Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 22, 2014

മാവേലിത്തമ്പുരാന്

പ്രിയപ്പെട്ട മാവേലിത്തമ്പുരാനേ,

സുഖം തന്നെയെന്നു കരുതുന്നു. ചിങ്ങമാസം ആയപ്പോഴാണ് സൌഖ്യം ചോദിക്കാൻ സമയം കിട്ടിയത് അല്ലേ എന്നു വിചാരിക്കരുത്. എനിക്കു എന്തൊക്കെയോ  തിരക്കുകളായിരുന്നു. അതൊക്കെയൊന്നു തീർന്നിട്ട്, അടുത്ത തിരക്കുകൾ വരുമ്പോഴേക്കും  ചോദിക്കാമെന്നു വെച്ചു. ഓണത്തിനു നാടു കാണാനും നാട്ടുകാരുടെ സന്തോഷത്തിൽ പങ്കുചേരാനും വരുമല്ലോ. റോഡിൽ നിറയെ കുഴികളുണ്ട്. അതുകൊണ്ട് സൂക്ഷിക്കണം. ഓണത്തിനു മുമ്പ് അതൊക്കെ നന്നാക്കും എന്നു കരുതുന്നു. ഇല്ലെങ്കിൽ മാവേലിത്തമ്പുരാൻ അതിൽ വീഴരുതല്ലോ എന്നു കരുതി മുന്നറിയിപ്പ് തന്നതാണ്.

നാട് എന്നെങ്കിലും നന്നാവും എന്നു കരുതിയാണ് അങ്ങ് എല്ലാ കൊല്ലവും വന്നു നോക്കുന്നത് എന്നറിയാം. നന്നാവും. കൊറച്ചും കൂടെ സമയം പ്രജകൾക്ക് കൊടുക്കണം. റോഡൊക്കെ മിനുമിനുസമാവും. ഒരു മൊട്ടുസൂചിക്കും പോലും ഞങ്ങൾ അന്യനാട്ടുകാരേയും പ്രതീക്ഷിച്ച് ഇരിക്കില്ല. പച്ചക്കറികൾ, അരികൾ, അങ്ങനെയുള്ള എല്ലാ വസ്തുക്കളും നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടാവും. നിങ്ങക്കൊക്കെ നാലു ചെടി നട്ട് പച്ചക്കറി പറിച്ചൂടേന്ന്  ഞാൻ ഇപ്പോൾ ആരോടും ചോദിക്കാറില്ല. ആദ്യം ഞാൻ നന്നായിട്ടുവേണമല്ലോ മറ്റുള്ളോരുടെ ഉപദേശിയാവാൻ. കൊറച്ചു സ്ഥലം വാങ്ങീട്ട് വേണം പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ. അതുകഴിഞ്ഞിട്ടുവേണം ബാക്കിയുള്ളോരോടു രണ്ടുപറയാൻ. ഇതൊക്കെ ഭാവിയിൽ നടക്കുമായിരിക്കും. ഇപ്പോ ഇതുവരെയുള്ളതുപോലെയൊക്കെ നടക്കും.

ഓണത്തിന് രണ്ടുദിവസത്തേക്ക് എല്ലാ കുടുംബങ്ങൾക്കും ഭക്ഷണത്തിനുള്ളത് സർക്കാരിന്റെ വക സൌജന്യം. അല്ലെങ്കിൽ, എല്ലാരും സ്വന്തമായിട്ട് നട്ടുനനച്ചുണ്ടാക്കിയതുകൊണ്ട് സദ്യ. വീട്ടിൽ നട്ടുവളർത്തിയ വിവിധതരം പൂക്കൾ കൊണ്ട് ഓണപ്പൂക്കളം. ഓണക്കാലത്ത് രണ്ടുദിവസം ഓട്ടോറിക്ഷേലും ടാക്സീലും  ബസ്സിലും ഒക്കെ കേറുന്നോർക്ക് സൌജന്യയാത്ര. ഉം...അങ്ങനേം ഒരു കാലം വരും.

എന്തായാലും മാവേലിത്തമ്പുരാൻ ഓണത്തിനു വരണം. ഞങ്ങളെയൊക്കെ കാണണം. ഞങ്ങളൊരുക്കുന്ന പൂക്കളം കണ്ട്, സദ്യയുണ്ട്, തൃപ്തിയായി അടുത്ത വർഷം വീണ്ടും വരാൻ തിരിച്ചുപോകണം. ഓണത്തിനു കാണാമെന്ന പ്രതീക്ഷയോടെ...

സു.

Labels: