Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 18, 2008

വേണമായിരുന്നു

എനിക്ക് സ്വന്തമായി വേണമായിരുന്നു.

ഒരു ആകാശം.
തലയ്ക്കുമീതെ അനുഗ്രഹം പോലെ നിര്‍ത്താന്‍.

ഒരു ഭൂമി.
എന്നെ മടിയിലിരുത്തി വാത്സല്യം പകരാന്‍‍.

ഒരു മഴവില്ല്.
മനസ്സിലിട്ട് ലോകത്തെ നോക്കിക്കാണാന്‍.

ഒരു മിന്നല്‍പ്പിണര്‍.
കണ്ണടച്ചിരുട്ടാക്കുന്നവരുടെമുന്നില്‍ വെളിച്ചം വിതറാന്‍.

ഒരു ഇടിശബ്ദം.
കേട്ടില്ലെന്ന് നടിക്കുന്നവരുടെ കാതിലേക്കിട്ടുകൊടുക്കാന്‍.

ഒരു മഴ.
എനിക്കു വേണ്ടികരഞ്ഞുതളരാന്‍.

ഒരു വഴി.
എന്നോടൊപ്പം നടന്നുപോകാന്‍.

ഒരു തീക്കനല്‍.
എന്നെ ജ്വലിപ്പിച്ച് ചാരമാക്കാന്‍.

ഒരു കാറ്റ്.
ചിതയിലെ ചാരം പറത്തിനടക്കാന്‍.

ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍‍,
തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,
പടച്ചോനെന്ന പഹയന് നന്നായറിയാം!

Labels:

Wednesday, May 14, 2008

ഇഷ്ടമുള്ള എഴുത്തുകാരി - സാറാ തോമസ്

തുടക്കം
സ്ത്രീ എഴുത്തുകാര്‍ ഒരുപാടുണ്ട്. സാധാരണവായനക്കാര്‍ക്ക്, അതായത് സാഹിത്യം കേമമായി അറിയാത്തവര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്ന കൃതികള്‍ എഴുതുന്നവരും, സാഹിത്യത്തില്‍ ഉന്നതമായ അറിവുള്ളവര്‍ക്ക് മനസ്സിലാവുന്നത് എഴുതുന്നവരും.
എഴുതുന്നവരേയും, അവര്‍ എഴുതുന്നതും, ഇഷ്ടമാണെന്ന രീതിയിലേ വായിക്കാറുള്ളൂ. അഥവാ വ്യക്തിപരമായി അവരെ എനിക്കിഷ്ടമല്ല എന്നു തോന്നുന്നത് എഴുത്തിനോട് കാണിക്കേണ്ടതില്ലല്ലോ. ചിലര്‍ക്കൊക്കെ എഴുത്തുകാരെക്കുറിച്ചും, എഴുത്തിനെക്കുറിച്ചും, സ്വന്തം വായനയെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടാവും. എനിക്കതില്ല. (കഷ്ടം!- കോറസ്)
എന്നാലും ഒരെഴുത്തുകാരിയെക്കുറിച്ചെഴുതാന്‍ പറയുമ്പോള്‍, ഒരു സാദാ വായനക്കാരിയെന്ന നിലയില്‍, സാറാ തോമസ്സിന്റെ പേരാണ് എനിക്ക് മുന്നോട്ട് പറയാന്‍ ഉള്ളത്. (സാറ എന്ന പേരിനോട് എനിക്ക് ഇഷ്ടക്കൂടുതല്‍ ഉണ്ടെന്നും വെച്ചോ. ;) )
ഇത് വിമര്‍ശനം, വിശകലനം, അവതാരിക എന്നതൊന്നുമല്ല. ഒരു എഴുത്തുകാരിയെ, അവരുടെ കൃതിയെ എന്തുകൊണ്ട് ഒരു വായനക്കാരിയെന്ന നിലയ്ക്ക് എനിക്കിഷ്ടമാണ് എന്ന് എന്റെ അറിവിനനുസരിച്ച് പറയുന്നു എന്നുമാത്രം. മഹാന്മാരും, മഹതികളുമായ വായനക്കാര്‍ ക്ഷമിക്കുക. ;)

സാറാ തോമസ്സിന്റെ എഴുത്തുകള്‍
സാറാ തോമസ്സിന്റേതായി ഒരുപാട് കൃതികള്‍ ഉണ്ട്. കേട്ടറിഞ്ഞതല്ലാതെ മുഴുവനൊന്നും ഞാന്‍ കണ്ടറിഞ്ഞിട്ടില്ല.
സാറാ തോമസ്സിന്റെ ആദ്യനോവല്‍, ജീവിതമെന്ന നദി ആണ്. നാര്‍മടിപ്പുടവ, ദൈവമക്കള്‍, അര്‍ച്ചന, പവിഴമുത്ത്, മുറിപ്പാടുകള്‍, ഗ്രഹണം, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം, വലക്കാര്‍, അഗ്നിശുദ്ധി, എന്നിവയാണ് മറ്റുനോവലുകള്‍. അവരുടെ, തണ്ണീര്‍പ്പന്തല്‍, യാത്ര, ചിന്നമ്മു, കാവേരി എന്നീ കഥകള്‍ വായിച്ചതില്‍പ്പെടുന്നു.
തമിഴ് ബ്രാഹ്മണ പശ്ചാത്തലമാണ് നാര്‍മടിപ്പുടവ എന്ന നോവലില്‍ ഉള്ളത്. കനകം എന്ന സ്ത്രീയുടെ ജീവിത- മാനസിക സംഘര്‍ഷങ്ങള്‍ നാര്‍മടിപ്പുടവയില്‍ വായിച്ചെടുക്കാം. പഠിക്കുമ്പോഴും, മരിച്ചുപോയ സഹോദരിയുടെ മകളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴും, വിവാഹം കഴിഞ്ഞയുടനെ വിധവയാവുമ്പോഴും, ജോലി കിട്ടുമ്പോഴും ഒക്കെ ഒരു സഹനത്തിന്റെ രൂപമാണ് കാണാന്‍ കഴിയുന്നത്. ഒടുവില്‍, ചിത്തിയെ ഉപേക്ഷിച്ച് കാഞ്ചനയെന്ന “മകള്‍” ഇഷ്ടമുള്ള പുരുഷനോടൊപ്പം പോകുന്നു. ത്യാഗത്തിന്റെ ഫലം നായികയ്ക്ക് കിട്ടുന്നത് ഇങ്ങനെ.
തണ്ണീര്‍പ്പന്തല്‍ എന്ന കഥയിലെ നായിക, മാലതി, സാഹചര്യങ്ങളാല്‍ ഏകാന്തത സഹിക്കേണ്ടിവരുന്ന സ്ത്രീയാണ്. ഒറ്റപ്പെടലില്‍ നിന്നൊരു മോചനം ലഭിക്കുമ്പോഴും, അതില്‍ മുഴുകിത്തീര്‍ന്നൊടുവില്‍, അതല്ല ശരിയെന്ന് തിരിച്ചറിയുന്നവളാണ്.
യാത്ര എന്ന കഥയില്‍, ഒരു കന്യാസ്ത്രീയാണ് നായിക. അവരുടെ ട്രെയിന്‍ യാത്രയില്‍ ഒരു കൂട്ടായാണ് വായനക്കാര്‍ പോവുക. മാതൃത്വം നഷ്ടപ്പെട്ട ചെറിയ കുട്ടി, സഹയാത്രികയാവുമ്പോള്‍, ചെറുപ്പത്തില്‍ തനിക്കു നഷ്ടപ്പെട്ട മാതൃവാത്സല്യത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ടുതന്നെ, ആ കുട്ടിയ്ക്ക് വാത്സല്യം പകരാന്‍ ശ്രമിക്കുന്നുണ്ട്. കുഞ്ഞിനെ കൊന്ന്, മരിച്ചേനെ എന്ന് ആ കുഞ്ഞിന്റെ അച്ഛന്‍ ഏറ്റു പറയുന്നതും ആ സ്നേഹം കണ്ടിട്ടുതന്നെ. ഒടുവില്‍ ആ സ്നേഹത്തിന്റെ ആഴത്തിലേക്ക് തന്നെ അവരുടെ മനസ്സും പോകുന്നു. യാത്ര തീരുകയും.
ചിന്നമ്മു എന്ന കഥയിലെ നായിക, സഹനത്തിന്റെ അങ്ങേയറ്റം വരെ പോയിക്കൊണ്ടിരിക്കുന്നവളാണ്. യാതനയുടെ നടുവിലും, സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിക്കുന്ന കഥയില്‍, അവസാനം നായികയ്ക്ക് ജീവിതം തന്നെ നഷ്ടമാവുന്നു.
കാവേരിയെന്ന കഥയിലാവട്ടെ, നായിക, ആണ്‍ കുഞ്ഞുങ്ങളെ മാത്രം സ്വീകരിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ്. കാവേരി, കഥയില്‍പ്പറയുന്നു, “പെണ്മനതിലെ ദുഃഖവും, കഷ്ടവും, യാര്‍ക്ക് തെരിയും, അതേപത്തി ഗൌനിക്കറുതുക്ക് യാരുക്കാവുത് നല്ല ബുദ്ധിവന്താ...
ദൈവമക്കള്‍ എന്ന കഥയില്‍ കുഞ്ഞിക്കണ്ണന്‍ എന്ന നായകനാണ് മുന്‍‌തൂക്കം. പഠിച്ച് വലിയ ആളായി, സ്വസമുദായത്തിന്റെ, സ്വന്തം ആളുകളുടെ ഇടയിലേക്കു തന്നെ തിരിച്ചുവരാന്‍ തീരുമാനിച്ച ഒരാളുടെ കഥ. അതും മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളിലൂടെത്തന്നെയാണ് കടന്നുപോകുന്നത്.

പുരസ്കാരങ്ങള്‍
മുറിപ്പാടുകള്‍ എന്നത് മണിമുഴക്കം എന്ന സിനിമയാക്കിയപ്പോള്‍, അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടി. പ്രാദേശികചലച്ചിത്രത്തിനുള്ള രജതകമലവും കിട്ടി. നാര്‍മടിപ്പുടവ എന്ന കൃതിയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി.

എന്തുകൊണ്ട് സാറാ തോമസ്?
വായിച്ച കഥയൊക്കെ ഒരുവിധം, വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു എന്നത് ആദ്യത്തെ കാര്യം.
മിക്ക കഥകളിലും അവഗണിക്കപ്പെടുന്ന സ്ത്രീത്വം ഞാന്‍ വായിച്ചെടുത്തു. എന്നാലും അവരൊക്കെ സഹിക്കാന്‍ സ്വയം തയ്യാറാവുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ വഴി തിരിച്ചറിഞ്ഞിട്ടും, അസ്വാതന്ത്ര്യം മുറുകെപ്പിടിച്ച്, അതിന്റെ സന്തോഷത്തില്‍ മുഴുകാന്‍ തീരുമാനിക്കുന്നവരാണ്. അതു തന്നെയാവും, സ്ത്രീത്വത്തിന്റെ ഒരു പ്രത്യേകത. സഹനത്തിന്റേയും, ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ നിലനില്‍പ്പിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്ത പാവം ജന്മങ്ങള്‍. മനസ്സുകൊണ്ട് ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, താഴെയാണ്, ഏറ്റവും താഴെയാണ് നിര്‍ത്തപ്പെടുന്നതെന്ന അറിവ്. എന്നാലും സ്നേഹത്തിന്റെ ചുഴികളില്‍പ്പെട്ട്, ത്യാഗം സഹിക്കാന്‍ തയ്യാറാവുന്നവര്‍. പ്രതികരിക്കണമെന്ന് അറിയുമ്പോഴും, സ്ത്രീത്വമെന്ന, മാതൃത്വമെന്ന അറിവില്‍ കുരുങ്ങിക്കിടക്കുന്നവര്‍. ഒരുപാട് സ്ത്രീകളുണ്ട് ഈ ലോകത്ത്, ഈ കഥാപാത്രങ്ങളെപ്പോലെ. സ്ത്രീയുടെ ഭാഗത്തുനിന്ന് മിക്ക കഥകളും ഉള്ളതുകൊണ്ടുതന്നെ, സ്ത്രീയെ മാനിക്കുന്ന കഥാകാരി, ഒരു സ്ത്രീയെന്ന വായനക്കാരിയ്ക്ക് പ്രിയമാവും. ദൈവമക്കള്‍ എന്ന കഥയുടെ തുടക്കവും സ്ത്രീയില്‍ നിന്നാണ്. അഴകിയെന്ന അമ്മയില്‍ നിന്ന്. സാഹചര്യം അനുവദിക്കുന്നതുപോലെ, പാടത്തിലും പറമ്പിലും പണിയെടുക്കേണ്ടുന്ന തന്റെ മകനെ പഠിപ്പിച്ചുവല്യ ആളാക്കണമെന്ന ദൃഢനിശ്ചയമെടുക്കുന്ന അമ്മയില്‍ നിന്ന് കഥ തുടങ്ങുന്നു.

ഒരു സ്ത്രീയെന്ന നിലയിലും വെറുമൊരു വായനക്കാരി എന്ന നിലയിലും സാറാ തോമസ് എന്ന എഴുത്തുകാരി എനിക്ക് പ്രിയപ്പെട്ട കഥാകൃത്തുക്കളില്‍ ഒരാളാവുന്നത്, സ്ത്രീമനസ്സിന്റെ ഭാഗത്തുനിന്നു തന്നെ അവര്‍ ചിന്തിച്ചെടുത്ത്, കഥയിലൂടെ, ഓരോ തരത്തില്‍പ്പെട്ട സ്ത്രീയുടേയും, മനസ്സ്, വായനക്കാരുടെ മുന്നില്‍ വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന തോന്നലുള്ളതുകൊണ്ടാണ്. സ്ത്രീകളുടെ ജീവിതത്തിനുനേരെ പിടിച്ച കണ്ണാടികളായ കഥകളാണവ. ഒരു സ്ത്രീ അങ്ങനെ ചെയ്യാമോന്ന് ചോദിക്കാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളുമുണ്ടാവും കഥകളില്‍. ഉത്തരം നമ്മുടെ മനസ്സില്‍ നിന്നേ എടുക്കേണ്ടൂ.

സാറാ തോമസ് എന്ന എഴുത്തുകാരിയെ ഞാനെന്ന വായനക്കാരിക്ക് എന്തുകൊണ്ട് ഇഷ്ടം എന്നതേ ഈ പോസ്റ്റിലൂടെ ശരിക്കും പറയേണ്ടതുള്ളൂ. വായിച്ചെടുക്കലും, മനസ്സിലാക്കലുമൊക്കെ വ്യത്യസ്ത ആള്‍ക്കാരുടെ വായനയില്‍ ഒരുപോലെ ആയിരിക്കില്ല. എന്റെ വായന, എന്റെ മനസ്സിലാക്കല്‍ മാത്രമാണ് ഈ പോസ്റ്റില്‍ എനിക്കറിയാവുന്നതുപോലെ പറഞ്ഞുവെച്ചിരിക്കുന്നത്.

സ്വാധീനം
ജീവിതം മാറ്റിമറിക്കുന്ന സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, സാറാ തോമസ്സിന്റെ കൃതികള്‍, നേരിട്ട് പരിചയമില്ലാത്ത സ്ത്രീജീവിതങ്ങളും എനിക്ക് മുമ്പില്‍ തുറന്നുവെയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെയും ചിലരുണ്ട് എന്ന അറിവ് എന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചിലപ്പോള്‍ ചെലുത്തുന്നുണ്ടാവും.

ചിലര്‍
എന്തെങ്കിലുമൊന്ന് കേട്ടാലുടനെ ചാടിപ്പുറപ്പെട്ടുകൊള്ളും, സാന്നിദ്ധ്യം കാണിക്കാന്‍. റിവേഴ്സ് കഥയായാലും, കവിതാക്ഷരി ആയാലും, കഥാകാരി ആയാലും.

സു പറയുന്നു.
കാക്ക കുളിച്ചാല്‍ കൊക്കാവില്ലെന്ന് എഴുതിവെച്ചതിന്റെ കൂടെ, അതുകൊണ്ട് കാക്കകള്‍ കുളിക്കാനേ പാടില്ലയെന്ന് എഴുതിവെച്ചിട്ടില്ലല്ലോ? ;)
ശംഭോ മഹാദേവ!

നിരാശ
കല്പനച്ചേച്ചിയുടെ പുസ്തകം ഇറങ്ങി. അതുവായിച്ചിരുന്നെങ്കില്‍ എനിക്ക് ഇഷ്ടമുള്ള കഥാകാരിയെക്കുറിച്ച് കുറേക്കൂടെ വാചാലമാകാമായിരുന്നു.

പോസ്റ്റിന്റെ കാരണം
ഇഞ്ചിയുടെ പോസ്റ്റില്‍പ്പറഞ്ഞ ബ്ലോഗ് ഇവന്റിലേക്ക് എന്റെ വക. ആത്മസംതൃപ്തി ഫലത്തിന്.

Labels: ,

Monday, May 12, 2008

നാല് കൂട്ടം വാക്കുകള്‍

ഓര്‍മ്മയ്ക്ക് മറവിയുണ്ട്.
സ്വപ്നങ്ങളേയും,
നിലാവിനേയും,
പ്രതീക്ഷയേയും,
പ്രണയത്തേയും,
കാത്തിരിപ്പിനേയും,
അവനേയും,
ഒപ്പം ചേര്‍ത്തുവെച്ചപ്പോഴും,
എന്നെ കൂടെ കൂട്ടാന്‍ ഓര്‍മ്മ മറന്നു.
ഓര്‍മ്മയ്ക്ക് മറവിയുണ്ട്.

തനിച്ചാവില്ല
സ്വപ്നങ്ങളുടെ ഒരു കെട്ട്,
ഓര്‍മ്മകളുടെ ഭാണ്ഡം,
നിഴലിന്റെ കൂട്ട്,
കണ്ണീരിന്റെ കടലോരം,
കാത്തിരിപ്പിന്റെ പടിപ്പുര,
കാലം ഏടുകള്‍ മറിച്ചുകൊണ്ടിരിക്കുന്നു.
ആരും തനിച്ചാവില്ലൊരിക്കലും.

കൂട്ടുകാര്‍
ഒരുപാട് മിണ്ടിപ്പറഞ്ഞ്,
ഇന്നലെ, എന്റെ വീട്ടില്‍നിന്നിറങ്ങിപ്പോയി.
ഇന്ന്, വന്നുകയറി മിണ്ടാന്‍ തുടങ്ങി.
നാളെ, വരുമ്പോഴേക്കും എനിക്ക് ജോലി കുറേയൊതുക്കണം.
ജോലി തീര്‍ന്നില്ലെന്ന് കരുതി,
നാളെ, വന്നുമിണ്ടാന്‍ മടിച്ചുനിന്നാലോ!
അവരെന്റെ കൂട്ടുകാരല്ലേ!

പരാതി
എത്രയൊക്കെ സ്നേഹിച്ചിട്ടും,
ഒറ്റക്കരച്ചിലില്‍ ഉപേക്ഷിച്ചുകളയുന്നെന്ന്
കണ്മഷിയ്ക്ക് പരാതി.
എത്രയൊക്കെ സ്നേഹിച്ചിട്ടും,
കരച്ചില്‍ മാത്രം തന്ന് ഉപേക്ഷിച്ചുകളയുന്നെന്ന്
ഹൃദയത്തിനും പരാതി.

Labels:

Thursday, May 08, 2008

അയ്യോ ചേട്ടാ പോവല്ലേ

ദുഷ്ടാ...നീയിനി ഒറ്റ അക്ഷരം മിണ്ടിപ്പോകരുത്. എന്റെ ജീവിതം ഇങ്ങനെയാക്കിത്തീര്‍ത്തത് നീയൊരൊറ്റ ആളാണ്. ങീ...ങ്ങീ...ങ്ങീ.......
“സൂ...സൂ...”
“ങ്ങേ...ചേട്ടന്‍ വന്നോ?”
“വന്നു. ഇവിടെയെന്താ നടക്കുന്നത്? നീയാരോടാ ദേഷ്യപ്പെടുന്നത്?”
“ഓ...അതോ...അത് ഞാന്‍ പഠിക്ക്യാ...”
“പഠിക്കാനോ? എന്ത്?”
“അഭിനയം.”
“അഭിനയമോ? എന്താ ഇപ്പോ ഒരു അഭിനയം പഠിക്കല്‍? നിന്നെ ഏതേലും സിനിമേലെടുത്തോ?”
“ഓ...അതു പറയാന്‍ മറന്നു. വനിതാലോകത്തില്‍ ഇനി അഭിനയമത്സരം ആണ്.”
“അതെയോ? നിനക്ക് ആവുന്ന വല്ല ജോലിയും ചെയ്യരുതോ?”
“അതു ഞാന്‍ ചെയ്തുകഴിഞ്ഞു. എന്നിട്ടാ പഠിക്കാന്‍ തുടങ്ങിയത്.”
“എന്ത്?”
“ആവുന്ന ജോലി. ചായ കുടിച്ചു. രണ്ട് അടേം നാലു ദോശേം തിന്നു. എന്നിട്ട് ഇതു തുടങ്ങി.”
“അല്ലാ...ഒരു മത്സരം നടന്നിരുന്നല്ലോ? അതിന്റെ ഫലം എന്തായി?”
“എന്ത്? പാട്ടുമത്സരമോ?“
“അതെ. അതെന്തായി?”
“അതുകഴിഞ്ഞു. ഫലം വന്നു. സമ്മാനമൊക്കെ കിട്ടി. ഫസ്റ്റ് ആണ്.”
“ങ്ങേ! സമ്മാനം കിട്ടിയോ? നീയൊരൊറ്റ ആളേ പാടാന്‍ ഉണ്ടായിരുന്നുള്ളൂ?”
“ഏയ്...എനിക്കല്ല സമ്മാനം. വേറെ ആള്‍ക്കാര്‍ക്കാ. ഞാന്‍ ലാസ്റ്റ്ന്ന് ഫസ്റ്റാ.”
“അതു നന്നായി.”
“അതെന്താ?”
“നിനക്ക് സമ്മാനം കിട്ടിയാല്‍, നീ കൂടുതല്‍ പ്രാക്ടീസെന്നും പറഞ്ഞ് തുടങ്ങിയാല്‍, നമ്മള്‍ ഇടയ്ക്കിടയ്ക്ക് വീടുമാറേണ്ടിവരില്ലായിരുന്നോ?”
“അതെയതെ. എനിക്ക് വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.”
“ങ്ങേ? സമ്മാനം കിട്ടിയവരൊക്കെ നല്ലോണം പാടീട്ട് കിട്ടിയതല്ലേ? വെറുതെ കുറ്റം പറയരുത്.”
“ഛെ! ഛെ! അതല്ല. സ്വാധീനം എന്നുപറഞ്ഞാല്‍ അവരെന്റെ ബ്ലോഗ് വായിക്കാത്തവര്‍
ആയിരിക്കണമായിരുന്നു എന്നേ അര്‍ത്ഥമുള്ളൂ. എന്റെ ബ്ലോഗ് വായിച്ചതിനുശേഷം എന്റെ പാട്ടും സഹിക്കണമെന്നുവെച്ചാല്‍ കഷ്ടമല്ലേ?”
“ഇനി അഭിനയമത്സരത്തിന്റെ കാര്യം എങ്ങനെയാ?”
“പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടെങ്കില്‍ സമ്മാനം കിട്ടും.”
“എന്ത് പ്രാര്‍ത്ഥന?”
“ഷാരൂഖ് ഖാന്‍ വിധികര്‍ത്താവായി വരണേന്ന്.”
“വന്നാല്‍?”
“ഷാരൂഖ് ഖാന്റെ സിനിമകള്‍ ഏറ്റവും അധികം കണ്ടത് ഞാനാണെന്ന് പറയും. അതുകണ്ടാണ് അഭിനയം പഠിച്ചതെന്നും പറയും. ആ പറച്ചിലില്‍ ഷാരൂഖ്ഖാന്‍ വീണാല്‍ എനിക്ക് മാര്‍ക്ക് അധികം വീഴും. പിന്നെ ഇതുകഴിഞ്ഞാല്‍ അഭിനയിക്ക്യേ ഇല്ലെന്ന് എഴുതിക്കൊടുക്കുകേം ചെയ്യും. പിന്നെ ഏറ്റവും ഗുണമുള്ള കാര്യം ഷാരൂഖ് ഖാന്‍ എന്റെ ബ്ലോഗ് വായിക്കില്ലെന്നതാണ്. അതിന്റെ ദേഷ്യം ഷാരൂഖ് ഖാന് ഉണ്ടാവില്ലല്ലോ.”
“ശരി ശരി. എന്നാല്‍ നിന്റെ അഭിനയം കഴിയുന്നതുവരെ ലീവെടുക്കാം ഞാന്‍.”
“ഏയ്...അതൊന്നും വേണ്ട. ഞാന്‍ കണ്ണാടിയില്‍ നോക്കിപ്പറഞ്ഞുപഠിച്ചോളാം. ചേട്ടന്‍ വീട്ടില്‍ ഉള്ള സമയത്ത് ഒന്ന് ശ്രദ്ധിച്ച് കേട്ട് തിരുത്തിത്തന്നാല്‍ മതി. അതിനുവേണ്ടി ലീവെടുക്കുകയെന്നൊക്കെപ്പറഞ്ഞാല്‍....അതൊന്നും വേണ്ടെന്നേ...”
“പിന്നേ...നിന്റെ ഡയലോഗ് കേട്ട് തിരുത്താനല്ല. ആ ഡയലോഗ് കേട്ട്, എന്റെ പേരില്‍ ആരും ഗാര്‍ഹികപീഡനമെന്നും പറഞ്ഞ് കേസെടുക്കേണ്ടെന്ന് കരുതി, ലീവെടുത്ത്, മത്സരം കഴിയുന്നതുവരെ എങ്ങോട്ടെങ്കിലും പോയാലോന്ന് ആലോചിക്ക്യാ ഞാന്‍.”
“അയ്യോ ചേട്ടാ പോവല്ലേ...അയ്യോ ചേട്ടാ പോവല്ലേ...”

Labels:

Tuesday, May 06, 2008

ദൈവങ്ങള്‍‌ തിരക്കിലാണ്

അങ്ങനെ, അമ്മയും അച്ഛനും സഹോദരീസഹോദരന്മാരും, കാമുകീകാമുകന്മാരും, വില്ലന്‍- വില്ലത്തികളും, ഒക്കെയായുള്ള വേഷങ്ങള്‍ ചിരിച്ചും, ചിരിപ്പിച്ചും, കരഞ്ഞും കരയിപ്പിച്ചും മലയാളികളുടെ സ്വീകരണമുറികളിലേക്ക് എത്തിക്കൊണ്ടിരുന്ന മലയാളപരമ്പരകളിലേക്ക് ദൈവങ്ങളും കഥാപാത്രങ്ങളായി ചേക്കേറി.
ഭക്തന്മാര്‍ മുഴുവന്‍ തങ്ങളെ മറന്ന് പരമ്പരകളില്‍ മുഴുകിയത് കണ്ട് മനസ്താപമുണ്ടായ ദൈവം, പരമ്പര നിര്‍മ്മാതാക്കളുടെ മനസ്സില്‍ ഇങ്ങനെയൊരു ആശയം തോന്നിപ്പിച്ചതാണോന്ന് സംശയിക്കണം. എന്തായാലും ഇനി ഭക്തന്മാര്‍ക്കും പേടിക്കാനില്ല. ദൈവത്തെയോര്‍ത്ത് പ്രാര്‍ത്ഥിക്കേണ്ട സമയത്ത് പരമ്പരകളില്‍ ശ്രദ്ധയര്‍പ്പിച്ച് ഇരിക്കേണ്ടിവരുന്നതില്‍ പശ്ചാത്തപിക്കേണ്ടതുമില്ല. കുത്തക കമ്പനികളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ട് ദൈവങ്ങള്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ട്, ഭക്തന്മാര്‍ക്ക് കൂടുതല്‍ അടുത്തെത്തി.
ചാനലുകള്‍ മത്സരിച്ചാണ് ദൈവകഥകള്‍ ഇറക്കുന്നത്. പണ്ട് ആകെ ഒന്നോ രണ്ടോ ദൈവകഥകള്‍ ഉണ്ടായിരുന്നതുപോലെയല്ല ഇപ്പോള്‍. ചാനലുകള്‍, വേളാങ്കണ്ണിമാതാവും, തോമാശ്ലീഹയും, ഗുരുവായൂരപ്പനും, എന്നുവേണ്ട, സകല ദൈവങ്ങളേയും മുന്നില്‍ നിര്‍ത്തി റേറ്റിംഗ് മഹായുദ്ധത്തില്‍ മുന്നേറിക്കൊണ്ടിരിക്കാന്‍ മത്സരിക്കുകയാണ്. ഇനിയിപ്പോള്‍ അമ്പലത്തിലും പള്ളിയിലും ഒന്നും പോകണമെന്നില്ല. റിമോട്ടെടുത്ത് വിരലമര്‍ത്തിയാല്‍, സര്‍വാഭരണവിഭൂഷിതരായിട്ട് ദേവന്മാരും ദേവിമാരും പ്രത്യക്ഷപ്പെട്ടോളും. ഓരോ ചാനലുകളും ഓരോ ദൈവങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.
അല്ലെങ്കില്‍ത്തന്നെ ദൈവത്തിനിപ്പോള്‍ വിളികേള്‍ക്കാന്‍ സമയമില്ല. ഇനി ദൈവങ്ങളൊക്കെ, ഡേറ്റില്ലെന്ന് പറയുന്നതും കൂടെ ഭക്തന്മാര്‍ കേള്‍ക്കേണ്ടി വരുമോ?
സീരിയലോ രക്ഷതുഃ

Labels: , ,

Sunday, May 04, 2008

ജീവിതവും മൈലാഞ്ചിയും ഹൃദയവും

ജീവിതം

സ്വന്തമായിക്കിട്ടിയ കവിത,
വായിക്കാം വായിക്കാമെന്നുവെച്ച്,
അക്ഷരത്തെറ്റില്‍ കണ്ണുടക്കി,
അവഗണിച്ചൊരു മൂലയ്ക്കിട്ട്,
തിരക്കൊഴിഞ്ഞൊടുവില്‍,
വായിക്കാനെടുത്തപ്പോള്‍,
മാഞ്ഞുപോവാന്‍ തുടങ്ങുന്നു,
തലക്കെട്ടൊന്ന് വായിച്ചു,
ജീവിതം!

മൈലാഞ്ചി

പച്ചിലകള്‍ പറിച്ചരച്ച്,
എന്നെ കുത്തിവേദനിപ്പിച്ച് ചോപ്പിക്കാതെ,
സ്വന്തം ദേഹത്തൊന്ന് പോറിവരച്ചാല്‍,
‍ചോപ്പ് നിറം വരില്ലേന്ന്
മൈലാഞ്ചി ചോദിച്ചു.

ഹൃദയം

നോവിട്ടുമൂടാന്‍
‍ഹൃദയത്തിലൊരു കുഴിയെടുത്തു.
ഇട്ടുമൂടി ഇട്ടുമൂടി,
ഹൃദയം ഭാരംകൊണ്ടു നിറഞ്ഞു.
താളം തെറ്റുമെന്നായപ്പോള്‍,
‍ഹൃദയമെടുത്ത് പുറത്തുവെച്ചു.
നോവുനിറഞ്ഞ ഹൃദയത്തെ നോക്കാതെ,
ഹൃദയശൂന്യയായ ഞാന്‍ നടന്നുപോയി.
അലിവാര്‍ന്നൊരു ഹൃദയം,
നോവിന്‍ കൂമ്പാരത്തിനിടയില്‍,
‍ഉപേക്ഷിക്കപ്പെട്ടതില്‍,
‍നൊന്തു പിടഞ്ഞുകൊണ്ടിരുന്നു.

Labels: