Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, January 23, 2009

നൈസ് റ്റു മീറ്റ് യൂ

ഒരു നാലഞ്ച് ദിവസം തുടർച്ചയായിട്ടല്ല്ലാതെ എ ടി എം കാർഡിന് വേണ്ടി കയറിയിറങ്ങിയപ്പോൾ എനിക്കുതോന്നി ബാങ്കുകാരുടെ അഹങ്കാരം അങ്ങനെ വിട്ടുകൊടുക്കരുതെന്ന്. പൈസ കുറച്ചേ അക്കൗണ്ടിൽ ഉള്ളൂ എങ്കിലും എനിക്കും അത് എ ടി എം ഉള്ളിടത്തുപോയി പിൻവലിക്കാൻ ഒരു ആശയുണ്ടാവില്ലേ? ആ ആശയെയാണ് ബാങ്ക് കണ്ടില്ലെന്ന് നടിക്കുന്നത്. അങ്ങനെ ഒരുദിവസം രാവിലെത്തന്നെ ജോലിയൊക്കെ ഒരു വഴിക്കാക്കി ഒരുങ്ങിയിറങ്ങി. ചെക്കും എഴുതി ഒപ്പിട്ടെടുത്തു. എന്റെ പുന്നാരബാഗും എടുത്തു. പൈസ നിറച്ചു കൊണ്ടുവരേണ്ടതല്ലേ. ;) എന്റെ പൈസ കൊണ്ട് ബാങ്ക് അങ്ങനെ തലയുയർത്തിനിൽക്കരുത്. ബാങ്കെന്നു പറഞ്ഞാൽ എനിക്ക് വല്യ പേടിയും ഇല്ല. അമ്മയുടെ അനിയത്തി ബാങ്ക് ഉദ്യോഗസ്ഥ ആയിരുന്നു. വളന്ററി റിട്ടയർമെന്റ് എടുത്തു. അച്ഛന്റെ അനിയത്തി ഇപ്പോഴും ബാങ്ക് ഉദ്യോഗസ്ഥ ആണ്. അച്ഛന്റെ അനിയന്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥ ആണ്. ബാങ്കെന്നു പറഞ്ഞാൽ എനിക്ക് പുല്ല്. അതുകൊണ്ട് ആ വഴിക്കു ഞാൻ ഒറ്റയ്ക്ക് പോകില്ല, നിവൃത്തിയുണ്ടെങ്കിൽ. ;)

പോയപ്പോൾ ബാങ്ക് തുറന്നുവരുന്നേയുള്ളൂ. കാത്തുനിന്നു. അപ്പോഴേക്കും ഒരു സ്ത്രീയും ഒരാളും പേന രണ്ട് പ്രാവശ്യം കടം ചോദിച്ചു. മൂന്ന് പ്രാവശ്യം ആയാൽ...ആയാൽ... പേന നിങ്ങൾ തന്നെ വെക്കേണ്ടിവരും എന്ന് മനസ്സിലോർത്തു. ബാഗ് തുറയ്ക്കുക, അടയ്ക്കുക. എനിക്കു വേറെ ജോലിയൊന്നുമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ ഹേ എന്നൊരു ചോദ്യം അവർ എന്റെ മുഖത്ത് കണ്ട് പേടിച്ചാവണം പിന്നെ ചോദിച്ചില്ല.

കുറച്ചുകഴിഞ്ഞപ്പോൾ ബാങ്ക് ജോലിക്കാരെല്ലാം ജോലി തുടങ്ങി. ഞാൻ ചെക്ക് ഏൽപ്പിച്ചു. പൈസയും എടുത്ത് നാടുവിടാൻ ആണോന്നൊരു ചോദ്യം, പൈസ തരുമ്പോൾ കാഷ്യറുടെ മുഖത്ത് കണ്ടു. ഇല്ലില്ല പിന്നേം വരും എന്ന് എന്റെ മുഖത്ത് അദ്ദേഹവും വായിച്ചിരിക്കണം. പൈസ കിട്ടിയപ്പോൾ ബാഗ് തുറന്ന് അതിലേക്കിട്ടു.

നല്ല തിരക്കാണ് ബാങ്കിൽ. അവിടെനിന്നിറങ്ങിയപ്പോൾ തോന്നി, ഡ്രൈവിംഗ് ഗുരുവിനെക്കൂടെക്കണ്ട് അനുഗ്രഹം വാങ്ങാം എന്ന്. പഠിച്ചിറങ്ങിയതിനുശേഷം അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. കാറും വാങ്ങി വഴിയിലിറങ്ങി ഓടിച്ചപ്പോൾ, നാട്ടുകാർ ആരെങ്കിലും ഓടിച്ചുകാണും എന്ന് അദ്ദേഹം വിചാരിച്ചുകാണും. അദ്ദേഹം വിചാരിക്കുന്നതുപോലെ ഞങ്ങൾ കാർ വാങ്ങിയൊന്നുമില്ലെന്ന് എനിക്കല്ലേ അറിയൂ.

അദ്ദേഹത്തെക്കണ്ട് കാര്യങ്ങളൊക്കെ ചോദിച്ച്, പറഞ്ഞ് വീട്ടിലെത്തിയപ്പോൾത്തോന്നി, വളരെക്കാലമായി സന്ദർശിച്ചിട്ടില്ലാത്ത ബ്യൂട്ടിപ്പാർലർ സന്ദർശനം നടത്തിക്കളയാം എന്ന്. എല്ലാർക്കും അറിയാവുന്നതുപോലെ സൗന്ദര്യം ഉള്ളത് വർദ്ധിപ്പിക്കാൻ പോകുന്നതാണെങ്കിലും, ഇല്ലാത്തവർക്കും പോകുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ.

അങ്ങനെ പുന്നാരബാഗിൽനിന്ന് പൈസയെടുത്തപ്പോൾ വിചാരിച്ചു, ബാങ്കിൽ നിന്ന് എണ്ണിയിട്ട് പുറത്തിറങ്ങുമ്പോൾ ആരെങ്കിലും അടിച്ചുകൊണ്ടുപോകണ്ട എന്നുകരുതി എണ്ണിയില്ലല്ലോ, ഒന്ന് ചുമ്മാ എണ്ണിക്കളയാം എന്ന്. എണ്ണി. 5000 രൂപയാണ് എടുത്തത്. അഞ്ഞൂറിന്റെ എട്ട് നോട്ടും നൂറിന്റെ പത്ത് നോട്ടും. കാഷ്യർ സ്പീഡിൽ എണ്ണുന്നത് അശ്രദ്ധയോടെ ശ്രദ്ധിച്ചിരുന്നു. ആയിരത്തിന്റെ നോട്ട് തന്നാൽ എനിക്ക് നല്ലത് എന്നുവിചാരിക്കുകയും ചെയ്തിരുന്നു.

എണ്ണി ആദ്യം അഞ്ഞൂറ്- ഒന്ന്, രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത്....

പിന്നെ നൂറ് - ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത്.....

രണ്ട് പ്രാവശ്യം എണ്ണി. വേറെ ജോലിയൊന്നുമില്ലായിരുന്നു തൽക്കാലം.

രണ്ട് പ്രാവശ്യം മുഴുവൻ എണ്ണിക്കഴിഞ്ഞപ്പോഴാണ് ആകെയുള്ള കുറച്ച് ബുദ്ധി ഓടിയത്.

ഈശ്വരാ....

അഞ്ഞൂറും പത്ത്.
നൂറും പത്ത്.
അപ്പോ ആകെമൊത്തംടോട്ടൽ ആറായിരം.
പിൻ‌വലിച്ചത് അയ്യായിരം.
ആയിരം അധികപ്പറ്റ്. അഥവാ അധികം പറ്റിയത് അല്ലെങ്കിൽ കാഷ്യർക്ക് തെറ്റുപറ്റിയത്.

ഒന്നും കൂടെ എണ്ണി.

പരിഭ്രമമായി. പിന്നെ ആലോചിച്ചപ്പോൾ അധികം പരിഭ്രമമായി. പുന്നാരബാഗ് എടുക്കുന്നത് അത്യാവശ്യത്തിനുമാത്രം. ആയിരം അതിൽ പണ്ടേ ഉണ്ടായിരുന്നില്ല എന്നതിനു ഉറപ്പൊന്നുമില്ല. ഉണ്ടാവും എന്നതിനും ഉറപ്പൊന്നുമില്ല. അച്ഛൻ തന്നത് ഒക്കെ തീർന്നിരുന്നില്ലെങ്കിലോ.

ചേട്ടനെ വിളിച്ചു.

കുരിശ് കോളിംഗ്...

ചേട്ടന്റെ മൊബൈലിൽ തെളിഞ്ഞു.

“ഒരു കാര്യം ഉണ്ട്.”

“എന്താ?”

“ബാങ്കിൽ പോയിരുന്നു.”

“അവിടെ തീവ്രവാദികൾ വന്നോ?”

“ഞാനുള്ളപ്പോൾ വേറെ എന്തിന്?”

“പിന്നെന്താ വിളിച്ചത്?”

“പൈസ അധികം കിട്ടിയോന്ന് സംശയം.”

എന്റെ സംശയങ്ങൾ പറഞ്ഞപ്പോൾ ചേട്ടനും സംശയം. ബാഗിൽ പണ്ട് ഉണ്ടായിരുന്നുവോന്ന് സംശയം ഉള്ളതുകൊണ്ടാണ് പെട്ടെന്ന് തിരിച്ചുകൊടുക്കാൻ പോകാതിരുന്നത് എന്നു പറഞ്ഞു. ചിലപ്പോൾ നിന്റെ തന്നെ ആയിരിക്കും എന്ന് ചേട്ടൻ. ഇനിയും സംശയം ഉണ്ടെങ്കിൽ ഇപ്പോൾ പോകണ്ട, വൈകുന്നേരം ബാങ്ക് കണക്കെടുപ്പ് കഴിയുമ്പോൾ ഷോർട്ട് കാണും, അപ്പോ ചെന്നാൽ അവർക്ക് അറിയാൻ കഴിയും എന്നു പറഞ്ഞു. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ട്.

പിന്നെ, വൈകുന്നേരം പോകാമല്ലോന്ന് വിചാരിച്ച് പാർലറിൽ പോയി. കുറേ ദിവസമായി കാണാത്തതിന്റെ ചോദ്യങ്ങളും, ഡ്രൈവിംഗ് പഠിക്കാൻ പോയ കാര്യങ്ങളും ഒക്കെപ്പറഞ്ഞ് വീട്ടിൽ തിരിച്ചെത്തി.

വൈകുന്നേരം ചേട്ടൻ വന്നപ്പോൾ കൂടെ ബാങ്കിൽ പോയി നോക്കി. ആദ്യം എ ടി എം കാർഡ് ചോദിച്ചു. രണ്ടുദിവസം കൂടെ കഴിയും കിട്ടാൻ എന്നുപറഞ്ഞു. അതുകഴിഞ്ഞ് കാഷ്യറോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉറപ്പില്ല. കണക്ക് നോക്കിയാലേ അറിയൂ, അര മണിക്കൂർ കൂടെ കഴിയണം എന്നു പറഞ്ഞു. ഫോൺ നമ്പർ
എഴുതിവെക്കാൻ പറഞ്ഞ് , അവിടെനിന്നിറങ്ങി കടയിലൊക്കെപ്പോയി തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വിളിച്ചിട്ടുണ്ട്, ബാങ്കിൽ നിന്ന്. കോളർ ഐഡിയിൽ കിടപ്പുണ്ട് നമ്പർ.

പിന്നെ, പിറ്റേന്ന് രാവിലെ പൈസയും എടുത്ത് പോയിനോക്കുമ്പോൾ അദ്ദേഹം പറഞ്ഞു വിളിച്ചിരുന്നു എന്ന്. അറിഞ്ഞിരുന്നു എന്നു പറഞ്ഞു. ഇപ്പോഴും വിളിച്ചിരുന്നു എന്നു പറഞ്ഞു, ഞാൻ വഴിയിൽ അല്ലേന്ന് പറഞ്ഞു. വെറുതെയല്ല അദ്ദേഹത്തിനു കണക്കു ശരിയാവാത്തത്! കൊടുത്തപ്പോൾ ഒരുപാട് താങ്ക്സ് പറഞ്ഞു. ഞാൻ
നൈസ് ടു മീറ്റ് യൂ എന്നും പറഞ്ഞു. താങ്ക്സ് പറഞ്ഞാൽ എന്തോ പറയണംന്ന് എനിക്കറിയാം. വെറുതേ എനിക്ക് നാലഞ്ചാറ് ഉദാത്തമായ പോസ്റ്റുകൾ ബ്ലോഗിലിടാനുള്ള വിലപ്പെട്ട സമയം ഇങ്ങനെ നിസ്സാരകാര്യങ്ങൾക്ക് ചെലവിടാൻ എന്നെ നിർബ്ബന്ധിപ്പിക്കരുത് എന്നൊരു ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഞാൻ ബാങ്കിൽ നിന്നിറങ്ങി.

ആയിരം രൂപയെന്നത് ബാങ്കിനോ, അത് പോയാൽ കൈയിൽനിന്ന് വെക്കേണ്ട കാഷ്യർക്കോ നിസ്സാരമായിരിക്കും ചിലപ്പോൾ. പക്ഷെ എനിക്കർഹതയില്ലാത്തത്, എന്റേതല്ലാത്തത്, എനിക്ക് അധികപ്പറ്റാണ്. ആയിരമായാലും അഞ്ചുരൂപയാലും. ഒരാഴ്ച മുമ്പാണ്, സൂപ്പർമാർക്കറ്റിൽ വെച്ച്, അവിടെനിന്നുതന്നെ വാങ്ങിയ വസ്തുക്കളുടെ സഞ്ചി, മറന്നുവെച്ച് പോന്നിട്ട് പിറ്റേ ദിവസം പോയി എടുത്തുകൊണ്ടുവന്നത്. നമുക്കുള്ളതൊക്കെ നമുക്കു കിട്ടും. വേറാരും കൊണ്ടുപോകില്ല.

വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ രണ്ട് വർഷമായി യാതൊരു വിവരവും അറിയാത്ത ഒരു സുഹൃത്തിന്റെ ഭർത്താവ് മുന്നിൽ വണ്ടിയിൽ. അവനും സുഹൃത്തുതന്നെ. കുട്ടികളും ജോലിക്കാര്യങ്ങളും വീട്ടുകാര്യവും ഒക്കെ ആയി തിരക്കിലായിരുന്നെന്നും വീട് അവളുടെ മാതാപിതാക്കളുടെ വീടിനടുത്തേക്ക് മാറിയെന്നും, അവൾക്കും ജോലി കിട്ടിയെന്നും വീട്ടിലേക്ക് എല്ലാരും കൂടെ ഒരു ദിവസം വരാമെന്നും പറഞ്ഞു. ഞങ്ങൾ അവർ താമസിച്ചിടത്ത് മൂന്നോ നാലോ പ്രാവശ്യം പോയിരുന്നു. പിന്നെ അവരുടെ നമ്പറും വിളിച്ചുനോക്കിയിരുന്നു. പലരോടും ചോദിച്ചപ്പോഴാകട്ടെ പല മറുപടികളാണ് കിട്ടിയത്. എന്തായാലും നല്ലൊരു കാര്യമായി കണ്ടത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തിരക്കിനിടയ്ക്ക് സൗഹൃദം പലപ്പോഴും കൂടെ ഓടുന്നില്ലെന്ന് മാത്രം.

വീട്ടിലെത്തി ചേട്ടനെ വിളിച്ചു.

“പോയിരുന്നു.”

“എന്തു പറഞ്ഞു.”

“വിളിച്ച കാര്യവും ഷോർട്ട് ആയ കാര്യവും അദ്ദേഹം പറഞ്ഞു. പൈസ കൊടുത്തു. ”

കൂട്ടുകാരിയുടെ ഭർത്താവിനെ കണ്ടകാര്യവും പറഞ്ഞു.

“നീ സൂപ്പർമാർക്കറ്റിൽ കയറി അല്ലേ?”

“എന്താ?”

“ഐസ്ക്രീം തിന്നുന്നുണ്ടെന്ന് ഞാൻ ഊഹിച്ചു. നിനക്ക് പ്രമേഹം വരും കേട്ടോ.”

“വരട്ടേ, വരട്ടേ, അതുവരെ തിന്നാലോ.”


ആത്മഗതം :‌- ഞാനെന്തായിരിക്കണം എന്ന് മറ്റുള്ളവർ കരുതുന്നത് ഞാൻ ചിലപ്പോൾ ആയില്ലെന്നു വരും. പക്ഷെ ഞാൻ എന്തായിരിക്കണം എന്ന് എന്റെ ചില നിയമങ്ങളും രീതികളും ഉണ്ട്. അതനുസരിച്ച് ഞാൻ നടന്നിരിക്കും.

Labels:

Wednesday, January 21, 2009

എസ് എം എസ്

ചക്രവ്യൂഹത്തിൽ നിന്ന് അഭിമന്യു പറഞ്ഞു.
എല്ലാവരും എനിക്കുവേണ്ടി എസ് എം എസ് അയക്കുക.
സൈന്യവ്യൂഹത്തിന് പുറത്തുകടക്കാൻ നിങ്ങളുടെ എസ് എം എസ് കൂടിയേ തീരൂ.
അയക്കേണ്ട ഫോർമാറ്റ് - ചക്രവ്യൂഹം സ്പേസ് അഭിമന്യു.

(കഥ :- സുഭദ്രയുടേയും അർജ്ജുനന്റേയും മകനായ അഭിമന്യു കൗരവന്മാരുണ്ടാക്കിയ സൈന്യവ്യൂഹത്തിൽ അകപ്പെട്ടപ്പോൾ ധീരനായി യുദ്ധം ചെയ്തു. പക്ഷെ മരിക്കേണ്ടിവന്നു.)

Labels:

Friday, January 16, 2009

അതാണ് ജീവിതം

മോഹങ്ങളുടെ തിരയടിച്ചുവന്നാണ്
മനസ്സിൽ സ്വപ്നത്തിന്റെ മുത്തുകൾ
വിട്ടുപോകുന്നത്.
മുത്തുകളെടുത്ത് കോർത്തുവരുമ്പോഴേക്കും
വിധിയുടെ കാറ്റുവന്ന്
മുത്തുകൾ ചിന്നിച്ചിതറിക്കും.
സ്വപ്നങ്ങളുടെ കടലിൽനിന്ന്
എത്രയിഴഞ്ഞു കയറാൻ ശ്രമിച്ചാലും
ആഗ്രഹത്തിന്റെ തിര വന്ന്
അതേ കടലിലേക്ക് വലിച്ചിഴയ്ക്കും.
അല്ലെങ്കിലും, നിരാശയുടെ തീരത്ത്
എത്രനേരം കുത്തിയിരുന്നാലാണ്
സാഫല്യത്തിന്റെ കപ്പലൊന്ന്
കാഴ്ചയില്‍പ്പെടുന്നത്!

Labels:

Wednesday, January 14, 2009

തലേവര





ഇതൊരു വരയേ അല്ലെന്ന് എനിക്കറിയാം. വരച്ച് വരച്ച് വരച്ച് അങ്ങനെ പോകണമെന്നൊരാശ.

Labels:

Tuesday, January 13, 2009

അമ്മുവും പൂമ്പാറ്റയും

പുള്ളിയുടുപ്പിട്ട സുന്ദരിപ്പൂമ്പാറ്റ,
പൂന്തോട്ടത്തിൽ പറന്നുവന്നു.
എഴുതിപ്പഠിക്കുവാൻ ഏറെയുണ്ടെങ്കിലും,
അമ്മു ജനലിലൂടെത്തിനോക്കി.
അമ്മ വന്നീടുമ്പോൾ വാതിൽ തുറന്നിടും,
പൂമ്പാറ്റയോടായവളുചൊല്ലീ.
കൂടെക്കളിക്കുവാൻ വന്നിടും ഞാനപ്പോൾ,
അതുവരെ പാറിപ്പറക്കുക നീ.
അമ്മു ചെന്നമ്മയോടൊന്നു കെഞ്ചീ,
വാതിൽ തുറന്നു തരികയമ്മേ.
വാതിൽ തുറന്നപ്പോളോടിപ്പോയി,
പൂമ്പാറ്റയൊത്തു കളി തുടങ്ങി.
പൂമ്പാറ്റ ചാഞ്ഞും ചെരിഞ്ഞും പറക്കുമ്പോൾ,
കൗതുകം പൂണ്ടവൾ നോക്കിനിന്നൂ.
പൂമ്പാറ്റ പോകും വഴിയിലെല്ലാം,
ഓടിക്കിതച്ചവൾ കൂടെപ്പോയി.
ഒടുവിലാപ്പൂമ്പാറ്റയെങ്ങോ മറഞ്ഞുപോയ്,
അമ്മു വിഷമിച്ചു വീട്ടിലെത്തി.
നാളെയും പൂമ്പാറ്റ വന്നിടുമെങ്കിൽ ഞാൻ,
കൂടെക്കളിക്കുവാൻ പോകുമമ്മേ.
അമ്മയതുകേട്ടു പുഞ്ചിരിച്ചൂ,
കുഞ്ഞിന്റെ സന്തോഷം കൂട്ടുവാനായ്.

Labels: , ,

Saturday, January 10, 2009

തിരുവാതിര

ധനുമാസത്തിൽ തിരുവാതിര, ഭഗവാൻ തന്റെ തിരുനാളല്ലോ എന്നാണ് തിരുവാതിരപ്പാട്ട്. പരമശിവന്റെ പിറന്നാളായിട്ടാണ് തിരുവാതിര ആഘോഷിക്കുന്നത്. സ്ത്രീകളാണ് തിരുവാതിര ആഘോഷം നടത്തുന്നത്. നെടുമംഗല്യത്തിനുവേണ്ടിയിട്ട്. തിരുവാതിര നാൾ തുടങ്ങുന്നതുമുതൽ അവസാനിക്കുന്ന നാഴിക വരെ നൊയമ്പെടുക്കണം. ഉറക്കമൊഴിക്കുകയും വേണം. പകലായാലും രാത്രിയായാലും. നോയ്മ്പെന്നു പറയുമ്പോൾ ജലപാനമില്ലാതെ ഇരിക്കുകയൊന്നും വേണ്ട. അരിഭക്ഷണവും അമിതഭക്ഷണവും ഒഴിവാക്കുകയേ വേണ്ടൂ.

ഐതിഹ്യം

തിരുവാതിര ആഘോഷമെന്നത് ഐതിഹ്യത്തില്‍പ്പറയുന്നത്, പാലാഴിമഥനം കഴിഞ്ഞപ്പോൾ കാളകൂടവിഷം ഭൂമിയിൽ വീഴാതിരിക്കാൻ ശിവൻ അതു വിഴുങ്ങുകയും, ശിവൻ അതുവിഴുങ്ങിയാൽ കുഴപ്പമാവും എന്നു കരുതി, പാർവ്വതി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് പ്രാർത്ഥിച്ച് ഉറക്കമൊഴിഞ്ഞിരുന്നു, അതാണ് തിരുവാതിരയിലെ ഉറക്കമൊഴിക്കൽ എന്നാണ്. പിന്നെ കാമദേവനെ ശിവൻ ഒരിക്കൽ ദഹിപ്പിച്ചപ്പോൾ, കാമദേവന്റെ ഭാര്യയായ രതീദേവി, ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാർത്ഥിച്ചതുകൊണ്ടാണ് തിരുവാതിര നൊയമ്പ് വന്നത് എന്നും ഒരു കഥയുണ്ട്. ശിവപാർവ്വതിമാരുടെ വിവാഹം നടന്ന നാളാണ് തിരുവാതിര എന്നും കഥയുണ്ട്.

എന്തായാലും നെടുമംഗല്യത്തിനുവേണ്ടി, മംഗല്യവതികളായ സ്ത്രീകളും, നല്ല വരനെ കിട്ടാൻ‌വേണ്ടി പെൺകുട്ടികളും തിരുവാതിര നോയ്മ്പ് എടുക്കുന്നു.

ആഘോഷം

തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്, രേവതി മുതലാണ്. ഒരാഴ്ച, പുലർച്ചെയെന്നു പറഞ്ഞാൽ അതിരാവിലെ, കുളത്തില്‍പ്പോയി വെള്ളത്തിലിറങ്ങി, പാട്ടുപാടി തുടിച്ച് കുളിച്ച് കയറി, കുളക്കരയിൽ വെച്ചുതന്നെ പൊട്ടും പൂവും അണിയണം. ദശപുഷ്പം. കറുക, കൈയ്യോന്നി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങൾ. പല നാടുകളിലും പല പേരുണ്ടാവും. തിരുവാതിര നാൾ തുടങ്ങുന്ന രാത്രിയിലാണ് ഉറക്കമൊഴിപ്പ് തുടങ്ങേണ്ടത്. ഇക്കൊല്ലം ജനുവരി ഒമ്പത് വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മുതലാണ് (എന്റമ്മോ) തിരുവാതിര തുടങ്ങിയത്. ശനിയാഴ്ച രാത്രി ഒമ്പതര വരെ തിരുവാതിരയുണ്ട്. അതുകഴിഞ്ഞാൽ നോമ്പും വ്രതവും അവസാനിപ്പിക്കാം. ഉറക്കമൊഴിക്കുന്ന രാത്രിയിൽ പാതിരാപ്പൂച്ചൂടണം. സ്ത്രീകളെല്ലാം തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനുശേഷം, ദശപുഷ്പവും മറ്റു പുഷ്പവും വെച്ച വൃക്ഷച്ചോട്ടില്‍പ്പോയി അത് ചൂടിവരണം. “ഒന്നാമൻ ചെറുകൊട്ടാരത്തിലെ താലിപ്പെണ്ണെന്നോട് പൂവിരന്നൂ...പൂവു കണ്ടിട്ടോ പൂമരം കണ്ടിട്ടോ എന്തുകൊണ്ടെന്നോട് പൂവിരന്നൂ...എന്നു തുടങ്ങി, വൃക്ഷച്ചോട്ടിൽ എത്തുമ്പോഴേക്കും പത്താമൻ ചെറുകൊട്ടാരത്തിലെ താലിപ്പെണ്ണെന്നോട് പൂവിരന്നൂ എന്നാവും. പ്രാദേശികമായി പാട്ടിന് വ്യത്യാസം ഉണ്ടാവാനും സാദ്ധ്യതയുണ്ട്. പൂച്ചൂടി തിരിച്ചുവരുമ്പോൾ വഞ്ചിപ്പാട്ട് പാടും.

വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ‌തിരുവാതിര. അത് ഞങ്ങളുടെ കുടുംബത്തിൽ കേമമായിട്ട് ആഘോഷിക്കും. ഇക്കൊല്ലം ആരുടേം പുത്തൻ തിരുവാതിര ഇല്ലെന്നു മാത്രമല്ല അധികം ആഘോഷവുമില്ല. പതിവുള്ള നോയ്മ്പും ഒക്കെത്തന്നെ. പിന്നെ തിരുവാതിരകളി, ഞങ്ങളുടെ കൂട്ടത്തിൽ വിവാഹത്തിന് ഒരു ചടങ്ങാണ്. വധുവിന്റെ വീട്ടിൽ‌വെച്ചും, പിന്നെ വിവാഹം കഴിഞ്ഞ്, രണ്ടുവീട്ടുകാരുംകൂടെ വരന്റെ വീട്ടിൽ‌വെച്ചും. അതു പിന്നെ കാര്യമായിട്ട് പഠിക്കണം എന്നൊന്നുമില്ല. വട്ടത്തിൽ നിന്നാൽ മതി. പാട്ടുപാടുന്നത് ഏറ്റുപാടുകയും. പിന്നെ നന്നായി പാടിക്കളിക്കുന്നവരുടെ ചവിട്ട് കിട്ടാതെ ഒഴിഞ്ഞുമാറണം എന്നു മാത്രം. വീട്ടിലുള്ളവരുടെയൊക്കെ കാര്യം നമുക്ക് ശീലമുണ്ടാവും. വരുന്ന ബന്ധുക്കളുടെ കാര്യം നമുക്ക് പറയാൻ പറ്റില്ലല്ലോ. ;) (ഇതെങ്ങാൻ വായിച്ചാൽ, ഇക്കുട്ടീടെ ഒരു കാര്യം എന്ന് ചിറ്റമ്മമാർ ഒരേ സ്വരത്തിൽ പറയും. ;)) തിരുവാതിരക്കളി എന്നുപറഞ്ഞാൽ സ്കൂളിലും കോളേജിലുമൊക്കെക്കാണുന്ന വെറും കൈയിന്മേൽ കൈമുട്ടൽ അല്ല. വേറേം കുറേ രീതിയിൽ ഉണ്ട്.

മകീര്യം നാളിൽ സദ്യ പതിവുണ്ട്. അതുകഴിഞ്ഞ് സന്ധ്യയ്ക്ക്, ഇലക്കുമ്പിളിൽ ഇളനീർ നിവേദ്യം കഴിക്കണം. അതുകഴിഞ്ഞ് എട്ടങ്ങാടിയും. തിരുവാതിര പകലിലാണ് കൂവ കുറുക്കിയത് കഴിക്കുക. നൂറ്റൊന്ന് വെറ്റില നിവേദിച്ച്, ഭാര്യയും ഭർത്താവും കൂടെ കഴിച്ചുതീർക്കണം. (ഇനി മുതൽ വെറ്റിലയ്ക്കു പകരം ഐസ്ക്രീമായാലോ എന്നു ഞാൻ ചിന്തിക്കുന്നുണ്ട്.;))

നൊസ്റ്റാൽജിയ

തിരുവാതിരയെന്നു പറഞ്ഞാൽ പണ്ടല്ലേ? പണ്ടത്തെ തിരുവാതിരയുണ്ടോ ഇപ്പോ? ;) കുട്ടിക്കാലത്ത് ഞങ്ങളൊക്കെ തണുത്തുവിറച്ച് കുളത്തില്‍പ്പോയി, വെള്ളത്തിൽനിന്ന് തുടിച്ച് തിരുവാതിരപ്പാട്ട് മുഴുവൻ പാടണം. വിറച്ചുവിറച്ചാണ് പാട്ട്. പോരാത്തതിന് ഇരുട്ടും. അവിടെനിന്ന് വിളക്കിന്റെ വെളിച്ചത്തിൽ പൊട്ടൊക്കെത്തൊടും. ഒരാഴ്ച. പിന്നെ തിരുവാതിരനാളിൽ കുളിച്ച് തൊഴുത് വന്ന്, കൂവ കാച്ചിയത് കഴിക്കും. അരിഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഒരുദിവസത്തേക്ക് വേണ്ടെന്ന് വയ്ക്കും. തിരുവാതിരയ്ക്ക് രാത്രി, പാട്ടുപാടിക്കളിക്കുമ്പോൾ, ഗണപതിയാണ് തുടക്കം. പിന്നെ സരസ്വതി. പിന്നെ ഓരോ ദേവന്മാരുടേയും ദേവിമാരുടേതുമായി അങ്ങനെ പോകും പാട്ടുകൾ. ഇടയ്ക്ക് പൂച്ചൂടൽ. ഒടുവിൽ മംഗളം പാടി അവസാനിപ്പിക്കും. കുട്ടികളൊക്കെ തൂങ്ങിത്തുടങ്ങും. എന്നാലും ഉറക്കമൊഴിക്കൽ ഒപ്പിച്ചെടുക്കും. പിന്നെ അതിരാവിലെ കുളിച്ച് തൊഴുത് വന്ന്, തിരുവാതിര തീർന്നെങ്കിൽ, വ്രതം അവസാനിപ്പിക്കും. ഇന്നേതെങ്കിലും കുട്ടികൾ ഇതിനൊക്കെ നിൽക്കുമോ? ഞങ്ങളുടെ കൂട്ടുകാരൊക്കെ വരുമായിരുന്നു പണ്ട്. ഇന്നെല്ലാവരും ഓരോ വഴിക്കായി.

എട്ടങ്ങാടി

എട്ടങ്ങാടി എന്നുപറഞ്ഞാൽ എട്ട് കിഴങ്ങുകൾ, എട്ട് ധാന്യങ്ങൾ, എന്നിവ അടങ്ങിയതാണ്. കൂർക്ക, കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കപ്പ എന്നിവയും നേന്ത്രക്കായയും.(ഉരുളക്കിഴങ്ങ് ഇടാറില്ല. വേറെ കിഴങ്ങുകൾ കിട്ടാനില്ലാത്തതുകൊണ്ട് നേന്ത്രക്കായ.) എട്ട് ധാന്യങ്ങൾ, ചെറുപയർ, മുതിര, തുവര, ഗോതമ്പ്, ചോളം, ഉഴുന്ന്, കടല, മമ്പയർ എന്നിവയാണ്. കിഴങ്ങുകളൊക്കെ ചുട്ടെടുക്കണം. ധാന്യങ്ങളൊക്കെ വേവിച്ച് എടുക്കണം. ശർക്കര പാവുകാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ എന്നിവ ചെറുതായി അരിഞ്ഞിടണം. അതിലേക്ക് കുറച്ച് എള്ളും, തേനും, നെയ്യും ഒഴിച്ച്, ചുട്ടെടുത്ത കിഴങ്ങുകൾ മുറിച്ചിട്ട്, വേവിച്ച ധാന്യങ്ങൾ ചേർത്ത് എടുത്താൽ എട്ടങ്ങാടിയായി. നേന്ത്രപ്പഴം ചുട്ടിട്ട് ഇതിലേക്ക് യോജിപ്പിക്കണം.

തിരുവാതിരനാളിൽ, പുഴുക്കും, ഗോതമ്പ്ചോറുമാണ് കഴിക്കുക. പിന്നെ കൂവ കാച്ചിയതും.

കൂവ കാച്ചിയത് കറിവേപ്പിലയിൽ.

ഇനി തിരുവാതിരപ്പാട്ട്

ബ്ലോഗായതുകൊണ്ട് സരസ്വതിയ്ക്കാവാം.

അക്ഷരസ്വരൂപിണീ സരസ്വതീ നമോ
അക്ഷമാല കൈയിലേന്തും ഈശ്വരീ നമോ
അക്ഷരപ്രഭാവധാടിയോടു സാഹിതീ
വിദ്യനൽകീടേണമേ നിരാമയേ നമോ
വൽക്കലാദ്രിവാസിനീവിലാസിനീനമോ
ഭക്തകാമപൂരതേ ശ്രീശാരദേനമോ
ഇക്കിടാവിലാർന്നമോദമപ്രമേയമായ്
നീ കടാക്ഷമേകണം വാഗീശ്വരീ നമോ
തുകിന വക്ത്ര പങ്കജൈക വാസിനീനമോ
തുകിന കാന്തിയാർന്നിടുന്ന സുന്ദരീ നമോ
ഇഹമതീയ ജിഹ്വയേറി നാട്യമാടുവാൻ
അഹിതയായ് ഭവിച്ചിടായ്ക ഭാരതീനമോ.

(ഇപ്പാട്ടെനിക്ക് കൃത്യമായിട്ട് അറിയില്ല. പഴയൊരു പുസ്തകം നോക്കി എഴുതിയതാണ്.)

ഇതൊക്കെ ബ്ലോഗിൽ എഴുതിയിടുന്നത് വെറുതേയല്ല. ഇങ്ങനെ ഒരു ആഘോഷമുണ്ടായിരുന്നു എന്നു പറയേണ്ടിവരുന്ന കാലത്തേക്കുള്ള കരുതിവയ്പ്പാണ്. ഓരോ സ്ഥലത്തും ആഘോഷങ്ങളും രീതികളും മാറിയെന്നുവരും. എന്നാലും തിരുവാതിര ഒരു ആഘോഷം തന്നെ.

ഈ എഴുതിയിട്ടത്, പണ്ട് പണ്ടൊരു കാലത്ത്, തിരുവാതിരയെന്നൊരാഘോഷം ഉണ്ടായിരുന്നു എന്നതിനൊരു തെളിവായിക്കോട്ടെ.

Labels:

Tuesday, January 06, 2009

പ്രണയത്തിന്റെ കണ്ണീർ

പ്രണയം

മറവിപോലും ഓർമ്മിച്ചു ചൊല്ലുന്നത്
നമ്മളൊന്നായിരുന്നെന്നാണ്.
എപ്പോഴാണ് വേർതിരിഞ്ഞതെന്ന്
ഓർമ്മ പോലും മറന്നുപോയി.
നീ അകലേയ്ക്ക് നടക്കുമ്പോഴാണ്
അടുപ്പം കനം വെക്കുന്നത്.
അരികിലെ നീയെന്നിൽ ജ്വലിപ്പിക്കുന്നത്
അകൽ‌ച്ചയെന്ന നെരിപ്പോടിലെ കനലുകളാണ്.
പിരിഞ്ഞിരിക്കുമ്പോഴാണ് പ്രണയം
അളവുപാത്രങ്ങളിൽ നിറഞ്ഞുനിന്ന്
ചിരിക്കുന്നത്.


കണ്ണീർ

നല്ലൊരു വേലിക്കെട്ടുണ്ട്;
അടച്ചുറപ്പുള്ളൊരു വാതിലുണ്ട്;
എന്നിട്ടും, മുത്തുകൾ പലപ്പോഴും
സമ്മതം പോലും ചോദിക്കാതെ
ഇറങ്ങിയോടിപ്പോകുന്നു.

Labels:

Monday, January 05, 2009

അതാണ് കാര്യം

“ചേട്ടാ....”

“എന്താ സു?”

“നമുക്ക് ഈ പഴയ കർട്ടനൊക്കെ മാറ്റി പുതിയതിട്ട് ഒന്ന് മോടികൂട്ടിയാലോ? പുതുവർഷമൊക്കെയല്ലേ?”

“ഓ...ഇപ്പോ എന്തിനാ പുതിയ കർട്ടൻ? പഴയത് നല്ല ഭംഗിയായി, വൃത്തിയായി കിടപ്പുണ്ടല്ലോ. അതൊക്കെ വല്യ ചെലവല്ലേ?”

“ഹും...”

*****************

“ചേട്ടാ...”

“എന്താ?”

“ഒരു ഗ്രൈൻഡർ മേടിച്ചാലോ? കുറേയാൾക്കാരൊക്കെ ഉള്ളപ്പോൾ അരവ് എളുപ്പമാവും. അല്ലെങ്കിലും കുറച്ചൊരുമിച്ച് അരച്ച് ഫ്രിഡ്ജിൽ വയ്ക്കാലോ.”

“ഓ...അത്രയൊക്കെ ഒരുമിച്ച് അരച്ചിട്ട് ഇപ്പോ എന്തിനാ? കുറേയാൾക്കാർ ഉള്ളപ്പോൾ, മിക്സിയിൽ കുറേശ്ശെക്കുറേശ്ശെ അരയ്ക്കാൻ അവരും ഒക്കെ ഉത്സാഹിക്കില്ലേ? വേഗം തീരും. ഗ്രൈൻഡർ എന്നൊക്കെപ്പറയുമ്പോൾ....അതൊക്കെ വെറുതേ വല്യ ചെലവല്ലേ?”


*******************

“ചേട്ടാ...”

“എന്താ?”

“പുതുവർഷമൊക്കെയല്ലേ? കുറച്ച് ചട്ടികളൊക്കെ വാങ്ങിക്കൊണ്ടുവന്ന് തോട്ടം ഒന്ന് വിപുലമാക്കിയാലോ?”

“ഉള്ള നാലു ചെടികൾക്കു തന്നെ വെള്ളം കൊടുക്കാൻ നേരമില്ല. അപ്പോഴാ ഇനി പുതിയ ചെടിയും ചട്ടിയും. പുതിയ ചട്ടിയും ചെടിയുമൊക്കെ വാങ്ങുകയെന്നു പറഞ്ഞാൽ അതൊക്കെ വെറുതേ വല്യ ചെലവല്ലേ?”

**************


“സൂ....”

“എന്ധാ‍ാ‍ാ‍ാ‍ാ?”

“പുതുവർഷമൊക്കെ ആയില്ലേ?”

“അതിനു ഞാനെന്തുവേണം?”

“നമുക്ക് ഗോവയിൽ പോയി വന്നാലോ? ലീവുണ്ടല്ലോ എടുക്കാൻ.”

“എല്ലാരും കൂടെയാണോ പോകുന്നത്?”

“അല്ലല്ല. നമ്മൾ രണ്ടുപേരും മാത്രം.”

“അതെയോ?”

“അതെ. രണ്ട് ദിവസം മുഴുവൻ ഗോവയിൽ.”

“രണ്ട് ദിവസം?”

“അതെ...”

“രണ്ട് ദിവസം ഗോവയിൽ...”

“അതെ. നിനക്ക് കടലിലിറങ്ങണം എന്നു പറഞ്ഞില്ലേ?”

“നമ്മൾ രണ്ടാളും മാത്രം...”

“അതെ...”

“ഐഡിയ കൊള്ളാം...”

“അതല്ലേ ഞാനും തീരുമാനിച്ചത്...”

“പക്ഷെ....”

“എന്താ ഒരു പക്ഷേ...?”

“അതൊക്കെ വെറുതേ വല്യ ചെലവല്ലേ ചേട്ടാ‍ാ‍ാ‍ാ‍ാ‍ാ.....”


ചേട്ടനു പാര വെച്ചുകൊണ്ടാണ് കഴിഞ്ഞ പുതുവർഷം തുടങ്ങിയത്. ഇക്കൊല്ലവും അങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ചു.

Labels: ,