Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 30, 2008

യാത്രയ്ക്കിടയില്‍

ഞങ്ങളൊരു ദൂരയാത്രയ്ക്കു പോയതായിരുന്നു. എന്നുവിചാരിച്ച്, അമേരിക്കയിലും ആഫ്രിക്കയിലും പോയി എന്നൊന്നും നിങ്ങള്‍ കരുതരുത്. ഇല്ലെന്ന് എനിക്കറിയാം. എന്നാലും പറഞ്ഞുവെന്നേയുള്ളൂ. ഇന്ത്യയില്‍ത്തന്നെ ഒരു അഞ്ഞൂറ് അറുനൂറ് കിലോമീറ്റര്‍ ദൂരം പോയാല്‍ അതൊരു ദൂരയാത്ര തന്നെ. നോര്‍ത്ത് ഇന്ത്യയിലെ ആ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഈ സംഭവം.

റെയില്‍‌വേ സ്റ്റേഷനിലെ ലിസ്റ്റില്‍ ഞങ്ങളുടെ പേരും വയസ്സുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം, പെട്ടിയും കുട്ടയുമായി, ഞങ്ങളും ഏതോ ഒരു ട്രെയിനില്‍ കയറുമെന്ന ഭാവത്തില്‍ അവിടെയുള്ള ഇരിപ്പിടങ്ങളില്‍ ഉറച്ചിരുന്നു. ചിലരാണെങ്കില്‍, ആ വലിയ സ്റ്റേഷനില്‍, ഓരോ ട്രെയിന്‍ വരുമ്പോഴും, കറന്റ് കട്ട് സമയത്ത് കൊതുക്, മനുഷ്യനടുത്തേക്ക് പറന്നുനടക്കുന്നതുപോലെ, ഓടിപ്പോവും. ട്രെയിനൊന്നും വരാത്തപ്പോള്‍ അവിടേം ഇവിടേം നടന്നുകളിക്കും. ഞങ്ങള്‍ ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍, ഞങ്ങളുടെ പേരെഴുതിവെച്ച ഒരു ട്രെയിന്‍ വരും, ഞങ്ങളതിലേക്ക് കയറും എന്ന ഭാവത്തിലിരുന്നു. വണ്ടി വന്നു. പക്ഷേ, പറഞ്ഞിരിക്കുന്ന, ഞങ്ങള്‍ കാത്തിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ രണ്ട് പ്ലാറ്റ്ഫോം അപ്പുറത്ത്. ചിക്കന്‍പോക്സ് വന്നവനു കൈ ഒടിഞ്ഞപോലെ ആയി ഞങ്ങളുടെ കാര്യം. ഇഷ്ടം പോലെ ലഗ്ഗേജ്. അതിനിടയ്ക്കൊരു പ്ലാറ്റ്ഫോം മാറ്റവും. ഞങ്ങളെ യാത്രയാക്കാന്‍ ആള്‍ക്കാര്‍ വന്നിരുന്നതിനാല്‍, ഞങ്ങള്‍ കുറച്ചു ബാഗൊക്കെ എടുത്ത് ഓടി. ബാക്കി അവരെടുത്തോട്ടെ എന്ന മട്ടില്‍. ഏതെങ്കിലും ഒരു ഒളിമ്പിക്സില്‍ ഇങ്ങനെ ഓടിയിരുന്നെങ്കില്‍ എന്റെ കഴുത്തില്‍ കുറച്ച് സ്വര്‍ണ്ണം കിടക്കുമായിരുന്നു എന്ന് ഞാനോര്‍ത്തു. അങ്ങനെ ഒരു ഓട്ടമായിരുന്നു അത്. ഈ ട്രെയിന്‍ പോയാല്‍ പുല്ല് എന്നു വിചാരിച്ചാല്‍പ്പിന്നെ, കുറേ ദിവസത്തേക്ക്, മഴയത്തിട്ടിരിക്കുന്ന നെല്ലുപോലെ അധോഗതിയാവും ഞങ്ങളുടെ കാര്യം. അതുകൊണ്ട് ഓടാതെ വയ്യ. അങ്ങനെ ട്രാക്കില്‍ക്കൂടെ ഓടി. കയറി എന്നു നിങ്ങള്‍ വിചാരിക്കരുത്. കയറാന്‍ നോക്കുമ്പോള്‍ ഒറ്റ വാതിലും തുറന്നിട്ടില്ല. അതിലൂടെ വല്ല വണ്ടിയും ആ സമയത്ത് വന്നാല്‍, ഞങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗവാതില്‍ തുറക്കും എന്നു വിചാരിക്കുമ്പോഴേക്കും വാതില്‍ തുറക്കപ്പെട്ടു. കൊതുകുതിരി കെട്ടുപോയ മുറിയിലേക്ക് കയറുന്ന കൊതുകുകളെപ്പോലെ ഞങ്ങള്‍ അതിനകത്തേക്ക് കയറി.
ഇനി സീറ്റ് കണ്ടുപിടിക്കണം. ലഗ്ഗേജൊക്കെ അവിടെ അടുക്കിയിടണം. ഉറങ്ങണം. പാതിരാത്രി ആയിട്ടുണ്ട്. നമ്പറൊക്കെ നോക്കിയപ്പോള്‍ ശരിക്കുള്ള സ്ഥലത്തേക്ക് തന്നെയാണ് ഓടിക്കയറിയിട്ടുള്ളത്. കൂടെ വന്നവര്‍, ട്രെയിനിനു പുറത്ത് ഒട്ടിച്ച ലിസ്റ്റില്‍ നോക്കി പറഞ്ഞും തന്നു. ലഗ്ഗേജൊക്കെ ഇട്ട് നോക്കുമ്പോള്‍, എന്റേതെന്നു പറഞ്ഞ സീറ്റില്‍ ആരോ കുംഭകര്‍ണ്ണസേവ നടത്തുന്നുണ്ട്. ഞാന്‍ ശൂ, ശൂ എന്ന് ഒച്ചയുണ്ടാക്കിയപ്പോള്‍, ആ രൂപം എണീറ്റു. പുതപ്പൊക്കെ നീക്കി. ഏകദേശം ഒരു പതിനാലു വയസ്സുള്ള കുട്ടിയാണ്. എന്താ എന്നല്ല
അവള്‍ ചോദിച്ചത്.
“ഈ സീറ്റ് ആന്റിയുടേതാണോ?” എന്നാണ്. കൊച്ചുകള്ളീ, അപ്പോ കരുതിക്കൂട്ടി എന്നെ ദേഷ്യം പിടിപ്പിക്കാന്‍ കിടന്നതാണല്ലേ, ഇപ്പോ ഗുഡ്‌നൈറ്റ് ആയത് കൊണ്ട് നിനക്ക് ഗുഡ് ആയി എന്ന മട്ടില്‍ ഞാന്‍ അവളെ നോക്കി. ഇത്രയും “സ്മാര്‍ട്ട്” ആയ എന്നെ നോക്കി ആന്റീക് പീസ് എന്നു വിളിച്ചതിനുള്ള ശിക്ഷയായി, ഞാനെഴുതിയ, എനിക്കു തോന്നിയത് രാവിലെ തര്‍ജ്ജമ ചെയ്ത് പറഞ്ഞുകേള്‍പ്പിക്കാം എന്ന ഭാവത്തില്‍ നിന്ന്, അതെയതെ, ഇതെന്റെ സീറ്റാണ് എന്നു പറഞ്ഞു. ശരി എന്നും പറഞ്ഞ് ഒക്കെ വാരിക്കെട്ടി അപ്പുറത്ത് നടുവിലെ ബര്‍ത്തിലേക്ക് ഓടിക്കയറി. അതും വേറെ ആരുടെയെങ്കിലും ആണോന്ന് ദൈവത്തിനറിയാം. ഉറക്കം വരുന്നതുകൊണ്ട് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോകാതിരിക്കുന്നതാവും നല്ലത് എന്ന് എന്റെ ചെറിയ ബുദ്ധിയ്ക്ക് തോന്നി. എന്റെ സീറ്റ് ഉറപ്പിച്ചു. ചേട്ടന്റെ സീറ്റ് നമ്പര്‍ നോക്കിയപ്പോള്‍ ആ സീറ്റില്‍ ഒരാള്‍ സുഖമായി ഉറങ്ങുന്നു. ഉറക്കം നടിക്കുകയാണെങ്കില്‍ അല്ലേ ഉണര്‍ത്താന്‍ പറ്റാതെയുള്ളൂ. ഇയാള്‍ ഉറങ്ങുകയാണ് അതുകൊണ്ട് എണീറ്റോളും എന്ന് വിചാരിച്ചു. ചേട്ടന്‍ പറഞ്ഞു കോട്ടുകാരന്‍ ടി.ടി ഇ വരട്ടെ എന്ന്. എനിക്കു പായ കിട്ടി, ഇനി ഉറങ്ങാം എന്ന സ്ഥിതിയില്‍. ചേട്ടനാണെങ്കില്‍ ഊണുകഴിഞ്ഞു, ഇനി പായ കിട്ടണം എന്ന സ്ഥിതിയില്‍. ടി.ടി.ഇ വന്നു. നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന എന്ന മട്ടില്‍ ചേട്ടനെ നോക്കി. ഇതിലാരും നിന്ന് യാത്ര ചെയ്യില്ല ഇറങ്ങിക്കോ എന്നൊരു മട്ടും. ഞാന്‍, എനിക്കു കിട്ടിയ സീറ്റ് ആരും കൊണ്ടുപോകേണ്ട എന്ന് വെച്ച്,
പരസ്യബോര്‍ഡിന്റെ സൈഡില്‍ എഴുതിയ ആളിന്റെ പേരുവെച്ചതുപോലെ, സീറ്റില്‍ ഇരുന്നു, ഇരുന്നില്ല എന്ന മട്ടിലാണ്. ചേട്ടന്റെ സീറ്റ് ഉറപ്പില്ലാത്തതുകൊണ്ട് മുഴുവനായി ഇരിക്കാന്‍ ഒരു മടി. അദ്ദേഹം ചേട്ടനെ നോക്കി, എന്നെ നോക്കി, ലിസ്റ്റ് നോക്കി, എന്നെ നോക്കി, ചേട്ടനെ നോക്കി, ലിസ്റ്റ് നോക്കി. നോക്കണ്ട നോക്കണ്ട, നോക്കി നോക്കി ഡാറ്റ വെറുതേ കളയേണ്ട, എന്റെ ചേട്ടന്റെ സീറ്റിങ്ങെടുത്തോ എന്ന ഭാവത്തില്‍ ഞാനദ്ദേഹത്തെ നോക്കിയതും അദ്ദേഹം ലിസ്റ്റ് ഒന്നുകൂടെ കണ്ണടയുറപ്പിച്ചു നോക്കി. എന്നിട്ട്, ഏഴുദിവസം പട്ടിണികിടന്നവന്റെ മുന്നില്‍ വെച്ച കഞ്ഞിയില്‍ പാറ്റയുണ്ടെന്ന് പറയുന്ന അതേ ഭാവത്തോടെ ചേട്ടനോട് പറഞ്ഞു “ഇയാളുടെ സീറ്റ് അപ്പുറത്താണ്.” പാതിരാത്രി, ദൂരയാത്ര, ലഗ്ഗേജ്, പ്ലാറ്റ്ഫോം മാറ്റം. ഇതൊക്കെക്കൊണ്ട് വട്ടുപിടിച്ച അവസ്ഥയിലായിരുന്ന ഞങ്ങളുടെ ചെവിയിലേക്കാണ് അത് വന്നുവീണത്.
ഞാന്‍ എണീറ്റു. ഞാനും ചേട്ടനും കൂടെ ടിക്കറ്റ് ബുക്ക് ചെയ്തതു മുതല്‍ ട്രെയില്‍ കയറിയതുവരെയുള്ള ചരിത്രം പല ഭാഷകളിലും മാറി മാറി കേള്‍പ്പിച്ചു. നോര്‍ത്ത് ഇന്ത്യ ആണെങ്കിലും ഞങ്ങള്‍ക്ക് ഒന്നുംപേടിക്കാനില്ല. പക്ഷെ സീറ്റ് റിസര്‍വ്വ് ചെയ്തതുകിട്ടിയില്ലെങ്കില്‍ നിങ്ങള്‍ പേടിക്കേണ്ടിവരും എന്നൊക്കെയൊരു ഭാവത്തില്‍ ഞങ്ങള്‍ കുറേ പറഞ്ഞു. അയാള്‍ തര്‍ക്കിച്ചൊന്നുമില്ല. ഞാന്‍ ചേട്ടനോട് റെയില്‍‌‌വേയെപ്പറ്റി കുറേ കുറ്റം പറഞ്ഞു. ഇതൊക്കെ പൈസ അടിച്ചെടുക്കാനുള്ള അടവാണ്. ഇപ്പോ ചേട്ടന്റെ സീറ്റില്‍ ഉറങ്ങുന്നവരോടും വാങ്ങിയിട്ടുണ്ടാകും എന്നൊക്കെപ്പറഞ്ഞു. മലയാളത്തില്‍പ്പറഞ്ഞാല്‍ അയാള്‍ക്കൊന്നും മനസ്സിലാവില്ലല്ലോ. ചേട്ടന്‍ അയാളോട് കുറേ തര്‍ക്കിച്ചു. പറയാനുള്ളതൊക്കെ ഞങ്ങള്‍ പറഞ്ഞു. അയാളെക്കൊണ്ടുള്ള കുറ്റവും ഞാന്‍ ചേട്ടനോടും ഇടയ്ക്കിടയ്ക്ക് പറഞ്ഞു.
പറഞ്ഞുപറഞ്ഞ് അയാള്‍ ചേട്ടനേയും കൂട്ടി, ചേട്ടനൊരു സീറ്റ് ഉണ്ടെന്നു പറഞ്ഞിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ പോകാമെന്നു വിചാരിച്ചപ്പോ, ലഗ്ഗേജൊക്കെ ആരു നോക്കും എന്ന് ചേട്ടന്‍ ചോദിച്ചു. അതുകൊണ്ട് പോയില്ല. ആദ്യം എണീറ്റുപോയ കുട്ടി എന്നെ പുതപ്പിനിടയില്‍ക്കൂടെ നോക്കുന്നുണ്ട്. ഞാനില്ലായിരുന്നെങ്കില്‍ ആന്റിയുടെ സീറ്റും പോയേനെ എന്ന ഭാവത്തില്‍. കുട്ടികള്‍, സമയത്തിനും കാലത്തിനും കിടന്നുറങ്ങണം എന്നൊരു മെസ്സേജ് കണ്ണുകൊണ്ട് ഞാനവള്‍ക്ക് വിട്ടു. അവളതു കണ്ടതായിപ്പോലും ഭാവിച്ചില്ല. ചേട്ടന്‍ വരുന്നതുവരെ എന്റെ സംരക്ഷണം ഏറ്റെടുത്ത മട്ടില്‍, തട്ടിന്‍ പുറത്ത്, പല്ലികള്‍, പാറ്റയെ നോക്കുന്നതുപോലെ, ആത്മാര്‍ത്ഥമായിട്ട് എന്നെ നോക്കിക്കിടന്നു.
ചേട്ടന്‍ വന്നു, അയാളും വന്നു. അപ്പുറത്ത് രണ്ടാള്‍ക്കും സീറ്റുണ്ട്, വാ, എന്നു പറഞ്ഞ് ബാഗുകള്‍ കുറച്ചെണ്ണം എടുത്ത് നടന്നു. ഞാനും കുറച്ചെടുത്തു. കോട്ടും സൂട്ടുമിട്ട്, തീവണ്ടിയില്‍ക്കയറി, സീറ്റുള്ളവനു, സീറ്റില്ലാതെയാക്കിയും, സീറ്റില്ലാത്തവനു സീറ്റ് ഒപ്പിച്ചുകൊടുത്തും, ബാലന്‍സൊപ്പിച്ച്, അങ്ങോട്ടുമിങ്ങോട്ടും, രണ്ട് പെഗ് അടിച്ചതുപോലെ ആടിയാടിനടന്നാല്‍പ്പോര, മര്യാദയ്ക്ക് സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്ക് സീറ്റ് കൊടുക്കാന്‍ മര്യാദയ്ക്ക് പഠിക്കണം. അതിനു സെന്‍സ് വേണം, സെന്‍സബിലിറ്റി വേണം, എന്നൊരു ഡയലോഗ് അയാളെ നോക്കി മനസ്സില്‍പ്പറഞ്ഞ്, നാഗവല്ലിസ്റ്റൈല്‍ നോട്ടവും പ്രദാനം ചെയ്ത്, വിദേശത്തുനിന്ന് കേരളം കാണാന്‍ വന്നവരുടെ ലഗ്ഗേജും തൂക്കി നടക്കുന്നവരെപ്പോലെ, ഭാരം വഹിച്ചുകൊണ്ട്, ചേട്ടന്റെ പിന്നാലെ നടക്കുമ്പോഴാണ് അദ്ദേഹം പച്ചമലയാളത്തില്‍ ചോദിച്ചത്. “നിങ്ങള്‍ മലയാളികളാണല്ലേ?”
ഞാനെന്റെ കൈയിലെ ഭാരങ്ങളോട് പറഞ്ഞു, എന്നെ നുള്ള്, എന്നെ നുള്ള്. കേട്ടതു സത്യമാണോ, ഞാന്‍ ഏതോ സ്വപ്നത്തിന്റെ വക്കിലാണോന്ന് അറിയണമല്ലോ. മനസ്സിലൊന്ന് നുള്ളി. സത്യം തന്നെ. ഞാനൊന്നു സംഭവങ്ങളെ റീവൈന്‍ഡിലിട്ടു. ഇയാളുടെ കുടുംബക്കാരെക്കുറിച്ച് ഒന്നും ചേട്ടനോട് പറഞ്ഞില്ല. എന്റെ തടി കുറയണമെന്ന മോഹം, ഇയാളോട് തര്‍ക്കിച്ചതിന്റെ പേരില്‍ കുറയില്ല. ഏസിയുടെ തണുപ്പിലും വിയര്‍ത്തു എന്ന വാചകം അനുഭവിച്ചറിഞ്ഞത് അപ്പോഴാണ്. ശ്രീശാന്തിനു ബോളിട്ടുകൊടുത്ത് ക്യാച്ചെടുപ്പിച്ച മിസ്ബയെപ്പോലെ ഞങ്ങളും മറന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയുണ്ടാവും എന്നത്!
അന്ന് ഞങ്ങള്‍ അദ്ദേഹത്തെ നോക്കിച്ചിരിച്ച ചിരിയാണ് ലോകത്തിലെ ഏറ്റവും വലിയ ചമ്മല്‍ച്ചിരി എന്നറിയപ്പെടുന്നത്. ആരും ആ റെക്കോര്‍ഡ് ഭേദിച്ചിട്ടുണ്ടാവില്ല. ;)

വണ്ടി മുന്നോട്ട്,
ചേട്ടന്‍ മുന്നോട്ട്,
ചേച്ചി മുന്നോട്ട്,
പിന്നാരു പിന്നോട്ട്? ;)

Labels: ,

Tuesday, April 15, 2008

കൈകേയി ചോദിച്ച വരങ്ങള്‍

ദേവന്മാരും, ഭൂമീദേവിയും, ബ്രഹ്മാവും ഒക്കെക്കൂടെ നിര്‍ബന്ധിച്ചാണ്, സഹായം തേടിയതുകൊണ്ടാണ്, മഹാവിഷ്ണു, രാമനായി അവതരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്. എല്ലാവര്‍ക്കും ദോഷം വരുത്തുന്ന രാവണനെ കൊല്ലാന്‍, വിഷ്ണുവിനേ കഴിയൂ. അതുകൊണ്ട് അവതരിച്ച് വരണം. അങ്ങനെ, ദശരഥന്റേയും, കൌസല്യയുടേയും പുത്രനായി രാമന്‍ പിറന്നു.
വളര്‍ന്നു, വിവാഹം കഴിഞ്ഞു, രാജ്യാഭിഷേകം നടത്താന്‍ ദശരഥന്‍ തീരുമാനിച്ചപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. മന്ഥര എന്ന തോഴി വന്ന് കൈകേയിയോട് പറയുന്നു, രാമന് രാജ്യം കൊടുത്താല്‍പ്പിന്നെ നിനക്കിവിടെ എന്തുവില? രാജ്യം ഭരിക്കുന്നുണ്ടെങ്കില്‍ അതു നിന്റെ പുത്രന്‍ ആവണം. എന്നാലേ ശരിയാവൂ. അല്ലെങ്കില്‍ രാമനു രാജ്യഭാരം കിട്ടിയാല്‍, കൌസല്യയുടെ വേലക്കാരിയെപ്പോലെയാകും എന്നൊക്കെ. കൈകേയിയ്ക്ക് രാമനോട് ഒരു എതിര്‍പ്പുമില്ല. വാത്സല്യം ഉണ്ടുതാനും. മന്ഥര പറഞ്ഞപ്പോള്‍, രാജ്യം രാമന്‍ ഭരിച്ചാല്‍, കൌസല്യ രാജമാതാവായാല്‍ പ്രശ്നം ആവുമെന്ന് കൈകേയിക്ക് തോന്നിത്തുടങ്ങി. അഭിഷേകം മുടക്കണം. തന്റെ മകനെ രാജാവായി വാഴിക്കുകയും വേണം. എന്താണതിനൊരു വഴി. മന്ഥര തന്നെ വഴിയും പറഞ്ഞുകൊടുത്തു. പണ്ടൊരിക്കല്‍ അസുരന്മാരും, ദേവന്മാരും ഉള്ള യുദ്ധത്തില്‍ ദശരഥനും പോയിരുന്നു. ദേവന്മാരുടെ ഭാഗത്ത് സഹായിക്കാന്‍. കൈകേയിയും ദശരഥന്റെ കൂടെ ഉണ്ടായിരുന്നു. രഥചക്രത്തിന്റെ ആണി മുറിഞ്ഞുപോവുകയും, തന്റെ കൈയാല്‍, ‍ ചക്രം തെറ്റിപ്പോകാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തത് കൈകേയിയാണ്. ദശരഥന്‍ അത് കണ്ടറിയുകയും, സന്തോഷിച്ച്, രണ്ടുവരം ചോദിച്ചുകൊള്ളാന്‍ കൈകേയിയോട് പറയുകയും ചെയ്തു. പിന്നെച്ചോദിച്ചുകൊള്ളാം എന്നാണ് കൈകേയി വിചാരിച്ചത്. പിന്നീടൊരിക്കല്‍ ചോദിക്കുമ്പോള്‍ തന്നാല്‍ മതി എന്നും പറഞ്ഞു.
മന്ഥര പറഞ്ഞു, ഇപ്പോള്‍ ആ വരങ്ങള്‍ ചോദിക്കാന്‍ പറ്റിയ സമയം ആണ്. രണ്ടുവരവും ചോദിക്കണം. ഒന്ന് ഭരതനെ രാജാവാക്കണം, രണ്ട് ശ്രീരാമനെ കാട്ടിലയയ്ക്കണം. കാട്ടിലയച്ചില്ലെങ്കില്‍ രാമനോട് വാത്സല്യം തോന്നി, പിന്നേയും രാജാവായി വാഴിച്ചുകൂടെന്നില്ല.
കൈകേയി, അങ്ങനെ ചെയ്തു. രണ്ടുവരവും വേണമെന്ന് പറയുകയും, ഭരതനെ രാജാവായി വാഴിക്കാനും, രാമനെ കാട്ടിലയയ്ക്കാനും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് രാമന്റെ വനവാസം തുടങ്ങുന്നത്. ജ്യേഷ്ഠനു പകരം താന്‍ ഭരിക്കില്ലെന്ന് ഭരതന്‍ പറഞ്ഞു. പകരം ജ്യേഷ്ഠന്‍ വരുന്നതുവരെ രാജ്യം കാക്കുമെന്ന് പറഞ്ഞു.
പക്ഷെ ഇവിടെ ശരിക്കും നടന്നത് എന്താണെന്നുവെച്ചാല്‍, രാമന്‍, രാജ്യഭരണത്തില്‍ മുഴുകിയിരുന്നാല്‍, രാവണനെക്കൊല്ലുന്നതില്‍ നിന്നും ശ്രദ്ധ തിരിയുമെന്നും, അതുകൊണ്ട് വൈകുമെന്നും കരുതിയിട്ട്, രാമനെ കാട്ടിലയപ്പിക്കാന്‍ വേണ്ടി, എല്ലാവരും കൂടെ സരസ്വതിയോട് മന്ഥരയുടെ നാവിലിരുന്ന് അങ്ങനെ പറയിപ്പിക്കാന്‍ അപേക്ഷിച്ചതാണ് എന്ന് രാമായണത്തില്‍പ്പറയുന്നു.

(അറിയാനാഗ്രഹമുള്ളവര്‍ക്ക് വേണ്ടി.)

Labels: ,

Tuesday, April 08, 2008

സ്ത്രീകള്‍ക്ക് ആഭരണഭ്രമം

സ്ത്രീകള്‍ക്ക് ആഭരണഭ്രമമാണത്രേ! പറയുന്നതാര്? ആനച്ചങ്ങല പോലെ കഴുത്തിലൊരു മാലയും, കൈവിരലുകളില്‍ മോതിരവും, കൈയിലൊരു വളയും, ബ്രേസ്‌ലറ്റും, പിന്നെ ഇപ്പോ ഫാഷന്റെ പേരില്‍ ഒറ്റയോ ഇരട്ടയോ കമ്മലും ഇട്ടിരിക്കുന്ന പുരുഷന്മാര്‍. അവരങ്ങനെ പറയാന്‍ പാടില്ലെങ്കിലും സംഗതി സത്യം തന്നെ. അല്ലെങ്കില്‍ ഈ കൊച്ചുകേരളത്തില്‍ ഇത്രേം വലിയ ആഭരണക്കടകള്‍ പൊങ്ങുമോ? മുക്കിലും മൂലയിലും ആഭരണക്കടകള്‍ തട്ടിയിട്ട് നടക്കാന്‍ പറ്റില്ല. സ്വര്‍ണ്ണവും വെള്ളിയും വജ്രവും ഒന്നുമല്ലാതെ ഇമിറ്റേഷന്‍ ആണെങ്കില്‍ അതും കുറേ. എവിടെയെങ്കിലും ചെന്നാല്‍, മറ്റുള്ളവര്‍ ഇട്ടിരിക്കുന്നതിന്റെ ഭംഗി നോക്കാതേയും, ഇതെവിടുന്നാ എന്ന ചോദ്യം ചോദിക്കാതേയും, സ്വയം അണിഞ്ഞതിന്റെ പൊങ്ങച്ചം പറയാതേയും സ്ത്രീകളാരും ഇരിക്കില്ല. ഇപ്പറയുന്ന ഞാനും, ഇതൊക്കെത്തന്നെയാവും കൂട്ടുകാരികളോടൊക്കെ ചോദിക്കുന്നതും പറയുന്നതും. ഏറ്റവും കൂടുതല്‍ തിരക്കുള്ളതും ആഭരണക്കടകളില്‍ത്തന്നെ. ചടങ്ങുകളിലൊക്കെ ഞാനോ നീയോ കേമം എന്ന മട്ടിലാണ് ആഭരണങ്ങളും ഇട്ടിറങ്ങുക.

സ്ത്രീകള്‍, ആഭരണത്തില്‍ ഇത്രയേറെ ഭ്രമിക്കാന്‍ എന്താവും കാരണം?
അയല്‍‌വക്കത്തെ ചേച്ചി, അഞ്ചുപവന്റെ ഒരു മാലയിട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അഞ്ചേകാലെങ്കിലും ഇടണം. ഇല്ലെങ്കില്‍ മോശം.
പുതിയ പുതിയ ഡിസൈന്‍ ഇറങ്ങുമ്പോള്‍ അത്തരം എന്റെ കൈയിലും ഉണ്ട് എന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലല്ലോ.
കല്യാണത്തിന് കുറേ അണിയിച്ച്, പൈസയുടെ ഗമ നാട്ടുകാരെ കാണിക്കാന്‍.
സ്വര്‍ണ്ണം വേണം. വില കൂടിക്കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വര്‍ണ്ണമൊക്കെ വാങ്ങിവയ്ക്കുന്നത് ഭാവിയിലേക്ക് ഉപകരിക്കും. ആഭരണങ്ങളും വേണം. പെണ്ണ് പൊന്നിട്ടോ, ഒരു മാലയും വളയുമൊക്കെയിട്ടോ കാണാന്‍ തന്നെ ഭംഗി. എന്നുവെച്ച് ആഭരണക്കടയുടെ പരസ്യം പോലെ ആകരുത്. പരസ്യം ചെയ്യുന്നവള്‍ക്ക് അതിന്റെ ഷൂട്ടിംഗ് വരെയേ ഇടേണ്ടൂ. അതുകഴിഞ്ഞ് ആ മോഡലുകളൊക്കെ ഇതൊക്കെയിട്ട് നടക്കും എന്നാരെങ്കിലും കരുതാമോ?
ഓരോരുത്തര്‍ ട്രെയിനിലും, ബസ്സിലുമൊക്കെ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെ ഇരിക്കുമ്പോള്‍ എനിക്ക് ചിരിവരും. നിങ്ങളെന്തിനാ ഉള്ളതുമുഴുവന്‍ ഇട്ട് ഇറങ്ങിയിരിക്കുന്നത് എന്ന് ഞാന്‍ ചോദിക്കുന്നു എന്നു വയ്ക്കൂ. ദരിദ്രവാസി, നിനക്ക് ഇല്ലാത്തതുകൊണ്ടല്ലേ ഈയൊരു ചോദ്യം എന്ന മട്ടില്‍ അവരെന്നെ
നോക്കുമെന്നുറപ്പ്.
പണ്ടൊക്കെ, വെറുതെ സ്വര്‍ണ്ണമിട്ട് ഇറങ്ങിയാല്‍ അച്ഛന്‍ ചോദിക്കുമായിരുന്നു, വല്ല മുത്തിന്റേം മാലയൊക്കെ ഇട്ടാല്‍പ്പോരേ എന്ന്. ഇപ്പോ ചോദിക്കാറില്ല. ഓടുന്ന നാടിന്റെ കൂടെ ഓടട്ടെ എന്ന് വിചാരിക്കുന്നുണ്ടാവും. വിശേഷാവസരങ്ങളില്‍ അമ്മയുമായി കശപിശയും ഇക്കാര്യത്തില്‍ത്തന്നെ. ഇട്ടോ ഇട്ടോ എന്നു പറയും. ഞാനിതൊന്നും ഇട്ടിറങ്ങില്ല എന്ന് പറയും. പിന്നെയെന്തിനു വാങ്ങി എന്നു ചോദിക്കും. അമ്മയ്ക്ക്, മറ്റുള്ളവര്‍ എന്തുപറയും എന്ന തോന്നലായിരിക്കും. വല്ലിടത്തും ചടങ്ങിനു പോകുമ്പോള്‍, ചേട്ടനോട് ചോദിക്കാറുണ്ട്, ഞാനിതൊക്കെ ഇട്ടാല്‍പ്പോരേയെന്ന്. എന്താ അങ്ങനെയൊരു ചോദ്യം എന്ന് ചേട്ടന്‍ ചോദിക്കും. അല്ലാ, ഇവള്‍ക്കൊന്നുമില്ലേന്ന് ആരെങ്കിലും വിചാരിച്ചാലോന്ന്. ആള്‍ക്കാര്‍ക്ക് വിചാരിക്കാന്‍ പാടില്ലാത്തതൊന്നുമില്ലെന്ന് ചേട്ടനും പറയും.
വട്ടമുഖത്തിനു ചേരുന്നത്, നീളന്‍ മുഖത്തിനു ചേരുന്നത് എന്നൊക്കെപ്പറഞ്ഞ് പരസ്യം വരുമ്പോള്‍ മുഖം വിടരുന്ന ഒരു കൂട്ടരുണ്ട്. കള്ളന്മാര്‍. അവരു വിചാരിക്കും, വാങ്ങിക്കൂട്ടിക്കോ, വാങ്ങിക്കൂട്ടിക്കോ, അടിച്ചെടുക്കുന്നത് ഞങ്ങളേറ്റു എന്ന്. മാലയും തട്ടിപ്പറിച്ചോടിയ കള്ളനെ ഓടിപ്പിടിച്ച് മാല വാങ്ങിയെടുത്ത കൂട്ടുകാരി എനിക്കുണ്ട്. അവള്‍ക്ക് ഓടാന്‍ കഴിഞ്ഞതിലും അതിനുള്ള ധൈര്യം തോന്നിയതിലും അവളുടെ ഭാഗ്യം. എന്റെ എത്രയോ ബന്ധുക്കളുടെ വീട്ടില്‍, കള്ളന്‍ കയറി, കുറെ സ്വര്‍ണ്ണം അടിച്ചെടുത്തിട്ടുണ്ട്. ഉപദ്രവിക്കാഞ്ഞത് അവരുടെ ഭാഗ്യം.
കുറച്ചൊക്കെ ആണെങ്കില്‍ ഒരു രസമൊക്കെയുണ്ട്. ഉള്ളതുമുഴുവന്‍ വാങ്ങിക്കൂട്ടുക, അതുമുഴുവന്‍ ഒരുമിച്ച് ഇട്ടിറങ്ങുക. ഇതൊക്കെ ചെയ്യുമോ ആരെങ്കിലും? ഇപ്പോഴാണെങ്കില്‍ ഡിസൈനര്‍ ജ്വല്ലറി ആണ്. ഡ്രസ്സിനും, സാരിക്കും ചേരുന്നത്. വല്ല ചടങ്ങുകള്‍ക്കോ, കല്യാണം, ആഘോഷം എന്നിവയ്ക്കോ ഇടുന്നതുകൊണ്ട് തകരാറൊന്നുമില്ല.
ആശുപത്രിയിലും, ട്രെയിനിലും, സിനിമാതീയേറ്ററിലും ഒക്കെ ആഭരണക്കടയുടെ പരസ്യം പോലെ നടക്കുന്നത്, മഹാബോറാണ്, സഹോദരിമാരേ മഹാബോറാണ്. നിങ്ങള്‍ക്ക് അത്രയ്ക്കും പൊങ്ങച്ചം വേണമെങ്കില്‍ ലോക്കറിന്റെ ഒരു ഫോട്ടോ എടുത്ത് ഒരു ചരടില്‍ക്കെട്ടി, കഴുത്തില്‍ തൂക്കിക്കൂടേ? ;) ആള്‍ക്കാരൊക്കെ നിങ്ങള്‍ കാശുകൊടുത്ത് വാങ്ങിക്കൂട്ടിയിട്ടിട്ടുള്ള ആഭരണങ്ങളൊക്കെ കാണുകയും ചെയ്യും, കള്ളന്മാര്‍ അടിച്ചെടുക്കുകയുമില്ല, കാണുന്നവര്‍ക്ക് ബോറുമില്ല.

Labels:

Sunday, April 06, 2008

അനസ്തീഷ്യയുടെ ഓര്‍മ്മയ്ക്ക്

ഇത് നടന്നത് കുറേക്കാലം മുമ്പാണ്. ആശുപത്രി എന്നു കേട്ടാല്‍ എനിക്ക് അലര്‍ജിയാണ്. രോഗികളെ കാണാന്‍ പോകുന്നതില്‍പ്പോലും ഞാന്‍ നോക്കിയും കണ്ടുമൊക്കെയേ പുറപ്പെടൂ. അസുഖമെന്തെങ്കിലും വന്നാല്‍ ഡോക്ടറെ കാണാന്‍ പോകാന്‍ പോലും മടിയുള്ള എന്നോടാണ്, ഒരു ചെറിയ സംഗതിയാണ് ഈ സര്‍ജറി എന്ന് ഡോക്ടര്‍ പറഞ്ഞത്. പനിയുള്ളവനെ ഐസിലിരുത്തും എന്നു കേള്‍ക്കുന്ന മരവിപ്പോടെ ഞാനിരുന്നു. അങ്ങനെ ദിവസം സമാഗതമായി. ആദ്യമൊന്ന് പരിഭ്രമിച്ചിരുന്നുവെങ്കിലും ആ ദിവസം, തൃശ്ശൂര്‍ പൂരത്തിനു തിക്കിത്തിരക്കി മുന്‍ നിരയിലേക്കു പോകുന്ന ഉഷാറോടെ ഞാന്‍ പുറപ്പെട്ടു. ഭക്ഷണം ഒന്നും കഴിക്കരുത് അന്ന് എന്ന് പറഞ്ഞിരുന്നു. ബകനോട് ഏകാദശി നോമ്പെടുക്കാന്‍ പറയുന്നതുപോലെയൊരു പ്രവര്‍ത്തിയാണെങ്കിലും ഡോക്ടര്‍ പറഞ്ഞതല്ലേന്ന് കരുതി ഒന്നും കഴിച്ചിരുന്നില്ല. വിശന്നിട്ട് പഞ്ചാരിയും പാണ്ടിയും ഒക്കെ തകര്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ എത്തി ഒക്കെ ശരിയാക്കി, പോസ്റ്റ് ഓപ്പറേഷന്‍ മുറി എന്നെഴുതിയതിലേക്ക് കയറ്റിവിടപ്പെട്ടു. ചേട്ടനും അമ്മയും പുറത്തുനില്‍ക്കുന്നുണ്ട്. കുറച്ചും കൂടെ ആള്‍ക്കാര്‍ കൂടെ വേണമായിരുന്നു. എന്നാലേ സംഗതി സീരിയസ്സാണെന്ന് നഴ്സുമാര്‍ക്കും, ആശുപത്രിയില്‍ ഉള്ളവര്‍ക്കും തോന്നൂ എന്ന് എനിക്കു തോന്നി. സാരമില്ല. ഉള്ളവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക തന്നെ.
ആ മുറിയില്‍ പലരും കിടന്ന് കരച്ചിലും പൊരിച്ചിലും ഒക്കെയുണ്ട്. കുറേക്കഴിഞ്ഞാല്‍ എന്റെയും അനുഭവം ഇതൊക്കെയാവും എന്നുള്ളതുകൊണ്ട് ഞാന്‍ ചിരിച്ചില്ല. നഴ്സ് വന്ന് ഒരു ഉടുപ്പ് കൊണ്ടുത്തന്നു. അയ്യേ, ഇത്രേം കാലം ഞാന്‍ മറ്റുള്ളവരുടെ ഉടുപ്പ് ഇട്ടിട്ടില്ല, പിന്നെയല്ലേ, ഇത് എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. പിന്നെ വിചാരിച്ചു, പാവം നഴ്സിന്റെ ബി പി കൂട്ടേണ്ട എന്ന്. ഉടുപ്പിട്ട്, അവര്‍ പറഞ്ഞതുകൊണ്ട് മുടിയൊക്കെ രണ്ടുഭാഗം പിന്നിയിട്ടു. കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനു മീതെ പെര്‍ഫ്യൂം തളിക്കണോന്ന് മനസ്സില്‍ തോന്നിയെങ്കിലും ഈ വേഷത്തില്‍ എനിക്കൊരു ഗെറ്റപ്പൊക്കെയുണ്ടെന്ന് തോന്നി. കുറച്ച് പൌഡറും, ലിപ്സ്റ്റിക്കും, കണ്ണുകളുടെ വശത്തൊട്ടിക്കാന്‍ സ്വര്‍ണ്ണക്കളറുള്ള മുത്തും കൂടെ കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടെ അടിപൊളിയാക്കാമെന്ന് കരുതി. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം ആരോ പറഞ്ഞുവെച്ച് പോയിട്ടില്ലേ. എന്റെയൊരു ഭാവമൊക്കെക്കണ്ട്, ഇവള്‍ ഓപ്പറേഷനു വന്നതാണോ അതോ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനു വന്നതാണോന്നൊരു നോട്ടം നഴ്സുമാര്‍ നോക്കുന്നുണ്ട്.
നഴ്സ് അടുത്ത് വന്നു പറഞ്ഞു.
“മാല അഴിക്കണം. അതിടാന്‍ പറ്റില്ല.” ഞാനൊന്ന് ഞെട്ടി. താലിമാല ഒരിക്കലും കഴുത്തില്‍നിന്ന് നീക്കില്ല. തലയില്‍ക്കൂടെ അഴിഞ്ഞുപോകാതിരിക്കാനാണ് ചെറിയ മാലയില്‍ ഇടുന്നതുതന്നെ. എന്നിട്ട് അഴിക്കാന്‍ പറയുന്നു.
“ഏയ്, അത് അഴിക്കാന്‍ പറ്റില്ല.”
“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. തിയേറ്ററിലേക്ക് കയറ്റില്ല.”
പിന്നേ...ഇതിലും വല്യ തീയറ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കൈരളി, ശ്രീ, സവിത, കവിത. എന്നിട്ടല്ലേ ഇത്. മാല അഴിക്കില്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു.
“ഭര്‍ത്താവിനെ വിളിക്കും.”
ഈശ്വരാ! ഇവരുടെ ഭര്‍ത്താവ്, ഈ ഹോസ്പിറ്റലിന്റെ ഗുണ്ടയാണോ, വിളിക്കും എന്ന് പേടിപ്പിക്കാന്‍. എന്നോടാ കളി.
“എന്തിന്?”
“മാല അഴിച്ചുകൊടുക്കാലോ.”
അമ്പടീ...ഭയങ്കരീ...കുടുംബ ബിസിനസ്സാ അല്ലേ?
“ദാ...അവിടെ കൌണ്ടറിനടുത്ത് നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭര്‍ത്താവിന്റേയോ അമ്മയുടേയോ കൈയില്‍ കൊടുത്തിട്ടു വരൂ.”
ഹാവൂ. അപ്പോ ചേട്ടനെയാണ് വിളിക്കും എന്ന് പറഞ്ഞത്.
ആ വലിയ മുറിയുടെ സൈഡില്‍ ഒരു ചെറിയ മുറിയുണ്ട്. വലിയ കൈപ്പത്തിയില്‍ നിന്ന് ആറാം വിരല്‍ തൂങ്ങിനില്‍ക്കുന്നതുപോലെ. അതിനൊരു കൌണ്ടറും. ചേട്ടനും അമ്മയും നില്‍ക്കുന്നുണ്ട്. അവരുടെ ആശങ്കയൊക്കെക്കണ്ടാല്‍, ഓപ്പറേഷന്‍ നടത്തുന്നത് അവര്‍ക്കാണെന്ന് തോന്നും. കൌണ്ടറില്‍ തല കാണിച്ചു. മാല അഴിക്കാന്‍ പറയുന്നു എന്നു പറഞ്ഞു. അഴിച്ചോ എന്ന് പറഞ്ഞപ്പോള്‍ അഴിച്ചുകൊടുത്തു. ചേട്ടനു എന്റെ സ്റ്റൈലൊക്കെ കണ്ടപ്പോള്‍ ക്യാമറ കൈയില്‍ ഇല്ലാഞ്ഞത് മോശമായിപ്പോയി എന്നൊരു തോന്നലുണ്ടെന്ന് എനിക്കു തോന്നി.
കുറേക്കഴിഞ്ഞ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് നയിക്കപ്പെട്ടു. അവിടെ ആര്‍ഭാടത്തില്‍ ഇട്ടിരിക്കുന്ന ഓപ്പറേഷന്‍ ടേബിള്‍ കണ്ടപ്പോള്‍, പൊട്ടക്കുളത്തിലേക്ക് ചാടുന്ന തവളെയെപ്പോലെ ഡൈവിംഗ് നടത്തിയാലോന്ന് എനിക്ക് തോന്നി. പിന്നെ നഴ്സുമാരെയൊക്കെ കണ്ടപ്പോള്‍ വേണ്ടെന്ന് വച്ചു. അവരെയൊക്കെ നോക്കി ഉള്ള ഇരുപത്തെട്ട് പല്ലും കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനസ്സ് ഡോണ്ടു ഡോണ്ടു പറഞ്ഞു. അതുകൊണ്ട് നവരസങ്ങളും, ജഗതി പറഞ്ഞ എക്സ്ട്രാ രസങ്ങളും വിട്ട്, സ്വന്തമായിട്ട് ഒന്നുണ്ടാക്കി മുഖത്തിട്ടു. കോപ്പിറൈറ്റ് പേടിക്കേണ്ടല്ലോ.
അനസ്തീഷ്യസ്പെഷലിസ്റ്റ് ഇഞ്ജക്ഷന്‍ തന്നു. ഡോക്ടര്‍ എന്റെ ചെവിയിലേക്കൊരു പാട്ടുപാടി. ഇതിന്റെ സംഗതിയൊന്നും ശരിയല്ല, മാറ്റിപ്പാടൂ എന്ന് പറയുന്നതിനുമുമ്പ് ഞാന്‍ ഏതോ ലോകത്തെത്തിയിരുന്നു. ഡോക്ടര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഞാന്‍ വടിയായിട്ടില്ല എന്ന് മനസ്സിലായത്.
പിന്നേയും പഴയ റൂമില്‍ എത്തി. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വന്നിട്ട് പങ്കെടുത്ത് കഴിഞ്ഞവരെപ്പോലെയായി അവസ്ഥ. വന്നപ്പോഴുള്ള ഉഷാറൊക്കെ പോയി. അവിടെ അപ്പുറവും ഇപ്പുറവും കിടന്ന് കുറേയെണ്ണം കരയുന്നുണ്ട്. പെണ്ണുങ്ങളുടെ പേരു നശിപ്പിക്കും ഇതുങ്ങളൊക്കെ എന്ന് വിചാരിച്ചു. അപ്പഴാണ് എനിക്കും എന്തൊക്കെയോ വേദനയുണ്ടെന്ന് മനസ്സിലായത്. ഞാനും അവരുടെ സംഘത്തില്‍ ചേര്‍ന്നു. തൊണ്ട എട്ടരക്കട്ടയ്ക്കിട്ട് അലറി.
“അമ്മേ......”
ആശുപത്രി ഞെട്ടിവിറച്ചു എന്നൊക്കെ എഴുതാം. പിന്നേ...ആശുപത്രിയ്ക്ക് രോഗികള്‍ കരഞ്ഞാല്‍ പുല്ല്!

അനസ്തീഷ്യസ്പെഷലിസ്റ്റിനെ ഒന്ന് കണ്ടിരുന്നെങ്കില്‍.......
“മനുഷ്യനു ഇത്രേം കൈപ്പിഴ പറ്റരുത്” എന്ന് പറയാമായിരുന്നു എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. ബുഹഹഹഹ.

Labels: ,

Thursday, April 03, 2008

കളിക്കൂട്ടുകാരിക്ക്

ഇന്നലെയെനിക്കോര്‍മ്മ വന്നൂ,
നിന്നെയോര്‍ക്കാന്‍ മറന്നത്.
കളിക്കൂട്ടുകാരിയാം നിന്നെ,
കാണാതെത്രയായെന്ന്.
മനഃപൂര്‍വ്വമല്ല സഖീ,
ജീവിതം തിരക്കിലായ്.
കുട്ടിക്കാലം കഴിഞ്ഞപ്പോള്‍,
നമ്മള്‍ വഴിപിരിഞ്ഞില്ലേ.
നാട്ടുവഴിയിലൂടെ നാം,
കൈപിടിച്ചു നടന്നതും,
മാവിന്റെ കൊമ്പിലേയ്ക്ക്,
കല്ലെടുത്തെറിഞ്ഞതും,
മാങ്ങ പൊട്ടിച്ചുപ്പും കൂട്ടി,
മുഖം ചുളിച്ച് തിന്നതും,
പശുക്കിടാവിന്‍ പിന്നാലെ,
കയറും പിടിച്ച് പാഞ്ഞതും,
ഊഞ്ഞാലിലുയരത്തില്‍,
ആകാശം തൊട്ടു വന്നതും,
അമ്പലക്കുളത്തില്‍പ്പോയ്,
മുങ്ങിപ്പൊങ്ങി കിടന്നതും,
സന്ധ്യനേരത്തമ്പലത്തില്‍,
‍പ്രാര്‍ത്ഥിച്ചു നിന്നതും,
സ്കൂളില്‍ പോകുമ്പോള്‍,
‍കല്ലുമിഠായി തിന്നതും,
ഉപ്പിലിട്ട നെല്ലിക്ക,
വീതംവെച്ച് തിന്നതും,
പുസ്തകത്താളുകൊണ്ട്,
തോണികള്‍ ചമച്ചതും,
കുട നിവര്‍ത്തിപ്പിടിക്കാതെ,
മഴ നനഞ്ഞുനിന്നതും,
ക്ലാസുകളോരോന്നായ്,
ഒപ്പത്തില്‍ ജയിച്ചതും,
കോളേജില്‍ ചേരാനായ്
വഴിപിരിഞ്ഞു നടന്നതും,
കല്യാണം വിളിക്കാനായ്,
നാണിച്ചുവന്നതും,
ഗ്രാമം വിട്ടുപോകുമ്പോള്‍,
‍കണ്ണീരില്‍ ചിരിച്ചതും,
ഉത്സവക്കാലങ്ങളില്‍,
‍വീണ്ടുമൊത്തുചേര്‍ന്നതും,
പലനാളത്തെ വിശേഷങ്ങള്‍,
‍പങ്കുവെച്ച് പിരിഞ്ഞതും,
ഇടയ്ക്കാണെങ്കില്‍പ്പോലും,
എല്ലാമോര്‍മ്മയില്‍ വരും,
മറവിതന്‍ ‍ പൊടിയൂതി,
ഓര്‍മ്മക്കാറ്റു വന്നിടും.
നേരം കിട്ടുന്ന നാളൊന്നില്‍,
‍നമുക്കിനിയും കണ്ടിടാം,
കാണാത്ത നേരങ്ങളില്‍,
മനസ്സിലോര്‍ത്തു നിന്നിടാം.
അടുത്ത ജന്മത്തിലും നമ്മള്‍,
‍കൂട്ടുകാരായ് പിറന്നിടും,
കൈപിടിച്ച് നടന്നിടും,
കളിപറഞ്ഞ് ചിരിച്ചിടും.
എവിടെയാണെങ്കിലും നീ,
സൌഖ്യമായിരുന്നീടാന്‍,
നമ്മള്‍ പ്രാര്‍ത്ഥിക്കുമീശ്വരന്‍,
അനുഗ്രഹിക്കട്ടെ നിത്യവും.

(നാട്യങ്ങളില്ലാത്ത, തെറ്റുകുറ്റങ്ങള്‍ പൊറുക്കുന്ന സൌഹൃദത്തിന്റെ വഴിയിലേക്കൊരു സ്നേഹപ്പൂവ്. )

Labels:

Tuesday, April 01, 2008

പുഴകള്‍ക്കിടയ്ക്കൊരു നാട്

രണ്ടുപുഴകള്‍ക്കിടയ്ക്കൊരു നാട്.
അവിടേയ്ക്കാണ് ചെന്നത്.
തലകള്‍ നിരത്തിവെച്ചിരിക്കുന്നു.
മഞ്ഞരക്തം കട്ടപ്പിടിച്ച ഒരു തല വേണം.
ഞാന്‍ ഉറക്കെപ്പറഞ്ഞു.
കേട്ടുനിന്നയാള്‍ ക്രുദ്ധനായി.
മഞ്ഞരക്തമുണ്ടോ?
ഒരു വ്യത്യാസവുമില്ലെങ്കില്‍പ്പിന്നെ
തലകള്‍ മാറിമാറി വെട്ടിനോക്കുന്നതെന്തിന്?
സ്വന്തം മനസ്സിലെ വൈരം പോകാന്‍
അന്യന്റെ തല വെട്ടിയിട്ട് കാര്യമെന്ത്?
സ്വന്തം തല വെട്ടിക്കൂടേ?
എന്റെ ചോദ്യം കേട്ടൊരാള്‍ വാളെടുത്തു.
തല പോകുന്നതിനുമുമ്പ് ഞാനോടി.
രണ്ടുപുഴയ്ക്കിടയിലെ നാട്.
പുഴക്കരയില്‍ എനിക്ക് നില്‍ക്കേണ്ട.
കണ്ണീര്‍പ്പുഴയിലേക്കും, രക്തപ്പുഴയിലേക്കും
എനിക്കെത്തിനോക്കിയിരിക്കാന്‍ വയ്യ!

Labels: