Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 30, 2007

വിപ്ലവം

അണിനിരന്നിടും നമ്മളാദ്യം,
പത്താള്‍ക്കുമോരോ നേതാവ്.
നേതാവ് പറയുന്ന വാക്കുകള്‍,
നമ്മളണികളേറ്റു ചൊല്ലിടും.
ദൂരങ്ങള്‍ താണ്ടിയെത്തിടും,
പ്രധാനപോയന്റില്‍ മീറ്റിംഗ്.
അണിനിരക്കുമവിടുന്നും,
നമ്മള്‍ ജനസഹസ്രമാവും.
ഒഴുകിയൊഴുകിപ്പോയിടും,
നാടിനെ നമ്മള്‍ വിറപ്പിക്കും.
ഒടുവിലെത്തുമാ സമരപ്പന്തലില്‍,
അവിടെയുജ്ജ്വല സ്വീകരണം.
നമ്മളൊന്നായിച്ചേരുക,
ലോകം കൈയിലൊതുക്കീടുക.
സംശയമുണ്ടെങ്കില്‍ ചൊല്ലീടുക,
ജാഥ തുടങ്ങുവാന്‍ സമയമായി.
ആര്‍ക്കും ചോദിക്കാനില്ലെന്നോ!
കോരന്‍ പതുക്കെയെഴുന്നേറ്റു.
രാവിലെ യാത്ര തുടങ്ങീടും,
രാവാകുമൊടുങ്ങുമ്പോള്‍.
കഞ്ഞിയെപ്പോ, എവിടുന്ന്,
ഒന്നുമേ പറഞ്ഞുകണ്ടില്ല.
മുദ്രാവാക്യങ്ങളിലലിഞ്ഞുപോയ്,
പാവം കോരന്റെ സംശയം.
വിപ്ലവം വിശപ്പുമാറ്റില്ല,
വിശക്കുന്ന വയറിനേയറിയാവൂ.

Labels:

Tuesday, November 27, 2007

സ്വാര്‍ത്ഥത

കാത്തുനിന്നിട്ടും, കാണാതെ നീ പോവും,
രാധയാവേണ്ടെനിക്ക്.

കൂടെ നിന്നിട്ടുമൊടുവില്‍ കാട്ടില്‍ വിടും,
സീതയാവേണ്ടെനിക്ക്.

ഓര്‍മ്മയില്ലെന്ന്, മുഖം തിരിച്ചീടും നീ,
ശകുന്തളയാവേണ്ടെനിക്ക്.

വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും.

ഞാന്‍ നിലയ്ക്കുമ്പോള്‍,
നീയുമൊടുങ്ങീടും,
നമ്മള്‍, മരണത്തിലുമൊത്തുചേരും.

Labels:

Saturday, November 24, 2007

പൂച്ച

കറുത്ത പൂച്ച, അവളുടെ വിളര്‍ച്ചയുള്ള മുഖത്തേക്കു നോക്കി. മ്യാവൂ എന്ന് ഒറ്റത്തവണപോലും പറയാത്ത പൂച്ച. പക്ഷെ, ക്രൂരമായ കണ്ണുകള്‍. പൂച്ച, അപൂര്‍വ്വമായല്ല, താളക്രമമായിട്ട്, തുടരെത്തുടരെ തന്നെ ചലിക്കുന്നുണ്ട്. അവള്‍, നിസ്സഹായതയിലും, മുന്നിലിരിക്കുന്ന കപ്പ്, ദേഷ്യത്തോടെ മുന്നോട്ട് നീക്കി. പൂച്ച, തിടുക്കത്തോടെ, ഒന്ന് ചലിച്ചു. അവളുടെ ശരീരത്തില്‍, സപര്‍ശിക്കുന്നുണ്ട്. അവളുടെ തലമുടി, അതിന്റെ മുഖത്ത് തൊട്ടു.

അല്‍പ്പം കഴിഞ്ഞ്, അവളുടെ നോട്ടം, മുന്നിലിരിക്കുന്ന പേപ്പറിലൂടെ, അതിനരികിലിരിക്കുന്ന പേനയിലേക്കും, അതുകഴിഞ്ഞ് പൂച്ചയുടെ മുഖത്തേക്കും എത്തി. അതിന്റെ ഭാവം ഒട്ടും മാറിയിട്ടില്ല. പൂച്ചയൊന്ന് ആടിയുലഞ്ഞു. അവളുടെ മൌനം അതിനെ ചൊടിപ്പിച്ചിരിക്കുമോ? അവള്‍, തിരക്കിട്ട്, പേനയെടുത്ത് പേപ്പറില്‍ കുത്തിവരച്ചു.

പൂച്ചയൊന്ന് നടുങ്ങി.
പക്ഷെ, മ്യാവൂ എന്ന് കരഞ്ഞില്ല.
അവളുടെ മങ്ങുന്ന ചേതനയ്ക്കുമുന്നില്‍നിന്ന് പൂച്ച അപ്രത്യക്ഷമായി.

അവളുടെ കൊലപാതകത്തിന്, അവനെ അറസ്റ്റുചെയ്യുമ്പോള്‍, പൂച്ച, തല, അപ്പുറവും, ശരീരം, ഇപ്പുറവുമായി, അയയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അവന്റെ വെള്ളട്ടീഷര്‍ട്ടിലെ കറുത്ത പൂച്ച. മ്യാവൂ എന്ന് ഒരിക്കല്‍ പോലും പറയാത്ത പൂച്ച. മൊഴി കൊടുക്കാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാം സാക്ഷി. പോലീസുകാര്‍, അതിനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ, കടന്നുപോയി.

Labels:

Thursday, November 22, 2007

മീര, പിന്നെ കിഷനും രാധയും

ഒന്ന്

ആകാശത്തിന്റെ മനസ്സിലെ സന്തോഷമാണോ, മഴവില്ലായി തെളിയുന്നത്‌! മീരയ്ക്ക്‌ അങ്ങനെ തോന്നി. നിറങ്ങളെല്ലാം സന്തോഷത്തിന്റേത്‌ ആവും. എല്ലാ നിറങ്ങളും ഒരുമിച്ചാണെങ്കിലോ?

ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ട്‌ വെറുതെ വരരുത്‌. കിഷന്‍ പറഞ്ഞുവെച്ചിട്ടുണ്ട്‌. അവന്റെ വീട്‌ ഇവിടെ ഇരുന്നു നോക്കിയാല്‍ കാണാം. ആരെങ്കിലും എന്ന് അവന്‍ പറഞ്ഞെങ്കിലും, രാധ വരുമ്പോള്‍ മാത്രം വരേണ്ട എന്നാവും അവന്‍ ഉദ്ദേശിച്ചത്‌. രാധയുള്ളപ്പോഴുള്ള കൂടിക്കാഴ്ചകളൊന്നും അത്ര രസത്തിലായിരുന്നില്ല. അവള്‍, എന്തൊക്കെയായിരിക്കും കിഷനോട്‌ പറയുന്നത്‌? അവന്‍, ഒന്നും ഒളിക്കാറില്ലെങ്കിലും അവള്‍ക്ക്, രാധ പറഞ്ഞുകുട്ടുന്നതിനെക്കുറിച്ച് എന്നും വേവലാതിയുണ്ട്.

വാതില്‍ക്കല്‍ ആരോ ഉണ്ട്‌.

"കിഷന്‍ നിന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടോ?" രാധ ചോദിക്കുന്നു. ഒന്നും പറയാനായില്ല, മീരയ്ക്ക്‌.

"കിഷന്‍ വിവാഹം കഴിക്കുന്നത്‌ എന്നെ ആയിരിക്കും."

മീരയിലേക്ക്‌, പകപ്പിന്റെ ഒരു വലിയ തുണ്ട്‌ എറിഞ്ഞുകൊടുത്ത്‌ രാധ മറഞ്ഞു. മീര കിഷന്റെ വീട്ടിലേക്ക്‌ വെറുതെ നോക്കി. അവനെ കണ്ടില്ല. ആ പകപ്പിന്റെ തുണ്ട് അവള്‍, കിഷനു കൊടുത്തപ്പോള്‍, അവന്‍ പറഞ്ഞു. “ നിനക്ക് എന്നോടിത് ചോദിക്കേണ്ട കാര്യം പോലുമില്ലായിരുന്നു. അവള്‍ പറയാറുള്ളതൊക്കെ നിന്നോട് പറയാറുണ്ടല്ലോ.”

ഒടുവില്‍ എന്നായിരുന്നു, അതിനെക്കുറിച്ച് മിണ്ടിയതെന്നോര്‍മ്മയില്ല. പക്ഷെ, അതിന്റെ ഒടുക്കം, എന്തിന്റെയൊക്കെയോ തുടക്കമായിരുന്നു.

"ഇല്ല കിഷന്‍, എനിക്കതിനാവില്ല."

"രാധയെ ഞാന്‍ വിവാഹം കഴിക്കില്ല."

"അത്‌ കിഷന്റെ ഇഷ്ടം."

പതിവുപോലെ പറഞ്ഞുമടുത്ത്‌ കിഷന്‍ ദേഷ്യത്തില്‍ ഇറങ്ങിപ്പോയി. ഇത്‌ സ്നേഹമാണോ? എന്നും കലഹിച്ചാല്‍ അത്‌ സ്നേഹമാണോ? എന്നാലും...

"അവള്‍ ഹോസ്റ്റലിലേക്ക്‌ മാറി." മീരയുടെ അമ്മ- രണ്ടാനമ്മ- കിഷനോട്‌ പറഞ്ഞു.

"ഏത്‌ ഹോസ്റ്റലില്‍?"

"അത്‌ അവളുടെ അച്ഛനേ കൃത്യമായി അറിയൂ. അദ്ദേഹം വന്നിട്ട്‌ ചോദിച്ചറിയൂ."
ഇനി ചോദ്യവും ഉത്തരവുമൊന്നും ഇല്ലെന്ന് അമ്മയ്ക്ക്‌ വാക്കുകൊടുത്തിട്ടാണു കിഷന്‍ വന്നത്‌. മീരയേയും കൂട്ടി അമ്മയുടെ അടുത്തേക്കെന്നുറപ്പിച്ച്. പക്ഷെ, മീര പിടിതരാതെ വീണ്ടും. കിഷനു ദൈന്യത തോന്നി.

രണ്ട്

കണ്ണാടിയിലെ രൂപവും, നിറം മങ്ങിയ ആല്‍ബത്തിലെ ചിത്രത്തിലെ രൂപവും തമ്മില്‍ നേരിയ സാമ്യം മാത്രമേയുള്ളൂവെന്ന് മീരയ്ക്ക്‌ തോന്നി. നിറം മങ്ങാതെ സൂക്ഷിക്കുന്നത്‌ മനസ്സുമാത്രം. വര്‍ഷങ്ങള്‍ ഓരോ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങള്‍. നിറമുള്ള ജനാലച്ചില്ലുകളും നോക്കി അവളിരുന്നു. പല നിറത്തിലുള്ള ചില്ലുപോലെ, പലരുടേയും ജീവിതത്തിനും അങ്ങനെ പല നിറങ്ങള്‍ ആവുമെന്ന് അവള്‍ക്കു തോന്നി. മങ്ങിയതും, തെളിഞ്ഞതും ഒക്കെ.

ഇന്ന് കിഷന്‍ വരുമായിരിക്കും.

വന്നത്‌ രാധയാണ്. കുട്ടികളും.

"കിഷന്‍ സ്ഥലത്തില്ല. നാലഞ്ച്‌ ദിവസം കഴിഞ്ഞേ വരൂ."

കളിക്കാന്‍ തുടങ്ങിയ കുട്ടികളെ വാത്സല്യത്തോടെ നോക്കി മീര ഇരുന്നു. കിഷന്റെ കുട്ടികള്‍. രാധയുടെ കുട്ടികള്‍. തന്റെയും???

"മീര ഞങ്ങളുടെ വീട്ടില്‍ വരൂ. കിഷന്‍ വരുന്നതുവരെ." ഒന്നും പറഞ്ഞില്ല. രാധയോടുള്ള അകല്‍ച്ച എന്നാണ്‌ മാറിയതെന്നറിയില്ല. അവള്‍, കിഷനെ വിവാഹം കഴിച്ചപ്പോഴാകും. പ്രിയപ്പെട്ടവരുടേതെന്തും, പ്രിയമുള്ളതാവുമായിരിക്കും.

"ഇനിയും വൈകിയിട്ടില്ലെന്ന് ഇന്നലെയും അമ്മ പറഞ്ഞു. എനിക്കും കുറ്റബോധം ഉണ്ട്‌." രാധ പറഞ്ഞപ്പോള്‍, മീര ചിരിക്കാന്‍ ശ്രമിച്ചു.

"സാരമില്ല. വിട്ടുതന്നിട്ടേയുള്ളൂ. രാധ തട്ടിപ്പറിച്ചിട്ടില്ല." പറയാനുള്ളത് മനസ്സിലേ പറഞ്ഞുള്ളൂ, മീര.

"കിഷനും, ചിലപ്പോള്‍ പറയാറുണ്ട്‌." രാധ വീണ്ടും. എന്താണിങ്ങനെ!

മീര ഒന്നും മിണ്ടിയില്ല.

"അമ്മ, പറഞ്ഞു, പറ്റുമെങ്കില്‍, വീട്ടിലും ഒന്നു ചെല്ലണമെന്ന്."

അമ്മ!

ആദ്യം, രാധയുടെ അമ്മ. അതുകഴിഞ്ഞേ തന്റെ അമ്മയായുള്ളൂ. അതുകൊണ്ടാവും രണ്ടാനമ്മയെന്ന് പറയുന്നതെന്ന് മീര തമാശയോടെ ഓര്‍ത്തു. ബന്ധിപ്പിക്കാന്‍, ആ അമ്മയുള്ളതുകൊണ്ടാണ്‌, കിഷനും ഒടുവില്‍ സമ്മതിക്കേണ്ടിവന്നത്‌. അല്ലെങ്കില്‍ കിഷനും! മീരയ്ക്ക്‌ ഇനി തിരിച്ചുപോകണമെന്നുണ്ടോ? മഠത്തിന്റെ ഹോസ്റ്റലില്‍ ആണെങ്കിലും, മഠത്തിലെ അന്തേവാസിനിയായി, മനസ്സുകൊണ്ട്‌, എന്നും സങ്കല്‍പ്പിക്കാറുണ്ട്‌. ഇനിയൊരു തിരിച്ചുപോക്ക്‌ വേണോ? ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍, ആലോചിക്കാമെന്നേ ഇതുവരെ കരുതിയിട്ടുള്ളൂ.

കുട്ടികളെ ശാസിച്ച്‌ അടക്കിയിരുത്തുന്ന രാധയെ നോക്കിനില്‍ക്കുമ്പോള്‍, മീര ഓര്‍ത്തത്‌, ത്യാഗങ്ങളിലൂടെ കിട്ടുന്ന നോവുകള്‍ക്ക്‌ മധുരമേയുണ്ടാവൂ എന്നതാണ്‌. അച്ഛനും അമ്മയും, രാധയും, സന്തോഷിക്കുമ്പോള്‍, അവള്‍ക്കും കിഷനും ദുഃഖിക്കാനാവില്ലല്ലോ.

രാധയോടൊപ്പം ഒന്നുപോയി വരാം. വരും, തീര്‍ച്ചയായിട്ടും, തിരിച്ച്. ഇവിടെ മതി, ഇനി ജീവിതം. നിറമുള്ള ചില്ലുകളിലൂടെ നിറമുള്ള ആകാശവും ഭൂമിയും നോക്കിക്കാണാം. ജീവിതത്തിന്റെ നിറം മങ്ങുന്നതിനെക്കുറിച്ചോര്‍ക്കാന്‍ നേരമുണ്ടാവില്ലപ്പോള്‍.

Labels:

Monday, November 19, 2007

ഇനിയെന്ന്?

ആദ്യം പ്രണയം തുടങ്ങിയത്‌ നമ്മുടെ കണ്ണുകളായിരുന്നു.

പിന്നെ, നമ്മുടെ അപരിചിതത്വം പ്രണയിക്കാന്‍ തുടങ്ങി.

പിന്നെ നമ്മുടെ വാക്കുകള്‍, പ്രണയം ഏറ്റെടുത്തു.

നമ്മുടെ, പിണക്കങ്ങളും, പരിഭവങ്ങളും, വിരഹങ്ങളും,

സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രണയിച്ചു.

മറവികള്‍ പ്രണയിച്ചു, നമ്മുടെ മൌനം പ്രണയിച്ചു.

ശരീരങ്ങള്‍ പ്രണയിച്ചു.

നമ്മുടെ ഹൃദയങ്ങള്‍, ഇനിയെന്ന് പ്രണയം തുടങ്ങും?

Labels:

Friday, November 16, 2007

അഭിമുഖം

നമസ്കാരം. എന്റെ പേരു മാത്തന്‍ പാളയംകോടന്‍.

നമസ്കാരം.

പാ.കോ.:- ചേച്ചിയെ ഞാന്‍ വിളിച്ചിരുന്നു. അഭിമുഖത്തിനു സമയം കിട്ടാന്‍.

സു:- ഉവ്വുവ്വ്‌. ചോദ്യം ചോദിച്ച്‌ തുടങ്ങിക്കോളൂ.

പാ.കോ.:- ചേച്ചി, മലയാളം ബ്ലോഗ്‌ ചെയ്യുന്ന ഒരാളാണല്ലോ. ബ്ലോഗിങ്ങിനെക്കുറിച്ച്‌ ചേച്ചിയുടെ അഭിപ്രായം എന്താണ്‌.

സു:- എനിക്ക്‌ നല്ല അഭിപ്രായം ആണ്‌. കഴിയുമെങ്കില്‍ എല്ലാ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ബ്ലോഗില്‍ വരണം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

പാ.കോ.:- ബ്ലോഗ്‌ മീറ്റിനെക്കുറിച്ച്‌ ചേച്ചി എന്തു പറയുന്നു?

സു:- ബ്ലോഗ്‌ മീറ്റിംഗ്‌, എപ്പോഴും എപ്പോഴും വേണമെന്നേ ഞാന്‍ പറയൂ.

പാ.കോ:- എന്നിട്ട്‌ ചേച്ചി ബ്ലോഗ്‌ മീറ്റുകളിലൊന്നും പങ്കെടുക്കുന്നത്‌ കാണുന്നില്ലല്ലോ.

സു:- അതോ. പാളയം കോടാ, അതിനൊരു കാരണമുണ്ട്‌. എല്ലാവരും അവിടേയും ഇവിടേയും മീറ്റ്‌ നടത്തുമ്പോഴെല്ലാം പോയി പങ്കെടുത്ത്‌, ഒടുവില്‍, ചേച്ചി ഒരു മീറ്റ്‌ നടത്തൂ എന്ന് പറഞ്ഞാല്‍ എനിക്കത്‌ താങ്ങാനാവില്ല. അതുകൊണ്ട്‌ മീറ്റില്‍ പങ്കെടുക്കേണ്ടെന്ന് വച്ചു.

പാ.കോ.:- പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കുന്നുണ്ടല്ലോ പലരും. ചേച്ചി, ഗ്രൂപ്പ്‌ ഉണ്ടാക്കുന്നുണ്ടോ, അതോ ആരുടെയെങ്കിലും ഗ്രൂപ്പില്‍ ചേരുന്നോ?

സു:- ഞാന്‍ ഭയങ്കരമായി ആലോചിച്ചു. ഏതില്‍ ചേരണം എന്ന്. തല്‍ക്കാലം എനിക്ക്‌ വല്യ വെയിറ്റ്‌ ഇല്ല. ശരീരത്തിനല്ല, ബ്ലോഗ്‌ ലോകത്ത്‌. അതുകൊണ്ട്‌ ഞാനൊരു ഗ്രുപ്പ്‌ ഉണ്ടാക്കിയാല്‍ത്തന്നെ ഞാന്‍ മാത്രമേ അതില്‍ ഉണ്ടാകൂ. പിന്നീടൊരിക്കല്‍ ഞാനും അഥവാ വല്യ ആള്‍ ആവുകയാണെങ്കില്‍, ആരുടെയെങ്കിലും ഗ്രൂപ്പില്‍ ഞാനുണ്ടെങ്കില്‍, എന്റെ പേരും കൂടെ ചേര്‍ത്തിട്ടാണല്ലോ ഗ്രുപ്പ്‌ അറിയപ്പെടുക. ഉദാഹരണത്തിനു, മയൂരയുടെ ഗ്രൂപ്പിലാണെങ്കില്‍ മസു, ഇഞ്ചിപ്പെണ്ണിന്റെ ഗ്രൂപ്പിലാണെങ്കില്‍ ഇസു, സാജന്റെ ഗ്രൂപ്പിലാണെങ്കില്‍ സാസു. ച്ഛെ! അതിനൊന്നും ഒരു ഭംഗിയില്ല. അതുകൊണ്ട്‌ തല്‍ക്കാലം ഗ്രുപ്പില്ലാതെ പോകാം എന്നു വെച്ചു. ഇനി ആരെങ്കിലും എന്നോടുള്ള ഇഷ്ടം കൊണ്ട്‌ അവരുടെ ഗ്രൂപ്പില്‍ ചേര്‍ത്തുവെച്ചാല്‍, അവിടെ മിണ്ടാതെ ഇരിക്കും. അത്ര തന്നെ.

പാ.കോ.:- ചേച്ചിയ്ക്ക്‌ ബ്ലോഗെഴുതാനുള്ള ആശയങ്ങള്‍ എവിടെ കിട്ടുന്നു?

സു:- അതോ? രാവിലെ എല്ലാ ജോലിയും കഴിഞ്ഞാല്‍ ഞാന്‍ കണ്ണടയ്ക്കും. പിന്നെ, ഊണുകഴിക്കാനാവുമ്പോഴേ കണ്ണു തുറക്കൂ. ഊണ് കഴിഞ്ഞാല്‍ എഴുത്ത് തുടങ്ങും.

പാ.കോ.:- ഞങ്ങള്‍ അതിനു ഉറക്കം എന്നാണു പറയുന്നത്‌. ചേച്ചിയ്ക്ക്‌ ഉറങ്ങുമ്പോഴാണോ ഐഡിയ കിട്ടുന്നത്‌?

സു:- സത്യം പറയാമല്ലോ പാളയം കേടാ.

പാ.കോ.:- കേടാ അല്ല. കോടാ.

സു:- അതെ. കോടാ. ഈ ഐഡിയ എന്നൊന്നില്ല. നമുക്ക്‌ ഇഷ്ടമുള്ളത്‌ എഴുതാനാണല്ലോ നമ്മുടെ ബ്ലോഗ്‌. വായയ്ക്കു തോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന രീതിയില്‍ ഞാന്‍ എഴുതിവെയ്ക്കും അത്രയേ ഉള്ളൂ. അല്ലെങ്കില്‍ ഇതൊക്കെ വായിച്ച്‌ സഹിക്കുന്നവരോട്‌ ചോദിച്ചുനോക്കൂ. ദൂരെ നിന്നേ ചോദിക്കാവൂ. എന്തെങ്കിലും കിട്ടിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

പാ.കോ.:- പാചകം ചെയ്യുന്നതിനിടയ്ക്കായിരിക്കും, ചേച്ചി, കഥ, കവിത എന്നിവയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ അല്ലേ?

സു:- മനുഷ്യനു വിശന്ന് കുടലുകരിയുമ്പോഴാണെടോ പാചകത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. എങ്ങനേലും ഒന്ന് കഞ്ഞിയും കറിയും ഉണ്ടാക്കി വിഴുങ്ങണം എന്നല്ലാതെ അപ്പോളാര്‍ക്കെങ്കിലും കവിതയും കഥയും ആലോചിക്കാന്‍ പറ്റുമോ?

പാ.കോ.:- ചേച്ചിയ്ക്ക്‌ ഏറ്റവും ഇഷ്ടമുള്ള ബ്ലോഗ്‌ ആരുടേയാ?

സു:- എന്റെ ബ്ലോഗ്‌ തന്നെ.

പാ.കോ.:- അത്‌ സ്വാര്‍ത്ഥതയല്ലേ?

സു:- അല്ലെടോ, സാമര്‍ത്ഥ്യം ആണ്‌. നാനൂറു ബ്ലോഗില്‍ നിന്ന് ഞാന്‍ ഒരു ബ്ലോഗിന്റെ പേരു പറഞ്ഞിട്ടു വേണം എന്നെ എല്ലാവരും കൂടെ തല്ലിക്കൊല്ലാന്‍. അല്ലെങ്കില്‍ത്തന്നെ എന്നെ പലര്‍ക്കും ഇഷ്ടമല്ല.

പാ.കോ. :- ചേച്ചിയുടെ ബ്ലോഗിങ്ങിനോട്‌ ചേച്ചിയുടെ ഭര്‍ത്താവിന്റെ സമീപനം എന്താ?

സു:- നല്ല സമീപനം ആണ്‌. ബ്ലോഗിംഗ്‌ തുടങ്ങിയതുകൊണ്ട്‌ എഴുതിക്കൂട്ടുന്നതൊക്കെ ചേട്ടന്‍ സഹിക്കേണ്ടല്ലോ എന്ന ആശ്വാസം ഉണ്ട്‌. പിന്നെ കമ്പ്യൂട്ടറില്‍ അധികം സമയം ചെലവഴിക്കുന്നതും നിര്‍ത്തി. അറിയാതെയെങ്ങാനും എന്റെ ബ്ലോഗ്‌ നോക്കിപ്പോകേണ്ടല്ലോ.

പാ.കോ.:- ചേച്ചി ഒരുപാട്‌ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടാവുമല്ലോ അല്ലേ?

സു:- ഹും...വായന. പലചരക്കുകടയിലെ പറ്റുബുക്കുപോലും നോക്കാന്‍ സമയം ഇല്ല. പിന്നെയല്ലേ വായന.

പാ.കോ.:- എന്നാലും ചേച്ചിയ്ക്ക്‌ ഇഷ്ടമുള്ള എഴുത്തുകാരന്‍, അല്ലെങ്കില്‍ എഴുത്തുകാരി ഉണ്ടാവുമല്ലോ.

സു:- അതുണ്ട്‌. സോമന്റെ എഴുത്ത്‌ എനിക്കിഷ്ടമാണ്‌.

പാ.കോ.:- അങ്ങനെ ഒരു എഴുത്തുകാരന്‍ ഉണ്ടോ? കേട്ടതായി ഓര്‍ക്കുന്നില്ല.

സു:- അത്‌ ഞാന്‍ ഉടുപ്പൊക്കെ തയ്പ്പിക്കുന്നിടത്ത്‌ അളവെഴുതുന്നവനാണെടോ. അവന്‍ എഴുതിയാല്‍ ഭംഗിയായി തയ്ച്ചുകിട്ടും. വേറെ ആരും അത്ര നന്നായി എഴുതിവയ്ക്കില്ല.

പാ.കോ.:- ചേച്ചി നല്ലൊരു പാചകക്കാരി ആണല്ലേ?

സു :- ചേട്ടനെ പരിചയപ്പെട്ടില്ല അല്ലേ?

പാ. കോ.:- ഇല്ല.

സു:- എനിക്കു മനസ്സിലായി. പരിചയപ്പെട്ടിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യമേ ചോദിക്കില്ലായിരുന്നു. പരീക്ഷണങ്ങളില്‍ നിന്നു മാത്രമേ പുതിയത്‌ കണ്ടെത്താന്‍ കഴിയൂ എന്ന വിചാരത്തിലാണു എന്റെ പാചകമൊക്കെ.

പാ.കോ.:- ചേച്ചിയ്ക്ക്‌ മറ്റു ബ്ലോഗേഴ്സിനോട്‌ എന്തെങ്കിലും പറയാനുണ്ടോ?

സു:- എന്ത്‌ പറയാന്‍? എല്ലാവരുടേയും പ്രോത്സാഹനത്തില്‍ നന്ദിയുണ്ട്‌. എന്റെ ബ്ലോഗ്‌ വായിക്കാന്‍ അവര്‍ സമയം ചെലവഴിക്കുന്നതില്‍ സന്തോഷവും.

പാ.കോ.:- ഇത്രയും നേരം അഭിമുഖം അനുവദിച്ചതിനു നന്ദി.

സു:- ഇതേതു പത്രത്തില്‍ വരും?

പാ.കോ.:- ഇത്‌ ഞാന്‍ തുടങ്ങുന്ന ബ്ലോഗില്‍ വരും.

സു:- എന്നെത്തന്നെ സമീപിക്കാന്‍ തോന്നിയതില്‍ നന്ദി.

പാ.കോ.:- നന്ദിയൊന്നും വേണ്ട ചേച്ചി. ബാക്കി എല്ലാ ബ്ലോഗര്‍മാരും തിരക്കിലാണ്‌. ചേച്ചിയ്ക്ക്‌ മാത്രമേ ഒരു ജോലിയും ഇല്ലാതെ ഉള്ളൂ. അതുകൊണ്ട്‌ എനിക്കിവിടെ വരേണ്ടി വന്നു. എന്നാലും സാരമില്ല.

പാളയംകോടന്‍ ഓടിപ്പോവുന്നു.

Labels: