം ആയില്ല വാങ്ങിയിട്ട്‌. ശ്യാം പറഞ്ഞത്‌ നേരാ. കാറിൽ പോയാൽ ഒരു ത്രിൽ കിട്ടില്ല. മഴ ഇല്ലാത്തതുകൊണ്ട്‌ സ്പീഡിൽ പോവുകയും ചെയ്യാം.
***മോഹനൻ അവിടെ നിന്നും തിരിച്ചിറങ്ങി. ചെന്നപ്പോൾ തന്നെ രാജിച്ചേച്ചി പറഞ്ഞു ‘ ഇന്നു പെയിന്റിംഗ്‌ വേണ്ട മോഹനാ, എല്ലാരും വന്നിരുന്നു. തിരിച്ചുപോയതാ. ഇന്ന് സീതയെക്കാണാൻ ചെറുക്കന്റെ അമ്മാവനും അമ്മായീം വരുന്നുണ്ട്‌ ഉച്ചക്ക്‌. അവർ അമേരിക്കേന്ന് മിനിയാന്ന് എത്തിയതേ ഉള്ളൂ. പെയിന്റിങ്ങ്‌ ഇന്ന് ശരിയാവില്ല. എല്ലാം കൂടെ ഒരു തിരക്കാവും.’ ‘എന്നാൽ നാളെ വരാം.’‘എന്തെങ്കിലും കഴിച്ചിട്ടു പോകൂ.’‘വേണ്ട ചേച്ചി വീട്ടിൽ എത്തുമ്പോഴേക്കും ഊണിനു സമയം ആകും. പോട്ടെ’ ‘എന്നാ ശരി.’ ഒരു ദിവസത്തെ ജോലി കുറഞ്ഞു. സാരമില്ല. ഓണമല്ലേ വീട്ടിൽ വേഗം ചെന്നാൽ എല്ലാർക്കും സന്തോഷമാവും.
**
ഓ... സജീഷിനു ദേഷ്യം വന്നു. പശുവിനു റോഡ്‌ ക്രോസ്‌ ചെയ്യാൻ കണ്ട നേരം. ആൾക്കാർക്ക്‌ പശുവിനെ സ്വന്തം വീട്ടിൽ മേയാൻ വിട്ടാൽപ്പോരേ തിരക്കുള്ള ഹൈവേയിൽ തന്നെ വേണോ. പശുവിനു വേണ്ടി രണ്ട്‌ മിനുട്ട്‌ കളഞ്ഞതിന്റെ ദേഷ്യത്തിൽ സജീഷ്‌ സ്പീഡ്‌ ഒന്നു കൂടെ കൂട്ടി.
***
സരളച്ചേച്ചിയുടെ വീട്ടിൽ നിന്നും തുണികൾ വാങ്ങി മോഹനൻ റോഡിലേക്കിറങ്ങി. തന്റെ വീട്ടിലേക്കുള്ള മൺ റോഡിലേക്കെത്താൻ റോഡ്‌ ക്രോസ്സ്‌ ചെയ്യാൻ തുടങ്ങി.ഉച്ചക്ക്‌ അമ്മയേയും ശ്രീജയെയും കൂട്ടി ഒരു സിനിമയ്ക്കു പോകാം. കുറെ നാൾ ആയിട്ട്‌ അലച്ചിൽ തന്നെ ആയിരുന്നു. വിചാരങ്ങളിൽ മുഴുകിയപ്പോൾ വാഹനത്തിന്റെ ഒച്ച മോഹനൻ കേട്ടില്ല. ഒരു ബൈക്ക്‌ സ്പീഡിൽ വന്ന് ഇടിച്ചു. മോഹനൻ തെറിച്ച്‌ മുകളിലേക്ക്‌ പോയി താഴേക്ക്‌ വീണു. നിശ്ചലം ആയി.......... ****
എല്ലാരും എത്തിക്കാണും. സ്പീഡ്‌ ഇനി കൂട്ടാൻ ഇല്ല. ഒരുത്തൻ റോഡിനു നടുവിൽ. ബ്രേക്ക്‌ ഇടാൻ പറ്റിയില്ല അതിനു മുൻപ്‌ അയാളെ തട്ടിത്തെറിപ്പിച്ചു. ബൈക്ക്‌ മുന്നിൽ നിന്നും വന്ന ലോറിക്കു മുകളിൽ ശക്തിയോടെ ചെന്നിടിച്ചു. സജീഷ്‌ തെറിച്ചുപോയി. നിശ്ചലം ആയി............
*****
പിറ്റേ ദിവസം പത്രത്തിലെ വലിയ വാർത്തയായി ആ അപകടവും മോഹനന്റേയും സജീഷിന്റേയും ഫോട്ടോയും വായനക്കാർ കാണുമ്പോൾ മരണം പതിവുപോലെ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. കാണാമറയത്ത്‌ നിന്ന്. ഓണമായാലും വിഷുവായാലും സമ്പന്നനായാലും ദരിദ്രനായാലും ആരുടേയും വീടുകളിലേക്ക്‌, ജീവിതങ്ങളിലേക്ക്‌, ക്ഷണിക്കാതെ കടന്നു ചെല്ലാൻ പറ്റുന്ന, ആർക്കും നിഷേധിക്കാൻ പറ്റാത്ത, ഒരേയൊരു അതിഥി താൻ മാത്രം ആണെന്നുള്ള ഗർവിൽ!

Wednesday, September 14, 2005

ഓണാശംസകൾ!

എല്ലാവർക്കും

ഞങ്ങളുടെ

സ്നേഹം

നിറഞ്ഞ

ഓണാശംസകൾ!

Tuesday, September 13, 2005

മാവേലി കണ്ട ഓണക്കാലം 2005

2005 സെപ്തംബർ മാസത്തിൽ ഓണക്കാലത്ത്‌ മാവേലി മന്നൻ ഓലക്കുടയും എടുത്ത്‌ മെതിയടിയും ഇട്ട്‌ കുടവയറും തടവി കേരളദേശത്ത്‌ പൊങ്ങി. കനത്ത മഴ. എന്നാൽ അൽപസമയം എവിടെയെങ്കിലും നിന്നിട്ട്‌ മഴ കുറയുമ്പോൾ യാത്ര തുടരാം എന്ന് കരുതി അടുത്തുള്ള ബസ്‌ സ്റ്റോപ്പിൽ കയറി നിന്നു. ഒരു യുവാവ്‌ തന്നത്താൻ സംസാരിച്ചും കൊണ്ട്‌ അവിടെ നിൽക്കുന്നുണ്ട്‌. ഈശ്വരാ.. ഇത്ര ചെറുപ്പത്തിലേ വട്ട്‌ പിടിച്ചത്‌ കഷ്ടമായിപ്പോയല്ലോ എന്നു വിചാരിച്ച്‌ മാവേലി യുവാവിനെ ഒന്ന് നോക്കി. എന്താ മോനേ പ്രശ്നം എന്ന് ചോദിച്ചു. അയാൾ മിണ്ടുന്നത്‌ മതിയാക്കി മാവേലിയോട്‌ തട്ടിക്കയറി. എന്താ കാർന്നോരേ ഫോണിൽ സംസാരിക്കാനും വിടില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് മാവേലിക്ക്‌ മൊബൈൽ ഫോൺ എന്നൊരു വസ്തു ഉള്ള കാര്യം ഓർമ്മ വന്നത്‌. കഴിഞ്ഞ വർഷം വന്നപ്പോഴും കണ്ടിരുന്നു. മറവി പറ്റിപ്പോയി. മാവേലി ഒന്നും മിണ്ടിയില്ല. യുവാവ്‌ പിന്നേയും മഹാഭാരതം തുടങ്ങി. തനിക്കും ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇവിടെ എത്തിയ കാര്യം പാതാളത്തിൽ വിളിച്ച്‌ അറിയിക്കാമായിരുന്നു എന്ന് മാവേലി ഓർത്തു.
മഴ കുറഞ്ഞു. മാവേലി നടത്തം തുടങ്ങി. കുറെ ദൂരം പോയപ്പോൾ ഒരു വാഹനത്തിൽ നിന്ന് ഒരു പെൺകുട്ടി നിലവിളിക്കുന്നു. മാവേലി പരിഭ്രമിച്ച്‌ അടുത്തു കണ്ട ആളോട്‌ പറഞ്ഞു. ആരോ അപകടത്തിൽ ആണ്. നമുക്ക്‌ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാം എന്നു. അയാൾ മാവേലിയെ മണ്ടനു കിട്ടിയ ചോദ്യപ്പേപ്പർ പോലെ പുച്ഛത്തിൽ ഒന്നു നോക്കി. എന്നിട്ട്‌ പറഞ്ഞു“ കാർന്നോരു കേരളത്തിൽ അല്ല താമസം അല്ലേ? രക്ഷിക്കാൻ പോയാൽ നമ്മളുടെ പേര് ആയിരിക്കും ഒന്നും രണ്ടും പ്രതികളുടെ സ്ഥാനത്ത്‌ വെക്കുന്നത്. മാനം കളയാതെ സ്ഥലം കാലിയാക്കാൻ നോക്ക്‌.” അയാളുടെ വാക്കിന്റെ കടുപ്പം കണ്ടിട്ട്‌ മാവേലിക്ക്‌ ഒന്നും പിന്നെ ചോദിക്കാൻ തോന്നിയില്ല.
നടന്നു. ആൾക്കൂട്ടത്തിനടയിൽ നടന്നെത്തി. എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല. ഒരാളോട്‌ ചോദിച്ചു. അവിടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത്‌ ആരെന്ന് തെളിയിക്കാൻ ഉള്ള ഗുസ്തി മത്സരം നടക്കുകയാ. മാവേലി അവിടെ നിന്നും തടിയൂരുന്നതാ നല്ലതെന്നു തോന്നി. പിന്നേം നടത്തം. അതാ വരുന്നൂ കാട്ടുജാതിക്കാരെപ്പോലെ അവിടേം ഇവിടേം മാത്രം മറച്ചും കൊണ്ട്‌ വസ്ത്രം ഇട്ട ഒരു പെണ്ണ്.
ഹളോ അമ്മാവാ...നമസ്കാരം. അമ്മാവന്റെ ഹോബി എന്റൊക്കെയാണു?
ഹോബി?
അതെ. ഹോബീന്നു വെച്ചാൽ അമ്മാവനു വെരുതെ ബോരടിക്കുമ്പോൽ ചെയ്യുന്ന കാര്യം. അമ്മാവന്റെ ഭാര്യക്ക്‌ ക്ലബ്ബിൽ പോകുമ്പോൽ മറ്റുല്ലവരോട്‌ പരഞ്ഞ്‌ അസൂയപ്പെറ്റുത്താൻ ഉല്ല കാര്യം.
എനിക്ക്‌ ഹോബി ഒന്നും ഇല്ല. ഉള്ള ജോലിക്ക്‌ തന്നെ സമയം ഇല്ല. പിന്നെയാ ഹോബി.
ഓ.. പുവർ ഫെല്ലോ... ഓക്കെ. അമ്മാവനു കാലാകൂലി നിങ്ങലുടെ തോന്ന്യാസത്തിലൂടെ കാനാൻ എത്‌ സീൻ ആനു വേന്റത്‌?
എനിക്ക്‌ ...
മാവേലി തുടങ്ങുന്നതിനു മുൻപ്‌ അവൾ മൊഴിഞ്ഞു. ഈ അമ്മാവനു വേന്റി കാലാകൂലി നിങ്ങലുടെ തോന്ന്യസത്തിലൂടെ നമുക്ക്‌ ഈ സീൻ കാനാം . ഒരു ചുക്കും മനസ്സിലാകാതെ മാവേലി വീണ്ടും നടന്നു. രണ്ടാൾക്കാർ സമീപിച്ചു . അവർ രണ്ടാളും മുട്ടൻ വഴക്ക് . മാവേലി ഇടപെടാൻ തീരുമാനിച്ചു. രണ്ടാളുടെ ഭാഗവും പറഞ്ഞു. രണ്ടാളും ഒടുവിൽ ഒന്നായി മാവേലിയെ കൈയേറ്റം ചെയ്തു. മാവേലി ഓടി. അവർ പിന്നാലേയും. മവേലിയെ പിടിച്ച്‌ പറഞ്ഞു ‘അമ്മാവോ നിൽക്ക്‌ നിൽക്ക്‌ ഇതു വെറും തമാശയാ.’ മാവേലി ഞെട്ടി. വഴക്കും കേരളത്തിൽ തമാശ ആയിത്തുടങ്ങിയോ. അവർ പറഞ്ഞു ‘അമ്മാവാ ഇത്‌ സൂത്രം ടി വി യിലെ അടിയെടാ.. എന്ന പരിപാടി ആണ് ദാ.. ആ വാഹനത്തിൽ ക്യാമറ ഉണ്ട്‌. അമ്മാവൻ ഈ സമ്മാനങ്ങൾ സ്വീകരിച്ചാലും.’ അവർ കുറെ പൊതികൾ മാവേലിയെ പിടിപ്പിച്ചു. മാവേലി റോഡ്‌ ഉപേക്ഷിച്ച്‌ അടുത്തുള്ള വീട്ടിലേക്ക്‌ കയറി. മുറ്റത്തൊരു വല്യ പൂക്കളം. മാവേലിക്ക്‌ സന്തോഷമായി. ചിലരെങ്കിലും ഓണത്തിന്റെ നന്മ കാത്തുസൂക്ഷിച്ചിട്ടുണ്ടല്ലോ. അടുത്ത്‌ ചെന്നപ്പോളാണ് മനസ്സിലായത്‌ അതു പൂക്കളം അല്ല റീത്ത്‌ ആണെന്ന്. ഒരു കൊച്ചുകുട്ടി മുറ്റത്ത്‌ കസേരയിൽ ഇരിപ്പുണ്ട്‌. അതിന്റെ അടുത്തേക്ക്‌ ചെന്നു മാവേലി. ‘മോനെ ഇതെന്താ റീത്ത്‌ വെച്ചിരിക്കുന്നത്‌ ഇവിടെ പൂക്കൾ ഒന്നും കിട്ടാൻ ഇല്ലേ ?
പൂക്കൾ ഉണ്ടോന്ന് നോക്കാൻ ആർക്കാ സമയം? ഡാഡിയ്ക്ക്‌ ജോലിത്തിരക്ക്‌ ആണ്. മമ്മിയ്ക്ക്‌ ക്ലബിൽ ഒരോ ദിവസവും ഓരോ പരിപാടി ആണ്. ഞാൻ കുഞ്ഞായതുകൊണ്ട്‌ എനിക്ക്‌ തനിച്ച്‌ എങ്ങും പോയി പൂ അന്വേഷിക്കാൻ പറ്റില്ല.
‘സാരമില്ല. മോന്റെ ഡാഡിയും മമ്മിയും എവിടെ ? ഓണസദ്യക്കുള്ള ഒരുക്കം ആണോ?’
‘ അല്ലല്ല ഡാഡി ഓണസദ്യ പാർസൽ വാങ്ങാൻ പോയി. മമ്മി വൈകീട്ട്‌ ക്ലബ്ബിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ള സാരിയുടെ മാച്ചിംഗ്‌ ചെരുപ്പു വാങ്ങാൻ പോയി.’
‘അപ്പോ മോൻ തനിച്ച്‌ എന്തിനാ മുറ്റത്തിരിക്കുന്നത്‌?’
‘വേലക്കാരിയുടെ സീരിയൽ സമയം ആണ് ഇത്‌. അവരെ ശല്യം ചെയ്താൽ പിന്നെ ജോലിക്ക് ആളെക്കിട്ടില്ലെന്നാ പറഞ്ഞത്‌. അവർ സീരിയൽ കാണുന്ന സമയം ആരും ശല്യപ്പെടുത്തരുത്‌. അതാ ഇവിടെ ഇരിക്കുന്നത്. അയ്യോ അങ്കിൾ പൊയ്ക്കോളൂ. മലയാളം പറയുന്നതും കേട്ടോണ്ട്‌ മമ്മി വന്നാൽ എനിക്ക്‌ തല്ലു കിട്ടും.’
മാവേലി ഇറങ്ങി നടന്നു. കേരളം പാടേ മാറി. മാവേലി, കാസറ്റുകളിൽ മാത്രമേ ഉള്ളൂ എന്നും ഓണാഘോഷം ടി വിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്നും സിനിമാ ടിക്കറ്റിനു ക്യൂ നിൽക്കുന്നതിനേക്കാൾ ആളുകൾ സർക്കാരിന്റെ മദ്യശാലകളിൽ ക്യൂ നിൽക്കുന്നു എന്നുമൊക്കെ കഴിഞ്ഞ വരവിൽ തന്നെ മനസ്സിലാക്കിയതാണ്. എന്നിട്ടും എന്തോ ഒരു സ്നേഹം ഇങ്ങോട്ട്‌ പിടിച്ചുകൊണ്ടുവരികയാണ്. ഇനി എന്തായാലും അടുത്ത വർഷം കാണാം. ഇനിയും കാഴ്ചകൾ കാണാൻ നിന്നാൽ ദു:ഖിക്കാനേ സമയം കിട്ടൂ. എന്നെങ്കിലും താൻ ഭരിച്ച ആ നല്ല നാളുകളിലേക്ക്‌ കേരളം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം . മാവേലി തന്നെ ഉറക്കെ പാടി.
“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ”....
എന്നിട്ട്‌ പാതാളത്തിലേക്ക്‌ തിരിച്ചു പോയി.

Saturday, September 10, 2005

അവൾ!

അയാൾക്ക്‌ ഓരോ ദിവസവും അരിശം കൂടി വന്നതേയുള്ളൂ. സ്വൈര്യം തരില്ലാന്നുവെച്ചാൽ എന്താ പിന്നെ ചെയ്യുക? വൈകീട്ട്‌ ഓഫീസിൽ നിന്നു വന്നാൽ തുടങ്ങും. ചുറ്റും കിടന്ന് ചിലയ്ക്കാൻ. ഓഫീസിൽ പോകുമ്പോൾ മാത്രമാണ് അൽപം സ്വസ്ഥത. വീട്ടിനകത്തേക്ക്‌ കയറുന്ന നിമിഷം മുതൽ തുടങ്ങും അലോസരപ്പെടുത്താൻ. പേപ്പർ വായിക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കാൻ പറ്റില്ല, ടി.വി.കാണാൻ പറ്റില്ല, വിശ്രമിക്കാൻ പറ്റില്ല, എന്തിനു ഒന്നു ബാത്‌ റൂമിൽ പോലും പോകാൻ പറ്റില്ല. അവളെ ഒഴിവാക്കാൻ ആവുന്നത്ര ശ്രമിച്ചു. ദേഷ്യപ്പെട്ടു, അവഗണിച്ചു, എന്തിനു , കൈയേറ്റത്തിനു വരെ ശ്രമിച്ചു. എന്തു പ്രയോജനം? അന്നേരം ഒഴിഞ്ഞ്പോയിട്ട്‌ പിന്നേം വന്നു തുടങ്ങും ശല്യം. ആരോടെങ്കിലും പറയാമെന്നു വെച്ചാൽ ഈ നിസ്സാര വീട്ടുകാര്യം എല്ലാവരും ചിരിച്ചു തള്ളും.
അവസാനം ഗതികെട്ട്‌ ഒരു ദിവസം അയാൾ വന്നത്‌ അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള സൂത്രവുമായിട്ടാണ്. വീട്ടിലെത്തി. പതിവുപോലെ ശല്യത്തിനു വന്നു. അയാൾ ഒന്നും പ്രതികരിച്ചില്ല. അധികസമയം കഴിയുന്നതിനു മുമ്പ്‌ തന്നെ അയാളുടെ സൂത്രപ്രയോഗത്തിൽ അവൾ കീഴടങ്ങി ജീവൻ വെടിഞ്ഞു. അയാൾ കുറേക്കാലത്തിനു ശേഷം സ്വൈര്യമായി വിശ്രമിക്കുമ്പോൾ കത്തിച്ചു വെച്ച കൊതുകുതിരി ഒരു വല്ലാത്ത പുകയുമായി മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

Thursday, September 08, 2005

വർക്കലയിലെ വിവാഹം.

അങ്ങനെ അതിരാവിലെ ഗുഡ്മോർണിങ്ങിൽ ഒരു ദീർഘദൂര ബസിൽ നിന്നും രണ്ടാൾക്കാർ വർക്കല ബസ്‌ സ്റ്റാന്റിൽ ലഗ്ഗേജ്‌ കണക്കെ എറിയപ്പെട്ടു. ചേട്ടനും ഞാനും. തലേ ദിവസം രാവിലെ ചെരുപ്പിട്ടതാണ്. കോട്ടയത്ത്‌ ഏറ്റുമാനൂരപ്പൻ ഉള്ളിടത്തുനിന്നും പിന്നെയും തെക്കോട്ട്‌ പോവാൻ ഭാഗ്യം ലഭിച്ചില്ലാത്തതിനാൽ വർക്കല സന്ദർശനം എനിക്കൊരു ലോട്ടറി പോലെ ആയിരുന്നു. സന്ദർഭം വന്നാൽ അല്ലേ സന്ദർശനം പറ്റൂ. കലേഷ്‌ വിളിച്ചിട്ട്‌ പോവാതിരിക്കുന്നതെങ്ങിനെ. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന് പറഞ്ഞു വിളിച്ച്‌ പോയതാണ്. ബാക്കി ഉള്ളവരൊക്കെ ബിസി മോഡിൽ ഇരിക്കുകയാണ്. അതിനാൽ ഞങ്ങൾ എന്തു വന്നാലും പോവുക തന്നെ എന്നുറപ്പിച്ചു. വർക്കലയിൽ ഇറങ്ങി നല്ലൊരു ലോഡ്ജ്‌ കണ്ടുപിടിച്ച്‌ കുളിച്ചൊരുങ്ങി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി. കലേഷ്‌ എവിടെ എന്നു അവിടെ ഒരാളോട്‌ ചോദിച്ചു. നിങ്ങൾ ആരാന്ന് മറുചോദ്യം കിട്ടി. ഞങ്ങൾ ആരാന്ന് ഇവിടുത്തെ പട്ടിക്കും പൂച്ചക്കും പോലും അറിയാം എന്ന് മേഘം എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗ്‌ കടമെടുത്ത്‌ കാച്ചി. എന്നാൽ ഞാൻ പട്ടിയോടും പൂച്ചയോടും വരാൻ പറയാം എന്നു പറഞ്ഞ്‌ അയാൾ മുങ്ങി. ചുറ്റുപാടും വീക്ഷിച്ചപ്പോഴേക്കും കലേഷുണ്ട്‌ ഓടിനടന്ന് കാര്യങ്ങൾ ഒക്കെ നോക്കിനടത്തുന്നു. കലേഷിന്റെ അടുത്തു പോയി ഹലോ ഞാൻ സു ആണ്. ഇതു ചേട്ടൻ ആണ് എന്നു പറഞ്ഞു. യേത്‌ സു യേത്‌ ചേട്ടൻ? കലേഷ്‌ കണ്ട ഭാവം കാട്ടാതെ പോയി. ഞാൻ ശൂ എന്നായി . കലേഷിനു ഏത്‌ സു എന്നു മനസ്സിലായി എന്ന് പോയ അതേ സ്പീഡിൽ തിരിച്ചുവന്നപ്പോൾ മനസ്സിലായി. വന്നയുടനെ കലേഷ്‌ സൂ നമ്മുടെ ബ്ലോഗ്‌ എന്നും പറഞ്ഞ്‌ തുടങ്ങി. കലേഷേ രാവിലെത്തന്നെ ബ്ലോഗിന്റെ കാര്യം പറഞ്ഞ്‌ ബോറടിപ്പിക്കാതെ ബോജനം ഛെ ഭോജനം എവിടെയാണെന്ന് കാട്ടിത്തരൂ എന്നു പറഞ്ഞു. കലേഷ്‌ എല്ലാവരും പ്രാതൽ കഴിക്കുന്നിടത്തേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. കൈ കഴുകിയിട്ട്‌ ഇപ്പൊ വരാം എന്നും പറഞ്ഞ്‌ ഞാൻ പൈപ്പ്‌ ഉള്ളിടത്തേക്ക്‌ പോയി. അവിടെ വീണിരുന്ന വെള്ളത്തിൽ തെന്നി ബ്ധും എന്നു വീണു. എണീറ്റ്‌ നോക്കുമ്പോൾ സ്വന്തം വീട്‌ സ്വന്തം കട്ടിൽ സ്വന്തം നിലം. വർക്കല പോയിട്ട്‌ ഒരു കല പോലും ഇല്ല. ഒടിഞ്ഞ നടുവും താങ്ങി എണീറ്റപ്പോഴേക്കും ചേട്ടൻ പരിഹാസത്തിൽ നിനക്കെന്താ സു രാഷ്ട്രീയക്കാരുടെ സ്വഭാവം ഉണ്ടോന്ന് ചോദിക്കുന്നു. കൂറുമാറ്റം. ഉറങ്ങിയത്‌ ഒരിടത്ത്‌ എണീറ്റുവരുന്നത്‌ വേറൊരിടത്ത്‌ നിന്ന്. സ്വപ്നത്തിൽ ആണെങ്കിലും വർക്കലയും കലേഷിനെയും ഒക്കെ കണ്ടതിനാൽ ഞാൻ അങ്ങോട്ട്‌ ഒന്നും പറഞ്ഞില്ല.

Monday, September 05, 2005

പൊല്ലാപ്പ്!

ബസ്‌ യാത്ര എന്നതിന്റെ ശരിയായ മലയാളം എന്താന്ന് ചോദിച്ചാൽ അതിനു എന്റെ ഉത്തരം പൊല്ല്ലാപ്പ്‌ എന്നാണ്. എനിക്ക്‌ ബസ്‌ എന്നുള്ളതിനെപ്പറ്റി പല ഐഡിയകളും ഉണ്ടായിരുന്നു പണ്ട്‌. സ്കൂട്ടർ വാങ്ങി ബൂർഷ്വ ആയതിനെത്തുടർന്ന് ആ ഐഡിയകളൊക്കെ ബാർബർഷോപ്പിൽ വീഴുന്ന മുടി പോലെ ഒരു വശത്തേക്ക്‌ ഉപേക്ഷിച്ചു. സ്ത്രീകളും അവരുടെ കൊച്ചുകുട്ടികളും മാത്രം കയറുന്ന ലേഡീസ്‌ ഓൺലി മിനുട്ടിനു മിനുട്ടിനു വേണം, ബസിൽ പുരുഷന്മാരുടേം സ്ത്രീകളുടേം ഇടയിൽ വല്യൊരു മതിൽ വേണം എന്നൊക്കെ. പക്ഷേ മുതലാളിമാരുടെ കാര്യം ആലോചിക്കുമ്പോൾ ഇതൊന്നും ശരിയാവൂല. കാരണം കണ്ടക്ടർമാരും കിളികളും ഒരുമിച്ച്‌ പറന്ന് ലേഡീസ്‌ ഓൺലിയിൽ കൂടുകെട്ടും. പിന്നെ മുതലാളിമാരും വീട്ടുകാരും ബാക്കിയുള്ള ബസിൽ തൊഴിലാളികൾ ആവേണ്ടി വരും. മുതലാളിക്ക്‌ തൊഴിലാളി ആവാൻ ബസ്‌ മേടിക്കണോ? ഒരു പോസ്റ്റ്‌ പെയിഡ്‌ മൊബൈൽ ഫോൺ കണക്ഷൻ എടുത്താൽ പോരേ?

അങ്ങനെ ഒരു ദിവസം ഞങ്ങൾ സ്കൂട്ടർ ത്യജിച്ച്‌ ബസിൽ യാത്രക്ക്‌ പുറപ്പെട്ടു. കുഞ്ഞിന്റെ പിറന്നാൾ പ്രമാണിച്ച്‌ കൂട്ടുകാർ ഉച്ചഭക്ഷണത്തിനു വിളിച്ചതായിരുന്നു. ബസ്‌ യാത്രക്കു ഞാൻ കാരണം പറഞ്ഞതു പേടിക്കാതെ കാഴ്ച്ചകളും കണ്ടിരിക്കാമല്ലോ എന്നാണ്. സ്കൂട്ടറിൽ ആണെങ്കിൽ എപ്പോ ആരു വന്ന് തട്ടും എന്ന പരിഭ്രമത്തിൽ ഇരിക്കേണ്ടിവരും. കാലനു കണക്കുകൂട്ടൽ നടത്താൻ പോലും സമയം കൊടുക്കാതെ മനുഷ്യന്മാർ പറ്റിച്ചുകളയും.
നിനക്ക്‌ കാഴ്ചകൾ കാണാൻ ആണെങ്കിൽ ആനപ്പുറത്ത്‌ പോകുന്നതാ നല്ലത്‌, രാവിലെ പുറപ്പെട്ടാൽ കാഴ്ച്ചകളും കണ്ടു വൈകീട്ട്‌ ലക്ഷ്യത്തിൽ എത്താം എന്ന് ചേട്ടൻ ദേഷ്യപ്പെട്ടു. രണ്ട്‌ ആനകൾ ഒരുമിച്ച്‌ പോകുന്നത്‌ ശരിയാവാത്തതുകൊണ്ടും പാപ്പാന്മാർ സ്വന്തം ജോലി വിട്ട്‌ ബ്ലോഗിലേക്ക്‌ താമസം മാറ്റിയതുകൊണ്ടും അതു ശരിയാവില്ല എന്ന് എനിക്കു തോന്നി. വെട്ടാൻ വരുന്ന പോത്തിനോടും സ്വന്തം നിലപാട്‌ വ്യക്തമാക്കി നിൽക്കുന്ന ഭർത്താവിനോടും വേദം പോയിട്ട്‌ വാദം പോലും പറ്റില്ല എന്ന് അറിയാവുന്നത്‌ കൊണ്ട്‌ ഞാൻ ഷാരൂഖ്‌ ഖാൻ കാജോളിനെ കെട്ടിപ്പിടിക്കുന്ന പോലെ മൌനത്തെ കെട്ടിപ്പിടിച്ചു.

ബസ്സ്റ്റോപ്പിൽ എത്തി. ബസ്‌ വന്നു. മലയാളികളുടെ ബൂലോകത്തിലെ അക്ഷരത്തെറ്റുപോലെ ആൾക്കാർ തിങ്ങിവിങ്ങി നിൽക്കുന്നു. അതുകണ്ടപ്പോൾ തലേന്ന് വാങ്ങിയ സപ്പോട്ട ഇങ്ങെടുത്താൽ മതിയായിരുന്നെന്ന് എനിക്കു തോന്നി. രണ്ടു ദിവസം ഇരുന്നു പഴുക്കണം എന്നു കടക്കാരൻ പറഞ്ഞിരുന്നു. ഈ ബസിലേക്കു കയറ്റിയാൽ സെക്കന്റു കൊണ്ട്‌ പഴുത്തുകിട്ടും. ഞാൻ അതോർത്ത്‌ ചേട്ടനെ നോക്കി വിശാലമായി പുഞ്ചിരിച്ചു. കഥകളി കാണാൻ പോയ കണ്ണുപൊട്ടനെപ്പോലെ കഥയറിയാതെ ചേട്ടനും പുഞ്ചിരി തിരിച്ചു തന്നു. ഇതുങ്ങൾക്ക്‌ രണ്ടിനും വീട്ടിലിരുന്ന് ഇളിച്ചാൽ പോരേ എന്ന മട്ടിൽ ബസ്സ്റ്റോപ്പിൽ ഉള്ളവർ ഞങ്ങളെ നോക്കുന്നുണ്ട്‌. ആനക്ക്‌ പോയിട്ട്‌ അണ്ണാറക്കണ്ണനു പോലും കയറാൻ ഇടമില്ലാത്ത ബസിൽ നിന്നു കിളി ഒറ്റക്കൈയിൽ പുറത്തേക്ക്‌ തൂങ്ങിക്കിടന്ന് വാ ചേച്ചീ അകത്തേക്ക്‌ എത്തിക്കുന്ന കാര്യം ഞാനേറ്റു എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്‌. ബസിലെ പൊതുജനങ്ങളുടെ മുഖത്തേക്ക്‌ നോക്കിയപ്പോൾ എല്ലാരുടേം മുഖത്ത്‌ അവാർഡ്‌ പടം കാണാൻ കയറിയ പ്രേക്ഷകരുടെ, പെട്ടുപോയല്ലോ എന്ന ഭാവം. വിളിച്ചിട്ടൊന്നും ആരും കയറാഞ്ഞിട്ട്‌ കിട്ടാ മുന്തിരിങ്ങ കണ്ട കുറുക്കന്റെ ഭാവത്തിൽ കിളി പോട്ടേയ്‌... എന്നു പറഞ്ഞു. ബസ്‌ വിട്ടു.

രണ്ടാം ബസ്‌ വന്നു. അതിലും തിരക്കു തന്നെ. ഇനിയും നിന്നാൽ ചോറും കഴിഞ്ഞ്‌ പാത്രം കഴുകാൻ ആവുമ്പോഴേക്കേ എത്തൂ എന്ന് ചേട്ടൻ പറഞ്ഞു. എന്തായാലും തലയിൽ വെള്ളമൊഴിച്ചു, ഇനി തുവർത്തിയല്ലേ പറ്റൂ എന്ന ഭാവത്തിൽ ഞാൻ നവവധു വീട്ടിലേക്ക്‌ കയറുന്ന പോലെ ബസിലേക്ക്‌ കയറി. ഇനി ഇതുങ്ങൾ ഇറങ്ങിപ്പോയാൽ ഉള്ളതും കൂടെ പോവുമല്ലോ എന്ന വിചാരത്തിൽ ആവണം ബസ്‌ വിട്ടു. ഞാൻ പിടിച്ചിരുന്ന കൈയും വിട്ടു പോയി. നേരേ കിളിയുടെ ഭാഗത്തേക്ക്‌ ആഞ്ഞുപോയി. മുതലാളിയോട്‌ ഒരു ദേഷ്യവും ഇല്ലാത്ത കിളി ആയതുകൊണ്ടാവണം എന്നെ ഒരു കൈ തന്നു സഹായിച്ചു. ദേഷ്യമുണ്ടെങ്കിൽ ഇതു താഴെപ്പോട്ടെ മുതലാളിക്ക്‌ പാരയാവട്ടെ എന്നല്ലേ വിചാരിക്കൂ. പൊക്കമില്ലാത്തതാണെൻ പൊക്കം എന്നു കുഞ്ഞുണ്ണിമാഷ്‌ പാടിയത്‌ എന്നെക്കൊണ്ടാണെന്ന് ആ കിളിയോട്‌ പറയണമെന്നുണ്ടായിരുന്നു എനിക്ക്. വീണു സഹായിച്ചതും പോര ഇനി വീരവാദവും കേൾക്കണോന്ന് കിളിക്ക്‌ തോന്നണ്ട എന്നു കരുതി ഞാൻ ഒന്നും പറഞ്ഞില്ല. എങ്ങനെയൊക്കെയോ വീഴാതെ ബാലൻസ്‌ ഒപ്പിച്ചുനിന്നു. അടുത്ത ബസ്സ്റ്റോപ്പെത്തി. ബസ്‌ നിർത്തി. ഒരു അമ്മച്ചി എലിയെക്കണ്ട പൂച്ചയെപ്പോലെ മുന്നോട്ട്‌ കുതിച്ചു വന്ന് ഇറങ്ങാനുണ്ട്‌ ഇറങ്ങാനുണ്ട്‌ എന്ന് പറഞ്ഞു. ഇതിൽ നിന്നിറങ്ങാൻ കഴിഞ്ഞ നിങ്ങൾ എത്ര ഭാഗ്യവതി എന്ന മട്ടിൽ ഞാൻ അമ്മച്ചിയെ ഉന്തിത്തള്ളി പുറത്തേക്കെത്തിച്ചു. ചേച്ചിയേ.. വീഴണ്ടെങ്കിൽ മര്യാദക്കു പിടിച്ചു നിന്നോ, വീഴുമ്പോഴൊക്കെ താങ്ങാൻ ഇതു രാഷ്ട്രീയം ഒന്നുമല്ല എന്ന ഭാവത്തിൽ കിളി എന്നെ നോക്കുന്നുണ്ട്‌. ബസ്‌ വിട്ടതും കണ്ടക്ടർ വന്നു. എല്ലാരുടേം പുറത്തു ചാരി, ഇനി ചേച്ചിയുടെ ഊഴമാണ് എന്ന മട്ടിൽ എന്നെ നോക്കി. ടിക്കറ്റ്‌ എന്നു പറഞ്ഞപാടെ ഞാൻ പിന്നിലാളുണ്ടല്ലോന്ന് പറഞ്ഞു. കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് ആളുകൾ കയറിയിട്ടുള്ളതുകൊണ്ടാവണം കണ്ടക്ടർ പുറകുവശത്തേക്ക്‌ പാഞ്ഞു. ചാരിനിൽപ്പിൽ നിന്നും തൽക്കാലം ഞാൻ രക്ഷപ്പെട്ടു. സൂനാമി ഭീഷണി പോലെ എപ്പോഴും അതു സംഭവിക്കാം എന്ന് കരുതി ഞാൻ അറക്കകത്ത്‌ പഴുക്കാൻ തൂക്കിയിട്ട വാഴക്കുല പോലെ മുകളിലെ കമ്പിയിൽ പിടിച്ച്‌ തൂങ്ങിക്കിടന്നു.

അടുത്ത ബസ്സ്റ്റോപ്പെത്തി. കുറേ ആൾക്കാർ ഉണ്ട്‌ കാത്തുനിൽക്കുന്നു. ഇത്രേം പേർ ഒരു റാലിക്ക്‌ തികയുമല്ലോ, ബസ്സ്റ്റോപ്പിൽ കാത്തുനിന്നു വെയിലു കൊള്ളാതെ പാർട്ടിയുണ്ടാക്കി റാലി നടത്തി പോപ്പുലർ ആയിക്കൂടേന്നുള്ള മട്ടിൽ ഞാൻ അവരെ നോക്കി. ഒറ്റയെണ്ണം ഇങ്ങോട്ട്‌ കയറല്ലേന്ന് എന്റെ മനസ്സിൽ ഉണ്ട്‌. എന്റെ വിഷാദനോട്ടം കണ്ടിട്ടാവണം കിളി, ബസിനു പുറത്തേക്ക്‌ തൂങ്ങിക്കിടന്ന്, ചേച്ചിയേ... ആൾക്കാർ കയറല്ലേന്ന് പ്രാർഥിച്ച്‌ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ എന്നൊരു താക്കീത്‌ ഭാവത്തിൽ എന്നെ നോക്കി. കുറെ ആൾക്കാർ കയറി. കയറി എന്നു പറയുന്നതിലും നല്ലത്‌, കിളി കാന്തം പോലെ ഓരോന്നിനേം ഒപ്പിയെടുത്ത്‌ ഇടമില്ലാത്തിടത്തേക്ക്‌, ഇഷ്ടികക്കളത്തിൽ ഇഷ്ടിക ചൂടാക്കാൻ അടുക്കിവെക്കുന്നതുപോലെ വെച്ചു എന്നു പറയുന്നതാണ് കയറിയ ഒരു സുന്ദരിയുടെ പതിനഞ്ച്‌ ഇഞ്ച്‌ ഷൂ എന്റെ കാലിൽ ഒരു കാർഗിൽ യുദ്ധം നടത്തി. ഒരു പ്രാവശ്യം ഏതു സു വും ക്ഷമിക്കും ഇനി ആവർത്തിച്ചാൽ എന്ത്‌ ചെയ്യേണം എന്ന് എനിക്ക്‌ ആലോചിക്കേണ്ടി വരും എന്നു മനസ്സിൽ പറഞ്ഞ്‌ ഞാൻ ലവളെ ഒന്നു നോക്കിപ്പേടിപ്പിച്ചു. അടുത്ത സ്റ്റോപ്പെത്തി. ഭാഗ്യത്തിനു ആരും കയറിയില്ല. കണ്ടക്ടർ ഓടിവന്നു. സുന്ദരിയുടെ മേൽ തെങ്ങിന്മേൽ ഓന്ത്‌ ഇരിക്കുന്നതുപോലെ ചാരി നിന്നു. എന്നെ ചവുട്ടി ആസ്വദിച്ചില്ലേ, ഇനി നീ അനുഭവിക്ക്‌ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

അടുത്ത ബസ്സ്റ്റോപ്പെത്തി. ഞങ്ങൾക്ക്‌ ഇറങ്ങേണ്ടുന്നതിനു മുമ്പത്തെ സ്റ്റോപ്പ്‌. കുറേ ആൾക്കാർ വേനൽക്കാലത്ത്‌ കിണറിലെ വെള്ളം താഴ്ന്നു പോകുന്നതുപോലെ ഇറങ്ങിപ്പോയി. ഒരു ഇളം കാറ്റ്‌ വന്നു. പിന്നാലെ സൂനാമി പോലെ കുറേ ആൾക്കാരും. ഞാൻ രണ്ടുകാലും മുകളിൽ പൊന്തിച്ച്‌ തൂങ്ങിക്കിടന്നു. ആരാന്റെ ചെരുപ്പിന്റെ ഹീലു പരീക്ഷിക്കേണ്ടല്ലോ. ഇനിയൊരു കാർഗിൽ ഇന്ത്യ പോലും താങ്ങില്ല. പിന്നെയല്ലെ എന്റെ കാൽ!
അടുത്ത സ്റ്റോപ്പെത്തി. ബസ്‌ നിർത്തിയപ്പോൾ ലൈറ്റ്‌ ഇടുമ്പോൾ വരുന്ന മഴപ്പാറ്റ കണക്കെ കുറേ ആൾക്കാർ ബസിൽ കയറാൻ പാഞ്ഞുവന്നു. നിങ്ങൾക്കു അടുത്ത ബസിലും കയറാം എനിക്ക്‌ ഈ ബസിൽ നിന്നു തന്നെ ഇറങ്ങണം എന്ന ഫലിതം മനസ്സിലോർത്ത്‌ എല്ലു കണ്ട പട്ടിയെപ്പോലെ ഞാൻ ബസിൽ നിന്ന് ഒരു ചാട്ടം വെച്ചുകൊടുത്തു.
ഇറങ്ങി ശുദ്ധവായു ശ്വസിക്കുമ്പോൾ, ആൾക്കാർ സ്വന്തം വാഹനം വാങ്ങുന്നതിലെ രഹസ്യം എനിക്ക്‌ മനസ്സിലായി .

Saturday, September 03, 2005

അപ്പോഴല്ലേ ഓർമ്മ വന്നത്.....

സു നീ ചായ വെക്കാൻ പോയിട്ട്‌ അതുണ്ടാക്കിയോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌?
അലക്കിയ തുണികൾ ഒന്നും അയയിൽ ഇട്ടിട്ടില്ലാന്ന്.
എന്നിട്ടു അതൊക്കെ അയയിൽ ഇട്ടോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മവന്നത്‌.
എന്ത്?
ഇന്നലെ ഉണങ്ങാൻ ഇട്ടതൊന്നും എടുത്തുവെച്ചില്ല എന്ന്.
എന്നിട്ടു അതൊക്കെ എടുത്തു വെച്ചോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌?
അലമാരയിൽ മുഴുവൻ പാറ്റകളാണ്. അതൊക്കെ വൃത്തിയാക്കിയിട്ട്‌ വേണം തുണികൾ ഒക്കെ എടുത്തുവെക്കാൻ എന്ന്.
എന്നിട്ട്‌ അലമാര വൃത്തിയാക്കിയോ.
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്?
മുറ്റത്ത്‌ തൈരുമുളകു ഉണക്കാൻ വെച്ചിട്ടുണ്ട്, മഴ വരുന്നതിനുമുൻപ്‌ അതു എടുത്തുവെക്കണം എന്ന്.
എന്നിട്ട്‌ അതൊക്കെ എടുത്തു വെച്ചോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌?
നിങ്ങൾ ചായ വെക്കാൻ പറഞ്ഞത്‌. അതു ചെയ്തോണ്ടിരിക്ക്യാ. ഇപ്പോ തരാം.
പിറ്റേന്ന്...
സു, ഇന്ന് ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ ജ്വല്ലറിയിൽ പോയിരുന്നു. അവന്റെ വിവാഹവാർഷികം പ്രമാണിച്ചു അവന്റെ ഭാര്യക്കു രണ്ട്‌ വള വാങ്ങി. അവിടെ എന്തൊക്കെ പുതിയ തരം നെക്ലേസുകൾ ആണെന്നോ. കണ്ടപ്പോൾ നിനക്ക്‌ ഒന്നു വാങ്ങിക്കളയാം എന്ന് തോന്നി.
ഹായ്‌.... എന്നിട്ട്‌ എവിടെ? കാണിക്കൂ..
വാങ്ങാംന്നു വിചാരിച്ചു. പക്ഷേ അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌??????????....
നിനക്കു ചായ ഇടാൻ പോലും സമയം ഇല്ല,
പിന്നെ ഈ നെക്ലേസ്‌ ഒക്കെ എപ്പോ ഇടാനാ എന്ന്.

Thursday, September 01, 2005

എന്താ ഞാൻ പറയേണ്ടത് ?

ഈ ‘ചിൽ‌പ്പോൾ’ എന്നുവെച്ചാൽ എന്താന്ന് ചേട്ടൻ ചോദിച്ചപ്പോഴാണ് നോക്കിയത്.
അക്ഷരത്തെറ്റ്!
പലപ്പോഴും അറിയാതെ സംഭവിക്കാറുണ്ടെങ്കിലും ഇന്ന് ശരിക്കും വിഷമം തോന്നി.
ഇന്ന് ഞാൻ വെച്ച എല്ലാ കമന്റിലും ഓരോ അക്ഷരത്തെറ്റ് !
ഇന്ന് എന്റെ ബ്ലോഗിലെ കമന്റുകൾ ഒക്കെ കണ്ടപ്പോൾ എനിക്കു തോന്നി അരിശം.
തിര വന്ന് മണൽക്കൊട്ടാരം തട്ടിത്തകർക്കുമ്പോൾ കുഞ്ഞുമനസ്സിൽ ഉണ്ടാകുന്നതു പോലെയുള്ള
അരിശം.
തോന്നീന്നല്ല ഇപ്പോഴും ഉണ്ട്.
ആ അരിശം മുഴുവൻ അക്ഷരത്തെറ്റുകളായി മാറി.
മുഴുവൻ പോയോന്ന് ചോദിച്ചാൽ .........
എന്താ പറയ്യ്യ?
പോയില്ല :(
പിന്നെ എന്താ ഭാവം ?
എന്ത് ഭാവം ?
ഒന്നൂല്ല :(
അരിശം വന്നിട്ട് വല്ല കാര്യോം ഉണ്ടോ? ഇല്ല.
എന്നാലും........................................................