Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, August 15, 2015

ഗോതമ്പുദോശ തിന്നുന്ന കാക്ക

മഴ പെയ്യുന്നുണ്ട്.
കർക്കടകം പോവാനൊരുങ്ങി നിൽക്കുന്നു. വന്നോ വന്നോ എന്നും പറഞ്ഞ് വീടൊരുക്കി വിളിച്ചിട്ട്, ഓണം വരുന്നുവെന്നു കേൾക്കുമ്പോൾ, പതിവുപോലെ, ഒന്നു പൊയ്ക്കൂടേന്നൊരു ഭാവം നിങ്ങൾക്കൊക്കെയുണ്ടെന്ന മട്ടിൽ അതിനൊരു പിണക്കമുണ്ട്. പരാധീനവാമനൻ വന്നു ചവിട്ടിത്താഴ്ത്തിയപ്പോൾ കെട്ടും മുറുക്കി പോവേണ്ടിവന്ന മാവേലിമാരൊക്കെ വിട്ടുപോയ നാടിനെക്കാണാനെത്താനാണ് ഓണം ധൃതിയിൽ എത്തുന്നത്. കാക്കപ്പൂവിന്റെ ചിത്രത്തിൽ നോക്കിയിരിക്കേണ്ടുന്ന ഗതികേടിന്റെ ചിരിയും  പൂക്കൊട്ടയെന്തെന്ന് ചിത്രം കാണിച്ചുകൊടുത്ത് പറയേണ്ടുന്ന വൈക്ലബ്യവും പഴയകാല ഓണാഘോഷക്കാരുടെ  വീട്ടിലുണ്ട്. മാവേലിക്കു മാറ്റമില്ല. കുടവയറും ഓലക്കുടയുമായി നിറഞ്ഞ ചിരിയുമായി മാവേലിയെത്തുമെന്നു വെറുതേ പറഞ്ഞുകൊടുക്കുകയേ വേണ്ടൂ. പണ്ടും അങ്ങനെയേ കേട്ടിട്ടുള്ളൂ. ഇപ്പോളവർക്ക് മാവേലിവേഷം കാണിച്ചുകൊടുക്കാനും കിട്ടുന്നുണ്ട്. സദ്യയ്ക്കു മാറ്റമില്ല. വറുത്തുപ്പേരിയും പഴം നുറുക്കും പായസവും ഒക്കെ മാറാതെയുണ്ട്. ഗോബി മഞ്ചൂരിയനും, ചില്ലി പനീറും, തന്തൂരി റൊട്ടിയും വിളമ്പുന്ന കാലം വിദൂരമല്ല. പണ്ടു പണ്ട് എന്നു തുടങ്ങി, മാവേലിയെന്നൊരു രാജാവിനേയും കാക്കപ്പൂക്കളേയും തുമ്പപ്പൂക്കളേയും ഓണസ്സദ്യയേയും  ചിത്രങ്ങൾ കാണിച്ച് പറഞ്ഞുകൊടുക്കുന്ന കാലം വരും. അന്നുമിന്നും മാറാതെയുണ്ടാവുന്നത് ഓണമാണ്. സന്തോഷത്തിന്റേയും കൂടിച്ചേരലിന്റേയും പര്യായമായി മാറുന്ന കാലമാണത്. അതു മാറുന്നതെങ്ങനെ!

പുതുതായി കിട്ടിയ വാടകവീട്ടിൽ ത്രിശങ്കുസ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. മുറ്റമില്ല, ആകാശമില്ല. രണ്ടും ജനൽ‌വാതിൽ തുറന്നാൽ കാണുന്ന കാഴ്ചകളാണ്. പഴയതുപോലെയല്ല, നിലാവിനേയും മഴയേയും വെയിലിനേയും സ്വീകരിക്കാനായി ജനലിന്റെ വാതിൽ തുറന്നിടാം. പ്രതീക്ഷിക്കാത്ത അതിഥികളായി കൂറയും പാറ്റയും കൊതുകും എലിയുമൊക്കെ വരുമെന്നു മാത്രം. അടുക്കളപ്പുറത്തെ വിരുന്നിനു കാക്കയുണ്ട്. കള്ളമില്ലാത്ത കാക്ക. അതിനകത്തേക്കു വരാൻ പറ്റില്ല. കൂടെവിടെയാണെന്ന് ആർക്കും ചോദിക്കേണ്ടാത്ത കാക്ക. അതിനു കൂടുണ്ടോയെന്ന് അറിഞ്ഞാലും കാര്യമില്ല. അടുക്കളയിലേക്കെത്തിനോക്കാൻ അതിനു സൌകര്യമായിട്ടുള്ള വാതിൽ ജനലിന്റേതു മാത്രമാണ്. ആദ്യമാദ്യം തയ്യാറായി വരുന്നത് കാപ്പിയാണെന്നും ജീരകവെള്ളമാണെന്നും ചോറാണെന്നും കൂട്ടാനാണെന്നും ഉപ്പേരിയാണെന്നുമൊക്കെ അതെത്രവേഗമാണെന്നോ പഠിച്ചുവെച്ചത്. ‘ഒന്നും ആയിട്ടില്ല കാക്കേ, നിന്നെയിപ്പം ആരാ വിളിച്ചത്’ എന്നൊക്കെ കേട്ടുകേട്ട്, പ്രത്യക്ഷപ്പെടേണ്ട സമയം എപ്പോഴാണെന്ന് ഇപ്പോൾ അതിനറിയാം. ആദ്യം കൊടുത്തത് ഗോതമ്പുദോശയാണ്. അതു തിന്നുമോയെന്ന് ഒരു സംശയമുണ്ടായിരുന്നു. കാരണം വീട്ടിലുള്ള മനുഷ്യർക്ക് ഇഡ്ഡലിക്കും ദോശയ്ക്കും പുട്ടിനും ഉപ്പുമാവിനും  ശേഷമുള്ള തെരഞ്ഞെടുപ്പിലെത്തുന്ന വിഭവമാണ് ഗോതമ്പുദോശ. കാക്കയും അതൊക്കെയായിരിക്കുമല്ലോ പഠിച്ചുവെച്ചത്. കൊടുത്തപ്പോൾ അതും കൊണ്ടു പറന്നുപോയി. ബിസ്ക്കറ്റു കാണുമ്പോൾ അതിനൊരു പുച്ഛമുണ്ട്. ഞാനിത്തിരി വൈകിയപ്പോഴേക്കും ഒക്കെ വെട്ടിവിഴുങ്ങിയോ എന്നു പരിഭവമുണ്ട്. അതു വളരെ വൈകിയെത്തുന്ന, അതിനൊന്നും കിട്ടാത്ത ദിവസങ്ങളിൽ, വീട്ടുകാരി, അച്ഛനേയുമമ്മയേയും വിളിച്ചുമിണ്ടുമ്പോൾ വന്ന് അതിനൊരു കരച്ചിലുണ്ട്. നിങ്ങളുടെ “സൽ‌പുത്രി” ഇങ്ങനെയൊക്കെയാണെന്ന് വിളിച്ചു പറയുന്നതാവാം.

ഒരുപാടായി നേരം... പറഞ്ഞുതീരുന്നില്ല...ഇനി പിന്നെ...

മഴ എന്നിട്ടും തീർന്നില്ല. അതിനാണെന്നെ നന്നായി മനസ്സിലാവുന്നത്!

Labels:

Sunday, August 09, 2015

രണ്ടായിരം

സെബിൻ എ ജേക്കബിന്, (മറ്റു സുഹൃത്തുക്കൾക്കും...)
സെബിൻ എ ജേക്കബിന്റെ ഒരു പോസ്റ്റ് കിട്ടി. പുതിയതുതന്നെ അല്ലേ? എന്താണാവോ അതിന്റെയൊക്കെ അർത്ഥം? അറിയാത്തതൊക്കെ പറഞ്ഞുണ്ടാക്കലാണോ പണി?
രണ്ടായിരം രൂപ തന്നിട്ട് ആരെങ്കിലും കറിവേപ്പില യാഹൂ കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്ന്  അറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എങ്ങനെ അവസാനിച്ചു എന്നും  അറിഞ്ഞിട്ടുണ്ടാവണമല്ലോ. അറിഞ്ഞിട്ടില്ലെങ്കിൽ സെബിനോടും അങ്ങനെ കറിവേപ്പിലക്കേസ് എങ്ങനെ അവസാനിപ്പിച്ചു എന്നറിയാഞ്ഞിട്ട് ഉറക്കം വരാത്ത മറ്റു സുഹൃത്തുക്കളോടും എനിക്കു പറയാനുള്ളത് ഇത്രയേ ഉള്ളൂ. കട്ടു കൊണ്ടുപോയവർ ഖേദം പ്രകടിപ്പിച്ചു. ഞാൻ അതു ശരി വച്ചു. എനിക്കാ ഖേദപ്രകടനം ആവശ്യമുണ്ടായിരുന്നു.  ഒരു വീട്ടമ്മ എന്നു പ്രൊഫൈലിൽ വച്ചതുകൊണ്ട് പൈസ എവിടുന്നെങ്കിലുമൊക്കെ അടിച്ചെടുക്കാനാണ് ഞാൻ ബ്ലോഗ് തുടങ്ങിയത് എന്നൊക്കെയുള്ള തരത്തിൽ ആരെങ്കിലും ചിന്തിക്കുന്നത് എനിക്ക് അപമാനമാണ്. എന്റെ ബ്ലോഗിൽ നിന്നു കട്ടുകൊണ്ടുപോയാൽ എന്റെ സുഹൃത്തുക്കൾ പ്രതികരിക്കും. അവരൊക്കെ പേരെടുക്കാനാണെന്നൊക്കെ പറഞ്ഞുപരത്തിയാൽ സൌഹൃദങ്ങൾക്കൊക്കെ എന്താണ് വില? ബ്ലോഗ് തുടങ്ങി ഇത്രയും കാലമായിട്ടും പരസ്പരം എത്രയൊക്കെ അറിയാം എന്ന് എല്ലാവർക്കും അറിയാം. വിശാലമനസ്കൻ, എന്റെ ബ്ലോഗ് പത്തുവർഷമായപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വച്ചു എന്നും  മറ്റു സുഹൃത്തുക്കൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. (വിശാലാ, ഞാനിന്നേവരെ അതുകണ്ടിട്ടില്ല. മാപ്പ്.) വിശാലനേം കണ്ടിട്ടില്ല. 


ഒരു പൈസ പോലും വിലയുള്ളതാണ്. പക്ഷേ എനിക്ക് പൈസയേക്കാൾ വലുതാണ് എന്റെ ബ്ലോഗുകൾ. അതു ഞാൻ പൈസയുണ്ടാക്കാനെഴുതിവയ്ക്കുന്നതല്ല സെബിനേ...സെബിനെപ്പോലെ ചിന്തിക്കുന്നവരേ....അതുകൊണ്ട്...

കറിവേപ്പിലയിലെ കേസ് പൊക്കിക്കൊണ്ടു നടക്കുന്നത് എല്ലാവരും അവസാനിപ്പിക്കുക. ഖേദപ്രകടനം നടത്തിയിട്ടാണ് അത് അവസാനിച്ചത്. എല്ലാവരും കണ്ടതുപോലെ. അല്ലാതെ അതിന്റെ പിന്നിലും മുന്നിലും ഒന്നുമില്ല. ഇനി എന്നെ അപമാനിക്കാൻ ആരും ശ്രമിക്കരുത്. പൈസ വാങ്ങി എന്നൊക്കെയുള്ള ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എത്ര വൃത്തികേടാണ്? ഞാൻ ആരോടും ഒന്നും വാങ്ങിയിട്ടില്ല. ഇല്ലാത്തതു പറഞ്ഞുണ്ടാക്കുന്നതൊക്കെ തെറ്റാണ് എന്നു ഞാൻ നിങ്ങൾക്കൊക്കെ പറഞ്ഞുതരണ്ടല്ലോ അല്ലേ? ഇനി ആവർത്തിക്കരുത്. ഉപദേശമാണെന്നു കൂട്ടിയാ മതി.

സെബിനേ അതുകൊണ്ട് എന്നെക്കുറിച്ചും എന്റെ ബ്ലോഗിനെക്കുറിച്ചും എന്റെ കൂട്ടുകാരെക്കുറിച്ചും അനാവശ്യം പറയുന്നത് നിർത്തുക. എന്തൊക്കെയുണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ? എന്നിട്ട് ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെയാണോ സമയം പാഴാക്കുന്നത്? അതിശയം തന്നെ!

എന്നാലും രണ്ടായിരം രൂപ! എന്റെ ദൈവമേ...

Labels: