Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 31, 2007

കഥ

കഥ എഴുതണമെന്ന് തോന്നിയപ്പോള്‍, എന്ത് കഥയെഴുതും എന്നൊരു ചിന്ത വന്നു.

എളുപ്പമുള്ളതെഴുതാം.

അമ്മയെക്കുറിച്ചായാലോ?

സ്നേഹം എന്നെഴുതിത്തുടങ്ങി. അതുമാത്രം മതി കഥയില്‍. ആ വാക്കില്‍ ഇല്ലാത്തത് ഒന്നുമില്ലല്ലോ.

അച്ഛനെക്കുറിച്ചായാലോ?

രണ്ട് വാക്ക് കിട്ടി. സ്നേഹം, സംരക്ഷണം. ഇനിയൊന്നും വേണ്ടല്ലോ.

കൂടപ്പിറപ്പുകളെക്കുറിച്ചായാലോ?

സ്നേഹം, സംരക്ഷണം, ഇണക്കം, പിണക്കം, തമാശ, കാര്യം. ഇത്രേം മതി.

സുഹൃത്തുക്കളെക്കുറിച്ചായാലോ?

സ്നേഹം, ഇണക്കം, പിണക്കം, ചിരി, കരച്ചില്‍, തമാശ, കാര്യം.

അവരെക്കുറിച്ചൊക്കെ എഴുതാന്‍ തുടങ്ങിയാലും വളരെക്കുറച്ച് വാക്കില്‍, വലിയൊരു കഥയായി തീരുന്നത്. അതുകൊണ്ട് കഥയെക്കുറിച്ച് വീണ്ടും ആലോചിച്ചു. കുറേ വാക്കുകളില്‍, നീണ്ട ഒരു കഥ വേണം.

സ്വന്തം കഥ ആയാലോ?

തുടങ്ങി.

ആദ്യവാക്ക്, ഞാന്‍ എന്നെഴുതിയിട്ട്, വിരാമചിഹ്നം വേണമോ, ആശ്ചര്യചിഹ്നം വേണമോ എന്നാലോചിച്ചിട്ട്, ഒരെത്തും പിടിയും കിട്ടുന്നില്ല. അതു കഴിഞ്ഞാലല്ലേ അടുത്ത വാക്കിലേക്കോ, വാചകത്തിലേക്കോ കടക്കാന്‍ പറ്റൂ.

Labels:

Friday, August 17, 2007

ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ്

“ഹലോ...”

“ഹലോ...”

“ആ...”

“ആ...”

(ഹാവൂ ആദ്യത്തെ കോള്‍ വന്നു. ഇത്ര സമയത്തിനുള്ളില്‍ വിളി വന്നില്ലെങ്കില്‍ വിളിക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട്‌ പറഞ്ഞിട്ടുണ്ട്‌.)

“ഹലോ വെല്‍കം ടു ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ്‌.”

“തെറി പറയുന്നോടാ?”

“അയ്യോ, അത്‌ സ്വാഗതം പറഞ്ഞതാ. താങ്കള്‍ ആരാണെന്ന് ധൈര്യമായിട്ട്‌ പറയൂ.”

“ ങാ.. ഞാന്‍ ഏലപ്പാറേല്‍ ഏലിയാമ്മ. നീയെനിക്ക്‌ വല്യ ധൈര്യമൊന്നും തരേണ്ട..”

“ഹായ്‌! ഏലപ്പാറേല്‍ അച്ചാമ്മയുടെ ആരെങ്കിലും ആണോ?”

“അതൊക്കെ എന്തിനാടാ നീയറിയുന്നത്‌?”
(ഈശ്വരാ, ലോകം മുഴുവന്‍ കേള്‍ക്കുമല്ലോ ഇത്‌.)

“ഹലോ... ഹ... ഹ... ഹ... അമ്മച്ചിയ്ക്ക്‌ ഏത്‌ പാട്ടാണ്‌ വേണ്ടത്‌?”

“പിന്നേ...പാട്ട്‌... മേലാല്‍ നീയിനി എന്റെ മോളുടെ പിറകെ നടന്നാലുണ്ടല്ലോ. മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോഴാ നിന്നെ ടി. വി. യില്‍ കണ്ടത്‌. നിന്നെയൊന്ന് കാണാന്‍ ഇരിക്ക്യായിരുന്നു ഞാന്‍.”

ടക്‌...

ടക്‌...

“തമാശക്കാരി, തമാശക്കാരി! സുഹൃത്തുക്കളേ, ഏലപ്പാറയില്‍ നിന്നുവിളിച്ച ഏലിയാമ്മചേച്ചിയ്ക്ക്‌ വേണ്ടി സ്നേഹപൂര്‍വ്വം ഈ ഗാനം. എനിക്കുവേണ്ടിയും. നഷ്ടസ്വര്‍ഗ്ഗങ്ങളേ.. നിങ്ങളെനിക്കൊരു..."

------------

“സുഹൃത്തുക്കളേ, അടുത്ത കോളര്‍ ലൈനിലുണ്ട്‌. ആരാണെന്ന് നോക്കാം.”

“ഹലോ... ഹലോ...”

“അലോ അലോ...”

“ഹലോ ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ്‌.”

“ചേട്ടാ... ഇതു ഞാനാ നീലി.”

“അയ്യോ...കള്ളിയങ്കാട്ട്‌ നീലിയോ?”

“ഒന്ന് പോ ചേട്ടാ, ഇത്‌ ഞാനാ, ചേട്ടന്റെ അയല്‍പക്കത്തുള്ള നീലി.”

“അതെയോ നീലിയാണോ, ഞാനങ്ങു പേടിച്ചുപോയി.”

“നീലിയ്ക്ക്‌ സിനിമകള്‍ ഇഷ്ടമാണോ?”

“എന്താ ചേട്ടാ, ഇങ്ങനെയൊക്കെ ചോദിക്കുന്നത്‌? നമ്മളൊരുമിച്ച്‌ എത്ര സിനിമയ്ക്ക്‌ പോയിരിക്കുന്നു.”

(ഈശ്വരാ, ക്യാമറയും സ്പീക്കറും കേടാവണേ..)

“ങ്ങാ, നീലി. നീലിയ്ക്ക്‌ ഏത്‌ പാട്ടാ വേണ്ടത്?”

“ചേട്ടന്‍ എപ്പോഴും പാടുന്ന പാട്ട്‌ ആയ്ക്കോട്ടെ.”

“ഹലോ... ഹലോ... ഹലോ.. ഒന്നും കേള്‍ക്കുന്നില്ല.” ( നാട്ടുകാരു മുഴുവന്‍ കേട്ടോ ആവോ.)

“ചേട്ടാ.. നെഞ്ചിനുള്ളില്‍ നീയാണ്‌ എന്നപാട്ട്‌.”

“നീലീ, ഒരുപാട്‌ സമയം സംസാരിച്ചു. ഇവിടേക്ക്‌ വിളിച്ചതില്‍ നന്ദി.”

“ സമയമൊന്നും നോക്കേണ്ട ചേട്ടാ. ഇത്‌ ചേട്ടന്റെ വീട്ടിലെ ഫോണ്‍ ആണ്‌. ചേട്ടന്റെ അമ്മ അമ്പലത്തില്‍ പോയി വരുന്നതുവരെ ഇവിടെ ഇരിക്കാന്‍ പറഞ്ഞിട്ടുണ്ട്‌. എത്ര സമയം വേണമെങ്കിലും മിണ്ടാം.”

“ ഹയ്യോ...എന്റെ ഫോണ്‍... ബില്ല്...”

ടക്‌....

“നീലിയ്ക്ക്‌ വേണ്ടി ഒരു ഗാനം കേള്‍ക്കാം..”

“ പ്രിയസഖീ...പോയി വരൂ...എന്നപാട്ട്..”

----------

“ഹലോ...”

“ഹല്ലോ...”

“ഹാവൂ... ഒരു പുരുഷന്‍.”

ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സിലേ‍ക്ക്‌ സ്വാഗതം ചേട്ടാ....”

“ങാ.. നന്ദി.”

“ചേട്ടന്റെ പേരെന്താ?”

“എന്റെ പേരു സഹോദരന്‍.”

‍(ങ്ങേ...അങ്ങനേം ഒരു പേരുണ്ടോ? എന്തെങ്കിലും ആവട്ടെ..)

“ചേട്ടാ... ഓണം ആയല്ലോ. ഓണം എന്നു കേള്‍ക്കുമ്പോള്‍ ചേട്ടന്റെ മനസ്സിലേക്ക്‌ ഓടിവരുന്നത്‌ എന്താണ്? ഓണാഘോഷത്തെക്കുറിച്ച്‌ ചേട്ടന്റെ സങ്കല്‍പ്പങ്ങള്‍ എന്താണ്‌?”

“ങ്ങേ...ചേട്ടാ... എന്താ പൊട്ടിക്കരയുന്നത്‌? എന്തുപറ്റി?”

“ ഓണം...ഓണം...”

“ങ്ങാ പറയൂ, പറയൂ...”

“ഒരു ഓണക്കാലത്താടാ എന്റെ കല്യാണം കഴിഞ്ഞത്‌. എന്റെ സങ്കല്‍പ്പങ്ങളൊക്കെ തകര്‍ത്തുകൊണ്ട്‌ അവള്‍ വന്നത്‌.”

“ അയ്യോ...ചേട്ടാ.. കരയാതെ. എല്ലാം നല്ലതിനാണെന്ന് വിചാരിക്കൂ.”

“ നിനക്കതൊക്കെപ്പറയാം. നീ കല്യാണം കഴിച്ചിട്ടില്ലല്ലോ.”

“ചേട്ടന് ഏത്‌ പാട്ടാ വേണ്ടത്‌?”

“അപ്പോളും പറഞ്ഞില്ലേ എന്ന പാട്ട്‌ മതി. പലരും പറഞ്ഞതാ, അവളെ കല്യാണം കഴിക്കേണ്ടെന്ന്.”

ടക്‌.

കോട്ടയത്തുനിന്നുള്ള സഹോദരന്‍ ചേട്ടനുവേണ്ടി, ഈ പാട്ട്‌ സ്നേഹപൂര്‍വ്വം.

(മതിയായി. ഓരോരുത്തര്‍, ടി. വി. യില്‍ നമ്പര്‍ തെളിയുമ്പോഴേക്കും വിളിക്കാന്‍ തുടങ്ങും. ഫോണ്‍ കമ്പനിയൊക്കെ ഇവരുടെ സ്വന്തമാണോയെന്തോ.)

---------------

ട്രിണീം....

(ഹോ...പിന്നേം വന്നു.)

“ഹലോ...”

“ഹലോ...”

“ഹലോ, ഇത് കോലാഹലം ചാനല്‍ അല്ലേ?”

“അതേ... എന്താ കാര്യം?”

“ഇത് ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ് ആണോ?”

“അല്ല.”

“ങേ... അല്ലേ? എന്നിട്ട് നമ്പര്‍ ഇതാണല്ലോ തന്നിരിക്കുന്നത്?”

“അങ്ങനെ ഒരു പരിപാടിയും ഇല്ല, ഞാനതിന്റെ അവതാരകനും അല്ല. മനസ്സിലായോ?”

“എന്നാല്‍ ശരി.”

“നിങ്ങളാരാ?”

“ഞാന്‍ ആ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്ന ചിക്കുന്‍ ഗുനിയ ആന്‍ഡ് ചിക്കുന്‍ ഗുനിയ കമ്പനിയുടെ ഉടമയാണ്. ആ പരിപാടി ഇല്ലെങ്കില്‍ പൈസയും കൊടുക്കേണ്ടല്ലോ അല്ലേ?”

ടക്...

“അയ്യോ...”

(അവനവന്‍ കുരുക്കുന്ന... എന്ന പാട്ട് പ്രേക്ഷകര്‍ കാണുന്നു, കേള്‍ക്കുന്നു.)
------------


“ഹലോ.”

“ഹാ‍ാ‍ാലോ...”

“ഇത് ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ് അല്ലേ?”

“അതേ...”

“പിന്നെ നമ്പര്‍ കാണിച്ചിട്ട് കുറേ സമയം ആയല്ലോ. വിളിച്ചാലെന്താ ആരും എടുക്കാത്തത്?”

“അതു പിന്നെ, ഞങ്ങളിവിടെ പുലി കളി പ്രാക്റ്റീസ് ചെയ്യുകയായിരുന്നു.” (സ്പോണ്‍സറെ പിണക്കിവിട്ടതിന് പ്രൊഡ്യൂസറും, ക്യാമറാമാനും ചേര്‍ന്ന് തല്ലി എന്ന് പറയാന്‍ പറ്റുമോ?)

“ചേച്ചി ആരാ?”

“ഞാന്‍ സു.”

“ജപ്പാനീന്നാണോ?”

“അതെന്താ ഈ പരിപാടി ജപ്പാനില്‍ നിന്നു വിളിക്കുന്നവര്‍ക്കാണോ?”

“അല്ലല്ല. സു എന്ന പേരു കേട്ടിട്ട് ചോദിച്ചതാ.”

“അതു ശരി. എടോ, ഇഷ്ടമുള്ള ഒരു പേരിടാന്‍ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്തിനാടോ സ്വാതന്ത്ര്യം കിട്ടീ... സ്വാതന്ത്ര്യം കിട്ടീ... എന്നു പറയുന്നത്?”

“അതും ശരിയാ.”

“ചേച്ചി എന്തു ചെയ്യുന്നു?”

“അതറിഞ്ഞാലേ പാട്ട് വരൂ?”

“അയ്യോ... എന്നാല്‍ പോട്ടെ. ചേച്ചിയ്ക്ക് ഏത് പാട്ടാണ് ഈ പരിപാടിയിലൂടെ വെച്ചുതരേണ്ടത്?”

“എനിക്ക്, ശിവാജിയിലെ വാജീ...വാജീ... വാജീ...എന്‍ ജീവന്‍ ശിവാജീ എന്ന പാട്ട് മതി.”

“അയ്യോ...ചേച്ചീ.. ഇത് ഓണ്‍ലി മലയാളം ആണ്.”

“പിന്നെന്തിനാടോ യേതു പാട്ടും യിട്ടുകൊടുക്കും എന്നു പരസ്യം പറയുന്നത്? പരസ്യം കിട്ടാനാണോ?”

“അതു പിന്നെ... അതൊക്കെയല്ലേ ചേച്ചീ ശരിയാവൂ.”

“എന്നാലെനിക്ക്, ഈശ്വരചിന്തയിതൊന്നേ... എന്ന പാട്ട് മതി. മമ്മുക്കയ്ക്കും ലാലേട്ടനും ഡെഡിക്കേറ്റ് ചെയ്യണം. ശിവാജി കണ്ടപ്പോഴേ തീരുമാനിച്ചതാ, അവര്‍ക്ക് ഈ പാട്ട് മതിയെന്ന്.”

“അയ്യോ ചേച്ചീ, ഓണമായിട്ട്, ഒരു അടിപൊളിപ്പാട്ട് പറയൂന്നേ.”

“എന്നാല്‍ ശരി. കാറ്റാടിത്തണലും എന്ന പാട്ട് വയ്ക്കൂ. എല്ലാ മലയാളികള്‍ക്കും വേണ്ടി ഈ ഓണത്തിന് എല്ലാവിധ ശുഭ ആശംസകളോടും കൂടെ ആ പാട്ട്.”

“ഓണാശംസകള്‍, ചേച്ചീ, ഇനീം വിളിക്കണേ.”

“വിളിക്കാം വിളിക്കാം. അടുത്ത ഓണത്തിനും, മൊബൈലിന്റെ കാര്‍ഡിന്റെ കൂടെ ഫ്രീ, ടോക്ക് ടൈം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും വിളിക്കാം..”


“എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍. ഈ പാട്ട് നിങ്ങള്‍ക്കായി. ”

”ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ് ഇവിടെ തീരുന്നു. വിളിച്ചവര്‍ക്കും, വിളിക്കാനിരിക്കുന്നവര്‍ക്കും, വിളിച്ചിട്ട് കിട്ടാത്തവര്‍ക്കും, എല്ലാ പ്രേക്ഷകര്‍ക്കും, നന്ദി. നമസ്കാരം.”

Labels:

Tuesday, August 14, 2007

ദൈവവിശ്വാസികളുടെ ഡയറിക്കുറിപ്പുകള്‍

വീണ:‌-

മനസ്സില്‍ നിന്ന് അക്ഷരങ്ങള്‍ എടുത്തെടുത്ത്‌ വെച്ചാല്‍, അടുക്കിവെച്ചാല്‍പ്പോലും, ഇതിലെ താളുകള്‍ മതിയാവില്ല. പറഞ്ഞുതീര്‍ന്നതും, പറയാതെ ഒളിപ്പിച്ചതും, എഴുതിയതും കഴിഞ്ഞ്‌ ഇനിയും ബാക്കിയത്രേ, മനസ്സില്‍.

പ്രേം ഇന്ന് വന്നത്‌ പുതിയ ബൈക്കിലാണ്‌. ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും, മനസ്സിന്റെ ഇടയിലെ മതില്‍‌ എന്നെങ്കിലും ഇടിയുമെന്ന പ്രതീക്ഷ മാത്രമേയുള്ളൂ, മുന്നോട്ട്‌ പോകാന്‍. അടുപ്പത്തിന്റെ മഴ പൊഴിയുമ്പോള്‍, അപരിചിതത്വത്തിന്റെ മതില്‍ക്കെട്ട്‌, ദ്രവിച്ച്‌ ഇടിഞ്ഞുപോകുമായിരിക്കും. ഷീലയേയും പിന്നിലിരുത്തി, അവന്‍, പോയപ്പോള്‍, മതിലിനൊന്നുകൂടെ പൊക്കം വെച്ചു. പാര്‍ട്ടി നടത്താന്‍ പോയതാവും. അടുത്തിരിക്കുന്നൊരു കൂട്ടുകാരി ആയിരുന്നെങ്കില്‍, ഷീല പങ്കുവെച്ചേനെ വിശേഷങ്ങള്‍. നിസ്സഹായത പൊതിഞ്ഞുപിടിച്ച്‌ മുറുകെയിറുക്കിക്കൊല്ലുന്നു. പ്രണയം ദുഃഖമാണോ? ഇന്നിവിടെ നിര്‍ത്താം. ഒരിക്കലെന്നെങ്കിലും മനസ്സിലെ കഥകള്‍ തുറന്ന് വിട്ട്‌, ആ വാക്കുകള്‍ക്കിടയില്‍, ഭ്രാന്തിയെപ്പോലെ തിരഞ്ഞുനടക്കാം. ദൈവമേ...കരുത്ത് തരണേ.

ഷീല:‌-

എവിടെയൊക്കെയോ, കാലുറപ്പിച്ച് നില്‍ക്കുമ്പോഴും, വീഴാന്‍ പോകുമോയെന്ന ഭയം ഇനിയും അവസാനിക്കുന്നില്ല. പിടിവള്ളികളില്‍ ചുരുണ്ട്‌ കിടക്കുമ്പോഴും, ഏതോ ഒരു ഖഡ്ഗം, ആ വള്ളികള്‍ അറുത്തുനില്‍ക്കാന്‍ കാത്ത്‌ നില്‍ക്കുന്നതുപോലെ. ഇതെന്റെ മാത്രം ജീവിതമാണോ? മനസ്സ്‌ തുറക്കാനും, അടയ്ക്കാനും പറ്റാത്ത രീതിയില്‍ നിലകൊള്ളുന്നു. ജീവിതം ദുഃഖമാണോ?

പ്രേം, വരാമെന്ന് പറഞ്ഞ സമയത്ത്‌ തന്നെ വന്നതുകൊണ്ട്‌ അല്‍പം ആശ്വാസം തോന്നി. വീണ എന്ന കുട്ടി എന്തെങ്കിലും ചോദിച്ചോയെന്ന ചോദ്യത്തിനു, ഇല്ലല്ലോയെന്ന ഉത്തരം കൊടുത്തിട്ട്‌, എന്താ എന്നൊരു മറുചോദ്യത്തിനു ഒന്നുമില്ലെന്ന് പറഞ്ഞ്‌ ചിരിയോടെ തലയാട്ടുകയാണുണ്ടായത്‌. വീണയോട് അവന്റെ അടുപ്പം അറിയാത്തതല്ല. അവന്‍ തന്നെ പറയട്ടെ.

ചെയ്തത് അല്‍പ്പം കടന്നുപോയോ എന്നൊരു ചിന്ത വന്നു. ഇനി ആലോചിച്ചിട്ട് എന്ത് ഫലം. വരുന്നതുവരട്ടെ. എന്നാലും ഭീതിയുണ്ട്. ദൈവമേ, പരീക്ഷിച്ചുകൊണ്ടിരിക്കരുതേ...

മഹേശ്വരന്‍:-

ലോകത്ത്‌, ഷീലയെന്നൊരു പെണ്ണ്‌ മാത്രമാണോയെന്നാണ്‌ രാവിലെ ഒമ്പത്‌ മണിമുതല്‍ ചിന്ത. ഇറക്കിവെക്കാന്‍ ഈയൊരു ഡയറി മാത്രം. അല്ലെങ്കില്‍ ആരോടെങ്കിലും പറയണം. പക്ഷെ, പശ്ചാത്തപിക്കേണ്ടിവന്നാല്‍, പറഞ്ഞ വാക്കുകള്‍ കീറിക്കളയാന്‍ പറ്റുമോ? മനസ്സ്‌, മനസ്സിനോട്‌ സംവദിക്കേണ്ട സമയത്ത്‌, ഈയൊരു അവസ്ഥ തനിക്കുമാത്രമാണോ? മനസ്സിനു നോവുമ്പോഴാണ്‌ ബോധം ശരിക്കും പോകുന്നത്‌. മനസ്സിനെ ഒന്ന് ശാന്തമായുറക്കാന്‍ സാധിച്ചെങ്കില്‍. വിശ്വാസം പരീക്ഷണം ആണോ?

ഷീല, അവനോട്‌ ചേര്‍ന്നിരുന്നുവോ? അതോ, അവളോടുള്ള സ്നേഹം, കണ്ണടപ്പിച്ച്‌, അങ്ങനെ തോന്നിച്ചതാവുമോ? അവന്‍ ആരാവും? അവളോടുള്ള അടുപ്പം... വയ്യ. ഇനിയെന്തെങ്കിലും ചിന്തിച്ചാല്‍ നിയന്ത്രണം പോകും. ദൈവമേ... ഒരു തീരുമാനം ഉണ്ടാക്കണേ.

പ്രേം:-

പുതിയ ബൈക്ക്‌ വേണ്ടെന്ന് പറയണമെന്ന് കരുതിയതാണ്‌. ഡിഗ്രി നല്ല മാര്‍ക്കോടെ പാസ്സായാല്‍ ബൈക്ക്‌ എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അതുപോലെത്തന്നെ നല്ല മാര്‍ക്ക്‌ കിട്ടുകയും ചെയ്തു. അച്ഛന്‍ വാങ്ങിത്തരാന്‍, കുറച്ച്‌ വൈകി. എന്നാലും വീണയെ, ആദ്യം കൊണ്ടുപോയി, അവള്‍ക്കിഷ്ടമുള്ളപോലെ കടല്‍ക്കരയിലൂടെ ബൈക്കിലി‍രുത്തി ഓടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഷീലയുടെ ആവശ്യം കേട്ടപ്പോള്‍, അതു കഴിഞ്ഞുമതി വീണയുമൊത്ത്‌ കറക്കം എന്നു കരുതി. എന്നിട്ടും ഷീല ബൈക്കില്‍ കയറിയപ്പോള്‍, വീണ നോക്കിയ നോട്ടം, വിശ്വാസത്തെ പരീക്ഷിക്കുന്നത്‌. സഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഭയം തോന്നിയില്ല. മനസ്സൊന്ന് തുറന്നുവെച്ചാല്‍, അവള്‍ കൂടുതല്‍ അടുക്കുകയേ ഉള്ളൂ. ഷീലയോട്‌ ചോദിച്ചിട്ടാവാം എന്നു വിചാരിച്ചു. പഴയ കളിക്കൂട്ടുകാരിയോട്‌, സഹോദരതുല്യമായ ഒരു കടമ നിര്‍വ്വഹിച്ചുവെന്നേയുള്ളൂ. ആരുടെയെങ്കിലും കണ്ണില്‍ അത്‌ തെറ്റായാലും ഒടുവിലെന്നെങ്കിലും പൊറുത്തുതരും. ദൈവമേ... എനിക്ക് തെറ്റിപ്പോയെന്ന് തോന്നാന്‍ ഇടവരല്ലേ.


ദൈവം:-

ഇന്നലെ എഴുതിവെച്ചതൊക്കെ എത്ര മനസ്സുകളെ ബാധിച്ചു. പ്രതീക്ഷയെന്നത്‌, കൂടുതല്‍ അളവില്‍ ഉണ്ടായിട്ടും, നാലു മനസ്സുകള്‍, വേദനിക്കുന്നുണ്ടല്ലോ. പരസ്പരവിശ്വാസത്തിന് എവിടെയോ അളവുകുറഞ്ഞുവോ?

പാവങ്ങള്‍.

ഷീലയെ, ബൈക്കിലിരുത്തി, പ്രേം പോയത്‌, പാര്‍ട്ടി കൊടുക്കാനാണെന്ന് വീണ കരുതി. പ്രേമിനെ ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കുറച്ച്‌ വേദനിക്കട്ടെ. അല്ലാതെന്ത്‌ ചെയ്യാന്‍.

മഹേശ്വരന്‍, താലി കെട്ടി കൊണ്ടുവരാന്‍ ഇരിക്കുന്ന പെണ്ണിനെ സംശയിച്ചോ? ഒരല്‍പ്പം സംശയിച്ചു. ഉണ്ടാവും. അവള്‍ അങ്ങനെ ചെയ്തത്‌ എന്തിനാണെന്ന് മനസ്സിലാക്കുമ്പോള്‍, അവന്‍ വിഷമിക്കുമോ, ചിരിക്കുമോ? ചിരിക്കട്ടെ. മണ്ടി എന്ന് വിചാരിക്കുകയും ചെയ്യട്ടെ.

ഷീല, എന്തൊരു മണ്ടിപ്പെണ്ണ്‌. മനസ്സ് കൊടുത്താല്‍, മനസ്സിലേക്ക്‌ ചേര്‍ത്തുവെക്കുന്ന ഒരാളോട്‌ കാര്യങ്ങള്‍ പറയുന്നതിനുപകരം, എന്തൊരു വളഞ്ഞവഴിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പരീക്ഷയെഴുതിക്കഴിഞ്ഞ്‌ മതി കല്യാണം എന്ന് അച്ഛനോടുമമ്മയോടും പറയാന്‍ മടിച്ച്‌, ജോലി കിട്ടിയിട്ട്, അവരേയും സംരക്ഷിക്കാമെന്നോര്‍ത്ത്, മഹേശ്വരന്റെ മുന്നില്‍ക്കൂടെ, ഒരാളുടെ ബൈക്കില്‍ കയറിപ്പോയാല്‍ അവന്‍, വിവാഹം വേണ്ടെന്ന് പറയുമെന്ന് കരുതുന്നല്ലോ അവള്‍. മഹേശ്വരനെ, പരിചയപ്പെട്ടിട്ടും അവള്‍ അങ്ങനെ ഒരു തീരുമാനം എടുത്തല്ലോ. മഹേശ്വരന്‍ ആയതുകൊണ്ട്‌ രക്ഷപ്പെട്ടു. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍, ആ വിവാഹം, നീങ്ങിപ്പോയിരുന്നെങ്കില്‍, പിന്നെ എന്താവുമായിരുന്നു അവസ്ഥ.

പ്രേം. പാവം. കഷ്ടം തോന്നുന്നു. കളിക്കൂട്ടുകാരിയും, പ്രണയവും, ഒരുമിച്ച്‌ പരീക്ഷിക്കുന്നു. കൂട്ടുകാരിയെ തെരഞ്ഞെടുത്തത്‌ നന്നായി. സഹായം അവള്‍ക്കാണല്ലോ വേണ്ടത്‌. പ്രണയം എന്നും പരീക്ഷിച്ചുകൊണ്ടിരിക്കും ചിലരെ. പ്രേമിനേയും വെറുതേ വിടേണ്ട. അല്‍പ്പം സഹിക്കട്ടെ.

ഇന്നലെ താന്‍ എഴുതിവെച്ചതൊക്കെ അതുപോലെയുണ്ടല്ലോ.

ഇനി ഇന്നത്തേത്‌ എഴുതാം.

നാളെ, പ്രേം, വീണയോട്‌ കാര്യം പറയട്ടെ, ഷീലയെ പരിചയപ്പെടുത്തട്ടെ. മൂന്നുപേരും കൂടെ, മഹേശ്വരനെ കാണട്ടെ. എല്ലാം വിശദീകരിക്കട്ടെ. തെറ്റിദ്ധാരണകളൊക്കെ നീങ്ങട്ടെ. പിന്നെ നാലുപേരുംകൂടെ ബൈക്കിന്റെ പാര്‍ട്ടി നടത്തി പിരിയട്ടെ. വേണ്ട, അല്‍പ്പനേരം കടല്‍ക്കരയില്‍ പോകട്ടെ. ഷീലയും മഹേശ്വരനും, കടല്‍ക്കരയില്‍ കടലയും കൊറിച്ച്‌ ഇരിക്കുമ്പോള്‍, വീണയെ, അവളുടെ ഇഷ്ടം പോലെ, ബൈക്കിലിരുത്തി, കടല്‍ക്കരയിലൂടെ പ്രേം കൊണ്ടുപോവട്ടെ. പ്രണയത്തിന് അല്‍പ്പം പരീക്ഷണം ആവാം. ഇപ്പോ നാലുപേര്‍ക്കും ഉറക്കം വരട്ടെ.

---------------

എല്ലാവരുടെ ഡയറിയും അടഞ്ഞു. കണ്ണുകള്‍ നല്ല സ്വപ്നം പ്രതീക്ഷിച്ച് അടഞ്ഞു.


നല്ലൊരു നാളേയ്ക്ക്‌ തുറക്കാന്‍.


ഡയറികളിലെ അടുത്ത പേജ്, വാക്കുകള്‍ക്കും വരകള്‍ക്കും വേണ്ടി കാത്തിരുന്നു. നിറഞ്ഞ് കവിയാന്‍.

Labels:

Sunday, August 12, 2007

മീര

വിരസമായൊരു ദിവസം, ആഴ്ചപ്പതിപ്പിന്റെ സഹായത്തോടെ തള്ളിനീക്കാന്‍ ശ്രമിക്കുമ്പോഴാണ്, മീര, ചില ശബ്ദങ്ങള്‍ കേട്ടത്‌. പിന്നിലെ വരാന്തയില്‍ നിന്ന് തെക്കുഭാഗത്തേക്ക്‌ തുറക്കുന്ന ജനല്‍ എന്നും ചുമരിനോട്‌ ചേര്‍ന്ന് നിന്നിരുന്നു. അതാര്‍ക്കും തുറക്കണമെന്നുണ്ടായിരുന്നില്ല. നിറവയര്‍ താങ്ങിയെഴുന്നേറ്റ്‌, അല്‍പ്പമൊരു ശക്തിയോടെ മീര ജനവാതില്‍ തുറന്നു.

അല്‍പ്പം ദൂരെയായി കാണുന്ന വീട്ടില്‍ ആരാണെന്ന് അവള്‍ക്കിതുവരെ അറിയില്ലായിരുന്നു. ഈ വീട്ടിലെത്തിയിട്ട്‌ അധികനാളും ആയില്ല. അപ്പുറവും ഇപ്പുറവും ഒന്നോ രണ്ടോ പരിചയക്കാരുണ്ടെന്നതൊഴിച്ചാല്‍, തന്നിലൊതുങ്ങുന്ന സ്വഭാവമായതിനാല്‍, മീര അധികം പരിചയത്തിനു മുതിര്‍ന്നുമില്ല. ഒരു നാടോടിപ്പെണ്‍കുട്ടി എന്തോ തിരഞ്ഞുപെറുക്കി നടപ്പുണ്ടായിരുന്നു. സ്കൂളിനടുത്തുള്ള വയലില്‍, നാടോടികള്‍ പാര്‍പ്പ്‌ തുടങ്ങിയെന്ന് വേലക്കാരിയില്‍ നിന്ന് മീര അറിഞ്ഞിരുന്നു. പാകമല്ലാത്ത വലിയൊരു കുപ്പായമാണ്‌ ആ കുട്ടി ധരിച്ചിരുന്നത്‌. പഴകി മുഷിഞ്ഞത്‌. അയയില്‍ വിരിച്ച, വൃത്തിയായി കഴുകിയിട്ട, നിലം തുടയ്ക്കുന്ന തുണികളിലേക്ക്‌ മീര നോക്കാനിടയായതും അതുകൊണ്ടു തന്നെ.

ഒരു ചെറുപ്പക്കാരന്‍, വീടിന്റെ വെളിയിലേക്ക്‌ വന്ന് എന്തോ പറഞ്ഞു. വഴക്കാവും എന്ന്, പരിഭ്രമത്തോടെ കൈയിലുള്ളതൊക്കെ വലിയൊരു ചാക്കിലിട്ട്‌, നടന്നകലാന്‍ നോക്കിയ കുട്ടിയെ കണ്ടപ്പോള്‍ മീരയ്ക്ക്‌ തോന്നി. അവന്‍, ചുറ്റും നോക്കി, അവളെ തിരിച്ചുവിളിച്ചപ്പോള്‍, മീരയ്ക്ക്‌ മനസ്സിലെന്തോ തടഞ്ഞുനിന്നു. അവള്‍ തിരിഞ്ഞ്‌, അവനരികിലേക്ക്‌ നടന്നപ്പോള്‍, മീര ഉടനെ പുറത്തിറങ്ങി, വെയിലത്ത്‌ വെച്ച പാത്രങ്ങള്‍ എടുത്ത്‌, ഒന്നു രണ്ടെണ്ണം, അറിയാത്ത ഭാവത്തില്‍ താഴെ ഇട്ടു, അവര്‍ മീരയെ കണ്ടിട്ടുണ്ടാവണം. ചെറുപ്പക്കാരന്‍, പെട്ടെന്ന്, അകത്തേക്ക്‌ കയറി മറഞ്ഞു. പെണ്‍കുട്ടി, വീണ്ടും, എന്ത്‌ ചെയ്യണമെന്നറിയാതെ, അല്‍പ്പം നിന്ന്, തിരിച്ച് നടന്നു.

മീര, ജനല്‍, പിന്നെ അടച്ചതേയില്ല.

"എന്താ ചേച്ചീ, പാത്രങ്ങള്‍ക്ക്‌ പെട്ടെന്ന് പറ്റിയത്‌?"

പിറ്റേദിവസം, പാത്രം വൃത്തിയാക്കിയ വേലക്കാരി ചോദിച്ചു.

"താഴെ വീണിട്ടുണ്ടാവണം. പൂച്ചകള്‍ ഉണ്ടല്ലോ." മീര ഉത്തരം കൊടുത്തത്‌ അങ്ങനെയാണ്‌.

"ശരിയാ." എന്നും പറഞ്ഞ്‌ അവള്‍ പോവുകയും ചെയ്തു.

ശ്രീനിയോട്‌, മീര, ‍ ഒന്നും പറഞ്ഞില്ല. പാത്രങ്ങളില്‍ ദിനം തോറും ചളുക്കുകള്‍ കൂടിവരികയും, വേലക്കാരി അല്‍പ്പം പരിഭ്രമത്തോടെ പരാതി പറയുകയും ചെയ്തപ്പോള്‍ മീര ആര്‍ക്കോ വേണ്ടി, രഹസ്യമായി സന്തോഷിച്ചിരുന്നു. തനിക്കുള്ളിലെ ജീവനോട്‌, കുസൃതികള്‍ പങ്കുവെച്ച്‌ ചിരിച്ചിരുന്നു.

വീട്ടുകാരുടെ വരവും, ആശുപത്രിയിലേക്ക്‌ യാത്രയും, കുഞ്ഞിക്കണ്ണുള്ള മാലാഖ, കരയുകയും ചെയ്തതൊക്കെ പെട്ടെന്നായിരുന്നു. മീരയുടെ മനസ്സില്‍, ചെറുപ്പക്കാരനും, പെണ്‍കുട്ടിയും, ജനലും ഒക്കെ അടഞ്ഞുകിടന്നിരുന്നു. ആശുപത്രിക്കിടക്കയില്‍ നിന്ന്, ആരോ കൊണ്ടുവന്ന പത്രം മറിച്ചപ്പോഴാണ്‌ മീര വീണ്ടും അവളെ കാണുന്നത്‌. അവളെ കാത്തുകിടക്കുന്ന, വലിച്ചെറിയപ്പെട്ട വസ്തുക്കളിലേക്ക്‌ ഇനിയവള്‍ക്ക്‌ കടന്നുചെല്ലേണ്ടെന്ന് മീര ഞെട്ടലോടെ അറിഞ്ഞു. ആ വസ്തുക്കള്‍ക്കൊപ്പം, വലിച്ചെറിയപ്പെടേണ്ട ഒരു വസ്തുവായി, ആ പെണ്‍കുട്ടിയും. സന്തോഷിച്ചപോലെത്തന്നെ, രഹസ്യമായി മീരയ്ക്ക്‌ കരയേണ്ടിയും വന്നു.

വീട്ടിലെത്തിയ ഉടനെ, ജനല്‍ നോക്കാനാണ്‌ മീര ഓടിച്ചെന്നത്‌. അതിനുമുകളില്‍, വല കെട്ടിയിരിക്കുന്ന ചിലന്തികളെയൊക്കെ, വെറുപ്പോടെ തട്ടി നീക്കി. മുറ്റത്ത്‌ വെയിലത്ത്‌ വെച്ചിരുന്ന പാത്രങ്ങള്‍, ഓരോന്നായി എടുത്ത്‌, എന്തോ ബാധകയറിയവളെപ്പോലെ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ആരും ഉണ്ടായിരുന്നില്ല, ശബ്ദം കേട്ട്‌ പരിഭ്രമിക്കാന്‍.

"എന്താ കുട്ടീ, ഇവിടെ കാട്ടുന്നത്‌? എന്താ ഇതൊക്കെ? പോയി കിടക്കൂ അവിടെ"എന്നും പറഞ്ഞ്‌ അമ്മ ഓടി വന്ന്, പാത്രങ്ങളൊക്കെ എടുക്കാന്‍ തുടങ്ങിയപ്പോള്‍, മീര വരാന്തയിലേക്ക്‌ കയറി, ജനവാതില്‍, തുറന്നതിലും ശക്തിയായി വലിച്ചടച്ച്‌ മുറിയിലേക്കോടി.

മോളെ, നല്ലൊരു ഷീറ്റെടുത്ത്‌, മൂടിപ്പുതപ്പിച്ച്‌, എവിടെയോ ഉള്ള, അവള്‍ക്ക്‌ പരിചയമില്ലാത്ത ഒരമ്മയുടെ, ഒരുപാട് അമ്മമാരുടെ, നിസ്സഹായത ഓര്‍ത്ത്‌, മനസ്സില്‍നിന്ന് ചിലതൊക്കെ വലിച്ച്‌ പുറത്തേക്കിടാന്‍ ശ്രമം തുടങ്ങി.

Labels:

Thursday, August 09, 2007

അല്പം ഭക്ഷണചിന്ത

കഴിഞ്ഞൊരു വാരാന്ത്യത്തില്‍ ഹിന്ദു പത്രത്തില്‍, സ്ലൈസ്‌ ഓഫ്‌ ലൈഫ്‌ കോളത്തില്‍, വി ഗംഗാധര്‍ ജി, ക്രിക്കറ്റ്‌ കാണാന്‍ തേപ്ലയും(ഥേപ്ല) കെട്ടിക്കൊണ്ട്‌ ബാര്‍ബഡോസിലേക്കു പോയ ഒമ്പതു കൂട്ടുകാരുടെ കഥ പറഞ്ഞിട്ടുണ്ട്‌. ഥേപ്ല, ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ പലഹാരമാണ്‌. പൂരിയും ചപ്പാത്തിയും പോലെ ഒരു ഭക്ഷണം. ഒരു മാസത്തോളം, ക്രിക്കറ്റ്‌ കണ്ട് അവിടെ കഴിയുമ്പോള്‍, തിന്നാനാണത്രെ അവര്‍ ഇവിടെനിന്നും അതും കെട്ടിക്കൊണ്ടുപോയത്‌. ചിലവും ലാഭിക്കാം, സ്വന്തം ഭക്ഷണവും കഴിക്കാം എന്ന് വിചാരിച്ചുകാണും. അവിടുത്തെ ആള്‍ക്കാര്‍ക്കും അത്‌ ഇഷ്ടപ്പെട്ടു എന്നും എഴുതിയിട്ടുണ്ട്‌.

അതുപോലെ, നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍, അവിടെ കിട്ടുന്നത്‌ തിന്നാമെന്നു വിചാരിക്കുന്ന കൂട്ടത്തിലാണോ, വേറെന്തായാലും വേണ്ടില്ല, ഭക്ഷണം വീട്ടിലേതു മതി എന്നു കരുതുന്ന കൂട്ടത്തിലോ? ആദ്യത്തെ കാര്യം വിചാരിച്ചുപോകുമ്പോള്‍, ഈശ്വരാ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്ന് വിചാരിക്കേണ്ടി വരാറുണ്ടോ? രണ്ടാമത്‌ പറഞ്ഞത്‌പോലെ വീട്ടില്‍ നിന്നു കെട്ടിക്കൊണ്ടുപോയപ്പോള്‍ എത്ര നന്നായി എന്നും തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ടോ?

പണ്ട്‌, സ്കൂളിലേക്ക്‌, ഉച്ചയ്ക്കത്തെ ചോറും പൊതിയും കെട്ടിക്കൊണ്ട്‌ പോകും. ഇപ്പോള്‍, ഭക്ഷണപ്പാത്രങ്ങള്‍ വെക്കാന്‍ തന്നെ ഒരു ബാഗുണ്ട്‌. ഊണിനുമുമ്പ്‌ കഴിക്കാനുള്ളതും, ഊണിന്റെ സമയത്ത്‌ കഴിക്കാനുള്ളതും കുടിക്കാനുള്ള വെള്ളവും ഒക്കെ കെട്ടിക്കൊണ്ടുപോകണം. ഈ രോഗകാലത്ത്‌, ഒരുകണക്കിനു നല്ലതു തന്നെ. നെല്ലിക്കയും തിന്ന് സ്കൂള്‍ കിണറിലെ വെള്ളം കോരി കൈക്കുമ്പിളാക്കി കുടിച്ചിരുന്നത്‌ മറക്കാനാവില്ല. ഇപ്പോ, സ്കൂളിലെ വെള്ളമൊന്നും കുടിക്കരുത്‌, വെള്ളം തീര്‍ന്നാല്‍ വീട്ടില്‍ വന്നിട്ട്‌ കുടിച്ചാല്‍ മതി എന്നു പറഞ്ഞയയ്ക്കും.

ദീര്‍ഘയാത്രയാണെങ്കില്‍, എന്തെങ്കിലും കെട്ടിക്കൊണ്ടുപോകുന്നതാണു സൌകര്യമുണ്ടെങ്കില്‍ നല്ലത്‌. കാരണം, തിരിച്ചെത്തുമ്പോഴേക്കും, പല തവണ വീട്ടില്‍ നിന്നല്ലാത്ത ഭക്ഷണം കഴിക്കേണ്ടി വരും. ദൂരയാത്ര പോവുമ്പോള്‍, ഭക്ഷണസമയമാവുമ്പോള്‍ സഹയാത്രികരെയൊക്കെ ഒന്ന് വീക്ഷിക്കും ഞാന്‍. ആരാണിപ്പോള്‍, വീട്ടില്‍ നിന്നു കൊണ്ടുവന്നിട്ടുള്ള ഭക്ഷണപ്പൊതി തുറക്കുന്നതെന്ന്. ആ പൊതി തുറക്കുമ്പോള്‍, ഒരു പ്രത്യേകമണം ഉണ്ടാവും. വീടിന്റെ മണം. ഞങ്ങള്‍, ഭക്ഷണം കൊണ്ടുപോവുകയാണെങ്കില്‍, ആ പൊതിയഴിച്ച്‌, വാട്ടിപ്പൊതിഞ്ഞ ഇലയിലെ ചോറു കാണുമ്പോള്‍ത്തന്നെ, വീട്ടിലിരിക്കുന്നത് പോലെ തോന്നും, അല്‍പനേരമെങ്കിലും.

എവിടെനിന്നും, കിട്ടുന്നത്‌ കഴിച്ചാല്‍ മതി, വിശക്കുമ്പോള്‍ ഭക്ഷണം കിട്ടിയാല്‍ മതി എന്നുവിചാരിക്കുന്നവര്‍ ഉണ്ടാവും. നല്ലതുതന്നെ. ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട. നിവൃത്തികേടുകൊണ്ട്‌, അങ്ങനെയൊരു ശീലം ഉള്ളവരും ഉണ്ടാവും. പക്ഷെ, അല്‍പ്പം, സ്വാദ്‌ മാറി ഭക്ഷണം കഴിക്കേണ്ടിവന്നാല്‍ അസ്വസ്ഥതയുള്ളവര്‍ ഉണ്ടാവും. അവര്‍ക്കാണ്‌ യാത്രകള്‍ പ്രശ്നം ആവുന്നത്‌. അവര്‍ ആരോടെങ്കിലും യാത്രയുടെ കാര്യം പറയുമ്പോള്‍, ഭക്ഷണത്തിന്റെ കാര്യം എടുത്തുപറയും. ചിലര്‍, ദൂരയാത്ര എന്നു കേള്‍ക്കുമ്പോള്‍ ചോദിക്കുന്നതുതന്നെ ഭക്ഷണത്തിന്റെ കാര്യമാണ്. വെള്ളം പോലും എടുക്കാതെ പോയി വന്ന് അസുഖം പിടിച്ച്‌ കിടപ്പിലായവര്‍ പറയുന്നതുകേട്ടാല്‍, നമ്മള്‍, ഭക്ഷണക്കാര്യമോര്‍ത്ത്‌ യാത്രയേ വേണ്ടെന്ന് വയ്ക്കും. ഒറ്റയ്ക്ക്‌ പോകുന്നവര്‍ക്ക്‌, ഇതിലൊക്കെ എന്താണിത്ര പറയാന്‍ എന്നൊരു തോന്നല്‍ ഉണ്ടാവും. പക്ഷെ, കുട്ടികളേയും, ഭക്ഷണക്കാര്യത്തില്‍ അധികം ശ്രദ്ധിക്കേണ്ടവരേയുംകൂടെ കൂട്ടി ഒരു യാത്ര നടത്തി നോക്കൂ. അപ്പോഴറിയും വിവരം. ഇപ്പോള്‍, മിക്കവാറും പേര്‍, പുറത്ത്‌ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, കുടിവെള്ളവും എടുത്താണു പോകുന്നത്‌. കല്യാണത്തിനായാലും, പാര്‍ട്ടിക്കായാലും, സിനിമാഹാളിലേക്കായാലും, എവിടേക്കായാലും.

യാത്രയില്‍ കുടുംബമായിട്ട്‌ പോകുന്നവര്‍ മിക്കവാറും, ഭക്ഷണം കൊണ്ടുപോകും. ലാഭം നോക്കിയാലും, ആരോഗ്യം നോക്കിയാലും അതു തന്നെ നല്ലത്‌. അതും ഇതും വാങ്ങിക്കഴിച്ച്‌ വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും അസുഖമായാല്‍, കാണാന്‍ പുറപ്പെട്ട കാഴ്ചകളൊന്നും കാണില്ലെന്ന് മാത്രമല്ല, കൂടെ ഉള്ളവര്‍ക്കും വിഷമം ആവും. ഞങ്ങള്‍, കൂട്ടുകാരുമൊത്ത്‌ പോയ യാത്രകളിലൊക്കെ ഭക്ഷണവും പൊതിഞ്ഞ്‌ പോയിരുന്നു. ചിലപ്പോള്‍ ഒരുമിച്ച്‌ ഓര്‍ഡര്‍ ചെയ്ത്‌, അല്ലെങ്കില്‍ ഓരോരുത്തര്‍ അവരുടെ വീതം. ഓരോ സ്ഥലത്തും വാഹനം നിര്‍ത്തി, കഴിച്ച്‌, സമാധാനമായി പോയി വരുമായിരുന്നു. വീട്ടിലെ, അല്ലെങ്കില്‍, വീട്ടിലെപ്പോലെയുള്ള ഭക്ഷണം ആയതുകൊണ്ട്‌, വന്ന് കിടപ്പിലാവേണ്ടിവരാറില്ല. കുട്ടികളേയും കൂട്ടി പോകുമ്പോള്‍, പരിപാടി ഒക്കെ തെറ്റാറില്ലേ? അവര്‍ക്ക്‌, പായ്ക്കറ്റില്‍ കിട്ടുന്നതും, കളറുള്ള വെള്ളവും മതി. കടയ്ക്ക്‌ മുന്നിലെത്തുമ്പോള്‍, ചൂണ്ടിക്കാണിച്ച്‌ അതുമതി എന്നു പറയാറില്ലേ? വീട്ടില്‍ വന്നതിനുശേഷമാവും കുഴപ്പം മനസ്സിലാവുക. വയറുവേദന, പനി.

പുറത്തിറങ്ങിയാല്‍ ഭക്ഷണം കഴിക്കാത്തവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു കൂട്ടുകാരി പറഞ്ഞു, ഒരാളെപ്പറ്റി. ഒന്നും കഴിക്കാതെയല്ല. പഴങ്ങള്‍ മാത്രമേ കഴിക്കുകയുള്ളൂ എന്ന്. വിദേശരാജ്യങ്ങളില്‍ പോയിട്ട്‌, എന്തൊക്കെയോ ഭക്ഷണം കണ്ടിട്ട്‌ പരിഭ്രമിച്ചവരെക്കുറിച്ച്‌ വായിച്ചിട്ടുണ്ട്‌. നമ്മള്‍ അറയ്ക്കുന്ന വസ്തുക്കള്‍ തിന്നുന്നവരെയൊക്കെ ടി. വി. യില്‍ കാണിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.

ഓരോ കാലത്തിനു അനുസരിച്ച്‌, ഭക്ഷണം കഴിച്ചാല്‍, അസുഖം വരാതെ നോക്കാം എന്ന് വിദഗ്ദ്ധന്മാര്‍ പറയും. ഒരു ചെവിയില്‍ കൂടെ കേട്ട്‌, മറു ചെവിയില്‍ കൂടെ വിട്ട്‌, കിട്ടുന്നതെല്ലാം വലിച്ചുവാരിത്തിന്ന് നമ്മളിരിക്കും. എണ്ണ തൊടരുത്‌ എന്ന് പറഞ്ഞാല്‍ നമ്മള്‍ എണ്ണ തൊടുകയേ ഇല്ല. തലയിലും മേലും എണ്ണ തേക്കാതെ, എണ്ണപ്പലഹാരങ്ങള്‍ സ്പൂണുകൊണ്ട്‌ തിന്ന് നമ്മള്‍ സന്തോഷമായി ഇരിക്കും. പപ്പടം എണ്ണയില്‍ വറുത്ത്‌ കഴിക്കരുതെന്നു പറഞ്ഞാല്‍, ചുട്ടെടുക്കുന്ന പപ്പടം കൊണ്ട്‌ കാന്‍സര്‍ ഉണ്ടാവാം, ഉണ്ടാവുമോ, ഉണ്ടായേക്കാം എന്ന് പണ്ടെങ്ങോ എവിടെയോ വന്ന, നിറം മങ്ങിയ കടലാസ്‌, പൊന്നുപോലെ സൂക്ഷിച്ചുവെച്ചത്‌ എടുത്തുകൊണ്ടുവന്ന് കാണിക്കും. യാത്രയ്ക്കിടയില്‍, വാഹനത്തില്‍ നിന്ന് വാങ്ങില്ല എന്ന് പറഞ്ഞ്‌ കടും പിടിത്തത്തില്‍ ഇരിക്കുന്ന നമ്മള്‍, സാരമില്ല, ഇതൊക്കെ വീട്ടിലുണ്ടാക്കിയതാവുമല്ലോ, വില്‍ക്കുന്നയാളുടെ, എന്നും പറഞ്ഞ്‌ ഇറങ്ങിപ്പോകാന്‍ നേരം ആയിട്ടുണ്ടെങ്കിലും, അത്‌ വാങ്ങും. അസുഖം വരാതിരുന്നാല്‍ രക്ഷപ്പെട്ടു എന്നു വിചാരിച്ചാല്‍ മതി. ട്രെയിന്‍, ബസ്‌ യാത്ര പോകുമ്പോള്‍, എന്തൊക്കെ കെട്ടിക്കൊണ്ടുപോകണം, ഭക്ഷണമെങ്കിലും ഒഴിവാക്കിയേക്കാം എന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ്‌ നിങ്ങളെങ്കില്‍ മറിച്ച്‌ ചിന്തിക്കാന്‍ സമയമായി. വേറെ ഒന്നും കെട്ടിക്കൊണ്ടുപോയില്ലെങ്കിലും, കഴിയുന്നത്ര നേരത്തേക്ക്‌, കഴിക്കാനും കുടിക്കാനും ഉള്ളതൊക്കെ കെട്ടിപ്പൊതിഞ്ഞെടുക്കുക. പല രോഗങ്ങളും വെള്ളത്തില്‍ക്കൂടെ വരുന്നതാണ്‌.

നിങ്ങള്‍ ദൂരേയ്ക്ക്‌ പോകുമ്പോള്‍, അവിടെ ഒന്നും കിട്ടില്ലെന്ന് കരുതിയല്ലല്ലോ, വീട്ടില്‍ നിന്നു പൊതിഞ്ഞുതരുന്നത്‌. അച്ചാറും, പപ്പടവും, വറ്റലുകളും ഒക്കെ, വേറെ എന്തൊക്കെയുണ്ടെങ്കിലും പെട്ടിയില്‍ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടുതന്നെ. ദൂരെയെത്തി, പെട്ടിയൊക്കെ തുറന്ന്, അതൊക്കെ എടുത്ത്‌ വയ്ക്കുമ്പോള്‍, നിങ്ങള്‍ക്ക്‌ തോന്നാറില്ലേ, ഭക്ഷണം വീട്ടിലേത്‌ തന്നെ നല്ലതെന്ന്. അതിലുള്ള സ്നേഹം വേറെ എവിടെയെങ്കിലും ഉണ്ടാവുമോ?

വിദേശത്തൊക്കെ പോയി വന്നിട്ട്, അവിടുത്തെ രീതികള്‍ എഴുതാം. ഹിഹിഹി.

നല്ല ഭക്ഷണം കഴിക്കുക. ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.

മുകളിലെഴുതിയതൊക്കെ, ഭക്ഷണം കിട്ടുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കും ബാധകം.

ഭക്ഷണം കിട്ടാത്തവരെക്കുറിച്ചെഴുതാന്‍ ഒരു ബ്ലോഗ് പോസ്റ്റ് മതിയാവുമോ?

Labels: , ,

Monday, August 06, 2007

പ്രിയപ്പെട്ട ദൈവമേ

പ്രിയപ്പെട്ട ദൈവത്തിന്,

എനിക്കു കത്തയക്കാനും നിനക്ക്‌ സമയം കിട്ടിയതില്‍ നന്ദി എന്നല്ലേ ഈ കത്ത്‌ കണ്ടപ്പോള്‍ ആ മനസ്സ്‌ പറയുന്നത്‌? എല്ലാം വായിച്ചിട്ട്‌ ഒടുവില്‍ പറഞ്ഞാല്‍ മതി. തിരക്കില്ല.

വലിയ സമയം ഒന്നും ഉണ്ടായിട്ടല്ല എഴുതാമെന്നുവെച്ചത്‌. നന്ദികേടുകാണിക്കുന്ന സ്വഭാവം എനിക്കില്ല. അതുകൊണ്ടാ. ഇങ്ങോട്ട്‌ പറഞ്ഞയച്ച്‌ ഇത്രേം കാലം, ഇവിടെയിട്ടതിനു നന്ദി.

കേരളത്തില്‍ത്തന്നെ ജനിച്ചത്‌ നന്നായി. പച്ചപ്പ്‌, മഴ, ഇതൊക്കെയുള്ളിടത്തല്ല ഞാന്‍ ജനിച്ചതെങ്കില്‍, നമ്മളു രണ്ടും പണ്ടേ തെറ്റിയേനെ. ഇപ്പോഴും അല്‍പ്പം തെറ്റുണ്ട്‌. എന്നാലും അഡ്ജസ്റ്റ്‌ ചെയ്തോളാം.

ഇവിടെ സുഖം തന്നെ. അവിടേയും അങ്ങനെ എന്നു കരുതുന്നു, എന്ന പഴഞ്ചന്‍ വാചകം മാറ്റേണ്ട സമയം ആയി. ഇവിടെ സുഖമില്ല, അതുകൊണ്ട്‌ അവിടെ സ്വൈരവുമില്ലെന്നു കരുതുന്നു എന്നു വേണമെങ്കില്‍ പറയാം. ഇങ്ങനെ ആള്‍ക്കാരോട്‌ മുഴുവന്‍, കൈക്കൂലിയും വാങ്ങി, നേരെ ചൊവ്വേ കാര്യങ്ങള്‍ നടത്തിക്കൊടുക്കാതെ സദാസമയം പുഞ്ചിരിച്ചുംകൊണ്ടിരിക്കാന്‍ എങ്ങനെ കഴിയുന്നു? പുഞ്ചിരി ടാറ്റൂ ഒട്ടിച്ചുവെച്ചതാണോ? അവിടെ ഉണ്ടെങ്കില്‍ ഒന്നെനിക്കും അയച്ചുതരണം. വി. പി. പി ആയിട്ടൊന്നും വേണ്ട. ഫ്രീ ആണെങ്കില്‍ മതി. ഒരു കാര്യം പറഞ്ഞേക്കാം. എല്ലാവരോടും കാണിക്കയും വാങ്ങി ഒന്നും ചെയ്യാതെ ഇരുന്നാല്‍, എല്ലാവരുംകൂടെ അവിടെ എത്തി, കാര്യം നടത്താന്‍ തന്നതൊക്കെ തിരിച്ചെടുത്താല്‍, മക്കളെ സ്വാശ്രയകോളേജില്‍ ചേര്‍ത്ത രക്ഷിതാവിനെപ്പോലെ അങ്ങും പാപ്പരായിപ്പോകും.

ഈ നാടിന്റെ പേരു ഞാന്‍ മാറ്റും. ചെകുത്താനു കൊടുത്താലോ ആ പദവി എന്നു വിചാരിക്കുന്നു. അവിടെ എന്താണൊരു കുറവ്‌, ചിക്കുന്‍ ഗുനിയ ഇല്ലേ?, തക്കാളിപ്പനി ഇല്ലേ?, കൊതുകില്ലേ, മാലിന്യമില്ലേന്ന് ചോദിക്കരുത്‌. ഇതൊക്കെ ഒന്നുവേഗം തിരിച്ചെടുക്കണം. ഞങ്ങള്‍ക്കുവേണ്ട. മനുഷ്യരെപ്പറ്റിക്കാന്‍ ആണ്‌ ഇതെങ്കില്‍ വെറുതേയാണ്‌. ഇതൊക്കെ ഉണ്ടായിട്ടും ആരെങ്കിലും സീരിയല്‍ കാണാതെ ഇരിക്കുന്നുണ്ടോ? ഹര്‍ത്താല്‍ നടത്താതെ ഇരിക്കുന്നുണ്ടോ?

സ്വന്തം നാടിനെ ഇങ്ങനെ വിട്ടാല്‍, ദൈവമേ, അങ്ങും, രാഷ്ട്രീയക്കാരും തമ്മില്‍ എന്തുവ്യത്യാസം? സ്വാതന്ത്ര്യദിനം വരുന്നുണ്ട്‌. സ്വാതന്ത്ര്യദീനം എന്നാവും ആ ദിവസത്തിനു ഇനി മുതല്‍ പേരു കൊടുക്കാന്‍ പോകുന്നത്‌. ദീനങ്ങള്‍ സ്വതന്ത്രമായിട്ട്‌ വിഹരിക്കുന്നു.

മാലിന്യം കൂടിയിട്ട്‌ കൊതുകുകൂടുന്നെന്നും, കൊതുക്‌ കൂടുമ്പോള്‍ ചിക്കുന്‍ ഗുനിയ വരുന്നെന്നും, ചിക്കുന്‍ ഗുനിയ വരുമ്പോള്‍ മനുഷ്യര്‍ വൃത്തിയില്‍ ശ്രദ്ധിക്കാതെ പരിഭ്രമിച്ച്‌ പിന്നേം മാലിന്യം കൂടുന്നു എന്നൊക്കെയുള്ള ചാക്രിക തിയറി (ഇതിന്റെ അര്‍ത്ഥം എന്നോട്‌ ചോദിക്കരുത്‌) എന്നോട്‌ പറയരുത്‌. പിന്നെ, കൊതുകുണ്ടെങ്കില്‍ അത്രേം നല്ലത്‌. ചാറ്റ്‌ ചെയ്യുമ്പോള്‍ ബിസി എന്നിട്ടുവെക്കാമല്ലോ. കൊതുകിനെ അടിച്ചും പിടിച്ചും, സമയം തിരക്കിലാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാവുമോ?

മാവേലി വരാന്‍ തയ്യാറെടുപ്പ്‌ തുടങ്ങിക്കാണുമല്ലോ. അദ്ദേഹം കത്തയച്ചാല്‍ മുന്നറിയിപ്പ്‌ കൊടുക്കുക. വരുന്നതിനുമുമ്പ്‌, ഹെല്‍മെറ്റ്‌, പടച്ചട്ട(കൊതുകുകേറാത്തത്‌) എന്നിവ കൂടെ കരുതാന്‍ പറയണം. അല്ലെങ്കില്‍ കുമ്പയും തടവി, ജനറല്‍ ബോഡിയും കാണിച്ച്‌, കുടയും ചൂടി വന്നാല്‍, അടുത്ത ഓണത്തിനു ഞങ്ങള്‍ ഡ്യൂപ്പിനെ ഇറക്കേണ്ടിവരും.

ഒരു കാര്യം ഉണ്ടായി എന്തായാലും. ഓണത്തിനു സ്പെഷല്‍സ്‌ ഉണ്ടാക്കുമ്പോള്‍ എന്തു പേരിടും എന്നെനിക്ക്‌ കണ്‍ഫ്യൂഷന്‍ ഇല്ല. ചിക്കുന്‍ ഗുനിയയെന്നത് മുന്നില്‍ നിര്‍ത്തും. അതിനാണല്ലോ ഡിമാന്‍ഡ്‌. കുട്ടികളെ ഉറക്കുന്നതുപോലും ചിക്കുന്‍ ഗുനിയ വന്നു പിടിക്കും എന്ന് പറഞ്ഞാണ്‌. കള്ളിയങ്കാട്ട്‌ നീലിയും, കായംകുളം കൊച്ചുണ്ണിയും ഒക്കെ ഔട്ട്‌ ആയി. അവരുടെയൊക്കെ പേരുപറയുമ്പോള്‍, കുട്ടികള്‍ ചോദിക്കും, അപ്പോള്‍ ചിക്കുന്‍ ഗുനിയയോ എന്ന്. അവര്‍ക്ക്‌ ചിക്കുന്‍ ഗുനിയ കഥ മതി. പണ്ട് പണ്ടൊരു രാജ്യത്ത്‌, ഒരു ചിക്കുന്‍ ഗുനിയ ഉണ്ടായിരുന്നു എന്നു തുടങ്ങിയാല്‍ അവര്‍ക്ക്‌ അത്രേം സന്തോഷം.

ഇനീം കുറേ പറയാനുണ്ട്‌. കുറ്റങ്ങള്‍. ഇതൊരു ചിക്കുന്‍ ഗുനിയ എപ്പിസോഡ്‌ ആണെന്നു കരുതിയാല്‍ മതി.

കാലനോട്‌ എന്റെ അന്വേഷണം പറയണം. ഈ വഴിക്കെങ്ങാന്‍ വന്നാല്‍...ഓര്‍മ്മയുണ്ടല്ലോ...ചിക്കുന്‍ ഗുനിയ? ഉം...അതു പ്രത്യേകം പറയണം. അല്ലെങ്കില്‍ എന്റെ ബ്ലോഗുണ്ട്‌.

പിന്നെ, താങ്ക്‌ യൂ വെരി മച്ച്‌. ഒരു ആഗസ്റ്റ്‌ കൂടെ തന്നതിന്. ഒരു സ്വാതന്ത്ര്യദിനം കൂടെ തരാന്‍ പോകുന്നതിന്. ഇങ്ങനെ ഒരുപാട്‌ സ്വാതന്ത്ര്യദിനങ്ങള്‍ സന്തോഷത്തോടെ ഇനിയും തരണം.

ഇനി അടുത്ത കത്തില്‍ ഒക്കെ എഴുതാം. ഇപ്പോള്‍ തീരെ സമയമില്ല. വിഷം കൈയ്യിലെടുത്തുനില്‍ക്കുന്ന നായികയുടെ ക്ലോസപ്പിലാണ്‌, വെള്ളിയാഴ്ച, സീരിയല്‍ തീര്‍ന്നത്‌. തിങ്കളാഴ്ച ആയിക്കിട്ടാന്‍ പെടുന്ന പാട്‌ വല്ലതും ദൈവത്തിനറിയാമോ.

അടുത്ത കത്തില്‍ അടുത്ത കത്തി.

എന്ന് ഭയഭക്തിബഹുമാനങ്ങളോടെ

സ്വന്തം സു.

Labels: ,

Friday, August 03, 2007

ചിരിയും കരച്ചിലും

ഒരു കരച്ചിലിനൊരു ചിരിയെന്ന് അറിവുള്ളവര്‍ പറഞ്ഞു തന്നു.
ഒരു ജന്മം മുഴുവന്‍ കരയേണ്ടി വന്നപ്പോള്‍,
അടുത്ത ജന്മത്തിലെ ചിരി സ്വപ്നം കണ്ടു.
അടുത്ത ജന്മം ചിരി തന്നെയായി.
ഞാനൊരു കോമാളിയായി.
ചിരിച്ചും ചിരിപ്പിച്ചും കഴിഞ്ഞു.
ഉള്ളിലെ കരച്ചിലിനെക്കുറിച്ച് പറയാനവര്‍ മറന്നുപോയിരുന്നത്രേ.

Labels: