Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 31, 2008

രണ്ടായിരത്തിഒമ്പതിനു സ്വാഗതം


രണ്ടായിരത്തിയേഴ് ഒടുങ്ങാനായപ്പോൾ ഞാൻ രണ്ടായിരത്തെട്ടിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. അതൊക്കെ ഒരു ഇരുപത് - മുപ്പത് - നാല്പത് ശതമാനം നടപ്പിലാക്കിയെന്നു പറയാം. കൂടുതൽ ആഗ്രഹിച്ചാലേ കുറച്ചെങ്കിലും കിട്ടൂ എന്നിപ്പോൾ മനസ്സിലായില്ലേ? ദൈവത്തിന്റെ പാതി ആയി. എന്റെ പാതി അവിടെത്തന്നെയുണ്ട് എന്ന് വിചാരിച്ചേക്കാം.

നല്ല നല്ല പോസ്റ്റുകൾ ഇടുമെന്നു പറഞ്ഞു. ഇട്ടു. എനിക്കെന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റും നല്ലതുതന്നെ.

ഡ്രൈവിംഗ് പഠിക്കുമെന്നു പറഞ്ഞു. പഠിച്ചു. ആരും പേടിക്കേണ്ട. കാർ വാങ്ങിയാൽ ഉടനെ അറിയിക്കാം. അപ്പോൾ പേടിക്കാൻ തുടങ്ങിയാൽ മതി.

പുതിയ എന്തെങ്കിലും വിദ്യ പഠിക്കും എന്നു പറഞ്ഞു. ഡ്രൈവിംഗ് പുതിയ വിദ്യയല്ലേ? വീണത് വിദ്യയാക്കും എന്നു പറഞ്ഞത് ശരിയായില്ലേ?

അഭിനയവും സോപ്പിടലും ഒന്നും പഠിക്കാൻ ഉദ്ദേശമില്ല. അതെനിക്കു പറ്റിയ ജോലിയുമല്ല. ഞാനെന്നും ഞാനായിട്ടേ നിന്നിട്ടുള്ളൂ. അതുമതി.

വിദേശയാത്ര നടത്തും എന്നു പറഞ്ഞു. വിദേശത്തുള്ള എത്രയോ ബ്ലോഗേഴ്സ് ഉണ്ട്. അവരിലൊരാൾ പോലും കമോൺ എന്നു മൂന്നക്ഷരം പോയിട്ട് കമാ എന്ന് രണ്ടക്ഷരം പോലും പറഞ്ഞില്ല. സ്നേഹശൂന്യർ. ഞാൻ വിദേശത്തുപോകും എന്നു പോസ്റ്റിലിട്ടപ്പോൾ ഞാൻ വിചാരിച്ചത്, എല്ലായിടത്തുനിന്നും ടിക്കറ്റിന്റേം റിട്ടേൺ ടിക്കറ്റിന്റേം കെട്ടുകൾ എന്റെ പേരിൽ വീട്ടിലെത്തും എന്നായിരുന്നു. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എല്ലാം വെറുതെയായി. ;) പിന്നെ സ്വയം പോകാം എന്നുവിചാരിച്ച് പുറപ്പെട്ടപ്പോഴാണ് പ്രണാബ് മുഖർജി പറഞ്ഞത്, ഇപ്പോ പോകരുതെന്ന്. ഞാൻ പിന്നെ എന്തു ചെയ്യും? വിമാനത്തിൽ കയറണമെന്ന മോഹവും അതുകൊണ്ട് സാധിച്ചില്ല. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് വിമാനം വരട്ടെ. പിന്നെ ഞാനെപ്പോഴും അതിലാവും യാത്ര.

ഷാരൂഖ് ഖാന്റെ മാത്രമല്ല, പല സിനിമകളും റിലീസിംഗ് ദിവസം തന്നെ കണ്ടു. ഒരു കഥയെഴുതിയേക്കാം എന്നുവിചാരിച്ചപ്പോഴേക്കും റോഷൻ ആൻഡ്രൂസ് ഇക്കൊല്ലം സിനിമ എടുത്തേയില്ലല്ലോ അല്ലേ? അല്ല എടുത്തോ?

ഒരുവിധം സുഹൃത്തുക്കളുടെയൊക്കെ ജന്മദിനത്തിന് സമ്മാനം ആശംസയായിട്ട് അയച്ചു. എന്നെക്കൊണ്ട് സാധിക്കുന്നതല്ലേ ചെയ്യാൻ പറ്റൂ. വിട്ടുപോയവരൊക്കെ ക്ഷമിച്ചേക്കണം.

വണ്ണം അഥവാ തടി കുറയ്ക്കും എന്നു പറഞ്ഞു. അല്പം കുറഞ്ഞു. ദൈവം തരുന്നതല്ലേ. വെറുതേ, വേണ്ടാന്നു പറഞ്ഞാൽ മൂപ്പർക്ക് പിടിച്ചില്ലെങ്കിലോ. ;)


ദുഃഖവും സന്തോഷവും, സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയടങ്ങിയ ജീവിതം പോലെ തന്നെയായിരുന്നു രണ്ടായിരത്തെട്ട്. വിഷമങ്ങളുടെ തട്ട് കുറച്ച് ഉയർന്നു നിന്നുവെന്ന് മാത്രം. ഒക്കെ സഹിച്ചു. സഹിക്കാൻ കഴിഞ്ഞു. അങ്ങനെയൊരു ഘട്ടം എന്തായാലും കടന്നുപോയി.

ങാ...പോട്ടെ. കഴിഞ്ഞതൊക്കെക്കഴിഞ്ഞു. ഇനി രണ്ടായിരത്തി ഒമ്പതിൽ ഞാൻ നടപ്പാക്കാനുദ്ദേശിക്കുന്ന പത്തിന പരിപാടികൾ താഴെപ്പറയുന്നു. നിങ്ങളെന്തുവിചാരിച്ചാലും മാറ്റുന്ന പ്രശ്നമില്ല.

1) നല്ല നല്ല പുസ്തകങ്ങൾ വായിക്കും. ബ്ലോഗർമാർ ഇറക്കുന്ന പുസ്തകങ്ങൾ മാത്രമല്ല ഉദ്ദേശിക്കുന്നത്. ;) പണ്ടുള്ളവയായാലും ഇപ്പോ ഇറങ്ങുന്നവയായാലും മികച്ച പുസ്തകങ്ങൾ തേടിനടന്ന് കണ്ടുപിടിച്ച് വായിക്കും.

2) ഇതുവരെ കാണാത്ത ഏതെങ്കിലുമൊരു സുഹൃത്തിനെ നേരിട്ട് കാണും. സൗഹൃദത്തിന് സ്നേഹം എന്നാണ് ഞാൻ അർത്ഥം കല്‍പ്പിച്ചിരിക്കുന്നത്, അഭിനയം എന്നല്ല എന്നുകൂടെ എല്ലാവരും ഓർമ്മിക്കുക.

3) വിമാനത്തിൽ കയറും. വിദേശം എന്നു പറയുന്നില്ല. (ഹും..പറഞ്ഞിട്ടെന്തുകാര്യം?) പറ്റുമെങ്കിൽ പോകും. അല്ലെങ്കിൽ സ്വദേശത്തു തന്നെ വിമാനത്തിൽ കയറും.

4) ഇതുവരെ പോകാത്ത ഏതെങ്കിലും നാലു സ്ഥലത്തേക്ക് പോകും. ചിലപ്പോൾ അടുത്തായിരിക്കും, ചിലപ്പോൾ ദൂരത്തായിരിക്കും. എന്തായാലും ഇതുവരെ അവിടെ പോയിട്ടുണ്ടാവില്ല. (ചന്ദ്രനിലേക്കും സൂര്യനിലേക്കും നരകത്തിലേക്കും സ്വർഗ്ഗത്തിലേക്കും അല്ല). ;)

5) എന്തെങ്കിലും പുതിയ വിദ്യ പഠിക്കും.

6) ഗോവയിലോ തിരുവനന്തപുരത്തോ ഫിലിം ഫെസ്റ്റിവൽ വരുമ്പോൾ പോകും. എവിടെയെങ്കിലും ഒരിടത്ത്. അവിടെയുള്ളവരൊന്നും പേടിക്കേണ്ട. നിങ്ങളുടെ അടുത്തൊന്നും വരുന്നില്ല. ;)

7) അറിയാത്ത ഒരു ഭാഷ കുറച്ചെങ്കിലും പഠിക്കും. ആ ഭാഷ മാത്രം അറിയാവുന്നവരുടെ മുന്നിൽ അത്യാവശ്യം പിടിച്ചുനിൽക്കാൻ ഉള്ളത്. (പേടിക്കേണ്ട. ആ ഭാഷയിൽ ബ്ലോഗ് തുടങ്ങില്ല.)

8) തടി പിന്നേം കുറയ്ക്കും. ഹും...

9) സുഹൃത്തുക്കൾക്കൊക്കെ ജന്മദിനത്തിനു സമ്മാനം കൊടുക്കും. (എന്റെ കഴിവനുസരിച്ചുതന്നെയാണ്. എന്നാലും, ഈ വർഷം കൊടുത്തതുപോലെയല്ല, നിങ്ങളു നോക്കിക്കോ).

10) ബൂലോഗർ ഇറക്കുന്ന പുസ്തകങ്ങളൊക്കെ വാങ്ങും. ഇതുവരെ ഇറക്കിയതിൽ വാങ്ങാത്തതും. എന്നുവെച്ച് എല്ലാരുംകൂടെ പുസ്തകമിറക്കി എന്നെപ്പറ്റിക്കരുത്.


പുതിയവർഷമൊക്കെ വരാൻ പോവുകയല്ലേ. അതുകൊണ്ട് ഒരു ഉപദേശം തരാം. പറ്റുന്നതല്ലേ തരാൻ കഴിയൂ. വേണമെങ്കിൽ എടുത്താൽ മതി. യാതൊരു നിർബ്ബന്ധവുമില്ല.

സത്യത്തിന്റെ കൂടെ നിൽക്കുക. ആത്മാർത്ഥതയുടെ കൂടെ നിൽക്കുക. കോപ്രായങ്ങളും കാട്ടിക്കൂട്ടലുകളും കണ്ട് പിന്നാലെ ഓടാതിരിക്കുക. കള്ളന്മാർക്ക് കഞ്ഞിവെച്ച് കൂടെക്കുടിക്കുന്നവരാവും അധികവും. സത്യം പറയുമ്പോൾ, തെറ്റു ചൂണ്ടിക്കാട്ടുമ്പോൾ നിങ്ങളുടെ സ്വരം ആരും കേട്ടില്ലെന്നു വരും, ആരും തുണയ്ക്ക് നിന്നില്ലെന്നു വരും.
എന്നാലും ദൈവം എന്നും സത്യത്തിന്റെ കൂടെയാണ്. വിജയം എന്നും സത്യത്തിനാണ്. എത്ര വൈകിയാലും. സത്യത്തിന്റെ വഴിയിലൂടെ പോവുക. (അനുഭവം ഗുരു!)

ശംഭോ മഹാദേവാ!

രണ്ടായിരത്തിഒമ്പതിനു സ്വാഗതം !

Labels: ,

Monday, December 22, 2008

രണ്ട് ഹിന്ദിച്ചിത്രങ്ങൾ

എനിക്കു സിനിമകൾ ടാക്കീസിൽ പോയി കാണുന്നതാണിഷ്ടം. പക്ഷേ, ചിലതൊക്കെ വന്നാൽ പോകാൻ സൗകര്യമുണ്ടാവില്ല. പിന്നെപ്പോകാമെന്നുവെച്ചാൽ ചിലതൊന്നും കുറച്ചുദിവസത്തോളം ഉണ്ടായെന്നുവരില്ല. അന്യഭാഷാചിത്രങ്ങൾ ആണെങ്കിൽ ചിലതൊന്നും വന്നെന്നു പോലും അറിയില്ല. പടം നല്ലതാണെന്ന് അറിഞ്ഞുവരുമ്പോഴേക്കും അത് ടി. വി. ക്കുള്ളിലേക്ക് കയറിക്കഴിയും. അങ്ങനെ നല്ലതാണെന്ന് കേട്ടറിഞ്ഞാൽ ടി. വി. യിൽ കാണുവാൻ ഇഷ്ടം തന്നെ. അങ്ങനെയൊരു പടമാണ് “എ വെനസ്ഡേ” (A Wednesday). ഗോവ ഫിലിം ഫെസ്റ്റിവലിൽ വന്നിരുന്നെന്ന് കേട്ടു.

യു. ടി. വി. യാണ് നിർമ്മാണം. അതുകൊണ്ട് യു. ടി. വി. മൂവീസ് എന്ന ചാനലിൽ വന്നു. ആദ്യമേ അറിഞ്ഞതുകൊണ്ട് മുഴുവൻ കാണുകയും ചെയ്തു. കഴിഞ്ഞ ഞായർ രാത്രി എട്ടുമണിക്കാണ് കാണിച്ചത്.

A Wednesday


നീരജ് പാണ്ഡേയാണ് കഥയും, തിരക്കഥയും സം‌വിധാനവും. നസറുദ്ദീൻ ഷാ (അജ്ഞാതൻ) അനുപം ഖേർ (പോലീസ് കമ്മീഷണർ, ദീപൽ ഷാ (ചാനൽ റിപ്പോർട്ടർ), അമിർ ബഷീർ (പോലീസ്, ജിമ്മി ശേർഗിൽ (ആരിഫ് ഖാൻ - ആന്റി ടെററിസ്റ്റ് സ്ക്വാഡ്) എന്നിവരൊക്കെയാണ് അഭിനേതാക്കൾ.


പ്രകാശ് റാത്തോഡ് എന്ന പോലീസ് കമ്മീഷണറുടെ ഓർമ്മയിലാണ് കഥ. റിട്ടയർ ആയി. ഇന്നുവരെ ആരോടും പറയാത്തൊരു സംഭവമാണെന്നും പറഞ്ഞാണ് പറയുന്നത്. അതു നടന്നത് ഒരു ബുധനാഴ്ചയാണ്.

ഒരാൾ (നസറുദ്ദീൻ ഷാ - സിനിമയിൽ അയാൾക്കു പേരില്ല) പോലീസ് സ്റ്റേഷനിലെത്തി പരാതികൊടുക്കുന്നു, പേഴ്സ് കാണാനില്ലെന്ന്. എന്നിട്ട് അവിടെയുള്ള ടോയ്ലറ്റിൽ പോയി, അവിടെ ഒരു ബാഗ് വച്ചിട്ട് വരുന്നു. ആ ബാഗിനുമുകളിലെ എഴുത്ത് ജെ &കെ ട്രാവൽ‌സ് എന്നാണ്. പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസുകാരൻ വിളിക്കുന്നത് ജമ്മു & കാശ്മീർ, എന്നു തുടക്കത്തിൽ പറഞ്ഞാണ്.

പ്രകാശ് റാത്തോഡിന് ഫോൺ വരുന്നു. അദ്ദേഹത്തിന് അജ്ഞാതനാണ് വിളിക്കുന്നത്. നസറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന കഥാപാത്രമാണ് വിളിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. വേറെ വേറെ ജയിലിൽ കിടക്കുന്ന, പലപ്പോഴായി മുംബൈയിൽ നടന്ന ബോം‌ബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട നാലു തീവ്രവാദികളെ വിടണം എന്നും അല്ലെങ്കിൽ കുറച്ചുസമയത്തിനകം, നാലഞ്ചുസ്ഥലത്തുവെച്ച ബോംബ് പൊട്ടിത്തെറിക്കുമെന്നും പറയുന്നു. പ്രകാശ് റാത്തോഡിന് വിശ്വാസം വരാൻ വേണ്ടി, കമ്മീഷണറുടെ ഓഫീസിനു തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്നും, വേണമെങ്കിൽ വേഗം പോയി നോക്കിയാൽ കിട്ടുമെന്നും പറഞ്ഞു. പോലീസുകാരിൽ ചിലരെ കമ്മീഷണർ അങ്ങോട്ടുവിടുന്നു. ബോബ് കണ്ടെടുക്കുന്നു. നിർവ്വീര്യമാക്കുന്നു. അജ്ഞാതന്റെ ഫോൺ സന്ദേശം ശരിയായിരിക്കുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്യുന്നു. അയാൾ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. നമ്പർ മാറിമാറി വരുന്നതുകൊണ്ട്. നസറുദ്ദീൻ ഷാ തന്നെ, ചാനലിന്റെ റിപ്പോർട്ടറായ നൈനയെ (ദീപൽ ഷായാണ് നൈനയെ അവതരിപ്പിക്കുന്നത്) വിളിച്ച്, ഒരു പ്രധാന വാർത്ത കിട്ടണമെങ്കിൽ കമ്മീഷണറുടെ ഓഫീസിലേക്ക് ഉടനെ ചെല്ലാൻ പറയുന്നു. അവളും ക്യാമറാമാനും അവിടെ എത്തുന്നു. കമ്മീഷണർ അവരോടു പറയുന്നു, അജ്ഞാതന് ഇവിടെത്തെ വിവരം കിട്ടാൻ വേണ്ടിയിട്ടാണ് അങ്ങനെ ചെയ്യുന്നതെന്ന്. (ഈയിടെ മുംബൈയിൽ നടന്ന അക്രമത്തിലും പലരും പറഞ്ഞിരുന്നു, പോലീസിന്റെ നീക്കം മുഴുവൻ അക്രമികളും കാണുമെന്ന്).

തീവ്രവാദികളെ വിട്ടില്ലെങ്കിൽ ബോംബ് പൊട്ടും എന്നുള്ള ഭീഷണിയിൽ അല്പം ഭീതിയുള്ളതുകൊണ്ട്, അവരെ നാലുപേരേയും, ജയ് സിംഗ് എന്ന ഇൻസ്പകറും, ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ ഉള്ള ആരിഫ് ഖാൻ എന്ന ആളും ഒരു വാഹനത്തിൽ കൊണ്ടുപോകുന്നു. അജ്ഞാതൻ ആവശ്യപ്പെട്ടിടത്തേക്ക്. ആ തീവ്രവാദികൾ ഒരുമിച്ച് ഇവരെ പരിഹസിക്കുന്നുണ്ട് വാഹനത്തിൽ വച്ച്.

അതിനിടയ്ക്ക്, പോലീസ്‌സ്റ്റേഷനിൽ, പേഴ്സ് കളഞ്ഞുപോയതിന്റെ റിപ്പോർട്ട് എഴുതിയെടുത്ത പോലീസുകാരനെ കൊണ്ടുവന്ന്, കമ്മീഷണർ രേഖാചിത്രം വരപ്പിക്കാൻ പറഞ്ഞുകൊടുക്കാൻ പറയുന്നുണ്ട്. മുഖ്യമന്ത്രി വരുന്നുണ്ട്. അജ്ഞാതൻ ഇടയ്ക്കു വിളിക്കുന്നുണ്ട്. ഒരാളെ കൊണ്ടുവരുന്നുണ്ട്, കമ്പ്യൂട്ടറിലൂടെ അയാൾ വിളിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ.

ചാനലിന്റെ റിപ്പോർട്ടറെ വിളിച്ച്, ഇവരെ നാലുപേരേയും കൊണ്ടുവരാൻ പറഞ്ഞിടത്ത് എത്താൻ പറയുന്നുണ്ട്, അജ്ഞാതൻ.

അങ്ങനെ നാലുപേരും രണ്ടു പോലീസുകാരും ഒരിടത്ത് എത്തുമ്പോൾ, അവർക്ക് ഫോൺ വരുന്നു. എന്നിട്ട് അജ്ഞാതൻ ഓരോരുത്തരോടും മിണ്ടി അവർ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നു. അവർ, തങ്ങളുടെ പേരും, എന്തിനാണ് പിടിയിലായത് എന്നും പറയുന്നുണ്ട്. അതിലൂടെയാണ് അവർ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നത്. അങ്ങനെ അവരെ ഒരു സ്ഥലത്ത് ഒരുമിച്ച് വിട്ട് രണ്ട് പോലീസുകാരോടും പിന്മാറാൻ പറയുന്നു. ആസിഫ് ഖാന് അത് സമ്മതമായി തോന്നുന്നില്ല. അതുകൊണ്ട് അതിലെ ഒരു ദ്രോഹിയെ അയാൾ പിടിച്ചുവെച്ചിട്ട് മൂന്നുപേരെ മാത്രം വേറെ വിടുന്നു. മൂന്നുപേരും ഒരു സ്ഥലത്തുനിന്ന് ഒരു ഫോൺ റിംഗ് ചെയ്യുന്നതുകേട്ട് എടുക്കുകയും, തങ്ങളെ വിടുവിച്ച ആളാണെന്നുകരുതി, സംസാരിക്കാൻ ബട്ടൺ അമർത്തുമ്പോൾ ബോംബ് പൊട്ടിത്തെറിച്ച് മരിക്കുകയും ചെയ്യുന്നു. അതുകണ്ട്, പോലീസുകാരും, ബാക്കിയായ തീവ്രവാദിയും അന്തം വിടുന്നു. കഥ മാറുകയാണ്. ആ തീവ്രവാദികളെ രക്ഷിക്കാനല്ല ശിക്ഷിക്കാനാണ് കൊണ്ടുവന്നതെന്ന് അവരും, ബാക്കിയുള്ളവരും മനസ്സിലാക്കുന്നു. ബാക്കിയായ തീവ്രവാദി, അയാളെ രക്ഷിക്കാൻ ആരിഫ് ഖാനോട് പറയുന്നുണ്ട്. ഒരുതരം പ്രലോഭനം. പക്ഷെ, അയാളെ വെടിവെച്ചുകൊല്ലാൻ കമ്മീഷണർ പറയുകയും വെടിവെച്ചുകൊല്ലുകയും ചെയ്യുന്നു. ഇൻസ്പെക്ടർ ജയ് സിംഗ്, ആരിഫ് ഖാന്റെ കൈക്ക്, ചാനൽ റിപ്പോർട്ടർ എത്തുമ്പോഴേക്കും വെടിവെക്കുന്നു. കണ്ടറിഞ്ഞ് വരുന്നവരെ സംബന്ധിച്ചിടത്തോളം ഇവരൊക്കെ മരിച്ചത്, പോലീസുകാരെ ആക്രമിക്കുന്നതിനിടയിലാണ്.

അജ്ഞാതൻ പറയുന്നു, ബോംബ് വെച്ച് നമ്മുടെ രാജ്യത്തിലെ ആൾക്കാരെ മുഴുവൻ തീവ്രവാദികൾ കൊന്നൊടുക്കുകയാണ്. രാജ്യം രക്ഷിക്കാനാണ് സാധാരണ ജനങ്ങൾ നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത് എന്നൊക്കെ. തിരിച്ചുവരുമോന്ന് ഉറപ്പില്ലാതെയാണ് രാവിലെ പലരും വീടുവിട്ടിറങ്ങുന്നത്, വീട്ടിലിരിക്കുന്നവരാകട്ടെ, ഇടയ്ക്കിടയ്ക്ക് ഒന്നും പറ്റിയില്ലല്ലോന്ന് അറിയാൻ വിളിച്ചുനോക്കണം എന്നും പറയുന്നുണ്ട്. ഭാര്യ ഇടയ്ക്ക് വിളിച്ചുനോക്കും എന്നാണ് അജ്ഞാതൻ പറയുന്നത്. ട്രെയിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചും അജ്ഞാതൻ പറയുന്നുണ്ട്. അയാളെ പരിചയമില്ലെങ്കിലും എന്നും കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരൻ എൻ‌ഗേജ്മെന്റ് റിംഗ് കാണിച്ചുവെന്നും, ഒരു ദിവസം താൻ അല്പം വൈകിയതുകൊണ്ട്,സ്ഥിരം കയറുന്ന ട്രെയിനിൽ കയറാഞ്ഞതുകൊണ്ട് ബോംബിൽ നിന്നു രക്ഷപ്പെട്ടുവെന്നും, പിന്നെയുള്ള ദിവസങ്ങളിൽ എന്നും കാണുന്ന മുഖങ്ങൾക്ക് പകരം വേറെ മുഖങ്ങളാണ് കണ്ടതെന്നും ഒക്കെപ്പറയുന്നുണ്ട്. ഒരു സാധാരണക്കാരന്റെ വേവലാതി ശരിക്കും അറിയാം ആ വാക്കുകളിൽനിന്ന്. നാളെ എന്നൊരു ഉറപ്പില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ. യാതൊരു തെറ്റും ചെയ്യാതെ, ഒരു ബോംബിൽ ജീവിതം തീർക്കേണ്ടിവരുന്നവരുടെ കാര്യം ആലോചിക്കേണ്ടതു തന്നെ.

ഒടുവിൽ അജ്ഞാതൻ ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നുവെങ്കിലും, അയാളെ പിടികൂടാൻ സഹായിച്ച പയ്യനും, അയാളുടെ രേഖാചിത്രം വരയ്ക്കാൻ സഹായിച്ച പോലീസുകാരന്റേയും മനസ്സ് മാറുന്നത് നാം കാണുന്നുണ്ട്. അയാൾ ചെയ്തത് അറിഞ്ഞപ്പോൾ. കമ്മീഷണർ ഒറ്റയ്ക്ക് പുറപ്പെടുന്നു. അയാളെ കണ്ടുപിടിക്കാൻ. അയാൾ എല്ലാ ജോലിയും തീർത്ത്, പക്കലുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും ഒരു ബോംബ് കൊണ്ടു നശിപ്പിക്കുന്നു. എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ, വരുമ്പോൾ കമ്മീഷണർ അവിടെ എത്തുന്നു. അദ്ദേഹം ഇയാളോട് പേരു ചോദിക്കുന്നു. അതു നമ്മളെ കേൾപ്പിക്കുന്നില്ല. ആ പേര് നമ്മൾ അറിഞ്ഞാൽ ഒരു മതത്തിന്റെ ലേബലിനു വേണ്ടി നമ്മൾ അന്വേഷിക്കുമെന്നാണ് കമ്മീഷണർ പറയുന്നത്.

അങ്ങനെ, ഒരു ബുധനാഴ്ച നടന്ന സംഭവം, കൃത്യമായി പുറം ലോകം അറിഞ്ഞിട്ടില്ലെന്നും, അത് ഒരു രേഖകളിലും ഇല്ലെന്നും കമ്മീഷണർ ഓർമ്മകളിൽ നിന്നുപുറത്തുവന്ന് പറയുന്നു. ഒരു ജയിലിൽ നിന്ന് പതിവുള്ളതുപോലെ തീവ്രവാദികളെ മാറ്റുമ്പോൾ അവർ ആക്രമണത്തിൽ മരിക്കുന്നു. ഇതാണ് പുറം ലോകം അറിയുന്നത്.

നസറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന അജ്ഞാതൻ (നമ്മൾ അയാളെ കാണുന്നുണ്ടെങ്കിലും പോലീസുകാർ കാണുന്നില്ലല്ലോ, അതുകൊണ്ടാണ് അജ്ഞാതൻ എന്നുപയോഗിച്ചത്), പണിതീരാത്ത ഒരു വലിയ കെട്ടിടത്തിന്റെ ടെറസ്സിൽ ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത്. അയാളുടെ ഭാര്യ ഇടയ്ക്കു വിളിക്കുന്നുണ്ട്.

ഇടയ്ക്ക് ഒരു സിനിമാതാരം കമ്മീഷണറുടെ അടുത്ത് വരുന്നുണ്ട്, അയാളെ ആരോ എന്നും ഫോൺ ചെയ്തു ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ്.

രാജ്യത്തെ സ്നേഹിക്കുമ്പോൾ, അവിടെയുള്ള ജീവിതം നിറയെ വേവലാതിയാണെന്നു കണ്ടാൽ ചിലപ്പോൾ ആൾക്കാർ ഇങ്ങനെയൊക്കെ പെരുമാറിയേക്കും. തീവ്രവാദികൾ മരിക്കുന്നതുവരെ നമുക്ക് എവിടെയൊക്കെ ബോംബ് പൊട്ടുമെന്നും എന്തൊക്കെ അപകടം നടക്കുമെന്നും ഒരു ആശങ്കയുണ്ടാവും. പക്ഷെ കഥ പെട്ടെന്നു മാറുമ്പോൾ, നമ്മൾ ആശ്വാസത്തിലേക്കെത്തുന്നു. വേറെ എവിടേയും ബോംബ് വെച്ചിട്ടൊന്നും ഇല്ലെന്നും അയാൾ പറയുന്നുണ്ട്. അയാൾ അത്രയ്ക്കൊരു ദുഷ്ടനാണെന്ന് നമുക്ക് ആദ്യം മുതലേ തോന്നില്ല എന്നതൊരു കുഴപ്പമാണ്. കാരണം അയാളുടെ പെരുമാറ്റത്തിനും പ്രവൃത്തികൾക്കും ഒരു വില്ലൻ ഭാവം ഇല്ലതന്നെ. നിരപരാധികൾ വെറുതേ കൊന്നൊടുങ്ങുമ്പോൾ ഇങ്ങനെ ചിലരെങ്കിലും നിയമം കൈയിലെടുക്കുമെന്ന് തോന്നുന്നു. അങ്ങനെ ചെയ്യുന്നത്, തെറ്റാണോ ശരിയാണോയെന്നറിയില്ല.

നല്ല കഥ. നല്ല അഭിനയം. നല്ലൊരു ചിത്രം. എനിക്കിഷ്ടപ്പെട്ടു.

2. രബ് നെ ബനാദി ജോടി

ഷാരൂഖ് ഖാന്റെ പുതിയ സിനിമ. സത്യം പറഞ്ഞാൽ ഇത് കണ്ടതുകൊണ്ട് ആർക്കും വലിയ ഗുണമൊന്നുമില്ല. എന്തൊക്കെയോ ഒരു കഥ. ഷാരൂഖ് ഖാന്റെ ആരാധകർക്ക് (ഞാനടക്കമുള്ള) പറ്റും. പിന്നെ പാട്ടുകളുണ്ട്, ചില തമാശ സീനുകളുണ്ട്. ചിരിക്കാം കുറേ. “കരച്ചിൽ ഉണ്ടല്ലേ കുറേ” എന്ന് സിനിമ വിട്ടിറങ്ങിയപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു. കരച്ചിലും ഉണ്ട്.

ഷാരുഖ് അവതരിപ്പിക്കുന്ന സുരീന്ദർ സാഹ്നി, ദാനി (താനി) യെ കല്യാണം കഴിച്ച് വീട്ടിൽ വരുമ്പോഴാണ് സിനിമ തുടങ്ങുന്നത്. ഷാരുഖ് ഒറ്റയ്ക്കേയുള്ളൂ അവിടെ. ഷാരൂഖ് നമ്മോട് പറയുന്നു. ‘ഇന്നലെയാണ് ആദ്യമായിട്ട് ഞാനിവളെ കണ്ടത്, ഇഷ്ടവും ആയി’ എന്ന്. പിന്നെ അവരുടെ കല്യാണം നടന്നത് എങ്ങനെയെന്ന് കാണുന്നു. താനിയുടെ കല്യാണവീട്ടിലാണ് സുരീന്ദർ സാഹ്നി ഉള്ളത്. സുരീന്ദർ താനിയുടെ അച്ഛന്റെ പ്രിയപ്പെട്ട ശിഷ്യൻ ആയിരുന്നെന്ന്, അദ്ദേഹം താനിയ്ക്ക് സുരീന്ദറിനെ പരിചയപ്പെടുത്തുമ്പോൾ പറയുന്നു. താനിയുടെ പ്രതിശ്രുതവരൻ മരിക്കുന്നു. അച്ഛനു അസുഖമാവുന്നു. അദ്ദേഹം ആശുപത്രിയിൽ വെച്ച് താനിയെ സുരീന്ദറിനെ ഏല്‍പ്പിക്കുന്നു, അദ്ദേഹം മരിക്കുന്നു, അവർ വിവാഹിതരാവുന്നു. സുരീന്ദറിന്റെ വീട്ടിൽ വരുന്ന താനി അവൾക്ക് പഴയപോലെ ആവാൻ കുറച്ചു സമയം വേണമെന്നു പറയുന്നു. സുരീന്ദറിന് അവളോട് പ്രണയം ആയിരുന്നതുകൊണ്ട്, അവളുടെ ഇഷ്ടത്തിനുവിടുന്നു.

അവൾ, നൃത്തമത്സരത്തിനുള്ള ക്ലാസ്സിൽ ചേരാൻ അനുവാദം ചോദിക്കുന്നു. അവൾക്ക് സന്തോഷമായിക്കൊള്ളട്ടെ എന്നു കരുതി സുരീന്ദർ അവിടെ ചേരാൻ പെട്ടെന്നുതന്നെ അനുമതി കൊടുക്കുന്നു.

സുരീന്ദർ, തന്റെ പ്രിയ സുഹൃത്തായ ബോബിയുടെ സഹായത്താൽ (ബ്യൂട്ടിപ്പാർലർ ആണ് അയാൾക്ക്), രൂപം മാറുന്നു. മീശയൊക്കെ വെച്ച് ഒരു ജുബ്ബയുമൊക്കെ ഇട്ടുനടക്കുന്ന പതിവു സ്റ്റൈലിൽ നിന്ന്, രാജ് എന്ന പുതിയ രൂപവും വേഷവും, ഇപ്പോഴത്തെ ചെറുപ്പക്കാരുടെ അടിപൊളി ഫാഷനുമായിട്ടുള്ള രൂപവും ഒക്കെയായി മാറുന്നു. നൃത്തക്ലാസ്സിൽ രാജിന്റെ പാർട്ട്ണർ താനിയാണ്. അവൾ സുരീന്ദറിനെ തിരിച്ചറിയുന്നില്ല. അവൾ രാജിന്റെ സുഹൃത്ത് ആവുന്നു.

സുരീന്ദർ രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടു പോകും. ഓഫീസ് സമയം കഴിഞ്ഞിട്ട് രാജ് ആവും. നൃത്തത്തിനുപോവും. വീണ്ടും വേഷം മാറി സുരീന്ദർ ആയി വീട്ടിൽ വരും. താനിയോട് വിശേഷങ്ങളൊക്കെ ചോദിക്കുകയും ചെയ്യും.

അങ്ങനെ അവർ നല്ല സുഹൃത്തുക്കളായിരിക്കുന്ന ഒരു അവസരത്തിൽ രാജ് തനിക്ക് താനിയോട് ഇഷ്ടമാണെന്ന് പറയുന്നു. അപ്പോളാണ് അവൾ വിവാഹിതയാണെന്ന് അവളും, പണ്ടേ അറിയാം എന്ന് രാജും പറയുന്നത്. അവൾ ആശയക്കുഴപ്പത്തിലായി. സുരീന്ദറിനോട് അവൾക്ക് താല്പര്യവുമില്ല, താല്പര്യക്കുറവുമില്ല. വിവാഹിതരായെങ്കിലും അവർ തമ്മിൽ വലിയ ബന്ധവുമില്ല. പഴയപോലെ ആവാൻ കുറച്ചു സമയം വേണമെന്ന് താനി പറഞ്ഞിട്ടുണ്ടല്ലോ. രാജാണെങ്കിൽ അവളെ ഒരുപാട് സ്നേഹിക്കുന്നു.

അങ്ങനെ ഒരു ദിവസം, അവൾക്കും രാജിനോട് ഇഷ്ടമായി. ആ നാട്ടിൽനിന്നും പോകാം എന്നുവരെ അവൾ പറയുന്നു. സുരീന്ദർ വിഷമഘട്ടത്തിലായി. പക്ഷെ, അവൾ സ്നേഹിക്കുന്നത് സുരീന്ദറിനെത്തന്നെയാണെന്ന് അവൾക്ക് മനസ്സിലാവുന്നു. രാജിനോട് നൃത്തമത്സരത്തിന്റെ അന്ന് അവൾ അക്കാര്യം തുറന്നുപറയുന്നു. നൃത്തമത്സരത്തിന്റെ വേദിയിൽ രാജിനു പകരം വരുന്നത് സുരീന്ദറാണ്. അവൾക്ക് കാര്യം മനസ്സിലാവുന്നു. സിനിമ തീരുന്നു.

ഇത്രയേ ഉള്ളൂ സിനിമ. ഭർത്താവ് വേഷം കെട്ടി വന്നാൽ മനസ്സിലാവില്ല എന്നൊക്കെപ്പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചുപാടുണ്ട്. എനിക്കതിലെ പാട്ടുകൾ ഇഷ്ടപ്പെട്ടു. പിന്നെ ചിരിക്കാൻ കുറേയുണ്ട്. ഞാനെന്തായാലും കുറേ ചിരിച്ചു. താനിയായി വരുന്ന അനുഷ്കാ ശർമ്മ നന്നായി ചെയ്തിട്ടുണ്ട്. പുതുമുഖം ആണെന്ന് തോന്നുന്നു. ആദിത്യചോപ്രയാണ് സംവിധാനം. ഷാരൂഖ്ഖാൻ പതിവുപോലെ ഉഷാർ. രാജായാലും സുരീന്ദറായാലും. ഒരു പാട്ടിൽ, ഷാരൂഖിനൊപ്പം, കാജോൾ, റാണി മുഖർജി, ബിപാഷ, ലാറ, പ്രീതി സിന്റ എന്നിവരൊക്കെ മിന്നിമറയുന്നുണ്ട്.

തുഝ്മേ രബ് ദിഖ്താ ഹേ യാരാ മെം ക്യാ കരൂം എന്ന പാട്ടെനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു.

ഒരുപ്രാവശ്യം കാണുന്നതിൽ തെറ്റൊന്നുമില്ല. ഇനിയിപ്പോ, വ്യത്യസ്തമായ ഒരു കഥയും ഷാരൂഖ്ഖാനും, നല്ലൊരു നായികയും ഒക്കെ ആയതുകൊണ്ട് പടം നന്നായി ഓടില്ലെന്നൊന്നും പറയാനും വയ്യ.

എന്തായാലും ഷാരൂഖ് ഖാന് ദാത്തൂക്ക് പദവി കിട്ടി. ലോകത്തെ ഏറ്റവും പവർഫുൾ ആയിട്ടുള്ള 50 ജനങ്ങൾക്കുള്ളിൽ വന്നു.

ഈസ്റ്റ് ഓർ വെസ്റ്റ്, സൗത്ത് ഓർ നോർത്ത്,
ഷാരൂഖ് ഖാൻ, ദി ബെസ്റ്റ് ഹേ ജീ. ;)

Labels: , ,

Saturday, December 20, 2008

ദൈവമേ നിനക്ക് നന്ദിദൈവമാണ് ഓരോരുത്തർക്കും ജന്മം നൽകുന്നത്. അവിടെ എഴുതിവെച്ചിട്ടുണ്ടാവും കണക്കുകളൊക്കെ. ഓരോരുത്തരേയും ഭൂമിയിലേക്ക് വിധിയെന്നൊരു പാരച്യൂട്ടും കെട്ടി തള്ളിയിടും. പിന്നെ ആ പാരച്യൂട്ടിന്റെ ഗുണം‌പോലിരിക്കും നമ്മുടെ കാര്യങ്ങൾ. ദൈവം ഉണ്ടോന്ന് എന്നോടു ചോദിച്ചാൽ ഉണ്ടെന്നേ ഞാൻ പറയൂ. കാണിച്ചുതരൂ എന്നു പറഞ്ഞാൽ ഞാൻ കുഴയും. ദൈവം, ഗോബീ മഞ്ചൂരിയനും, സ്ട്രോബറി ഐസ്ക്രീമും ഒന്നുമല്ലല്ലോ കാണിച്ചുതരാൻ. ദൈവം ഒരു അനുഭവം ആണ്. കാറ്റുപോലെ. കാറ്റ് ഞാൻ കണ്ടിട്ടില്ല, അനുഭവമേയുള്ളൂ. അതുകൊണ്ട് കാറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് കാറ്റു തന്നെ എന്നു നമ്മൾ പറയില്ലേ? അതുതന്നെ ദൈവത്തിന്റെ കാര്യത്തിലും.

“ങ്ങള് ദുബായ് കണ്ടിട്ട്ണ്ടാ?”

“ഇല്ല”

“എന്നാ ദുബായ് ഇല്ലേ?” എന്ന് ലാലേട്ടൻ കിളിച്ചുണ്ടൻ മാമ്പഴത്തിൽ ചോദിച്ച ചോദ്യം ഞാൻ അവിശ്വാസികളോടും ചോദിക്കും.

ദൈവം വരുന്നത് അനുഭവങ്ങളുടെ രൂപത്തിലാണ്. നല്ല അനുഭവങ്ങൾ വരുമ്പോൾ ദൈവത്തെക്കേറി പ്രേമിക്കുകയും, നമുക്ക് പിടിക്കാത്ത അനുഭവം വരുമ്പോൾ ദൈവത്തെ തഴയുകയും ചെയ്യുന്ന പരിപാടി നല്ലതല്ല. ദൈവം പരീക്ഷിക്കുകയാണ് എന്നോർക്കുമ്പോൾ ആദ്യം എനിക്ക് ഭയങ്കര വിഷമം ഒക്കെ തോന്നും. അതൊക്കെ തോന്നിക്കഴിഞ്ഞ്, ദൈവത്തെ നാലു തെറിപറയാം എന്നു തോന്നിത്തുടങ്ങുന്നതിനുമുമ്പ് ഞാനൊന്ന് ആലോചിക്കും. പ്രധാനമായും രണ്ട് രീതിയിൽ ആലോചിക്കും. ഒന്ന് ദൈവം മറ്റുള്ളവർക്കില്ലാതെ എനിക്ക് തന്നിട്ടുള്ള സൗഭാഗ്യങ്ങൾ. അപ്പുറവുമിപ്പുറവുമുള്ള ആൾക്കാരുമായി ഒരു കാര്യത്തിലും താരതമ്യം ചെയ്യേണ്ട കാര്യമില്ലെങ്കിലും, ചെയ്തുനോക്കിയാൽ നമുക്ക് മനസ്സിലാകും ദൈവം നമ്മിലേക്ക് ചൊരിഞ്ഞിട്ടുള്ള അനുഗ്രഹങ്ങൾ. അപ്പോ ഞാനൊരു ഭാഗ്യവതി തന്നെ. പിന്നെയാലോചിക്കുന്നത് എനിക്ക് തന്നിരിക്കുന്ന പരീക്ഷണങ്ങൾ എന്റെ പ്രിയപ്പെട്ടവർക്കാർക്കെങ്കിലും കൊടുത്തിരുന്നെങ്കിൽ അവരുടെ സ്ഥിതി എന്താവുമായിരുന്നു എന്നു വിചാരിക്കും. അതോടെ എനിക്കു മനസ്സിലാവും ഞാനാളു പുലിയാണ്, (പ്ലീസ് ഒന്നും വിചാരിക്കരുത്. വേറെ ആരുമില്ല പറയാൻ. അതുകൊണ്ട് സ്വയം പുകഴ്ത്തുന്നതാ;)) അതുകൊണ്ടാണ് ദൈവം സകല പരീക്ഷണവും എന്റെ തലയിലേക്കിട്ടു തന്നിരിക്കുന്നത് എന്ന്. പാവം ദൈവം അല്ലെങ്കിൽ എന്തു ചെയ്യും. അതും നമ്മളാലോചിക്കണ്ടേ. ഒക്കെ വിതരണം ചെയ്യുകേം വേണം, നല്ലത് വാങ്ങാൻ മാത്രമേ ആളുള്ളൂ എന്നുവിചാരിച്ചാൽ ബാക്കി മുഴുവൻ ആ പാവത്താൻ കെട്ടിപ്പിടിച്ചുംകൊണ്ടിരിക്കേണ്ടേ. പോരാത്തതിന് സകല വിശ്വാസികളുടേം പ്രാർത്ഥനയ്ക്ക് ചെവികൊടുക്കുകേം വേണം. പാവം ദൈവം. അതുകൊണ്ടാണ് ദൈവം പരീക്ഷണങ്ങൾ നേരിടാൻ എന്നെപ്പോലെയുള്ള നല്ല ധൈര്യവതികളേം നല്ല ധൈര്യവാന്മാരേം തെരഞ്ഞെടുക്കുന്നത്. ബാക്കി മനുഷ്യരൊക്കെ പാവങ്ങൾ! ഛെ! ഛെ! പരീക്ഷണങ്ങൾ വരുമ്പോൾ ഇങ്ങനെയൊക്കെ നിങ്ങളും ചിന്തിച്ചാൽ മതി കേട്ടോ.

പിന്നെ അനുഭവങ്ങൾ എന്നു പറയുന്നത് ദൈവം പലരൂപത്തിലും, സമയത്തും, വരുന്നതിനെയാണ്. എട്ടു വലിയ ബാഗും നാലു സാദാ കൈകളും മാത്രമായി നിൽക്കുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന റെയിൽ‌വേസ്റ്റേഷനിൽ പോർട്ടറുടെ രൂപത്തിൽ വന്നിട്ടുണ്ട്. അല്ലെങ്കിൽ ടിക്കറ്റ് റിസർവ്വ് ചെയ്ത ട്രെയിനിൽ കയറുകയേ ഉണ്ടാവുമായിരുന്നില്ല. ഈച്ചയും പൂച്ചയും മറ്റു മനുഷ്യരുമില്ലാത്ത ഒരു സ്റ്റേഷനിൽ ഇത്രയും ലഗ്ഗേജും എടുത്ത് കയറാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ, ഒരു സഹയാത്രികന്റെ രൂപത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അർദ്ധരാത്രിയ്ക്ക് സിനിമയും കഴിഞ്ഞ്, പഞ്ചറായ സ്കൂട്ടറും തള്ളിയെത്തിയപ്പോൾ റിപ്പയർ പ്രമാണിച്ച് കുറേനാളായി തുറക്കുകയേ ചെയ്യാത്ത ഒരു പെട്രോൾ ബങ്കിൽ നിന്ന് ടയറിൽ കാറ്റുകയറ്റിത്തന്ന്, വീട്ടിലെത്താൻ ഇതുമതി, പഞ്ചറൊട്ടിക്കാൻ നാളെ കൊണ്ടുപോയാൽ മതി വേഗം പൊയ്ക്കോളീൻ എന്നു പറഞ്ഞിട്ടുണ്ട്. ആ ദിവസം ശരിക്കും പേടിച്ചിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു. വീട്ടിലെത്താൻ കുറച്ച് ദൂരവുമുണ്ട്. സ്കൂട്ടറും തള്ളി വീടുവരെ വരുക, അല്ലെങ്കിൽ സ്കൂട്ടർ അവിടെ എവിടെയെങ്കിലും വെച്ചിട്ട് നടന്ന് വരുക എന്നതൊന്നും ആലോചിക്കാൻ പോലും തോന്നിയില്ല. ശൂന്യമായ റോഡരുകിൽ സ്കൂട്ടറും വെച്ചിട്ട് വന്നാൽ രാവിലെ നോക്കുമ്പോൾ സ്കൂട്ടർ പോയിട്ട് സ്ക്രൂ പോലും കാണില്ല. ;) പിന്നെ പല അപകടങ്ങളിൽ നിന്നും ഒന്നും സംഭവിക്കാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ദൈവം തന്നെയാണ്. “നിങ്ങളൊരു ദൈവമാണ്’ എന്ന് മനുഷ്യരോട് പറയാൻ തോന്നുന്ന അനുഭവം ഉണ്ടായിക്കാണും പലർക്കും. നമ്മെ വിഷമത്തിൽ നിന്നു കരകയറ്റുന്നത് ദൈവം തന്നെ. സഹായത്തിന്റെ രൂപത്തിൽ വരുന്നെന്നുമാത്രം. അല്ലാതെ, പാതിരാത്രി, ടയർ പഞ്ചറായ സ്കൂട്ടറുമായി നിൽക്കുമ്പോൾ, സീരിയലിലും കഥകളിലും സിനിമയിലും ഒക്കെ കാണുന്നതുപോലെ സർവ്വാഭരണവിഭൂഷിതനായിട്ട് വന്നിട്ട്, “മകളേ, മകനേ, നിങ്ങളിൽ ഞാൻ സം‌പ്രീതനായിരിക്കുന്നു, നിങ്ങൾ ഈ ഇരുചക്രവാഹനം തള്ളിക്കൊണ്ടുപോകേണ്ട, കാറ്റടിച്ചുതരാം.” എന്നു പറഞ്ഞാലേ അത് ദൈവമാണെന്ന് തോന്നൂ എന്ന് പറഞ്ഞാൽ വിഷമം തന്നെയാണേ. ;)

ജനിപ്പിച്ചതുകൂടാതെ, മരണത്തിലേക്ക് വിടാതെ ജീവിതത്തിലേക്ക് രണ്ടുവട്ടം കൈപിടിച്ചിട്ടിട്ടുണ്ട് ദൈവം. ജീവിതത്തിലേക്ക് തിരിച്ചിട്ടത്, മിക്കവാറും ഞാനങ്ങോട്ട് ചെന്നാൽ സഹിക്കാൻ പറ്റില്ലെന്ന് വിചാരിച്ചതുകൊണ്ടാവാനേ സാദ്ധ്യതയുള്ളൂ. ;)

കുറച്ചുമാസങ്ങൾക്കുമുമ്പ് ഞങ്ങൾ വീട്ടുകാരെല്ലാംകൂടെ ഒത്തുകൂടിയപ്പോൾ ഞങ്ങൾ, കുട്ടികളെയൊക്കെ കൂട്ടി, തോട്ടിൽ പോയി. കുട്ടികൾക്ക് വെള്ളത്തിൽക്കിടക്കാൻ ഒരു അവസരം ആയി. ചേച്ചി, നാത്തൂനോട് എന്തോ പറയുന്നുണ്ടായിരുന്നു. എന്നെ നോക്കി ചിരിക്കുകയും. എന്താന്നു ചോദിച്ചപ്പോൾ പറഞ്ഞു. പണ്ട് നീ "മുങ്ങിപ്പോയ" കാര്യം പറഞ്ഞതാണെന്ന്. ഞാൻ പറഞ്ഞു, ഇവളറിഞ്ഞിരുന്നില്ലേ അത്, ഞാൻ പണ്ടേ ബ്ലോഗിലിട്ടിരുന്നു എന്ന്. എന്നിട്ട് പറഞ്ഞു, അപ്പൊ ഞാൻ മുങ്ങിപ്പോയിരുന്നെങ്കിൽ, അങ്ങനെയൊരു കുട്ടിയുണ്ടായിരുന്നു, പാവം ചെറുപ്പത്തിലേ മുങ്ങിപ്പോയി എന്നു എല്ലാവരും പറഞ്ഞുതന്നേനെ എന്ന്. അവൾക്കൊക്കെ എന്നെക്കാണാൻ ഭാഗ്യമുണ്ട്. അതുതന്നെ. ;)

പിന്നെയൊരിക്കൽ സ്കൂട്ടറപകടത്തിൽനിന്നാണ് ദൈവം മിനുട്ടുകളുടെ വ്യത്യാസത്തിൽ രക്ഷിച്ചെടുത്തത്. ഇന്നും വളരെ ചെറുതെന്ന് നമുക്കു തോന്നുന്ന അപകടം പോലും ഓരോരുത്തരുടെ ജീവനെടുത്തെന്ന് കേൾക്കുമ്പോൾ, ഞാൻ ആ അപകടം ഓർക്കും. ദൈവമില്ലായിരുന്നെങ്കിൽ! അല്ലെങ്കിൽ എനിക്ക് ദൈവവിശ്വാസമില്ലായിരുന്നെങ്കിൽ! അന്ന് ചിലപ്പോ വേറെ എന്തെങ്കിലും സംഭവിച്ചേനേ. (എന്താണ് നിങ്ങൾ പറയുന്നത്? ദൈവമേ നിനക്കു വെച്ചിട്ടുണ്ട് എന്നോ? അത് ചേട്ടൻ എപ്പഴും പറയും. ;))

എവിടെയോ മറഞ്ഞിരിക്കുന്ന, നമ്മെ നിയന്ത്രിക്കുന്ന, എന്നാൽ നമുക്ക് കാണാൻ കഴിയാത്ത ഒരു ശക്തിയുണ്ട്. അതാണ് ദൈവം. ചിലപ്പോൾ അനുഗ്രഹിക്കും, ചിലപ്പോൾ തൊഴിക്കും. നമുക്കു കിട്ടേണ്ടത് കിട്ടും. പരീക്ഷിക്കുമ്പോൾ, മറ്റുള്ളവരേക്കാൾ നമ്മൾ കൂടുതൽ ശക്തരായതുകൊണ്ടാണെന്നൊരു ബോധം ഉണ്ടായാൽ മതി. പിന്നെയൊന്നുമില്ല. വിഷമവുമില്ല, പരിഭവവുമില്ല. ചുക്കുമില്ല ചുണ്ണാമ്പുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല. ദൈവത്തോട്, മറ്റുള്ളവർക്കുവേണ്ടി നടത്തുന്ന പ്രാർത്ഥനകൾ ഫലിക്കാറുണ്ട് എന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്. പ്രാർത്ഥിച്ച് നമസ്കരിക്കുമ്പോൾ എല്ലാവർക്കും നല്ലതു വരുത്തണേ എന്നേ പറയാറുള്ളൂ. അല്ലാതെ എനിക്ക് പ്രിയപ്പെട്ടവരുടേയും എന്റെ ബ്ലോഗിലെ പോസ്റ്റിൽ കമന്റ് വെക്കുന്നവരേയുമൊക്കെ പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞ് പ്രാർത്ഥിക്കാറില്ല. ;) പിന്നെ ചിലർക്ക്, കൂടുതൽ വിഷമം ഉണ്ട്, ഉണ്ടാവും എന്നൊക്കെത്തോന്നുമ്പോൾ അവർക്കുവേണ്ടി പ്രത്യേകമായിട്ടൊന്ന് പറയും. അത് നിങ്ങളാരും പ്രാർത്ഥിക്കണേന്ന് പറഞ്ഞിട്ടൊന്നും വേണ്ട. എനിക്കറിയാം. ;) അതുകൊണ്ടാണ് നിങ്ങൾക്കൊക്കെ വിഷമം വരുമ്പോ വേഗം മാറുന്നത് എന്നിപ്പോ മനസ്സിലായില്ലേ?

ദൈവം വിളക്കാണ്, വഴികാട്ടിയാണ്, ശക്തിയാണ്. അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിക്കുമ്പോൾത്തന്നെ മനസ്സിനൊരു ബലമുണ്ട്. ഉണ്ടെന്നുള്ളതിനു തെളിവാണ് ദൈവസാന്നിദ്ധ്യം ഉണ്ടെന്നു കരുതുന്നിടത്തുള്ള ആൾക്കൂട്ടം. വെറുതേ കാഴ്ച കാണാൻ പോകുന്നവരുമുണ്ടാവും. എല്ലാരും അങ്ങനെയാവില്ലല്ലോ.

അവിശ്വാസികൾക്ക് (അങ്ങനെ അഭിനയിക്കുന്നവർക്ക്) ഇതൊക്കെ ആരെങ്കിലും പറയുമ്പോൾ തമാശ ആയിരിക്കും. എവിടെയെങ്കിലും വീണ് നക്ഷത്രമെണ്ണുമ്പോൾ അവരും ആരും കേൾക്കാതെ വിളിക്കും ‘എന്റെ ദൈവേ’ ന്ന്. ;)


ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു, എനിക്ക് നിഷേധിക്കുന്നത്, അതിന് എന്നേക്കാളും ആവശ്യമുള്ളവരുണ്ടെന്ന് വിശ്വസിച്ച് സമാധാനിക്കുന്നു.

നിന്റെ സ്നേഹത്തിന്, കാരുണ്യത്തിന്, എനിക്ക് പറയാൻ വേറെ വാക്കുകളില്ല.

ദൈവമേ നിനക്ക് നന്ദി!

Labels:

Thursday, December 18, 2008

ചിന്നുവിന്റെ അവധിക്കാലം

ചിന്നുക്കുട്ടിയ്ക്ക് സ്കൂളടച്ചുകഴിഞ്ഞു. ചിന്നുക്കുട്ടി രാവിലെതന്നെ അമ്മ കൊടുത്ത ഭക്ഷണവും കഴിച്ച് കാഴ്ച കാണാൻ പുറപ്പെട്ടു. മുറ്റത്തേക്കിറങ്ങിയപ്പോൾ ഒരു തുമ്പിയെക്കണ്ടു. അതിന്റെ പിന്നാലെ ഓടി. എന്നിട്ട് ചോദിച്ചു :-

തുമ്പീ തുമ്പീ നിന്നോടൊപ്പം
പാറിനടക്കാൻ വന്നോട്ടേ?

അപ്പോ തുമ്പി പറഞ്ഞു :-

അയ്യോ കുഞ്ഞേ വേണ്ടല്ലോ,
കുഞ്ഞിനു ചിറകുകൾ ഇല്ലല്ലോ.

എന്നിട്ട് തുമ്പി പാറിപ്പോയി.

ചിന്നുക്കുട്ടി പറമ്പിലേക്കിറങ്ങി. ദൂരെയൊരു മരത്തിലെ വള്ളിയിൽ തൂങ്ങി ഒരു കുരങ്ങച്ചൻ ഊഞ്ഞാലാടുന്നുണ്ട്. ചിന്നുക്കുട്ടി കുരങ്ങനോട് ചോദിച്ചു :-

കുരങ്ങാ കുരങ്ങാ നിന്നോടൊപ്പം
കൊമ്പത്താടാൻ വന്നോട്ടേ?

അപ്പോ കുരങ്ങൻ പറഞ്ഞു.

അയ്യോ കുഞ്ഞേ വേണ്ടല്ലോ,
വീഴും കുഞ്ഞുകരഞ്ഞീടും.

കുരങ്ങൻ ഒരു മരത്തിൽനിന്ന് വേറൊരു മരത്തിലേക്ക് ആടിയാടിപ്പോയി.

ചിന്നുക്കുട്ടി വീണ്ടും നടന്നു. കുളത്തിന്റെ കരയിലെത്തി. അമ്മ പറഞ്ഞിട്ടുണ്ട്, അവിടെയൊക്കെ പോകുമ്പോൾ സൂക്ഷിക്കണംന്ന്. അതുകൊണ്ട് മെല്ലെ കുളക്കരയിലിരുന്ന് കുളത്തിലേക്ക് നോക്കി. മീനുണ്ട് പോകുന്നു. നീന്തിനീന്തി. ഇടയ്ക്ക് തല വെള്ളത്തിനു മുകളിലിട്ടു. ചിന്നു മീനിനോട് ചോദിച്ചു :-

മീനേ മീനേ നിന്നോടൊപ്പം
നീന്താൻ ഞാനും വന്നോട്ടേ?

അപ്പോ മീൻ പറഞ്ഞു :-

അയ്യോ കുഞ്ഞേ വേണ്ടല്ലോ,
കുഞ്ഞിനു നീന്താൻ അറിയില്ല.

പറഞ്ഞിട്ട്, മീൻ നീന്തിപ്പോയി.

ചിന്നുക്കുട്ടി റോഡിനരികിലേക്കു നടന്നു. റോഡിലൂടെ ഒരു ആനയുണ്ട് പോകുന്നു. തടിയും പിടിച്ച്.

ചിന്നുക്കുട്ടി ചോദിച്ചു :-

ആനേ ആനേ നിന്നോടൊപ്പം
തടികൾ പിടിക്കാൻ വന്നോട്ടേ?

അപ്പോ ആ വലിയാനയ്ക്ക് കുഞ്ഞുചിന്നുക്കുട്ടീടെ ചോദ്യം കേട്ടിട്ട് ചിരിവന്നു. ആന പറഞ്ഞു :-

അയ്യോ കുഞ്ഞേ പറ്റില്ല,
കുഞ്ഞിക്കയ്യുകൾ നൊന്തീടും.

ആന തടിയും ഉരുട്ടി പോയി. ചിന്നുക്കുട്ടി നോക്കിനിൽക്കുമ്പോഴുണ്ട് ടക് ടക് ടക് എന്ന് ഒച്ചയുണ്ടാക്കി കുതിര വരുന്നു.

ചിന്നുക്കുട്ടിയെ കണ്ടപ്പോൾ കുതിര വേഗത കുറച്ചു. അപ്പോ ചിന്നുക്കുട്ടി ചോദിച്ചു :-

കുതിരേ കുതിരേ നിന്നോടൊപ്പം
കുതിച്ചുപായാൻ വന്നോട്ടേ?

അപ്പോ കുതിര എന്താ പറഞ്ഞേന്ന് അറിയ്യോ?

അയ്യോ കുഞ്ഞേ പറ്റില്ല,
കുഞ്ഞിക്കാലുകൾ തളരില്ലേ?

കുതിര പിന്നേം വേഗത്തിലോടിപ്പോയി. ചിന്നുക്കുട്ടി ഇനി എന്താ ചെയ്യ എന്നും ആലോചിച്ച് നിൽക്കുമ്പോൾ മിന്നുച്ചേച്ചി വന്നു. ചേച്ചി ചിന്നുവിനോട് പറഞ്ഞു :-

ചിന്നുക്കുട്ടീ വന്നാലും,
കൊത്തങ്കല്ല് കളിച്ചീടാം,
കൊമ്പത്തൂഞ്ഞാലാടീടാം,
ഒളിച്ചേ കണ്ടേ കളിച്ചീടാം,
ഓടിത്തൊട്ടു കളിച്ചീടാം,
ഓലപ്പന്തു മെനഞ്ഞീടാം,
ഓലക്കുടിലു പണിഞ്ഞീടാം.

അങ്ങനെ ചിന്നുക്കുട്ടീം ചേച്ചീം കൂടെ അവധിക്കാലം ആഘോഷിച്ചു.

Labels: ,

Wednesday, December 17, 2008

എലിയും പൂച്ചയും

‘ഒളിച്ചുകളിക്കേണ്ട. ഇനി നമ്മൾ കൂട്ടുകാരാണ്.’ എലിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചുമരാകട്ടെ എലിയെ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. പൂച്ച സൗഹൃദത്തിൽ മീശ വിറപ്പിച്ചു.
‘ഇനി ഒളിക്കാൻ എലിയെ കിട്ടില്ല. തൊട്ടിരുന്ന് അടക്കിപ്പിടിക്കുന്ന വിങ്ങൽ അറിയാൻ പറ്റില്ല.’ ചുമർ നിരാശയിലായി.
‘ഇന്നലെക്കൂടെ എന്നിലൂടെ ചാടിപ്പോയി.’ ജനൽ ചുമരിന്റെ ചെവിയിലേക്ക് പറഞ്ഞു. ‘കാത്തിരുന്ന് കാണാം.’

എലി സൗഹൃദത്തിന്റെ ലഹരിയിൽ മുറിയിലൂടെ ഓടി. പൂച്ച കട്ടുകുടിച്ച പാലിന്റെ ഒരു വര അതിന്റെ ദേഹത്തുണ്ടായിരുന്നു. ഒരു പഞ്ഞിരോമവും. പൂച്ച ഉമ്മവെച്ചത്. ഉമ്മ വയ്ക്കാൻ അടുത്തുവന്നപ്പോൾ എലി എന്തിനോ അല്പം പേടിച്ചിരുന്നു. വിശ്വാസക്കുറവ് തന്നെ. എന്നിട്ടും പൂച്ചയിൽ നിന്ന് മറച്ചു.

***************
“ദേ ഒരെലി പോകുന്നു.”
“ഒരു വടിയിങ്ങെടുത്തോ.”
പൂച്ച അവളുടെ കാലിലൊന്ന് തൊട്ടു. അവൾ ഞെട്ടിപ്പോയി.
“ഹോ...ഇതിന്റെയൊരു കാര്യം.”
“മോള് വന്നോ?”
“ഇനിയും വന്നില്ല.”
“ഇരുട്ടിയല്ലോ.”
“പോയി നോക്കണോ?”
“അല്പം കൂടെ കഴിഞ്ഞിട്ടു പോകാം.”

****************

പൂച്ചയെ ആയിരുന്നു പേടിക്കാനുള്ളത്. പൂച്ച കൂട്ടായി. അല്ലെങ്കിൽ മൂന്ന് മനുഷ്യരും കൂടെ പിറകെ നടക്കും. മോൾ ഒരു പാവമാണ്. അത് അച്ഛനും അമ്മേം ഒരു എലിയുടെ പിറകെ ഓടുമ്പോൾ ഉറക്കെ ചിരിക്കുകയേ ഉള്ളൂ. എലി പതുക്കെപ്പതുക്കെ അവളുടെ കിടക്കയിലൂടെ ഓടി. നിഷ്കളങ്കമായിട്ട് ഉറങ്ങുന്നുണ്ട്. അവളുടെ അടുത്തുചെന്ന് മുഖത്തേക്ക് ശ്രദ്ധിച്ചുനോക്കിയപ്പോൾ ഒരു പുഞ്ചിരി. ആരെങ്കിലും കൂട്ടായിരിക്കും. ചിലപ്പോൾ ഒരു ശത്രു തന്നെ. അവളുടെ മുഖത്ത് ശത്രുവിന്റെ ചുംബനത്തിന്റെ മാധുര്യം കണ്ടെടുക്കാൻ ശ്രമിച്ച് അല്പനേരം ഇരുന്നിട്ട് എലി ജനലിനെ വിറപ്പിച്ച് ഇരുട്ടിലേക്ക് ചാടിപ്പോയി. ജനൽ, പിന്നാലെ, പൂച്ചയെ അപ്പോഴും പ്രതീക്ഷിച്ചു.

*************

പൂച്ച ഉറങ്ങുന്നത് പത്രത്തിലാണ്. വീടാണെങ്കിൽ നിശബ്ദമായിരിക്കുന്നു. എലിക്കിപ്പോൾ സാഹസികത ഒട്ടും തോന്നുന്നില്ല. കുറച്ചുനാൾ മുമ്പുവരെ കടിച്ചുപറച്ചിരുന്ന പത്രത്തിലേക്ക് നോക്കി. പൂച്ച പകുതിഭാഗവും ഉറങ്ങാൻ ഉപയോഗിച്ചിട്ടുണ്ട്. അവളുണ്ട് പത്രത്തിൽ. ഉറങ്ങുന്നതുപോലെ. ഇവൾ ഇന്നലെ ഇവിടെ ഉറങ്ങിയത് ഇങ്ങനെയല്ലായിരുന്നല്ലോ. വ്യത്യാസമുണ്ട്. അവളുടെ അച്ഛനും അമ്മയും, താനോടിയിട്ടും, വടിയിങ്ങെടുക്ക്, വാതിലടയ്ക്ക് എന്നൊക്കെ ബഹളം വയ്ക്കാഞ്ഞത് ഇതുകൊണ്ടാവും. അവളും ഒരു ശത്രുവിനോട് കൂട്ടായെന്ന് കരുതിയതല്ലേ ഉള്ളൂ, രണ്ട് ദിവസം മുമ്പ്. ശത്രുത നിർത്തിയാൽ കുഴപ്പമാണോ! പൂച്ച ഉണർന്ന് ഒന്ന് തല കുടഞ്ഞു. അതിന്റെ വിശപ്പിന്റെ മണം എലിയ്ക്ക് അനുഭവമായി. പലപ്പോഴും അറിഞ്ഞിട്ടുണ്ട്. എലി ഇരിപ്പിടങ്ങൾക്ക് പിറകിലേക്കും അവിടെനിന്ന് ജനലിലൂടെ പറമ്പിലേക്കും അവിടെ മണ്ണിനടിയിൽ കുഴിച്ചുവെച്ചിരിക്കുന്ന സ്വന്തം വാസസ്ഥാനത്തേക്കും ഓടിയെത്തിയിട്ട് നിശ്വസിച്ചു.

ജനൽ, ചുമരിനോട് പറഞ്ഞു, “വിശക്കുമ്പോൾ സൗഹൃദം കണ്ണില്‍പ്പതിയില്ല. മുന്നിൽ ഇരകളേ കാണൂ.”

Labels:

Monday, December 15, 2008

അല്പം വാക്കുകൾ

1. പാവം

തന്നിലേക്കൊതുങ്ങുന്നുണ്ട്,
അരികുപറ്റി നടക്കുന്നുണ്ട്,
മുന്നിലെത്താനുള്ള മോഹമടക്കാറുണ്ട്,
വിട്ടുപോകാനുള്ള മനസ്സുമില്ല.
എന്നിട്ടും...
കൂടെയാരുമില്ലെന്ന് പറഞ്ഞ് പരിഭവിക്കുന്നവരും
പിന്നിലായിപ്പോകുന്നെന്ന് പഴിക്കുന്നവരും
അസഹ്യതയോടെ ഉരിയാടുന്നത് കേൾക്കാം.
നിഴലുകൾ പിന്തുടരുന്നുവെന്ന്!

2. ഒളിച്ചുകളി

മനസ്സിനോടൊപ്പം നടക്കുമ്പോൾ,
തന്നെ മറന്നെന്ന് കണ്ണുകൾ പരിഭവിക്കുന്നു.
കണ്ണുകളോടൊപ്പം നടക്കുമ്പോൾ,
പിടിതരാതെ മനസ്സ് ഒളിച്ചിരിക്കുന്നു.
കണ്ണും മനസ്സും ഒരുമിച്ചത് നിന്നെക്കാണാൻ മാത്രം.
നിന്റെ മനസ്സും കണ്ണും ഒളിച്ചുകളിക്കുന്നതറിയാതെ.

3. ശിക്ഷ

കത്തിയുണ്ട്,
ആപ്പിളുണ്ട്,
ഞാനുമുണ്ട്.
കത്തിയെടുത്ത് ആപ്പിളിനെ കൊല്ലുന്നതിനുപകരം
സ്വയം ചത്താൽ,
ജീവനെടുത്തതിന് ആപ്പിളിനെ കുറ്റം പറയാതെ കഴിയും.
ഒരു ശിക്ഷയിൽനിന്നെങ്കിലും അതൊഴിവാകും.
കീടനാശിനികൾ തളിച്ച് ശിക്ഷിച്ചത് പോരേ.

4. തീരില്ല

പൊറോട്ടയുണ്ട്
വട്ടത്തിൽ വട്ടത്തിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.
അലുക്ക് വേർതിരിക്കാമെന്നു വെച്ചാൽ ചൂടാറും.
ജീവിതവും അങ്ങനെത്തന്നെ.
പ്രശ്നങ്ങൾ പിണഞ്ഞ് വരിഞ്ഞ് കിടപ്പുണ്ട്.
അഴിഞ്ഞുതീരില്ല,
അതിനുമുമ്പ് ശരീരം തണുക്കും.

Labels:

Saturday, December 13, 2008

അവനും പിന്നെ അവളും

അവൻ

നേരമായ് സഖീ, പോയി വരട്ടെ ഞാൻ
ഇനിയൊന്നു കാണുന്നതെന്നാണെന്നറിയില്ല.

ദൂരത്തിരുന്നോരോ ജോലികൾ ചെയ്യുമ്പോഴും
ഓർക്കാതെ വയ്യ നിൻ പുഞ്ചിരിക്കും മുഖം.

ഓരോ പരിഭവത്തുണ്ടുകൾ നീട്ടി നീ
എന്നോടു കള്ളപ്പിണക്കം നടിച്ചതും,

സ്നേഹമില്ലാതെയായ് അല്ലെങ്കിലെന്നെ നീ
വിട്ടുപോയീടുമോ എന്നു ചോദിച്ചതും,

ആഴിത്തിരകളെ തൊട്ടു നടന്നതും
ചിരിക്കുന്ന താരകൾ കണ്ണിൽ നിറച്ചതും,

മഴ പൊഴിഞ്ഞീടുമ്പോൾ ഒപ്പം നനഞ്ഞതും
മഴവില്ലുനോക്കി നാം നേരം കളഞ്ഞതും,

കണ്ണിലായ് കൺ‌കോർത്ത് സ്വപ്നം മെനഞ്ഞതും
പിരിയുമ്പോഴൊക്കെ നാം കണ്ണീർ മറച്ചതും.

ഓർക്കുമ്പോൾ മനമൊന്നു നൊന്തു പിടഞ്ഞിടും
വന്നൊന്നു കാണുവാൻ ഹൃദയം കരഞ്ഞിടും.

എങ്കിലും പോകാതെ വയ്യെന്റെയോമലേ
തിരികെവരുംവരെ കാത്തിരുന്നീടുക.

സ്വപ്നങ്ങളാലൊരു കോട്ട കെട്ടുന്നു ഞാൻ
രാജകുമാരിയായ് നീയതിൽ വാഴുക.

ഓരോ നിമിഷവും നീയെന്നെയോർക്കുക
ചിരിയും കരച്ചിലും പങ്കുവെച്ചീടുക.

നേരമായ് സഖീ പോയി വരട്ടെ ഞാൻ
കണ്ണുനീർ മായ്ച്ചു നീ പുഞ്ചിരിച്ചീടുക.

അവൾ

ഇനിയെത്ര നാളുകൾ കാത്തിരുന്നീടണം,
നീയെനിക്കേകുന്ന പുഞ്ചിരി കാണുവാൻ!

ഓരോ തവണയും വിട്ടുനീ പോകുമ്പോൾ
ഹൃദയമെന്നോടൊത്ത് നിൽക്കാൻ മടിക്കുന്നു.

മനസ്സൊന്നു തേങ്ങുന്നു, മൗനം നിറയുന്നു
വാക്കുകളെല്ലാം പിടിതരാതോടുന്നു.

പിരിയാതെ വയ്യെന്ന് പറയാതെയറിയാം
എങ്കിലും സഹിക്കില്ല കഠിനമീ വിരഹം.

കരയുമ്പോൾ നിൻ കൈകൾ കണ്ണീർ തുടച്ചതും
കരഞ്ഞാൽ പിണങ്ങിടും എന്നു മൊഴിഞ്ഞതും,

സ്വപ്നങ്ങൾ കാണുവാൻ ചെവിയില്‍പ്പറഞ്ഞതും
കാത്തിരുന്നീടെന്ന് പതിയെപ്പറഞ്ഞതും,

വ്യഥകൾ മറച്ചു നീ പൊട്ടിച്ചിരിച്ചതും
കണ്ണുനിറഞ്ഞപ്പോളെന്നെയൊളിച്ചതും.

ഒടുവിൽ നേരമായ് പോകാനെന്നോതുമ്പോൾ
എന്തു ഞാൻ പറയേണ്ടൂ എന്നോർത്തിരിക്കുന്നു.

ഓർമ്മയിൽ നീ തന്നെ ഓരോ നിമിഷവും
എങ്കിലും നേരിട്ടു കാണാൻ കൊതിച്ചിടും.

പോയി വന്നീടുക, കാത്തിരുന്നീടും ഞാൻ
തിരികെവരും വരെ ഓർത്തു ജീവിച്ചിടും.

(എനിക്ക് ഇന്നലെ ഭയങ്കര പനിയായിരുന്നു, തലവേദന ആയിരുന്നു. അപ്പോഴാണ് ഭാവന വന്നത്. വരണ്ടാന്ന് പറയാൻ പറ്റുമോ?) ;)

Labels: , , ,

Thursday, December 11, 2008

കണ്ണാടി

മുഖം മനസ്സിന്റെ കണ്ണാടിയാണത്രേ. വിഷമങ്ങളും, സന്തോഷവും ഒക്കെ മുഖത്ത് പ്രതിഫലിച്ച് കാണുമത്രേ. ശരിയായിരിക്കും. കണ്ണാടി കാണാത്തവരുണ്ടോ? നോക്കാത്തവരുണ്ടോ? രാവിലെ എണീറ്റാൽ തുടങ്ങും, ചാഞ്ഞും ചെരിഞ്ഞും നോട്ടം. നേരമില്ലാത്തവർ പോലും കണ്ണാടിയിൽ സ്വന്തം രൂപം ഒരുനിമിഷം നോക്കാതെയിരിക്കില്ല. വെള്ളമാണ് ആദ്യത്തെ കണ്ണാടിയെന്നറിയാമോ? വെള്ളത്തിൽ മുഖം നോക്കാറില്ലേ? പണ്ടൊരിക്കൽ, ഒരു ശാസ്ത്രമേളയിൽ, അവിടെ പോയി നോക്കിയാൽ, ലോകത്തിൽ‌വച്ചേറ്റവും ഭീകരരായ മൃഗങ്ങളെക്കാണാം എന്നു പറഞ്ഞപ്പോൾ, ഞങ്ങളെല്ലാം ഓടിക്കൂടിയെത്തിയത് കണ്ണാടിക്കുമുന്നിൽ. ജനൽ, കണ്ണാടി നോക്കിയാ‍ൽ താഴെക്കാണുന്നതുപോലിരിക്കും. ;)
പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന മിനുസമുള്ള പ്രതലമാണ് കണ്ണാടി. ആദ്യമൊക്കെ, നന്നായി മിനുക്കിയെടുത്ത ലോഹക്കഷണങ്ങളായിരുന്നുവത്രേ കണ്ണാടിയായി ഉപയോഗിച്ചിരുന്നത്. ആറന്മുളക്കണ്ണാടി എന്ന പ്രസിദ്ധമായ കണ്ണാടിയും, വാൽക്കണ്ണാടിയും ഇത്തരം ലോഹക്കണ്ണാടിയാണ്. സ്ഫടികക്കണ്ണാടി ആദ്യമായി ഉപയോഗിക്കുന്നത് വെനീസിലാണ്. 1300 - ലാണ് ഇത്തരം കണ്ണാടികൾ എല്ലായിടത്തും എത്തിയത്. (കടപ്പാട് - ബാലവിജ്ഞാനകോശം). വെള്ളി ഉല്പാദനത്തിൽ മിക്കഭാഗവും പോകുന്നത് കണ്ണാടിനിർമ്മാണത്തിനാണത്രേ.ആറന്മുളക്കണ്ണാടി, പല തരത്തിലും വിലയിലുമുണ്ട്. അതിന്റെ കൂടെ ഒരു പൊടിയും ഉണ്ടാവും, അത് തുടച്ചുമിനുക്കാൻ. സമ്മാനമായി കൊടുക്കാൻ വാങ്ങാം. വീട്ടിൽത്തന്നെ സൂക്ഷിക്കാൻ വാങ്ങുന്നതും നല്ലത് തന്നെ. എനിക്ക് അമ്മ വാങ്ങിത്തന്നതാണ്.വാൽക്കണ്ണാടി, അഷ്ടമംഗല്യത്തട്ടിൽ ഉണ്ടാവും. ബ്രാഹ്മണയുവതികൾ വിവാഹമണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കും.ഇതാണ് പൂജാത്തട്ടിലെ വാൽക്കണ്ണാടി. ഇതിനു ഞാൻ ബോൺസായ് വാൽക്കണ്ണാടി എന്നാണ് പേരിട്ടത്.

കണ്ണാടികൾ പലതരം. ബാഗിൽ വയ്ക്കുന്ന കണ്ണാടി, പേഴ്സിൽ വയ്ക്കുന്ന കണ്ണാടി, ചീപ്പിന്റെ കൂടെയൊരു കണ്ണാടി, കുഞ്ഞുകണ്ണാടി, വലിയ കണ്ണാടി. ആഭരണക്കടകളിലും, വസ്ത്രക്കടകളിലും ഇഷ്ടം പോലെ തരത്തിൽ കണ്ണാടിയുണ്ടാവും. കണ്ണടയ്ക്കും, കണ്ണാടി എന്നു പറയുമെന്ന് തോന്നുന്നു.യാത്രയ്ക്കിടയിൽ പൈസയെടുക്കാൻ മാത്രമല്ല, മുഖം മിനുക്കാനും പേഴ്സ് തുറക്കാം.

പല്ലു മുഖം നോക്കുന്ന കണ്ണാടി കണ്ടിട്ടുണ്ടോ? അതുതന്നെ. പല്ലുരോഗവിദഗ്ദ്ധന്റെ അടുത്തുള്ളത്. അതില്ലായിരുന്നെങ്കിൽ, നമ്മളും, പല്ലും, ഡോക്ടറും ഒരുമിച്ച് ബുദ്ധിമുട്ടിയേനേ. ;)

ഭൂതക്കണ്ണാടി കണ്ടിട്ടില്ലേ? വലുതായിട്ടു കാണാം അത് വച്ച് നോക്കിയാൽ.

കണ്ണാടി കടന്നുവരുന്ന പാട്ടുകൾ കേൾക്കാത്തവരുണ്ടാകില്ല. “കണ്ണാടി ആദ്യമായെൻ, ബാഹ്യരൂപം സ്വന്തമാക്കി...” “കണ്ണാടിക്കൂടും കൂട്ടി..” തുടങ്ങി എത്രയോ പാട്ടുകൾ.

കണ്ണാടി പഴഞ്ചൊല്ലിലും കടന്നുവരുന്നുണ്ട്. മുഖമയ്യാഞ്ഞാൽ കണ്ണാടി ഉടയ്ക്കരുത് എന്നു കേട്ടിട്ടുണ്ടോ? മുഖം നന്നല്ലെങ്കിൽ കണ്ണാടിയുടെ കുറ്റമല്ല, ഉടച്ചിട്ടു കാര്യമില്ലെന്നർത്ഥം. കണ്ണാടിയിൽ കണ്ട പണം കടത്തിനുതകാ എന്ന പഴഞ്ചൊല്ലും ഓർമ്മിക്കുന്നത് നന്ന്.

കണ്ണാടി വൃത്തിയാക്കാൻ പൗഡറിട്ടു തുടച്ചാൽ മതി.

ഉറുമ്പിനോട് ഞാൻ ചോദിച്ചു, നീ നോക്കുന്ന കണ്ണാടി എനിക്കൊന്ന് കാണിച്ചുതരാമോന്ന്. മറ്റുള്ളവരുടെ മനസ്സു കാണിക്കുന്ന ഒരു കണ്ണാടി തരണമെന്ന് ദൈവത്തോടും പറഞ്ഞു.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നത് വെറുമൊരു പഴഞ്ചൊല്ലല്ല. യാഥാർത്ഥ്യം മാത്രം. നല്ലൊരു ചങ്ങാതിയാണ് നമ്മുടെ ജീവിതക്കണ്ണാടി. നല്ലതിനെ നല്ലതെന്നും, ചീത്തയെ ചീത്തയെന്നും നമുക്കു നേരെ തെളിച്ചുകാട്ടുന്ന കണ്ണാടി. അങ്ങനെയൊരു കണ്ണാടിയുണ്ടെങ്കിൽ ജീവിതം സുന്ദരം, മനോഹരം.

Life is like the looking glass that hangs upon your wall. It shows you short, if you are short, or tall if you are tall. If you look in it frowning, a frown you"ll see there, too; but if you look with friendly smile, it smiles right back at you - Allen. D. Mack.

Labels: , ,

Saturday, December 06, 2008

വേട്ടയ്ക്കൊരുമകൻ

വനവാസകാലത്ത് പാണ്ഡവന്മാരുടെ അടുക്കൽ വ്യാസമഹർഷി ചെന്നു. സ്വർഗ്ഗത്തിൽ പോയിട്ട് ദേവേന്ദ്രനെ കാണണമെന്ന് അർജ്ജുനനോട് അദ്ദേഹം പറഞ്ഞു. അർജ്ജുനൻ ഇന്ദ്രകീലം എന്ന സ്ഥലത്തെത്തിയപ്പോൾ, ആയുധങ്ങളും കൊണ്ട് ഇവിടെ നിൽക്കാൻ പാടില്ലെന്ന് ഒരു മുനി അർജ്ജുനനോട് പറഞ്ഞു. ഒരു ക്ഷത്രിയനായതുകൊണ്ട് ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്നും, അതു ശരിയല്ലെന്നും അർജ്ജുനനും. ദേവേന്ദ്രനായിരുന്നു ആ മുനി. അദ്ദേഹം ശരിക്കുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. കൗരവന്മാരെ തോല്‍പ്പിക്കാൻ ദിവ്യാസ്ത്രങ്ങൾ വേണമെന്ന് അർജ്ജുനൻ പറഞ്ഞു. ശിവനെ ഭജിക്കാൻ, ദേവേന്ദ്രനും പറഞ്ഞു. കഠിനതപസ്സായപ്പോൾ ശിവൻ, കിരാതന്റെ (കാട്ടാളന്റെ) രൂപം ധരിച്ചു വന്നു. കൂടെ പാർവ്വതിയും. അപ്പോഴാണ് ഒരു അസുരൻ, കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ കൊല്ലാൻ വരുന്നത്. അർജ്ജുനൻ, അതിനോട് എതിരിടാൻ നോക്കുമ്പോഴാണ്, ശിവൻ അവിടെ വരുന്നത്. അങ്ങനെ അവർ രണ്ടും അമ്പെയ്തപ്പോൾ അതിനെച്ചൊല്ലി വഴക്കായി, യുദ്ധം തുടങ്ങി. ഒടുവിൽ അർജ്ജുനൻ ബോധം കെട്ടു വീണു. അർജ്ജുനനു, തന്നെ ഒരു കാട്ടാളൻ തോല്‍പ്പിച്ചതിൽ വിഷമമായി. അർജ്ജുനൻ മണ്ണുകൊണ്ട് ശിവവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ തുടങ്ങി. അർപ്പിച്ച പൂക്കളൊക്കെ ചെന്നുവീണത് കിരാതന്റെ തലയിൽ. അപ്പോൾ അർജ്ജുനനു, ശിവൻ തന്നെയാണ് കിരാതനായി വന്നതെന്നു മനസ്സിലായി. ശിവനോട് അർജ്ജുനൻ, പാശുപതാസ്ത്രം ആണ് വരമായിട്ടു ചോദിച്ചത്. ശിവൻ കൊടുക്കുകയും ചെയ്തു.
കാട്ടാളനും കാട്ടാളത്തിയും ആയ വേഷത്തിൽ (കിരാതവേഷത്തിൽ) അവതരിച്ചപ്പോൾ ശിവപാർവ്വതിക്കുണ്ടായ പുത്രനാണ് കിരാതസൂനു. കിരാതനു നായാട്ടിലായിരുന്നു കമ്പം. വേട്ടയ്ക്കൊരു മകൻ എന്നാണ് കിരാതപുത്രൻ അറിയപ്പെടുന്നത്. വേട്ടയാടി വനം മുഴുവൻ കറങ്ങിനടക്കുന്ന കിരാതസൂനുവിനെക്കൊണ്ടു പൊറുതിമുട്ടിയ മുനിമാരും, ബ്രഹ്മാവും, ഇന്ദ്രനുമൊക്കെ ശിവന്റെ അടുക്കൽ പരാതിയുമായി ചെന്നെങ്കിലും കാട്ടാളപുത്രൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ശിവൻ സമാധാനിപ്പിച്ചു. അവർ അതിൽ തൃപ്തിവരാഞ്ഞ് വിഷ്ണുവിന്റെ അടുത്ത് പോയി പരാതി പറഞ്ഞു. വിഷ്ണു കാട്ടാളവേഷത്തിൽ ഒരു ചുരികയുമായി കിരാതസൂനുവിനെ എതിർത്തു. വിഷ്ണുവാണെന്നറിഞ്ഞപ്പോൾ കിരാതസൂനു മാപ്പ് പറഞ്ഞു. വിഷ്ണുവിന്റെ കൈയിലെ പൊൻ‌ചുരിക വേണമെന്ന് പറഞ്ഞു. ചുരിക ഒരിക്കലും താഴെ വയ്ക്കില്ലെന്ന് കിരാതസൂനുവിന് സത്യം ചെയ്യേണ്ടിവന്നു. വിഷ്ണു ചുരിക കൊടുത്തു. പിന്നെ പലയിടത്തും സഞ്ചരിച്ച് പരദേവതാമൂർത്തിയായി വസിച്ചു. ഇതാണ് വേട്ടയ്ക്കൊരു മകന്റെ കഥ. പലയിടത്തും വേട്ടയ്ക്കൊരുമകനെ ആരാധിക്കുന്നുണ്ട്. കളംപാട്ടും, തേങ്ങയേറും വേട്ടയ്ക്കൊരുമകന്റെ പ്രീതിക്കായി നടത്തുന്നുണ്ട്. കളം പാട്ടിന് ഇട്ട കളമാണ് ചിത്രത്തിൽ.കടപ്പാട് :- പുരാണകഥാമാലിക - മാലി. കിരാതസൂനു ചരിതം ആട്ടക്കഥ - കൊട്ടാരത്തിൽ ശങ്കുണ്ണി.

Labels: ,

Thursday, December 04, 2008

ചിണ്ടുവും പിന്റുവും

പണ്ടുപണ്ടൊരു നാട്ടിൽ ചിണ്ടൻ മുയലും ചിന്നി മുയലും ഉണ്ടായിരുന്നേ. അവരുടെ മോളാണ് ചിണ്ടുമുയൽ. ചിണ്ടു എവിട്യേങ്കിലും പോയാൽ അമ്മയും അച്ഛനും ചിണ്ടൂ...ചിണ്ടൂ...ചിണ്ടൂ‍ന്ന് നീട്ടിവിളിക്കും. ചിണ്ടു കുസൃതിയോടെ ഓടിക്കിതച്ചുവരും. പക്ഷെ പാവം നമ്മുടെ ചിണ്ടു. അതിന്റെ കാലിന് കുറച്ച് ഉവ്വാവു ഉണ്ടേ. അതുകൊണ്ട് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോവാൻ ചിണ്ടൂനു വല്യ മടിയാ. കൂട്ടുകാരു പാവം ചിണ്ടു എന്നു പറേണത് കേക്കാൻ ചിണ്ടൂന് ഇഷ്ടേയില്ല. അതുകൊണ്ട് ചിണ്ടൂനെ കളിക്കാൻ വിളിച്ചാൽ ചിണ്ടു ‘നിയ്ക്ക് വയ്യേ’ ന്നും പറഞ്ഞ് മടിച്ചിയെപ്പോലെ ഇരിക്കും. ചിണ്ടൂന് ഓടാനും ചാടാനുമൊക്കെ പറ്റുംട്ടോ. എന്നാലും മറ്റുള്ളോരെപ്പോലെ ആവില്ല. പക്ഷെ, ചിണ്ടൂന് ഇടയ്ക്ക് വിഷമം ആവും. എന്നാലും ചിണ്ടു, കൂട്ടുകാരൊക്കെ കളിക്കുന്നതും നോക്കി ഇരിക്കും. അമ്മയും അച്ഛനും ആവതും പറഞ്ഞുനോക്കും. കളിച്ചോ കളിച്ചോന്ന്. പക്ഷെ ചിണ്ടൂനൊരു നാണം. ഓടിയാൽ വീണുപോയാലോ, ഉവ്വാവു ഉള്ള കാലു വേദനിച്ചാലോന്നൊക്കെ. കുതിച്ചുപായുന്നതൊക്കെ കാണാൻ ചിണ്ടൂന് വല്യ ഇഷ്ടാ. അതുകൊണ്ട് കളിക്കളത്തിലേക്കൊന്നും പോവാൻ ചിണ്ടൂന് ഒരു മടീം‌ല്ല. ചിണ്ടു പക്ഷെ കളിക്കില്ല. പിന്നെ ചിണ്ടു എന്നും വന്ന്, അവിടെ കൂട്ടുകാർ ഓടിച്ചാടിയതും, തിന്നാനുണ്ടോന്ന് നോക്കി ഒരുമിച്ച് നടന്നതും ഒക്കെ പറയും, കഥകൾ. അങ്ങനെയിരിക്കുമ്പോഴാണ് ആ നാട്ടിലേക്ക് പങ്കനാമയും, പങ്കിയാമയും, കുട്ടിപ്പിന്റുവും വരുന്നത്. പതുക്കെപ്പതുക്കെ പോകുന്ന പിന്റുവിനെക്കണ്ടപ്പോൾ ചിണ്ടൂന് വല്യ കാര്യമായി. പിന്റുവും ചിണ്ടുവും കൂട്ടുകാരായി. പിന്റൂന്റെ കൂടെ ഓടുമ്പോൾ മിക്കവാറും ചിണ്ടു ജയിക്കും. ഇടയ്ക്ക് ചിണ്ടൂന് പാവം തോന്നും, എന്നിട്ട് തോറ്റുകൊടുക്കും. അപ്പോ പിന്റൂന്റെ മുഖത്തെ സന്തോഷം കാണും ചിണ്ടു. അങ്ങനെയിരിക്കെ ഒരുദിവസം അവിടെ ഓട്ടമത്സരം സംഘടിപ്പിച്ചു. ചിണ്ടൂനു പിന്നെ അതിലൊന്നും താല്പര്യമേയില്ല. വേഗത്തിൽ ഓടാൻ കഴിയില്ലല്ലോ. പക്ഷെ, പിന്റു പറഞ്ഞു, മത്സരത്തിൽ പങ്കെടുക്കാംന്ന്. അതു കേട്ടതും ചിണ്ടു ചിരിച്ചു ചിരിച്ചു മതിയായി. ഓടാൻ കഴിയാത്ത രണ്ടുപേരും മത്സരത്തിൽ പങ്കെടുക്കുന്നതാലോചിച്ച് ചിണ്ടു ആർത്തുചിരിച്ചു. പക്ഷെ, പിന്റു നിർബന്ധിച്ച് രണ്ടാളുടേം പേരു കൊടുത്തു. ചിണ്ടൂന്റെ അച്ഛനും അമ്മയ്ക്കും സന്തോഷമായി. ഓടാൻ തയ്യാറായി നിൽക്കുന്നവരുടെ കൂടെ നിന്നപ്പോൾ ചിണ്ടൂന്, ബാക്കിയുള്ളവരൊക്കെ കളിയാക്കുമോന്നൊരു പേടി. പക്ഷെ പിന്റുവിനെ നോക്കിയപ്പോൾ, പിന്റു ഉഷാറായി ചിരിച്ചുംകൊണ്ടു നിൽക്കുന്നു. ചിണ്ടുവും ചിരിച്ചും കൊണ്ടുനിന്നു. ഓട്ടം തുടങ്ങിയപ്പോൾ ചിണ്ടു, ശരിക്കും ഓടി. കാലിന് വയ്യെന്നൊക്കെ മറന്നുപോയിരുന്നു. ഓടിയോടി ചിണ്ടുവിന് രണ്ടാംസ്ഥാനം കിട്ടി. പിന്റു വളരെ പിറകിൽ ആയിരുന്നു. ചിണ്ടുവിന് രണ്ട് കാരറ്റ് സമ്മാനം കിട്ടി. അത് അച്ഛന്റേം അമ്മേടേം കൈയിൽ കൊടുത്തിട്ട് പിന്റുവിന്റെ അടുത്തെത്തി. പിന്റുവിന് വിഷമം ആയോന്നൊരു സംശയം ചിണ്ടുവിന് ഉണ്ടായിരുന്നു. പിന്റു ചിരിച്ചുംകൊണ്ടു നിൽക്കുന്നു. പിന്റു പറഞ്ഞു മടിച്ചിരുന്നെങ്കിൽ സമ്മാനം കിട്ടുമായിരുന്നോ? ചിണ്ടു നാണിച്ച് ചിരിച്ചു. എന്നിട്ട് പിന്റൂനോടു ചോദിച്ചു, പിന്റൂനു വിഷമമായില്ലേന്ന്. പിന്റു പറഞ്ഞു “എനിക്കിത്രയേ ഓടാൻ കഴിയൂന്ന് എനിക്കറിയാലോ, അതുകൊണ്ട് ഒരു വിഷമവുമില്ല. നമ്മുടെ കഴിവ് അറിയണം, അതിനോളമേ ആഗ്രഹിക്കാനും പാടുള്ളൂ. എന്നാൽ യാതൊരു വിഷമവും വരില്ല, എന്നാൽ അതിനൊപ്പം തന്നെ, എനിക്കൊന്നും പറ്റില്ലേന്ന് വിചാരിക്കാനും പാടില്ല. ആവുന്നപോലെ ശ്രമിക്കുക.” ചിണ്ടൂന് എല്ലാം മനസ്സിലായി. ചിണ്ടുവും പിന്റുവും പിന്നെ മറ്റുള്ള കൂട്ടുകാരോടൊപ്പം ഓടാനും ചാടാനുമൊക്കെ പോയി. ചിണ്ടൂന്റെ കാലു വയ്യാത്തതു കണ്ടിട്ട് ആരും പാവംന്ന് പറഞ്ഞില്ല, പിന്റൂന് വേഗതയില്ലാഞ്ഞിട്ട് ആരും കളിയാക്കിയുമില്ല. അങ്ങനെ പിന്റുവും ചിണ്ടുവും സന്തോഷത്തോടെ കൂട്ടുകാരായി ജീവിച്ചു.

Labels:

Monday, December 01, 2008

ആകാശം ചിരിച്ചപ്പോൾഞാൻ ചന്ദ്രനിലേക്ക് പോകുമെന്നു കേട്ടിട്ടാവണം ആകാശം ഇങ്ങനെ ചിരിച്ചു കാണിച്ചത്.
ഇന്നു സന്ധ്യയ്ക്ക് ആകാശവും നോക്കി നടന്നപ്പോളല്ലേ ചിരിച്ചുകാണിച്ചത്.ആദ്യം ഞാനൊന്ന് അമ്പരന്നു. എന്നാലും ചിരിയെനിക്കിഷ്ടപ്പെട്ടു. നന്ദി ആകാശമേ, നീയെങ്കിലും എന്നുമിങ്ങനെ ചിരിക്കൂ.

ഇന്നു ആകാശം ചിരിച്ച ചിരി കണ്ടില്ലേ കൂട്ടുകാരേ?
ഫോട്ടോഗ്രാഫറൊന്ന് ഞെട്ടി. അപ്പോ ആകാശം കോക്രി കാട്ടി.

ആകാശത്തിന്റെ ചിരിയെക്കുറിച്ച് മനോരമയിൽ .

Labels: , ,