Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 30, 2006

പൊഴിയുന്ന ഇലകള്‍

രാഘവന്‍ മാഷ്‌ ഒരിക്കല്‍ക്കൂടെ തിരിഞ്ഞുനോക്കി.
തിരിഞ്ഞുനോക്കിപ്പോയി എന്നതാണ് വാസ്തവം. സുവര്‍ണകാലഘട്ടത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം.
പുതിയ ചായമടിച്ച കോളേജ്‌ കെട്ടിടം, മഴക്കാലത്തും പ്രൌഢിയോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. പണ്ടൊരു മുപ്പത്തിരണ്ട് വര്‍ഷം ഇതിന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞുചേര്‍ന്നിരുന്നു. ഇതിന്റെ ഓരോ ചലനത്തിലും കൂടെ ചലിച്ചിരുന്നു. നീണ്ട ഇടനാഴികളിലും, വലിയ വലിയ മുറികളിലും, ജീവിതത്തിന്റെ ഒരു ഘട്ടം, പ്രത്യേകിച്ച്‌ മാറ്റമൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
ഒരുപാടുപേരുടെ സ്വപ്നങ്ങളിലും, സന്തോഷങ്ങളിലും നീരസങ്ങളിലും, ആവലാതികളിലും, നിരാശകളിലും ഭാഗഭാക്കായി ലക്ഷ്യമിനിയും കണ്ടെത്താനുള്ള യാത്രയിലായിരുന്നു.
മനസ്സ്‌ ഓര്‍മ്മയുടെ വഴികളിലൂടെ പിറകോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.

********************************

അദ്ധ്യാപകനായി തുടക്കം കുറിച്ച ദിവസം, മഴ ഒരുപാട്‌ സന്തോഷത്തില്‍ പൊട്ടിച്ചിരിച്ച്‌ ചിതറി വീണ ദിനമായിരുന്നു. നനഞ്ഞൊലിച്ച്‌, കോളേജില്‍‍ എത്തിയപ്പോള്‍ മഴയുടെ കുളിരിനേക്കാള്‍ പരിഭ്രമത്തിന്റെ ചൂടായിരുന്നു മനസ്സില്‍ നിറഞ്ഞ്‌ നിന്നത്‌. വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കാളും കോളേജ് പരിസരത്ത് നിറഞ്ഞ് നിന്നിരുന്നു. പലരും രക്ഷിതാക്കളുടെ നിഴലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിച്ച് നിന്നു.
ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പിറകെ വിട്ടുപോന്ന വിദ്യാര്‍ത്ഥിമനസ്സ്‌ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്‌ തന്നെ ഒരു പരുങ്ങല്‍. എല്ലാവരേയും, പരിചയപ്പെട്ട്‌, പൊതുവായ കാര്യങ്ങളൊക്കെ മിണ്ടിത്തുടങ്ങിയപ്പോള്‍ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റേയും ജ്വാല പതുക്കെപ്പതുക്കെ അണഞ്ഞുകൊണ്ടിരുന്നു.
"മാഷ്‌ പാടത്തെ ജോലിയും കഴിഞ്ഞാണോ ഇങ്ങോട്ട്‌ പുറപ്പെട്ടത്‌ ?" എന്ന് ഒരാള്‍, തന്റെ നനഞ്ഞും മണ്ണുപിടിച്ചും ഉള്ള വേഷം കണ്ടിട്ട്‌ ചോദിച്ചപ്പോള്‍ എല്ലാവരും ആസ്വദിച്ച്‌ ചിരിച്ചു.
അങ്ങനെയങ്ങനെ ദിവസം പോകുംതോറും അവരിലൊരാളായി മാറുകയായിരുന്നു. പുതുമഴപോലെ തന്നെ പുതുമുഖങ്ങള്‍ വന്നെത്തിക്കൊണ്ടിരുന്നു. അവരുടെ ചലനങ്ങളിലും, പെരുമാറ്റത്തിലും, കാലത്തിന്റേതായ മാറ്റങ്ങള്‍ പലതരം വര്‍ണങ്ങള്‍ നിറച്ച്‌ കൊണ്ടിരുന്നു. ക്ഷമ കൈവിടാതെ ഓരോ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബഹുമാനത്തിന്റെ ഉന്നതങ്ങളില്‍ നിന്നിരുന്ന അദ്ധ്യാപക - വിദ്യാര്‍ത്ഥി ബന്ധം സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും തലങ്ങളിലേക്ക്‌ എത്തിയത്‌ പുതിയൊരു മാറ്റം തന്നെ ആയി. വിദ്യാര്‍ത്ഥികളുടെ പരാതിയും പരിഭവവും നീരസവും ഒക്കെ പരിഹരിക്കുമ്പോള്‍ ജീവിതം പോയ വഴികളില്‍ ഒരിക്കലും നിരാശയുടെ കനല്‍ വീണിരുന്നില്ല. സമരക്കാരോട്‌ അനുരഞ്ജനത്തിനു പോയതിന്റെ സമ്മാനം കിട്ടിയ, നെറ്റിയുടെ വലത്‌ വശത്തെ പാടില്‍ മാഷ്‌ ഒന്ന് തടവി പുഞ്ചിരിച്ചു. താന്‍, മറുത്തൊരു പ്രശ്നവും ഉണ്ടാക്കിയില്ല. ഇന്നാണെങ്കിലോ.
**********************************
വെറുതേ വന്നതായിരുന്നു. അദ്ധ്യാപകന്റെ വേഷത്തിലല്ല. മുത്തച്ഛന്റെ വേഷത്തില്‍.
"മുത്തശ്ശാ, എന്റെ കൂടെ സ്കൂളില്‍ പഠിച്ചവരാ ഉള്ളത്‌, ഇപ്പോഴും കൂടെ, മുത്തശ്ശന്‍ വെറുതേ വരണ്ട." മോളു പറഞ്ഞിരുന്നു. എന്നാലും എന്തോ ഒരു പരിഭ്രമം. വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ആയ കാലം കടന്ന് വന്ന പരിചയസമ്പന്നമായ മനസ്സ്‌ നിര്‍ബന്ധിച്ചു. പക്ഷെ വന്നപ്പോഴേ മനസ്സിലായി. പുതുതലമുറ ആത്മവിശ്വാസത്തോടെ ഒറ്റയ്ക്കാണു നടന്നെത്തുന്നത്‌. ആരുടേയും പിന്നിലൊരു നിഴല്‍ ഇല്ല.
"ആരും വന്നിട്ടില്ല, ആരുടേം കൂടെ. കണ്ടില്ലേ. മുത്തശ്ശന്റെ ഒരു പേടി. ഞാനെന്താ ഒന്നാം ക്ലാസില്‍ ചേരാന്‍ വന്നതാണോ?"കുസൃതി നിറഞ്ഞ സ്വരത്തില്‍ പേരക്കുട്ടി പറഞ്ഞു.
അവളുടെ കൂട്ടുകാരുടെ അടുത്ത്‌ നിന്ന് അവരിലൊരാള്‍ ആയി മാറിയപ്പോള്‍ ഒറ്റപ്പെട്ട നിഴല്‍ ദൂരെ നിന്നു. അദ്ധ്യാപകരുടെ പെരുമാറ്റത്തിലും ആകെ ഒരു ഉണര്‍വ്‌. പലരും തന്റെ ശിഷ്യന്മാര്‍. കുശലം ചോദിച്ച്‌ കടന്നുപോയി. ജീവിതവും ജോലിയും ഒരുമിച്ചാസ്വദിക്കുന്നതിന്റെ ഒരു ഭാവം. ചുമതലകളുടെ ഭാരമൊന്നും ആരുടേയും മുഖത്ത്‌ കണ്ടില്ല.
ക്ലാസ്‌ തുടങ്ങാന്‍ ആയപ്പോള്‍ മോള്‍ വന്ന് പറഞ്ഞു. "മുത്തശ്ശന്‍ ഇനി പൊയ്ക്കോളൂ. മഴയത്തെ തണുപ്പില്‍ നില്‍ക്കേണ്ട".
മഴ കനത്തു പെയ്തുകൊണ്ടിരുന്നു. പറന്നുപോകാന്‍ ശഠിക്കുന്ന കുട പിടിച്ച്‌ വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുതായി ചേര്‍ന്ന അദ്ധ്യാപകന്‍ വെള്ളം തെറിപ്പിച്ചു കൊണ്ട്‌ പുത്തന്‍ കാറില്‍, രാഘവന്‍ മാഷിനെ കടന്നുപോയി.
മാഷ്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ പതുക്കെ നടന്നു. തലമുറകളിലെ വിടവിനെപ്പറ്റി ചിന്തിച്ചുകൊണ്ട്.
റോഡരികിലെ വയസ്സന്‍ മരത്തില്‍ നിന്ന് ഒരു പഴുത്തില കൂടെ പൊഴിഞ്ഞുവീണു.

Monday, August 28, 2006

പൂ...തുമ്പപ്പൂ...

തുമ്പച്ചെടി വളരെ സന്തോഷത്തിലായിരുന്നു. നാളെ അത്തം ആണ്. ഓണപ്പൂക്കളം ഒരോ വീട്ടുമുറ്റത്തും വിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങുന്ന ദിവസം. തനിക്കുള്ള സ്ഥാനം ഒന്നാമതാണ്. തുമ്പപ്പൂ ഇല്ലാതെ ഓണം ഇല്ല.

ഓരോ കുട്ടികളും മത്സരിച്ച് വരും, പൂ പറിയ്ക്കാന്‍. പിറ്റേ ദിവസവും വേണ്ടത് കൊണ്ട് മെല്ലെ മെല്ലെ തന്നെ വേദനിപ്പിക്കാതെ, പൂ നശിപ്പിക്കാതെ നുള്ളിയെടുക്കും, കുട്ടികള്‍. പിറ്റേ ദിവസം വന്നിട്ട് പറയുന്നതും കേള്‍ക്കാം ‘ഇന്നലെ ഞങ്ങള്‍ക്ക് ഒരുപാട് തുമ്പപ്പൂ കിട്ടിയിരുന്നു’, ഇന്നലെ തുമ്പപ്പൂ നിറഞ്ഞു നിന്നിരുന്നു പൂക്കളത്തില്‍’ എന്നൊക്കെ. വേറെ എന്തൊക്കെ പൂവുണ്ടായാലും തുമ്പപ്പൂ ഇല്ലെങ്കില്‍ പൂക്കളം ഒരു ഭംഗീം ഉണ്ടാവില്ല.

തുമ്പച്ചെടി കാറ്റ് വന്നപ്പോള്‍ ചാഞ്ചാടി. ഇനി പത്ത് ദിവസം ഉത്സവം തന്നെ.

ആരോ വരുന്നുണ്ടല്ലോ.

‘ഇവിടെ നിറച്ചും ചെടിയും പുല്ലും നിറഞ്ഞിട്ടുണ്ടല്ലോ’‍ യെന്നല്ലേ പറയുന്നത്?

തുമ്പച്ചെടിയെ വെറും ചെടികളുടെ കൂട്ടത്തില്‍ കൂട്ടിയോ?

ഒരു കൊച്ചുകുട്ടി വന്ന് തലോടിയല്ലോ.

‘മോനേ, ആ വൃത്തികെട്ട ചെടികള്‍ ഒന്നും തൊടേണ്ട. പുഴുവൊക്കെ ഉണ്ടാകും’.

അയ്യേ, തുമ്പച്ചെടിയെ തിരിച്ചറിയാത്ത ജനങ്ങളോ. ചെടിയ്ക്ക് നല്ല സങ്കടം വന്നു. ഒപ്പം ദേഷ്യവും.

“ഇതൊക്കെ വൃത്തിയാക്കിയിട്ടുവേണം നമ്മുടെ വീടിന്റെ ജോലി തുടങ്ങാന്‍” വേറെ ആരോ പറയുന്നു.

“നാളെത്തന്നെ തുടങ്ങാം എന്നാല്‍.”

“നിന്നോടല്ലേ പറഞ്ഞത് അതൊന്നും തൊടരുതെന്ന് ”

‘അയ്യോ ആരോ തന്നെ മണ്ണില്‍ നിന്ന് പിഴുതെടുത്തുവല്ലോ.’

വലിച്ചെറിഞ്ഞപ്പോള്‍ വീണത് വെള്ളം നിറഞ്ഞ ഏതോ സ്ഥലത്തും.


അവിടെ നനഞ്ഞിരുന്ന്, ജീവന്‍ പോകാനായി കിടക്കുമ്പോള്‍ പഴയ ഓണക്കാലം ഓര്‍ത്ത്‍ തുമ്പച്ചെടിയ്ക്ക് നിസ്സഹായത തോന്നി. അപ്പോഴും അല്പമെങ്കിലും സന്തോഷം വന്നത് “പൂവേ, പൊലി, പൂവേ പൊലി, പൂവേ പൊലി പൂവേ...” എന്ന പാട്ട് ഓര്‍മ്മ വന്നപ്പോഴായിരുന്നു..

തുമ്പച്ചെടികള്‍ നിറഞ്ഞ തൊടിയും, തുമ്പപ്പൂ നിറഞ്ഞ പൂക്കളങ്ങളും, സ്വപ്നം കണ്ട്, പഴയ ഓണക്കാലത്തിന്റെ തിരിച്ചുവരവിനു കാതോര്‍ത്ത്, മാവേലി നാടിന്റെ പുതിയൊരു ഉദയത്തിനായി പ്രാര്‍ത്ഥിച്ച്, തുമ്പച്ചെടി കണ്ണടച്ചു.

Thursday, August 24, 2006

ഒരുമ

ശ്രീധരനും സോമനും നല്ല കൂട്ടുകാരായിരുന്നു.

രണ്ടുപേരും താമസിക്കുന്നത് ഒരുമിച്ച്.

ജോലിക്ക് പോകുന്നത് ഒരുമിച്ച്.

ലോട്ടറി ടിക്കറ്റ്‌ എടുത്തത് ഒരുമിച്ച്‌.

ടിക്കറ്റിനു ഒന്നാം സമ്മാനം കിട്ടിയത്‌ അറിഞ്ഞത് ഒരുമിച്ച്‌.

നാട്ടിലെ മുന്തിയ ബാറില്‍ കയറിയത് ഒരുമിച്ച്‌.

ഒടുവില്‍, ശ്രീധരന്‍ പരേതനും, സോമന്‍ കൊലപാതകിയും ആയതും
ഒരുമിച്ച്.

Tuesday, August 22, 2006

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ...

അഖിലിനു ചെറിയ പനിയുണ്ട്‌. രാജമ്മ അവന്റെ അടുത്തിരുന്ന് ഉറക്കാന്‍ ശ്രമിച്ചു. മിനിയാന്നത്തെ പാര്‍ട്ടിയ്ക്ക്‌ പോയതാവും കുഴപ്പമായത്‌. ഒക്കെ കഴിച്ചിട്ടുണ്ടാവും. കോളയും, ഐസ്ക്രീമും, വറുത്തെടുത്ത പലഹാരങ്ങളും ഒക്കെ. തിരക്കില്‍ ആരു ശ്രദ്ധിക്കാന്‍?

പ്രിയയും പൂജയും കളിപ്പാട്ടങ്ങളൊക്കെ എടുത്ത്‌ വീടും വീട്ടിലെ ആള്‍ക്കാരേയും ഒക്കെ നിരത്തുകയാണ്‌‍. കുഞ്ഞുസ്റ്റൌവിന്റെ വക്ക്‌ പൊട്ടിയിട്ടുണ്ട്‌. അതിനി കുട്ടികള്‍ കാണാത്തിടത്ത്‌ വയ്ക്കണം. മുറിവ്‌ പറ്റിയാല്‍ കുഴപ്പമാണ്.

അഖില്‍ ചുമച്ചപ്പോള്‍ പരിഭ്രമത്തോടെ രണ്ടാളും തിരിഞ്ഞു നോക്കി. തന്റെ മുഖത്തേക്ക്‌ പാളി നോക്കി. പുഞ്ചിരിച്ചു കാട്ടിയതുകൊണ്ടാകണം വീണ്ടും തങ്ങളുടെ ലോകത്തേക്ക്‌ തിരിഞ്ഞു.

കാര്‍ത്തിക്‌ വണ്ടിയുടെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ഓടിവന്നു. ഇന്നും മുറ്റത്തെ തെച്ചിയിലാണ്‌‍ അവന്റെ സാഹസികത കാട്ടിയത്‌. ഒരു കുല പൂ പൊട്ടിച്ചുകൊണ്ടുവന്നിട്ടുണ്ട്‌. അതൊക്കെ പിച്ചിപ്പറിച്ച്‌ പൂജയുടേയും പ്രിയയുടേയും തലയില്‍ ഇട്ടു, പൊട്ടിച്ചിരിക്കുകയാണ്‌‍. രണ്ടാളും തലയില്‍ നിന്ന് മുഴുവന്‍ തട്ടിക്കളഞ്ഞു. പരിഭവിക്കുന്നുമുണ്ട്‌.

ഇന്നലെ ഒരു മുട്ടന്‍ വഴക്ക്‌ കഴിഞ്ഞേയുള്ളൂ. ഇനി വഴക്കിട്ടാല്‍ ടീച്ചറമ്മയെ വിളിച്ച്‌ പരാതി പറയും എന്ന് പറഞ്ഞിട്ടുണ്ട്‌.

അഖിലിന് ഇന്ന് പൊടിയരിക്കഞ്ഞി കൊടുക്കാം. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ പൂജ പരുങ്ങലോടെ വന്നു.

"എന്താ ചെയ്യുന്നേ?"

"അഖിലിനു കുറച്ച്‌ കഞ്ഞിയുണ്ടാക്കുകയാണല്ലോ.അവനു പനിയല്ലേ."

"കാണട്ടെ."

എടുത്ത്‌ സ്റ്റൌവിനു മുകളിലെ പാത്രം കാട്ടി.

"ഉം നിയ്ക്കും ഇത്‌ മതി."

കണക്കായി. ഇനി എല്ലാവര്‍ക്കും ഇതാവും വേണ്ടത്‌. സാരമില്ല. ഒരു മാറ്റം ആവട്ടെ. കഞ്ഞിയും ചുട്ട പപ്പടവും ഉഷാറോടെ കഴിച്ചു. അഖില്‍ വെറുതേ കിടന്നതേയുള്ളൂ. മറ്റു മൂന്നുപേരും ഉറങ്ങി. ബാക്കിയുണ്ടായിരുന്ന കഞ്ഞി കുടിച്ച്‌, അത്യാവശ്യം ജോലി തീര്‍ത്ത് അഖിലിന്റെ അടുത്ത്‌ ഇരുന്നു. വൈകുന്നേരം എണീറ്റ്‌ ബിസ്ക്കറ്റും പാലും കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ വീണ്ടും മേളം തുടങ്ങി. അഖിലിനും അല്‍പം ഉണര്‍വ്‌ വന്നതുപോലെ.

****************************************

വൈകുന്നേരം ഷീലയും ജെസ്സിയുമാണു ആദ്യം വന്നത്‌. ഒരേസ്ഥാപനത്തില്‍ ആണ്‌ അവര്‍. കൂട്ടുകാരികളും.

‘അഖിലിനു പനിയുണ്ടല്ലോ’ന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഷീല പറഞ്ഞു.

"ഐസ്ക്രീം കഴിക്കരുത്‌ എന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കിടയില്‍ വേറേ ആരോ എടുത്ത്‌ കൊടുത്തതാ."

"അതാ ഞാന്‍ പ്രിയയെ കൂടെക്കൂട്ടുക പോലും ചെയ്യാതിരുന്നത്‌, " ജെസ്സി പറഞ്ഞു. പ്രിയ കാറിനടുത്ത്‌ എത്തി നില്‍പ്പുറപ്പിച്ചിരുന്നു. അഖിലിനെ എടുത്ത്‌ ഷീലയും പോയി. ജെസ്സി അവരുടെ രണ്ടുപേരുടേയും ചെറിയ ബാഗും എടുത്തു.

"ഇന്ന് പാത്രം തുറന്നില്ല. എല്ലാവരും അഖിലിന്റെ കൂടെ കഞ്ഞി കുടിച്ചു."

"ഈ കുട്ടികളുടെ ഒരു കാര്യം." ജെസ്സി അല്‍പം നീരസം കാട്ടി.

പൂജയെ വിളിക്കാന്‍ ഡ്രൈവര്‍ ആണ് വന്നത്‌.

"പൂജ കഞ്ഞി കുടിച്ചു, ഉച്ചയ്ക്ക്‌ എന്ന് പറയണം കേട്ടോ." പൂജ തലയാട്ടി. ഒരു ഉമ്മയും തന്നു. ഡ്രൈവറോടും കാര്യം പറഞ്ഞു. ജെസ്സിയുടെ നീരസം കണ്ടതുകൊണ്ട്‌ ഒരു പരിഭ്രമം.

കാര്‍ത്തിക്കിന്റെ അച്ഛന്‍ വന്നത്‌ കുറേ വൈകിയിട്ടാണ്. മറ്റുള്ളവര്‍ പോയതിന്റെ ബോറടി മാറ്റാന്‍ ടി.വി. വെച്ചു കൊടുത്തു. സന്തോഷത്തോടെ അതിനുമുമ്പിലിരുന്നു. കാര്‍ത്തിക്കിന്റെ അച്ഛനോട്‌ കുശലം പറഞ്ഞു. അവരും പോയപ്പോള്‍ കളിപ്പാട്ടങ്ങളൊക്കെ അടുക്കിപ്പെറുക്കി വെച്ചു.

ടി.വി. ചാനല്‍ മാറ്റി വെച്ചു.

"എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..."

പാട്ട്‌ കേട്ട്‌ രാജമ്മ പുഞ്ചിരിച്ചു. പിന്നെ ജോലികളിലേക്ക്.

Sunday, August 20, 2006

വിശ്വസ്തന്‍

ശേഖരന്റെ കണ്ണില്‍ നിറയെ വര്‍ണങ്ങളായിരുന്നു.

മനസ്സില്‍, നിരാശയുടെ, ദൈന്യതയുടെ, കറുപ്പും.

കട തുറന്ന് വൃത്തിയാക്കി, അലമാരകളിലെ പൊടി തട്ടുമ്പോള്‍ ചുറ്റും നിറഞ്ഞുനില്‍ക്കുന്ന വസ്ത്രങ്ങളിലെ വര്‍ണം മനസ്സിലേക്ക്‌ കൊണ്ടുവരാന്‍ അയാള്‍ ആശിച്ചു. എവിടെയോ ഒരു തടസ്സം. ദാരിദ്ര്യത്തിന്റെ ആവാം.

ഇന്ന് മുതലാളിയുടെ പുതിയ കടയുടെ ഉത്ഘാടനമാണ്‌‍. പഴയ കടയുടെ അതേ കോമ്പ്ലക്സില്‍ത്തന്നെ. എന്നാലും പഴയ കടയും പതിവ്‌പോലെ തുറന്നു. തുറക്കാനും, അടയ്ക്കാനും, വൃത്തിയാക്കാനും ഒക്കെ ചുമതല കുറേ വര്‍ഷങ്ങളായിട്ട്‌ ശേഖരനെ ഏല്‍പ്പിച്ചിരിക്കുകയാണ്‌‍ മുതലാളി.

വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച വേതനത്തോടൊപ്പം തന്നെ വയസ്സും, പ്രാരാബ്‌ധവും വര്‍ദ്ധിച്ചു എന്നത്‌ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒന്നിലും ഒതുങ്ങാത്ത ചെലവുകള്‍ക്കിടയില്‍പ്പെട്ട്‌ എങ്ങനെയോ ജീവിതം മുന്നോട്ട്‌ പോകുന്നു. പേപ്പറില്‍ കടക്കെണിയിലും, ദാരിദ്ര്യത്തിലും പെട്ട്‌ ആത്മഹത്യ ചെയ്യുന്ന ആള്‍ക്കാരുടെ ചിത്രവും വിവരണവും കാണുമ്പോള്‍ ശേഖരന്റെ മുഖത്തെ നിസ്സഹായതയുടെ ചുളിവ്‌ ഒന്നുകൂടെ വര്‍ദ്ധിക്കും. നന്നായി പഠിക്കുന്ന മക്കള്‍. അതൊന്നു മാത്രമാണ്‌‍ തന്റെ വല്യ സമ്പാദ്യം എന്ന് ശേഖരന്‍ എല്ലാവരോടും അഭിമാനത്തോടെ തന്നെ പറയും.

"ശേഖരേട്ടന്‍ പുതിയ കടയിലേക്കില്ലേ?" കടയില്‍ ജോലിയുള്ള പെണ്‍കുട്ടികളില്‍ ആരോ ആണ്‌‍.

"കുറച്ച്‌ കഴിഞ്ഞ്‌ വരാം. ഇവിടെ തുറന്നിട്ട്‌ പോകാന്‍ പറ്റില്ലല്ലോ."

"ഞങ്ങളൊക്കെ പോവ്വാണ്‌‍. മന്ത്രി ഉത്ഘാടനത്തിനു വരാന്‍ സമയം ആയിട്ടുണ്ടാവും."

ശേഖരന്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മകള്‍, രാവിലെ വിഷമത്തോടെ പറഞ്ഞത്‌ മാത്രമേ ഓര്‍മ്മയുള്ളൂ.

"അച്ഛന്‍ ഒരു ദിവസത്തേക്കെങ്കിലും എനിക്കൊരു സാരി കൊണ്ടുവരണം. അടുത്ത വ്യാഴാഴ്ച എല്ലാവരും കോളേജില്‍ സാരി ഉടുത്തുചെല്ലേണ്ട ദിവസമാണ്‌‍. അമ്മയുടെ സാരി ഒന്നും കൊള്ളില്ല. അച്ഛന്‍ സാരീഷോറൂമില്‍ ജോലി ചെയ്യുമ്പോള്‍ ഞാനെങ്ങിനെയാ കൂട്ടുകാരികളോട്‌ ചോദിക്കുന്നത്‌?"

‘ഒരു ദിവസം പോയില്ലെങ്കില്‍ ഒന്നുമില്ല’ എന്നാണ് അയാള്‍ക്ക്‌ പറയാന്‍ തോന്നിയത്‌. പക്ഷെ അവള്‍ പറഞ്ഞതിലും കാര്യമുണ്ട്‌. എത്രയോ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു അവിടെ. പുതിയ കടയുടെ ഉത്ഘാടനത്തിനു എല്ലാവര്‍ക്കും ഡ്രസ്സ്‌ തരുമെന്നും, തനിക്കുള്ള ഡ്രസ്സിനു പകരം ഒരു സാരി എടുത്തുകൊള്ളാമെന്നും പറയാമെന്ന് കരുതിയതാണ്. പക്ഷെ ഒന്നും ഉണ്ടായില്ല. ഓണത്തിനോ മറ്റോ ബോണസ്‌ തരുമെന്ന് പറഞ്ഞെന്നറിഞ്ഞു.

ആരോ വന്നതും ഓര്‍മ്മയില്‍ നിന്നുണര്‍ന്നു. അവര്‍ക്ക്‌ വേണ്ടതൊക്കെ എടുത്തുകൊടുത്ത്‌ ബില്ലും കൊടുത്ത്‌ പറഞ്ഞയച്ചു. ആരുമില്ലെങ്കില്‍ ഒക്കെ തന്റെ ചുമതലയാണ്‌‍. എല്ലാവരും ഊണിനു പോകുന്ന സമയവും, മുതലാളി ഇല്ലാത്ത ദിവസവും, മുതലാളി വിശ്വസിച്ച്‌ ഏല്‍പ്പിച്ചിരിക്കുന്ന ജോലികള്‍.

കാണിക്കാന്‍ വാരിയിട്ട വസ്ത്രങ്ങള്‍ മടക്കിയെടുക്കുമ്പോഴാണ്‌‍ ഒരു മിന്നല്‍ പോലെ വീണ്ടും മകളുടെ ചിന്ത വന്നത്‌. ഒരു സാരി കൈയിലെടുത്തപ്പോള്‍ അവള്‍ക്ക്‌ ഇത്‌ കൊണ്ടുക്കൊടുത്താലോന്നു അയാള്‍ക്ക്‌ തോന്നി. പിറ്റേ ദിവസം തിരികെ‌ വെക്കുകയും ചെയ്യാം. അച്ഛന്റെ വാത്സല്യവും ജോലിക്കാരന്റെ വിശ്വസ്തതയും തമ്മില്‍ ഒരു വടം വലി നടന്നു. അവസാനം വാത്സല്യം ജയിച്ചു. ആ സാരിയെടുത്ത്‌ അയാള്‍ ഷര്‍ട്ടിനുള്ളില്‍ മടക്കി ഒളിപ്പിച്ചു.

അടുത്ത നിമിഷം തന്നെ അയാളെ വിളിക്കാന്‍ കൂടെ ജോലി ചെയ്യുന്നൊരാള്‍ വന്നു.

"മന്ത്രി വന്നു ശേഖരേട്ടാ. ഷട്ടര്‍ ഇട്ടിട്ട്‌ അങ്ങോട്ട്‌ വരാന്‍ മുതലാളി പറഞ്ഞു."

മനസ്സിലെ പരിഭ്രമം മറച്ച്‌ അയാള്‍ വേഗം കടയുടെ ഷട്ടര്‍ ഇട്ട്‌ ചെന്നു. മന്ത്രി ഉത്ഘാടനത്തിനു ശേഷം കടയൊക്കെ നോക്കി കാണുകയാണ്‌‍. കൂടെ ഒന്നോ രണ്ടോ പേരുണ്ട്‌. മുകളിലെ നിലയില്‍ എത്തിയിട്ടുണ്ട്‌. നാട്ടുകാര്‍ മുഴുവന്‍ അക്ഷമരായി കടയ്ക്ക്‌ പുറത്ത്‌ നില്‍പ്പുണ്ട്‌.

"മുതലാളിയുടെ അടുത്തേക്ക്‌ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌."

മുകളിലേക്കുള്ള ഓരോ പടി കയറുന്നതിനനുസരിച്ച്‌ അയാളുടെ വേവലാതിയും ഏറി വന്നു. മുതലാളിയുടെ മുന്നില്‍ ചെന്നപ്പോള്‍ അയാളുടെ തല ഉയര്‍ന്നതേയില്ല.

"ഇതാണു ഞാന്‍ പറഞ്ഞിരുന്ന ശേഖരേട്ടന്‍." മുതലാളി മന്ത്രിയോട്‌ പറയുന്നു. ചുറ്റുമുള്ള വര്‍ണങ്ങളില്‍ അയാള്‍ക്ക്‌ കറുപ്പ്‌ മാത്രമേ ദര്‍ശിക്കാനായുള്ളൂ. സ്വരങ്ങള്‍ എവിടെ‌ നിന്നോ വന്ന് എവിടേക്കോ പോകുമ്പോള്‍ അയാളുടെ കര്‍ണങ്ങളില്‍ അല്‍പം വിശ്രമിച്ചത്‌ പോലെ. വേറൊന്നും അയാള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ചെയ്ത തെറ്റ്‌ മനസ്സിലിരുന്ന് പരിഹസിക്കുന്നതുപോലെ.

മുതലാളിയുടെ കൈയില്‍ ആരോ ഒരു വലിയ പൊതി കൊടുത്തത്‌ നിഴല്‍ പോലെ കാണുന്നുണ്ടായിരുന്നു. മുതലാളി മന്ത്രിയുടെ കൈയില്‍ കൊടുത്തു. മന്ത്രി പുഞ്ചിരിയോടെ ശേഖരന്റെ നേരെ നീട്ടി. ശിക്ഷിക്കാന്‍ ആരോ തുനിയുന്നതുപോലെയാണ് അയാള്‍ക്ക്‌ തോന്നിയത്‌.

"വാങ്ങിക്കോ ശേഖരേട്ടാ, നിങ്ങള്‍ക്കുള്ളതാണ്. ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു ചെറിയ പങ്ക്‌." മുതലാളിയും വളരെ സന്തോഷത്തിലാണ്‌‍.

കൈനീട്ടി, പൊതി വാങ്ങി. അതു തന്ന്, അവര്‍ വീണ്ടും മുന്നോട്ട്‌ നീങ്ങിയപ്പോള്‍ ശേഖരന്‍ തിരിഞ്ഞു നടന്നു. പടികളിറങ്ങി നടന്നപ്പോഴും കൈയിലിരിക്കുന്ന പൊതിയുടെ ഭാരത്തേക്കാള്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച സാരിയുടെ ഭാരമാണ്‌‍ അയാള്‍ക്ക്‌ അനുഭവപ്പെട്ടത്‌. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് കടയുടെ ഷട്ടര്‍ ഉയര്‍ത്തി കടയിലെ ഒരു ഭാഗത്തെത്തി പൊതിക്കെട്ട്‌ ആകാംക്ഷയോടെ തുറന്നപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടി. തനിക്കും കുടുംബത്തിനും വസ്ത്രങ്ങള്‍.

ഷര്‍ട്ടിനുള്ളില്‍ നിന്ന് സാരി വലിച്ചെടുത്ത്‌ ചുളിവ്‌ മാറ്റി മടക്കി അലമാരയില്‍ വെച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ലജ്ജയുടെ കറുപ്പും സന്തോഷത്തിന്റെ ഒരുപാട്‌ വര്‍ണങ്ങളും ഒരുപോലെ നിറഞ്ഞു നിന്നിരുന്നു.

Friday, August 18, 2006

കൊച്ചുസ്വപ്നം

ഉമേഷ്‌ജി ഡെസ്കില്‍ ചമ്രം പടിഞ്ഞിരുന്നു ചിപ്സ്‌ തിന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ. ബിന്ദു ജനലിന്റെ വിശാലമായ പടിയിലിരുന്ന് കടലപ്പാക്കിന്റെ പായ്ക്കറ്റ്‌ പൊട്ടിക്കുകയാണ്. ഞാന്‍ പിന്നിലെ ബെഞ്ചില്‍ ആയിരുന്നു. മുന്നില്‍ ഒരു പയ്യന്‍ വന്നിരുന്നു. ‘എനിക്കു കാണുന്നില്ല, ഇവിടെ ഇരുന്നാല്‍ ഞാന്‍ ടീച്ചറെ എങ്ങനെ കാണും’ എന്ന് പരാതി പറഞ്ഞപ്പോള്‍ വിശ്വം, ആ പയ്യനോട്‌ മുന്നില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. എന്നിട്ടെന്നെ വഴക്കും പറഞ്ഞു. "ആ പാവം പുതിയതല്ലേ, അറിയാഞ്ഞിട്ടല്ലേന്നൊക്കെ." പിന്നെ ഞാന്‍ അനിലേട്ടനെപ്പറ്റി ആവുന്നത്ര പരാതി വിശ്വത്തിനു പറഞ്ഞു കേള്‍പ്പിച്ചു. അനിലേട്ടന്റെ സൈഡ്‌ പറയാന്‍ തുടങ്ങി വിശ്വം.

ഉമേഷ്‌ജിയാണെങ്കില്‍ ടീച്ചര്‍ വന്നാല്‍ ആദ്യത്തെ ചോദ്യം എത്ര കിലോ ചിപ്സ്‌ തിന്നു എന്നാണെന്നുള്ള മട്ടില്‍ സിറിഞ്ചിനു രക്തം കിട്ടിയ മട്ടില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്‌‍. ‘എന്റെ ബാഗിലും കാണും ചിപ്സ് ’ എന്നൊക്കെ ഇടയ്ക്ക്‌ മൊഴിയുന്നുണ്ട്‌. ബിന്ദു കാല്‍ ആട്ടിയിരിക്കുന്നു. പായ്ക്കറ്റ്‌ കടിച്ച്‌ പറിച്ച്‌ ഒടുവില്‍ തുറന്നു. ഈ"കടലപ്പാക്ക്‌ അപ്പടി വെള്ളമാണല്ലോ സു" എന്നും പറഞ്ഞ്‌ കാണിച്ചു. ഞാന്‍ ‘ഫ്രിഡ്ജില്‍ നിന്ന് എടുത്തതാണ്,അതുകൊണ്ടാവും’ എന്ന് പറഞ്ഞു. 6 പീസ്‌ എടുത്ത്‌ സ്വന്തമാക്കിയിട്ട്‌ ബാക്കി എന്റെ കൈയില്‍ തന്നു. ഞാന്‍ ആദ്യം പുതിയ പയ്യനു കൊടുത്തു. ഉമേഷ്‌ജി തിന്നുന്നതിന്റെ ശബ്ദം കേട്ട്‌ അസ്വസ്ഥന്‍ ആയിട്ട്‌ ഇരിക്കുകയായിരുന്നു. കൊടുത്തപ്പോള്‍ വേഗം വാങ്ങി. ടീച്ചര്‍ വന്ന് എന്തോ പറഞ്ഞിട്ട്‌ പോയി. സ്വപ്നം മുറിഞ്ഞു.

ഷാരൂഖ്‌ഖാന്റെ കൈയും പിടിച്ച്‌ ഫിലിം ഫെസ്റ്റിവലിനു പോകുന്നതുകണ്ടതിനു ശേഷമുള്ള നല്ല സ്വപ്നം. വേനല്‍മഴപോലെ. എന്റെ മനസ്സ്‌ തണുത്തു.

Wednesday, August 16, 2006

സ്വാതന്ത്ര്യം

ഇന്ദിരാഗാന്ധി, സാരി മുട്ടോളം കയറ്റി വെച്ച് രണ്ട് കൈകൊണ്ടും പിടിച്ച് നിന്നു.

പോലീസ്‌കാരന്റെ വടി കൊണ്ടപ്പോള്‍ ബാലഗംഗാധരതിലകന്റെ തൊപ്പി ചെരിഞ്ഞ് പോയി.

മഹാത്മാഗാന്ധി, തോര്‍ത്തുമുണ്ടില്‍ മാത്രം ആയതിനാല്‍ ആരെയും നോക്കാതെ ഇത്തിരി നാണത്തില്‍ നിന്നു. മൊട്ടത്തല ഒന്ന് തടവുകയും ചെയ്തു.

മദര്‍ തെരേസ, ബ്ലൌസ് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്തു.

തങ്ങളുടെ ഇടയില്‍ സാക്ഷാല്‍ പരമശിവനെക്കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. പാമ്പ് ഒറിജിനല്‍ ആണോന്നുള്ള ശങ്കയില്‍ അല്പം അകലം പാലിക്കുകയും ചെയ്തു.

ഭഗത്‌സിംഗ്, മീശ ഒന്നുകൂടെ അമര്‍ത്തിഒട്ടിച്ച് അതിലൊന്നു തടവി.

വിവേകാനന്ദന്‍, ‘ഇതെല്ലാം എനിക്ക് പുല്ലാണ് ’ എന്നുള്ള മട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു.

എന്താണെന്ന് ശരിക്കറിയില്ലയെങ്കിലും കുഞ്ഞുമനസ്സുകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒരു ദിവസം
സ്വാതന്ത്ര്യം അനുഭവിച്ചു.

വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് കടക്കാന്‍.

ഹോം‌വര്‍ക്ക്, പരീക്ഷ, പഠിപ്പ്, ട്യൂഷന്‍ ...

Monday, August 14, 2006

ദിവ്യത്വം

വേണുവും സീതയും ആശ്രമകവാടത്തിലെത്തുമ്പോള്‍ പരിസരം വിജനമായിരുന്നു. അതുകൊണ്ട്‌ തന്നെ ശാന്തവും. വരാന്തയിലൂടെ നടക്കുമ്പോള്‍ ചന്ദനവും കര്‍പ്പൂരവും കലര്‍ന്ന സുഗന്ധം. ഭൂമിയില്‍ത്തന്നെ വേറൊരു ലോകമാണതെന്ന് അവര്‍ക്ക്‌ തോന്നി. റിസപ്‌ഷനിലിരിക്കുന്നയാള്‍, ഗുരുജി പൂജയില്‍ ആണെന്നും, പക്ഷെ, കാണാന്‍ അനുവദിച്ചിട്ടുള്ള സമയത്ത്‌ തന്നെ കാണാന്‍ പറ്റുമെന്നും പറഞ്ഞു.
കാത്തുനില്‍പ്പിന്റെ ഒടുവില്‍ അവരെ വിളിപ്പിച്ചു. ആശങ്ക നിറഞ്ഞ മനസ്സോടെയാണ് മനുഷ്യദൈവത്തിന്റെ മുന്നിലെത്തിയത്‌. ആ മുഖത്തെ പുഞ്ചിരികണ്ടപ്പോള്‍ത്തന്നെ മനസ്സിലെ വിഷമങ്ങളില്‍ ആരോ മറയിട്ടത്‌ പോലെ തോന്നി. അനുഗ്രഹം നേടിയശേഷം മുന്നിലിരുന്നപ്പോള്‍ പതിഞ്ഞ,എന്നാല്‍ ഗൌരവസ്വരത്തില്‍ ചോദ്യങ്ങള്‍ ‍തുടങ്ങി. അവരും പതുക്കെപ്പതുക്കെ മനസ്സ്‌ തുറന്നു.
"എന്തോ ഒരു വിഷമം ഇപ്പോള്‍ അലട്ടുന്നുണ്ടല്ലേ?" എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക്‌ പ്രത്യേകതയൊന്നും തോന്നിയില്ല. എല്ലാവരും എന്തെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരവും തേടിയാവും അവിടെ എത്തുന്നത്‌ തന്നെ. പക്ഷേ, അവരെന്തെങ്കിലും പറയുന്നതിനുമുമ്പ്‌ തന്നെ "മകന്‍ ആണ് ഇപ്പോഴത്തെ വിഷമത്തിനു കാരണം അല്ലേ" എന്ന് ചോദിച്ചപ്പോള്‍ അവര്‍ ശരിക്കും അമ്പരന്നു.
അവന്റെ ചെയ്തികളില്‍ പൊറുതിമുട്ടിയാണ്‌,‍ അവസാനശ്രമം എന്ന നിലയ്ക്ക്‌ ഗുരുജിയെക്കണ്ട്‌ ഉപദേശവും, എന്തെങ്കിലും പരിഹാരവും അന്വേഷിച്ചറിയാന്‍ വന്നത്‌. ഒരാഴ്ച തിരക്കിലാണെന്നും പറഞ്ഞ്‌ ഇന്നത്തേക്ക്‌ കാഴ്ചയ്ക്ക്‌ ദിവസം നിശ്ചയിച്ച്‌ ഉറപ്പിച്ചു. കാത്തിരുന്നെങ്കിലും എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ വേഗം കഴിയുമെന്ന് ഗുരുജിയുടെ വാക്കുകളില്‍ നിന്ന് അവര്‍ക്ക്‌ തോന്നി.
രാഷ്ട്രീയം ആണ് അവനെ പിടിച്ചുവച്ചിരിക്കുന്നത്‌. ഒരു ലഹളയില്‍പ്പെട്ട്‌ കഴിഞ്ഞമാസം അറസ്റ്റിലാവുകയും ചെയ്തു. ഗുരുജി ഒക്കെ അറിയാമെന്ന മട്ടില്‍ വെറുതെ തലയാട്ടിക്കൊണ്ടിരുന്നു. പലതും ഇങ്ങോട്ട്‌ ചോദിച്ചതിനാല്‍ കാര്യമായിട്ടൊന്നും അവര്‍ക്ക്‌ പറയേണ്ടി വന്നില്ല. ഗുരുജി ഒക്കെ അറിയുന്നു. അവര്‍ക്ക്‌ ആശ്വാസം തോന്നി. കല്ലില്‍ ഇരിക്കുന്ന ദൈവങ്ങളേക്കാള്‍ സ്വാന്ത്വനം തരാന്‍ മനുഷ്യദൈവങ്ങള്‍ക്ക്‌ കഴിയുമെന്ന് അവര്‍ക്ക്‌ മനസ്സിലായി.
ഒരുപാടു നേരം ഗുരുജിയോടൊത്ത്‌ ചെലവഴിച്ച്‌ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയതിന്റെ സന്തോഷത്തില്‍ ആശ്രമത്തിനു നല്ലൊരു തുകയും നല്‍കിയാണ് അവര്‍ തിരിച്ചുപോയത്‌. അങ്ങനെ ഒരു കുടുംബത്തിന്റേയും കൂടെ വിശ്വാസം നേടിയെടുത്ത ഗര്‍വില്‍ ആശ്രമം ഒന്നുകൂടെ തലയുയര്‍ത്തിയ മട്ടില്‍ നിന്നു.
******************************
സന്ധ്യയും സേതുവും ആശ്രമത്തിലെത്തുമ്പോള്‍ പലരും പല ജോലികളിലും ഏര്‍പ്പെട്ട്‌ അവിടം സജീവമായിരുന്നു. സീത പറഞ്ഞിട്ടാണ്‌‍ അവര്‍ ഗുരുജിയെക്കാണാന്‍ തയ്യാറായത്‌. നമ്മെപ്പോലെ, അവരും മനുഷ്യരാണെന്നും, എല്ലാവരും അവര്‍ക്ക്‌ നല്‍കിയിട്ടുള്ള ദിവ്യത്വം ഒന്നും ശരിക്കില്ലെന്നും ഒക്കെ സേതു വാദിച്ചു. സീത, തങ്ങളുടെ കുടുംബകാര്യങ്ങള്‍ ഒന്നൊന്നായി ഇങ്ങോട്ട്‌ പറഞ്ഞ്‌ തങ്ങളെ അമ്പരപ്പിച്ചുവെന്ന് തെളിവുകള്‍ നിരത്തിയപ്പോള്‍ സേതു പിന്നെ തര്‍ക്കിച്ചില്ല. അങ്ങനെയാണ് ആശ്രമത്തിലേക്ക്‌ ഇറങ്ങിയത്‌.
റിസപ്‌ഷനില്‍ ഇരിക്കുന്നയാള്‍, പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗുരുജി തിരക്കിലാണെന്നും , സമയം അനുവദിച്ചിട്ടുള്ളത്‌ ഒരാഴ്ച കഴിഞ്ഞാണെന്നും അവരെ അറിയിച്ചു. രണ്ടാളും അന്ന് വരാമെന്ന് അറിയിച്ച്‌ തിരിച്ചിറങ്ങി.
അവര്‍ തങ്ങളുടെ നാട്ടില്‍ എത്തിയപ്പോള്‍ത്തന്നെ അവരുടെ മേല്‍വിലാസം കുറിച്ചെടുത്ത ഒരു അനുയായി, ആശ്രമത്തില്‍ നിന്ന് അവരുടെ നാട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഗുരുജിയ്ക്ക്‌ , സന്ധ്യയും സേതുവും വരുമ്പോള്‍ അവരോട്‌ പറയാനുള്ളത്‌ സ്വരൂപിക്കാന്‍!

Thursday, August 10, 2006

കാന്തം

ചേട്ടനും ഞാനും കൂടെ പുറപ്പെട്ടിറങ്ങി. ചേട്ടന് ഡി.വി.ഡി. പ്ലേയര്‍ ഒന്ന് വാങ്ങിയേ തീരൂ. ഇവിടെ അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞിട്ടൊന്നും കേട്ടില്ല. പിന്നെ, എന്റെ ചെവിയ്ക്ക്‌ കുറച്ച്‌ സ്വൈരം കിട്ടുമല്ലോന്ന് കരുതി സമ്മതിച്ചു.

കടയിലെത്തി. ഉത്സവസീസണ്‍ ആയതുകൊണ്ട്‌ എല്ലാ കടയിലും തിരക്ക്‌. കുടുംബസമേതം ഷോപ്പിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. ഞാന്‍ ആ ബഹളങ്ങളിലൊന്നും പെടാതെ ഒരു മൂലയ്ക്ക്‌ മാറി നിന്നു. അവിടുത്തെ ബഹളങ്ങള്‍ ആസ്വദിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു കുഞ്ഞുകുട്ടി എന്റെ അടുത്ത്‌ വന്ന് പറ്റിക്കൂടിയത്‌. അല്ലെങ്കിലും കുട്ടികളൊക്കെ എന്നെ കണ്ടാല്‍ ഒരു സ്നേഹം കാട്ടും. വല്യവരുടെ ദുഷ്ടമനസ്സ്‌ അവര്‍ക്കില്ലല്ലോ. അതിനെ നോക്കി പുഞ്ചിരിച്ചു. അതും എന്നെ നോക്കി ഒന്ന് ചമ്മിച്ചിരിച്ചു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അടുത്തത്‌ ഒന്ന് വന്നു. അതും എന്നെ പറ്റിക്കൂടി.

അങ്ങനെ കുറേ കുഞ്ഞുങ്ങള്‍ എന്റെ ചുറ്റും, ചക്കപ്പഴം വെച്ചിടത്ത്‌ ഈച്ച വരുന്നതുപോലെ പറ്റിക്കൂടി നിന്നു. അവരുടെ അച്ഛനമ്മമാര്‍ കൂട്ടിക്കൊണ്ടുപോയാലും പിന്നേം നിലവിളിച്ച്‌ എന്റെ അടുത്തെത്തും. എനിക്കൊരു കാന്തത്തിന്റെ അവസ്ഥ. എനിക്കാകെക്കൂടെ പന്തികേട്‌ തോന്നി. പിന്നെ ആശ്വസിച്ചു. കുട്ടികള്‍ കാണുന്ന കാര്‍ട്ടൂണില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തോട്‌ എനിക്ക്‌ സാമ്യം ഉണ്ടാകും എന്ന്. അങ്ങനെ അവരെല്ലാം കൂടെ എന്റെ അരികെ നിന്ന് ചുറ്റിത്തിരിയാന്‍ തുടങ്ങി. ഏതെങ്കിലും രണ്ടെണ്ണത്തിനെ ഒക്കത്തെടുക്കാമെന്നു വെച്ചാല്‍ മറ്റുള്ളവരുടെ മാതാപിതാക്കള്‍ എന്റെ തലയില്‍ കയറുമോന്നൊരു ശങ്ക.

ചേട്ടന്‍ നോക്കുമ്പോഴുണ്ട്‌ പെണ്‍പോലീസുകാരുടെ ഇടയില്‍പ്പെട്ട പൂവാലനെപ്പോലെ ഞാന്‍ നിന്നു പരുങ്ങുന്നു. എന്തെങ്കിലും ചെയ്യാനും വയ്യ ചെയ്യാതിരിക്കാനും വയ്യ എന്ന മട്ടില്‍. കുറച്ച്‌ കഴിഞ്ഞപ്പോള്‍ എല്ലാവരും കുട്ടികളെ ശ്രദ്ധിക്കാതെ എനിക്ക്‌ ആയപ്പണി തന്നത്‌ പോലെ അവരവരുടെ ഷോപ്പിങ്ങില്‍ മുഴുകി. കുട്ടികള്‍, അങ്ങനെ മൂക്ക്‌ തുടച്ചും, കൈ കടിച്ചും, എന്റെ ഡ്രസ്സ്‌ പിടിച്ച്‌ പറിച്ചും ഒക്കെ നിന്നു. അവസാനം, ചേട്ടന്‍, ഒരു തീരുമാനത്തിലെത്തിയിട്ട്‌ ‘പോകാം’ എന്ന് പറഞ്ഞു. വേറെ ഏതോ കടയില്‍ നോക്കണമത്രേ. ഞാന്‍ കുട്ടികളെയൊക്കെ വിട്ട്‌ ചേട്ടന്റെ പിന്നാലെ നീങ്ങി. അപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്കും തോന്നി. ഞാന്‍ നിന്നിടത്തേക്ക്‌ തന്നെ വന്നു. ആശ്വാസം.

അപ്പോഴാണു മുഴുവന്‍ സംഭവത്തിന്റെ ചുരുക്കഴിഞ്ഞത്‌. ഞാന്‍ നിന്നിടത്ത്‌ ഒരു എയര്‍ കൂളര്‍ ഉണ്ടായിരുന്നു. കുട്ടികള്‍ തിരക്കില്‍ നിന്നിട്ട്‌ ചൂടുകൊണ്ട്‌ പൊറുതിമുട്ടി രക്ഷപ്പെട്ടു ഇതിന്റെ മുന്നില്‍ നിന്ന് സുഖിക്കുകയാണ്‌. ഞാന്‍ എല്ലാ കുഞ്ഞുമുഖത്തേക്കും നോക്കിയപ്പോള്‍ എല്ലാവരും കൂളായിട്ട്‌ പുഞ്ചിരിച്ചു നില്‍ക്കുന്നു.

Wednesday, August 09, 2006

സ്നേഹം 916

അവളുടെ ഹൃദയത്തിലേക്ക് ചൊരിയാനെന്നവണ്ണം.
അവള്‍ സ്നേഹത്തിന്റെ ആഴക്കടലില്‍ ആയിരുന്നു.
അവന്റെ ചുണ്ടുകള്‍ “എന്റെ പൊന്നേ” എന്ന് വിളിക്കാന്‍ ഒരുങ്ങി.
പെട്ടെന്ന് അവന്‍ ഞെട്ടി.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് പ്രമുഖജ്വല്ലറിയുടെ ഡിസ്‌പ്ലേ ബോര്‍ഡ് ആയിരുന്നു. അതിലെ പൊന്നിന്റെ വില മനസ്സിലോര്‍ത്തപ്പോള്‍ അവന്‍ ചുണ്ടുകള്‍ പൂട്ടിവെച്ച് അവളെ ഒന്നുകൂടെ ദേഹത്തൊടടുക്കി.

Tuesday, August 08, 2006

കൂട്ടുകാര്‍

ശാലിനിയും മീനുവും റാണിയും ഒരു ഫ്ലാറ്റിലെ താമസക്കാരായിരുന്നു. കൂട്ടുകാരും. ഫ്ലാറ്റിന്റെ ഉടമസ്ഥര്‍ ഇടയ്ക്ക്‌ വന്ന് പോകും. അതൊഴിച്ചാല്‍ അവരുടെ ജീവിതം സ്വസ്ഥം. പുറത്ത്‌ പോകും വരും.


അങ്ങനെ മുന്നോട്ട്‌ പോകുമ്പോഴാണ് വീട്ടുടമസ്ഥര്‍ വന്നത്‌. പിറ്റേ ദിവസം റാണിയെ മരിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തി. പക്ഷെ കേസ്‌ ഒന്നും ഉണ്ടായില്ല. എന്തുകൊണ്ട്‌? എന്തുകൊണ്ട്‌ വീട്ടുടമയെ ആരും സംശയിച്ചില്ല? ശാലിനിയോടും മീനുവിനോടും തെളിവ്‌ ശേഖരിച്ചില്ല?

ശരിയായ ഉത്തരം പറയുന്നവര്‍ക്ക്‌ നല്ല സി ഐ ഡി എങ്ങനെ ആവാം എന്ന പുസ്തകം ഞാന്‍ എഴുതിക്കൊടുക്കുന്നതാണ്.

Monday, August 07, 2006

ശാഠ്യം

മാമുണ്ണുമ്പോള്‍ വാവയ്ക്ക്‌ അമ്പിളിയമ്മാവനെ‍ താഴത്ത്‌ കിട്ടണമെന്ന് ഒരേവാശി. ഇവിടെ നിന്നേ കാണൂ എന്ന് പറഞ്ഞിട്ടൊന്നും കേട്ട മട്ടില്ല. കരച്ചില്‍ തുടങ്ങി. സഹികെട്ട്‌ അമ്മ ഒരു വലിയ പ്ലേറ്റില്‍ വെള്ളം കൊണ്ടുവെച്ച്‌ അമ്പിളിയമ്മാവനെ അതില്‍ ആവാഹിച്ച്‌ ഇരുത്തി.

കളിച്ച്‌ രസിച്ച്‌ മടുത്തപ്പോള്‍ അടുത്ത ഡിമാന്‍ഡ്‌ തുടങ്ങി. നക്ഷത്രങ്ങളും വേണം. അമ്മ ശ്രമിച്ചിട്ടൊന്നും നക്ഷത്രങ്ങളെ ശരിക്ക്‌ കിട്ടിയില്ല. ശാഠ്യം തുടങ്ങി. പിന്നെ അമ്മ ഒന്നും ആലോചിച്ചില്ല. ഒന്ന് കൊടുത്തു. നക്ഷത്രങ്ങള്‍ കണ്ടുകാണും.

അതിനു ശേഷം ദിവസവും അമ്പിളിയമ്മാവനേയും നക്ഷത്രങ്ങളേയും മുകളില്‍ കണ്ട്‌ രസിച്ച്‌, വാവ, വാശിയില്ലാതെ മാമുണ്ടു.

Sunday, August 06, 2006

അവിശ്വാസം

ചിതയില്‍ ആണ് ഞാന്‍.

അവിശ്വാസത്തിന്റെ വഴുവഴുപ്പുള്ള ചിതയില്‍.

ചന്ദനം പുകയാത്ത, സംശയം പുകയുന്ന ചിതയില്‍.

തിരിച്ച്കയറണമെന്നുണ്ട്.

ആവില്ല.

ചുറ്റും നിന്ന് എന്റെ മനസ്സിലെ ചെകുത്താന്മാര്‍ എന്നെ ചിതയിലേക്ക് തള്ളുകയാണ്.

എനിയ്ക്ക് ഈ ഗര്‍ത്തത്തില്‍ നിന്ന് മുകളിലെത്തണം.

സൌഹൃദത്തിന്റെ സ്വര്‍ഗവാതില്‍ക്കല്‍ നിന്ന്,

തലയടിച്ച് കരയണം.

കണ്ണീരിലിലയിച്ച് ആ വാതില്‍ തുറപ്പിയ്ക്കണം.

എന്നേയ്ക്കുമായി അവിടെ ഒടുങ്ങണം.

അതെന്റെ കുടീരമാവട്ടെ.

പക്ഷെ ചിതയില്‍ ആണ് ഞാന്‍.

സംശയത്തിന്റെ ഭൂതങ്ങള്‍ വസിക്കുന്ന മനസ്സിലെ ചിതയില്‍.

വെറുപ്പിന്റെ ദുസ്സഹമായ ഗന്ധം എന്റെ ഹൃദയത്തിന്റെ ഉളളറയില്‍ ഓടിനടക്കുന്നു.

എന്റെ സ്നേഹക്കൂടാരം അവിശ്വാസത്തിന്റെ കൊടുങ്കാറ്റില്‍ ആടിയുലയുന്നു.

എനിയ്ക്ക് കരകയറണം.

ഒരിക്കല്‍ക്കൂടെ സൌഹൃദത്തിന്റെ മലഞ്ചെരുവില്‍ക്കൂടെ മഞ്ഞിന്റെ തണുപ്പില്‍ നടക്കണം.


അവിശ്വാ‍സമെന്ന കാലന്‍ ചിരിച്ച് കൊണ്ടാണോ വന്നത്?

എനിക്ക് നിഷേധിക്കാന്‍ ആവാത്ത വിധം എന്നെ വരിഞ്ഞുമുറുക്കിപ്പോകുമ്പോള്‍

എന്റെ പ്രജ്ഞ നശിച്ചിരുന്നോ?

അറിയില്ല.

എനിക്ക് മോക്ഷം വേണം.

സൌഹൃദത്തിന്റെ നീലക്കുറിഞ്ഞിമലകളിലൂടെ നടക്കണം.

അതില്‍ അലിഞ്ഞ് ഞാന്‍ തീരുമ്പോള്‍ എന്നും പൂക്കുന്ന നീലക്കുറിഞ്ഞിയായി ജനിക്കണം.

ചിതയില്‍ ആണ് ഞാന്‍.

Saturday, August 05, 2006

മരണം മാത്രം സത്യം

സ്വയം വിശ്വസിക്കുന്ന സത്യമാണ് മരണം.

സന്തോഷങ്ങളുടെ, പുഞ്ചിരികളുടെ, സ്വപ്നങ്ങളുടെ, ആഘോഷങ്ങളുടെ ഒളിച്ചോട്ടമാണ് മരണം.

വ്യഥകളുടെ, നൊമ്പരങ്ങളുടെ, കണ്ണീരിന്റെ അന്ത്യമാണ് മരണം.

ഇന്നേയുള്ളൂ, എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന വാക്കാണ് മരണം.

നമ്മെ ജയിക്കാന്‍ അനുവദിക്കാത്ത ശക്തനായ എതിരാളിയാണ് മരണം.

സ്നേഹശൂന്യതയാണ് മരണം.

നാളെ നിന്റെ മുന്നില്‍ ചാരത്തിന്റെ ഒരു കൂമ്പാരമാണുണ്ടാവുക. നീ‍ മൊഴിയാന്‍ തുടങ്ങുമ്പോഴേക്കും കാറ്റ്‌ വന്ന് ചാരം തട്ടിയകറ്റിയേക്കും.

നിന്റെ മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച കുടീരം ആണുണ്ടാവുക. നീ‍ മൊഴിയാന്‍ തുടങ്ങുമ്പോഴേക്കും ഇലകളും പൂക്കളും വന്ന് നിറഞ്ഞ്‌ നമുക്കിടയില്‍ വിടവ്‌ സൃഷ്ടിക്കും.

നിന്റെ മുന്നില്‍ മണ്‍കൂനയാണുണ്ടാവുക. നീ മൊഴിയാന്‍ തുടങ്ങുമ്പോഴേക്കും മഴ വന്ന് മണ്‍കൂനയെ സ്വന്തമാക്കും.

ഇന്ന് നീ ഉണ്ട്. നിന്റെ മുന്നില്‍ ഞാനും.

ഞാനും നീയും.

മൊഴിയുന്ന നീ, കേള്‍‍ക്കാന്‍ കാതോര്‍ത്ത് ഞാന്‍.

ഇന്ന് മനസ്സ്‌ തുറക്കാം. പറയാം കേള്‍ക്കാം. പാഴാക്കുന്ന ഓരോ നിമിഷത്തിലും മരണം നമ്മെ പുച്ഛിച്ച്‌ ചിരിക്കുകയാണ്‌‍.

ജീവിതലേഖനത്തിലെ അവസാനവാക്കാണ് മരണം.

Friday, August 04, 2006

സ്നേഹം

സ്നേഹിതരായാണ്‌ ‍ അവര്‍ കടല്‍ത്തീരത്ത്‌ പോയത്‌.

അതൊരു പതിവായി മാറി.

അവന്റെ, കടലിനോടുള്ള സ്നേഹം അവളെ അലോസരപ്പെടുത്തിയെങ്കിലും പതുക്കെപ്പതുക്കെ അവളും കടലിനെ അറിഞ്ഞ്‌, മോഹിക്കാന്‍ തുടങ്ങി.

ഒരുനാള്‍ അവനേക്കാള്‍ സ്നേഹം കടലിനോടാണെന്ന് തെളിയിച്ച്‌ , ആ സ്നേഹത്തിന്റെ പിറകെ അവള്‍ പോയി.

Thursday, August 03, 2006

സൂര്യനും ചന്ദ്രനും പിന്നെ ബ്ലോഗും

ചന്ദ്രനില്‍ച്ചെന്നപ്പോളൊരു മലയാളിയുടെ ചായക്കട. സൂര്യനില്‍ച്ചെന്നപ്പോളൊരു മലയാളിയുടെ ചായക്കട. എന്നൊക്കെ എല്ലാവരും കേള്‍ക്കും.

പക്ഷെ ആരും ചിന്തിക്കാത്തൊരു കാര്യമുണ്ട്‌. ചന്ദ്രനും സൂര്യനും എങ്ങനെ ഷിഫ്റ്റ്‌ ഡ്യൂട്ടി ആയി എന്നത്‌. ഒരാള്‍ പോകുമ്പോള്‍ മറ്റേയാള്‍ വരുന്നത്‌ എന്തുകൊണ്ട്‌, ഒരാളുള്ളപ്പോള്‍ മറ്റേയാളെ കാണാത്തതെന്ത് എന്നൊക്കെ. രണ്ടാള്‍ക്കും ഫുള്‍ ഡ്യൂട്ടി കൊടുത്ത്‌ ശമ്പളം കൊടുത്താല്‍ മുടിഞ്ഞുപോകും എന്നുള്ളതുകൊണ്ട്‌ ദൈവം തീരുമാനിച്ചതാണൊന്നോന്നും ആരും ചിന്തിച്ചില്ല. ശാസ്ത്രജ്ഞന്മാരൊക്കെ ചിന്തിച്ചിട്ടുണ്ടാകും.

രാവിലെ സൂര്യന്‍ വന്ന് അലാറം അടിക്കുമ്പോള്‍, ഒരു ദിവസമെങ്കിലും വൈകി വന്നൂടെടോ ശല്യമേ, എന്ന് പ്രാകി എണീറ്റ്‌ ജോലിയും ബ്ലോഗലും ഒക്കെ നടത്തി, വൈകുന്നേരം ചന്ദ്രന്‍ മൂപ്പരു വരുമ്പോള്‍ വീട്ടിലെത്തി ബ്ലോഗലും കമന്റലും ഓണും ഓഫുമായിട്ട്‌ നടന്ന് ഉറങ്ങുന്നതുവരെ പല കാര്യങ്ങളും ചിന്തിക്കുമ്പോള്‍ ഇത്‌ മാത്രം ആര്‍ക്കും ചിന്തിക്കാന്‍ നേരം കിട്ടിയില്ല. എന്തുകൊണ്ടാണ്‌‍ സൂര്യനും ചന്ദ്രനും, ഇമ്രാന്‍ ഹാഷ്മിയും മല്ലികാ ഷെരാവത്തും വരുന്നതുപോലെ ഒട്ടിപ്പിടിച്ച്‌ വരാത്തത്‌ എന്നാരും ചിന്തിച്ചില്ല. പക്ഷെ ഞാന്‍ നിങ്ങളെപ്പോലെ തിരക്കില്‍ അല്ലാത്തതുകൊണ്ട്‌ ചിന്തിച്ചു. രാവിലെ എണീറ്റ്‌ ചേട്ടനു കാപ്പി കൊടുത്ത്‌ ഒരു ദിവസം ആരംഭിക്കുന്നത്‌ മുതല്‍, രാത്രി പാത്രം കഴുകിവെക്കുന്നതുവരെയുള്ള, (രാവിലത്തെ കാപ്പിയുടേതല്ല. എനിക്കത്രേം മടിയില്ല) ദിവസം അവസാനിക്കുന്നതുവരെയുള്ള സമയം ചിന്തിച്ചു. സൂര്യനെ നോക്കി ചിന്തിച്ചു. ഇരുന്ന്, കിടന്ന്, നടന്ന്, ടി. വി കണ്ട്‌, പുസ്തകം വായിച്ച്‌, ബ്ലോഗില്‍ പോസ്റ്റ്‌ വെച്ച്‌, മറ്റു ബ്ലോഗുകള്‍ വായിച്ച്‌, കമന്റ്‌ വെച്ച്‌ ഒക്കെ ചിന്തിച്ചു. സ്വപ്നത്തില്‍ ചന്ദ്രനും സൂര്യനും ഒരുമിച്ച്‌ വന്ന് "ഞങ്ങളെയെങ്കിലും വെറുതേ വിട്ടൂടേ" എന്ന് ചോദിച്ചു. ഷാരൂഖ്‌ഖാനേം, ലാലേട്ടനേം ഞാന്‍ മറന്നു. കഭി അല്‍വിദ നാ കെഹനാ എന്ന പടം വരുന്നു എന്നുള്ളത്‌ മറന്നു. ഓണത്തിനു ലാലേട്ടന്റെ ഏതു പടം വരും എന്നുള്ളത്‌ മറന്നു. കീര്‍ത്തിചക്രയില്‍ നിന്ന് മംമ്തയെ ഒഴിവാക്കി ലക്ഷി ഗോപാലസ്വാമിയെ എടുത്തതിന്റെ കാരണങ്ങളെപ്പറ്റി കൂലംകഷമായി ചിന്തിക്കാന്‍ മറന്നു.

അങ്ങനെ ചിന്തയുടേയും മറവിയുടേയും ഇടയ്ക്ക്‌ യൂറേക്ക വന്നു. കണ്ടുപിടിച്ചു. ഭൂമി ഉരുണ്ടതാണ്‌. ഛെ. അതല്ല കണ്ടുപിടിച്ചത്‌. മുഴുവന്‍ പറയാന്‍ സമ്മതിക്കൂ. ഭൂമി ഉരുണ്ടതാണ്. അതു കറങ്ങും. സൂര്യനും ചന്ദ്രനും വരും എന്നൊക്കെയുള്ളതിനെ എന്റെ കണ്ടുപിടിത്തം തകര്‍ത്തു.

അതായത്‌ സൂര്യനും ചന്ദ്രനും ബ്ലോഗ്‌ തുടങ്ങി. ഞാന്‍ തുടങ്ങിയില്ലേ? പിന്നാര്‍ക്കും തുടങ്ങാം. അങ്ങനെ സൂര്യനും ചന്ദ്രനും ബ്ലോഗ്‌ തുടങ്ങി(നേരത്തെ ഒന്ന് പറഞ്ഞില്ലേന്നോ? അത്‌ വേറേ പാരഗ്രാഫ്‌ ആയിട്ട്‌ കൂട്ടിയാല്‍ മതി). അവരു തുടങ്ങിയാല്‍ കമന്റടിക്കാന്‍ ആരിരിക്കുന്നു എന്നല്ലേ ചോദ്യം. എന്നാല്‍ കേട്ടോളൂ. കമന്റ്‌ വന്നു. നക്ഷത്രങ്ങളായിട്ട്‌. കുറേ കമന്റ്‌ വന്നു. കമന്റങ്ങനെ കുന്നുകൂടി വരാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്രനും സൂര്യനും വഴക്കായി. ഞാനാണു വലുത്‌, എന്റെ ബ്ലോഗാണ് വലുത്‌ എന്ന്. അപ്പോള്‍ ഇതിന്റെയൊക്കെ തലപ്പത്തിരിക്കുന്ന ദൈവത്തിനു നല്ല ദേഷ്യം വന്നു(എനിക്ക്‌ ചിലപ്പോള്‍ വരുന്നതുപോലെ തന്നെ. പക്ഷെ ദൈവത്തിനു ദേഷ്യത്തിന്റെ കൂടെ സങ്കടം വരില്ല). ദേഷ്യം വന്നിട്ട്‌ ദൈവം ഒരു പണി ഒപ്പിച്ചു. ഒരു പാര പണിതു. രണ്ടാള്‍ക്കും ഓഫ്‌ടോപ്പിക്കായിട്ട്‌ ഒരു ശാപം കൊടുത്തു. സൂര്യനോട്‌ പറഞ്ഞു, നിന്റെ ബ്ലോഗില്‍ കുറെ കമന്റുകള്‍ ഉണ്ടാകും. പക്ഷെ ആരും അത്‌ കാണില്ല. നീ വരുന്നതിനെ ആള്‍‍ക്കാര്‍ പകല്‍ ആയി കണക്കാക്കട്ടെ. ചന്ദ്രനോടു പറഞ്ഞു, നിന്റെ ബ്ലോഗിലും കുറേ കമന്റ്‌ കാണും. പക്ഷെ നിന്നെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരം ഉണ്ടാവില്ല. ആള്‍ക്കാര്‍ ഉറങ്ങുന്ന സമയം ആവും അത്‌ എന്ന്. രണ്ടാളേയും വേറെ വേറെ സമയത്ത് ഡ്യൂട്ടിക്കിട്ടു.

അങ്ങനെയാണ്‌‍ സൂര്യന്‍ വരുമ്പോള്‍ നക്ഷത്രക്കമന്റുകളെ ആരും കാണാത്തത്‌. ചന്ദ്രന്‍ വരുന്ന സമയത്ത്‌ നക്ഷത്രക്കമന്റുകള്‍ കാണും. പക്ഷെ ആര്‍ക്കും അത്‌ ശ്രദ്ധിക്കാന്‍ ‍ നേരമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായില്ലേ. ( മനസ്സിലായി, മനസ്സിലായി, പക്ഷെ ഇതല്ല എന്നല്ലേ. ഞാന്‍ കേട്ടു മക്കളേ...)


(മുന്‍‌വിധികളില്ലാതെ, ഞാനെഴുതുന്നതെന്തും വായിക്കാന്‍ സന്‍‌മനസ്സ് കാട്ടുന്ന എല്ലാ വായനക്കാര്‍ക്കും വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.)

Wednesday, August 02, 2006

ഒത്തുചേരല്‍

"എന്തായാലും ഞാന്‍ അങ്ങോട്ട്‌ വരുന്നു."

എന്തെങ്കിലും പറയുന്നതിനു മുന്‍പ്‌ അവള്‍ ഫോണ്‍ വെച്ചുകഴിഞ്ഞിരുന്നു. അമ്മ ഒന്നും ആലോചിക്കാന്‍ നിന്നില്ല. അവള്‍ വരട്ടെ. അവളുടെ അച്ഛനും ഓഫീസില്‍ നിന്ന് വരട്ടെ. അതുവരെ സ്വസ്ഥമായിട്ട്‌ ഇരിക്കാം. അതു കഴിഞ്ഞാല്‍ സ്വസ്ഥത ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിനാണ് അവള്‍ തുനിഞ്ഞിറങ്ങിപ്പുറപ്പെട്ട്‌ വരുന്നത്‌.

അമ്മ ഒരിടത്തിരുന്നു. ഒന്ന് മയങ്ങിയുണരുമ്പോഴേക്കും അവളും കുട്ടികളും എത്തി. കുട്ടികള്‍ രണ്ടും കരഞ്ഞ മട്ടുണ്ട്‌. തല്ലിക്കാണും. രണ്ടാളും വന്ന് കെട്ടിപ്പിടിച്ചു. ചെറിയ ആളെ എടുത്തു.

കുട്ടികളെ മുറ്റത്ത്‌ കളിക്കാന്‍ വിട്ട്‌ അവള്‍ കാര്യം പറഞ്ഞു.

"എന്നും തോന്നിയ സമയത്താണ്‌‍ വൈകുന്നേരം വരവ്‌. ഒരു ഉത്തരവാദിത്തം ഇല്ലാത്തപോലെ പെരുമാറുന്നു. കുട്ടികളോടൊപ്പം കളിക്കാന്‍ നേരമില്ല. എവിടെയെങ്കിലും പോകാന്‍ നേരമില്ല. എനിക്ക്‌ പറഞ്ഞ്‌ പറഞ്ഞ്‌ മതിയായി. മടുത്തു. ഇനി പോകുന്നില്ല ഞാന്‍. ഇവിടെയെന്തെങ്കിലും ജോലി കണ്ടുപിടിച്ചോളാം."

അവള്‍ തീരുമാനിച്ചുറച്ച്‌ തന്നെ വന്നതാണെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. ഒന്നും പറയാന്‍ നിന്നില്ല. അവളുടെ പരാതികള്‍ കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക്‌ രണ്ട്‌- മൂന്നു തവണ ചോദിച്ചു "അച്ഛന്‍ എന്താ വൈകുന്നത്‌. കുറേ സമയം ആയല്ലോ" ന്ന്. ജോലിക്കൂടുതല്‍ കാണും ചില ദിവസങ്ങളില്‍ എന്ന് പറഞ്ഞു അവളോട്‌. ഇരുട്ടിക്കഴിഞ്ഞാണ് അച്ഛന്‍ കയറി വന്നത്‌. കുട്ടികളെ കണ്ടപ്പോള്‍ സന്തോഷം വിരിഞ്ഞെങ്കിലും ഒരു ചോദ്യം ആ മനസ്സില്‍ ഉണ്ടായെന്ന് തോന്നി.

"അവള്‍ ഉച്ച കഴിഞ്ഞപ്പോള്‍ വന്നു.

"കൊണ്ടുവിട്ട്‌ പോയതാണോ?"

“അല്ല. അവളും കുട്ടികളുമേയുള്ളൂ."

ചായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്യം പറയാന്‍ തുടങ്ങിയെങ്കിലും അവള്‍ തന്നെ ഏറ്റെടുത്ത്‌ പരാതികള്‍ മുഴുവന്‍ പറഞ്ഞു. അദ്ദേഹവും ഒന്നും മിണ്ടിയില്ല. വരട്ടെ തീരുമാനിക്കാം എന്ന മട്ടാണ് അദ്ദേഹത്തിനു എന്ന് തോന്നി.

രണ്ടു ദിവസം കഴിഞ്ഞു. രണ്ടു ദിവസവും അവളുടെ അച്ഛനു തിരക്കുള്ള ദിവസം ആയിരുന്നു. കുട്ടികളെപ്പോലും ലാളിക്കാന്‍ പറ്റിയില്ല. അദ്ദേഹം വരുമ്പോഴേക്കും അവര്‍ ഉറങ്ങിക്കഴിയും. പിന്നെ രാവിലെ പോകാന്‍ ഉള്ള തിരക്കും. അവള്‍ അസ്വസ്ഥയാവുന്നത്‌ ശ്രദ്ധിച്ചു. "അച്ഛനു ഇത്രേം തിരക്കാണോ”ന്ന് ഒരിക്കല്‍ അദ്ദേഹത്തോട്‌ ചോദിക്കുകയും ചെയ്തു.

മൂന്നാം ദിവസം" നീ ഇവിടെയുണ്ടല്ലോ ഞാനൊന്ന് വീട്ടില്‍ പോയിട്ട്‌ വരാം " എന്നും പറഞ്ഞ്‌ മറുപടി കാക്കാതെ ഇറങ്ങി. പിറ്റേന്ന് അവള്‍ വിളിച്ചു.

"അമ്മ ഇന്നു തന്നെ വരില്ലേ?"

“പിന്നെ വരാതെ? വൈകീട്ട്‌ എത്താം.”

പിറ്റേ ദിവസവും, പക്ഷെ, അവള്‍ക്ക്‌ വിളിക്കേണ്ടി വന്നു. " അമ്മയെന്ത്‌ പരിപാടിയാ ഈ കാണിക്കുന്നത്‌? അച്ഛനു വല്യ വിഷമം ഉണ്ട്‌. അമ്മയില്ലാതെ ഇവിടെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ പോകും?"

"ഞാന്‍ ഇനി വരുന്നില്ലെന്നു തീരുമാനിച്ചാലോന്ന് കരുതുന്നു".

അവള്‍ ‘എന്ത്‌ ’ എന്ന് മാത്രം ചോദിച്ചു. ഞെട്ടിക്കാണും.

"അതെ നിന്റെ അച്ഛന്‍ ജോലിയ്ക്ക്‌ പോയിട്ട്‌ ഏതെങ്കിലും സമയത്താ കയറി വരുന്നത്‌. നീ കണ്ടില്ലേ? ഇനി നീയും എന്തെങ്കിലും ജോലി നോക്കിപ്പോകും. കുട്ടികള്‍ അവരവരുടെ ക്ലാസ്സിലും പോകും. ഞാന്‍ അവിടെ ഒറ്റയ്ക്ക്‌ ബോറടിച്ചിരുന്നിട്ട്‌ എന്തു ചെയ്യാനാ? നീയും മക്കളും ഉണ്ടല്ലോ അച്ഛനു കൂട്ട്‌ ."

അമ്മ ഫോണ്‍ വെച്ചത്‌ അവളറിഞ്ഞു. കുട്ടികള്‍ രണ്ടും ഒട്ടിക്കൂടി നിന്നു. എന്തോ ഒരു വല്ലായ്മ ഉണ്ട്‌. "അമ്മേ നമുക്ക്‌ അച്ഛന്റെ അടുത്ത്‌ പോകാം. അച്ഛന്‍ വരുമ്പോള്‍ വീട്ടില്‍ ആരാ ലൈറ്റ്‌ ഇട്ട്‌ വെക്കുക? അച്ഛനു പേടിയാവില്ലേ?"എവിടെയെങ്കിലും പോയിട്ട്‌ ഇരുട്ടുന്നതിനുമുന്‍പ്‌ കുട്ടികളെ വീട്ടില്‍ കയറ്റാന്‍ പാടുപെടുമ്പോള്‍ ഒരിക്കല്‍ ഒപ്പിച്ച സൂത്രം ആണത്‌. നമ്മള്‍ എവിടെയെങ്കിലുമൊക്കെ പോയി കളിച്ചിരുന്നാല്‍ അച്ഛന്‍ വരുമ്പോള്‍ ലൈറ്റ്‌ ആരിടും, പേടിയാവില്ലേന്നൊക്കെ. അതാണിപ്പോള്‍ ഓര്‍ത്തിരിക്കുന്നത്‌.

പിറ്റേന്ന് രാവിലെ അച്ഛനെ പറഞ്ഞയച്ച്‌, കുട്ടികളെ കുളിപ്പിച്ച്‌ ഭക്ഷണം കൊടുത്ത്‌ ഒരുക്കി നിര്‍ത്തിയപ്പോഴേക്കും അവളൊരു തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.

"അമ്മേ"

അവളുടെ ഫോണ്‍ വന്നപ്പോള്‍ അമ്മയ്ക്ക്‌ തോന്നി സൂത്രം ഫലിച്ചിട്ടുണ്ടാകുമെന്ന്. അവര്‍ക്ക്‌ സന്തോഷം തോന്നി.

"ഞങ്ങള്‍ വൈകുന്നേരം പോയാലോന്ന് ആലോചിക്കുന്നു. അമ്മ ഇപ്പോള്‍ത്തന്നെ വന്നാല്‍ ഞങ്ങളുടെ കൂടെ വരാം. അച്ഛന്‍ നേരത്തെ വന്ന് കൊണ്ടുവിടാമെന്ന് പറഞ്ഞു."

അമ്മ ഉച്ചയ്ക്ക്‌ മുന്‍പ്‌ തന്നെ എത്തി. അച്ഛന്‍ വന്നപ്പോള്‍ത്തന്നെ അവര്‍ പുറപ്പെട്ടിറങ്ങി.

പിറ്റേ ദിവസം, ഇനി അടുത്ത സ്കൂള്‍ പൂട്ടിനു വന്ന് കുറേ ദിവസം വന്ന് നില്‍ക്കണം എന്ന് കുഞ്ഞുങ്ങളോട്‌ പറഞ്ഞ്‌ ഇറങ്ങുമ്പോള്‍ അമ്മയുടേയും അച്ഛന്റേയും ഹൃദയത്തില്‍ നിറയെ സന്തോഷമായിരുന്നു. അവനോടൊപ്പം നില്‍ക്കുന്ന അവളുടെ മനസ്സിലും.

Tuesday, August 01, 2006

ദശരഥന്റെ പുത്രദുഃഖം

അയോദ്ധ്യയിലെ രാജാവായിരുന്നു ദശരഥന്‍. നേമി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്, അഥവാ ശരിക്കുള്ള പേര്.

ദശരഥന്‍ ഒരിക്കല്‍ നായാട്ടിനു പോയി. അതേ സമയത്താണ് ഒരു മുനികുമാരന്‍ നദീതീരത്ത്‌, നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ വന്നത്‌. ദശരഥന്‍ അത്‌ കണ്ടില്ല. വെള്ളത്തിന്റെ പാത്രം ജലത്തില്‍ താഴ്ത്തിയിട്ട്‌ മുനികുമാരന്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ട്‌, അത്‌ ആന തുമ്പിക്കൈയില്‍ വെള്ളമെടുക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച്‌ ദശരഥന്‍ ശബ്ദം കേട്ട ദിക്കിലേക്ക്‌ ശരം അയയ്ക്കുകയും മുനികുമാരന് അതേല്‍ക്കുകയും അദ്ദേഹം കരയുന്നത്‌ കേട്ട്‌ പരിഭ്രാന്തനായി ചെന്ന് നോക്കിയ ദശരഥന്‍ മുനികുമാരനെ കാണുകയും , തന്റെ ശരമേറ്റ്‌ മരിക്കാറായ മുനികുമാരനോട്‌ മാപ്പ്‌ ചോദിക്കുകയും ചെയ്തു. ദശരഥനോട്‌, കണ്ണുകാണാത്ത വൃദ്ധരായ തന്റെ മാതാപിതാക്കള്‍ വെള്ളത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അവരോട്‌ പോയി കാര്യങ്ങള്‍ അറിയിച്ച്‌ അവരെ സമാധാനിപ്പിക്കണമെന്നും ഒക്കെ പറഞ്ഞ്‌ മുനികുമാരന്‍ പ്രാണന്‍ വെടിഞ്ഞു. ദശരഥന്‍ മുനികുമാരന്റെ മാതാപിതാക്കളുടെ അടുത്ത്‌ എത്തുകയും താന്‍ ചെയ്തുപോയ അപരാധം അറിയിച്ച്‌ മാപ്പ്‌ ചോദിക്കുകയും, അവര്‍ അതുകേട്ട്‌ വിലപിക്കുകയും മകന്‍ വീണുകിടക്കുന്നിടത്തേക്ക്‌ തങ്ങളെ കൊണ്ടുപോകാന്‍ പറയുകയും ചെയ്തു. മകനു ചിത കൂട്ടി അതില്‍ത്തന്നെ അവരും പ്രവേശിച്ചു. ആ സമയത്ത്‌ ആ പിതാവ്‌" നീയും പുത്രശോകത്താല്‍ മരിക്കട്ടെ" എന്ന് ദശരഥനെ ശപിച്ചു. ആ ശാപഫലമായാണ് രാമന്‍ വനവാസത്തിനു പോയപ്പോള്‍ ദശരഥന്‍ വിലപിച്ച്‌ മരിച്ചത്‌.

(അദ്ധ്യാത്മ രാമായണത്തില്‍ നിന്ന്, ഈ കര്‍ക്കിടകമാസത്തില്‍ ...)