Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 28, 2005

വേലിയിലിരുന്ന പാമ്പു!!!

(ഇതു അനില്‍ - നു ഒരു ബ്ളോഗ്ഗ്‌ വേണം സ്വന്തം പേരില്‍ കൊടുക്കാന്‍ എന്നു തമാശ കണ്ടതുകൊണ്ടു വെറുതെ എഴുതിയതാണു . അനില്‍ എന്നോടു ക്ഷമിക്കണം)
ഒരു ബ്ളോഗ്ഗ്‌ കിട്ടിയിരുന്നെങ്കില്‍.............. എന്നു അനില്‍ ജയന്‍ സ്റ്റൈലില്‍ ഓര്‍ത്തു. സമയം അര്‍ധരാത്രി ആയി. അനില്‍ ടോര്‍ച്ചും എടുത്തു പുറപ്പെട്ടു. കുട എടുത്തില്ല. അര്‍ധരാത്രിക്കു കുട പിടിക്കരുതല്ലൊ. ആരുടെയെങ്കിലും വേലിയില്‍ ഒരു ബ്ളോഗ്ഗ്‌ കിടക്കുന്നുണ്ടോന്നു നോക്കാം . അങ്ങിനെ സു-ബ്ളോഗ്ഗിന്റെ വേലിക്കല്‍ എത്തി. എന്തോ തടഞ്ഞു. ടോര്‍ച്ച്‌ അടിച്ചു നോക്കി. ഒരു വള്ളി." തേടിയ വള്ളി കാലില്‍ ചുറ്റി" അനില്‍ മനസ്സില്‍ ഓര്‍ത്തു. വേഗ്ഗം ആ വള്ളിയെടുത്തു അനില്‍ തോളില്‍ ഇട്ടു. സ്വന്തം വേലിക്കലേക്കു ഓടി. അവിടെ നിന്നു നല്ല വെളിച്ചത്തില്‍ അനില്‍ കണ്ടു. തോളില്‍ ഒരു പാമ്പു!!! ഈശ്വരാാ വേലിയില്‍ കിടന്ന പാമ്പിനെ ആണല്ലോ ഞാന്‍ തോളത്തിട്ടതു. അനില്‍ ബോധം കെട്ടു.

Tuesday, April 26, 2005

അവനും അവളും.....

ആദ്യം..........

അവന്‍ സ്ളേറ്റായി,
അവള്‍ മഷിത്തണ്ടായി.

അവന്‍ പുസ്തകമായി,
അവള്‍ മയില്‍പ്പീലിയായി.

അവന്‍ യാഹൂ ഐഡി ആയി,
അവള്‍ പാസ്സ്‌വേറ്‍ഡ്‌ ആയി.

അവന്‍ ചപ്പാത്തി ആയി,
അവള്‍ ചില്ലിച്ചിക്കന്‍ ആയി.

അവന്‍ ക്ളോക്കായി,
അവള്‍ സൂചി ആയി.

അവന്‍ മോഹന്‍ലാലായി,
അവള്‍ നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന വാചകം ആയി.

അവന്‍ മൊബൈല്‍ഫോണായി,
അവള്‍ സിം കാര്‍ഡ്‌ ആയി.

അവന്‍ അമ്പലമായി,
അവള്‍ ദേവി ആയി.

അവന്‍ കടല്‍ ആയി,
അവള്‍ സൂനാമി ആയി.

അവസാനം..................

അവന്‍ കാലന്‍ ആയി,
അവള്‍ പക്ഷെ പോത്തായില്ല,
അവള്‍ മാലയിട്ടു ചുവരില്‍ തൂക്കിയ ഫോട്ടോ ആയി.Saturday, April 23, 2005

എനിക്കു വയ്യ!!!!

എല്ലാം തുടങ്ങിയതു രാവിലെയാണു. എഴുന്നേല്‍ക്കുമ്പോള്‍ നേരിയ തലവേദന ഉണ്ടായിരുന്നു. കരാഗ്ഗ്രേ വസതേ ലക്ഷ്മി... ചൊല്ലി കണ്ണു മിഴിച്ചതു കൈക്കു പകരം ചുവരിലെ പോസ്റ്ററിലേക്കാണു. ഇന്നത്തെ കാര്യം പോക്കാണെന്നു അപ്പോഴേ മനസ്സിലായി. കുറേക്കഴിഞ്ഞപ്പോള്‍ തുടങ്ങി പനി, ചുമ, തൊണ്ടവേദന, അതു, ഇതു...... തലയ്ക്കുള്ളില്‍ പഞ്ചവാദ്യവും പഞ്ചാരിയും തകര്‍ക്കുന്നുണ്ട്‌. തല വെട്ടിപ്പൊളിച്ച്‌ ആര്‍ക്കേലും കൊടുത്താലോ എന്നു തോന്നിപ്പോയി. ഉപയോഗ്ഗമില്ലാത്ത ഒരു സാധനം. ആള്‍ത്താമസം ഇല്ലാന്നു മാത്രമല്ല മുടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയാണു. പക്ഷെ ആക്രിക്കച്ചവടക്കാരു പോലും എന്തെങ്കിലും ഒന്നിനു ഉപകരിക്കുന്നതേ എടുക്കുകയുണ്ടാകൂ. തൊണ്ടവേദന കൊണ്ടു നില്‍ക്കപ്പൊറുതിയില്ല. വീട്ടുകാരും ചുറ്റുമുള്ളവരും ശബ്ദ മലിനീകരണം കുറഞ്ഞല്ലോന്നു വിചാരിക്കുന്നുണ്ടാകും. അമ്മ ഉണ്ടാക്കിത്തന്ന തൈരുമുളകിനോടുള്ള ആക്രാന്തം കൂടിപ്പോയതാണു കാരണം. വറുത്തു വറുത്തു കറുമുറെ കുറേ തിന്നു. പക്ഷെ തൊണ്ടവേദന വന്നാല്‍ പിന്നെ എനിക്കു ഹരിമുരളീരവം തന്നെ പാടണം. പാട്ടിന്റെ എ ബി സി ഡി പോയിട്ടു എക്സ്‌ വൈ ഇസഡ്‌ പോലും അറിയില്ലെങ്കിലും അതെനിക്കു നിര്‍ബ്ബന്ധമാണു. ചെലപ്പോ ആ പാട്ടു തീരുമ്പോഴേക്കും തൊണ്ട ശരിയാവുമായിരിക്കും. നോക്കാം.
ഹരി മുരളീ രവം......
ഹരിത വൃന്ദാവനം....

Thursday, April 21, 2005

അമ്മാവനും അമ്മായിക്കും പറ്റിയ അമളി!!!!!

എവിടേക്കെങ്കിലും യാത്ര പോകുവാന്നു വെച്ചാല്‍ എനിക്കു വല്യ ഇഷ്ടം ഉള്ള കാര്യം ആണു. വാഹനത്തില്‍ കയറിയാല്‍ ചര്‍ദ്ദി , ഉറക്കം , പിന്നെ എത്തുന്നിടത്തൊക്കെ ഷോപ്പിങ്ങ്‌ എന്നീ അസുഖങ്ങള്‍ എനിക്കില്ലാത്തതുകൊണ്ടു എവിടെ പോകുമ്പോഴും സൌകര്യമുണ്ടെങ്കില്‍ എന്നെ കൂടെ കൂട്ടാന്‍ ചേട്ടനും വല്യ ഇഷ്ടം ആണു. ചേട്ടനു എതേലും വാഹനത്തില്‍ കയറിയാ അപ്പൊ ഉറക്കം വരും. എന്നെ കൂടെ കൂട്ടിയാല്‍ ലഗ്ഗേജ്‌ ഒക്കെ ഞാന്‍ നോക്കിക്കോളുമല്ലൊ. അങ്ങിനെ ഒരു യാത്രപുറപ്പെട്ടു. കുറച്ചു ദൂരത്തേക്കാണെങ്കിലും ട്രെയിനില് ‍പോകാമെന്നു വെച്ചു. റെയില്‍വ്വേ സ്റ്റേഷനില്‍ എത്തി. ടിക്കറ്റ്‌ കൌണ്ടറിനടുത്തു ഒറ്റ ജീവിയില്ല. ഇലക്ഷന്‍ കഴിഞ്ഞ ബൂത്ത്‌ പോലെ ശാന്തം. ചേട്ടന്‍ ടിക്കറ്റ്‌ എടുക്കാന്‍ പോയി. ഒരു ട്രെയിന്‍ പുറപ്പെട്ടു പോകുന്നുണ്ടു. പോ പോ വേഗ്ഗം പോ എന്നിട്ടു വേണം ഞങ്ങള്‍ക്കു പോകാന്‍ ഉള്ള വണ്ടി വരാന്‍ എന്നു ഞാന്‍ ട്രെയിനിനെ നോക്കി പറഞ്ഞു. കൌണ്ടറിലെ സുന്ദരി എന്നെ നോക്കി ചേട്ടനോടു എന്തോ പറയുന്നുണ്ടു. ലെസ്സ്‌ ലെഗ്ഗേജ്‌ മോര്‍ കംഫെര്‍ട്‌ എന്നല്ലേ പ്രമാണം ? എന്നിട്ടാണോ ഇതിനേം വെലിച്ചുംകൊണ്ടു യാത്രക്കിറങ്ങിയതു എന്നായിരിക്കും അവള്‍ പറഞ്ഞതു. ആര്‍ക്കറിയാം? ചേട്ടന്‍ ആ നിമിഷത്തില്‍ , ടിയര്‍ഗ്ഗ്യാസ്‌ പൊട്ടിച്ചപ്പൊ പായുന്ന കുട്ടിനേതാവിനെപ്പോലെ പാഞ്ഞു വന്നു എന്റെ കൈയും പിടിച്ചു ട്രെയിനിനു നേരെ ഓടി. എന്താ എന്തുപറ്റി എന്നു ഞാന്‍ ചോദിച്ചപ്പൊ ആ പോകുന്ന ട്രെയിനിലാ നമുക്കും പോകേണ്ടതു എന്നു ചേട്ടന്‍!! രണ്ടാളുടെ കൈയിലും ഓരോ ബാഗ്ഗ്‌ ഉണ്ട്‌ .അതു രണ്ടാളും വണ്ടിയിലേക്കിട്ടു. ചേട്ടന്‍ ഒരു വിധം ചാടിക്കയറി. എന്നിട്ടു കൈയും പുറത്തേക്കിട്ടു കയറു കയറു എന്നു എന്നോടു പറയാന്‍ തുടങ്ങി. ഇതിലും ഭേദം കയറെടുക്കുന്നതു തന്നെയാ എന്ന മട്ടില്‍ ഞാന്‍ ഓടാന്‍ തുടങ്ങി. എകദേശം ഒരു ദില്‍വ്വാലേ ദുല്‍ഹനിയാ..... യുടെ ആവര്‍ത്തനം!! 100 രൂപാ പോലും ടിക്കറ്റിനു ആവാത്ത സ്ഥിതിക്കു ചങ്ങല വെലിച്ചു ആളാവാന്‍ ചേട്ടന്‍ തയ്യാറാവില്ല എന്നു എനിക്കറിയാം. ഓടുക തന്നെ രക്ഷ!! പ്ളാറ്റ്ഫോം തീര്‍ന്നാല്‍പ്പിന്നെ ഞാന്‍ എവിടെക്കിടന്നു ഓടും എന്നോര്‍ത്തപ്പോള്‍ നമ്മുടെ ഉഷച്ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചു ഒരു കുതിപ്പു!!! ചേട്ടന്റെ കൈയും പിടിച്ചു വണ്ടിക്കകത്തേക്കു എത്തിപ്പെട്ടു. നോക്കുമ്പോള്‍ കുറച്ചു സ്ത്രീ ജനങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ ഇരുന്നു രാത്രിയില്‍ ദുര്യോധനവധം കഥകളി കാണാന്‍ പോയിട്ടു അതിന്റെ ക്ഷീണം തീര്‍ക്കുന്നതുമാതിരി കുംഭകര്‍ണസേവ നടത്തുന്നുണ്ടു.ചേട്ടനു പറ്റിയ സഹയാത്രികര്‍ എന്നു ഞാന്‍ മനസ്സിലോര്‍ത്തു. ഇലക്ഷനില്‍ കഷ്ടിച്ചു രക്ഷപ്പെട്ട നേതാവിനെപ്പോലെ ചേട്ടന്‍ എന്നെ നോക്കി ആശ്വാസപ്പുഞ്ചിരി തൂകി. എന്നിട്ടു ഇരുന്നു മയങ്ങാന്‍ ഉള്ള ഒരുക്കം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ വെടിക്കെട്ടു കഴിഞ്ഞു എല്ലാം പൊട്ടിയില്ലേ എന്നു നോക്കാന്‍ വെടിക്കെട്ടുകാരന്‍ വരുന്ന മാതിരി ടിക്കറ്റ്‌ പരിശോധകന്‍ പമ്മിപ്പമ്മി വന്നു. ഞാന്‍ ചേട്ടനോടു പറഞ്ഞു ദേ ആളുവന്നു ടിക്കറ്റ്‌ കാണിക്കൂ എന്നു. ചേട്ടന്‍, ഞങ്ങള്‍ കള്ളവണ്ടി കയറുന്നവരൊന്നും അല്ല എന്ന മട്ടില്‍ ടിക്കറ്റ്‌ കാണിച്ചു. അയാള്‍ അതു നോക്കി ശരി വെച്ചു. എന്നിട്ടു എന്നെയും ചേട്ടനേയും ഒന്നു മാറി മാറി നോക്കി. എന്നിട്ടു പറഞ്ഞു ഇതു ലേഡീസ്‌ കമ്പാര്‍ട്മെന്റാണു ,അടുത്ത സ്റ്റേഷന്‍ എത്തിയാല്‍ മാറിക്കയറിക്കോളൂ എന്നു!! അപ്പോഴേക്കും സഹയാത്രികര്‍ ഒക്കെ ഉണര്‍ന്നിരുന്നു .അയാള്‍ എല്ലാരോടും ടിക്കറ്റ്‌ വാങ്ങി നോക്കിയിട്ടു ചേട്ടനെ ഒന്നു നോക്കിയിട്ടു നടന്നു. ഇതു നിന്റെ സ്ഥിരം പരിപാടി ആണോ മോനേ ദിനേശാ എന്നാണോ ആ നോട്ടത്തിന്റെ അര്‍ഥം എന്നു ഞാന്‍ ആലോചിച്ചു.ഹേയ്‌ അതാവില്ല .എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടു.ഞാന്‍ ചേട്ടനെ നോക്കി ഒന്നു പുഞ്ചിരിച്ചു. സാരമില്ല ,ജീവിതത്തില്‍ ഇങ്ങനെ എന്തൊക്കെ പറ്റാന്‍ ഇരിക്കുന്നു എന്നാണു ആ പുഞ്ചിരിയുടെ അര്‍ഥം എന്നു ആ സ്ത്രീകള്‍ ഊഹിച്ചുകാണും എന്നു എനിക്കറിയാം. പക്ഷെ വീട്ടിലോട്ടു ചെല്ലട്ടെ നിങ്ങക്കു ഞാന്‍ വെച്ചിട്ടുണ്ടു മനുഷ്യാ എന്നാണു അതിന്റെ അര്‍ഥം എന്നു ചേട്ടനു നല്ലോണം അറിയാം . ഞങ്ങള്‍ ഇന്നും ഇന്നലേയുമൊന്നും കാണാന്‍ തുടങ്ങിയതല്ലല്ലോ. വാചകമടി കേട്ടു സഹികെട്ടു പാര്‍ട്ടിക്കാര്‍ പുറത്താക്കിയ മക്കള്‍ തിലകത്തെപ്പോലെ ചേട്ടന്‍ എന്നെ ചമ്മലോടെ നോക്കി.
ഞാന്‍ അടുത്ത സ്റ്റേഷനിലും ദില്‍വ്വാലേ ദുല്‍ഹനിയാ... ആവര്‍ത്തിക്കേണ്ടിവരുമല്ലോ എന്നുള്ള പരിഭ്രമത്തില്‍ ഇരുന്നു. അല്ലാതെന്തു ചെയ്യാന്‍?
കൂ കൂ കൂ കൂ തീവണ്ടി,
കൂകിപ്പായും തീവണ്ടി,
ചാടിക്കയറും ഒരു മണ്ടന്‍!
ഓടിക്കയറും ഒരു മണ്ടി!

Tuesday, April 19, 2005

പാവം വാവ !!!!

എന്തു കുന്തം പറഞ്ഞാലും നീ എന്റേതാവൂല വാവേ ;
നിന്നു കിണുങ്ങാതെ ഒന്നു പോവുന്നുണ്ടോ ദൂരേ ?

Sunday, April 17, 2005

ട്ടോോ.... ട്ട്ടോോോോോോ....... ട്ടോോോോോോോോ......


വിഷുവിനു ഒരു വല്യ പടക്കത്തിന്റെ തിരിക്കു തീ കൊളുത്തി കൈയില്‍ പിടിച്ചു പടക്കത്തിനു പകരം തീ വെക്കാന്‍ എടുത്തിരുന്ന തട്ടുവിളക്കു ദൂരേക്കു എറിഞ്ഞുകളഞ്ഞിട്ടു ആ മാറ്റം അറിയാത്ത ഞാന്‍ പടക്കത്തിന്റെ ഒച്ചയും കാത്തു ജേതാവിനെപ്പോലെ നിന്നു.