Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 31, 2007

അടുത്തവര്‍ഷത്തെ കാര്യപരിപാടികള്‍

വല്യ വല്യ ആള്‍ക്കാര്‍ക്ക് വല്യവല്യ പരിപാടികള്‍ ആവും. ഞാന്‍ അത്ര വലുതല്ലാത്തതുകൊണ്ട്, എന്റെ ചെറിയ ചെറിയ പരിപാടികള്‍ ഇവയൊക്കെയാണ്. ഇതൊക്കെ നിറവേറണമെന്ന് ഞാന്‍ ആശിക്കും. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ. എന്തൊക്കെവേണമെന്ന് പറയേണ്ടത് എന്റെ കടമ. അത് നിറവേറ്റിത്തരേണ്ടത് ദൈവത്തിന്റെ കടമ. ഒരുപാട് മനുഷ്യര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക്, നോക്കീം കണ്ടും കടമ ചെയ്യാന്‍ ദൈവത്തിന് വിഷമമാവും. അതുകൊണ്ട് ഞാനെന്റെ ലിസ്റ്റ് അങ്ങോട്ടേല്‍പ്പിച്ചു. ‘നിനക്കിത് ആദ്യമേ പറഞ്ഞൂടായിരുന്നോ? നീ പറയാതെ ഞാനെങ്ങനെ അറിയാന്‍’ എന്നൊക്കെ ദൈവത്തിനു ചോദിക്കാന്‍ അവസരം കൊടുക്കരുതല്ലോ. ദൈവവും എന്നെപ്പോലെ ഒരു പാവമല്ലേ. ബുഹഹഹഹ.

അതുകൊണ്ട് രണ്ടായിരത്തിയെട്ടാമാണ്ടില്‍ ഞാന്‍ നടപ്പാക്കാന്‍ വിചാരിക്കുന്ന പദ്ധതികള്‍ ഇവയൊക്കെയാണ്. എന്തൊക്കെ നടക്കുമെന്ന് കണ്ടറിയാം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ. അല്ലേ?

1) നല്ല നല്ല ബ്ലോഗ് പോസ്റ്റുകള്‍ ഇടും. (നല്ലത് എന്നത് ആപേക്ഷികമാണെന്ന് മറക്കരുത്.)


2) പുതിയ എന്തെങ്കിലും വിദ്യ പഠിക്കും. (അല്ലെങ്കില്‍ വീണത് വിദ്യയാക്കും.)


3) ദ്രോഹിക്കുന്നവരില്‍ മൂന്നുപേര്‍ക്കെങ്കിലും മാപ്പ് കൊടുക്കും. (മാപ്പ് ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നവരെ എസ്. എം. എസ്സിലൂടെ തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ എസ്. എം. എസ്സ് അയക്കുന്നവര്‍ക്ക്, ഞാന്‍ വരച്ച ഫ്ലാറ്റിന്റെ പ്ലാന്‍ കാണിച്ചുകൊടുക്കും. അല്ലെങ്കില്‍ ഒരു കാറിന്റെ ചിത്രം കൊടുക്കും.)


4) ഡ്രൈവിംഗ് പഠിക്കും. (റോഡിലെ യാത്രക്കാര്‍ ശ്രദ്ധിക്കുക. കാല്‍നടക്കാര്‍ പ്രത്യേകിച്ചും. വിമാനവും തീവണ്ടിയും ഇക്കൊല്ലത്തെ അജണ്ടയിലില്ല. ഇരുന്നിട്ടല്ലേ കാലു നീട്ടാവൂ.)


5) അഭിനയവും സോപ്പിടലും പഠിക്കും. (അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്നാണ് പലതും തെളിയിക്കുന്നത്.)


6) വിദേശയാത്ര നടത്തും. അല്ലെങ്കില്‍ വിമാനത്തിലെങ്കിലും കയറും. (വിദേശവാസികള്‍ സൂക്ഷിക്കുക. സുനാമിയൊന്നും പറഞ്ഞറിയിച്ചല്ലല്ലോ വരുന്നത്.;))


7) വണ്ണം അഥവാ തടി കുറയ്ക്കും. (ഉം...ഉം...അതുവ്വ്. നാക്കിന്റെ നീളമെങ്കിലും അല്പം കുറഞ്ഞെങ്കില്‍ എന്നു നിങ്ങള്‍ ചിന്തിക്കരുത് പ്ലീസ്. )


8) സുഹൃത്തുക്കളുടെ ജന്മദിനത്തിന് ആശംസകളും സമ്മാനങ്ങളും അയയ്ക്കും. (സമ്മാനം എന്നുപറയുമ്പോള്‍, സുഹൃത്തുക്കളേ, നിങ്ങള്‍, നിങ്ങളുടെ ലെവലില്‍ ചിന്തിക്കരുത്.) (ഹോ...ശത്രുക്കളുടെ ജന്മദിനത്തിനായിരുന്നെങ്കില്‍ ഞാന്‍ കുത്തുപാളയെടുത്തേനെ.!)


9) എല്ലാ സിനിമകളും റിലീസ് ദിവസം തന്നെ കാണും. (ഷാരൂഖ് ഖാന്റെ എന്ന് കൂട്ടിവായിക്കുക.)


10) പ്രധാനമന്ത്രി, പ്രസിഡണ്ട്, മുഖ്യമന്ത്രി, എന്നീ പദവികളിലിരിക്കാന്‍ ആരെങ്കിലും അഭ്യര്‍ഥനയുമായി വന്നാല്‍ സമ്മതിക്കും. (പ്ലീസ് നിങ്ങള്‍ തടയരുത്. നിങ്ങളുടെ സ്നേഹം എനിക്കറിയാം. എന്നാലും ഇന്ത്യയിലെ....(പ്രസംഗം പിന്നെ മതി അല്ലേ?))


11) റോഷന്‍ ആന്ഡ്രൂസിന്റെ സിനിമയ്ക്ക് കഥ എഴുതും. (അയാള്‍ അതുകൊണ്ട് രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ ഓടിരക്ഷപ്പെടും.)


12) മുകളില്‍ എഴുതിയിരിക്കുന്നതൊക്കെ എനിക്ക് ചെയ്യാനുള്ളതാണെന്ന് ഇടയ്ക്കെങ്കിലും ഓര്‍മ്മിക്കും.(ഹോ...നിങ്ങളൊന്നും ഓര്‍മ്മിപ്പിക്കാതിരുന്നാല്‍ മതി. ജീവിച്ചുപോയ്ക്കോട്ടെ.)


എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ എന്നു നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. ;)

Labels: ,

Friday, December 28, 2007

ഇങ്ങനെയുമുണ്ടോ

ഉറക്കെച്ചിരിക്കരുത്‌, ഉറക്കെപ്പറയരുത്‌,
ഉറക്കച്ചടവരുത്‌, ഉള്ളിലലിവുണരുത്‌.
നിഴലായ്‌ നിരന്തരമായ്‌ നിലനില്‍ക്കേണം,
നുഴഞ്ഞുകയറുവാന്‍ നോക്കിയിരിക്കേണം.
ശാസനകളൊന്നൊഴിയാതെ പാലിച്ചു.
എന്നിട്ടും ശാപവാക്കുകള്‍ മാത്രം കേട്ടു.
പേരുച്ചരിക്കുന്നിടത്ത്‌ പല്ലുകള്‍ മുറുകുന്നു,
ഓര്‍ക്കുന്നവര്‍ ചിലര്‍ കണ്ണീര്‍ തുടയ്ക്കുന്നു.
ഓര്‍ക്കാനിഷ്ടമില്ലാതെ നടുങ്ങുന്നൂ ചിലര്‍.
നിരാശയിലും, ദുഃഖത്തിലും, തോല്‍‍‌വിയിലും,
പലപ്പോഴും ഞാനോര്‍മ്മിക്കപ്പെടുന്നു.
ചില പ്രണയങ്ങളെങ്കിലും
എനിക്കുള്ളില്‍പ്പെട്ടൊടുങ്ങുന്നു.
സ്നേഹവും പ്രണയവും, സത്യവും, വിജയവും,
എന്നെയൊറ്റപ്പെടുത്തുവാന്‍ കിണഞ്ഞുശ്രമിക്കുന്നു.
ഞാന്‍ പരാജയപ്പെടുന്നിടത്ത്‌
സന്തോഷം ജയിച്ചു ചിരിക്കുന്നു,
എത്രയോ ഹൃദയങ്ങള്‍ ആശ്വസിക്കുന്നു.
അവരുടെ ഒറ്റപ്പെടുത്തലിലും, കുറ്റപ്പെടുത്തലിലും,
എനിക്ക്‌ നിസ്സഹായതയാണ്‌.
എന്റെ പേരു തന്നെ കാരണമായി
വലിച്ചിഴക്കേണ്ടിവരുന്നു.
ഞാന്‍, ചതി,
തോല്‍വിയുടെ ഗര്‍ത്തത്തിന്റെ വക്കില്‍ നിന്നിട്ടും, വീണുപോകാതെ,
എന്‍ പേരു നശിക്കാതിരിക്കാന്‍ പരിശ്രമിക്കട്ടെ.
ആത്മഹത്യ ചെയ്താല്‍പ്പോലും,
ലോകം ഒരുമിച്ചുനിന്ന് ആശ്വാസത്തോടെ, എന്നാല്‍ അത്ഭുതത്തോടെ പറയും.
പോകുന്നപോക്കിലും, സ്വന്തം ജീവനെച്ചതിച്ചുപോയെന്ന്!
ഇങ്ങനെയുമുണ്ടോ ഒരു ചതിയെന്ന്!

Labels:

Wednesday, December 26, 2007

തീര്‍ത്ഥാടനം

“വീഗാലാന്‍ഡ് മതി.” ഏറ്റവും ഇളയ പേരക്കുട്ടി കൊഞ്ചലോടെ പറഞ്ഞു.
“ലോകത്ത് വേറെ സ്ഥലമില്ലാത്തതുകൊണ്ടാണോ പോയിടത്തുതന്നെ പോകാന്‍ ഇരിക്കുന്നത്?” എല്ലാവരും കൂടെ ഒരുമിച്ചെതിര്‍ത്തുപറഞ്ഞു.
അവരുടെ ബഹളം കേട്ടുകൊണ്ട് അയാള്‍ വെറുതെ ഇരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്ന് അല്പദിവസം ഒഴിവാകുന്നതുതന്നെ, എല്ലാവരുംകൂടെ ഒത്തുചേരുമ്പോഴാണ്.
അവധിക്കാലയാത്രയിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. എല്ലാവര്‍ഷവും വേനലവധിയ്ക്ക് പതിവുള്ളത്. എത്ര തിരക്കായാലും എല്ലാവരും ഒരുമിച്ചൊരു യാത്ര, എല്ലാവരുടേയും അവകാശം പോലെയാണ്.
“ഇപ്രാവശ്യം ഞാന്‍ ഒറ്റയ്ക്കാണ് യാത്ര.”
എല്ലാവരും അയാളെ നോക്കി. ബഹളം പെട്ടെന്ന് നിന്നു.
“അതെന്താ അങ്ങനെ?”
“അതൊക്കെയുണ്ട്. ഞാന്‍ പോകുന്നിടത്തേയ്ക്ക് പോകാന്‍ നിങ്ങള്‍ക്ക് വല്യ താല്പര്യം ഉണ്ടാവില്ല. അവിടെ കാണാന്‍ മാത്രം കാഴ്ചകളൊന്നുമില്ല. മാത്രമല്ല എനിക്കങ്ങോട്ട് പോയേ തീരൂ.”
പിന്നെ കുറേ നേരം അതിനെക്കുറിച്ചായി ചര്‍ച്ച. സ്ഥലമെങ്കിലും പറഞ്ഞൂടേന്ന് എല്ലാവരും ചോദിച്ചെങ്കിലും അയാള്‍ പറഞ്ഞില്ല. ഒക്കെ യാത്ര കഴിഞ്ഞിട്ട് പറയാം എന്നുപറഞ്ഞു.
തീരുമാനിച്ച ദിവസം എല്ലാവരും ഒരുമിച്ചുതന്നെ ഇറങ്ങി. യാത്ര തുടങ്ങിയപ്പോള്‍, അയാളുടെ മനസ്സ് കുട്ടികളുടേത്പോലെയായി. ഡ്രൈവറെക്കൂടെ ഒഴിവാക്കിയത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. പക്ഷെ ഒറ്റയ്ക്ക് മതി എന്നുപറഞ്ഞതുകൊണ്ട് പിന്നെയാരും ഒന്നും പറഞ്ഞില്ല. എന്നും കാര്യങ്ങള്‍, വിളിച്ചറിഞ്ഞുകൊള്ളാം എന്ന് ഉറപ്പ് കൊടുത്തു.
വേനല്‍, ഭൂമിയിലൂടെ വരള്‍ച്ചയുടെ വര വരച്ചുവെച്ചിരുന്നു. വഴിയിലെ കല്ലുകള്‍, സൂര്യന്റെ ചൂടില്‍ ജ്വലിച്ചുനിന്നിരുന്നു. വീണുകിടക്കുന്ന ഇലകള്‍, പൊടിഞ്ഞ്, മണ്ണിനോട് ചേര്‍ന്നലിയുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടെ വൃക്ഷങ്ങളില്‍ സമൃദ്ധമായി നിന്നിരുന്ന കാലം ഓര്‍ക്കുകയാവും എന്നയാള്‍ക്ക് തോന്നി. വൃക്ഷങ്ങള്‍, ചൂടിന്റെ ഭാരം താങ്ങി, അവശതയില്‍ നിന്നിരുന്നു.
ഗ്രാമത്തിലെ ചെറിയൊരു ലോഡ്ജില്‍ റൂമെടുക്കുമ്പോള്‍, അയാള്‍ യാത്രാക്ഷീണത്തിലായിരുന്നില്ല. വളരെ ഉത്സാഹത്തിലായിരുന്നു. വിട്ടുപോയിടത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍. റൂമില്‍ അല്പം വിശ്രമിച്ചതിനുശേഷം അയാള്‍ നടക്കാനിറങ്ങി.
ചുറ്റുമുള്ള പ്രകൃതി, പരിചയം ഭാവിക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. കാലം വരുത്തുന്ന മാറ്റം, ആ ഗ്രാമത്തിലും എത്തിയിരുന്നെങ്കിലും, ഇനിയും മാറാത്ത സ്നേഹം, അയാള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.
ഓരോരുത്തരെക്കുറിച്ച് ചോദിച്ചപ്പോള്‍, ഹോട്ടലിലെ ആള്‍ക്കാര്‍ പറഞ്ഞുകൊടുത്തു. ഹോട്ടലിന്റെ കെട്ടും മട്ടും മാറിയിട്ടുണ്ട്. പക്ഷെ ആഹാരത്തിന്റെ രുചികരമായ സ്വാദ് മാറിയിട്ടില്ല.
ആല്‍മരത്തിന്റെ പിന്നിലൂടെ നടന്നപ്പോള്‍, പുതിയ കെട്ടിടമാണ് വരവേറ്റത്. എന്നാലും ഗേറ്റ് കടന്ന് മണ്ണിലേക്ക് കാല്‍ വെച്ചപ്പോള്‍ അയാള്‍ക്ക് ശ്വാസമില്ലാതെയായി. അത്രയ്ക്കും ആഹ്ലാദം. അവധിദിനമായതുകൊണ്ടാവണം, ആരേയും കാണാത്തത്. ഏതെങ്കിലും ഭാഗത്ത് ആരെങ്കിലും ഉണ്ടാവും. എന്തായാലും നടന്ന് നടന്ന് നോക്കാന്‍ അയാള്‍ തീരുമാനിച്ചു.
നടന്ന്, ഒരു കെട്ടിടത്തിലെ ഒരു മുറിയിലേക്ക് അയാള്‍ കയറി. അവിടെയുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. ഒരുപാട് ഓര്‍മ്മകളില്‍ അയാള്‍ ആഹ്ലാദം കൊണ്ടു. ചിലത് അയാളെ പരിഭവിപ്പിച്ചു, നോവിച്ചു, ചിരിപ്പിച്ചു.
ഈ സ്ഥലം. ഈ കെട്ടിടം. പുതിയതിനുമുമ്പുള്ള കെട്ടിടം. ഇവിടെ നിന്നാണ് അയാള്‍ ഓരോന്നും പഠിച്ചെടുത്തിരുന്നത്, പരീക്ഷ എഴുതിയിരുന്നത്. ഇതിന്റെ മുറ്റത്തുനിന്നാണ് കൂട്ടുകാരോടൊത്ത് കളിച്ച് ചിരിച്ചിരുന്നത്. അയാളെ ഇത്രയും വലിയൊരു ബിസിനസ്സുകാരനാക്കിയതില്‍ ഈ ഗ്രാമത്തിനും, കൂട്ടുകാര്‍ക്കും, അയാളിപ്പോള്‍ നില്‍ക്കുന്ന വിദ്യാലയത്തിനും, അദ്ധ്യാപകര്‍ക്കും ഒക്കെയുള്ള പങ്ക് ചെറുതൊന്നുമല്ല. അവഗണിച്ചതല്ലെങ്കിലും ഇങ്ങോട്ടൊന്നു വന്നുനോക്കാതെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ന് വലിയൊരാഗ്രഹം പൂര്‍ത്തിയായിരിക്കുന്നു.
നാട്ടിലുള്ള കൂട്ടുകാരെയൊക്കെ കണ്ടിട്ട് പോകാമെന്ന് കരുതി അയാള്‍ അവിടെ നിന്ന് എണീറ്റു. വീട്ടുകാരോട് യാത്രയുടെ കാര്യം പറയാനും അയാള്‍ക്ക് ധൃതിയായി. ഫോട്ടോയെടുക്കുമ്പോള്‍, പഴയ കാര്യങ്ങളോരോന്നും അയാളുടെ മനസ്സിലും തെളിഞ്ഞുവന്നു. വ്യക്തമായ ചിത്രങ്ങള്‍. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി, അയാള്‍ ഇറങ്ങിനടന്നു.

Labels:

Monday, December 24, 2007

നമുക്ക് കഴിയുന്നത്

യേശു ചെയ്തതൊക്കെ തനിക്കും ചെയ്യാനാവുമെന്ന് മാജിക്കുകാരന്‍. അപ്പം വീതിച്ചുനല്‍കാനും, വെള്ളം വീഞ്ഞാക്കാനും, തന്റെ മാജിക്കിലൂടേയും സാധിക്കുമെന്ന്.
ആരോ ചോദിച്ചു. “വിശ്വസിക്കുന്നവര്‍ക്ക് സമാധാനം നല്‍കാന്‍ പറ്റുമോന്ന് ചോദിക്കുന്നില്ല. വിശ്വസിച്ചുനോക്കട്ടെ എന്നാവും ഉത്തരം. പക്ഷെ, ലോകത്ത് എല്ലായിടത്തും ഒരു ഷോയെങ്കിലും പൈസ വാങ്ങാതെ ചെയ്യാന്‍ പറ്റുമോ?”
മാജിക്കുകാരന്‍ ഓടിയ വഴിയിലെ പുല്ലുമുളപ്പിക്കാന്‍ യേശു തന്നെ വരേണ്ടിവരും.

മറ്റുള്ളവരെ അനുകരിച്ച്, എല്ലാം തോന്നിയപോലെ ചെയ്യുന്നതിലല്ല മിടുക്ക്. തനിക്ക് ചെയ്യാന്‍ കഴിയുന്നത് നന്നായി ചെയ്യുന്നതിലാണ്. മറ്റുള്ളവരെപ്പോലെയാവാന്‍ ശ്രമിക്കുന്ന സമയം കൊണ്ട്, നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് നമുക്ക്, നമ്മളായിരിക്കാം.

Labels: ,

Friday, December 21, 2007

ദൈവമേ!

മ്മ മ്മ എന്ന് വിളിച്ചപ്പോഴാവണം
എല്ലാവരും ഒരുമിച്ച് സന്തോഷിച്ചത്.
ആദ്യത്തെ വാക്കിന്റെ ആരംഭമെന്നോര്‍ത്ത്.
പലരും പലതും വിളിച്ചു.
പേരുമാറ്റി, പേരിന്റെ അക്ഷരം കുറച്ച്, ചെല്ലപ്പേരിട്ട്.
വിളികളങ്ങനെ മധുരിച്ച് പോയി.
കടുത്ത വിളികള്‍, കാതില്‍ക്കൂടെ കേട്ട്,
കണ്ണില്‍ക്കൂടെ ഒലിച്ചുപോയി.
വരകളിലൂടെ വര്‍ണ്ണം തീര്‍ത്തൊരാള്‍,
വാത്സല്യത്തോടെ, വല്യമ്മേന്ന് വിളിച്ചു.
ശരിക്കും വല്യമ്മയായപ്പോള്‍,
‍വിളി കേള്‍ക്കാത്തിടത്തിരുന്നു കാണുന്നുണ്ടാവുമോയെന്തോ.
പിച്ചക്കാരിക്കിനി കാശില്ല എന്ന വിചാരത്തിനുമേലെയാണ്,
അമ്മാ തായേ എന്ന വിളി വന്നത്.
മനസ്സില്‍ നിന്ന് മനസ്സിലേക്കെത്തുന്ന ചില വിളികള്‍
‍കേള്‍ക്കാതെ പോവാന്‍ പറ്റില്ല.
ദൈവത്തിന്റെ വിളിയും കാത്തിരിക്ക്യാണെന്ന്,
കാലത്തിലൂടെ സഞ്ചാരം കഴിഞ്ഞെന്ന മട്ടില്‍ ചിലര്‍.
കുതിച്ചുപായുമ്പോള്‍, എവിടെനിന്നോ കേള്‍ക്കുന്ന വിളി,
പതുക്കെ പൊയ്ക്കൂടേന്നൊരു ശാസനയില്‍ പൊതിഞ്ഞ് കെട്ടി.
അനസ്തേഷ്യയില്‍ നിന്നുണരുമ്പോള്‍, വേദന വിളിപ്പിക്കും,
മറ്റുള്ളോരെ പേടിപ്പിച്ചോടിക്കല്ലെന്ന് സ്നേഹത്തോടെ ഡോക്ടര്‍.
കാത്തിരിക്കാതെ വരുന്ന വിളിയില്‍ പോയ്മറയുന്ന ചിലര്‍,
കാത്തിരിക്കുന്ന വിളികള്‍ കേള്‍ക്കാനാവാതെ മറ്റു ചിലര്‍.
ഇഷ്ടമില്ലാത്ത വിളികള്‍ക്ക് നേരെ അടഞ്ഞുപോകാന്‍,
കാതുകള്‍, മനസ്സിന്റെ സഹായം തേടും.
ഇഷ്ടമുള്ള വിളികളിലേക്ക് മനസ്സും തുറന്ന് കാതോര്‍ത്തിരിക്കും.
ഇനിയും വരാനുള്ളതേയുള്ളൂ,
കാതിനെ കുളിര്‍പ്പിക്കാനുള്ള വിളിയെന്ന് കൂട്ടുകാരി.
കേട്ടില്ലെന്ന് നടിക്കുന്ന വിളികള്‍ വിങ്ങലെന്ന്,
കേട്ടില്ലല്ലോ നീയെന്റെ വിളിയെന്ന്.
എന്നാലും, വിളിച്ചോട്ടെ ഞാനും ഒന്ന് തിരക്കിനിടയില്‍,
ദൈവമേ...

Labels:

Sunday, December 16, 2007

നല്ല കൂട്ടുകാര്‍

കാക്കയും അണ്ണാനും കൂട്ടുകാരായിരുന്നേ.
അവരൊരു ദിവസം കഥയും പറഞ്ഞ് ഇരിക്കുമ്പോ, അപ്പക്കഷണം കണ്ടേ.
അണ്ണാന്‍ പറഞ്ഞു, “ നമുക്ക് കുളിച്ചു വന്നിട്ട് തിന്നാം.”
കാക്കയും പറഞ്ഞു, “അതെ കുളിച്ചു വന്നിട്ട് തിന്നാം.”
കുളക്കടവിലെത്തി രണ്ടാളും.
രണ്ടാള്‍ക്കും വിശക്കുന്നുണ്ടായിരുന്നു.
പരസ്പരം പറയാന്‍ മടിച്ചിട്ട് പറഞ്ഞില്ല.
‘അയ്യോ സോപ്പ് മറന്നല്ലോ’ന്ന് അണ്ണാന്‍.
ഓടിപ്പോയി, അപ്പം കുറച്ച് തിന്നിട്ടു വന്നു.



“അയ്യോ തോര്‍ത്ത് മറന്നല്ലോ”ന്ന് കാക്ക.
ഓടിപ്പോയി കുറച്ച് തിന്നിട്ട് വന്നു.


രണ്ടാള്‍ക്കും, ഇടയ്ക്കല്‍പ്പം അപ്പം കുറയുന്നില്ലേന്ന് സംശയം വന്നു.
താന്‍ തന്നെ തിന്നതാവുംന്ന് വിചാരിച്ചു.
അങ്ങനെ ഓരോ തട്ടിപ്പും പറഞ്ഞ് രണ്ടാളും പോയി മുഴുവന്‍ തീര്‍ത്തു.
അവസാനം ചെന്നത് കാക്ക. ഒന്നുമില്ലവിടെ തിന്നാന്‍.
അപ്പോ, പതുങ്ങിപ്പതുങ്ങി അണ്ണാന്‍ വന്നു.
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
“നീ എന്നെപ്പറ്റിച്ചു തിന്നു അല്ലേ?” അണ്ണാന്‍ ചോദിച്ചു.
“നീ എന്നെപ്പറ്റിച്ചും തിന്നു അല്ലേ?” കാക്കയും പറഞ്ഞു.
“വിശന്നിട്ടല്ലേ?” രണ്ടാളും ഒരുമിച്ചുപറഞ്ഞു.
ദൈവം വിചാരിച്ചു, ഇപ്പോ വഴക്കാവുംന്ന്.
രണ്ടാളും ചിരിച്ച് കുഴഞ്ഞ് മറിഞ്ഞു.
എന്നിട്ട് വീടുകളിലേക്ക് പോയി. ദൈവം വിഡ്ഢിയായി.
നല്ല കൂട്ടുകാരൊക്കെ അങ്ങന്യാ.
ഒരിക്കലും പിണങ്ങൂല.
പക്ഷെ, എന്ത് വിഷമംണ്ടായാലും പറയണം.
പറയാതെ അറിയാന്‍ ചെലപ്പോ കഴിഞ്ഞില്ലെങ്കിലോ?

Labels: , ,

Thursday, December 13, 2007

വാക്കുകള്‍

ആവര്‍ത്തനത്തിന്റെ വിരസതയിലാണ്,
വാക്കുകളെന്നോട് മുഖം ചുളിച്ച് കാണിച്ചത്.
കൂടെക്കൂടെ ജോലിയെടുപ്പിച്ചത് മതിയെന്നവര്‍,
മുഖംനോക്കാതെ പറഞ്ഞു.
പകരക്കാരെത്തേടി,
പതിവില്ലാതെ ഞാനലഞ്ഞു.
പഴയവയെയൊക്കെ പിരിച്ച് വിട്ട്,
മനസ്സ് ശൂന്യമാക്കി കാത്തിരുന്നു.
ഒടുവില്‍ ഇറങ്ങിപ്പോയവ,
ഓടിത്തന്നെ തിരിച്ചുവന്നു.
ആവര്‍ത്തനമില്ലാത്തതുകൊണ്ട്,
അവയ്ക്ക് പഴയപോലെ കാണാനൊക്കില്ലത്രേ.
ഇടവേളകള്‍ വര്‍ദ്ധിച്ചപ്പോള്‍,
ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബന്ധിക്കുന്ന,
എന്നെയോര്‍ത്തത്രേ.
ഇനിയിറങ്ങിപ്പോവില്ലെന്ന വാഗ്ദാനത്തില്‍,
അവ വീണ്ടും എനിക്കായൊരുങ്ങി.
ആവര്‍ത്തിച്ചാവര്‍ത്തിച്ച്,
ഒടുവിലൊരൊടുങ്ങലിന് കാത്ത് ഞാനും.
എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്
വാക്കുകള്‍പോലും തിരിച്ചറിഞ്ഞ് തുടങ്ങി.
എന്നിട്ടും, മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ,
എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.

Labels: ,

Tuesday, December 11, 2007

ഭാഷ

ഭാഷ വരുത്തുന്ന വിനകള്‍ എന്തൊക്കെയാണെന്നോ? ഇപ്പോ, അന്യനാട്ടില്‍ സന്ദര്‍ശനത്തിനുപോയാല്‍, നമുക്ക് അല്‍പ്പമെങ്കിലും അവര്‍ പറയുന്നത്, മനസ്സിലായില്ലെങ്കില്‍, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഒക്കെ വല്യ കുഴപ്പമാണ്. എന്തിന് അന്യനാട്? നമ്മുടെ നാട്ടില്‍ത്തന്നെ വടക്കുള്ളവരും തെക്കുള്ളവരും പറയുന്നതില്‍ വല്യ വ്യത്യാസമുണ്ട്.


വീട്ടില്‍, അച്ഛന്റെ അനിയന്റെ ഭാര്യ, ഒരു ദിവസം 'അയ്യോ കാച്ചിലാത്ത്, കാച്ചിലാത്ത്’ എന്നും പറഞ്ഞ് പരിഭ്രമിച്ചോടിവന്നപ്പോള്‍, ഞങ്ങളെല്ലാം പരിഭ്രമിച്ചത്, അവര്‍ കാച്ചിലാത്തിനെ കണ്ടുപേടിച്ചതിനല്ല. ഈ കാച്ചിലാത്ത് എന്നു പറയുന്ന വസ്തു എന്താവും എന്നാലോചിച്ചാണ്. പിന്നെ മനസ്സിലായി, അത് കരിങ്കണ്ണി എന്ന് ഞങ്ങള്‍ പറയുന്ന ജന്തുവാണെന്ന്.


അതുകഴിഞ്ഞ്, കല്യാണം കഴിഞ്ഞ് വീട്ടില്‍ വന്ന ചെറിയമ്മയോട്, അവിടെ കുളമുണ്ടോയെന്ന് ചോദിച്ചപ്പോള്‍, അവിടെ ആറുണ്ട് എന്ന് പറഞ്ഞു എന്നും, ആറ് കുളമോ എന്ന് അതിശയപ്പെടുകയും ചെയ്തു എന്നൊരു കഥയുണ്ടാക്കി. ശരിക്കും ആരെങ്കിലും ചോദിച്ചോ എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഇവിടെ ആറ് എന്ന് പറയില്ല. പുഴ എന്നേ പറയൂ.


ഒരു തവണ, കസിന്റെ ഭാര്യയോട്, ഞാന്‍ പറയുന്നത് കേട്ട് അവള്‍ ചിരിക്കുമ്പോള്‍, അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് ചോദിച്ചു. നിനക്ക് ഇപ്പറയുന്നത് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോയെന്ന്. അവള്‍ പറഞ്ഞു, ശീലമായി എന്ന്.


കേരളത്തിനുപുറത്തേക്ക് യാത്ര പോവുമ്പോള്‍ എനിക്ക് വല്യ സന്തോഷമാണ്. അന്യഭാഷക്കാര്‍ പറയുന്നതും കേട്ട് വായും പൊളിച്ചിരിക്കും. ചേട്ടന്‍ ചോദിക്കും, നീ ശ്രദ്ധിക്കുന്നതുകണ്ടാല്‍ നിനക്ക് ഒക്കെ മനസ്സിലാവും എന്ന് തോന്നുമല്ലോയെന്ന്. ഒരിക്കല്‍ ബോംബെയില്‍ പോയിട്ട് ആന്റിയുടെ കൂടെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറി. ലോഗ്യം ചോദിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ എല്ലായിടത്തും ഒരുപോലെയാണെന്ന് അന്നെനിക്ക് മനസ്സിലായി. ഒരു സ്ത്രീ എന്നോട് എന്തൊക്കെയോ മറാഠിയില്‍ ചോദിച്ചു. അന്നെനിക്ക് മറാഠി അറിയില്ലായിരുന്നു. (ഹും...ഇപ്പോപ്പിന്നെ ഒലക്ക അറിയാം) ഞാന്‍ മൂങ്ങയും ബധിരയും ആണെന്ന മട്ടില്‍ ഇരുന്നു. കുറച്ചുമാറി നില്‍ക്കുകയായിരുന്ന ആന്റി വന്ന് ചോദ്യങ്ങള്‍ ഏറ്റെടുത്തു. ഉത്തരമൊക്കെപ്പറഞ്ഞു. ഹിന്ദിയെനിക്ക് അറിയാം. പക്ഷെ, അവരുടെ ചോദ്യം മനസ്സിലാകാതെ, എന്തെങ്കിലും പറയാന്‍ പറ്റില്ലല്ലോ.


എനിക്ക് ഭാഷകള്‍ പഠിക്കാന്‍ വല്യ ഇഷ്ടമാണ്. നമ്മളിനി എവിടേയും പോയില്ലെങ്കിലും, അന്യനാട്ടുകാര്‍ ഇവിടെ വരുമ്പോള്‍ അവരോട് മിണ്ടാമല്ലോ. ശരിക്കുപഠിക്കാതെ, ഹം ഹെ ഹോ യും, ഹ യും, ലു വും, ച്ഛെയും, ആഹേ യും ഒന്നും ചേര്‍ത്തിട്ട് യാതൊരു കാര്യവുമില്ലെന്ന് പഠിച്ചു.


ഹൈദരാബാദില്‍ പോയിട്ട് വരുമ്പോള്‍, കുറേ സമയം ഉണ്ടല്ലോ ട്രെയിനില്‍. അപ്പോ, എവിടേക്കോ പോവുകയായിരുന്ന ഒരു വല്യ തെലുങ്ക് കുടുംബം ശീട്ട് കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവര്‍ കളിക്കുന്നതും നോക്കി, അവര്‍ പറയുന്നതും കേട്ട്, ഒക്കെ പിടിച്ചെടുത്ത് ഇരിക്കുമ്പോള്‍, അതിലെ ഒരു പെണ്‍‌കുട്ടി ചോദിച്ചു, ആന്റ്റീ ഞങ്ങളുടെ കൂടെ കൂടുന്നോയെന്ന്. ഇല്ല എന്നു പറഞ്ഞു. ചേട്ടന്‍ ചോദിച്ചു, എന്തായിരുന്നു പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, കളിക്ക് കൂടുന്നോന്ന് ചോദിച്ചതാണെന്ന്. എന്നിട്ട് നീയെന്തു പറഞ്ഞു എന്ന് ചേട്ടന്‍ ചോദിച്ചു. “കാര്‍ഡ്സുലു, കളിക്കുലു, എനിക്കുലു നന്നായ് തെരിയലു. ബട്ട്, നിന്‍ ഫാമിലിയോടുലു തെലുങ്കുലു പറയുലു എനിക്കു തെരിയാതുലു അമ്മാ തെരിയാതുലു.” എന്ന് പറഞ്ഞെന്ന് ഞാന്‍ പറഞ്ഞു. ;)
യാത്ര പോയതിന്റേയും, അവിടെ പറ്റിയ അബദ്ധങ്ങളുടേയും (നിനക്ക് പറ്റിയത് എന്നു മാത്രം മതി, അബദ്ധം എന്ന് എടുത്തുപറയേണ്ടതില്ല എന്ന് വീട്ടുകാര്‍ എപ്പോഴും പറയും) കാര്യം പറഞ്ഞാല്‍ തീരില്ല. അതൊക്കെ യാത്രാവിവരണത്തില്‍ എഴുതാം. ;)


സുഗതകുമാരിട്ടീച്ചര്‍ പാടി :‌- നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു പൊടിയവേ പൂമരം ചാരി, ഇളകുന്ന മാറില്‍ കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നുനോക്കിയിട്ടില്ല, കൃഷ്ണാ, നീയെന്നെയറിയില്ല- എന്ന്. ഞാനാണെങ്കില്‍ പറയും, ‘കൃഷ്ണാ, നിനക്കെന്നെ ശരിക്കും അറിയില്ല’ എന്ന്. ഇതാണ് ഭാഷയുടെ വ്യത്യാസം.

ഭാഷയെക്കുറിച്ച്, ഭാഷകളെക്കുറിച്ച് പറഞ്ഞാല്‍ എന്നെങ്കിലും തീരുമോന്ന് അറിയില്ല.
തമിഴിലുള്ള, മലയാളത്തിന്റെ “ദേശീയഗാനം” പാടി തല്‍ക്കാലം, ഭാഷാസ്നേഹം ഇവിടെ നിര്‍ത്താം.


“ഒരുമുറൈ വന്തുപാര്‍ത്തായാ, എന്‍ മനം നീ അറിന്തായാ, തോം, തോം, തോം.”





ബ്ലോഗ് വായിക്കുകയും, പ്രേരണയും, പ്രോത്സാഹനവും, നല്‍കി, വെളിച്ചവും, വഴികാട്ടികളുമായ, എല്ലാ സുഹൃത്തുക്കള്‍ക്കും, ബൂലോഗസുഹൃത്തുക്കള്‍ക്കും,
തനിമലയാളത്തിനും, പിന്‍‌മൊഴിയ്ക്കും,
ഏവൂരാനും, ശനിയനും,
എന്നും പ്രോത്സാഹിപ്പിച്ചിരുന്ന, അനിലേട്ടന്‍, വിശ്വംജി, ഉമേഷ്ജി, സന്തോഷ്, രേഷ്, ബിന്ദു, ഇഞ്ചിപ്പെണ്ണ്, എന്നിവര്‍ക്കും,
സിബുവിനും, കെവിനും, പെരിങ്ങോടനും,
മോളുവിനും,
ജോയ്ക്കും,
സ്നേഹത്തിന്റേയും, ബഹുമാനത്തിന്റേയും, പട്ടുതൂവാലയില്‍പ്പൊതിഞ്ഞ നന്ദിയുടെ വജ്രം സമര്‍പ്പിച്ചുകൊള്ളുന്നു.
എന്റെ ഭാഷ നിങ്ങള്‍ മനസ്സിലാക്കുകയും, നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുകയും ചെയ്തതുകൊണ്ടാണ് ഇത്രയും എഴുതിയിരുന്നത്.
നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ, ഇനിയും പ്രോത്സാഹനം ലഭിക്കുമെന്ന പ്രതീക്ഷയോടെ,

സൂര്യഗായത്രി

മൂന്നുവര്‍ഷം തികച്ച് നാലാംവര്‍ഷത്തിലേക്ക്.

Labels: ,

Thursday, December 06, 2007

മനസ്സ്

മനസ്സാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
ആത്മവിശ്വാസത്തിന്റെ ചൂലിങ്ങെടുത്തു.
തൂവലൊക്കെ കൊഴിഞ്ഞുപോയിട്ടുണ്ട്.
എന്നാലും അടുക്കിക്കെട്ടി, തൂത്തുവാരി.
പ്രതീക്ഷയുടെ, പുകഞ്ഞ് കരിപിടിച്ച വിളക്കെടുത്ത്,
സ്വപ്നത്തിന്റെ എണ്ണയൊഴിച്ച് കത്തിച്ചുവെച്ചു.
പുഞ്ചിരിപ്പോളിഷിട്ട് വാതില്‍ തുറന്നുവെച്ചു.
സ്നേഹത്തിന്റെ കര്‍ട്ടനും ഇട്ടുവെച്ചു.
ആകാംക്ഷയുടെ ജനാലയിലൂടെ നോക്കുമ്പോള്‍,
ആതിഥ്യം കാംക്ഷിച്ച്, മുറ്റത്തുനില്‍ക്കുന്നു.
ഭാഗ്യത്തിനു, മനസ്സിലേക്ക് കയറുന്നതിനുമുമ്പ്,
തടയാന്‍ കഴിഞ്ഞു.
ആരോ ഇറക്കിവിട്ട കാപട്യമായിരുന്നു.
വാതിലടച്ചപ്പോള്‍, പ്രതീക്ഷവിളക്ക് ആടിയുലഞ്ഞ്,
മനസ്സൊന്ന് പൊള്ളി.
എന്നാലുമെന്താ, വിളിക്കാതെ വന്നതിനെ,
കയറ്റിപ്പാര്‍പ്പിക്കാതെ രക്ഷപ്പെട്ടില്ലേ?

Labels:

Tuesday, December 04, 2007

കുഞ്ഞുകോഴികള്‍

കൊക്കരക്കോ...പൂവന്‍കോഴി ഒന്ന് നീട്ടിക്കൂവി എങ്ങോട്ടോ സ്ഥലം വിട്ടു. പിടക്കോഴിയാവട്ടെ, കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ച്‌, ചിക്കിച്ചികയാന്‍ പോവാന്‍ നേരമായല്ലോന്ന് വേവലാതിപ്പെട്ടു. ആകാശത്തില്‍ പറന്നുനടക്കുന്ന പക്ഷികളെക്കണ്ട്‌ കുഞ്ഞുകോഴികള്‍ പറഞ്ഞു.

"അമ്മേ, ഞങ്ങള്‍ക്കും പറക്കണം."

അരുതെന്ന് പറയാതെ, തടയാന്‍ കഴിയുന്ന ഉത്തരം തേടി അമ്മമനസ്സ്‌.

"വലുതായാല്‍ പറന്നുനടക്കാം."

"വലുതായാല്‍ ഞങ്ങളും പറക്കും അല്ലേ?"

"അതെ, കുഞ്ഞുങ്ങളേ." കുഞ്ഞുമനസ്സിലേക്ക്‌ പ്രതീക്ഷ കൊടുത്തുകൊണ്ട്‌ അമ്മക്കോഴി പറഞ്ഞു.

എന്നും ഒരേ ചോദ്യം. ഒരേ ഉത്തരം. കഴുകന്റെ കണ്ണില്‍ നിന്ന് മറച്ച്‌, പരിഭ്രമം പുറത്തുകാട്ടാതെ എന്നും അമ്മക്കോഴി, കുഞ്ഞുങ്ങളെ ചുറ്റുമുള്ള ലോകം കാണിച്ചു. വലുതായാല്‍ പറന്നുനടക്കാം എന്ന സ്വപ്നത്തിലേറി കുഞ്ഞുകോഴികള്‍ നിന്നു. കഴുകന്‍ ഇതെല്ലാം കണ്ടും കേട്ടും തക്കം നോക്കി നിന്നു.

ഒരുനാള്‍, കാലില്‍ കുരുക്കിയെടുത്ത്‌ പറന്ന്, ആകാശത്തുനിന്ന് ഗര്‍വ്വോടെ പറഞ്ഞു. "ഇതാ, രണ്ടെണ്ണം വലുതായി, പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ബാക്കിയും വേഗം പറക്കാന്‍ തുടങ്ങും."

അമ്മക്കോഴി പറഞ്ഞു.

"കഴുകാ, തെറ്റിപ്പോയി. നിന്റെ കാലില്‍ കുരുങ്ങിപ്പറക്കുന്നത്‌ മനുഷ്യര്‍ ഉണ്ടാക്കിയ, ജീവനില്ലാത്ത, പഞ്ഞിപ്പാവക്കുഞ്ഞുങ്ങളാണ്‌. എന്റെ കുഞ്ഞുങ്ങള്‍, അതാ, കൂട്ടില്‍."

ഇളിഭ്യനായ കഴുകന്‍ നോക്കിയപ്പോള്‍ ശരിയാണ്‌. കുഞ്ഞുകോഴികളൊക്കെ കൂട്ടിന്റെ അഴിയ്ക്ക്‌ പുറകില്‍ ആഹ്ലാദത്തോടെ നില്‍ക്കുന്നു. പാവകളെ താഴോട്ടിട്ട്‌ കഴുകന്‍ എങ്ങോട്ടോ പറന്നുപോയി. അമ്മക്കോഴി കുഞ്ഞുങ്ങളുടെ അടുത്തെത്തി.

കുഞ്ഞുകോഴികള്‍ പറഞ്ഞു."വലുതായാലും ഞങ്ങള്‍ക്ക്‌ ഇവിടെ ചിക്കിച്ചികഞ്ഞാല്‍ മതിയമ്മേ. പറന്നുനടക്കേണ്ട. പറക്കാന്‍ കഴിയുന്നതൊക്കെ പറന്നോട്ടെ."

കുഞ്ഞുങ്ങള്‍ പറയുന്നത്കേട്ട്, അമ്മക്കോഴിയ്ക്ക്‌ സന്തോഷമായി. കുഞ്ഞുങ്ങളെ വിട്ട്‌ ചിക്കിച്ചികയാന്‍ പോയി.

Labels:

Sunday, December 02, 2007

അന്ത്യം

ചന്ദനമുട്ടികള്‍ തന്നെയൊരുക്കീടാം,
ആചാരമൊന്നും പിഴച്ചിടേണ്ട.
നന്നായ് പുതപ്പിക്കാന്‍ പട്ടുവേണം,
തലയുടെ ഭാഗത്തായ് ദീപം വേണം,
നല്ലൊരു ഗന്ധം പരത്തുവാന്‍ ചുറ്റിലും,
ചന്ദനത്തിരികളെരിഞ്ഞിടേണം.
വരുന്നവര്‍ക്കെല്ലാം ഇരിക്കാനൊരുക്കണം,
വല്ലതും മിണ്ടുവാന്‍ ആളെയൊരുക്കണം.
കടമകളോര്‍ത്തുകൊണ്ടാരോ പറയുന്നു,
ചുറ്റിലും നില്‍പ്പവര്‍ ‍തേങ്ങിക്കരയുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കഞ്ഞിവീഴ്ത്താത്തവര്‍,
മരിച്ചകന്നീടുമ്പോള്‍, ‍ കണ്ണീര്‍ പൊഴിക്കുന്നോ!
വന്നു കണ്ടീടാന്‍ കൊതിച്ചില്ല കണ്ണുകള്‍,
ഇന്നെത്ര ക്യാമറക്കണ്ണുകള്‍ ചുറ്റിലും!
തിരക്കെന്നുമാത്രം നിഘണ്ടുവിലുള്ളവര്‍,
തിക്കിത്തിരക്കിയും കാണുവാന്‍ നില്‍ക്കുന്നു.
ജീവിച്ചിടുമ്പോള്‍ കണ്ടുമിണ്ടാത്തവര്‍,
ചത്തൊഴിഞ്ഞീടുമ്പോള്‍, നന്മകളോര്‍ക്കുന്നു.
ശവമാണെങ്കിലും, മിഴിച്ചീടും കണ്ണുകള്‍,
കാണാതിരുന്നത്, കണ്ടു തൃപ്തിപ്പെടാന്‍.
ചത്തുകഴിയുമ്പോള്‍, സ്നേഹമിതാണെങ്കില്‍,
ദൈവമേ! ഞാനെന്നേ ചത്തുകിടന്നേനെ!

Labels: