Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, November 29, 2006

കൊച്ചുകാര്യങ്ങള്‍

1) കണ്ണ്‌

രണ്ട്‌ കണ്ണും, മുകളിലൊരു കണ്ണടയും വെച്ച്‌ കാഴ്ച തേടി നടക്കുന്ന മനുഷ്യരുടെ ഉള്‍ക്കണ്ണ്‌ തെളിയാത്തതില്‍ ദൈവം പരിതപിച്ചു.



2)വേദന

പുഴയുടെ ഒഴുക്കിനെ തടയാന്‍ മനുഷ്യര്‍ തീരുമാനമെടുത്തപ്പോള്‍, വര്‍ഷങ്ങളായി പുഴയിലിരുന്ന് രൂപാന്തരം കൊള്ളുന്ന കല്ലുകള്‍ക്ക്‌ വേദനിച്ചു.


3) വഴി

ഒരിടത്ത്‌ തന്നെ നീണ്ട്‌ നിവര്‍ന്ന് കിടന്ന് ബോറടിച്ചപ്പോള്‍ ഒന്ന് മാറിക്കിടന്നേക്കാമെന്ന് വഴി കരുതിയിട്ടും, യാത്രക്കാര്‍, അതിലൂടെ തന്നെ കടന്നുപോയി. അവര്‍ക്ക്‌ ബോറടിക്കാന്‍ സമയമില്ലായിരുന്നു.


4) വാണിജ്യം

പരസ്യബ്രേക്ക്‌ ആവശ്യപ്പെട്ട്‌ സ്വപ്നങ്ങള്‍ പോലും വാണിജ്യവത്കരിക്കാന്‍ തുടങ്ങുന്ന മനുഷ്യരെ ഓര്‍ത്ത്‌ ദൈവം ഞെട്ടി.



5) ഗതികേട്

പഴകിയ പാദസരം ഓര്‍ത്ത്‌ മനസ്സ്‌ വേദനിച്ചപ്പോള്‍, കാലില്ലാത്തവരെ കാണേണ്ടി വന്ന ഗതികേടില്‍ കണ്ണ്‌‍ വിഷമിച്ചു.

Monday, November 27, 2006

പാവം ദേവസ്സിച്ചേട്ടന്‍

ദേവസ്സിച്ചേട്ടന്‍, പതിവുപോലെ സൂര്യനെ വെല്ലുവിളിച്ചുകൊണ്ട്‌, പത്രം, സൂര്യനുനേര്‍ക്ക്‌ പിടിച്ചിരുന്നു. കാഴ്ച മങ്ങുമെങ്കിലും, വാര്‍ത്തകളൊക്കെ കാടിവെള്ളത്തിന്റെ അവസാനത്തുള്ളിയും നക്കിക്കുടിയ്ക്കുന്ന പശുവിന്റെ അതേ ഉഷാറോടെ ദേവസ്സിച്ചേട്ടനും വായിക്കണം. വായിച്ച്‌ വായിച്ച്‌ വിവരം വന്ന് തുടങ്ങിയപ്പോഴാണ് തയ്യല്‍ക്കാരന്‍ പീതാംബരന്‍, ഇടവഴിയില്‍ക്കൂടെ പോകുന്നത്‌ ദേവസ്സിച്ചേട്ടന്‍ കണ്ടത്‌. “പീതാംബരാ ഇന്നെന്തുണ്ട്‌ വിശേഷം?”

പീതാംബരന്റെ മുഖത്തിനു നല്ല ചുമപ്പുണ്ട്‌. ഇടിക്കുളച്ചേട്ടന്റെ, ഭാര്യയുടെ ബ്ലൌസിന്റെ അളവിത്തിരി കുറഞ്ഞുപോയതുകാരണം, പീതാംബരന് കുറച്ചധികം തന്നെ കിട്ടി. അതിന്റെ ഒരു ദേഷ്യം ഉണ്ട്‌.

"എന്ത്‌ വിശേഷം? എല്ലാം പതിവുപോലെത്തന്നെ."പതിവില്ലാത്ത ആ പറച്ചിലില്‍ ദേവസ്സിച്ചേട്ടന് എന്തോ ഒരു കുഴപ്പം തോന്നി. ദേവസ്സിച്ചേട്ടന്‍ പിന്നേം പത്രവുമായി സ്നേഹത്തിലാവുകയും, പീതാംബരന്‍ വായ വിട്ട വാക്ക്‌ പോലെ പറന്നുപോവുകയും ചെയ്തു.

ദേവസ്സിച്ചേട്ടനു ഇരുപ്പറച്ചില്ല. എണീറ്റ്‌ റെഡിയായി.

"ഞാനൊന്ന് കവലയില്‍ പോയി വരാം.” എന്ന് അകത്തേക്ക്‌ നോക്കി വിളിച്ചുപറയുകയും, ആ ശബ്ദത്തിനു ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട്‌ ഇറങ്ങിനടക്കുകയും ചെയ്തു. കേട്ടാലൊരു നൂറു ജോലിയുണ്ടാകും എടുപ്പിക്കാന്‍.

ദേവസ്സിച്ചേട്ടന്‍ നടന്ന് നടന്ന് കവലയില്‍ എത്തിയപ്പോഴാണ്‌‍ പുതിയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിന്റെ മുന്നില്‍ ഒരു ആള്‍ക്കൂട്ടം. പരിചയക്കാര്‍ മുഴുവനും ഉണ്ട്‌. അന്വേഷിച്ചപ്പോഴാണ്‌‍ അറിഞ്ഞത്‌, റോഡിനരികിലുള്ള വൃക്ഷത്തില്‍ നിന്ന് ഇല കൊഴിഞ്ഞ്‌ സ്കൂളിലുണ്ടാക്കിയ കിണറില്‍ ഇല വീണ്‌‍ ചീയുന്നെന്ന്. സ്കൂള്‍ രണ്ടുമൂന്ന് ദിവസം അവധി ആയതിനാല്‍ സ്കൂളില്‍ അല്ലറ ചില്ലറ ജോലികള്‍ ചെയ്യുന്ന ലീലയാണ്‌ പറഞ്ഞത്‌.

കൂട്ടംകൂടി നിന്ന് ആലോചനയും, ചര്‍ച്ചയും മുറുകി. പഞ്ചായത്ത്‌ ആപ്പീസിലേക്ക്‌ എല്ലാവരും കൂടെ പരാതി ബോധിപ്പിക്കാന്‍ ചെല്ലാന്‍ തീര്‍ച്ചയാക്കി. സ്കൂളിലുള്ള ഉത്തരവാദിത്തമുള്ള ആരെങ്കിലും വന്നിട്ട്‌ പോരേന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും പലരും അനുകൂലിച്ചില്ല. ദേവസ്സിച്ചേട്ടനും അവരുടെ കൂട്ടത്തില്‍ വെച്ചുപിടിച്ചു. സമരവും വഴക്കും, തീരുമാനിക്കാമെന്നുള്ള പഞ്ചായത്ത്‌ ഓഫീസുകാരുടെ തീരുമാനമറിയിക്കലും, ഒക്കെക്കഴിഞ്ഞാണു ദേവസ്സിച്ചേട്ടനു വീടിനെപ്പറ്റി ബോധം വന്നത്‌. ദേവസ്സിച്ചേട്ടന്റെ ആരും പഠിക്കുന്നില്ല സ്കൂളില്‍. ബന്ധുക്കള്‍ പോലും. എന്നിട്ടും ദേവസ്സിച്ചേട്ടന്‍, സമരത്തിലും വഴക്കിലും ഒക്കെ ഉഷാറായി പങ്കുകൊണ്ടു. അല്ലെങ്കിലും എങ്ങനെയാ നാട്ടില്‍ ഒരു പ്രശ്നം വരുമ്പോള്‍ ദേവസ്സിച്ചേട്ടന്‍ മാത്രം മാറി നില്‍ക്കുക. ഒന്നുമില്ലെങ്കിലും നാട്ടുകാരെന്ത്‌ വിചാരിക്കും?

അങ്ങനെ, ദേവസ്സിച്ചേട്ടന്‍, വീട്ടിലെത്തുമ്പോള്‍ ഒരു നേരമായി. ഉമ്മറപ്പടിയില്‍ ഇരിക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ ദേവസ്സിച്ചേട്ടനു എന്തോ പന്തികേട്‌ തോന്നി.

"നിങ്ങളിതെവിടെപ്പോയി കിടക്കുകയായിരുന്നു" എന്ന് കേള്‍ക്കുകയും ചെയ്തപ്പോള്‍ കുഴപ്പ് തന്നെ എന്ന് ‌ ദേവസ്സിച്ചേട്ടനു തോന്നി.

"എന്താ?"

“ചെന്നു നോക്കീന്‍ അങ്ങോട്ട്” എന്ന് പറഞ്ഞ്‌ വീടിന്റെ പിന്‍വശത്തേക്ക്‌ കൈചൂണ്ടി ഭാര്യ മുഖം കനപ്പിച്ചു.


ചെന്ന് നോക്കിയപ്പോള്‍ ദേവസ്സിച്ചേട്ടന്‍ ശരിക്കും ഞെട്ടിപ്പോയി. പണ്ടെങ്ങോ മിന്നലടിച്ച്‌ തല പോയ തെങ്ങ്‌ നിന്നിരുന്നത്‌, പണ്ട്‌ പശു ഉണ്ടായിരുന്നപ്പോള്‍ കെട്ടിയ ആലയുടെ മുകളിലേക്ക്‌ വീണുകിടക്കുന്നു. അങ്ങോട്ട്‌ ചെരിയേണ്ടത്‌ കുറച്ചുകൂടെ സൈഡ്‌ മാറി വീണിരുന്നെങ്കില്‍, തന്റെ വീട്ടിനു മുകളില്‍ ആയിരുന്നെങ്കില്‍ എന്ന് ദേവസ്സിച്ചേട്ടന്‍ ഞെട്ടലോടെ ഓര്‍ത്തു. അത്‌ മുറിപ്പിക്കണം മുറിപ്പിക്കണംന്ന് ഭാര്യ പറയുമ്പോള്‍, നോക്കാം നോക്കാം എന്ന് പല്ലവി പാടിയ ദേവസ്സിച്ചേട്ടനാണ്‌‍, സ്കൂളിലെ കിണറ്റിലേക്ക്‌, ഇല വീഴുന്നത്‌ തടയാനുള്ള പ്രക്ഷോഭത്തില്‍ പങ്ക്‌ കൊണ്ടത്‌.

കഷ്ടം!

മൂന്നു നാലു ദിവസം കഴിഞ്ഞപ്പോള്‍ സ്കൂള്‍ തുറക്കുകയും, എവിടെയോ പോയിരുന്ന, അതിന്റെ മാനേജര്‍ വന്ന്, കിണറിനു വലകെട്ടിക്കുകയും ചെയ്തു എന്നറിഞ്ഞപ്പോള്‍ ദേവസ്സിച്ചേട്ടന്‍ അയ്യടാന്നായി.

പോരാത്തതിന്‌ തകര്‍ന്നു പോയ ആലയോട്‌ നാട്ടുകാര്‍ക്കുള്ള സഹതാപവും കൂടെ ആയപ്പോള്‍ ദേവസ്സിച്ചേട്ടന്‍, വീട്ടിലെ ആനക്കാര്യം വിട്ട്‌ നാട്ടിലെ ചേനക്കാര്യം നോക്കി ആളാവാന്‍ പോയതില്‍ പരിതപിച്ചു. ദേവസ്സിച്ചേട്ടനു അതുകൊണ്ടൊരു ഗുണമുണ്ടായി കേട്ടോ.

ഒരു പഴംചൊല്ലു പഠിച്ചു. നാട്ടുകാരിലാരോ പറഞ്ഞത്‌ കേട്ട്‌.

‘ചോറ്റില്‍ കിടക്കുന്ന കല്ലെടുത്തുണ്മാന്‍ വയ്യാ, ഗോപുരം കെട്ടാന്‍ കല്ലു ചുമക്കാം പോലും.’ എന്ന്.

Labels:

Saturday, November 25, 2006

മത്സരം

ഓണക്കാലമായിരുന്നു. ഓണക്കാലം വരുമ്പോള്‍, സര്‍ക്കസ്സുകാര്‍, ടെന്റ്‌ കെട്ടുന്നതുപോലെ, ഒരു പുരയൊക്കെ കെട്ടി, ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ് ‌ ക്ലബ്ബ്‌ തട്ടിക്കൂട്ടും. ഓണസ്സദ്യ കഴിയുന്നപോലെത്തന്നെ ഓണം കഴിഞ്ഞാല്‍ ക്ലബ്ബും തീരും.

ഞങ്ങളുടെ നാട്ടിലും അത്തവണ ഓണം ആഘോഷമായി കൊണ്ടാടാന്‍ തീരുമാനിച്ചു. തലമണ്ട പോയ ഒന്ന് രണ്ട്‌ തെങ്ങുകളും, തടി കുറയ്ക്കാനുള്ള പൊടി കഴിച്ചപോലെ നില്‍ക്കുന്ന കുറച്ച്‌ കവുങ്ങുകളും, മാത്രമുള്ള ഒരു പറമ്പില്‍ സ്റ്റേജ്‌ തട്ടിക്കൂട്ടി. അവിടെ ഡാന്‍സ്‌, പാട്ട്‌, ഒപ്പന തുടങ്ങിയ പരിപാടികള്‍. ബാക്കി, ഓട്ടം, ചാട്ടം, തവളച്ചാട്ടം, സൈക്കിളോട്ടം എന്നിവ റോഡിലും, നീന്തല്‍മത്സരം അമ്പലക്കുളത്തിലും തീരുമാനിച്ചു.

ആരെങ്കിലും തിന്നുന്നതുവരെ, പഞ്ചസാരവെള്ളത്തില്‍ കിടക്കുന്ന ജാമൂന്‍ പോലെ, വീട്ടില്‍ നിന്ന് ആരെങ്കിലും വിളിക്കാന്‍ വരുന്നതുവരെ വെള്ളത്തില്‍ക്കിടക്കുന്ന ഞാനും എന്റെ കൂട്ടുകാരും, നീന്തല്‍മത്സരത്തിനു പേരു കൊടുത്തു. ഏട്ടനും ഏച്ചിയും കുട്ടിക്കാലത്ത്‌ തന്നെ ജീവന്‍ പണയം വെച്ച്‌ (എന്റെ) നീന്തല്‍ പഠിപ്പിച്ചിരുന്നതുകൊണ്ട്‌ എനിക്കൊരു വെപ്രാളവും ഇല്ലായിരുന്നു. അതുകൊണ്ട്‌ തന്നെ പടം ഇറങ്ങുന്നതിന്റെ മുമ്പേ തന്നെ ചെലവാക്കിയ കാശ്‌, വിതരണക്കാരില്‍ നിന്ന് കിട്ടിയ നിര്‍മ്മാതാവിന്റെ കൂള്‍ മനോഭാവം ആയിരുന്നു എനിക്ക്‌. വേറെ വേറെ രാജ്യത്തെ മത്സരാര്‍ത്ഥികള്‍ അല്ലാത്തതിനാല്‍, യാതൊരു മത്സരമനോഭാവം ഇല്ലാത്തതിനാല്‍ കൂട്ടുകാരും ഞാനും ചേര്‍ന്ന്, സ്റ്റേജില്‍ നടക്കാന്‍ പോകുന്ന ഡാന്‍സ്‌, പാട്ട്‌ എന്നിവയെപ്പറ്റി ചിന്തിച്ച്‌ കഥ പറഞ്ഞു.

അവസാനം ആ ദിനം വന്നെത്തി. ഞങ്ങള്‍ 5 പേര്‍- ഒന്നെന്റെ കസിന്‍ ചേച്ചി- വെള്ളത്തിലിറങ്ങി. കോച്ചുകളൊന്നും ഇല്ലാത്തതുകൊണ്ട്‌ ആരും ചെവിയില്‍ ഓതിത്തരാന്‍ വന്നില്ല. കുളത്തിന്റെ ഇങ്ങേക്കരയ്ക്ക്‌ ഞങ്ങളും, അങ്ങേക്കരയ്ക്കും, ചുറ്റിലും, ഞങ്ങളുടെ നാട്ടുകാരും വീട്ടുകാരും. അങ്ങനെ പച്ചക്കൊടി വിസിലിന്റെ രൂപത്തില്‍ പാറിയതും ഞങ്ങള്‍ ചാടി. വല്ല ഓട്ടവും ചാട്ടവും ആയിരുന്നെങ്കില്‍ പ്രോത്സാഹനക്കയ്യടി കേട്ടാസ്വദിച്ച്‌ പോകാമായിരുന്നു എന്ന് ഞാനോര്‍ത്തു. ഇതില്‍ കൈയടി കേള്‍ക്കണമെങ്കില്‍ യോഗിയെപ്പോലെ വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കണം. അതും ചെയ്ത്‌ കയറിച്ചെന്നാല്‍ ചിലപ്പോള്‍ കൈയ്യടി മാത്രമല്ല, ഒറിജിനല്‍ അടിയും കിട്ടും. അതൊക്കെയോര്‍ത്ത്‌ ഒറ്റച്ചാട്ടത്തിനു ‍ വെള്ളത്തിലെത്താം, രണ്ട്‌ ചാട്ടത്തിനു കരയിലെത്തില്ല എന്ന പ്രപഞ്ചസത്യം മനസ്സില്‍ കണ്ടുകൊണ്ട്‌ നീന്തി.

നാടന്‍ നീന്തലായതുകൊണ്ട്‌ അതിനു പ്രത്യേകിച്ചൊരു ഭരണഘടനയില്ലായിരുന്നു. ട്രാക്കോ നിയമമോ ഒന്നും. അതുകൊണ്ട്‌ ആരാന്റെ വയലിലേക്ക്‌ അഴിച്ച്‌ വിട്ട പശുക്കളെപ്പോലെ, ഞങ്ങള്‍,‍ നിയന്ത്രണമില്ലാതെ, മുങ്ങിയും പൊങ്ങിയും വെച്ചുപിടിച്ചു.

ഞാനിങ്ങനെ, ഓരോ വാര്‍ഡിലും കയറിയിറങ്ങുന്ന രാഷ്ട്രീയനേതാവിനെപ്പോലെ മീനിനോടൊക്കെ ലോഗ്യം പറഞ്ഞാണ്‌‍ നീന്തല്‍. നാട്ടുകാര്‍, ഓണം കഴിഞ്ഞാല്‍, മാവേലി പോകുന്നപോലെ ഒരു പോക്കങ്ങു പോകും. മീനിനെയൊക്കെ എനിക്ക്‌ പിന്നേം കാണേണ്ടതല്ലേ.

അങ്ങനെ ആഞ്ഞ്‌ പിടിച്ച്‌ ഏകദേശം നടുവില്‍ എത്തിയപ്പോള്‍ എനിക്കൊരു തളര്‍ച്ച വന്നു. താണുപോയാല്‍ കൈപിടിച്ച്‌ ഉയര്‍ത്താന്‍ ഒരു ദില്‍വാലേ ദുല്‍ഹനിയ (അണ്ടനും അടകോടനും എന്ന് മലയാളം) പോലും ഇല്ലെന്നോര്‍ത്ത ഞാന്‍, ഇനിയിപ്പോ നീന്തിത്തന്നെ കയറണ്ടേയെന്നോര്‍ത്ത്‌, രാവിലെക്കഴിച്ചതും, ഇനി കഴിക്കാന്‍ പോകുന്നതും ആയ ഭക്ഷണങ്ങളോര്‍ത്തും, അനേകസംഖ്യം ആള്‍ക്കാരുടെ ഇടയിലേക്ക്‌ വിജയശ്രീലളിതശ്രീ ആയി പൊങ്ങുന്നതും ഓര്‍ത്ത്‌ പുഷ്‌- പുള്‍ ട്രെയിന്‍ പോലെ നീന്തി.

കുളത്തിനടിയിലും വിശ്രമകേന്ദ്രം ഉണ്ടായിരുന്നെങ്കില്‍ അല്‍പം വിശ്രമിച്ച്‌ ഒരു ചായയൊക്കെ കുടിച്ച്‌ നീന്തല്‍ തുടരാമായിരുന്നൂ... എന്നൊക്കെയുള്ള ഭയങ്കര ബുദ്ധിപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും, മത്സരത്തില്‍, പ്രത്യേകിച്ച്‌ വെള്ളത്തില്‍ ആമയാണ്‌ ജയിക്കുകയെന്ന് ആശ്വസിക്കുകയും ചെയ്തു. ഉത്തേജകമരുന്നായിട്ട്‌ കൂടെയുണ്ടായിരുന്നത്‌ ലാലേട്ടന്റെ ഓണച്ചിത്രം മാത്രം ആയിരുന്നു. ഒരു കുളത്തിനു നടുവില്‍, അതും ഒരു സാദാ നീന്തല്‍മത്സരത്തിനിടയ്ക്ക്‌, ലാലേട്ടന്റെ ഫാന്‍ തകര്‍ന്ന് പോകുന്നത്‌ ഓര്‍ത്തപ്പോള്‍ നീന്തലിനു ആക്കം കൂടി.

അവസാനം, നീന്തി നീന്തി അസംഖ്യം മിനുട്ടുകളുടെ വ്യത്യാസത്തില്‍, ‘ഞാന്‍ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍’ എന്ന തരത്തിലൊരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ ഫിനിഷ്‌ ചെയ്ത്‌ പൊന്തി. മൂന്നാം സ്ഥാനം എനിക്ക്‌ കിട്ടിയെന്നാണ്‌ ഓര്‍മ്മ. അന്നൊക്കെ വെറും പേപ്പറിലല്ലേ ഉള്ളൂ സ്ഥാനം. വല്ല സോപ്പുപെട്ടിയോ, കുപ്പിഗ്ലാസ്സോ ഒക്കെ കിട്ടിയാല്‍ അതായി. ഇന്നാണെങ്കില്‍ ടി വി ചാനല്‍ക്കാരുടെ ആധിക്യം മൂലം, അവസാനം ഫിനിഷ്‌ ചെയ്യുന്നവര്‍ക്കും കൂടെ ഗോള്‍ഡ്‌ കിട്ടും. അവരുടെ ടി. വി. യില്‍ ഇടാന്‍ നേരംകൊല്ലിപ്പരിപാടി ആയല്ലോ. ലക്‍ഷ്യസ്ഥാനത്ത്‌ എത്തിയതും ഞാന്‍ തിരിച്ച്‌ വേറെ കടവിലേക്ക്‌ നീന്തി, വീട്ടിലേക്കോടി. നീന്തലോ ഇങ്ങനെ ആയി, ഇനി വേഗം വീട്ടില്‍പ്പോയി തയ്യാറായി വന്നില്ലെങ്കില്‍ ഓട്ടക്കാരേയും ചാട്ടക്കാരേയും ആരു പ്രോത്സാഹിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത. ജയിച്ചതാര് തോറ്റതാര് എന്നൊന്നും ചിന്തിക്കാനുള്ളൊരു മനസ്സ്‌ അന്നുണ്ടായിരുന്നില്ല.

പ്ലീസ്... ഒരു പാട്ട് ഞാനെഴുതും. നല്ല സന്തോഷമുള്ള ദിവസം ആണിന്ന്. ഷെയര്‍ ചെയ്യാന്‍ പറയരുത്. എനിക്ക് മാത്രം മതി ഇങ്ങനത്തെ സന്തോഷങ്ങള്‍.

“ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയെന്‍,

ഇളമാന്‍ കിടാവേ ഉറക്കമായോ?”

Thursday, November 23, 2006

നറുപുഞ്ചിരി

"വേണോ?" അയാള്‍ ചോദിച്ചു.

അമ്പരന്ന കണ്ണുകളോടെ അയാളെ നോക്കി, ചുരിദാറിന്റെ ഷാളില്‍ ഒന്ന് മുറുക്കെപ്പിടിച്ചു.

"എല്ലാം മറക്കാന്‍ ആണിത്‌. കുടിച്ച്‌ കുടിച്ച്‌ മറന്ന് മറന്ന് താന്‍‍ ആരാണെന്ന് ഓര്‍മ്മിക്കുന്നതിനു മുമ്പേ രക്ഷപ്പെടാം."

അയാള്‍ കൈയിലിരുന്ന ഗ്ലാസ്‌ ഒന്ന് ശ്രദ്ധിച്ച്‌ നോക്കി.

അവള്‍ക്ക്‌ ഒട്ടും താല്‍പര്യം തോന്നിയില്ല. ഉറക്കവും വരുന്നുണ്ട്‌. പരിഭ്രമം ഒട്ടും മാറുന്നില്ല.

"നീയെപ്പഴാ ഇത്‌ തുടങ്ങിയത്‌?"

അവള്‍ ഞെട്ടി.

"എന്ത്‌?"

"അതു തന്നെ. ജീവിതങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട്‌ എത്ര നാളായി എന്ന്?”

അവളുടെ കണ്ണ്‌‍ പണ്ടത്തേതിന്റെ തുടര്‍ച്ചയെന്നോണം നിറഞ്ഞുവന്നു.

"ഞാനെവിടേം പോയിട്ടില്ല."

"പിന്നെ ഇതോ?"

"ജീവിക്കാന്‍ വേണ്ടി...വേറെ ഒരു നിവൃത്തിയുമില്ലാതെ...”

"ജീവിയ്ക്കാന്‍. ഹ ഹ...” അവളുടെ പരിഭ്രമത്തിനു മീതെ അയാളുടെ ചിരി ഉയര്‍ന്നു.

"ജീവിതം. ഏറ്റവും സുന്ദരമായ പദം. രണ്ട്‌ നോവുകള്‍ക്കിടയിലെ മറ്റൊരു വലിയ നോവ്‌ മാത്രമാണ്‌‍ അത്‌. ജനിക്കുമ്പോള്‍ അമ്മയ്ക്ക്‌ ഉണ്ടാവുന്ന നോവും, മരിക്കുമ്പോള്‍ ലോകത്തിനു കൊടുക്കുന്ന നോവും. ഇതിന്റെ ഇടയില്‍ ജീവിയ്ക്കാന്‍ പാടുപെടുന്ന നമ്മുടെ നോവും".

അവള്‍ക്ക്‌ ശരിക്കും വിരസത തോന്നി. വീട്ടിലാണെങ്കില്‍, ചെറുതുങ്ങളെ ഉറക്കി, കിടന്നുറങ്ങുന്ന സമയമായി. അവര്‍ കരയുന്നുണ്ടാവുമോ എന്തോ.

“എന്താ നിന്റെ പ്രശ്നം?”

“അമ്മയ്ക്ക്‌ സുഖമില്ല ഒട്ടും. എന്തോ ഓപ്പറേഷന്‍ വേണം. എട്ട്‌ ദിവസമായി വല്യ ആസ്പത്രിയില്‍. അവിടെത്തന്നെ പോകാന്‍ പറഞ്ഞത് അറ്റന്‍ഡറാ. സാറിന്റെ അടുത്ത്‌ വന്നാല്‍ സഹായിക്കുമെന്ന് അയാള്‍ പറഞ്ഞു. ഞങ്ങളുടെ കോളനിയില്‍ ആണയാള്‍.”

"ശപ്പന്‍" അയാള്‍ മനസ്സിലോര്‍ത്തു. പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്‌ കുറേക്കാലമായി.

"കൊല്ലണം അവനെയൊക്കെ."

അയാള്‍ ആഷ്ട്രേ എടുത്ത്‌ ശക്തിയോടെ നിലത്തേക്കെറിഞ്ഞു. അതിലും വലിയ ശബ്ദത്തിലാണ് അവളുടെ മനസ്സ്‌ ഞെട്ടിയതെന്ന് അവളറിഞ്ഞു.

"കൊല്ലണം. കളകള്‍ പറിച്ചുകളഞ്ഞാലേ വിളവ്‌ നന്നാവൂ. പിഴുതെറിയണം. ഉണ്ടായിരുന്നെന്നെ സൂചന പോലും നിലനില്‍ക്കരുത്."

അവള്‍ക്ക്‌ അയാളോട്‌ ആദ്യമായി ഒരു യോജിപ്പ്‌ തോന്നി. പണമുണ്ടാക്കാന്‍ കൂടെച്ചെന്നാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ അമ്മൂമ്മ മാത്രമാണ്‌‍ ഇങ്ങനെ പ്രതികരിച്ചത്‌. കണക്കിന് കിട്ടുകയും ചെയ്തു. അച്ഛന്‍, പതിവുപോലെ മദ്യലഹരിയില്‍ വീണുകിടപ്പുണ്ടായിരുന്നു.

തൂണുവീണാല്‍ പന്തലെങ്ങനെ നില്‍ക്കും എന്നാണു അമ്മൂമ്മ എന്നും ചോദിക്കാറ്. ഓര്‍മ്മവഴിയിലൂടെ വീണ്ടും അവള്‍ വീട്ടിലെത്തി. സങ്കടവും വന്നു. ഒന്ന് വേഗം നേരം വെളുത്താല്‍ മതിയായിരുന്നു.

"നിനക്ക്‌ ബോറടിക്കുന്നുണ്ട്‌ അല്ലേ?"

അവള്‍ ഒന്നും മിണ്ടിയില്ല.

"നിനക്ക്‌ എന്തെങ്കിലും കഴിക്കണോ? "

"വേണ്ട." പെട്ടെന്നായിരുന്നു ഉത്തരം.

“എന്നാല്‍ അങ്ങോട്ട്‌ പോയ്ക്കോ.”

മുറിയുടെ വാതില്‍ തുറന്ന് എതിരെയുള്ള മുറിയ്ക്ക്‌ നേരെ വിരല്‍ ചൂണ്ടി അയാള്‍.

"പോയിക്കിടന്നുറങ്ങ്‌."

അവള്‍ക്ക് മനസ്സിലാവാന്‍ കുറച്ച് നേരം വേണ്ടി വന്നു. കളിപ്പിക്കുകയായിരിക്കും. കെട്ടിയിട്ടിരിക്കുന്ന മൃഗമല്ലേ. നായാട്ടുകാരന്റെ മനസ്സിന്റെ ഇച്ഛയ്ക്കൊത്ത് ഹൃദയം മിടിയ്ക്കുന്ന മൃഗം.

അയാള്‍ ഉറക്കെപ്പറഞ്ഞു.

“ജീവിതം. അത് വലിച്ചുകൊണ്ടുപോകാന്‍ ഒരാളെത്തുന്നതുവരെ നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റുള്ളവര്‍ക്ക് കളിക്കാനുള്ളതല്ല. പോ...”


ആശ്വാസം എന്നൊരു വാക്കിന്റെ അര്‍ത്ഥത്തിനു കണ്ടെത്താനാവാത്ത ആഴമുണ്ടെന്ന് അവള്‍ ആദ്യമായിട്ട്‌ മനസ്സിലാക്കി. അയാളെ കടന്ന്, അമ്പരപ്പോടെ, എന്നാല്‍ വേഗം നടന്ന് പോയി അവള്‍. മുറിയുടെ വാതില്‍ തുറക്കുന്നതിനുമുമ്പ്‌ തന്നെ പിന്നിലെ മുറിയുടെ വാതില്‍ അടയുന്നത്‌ അവള്‍ അറിഞ്ഞു. പിന്നെ അവള്‍, മറ്റേ മുറി തുറക്കാന്‍ നിന്നില്ല. വീട്ടിലേക്കാണവള്‍ ഓടിയത്. ഇരുട്ടവള്‍ക്കൊരു പ്രശ്നമായില്ല. ഉള്ളിലിത്തിരി വെളിച്ചം കിട്ടിയിരുന്നു.

വീട്ടിലെത്തി, ആശ്വാസത്തോടെ വാതില്‍ തള്ളിത്തുറക്കുമ്പോള്‍ കണ്ടു. അച്ഛന്‍. ഉമ്മറക്കോലായില്‍. ജീവനുണ്ടെന്ന് ഹൃദയം മാത്രം അറിയുന്ന അവസ്ഥയില്‍ ബോധം കെട്ട് കിടക്കുന്നു. അകത്ത് ചെന്ന് കൂടപ്പിറപ്പുകള്‍ കിടക്കുന്ന പായയിലേക്ക് ചെരിഞ്ഞു. ഒന്നും ഓര്‍ത്തെടുക്കാന്‍ നേരമില്ലാതെ ഉറക്കത്തിലാണ്ടു.

പിറ്റേന്ന്, വീട്ടില്‍ ഉണ്ടായിരുന്ന പൊന്നും പൊടിയും വിറ്റ്, ആസ്പത്രിയിലെ പണം കൊടുത്ത്, അമ്മയേയും, അമ്മൂമ്മയെയും വീട്ടില്‍ കൊണ്ടുവിട്ട്, ജോലിയ്ക്കിറങ്ങിയപ്പോള്‍, വീട്ടിലെ ഉത്തരവാദിത്തമുള്ള പെണ്ണായി മാറിയിരുന്നു അവള്‍. പഴയപോലെ.
ആദ്യം ചെന്ന വീട്ടില്‍ അടിച്ചുവാരാന്‍ വേണ്ടി പേപ്പറുകള്‍ എടുത്തപ്പോള്‍ അവള്‍ കണ്ടു. ധനാഢ്യന്റെ വീട്ടില്‍ കലഹമുണ്ടാക്കി കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിനു പോലീസ് അറസ്റ്റ് ചെയ്ത അറ്റന്‍ഡറുടെ ഫോട്ടോ.
ആദ്യം ഹൃദയം ഒന്ന് വല്ലാതെ മിടിച്ചു. പിന്നെ, അവള്‍ക്ക് ചിരി വന്നു. കൂലി ചോദിച്ച് പോയതായിരിക്കും പാവം. നല്ല കൂലി കിട്ടി.
അവളുടെ മനസ്സ് പുഞ്ചിരിച്ചു. എവിടെയൊക്കെയോ നന്മ ഇനിയും ബാക്കിയുണ്ടെന്ന അറിവിന്റെ വെളിച്ചം തൂകുന്ന നറുപുഞ്ചിരി.

Tuesday, November 21, 2006

മോഹങ്ങള്‍

മനസ്സില്‍, വലിയ ഭാരവും തൂക്കി,

കൈയില്‍, അതിനേക്കാള്‍ ഭാരവും തൂക്കി നടക്കുന്ന മനുഷ്യന്‍ വിചാരിച്ചു.

വാഹനങ്ങളെന്തെങ്കിലും ആയാല്‍ മതിയായിരുന്നു.

ഇങ്ങനെ, കൊണ്ടുപോകുന്നിടത്തേക്ക്, നയിക്കുന്നിടത്തേക്ക്,

വെറുതേ ഒഴുകിനീങ്ങിയാല്‍ മതിയായിരുന്നു.

ഓട്ടോറിക്ഷ, തന്നെക്കടന്ന് കുതിച്ച് പായുന്നത് കണ്ടപ്പോള്‍,

കാറിന് നിരാശ തോന്നി.

ഒരു ചക്രം പിണങ്ങിയതുകൊണ്ടല്ലേ, താനിവിടെ കിടക്കുന്നത്,

ഓട്ടോറിക്ഷ ആയാല്‍ മതിയായിരുന്നു.

ട്രാഫിക് ജാമില്‍പ്പെട്ട് , കാത്തുകിടക്കുമ്പോള്‍,

വാഹനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന, സൈക്കിള്‍ നോക്കി,

ഓട്ടോറിക്ഷ നെടുവീര്‍പ്പിട്ടു. സൈക്കിള്‍ ആയിരുന്നെങ്കില്‍,

മുന്നില്‍പ്പോയി നില്‍ക്കാമായിരുന്നു.

അടച്ച ഗേറ്റിനു മുന്നില്‍, തീവണ്ടി പോകാന്‍ കാത്തുനില്‍ക്കുമ്പോള്‍,

സൈക്കിളിനു ദേഷ്യം തോന്നി.

തീവണ്ടി ആയിരുന്നെങ്കില്‍,

മറ്റുള്ളവയെ കാത്ത് നില്‍പ്പിച്ച്,

ഗമയില്‍ കടന്നുപോകാമായിരുന്നു.

മണിക്കൂറുകളോളം സിഗ്നല്‍ കിട്ടാതെ, യാത്രക്കാരുടെ ദേഷ്യം കണ്ട്,

നിവര്‍ന്നുകിടക്കുമ്പോള്‍, തീവണ്ടിയ്ക്ക് തോന്നി,

മനുഷ്യന്‍ ആയാല്‍ മതിയായിരുന്നു.

ഒരു ഉത്തരവാദിത്തവുമില്ലാതെ, കൈയും വീശി,

നടന്നുപോകാമായിരുന്നു.

തീവണ്ടിയുടെ ചിന്ത കേട്ടറിഞ്ഞ ദൈവം ചിരിച്ചു.

എന്നിട്ട് പതുക്കെപ്പറഞ്ഞു.

“ആടറിയുമോ അങ്ങാടി വാണിഭം?”

Monday, November 20, 2006

ശൂന്യം

നല്ല വീടിന്റെ മുറ്റം പോലെ,

ദരിദ്രന്റെ വീട്ടിലെ അടുക്കള പോലെ,

ദുഷ്ടമനസ്സിലെ നന്മ പോലെ,

കുഞ്ഞുമനസ്സിലെ കള്ളം പോലെ,

കരിന്തിരി വിളക്കിലെ എണ്ണപോലെ,

എന്റെ മനസ്സും...

ഒന്നും ചികഞ്ഞെടുത്തുകളയാനില്ല,

ഒന്നും കാണാനില്ല,

ഒന്നും ബാക്കിയില്ല,

ഒന്നും നിലനില്ക്കുന്നില്ല,

ഒന്നും ഇല്ല...

ശൂന്യം.

Thursday, November 16, 2006

രാഘവന്റെ വ്യഥകള്‍

"എന്റെ ഖല്‍ബിലെ വെണ്ണിലാവ്‌ നീ നല്ല പാട്ടുകാരാ..."

രാഘവന്‍ പാട്ട്‌ പാടിനോക്കി.

“ചേട്ടാ...”

വന്നു. വെണ്ണിലാവ്‌ അല്ല. വെണ്ണീറ്.

"ചേട്ടന്‍ ഇവിടെ പാട്ടും പാടി നില്‍ക്കാണോ? എനിക്കൊരു സാരിയെടുക്കണം എന്ന് പറഞ്ഞില്ലേ?"

സാരി മാത്രമല്ല. സാരിയോടു കൂടെ നിന്നേയും എടുത്ത്‌ പോകണം എന്നാണെന്റെ ആഗ്രഹം എന്ന് പറയണമെന്നുണ്ട്‌. പറഞ്ഞില്ല. ഒന്നും പറഞ്ഞില്ല. ആദത്തിന്റെ വീട്ടിലെ ഖജനാവ്‌ കണ്ട്‌ അസൂയ മൂത്താണ്‌‍ ദൈവം ഹവ്വയെ സൃഷ്ടിച്ചതെന്ന് രാഘവനു എപ്പോഴും തോന്നാറുണ്ട്‌.

“ഞാന്‍ മുടി വെട്ടിക്കാന്‍ പോവുകയാ."

“സാരമില്ല. മുടിവെട്ടിക്കഴിയുമ്പോഴേക്കും ഞാന്‍ അങ്ങോട്ടെത്താം."

എന്തിനാ, എന്റെ കഴുത്ത്‌ വെട്ടാനോന്നുള്ള ചോദ്യം മനസ്സില്‍ അടക്കി. ഇവളു സാരി വാങ്ങിച്ചേ അടങ്ങൂ. പോലീസിന്റെ ജോലി വിട്ട്‌ വല്ല സാരിക്കടയും തുടങ്ങിയാലോന്ന് രാഘവന്‍ എപ്പോഴും ചിന്തിക്കാറുണ്ട്‌. ഭാര്യ വാങ്ങിക്കൂട്ടുന്ന വസ്ത്രങ്ങള്‍ വെച്ച്‌ രണ്ടാം വില്‍പന നടത്തിയാലും സുഖമായിട്ട്‌ ജീവിക്കാം.

കള്ളന്മാരാണെങ്കില്‍ അതിലും വല്യ വിപത്തുകള്‍. പിടിച്ച്‌ ഇടിച്ച്‌ രണ്ട്‌ സുരേഷ്‌ഗോപി ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞാല്‍, തിരിഞ്ഞ്‌ നിന്ന് ‘ഫ പുല്ലേ’ ന്ന് പറയും. സിനിമ ഇറക്കുന്നവന്മാര്‍ക്ക്‌ ഇതു വല്ലതും അറിയുമോ? ഇനി മന്ത്രിമാരോടോ, സീനിയര്‍മാരോടോ പറയാമെന്ന് വെച്ചാല്‍ നേരെ വല്ല കാട്ടുമൂലയിലേക്കും‌ തട്ടും. എന്നാലും സുരേഷ്‌ഗോപി ഡയലോഗ്‌ ഒരു ഡയലോഗ്‌ തന്നെയാണ്‌‍. അതോര്‍ത്തപ്പോള്‍ രാഘവന്റെ കാലില്‍ക്കൂടെ എന്തോ അരിച്ച്‌ കയറി. രോമാഞ്ചം ഒന്നുമല്ല. ഉറുമ്പാണ്‌‍. അതിനോട്‌ ഫ പുല്ലേന്നും പറഞ്ഞ്‌ തട്ടിക്കളഞ്ഞു.

“സാറേ...”

ആരോ പിന്നാലെ ഓടി വരുന്നുണ്ട്‌. കടം ചോദിക്കാന്‍ ആവുമോ ഇനി? ഓടി രക്ഷപ്പെട്ടാലോ? കേള്‍ക്കാത്ത ഭാവത്തില്‍ നടന്നു.

“സാറേ...’ നാട്ടുകാരില്‍ ഒരുവന്‍.

“എന്താടോ”? മടിച്ച്‌ മടിച്ചാണ് ചോദ്യം ചോദിച്ചത്‌.

"സാറേ കള്ളവാറ്റ്‌ നടക്കുന്നു."

വാറ്റ്‌ നടത്താന്‍ കണ്ട സമയം.

"കള്ളവാറ്റോ?"

"അതെ. ആ പാടത്തിന്റെ കരയില്‍ ഒരു വീടു കണ്ടോ? അവിടെയാണ്‌‍. സാറു വരണം കാണിച്ച്‌ തരാം."

ഇന്നത്തെ ദിവസം പോയിക്കിട്ടി. അയാളുടെ പിന്നാലെ നടക്കുകയേ നിവൃത്തിയുള്ളൂ. പോലീസ്സ്റ്റേഷനില്‍ അറിയിച്ചെന്ന് പറഞ്ഞു. അവരിപ്പോ എത്തുമത്രേ. നാട്ടുകാരുടെ ഒരു സേവനമനസ്ഥിതി. ഇവനൊക്കെ മിണ്ടാതെ ഇരുന്നാല്‍പ്പോരേ?

വീടിനടുത്ത്‌ കുറച്ചുപേര്‍ നില്‍ക്കുന്നുണ്ട്‌. വീട്ടിന്റെ വാതിലില്‍ മുട്ടി വിളിച്ച്‌ തുറക്കാന്‍ പറഞ്ഞു. ആരും അനങ്ങുന്നില്ല. വാതില്‍ ശക്തിയില്‍ തട്ടാന്‍ തുടങ്ങി. വാതില്‍ താനേ തുറന്നതും ഒരാള്‍ മുന്നോട്ട്‌ കുതിച്ചോടി. സാരിയുടുത്ത വാറ്റുകാരനോ? അയ്യോ അതൊരു സ്ത്രീ അല്ലേ? നാട്ടുകാരുടെ കൂടെ പിറകേ ഓടി. ഇവള്‍ക്ക്‌ കള്ളവാറ്റിനു പകരം വല്ല ഒളിമ്പിക്സിലും പങ്കെടുത്ത്‌ സ്വര്‍ണ്ണം വാങ്ങിക്കൂടായിരുന്നോ? ഓടിയോടി പാടത്തിന്റെ അടുത്തുള്ള കുളത്തിലേക്ക്‌ ചാടി. പോലീസുകാരന്റെ ഒരു ഗതി നോക്കണേ.

"സാറേ ചാടിക്കോ. ജീവന്‍ പോയാല്‍ സാറിന്റെ തലയിലാവും കേസ്‌."

ചാടി, ഏതെങ്കിലും വഴിക്ക്‌ പോയാലോന്ന് ആലോചിച്ചു. ഇത്‌ വല്യ ഗുലുമാല്‍ ആയല്ലോ. മുടിവെട്ടിച്ച്‌ കുളിക്കാന്‍ ഇറങ്ങിയ ആള്‍, വെട്ടിച്ചോടിയവളുടെ പിന്നാലെ കുളത്തില്‍ ചാടേണ്ട ഗതികേട്‌. അവളെങ്ങാന്‍ തട്ടിപ്പോയാല്‍ ഓടിച്ചിട്ട്‌ കുളത്തില്‍ ചാടിച്ചിട്ട്‌ കൊന്നു എന്നൊരു പേരും കിട്ടും. ഇപ്പോ എല്ലാവര്‍ക്കും ഉള്ള ഐഡിയ കൊള്ളാം. ഇക്കണക്കിനു പോയാല്‍ നാട്ടിലുള്ള കുളങ്ങളും കിണറുകളും ഒക്കെ മണ്ണിട്ട്‌ നിരത്തേണ്ടി വരും.

"സാറേ.."വിളി കേട്ടതും പിന്നൊന്നും ആലോചിച്ചില്ല. ഒറ്റ ചാട്ടം. മുങ്ങിപ്പൊങ്ങുന്ന വാറ്റുകാരിയുടെ അടുത്തെത്തി പിടിച്ച്‌ വലിച്ച്‌, ഒരു യുദ്ധം തന്നെ നടത്തി ഒടുവില്‍ പൊന്തിച്ച്‌ മുകളില്‍ എത്തിയപ്പോള്‍ ഒരു രൂപം രാഘവന്റെ മുന്നില്‍ ഉണ്ടായിരുന്നു. സാരി വാങ്ങണം എന്ന് പറഞ്ഞിട്ട്‌, നിങ്ങള്‍ സാരിയുടുക്കാന്‍ ഒന്നിനേയും തപ്പിയെടുക്കും എന്ന് വിചാരിച്ചില്ല എന്ന ഭാവവുമായി നില്‍ക്കുന്ന ഭാര്യയുടെ രൂപം. പെണ്ണിനെ കരയ്ക്ക്‌ വിട്ട്‌ രാഘവന്‍, വെള്ളത്തിലേക്ക്‌ ഊളിയിട്ടു.

Tuesday, November 14, 2006

ങാ...ഹാ...അത്രയ്ക്കായോ?

കൊല്ലാം.

പക്ഷേ, കൊലപാതകിയെന്ന പേരെനിക്ക് വരും.

അതുമല്ല, ചത്തിട്ട് കാര്യമില്ല.

പുനര്‍ജ്ജനിച്ച് വരാലോ.

അതുകൊണ്ടാണ് ഞാന്‍, കാലനെ കോമയിലാക്കാന്‍ തീരുമാനിച്ചത്.

കിടക്കട്ടെ അവിടെ. ശല്യം ചെയ്യില്ലല്ലോ.

Monday, November 13, 2006

കീഴടങ്ങല്‍

ചുവപ്പ്‌. കോപത്തിന്റെ, രക്തത്തിന്റെ, മരണത്തിന്റെ ചുവപ്പ്‌.

കൈയിലേക്ക്‌ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി അയാള്‍. ഓരോ കൈരേഖയിലൂടേയും കുതിച്ചൊഴുകുകയാണ്‌‍ രക്തം. കണ്ണിലും അതല്ലേ നിറഞ്ഞ്‌ നില്‍ക്കുന്നത്‌? അതിന്റെ ചൂടല്ലേ ഹൃദയത്തിലും. പൊള്ളുന്നുണ്ടോ മനസ്സ്‌?

"എന്താ ഇത്‌? കുറേ ദിവസം ആയല്ലോ, എവിടെ ഇരുന്നാലും നിന്നാലും കൈ നോക്കി ഇരിപ്പ്‌? എന്താ പറ്റിയത്‌?"

ഭാര്യയാണ്‌. വെള്ള വേഷവും ഇട്ട്‌ അവളെ സങ്കല്‍പ്പിക്കണോ? വേണ്ട. സഹിക്കാന്‍ പറ്റില്ല. പിന്നെങ്ങനെ വേറൊരാളുടെ സ്വപ്നങ്ങള്‍ക്കു മീതെ നോവിന്റെ, ദുഃഖത്തിന്റെ വസ്ത്രം പുതപ്പിക്കാന്‍ കഴിഞ്ഞു? എങ്ങോട്ട്‌ ഓടിയൊളിക്കും? വാസ്തവങ്ങള്‍ ചുറ്റും നില്‍ക്കുന്നുണ്ടല്ലോ.

കൈകളിലേക്ക്‌ തന്നെ നോക്കാം. മറ്റു ചിന്തകള്‍ക്ക്‌ ശമനം ഉണ്ടാകും.

"കഴിക്കുന്നില്ലേ? ഒക്കെ തണുത്തു."

മുന്നിലെ പ്ലേറ്റിലേക്ക്‌ നോക്കി അയാള്‍. ചോറിനും കറിക്കും ഇടയില്‍ എന്തൊക്കെയോ രൂപങ്ങള്‍ തെളിഞ്ഞുവരുന്നുണ്ടോ? മുഖമൊന്ന് കുടഞ്ഞു. പിന്നെയും നോട്ടം, നിവര്‍ത്തിപ്പിടിച്ച‌ കൈകളിലേക്കായി.

അവള്‍ ഒന്നും പറയാതെ എഴുന്നേറ്റു പോയി. ചോറിലേക്ക്‌ കൈ വെച്ചതും അവന്റെ മുഖം ഓര്‍മ്മയില്‍ വന്നു. കൂട്ടുകാരന്‍. കുട്ടിക്കാലം മുതല്‍ ഒരുമിച്ച്‌ കളിച്ച്‌, പഠിച്ച്, വളര്‍ന്നവര്‍. എവിടെയാണു തെറ്റിയത്‌?

ആരോ, എപ്പോഴോ, എഴുതിവെച്ച നീതിശാസ്ത്രങ്ങള്‍ക്കു മുന്നിലാണു മനസ്സുകള്‍ തമ്മില്‍ അകലാന്‍ തുടങ്ങിയത്‌. നമ്മുടേത്, നിന്റേതും എന്റേതും ആയി.

ആദ്യത്തെ വഴക്ക്‌ "നിന്റെ ആള്‍ക്കാര്‍ക്ക്‌ വെറും പറയുന്നിടത്തേ ഉള്ളൂ. നടപ്പിലാക്കുന്നിടത്ത്‌ ഒന്നുമില്ല." എന്ന അവന്റെ സ്വരമായിരുന്നു. "ഞങ്ങളെ നോക്കൂ, വിജയം, അല്ലെങ്കില്‍ വിപ്ലവം. നീതി നേടാനാണ്‌‍ ഞങ്ങളുടെ ശ്രമം. എല്ലാവര്‍ക്കും സമത്വം. വേറൊന്നുമില്ല."

"എന്നിട്ട്‌ പാവം, മനുഷ്യരെ ബലിയാടാക്കുന്നില്ലേ?"

വിട്ടുകൊടുക്കാന്‍ തോന്നിയില്ല.

"അതിനെന്താ? അവരൊക്കെ സ്മരിക്കപ്പെടുന്നില്ലേ? രക്തസാക്ഷികള്‍ കൂടുതല്‍ ഉണ്ടായാല്‍, നീതിയും, വിജയവും അത്രത്തോളം അധികമാവും."

പൊള്ളയായ വാക്കുകള്‍. പറയുന്നവനും, കേള്‍ക്കുന്നവനും, തിരിച്ചറിയപ്പെടാതെ പോകുന്ന വാക്കുകള്‍.

മത്സരങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുകയായിരുന്നു. കൊടിയുടെ മറവില്‍, പരസ്പരം കണ്ടില്ലെന്ന് നടിക്കപ്പെട്ട സൌഹൃദം. ഒടുവില്‍, സ്വയരക്ഷയ്ക്ക്‌, അവനെയാണ്‌‍ ഇല്ലാതാക്കേണ്ടതെന്ന, തന്റെ ആളുകളുടെ ന്യായം.

അവനെ, ഓടിച്ചിട്ട്‌, കീഴടക്കിയപ്പോള്‍, കുട്ടിക്കാലത്ത്‌, മുറ്റത്ത് ഓടിക്കളിച്ചത്‌ ഓര്‍മ്മ വന്നില്ല. കൈയിലുള്ള ആയുധം തലങ്ങും വിലങ്ങും വീശുമ്പോള്‍, പണ്ട്‌ കളിക്കാറുണ്ടായിരുന്ന, രാജാക്കന്മാരുടെ യുദ്ധം ഉണ്ടായിരുന്നില്ല. ഇവിടെ ഒരാള്‍ മാത്രം രാജാവ്‌. മറ്റേത്‌ ശത്രു.

ഒടുവില്‍, ഞരക്കങ്ങള്‍ക്കിടയില്‍, അവനെ വിട്ട്, മറ്റുള്ളവരുടെ കൂടെ പിന്‍വാങ്ങല്‍. പത്രങ്ങളില്‍ ഓരോ ദിവസവും ഓരോ വാര്‍ത്തകള്‍. അവന്റെ വീട്ടില്‍ പോയതേ ഇല്ല. ആ സ്നേഹക്കൂടാരം, തകര്‍ത്ത്, അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ എങ്ങനെ നടക്കും?

കൂടെയുള്ളവരൊക്കെ നിയമത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു. ആരേയും തെറ്റിദ്ധരിപ്പിക്കാതെ പിടിച്ച്‌ നിന്നത്‌ സൌഹൃദം കാരണം. പക്ഷെ മനസ്സാക്ഷിക്കു മുമ്പില്‍ എന്നേ കീഴടങ്ങേണ്ടി വന്നു. ഇനി കൈയില്‍ വിലങ്ങ്‌ വീഴുകയേ രക്ഷയുള്ളൂ എന്ന് ഓര്‍മ്മിപ്പിച്ച്‌ പിന്നാലെ നടക്കുന്നു മനസ്സ്‌. അവനെ‍ ഇല്ലാതാക്കിയ അന്നു മുതല്‍, എവിടെയും നിറഞ്ഞുനില്‍ക്കുകയാണ്‌‍. കൈകള്‍ തുറന്നാല്‍ ചോരയാണ്‌‍.

പ്രതിക്കൂട്ടില്‍ മറ്റുള്ളവരോടൊത്ത്‌ നില്‍ക്കുമ്പോള്‍, അയാള്‍, ആരും കാണാതെ കൈകള്‍ രണ്ടും വിടര്‍ത്തി നോക്കി. ചോരയ്ക്ക്‌ അല്‍പ്പമൊരു മങ്ങല്‍ ഉണ്ടോ? തനിക്ക്‌ തോന്നുന്നതോ?


നിയമത്തിനും, വിധിയ്ക്കും കീഴടങ്ങി, അവസാനം, ജയിലിലെ ഭക്ഷണപ്പാത്രത്തിനു മുന്നില്‍ അവശനായി ഇരിക്കുമ്പോള്‍ അയാള്‍, നിര്‍വികാരതയോടെ, കൈകള്‍ രണ്ടും നിവര്‍ത്തി നോക്കി. അത്ഭുതത്തോടൊപ്പം ആശ്വാസവും അയാള്‍ക്ക് വന്നുചേര്‍ന്നു. കൈകള്‍. രേഖകള്‍ മാത്രം. രക്തമില്ല. ഭക്ഷണപ്പാത്രത്തിലേക്ക്‌ നോക്കി. അവന്റെ മുഖമില്ല. എത്രയോ ദിവസങ്ങള്‍ക്ക്‌ ശേഷം, അയാള്‍, ഭക്ഷണം, വാരിവാരിക്കഴിച്ചു. അപ്പോള്‍ കണ്ണില്‍ നിന്നും പൊടിഞ്ഞതും കണ്ണീരായിരുന്നു. രക്തമായിരുന്നില്ല.

മനസ്സില്‍ മാത്രം, അയാളുടെ കുട്ടിക്കാലം പതുക്കെ കടന്നുവരികയായിരുന്നു, അവനും. അയാള്‍ മനസ്സിനെ ആ വര്‍ണ്ണസ്വപ്നങ്ങള്‍ക്ക് കീഴടങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

Tuesday, November 07, 2006

ജീവിതം ഒരു ഭാഗ്യം

അന്നും പതിവുപോലെ ആകാശം മുകളിലും, ഭൂമി താഴേയും, നമ്മളൊക്കെ നടുവിലും ആയിരുന്നു. സൂര്യന്‍ പടിഞ്ഞാറു തന്നെ അസ്തമിക്കും എന്ന് ഉറപ്പ്‌ വരുത്തിയിട്ടാണ്‌ ഞങ്ങള്‍ ഇറങ്ങിയത്‌. അന്ന് ഒരു ബൈക്കായിരുന്നു ഞങ്ങള്‍ക്ക്‌ ഉള്ളത്‌. എല്ലാ ഭര്‍ത്താക്കന്മാരേയും പോലെ, മാറ്റാന്‍ പറ്റുന്നതല്ലേ മാറ്റാന്‍ പറ്റൂ എന്നതില്‍ നിരാശപൂണ്ടാണ്‌‍ ബൈക്ക്‌ മാറ്റി ഇപ്പോഴുള്ള സ്കൂട്ടര്‍ വാങ്ങിയത്‌.

അങ്ങനെ അന്നത്തെ ദിവസം ബൈക്കില്‍ കയറി. പുറകില്‍ കയറ്റിവെച്ചിരിക്കുന്നത്‌, ഭാരമല്ലെന്നും, ഭാര്യയാണെന്നും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി, ഞാന്‍ പതിവുപോലെ മൂളിപ്പാട്ടും, ലോകകാര്യങ്ങളും ഒക്കെ പറയുന്നുണ്ട്‌. ചേട്ടന്‍ ഒന്നും കേട്ടില്ലെങ്കിലും, വഴിയില്‍ ഇരിക്കുന്നവരൊക്കെ, ബൈക്കിലിരിക്കുമ്പോഴെങ്കിലും, ഇത്തിരി സ്വൈരം കൊടുത്തുകൂടെ എന്ന മട്ടില്‍ നോക്കും.

എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനുമുമ്പ്‌ സംഭവിച്ചു എന്നൊക്കെ പത്രത്തില്‍ വായിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്‌, ‘പുളുവടിക്കുന്നു. അറിയാതെയങ്ങ്‌ ഓരോന്ന് സംഭവിക്കുകയല്ലേ’ എന്ന്. പക്ഷെ, ഓരോ കാര്യവും അനുഭവത്തില്‍ വരുമ്പോഴേ പഠിക്കൂ, എന്ന് അനുഭവിച്ചറിഞ്ഞാലേ പഠിക്കൂ.

അങ്ങനെ, എന്താണ്‌ സംഭവിച്ചത്‌ എന്നറിയുന്നതിനുമുമ്പ്‌, കത്തിനൊട്ടിച്ച സ്റ്റാമ്പ്‌ പോലെ ചേട്ടനെ ഒട്ടിപ്പിടിച്ചിരുന്ന ഞാന്‍, നീണ്ട്‌ നിവര്‍ന്ന് കിടക്കുന്ന നാഷനല്‍ ഹൈവേയിലേക്ക്‌ പകിട എറിയുന്ന പോലെ എടുത്തെറിയപ്പെട്ടു. കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള സകല ദൈവങ്ങളേയും വിളിച്ച്‌, വേളാങ്കണ്ണിയിലേക്കും, തിരുപ്പതിയിലേക്കും, പഴനിയിലേക്കും, ഉള്ള വിളിക്ക്‌ കറങ്ങിക്കൊണ്ടിരിക്കുന്ന മനസ്സിന്റെ പിന്നിലേക്ക്‌, ഒരു അംബാസിഡര്‍ കാറിന്റെ ചക്രം കറങ്ങി. സിനിമയില്‍പ്പോലും ഇത്രേം കൃത്യമായിട്ട്‌, ആരും ബ്രേക്കിട്ട്‌ കാണില്ല. പിറ്റേന്നത്തെ പത്രത്തിന്റെ ആദ്യപേജും, ഷാരൂഖിന്റേയും, മോഹന്‍ലാലിന്റേയും, വരാനിരിക്കുന്ന റിലീസുകളും, തിളങ്ങുന്ന ഇന്ത്യയുമൊക്കെ എന്റെ മനസ്സിലൂടെ മില്‍ഖാസിങ്ങിനെപ്പോലെ ഓടി.


എന്തായാലും, ദൈവം കാറിന്റെ സ്റ്റിയറിങ്ങ്‌ വീലിനു പിന്നിലുള്ളവരുടെ കൂടെയാണെന്ന് എനിക്ക്‌ ബോധ്യപ്പെട്ടു. അല്ലെങ്കില്‍ ട്രാക്ടര്‍ കയറിയ പുല്ലുപോലെ ഇരിക്കേണ്ട ഞാന്‍, ദൈവത്തെ സ്ഥിരമായി കണ്ടുകൊണ്ടിരിക്കേണ്ട ഞാന്‍, ദൈവത്തെ ഓര്‍ത്ത്‌ കഴിയാന്‍ വിധിക്കപ്പെടില്ലായിരുന്നു. ദൈവം എന്നും നിങ്ങളോട്‌ കൂടെയുണ്ടാകട്ടെ എന്ന് മറ്റുള്ളവരോട്‌ പറയുന്നതിന്റെ അര്‍ഥവും എനിക്ക്‌ മനസ്സിലായി.

കാല്‍മുട്ടില്‍ നിന്ന് കുറച്ച്‌ പെയിന്റ്‌ പോയതല്ലാതെ എനിക്കൊന്നും സംഭവിച്ചില്ല. അക്കാലത്ത്‌ ഞാന്‍ വാഹനങ്ങളുടെ പുകക്കുഴലിനടുത്ത്‌ നിന്നാല്‍ പറന്നു പോകുന്നത്ര വലുപ്പത്തിലേ ഉണ്ടായിരുന്നുള്ളൂ.

കിടന്ന കിടപ്പില്‍ത്തന്നെ ചേട്ടനെ നോക്കി. നായിക, നായകനെ നോക്കുമ്പോലെ നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ പുരപ്പുറത്ത്‌ നിന്ന് വീണ പൂച്ചയുടെ നോട്ടത്തില്‍ അഡ്ജസ്റ്റ്‌ ചെയ്യാനേ കഴിഞ്ഞുള്ളൂ. ചേട്ടന്‍ വന്ന് കൈപിടിച്ചതും ഞാന്‍ ഒറ്റക്കരച്ചില്‍. നാഷനല്‍ ഹൈവേ, ചീറിപ്പായുന്ന ബസുകള്‍, ലോറികള്‍, മറ്റു വാഹനങ്ങള്‍, ഞങ്ങളെ കൂടി നില്‍ക്കുന്ന ജനങ്ങള്‍. ഇതിനിടയ്ക്ക്‌ എന്തിനു കരഞ്ഞു എന്ന് ചോദിക്കരുത്‌. രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ എങ്ങനെ കരയുമായിരുന്നു എന്ന് ഓര്‍ത്ത്‌ കരഞ്ഞതായിരിക്കും, അവസരം പാഴാക്കാതെ.

അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ പോയി. മരുന്നും, ഇഞ്ചക്‍ഷനും ഒക്കെ ഒപ്പിച്ചു.

സംഭവിച്ചത്‌ എന്താണെന്ന് വെച്ചാല്‍, ഞങ്ങള്‍ക്ക്‌ കുറച്ച്‌ മുന്നില്‍ പോയ്ക്കൊണ്ടിരുന്ന ബസ്‌, നിര്‍ത്തുകയും, അതില്‍ നിന്നൊരു പയ്യന്‍, ഓപ്പറേഷനു പോകുന്ന പട്ടാളക്കാരനെപ്പോലെ, റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മുന്നോട്ട്‌ ചീറിപ്പാഞ്ഞതും, ചേട്ടന്‍, അവനെ തട്ടി, മുട്ടി എന്നായപ്പോള്‍, ബൈക്ക്‌ കൊണ്ട്‌ സര്‍ക്കസ്‌ കളിച്ചതും, സ്പീഡില്‍ ആയതിനാല്‍, ഞാന്‍ തെറിച്ച്‌ പോയതും ആണ്‌‍.

ഇന്നും ഇടയ്ക്ക്‌ എന്റെ മനസ്സില്‍ ആ അംബാസിഡര്‍ കാര്‍ ബ്രേക്കിടുന്നത്‌ കേള്‍ക്കാറുണ്ട്‌. അതെന്തായാലും നന്നായി. പത്രത്തില്‍ ഒന്നാം ചരമവാര്‍ഷികം, രണ്ടാം ചരമവാര്‍ഷികം എന്നൊക്കെ കണ്ടാല്‍ എന്റെ ഫോട്ടോയിലേക്ക്‌ ഒന്ന് നോക്കുകപോലും ചെയ്യാതെ, സിനിമാക്കോളത്തിലേക്കും, കായികലോകത്തേക്കും പോകുന്ന നിങ്ങളെ എന്റെ ബ്ലോഗ്‌ കൊണ്ട്‌ ബോറടിപ്പിക്കാന്‍ സാധിച്ചല്ലോ. ഹി ഹി ഹി.

ഇത്‌ വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉള്ളത്‌ എനിക്കറിയാലോ. "പാവം ചേട്ടന്‍. ആരാടാ, ആ കാറിന്റെ ബ്രേക്ക്‌ ഇത്ര കാര്യമായിട്ട്‌ നിര്‍മ്മിച്ചത്‌? " എന്നല്ലേ? ;)

(ഇത്‌ ധീം തരികിട തോം എന്നതിനും മുമ്പ്‌ സംഭവിച്ചതായിരുന്നു)

Monday, November 06, 2006

ജീവിതം ഇതൊക്കെയല്ലേ?

ലാഭത്തില്‍ നിന്നും നഷ്ടത്തിലേക്കും, നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്കും ചാഞ്ചാടുമ്പോള്‍ അറിയാതെ നഷ്ടപ്പെടുന്ന ഭീമമായ തുകയാണ് ‍ ജീവിതം.


ജനനം എന്ന ബിന്ദുവില്‍ ആരംഭിച്ച്‌, മരണമെന്ന ബിന്ദുവില്‍ ഒടുങ്ങുന്ന മാരത്തോണ്‍ ആണ്‌‍ ജീവിതം.


എങ്ങിനെ? എന്തിന്? എന്നീ സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴേക്കും, സമയപരിധി തീരുന്ന പരീക്ഷയാണ്‌ ജീവിതം.


തെറ്റാണോ ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനിടയില്‍ അറിയാതെ നഷ്ടപ്പെട്ട്‌ പോകുന്ന മേല്‍വിലാസമാണ്‌‍ ജീവിതം.


ഇന്നലെയെ വിടാതെ, ഇന്നിനെ അറിയാതെ, നാളെയെ കണ്ടെത്താന്‍ ശ്രമിക്കുന്ന, ബുദ്ധിമോശമാണ്‌ ജീവിതം.

Sunday, November 05, 2006

സൂപ്പര്‍ സ്പെഷ്യാലിറ്റി

അയാള്‍, ഏഴാം നിലയിലെ തന്റെ വിശ്രമമുറിയിലിരുന്ന് മടുത്തപ്പോഴാണ്‌,‍ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി നില്‍ക്കാന്‍ തുടങ്ങിയത്‌. ചുറ്റും പ്രകൃതിഭംഗി. ഇങ്ങനെയൊരു സ്ഥലത്ത്‌, ഇതുപോലൊരു ഹോസ്പിറ്റല്‍ തുടങ്ങാനും, അത്‌ ലാഭകരമായി കൊണ്ടുപോവാനും സാധിക്കുന്നതില്‍, മനസ്സില്‍ തന്നെത്തന്നെ അഭിനന്ദിച്ചു. പ്രയത്നമാണോ കാരണം? ഭാഗ്യമോ? സാമര്‍ത്ഥ്യമോ? ഏതായാലും ഇതില്‍ താന്‍ വിജയിച്ചിരിക്കുന്നു. ഈ നാട്ടിലുള്ള ഏത്‌ ഹോസ്പിറ്റലിലേക്കാളും, സൌകര്യവും, സൌന്ദര്യവും ഈ ഹോസ്പിറ്റലിനുണ്ട്‌.

ഒരു ഓട്ടോറിക്ഷയും, ഒരു പുത്തന്‍കാറും ഒരേ സമയം ആശുപത്രിയ്ക്ക്‌ മുന്നില്‍ വന്നു നിന്നു. വന്നവരെ, അല്‍പനേരം ശ്രദ്ധിച്ച്‌ അയാള്‍ വിശ്രമത്തിലേക്ക്‌ തിരിച്ചുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍, വിളിപ്പിച്ചു. നോക്കിനടത്തിപ്പുകാരനെ. പണമുള്ളവരേയും, പണമില്ലാത്തവരേയും കണ്ടറിഞ്ഞശേഷം, നോക്കാനും, തിരിച്ചു നടത്തിക്കാനും, ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ ആള്‍. വന്നു.

“ആരാണ് ഇപ്പോള്‍ വന്നത്‌?" ഡോക്ടര്‍ മുതലാളി ചോദിച്ചു.

"ഓട്ടോറിക്ഷയില്‍ വന്നയാള്‍, ഒരു ചുമട്ടു തൊഴിലാളി ആണ്‌. വയറ്റില്‍ എന്തോ വ്രണങ്ങള്‍ ഉണ്ട്‌. സര്‍ക്കാരാശുപത്രിയിലേക്ക്‌ പറഞ്ഞുവിട്ടു."

അയാളെ അഭിനന്ദിക്കുന്ന മട്ടില്‍ ഒന്ന് നോക്കി ഡോക്ടര്‍ ചോദിച്ചു. "പിന്നെ, കാറില്‍ വന്നതോ?"

"ഒരു സ്ത്രീയാ, വന്‍ബിസിനസ്സ്‌കാരന്റെ അമ്മ. എന്തോ കാലുവേദനയോ മറ്റോ ആണ്‌‍. വണ്ണം കൂടിയതിന്റെ പ്രശ്നം ആണെന്ന് ഡോക്ടര്‍ പറഞ്ഞു."

"അഡ്മിറ്റ്‌ ചെയ്തില്ലേ?"

"ഉവ്വ്‌."

മുതലാളിയില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങളൊന്നും കാണാത്തതിനാല്‍, നടത്തിപ്പുകാരന്‍, മുറിയ്ക്ക്‌ പുറത്തിറങ്ങി.

ഡോക്ടര്‍, മുറിയിലെ, മേശവലിപ്പില്‍ നിന്ന്, പന്ത്രണ്ടാം നിലയ്ക്ക്‌ വേണ്ടി, പലരും സമര്‍പ്പിച്ച‌ പ്ലാനുകള്‍‍ എടുത്ത്‌, ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാന്‍ യത്നം തുടങ്ങി.

Labels:

Thursday, November 02, 2006

കള്ളന്മാരുണ്ട്. സൂക്ഷിക്കേണ്ടേ?

അന്യര്‍ക്ക്‌ പ്രവേശനമില്ല എന്നൊരു ബോര്‍ഡ്‌ പലയിടത്തും കണ്ടിട്ടുണ്ടാകും. എന്നാല്‍ കള്ളന്മാര്‍ക്ക്‌ പ്രവേശനമില്ല എന്നൊരു ബോര്‍ഡ്‌ പലരും വെക്കാന്‍ ആഗ്രഹിക്കുന്നില്ലേ? കള്ളന്മാര്‍ വീട്ടില്‍ കയറരുത്‌, എന്ന് ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നു. കള്ളന്മാരുടെ കുടുംബാംഗങ്ങള്‍ വരെ, "അവനിങ്ങോട്ട്‌ വന്നാല്‍ അവന്റെ മുട്ടുകാലു ഞങ്ങള്‍ തല്ലിയൊടിക്കും” എന്ന് പറയുന്നു.

കള്ളന്മാരുടെ പുതിയ രീതിയനുസരിച്ച്‌ ടി. വി, ഫ്രിഡ്ജ്‌, മേശ, കസേര എന്നിവയൊന്നും അവരുടെ അജണ്ടയില്‍ പെടുന്നില്ല. അവര്‍ക്ക്‌ വേണ്ടത്‌, സത്യസന്ധനായ ഗാന്ധിജിയുടെ ചിത്രമുള്ളതും ഇല്ലാത്തതും ഒക്കെ ആയ നോട്ടുകളാണ്‌. കള്ളന്മാര്‍ക്ക്‌ അദ്ദേഹത്തിന്റെ സംസര്‍ഗ്ഗം കൊണ്ടെങ്കിലും നല്ല ബുദ്ധി വരണേന്ന് നമുക്ക്‌ വിചാരിക്കാം.

കള്ളന്മാരിലും നല്ലവരും ചീത്തയാള്‍ക്കാരും ഉണ്ട്‌. ഉള്ളവനില്‍ നിന്ന് കട്ട്‌, ഇല്ലാത്തവനു കൊടുക്കുന്ന കായംകുളം കൊച്ചുണ്ണി മുതല്‍, നമ്മുടെ വോട്ട്‌ വരെ അടിച്ചെടുത്ത്‌ സ്വന്തം കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാര്‍ വരെ ഉണ്ട്‌. സ്ത്രീകളില്‍ ഇല്ലേ കള്ളികള്‍? ഉണ്ട്‌. എന്നാലും പുരുഷന്മാരാണ്‌ അധികവും, അല്ലെങ്കില്‍ നമ്മളറിയുന്നതില്‍ അധികവും (അയ്യോ, ഞാനാരേം അറിയില്ല.). അതിനെപ്പറ്റിയൊക്കെ ഗവേഷണം നടത്താന്‍ വല്ല യൂണിവേഴ്സിറ്റിയും, പ്രത്യേകം തുറക്കേണ്ടി വരും. എല്ലാ മേഖലയിലും കള്ളന്മാരുണ്ട്‌. എന്നാലും പൊതുജനങ്ങളുടെ വീട്ടില്‍ക്കയറി വന്ന് മോഷ്ടിക്കുന്നവരെക്കുറിച്ച്‌ തല്‍ക്കാലം പറയാം. ചിലതൊക്കെ, നിങ്ങളു മോഷ്ടിച്ചോ മോഷ്ടിച്ചോന്നും പറഞ്ഞ്‌ നിന്നുകൊടുത്തിട്ട്‌ മോഷ്ടിക്കുന്നതാണ്‌‍. മോഷണചരിത്രത്തിനു സാക്‌ഷ്യം വഹിച്ച പലരുടേയും, വീരകഥകള്‍ കേട്ട്‌, ഉള്‍പ്പുളകം കൊണ്ട ഒരാളെന്ന നിലയ്ക്ക്‌ കള്ളന്മാരെ എങ്ങനെ നേരിടാം എന്നൊരു ലേഖനം എഴുതിക്കളയാംന്നു തോന്നി. വായിക്കുന്നവര്‍ക്ക്, അല്ലെങ്കില്‍ അവരുടെ വീട്ടുകാര്‍ക്ക് പ്രയോജനപ്പെടട്ടെ.

ഞാന്‍ അറിഞ്ഞ വിവരങ്ങള്‍, അഥവാ എനിക്ക് വെച്ച വിവരം.

1) മിക്ക കള്ളന്മാരും പേടിത്തൊണ്ടന്മാരാണ്‌. അതുകൊണ്ടാണ്, കള്ളന്മാര്‍ അധികവും, ആരും വീട്ടില്‍ ഇല്ലാത്തപ്പോഴും, എല്ലാവരും ഉറങ്ങുമ്പോഴും വരുന്നത്‌. നിങ്ങള്‍, പകല്‍ വീട്ടില്‍ കയറ്റി സല്‍ക്കരിക്കുന്ന പലരും അവരുടെ ഒറിജിനല്‍ തൊഴിലും കൊണ്ട്‌ രാത്രിയും കടന്ന് വരാം. അതുകൊണ്ട്‌ വീട്ടില്‍ വരുന്ന കച്ചവടക്കാരെ- ബുക്ക്‌, ആഭരണം, ചൂല്, ചെപ്പിത്തോണ്ടി, ഒന്നെടുത്താല്‍ രണ്ട്‌, രണ്ട്‌ കൊടുത്താല്‍ മണ്ടി,- എന്നുള്ളവരെയൊന്നും- സല്‍ക്കരിക്കാതിരിക്കുക.

2) ഒരു വീട്‌, വഴിയില്‍ക്കൂടെ പോകുമ്പോള്‍ അപ്രതീക്ഷിതമായി കണ്ട്‌, എന്തൊരു വീടെന്റെ ദൈവമേ, ഇന്ന് കലാപരിപാടി ഇവിടെ നടത്തിക്കളയാം എന്ന് വിചാരിച്ച്‌ കയറുന്ന കള്ളന്മാര്‍ അപൂര്‍വ്വം ആണ്‌‍. വീടിന്റെ മുമ്പില്‍ക്കൂടെ, കുറച്ചുദിവസം, തെക്കും, വടക്കും, പിന്നെ പടിഞ്ഞാറും, കിഴക്കും, അളന്നതിനു ശേഷം മാത്രമാണ്‌ വീട്ടില്‍ക്കയറുക. ആ നടത്തത്തിനിടയ്ക്കാണ്‌‍, ആ വീട്ടില്‍ എന്തൊക്കെ നടക്കുന്നു, എന്ന് കള്ളന്‍ കണ്ടെത്തുന്നത്‌. നിങ്ങളുടെ വീടിനു മുന്നില്‍, പതിവില്ലാത്ത വിധം കാറ്റു വീഴ്ചയുള്ള തെങ്ങ്‌ പോലെയോ, കള്ള്‌ ഷാപ്പില്‍ നിന്ന് അന്നേരം എക്സിസ്റ്റ്‌ അടിച്ചവനെപ്പോലെയോ ഒക്കെ നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടാല്‍ ഒരു കണ്ണ്‌‍ വെച്ചേക്കണം. രണ്ടു കണ്ണും വെച്ചാല്‍ അത്രേം നല്ലത്‌. എന്ന് വെച്ച്‌ സകലരേം സംശയിക്കരുത്‌. ചെരുപ്പുകുത്തി, പഴക്കച്ചവടം, പഴയകച്ചവടം, പെട്ടി, പാട്ട പെറുക്കികള്‍ (ആരേം കുറ്റം പറഞ്ഞതല്ല) എന്നിവരെയൊക്കെ കണ്ടാല്‍ കുറച്ച്‌ സംശയത്തില്‍ വീക്ഷിക്കാം. ഇവരൊക്കെ എന്നും നമ്മുടെ ചുറ്റും കറങ്ങുന്നുണ്ടെങ്കില്‍, (എന്ത്‌ പോലെ എന്നൊരു ഉപമ വന്നു. ഉപമകള്‍ കേട്ട്‌ ബോറടിച്ചു പലര്‍ക്കും. അതുകൊണ്ട് കുറച്ചു. പാവം ഞാന്‍) നിങ്ങള്‍ക്കു സുന്ദരിയായ ഒരു മകള്‍ ഇല്ലാത്തിടത്തോളം കാലം ഇവരെയൊക്കെ സംശയിക്കാം. (ഉണ്ടെങ്കിലും സംശയിക്കാം)

3) പിന്നെ (ഞാനടക്കമുള്ള- എന്ന് വേണോ?) സ്ത്രീകള്‍ക്കൊരു കാര്യമുണ്ട്‌. സകലപരദൂഷണവും കഴിഞ്ഞ്‌, ഭര്‍ത്താവ്‌ എങ്ങനെയോ രക്ഷപ്പെട്ട്‌, ബൈ ബൈ പറഞ്ഞ്‌, ഗേറ്റിനു പുറത്ത്‌ എത്തുമ്പോഴായിരിക്കും പുറകില്‍ നിന്ന് വിളി വരുന്നത്‌. "ദേ, മറ്റന്നാള്‍, കൊച്ചങ്ങാടീലെ കൊച്ചുണ്ടാപ്രീടെ കല്യാണം അല്ലേ, നിങ്ങളാ ലോക്കറീന്ന്, എന്റെ അറുപത്തിയെട്ട് പവനും ഇങ്ങെടുക്കണേന്ന് പറയുന്നത്‌. അയല്‍ക്കാരെ കേള്‍പ്പിക്കലാവും മുഖ്യ ഉദ്ദേശം. നിങ്ങള്‍ക്ക്‌ അറുപത്തിയെട്ട് പവന്‍ അല്ല, നൂറ്റിയറുപത്തെട്ട് ഉണ്ടായാലും അവര്‍ക്കൊന്നുമില്ല. പക്ഷെ ചെവിയില്‍ സ്പീക്കറും വെച്ച്‌ ഇതൊക്കെ കേട്ട്‌ രസിക്കുന്ന കള്ളന്മാരുണ്ടാകും. പിറ്റേന്ന് പോലീസു വരുമ്പോള്‍ "അറുപത്തെട്ട് പവന്‍ എടുക്കണംന്ന് പറയുന്നത്‌ കേട്ടു, പക്ഷെ അതു കള്ളനും കേട്ടൂന്ന് ഞങ്ങളറിഞ്ഞില്ലേ” ന്ന് അയല്‍ക്കാര്‍ പറയും. അവര്‍ക്കിതു വേണം എന്ന് മനസ്സിലും പറയും.

4) കട്ടേ പോവൂ എന്ന് ഉദ്ദേശിച്ച്‌ വരുന്ന കള്ളന്മാര്‍ക്ക്‌, കഞ്ഞി പോയിട്ട്‌ ഫലൂദ പോലും വെച്ചുകൊടുക്കരുത്‌. പോനാല്‍ പോകട്ടും പോടാ എന്നൊരു കാര്യം ഈ അവസരത്തില്‍ ഓര്‍ക്കണം. അവര്‍ രണ്ടും കല്‍പ്പിച്ച്‌ വരുന്നവര്‍ ആയിരിക്കും. ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ ഒളിവില്‍. നാളെ നല്ല മുഖവും വെച്ച്‌ പുറത്തിറങ്ങണമെങ്കില്‍ അങ്ങോട്ട്‌ ആക്രമിക്കാതിരിക്കുക. കരാട്ടേ പഠിച്ചിട്ടുണ്ടെങ്കില്‍ പ്രശ്നമില്ല. പക്ഷെ കള്ളനും പഠിച്ചിട്ടുണ്ടെങ്കില്‍ പ്രശ്നമാകും. ധൈര്യമുണ്ടെങ്കില്‍ നേരിടുക. അല്ലാതെ ശൂ, ശൂ, എന്ന് ഊതിയാലൊന്നും കള്ളന്മാര്‍ പറന്നുപോവില്ല. നമ്മുടെ സുരക്ഷ ഓര്‍ക്കുക.


5)ബാങ്കുകാര്‍ ഈച്ചയെ ആട്ടാന്‍ വല്യ കെട്ടിടവും തുറന്ന് വെച്ച്‌ ഇരിക്കുകയല്ല. നിങ്ങളുടെ പണവും സ്വര്‍ണ്ണവും അവിടെ സുരക്ഷിതമായിരിക്കും. ജ്വല്ലറിയുടെ പരസ്യം പോലെ നിന്നാല്‍, ആ പരസ്യത്തിനു നിങ്ങള്‍ക്ക്‌ നയാപ്പൈസ കിട്ടില്ലെന്ന് മാത്രമല്ല, വന്നവന്റെ കൂടെ നിന്നതും പോയി എന്ന അവസ്ഥയാവും. പിന്നെ ലോക്കറും തുറന്ന് എടുക്കുന്നില്ലേന്ന് ചോദിച്ചാല്‍ "പാപി ചെല്ലുന്നിടം പാതാളം" എന്നേ ഉത്തരമുള്ളൂ.


6) വിലപ്പെട്ട രേഖകളുടെ കോപ്പികള്‍ എടുത്ത്‌, വിവിധസ്ഥലങ്ങളില്‍ വയ്ക്കുക. വീട്ടില്‍ക്കയറി തിരയുന്നതിനിടയ്ക്ക്‌ കള്ളനു ദേഷ്യം വന്നാല്‍ കീറാന്‍ രേഖകളേ ഉള്ളൂ എന്ന് വെച്ചാലോ? പിന്നെ അത്‌ പോയീ ഇത്‌ പോയീ എന്നൊന്നും പറഞ്ഞ്‌ കിടന്ന് കാറിയിട്ട്‌ പ്രയോജനമില്ല. നഷ്ടപ്പെട്ടിട്ട്‌ അതല്ല, ഇതല്ല, എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല എന്ന് ജഗദീഷ്‌ പറഞ്ഞപോലെ. (ഉപമ : )

7)അയല്‍പക്കവുമായി നല്ല ബന്ധം ഉണ്ടാവുക. അയല്‍ക്കാരനേയും, ഭാര്യയേയും, മക്കളേയും ഒക്കെ സ്നേഹിക്കുക (പരിധി കടക്കരുത്‌ പറഞ്ഞേക്കാം). അവര്‍ നിങ്ങളുടെ നല്ല കൂട്ടുകാര്‍ ആവട്ടെ. ഇല്ലെങ്കില്‍ നിങ്ങള്‍ യാത്ര പോയി വരുമ്പോഴേക്കും, വണ്ടിയും കൊണ്ടുവന്ന് വീട് മുഴുവന്‍, അടിച്ചെടുത്താല്‍പ്പോലും, ആരും ചോദിക്കാനുണ്ടാവില്ല. അങ്ങനെ പലയിടത്തും നടന്നിട്ടുണ്ട്. പരിചയം ഉള്ളവര്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്.

8) വീടിന്റെ പുറത്ത്‌ പോകുമ്പോള്‍ വീടിന്റെ ജനലുകള്‍ മുഴുവന്‍, നല്ലപോലെ അടയ്ക്കാന്‍ മനസ്സുവെച്ചാല്‍, പിന്നെ നിങ്ങളുടെ മനസ്സ്‌ തകരേണ്ടി വരില്ല. "തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടെ" എന്ന പാട്ടിന്റെ ആദ്യവരി, വീട്ടിലിരിക്കുമ്പോള്‍ മാത്രം അല്ല, പുറത്ത്‌ പോകുമ്പോഴും ഓര്‍ക്കുക.

9)സീരിയലും, സിനിമയും ഒന്നും കാണുന്നതില്‍ ഒരു വിരോധവുമില്ല. നിങ്ങളുടെ വീട്‌, നിങ്ങളുടെ ടി. വി. , നിങ്ങളുടെ കണ്ണ്‌‍, നിങ്ങളുടെ കൊച്ചുണ്ണി. പക്ഷെ ഉച്ചത്തില്‍ ടി.വിയും വച്ച്‌ കാണുമ്പോഴോ, പാട്ടും വച്ച്‌, പുസ്തകവും കൈയിലെടുത്ത്‌ ഇരിക്കുമ്പോഴോ, ഒരു ശ്രദ്ധ നിങ്ങളുടെ, വീടിനു ചുറ്റും ഉണ്ടാകണം. വെറുതെ കള്ളന്മാരെക്കൊണ്ട് ശ്രദ്ധിപ്പിക്കരുത്, പറഞ്ഞേക്കാം . വീട് നിങ്ങളുടേതല്ലേ? നിങ്ങള്‍ക്കങ്ങ് ശ്രദ്ധിച്ചാല്‍ എന്താ?

10) നിങ്ങളുടെ വീട്ടിലെ പണിയായുധങ്ങള്‍ മുഴുവന്‍, പോലീസ്‌, വേട്ട നടത്തി പിടിച്ചെടുത്ത, ആയുധങ്ങള്‍ പോലെ, വീടിനു പുറത്ത്‌ പ്രദര്‍ശിപ്പിക്കേണ്ട കാര്യം ഇല്ല. ആവശ്യത്തിനെടുത്താല്‍, തിരിച്ച്‌ അകത്ത്‌ വെച്ച്‌ കിടന്നുറങ്ങാന്‍ നോക്കുക. നിങ്ങളുടെ വീട്ടിലെ പണിയായുധങ്ങള്‍ ഉപയോഗിച്ച്‌, നിങ്ങള്‍ക്ക്‌ പണിയുണ്ടാക്കും, കള്ളന്‍.

കള്ളന്റെ കഥകള്‍ ഇവിടെ തീരുന്നില്ല. ഒരുപാടുണ്ട്‌ പറയാന്‍. പക്ഷെ അടുക്കളപ്പുറത്തെ കതകും തുറന്നിട്ടാണോ ഇതൊക്കെ എഴുതുന്നത്‌ എന്നെനിക്കൊരു സംശയം. ഈ വീട്ടിലെ ആകെ പൊന്ന് ഞാന്‍ ആണെങ്കിലും ഒന്നു നോക്കിവരാം. ഇവിടെയൊക്കെത്തന്നെ കാണൂലോ അല്ലേ എന്ന് ലാലേട്ടന്‍... ഇല്ല... ബാക്കി പറയുന്നില്ല.