Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 22, 2005

ജിഞ്ച്ര്‍ ഗാര്‍ലിക്‌ കാളാകൂളിയും വെജ്‌ ക്രഷ്ഡ്‌ റൈസും !!!!

പാചകം ഒരു കല ആണെന്നു വാചകം ഒരു കല ആക്കിയവര്‍ പറയും. വെച്ചുണ്ടാക്കുന്നവര്‍ക്കു അറിയാം പാചകം കലയോ കൊലയോ എന്നതു. ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അങ്ങേരുടെ വയറ്റില്‍ കൂടെയാണെന്നു ആരോ പറഞ്ഞുവെച്ചിട്ടുണ്ടു. അപ്പൊ ഇക്കാലത്തു ഓരോ വീട്ടിലേം മനുഷ്യന്‍മാരുടെ ഹൃദയത്തില്‍ വേലക്കാരിയോ എതേലും ഹോട്ടലിലെ പാചകക്കാരനോ ആയിരിക്കും. ഇപ്പഴത്തെ പെണ്ണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭര്‍ത്താവിന്റെ പോക്കറ്റിലെ കാശിലേക്കുള്ള കുറുക്കുവഴിയാണു പാചകം. എന്തേലും ആവട്ടെ. ചേട്ടന്‍ ഒരു ദിവസം രാവിലെ തന്നെ പുറപ്പെട്ടു എന്തോ വെച്ചു മറന്നതു എടുക്കാന്‍ പോണതു പോലെ ഇറങ്ങിപ്പോയി. ഇനി ഉച്ചഭക്ഷണം കഴിക്കാന്‍ നേരത്തു കാണുമായിരിക്കും എന്നു ഞാന്‍ കരുതി. പാചകത്തിനു ഇനീം കുറേ സമയം ഉണ്ടു. കുറച്ചു സമയം ടി.വി . കണ്ടുകളയാം എന്നു ഞാന്‍ വിചാരിച്ചു. സീരിയലുകള്‍ ഇല്ലാത്ത ദിവസം ആയതുകൊണ്ടു ധൈര്യമായിട്ടു വെച്ചു. നോക്കുമ്പോള്‍ പാചകഷോ തുടങ്ങുന്നു. ഓ!!!!!!! എന്നാല്‍ ഇന്നു അതുനോക്കിയാവാം പാചകം എന്നു കരുതി. അതില്‍ പറയുന്നപോലെ വെച്ചുണ്ടാക്കി ചേട്ടനു ഒരു സര്‍പ്രൈസ്‌ കൊടുത്തുകളയാം എന്നു വിചാരിച്ചു.പരിപാടി തുടങ്ങി. പാചകവിദഗ്ദ്ധ വാചകവിദഗ്ദ്ധ ആയിട്ടു, വേണ്ട വസ്തുക്കള്‍ ഓരോന്നായിട്ടു പറയുന്നു. ഒരു പച്ചക്കറി വിഭവം ആണു. ഞാന്‍ വീട്ടിലുള്ള സകല പച്ചക്കറികളും എടുത്തുവെച്ചു അവര്‍ പറയുന്നതിനു അനുസരിച്ചു അരിഞ്ഞുകൊണ്ടിരുന്നു. ഒരു പത്തു ദിവസം തുടര്‍ച്ചയായിട്ടു ഇത്രേം സ്പീഡില്‍ അരിഞ്ഞാല്‍ എനിക്കു വല്ല റിക്കാര്‍ഡും ഭേദിക്കാമല്ലൊ എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഒരു വിധം പച്ചക്കറികള്‍ ഒക്കെ അരിഞ്ഞു വെച്ചു. അപ്പോഴാണു അതു സംഭവിച്ചതു. കറണ്ട്‌ പോയി!!!!! അരിഞ്ഞുവെച്ച പച്ചക്കറികളും വെച്ചു, നടുക്കടലില്‍ വെച്ചു എഞ്ജിന്‍ ഓഫ്‌ ആയ ബോട്ടുകാരനെപ്പോലെ ഇരുന്നു ഞാന്‍. പിന്നെ വിചാരിച്ചു കറണ്ടു വരുന്നതും നോക്കിയിരുന്നിട്ടു കാര്യം ഇല്ല. അതുപോലെ ഇനി ഉണ്ടാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും എന്റെ ഭാവന ഉപയോഗിച്ചു ഒരു പുതിയ വിഭവം തന്നെ ആവട്ടെ എന്നു കരുതി. പണി തുടങ്ങി. പച്ചക്കറികള്‍ മുഴുവന്‍ കൂട്ടിക്കുഴച്ചു വെച്ചിരിക്കുന്നതിനാല്‍ ഇനി അതൊക്കെ തിരിച്ചെടുത്തു വെച്ചിട്ടു കാര്യം ഇല്ല. കുക്കര്‍ എടുത്തു കുറച്ചു അരിയും പച്ചക്കറികളും കൂടെയെടുത്തു അതിലിട്ടു അടുപ്പത്തു വെച്ചു. ബാക്കി പച്ചക്കറിക്കൂട്ടു ആട്ടുകല്ലേലിട്ടു. അതിന്റെ കൂടെ കുറച്ചു ഇഞ്ചി, പച്ചമുളകു, വെളുത്തുള്ളി എന്നിവയും ഇട്ടു. എന്നിട്ടു എന്റെ ശത്രുക്കളെയൊക്കെ വിചാരിച്ചു ആട്ടുകല്ലു നാലു തിരിക്കല്‍. അരപ്പു റെഡി ആയി. അതുകഴിഞ്ഞു കുക്കര്‍ അടുപ്പില്‍ നിന്നും വാങ്ങി വെച്ചു. കുറേക്കഴിഞ്ഞു തുറന്നു നോക്കുമ്പോള്‍ അതു ഒരു പശ പരുവം ആയിട്ടുണ്ടു. വല്ല പോസ്റ്ററും കിട്ടിയിരുന്നേല്‍ ഒട്ടിക്കാമായിരുന്നു!! ഉണ്ടാക്കിവെച്ച രണ്ടു സാധനത്തിലും ബീറ്റ്റൂട്ട് ഉള്ളതിനാല്‍ രണ്ടിനും ഒരു ചുവപ്പു കളര്‍!! നായനാര്‍ സാര്‍ ഇതു കാണാന്‍ ഉണ്ടായിരുന്നേല്‍ പറഞ്ഞേനെ " ഓളുണ്ടാക്കുന്ന ഭക്ഷണത്തിനും കൂടെ ഞമ്മളെ കൊടീന്റെ കളറാ" എന്നു! അങ്ങിനെ ഉച്ചയായി. ചേട്ടന്‍ റാലിക്കു പോയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചു വന്നു. എന്നു വെച്ചാല്‍ പോകുമ്പോള്‍ ഉള്ള ഉഷാറൊന്നും വരുമ്പോ ഇല്ല അത്ര തന്നെ. ഞാന്‍ വേഗം ഭക്ഷണം എടുത്തു വെച്ചു. നീ കഴിക്കുന്നില്ലേന്നു ചോദിച്ചു ചേട്ടന്‍. പിന്നെ കഴിച്ചോളാം എന്നു ഞാന്‍ പറഞ്ഞു. എനിക്കത്ര ധൈര്യം പോരാന്നു പറയാന്‍ പറ്റില്ലല്ലൊ. എന്താ ഈ പുതിയ വിഭവങ്ങള്‍ എന്നു ചേട്ടന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ജിഞ്ച്ര്‍ ഗാര്‍ലിക്‌ കാളാകൂളിയും വെജ്‌ ക്രഷ്ഡ്‌ റൈസും ആണെന്നു!!പല ഹോട്ടലിലേം മെനുവില്‍ ഇങ്ങനെയൊക്കെയല്ലെ പേരു വരുന്നതു ദൈവമേന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ചേട്ടനു അതിന്റെ പേരു കേട്ടിട്ടു അല്‍പം പന്തികേടു തോന്നിയിട്ടുണ്ടാകും എന്നാലും വിശപ്പുള്ളതുകൊണ്ടു വല്യ ഉഷാറില്‍ കഴിക്കാന്‍ തുടങ്ങി. കുറച്ചു രുചിച്ചിട്ടു എന്നെ ഒന്നു നോക്കി. നമ്മുടെ ഒസാമച്ചേട്ടനെ എന്നേലും കാണുകയാണെങ്കില്‍ ബുഷമ്മാവന്‍ നോക്കാന്‍ സാധ്യതയുള്ള അതേ നോട്ടം!!!. എന്നിട്ടു രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയും ചട്നിയും കഴിച്ചു തന്റെ പാട്ടിനു പോയി. വൈകുന്നേരം സഞ്ചിയും തൂക്കി പച്ചക്കറിക്കടയിലേക്കു വെച്ചു പിടിക്കുമ്പോള്‍ അടുത്ത വീട്ടിലെ പശു എന്നെ നോക്കി ഒന്നു അമറി. " നിന്റെ ചേട്ടനെപ്പോലെ എന്നേയും നീ ഒരു പരീക്ഷണവസ്തു ആക്കരുതു, വേണമെങ്കില്‍ ഒരു പശുവിനെ വാങ്ങി നിന്റെ പറമ്പില്‍ കെട്ടിക്കോളണം എന്നാണു അതിനു അര്‍ഥം എന്നു എനിക്കും മുകളില്‍ ഇരിക്കുന്ന, അല്ല എല്ലായിടത്തും ഇരിക്കുന്ന ദൈവത്തിനും മനസ്സിലായി. പശുവിനെ നോക്കി മനസ്സില്‍ പാടി." എനിക്കും ഒരു പശുവുണ്ടെങ്കില്‍ എന്തും ഞാന്‍ കൊടുക്കും അതിനു എന്തും ഞാന്‍ കൊടുക്കും , ഇഡ്ഡലിയോ ചട്നിയോ പഴകിയ സാംബാറോ ........ എനിക്കും ഒരു പശുവുണ്ടെങ്കില്‍ ......." .. !

Tuesday, March 15, 2005

തെറ്റിയ കണക്കു-----3

ചിത്രഗ്ഗുപ്തന്‍ പുതിയ കണക്കു കൂട്ടലിനിടയില്‍ ആയിരുന്നു. എന്തോ ഒരു ഒച്ച കേട്ടു നോക്കുമ്പോഴുണ്ടു കാലന്‍ പാഞ്ഞു വരുന്നു. ചിത്രഗ്ഗുപ്തന്‍ പെട്ടെന്നു ചെന്നു കാലനെ പിടിച്ചു നിര്‍ത്തി.

ചിത്രഗ്ഗുപ്തന്‍ : പ്രഭൊ അങ്ങു ആകെ പരവശന്‍ ആയിരിക്കുന്നല്ലൊ എന്തു പറ്റി? വല്ല സുനാമിയും പിന്നാലെ വരുന്നുണ്ടൊ?

കാലന്‍ : സുനാമി ആയിരുന്നേല്‍ഇതിലും നന്നായേനെ.

ചിത്രഗ്ഗുപ്തന്‍ : പിന്നെ എന്തു പറ്റി?

കാലന്‍ : ആ സു-വിന്റെ കണക്കുനോക്കി നിങ്ങള്‍ തന്നെയല്ലെ കൂട്ടിക്കൊണ്ടുവരാന്‍ എന്നെ പറഞ്ഞയച്ചതു?

ചിത്രഗ്ഗുപ്തന്‍ : അതിനു എന്തു പറ്റി? സു വരാന്‍ കൂട്ടാക്കിയില്ലേ?

കാലന്‍ : വരണമെങ്കില്‍ ഇവിടെ ഇന്റര്‍നെറ്റും ബ്ളോഗ്ഗ്‌ എഴുതാന്‍ സൌകര്യവും കൊടുക്കണം എന്നു പറഞ്ഞു.

ചിത്രഗ്ഗുപ്തന്‍ : അതിനൊക്കെയുള്ള സൌകര്യം ഇവിടെ ഉണ്ടല്ലൊ. പറഞ്ഞില്ലേ?

കാലന്‍ : പറഞ്ഞു പറഞ്ഞു.അതൊന്നുമല്ല കാര്യം.

ചിത്രഗ്ഗുപ്തന്‍ : പിന്നെ?

കാലന്‍ : ആ ബ്ളോഗ്ഗ്‌ നമ്മള്‍ സ്ഥിരമായി വായിച്ചിട്ടു ഇവിടെയുള്ളവരെയൊക്കെ വായിച്ചു കേള്‍പ്പിക്കുകേം വേണമത്രെ.

ചിത്രഗ്ഗുപ്തന്‍ : അയ്യയ്യോ പ്രഭോ . അങ്ങു എന്തു പറഞ്ഞു?

കാലന്‍ : എന്തു പറയാന്‍? അതുകേട്ടപ്പൊ ഞാന്‍ ഞെട്ടി. ഞെട്ടല്‍ തീര്‍ന്നപ്പോ ഓടിയതാ. ഇനി ഞാന്‍ അങ്ങോട്ടില്ല . ഭൂമിയില്‍ എല്ലാരും അവളുടെ വധം സഹിച്ചു മടുക്കുമ്പോള്‍ തല്ലിപ്പായിച്ചോളും.അപ്പൊ നമുക്കു ഇവിടെ സ്വീകരിക്കാം. വേറെ നിവ്രുത്തിയില്ലല്ലൊ.

ചിത്രഗ്ഗുപ്തന്‍ : നന്നായി പ്രഭോ.
കാലന്‍ പോത്തിനേം കയറിനേം തപ്പിയെടുക്കാന്‍ പോയി.
ചിത്രഗ്ഗുപ്തന്‍ ലാപ്ടോപ്‌ എടുത്തു സു-വിന്റെ പേരിനു നേരെ എഴുതിയ കണക്കു മായ്ച്ചു കളഞ്ഞിട്ടു ഒരു വല്യ വിപത്തില്‍ നിന്നു രക്ഷപ്പെട്ടതില്‍ ആശ്വസിച്ചു.

Sunday, March 13, 2005

പ്രണയം---2

പ്രണയം എന്നതു ഒരു പാരയാണു. തന്നത്താന്‍ വെക്കുന്ന പാര.

പ്രണയം വാസന സോപ്പ്‌ പോലെയാണു. എങ്ങിനേ ഒളിപ്പിച്ചാലും അറിയും.

പ്രണയം പ്രമേഹം പോലെയാണു. തുടങ്ങിയാല്‍പ്പിന്നെ ഒടുങ്ങില്ല.

പ്രണയം ബാത്‌ റൂം സോങ്ങ്‌ പോലെയാണു. ആര്‍ക്കും പറ്റും.

പ്രണയം സിം കാര്‍ഡ്‌ പോലെയാണു. ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഡ്വൂപ്ളിക്കേറ്റും കൊണ്ടു നടക്കേണ്ടി വരും.

Wednesday, March 09, 2005

പ്രണയം-1

പ്രണയത്തെപ്പറ്റി ഒരു ഗ്ഗവേഷണം നടത്തിക്കളയാം എന്നു ഞാന്‍ വിചാരിച്ചു. നടത്തി. അതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ എന്തൊക്കെയാണെന്നു വെച്ചാല്‍:-

പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും.

പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്‌.ടി. എഫ്‌ കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു.

പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.

പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും. നൊമ്പരം മാത്രം ബാക്കിയാവും.

പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം. (തുടരും)

Saturday, March 05, 2005

തെറ്റിയ കണക്ക്‌----2

ചിത്രഗ്ഗുപ്തനു അതിശയം ആയി.
ദേ കാലന്‍ വീണ്ടും വെറുതേ തിരിച്ചുവന്നിരിക്കുന്നു.
ചിത്രഗ്ഗുപ്തന്‍ ലാപ്ടോപ്പ്‌ എടുത്തു കണക്കു നോക്കി. താന്‍ എഴുതിവെച്ചതു തെറ്റിയിട്ടില്ല. പിന്നെ എന്തു പറ്റിയോ ആവോ?
ചിത്രഗ്ഗുപ്തന്‍: പ്രഭോ വീണ്ടും വെറുംകൈയോടെ വന്നല്ലോ എന്തുണ്ടായി?
കാലന്‍ : ആ സ്ത്രീ വരാന്‍ കൂട്ടാക്കിയില്ല.
ചിത്രഗ്ഗുപ്തന്‍: എന്താ അങ്ങിനെ?
കാലന്‍ : ഗ്ഗാനാഞ്ജലി സീരിയല്‍ ഇനി 8 എപിസോഡും കൂടെയുണ്ടത്രെ. അതു കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു.
ചിത്രഗ്ഗുപ്തന്‍ ആലോചന തുടങ്ങി .ഇനി ആരൊക്കെ എന്തൊക്കെ സീരിയല്‍ കാണുന്നുവെന്നുകൂടെ കണക്കു വെക്കേണമല്ലൊ.