Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 28, 2005

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍...............

മിസ്സിസ്‌ വേള്‍ഡ്‌ മത്സരം ആരംഭിച്ചതു മുതല്‍ എനിക്കു ഇരിക്കപ്പൊറുതി ഇല്ലായ്മ തുടങ്ങി. മത്സരത്തിനൊന്നും പോയില്ലേലും ബ്യൂട്ടിപാര്‍ലറില്‍ പോയി കുറച്ചു സുന്ദരി ആയാല്‍ കൊള്ളാമെന്നു തോന്നലോടു തോന്നലു. മിസ്സിസ്‌ വേള്‍ഡ്‌ ആയില്ലേലും മിസ്സിസ്‌ വീടു ആയിട്ടിരിക്കാമല്ലൊ. ചേട്ടനോടു എന്തെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാമെന്നു വെച്ചാല്‍ നിയമസഭയിലെ പ്രതിപക്ഷത്തെപ്പോലെയുള്ള നിലപാടു എടുത്തുകളയും. ഒന്നും അങ്ങോട്ടു പറയുന്നതു കേള്‍ക്കുകേം ഇല്ല, ഇങ്ങോട്ടു എന്തെങ്കിലുമൊക്കെ പറഞ്ഞുകേള്‍പ്പിക്കുകേം ചെയ്യും. ചേട്ടന്‍ അന്നു ഓഫീസിലേക്കു പോകാന്‍ റെഡി ആവുക ആയിരുന്നു. തിരക്കില്‍ ആയതുകൊണ്ടു എന്തെങ്കിലും ചോദിച്ചാല്‍ പെട്ടെന്നു ശരി എന്നു പറയുമല്ലൊ എന്നു ഞാന്‍ കരുതി. ഞാന്‍ പറഞ്ഞു "എനിക്കു ബ്യൂട്ടിപാര്‍ലറില്‍ ഒന്നു പോകണം". ഇലക്ട്രോണിക്‌ മീറ്റര്‍ വെച്ചതില്‍പ്പിന്നെ ആദ്യം വന്ന കറന്റു ബില്‍ കാണുന്നത്പോലെ ചേട്ടന്‍ എന്നെ നോക്കി. ഒന്നും മിണ്ടിയില്ല. ഞാന്‍ പിന്നേം പറഞ്ഞു .കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ രാവിലെത്തന്നെ വല്ല അമ്പലത്തിലും പോകണം എന്നു ചേട്ടന്‍. ഞാന്‍ ആശുപത്രിയില്‍ ആണു പിറന്നതു എന്നു ഞാന്‍! എന്തായാലും എനിക്കു പോയേ തീരു എന്നു ഞാന്‍ പറഞ്ഞു. എന്തിനാ ഇപ്പൊ പോകുന്നതു എന്നു ചേട്ടന്‍.ഞാന്‍ പറഞ്ഞു സൌന്ദര്യം വര്‍ധിപ്പിക്കാന്‍, അല്ലാതെ എന്തിനാ എന്നു. ഹഹഹഹ! പണ്ടു സീതയെ പുഷ്പകവിമാനത്തില്‍ കയറ്റിയിട്ടു രാവണന്‍ പോലും ഇങ്ങനെ ചിരിച്ചിട്ടുണ്ടാകില്ല! ചേട്ടന്‍ ചിരിച്ചപ്പോള്‍ എനിക്കു അങ്ങിനെ തോന്നി. ചേട്ടന്‍ പറയുകയാണു വര്‍ധിപ്പിക്കുക എന്നതു നിലവിലുള്ള ഒരു സാധനത്തിന്റെ അളവു കൂട്ടുക എന്നതാണു. അല്ലാതെ ഇല്ലാത്ത ഒന്നു ഉണ്ടാക്കിയെടുക്കുന്നതിനെ വര്‍ധിപ്പിക്കുക എന്നു പറയാന്‍ പറ്റില്ല. നിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൌന്ദര്യവും ബുദ്ധിയും വര്‍ധിപ്പിക്കണം എന്നു പറയാന്‍ പറ്റില്ല. ഉണ്ടാക്കിയെടുക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. പിന്നെയുള്ളതു വെയ്റ്റ്‌ ആണു. അതു പിന്നെ വേണമെങ്കില്‍ ദിവസോം വര്‍ദ്ധിപ്പിക്കാം. അതിനു എവിടേം പോകേണ്ട, ഇവിടെ ഇരുന്നു വെട്ടിവിഴുങ്ങിയാല്‍ മതി എന്നു!!! ഞാന്‍ പരിധിക്കു പുറത്തായ മൊബൈല്‍ പോലെ ആയി. ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ! ഇദ്ദേഹത്തോടൊത്തു കുറെ ജന്‍മം ഞാന്‍ ജീവിച്ചോളാം എന്നു എപ്പോഴേലും ഞാന്‍ പറഞ്ഞിട്ടുണ്ടേല്‍ അതു ഞാന്‍ നിരുപാധികം തിരിച്ചെടുക്കുന്നു എന്നു ഞാന്‍ മൌനമായി ദൈവത്തോടു പറഞ്ഞു. ചേട്ടന്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എന്റെ കഴുതരാഗം തുടങ്ങി. "ഇനിയൊരു ജന്‍മമുണ്ടെങ്കില്‍........ ഒരു ബ്യൂട്ടിപാര്‍ലറില്‍ കാണാം"!!!!

Thursday, February 24, 2005

തണുപ്പ്‌!

തണുത്ത നിലത്തേക്കു മുഖം ചേര്‍ത്തു വെച്ചു കിടന്നു നിലത്തോടു കളിയും കാര്യവും പറയാന്‍ അവള്‍ക്കു എന്നും ഇഷ്ടം ആയിരുന്നു.

ഒരു നാള്‍ നിലം അവളോടു പറഞ്ഞു "ഇപ്പൊ എന്നേക്കാളും തണുപ്പു നിനക്കാണല്ലോ". പക്ഷെ അതു കേള്‍ക്കാന്‍ അവള്‍ ഉണ്ടായിരുന്നില്ല .

അവള്‍ എത്തിക്കഴിഞ്ഞിരുന്നു -ദൂരെ ! ഒരുപാടു ദൂരെ!!

Labels:

Monday, February 21, 2005

വരം.

അവള്‍ ദൈവത്തിലും മനുഷ്യരിലും ഒരു പോലെ വിശ്വസിച്ചു. അല്‍പം കൂടുതലായിത്തന്നെ. അവള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ദൈവം അവളുടെ മുന്നില്‍ പ്രത്യക്ഷനായി. ദൈവം പറഞ്ഞു "എന്നില്‍ നിനക്കുള്ള വിശ്വാസം എനിക്കു ഇഷ്ടം ആയിരിക്കുന്നു. നിനക്കു എന്തു വരം വേണമെങ്കിലും ചോദിക്കാം. നിന്റെ എന്തു ആഗ്രഹവും ഞാന്‍ സാധിപ്പിക്കും."

അവള്‍ ആലോചിച്ചു. തന്നെ സ്നേഹിക്കുന്നവരെപ്പറ്റി, വെറുക്കുന്നവരെപ്പറ്റി, കൂട്ടുകാരന്‍ കണ്ണനെപ്പറ്റി, അവന്റെ പിടിവാശികളെപ്പറ്റി, അവള്‍ പോയാല്‍ പിന്നെ അവന്‍ ആരോടു വഴക്കിടും? അവള്‍ ദൈവത്തോടു പറഞ്ഞു "എനിക്കു കുറച്ചുകാലം കൂടെ ജീവിക്കണം."

ദൈവം പുഞ്ചിരിച്ചു അപ്രത്യക്ഷനായി. വാക്കു മാറാന്‍ ദൈവം മനുഷ്യന്‍ അല്ലല്ലോ.

Labels:

Thursday, February 17, 2005

ധീം തരികിട തോം!!!!!!

ആരും അമ്പരക്കേണ്ട. ഈ വയസ്സാംകാലത്തു കുഴിയിലേക്കു കാലും നീട്ടിയിരിക്കേണ്ട സമയത്തു ഇവളു വല്ല നൃത്തപഠനത്തിനും ചേര്‍ന്നോ എന്നോര്‍ത്തു ആരും വിഷമിക്കേണ്ട. ഇതു ഡാന്‍സ്‌ ഒന്നും അല്ല. വേറെ ഒരു കഥയാണ്. ചേട്ടനും ഞാനും പിന്നെ ഞങ്ങളുടെ സ്കൂട്ടറും അടങ്ങിയ ഒരു കൊച്ചു കഥ. ഞങ്ങളുടെ സ്കൂട്ടര്‍ എന്നു വെച്ചാല്‍ വാഹനക്കമ്പനിക്കാര്‍ ലോകത്തു ആദ്യമായിട്ടു ഇറക്കിയ വാഹനം അതാണോ എന്നു ആര്‍ക്കും അതു കണ്ടാല്‍ തോന്നിയേക്കാം. തെറ്റൊന്നുമില്ല.

അങ്ങിനെ ഒരു ദിവസം ഞങ്ങള്‍ അതില്‍ പുറപ്പെട്ടു. കുറച്ചുകാലം ആയിട്ടു എന്നു ആ വണ്ടിയില്‍ കയറിയാലും എനിക്കു ഒരു പാട്ടേ വരു. നമ്മുടെ ഷാരൂഖ്ഖാന്റെ "സിന്ദഗീ ബദല്‍ രഹീ ഹെ രൂപ്‌ ഹര്‍ ഘടി................ജൊ ഹെ സമാ കല്‍ ഹോ ന ഹോ". എന്നുവെച്ചാല്‍ അതു തന്നെ. നാളെയുണ്ടോ എന്നു ആര്‍ക്കറിയാം? സ്കൂട്ടറില്‍ കയറിയ ഉടനെത്തന്നെ ഞാന്‍ ആ പാട്ടു മൂളിത്തുടങ്ങും.
പുറപ്പെട്ടു വഴിയില്‍ കാണുന്ന പരിചയക്കാരോടൊക്കെ ഇളിച്ചു കാണിച്ചു യാത്ര തുടര്‍ന്നു. ഇളിച്ചു കാണിക്കാനേ പറ്റൂ. കാരണം നിര്‍ത്തിയിട്ടു മിണ്ടാന്‍ നിന്നാല്‍ പിന്നെ സ്റ്റാര്‍ട്ട്‌ ആയില്ലെങ്കിലോ? എത്തിയെത്തി അങ്ങിനെ റോഡ്‌ ക്രോസ്സ്‌ ചെയ്യേണ്ട സ്ഥലത്തു എത്തി. ചേട്ടന്‍ ചെലപ്പോ ഹോളിവുഡ്‌ സ്റ്റയിലില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്തു കളയും. അന്നും അങ്ങിനെ എന്തോ ഭാവിച്ചു ക്രോസ്സ്‌ ചെയ്യാന്‍ തുടങ്ങിയതും പിന്നില്‍ നിന്നു ഒരു കാര്‍ ചീറിപ്പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു. ഞാന്‍ ഭൂമിയിലും ആകാശത്തും പാതാളത്തിലും ഉള്ള സകല ദൈവങ്ങളേയും വിളിച്ചുകൊണ്ടു ഒറ്റച്ചാട്ടം. എന്റെ ശത്രുക്കളുടെ കാലദോഷത്തിനു ഞാന്‍ രണ്ടു കാലില്‍ തന്നെ റോഡിനു പുറത്തെ മണ്ണില്‍ ലാന്‍ഡ്‌ ചെയ്തു. നോക്കുമ്പോഴുണ്ടു ധീം തരികിട തോം എന്ന മട്ടില്‍ ചേട്ടനും ചേട്ടന്റെ മുകളില്‍ സ്കൂട്ടറും കിടക്കുന്നു. ഞാന്‍ സ്കൂട്ടര്‍ പണിപ്പെട്ടു ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്കും കുറച്ചു ആള്‍ക്കാര്‍ വന്നു ഞങ്ങളെ സഹായിച്ചു. ഒന്നും പറ്റിയില്ലല്ലോ എന്നു സമാധാനിപ്പിച്ചു.
കുറച്ചു നേരം കഴിഞ്ഞു ചേട്ടന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടു ചെയ്തു. വീഴ്ച്ചക്കു ശേഷം ആദ്യത്തെ ഡയലോഗ്‌ വന്നു ‘ ഭാഗ്യം ഇതിനൊന്നും പറ്റിയില്ലല്ലോ" എന്നു!!!!!! വാതിലിനിടയില്‍പ്പെട്ടു ചീഞ്ഞ പല്ലിയെപ്പോലിരിക്കേണ്ട ഞാന്‍ പയറുമണി പോലെ നില്‍ക്കുന്നതു കണ്ടിട്ടല്ല ചേട്ടനു സന്തോഷം വന്നതു!!!!!! പീസു പീസാക്കിയിട്ടു ഫ്രീ ആയിട്ടു കൊടുത്താല്‍ പോലും ആരും വാങ്ങാത്ത ആ സ്കൂട്ടറിനു ഒരു കുഴപ്പവും പറ്റിയില്ലല്ലോ എന്നോര്‍ത്താണു!!!! കാലം പോയ ഒരു പോക്കേ. ഇതിനൊക്കെ സമാധാനം ഞാന്‍ വീട്ടില്‍ എത്തിയിട്ടു പറഞ്ഞോളാം എന്ന മട്ടില്‍ ഞാന്‍ നിന്നു. വീട്ടിലേക്കു തന്നെ തിരിച്ചു പുറപ്പെട്ടു. ഇത്തവണയും ഞാന്‍ പാടാന്‍ മറന്നില്ല. പക്ഷേ പാട്ടു മാറിയെന്നു മാത്രം. "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു.........".

Labels:

Wednesday, February 16, 2005

വിരുന്ന്.

മനസ്സിന്റെ വാതിലില്‍ ആരോ മൃദുവായി തട്ടുന്നു.

ആരാ?

എന്തുവേണം?

ഞാന്‍ പ്രണയം ആണ്.

എന്തു വേണം?

നിന്റെ മനസ്സിലൊരിടം.

വേണ്ട എനിക്കു വേണ്ട നിന്റെ കൂട്ട്.

ഞാന്‍ സുനാമി പോലെ ആഞ്ഞടിച്ചു വന്നാല്‍ നീ എങ്ങിനേ നിരസിക്കും?

ഞാന്‍ ദു:ഖത്തിന്റെ ഭിത്തി കെട്ടിവെച്ചിട്ടുണ്ടല്ലോ. അതിനു മുന്നില്‍ നീ തോറ്റു മടങ്ങുകയേ ഉള്ളു.

വെറുതെ തോന്നിയപ്പോള്‍.

വെറുതെയിരുന്നപ്പോ തോന്നി അക്ഷരം പഠിക്കണം എന്ന്. പഠിച്ചു.

അക്ഷരം പഠിച്ചപ്പോ തോന്നി എഴുതണം എന്ന്. എഴുതി.

എഴുതിയപ്പോ തോന്നി എല്ലാവരും വായിക്കണം എന്ന്. എല്ലാരും വായിച്ചു.

എല്ലാരും വായിച്ചപ്പോ തോന്നി ഇനി ഒരു അവാര്‍ഡ്‌ കിട്ടിയാല്‍ക്കൊള്ളാമെന്ന്. അവാര്‍ഡ്‌ കിട്ടി.

അവാര്‍ഡ്‌ കിട്ടിയപ്പോ തോന്നി അതു നിരസിക്കണം എന്ന്. നിരസിച്ചു.

നിരസിച്ചപ്പോ എല്ലാരും ഒരോരോ അഭിപ്രായം പറഞ്ഞു.

അതൊക്കെ കേട്ടപ്പോ തോന്നി വെറുതെ ഇരിക്കേണ്ടായിരുന്നു,

വെറുതേ ഇരുന്നാലും അക്ഷരം പഠിക്കേണ്ടായിരുന്നു;

പഠിച്ചാലും എഴുതേണ്ടായിരുന്നു;

എഴുതിയാലും എല്ലാരും വായിക്കേണ്ടായിരുന്നു;

വായിച്ചാലും അവാര്‍ഡ്‌ കിട്ടേണ്ടായിരുന്നു;

കിട്ടിയാലും അതു നിരസിക്കേണ്ടായിരുന്നൂന്നു.

Tuesday, February 08, 2005

ഹാപ്പി വാലെന്റൈന്‍സ്‌ ഡേ!!!!!

വാലെന്റൈന്‍സ്‌ ഡേ വരുന്നുണ്ടു. വരാനുള്ളതു അല്ലേലും വഴിയില്‍ തങ്ങില്ലല്ലൊ. വാലെന്റൈന്‍സ്‌ ദിനത്തില്‍ എന്തേലും ഒപ്പിക്കാമെന്നു കരുതിയിട്ടു ഒരു കാര്യോം ഇല്ല. ഗോബി മഞ്ചൂരിയനും നിന്റെ കൂടപ്പിറപ്പു ആണോന്നു ചേട്ടന്‍ ചോദിച്ചിട്ടു ഒരാഴ്ച പോലും തികഞ്ഞിട്ടില്ല. സ്നേഹം കണ്ടിട്ടു ചോദിച്ചതാണത്രെ.അപ്പോഴാണു ഈ വാലെന്റൈന്റെ വരവു. അതു വരുന്നുണ്ടു എന്നു പറഞ്ഞപ്പോ ഇതൊക്കെയാരാ കണ്ടുപിടിച്ചതു എന്നൊരു മറുപടി ചോദ്യം കിട്ടി. എന്തായാലും ചേട്ടന്‍ അല്ല. കാരണം പിശുക്കന്‍മാര്‍ക്കു കണ്ടുപിടിക്കാന്‍ പറ്റിയ ഒരു സംഭവം അല്ല അതു, അതുതന്നെ. എന്നാലും ഈ വാലന്റൈന്‍സ്‌ ഡേക്കു നമ്മുടെ പരിപാടി എന്താന്നു ചോദിച്ചപ്പോള്‍ എല്ലാ ഡേക്കും ഉള്ള പരിപാടി തന്നെ എന്നൊരുത്തരം കിട്ടി. അല്ലെങ്കിലും ചേട്ടനോടു എന്തെങ്കിലും അഭിപ്രായം ചോദിക്കുക എന്നതു, കൂട്ടില്‍ കിടക്കുന്ന രാജവെംബാലയെ എടുത്തു മുടി കെട്ടുക, പ്രൈവറ്റ്‌ ബസിലെ ഫുട്ബോർ‌ഡില്‍ നിന്നു യാത്ര ചെയ്യുക, കാമുകീകാമുകന്‍മാർക്ക് പോസ്റ്റ്പെയ്ഡ്‌ മൊബൈല്‍ കണക്ഷന്‍ എടുത്തു കൊടുക്കുക എന്നൊക്കെയുള്ളതുപോലെ അപകടം പിടിച്ച കാര്യമാണ്. മര്യാദക്കുള്ള ഒരു വാക്കും കിട്ടില്ല. ഈ വാലന്റൈന്‍സ്‌ ഡെയുടെ കഥ പറയാന്‍ വിട്ടു. ചുരുക്കത്തില്‍ പറയാം. പണ്ടു ബിഷപ്പു വാലെന്റൈന്‍ താന്‍ സ്നേഹിച്ചിരുന്ന പെണ്ണിനു ഫ്രം യുവര്‍ വാലെന്റൈന്‍ എന്നു എഴുതിയിട്ടു ഒരു ലേഖനം കൊടുത്തയച്ചുവത്രെ. ഈ ബിഷപ്പ്‌ വാലെന്റൈനെ റോമിലെ ചക്രവര്‍ത്തി തടവില്‍ ഇട്ടതായിരുന്നു. പിന്നീടു വാലെന്റൈനെ കൊല്ലുകയാണുണ്ടായതു. ആ വാലെന്റൈന്റെ ഓർമ്മക്കു ആയിട്ടാണു വാലെന്റൈന്‍സ്‌ ഡേ ആഘോഷിക്കുന്നതു. അടുത്തയാഴ്ച്ച ആഘോഷിക്കാന്‍ പോണതു. ഈ "സു" ഡേ എന്നാ ആഘോഷിക്കുക എന്നു ചോദിച്ചപ്പൊ അതു കാലാകാലങ്ങള്‍ ആയിട്ടു ഏപ്രില്‍ ഒന്നിനു ആഘോഷിച്ചു വരുന്നതല്ലേന്നു ഒരു പറച്ചില്‍. ക്ഷമ എന്നതു കണ്ടുപിടിച്ചയാളെ ഇരുട്ടടി അടിക്കണം. എന്തായാലും എല്ലാരും സന്തോഷമായിട്ടു വാലെന്റൈന്‍സ്‌ ഡേ ആഘോഷിക്കുക. അയ്യോ ഒരു കാര്യം പറയാന്‍ വിട്ടു. നമ്മുടെ ഷാരൂഖ്ഖാന്‍ സീ റ്റിവിയില്‍ കരീനകരീന എന്ന സീരിയലില്‍ നുണ മാത്രം പറയുന്ന കരീനയുടെ കൂടെ വാലെന്റൈന്‍ ആയിട്ടു പോകുന്നുണ്ടത്രെ. ഇനി അതും ഒരു നുണയാണോന്നു ആര്‍ക്കറിയാം. അല്ലേലും സത്യം മാത്രം പറയുന്നവര്‍ക്കു ഈ ലോകത്തു ഒരു വിലയും ഇല്ലെന്ന സത്യം എനിക്കു മനസ്സിലായിട്ടു കുറച്ചു നാളായി. എന്തായാലും ഈ ഭൂമിയിലെ സ്നേഹമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രണയദിനാശംസകള്‍!!!!!

Labels: