Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, May 30, 2006

മഴയോ മഴ!

മഴ കോരിച്ചൊരിയുകയാണ്.

കുന്തിയുടെ ദുഃഖം പോലെ,

ആഴത്തില്‍.

രാധയുടെ പ്രണയം പോലെ,

ആയിരം വര്‍ണങ്ങളില്‍.

സീതയുടെ വിരഹം പോലെ,

നിസ്സഹായതയില്‍

************************************

മഴ പൊഴിയുകയാണ്.

സന്തോഷത്തില്‍. ഭൂമിയിലെ ജീവജാലങ്ങളെ അനുഗ്രഹിക്കുന്ന മട്ടില്‍. വരണ്ടുണങ്ങിയ മണ്ണിനും പുല്‍ക്കൊടികള്‍ക്കും മനസ്സുകള്‍ക്കും പുതുജീവന്‍ നല്‍കിക്കൊണ്ട്‌.

*************************************

മഴ താണ്ഡവം ആടുകയാണ്.

ജീവന്‍ അപഹരിച്ചുകൊണ്ട്‌.
ചിലരുടെ മടിത്തട്ടിലേക്ക്‌ ദുഃഖം വലിച്ചെറിഞ്ഞുകൊണ്ട്‌.
തല്‍ക്കാലമെങ്കിലും ചില മനസ്സുകളില്‍ തീ ജ്വലിപ്പിച്ചുകൊണ്ട്‌.

**************************************

മഴ പെയ്തുകൊണ്ടേയിരിക്കുന്നു.

തന്റെ ജോലിയില്‍ മാത്രം മുഴുകിക്കൊണ്ടെന്നപോലെ. കയ്പും മധുരവും വിരഹവും പ്രതീക്ഷയും പ്രണയവും ശോകവും ആഹ്ലാദവും ഒക്കെ പോലെ താനും ജീവിതത്തിലെ ഒരു അവശ്യഘടകമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.

Saturday, May 27, 2006

വീട് വാങ്ങുമ്പോള്‍

നിങ്ങള്‍ക്ക് ഒരു വീട് വാങ്ങാനുള്ള ഗ്രഹനില ഒത്തുവന്നു എന്നു വിചാരിക്കുക. വീടു വാങ്ങുമ്പോള്‍ ശ്രദ്ധിക്കാനായി പലരും പലതും പറഞ്ഞുതരും, പല പുസ്തകങ്ങളും നിങ്ങള്‍ തലയും കുത്തി നിന്ന് വായിക്കും, തല പുകഞ്ഞ് ആലോചിക്കും. പക്ഷെ നിങ്ങള്‍ ഇങ്ങോട്ടൊന്ന് നോക്കാനുള്ള സന്മനസ്സ് കാട്ടിയാല്‍ നിങ്ങളുടെ വീട് വാങ്ങല്‍‍ ചിന്തകള്‍ക്ക് അല്പം ആശ്വാസമാകും.


1) വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ ഭൂതം, പ്രേതം എന്നിവ ഇല്ലെന്ന് ഉറപ്പ്‌ വരുത്തുക. കാരണം പിശാചും ചെകുത്താനും കുട്ടിപ്പിശാചുക്കളും താമസത്തിനെത്തിയാല്‍ അവര്‍ക്ക്‌ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ പ്രയാസം ആയിരിക്കും.

2)നിങ്ങളുദ്ദേശിക്കുന്ന വീടിന് ഒന്നിലധികം ഉടമസ്ഥന്മാര്‍ ഉണ്ടാവരുത്‌.
ഉദാഹരണത്തിന്, ഏട്ടന്റേയും അനിയന്റേയും ഉടമസ്ഥതയില്‍ ഉള്ള വീട്‌, സഹോദരിക്കും സഹോദരനും അവകാശമുള്ള വീട്‌, അമ്മയ്ക്കും മക്കള്‍ക്കും ഒരുപോലെ അവകാശമുള്ള വീട്‌ എന്നിവ. കാരണം, നിങ്ങള്‍ക്ക്‌ വീടു വിറ്റവര്‍ ഓരോരുത്തര്‍, എന്റെ വീടാ അവര്‍ വാങ്ങിയത്‌, എന്റെ വീടാ അവര്‍ വാങ്ങിയത്‌ എന്ന് മാറിമാറിപ്പറഞ്ഞാല്‍ നിങ്ങളുടെ പിറകേ നടക്കുന്ന ഇന്‍കംടാക്സ്‌കാര്‍ നിങ്ങള്‍ ടോട്ടല്‍ എത്ര വീട്‌ വാങ്ങി എന്നാലോചിച്ച്‌ “കണ്‍ഫ്യൂഷ്യസ്” ആവും. നിങ്ങള്‍ വീട് വാങ്ങിയതിന് ആ പാവങ്ങള്‍ എന്തു പിഴച്ചു?

3) ഓഫീസിനടുത്തുള്ള വീട്‌ വാങ്ങിയാല്‍ നിങ്ങള്‍ക്ക്‌ ഉപകാരവും ഉപദ്രവവും ഒരുപോലെ ഉണ്ടാവും. ഉപകാരം എന്താണെന്നു വെച്ചാല്‍, ഓഫീസ്‌ ടൈം കഴിഞ്ഞതും ഓടി വീടു പിടിയ്ക്കാം. സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ്‌ വീട്ടിലെത്തിക്കിട്ടിയാലേ നിങ്ങള്‍ക്ക്‌ വല്ലതും വിശപ്പകറ്റാന്‍ കിട്ടൂ.

ഉപദ്രവം എന്താണെന്നു വെച്ചാല്‍, ഉള്ള ലീവ്‌ എടുത്ത്‌ വീട്ടിലിരിക്കാം എന്ന് വെച്ചാല്‍ ഓഫീസുകാര്‍ സമ്മതിക്കില്ല. അവര്‍ ഓഫീസിലെ നിങ്ങളുടെ മേശപ്പുറത്തെ ഫയലൊക്കെ നിങ്ങളുടെ വീട്ടിലെ മേശപ്പുറത്തെത്തിക്കുന്ന ആത്മാര്‍ഥത കാണിച്ചുകളയും. അതുകൊണ്ട്‌ അതിനൊരു തീരുമാനം ആലോചിച്ച്‌ എടുക്കുക. ഒരു പോംവഴിയുണ്ട്‌. വീടുവാങ്ങിയ കാര്യം ഓഫീസിലെ ആരും അറിയാതെ സൂക്ഷിക്കുക.

4) വീട്‌ വലുതാണെങ്കിലും ചെറുതാണെങ്കിലും അതിനു പിന്‍വശത്ത്‌ ഒരു രണ്ടാം വാതില്‍ ഉറപ്പുവരുത്തുക. അല്ലെങ്കില്‍ മാജിക്ക്‌ പഠിക്കുക. കടക്കാരും, പിരിവുകാരും വരുമ്പോള്‍ അപ്രത്യക്ഷനാവാന്‍ നിങ്ങള്‍ മുന്‍പ് മാജിക്ക്‌ പഠിച്ചിട്ടുണ്ടാവില്ലല്ലോ.

5) വിമന്‍സ്‌ കോളേജിനടുത്ത്‌ ഒരിക്കലും വീട്‌ വാങ്ങരുത്‌. നിങ്ങള്‍ക്ക്‌ നയനസുഖം തരുമെങ്കിലും നിങ്ങളുടെ വീട്ടുകാരുടെ വസ്ത്രാനുകരണം കൊണ്ട്‌ നിങ്ങള്‍ കുത്തുപാളയെടുക്കും. നിങ്ങളുടെ വീട്‌ ഫാഷന്‍ മാഗസില്‍ പോലെ ആവും.

6) നിങ്ങള്‍ ഒരു പ്രകൃതിസ്നേഹിയാണെങ്കില്‍ എത്രയും വലിയ വീട്‌ വാങ്ങണം. പല്ലി, എട്ടുകാലി, പാമ്പ്‌, പഴുതാര, തവള തുടങ്ങിയവര്‍ക്കും ഒരിടം ആവും.

7)ഏറ്റവും പ്രധാനപ്പെട്ട കാര്യം. വാങ്ങുന്ന വീട്‌ ബാറിന് എത്രയും അകലെ ആയിരിക്കുന്നുവോ അത്രയും നല്ലത്‌. കാരണം ബാറിന് അടുത്താണെങ്കില്‍ നിങ്ങള്‍ സ്മോളില്‍ തുടങ്ങി ലാര്‍ജ്‌ ആവുമ്പോഴേക്കും “ഓര്‍മ്മയുണ്ടോ ഈ മുഖം? നിങ്ങള്‍ക്കിപ്പോള്‍ ഓര്‍മ കാണില്ല....ല്ലല്ലല്ല(എക്കോ) എനിക്കറിയാം” എന്ന ഡയലോഗ്‌ എഴുതിപ്പിടിപ്പിച്ച നിങ്ങളുടെ വീട്ടുകാരിയുടെ മുഖം ബാറിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും.

8) നിങ്ങള്‍ വീട് വാങ്ങുന്ന കാര്യം പത്രത്തില്‍ കൊടുത്ത് അറിയിക്കുക. ലോണ്‍ തേടി അലയേണ്ടി വരില്ല. നിങ്ങളെ അന്വേഷിച്ച് നിങ്ങള്‍ ഉള്ളിടത്ത് വന്നോളും.

Thursday, May 25, 2006

ഇതാ ഒരമ്മ

അവന്‍ വന്നു. കൂടെ വന്നവരും വീട്ടില്‍ ഉണ്ടായിരുന്നവരും എന്തൊക്കെയോ പറയുന്നുണ്ട്‌. അമ്മ കേട്ടില്ല. ഒന്നും അറിയാന്‍ ശ്രമിച്ചുമില്ല. വന്നവരൊക്കെ തിരിച്ചുപോയതിനുശേഷം 'ചായ കുടിക്കൂ’, ‘കുളിക്കുന്നില്ലേ’ 'അത്താഴം തയ്യാറായി’, 'കഴിക്കാന്‍ വരൂ' ഇത്രയും വാക്കുകളാണ് ആ വീട്ടില്‍ ഉറക്കെ കേട്ടത്‌. വാക്കുകളൊക്കെ തടവറയില്‍ സുഖം കണ്ടെത്തിയ പോലെ. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജീവനില്ലാതെ പിടയ്ക്കേണ്ടി വരുന്ന അവസ്ഥയില്‍ വാക്കുകള്‍. അതുകൊണ്ട്‌ അവയെ തടവറയില്‍ത്തന്നെ തളച്ചിട്ടു.

വിധാതാവ്‌ ഒരു പക്ഷെ മറിച്ചൊന്നു ചിന്തിച്ചിരുന്നെങ്കില്‍, അവന്റെ കൂടപ്പിറപ്പ്‌, അല്ലെങ്കില്‍ അവന്റെ ഭാഗ്യം പോലെ അവന്റെ ഭാര്യ, അതുമല്ലെങ്കില്‍ അവനു മകളായി പിറക്കേണ്ടവള്‍. അങ്ങനെയൊരു ജന്മത്തെയാണ് കൂട്ടുകാരുമൊത്ത്‌ തകര്‍ത്തെറിഞ്ഞു വന്നിരിക്കുന്നത്‌.

ഓര്‍ക്കരുത്‌ ഒന്നും.

*********************
ഒരുപാടുനാളത്തെ ആലോചനയ്ക്ക് ശേഷം ആണ് മനസ്സിലെ വിധിയ്ക്ക്‌ തീര്‍പ്പുണ്ടായത്‌. ജന്മം കൊടുത്തവര്‍ക്ക്‌ എടുക്കാനും അധികാരമുണ്ടെന്ന് ഉറപ്പിച്ചു‌. ഇറച്ചിവെട്ടുകാരനുപോലും തോന്നാത്ത ക്രൂരത മനസ്സില്‍. അവനെ വെട്ടിയൊതുക്കുമ്പോള്‍ പക്ഷെ ഒന്നും ചിന്തിച്ചില്ല. ചോരയില്‍ കുളിച്ചുകിടക്കുന്ന ശരീര ഭാഗങ്ങള്‍ അമ്മേയെന്ന് വിളിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ വിലയില്ലാത്തൊരു വിളിയ്ക്ക്‌ കാതോര്‍ക്കരുത്‌.

ഒക്കെ തീര്‍ത്ത്‌, രക്തം പുരണ്ട ദേഹവും, സ്നേഹം വാര്‍ന്നൊലിച്ചുപോയ ഹൃദയവുമായി ആ അമ്മ ദൈന്യതയിലേക്ക്‌ നടന്നകന്നു.

വിജയത്തിന്റേയും പരാജയത്തിന്റേയും തീര്‍പ്പുകല്‍പ്പന വിധിയ്ക്ക്‌ വിട്ടുകൊടുത്ത്‌ കൊണ്ട്‌.

Tuesday, May 23, 2006

മണം

റോസാപ്പൂ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞത് പ്രണയത്തിന് പൂക്കളുടെ മണമാണ് എന്നായിരുന്നു. അവള്‍ക്ക് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. പരസ്പരം പറയുന്നത് വിശ്വസിച്ച് കൂട്ടുന്നതാണല്ലോ പ്രണയം.

ഒരുപാട് നാളുകള്‍ കഴിഞ്ഞ് പാരിജാതം വിരിപ്പിട്ട ഇരുന്ന് കഥ പറയുമ്പോള്‍ അവന്‍ മുഖം ചുളിച്ചു. ‘എനിക്കിതിന്റെ മണം മടുത്തു’. ‘ഇത് നമ്മുടെ പ്രണയമായിരുന്നെങ്കിലോ?’ അവളുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ അവന്‍ പോയി.

പിന്നെയും കുറേ നാളുകള്‍ക്ക് ശേഷം, ആശംസ പറഞ്ഞ് അവന് പൂക്കൂട നീട്ടിയപ്പോള്‍ അവള്‍ക്ക് പ്രണയത്തിന്റെ മണം അനുഭവപ്പെട്ടു. പക്ഷെ അതു തന്റേതല്ലെന്ന് അവള്‍ അറിഞ്ഞു. അവന്റേയും ജീവിതസഖിയുടേയും.

പിന്നേയും കുറേക്കാലങ്ങള്‍ക്ക് ശേഷം കല്ലറയ്ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന പൂവുകളില്‍ മഴയും കാറ്റും സൌഹൃദം പറയാന്‍ എത്തുമ്പോള്‍ അവള്‍ക്ക് അനുഭവപ്പെട്ടു, അവന്‍ പറയാറുള്ള പ്രണയത്തിന്റെ മണം. പക്ഷെ അതിന്, വാടിയ, ചീഞ്ഞ, പൂക്കളുടെ മണമാണെന്ന് അവള്‍ അറിഞ്ഞു.

Saturday, May 20, 2006

എന്താവും നിറം?

തെറ്റിദ്ധാരണയുടെ നിറം എന്തായിരിക്കും?

ചുവപ്പാണോ? ചോരയുടെ, വിപ്ലവത്തിന്റെ, ക്രോധത്തിന്റെ, ചുവപ്പ്‌?

നീലയാണോ? ആകാശത്തിന്റെ, ശാന്തതയുടെ, കടലിന്റെ, നീലയാണോ?

മഞ്ഞയാണോ? മുക്കുറ്റിപ്പൂവിന്റെ, കണ്ണന്റെ ചേലയുടെ, മഞ്ഞപ്പിത്തക്കാരുടെ കണ്ണിലെ മഞ്ഞയാണോ?

പച്ചയാണോ? ഗ്രാമത്തിന്റെ, പാര്‍ട്ടിക്കാരുടെ, കൃഷിയുടെ, പച്ചയാണോ?

കറുപ്പാണോ? ഇരുട്ടിന്റെ, കണ്ണുകളുടെ, കാര്‍മേഘത്തിന്റെ, കറുപ്പാണോ?

വെളുപ്പാണോ? ശൂന്യതയുടെ, വൈധവ്യത്തിന്റെ, സമാധാനത്തിന്റെ, വെളുപ്പാണോ?

ഉണ്ടെങ്കില്‍, പോവാന്‍ പ്രയാസമുള്ള, ഒരു നിറം ആവും എന്തായാലും.

തിളങ്ങുന്ന, മായാത്ത നിറം.

പോയാലും പോവാത്ത നിറം.

Thursday, May 18, 2006

വിശ്വാസ്യത

എന്തു ചെയ്യുന്നതും മറ്റുള്ളവര്‍ക്ക്‌ വിശ്വാസ്യമായ രീതിയില്‍ ചെയ്യണമെന്ന് അവള്‍ക്ക്‌ കുട്ടിക്കാലത്തേ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ സമയത്തിനു സ്കൂളില്‍ പോകുന്നുണ്ടെന്ന് അയല്‍ക്കാരെ കാണിക്കാന്‍ അവള്‍ വീട്ടിലെ ഓരോരുത്തരെയായി പേരെടുത്ത്‌ വിളിച്ചു യാത്ര പറയാറുണ്ടായിരുന്നു. "ന്റെ കുട്ട്യേ, നീയിങ്ങനെ കിന്നാരം പറയാതെ പോകാന്‍ നോക്ക്‌" എന്ന് കോലായില്‍ ഇരിക്കുന്ന മുത്തശ്ശി പറയുന്നത്‌ കേട്ടാലേ അവള്‍ പോകൂ. പിന്നെ കോളേജില്‍ ആയപ്പോഴും അവള്‍ പതിവു തുടര്‍ന്നു. വൈകുന്നേരം അവിടെയും ഇവിടെയും കറങ്ങി നടക്കുകയല്ല താനെന്ന് കാണിക്കാന്‍ ദീപാരാധന സമയത്ത്‌ അമ്പലത്തില്‍ ഹാജര്‍ വെക്കാനും അവള്‍ മറന്നില്ല. പഠിപ്പ്‌ കാരണം കിട്ടിയ ജോലിയാണെന്ന്, ജോലി കിട്ടിയപ്പോള്‍ അവള്‍ക്ക്‌ ആരേയും വിശ്വസിപ്പിക്കേണ്ടി വന്നില്ല. കാരണം ഉയര്‍ന്ന മാര്‍ക്കോടെ ഓരോ പരീക്ഷയും പാസ്സാവുന്നതിനു നാട്ടുകാര്‍ സാക്ഷികള്‍ ആയിരുന്നു.

ജോലി കിട്ടിയപ്പോഴാണ് ശീലം അവള്‍ക്ക്‌ തന്നെ പാരയായത്‌. വീട്ടില്‍ നിന്ന് വിട്ട്‌ നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഫ്ലാറ്റ്‌ കൂട്ടത്തിലെ ഒരു ഫ്ലാറ്റ്‌ ആണ് അവള്‍ക്ക്‌ കിട്ടിയത്‌. പക്ഷെ ജോലിത്തിരക്കിനിടയിലും പല കാര്യങ്ങളും ചെയ്ത്‌ അവള്‍ വിശ്വാസം നേടിയെടുത്തുകൊണ്ടിരുന്നു. പാചകം തനിക്കിണങ്ങും എന്ന് കാണിക്കാന്‍ ഫ്ലാറ്റില്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നവളില്‍ നിന്നു തന്നെ പച്ചക്കറി വാങ്ങിച്ചു. നാട്ടിനുപുറത്തെ വീട്ടില്‍പ്പോകാന്‍ കഴിയാത്ത ആഘോഷദിവസങ്ങളില്‍ മധുരം ഉണ്ടാക്കി എല്ലാവര്‍ക്കും കൊടുത്തു. തനിക്കും ഇതൊക്കെ ആഘോഷിക്കുന്നത്‌ ഇഷ്ടമാണെന്ന് തെളിയിച്ചു. പാലുകാരനേയും കേബിള്‍ ടി.വിക്കാരനേയും പൈസ വാങ്ങിക്കാന്‍ വരുന്ന സമയത്ത്‌ പുറത്ത്‌ തന്നെ നിര്‍ത്തി. അകത്ത്‌ വിളിച്ച്‌ കിന്നാരം പറയുന്നെന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നാതിരിക്കാന്‍. പുരുഷസുഹൃത്തുക്കള്‍ വരുമ്പോള്‍ വാതില്‍ തുറന്നിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന അയല്‍പക്കക്കാരോടും ഇടയ്ക്ക്‌ മിണ്ടി. സാമൂഹ്യമര്യാദ ഉണ്ടെന്ന് അറിയിച്ചു. വരാന്‍ വൈകുന്ന ദിവസങ്ങളില്‍ മിക്കവാറും രാവിലെത്തന്നെ വീട്ടിലെ ലൈറ്റ്‌ തെളിയിക്കണം, വരാന്‍ വൈകും എന്ന് ആരെയെങ്കിലും താക്കോല്‍ കൊടുത്ത്‌ പറഞ്ഞേല്‍പ്പിച്ചു. സംശയത്തിന്റെ കണ്ണുകള്‍ വൈകി ക്ഷീണിച്ച്‌ വന്നു കയറുമ്പോള്‍ കാണേണ്ടല്ലോ.

വണ്ടിക്കാളയെപ്പോലെ ജോലി ചെയ്ത്‌ മടുത്തു തുടങ്ങി അവള്‍. ജോലി വിടുന്നത്‌ മടുപ്പുകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു. എല്ലാവരോടും ജോലിയുടെ വിഷമവശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കി. ഇക്കാലത്ത്‌ ജോലി കിട്ടാന്‍ നെട്ടോട്ടം ഓടുമ്പോള്‍ അഹങ്കാരം കൊണ്ടാണു ജോലി ഉപേക്ഷിച്ചതെന്ന് ആരും കുറ്റം പറയരുതല്ലോ. എല്ലാവരേയും പറഞ്ഞ്‌ വിശ്വസിപ്പിച്ചുകൊണ്ട്‌ അവള്‍ ജോലി രാജി വെച്ചു. അങ്ങനെയങ്ങനെ ജീവിച്ചുകൊണ്ടിരുന്നു. പിന്നെ മടുത്തത്‌ ജീവിതം ആണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതും അക്കാരണം കൊണ്ടുതന്നെയാണ്. പലര്‍ക്കും കത്തുകള്‍ എഴുതിവെച്ചു. ജീവിതം മടുത്തത്‌ കൊണ്ടാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് അതില്‍ വ്യക്തമായി എഴുതിവെച്ചിരുന്നു. വിശ്വസിപ്പിക്കാന്‍ ഉതകുന്ന വാക്കുകളും ഉണ്ടായിരുന്നു. വെട്ടിപ്പൊളിക്കേണ്ട എന്ന് കരുതി വാതില്‍ തുറന്നിട്ടാണ് ആത്മഹത്യയ്ക്കൊരുങ്ങിയത്‌. പക്ഷെ ആത്മഹത്യ കഴിഞ്ഞ്‌ പരിശോധനയ്ക്കും തെളിവെടുപ്പിനും വന്ന പോലീസുകാരുടെ മുന്നില്‍ ഫ്ലാറ്റിലെ ആള്‍ക്കാര്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ അവളുടെ ആത്മാവ്‌ ഞെട്ടി. വാതില്‍ തുറന്നു കിടന്നത്‌ കൊണ്ട്‌ ഇത്‌ ആത്മഹത്യയാണെന്ന് അവരൊന്നും വിശ്വസിക്കുന്നില്ലെന്നും കൊലപാതകം ആകാന്‍ സാദ്ധ്യതയുണ്ടെന്നും കൂടുതല്‍ വിശദമായിട്ട്‌ അന്വേഷണം വേണമെന്നും അവര്‍ കൂട്ടായി ആവശ്യപ്പെട്ടു.

Wednesday, May 17, 2006

ഇന്നെന്താ വിശേഷം!

ഇലയൊന്നെടുത്ത്‌ കുടഞ്ഞു. ഇല്ലാത്ത വെള്ളം കളഞ്ഞു. നേരെ വെച്ചു,വിഭവങ്ങള്‍ ഓരോന്നായി വിളമ്പിയെടുത്തും വിളമ്പിച്ചും ഇരുന്നു. ചോറു വിളമ്പി. നെയ്യും പരിപ്പും കൂടെ.
നെയ്യും പരിപ്പും പപ്പടവും എടുത്ത്‌ കൂട്ടിക്കുഴച്ച്‌ ഉരുളയാക്കി വായിലേക്കിട്ടു. അതുകഴിഞ്ഞ്‌ സാമ്പാര്‍ വിളമ്പി. ഇടത്‌ വശത്ത്‌ താഴെയിരിക്കുന്ന പച്ചടി കൂട്ടി സാമ്പാര്‍ കൂട്ടി ചോറടിച്ചു. പപ്പടവും വറുത്തുപ്പേരിയും ഇടയ്ക്ക്‌ പ്രയോഗിച്ചു. അതു കഴിഞ്ഞ്‌ കാളന്‍ വിളമ്പിച്ചു. പച്ചടിയുടെ മുകള്‍ ഭാഗത്തിരിക്കുന്ന കടുമാങ്ങയും പുളിയിഞ്ചിയും തൊട്ട്‌ കൂട്ടി. ഇലയുടെ മുകള്‍ഭാഗത്ത്‌ മദ്ധ്യഭാഗത്തായിരിക്കുന്ന ഓലന്‍ കണ്ടപ്പോള്‍ മുഖം പതിവുപോലെ ഒന്നു ചുളിഞ്ഞു. അതിലെ മമ്പയര്‍ എടുത്ത്‌ വായിലിട്ടു. കാളനും കൂട്ടി ചോറടിച്ചു. ഇലമുകളില്‍ വലതുവശത്തിരിക്കുന്ന എരിശ്ശേരിയില്‍ കൈവച്ചു. കുറച്ചുണ്ടു. പിന്നെ തോരനും അവിയലും കൂട്ടിയെടുത്ത്‌ ഒന്നുകൂടെ ഉണ്ടു. ചോറു കഴിഞ്ഞപ്പോള്‍ പാലട വിളമ്പിക്കൊടുത്തപ്പോള്‍ ഒന്ന് മുഖമുയര്‍ത്തി നോക്കി. പാലട കഴിഞ്ഞ്‌ കുറച്ച്‌ രസം കുടിച്ചു. അതുകഴിഞ്ഞ്‌ മോരു കൂട്ടി ഉണ്ടു. ബാക്കിയുള്ള വറുത്തുപ്പേരി എടുത്തു തിന്നുകൊണ്ട്‌ ‘ഇനിയിപ്പോ വയ്യ. പായസം കുറച്ചുകഴിഞ്ഞ്‌ ഒന്നുകൂടെ ആവാം’ എന്ന് പറഞ്ഞു. കൈകഴുകിത്തുടച്ച്‌ വരുമ്പോള്‍ ഓര്‍മ വന്നതു പോലെ ചോദിച്ചു. ഇന്നെന്താ വിശേഷം.!!!!!!!

Monday, May 15, 2006

കറക്കം

വെറുതെ ഒരു ജോലിയുമില്ലാതിരിക്കുമ്പോഴാണല്ലോ, എന്തെങ്കിലും ചെയ്തുകളയാമെന്ന് തോന്നുക. അന്ന് എനിക്കും തോന്നിയത്‌ അതു തന്നെയാണ്. ഞാന്‍, യുദ്ധമേഖലയിലേക്ക്‌ കുതിക്കുന്ന പട്ടാളത്തെപ്പോലെ, ടി.വി.യും നോക്കി ഇരിക്കുന്ന ചേട്ടനരികിലേക്ക്‌ ഓടി. സമയം കളയരുതല്ലോ.

“ചേട്ടാ...”

തോട്ടപൊട്ടിയ കുളത്തിലെ മീനിനെപ്പോലെ ചേട്ടന്‍ ഞെട്ടിത്തെറിച്ചു.

"എന്താ"

"നമുക്കെവിടെയെങ്കിലും കറങ്ങാന്‍ പോയാലോ?"

"ഉം. പക്ഷെ എവിടെ?"

"എവിടെയെങ്കിലും"

"ഉം എന്നാ റെഡി ആയ്ക്കോ".

റെഡി ആയി ഇറങ്ങിത്തിരിച്ചു. ജ്യൂസുകടയ്ക്കരികിലെ ഈച്ചകളെപ്പോലെ കറങ്ങിക്കറങ്ങി ഐസ്‌ക്രീം കടയ്ക്ക്‌ മുമ്പിലെത്തി. ബെല്ലടിച്ചതിനു ശേഷം സ്കൂളില്‍ എത്തുന്ന അദ്ധ്യാപകനെപ്പോലെ തിരക്കിട്ട് ഞാന്‍ കടയ്ക്കുള്ളിലേക്ക്‌ ഓടിക്കയറി, ഇരുപ്പുറപ്പിച്ചു. ഒരു മിനുട്ട്‌ വൈകിയിരുന്നെങ്കില്‍ ചേട്ടന്‍ മുന്നോട്ട്‌ നടത്തം തുടരും എന്നെനിയ്ക്കറിയാം. നിവൃത്തിയില്ലാതെ ചേട്ടനും വന്ന് എനിയ്ക്കെതിരെ ഇരുപ്പുറപ്പിച്ചു. വെയിറ്റര്‍ വന്ന്, ഇരുമ്പുപണിക്കാരന്‍ ഇരുമ്പിനടിക്കുന്നതുപോലെ, ടക്‌ ടക്‌ എന്ന് ഒച്ചവരുത്തി വെള്ളഗ്ലാസ്സുകളും മെനു കാര്‍ഡും കൊണ്ടുവെച്ചു. 'എന്താ വേണ്ടത്‌ തടിയാ, എന്താ വേണ്ടത്‌ തടിച്ചീ' എന്നുള്ള മട്ടില്‍ ഞങ്ങളെ മാറിമാറി നോക്കി, നോട്ടം എന്നില്‍ ഉറപ്പിച്ചു. ഞാനായിരിക്കും ഓര്‍ഡര്‍ ചെയ്യുക എന്ന് അവനുറപ്പിച്ച പോലെ. ഞാന്‍ മെനുകാര്‍ഡ്‌ എടുത്ത്‌ പത്രത്തിലെ ചരമകോളം വായിക്കുന്ന അതേ ശുഷ്കാന്തിയോടെ വായിച്ചു. എന്റെ പേരുണ്ടോന്ന് നോക്കണമല്ലോ. എന്നിട്ട്‌ ഒരു സ്പെഷല്‍സാധനം കണ്ടുപിടിച്ച്‌, ഇതൊക്കെ ഞാനെത്ര തിന്നതാ എന്ന മട്ടില്‍ ഓര്‍ഡര്‍ ചെയ്തു. അവന്‍ പോയി.

ചേട്ടന്‍ മിടുക്കനായി ഇരിക്കുന്നുണ്ട്‌. ഇരിക്കും. കാരണം മണ്‍പാത്രക്കാരന്‍ മണ്ണ് തിരിച്ച്‌ പാത്രം ഡിസൈന്‍ ചെയ്യുന്ന സ്റ്റൈലില്‍ വെള്ളത്തിന്റെ ഗ്ലാസ്‌ തിരിച്ച്‌ ഗ്ലാസിലെ വെള്ളം ഇതിനുമുന്‍പ്‌ രണ്ട്‌ പ്രാവശ്യം എന്റെ മേലൊഴിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഗ്ലാസ്‌ തൊട്ടുപോകരുത്‌...., ഇനി ആവര്‍ത്തിച്ചാല്‍.... എന്നൊക്കെയുള്ള ഡയലോഗ്‌ ചേട്ടന്റെ ഓര്‍മ്മയില്‍ ഞാന്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്‌. പിന്നെ, ചേട്ടന്‍ ഹോട്ടലില്‍ നിന്ന് വെള്ളം കുടിക്കാറില്ല. വെള്ളത്തിന്റെ ഗ്ലാസ്സ്‌ തൊട്ടാല്‍ അതെന്റെ മേല്‍ തൂവാന്‍ ആണെന്ന് അറിയാം.

ഞങ്ങള്‍ കുറച്ച്‌ ലോകകാര്യങ്ങളൊക്കെപ്പറഞ്ഞ്‌, ( ഒസാമയെ ബുഷ്‌ കാണുന്നതോ, സു വിനെ ബ്ലോഗ്ഗേര്‍സ്‌ കാണുന്നതോ ആദ്യം സംഭവിക്കുക, ചിന്താമണിക്കൊലക്കേസ്‌ എന്ന സിനിമ കണ്ടിട്ട്‌ ഒന്നും മനസ്സിലാവാത്തതുകൊണ്ട്‌ അതൊന്നു മനസ്സിലാക്കും എന്ന വാശികൊണ്ടാണോ അതിനു ഇത്രേം തിരക്ക്‌, മുതലായവ) തീരുമ്പോഴേക്കും ഐസ്ക്രീം എത്തി. നീണ്ടുമെലിഞ്ഞ്‌ ഐശ്വര്യയെപ്പോലെ ഒരു സ്പൂണും. മുകളില്‍ ഒരു ചെറിപ്പഴം വെച്ചിട്ടുണ്ടായിരുന്നു. ഞാനത്‌ ഡോക്ടര്‍ രോഗിയുടെ ചെവിച്ചെപ്പി തോണ്ടുന്ന സ്റ്റെയിലില്‍ എടുത്തപ്പോള്‍ അത്‌ അടിയിലെ പ്ലേറ്റില്‍ വീണു. അതെനിക്ക്‌ വല്യ ഇഷ്ടം ഒന്നുമില്ല. എന്നാലും കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസയ്ക്കൊരു വില വേണ്ടേ. അതുകൊണ്ട്‌ ചുറ്റും നോക്കി അത്‌ കൈകൊണ്ട്‌ എടുത്ത്‌ വായിലിട്ടു. പിന്നെ ആ സ്പെഷല്‍ ഐസ്ക്രീം കഴിക്കാന്‍ തുടങ്ങി. ഈ ഐശ്വര്യാറായ്‌ സ്പൂണിനു പകരം ഷക്കീലാസ്റ്റൈല്‍ സ്പൂണ്‍ തന്നിരുന്നെങ്കില്‍ ഇതുപോലെ രണ്ടെണ്ണം ഞാനിപ്പോള്‍ കഴിച്ചു തീര്‍ന്നേനെ എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ നോക്കി.

തീറ്റ പുരോഗമിച്ചുകൊണ്ടിരുന്നു. ഉണക്കമുന്തിരി (ഫ്രിഡ്ജില്‍ അഥവാ ഫ്രീസറില്‍ തുറന്നിട്ടത്‌) കടിച്ചതും പല്ല് രണ്ടെണ്ണം, മധുവിധു ദമ്പതിമാരെപ്പോലെ, പിരിയില്ല നാം.... ഒരുകാലവും എന്ന മട്ടില്‍ ഒട്ടിപ്പിടിച്ചു. നാവുകൊണ്ട്‌ ആവുന്നത്ര നോക്കി. രക്ഷയില്ലാ...ചേട്ടന്റെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ അവിടെയും തഥൈവ എന്ന് മനസ്സിലായി. ഭാഗ്യം, ദേഷ്യപ്പെടാന്‍ പറ്റില്ലല്ലോന്ന് വിചാരിച്ചു. ഒരുവിധത്തില്‍ ആ ഉണക്കമുന്തിരിയെ പല്ലില്‍ നിന്ന് രക്ഷപ്പെടുത്തി ആമാശയത്തിലേക്കയച്ചു. ഇതെങ്ങാന്‍ പെണ്ണു കാണാന്‍ വരുന്ന ചെറുക്കനു കൊടുത്താല്‍ അവന്റെ സ്ഥിതിയെന്താവും എന്ന് ഞാനോര്‍ത്തു. ചോദിക്കാന്‍ വെച്ചിരുന്ന ചോദ്യമൊക്കെ ഉണക്കമുന്തിരിയുമായുള്ള യുദ്ധത്തില്‍ മറന്നുപോകും. അങ്ങനെ ഒരു വിധം ആ സ്പെഷല്‍ കഴിച്ചു തീര്‍ന്നു. ബില്ലു കൊണ്ടുവന്നപ്പോള്‍ ഇതിനു ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തില്ലല്ലോന്നൊരു നോട്ടം അവനെ നോക്കി.

അങ്ങനെ അവിടെ നിന്നിറങ്ങി. ഇനി എങ്ങോട്ട്‌ എന്ന ഇന്ത്യാരാജ്യത്തിന്റെ ചിന്തയിലെ അതേ ചോദ്യമുള്ള നോട്ടം ചേട്ടന്‍ എന്നെ നോക്കി. സിനിമ തന്നെ ആയിക്കോട്ടെ എന്ന് വെച്ചു. പോയി ടിക്കറ്റ്‌ എടുക്കുമ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു. സ്ക്രീന്‍ കാണാന്‍ പാകത്തില്‍ രണ്ട്‌ സീറ്റുറപ്പിച്ചു. സിനിമ തുടങ്ങി കുറേക്കഴിഞ്ഞ്‌ ഒരാള്‍ ഇരുട്ടില്‍ പരതിപ്പരതി വന്നു. ഞങ്ങളുടെ മുന്നില്‍ ഒരു സീറ്റുണ്ട്‌. അതു കാണാതെ പിന്നിലേക്കു വരുന്നു, ആ അഭിനവ കുടിയന്‍. ഞാന്‍ കോവൈ സരളാ സ്റ്റൈലില്‍ ഒരു ഒച്ചയുണ്ടാക്കിയതും അയാള്‍ ഞെട്ടിപ്പോയി. ഒരു സഹായത്തിനെന്നോണം മുന്നിലെ സീറ്റില്‍ പിടിച്ചു. പിന്നെ അതൊഴിവാണെന്നു കണ്ട്‌, അതില്‍ ഇരുന്നു. വഴീക്കൂടെ പോകുന്ന പേപ്പട്ടിയെ വീട്ടില്‍ വിളിച്ചു കെട്ടിയിട്ട സ്ഥിതി ആയി. ട്രാഫിക്‍ജാമില്‍ വല്യവാഹനങ്ങള്‍ക്ക്‌ പുറകെപ്പെട്ട സ്ക്കൂട്ടിയെപ്പോലെ ആയി കാര്യം. മുന്നോട്ട്‌ ഒന്നും കാണുന്നില്ല, ഇയാളുടെ തലയല്ലാതെ. ചേട്ടനും ശരിക്കു കാണുന്നില്ലെന്ന് ആ ഞെളിപിരിയലില്‍ നിന്ന് മനസ്സിലായി. സയാമീസ്‌ ഇരട്ടകളെപ്പോലിരുന്ന ഞങ്ങള്‍ തല മാത്രം രണ്ട്‌ സൈഡിലേക്ക്‌ വെച്ച്‌ ഇരട്ടത്തലയന്‍ തെങ്ങുപോലിരുന്ന് സിനിമ കണ്ടു. തീര്‍ന്നതും അന്നത്തെ കറക്കത്തിനു ഫുള്‍ സ്റ്റോപ്പിട്ട്‌ വീട്ടിലേക്ക്‌ വിട്ടു.

Sunday, May 14, 2006

ആശംസകള്‍ അമ്മമാരേ...

'മമ്മീ...'

'പിന്റൂ നിന്നോട്‌ പറഞ്ഞത്‌ മനസ്സിലായില്ലേ?'

പിന്റു ഒന്നും മിണ്ടാതെ മമ്മിയുടെ മേക്കപ്പ്‌ വേല നോക്കിക്കൊണ്ടിരുന്നു.

'വരാന്‍ ആവില്ലാന്ന് പലവട്ടം പറഞ്ഞില്ലേ.'

'പക്ഷെ മമ്മീ... ആന്വല്‍ഡേയ്ക്ക്‌ എല്ലാവരുടേം ഡാഡിയും മമ്മിയും വരും. ഇതിപ്പോ ഡാഡി ഇവിടില്ല. മമ്മിയും കൂടെ വരാതിരുന്നാല്‍ എങ്ങനെയാ?'

'ഇന്ന് വൈകീട്ട്‌ ഡോഗ്‌ഷോ ഉണ്ടെന്ന് നിന്നോട്‌ എപ്പോഴേ പറഞ്ഞതാ. അത്‌ വിട്ടുകളയാന്‍ ആവില്ല. അവിടിപ്പോ അന്വേഷിച്ചാലും സാരമില്ല. അവര്‍ക്കൊക്കെ അറിയാമല്ലോ നിന്റെ മമ്മിയും ഡാഡിയും തിരക്കിലാണന്ന്. ഒന്നു പോ. എനിക്ക്‌ തിരക്കുണ്ട്‌. സ്കൂള്‍ബസ്‌ വരും ഇപ്പോള്‍. പോകാന്‍ നോക്ക്‌.’

വിഷമിച്ച്‌ ഗേറ്റിനടുത്തേക്ക്‌ നടക്കുമ്പോള്‍ കൂട്ടിലേക്ക്‌ നോക്കിയപ്പോള്‍ അവനു നല്ല ദേഷ്യം വന്നു.


*********************************

ജാനു ജോലികള്‍ ഓരോന്നായി തീര്‍ത്തുകൊണ്ടിരുന്നു. തീര്‍ന്നിട്ടും തീരാത്ത ജോലികള്‍. കൊച്ചമ്മ വന്നിട്ട്‌ വേണം ഒന്നിറങ്ങിപ്പോകാന്‍. പതിവും അതു തന്നെ. കൊച്ചമ്മയ്ക്കു തിരക്കുള്ള ദിവസമാണെങ്കില്‍ തനിയ്ക്കും തിരക്കു തന്നെ. എന്തോ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞിരുന്നു. സാധാരണദിവസങ്ങളില്‍ സാരമില്ല. ഇന്ന് രാമുവിന്റെ പിറന്നാള്‍ ആണ്. സ്കൂളില്‍ പോകുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട്‌ മാത്രമാണു താനും ജോലിയ്ക്കിറങ്ങിയത്‌. വന്ന് വിശപ്പുമായി ഇരിക്കുന്നുണ്ടാവും. അമ്പലത്തിലും കൂടെച്ചെല്ലാമെന്ന് ഏറ്റിട്ടുണ്ട്‌. ജോലിയാണെങ്കില്‍ തീരുന്നുമില്ല. കൊച്ചമ്മയുടെ കാറിന്റെ ശബ്ദം കേട്ടപ്പോഴേക്കും ജാനു ഒരുവിധം ജോലിയൊക്കെ തീര്‍ത്തിരുന്നു. കൊച്ചമ്മയോട്‌ യാത്ര പറഞ്ഞ്‌ ഭക്ഷണപ്പൊതിയുമായി ഇറങ്ങി. ഇവിടെ ജോലിയ്ക്ക്‌ ഒരു വിഷമവും ഇല്ല. ഭക്ഷണം ഉണ്ടെങ്കില്‍ വേണ്ടത്‌ എടുക്കുന്നതില്‍ കൊച്ചമ്മയ്ക്കും പരാതിയില്ല. ഇറങ്ങിയതും വാടിയ കുഞ്ഞുമുഖം മനസ്സിലോര്‍ത്ത്‌ ജാനു ഓടുകയായിരുന്നു. വഴി മുറിച്ച് കടക്കുമ്പോള്‍ ബൈക്ക് തട്ടിയിട്ട് ആശുപത്രിയില്‍ കണ്ണുമിഴിച്ച ജാനു ആദ്യം പറഞ്ഞത് ‘എനിക്കെന്തായാലും സാരമില്ല, വീട്ടിലെത്തിയാല്‍ മതി, മോന്‍ വിഷമിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു.

മക്കളേക്കാളും പട്ടിയെ വലുതായിട്ട് കാണുന്ന അമ്മമാരും, സ്വന്തം ജീവനേക്കാളും വലുതായിട്ട് മക്കളെ കാണുന്ന അമ്മമാരും.

വ്യത്യസ്തമായ ലോകം!!!


മാതൃദിനത്തില്‍, മക്കളെ സ്നേഹിക്കുന്ന, ലോകമെമ്പാടുമുള്ള, എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.

ഉം.....പാട്ട്....

“നൂറുസരി ഹേളിതരു നന്‍ ആസെ തീരൊല്ലാ,
ജന്മപൂര്‍ത്തി ഹാഡിതരു നന്‍ ബദുവെ മുഗിയൊല്ലാ...
അമ്മാ അമ്മാ അമ്മാ ഐ ലവ് യൂ.”

Friday, May 12, 2006

വഴക്കിന്റെ വഴി

ഇലക്ട്രിസിറ്റിക്കാരുടെ പവര്‍ക്കട്ടിനേക്കാള്‍ കൃത്യനിഷ്ഠമായിട്ടായിരുന്നു അവരുടെ വഴക്ക്‌. ഞായറാഴ്ച പവര്‍ക്കട്ടിനു ഒരു ഒഴിവുണ്ട്‌. വഴക്കിനു അതും ഇല്ല.

അന്നു പുലര്‍ന്നപ്പോള്‍ അവള്‍ തീരുമാനിച്ചു. ഇന്നു വഴക്കില്ല. അവനും തീരുമാനിച്ചുകാണും.

ഉച്ചയായി, വൈകുന്നേരമായി, രാത്രിയായി. വഴക്കുണ്ടായില്ല.

അത്താഴം കഴിഞ്ഞ്‌ ജോലിയൊതുക്കി കിടപ്പറയിലെത്തി മുടി മാടിയൊതൊക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി അവളൊന്നു പുഞ്ചിരിച്ചു. വഴക്കില്ലാത്ത ദിവസത്തെ ഓര്‍ത്ത്‌.

അടുത്ത നിമിഷം കറന്റ്‌ പോയി. കൊതുക്‌ മൂളാന്‍ തുടങ്ങി.

കൊതുകുതിരി തിരഞ്ഞിട്ടൊന്നും കാണാത്തതിനെച്ചൊല്ലി അവര്‍ വഴക്കാരംഭിച്ചു.

Wednesday, May 10, 2006

പാവം ബ്ലോഗുകള്‍

മനുഷ്യമനസ്സിലേക്ക്‌ ചിന്തയ്ക്ക്‌ സ്ഥാനം കൊടുത്തുകൊണ്ടും അറിവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും എത്തിച്ചേരുന്നത്‌ മാദ്ധ്യമങ്ങള്‍ ആണ്. അതില്‍ പത്രങ്ങളും ടി.വി ചാനലുകളും ഒരു പരിധിവരെ ബ്ലോഗുകളും വിജയം കൈവരിച്ചുകൊണ്ട്‌ നില്‍ക്കുന്നു. പത്രങ്ങള്‍ ചാനലുകളേക്കാള്‍ പഴക്കം ചെന്ന വാര്‍ത്തകള്‍ ആണ് കൊണ്ടുവരുന്നതെങ്കിലും പത്രങ്ങളെ ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. ചാനലുകള്‍ അപ്പപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണിച്ച്‌ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. ചില വാര്‍ത്തകള്‍, കണ്ടിരിക്കുന്നവരെ രോഷാകുലരും ആക്കിത്തീര്‍ക്കുന്നു. വാര്‍ത്തകളെ സത്യം സത്യമായിട്ട്‌ കാണിക്കുന്നതിലും ചാനലുകാര്‍ കുറേയൊക്കെ വിജയിക്കാറുണ്ട്‌.

ബ്ലോഗുകളിലും വാര്‍ത്തകളും വര്‍ത്തമാനങ്ങളും ഒക്കെയാവാം. പക്ഷെ സമകാലീന സംഭവങ്ങള്‍ തുറന്നുകാട്ടുന്നതില്‍ പത്രങ്ങളും ചാനലുകളും നേടുന്ന വിജയം ബ്ലോഗിനു നേടാന്‍ കഴിയില്ല എന്നത്‌ ബ്ലോഗുകളുടെ ഒരു പോരായ്മയാണ്. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും അധികാരമുണ്ട്‌, പിന്‍ബലമുണ്ട്‌. ബ്ലോഗുകള്‍ക്ക്‌ അതുണ്ടോ? നല്ലതായാലും ചീത്ത ആയാലും വാസ്തവം ആയാലും സമൂഹത്തിലെ കാഴ്ചകള്‍ അതേ പടി പകര്‍ത്തിയാലും ബ്ലോഗില്‍ വിമര്‍ശനം അപ്പപ്പോള്‍ ഉറപ്പ്‌. പത്രത്തില്‍ വരുന്ന സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്കായി ദിവസവും രാവിലെ പൂമുഖവാതിലും തുറന്നുവെച്ച്‌ ആകാംക്ഷയില്‍ ഇരിക്കുന്ന വായനക്കാര്‍ക്ക്‌ വേണ്ടി പത്രക്കാര്‍ക്ക്‌ എന്തു വേണമെങ്കിലും അടിച്ചിറക്കി അയയ്ക്കാം, വായിപ്പിക്കാം. വാസ്തവമല്ലെങ്കില്‍ക്കൂടെ എത്രയാള്‍ പ്രതികരിക്കും? ചാനലുകാര്‍ക്കും ഏകദേശം ഇതൊക്കെ തന്നെ നടത്താം. പക്ഷെ ബ്ലോഗില്‍ അങ്ങനെയൊന്നു പറ്റില്ല. ബ്ലോഗ്‌ വായനക്കാര്‍ തന്നെ രണ്ട്‌ പക്ഷം ആവും. എഴുതിയ ആള്‍ മൂന്നാം പക്ഷവും.

പത്രങ്ങള്‍ സമൂഹത്തിനു വേണ്ടി നല്ല കാര്യം വല്ലതും ചെയ്യുന്നുണ്ടോന്ന് ചോദിച്ചാല്‍ ആര്‍ക്കും പെട്ടെന്നൊരുത്തരവും ഉണ്ടാകില്ല. വാര്‍ത്തകള്‍ ഇപ്പോള്‍ ടി.വി. യില്‍ കാണാമല്ലോ. ലൈവ്‌ ആയിട്ട്‌ പോലും. ജനങ്ങള്‍ക്ക്‌ വേണ്ടി പത്രങ്ങളും ചാനലുകളും പ്രത്യേകിച്ച്‌ എന്താണു ചെയ്യുന്നത്‌? അവരുടെ ലാഭേച്ഛയില്‍ കാര്യങ്ങള്‍ നീക്കുന്നു അത്ര മാത്രം. കുറെ പരസ്യങ്ങളും കാണിച്ച്‌ ലാഭമുണ്ടാക്കുന്നു, അതിനിടയില്‍ കുറച്ച്‌ വാര്‍ത്തകളും ജനങ്ങള്‍ക്ക്‌ കിട്ടുന്നു. പിന്നെ, വല്ല അപകടവും വരുമ്പോള്‍ ഫണ്ടുപിരിവും നടത്തി ഞങ്ങളിത്ര ഉണ്ടാക്കി നിങ്ങളെത്ര ഉണ്ടാക്കി എന്ന മട്ടില്‍ ലേലം വിളി നടത്തുന്നു. പിന്നെ അവാര്‍ഡ്‌ വാങ്ങി പത്രത്തിന്റെ മൂല്യം കൂട്ടാന്‍ കൊണ്ടുപിടിച്ച്‌ ഫീച്ചറുകള്‍ക്കുള്ള വക കണ്ടെത്തുന്നു. സമൂഹത്തിനു നേരെ തുറന്നുപിടിച്ച കണ്ണും കണ്ണാടിയും എന്നൊക്കെയുള്ള സങ്കല്‍പം തന്നെ മാറി. പത്രക്കാരും ചാനലുകാരും തമ്മിലുള്ള മത്സരത്തില്‍ വായനക്കാരും കാണികളും അറിയാതെ പങ്കെടുക്കുന്നു അത്ര മാത്രം.

ബ്ലോഗുകളില്‍ ഓരോരുത്തരുടേയും സ്വന്തമായ സ്വതന്ത്രമായ ചിന്താഗതികള്‍ പങ്കുവെക്കാം എന്നൊക്കെപ്പറയും.പക്ഷെ ആ സ്വാതന്ത്ര്യത്തിനു പരിധിയുണ്ട്‌. പ്രൈവറ്റ്‌ ഹോസ്പിറ്റലുകാരുടെ പണം പിടുങ്ങലിനെപ്പറ്റിയോ, "മേടിക്കല്‍" ഡോക്ടര്‍മാരുള്ള മെഡിക്കല്‍കോളേജുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചോ, സ്ഥാപനങ്ങളുടെ ആദ്യം കൂലി പിന്നെ വേല എന്ന നയത്തെപ്പറ്റിയോ, റെയില്‍വേക്കാരുടെ കാത്തിരുന്ന് കാത്തിരുന്ന് നിങ്ങള്‍ "ലേറ്റ്‌" ആയി മാറൂ എന്ന ചിന്താഗതിയെപ്പറ്റിയോ ഒക്കെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ തികച്ചും വാസ്തവികമായ, ജനങ്ങള്‍ക്ക്‌ അറിയാന്‍ അത്യാവശ്യമായ കാര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി എഴുതാന്‍ ഒരു ബ്ലോഗര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടോ? ഇല്ല. അവിടെയാണ് പത്രങ്ങളും ബ്ലോഗുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. പത്രങ്ങള്‍ക്ക്‌ എന്തും എഴുതിപ്പിടിപ്പിക്കാം. അടുത്ത ദിവസം അതേ കോളത്തില്‍, തിരുത്ത്‌, ഖേദിക്കുന്നു, പത്രാധിപര്‍ എന്നും പറഞ്ഞ്‌ കൈകഴുകാം. സത്യസന്ധമായ വിവരങ്ങള്‍ പോലും എഴുതാന്‍ ഒരു ബ്ലോഗര്‍ക്ക്‌ പക്ഷെ സ്വാതന്ത്ര്യമില്ല, അവകാശമില്ല. പത്രം ഒരു പ്രസ്ഥാനം ആണ്. ബ്ലോഗ്‌ വെറും ഒരു മഴത്തുള്ളിയും. അതും ചേമ്പിലയില്‍ വീണത്‌. ചേമ്പിലയ്ക്കനുസരിച്ച്‌ അതിന്റെയും ഗതി മാറും.

ബ്ലോഗില്‍ വാസ്തവം എഴുതിയാല്‍ തന്നെ എത്ര ജനങ്ങള്‍ അത്‌ വായിക്കും, എന്നൊക്കെയുള്ള വിചാരം കൊണ്ട്‌ നമുക്ക്‌ തൃപ്തിപ്പെടാം. പണ്ട്‌ ചാനലുകള്‍ വന്നപ്പോഴും പലരും ചോദിച്ചത്‌ ഇത്‌ തന്നെയാണ്. ഇപ്പോള്‍ ജനങ്ങള്‍ ചാനലുകള്‍ മാറി മാറി നോക്കി തൃപ്തികരമായത്‌ കണ്ടറിയുന്നു. അതുപോലെ ബ്ലോഗുകളും എല്ലാ വീട്ടിലേക്കും കടന്നു ചെല്ലുന്ന ഒരു ദിവസം ഉണ്ടാവില്ലെന്ന് പറയാന്‍ പറ്റുമോ? ലാഭേച്ഛ നോക്കിയുള്ളത്‌ അല്ലാത്തതുകാരണം ആത്മാര്‍ഥത കൂടുതല്‍ പ്രതീക്ഷിക്കാനും സാധിക്കും എന്ന് തോന്നുന്നു.

നിങ്ങള്‍ എനിക്കു ധൈര്യം തരൂ, സത്യസന്ധമായ വാര്‍ത്തകള്‍ പകരം തരാം എന്നത്‌ ഒരു പരസ്യവാചകം പോലെ ഇരുന്നോട്ടെ. രണ്ടും ഒരുമിച്ചു നടന്നാലേ ഗുണമുള്ളൂ. നിങ്ങള്‍ക്ക്‌ ആവില്ല, എനിക്കും.

അതുകൊണ്ട്‌ പുലര്‍ച്ചെ പത്രങ്ങള്‍ക്കായി കാത്തിരിക്കാം.

അതുകഴിഞ്ഞ്‌ ടി. വി. ചാനലുകള്‍ മാറി മാറി കാണാം.

സീരിയല്‍ കണ്ട്‌ കരഞ്ഞുപിഴിയാം.

ലൈവ്‌ പ്രോഗ്രാമുകളിലേക്ക്‌ ഫോണ്‍ ചെയ്യാം.

ക്രിക്കറ്റ്‌ കാണാം, കിടന്നുറങ്ങാം.

നാടോടുമ്പോള്‍ നാണം കെട്ടോടാം.


വാര്‍ത്തകള്‍ അറിഞ്ഞിട്ട്‌ ലോകം നന്നാവുന്നുണ്ടോന്ന് സമയം കിട്ടുമ്പോള്‍ സ്വയം ചോദിച്ച് ആശ്വസിക്കാം.


(ഈ പോസ്റ്റ് സുവിനെ വഴക്കു പറയുന്ന എല്ലാ അനോണികള്‍ക്കും വേണ്ടി ചുമ്മാ ഡെഡിക്കേറ്റ് ( ചാനല്‍ ഭാഷ ) ചെയ്യുന്നു.)

"हे अजनबी तू भी कभि
आवास दे कही से"

Sunday, May 07, 2006

അല്ല ഇതാര് ?

ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതിവെച്ചൂ...
തൊഴുതുമടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതോ ദേവനെ തേടി വന്നൂ...
മാറണിക്കച്ച കവര്‍ന്നൂ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നൂ...
ആ..ആ..ആ...അയ്യോ...അയ്യോ..അയ്യയ്യോ....

ഗാനമേള കഴിഞ്ഞു ,ഗായകനോട് കേള്‍വിക്കാര്‍ ചോദിച്ചു ആ അവസാന വരിയില്‍ ആ... എന്നുള്ളതില്‍ അയ്യോ അയ്യോ എന്നൊന്നും ഇല്ലല്ലോ, പിന്നെ നിങ്ങള്‍ എന്താ അങ്ങനെ പാടിയതെന്ന്. അത് പാടുന്ന എനിക്കല്ലേ അറിയൂ. കടിക്കുന്ന കട്ടുറുമ്പിന് അറിയില്ലല്ലോ എന്ന് ഗായകന്‍.

നിങ്ങളെല്ലാവരും കുറച്ചു ദിവസമായി സ്വര്‍ഗത്തില്‍ ആയിരുന്നു എനിക്കറിയാം. സ്വര്‍ഗമാവുമ്പോള്‍ കട്ടുറുമ്പും വരും. അതുകൊണ്ടല്ലേ ഞാന്‍ വന്നത്. (ഞാന്‍ പിന്നേം വന്നത് ). എല്ലാവരും മഹത്തായ കൃതികള്‍ മാത്രം വായിച്ച് ആഹ്ലാദപുളകിതരായി ഇരുന്നുല്ലസിക്കയാണെന്ന് എനിക്കറിയാം. അതുകൊണ്ട് ഇനി കുറച്ച് ഫ്ലോപ്പുകളും വായിക്കൂ. ( an(t)ony പറഞ്ഞല്ലോ സു ഒക്കെ ഫ്ലോപ്പ് എഴുതും എന്ന്).

ഉം... പിന്നെ ഒഴിവുകാലം നന്നായി ആഘോഷിച്ചു. രസതന്ത്രം എന്ന ലാലേട്ടന്‍ ചിത്രം കണ്ടു. ഇഷ്ടപ്പെട്ടു. പിന്നെ നമ്മുടെ രാജൂട്ടന്റെ പെരിങ്ങോടുകാരുടെ പഞ്ചവാദ്യം കേട്ടു,കണ്ടു. പരിചയപ്പെടാന്‍ പോയില്ല. പിടിച്ചതിലും വലുതുണ്ട് മാളത്തില്‍ എന്ന സ്ഥിതി ആയിപ്പോയാലോ എന്നൊരു പേടി. ഇതുപോലെ കുറേ അവധിക്കാല കഥകള്‍ പറയാന്‍ ഉണ്ട്. ഒക്കെ പറഞ്ഞ് നിങ്ങളെ സ്വൈര്യം കെടുത്താതെ വിടുമോ? ഞാനാരാ മോള് ...

പിന്നെ, എന്നെ കാത്തിരുന്ന ( വഴക്കു പറയാന്‍ ആളെക്കിട്ടാഞ്ഞിട്ടാണെങ്കില്‍ക്കൂടെ) എല്ലാവര്‍ക്കും നന്ദി. വീടൊക്കെ ഒന്ന് തലതിരിച്ച് വെയ്ക്കാന്‍ ഉണ്ട്. അതുകഴിഞ്ഞ് ഫ്ലോപ്പുകള്‍ അടിച്ചിറക്കാം.

പിന്നെ, എനിക്ക് ഇത്രേം ദിവസം ചുമ, പനി, തലവേദന ആയിരുന്നു എന്ന, നിങ്ങള്‍ക്ക് സന്തോഷം പകരുന്ന, ഒരു വാര്‍ത്തകൂടെ ഉണ്ട്. ആയിരുന്നു എന്നല്ല ആണ് എന്നും പറയാം.

ഇനി വായിക്കുവാന്‍ ബ്ലോഗുപോസ്റ്റുകള്‍ എത്ര, കമന്റുകള്‍ എത്ര എന്നു പോലും നിശ്ചയമില്ല. എന്നാലും ഇനി ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണുമേ...